യെരൂശലേമിലേക്കോ – ദമസ്കൊസിലേക്കോ?

യെരൂശലേമിലേക്കോ – ദമസ്കൊസിലേക്കോ?

യേശുക്രിസ്തുവിനെ അനുഗമിക്കുന്നവരെ ഏതു വിധേനയും നശിപ്പിക്കണമെന്നുള്ള ഒരേ ലക്ഷ്യത്തോടെ പുറപ്പെട്ടവനായിരുന്നു തർസൊസുകാരനായ ശൗൽ. അവന്റെ മൗനസമ്മതത്തോടെയാണ് സ്തെഫാനൊസിനെ കല്ലെറിഞ്ഞു കൊന്നത്. “ശൗൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും വലിച്ചിഴച്ചു തടവിലേല്പിച്ചുകൊണ്ട് സഭയെ നശിപ്പിച്ചുപോന്നു.” (പ്രവൃ, 8:3). തന്നിമിത്തം അപ്പൊസ്തലന്മാർ ഒഴികെ ഭൂരിഭാഗം വിശ്വാസികളും യെരുശലേം വിട്ട് യെഹൂദ്യാ, ശമര്യ എന്നീ ദേശങ്ങളിലേക്കു ചിതറിപ്പോയി. യെരൂശലേമിലെ സഭയെ ചിതറിച്ചശേഷം ശൗലിന്റെ അടുത്ത ലക്ഷ്യം ദമസ്കൊസിലെ വിശ്വാസികളെ തകർക്കുക എന്നതായിരുന്നു. ദമസ്കൊസിലുള്ള ക്രൈസ്തവ വിശ്വാസികളെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻ അവിടത്തെ പള്ളികൾക്ക് മഹാപുരോഹിതന്റെ അധികാരപ്രതവുമായാണ് ശൗൽ ദമസ്കൊസിലേക്കു പുറപ്പെട്ടത്. എന്നാൽ ദമസ്കൊസിനെ സമീപിച്ചപ്പോൾ പെട്ടെന്നൊരു വെളിച്ചം അവന്റെ ചുറ്റും മിന്നി. അനേകം വിശ്വാസികളെ വീഴ്ത്തിയ അവൻ അന്ധനായി നിലത്തുവീണു. “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നത് എന്ത്?” എന്ന ചോദ്യം അവൻ കേട്ടു. “നീ ആരാകുന്നു കർത്താവേ?” എന്നുള്ള അവന്റെ ചോദ്യത്തിന്, “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ” എന്നു മറുപടി പറയുക മാത്രമല്ല, “നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക, നീ ചെയ്യേണ്ടതെന്തെന്ന് അവിടെവച്ച് നിന്നോടു പറയും” (പ്രവൃ, 9:4-6) എന്നും അവനോടു പറഞ്ഞു. സർവ്വശക്തനായ ദൈവത്തോടുള്ള തീക്ഷ്ണതയാൽ യേശുവിനെ മശീഹാ ആയി സ്വീകരിക്കാതിരുന്ന യെഹൂദാ സഭയോടുള്ള വിശ്വസ്തതകൊണ്ടാണ് അവൻ യേശുവിൽ വിശ്വസിച്ചിരുന്നവരെ നശിപ്പിക്കുവാൻ ഓടിനടന്നത്. എന്നാൽ ഇപ്പോൾ, ഉയിർത്തെഴുന്നേറ്റ യേശുവിനെ അവൻ കണ്ടു; യേശുവിന്റെ ശബ്ദം കേട്ടു; (പ്രവൃ, 9:6) യേശു അവനെ വിളിച്ചു. യേശുവിന്റെ വിളിയെ അനുസരിക്കുവാൻ കഴിയണമെങ്കിൽ അവൻ ദമസ്കൊസിലേക്കു പോകണം. പക്ഷേ, യേശുവിനെ അനുഗമിക്കുകയാണെങ്കിൽ യഹുദാസഭയിലെ അവന്റെ സ്ഥാനമാനങ്ങൾ എന്നെന്നേക്കുമായി നഷ്ടപ്പെടും. അതോടൊപ്പം ഈ പുതിയ മാർഗ്ഗത്തിൽ അവനെ കാത്തുനിൽക്കുന്നത് പീഡനവും അവഗണനയും നിന്ദയും കഷ്ടതയുമാണ്. യെരുശലേമിലേക്കു മടങ്ങിപ്പോയാൽ കാഴ്ച നഷ്ടപ്പെട്ട അവന് അതിനുവേണ്ട ചികിത്സകൾ ചെയ്യുവാൻ കഴിയും. അവന്റെ സ്ഥാനമാനങ്ങളും സമ്പത്തും സാമൂഹ്യബന്ധങ്ങളും സഭയിലെ പ്രമാണിത്തവും അവനു നിലനിർത്തുവാനും വർദ്ധിപ്പിക്കുവാനും കഴിയും. അവന്റെ ശിഷ്ടമുള്ള ജീവിതകാലത്തെ മുഴുവൻ സ്പർശിക്കുന്ന നിർണ്ണായകമായ ഒരു തീരുമാനം എടുക്കുവാൻ ശൗൽ നിർബ്ബന്ധിതനായിത്തീർന്നു. “യെരൂശലേമിലേക്കോ – ദമസ്തകൊസിലേക്കോ?” തനിക്ക് ലാഭമായതിനെയൊക്കെയും ചേതമെന്നെണ്ണിക്കൊണ്ട് അവൻ ദമസ്കൊസ് തിരഞ്ഞെടുത്തു. യേശു അവനു കാഴ്ച നൽകി. സ്വർഗ്ഗീയകൃപകൾ പ്രാപിച്ച് താൻ ഉപദ്രവിച്ചുകൊണ്ടിരുന്ന യേശുവിങ്കലേക്ക് അനേകായിരങ്ങളെ നയിച്ചു. ഇന്നും യേശു അനേകരെ വിളിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ യേശുവിന്റെ ശബ്ദം കേട്ടിട്ടും അവനെ ജീവിതത്തിൽ അനുഭവമാക്കുവാൻ കഴിഞ്ഞിട്ടും അവർക്ക് ശൗലിനെപ്പോലെ യേശുവിൽ സമ്പൂർണ്ണമായി വിശ്വാസം അർപ്പിച്ചുകൊണ്ട് ദമസ്കൊസിലേക്കു പോകുവാൻ കഴിയുന്നില്ല. കാരണം, ശൗലിനെപ്പോലെ യെരൂശലേമിലെ സ്ഥാനമാനങ്ങളും, പ്രീതിവാത്സല്യങ്ങളും, പേരും പെരുമയും യേശുവിനുവേണ്ടി ഉപേക്ഷിക്കുവാൻ അവർക്കു മനസ്സില്ല. എന്നാൽ ഭൗതികമായ സ്ഥാനമാന മഹിമകൾ യേശുവിനായി ഉപേക്ഷിച്ച്, യേശുവിനെ അനുഗമിക്കുന്നവർ സ്വർഗ്ഗീയ പ്രീതിവാത്സല്യങ്ങൾക്ക് ഉടമകളാകുമെന്നും, സ്വർഗ്ഗത്തിലും ഭൂമിയിലും മഹത്തീകരിക്കപ്പെടുമെന്നും പൗലൊസിന്റെ അനുഭവം തെളിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *