യുദ്ധവീരനായ യഹോവ

യുദ്ധവീരനായ യഹോവ

അത്യുന്നതനായ ദൈവത്തോടുള്ള ഭക്തിയിലും ഭയത്തിലും ജീവിച്ചിരുന്ന ജനം പ്രബലമായ ശത്രുസൈന്യത്തിന്റെ ആക്രമണഭീഷണിക്കു മുമ്പിൽ തന്നോടു നിലവിളിക്കുമ്പോൾ യഹോവയാം ദൈവം തന്റെ ജനത്തിനുവേണ്ടി യുദ്ധം ചെയ്ത് ശത്രുസൈന്യത്തെ തകർത്തുകളയുമെന്ന് യെഹൂദാരാജാക്കന്മാരായ യെഹോശാഫാത്തിന്റെയും ഹിസ്കീയാവിന്റെയും അനുഭവങ്ങൾ വിളംബരം ചെയ്യുന്നു. ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വസിച്ച് ദൈവസന്നിധിയിൽ പരിപൂർണ്ണ വിശ്വസ്തതയോടെ ജീവിച്ചിരുന്ന ഇവർ ശത്രുവിനെതിരേ പടപൊരുതാതെയാണ് വിജയങ്ങൾ കൈവരിച്ചത്. ദൈവഹിതത്തിനായി ജീവിതം സമർപ്പിച്ചു ഭരിച്ചിരുന്ന യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ ഭരണകാലത്ത് മോവാബ്യരും അമ്മോന്യരും സേയീർ നിവാസികളും സംയുക്തമായി, ഒരു മഹാസൈന്യത്തിന്റെ അകമ്പടിയോടു കുടെ, അവനെതിരേ കടന്നുചെന്നപ്പോൾ അവൻ ഒരു ഉപവാസം പ്രഖ്യാപിച്ചു. രാജാവും പ്രജകളും ഒരുമിച്ച് ഉപവസിച്ച് ദൈവസന്നിധിയിൽ നിലവിളിച്ചു. അപ്പോൾ: “യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതത്രേ; നാളെ അവർക്കെതിരേ ചെല്ലുവിൻ” (2ദിന, 20:15,16) എന്ന് യഹോവയുടെ ആത്മാവ് യഹസീയേൽ എന്ന ലേവ്യനിലൂടെ അവരോട് അരുളിച്ചെയ്തു. അടുത്ത ദിവസം “യഹോവയ്ക്ക സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത് എന്നു പാടി ദൈവത്തെ സ്തുതിച്ചുകൊണ്ട് യെഹോശാഫാത്ത് സൈന്യത്തെ മുമ്പോട്ടു നയിച്ചപ്പോൾ യഹോവ അമ്മോന്യർക്കും മോവാബ്യർക്കും സേയീർ നിവാസികൾക്കുമെതിരേ പതിയിരിപ്പുകാരെ വരുത്തി. (2ദിന, 20:22). ആ പതിയിരിപ്പുകാർ സ്വർഗ്ഗീയ ദൂതന്മാരായിരുന്നുവോ എന്ന് തിരുവചനം വ്യക്തമാക്കുന്നില്ല. എന്നാൽ ആ പതിയിരിപ്പു കാരണം സംഘടിതരായി കടന്നുവന്ന അമ്മോന്യരും മോവാബ്യരും സേയീർ നിവാസികളും അന്യോന്യം വെട്ടിനശിച്ചു. അവരുടെ അസംഖ്യങ്ങളായ ശവശരീരങ്ങളായിരുന്നു യെഹോശാഫാത്തിനും അനുയായികൾക്കും കാണുവാൻ കഴിഞ്ഞത്. അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദാക്കെതിരായി പാളയമടിച്ച് അവരെ ഉപരോധിക്കുകയും ദൈവത്തെ നിന്ദിക്കുകയും ചെയ്തപ്പോൾ, ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് വിശ്വസ്തതയോടെ ജീവിക്കുകയും ജനത്തെ വീണ്ടും ദൈവസന്നിധിയിലേക്കു നിർബ്ബന്ധമായി നയിക്കുകയും ചെയ്ത ഹിസ്കീയാവ് നിസ്സഹായനായി ദൈവത്തോടു നിലവിളിച്ചു. ആ രാത്രിയിൽ ദൈവം തന്റെ ദൂതനെ അശ്ശൂർ പാളയത്തിലേക്ക് അയച്ച് ഒരുലക്ഷത്തി എൺപത്തയ്യായിരം പേരെ സംഹരിച്ചുകളഞ്ഞു. (2രാജാ, 19:35). അവിടെനിന്ന് ഓടിപ്പോയ സൻഹേരീബ്, നിസ്റോക്കിന്റെ ക്ഷേത്രത്തിൽ ആരാധിക്കുവാൻ ചെന്നപ്പോൾ അവന്റെ പുത്രന്മാർതന്നെ അവനെ കൊന്നുകളഞ്ഞു. തന്റെ ജനത്തെ തകർക്കുവാനായി കടന്നുവരുന്ന ശത്രുക്കൾ എത് പ്രബലരായിരുന്നാലും അവരെ നശിപ്പിച്ച് തന്റെ ജനത്തിന് അത്ഭുതകരമായ വിജയം നൽകുന്നവനാണ് സർവ്വശക്തനായ ദൈവമെന്ന് ഈ സംഭവങ്ങൾ അനുസ്മരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *