യിശ്ശായി

യിശ്ശായി (Jesse)

പേരിനർത്ഥം – എൻ്റെ കൈവശമുണ്ട്

ദാവീദ് രാജാവിന്റെ പിതാവായ യിശ്ശായി ഫേരെസിന്റെ കുടുംബത്തിൽ ഓബേദിന്റെ പുത്രനും ബോവസിന്റെ പൗത്രനുമായിരുന്നു. (രൂത്ത്, 4:17-22; 1ദിന, 2:12; മത്താ, 1:5,6; ലൂക്കൊ, 3:32). ബോവസിന്റെ ഭാര്യ മോവാബ്യ സ്ത്രീയായ രൂത്തായിരുന്നു. ബേത്ത്ലേഹെമിൽ വസിച്ചിരുന്നതു കൊണ്ടു യിശ്ശായി ബേത്ത്ലേഹെമ്യൻ എന്നറിയപ്പെട്ടു. 1ശമൂവേൽ 17:12-ൽ യിശ്ശായിയെ ബേത്ത്ലേഹെമിലെ എഫ്രാത്യൻ എന്നു പറഞ്ഞിട്ടുണ്ട്. യിശ്ശായിയുടെ പുത്രനെ രാജാവായി അഭിഷേകം ചെയ്യുവാൻ ശമൂവേൽ പ്രവാചകൻ ബേത്ത്ലേഹെമിൽ ചെന്നു. യാഗസദ്യയ്ക്ക് അതിഥികളെയെല്ലാം പ്രവാചകൻ ക്ഷണിച്ചു. യിശ്ശായിയുടെ പുത്രന്മാരിൽ ഏറ്റവും ഇളയവനായ ദാവീദ് മാത്രം സന്നിഹിതനായിരുന്നില്ല. അവൻ ആടു മേയ്ക്കുകയായിരുന്നു. ഒടുവിൽ ദാവീദിനെയും ആളയച്ചു വരുത്തി. ഉടൻ യഹോവ കല്പിച്ചതനുസരിച്ചു സഹോദരന്മാരുടെ നടുവിൽ വച്ചു ദാവീദിനെ അഭിഷേകം ചെയ്തു. (1ശമൂ, 16:1-13). ദുരാത്മബാധിതനായ ശൗൽ തന്റെ രോഗസൗഖ്യത്തിനു കിന്നരം വായിക്കുവാൻ ദാവീദിനെ അയച്ചു കൊടുക്കണമെന്നു യിശ്ശായിയോടു ആവശ്യപ്പെട്ടു. യിശ്ശായി മകനെ കാഴ്ചയുമായി രാജാവിന്റെ അടുക്കലയച്ചു. ദാവീദിനെ കൊട്ടാരത്തിൽ താമസിപ്പിക്കുവാനുള്ള അപേക്ഷയും യിശ്ശായി കൈക്കൊണ്ടു. (1ശമൂ, 16;14-23). ശൗലിന്റെ സൈന്യത്തിൽ സേവനം ചെയ്തിരുന്ന മൂന്നു മൂത്ത പുത്രന്മാർക്കും വേണ്ട ഭക്ഷണവും മറ്റും കൊടുത്തു യിശ്ശായി ദാവീദിനെ അയച്ചു. അപ്പോഴാണ് ദാവീദ് ഗൊല്യാത്തിനെ ദ്വന്ദ്വയുദ്ധത്തിൽ വധിച്ചത്. (1ശമൂ, 17:12-58). ദാവീദ് കുട്ടിയായിരിക്കുമ്പോൾ യിശ്ശായി വയസ്സുചെന്നു വൃദ്ധനായിരുന്നു. ശൗലിന്റെ കോപം നിമിത്തം ദാവീദ് ദേശഭ്രഷ്ടനായി ജീവിച്ചപ്പോൾ മാതാപിതാക്കന്മാരെ മോവാബ്യ രാജാവിന്റെ സംരക്ഷണത്തിൽ ഏല്പിച്ചു. (1ശമൂ, 22:3,4). ദാവീദുമായി പിണങ്ങിയശേഷം ശൗൽ ആക്ഷേപപൂർവ്വം യിശ്ശായിയുടെ മകനെന്നാണ് ദാവീദിനെ വിളിച്ചത്. (1ശമൂ, 20:27, 30,31; 22:7,8; 25:10). ദോവേഗ്, നാബാൽ, പത്തു ഗോത്രങ്ങൾ എന്നിവരും ദാവീദിനെ നിന്ദാഗർഭമായി യിശ്ശായിയുടെ മകനെന്നു വിളിച്ചു. (1ശമൂ, 22:9; 25:10; 1രാജാ, 12:16). തുടർന്നു ഈ വിശേഷണം ബഹുമാന സൂചകമായി മാറി. (1ദിന, 10:14; 29:26; പ്രവൃ, 13:22). മശീഹയെ യിശ്ശായിയുടെ വേർ എന്നാണ് യെശയ്യാ പ്രവാചകൻ നാമകരണം ചെയ്തിരിക്കുന്നത്. (യെശ, 11:1, 10; റോമ, 15:12). യേശുവിന്റെ വംശാവലിയിൽ യിശ്ശായിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. (മത്താ, 1:5,6; ലൂക്കൊ, 3:32).

യിശ്ശായിക്കു എട്ടു പുത്രന്മാരും രണ്ടു പുത്രിമാരും ഉണ്ട്: എലിയാബ്, അബീനാദാബ്, ശിമെയ അഥവാ ശമ്മ, നഥനയേൽ, രദ്ദായി, ഓസെം, എലീഹു, ദാവീദ്, സെരൂയ, അബീഗയിൽ. (1ദിന, 2:13-16; 27:18). 2ശമൂവേൽ 17:25-ൽ അബീഗയിൽ നാഹാശിന്റെ മകൾ ആണ്. അബീഗയിൽ നാഹാശിന്റെ പുത്രിയും ദാവീദിന്റെ സഹോദരിയും ആകുന്നതെങ്ങനെ? ഈ പ്രശ്നത്തിനു മൂന്നു പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്: 1. റബ്ബിമാരുടെ പാരമ്പര്യമനുസരിച്ചു നാഹാശ് യിശ്ശായിയുടെ അപരനാമമാണ്. 2. യിശ്ശായിയുടെ ഭാര്യ ആദ്യം നാഹാശിന്റെ ഭാര്യയോ വെപ്പാട്ടിയോ ആയിരുന്നു. അപ്പോൾ അബീഗയിലിനെ പ്രസവിച്ചു. അതിനു ശേഷമാണ് അവൾ യിശ്ശായിയുടെ ഭാര്യയായത്. 3. യിശ്ശായിയുടെ ഭാര്യയുടെ പേരാണ് നാഹാശ്. അബീഗയിൽ യിശ്ശായിയുടെ ഭാര്യയായ നാഹാശിന്റെ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *