യാക്കോബ്

യാക്കോബ് എഴുതിയ ലേഖനം (Book of James)

പുതിയനിയമത്തിലെ ഇരുപതാമത്തെ പുസ്തകം. സാർവ്വത്രിക ലേഖനങ്ങളിൽ ഒന്നാമത്തേതാണ് യാക്കോബ് എഴുതിയ ലേഖനം. ഏതെങ്കിലും പ്രാദേശിക സഭയെയോ വ്യക്തിയെയോ സംബോധനചെയ്യാതെ എല്ലാവർക്കുമായി എഴുതിയ ലേഖനങ്ങളെയാണ് പൊതുലേഖനങ്ങൾ അഥവാ സാർവ്വത്രിക ലേഖനങ്ങളെന്ന് വിളിക്കുന്നത്. യാക്കോബ്, 1,2പത്രൊസ്, 1യോഹന്നാൻ, യൂദാ എന്നീ അഞ്ചു ലേഖനങ്ങളാണ് സാർവ്വത്രിക ലേഖനങ്ങൾ. 2,3യോഹന്നാൻ വ്യക്തിയെയോ സഭയെയോ അഭിസംബോധന ചെയ്ത് എഴുതിയതാണെങ്കിലും അവയെ സാർവ്വത്രിക ലേഖനങ്ങളിൽ ഉൾപ്പെടുത്തിയാണ് വ്യവഹരിക്കുന്നത്. പുതിയനിയമ കാനോനിൽ ഏറ്റവും ഒടുവിൽ സ്ഥിരീകരണം ലഭിച്ചത് യാക്കോബിന്റെ ലേഖനത്തിനാണ്. പൗരസ്ത്യസഭ ആദിമകാലം മുതല്ക്കേ ഈ ലേഖനത്തെ അംഗീകരിച്ചിരുന്നു. എന്നാൽ എ.ഡി. 397-ലെ കാർത്തേജ് സമ്മേളനം വരെ ഈ ലേഖനത്തിനു കാനോനിൽ സാർവ്വത്രികാംഗീകാരം ലഭിച്ചിരുന്നില്ല. 

യാക്കോബ് 4-11 തിരുവെഴുത്തുകൾ എന്ന നിലയിൽ ഉദ്ധരിച്ചു എങ്കിൽ തന്നെയും വിവാദപരമായ പുസ്തകങ്ങളുടെ പട്ടികയിലാണ് യൂസീബിയസ് ഈ ലേഖനത്തെ ഉൾപ്പെടുത്തിയിരുന്നത്. മുറട്ടോറിയൻ കാനോൻ അതിനെ വിട്ടുകളഞ്ഞു. പ്രാചീന സിറിയക് പാഠത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെർമാസ് ഈ ലേഖനം ഉപയോഗിച്ചു. ഇഗ്നീഷ്യസും പോളിക്കാർപ്പും യാക്കോബിന്റെ ലേഖനത്തെക്കുറിച്ചു മനസ്സിലാക്കിയിരുന്നു. ഓറിജിൻ, അത്തനേഷ്യസ്, ജെറോം, അഗസ്റ്റിൻ എന്നിവരും ഇതിനെ തിരുവെഴുത്തായി കരുതിയിരുന്നു. പുതിയനിയമത്തിൽ ഏറ്റവുമധികം യെഹൂദാത്വമുള്ള ലേഖനം ഇതാണ്. ഏതോ അക്രൈസ്തവ യെഹൂദൻ ഈ ലേഖനം എഴുതിയെന്നും ക്രിസ്തുവിന്റെ പേര് ഉൾക്കൊള്ളുന്ന രണ്ടോ മൂന്നോ പ്രയോഗങ്ങൾ കൂട്ടിച്ചേർത്തു (1:1; 2:1) ക്രൈസ്തവ ഉപയോഗത്തിനു വേണ്ടി സ്വീകരിച്ചു എന്നും വാദിച്ചവരുണ്ട്. സുവിശേഷത്തിന്റെ വെളിച്ചത്തിൽ പഴയനിയമ ന്യായപ്രമാണത്തിനും ഗിരിപ്രഭാഷണത്തിനും നല്കുന്ന ഭാഷ്യമാണ് യാക്കോബിന്റെ ലേഖനം. 

ഗ്രന്ഥകർത്താവ്: ‘ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്’ എന്നു ആമുഖ വാക്യത്തിൽ ഗ്രന്ഥകർത്താവ് സ്വയം പരിചയപ്പെടുത്തുന്നു. പുതിയ നിയമത്തിൽ യാക്കോബ് എന്ന പേരിൽ നാലു പേരുണ്ട്. 1. സെബദിയുടെ മകനായ യാക്കോബ്. (മത്താ, 4:21). 2. ചെറിയ യാക്കോബ്. 3. യേശുവിന്റെ സഹോദരനായ യാക്കോബ്. 4. യൂദയുടെ പിതാവായ യാക്കോബ്. ഇവരിൽ രണ്ടും നാലും വ്യക്തികൾ ഈ ലേഖനം എഴുതുവാൻ സാദ്ധ്യതയില്ല. അവരെക്കുറിച്ചു വിശദമായ അറിവു ലഭ്യമല്ല. സെബദിയുടെ പുത്രനായ യാക്കോബ് എ.ഡി. 44-ൽ രക്തസാക്ഷിയായി. ലേഖനരചന നടന്നത് അതിനുശേഷമാണ്. ഇനി ശേഷിക്കുന്നത് യേശുവിന്റെ സഹോദരനായ യാക്കോബ് മാത്രമാണ്. അതിനാൽ ലേഖനകർത്താവ് ഈ യാക്കോബാണെന്ന നിഗമനത്തിൽ നാം എത്തിച്ചേരുന്നു. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു ശേഷമാണ് യാക്കോബ് ക്രിസ്തുവിൽ വിശ്വസിച്ചത്. അവിശ്വാസികളിൽ യാക്കോബിനു മാത്രമാണു പുനരുത്ഥാനശേഷം ക്രിസ്തു പ്രത്യക്ഷപ്പെട്ടത്. (1കൊരി, 15:7). പരിശുദ്ധാത്മാവിന്റെ വരവിനുവേണ്ടി മാളികമുറിയിൽ കാത്തിരുന്നവരുടെ കൂട്ടത്തിൽ യാക്കോബ് ഉണ്ടായിരുന്നു. (പ്രവൃ, 1:14). യാക്കോബ് സ്വയം അപ്പൊസ്തലൻ എന്നു വിളിക്കുന്നില്ല; ദാസനെന്നു പറയുക മാത്രമേ ചെയ്യുന്നുള്ളൂ. തുടക്കം മുതൽ തന്നെ യാക്കോബിനു യെരുശലേം സഭയിൽ പ്രമുഖസ്ഥാനം ലഭിച്ചിരുന്നു. (പ്രവൃ, 12:17; ഗലാ, 1:19). മാനസാന്തര ശേഷം രണ്ടാമത്തെ പ്രാവശ്യം യെരുശലേം സന്ദർശിച്ച പൗലൊസ് യെരുശലേം സഭയിൽ തുണുകളായി എണ്ണപ്പെട്ട മൂവരിൽ ആദ്യ സ്ഥാനം യാക്കോബിനു നല്കുന്നു. (ഗലാ, 2:9). പ്രവൃത്തി 15-ലെ അപ്പൊസ്തലിക സമ്മേളനത്തിൽ അദ്ധ്യക്ഷനും വക്താവും യാക്കോബായിരുന്നു. ക്രിസ്ത്യാനികളും അവിശ്വാസികളായ യെഹൂദന്മാരും യാക്കോബിനെ ഒന്നു പോലെ ആദരിച്ചിരുന്നു. ലേഖനത്തിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നതനുസരിച്ചു യേശുക്രിസ്തുവിന്റെ സഹോദരനാണു ലേഖനകർത്താവ്. 

എഴുതിയ കാലം: ലേഖനത്തിന്റെ രചനാകാലത്തെ കുറിച്ചു അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ജൊസീഫസ് രേഖപ്പെടുത്തിയിരിക്കുന്നത് ആനുസരിച്ചു എ.ഡി. 62-ലാണ് യാക്കോബിന്റെ വധം. അതിനാൽ എ.ഡി. 62-ലോ അതിനു മുമ്പോ ഈ ലേഖനം എഴുതപ്പെട്ടിരിക്കണം. ലേഖനരചന യെരൂശലേം കൗൺസിലിനു മുമ്പു നടന്നുവെന്നു വാദിക്കുന്നവരുമുണ്ട്. സഭയുടെ ആരംഭത്തിലുള്ള ലളിതമായ സഭാ ഭരണക്രമമാണ് ലേഖനത്തിൽ പ്രത്യക്ഷപ്പെടുന്നത്. മൂപ്പൻ, ഉപദേഷ്ടാവ് എന്നിങ്ങനെയാണ് സഭാദ്ധ്യക്ഷന്മാരെ സംബോധന ചെയ്യുന്നത്. (5:14; 3:1). വിശ്വാസികൾ പള്ളിയിൽ (സിനഗോഗ്) കുടി വന്നിരുന്നത് സഭയുടെ ആരംഭകാലത്താണ്. (2:2). പരിച്ഛേദനം, വിജാതീയരുടെ സഭാപ്രവേശനം എന്നീ പ്രശ്നങ്ങളെക്കുറിച്ചുള്ള പരാമർശമില്ല. തന്മൂലം ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത യെരുശലേം കൗൺസിലിനു മുമ്പായിരിക്കണം രചനാകാലം എന്നു കരുതപ്പെടുന്നു. ജാതികളിൽ നിന്നുള്ള വിശ്വാസികളെപ്പറ്റി ലേഖനം മൗനം അവലംബിക്കുകയാണ്. തികച്ചും യെഹൂദ പശ്ചാത്തലം ആണ് ഈ ലേഖനത്തിനുള്ളത്. മേല്പറഞ്ഞ തെളിവുകൾ മുഖവിലയ്ക്കെടുത്താൽ ലേഖനത്തിന്റെ രചനാകാലം എ.ഡി. 45-നും 48-നും ഇടയ്ക്കാണെന്നു സമ്മതിക്കേണ്ടിവരും. അങ്ങനെയാണെങ്കിൽ പുതിയനിയമത്തിൽ ആദ്യം എഴുതപ്പെട്ട പുസ്തകം യാക്കോബിന്റെ ലേഖനം അഥവാ ഗലാത്യ ലേഖനം ആണ്. 

അനുവാചകർ: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങളെയാണ് യാക്കോബ് അഭിസംബോധനം ചെയ്യുന്നതാ. ഈ പന്ത്രണ്ടു ഗോത്രങ്ങൾ ആരാണെന്നതിനെക്കുറിച്ചു ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്: 1. പലസ്തീനു പുറത്തു മെഡിറ്ററേനിയൻ പ്രദേശത്തു ചിതറിപ്പാർക്കുന്ന യെഹൂദന്മാർ. ലേഖകൻ അഭിസംബോധനം ചെയ്യുന്നത് ക്രിസ്ത്യാനികളെ ആകയാൽ (1:18, 25; 2:1, 12; 5:7-9) ഈ അർത്ഥം സ്വീകാര്യമല്ല. 2. പലസ്തീനു വെളിയിൽ പാർക്കുന്ന യെഹൂദീയ ക്രിസ്ത്യാനികൾ. 3. സ്വർഗ്ഗീയ ഭവനത്തിൽ നിന്നകലെ ഭൂമിയിൽ അന്യരും പരദേശികളുമായ (1പത്രൊ, 1;1; 2:11; എബ്രാ, 11:13) ക്രിസ്ത്യാനികൾ. ആദിമ ക്രൈസ്തവർ തങ്ങളെത്തന്നെ സാക്ഷാൽ യിസ്രായേൽ ആയി കണക്കാക്കിയിരുന്നു. (ഗലാ, 6:16). യഥാർത്ഥ പരിച്ഛേദനം ലഭിച്ച (ഫിലി, 3:3) അബ്രാഹാമിന്റെ സന്തതികളായി ക്രിസ്ത്യനികൾ സ്വയം ചിത്രീകരിച്ചു. (ഗലാ, 3:29; റോമ, 4:16). യെഹൂദിയ ക്രിസ്ത്യാനികൾക്കു വേണ്ടിയാണു ഈ ലേഖനം എഴുതിയതെന്ന വസ്തുത ഇന്നധികം പേർക്കും സമ്മതമാണ്. എങ്കിലും ക്രിസ്ത്യാനികൾക്കു പൊതുവെ ബാധകമായ കാര്യങ്ങളാണ് ഇതിൽ പറയുന്നത്. അനുവാചകർ ക്രിസ്ത്യാനികളാണെന്നു ഉള്ളടക്കം വ്യക്തമാക്കുന്നു. യാക്കോബ് അവരെ സഹോദരന്മാർ എന്നു വിളിക്കുന്നു. (1:2, 19; 2:1, 5, 14; 3:1; 4:11; 5:7, 12, 19). അവർ ദൈവവചനത്താൽ വീണ്ടും ജനിച്ചവരും (1:18), കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരും (2:1), കർത്താവിന്റെ പ്രത്യക്ഷതയെക്കുറിച്ചു ഉപദേശിക്കപ്പെട്ടവരും (5:7) ആണ്. 

ഉദ്ദേശ്യം: ലേഖനത്തിന്റെ ഉദ്ദേശ്യം പ്രധാനമായും മൂന്നാണ്: 1. യെഹൂദ്യ ക്രിസ്ത്യാനികൾ അനേകം പീഡകളിലുടെയും പരീക്ഷകളിലൂടെയും കടന്നു പോകുകയായിരുന്നു. വിശ്വാസം പരിശോധിക്കപ്പെടുന്ന കഷ്ടതകളിൽ തളർന്നു പോകാതിരിക്കുവാൻ അവരെ പ്രബോധിപ്പിക്കുകയാണ് ലേഖനത്തിന്റെ പ്രധാന ഉദ്ദേശ്യം: (1:2-12; 2:6; 5:10, 11). 2. വിശ്വാസികളിൽ കണ്ടുവന്ന പല തെറ്റുകളും തിരുത്തുക. മുഖപക്ഷം കാണിക്കാതിരിക്കുക (2:1-18), നാവിനെ നിയന്ത്രിക്കുക (3:1-12), സഹോദരന്മാരെ ദുഷിക്കാതിരിക്കുക (4:11-12), കഷ്ടതയിൽ സഹിഷ്ണുത കാണിക്കുക (5:7-12), പ്രാർത്ഥിക്കുക (5;13-18) എന്നിങ്ങനെയുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നല്കുന്നു. 3. പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമെന്നു തെളിയിക്കുക. നവീകരണത്തിന്റെ കാതലായ ഉപദേശം വിശ്വാസത്താലുള്ള നീതീകരണമാണ്. പ്രവൃത്തിക്കു പ്രാധാന്യം നല്കിയതുകൊണ്ടു യാക്കോബിന്റെ ലേഖനത്തിന്നെതിരെ മാർട്ടിൻ ലൂഥർ മുഖം ചുളിച്ചു. വിശ്വാസത്താലുള്ള നീതീകരണമെന്ന പൗലൊസിന്റെ ഉപദേശത്തിനു വിരുദ്ധമല്ല യാക്കോബിന്റെ ഉപദേശം. ദൈവദൃഷ്ടിയിൽ മനുഷ്യനു ലഭിക്കുന്ന നീതീകരണമാണു പൗലൊസ് പറയുന്ന വിശ്വാസത്താലുള്ള നീതീകരണം. എന്നാൽ മനുഷ്യനു മനുഷ്യന്റെ ദൃഷ്ടിയിൽ നീതീകരണം ലഭിക്കുന്നത് പ്രവൃത്തികളാലാണ്. പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമാകുന്നു. (2:22). വിശ്വാസത്തിനു ദൃഷ്ടാന്തമായി പൗലൊസ് ചൂണ്ടിക്കാണിക്കുന്ന അബ്രാഹാമിനെ തന്നെയാണ് പ്രവൃത്തിയാലുള്ള നീതീകരണത്തിനു യാക്കോബും ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല, പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു. (2:24).

പ്രധാന വാക്യങ്ങൾ: 1. “എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.” യാക്കോബ് 1:2,3.

2. “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” യാക്കോബ് 1:13.

3. “പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ. മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.” യാക്കോബ് 1:19,20.

4. “എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.” യാക്കോബ് 1:22.

5. “അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു. എന്നാൽ ഒരുത്തൻ: നിനക്കു വിശ്വാസം ഉണ്ടു; എനിക്കു പ്രവൃത്തികൾ ഉണ്ടു എന്നു പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചു തരാം.” യാക്കോബ് 2:17,18.

6. “അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;” യാക്കോബ് 3:5.

7. “എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.” യാക്കോബ് 5:16.

വിഷയ സംഗ്രഹം: 1. വന്ദനം: 1:1.

2. പരീക്ഷയുടെ നേർക്കുള്ള വിശ്വാസിയുടെ പ്രതികരണം: 1:2-18.

3. വചനം-ശ്രവണവും കരണവും: 1:19-27.

4. മുഖപക്ഷം പാടില്ല: 2:1-13.

5. വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ബന്ധം: 2:14-26.

6. നാവിന്റെ നിയന്ത്രണം: 3:1-12.

7. ജ്ഞാന ലക്ഷണം: 3:13-18. 

8. പാപ പ്രവൃത്തികൾ: 4:1-10.

9. സഹോദരനെ ദുഷിക്കരുത്: 4:11-12.

10. ജീവന്റെ ക്ഷണികത്വവും ധനസമ്പാദനവും: 4:13-5;6.

11. ദീർഘക്ഷമയും സഹിഷ്ണുതയും: 5:7-11.

12. സത്യം ചെയ്യരുത്: 5:12.

13. പ്രാർത്ഥന: 5:13-18.

14. പിന്മാറ്റക്കാരന്റെ യഥാസ്ഥാപനം: 5:19-20.

സവിശേഷതകൾ: ഈ ലേഖനത്തിനു ഏഴു സവിശേഷതകൾ ഉണ്ട്. 1. സാധാരണ ലേഖനങ്ങളിൽ കാണുന്ന വിധത്തിലുള്ള വ്യക്തി പരാമർശങ്ങളോ സമാപന ആശീർവാദമോ ഇല്ല; എന്നാൽ പ്രാരംഭ വന്ദനം ഉണ്ട്. 2. യേശുക്രിസ്തുവിനെ കുറിച്ചുള്ള രണ്ടു പരാമർശങ്ങൾ മാത്രമേ ഈ ലേഖനത്തിലുള്ളൂ. എന്നാൽ ക്രിസ്തുവിന്റെ ഉപദേശങ്ങളുടെ മാറ്റൊലി മറ്റു ലേഖനങ്ങളിൽ ഉള്ളതിലധികം ഇതിലുണ്ട്. ഗിരിപ്രഭാഷണത്തിൽ നിന്നും പതിനാറു സൂചനകൾ ഇതിൽ കാണാം. 3. ഈ ലേഖനത്തിൽ പഴയനിയമത്തിന്റെ പ്രതിഫലനം കാണാം. പഴയനിയമത്തിൽ നിന്നും അബ്രാഹാം, രാഹാബ്, ഇയ്യോബ്, ഏലീയാവ് എന്നിവരെ മാതൃകയായി കാണിക്കുന്നു. നമ്മുടെ പിതാവായ അബ്രാഹാം (2:21), സൈന്യങ്ങളുടെ കർത്താവ് (5:4), രാജകീയ ന്യായപമാണം (2:8) എന്നീ പ്രയോഗങ്ങൾ സവിശേഷങ്ങളാണ്. ന്യായപ്രമാണം ദുഷിക്കുവാനോ വിധിക്കുവാനോ ഉള്ളതല്ല, അനുസരിക്കുവാൻ ഉള്ളതാണെന്ന് എടുത്തു പറയുന്നു. (2:8-12; 4:11). 4. ലേഖനത്തിലെ 108 വാക്യങ്ങളിൽ 54 ആജ്ഞകളുണ്ട്. 5. പ്രകൃതിയിൽ നിന്ന് ആദാനം ചെയ്ത അനേകം അലങ്കാരപ്രയോഗങ്ങൾ ലേഖനത്തിൽ കാണാം. കാറ്റടിച്ചു അലയുന്ന കടൽത്തിര, പുല്ലിന്റെ പൂവ്, ഉഷ്ണക്കാറ്റോടെ ഉദിക്കുന്ന സൂര്യൻ, അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവി. (1:6, 10, 11; 4;14). എന്നിവ ശ്രദ്ധാർഹമാണ്. 6. വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ബന്ധത്തിനു ഊന്നൽ നല്കുന്നു. 7. സാമൂഹികമായ അസമത്വത്തിനും അനീതിക്കും എതിരെ ശക്തമായി സംസാരിക്കുന്നു. അതിനാൽ പുതിയ നിയമത്തിലെ ആമോസായി യാക്കോബിനെ പരിഗണിക്കുന്നവരുണ്ട്. 

യാക്കോബും ഗിരിപ്രഭാഷണവും: 1. പരീക്ഷകളിൽ സന്തോഷം: 1:1,2 — മത്താ, 5:10-12.

2. പൂർണ്ണതയ്ക്കുള്ള ഉപദേശം: 1:4 — മത്താ, 5:48.

3. ദാനങ്ങൾക്കു വേണ്ടി യാചിപ്പിൻ: 1:5 — മത്താ,7:7.

4. എളിമയുടെ ഭാഗ്യം: 1:9 — മത്താ, 5:3.

5. കോപം പാടില്ല: 1:19,20 — മത്താ, 5:22.

6. വചനം കേൾക്കുന്നവരും ചെയ്യുന്നവരും ആയിരിക്കുക: 1:22 — മത്താ, 7:24.

7. ന്യായപ്രമാണം മുഴുവൻ അനുസരിക്കണം: 2:10 — മത്താ, 5:19.

8. കരുണ കാണിക്കുക: 2:13 — മത്താ, 5:7.

9.  പ്രവൃത്തിയും വിശ്വാസവും: 2:14-16 — മത്താ, 7:21-23.

10. സമാധാനം ഉണ്ടാക്കുന്നവരുടെ ഭാഗ്യം: 3:18 — മത്താ, 5:9.

11. ലോകനേഹം ദൈവത്തോടു ശത്രുത്വം: 4:4 — മത്താ, 6:24.

12. താഴമയുടെ ഭാഗ്യം: 4:10 — മത്താ, 5:5.

13. വിധിക്കരുതു പുഴുവും തുരുമ്പും കെടുക്കുന്ന സമ്പത്ത്: 5:2 — മത്താ, 6:19.

14. പ്രവാചകന്മാരുടെ ദൃഷ്ടാന്തം: 5:10 — മത്താ, 5:12.

15. സത്യം ചെയ്യരുത് (ആണയിടരുത്): 5:12 — മത്താ, 5:33-37.

Leave a Reply

Your email address will not be published. Required fields are marked *