മോവാബ്

മോവാബ് (Moab)

ലോത്തിൻ്റെ പുത്രനായ മോവാബിന്റെ സന്തതികളാണ് മോവാബ്യർ. മോവാബ്യരുടെ ആരംഭം സോവറിന്റെ പരിസരത്തു നിന്നായിരുന്നു. അവിടെനിന്നും അമ്മോന്യർ വടക്കു കിഴക്കോട്ടു നീങ്ങി. മോവാബ്യർ പരിസരപ്രദേശത്തുള്ള ഏമ്യരെ നീക്കിക്കളഞ്ഞു അവിടെ പാർത്തു. (ആവ, 2:10, 11; ഉല്പ, 14:35). മോവാബ് ദേശത്തിനു മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. 1. മോവാബ് നിലം: (രൂത്ത്, 1:1,2). പ്രകൃതിദത്തമായ ദുർഗ്ഗങ്ങൾക്കുള്ളിലെ സ്ഥലം. അതിനു വടക്കു അർന്നോൻ പിളർപ്പും പടിഞ്ഞാറു കടുന്തൂക്കായ പാറകളും (ചാവു കടലിന്റെ തീരത്തു) തെക്കും കിഴക്കും കുന്നുകളുമാണ്. 2. മോവാബ് ദേശം: അർന്നോനിൽ നിന്നും ഗിലെയാദ് കുന്നുകൾ വരെ വ്യാപിച്ചു കിടക്കുന്ന തുറസ്സായ നാട്ടിൻ പുറം. 3. മോവാബ് സമഭൂമി: (സംഖ്യാ, 22:1). യോർദ്ദാൻ താഴ്വരയിലെ പ്രദേശം. യിസ്രായേല്യർ അവിടെ എത്തുന്നതിനു മുമ്പു അമോര്യരാജാവായ സീഹോൻ അർന്നോൻ വരെയുള്ള പ്രദേശങ്ങൾ കൈക്കലാക്കിയിരുന്നു. മോവാബ് മരുഭൂമിയിലേക്കുള്ള വഴിയിലൂടെയാണ് യിസ്രായേൽ മക്കൾ യാത്ര ചെയ്തത്. ഏമ്യരിൽ നിന്നും മോവാബ്യർ പിടിച്ചെടുത്ത ദേശം യിസ്രായേലിനു അവകാശമായി നല്കുകയില്ലെന്നു യഹോവ കല്പിച്ചു. (ആവ, 2:9-11). മോവാബ് ദേശത്തുകൂടി കടന്നുപോകാൻ അനുവാദം ലഭിക്കാത്തതു കൊണ്ടു അവർ അതിർത്തിവഴി ചുറ്റി സഞ്ചരിച്ചു. യിസ്രായേല്യർ അടുത്തെത്തിയപ്പോൾ രാജാവായ ബാലാക്ക് ഭയന്നു. യുദ്ധത്തിനൊരുങ്ങാതെ മിദ്യാനിലെ മൂപ്പന്മാരോടു അവൻ ആലോചിച്ചു. മോവാബ്യരും മിദ്യാന്യരും തേരഹിന്റെ സന്തതികളാകയാൽ അവർക്കു തമ്മിൽ അടുത്ത ബന്ധമുണ്ട്. (ഉല്പ, 11:27; 19:37; 25:2). സംഖ്യാ 22-4-ന്റെ തർഗും അനുസരിച്ചു ഈ കാലം വരെയും മോവാബും മിദ്യാനും ഒരു ജനതയായിരുന്നു. മോവാബിൽ നിന്നും മിദ്യാനിൽ നിന്നും ഇടവിട്ട് രാജാക്കന്മാരെ എടുത്തുവന്നു. ബാലാക്ക് മിദ്യാന്യരിൽ നിന്നും എടുക്കപ്പെട്ട രാജാവായിരുന്നു. 

മോവാബും കൂടിയാലോചിച്ച്, യിസ്രായേലിനെ ശപിക്കുവാൻ ബിലെയാമിനെ കൊണ്ടുവന്നു. യിസ്രായേലിനെ ശപിക്കാൻ ബിലെയാം ഹൃദയപൂർവ്വം ആഗ്രഹിച്ചു. ഉരിയാടാക്കഴുതയുടെ ശബ്ദം കൊണ്ടു ഭർത്സിച്ചശേഷം യഹോവ അവനെ പോകുവാൻ അനുവദിച്ചു. ദൈവത്തിന്റെ അരുളപ്പാടു മാത്രമേ സംസാരിക്കാവു എന്നു അവനോടു കർശനമായി കല്പിച്ചിരുന്നു. തത്ഫലമായി നാലുപ്രാവശ്യം അവൻ യിസ്രായേലിനെ അനുഗ്രഹിച്ചു. എന്നാൽ ബാലാക്കിനോടും മോവാബ്യരോടും മിദ്യാന്യരോടുമായി അവൻ: നിങ്ങൾക്കു യിസ്രായേലിനെ കീഴടക്കാൻ കഴിഞ്ഞില്ലെങ്കിലും അവരെ വശീകരിക്കാൻ കഴിയും എന്നു പറഞ്ഞു. (സംഖ്യാ, 31:16). മോവാബ്യസ്ത്രീകൾ യിസ്രായേല്യ പാളയത്തിൽ കടന്ന് പുരുഷന്മാരെ വശീകരിച്ചു. (സംഖ്യാ, 25:1-9). അതിന്റെ ഫലമായി ഉണ്ടായ ബാധയിൽ 24000 പേർ മരിച്ചു. മോവാബ് ദേശത്തുള്ള പിസ്ഗാമലമുകളിൽ വച്ചു മോശെ മരിച്ചു. കനാൻ ആക്രമണത്തിനു ഒരു നൂറ്റാണ്ടുശേഷം മോവാബ് യിസ്രായേലിനെ 18 മാസം ഞെരുക്കി. (ന്യായാ, 3:12-14). മോവാബ് രാജാവായ എഗ്ലോനെ യിസ്രായേൽ 18 മാസം സേവിച്ചു. അമ്മോന്യരെയും അമാലേക്യരെയും യിസ്രായേലിനെതിരെ അണിനിരത്തുന്നതിനു മോവാബിനു കഴിഞ്ഞു. എന്നാൽ യിസ്രായേൽമക്കൾ അനുതപിച്ചു പ്രാർത്ഥിച്ചപ്പോൾ ദൈവം ഏഹൂദിനെ എഴുന്നേല്പിച്ചു. ഏഹൂദ് എഗ്ലോനെ കൊന്നു മോവാബിനെ കീഴടക്കി. (ന്യായാ, 3:30). ന്യായാധിപന്മാരുടെ കാലത്തു ക്ഷാമം ഉണ്ടായപ്പോൾ ബേത്ത്ലേഹെമ്യനായ എലീമേലെക്ക് കുടുംബമായി മോവാബ് ദേശത്തു പരദേശിയായി പാർപ്പാൻ പോയി. അവിടെ അവന്റെ രണ്ടു പുത്രന്മാർ വിവാഹം കഴിക്കയും അവിടെവച്ചു മരിക്കയും ചെയ്തു. മോവാബ്യയായ രൂത്ത് നൊവൊമിയോടൊപ്പം മടങ്ങിവന്നു, ബോവസിനെ വിവാഹം കഴിച്ചു ദാവീദിന്റെ പൂർവ്വികയായി തീർന്നു. ഇങ്ങനെ ഒരു മോവാബ്യസത്രീ ക്രിസ്തുവിന്റെ ഭൗമിക വംശാവലിയിൽ ഉൾപ്പെട്ടു. 

ശൗൽ രാജാവു മോവാബിനോടു യുദ്ധം ചെയ്തു. (1ശമൂ, 14:47). ശൗൽ ഞെരുക്കിയപ്പോൾ ദാവീദ് തന്റെ അപ്പനെയും അമ്മയെയും സംരക്ഷണത്തിനുവേണ്ടി മോവാബ്യ രാജാവിനെ ഏല്പിച്ചു. (1ശമൂ, 22:3,4). ഇരുപതു വർഷത്തിനുശേഷം ഏതോ കാരണത്താൽ ദാവീദ് മോവാബ്യരെ തോല്പിച്ചു ദാസന്മാരാക്കി. (2ശമൂ, 8:2). ശലോമോന്റെ കാലത്തു മോവാബ്യർ ബിലെയാമിന്റെ കാലത്തു ചെയ്തതുപോലെ തന്നെ ശലോമോനെ വശീകരിച്ചു. പില്ക്കാലത്ത് മോവാബ്യരാജാവായ മേശാ യിസ്രായേൽ രാജാവായ ആഹാബിനു വലിയ കപ്പം കൊടുത്തു. (2രാജാ, 3:4,5). ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു. എന്നാൽ യിസ്രായേൽ രാജാവായ യഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ സഹായത്തോടുകൂടി മോവാബിനെ തോല്പിച്ചു, ദേശം നശിപ്പിച്ചു. അതിനുശേഷം മോവാബ് ക്രമേണ തകർന്നു. യെശയ്യാവ് മോവാബിന്റെ പതനത്തെക്കുറിച്ചു പ്രവചിക്കുകയും വിലപിക്കുകയും ചെയ്തു. (യെശ, 15,16). യിരെമ്യാ പ്രവാചകനും മോവാബിന്റെ നാശത്തെക്കുറിച്ചു പ്രവ ചിച്ചു: “എങ്കിലും ഒടുക്കം ഞാൻ മോവാബിന്റെ പ്രവാസം മാറ്റും” (യിരെ, 48:47 എന്ന ആശ്വാസവചനം യിരെമ്യാവ് നല്കി. അശ്ശൂരും ബാബിലോണും മോവാബിനെ പീഡിപ്പിക്കുന്നതിനെ കുറിച്ചാണു ഈ പ്രവചനം. ആമോസ് 2:1-3-ൽ മോവാബിന്റെ മേൽ വധശിക്ഷയാണ് യഹോവ കല്പിക്കുന്നത്. മോവാബിന്റെ അഹങ്കാരവും സമ്പത്തിന്റെ പ്രതാപവും പ്രഖ്യാതമാണ്. ഞങ്ങൾ മോവാബിന്റെ ഗർവ്വത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; അവൻ മഹാഗർവ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്. (യെശ, 16:36). യിസ്രായേലിനെ നിന്ദിച്ച് അവരുടെ ദേശത്തിനു വിരോധമായി വമ്പു പറഞ്ഞതുകൊണ്ടു അമ്മോന്യരെയും മോവാബ്യരെയും ശിക്ഷിക്കുമെന്നു സെഫന്യാവു പ്രവചിച്ചു. (സെഫ, 2:8-11). മോവാബിലെ ഭാഷ എബ്രായഭാഷയുടെ ഒരു ദേശ്യഭേദമായിരുന്നു. മോവാബ്യരുടെ ദേശീയ ദേവത കൈമോശ് ആണ്. (സംഖ്യാ, 21:29; ന്യായാ, 11:24; 1രാജാ, 11:7, 33; 2രാജാ, 23:13: യിരെ, 48:7, 13, 46).

Leave a Reply

Your email address will not be published. Required fields are marked *