മത്തായി

മത്തായി എഴുതിയ സുവിശേഷം (Gospel of Matthew)

പുതിയനിയമ കാനോനിൽ പ്രഥമസ്ഥാനം മത്തായി സുവിശേഷത്തിനാണ്. ആദിമസഭ ഏറ്റവുമധികം ആദരിക്കുകയും വായിക്കുകയും ചെയ്തിരുന്നത് ഈ സുവിശേഷമത്രേ. പഴയനിയമത്തെയും പുതിയനിയമത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി അതു നിലകൊള്ളുന്നു. എ.ഡി. 180-ന് മുമ്പു സഭാപിതാക്കന്മാർ ഏറ്റവുമധികം ഉദ്ധരിച്ചിട്ടുള്ളത് ഈ സുവിശേഷത്തിൽ നിന്നാണ്. മത്തായി സുവിശേഷത്തിന്റെ പ്രസിദ്ധിക്ക് രണ്ടു കാരണങ്ങൾ ഉണ്ട്: 1. യേശുക്രിസ്തുവിന്റെ ഒരു അപ്പൊസ്തലനാണ് ഗ്രന്ഥകർത്താവ്. 2. ഈ സുവിശേഷം ക്രിസ്തുവിന്റെ ഉപദേശത്തിനു മുൻതൂക്കം നല്കുന്നു. പുതിയ വിശ്വാസികളെ പഠിപ്പിക്കുന്നതിനും ദുരുപദേശങ്ങളെ ചെറുക്കുന്നതിനും ക്രിസ്തുവിന്റെ ആധികാരികമായ ഉപദേശം ആദിമസഭയ്ക്ക് അനിവാര്യമായിരുന്നു. 

ഗ്രന്ഥകർത്താവ്: സുവിശേഷത്തിന്റെ കർത്താവായി മത്തായിയെ ആദിമകാലം മുതൽ തന്നേ സഭ അംഗീകരിച്ചിരുന്നു. മർക്കൊസ് സുവിശേഷത്തെ ഏതാണ്ട് പൂർണ്ണമായി മത്തായി പിന്തുടരുന്നുണ്ട്. അപ്പൊസ്തലനല്ലാത്ത ഒരാൾ (മർക്കൊസ്) എഴുതിയതിനെ അപ്പൊസ്തലനായ ഒരാൾ (മത്തായി) ഉപജീവിച്ചു എന്നത് അംഗീകരിക്കുവാൻ ആധുനിക പണ്ഡിതന്മാരിൽ പലർക്കും പ്രയാസമാണ്. സുവിശേഷ സംഭവങ്ങൾക്കെല്ലാം ദൃക്സാക്ഷിയാണു മത്തായി. മർക്കൊസ് ഇവയെല്ലാം പത്രൊസിൽ നിന്നു കേട്ടതാണ്. മത്തായിയുടെ ഗ്രന്ഥകർത്തത്വത്തിനുള്ള പ്രധാന തെളിവു് അതിന്റെ ശീർഷകമാണ്. ശീർഷകത്തിന്റെ ആദിരൂപം ‘മത്തായിയെ അനുസരിച്ചള്ളതു’ (കറ്റാ മത്തായിയൊൻ) എന്നാണ്. പില്ക്കാലത്ത് സുവിശേഷം എന്ന പദം അതിനോടു ചേർത്തു. സുവിശേഷങ്ങൾ കൂട്ടിച്ചേർക്കപ്പെട്ട കാലത്തോളം പഴക്കം ഈ ശീർഷകത്തിനുണ്ട്. മത്തായിയുടെ കർതൃത്വത്തിനു പിതാക്കന്മാരുടെ സാക്ഷ്യവും കുറവല്ല. അതിനെക്കുറിച്ച് ആദ്യം സാക്ഷ്യപ്പെടുത്തിയ വ്യക്തി ഹിയറപൊലിസിലെ ബിഷപ്പായിരുന്ന പാപ്പിയാസ് ആണെന്നു യുസിബിയസ് തന്റെ സഭാ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “മത്തായി എബ്രായ ഭാഷയിൽ (അരാമ്യ) അരുളപ്പാടുകൾ എഴുതി. ഓരോരുത്തരും അവരുടെ കഴിവുപോലെ അവയെ വിവർത്തനം ചെയ്തു.” ഈ പ്രസ്താവനയുടെ ശരിയായ അർത്ഥം എന്താണെന്നത് ഇന്നും വിവാദ്രഗ്രസ്തമാണ്. താഴെപ്പറയുന്ന രണ്ടു വിശദീകരണങ്ങളിൽ ഒന്നായിരിക്കണം ശരി. 1. പലസ്തീനിലെ യെഹൂദ്യ ക്രിസ്ത്യാനികൾക്കുവേണ്ടി ഗ്രീക്കിൽ സുവിശേഷം എഴുതുന്നതിനു മുമ്പു് മത്തായി അരാമ്യഭാഷയിൽ ഒരു സുവിശേഷം എഴുതി. 2. യെഹൂദ വിശ്വാസികളുടെ പ്രബോധനത്തിനുവേണ്ടി കർത്താവിന്റെ വാക്കുകളെ മത്തായി അരാമ്യഭാഷയിൽ ക്രോഡീകരിച്ചു. മേല്പപറഞ്ഞ രണ്ടഭിപ്രായങ്ങളിൽ ഏതു സ്വീകരിച്ചാലും മത്തായിയുടെ ഗ്രന്ഥകർത്തത്വം സുസ്ഥിരമാണ്. 

എഴുതിയ കാലം: മത്തായി സുവിശേഷത്തിന്റെ രചനാകാലം കൃത്യമായി പറയുവാൻ സാദ്ധ്യമല്ല. ‘ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു’ (27:8) എന്ന പ്രസ്താവന എ.ഡി. 70-നു മുമ്പാണ് സുവിശേഷം എഴുതപ്പെട്ടതെന്നു കാണിക്കുന്നു. എ.ഡി. 70-നായിരുന്നു യെരുശലേം നാശം. വിശുദ്ധനഗരം, മഹാരാജാവിന്റെ നഗരം എന്നീ പ്രയോഗങ്ങൾ ദൈവാലയം അപ്പോഴും നിലനില്ക്കുന്നു എന്ന്  സൂചനയാണു് നല്കുന്നത്. (മത്താ, 4:5; 5:35). ‘അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ’ എന്ന മുന്നറിയിപ്പ് യെരൂശലേം പിടിക്കപ്പെടുന്നതിനു മുമ്പുള്ള കാലത്തയാണു സൂചിപ്പിക്കുന്നത്. (24:15-17). തന്മൂലം എ.ഡി. 55-നു ശേഷവും 65-നു മുമ്പ് മത്തായി സുവിശേഷം എഴുതപ്പെട്ടു എന്നു കരുതുന്നതിൽ അപാകതയൊന്നുമില്ല. അത് ഏകദേശം എ.ഡി. 58-ലാണെന്ന് കരുതപ്പെടുന്നു.

എഴുതിയസ്ഥലം: സുവിശേഷത്തിന്റെ രചനാസ്ഥലം അന്ത്യൊക്ക്യ ആയിരിക്കണം. അന്ത്യൊക്ക്യസഭയുടെ യെഹൂദ്യ വിജാതീയസ്വഭാവം സുവിശേഷത്തിലെ ഉള്ളടക്കത്തിന് അനുരൂപമാണ്. രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്ത്യാക്ക്യയിലെ ഇഗ്നാത്യൊസ് ‘സുവിശേഷം’ എന്നു മത്തായി സുവിശേഷത്തെ പരാമർശിച്ചിട്ടുണ്ട്.

എഴുത്തിന്റെ ഉദ്ദേശ്യം: വാഗ്ദത്ത മിശിഹാ യേശുക്രിസ്തുവാണെന്ന് യഹൂദന്മാരോട് തെളിയിക്കാൻ മത്തായി ഉദ്ദേശിക്കുന്നു. മറ്റേതൊരു സുവിശേഷത്തേക്കാളും, യെഹൂദാ പ്രവാചകന്മാരുടെ വാക്കുകൾ യേശു എങ്ങനെ നിറവേറ്റി എന്ന് കാണിക്കാൻ മത്തായിയുടെ സുവിശേഷം പഴയനിയമം ഉദ്ധരിക്കുന്നു. മത്തായി അബ്രാഹാമിൽ തുടങ്ങി ദാവീദിൽ നിന്നുള്ള യേശുവിന്റെ വംശാവലി വിശദമായി വിവരിക്കുന്നു. യഹൂദന്മാർക്ക് സുഖമായിരിക്കാവുന്ന പലതരം സംഭാഷണങ്ങളും അദ്ദേഹം ഉപയോഗിക്കുന്നു. സുവിശേഷ കഥ പറയുന്നതിനുള്ള സൂക്ഷ്മമായ സമീപനത്തിലൂടെ മത്തായിക്ക് തന്റെ ജനങ്ങളോടുള്ള സ്നേഹവും താൽപ്പര്യവും പ്രകടമാണ്.

പ്രധാന വാക്യങ്ങൾ: 1. “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.” മത്തായി 5:17.

2. “കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.” മത്തായി 5:43-44.

3. “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.” മത്തായി 6:9-13.

4. “ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?” മത്തായി 16:26.

5. “യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.” മത്തായി 22:37-40.

6. “ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ.” മത്തായി 28:5-6.

7. “യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” മത്തായി 28:18-19.

ഉള്ളടക്കം: I. മശീഹയുടെ ആഗമനം: 1:1-4:11. 

1. യേശുവിന്റെ വംശാവലി: 1:1-17.

2. യേശുവിന്റെ ജനനം: 1:18-2:23.

3. യോഹന്നാൻ സ്നാപകൻ, യേശുവിന്റെ സ്നാനം: 3:1-17. 

4. യേശു പരീക്ഷിക്കപ്പെടുന്നു: 4:1-11. 

II. ഗലീലയിലെയും യെഹൂദ്യയിലെയും ശുശ്രൂഷ: 4:12-20:34. 

1. ഗലീലയിലേക്കു പിൻവാങ്ങുന്നു, ശിഷ്യന്മാരെ വിളിക്കുന്നു: 4:12-25.

2. ഗിരിപ്രഭാഷണം: 5:1-7-29.

3. പത്തു അത്ഭുതങ്ങൾ: 8:1-9:38.

4. പ്രന്തണ്ടു ശിഷ്യന്മാരെ ശുശ്രൂഷയ്ക്ക് അയയ്ക്കുന്നു: 10:1-42.

5. യോഹന്നാൻ സ്നാപകൻ തടവിൽ; പരീശന്മാരുടെ ആരോപണം: 11:1-12:50. 

6. സ്വർഗ്ഗരാജ്യത്തെ സംബന്ധിക്കുന്ന ഉപമകൾ: 13:1-52.

7. നസറേത്തിൽ യേശു ത്യജിക്കപ്പെടുന്നു: 13:53-58.

8. ഹെരോദാവു യോഹന്നാൻ സ്നാപകനെ കൊല്ലുന്നു; യേശു അയ്യായിരം പേരെ പോഷിപ്പിക്കുന്നു; പത്രാസ് വെളളത്തിന്മേൽ നടക്കുന്നു: 14:1-36. 

9. വീണ്ടും ആരോപണം; നാലായിരം പേരെ പോഷിപ്പിക്കുന്നു: 15:1-16:12.

10. പത്രോസിന്റെ ഏറ്റുപറച്ചിൽ: 16:13-20. 

11. സ്വന്തം കഷ്ടാനുഭവത്തെക്കുറിച്ചു യേശു ആദ്യമായി പ്രസ്താവിക്കുന്നു: 16:21-28. 

12. യേശുവിന്റെ രൂപാന്തരം: 17:1-13.

13. ചന്ദ്രരോഗിയെ സൗഖ്യമാക്കുന്നു: 17:14-21.

14. കഷ്ടാനുഭവത്തെ കുറിച്ചുള്ള രണ്ടാമത്തെ പ്രസ്താവന: 17:22-27.

15. യഥാർത്ഥ ശിഷ്യത്വത്തെക്കുറിച്ചു പഠിപ്പിക്കുന്നു: 18:1-35. 

16. യേശു യെരുശലേമിലേക്കു യാത്ര ചെയ്യുന്നു; വിവാഹ മോചനത്തെക്കുറിച്ചു പഠിപ്പിക്കുന്നു: 19:1-12. 

17. ശിശുക്കളെ അനുഗ്രഹിക്കുന്നു: 19:13-15. 

18. ധനവാനായ യുവപ്രമാണി: 19:16-30.

19. സ്വർഗ്ഗരാജ്യത്തെക്കുറിച്ചുളള ഉപമ, കുരുടന്മാരെ സൗഖ്യമാക്കുന്നു: 20:1-34. 

III. മശീഹയെ അവസാനമായി തിരസ്കരിക്കുന്നു: 21:1-25:46. 

1. ജൈത്രപ്രവേശം, ദൈവാലയശുദ്ധീകരണം, മുന്തിരി ത്തോട്ടത്തിന്റെ ഉപമ: 21:1-40.

2. കല്യാണവിരുന്നിന്റെ ഉപമ, എതിർപ്പു വർദ്ധിക്കുന്നു: 22:1-46.

3. ശാസ്ത്രിമാർക്കും പരീശന്മാർക്കും അയ്യോ കഷ്ടം! 23:1-39.

4. യെരുശലേമിന്റെ പതനവും യുഗാന്ത്യവും പ്രവചിക്കുന്നു: 24:1-51.

5. ന്യായവിധിയെക്കുറിച്ചുളള മൂന്നുപമകൾ: 25:1-46.

IV. പീഡാനുഭവവും പുനരുത്ഥാനവും: 26:1-28:20. 

1. യേശുവിനെ കൊല്ലാനുള്ള ഗൂഢാലോചന, അന്ത്യഅത്താഴം: 26:1-29. 

2. യേശു ഗെത്ത്ശെമന തോട്ടത്തിൽ: 26:30-56. 

3. കയ്യഫാവിന്റെ മുമ്പിൽ വിചാരണ, പത്രോസിന്റെ തള്ളിപ്പറയൽ: 26:57-75. 

4. പീലാത്തോസിന്റെ മുമ്പിൽ വിചാരണ: 27:1-26. 

5. കൂശീകരണം: 27:27-66.

6. പുനരുത്ഥാനം: 28:1-15.

7. മഹാനിയോഗം: 28:16-20. 

സവിശേഷതകൾ: 1. നിറവേറലിന്റെ സുവിശേഷം: മത്തായി സുവിശേഷം എഴുതപ്പെട്ടത് ഗ്രീക്കു സംസാരിക്കുന്ന യെഹൂദ ക്രിസ്ത്യാനികളുടെ ഇടയിലാണ്. യേശുക്രിസ്തുവിന്റെ ഉപദേശം അവതരിപ്പിക്കുന്ന രീതിയും ആദിമക്രൈസ്തവ പ്രഭാഷണങ്ങളിലെ വ്യത്യസ്ത അംശങ്ങൾക്കു നല്കുന്ന ഊന്നലും അതിനു തെളിവാണ്. മത്തായി സുവിശേഷം നിറവേറലിനു പ്രാധാന്യം നല്കുന്നു. ക്രിസ്തുവിന്റെ ആളത്തവും ജീവിതവും ഉപദേശവും ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും നിറവേറലാണ്. ‘പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകു വാൻ’ എന്ന വാക്യത്തോടു കൂടിയാണ് പഴയനിയമഭാഗങ്ങൾ തെളിവുകളായി ഉദ്ധരിച്ചിട്ടുള്ളത്. താഴെപ്പറയുന്ന ഉദ്ധരണികൾ സവിശേഷ ശ്രദ്ധ അർഹിക്കുന്നു. (1:23; 2:18,23; 4:16; 8:17; 12:21; 13:35; 21:5; 27:10). യേശുക്രിസ്തുവിന്റെ ജീവിതാനുഭവങ്ങളിൽ പലതും യിസ്രായേൽ ജനത്തിന്റെ അനുഭവങ്ങളോടു സാധർമ്മ്യം വഹിക്കുന്നു. യിസായേല്യർ തങ്ങളുടെ ദേശീയതയുടെ ശൈശവത്തിൽ ഈജിപ്റ്റിലേക്കു പോവുകയും പുറപ്പാടിൽ മടങ്ങിവരികയും ചെയ്തു. യേശുവും തന്റെ ശൈശവത്തിൽ ഈജിപറ്റിൽ പോവുകയും മടങ്ങിവരികയും ചെയ്തു. ഹോശേയാ പ്രവചനത്തിന്റെ (11:1) ഈ നിറവേറൽ മത്തായി സുവിശേഷത്തിൽ ഉദ്ധരിച്ചിട്ടുണ്ട്: ‘മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി.’ 

2. ഉപദേശപ്രധാനമായ സുവിശേഷം: മർക്കൊസ് സുവിശേഷത്തിലെ ആഖ്യാനങ്ങളോടൊപ്പം ക്രിസ്തുവിന്റെ ഉപദേശങ്ങളെ ഇതിൽ സമവായമായി നിബന്ധിച്ചിരിക്കുന്നു. പ്രധാനമായി അഞ്ച് പ്രഭാഷണങ്ങളാണിതിലുളളത്: 1.ഗിരിപ്രഭാഷണം: (5-7അ); 2.ശിഷ്യന്മാർക്കുള്ള പ്രബോധനം: (10 അ); 3.സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകൾ: (13 അ); 4.താഴ്മ, ഇടർച്ച, ക്ഷമ എന്നിവയെക്കുറിച്ചുള്ള ഉപദേശം: (18 അ); 5.ഒലിവുമല പ്രഭാഷണം: (24-25 അ). 

ഒരു പ്രത്യേകവിധത്തിലും വ്യാപ്തിയിലുമാണ് യേശുവിന്റെ ഉപദേശങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. മത്തായിക്കും പൗലൊസിനും ക്രിസ്തുവിന്റെ (ന്യായ) പ്രമാണം എന്ന് ഒന്നുള്ളതായി കാണാം. മേല്പറഞ്ഞ അഞ്ചുകൂട്ടം ഉപദേശഭാഷണങ്ങൾ അഞ്ചു ന്യായപ്രമാണ പുസ്തകങ്ങൾക്കു സാധർമ്മ്യം വഹിക്കുന്നതായി പലരും കരുതുന്നു. സീനായി പർവ്വതത്തിൽ വച്ചാണ് മോശയ്ക്ക് ദൈവിക ന്യായപ്രമാണം ലഭിച്ചത്. അതിനു സദൃശമായി മലമുകളിൽ വച്ചു പുതിയ യിസ്രായേലിനു (5:1) പരിഷ്ക്കരിച്ച ന്യായപ്രമാണം നല്കുന്ന വലിയ ഉപദേഷ്ടാവായി മത്തായി യേശുവിനെ അവതരിപ്പിക്കുന്നു. മാനസാന്തരത്തിനും സൽപ്രവൃത്തികൾക്കുമായി യിസ്രായേലിനെ ആഹ്വാനം ചെയ്യുകയാണ് മശീഹ. സൽപ്രവൃത്തികൾക്കുള്ള ആഗ്രഹവും അവ ചെയ്യുന്നതിൽ നേരിടാവുന്ന കഷ്ടത അനുഭവിക്കാനുള്ള മനസ്സും ഉള്ളവർ ധന്യരാണ്. ശിഷ്യന്മാരുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയേണ്ടതാണ്. (5:20). പൂർവ്വന്മാരുടെ സമ്പ്രദായങ്ങൾ നിമിത്തം ന്യായപ്രമാണത്തിന്റെ വിവക്ഷ അവർക്കു വ്യക്തമായി ഗ്രഹിക്കുവാൻ കഴിഞ്ഞില്ല. ദൈവിക വെളിപ്പാടിന്റെ അവിഭാജ്യഘടകമാണ് ന്യായപ്രമാണം. ആ ന്യായപ്രമാണമാണ് ക്രിസ്തുവിൽ നിറവേറലിനെ ദർശിച്ചത്. ക്രിസ്തു വന്നത് ന്യായപ്രമാണത്തെ നീക്കുവാനല്ല നിവർത്തിപ്പാനത്രേ. ശാസ്ത്രിമാർ ന്യായപ്രമാണത്തിനു നല്കിവന്ന ദുർവ്യാഖ്യാനത്ത യേശു തിരുത്തി. (5:17). തന്മൂലം ഗിരിപ്രഭാഷണത്തിലെ സിംഹഭാഗവും പത്തുകല്പനകളുടെ വ്യാഖ്യാനമാണ്. ‘അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ’ എന്നതു ‘എഴുതപ്പെട്ടിരിക്കുന്നു’ എന്നതിനു തുല്യമല്ല എന്നു ചിന്തിക്കുന്നവരുണ്ട്. തിരുവെഴുത്തുകളുടെ അധികാരത്തെ ഊന്നിപ്പറയുമ്പോൾ ‘എഴുതപ്പെട്ടിരിക്കുന്നു’ എന്നു യേശു പറഞ്ഞു. യെഹൂദമതത്തിൽ മുഖ്യസ്ഥാനം ന്യായപ്രമാണത്തിനാണ്; ക്രിസ്തുമാർഗ്ഗത്തിൽ ക്രിസ്തുവിനും. മത്തായി സുവിശേഷത്തിൽ ക്രിസ്തുവാണ് അധികാരി. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളാരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു” (11:28-30) എന്ന ക്രിസ്തുവിന്റെ കൃപാപൂർണ്ണവും പരമാധികാരസൂചകവുമായ ആഹ്വാനം രേഖപ്പെടുത്തിയിട്ടുള്ളത് ഈ സുവിശേഷത്തിൽ മാത്രമാണ്.

3. രാജാവിന്റെ സുവിശേഷം: ക്രിസ്തുവിനെ രാജാവായി മത്തായി അവതരിപ്പിക്കുന്നു. രാജാവ് എന്ന പദം 9 തവണ ഇതിൽ പ്രയോഗിച്ചിട്ടുണ്ട്. (2:2; 21:4; 22:2,11; 25:34; 27:11,29,37,42). ദാവീദുപുത്രൻ എന്ന രാജകീയനാമം ക്രിസ്തുവിനു എട്ടുപ്രാവശ്യം നല്കുന്നു. (1:1; 9:27; 12:23; 15:22; 20:30,31; 21:9,15). ഒന്നാം അദ്ധ്യായത്തിൽ യേശുവിന്റെ വംശാവലി മുകളിലോട്ടു ദാവീദുവരെ രേഖപ്പെടുത്തുന്നു. യേശുവിന്റെ ജനനത്തിൽ വിദ്വാന്മാർ വന്നു ചോദിക്കുന്നത; ‘യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?’ എന്നാണ്. (2:2). ക്രിസ്തുവിന്റെ ജൈത്രപ്രവേശം രാജകീയ സൂചനയുള്ളതാണ്. (21:1-13). ഒലിവുമല പ്രഭാഷണത്തിൽ തന്റെ രാജകീയ വാഴ്ചയെക്കുറിച്ചു യേശു പ്രവചിച്ചു. (25:31). നീ യെഹൂദന്മാരുടെ രാജാവോ’ എന്നു പീലാത്തോസ് ചോദിച്ചതിന്, ‘ഞാൻ ആകുന്നു’ എന്നു യേശു മറുപടി നല്കി. (27:11). യേശുവിന്റെ ക്രൂശിലെ മേലെഴുത്ത് ‘യെഹൂദന്മാരുടെ രാജാവായ യേശു’ എന്നായിരുന്നു. (27:3). സുവിശേഷത്തിന്റെ അവസാനഭാഗത്ത് ശിഷ്യന്മാർക്കു മഹാനിയോഗം നല്കുമ്പോൾ ‘സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും തനിക്കു നല്കപ്പെട്ടിരിക്കുന്നു എന്നു യേശു പ്രഖ്യാപിച്ചു.’ (28:18).

4. സാർവ്വജനീനമായ സുവിശേഷം: നാലു സുവിശേഷങ്ങളിലും വച്ച് ‘സഭ’ എന്ന പ്രയോഗം കാണപ്പെടുന്നത് മത്തായിയിൽ മാത്രമാണ്; മൂന്നു പ്രാവശ്യം. (16:18; 18:17). യേശുവിന്റെ ജീവിതമരണങ്ങളുടെ ഫലമായി പുതിയ യിസ്രായേലായ സാർവ്വത്രികസഭ രൂപംകൊണ്ടു. സഭയിൽ യെഹൂദന്മാർക്കും വിജാതീയർക്കും തുല്യസ്ഥാനമാണാ ഉള്ളത്. ‘ദൈവം നമ്മോടുകുടെ’ എന്നർത്ഥമുള്ള ‘ഇമ്മാനുവേൽ’ യേശു ആണെന്ന പ്രവചനത്തോടെ സുവിശേഷം ആരംഭിക്കുകയും സകലജാതികളിൽ നിന്നും ചേർക്കപ്പെട്ടിട്ടുള്ള സ്വശിഷ്യന്മാരോടൊപ്പം യുഗാവസാനം വരെയും താനുണ്ടായിരിക്കുമെന്നുള്ള ക്രിസ്തുവിന്റെ വാഗ്ദാനത്തോടെ അവസാനിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ വംശാവലിയിൽ രണ്ടു വിജാതീയ സ്ത്രീകളെ ഉൾപ്പെടുത്തിയതിലും (1:5), വിദ്വാന്മാരുടെ സന്ദർശനത്തിലും (2:1-13) സാർവ്വജനീനത്വം നിഴലിക്കുന്നുണ്ട്.. യേശുവിന്റെ ശുശ്രൂഷ ഭാഗികമായി ജാതികളുടെ ഗലീലയിൽ ആയിരുന്നു എന്നതിനു (4:15) പ്രത്യേകം ഊന്നൽ നല്കുന്നു. ജാതികൾക്കു ന്യായവിധി അറിയിക്കുകയും അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവയ്ക്കുകയും ചെയ്യുന്ന ദൈവദാസനാണ് യേശു എന്ന് (12:17,20) വെളിപ്പെടുത്തുന്നു. താൻ അയയ്ക്കപ്പെട്ടതു യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേയ്ക്കാണെന്ന് യേശു പറഞ്ഞു. (15:24). കാണാതെപോയ ഇതേ ആടുകളോടു ദൈവരാജ്യത്തിന്റെ ആഗമനത്തെക്കുറിച്ച് അറിയിക്കുവാനാണ് യേശു ശിഷ്യന്മാരെ അയച്ചത്. (10:6). ഏതു യിസ്രായേല്യനിൽ ഉള്ളതിനെക്കാളും വലിയ വിശ്വാസമാണ് റോമൻ ശതാധിപനിൽ യേശുകണ്ടത്. (8:10). തൽഫലമായി മശീഹയുടെ വിരുന്നിനു ഒഴിഞ്ഞുകിടക്കുന്ന സ്ഥലം കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ള വിശ്വാസികൾക്കു തുറന്നു കൊടുക്കും. എന്നാൽ രാജ്യത്തിന്റെ പുത്രന്മാർ ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളപ്പെടും. (8:11,12). യേശുവിന്റെ മശീഹാത്വം യെഹൂദന്മാർക്കു ഇടർച്ചക്കല്ലായി. അതിനാൽ രാജ്യം അവരിൽ നിന്നെടുത്തു ഫലം പുറപ്പെടുവിക്കുന്ന ജാതികൾക്കു നല്കി. (21:42,43). 

5. ന്യായവിധിയുടെ സുവിശേഷം: ആദിമ സുവിശേഷ ഘോഷണത്തിലെ ഒരു പ്രധാന ഘടകമാണ് മാനസാന്തരത്തിനു വേണ്ടിയുള്ള ആഹ്വാനം. ജീവനോടിരിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിക്കുവാൻ യേശു മടങ്ങിവരും. യോഹന്നാൻ സ്നാപകനും യേശുവും യെഹൂദന്മാരെ മാനസാന്തരത്തിനു ആഹ്വാനം ചെയ്തു. യേശുക്രിസ്തു ഒടുവിലായി മഹാവിധിയുടെ ഉപമ പറഞ്ഞു. മത്തായി സുവിശേഷത്തിൽ മാത്രമേ അതുള്ളൂ. (25:31-46). ന്യായവിധിക്കായി വരുന്ന മശീഹയെ സംബന്ധിക്കുന്ന ഉപമകളുടെയും ഭാഷണങ്ങളുടെയും സമാപനമാണ് ഈ ഉപമ. യെരുശലേമിന്റെ വീഴ്ചയോടുകൂടി യിസ്രായേലിന്റെ മേലുള്ള ദൈവിക ശിക്ഷാവിധിയുടെ ഒരംശം ഒന്നാം നൂറ്റാണ്ടിൽത്തന്നെ നിറവേറി. പല ഉപമകളും മത്തായിയിൽ സവിശേഷമാണ്: നിലത്തിലെ കള, ക്ഷമിക്കാത്ത കടക്കാരൻ, കല്യാണ വസ്ത്രമില്ലാത്ത അതിഥി, പത്തു കന്യകമാർ എന്നിവ. ദൈവിക ന്യായവിധിയുടെ ഗൗരവസ്വഭാവത്തെയും അനിവാര്യതയെയും അവ ഊന്നിപ്പറയുന്നു. മത്തായി സുവിശേഷത്തിന്റെ സവിശേഷതയായ ‘ഏറ്റവും പുറത്തുളള ഇരുട്ട്, കരച്ചിലും പല്ലു കടിയും’ എന്നീ ശൈലികൾ ഈ ഉപമകളിൽ നാം ആവർത്തിച്ചു കേൾക്കുന്നു. ക്രിസ്തുവിന്റെ വരവ് നിശ്ചയമാണ്. എന്നാൽ അതിന്റെ ആസന്നത സുവിശേഷത്തിന്റെ പരിവീക്ഷണത്തിൽ ഊന്നൽ അർഹിക്കുന്നില്ല. ന്യായവിധിക്കായി ക്രിസ്തു വരുന്നതിനു മുമ്പ് സഭയിൽ യേശു സന്നിഹിതനായിരുന്നു വാഴുന്ന അനിർവ്വചിത കാലയളവുണ്ട്.

മത്തായി സുവിശേഷവും മർക്കൊസ് സുവിശേഷവും 

ക്രിസ്തുവിന്റെ ഉപദേശത്തെക്കാൾ പ്രവൃത്തിയിലാണ് മർക്കൊസ് സുവിശേഷത്തിന്റെ ഊന്നൽ. യേശുക്രിസ്തുവിന്റെ ജീവിതം, മരണം എന്നിവയെക്കുറിച്ചുള്ള വിവരണത്തിൽ മത്തായി മർക്കൊസിനെ പിന്തുടരുന്നു. 8-9 അദ്ധ്യായങ്ങളിൽ മൂന്നു വീതമുള്ള ഗണങ്ങളിൽ യേശുവിന്റെ അത്ഭുതപ്രവൃത്തികളെ സംക്ഷിപ്തമായി രേഖപ്പെടുത്തുന്നു. 11-12 അദ്ധ്യായങ്ങളിൽ യോഹന്നാൻ സ്നാപകൻ പരീശന്മാർ തുടങ്ങിയവരുമായി യേശുവിനുളള ബന്ധം അവതരിപ്പിക്കുന്നു. സംഭവങ്ങളെ കാലക്രമത്തിൽ അവതരിപ്പിക്കുവാനുള്ള ശ്രമം ചെയ്തു കാണുന്നില്ല. എന്നാൽ പീഡാനുഭവത്തിന്റെ ആഖ്യാനത്തിൽ കാലക്രമം പാലിക്കുന്നുണ്ട്. യേശുവിന്റെ വംശാവലിയും ശൈശവത്തെക്കുറിച്ചുള്ള പാരമ്പര്യങ്ങളും പൂർവ്വവർത്തിയായി രേഖപ്പെടുത്തുകയും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ രണ്ടു പ്രത്യക്ഷതകളുടെ വിവരണം അനുബന്ധിക്കുകയും ചെയ്യുന്നു. കന്യകാജാതൻ എങ്കിലും നിയമപ്രരമായി അബ്രാഹാമിന്റെ സന്തതിയും ദാവീദുപുത്രനും ആണ് യേശു എന്നു വെളിപ്പെടുത്തുന്നതിനാണ് വംശാവലി നല്കിയത്. മറിയയുടെ നിയമാനുസൃതമല്ലാത്ത കുഞ്ഞാണെന്ന അപവാദത്തിനു മറുപടി നല്കുകയും യോസേഫിന്റെ പ്രവൃത്തിയെ സാധുവാക്കുകയും ചെയ്യുന്നു. (1:18-25). സുവിശേഷ രചനാകാലത്ത് ക്രൈസ്തവ സഭ പ്രത്യേക താൽപര്യം കാണിച്ച വിഷയങ്ങൾ മർക്കൊസിൽ നിന്നും കൂടുതലായി മത്തായിയിൽ കാണാം. സഭയിൽ പത്രാസ് പ്രമുഖസ്ഥാനം വഹിക്കുന്ന ഘട്ടത്തിൽ പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങളാണ് യേശുവിന്റെ അടുത്തെത്തുന്നതിനു പത്രാസ് തിരമാലമേൽ നടക്കുന്നതും (14:28-31) സഭാസ്ഥാപന സംബന്ധമായി പത്രൊസിനു നല്കിയ കല്പനയും (16:18-19) മറ്റും. യൂദായുടെ അന്ത്യവും (27:3-10) പീലാത്തോസിന്റെ ഭാര്യയുടെ സ്വപ്നവും ശ്രദ്ധാർഹങ്ങളാണ്.

ക്രിസ്തുവിന്റെ പുനരുത്ഥാന വിവരണം പൊടുന്നനവെ അവസാനിപ്പിക്കുന്ന പ്രതീതിയാണ് മർക്കൊസിൽ. അതു ഒഴിവാക്കാൻ വേണ്ടി ക്രിസ്തുവിന്റെ രണ്ടു പുനരുത്ഥാന പ്രത്യക്ഷതകൾ മത്തായി വിവരിക്കുന്നുണ്ട്. (28:9-10, 16-20). സ്ത്രീകൾ തങ്ങൾ കണ്ടതും കേട്ടതും ആരോടും പറയാതെ പോവുകയാണ് മർക്കൊസിൽ. (16:8). എന്നാൽ ദൂതന്റെ കല്പനയനുസരിച്ച് ശിഷ്യന്മാരോടു പറയുവാനും യേശുവിനെ കാണാനായി ഗലീലയ്ക്കു പോകുവാനും അവർ ഓടിപ്പോവുകയാണ് മത്തായിയിൽ. ദൗത്യത്തിനുവേണ്ടി തിരിച്ചുകഴിഞ്ഞപ്പോൾ അവർ ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടു. മരണത്തെ ജയിച്ചതോടുകൂടി സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള അധികാരം തനിക്കു നല്കപ്പെട്ടിരിക്കുന്നു എന്നു യേശു പ്രഖ്യാപിച്ചു. ലോകം മുഴുവൻ സുവിശേഷീകരിക്കുവാനുള്ള മഹാനിയോഗം ശിഷ്യന്മാർക്കു നല്കി. യുഗാവസാനത്തോളം എല്ലാനാളും അവരോടു കൂടെയുണ്ടെന്ന് ഉറപ്പുനല്കി. അങ്ങനെ ഈ സുവിശേഷത്തിനു ഒരു പരിണാമഗുപ്തിയുണ്ട്. യേശുവിന്റെ ക്രൂശീകരണം പുനരുത്ഥാനം എന്നിവയുടെ വിവരണത്തിൽ മർക്കൊസിന്റെ വിവരണത്തോടു നാല് അനുബന്ധങ്ങൾ മത്തായി സുവിശേഷത്തിലുണ്ട്. 1. മരണസമയത്തു സംഭവിച്ച ഭൂകമ്പവും വിശുദ്ധന്മാരുടെ ഉയിർപ്പും. (27:51-53). 2. കല്ലറ മുദ്രവയ്ക്കലും പ്രത്യേക കാവൽ ഏർപ്പെടുത്തലും. 27:62-66). 3. ഈ മുൻകരുതലുകളുടെ പരാജയം. (28:2-4). 4. ശിഷ്യന്മാർ രാത്രിയിൽ വന്നു ശരീരം മോഷ്ടിച്ചു കൊണ്ടുപോയി എന്നു കള്ളക്കഥ പ്രചരിപ്പിക്കുവാൻ കാവല്ക്കാർക്കു കൈക്കൂലി കൊടുത്തതു. (28:11-15). 

Leave a Reply

Your email address will not be published. Required fields are marked *