പെർഗ്ഗമൊസ്

പെർഗ്ഗമൊസ് (Pergamos) 

ഏഷ്യാമൈനറിന്റെ വടക്കുപടിഞ്ഞാറുള്ള പട്ടണമാണ് പെർഗ്ഗമൊസ്. സ്മുർന്നയ്ക്ക് (Smyrna) 80 കി.മീറ്റർ വടക്കു ഈജിയൻ കടൽതീരത്തിനു 24 കി.മീറ്റർ അകലെയായി ഈ പട്ടണം സ്ഥിതിചെയ്തിരുന്നു. പഴയ പട്ടണത്തിനു താഴെയായി ബർഗ്ഗാമ എന്ന പേരിൽ ഒരു ചെറുഗ്രാമം ഇന്നുണ്ട്. ഒടുവിലത്തെ രാജാവ് ബി.സി. 133-ൽ രാജ്യം റോമിനു കൈമാറുന്നതുവരെ പെർഗ്ഗമൊസ് തലസ്ഥാനമായിരുന്നു. എഫെസൊസിനെയോ സ്മുർന്നയെയോ പോലെ ഒരു വാണിജ്യപ്രാധാന്യമുള്ള പട്ടണമായിരുന്നില്ല അത്. വിജ്ഞാനത്തിന്റെയും മതത്തിന്റെയും ആസ്ഥാനമായ പെർഗ്ഗമൊസിലായിരുന്നു അറ്റാലിക് പ്രഭുക്കന്മാരുടെ ഔദ്യോഗികവാസസ്ഥാനം. ഈ പട്ടണത്തിലെ അമൂല്യനിധിയായിരുന്നു രണ്ടുലക്ഷം ഗ്രന്ഥങ്ങൾ ഉൾക്കൊളളുന്ന ഒരു ഗ്രന്ഥശാല. പില്ക്കാലത്ത് ആന്റണി ഇതിനെ ക്ലിയോപാട്രയ്ക്ക് ഒരു സമ്മാനമായി ഈജിപ്റ്റിലേക്കയച്ചു കൊടുത്തു. കൈസർ പൂജയുടെ ആദ്യകേന്ദ്രം ഈ പട്ടണമായിരുന്നു. റോമിനും ഔഗുസ്തൊസ് കൈസർക്കുമായി ഒരു ക്ഷേത്രം ബി.സി. 29-ൽ പണികഴിപ്പിച്ചു. രണ്ടാമതൊരു മന്ദിരം ട്രാജനു പ്രതിഷ്ഠിച്ചു. അഥീന, എസ് കലാപിയൂസ്, ഡയോണിഷ്യസ്, സൂയസ് എന്നീ ദേവതകൾ ആരാധിക്കപ്പെട്ടിരുന്നു. ഇവിടെയുള്ള ക്ഷേത്രങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ് എസ് കലാപിയൂസിന്റെ ക്ഷേത്രം. പ്രസ്തുത ദേവന്റെ വിഗ്രഹം ഒരു പാമ്പിന്റെ രൂപത്തിലാണ്. തന്മൂലം സാത്താന്റെ സിംഹാസനം സൂചിപ്പിക്കുന്നതു ഈ ക്ഷേത്രത്തെയാണെന്നു ചിലർ കരുതുന്നു.  (വെളി, 2:13). വെളിപ്പാടിൽ പറഞ്ഞിട്ടുള്ള ആസ്യയിലെ ഏഴു സഭകളിൽ മൂന്നാമത്തേതു പെർഗ്ഗമൊസ് ആണ്. (വെളി, 1:11).

Leave a Reply

Your email address will not be published. Required fields are marked *