പരിജ്ഞാനം

പരിജ്ഞാനം (knowledge)

പ്രായോഗികമായ ജ്ഞാനമാണ് പരിജ്ഞാനം. അറിവ് പ്രായോഗികതലത്തിൽ പ്രയോജനപ്പെടുമ്പോൾ പരിജ്ഞാനമായി മാറുന്നു. പരിജ്ഞാനവും തിരിച്ചറിവും യഥാർത്ഥ ജ്ഞാനത്തിന്റെ ഘടകങ്ങളാണ്. (നെഹെ, 10:28). പ്രായോഗിക ജ്ഞാനം ഉപദേശിക്കുന്ന സദൃശവാക്യങ്ങളിലാണ് പരിജ്ഞാനം എന്ന പ്രയോഗം ധാരാളമായി കാണുന്നത്. പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനമാണ് വിവേകം. (സദൃ, 9:10). പരിജ്ഞാനം അടക്കിവയ്ക്കുന്നവരാണ് ജ്ഞാനികൾ. (10:14). വിവേകികളും പ്രബോധനം ഇഷ്ടപ്പെടുന്നവരും മാത്രമേ പരിജ്ഞാനം ഇഷ്ടപ്പെടു. (12:1, 23). ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുകയും ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുകയും ചെയ്യുന്നു. (18:15). മേത്തരമായ പൊന്നിനെക്കാൾ ശ്രഷ്ഠമാണു പരിജ്ഞാനം. (8:10). പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നതിന് സൂക്ഷ്മബുദ്ധി ആവശ്യമാണ്. (13:16). പരിജ്ഞാനം മനസ്സിനു് ഇമ്പമാണ്. (2:10). ദുഷ്ടൻ പരിജ്ഞാനം അറിയുന്നില്ല. (29:7).

മനുഷ്യൻ പ്രാപിക്കേണ്ടത് ദൈവപരിജ്ഞാനമാണ്. (സദൃ, 2:5; എഫെ, 1:17). ബുദ്ധിയും പരിജ്ഞാനവും ലഭിക്കുന്നത് ദൈവത്തിൽനിന്നാണ്. (സങ്കീ, 119:66). ദൈവത്തിന്റെ സമ്പൂർണ്ണമായ പരിപാലനത്തെക്കുറിച്ചുള്ള പരിജ്ഞാനം മനുഷ്യബുദ്ധിക്കു അത്യത്ഭുതമാണ്. (സങ്കീ, 139:6). ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ട് പൂർണ്ണമാകുമ്പോൾ ആരും ആർക്കും ഒരു ദോഷവും ചെയ്യുകയില്ല. (യെശ, 11:39). ജനം നശിക്കുന്നതിനു കാരണം പരിജ്ഞാനമില്ലാത്തതാണ്. (ഹോശേ, 4:6).

മശീഹയുടെമേൽ പരിജ്ഞാനത്തിന്റെ ആത്മാവ് ആവസിക്കുമെന്ന് യെശയ്യാവു പ്രവചിച്ചു. (11:2). നീതിമാനായ ദാസൻ തന്റെ പരിജ്ഞാനംകൊണ്ട് പലരെയും നീതീകരിക്കും. (യെശ, 53:11). യേശുക്രിസ്തു ദൈവതേജസ്സിന്റെ പരിജ്ഞാനമാണ്. (2കൊരി, 4:6; 6:6; 8:7; 10:5). ക്രിസ്തു ദൈവമർമ്മത്തിന്റെ പരിജ്ഞാനമാണ്; അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഗുപ്തമായിരിക്കുന്നു. (കൊലൊ, 2:2,3). ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രഷ്ഠതനിമിത്തം അപ്പൊസ്തലൻ എല്ലാം ചേതം എന്നെണ്ണി. (ഫിലി, 3:8). പരിശുദ്ധാത്മാവു നൽകുന്ന കൃപാവരങ്ങളിലൊന്നാണ് പരിജ്ഞാനത്തിൻ വചനം. (1കൊരി, 12:8). ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പരിജ്ഞാനം കൃപയും സമാധാനവും നൽകുകയും ജീവനും ഭക്തിക്കും ആവശ്യമായതെല്ലാം പ്രദാനം ചെയ്യുകയും ചെയ്യുന്നു. (2പത്രൊ, 1:2,3). ക്രിസ്ത്യാനി പരിജ്ഞാനത്തിൽ വളരേണ്ടതാണ്. (2പത്രൊ, 1:6, 8; 3:18).

Leave a Reply

Your email address will not be published. Required fields are marked *