☛ ദൈവം അതു യേശുവിന്നു കൊടുത്തു:
➦ ❝യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.❞ (വെളി, 1:1). ➟ഈ വേദഭാഗത്ത്, ❝ദൈവം അതു യേശുവിന്നു കൊടുത്തു; അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു❞ എന്ന് പറഞ്ഞിരിക്കയാൽ, ദൈവം ത്രിത്വമാണെന്ന് പലരും കരുതുന്നു.
➦ ദൈവം യേശുവിനു കൊടുത്തു, യേശു തൻ്റെ ദൂതനു കൊടുത്തു, ദൂതൻ യോഹന്നാനു കൊടുത്തു എന്നൊക്കെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ, വസ്തുമയമായ സംഗതിയൊന്നുമല്ല ദൈവം കൊടുത്തതും യോഹന്നാനെ ഏല്പിച്ചതും; ആത്മവിവശതയിൽ അവൻ വെളിപ്പാട് അഥവാ, ദർശനം കാണുകയാണ് ചെയ്തത്. (വെളി, 1:10; 5:11; 9:17 – സംഖ്യാ, 24:4; ദാനീ, 7:2; 10:7; പ്രവൃ, 11:5; 16:9-10). ➟തന്മൂലം, അത് വെളിപ്പാടിനോടുള്ള ബന്ധത്തിലെ ഒരാലങ്കാരിക പ്രയോഗമാണെന്ന് മനസ്സിലാക്കാം.
➦ എന്നാൽ അതിനൊരു കാരണമുണ്ട്: ദൈവപുത്രനായ യേശുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് മാനവരാശിയുടെ ഉദ്ധാരണം, യിസ്രായേൽ രാജ്യസ്ഥാപനം, പുതുവാനഭൂമികളുടെ സൃഷ്ടി മുതലായ എല്ലാറ്റിൻ്റെയും അടിസ്ഥാനം. ➟വെളിപ്പാടിലെ സംഭവങ്ങൾക്ക് ആധാരം യേശുക്രിസ്തുവിൻ്റെ രക്ഷാകരപ്രവൃത്തി ആകയാലാണ്, യേശുവിന് കൊടുത്തു എന്ന് പറയുന്നത്.
➦ തത്തുല്യമായ ഒരു പ്രയോഗം പ്രവൃത്തികളുടെ പുസ്തകത്തിലും കാണാം: ❝അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,❞ (പ്രവൃ, 2:33). ➟ഇവിടെ ശ്രദ്ധിക്കുക: ❝യേശു ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവിനെ പിതാവിനോടു വാങ്ങി പകർന്നുതന്നു❞ എന്നാണ് പറയുന്നത്. ➟വാങ്ങി അയച്ചുതരാൻ പരിശുദ്ധാത്മാവ് ഒരു വസ്തുവല്ല. ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും (1തിമൊ, 3:15-16 – യോഹ, 8:40), പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടായ ദൈവവുമാണ്: (പ്രവൃ, 5:3-4; 1കൊരി, 3:16-17). ➟ദൈവത്തെ മനുഷ്യനു് വാങ്ങി പകർന്നുതരുവാൻ കഴിയുമോ❓ ➟തന്നോട് ഒരു വാക്കുപറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെ പറഞ്ഞാൽ, ഈലോകത്തിലും വരുവാനുള്ള ലോകത്തിലും ക്ഷമകിട്ടാതെ നിത്യശിക്ഷയ്ക്ക് യോഗ്യനാകും എന്നാണ് ദൈവപുത്രൻ പഠിപ്പിച്ചത്: (മത്താ, 12:31-32; മർക്കൊ, 3:28-29; ലൂക്കൊ, 12:10). ➟പിതാവും പരിശുദ്ധാത്മാവും അഭിന്നരാണെന്നതിന് അനേകം തെളിവുകളുണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. ➟യേശുവിൻ്റെ തേജസ്കരണത്തിൻ്റെ ഫലമായി അവൻ്റെ നാമത്തിലാണ് ദൈവം പരിശുദ്ധാത്മാവിനെ ദാനമായി നല്കുന്നത്: (യോഹ, 7:37-39; യോഹ, 14:26 – പ്രവൃ, 10:46; 11:17). ➟അതുകൊണ്ടാണ്, ❝യേശു ദൈവത്തിന്റെ വലഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവിനെ പിതാവിനോടു വാങ്ങി പകർന്നുതന്നു❞ എന്ന് പറയുന്നത്. ➟അതിനാൽ, ഇതും ആലങ്കാരിക പ്രയോഗം അല്ലെങ്കിൽ, ആത്മീയാർത്ഥത്തിൽ പറയുന്നതാണെന്ന് മനസ്സിലാക്കാം.
➦ വെളിപ്പാടിൽ, ദൈവം അത് യേശുവിനു കൊടുത്തു; അവൻ തൻ്റെ ദൂതൻ മുഖാന്തരം യോഹന്നാന് പ്രദർശിപ്പിച്ചു എന്നാണല്ലോ പറയുന്നത്. ➟എന്നാൽ യോഹന്നാന് വെളിപ്പാട് പ്രദർശിപ്പിച്ചുകൊടുത്ത ദൂതൻ വെളിപ്പാടിൻ്റെ അവസാനം പറഞ്ഞതെന്താണെന്ന് യോഹന്നാൻ എഴുതിവെച്ചിട്ടുണ്ട്: ❝പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6). ➟വെളിപ്പാട് യോഹന്നാന് പ്രദർശിപ്പിച്ച ദൂതൻ പറയുമ്പോൾ, മദ്ധ്യസ്ഥനായി യേശു ഇല്ല; ആത്മാക്കളുടെ ദൈവമായ കർത്താവ് നേരിട്ടാണ് ദൂതനെ അയച്ചത്.
➦ യേശു ആരാണെന്ന് അറിയാത്തതാണ് അനേകരുടെയും പ്രശ്നം: പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) യേശു: (1തിമൊ, 3:15-16). 𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ നോക്കിയാൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 – യോഹ, 8:40). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
➦ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന മനുഷ്യൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു: (യോഹ, 8:40). ➟❝പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി (മത്താ, 1:20; ലൂക്കൊ, 2:21), ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നു (ലൂക്കൊ, 2:40), ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22 → പ്രവൃ, 10:38), ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി (ലൂക്കൊ, 4:1), ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു (മത്താ, 4:1; ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു (മത്താ, 12:28), ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു:❞ (1പത്രൊ, 3:18).
➦ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം മാനവകുലത്തിൻ്റെ പാപമെല്ലാം തൻ്റെ ശരീരത്തിൽ ചുമന്ന് പാപമാക്കപ്പെടുകയും തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ദൈവത്മാവിനാൽ മരിക്കുകയും മൂന്നാംദിവസം ദൈവത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്: (2കൊരി, 5:21; ലൂക്കൊ, 23:46; എബ്രാ, 9:14; 1പത്രൊ, 3:18). ➟ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യമായി തൻ്റെ പിതാവും ദൈവവുമായവൻ്റെ അടുക്കലേക്ക് കരേറി അപ്രത്യക്ഷമായതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:33 – എബ്രാ, 9:11-12; 7:27; 10:10). ➟പിന്നീട്, യേശുവെന്ന നാമത്തിൽ സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവം തന്നെയാണ്: (മർക്കൊ, 15:39 – യോഹ, 20:19). ➟അവനെയാണ് തോമാസ് ❝എൻ്റെ കർത്താവും എൻ്റെ ദൈവവുമായുള്ളോവേ❞ എന്നേറ്റുപറഞ്ഞത്: (യോഹ, 20:28).
➦ ❝ദൈവം❞ (God) എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. ➟എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ ❝എൻ്റെ ദൈവം❞ (My God) അഥവാ, “ഹോ തെയോസ് മൂ” (ὁ θεός μου – Ho Theós Mou) എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. ➟❝എൻ്റെ ദൈവം❞ (My God) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). ➟പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും. ➟ദൈവപുത്രനായ ക്രിസ്തുവും (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) പൗലൊസും റോമ, 1:8; 1കൊരി, 1:4; ഫിലി, 1:6) മനുഷ്യപുത്രനോട് സദൃശനും (വെളി, 3:2; വെളി, 3:12) പിതാവിനെ ❝എൻ്റെ ദൈവം❞ എന്നു സംബോധന ചെയ്തിട്ടുണ്ട്. ➟ആരെയാണോ, പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും മനുഷ്യപുത്രനോട് സദൃശനായവനും ❝എൻ്റെ ദൈവം❞ എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസും, ❝എൻ്റെ ദൈവം❞ (My God) എന്നേറ്റുപറഞ്ഞത്. ➟യെഹൂദനു് രണ്ടു ദൈവമില്ല; ഒരേയൊരു ദൈവമേയുള്ളു: (ആവ, 4:39). [കാണുക: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ!]
➦ യേശുവെന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11) പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശേഷചരിത്രകാലും കഴിഞ്ഞാൽ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല. ➟അഥവാ, പിതാവും പുത്രനും ഒന്നുതന്നെയായിരിക്കും: (യോഹ, 10:30 – യോഹ, 14:9). ➟അതിൻ്റെ തെളിവ് വെളിപ്പാടിൽ കാണാം. ➟ദൂതൻ പറയുന്നത് ശ്രദ്ധിക്കുക: ❝പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു.❞ (വെളി, 22:6). ➟ഇനി, യേശു പറയുന്നത് കേൾക്കുക: ❝യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.❞ (വെളി, 22:16). ➟ആത്മാക്കളുടെ ദൈവം തൻ്റെ ദൂതനെ അയച്ചു എന്നും, യേശു തൻ്റെ ദൂതനെ അയച്ചു എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, ആത്മാക്കളുടെ ഉടയവനായ ദൈവവും യേശുവും ഒന്നാണെന്ന് മനസ്സിലാക്കാം. ➟ദൈവപുത്രനായ യേശു തൻ്റെ മനുഷ്യാത്മാവിനെ ആത്മാക്കളുടെ ഉടയവനായ ദൈവത്തിൻ്റെ കരങ്ങളിലാണ് ഏല്പിച്ചത്; സ്തെഫാനോസും തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തത് ആത്മാക്കളുടെ ഉടയവന്റെ കയ്യിലാണ്: (ലൂക്കൊ, 23:46 – പ്രവൃ, 7:59). ➟ആത്മാക്കളുടെ ഉടയവൻ ദൈവപുത്രനായ യേശുവല്ല; പിതാവായ യഹോവയാണ്: (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1-2; സഭാ, 12:7; എബ്രാ, 12:9; 1പത്രൊ, 4:19; വെളി, 22:6). ➟പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ്: (യോഹ, 5:43; 17:11; 17:12). ➟❝എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്ന ദൈവപുത്രൻ്റെ വാക്കുകളുടെ നിവൃത്തിയാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത്; [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം, എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ!, സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതാരെയാണ്?]
☛ പഴയനിയമവും പുതിയനിയമവും:
➦ ദൈവം പഴയനിയമം യെഹൂദന്മാരോടു ചെയ്തതും പുതിയനിയമം സകലജാതികളോടു ചെയ്തതാണെന്നും ക്രൈസ്തവർ കരുതുത്തുന്നു. ➟എന്നാൽ ദൈവം ജാതികളുമായി ഒരു നിയമവും ചെയ്തിട്ടില്ല; ദൈവം തൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടാണ് പഴയനിയമവും പുതിയനിയമവും ചെയ്തിരിക്കുന്നത്.
➦ ദൈവം തൻ്റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയിമ്യ ദാസ്യത്തിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോടു ഹോരേബിൽവെച്ച് മോശെ മുഖാന്തരം ചെയ്ത നിയമമാണ് ❝പഴയനിയമം❞ എന്നറിയപ്പെടുന്നത്: (ആവ, 5:15; 9:29; 2രാജാ, 17:36; പുറ, 4:22-23 – പുറ, 24:1-18; 34:1-27). ➟❝യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു.❞ (പുറ, 34:27).
➦ പുതിയനിയമവും ദൈവം യിസ്രായേൽ ജാതിയോടുതന്നെ ചെയ്തതാണ്: ❝ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.❞ (യിരെ, 31:31-34 – എബ്രാ, 8:8-12).
➦ പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ➟ദൈവം മോശെയോടു ചെയ്ത ന്യായപ്രമാണം എന്ന പ്രവൃത്തികളുടെ നിയമത്തിൻ്റെ നിവൃത്തിയല്ല; ദൈവം തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടും അവൻ്റെ പുത്രപൗത്രന്മാരായ യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത നിരുപാധികമായ വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം: ❝ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.❞ (ഉല്പ, 22:17-18 – ഉല്പ, 26:5; 28:13-14).
➦ ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് അബ്രാഹാമിനോടു ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ്, തൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, ദൈവം ജഡത്തിൽ ഒരു പ്രത്യക്ഷത എടുത്തത്: (മത്താ, 1:21; 1തിമൊ, 3:15-16; എബ്രാ, 2:14-16 – പ്രവൃ, 3:25-26). ➟അതുകൊണ്ടാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു പറഞ്ഞത്: ❝ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17-18 – ലൂക്കൊ, 16:17).
➦ പഴയനിയമവും പുതിയനിയമവും (ഒന്നാമത്തെ നിയമവും രണ്ടാമത്തെ നിയമവും) രക്തത്താൽ പ്രതിഷ്ഠിച്ചതാണ്: ❝മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു. അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു. അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.❞ (പുറ, 24:6-8 – എബ്രാ, 9:18-22). ➦❝പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം.❞ (മത്താ, 26:27-28). ➟❝അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.❞ (ലൂക്കോ, 22:20 – സെഖ, 9:11).
➦ ഒന്നാമത്തെ നിയമം, പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്താലും രണ്ടാമത്തെ നിയമം, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടുമാണ് പ്രതിഷ്ഠിച്ചത്: (പുറ, 24:5; എബ്രാ, 9:19 – 1പത്രൊ, 1:19; എബ്രാ, 9:14). ➟ബൈബിൾ എന്താണെന്ന് യഥാർത്ഥമായി മനസ്സിലാകണമെങ്കിൽ, ദൈവത്തിൻ്റ ക്രിസ്തുവിനെ മാത്രമല്ല; വാഗ്ദത്തസന്തതിയായ യിസ്രായേലിനെയും അറിയണം. [കാണുക: പഴയനിയമവും പുതിയനിയമവും, യെഹൂദന്നു എന്തു വിശേഷത?, വാഗ്ദത്തം ലഭിച്ച സന്തതിയും വാഗ്ദത്തം ചെയ്യപ്പെട്ട സന്തതിയും]
☛പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ:
➦ ❝ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.❞ (യെശ, 6:1-3). ➟ഈ വേദഭാഗത്ത്, ❝പരിശുദ്ധൻ❞ എന്ന് മൂന്നുപ്രാവശ്യം പറഞ്ഞിരിക്കുന്നത് ത്രിത്വത്തിൻ്റെ തെളിവാണെന്ന് പണ്ഡിതന്മാർ പറയുന്നു.
➦ എന്നാൽ എന്താണതിലെ വസ്തുത: ❝യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ❞ എന്നാർത്തുപറയുന്നത് സാറാഫുകളുടെ നിത്യമായ ആരാധനയെ കുറിക്കുന്നതാണ്. ➟അതിൻ്റെ വ്യക്തമായ തെളിവ് വെളിപ്പാട് പുസ്തകത്തിലുണ്ട്. ➟യെശയ്യാപ്രവാചകൻ കണ്ട അതേ കാഴ്ച യോഹന്നാൻ അപ്പൊസ്തലനും കാണുന്നുണ്ട്: ❝ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.❞ (വെളി, 4:2). ➟അടുത്തവാക്യം: ❝നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.❞ (വെളി, 4:8). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ❝കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.❞ ➟ഇവിടെ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് മൂന്നുപ്രാവശ്യം പറഞ്ഞുവെന്നാണോ പറയുന്നത്❓ ➟❝രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു❞ എന്നാണ് പറയുന്നത്. ➟ഇവിടുത്തെ, ❝രാപ്പകൽ❞ (day and night) അഥവാ, ❝ഹെമേറാസ് കൈ നിക്ടോസ്❞ (ἡμέρας καὶ νυκτὸς – hēmeras kai nyktos) എന്നതിന് ❝ഒരു രാത്രിയും പകലും❞ എന്നർത്ഥമല്ല; എല്ലായ്പ്പോഴും, നിരന്തരം, ഇടവിടാതെ, നിത്യം എന്നീ അർത്ഥങ്ങളാണുള്ളത്. ➟അതിൻ്റെ തെളിവാണ്, ❝വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു❞ എന്നത്. ➟സാറാഫുകൾ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് നിത്യം ആർത്തുപറയുന്നതിനെ കുറിക്കാനാണ് മൂന്നുപ്രാവശ്യം പരിശുദ്ധൻ എന്ന് പറഞ്ഞിരിക്കുന്നത്. ➟അതായത്, ദൂതന്മാരെ സൃഷ്ടിച്ച കാലംമുതൽ അവർ ദൈവത്തെ പരിശുദ്ധൻ, പരിശദ്ധൻ എന്ന് ഇടവിടാതെ പറഞ്ഞുകൊണ്ട് ആരാധിക്കുകയാണ്. ➟അതാണോ നിങ്ങളുടെ ത്രിത്വത്തിന് തെളിവ്❓ ❝മഞ്ഞപ്പിത്തം പിടിച്ചവർക്ക് കാണുന്നതെല്ലാം മഞ്ഞയായിത്തോന്നും❞ എന്ന് പറഞ്ഞപോലെ, ബൈബിൾവിരുദ്ധ ത്രിത്വോപദേശം തലയ്ക്കടിച്ചവർക്ക് കാണുന്നതെല്ലാം ത്രിത്വമായിത്തോന്നുന്നതാണ്. ➟ശരിക്കും ഇതൊരുതരം രോഗമാണ്.
☛ പഴയപുതിയനിയമങ്ങളിലെ ദൈവം:
➦ പഴയനിയമത്തിലെ ദൈവം ക്രൂരനും പുതിയനിയമത്തിലെ ദൈവം സൗമ്യനുമാണെന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്. പഴയനിയമത്തിലെ ദൈവം വേറെ, പുതിയനിയമത്തിലെ ദൈവം വേറെ എന്നു വിചാരിക്കുന്ന വിശ്വാസികളും കുറവല്ല. ➟അതിൻ്റെ പ്രധാന കാരണം: മനുഷ്യനായ ക്രിസ്തുയേശുവിനെയാണ് പലരും സൗമ്യതയുള്ള ദൈവമായി കാണുന്നത്: (1തിമൊ, 2:6). ➟യേശു മാത്രം ദൈവം എന്നാണ് ട്രിനിറ്റി ഇപ്പോൾ പഠിപ്പിക്കുന്നത്. [കാണുക: യേശു മാത്രം ദൈവം, യേശു അല്ലാതെ ഒരു ദൈവമില്ല, യേശു മാത്രം ദൈവം]. ➟പിതാവായ ഏകദൈവത്തെ സൈഡാക്കിയിട്ടാണ് (1കൊരി, 8:5-6), ❝പിതാവ് മാത്രമാണ് സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝), പിതാവ് എന്നെക്കാൾ വലിയവനാണ്, പിതാവ് എൻ്റെ ദൈവമാണ്, ഞാൻ മനുഷ്യനാണ്, എനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല❞ എന്നൊക്കെ പഠിപ്പിച്ച യേശുവിനെ ദൈവമാക്കി പലരും ആരാധിക്കുന്നത്: (യോഹ, 17:3; യോഹ, 14:28; യോഹ, 20:17; യോഹ, 8:40; യോഹ, 5:30).
➦ ദൈവം ഒരുത്തൻ മാത്രമാണ്: ❝യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്.❞ (പുറ, 20:2-3). ➟സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല (ആവ, 32:39), ഞാനല്ലാതെ ഒരു ദൈവവുമില്ല (യെശ, 45:5), എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല (യെശ, 40:25), എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല (യെശ, 43:10), ഞാൻ ഒരുത്തനെയും അറിയുന്നില്ല❞ എന്നൊക്കെയാണ് യഹോവയായ ഏകദൈവം പഠിപ്പിച്ചത്: (യെശ, 44:8). ➟സകലജനത്തിൻ്റെയും ആത്മാക്കൾക്ക് ഉടയവനും സകല ജഡത്തിൻ്റെയും ദൈവവും യഹോവ ഒരുത്തൻ മാത്രമാണ്: (സംഖ്യാ, 16:22, യിരെ, 32:27). [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, സകല ആത്മാവിൻ്റെയും ദേഹിയുടെയും ജഡത്തിൻ്റെയും ദൈവം]
☛ എന്താണ് പഴയപുതിയനിയമങ്ങളിൽ കാണുന്ന വ്യത്യാസം?
➦ പഴയനിയമത്തിൽ ദൈവം നേരിട്ടാണ് മനുഷ്യനോട് ഇടപെട്ടത്. ദൈവം പാപം കണ്ടുകുടാത്തവണ്ണം തീക്ഷ്ണതയുള്ളവനും ദോഷം കണ്ടുകൂടാതെവണ്ണം നിർമ്മലദൃഷ്ടിയുള്ളവനും സ്വർഗ്ഗംപോലും തൃക്കണ്ണിന് നിർമ്മലമല്ലാത്തത്രയും പരിശുദ്ധനുമാണ്: (പുറ, 20:5; സംഖ്യാ, 25:11; ഹബ,1:13; ഇയ്യോ, 15:15). ➟തന്മൂലം, സ്വന്തജനത്തെയും ജാതികളെയും അവരുടെ പാപത്തിനൊത്തവണ്ണം ദൈവം കഠിനമായി ശിക്ഷിച്ചുപോന്നു. ➟തന്നെയുമല്ല, പഴയനിയമം പ്രവൃത്തിയാലുള്ള നീതികരണമായിരുന്നു. (ഗലാ, 3:12). സൽപ്രവൃത്തികൾക്കുള്ള അനുഗ്രഹവും ദുഷ്പ്രവൃത്തികൾക്കുള്ള ശിക്ഷയും ഉടനടി ലഭിക്കുമായിരുന്നു. (ആവ, 28:1-68). ➟എന്നാൽ പുതിയനിയമത്തിൽ ദൈവം നേരിട്ടല്ല; യേശുവെന്ന മനുഷ്യനിലൂടെയാണ് ഇടപെട്ടത്. (മത്താ, 1:21; യോഹ, 3:16; യോഹ, 8:40). ➟യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് (manifestation) പുതിയനിയമത്തിൽ കാണുന്ന മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 3:14-16; 1തിമൊ, 2:6). ➟അവൻ എല്ലാവരും അന്വേഷിക്കുന്ന കർത്താവും എല്ലാവരും ഇഷ്ടപ്പെടുന്ന നിയമ ദൂതനുമായിട്ടാണ് പുതിയനിയമത്തിൽ വെളിപ്പെട്ടത്. (മലാ, 3:1). ➟പഴയനിയമത്തിൽ പാപത്തെ കഠിനമായി ശിക്ഷിക്കുന്ന പരിശുദ്ധനായ ദൈവത്തെയാണ് കാണുന്നതെങ്കിൽ, പുതിയനിയമത്തിൽ ആ ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപരഹിതനായ മനുഷ്യനെ പാപികളുടെ സ്നേഹിതനായിട്ടാണ് കാണുന്നത്. ➟തീക്ഷ്ണയുള്ള ദൈവവും സൗമ്യനായ മനുഷ്യനുമെന്ന അന്തരമാണ്, പഴയപുതിയ നിയമങ്ങളുടെ പ്രധാന സവിശേഷത. ➟പരിശുദ്ധനും അമർത്യനുമായ ദൈവത്തിനു് പാപികളായ മനുഷ്യരുമായി സഹവസിക്കാനോ, അവരുടെ പാപങ്ങൾ ഏറ്റെടുത്തുകൊണ്ട് മരിച്ച് അവരെ പാപമുക്തരാക്കുവാനോ കഴിയുമായിരുന്നില്ല (വെളി, 15:4; 1തിമൊ, 6:16). ➟അതുകൊണ്ടാണ്, പിതാവായ ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1Tim, 3:16), മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനായ യേശുക്രിസ്തുവിലൂടെ (റോമ, 5:15) പാപത്തിനു് പരിഹാരം വരുത്തിയത്: (റോമ, 8:3 – 1യോഹ, 2:2). ➟പഴയനിയമം ന്യായപ്രമാണമെന്ന പ്രവർത്തിയുടെ കാലമായിരുന്നു; പുതിയനിയമം ദൈവത്തിൻ്റെ കൃപയുടെ കാലമാണ്. ➟അതിനാലാണ്, ദൈവം സ്നേഹമായിട്ടും ക്രിസ്തു സ്നേഹസ്വരുപമായിട്ടും പുതിയനിയമത്തിൽ കാണുന്നത്: (യോഹ, 3:16; 1യോഹ, 4:16 – കൊലൊ, 1:13). ദൈവം ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും മാറ്റമില്ലാത്തവനും തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും ആകയാൽ,തൻ്റെ സ്വഭാവത്തിനു് ഒരുകാലത്തും മാറ്റം വരുന്നില്ല (യാക്കോ, 1:17; മലാ, 3:6; 2തിമൊ, 2:13). ➟പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്: (ആവ, 4:24 – എബ്രാ, 12:29). ➟എന്നാൽ പുതിയനിയമത്തിൽ പിതാവായ ദൈവം തീക്ഷ്ണതയുള്ളവനായി കാണാത്തത്, സൗമ്യതയുടെ ആൾരൂപമായ ക്രിസ്തുവിലൂടെ മനുഷ്യരോട് ഇടപെടുന്നതുകൊണ്ടാണ്. ➟അതായത്, ദൈവം ക്രിസ്തുവിലൂടെ നമ്മെയും നാം ക്രിസ്തുവിലൂടെ ദൈവത്തെയും കാണുന്നതുകൊണ്ടാണ്, ദൈവത്തെ നമുക്ക് സൗമ്യനായി കാണാൻ കഴിയുന്നത്. അതല്ലാതെ, സത്യേകദൈവമായ പിതാവിനു് ഒരു മാറ്റവും ഒരുകാലത്തു. ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല.
☛ പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ:
➦ ❝ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.❞ (യോഹ, 1:18). ➟ഈ വേദഭാഗത്തോടുള്ള ചില കാര്യങ്ങൾകാര്യങ്ങൾ പറയാം:
❶ പിതാവിന്റെ മടിയിൽ:
➦ ഇവിടുത്തെ, ❝മടി❞ എന്ന പ്രയോഗം കൃത്യമല്ല. ❝കോൾപോസ്❞ (κόλπος – kolpos) എന്ന ഗ്രീക്കുപദത്തിനും ❝𝐛𝐨𝐬𝐨𝐦❞ എന്ന ഇംഗ്ലീഷ് പദത്തിനും ❝മാറിടം, നെഞ്ച്, മനസ്സ്, ഹൃദയം❞ മുതലായ അർത്ഥമാണുള്ളത്. ➟പ്രസ്തുത പദത്തെ യോഹന്നാൻ 13:23-ൽ ❝മാർവ്വിടം❞ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ➟അതിനാൽ, ❝പിതാവിന്റെ മാർവ്വിടത്തിൽ❞ എന്നതാണ് ശരിയായ പരിഭാഷ.
❷ മാർവ്വിടത്തിൽ ഇരിക്കുന്ന:
➦ ഈ ഭാഗത്തെ, ❝ഇരിക്കുന്നു❞ (𝐒𝐢𝐭𝐭𝐢𝐧𝐠) എന്ന പദം മൂലഭാഷയിലും ഇംഗ്ലീഷിലുമില്ല. ➟❝ഹോ ഓൻ ഐസ് ടോൻ കോൾപോൻ ടൂ പാട്രോസ്❞ (ὁ ὢν εἰς τὸν κόλπον τοῦ πατρὸς – ho ōn eis ton kolpon tou patros) എന്ന പ്രയോഗത്തിനു് ❝പിതാവിൻ്റെ മാർവ്വിടത്തിൽ ഉള്ളവൻ❞ (𝐰𝐡𝐢𝐜𝐡 𝐢𝐬 𝐢𝐧 𝐭𝐡𝐞 𝐛𝐨𝐬𝐨𝐦 𝐨𝐟 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എന്ന അർത്ഥമാണുള്ളത്. ➟അതായത്, ക്രിസ്തു പിതാവിൻ്റെ കൂടെ മറ്റൊരുത്തനായി ഇരിക്കുന്നവനല്ല; പിതാവിൻ്റെ മാർവ്വിടത്തിൽ/ഹൃദയത്തിൽ ഉള്ളവനാണ്.
❸ ഏകജാതനായ പുത്രൻ:
➦ ക്രിസ്തു ഏകജാതൻ മാത്രമല്ല ആദ്യജാതനുമാണ്. ➟യഥാർത്ഥത്തിൽ, ഒരു മകനും അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. ➟അതിനാൽ, ഏകജാതനെന്നതും ആദ്യജാതനെന്നതും അവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാം. ➟ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്നും പറഞ്ഞിട്ടുണ്ട്. ➟ഒരുത്തൻ ഏഴുപേരുടെ പുത്രനാണെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ലെന്നാണർത്ഥം. ➟അതായത്, ❝പുത്രൻ❞ എന്നത് അവൻ്റെ അസ്തിത്വമല്ല (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞); പദവിയാണ് (𝐓𝐢𝐭𝐥𝐞). ➟തന്നെയുമല്ല, ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രീപുത്രന്മാരുണ്ട്. ➟പിന്നെങ്ങനെ അവൻ യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഏകജാതനായ പുത്രനാകും? തന്മൂലം, ദൈവത്തിൻ്റെ അനേകം പുത്രന്മാരിൽ, പിതാവിനെ വെളിപ്പെടുത്തുന്ന ❝നിസ്തുല്യപുത്രൻ❞ (𝐔𝐧𝐢𝐪𝐮𝐞 𝐒𝐨𝐧) എന്ന അർത്ഥത്തിലാണ് ❝ഏകജാതനായ പുത്രൻ❞ എന്ന് യോഹന്നാൻ അവനെ വിശേഷിപ്പിച്ചിരിക്കുന്നത്. ➟മറ്റൊരു എഴുത്തുകാരും അവനെ ❝ഏകജാതൻ❞ എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നതും കുറിക്കൊള്ളുക. [കാണുക: ഏകജാതനും ആദ്യജാതനും].
❹ പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു:
➦ ദൈവപുത്രൻ വന്നത്, പിതാവിനെ വെളിപ്പെടുത്താനും പിതാവിൻ്റെ നാമം വെളിപ്പെടുത്താനുമാണ്: ❝പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.❞ (യോഹ, 1:18 ⁃⁃ യോഹ, 17:3; 1യോഹ, 5:20). ➦❝പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.❞ (മത്താ, 11:27 – ലൂക്കൊ, 10:22). പിതാവിൻ്റെ മാർവ്വിലിരിക്കുന്ന സ്നേഹസ്വരൂപനായ പുത്രൻ, സ്നേഹമായ ദൈവത്തിൻ്റെ ഹൃദയത്തെയാണ് ആവിഷ്കരിച്ചത്: (1യോഹ, 4:8; കൊലൊ, 1:13). അഥവാ, പിതാവു് പുത്രൻ മുഖാന്തരം മാനവരാശിയോടുള്ള തൻ്റെ ഹൃദയത്തിലെ സ്നേഹമാണ് വെളിപ്പെടുത്തിയത്: (യോഹ, 3:16-17). ➦❝നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.❞ (യോഹ, 17:6 – യോഹ, 17:26). ➟പിതാവിൻ്റെ ❝നാമം❞ (Name) വെളിപ്പെടുത്തുക എന്നത്, കേവലം പേര് വെളിപ്പെടുത്തുക എന്നതല്ല; സ്നേഹമായ ദൈവത്തിൻ്റെ സ്വഭാവവും സത്തയും കൃപയും സ്നേഹവും എല്ലാം അതിലുണ്ട്. [കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം]. ➟❝പുത്രൻ❞ എന്നത് യേശുവിൻ്റെ ❝പദവി❞ (𝐓𝐢𝐭𝐥𝐞) ആണെന്ന് നാം കണ്ടതാണ്. ➟അപ്പോൾ അവൻ്റെ ❝അസ്തിത്വവും❞ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞) എന്താണ്❓
❺ യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞):
➦ പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) യേശു: (1തിമൊ, 3:15-16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അഥവാ, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 – യോഹ, 8:40). ➟അതുകൊണ്ടാണ്, ❝പിതാവിന്റെ മാർവ്വിടത്തിലുള്ള ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു❞ എന്ന് യോഹന്നാൻ പറയുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
❻ യേശുവിൻ്റെ പ്രകൃതി (𝐍𝐚𝐭𝐮𝐫𝐞):
➦ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❝ദൈവം❞ (𝐆𝐨𝐝) എന്നത് പിതാവിൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് പുത്രൻ്റെ ❝പ്രകൃതിയും❞ (𝐍𝐚𝐭𝐮𝐫𝐞) ആണ്. ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ അക്കാര്യം അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: ➟❝ഏകസത്യദൈവമായ പിതാവിനെയും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➦❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). നീതിമാനായ മനുഷ്യൻ – 𝐌𝐚𝐧 (ലൂക്കൊ, 23:47), ➟യേശു എന്നു പേരുള്ള മനുഷ്യൻ – 𝐌𝐚𝐧 (യോഹ, 9:11), ➟പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു (പ്രവൃ, 2:23), ➟ഏകമനുഷ്യനായ (𝐌𝐚𝐧) യേശുക്രിസ്തു (റോമ, 5:15), ➟രണ്ടാം മനുഷ്യൻ – 𝐌𝐚𝐧 (1കൊരി, 15:47), ➟ഏക പുരുഷൻ – 𝐌𝐚𝐧 (2കൊരി, 11:2), ➟മനുഷ്യനായ ക്രിസ്തുയേശു – 𝐌𝐚𝐧 (1തിമൊ, 2:6). ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
❼ മാർവ്വിടത്തിലുള്ളവൻ എന്നാൽ എന്താണ്?
➦ പഴയനിയമത്തിൽ ദൈവപുത്രനായ യേശു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമേയുള്ളൂ. ➟അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം. 3755-ൽ (ബി.സി. 6) മറിയയുടെ മൂത്തമകനായി പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായവനാണ്: (ലൂക്കൊ, 2:7; മത്താ, 1:20; ലൂക്കൊ, 2:21). ➟ഉല്പാദിതമായവൻ അതിനുമുമ്പെ ഉണ്ടാകുക സാധ്യമല്ല. ➟അതുകൊണ്ടാണ്, ❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു❞ എന്ന് പത്രൊസ് പറയുന്നത്: (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല അവൻ പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. ➟പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്താണ് യേശുവെന്ന മനുഷ്യവ്യക്തി ലോകത്തിൽ വെളിപ്പെട്ടത്. [കാണുക: പരിശുദ്ധാത്മാവിലുള്ള യേശുവിൻ്റെ ജീവചരിത്രം, ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]. ➟എന്നാൽ തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിലൂടെയുള്ള രക്ഷാകരപ്രവൃത്തി ദൈവം ലോകസ്ഥാപനത്തിനുമുമ്പെ മുന്നിർണ്ണയിച്ചിരുന്നതാണ്. ➟പൗലൊസ് പറയുന്നത് നോക്കുക: ❝നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു.❞ (എഫെ, 1:4). ➟വാക്യം ശ്രദ്ധിക്കുക: ❝ദൈവം ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു.❞ ➟ഈ വേദഭാഗപ്രകാരം, ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു മറ്റൊരുത്തനായി ഉണ്ടായിരുന്നെങ്കിൽ, അതേ അർത്ഥത്തിൽ അവനിൽ തിരഞ്ഞെടുക്കപ്പെട്ട നമ്മളും ഉണ്ടാകണം. ➟നമ്മളില്ലാതെ നമ്മളെ എങ്ങനെ തിരഞ്ഞെടുക്കും❓ ➟അതാണ്, ദൈവത്തിൻ്റെ മുൻനിർണ്ണയവും മുന്നിയമനവും തിരഞ്ഞെടുപ്പം. ദൈവം തൻ്റെ സർവ്വജ്ഞാനത്താലാണ് മുൻനിർണ്ണയവും മുന്നിയമനവും തിരഞ്ഞെടുപ്പം നടത്തുന്നത്. ➟അതിനാൽ, ക്രിസ്തുവും അവനിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരും ഉണ്ടായിരുന്നത് ദൈവത്തിൻ്റെ ഹൃദയത്തിലാണ്. ➟അതാണ്, ❝പിതാവിന്റെ മാർവ്വിടത്തിലുള്ള ഏകജാതനായ പുത്രൻ (നിസ്തുല്യപുത്രൻ) അവനെ വെളിപ്പെടുത്തിയിരിക്കുന്നു❞ എന്ന പ്രയോഗത്തിൻ്റെ ശരിയായ അർത്ഥം. [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം]
☛ സത്യദൈവം ആരാണ്❓
➦ ❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.❞ (1യോഹ, 5:20). ➟ഈ വേദഭാഗത്തെ ❝സത്യദൈവം❞ ദൈവപുത്രപുത്രനായ യേശുക്രിസ്തു ആണെന്ന് വൺനെസ്സും ട്രിനിറ്റിയും വിചാരിക്കുന്നു. ➟ഈ വാക്യത്തിൽപ്പറയുന്ന ❝സത്യദൈവം❞ (𝐓𝐫𝐮𝐞 𝐆𝐨𝐝) പുത്രനല്ല; പിതാവാണെന്നതിൻ്റെ ഭാഷാപരമായ നാലുതെളിവ് വാക്യത്തിൽത്തന്നെയുണ്ട്:
❶ വാക്യത്തിൻ്റെ ആദ്യഭാഗം: ❝ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു.❞ ➟ഈ ഭാഗം ശ്രദ്ധിക്കുക: ❝ദൈവപുത്രൻ വന്നു സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു.❞ ➟ദൈവപുത്രൻ വന്നത് തന്നെത്തന്നെ വെളിപ്പെടുത്താനല്ല; സത്യദൈവമായ പിതാവിനെ വെളിപ്പെടുത്താനാണ്: (യോഹ, 1:18; 17:6; 17:26 – മത്താ, 11:27; ലൂക്കൊ, 10:22). ➟സത്യത്തിനു് സാക്ഷിനില്ക്കാൻ ജനിച്ച, സത്യദൈവത്തെ അറിവാൻ വിവേകം തന്ന ദൈവപുത്രൻ എങ്ങനെ സത്യദൈവമാകും❓(യോഹ, 18:37; യോഹ, 17:3). ➟ഈ വേദഭാഗത്ത് ദൈവപുത്രനും സത്യദൈവവും വഭിന്നരാണെന്ന് ആർക്കും മനസ്സിലാകും. ➟സത്യദൈവത്തെ അറിയാൻ വിവേകംതന്ന പുത്രനും സത്യദൈമാണെങ്കിൽ, വിഭിന്നരായ രണ്ട് സത്യദൈവമാകില്ല❓ ➟അത് ബഹുദൈവ ദുരുപദേശമല്ലേ❓ ➟സത്യദൈവം ഒന്നേ ആകാവൂ. ഒന്നിലധികം സത്യദൈവം എന്നത് യുക്തിവിരുദ്ധവും വചനവിരുദ്ധവുമല്ലേ❓ (യോഹ, 17:3; 1കൊരി, 8:5-6; എഫെ, 5:6)
❷ വാക്യത്തിൻ്റെ രണ്ടാംഭാഗം: ❝നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.❞ ➟ഈ ഭാഗവും ശ്രദ്ധിക്കുക: യേശുക്രിസ്തു സത്യദൈവമാണെന്നല്ല; സത്യദൈവത്തിൻ്റെ പുത്രനാണെന്നാണ് യോഹന്നാൻ പറയുന്നത്. ➟ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ❝പ്രകൃതി❞ (𝐍𝐚𝐭𝐮𝐫𝐞) എന്താണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടുണ്ട്: ❝ഈ മനുഷ്യൻ (𝐌𝐚𝐧) ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ➟ഈ വാക്യത്തിൽനിന്ന് ❝ദൈവം❞ (𝐆𝐨𝐝) എന്നത് ദൈവപുത്രൻ്റെ പ്രകൃതിയല്ല; പിതാവിൻ്റെ പ്രകൃതിയാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണല്ലോ❓ ❝മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലാൻ നോക്കുന്നു❞ എന്നാണ് യേശു പറഞ്ഞത്: (യോഹ, 8:40). ➟❝യേശു എന്നു പേരുള്ള മനുഷ്യൻ, പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു, മനുഷ്യൻ (𝐌𝐚𝐧), രണ്ടാം മനുഷ്യൻ (𝐌𝐚𝐧), മനുഷ്യനായ (𝐌𝐚𝐧) ക്രിസ്തുയേശു❞ (യോഹ, 9:11; പ്രവൃ, 2:23; 1കൊരി, 15:21; 15:47; 1തിമൊ, 2:6) എന്നിങ്ങനെയാണ് ദൈവപുത്രനെ പറഞ്ഞിരിക്കുന്നത്. ➟യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➟മനുഷ്യൻ എങ്ങനെ ദൈവമാകും❓ [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ഏകമനുഷ്യനായ യേശുക്രിസ്തു].
❸ വാക്യത്തിൻ്റെ രണ്ടാം ഭാഗത്ത്, ❝നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു❞ എന്ന് പറഞ്ഞശേഷം ❝പൂർണ്ണവിരാമം (𝐅𝐮𝐥𝐥𝐬𝐭𝐨𝐩) ഇട്ടശേഷമാണ്, ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❞ എന്ന് പറയുന്നത്. ➟യേശുക്രിസ്തുവാണ് സത്യദൈവമെങ്കിൽ, പൂർണ്ണവിരാമം ഇടില്ലായിരുന്നു. ➟പകരം, അടുത്തഭാഗം ആ വാക്യാംശത്തിൻ്റെ തുടർച്ചയെന്നവണ്ണം അർധവിരാമമോ (𝐒𝐞𝐦𝐢𝐜𝐨𝐥𝐨𝐧), അല്പവിരാമമോ (𝐂𝐨𝐦𝐦𝐚) മാത്രമേ ഇടുമായിരുന്നുള്ളു. ➟പൂർണ്ണവിരാമം ഇട്ടശേഷം, ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു❞ എന്ന് പറഞ്ഞിരിക്കയാൽ, അവിടെപ്പറയുന്ന സത്യദൈവം പുത്രനല്ല; പിതാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
❹ അവസാനഭാഗം: ❝അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.❞ ➟ഈ വേദഭാഗത്ത് പറയുന്ന ❝അവൻ❞ എന്ന പ്രഥമപുരുഷ സർവ്വനാമത്തിൻ്റെ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧 𝐩𝐫𝐨𝐧𝐨𝐮𝐧) ഉടയവനെയാണ് കണ്ടുപിടിക്കേണ്ടത്. അവൻ വാക്യത്തിൻ്റെ രണ്ടാംഭാഗത്തുണ്ട്: ❝നാം സത്യദൈവത്തിൽ അവന്റെ (𝐇𝐢𝐦) പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.❞ ➟ഈ വേദഭാഗത്ത് പിതാവിനെയാണ് ❝അവൻ❞. (𝐇𝐢𝐦) എന്ന പ്രഥമപുരുഷ സർവ്വനാമത്താൽ വിവക്ഷിച്ചിരിക്കുന്നത്. ➟എന്നിട്ടാണ്, ❝അവൻ❞ (𝐇𝐞) സത്യദൈവവും നിത്യജീവനും❞ എന്ന് അവസാനഭാഗത്ത് പറയുന്നത്. ➟അതിനാൽ, അവസാനഭാഗത്ത് പറയുന്ന ❝അവൻ❞ (𝐇𝐞) എന്ന പ്രഥമപുരഷ സർവ്വനാമത്തിൻ്റെ ഉടയവൻ പുത്രനല്ല: പിതാവാണെന്ന് വചനംകൂടാതെ ഭാഷാപരമായിത്തന്നെ മനസ്സിലാക്കാം. ➟അതായത്, യോഹന്നാൻ പറയുന്ന ❝സത്യദൈവവും നിത്യജീവനും❞ പിതാവാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
➦ ഈ വാക്യത്തിൽ ശ്രദ്ധേയമായ ഒരുകാര്യം കാണാം: വാക്യത്തിൻ്റെ ആദ്യഭാഗങ്ങളിൽ, പുത്രനെ രണ്ടുപ്രാവശ്യം എഴുത്തുകാരൻ പ്രഥമപുരുഷനിൽ പ്രതിപാദിച്ചിട്ടുണ്ട്. ➟എന്നാൽ പുത്രനു് സർവ്വനാമം ഉപയോഗിക്കാതിരിക്കാൻ ആദ്യഭാഗത്ത്, “ദൈവപുത്രൻ” എന്ന സ്ഥാനനാമവും (𝐓𝐢𝐭𝐥𝐞), രണ്ടാംഭാഗത്ത്, “യേശുക്രിസ്തു” എന്ന സംജ്ഞാനാമവും (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧) ആണ് ഉപയോഗിച്ചിരിക്കുന്നത്. ➟അതായത്, ❝പിതാവിനെയും പുത്രനെയും പ്രഥമപുരുഷനിൽ പരാമർശിക്കുന്ന യോഹന്നാൻ, പുത്രനു് പ്രഥമപുരുഷ സർവ്വനാമം ഉപയോഗിക്കിതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്, പിതാവാണ് സത്യദൈവം എന്ന് ❝അവൻ❞ എന്ന സർവ്വനാമത്താൽ സ്ഫടികസ്ഫുടം വ്യക്തമാക്കിയിരിക്കയാണ്.❞
❺ വചനപരമായും അനേകം തെളിവുകളുണ്ട്. ➟എന്നാൽ ഭാഷാപരമായും വചനപരമായുമുള്ള ഒരു കിടുക്കാച്ചി തെളിവുമാത്രം ഇവിടെമകാണിക്കാം: ❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പിതാവ് സത്യദൈവം ആണെന്നല്ല യേശുക്രിസ്തു പറയുന്നത്; ❝പിതാവ് മാത്രം സത്യദൈവം❞ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ആണെന്നാണ് അവൻ പറഞ്ഞത്. ➟ഇത് പറഞ്ഞത് വായിൽ വഞ്ചനയില്ലാത്ത യേശുക്രിസ്തുവാണ്. ➟എന്നാൽ ❝പിതാവ് മാത്രമാണ് സത്യദൈവം❞ (πατήρ ὁ μόνος ἀληθινός θεός – patēr ho mónos alēthinós theós) എന്ന് യേശുക്രിസ്തുവല്ല; നാശയോഗ്യനായ യൂദായാണ് പറഞ്ഞതെങ്കിലും, പിന്നെ പിതാവല്ലാതെ മറ്റൊരു സത്യദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല: (ആവ, 4:39). ➟അതാണ് ഭാഷയുടെ നിയമം. ➟❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന യേശുവിൻ്റെ വാക്കുകൾ തൻ്റെ സുവിശേഷത്തിൽ എഴുതിവെച്ചിരിക്കുന്ന യോഹന്നാൻ, അതിനു വിരുദ്ധമായി തൻ്റെ ലേഖനത്തിൽ പുത്രൻ സത്യദൈവമാണെന്ന് എഴുതിവെക്കുമോ❓ ➟സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്ന ദൈവപുത്രനായ യേശുക്രിസ്തുവിനെയും അവൻ്റെ പ്രിയശിഷ്യനായ യോഹന്നാനെയും കള്ളനാക്കാനാണ് ഈ ലോകത്തിൻ്റെ ദൈവം പലരിലൂടെയും ശ്രമിക്കുന്നത്. ➟വചനപരമായും പുത്രനല്ല; പിതാവു് മാത്രമാണ് സത്യദൈവം എന്നതിന് അനേകം തെളിവുകളുണ്ട്. [കാണുക: സത്യദൈവവും നിത്യജീവനും ആരാണ്?]. ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ അവൻ്റെ പൂർവ്വാസ്തിത്വം എന്താണ്❓ എന്നൊന്നും അറിയാത്തവരാണ് ദൈവത്തിൻ്റെ ക്രിസ്തുവിനെയും സത്യദൈവമാക്കി ബഹുദൈവത്തിൽ വിശ്വസിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും]
2 thoughts on “പരമാർത്ഥജ്ഞാനം 9”