ക്രിസ്തു വീരനാം ദൈവമാണോ❓

☛ ❝നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.❞ (യെശ, 9:6). ➟ഇവിടെപ്പറയുന്ന ശിശു/മകൻ യേശുക്രിസ്തു ആണെന്നും അവൻ വീരനാം ദൈവവും നിത്യപിതാവും ആണെന്നും അനേകരും വിചാരിക്കുന്നു. ➟എന്നാൽ പ്രവചനം യേശുക്രിസ്തുവിനെക്കുറിച്ചല്ല; യിസ്രായേലിലെ ശ്രേഷ്ഠനായ ഒരു രാജാവിനെക്കുറിച്ചാണ്. ➟യേശുവിനെക്കുറിച്ചല്ല എന്നതിൻ്റെ ചില തെളിവുകൾ തരാം: 
പുതിയനിയമത്തിൽ തെളിവില്ല:
➦ പുതിയനിയമത്തിൽ യെശയ്യാ പ്രവചനത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ➟യെശയ്യാവിൻ്റെ നൂറിലേറെ ഉദ്ധരണികൾ പൂർണ്ണമായിട്ടോ, ഭാഗീകമായിട്ടോ പുതിയനിയമത്തിൽ കാണാം. ➟അതിൽ, യെശയ്യാവ് പറഞ്ഞു; യെശയ്യാപ്രവചനത്തിൽ എഴുതിയിരിക്കുന്നു എന്നിങ്ങനെ പറഞ്ഞിരിക്കുന്ന 𝟮𝟭 ഉദ്ധരണികളുണ്ട്. ➟ഉദാ: (മത്താ, 3:3⁃⁃യെശ, 40:3;മത്താ, 8:17⁃⁃യെശ, 53:4;മത്താ, 12:17-21⁃⁃യെശ, 42:1-4). ➟എന്നിട്ടും ഈ പ്രവചനം മാത്രം പുതിയനിയമത്തിൽ അപ്പൊസ്തലന്മാരോ, എഴുത്തുകാരോ ആരും ഉദ്ധരിച്ചിട്ടില്ല. ➟പരിശുദ്ധാത്മാവിനാൽ പുസ്തകം എഴുതിയവർ എടുക്കാതെ തള്ളിക്കളഞ്ഞ ഒരു പ്രവചനം ക്രിസ്തുവിൽ എങ്ങനെ ആരോപിക്കാൻ കഴിയും❓
പ്രാവചനികനാമം:
➦ ജനിക്കുന്ന ശിശു അത്ഭുതമന്ത്രിയും വീരനാംദൈവവും നിത്യപിതാവും സമാധനപ്രഭുവും ആയിരിക്കുമെന്നല്ല; അങ്ങനെ പേർ വിളിക്കപ്പെടും എന്നാണ്. ➟അതായത്, യെശയ്യാവ് പറയുന്ന നാല് നാമം (𝐍𝐚𝐦𝐞) ജനിച്ച ശിശുവിൻ്റെ അസ്തിത്വമോ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പ്രകൃതിയോ (𝐍𝐚𝐭𝐮𝐫𝐞), സംജ്ഞാനാമമോ (𝐏𝐫𝐨𝐩𝐞𝐫 𝐍𝐨𝐮𝐧), പദവിയോ (𝐓𝐢𝐭𝐥𝐞) അല്ല; ജനിച്ച ശിശുവിനെക്കുറിച്ചുള്ള  പ്രാവചനികനാമം (𝐏𝐫𝐨𝐩𝐡𝐞𝐭𝐢𝐜 𝐍𝐚𝐦𝐞) ആണ്. ➟ഒരുത്തനെ ❛വീരനാം ദൈവം❜ എന്ന് പേർ വിളിച്ചാൽ അവൻ ദൈവം ആകില്ല. ➟പേരും പ്രകൃതിയും വ്യത്യസ്തമാണ്. ➟യെശയ്യാവ് പറയുന്ന ജനിക്കുന്ന മകൻ യഥാർത്ഥത്തിൽ ❛വീരനാം ദൈവം❜ (സത്യദൈവം) ആയിരുന്നെങ്കിൽ, ❛വീരനാം ദൈവം എന്ന് പേർ വിളിക്കും❜ എന്ന് ഒരിക്കലും പറയില്ല; ❛വീരനാം ദൈവം ആയിരിക്കും❜ എന്നേ പറയുമായിരുന്നുള്ളൂ. ➟സത്യദൈവത്തെ സംബന്ധിച്ച് ❛ദൈവം❜ എന്നത് പേരോ, പദവിയോ, പ്രാവചനിക നാമമോ അല്ല; പ്രകൃതിയാണ്. ➟പേരും പദവിയും പ്രകൃതിയും തിരിച്ചറിയാത്തവർക്ക് എന്തുപദേശം വേണമെങ്കിലും പറയാം.
പിതാവിൻ്റെയും പുത്രൻ്റെയും പ്രകൃതി:
➦ പിതാവിൻ്റെ പ്രകൃതി: ➤ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❛ദൈവം❜ (𝐆𝐨𝐝) എന്നത് സകലത്തിൻ്റെയും കാരണഭൂതനായ യഹോവയുടെ മാത്രം ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ❛പിതാവു❜ (𝐅𝐚𝐭𝐡𝐞𝐫) എന്നത് ഏകദൈവമായ യഹോവയുടെ മാത്രം ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്. (യോഹ, 5:44;യോഹ, 17:3;എഫെ, 4:6;1തിമൊ, 2:5). ➟പുത്രൻ്റെ പ്രകൃതി: ➤❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39). ➟❛മനുഷ്യൻ❜ (𝐌𝐚𝐧) എന്നത് യേശുവിൻ്റെ ❛പ്രകൃതിയും❜ (𝐍𝐚𝐭𝐮𝐫𝐞) ❛പുത്രൻ❜ (𝐒𝐨𝐧) എന്നത് ഏകമനുഷ്യനായ യേശുവിൻ്റെ ❛പദവിയും❜ (𝐓𝐢𝐭𝐥𝐞) ആണ്: (റോമ, 5:15). ➤❛മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❜ (യോഹ, 8:40), ➤❛യേശു എന്നു പേരുള്ള മനുഷ്യൻ❜ (യോഹ, 9:11), ➤❛പുരുഷനായ (𝐌𝐚𝐧) നസറായനായ യേശു❜ (പ്രവൃ, 2:23), ➤❛ഏകമനുഷ്യനായ യേശുക്രിസ്തു❜ (റോമ, 5:15), ➤❝രണ്ടാം മനുഷ്യൻ❞ (1കൊരി, 15:47), ➤❛മനുഷ്യനായ ക്രിസ്തുയേശു❜ (1തിമൊ, 2:6) എന്നിവയും നോക്കുക. ➟ യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ➤[കാണുക:മനുഷ്യനായ ക്രിസ്തുയേശു]. 
➦ ❛ദൈവം എന്ന പ്രകൃതി❜ പിതാവിനല്ലാതെ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റാർക്കുമില്ലെന്ന് പൗലൊസ് അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: ➤❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞  (1കൊരി, 8:5-6). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: സ്വർഗ്ഗത്തിലോ ഭൂമിയിലോ (𝐢𝐧 𝐡𝐞𝐚𝐯𝐞𝐧 𝐨𝐫 𝐢𝐧 𝐞𝐚𝐫𝐭𝐡) ദൈവങ്ങൾ (𝐠𝐨𝐝𝐬) എന്ന് വിളിക്കപ്പെടുന്നവർ (𝐭𝐡𝐚𝐭 𝐚𝐫𝐞 𝐜𝐚𝐥𝐥𝐞𝐝) ഉണ്ടെന്നുവരികിലും ➤❛പിതാവായ ഏക ദൈവമേ നമുക്കുള്ളു❜ എന്നാണ് പൗലൊസ് പറയുന്നത്. ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, മറ്റൊരുത്തനും ദൈവമല്ലെന്നാണ് അർത്ഥം. ➟ക്രിസ്തുവും അക്കാര്യം അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്: ➤❝ഏകസത്യദൈവമായ പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). ➟ഈ വേദഭാഗത്ത്, പിതാവ് സത്യദൈവമെന്നല്ല; പിതാവ് മാത്രം സത്യദൈവം (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ആണെന്നാണ് ക്രിസ്തു പഠിപ്പിച്ചത്. ➟പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്തെ യേശു പറഞ്ഞാൽ, അവനും ദൈവമാണെന്നാണോ മനസ്സിലാക്കേണ്ടത്❓ ➤❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ (𝐌𝐚𝐧) എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 8:40). ➟ഈ വാക്യം ശ്രദ്ധിക്കുക: ദൈവത്തിൽനിന്ന് മനുഷ്യനായ തന്നെ യേശു വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആണെങ്കിൽ, ദൈവത്തിൽനിന്ന് തന്നെ വേർതിരിച്ചു പറയുമായിരുന്നോ❓ ➟മേല്പറഞ്ഞ രണ്ടു വാക്യങ്ങളിലൂടെ ഒരേയൊരു സത്യദൈവം പിതാവാണെന്നും (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) താൻ മനുഷ്യനാണെന്നും (𝐌𝐚𝐧) ദൈവപുത്രൻതന്നെ സംശയലേശമന്യേ പഠിപ്പിച്ചിട്ടുണ്ട്. ➤[കാണുക:ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
➦ ബൈബിൾ വെളിപ്പെടുത്തുന്ന പിതാവ് ഏകദൈവവും യേശുക്രിസ്തു നമ്മുടെ ഏകകർത്താവുമാണ്: (1കൊരി, 8:5-6). ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24;പ്രവൃ, 2:23-24;പ്രവൃ, 2:36;പ്രവൃ, 5:31). ➟അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പഠിപ്പിച്ചത്. ➤[കാണുക:കർത്താവ് (kyrios) ദൈവമാണോ?]
പിതാവും നിത്യപിതാവും:
➦ യഥാർത്ഥത്തിൽ യെശയ്യാവ് പറയുന്ന നിത്യപിതാവ് യേശു ആണെങ്കിൽ, യേശുവിൻ്റെ പിതാവും ദൈവവുമായവൻ ആരായി❓ (യോഹ, 20:17). ➟നമുക്ക് ഒരു പിതാവും ഒരു നിത്യപിതാവുണ്ടെന്ന് ആരെങ്കിലും സമ്മതിക്കുമോ❓ ➟ഒരു ഭാഗത്ത് യേശു നിത്യപുത്രനാണെന്ന് പഠിപ്പിക്കുന്നവർ തന്നെയാണ്, അവനെ നിത്യപിതാവും ആക്കുന്നത്. ➟ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെ പിതാവായ ഏകദൈവം യേശുക്രിസ്തുവിൻ്റെയും ദൈവമാണ്: (മത്താ, 27:47;മർക്കൊ, 15:33;യോഹ, 17:3). ➟യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴുവാക്യം ബൈബിളിലുണ്ട്. യോഹന്നാനും അവൻ്റെ ദൈവത്തെക്കുറിച്ച് യോഹന്നാനും പറഞ്ഞിട്ടുണ്ട്: ➤❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31;എഫെ, 1:3;എഫെ, 1:17 ⁃⁃റോമ, 15:5;2കൊരി, 1:3;കൊലൊ, 1:5;1പത്രൊ, 1:3;സ.വേ.പു.CL). ➟പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും (1കൊരി, 8:6;എഫെ, 4:6) യേശുക്രിസ്തു മനുഷ്യനാണെന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (റോമ, 5:15;പ്രവൃ, 2:23;1കൊരി, 15:21;15:47;1തിമൊ, 2:6). ➟അപ്പൊസ്തലന്മാരുടെ ദൈവം ദൈവപുത്രനായ യേശുക്രിസ്തുവല്ല; യേശുക്രിസ്തുവിൻ്റെ ദൈവമാണ്. ➟എന്നാൽ ക്രൈസ്തവസഭയിലെ പലരുടെയും ദൈവം യേശുക്രിസ്തുവാണ്. ➟എന്തൊരു വിരോധാഭാസമാണ്❓ ➤[കാണുക:എൻ്റെ ദൈവം,എൻ്റെ പിതാവ്,പൗലൊസിൻ്റെ ദൈവം,യേശുക്രിസ്തുവിൻ്റെ ദൈവം]
ചരിത്രവും പ്രവചനവും:
➦ ശിശു ⁃⁃ ❛ജനിച്ചിരിക്കുന്നു❜ (is born) എന്ന അർത്ഥത്തിൽ എബ്രായയിൽ ഉപയോഗിച്ചിരിക്കുന്ന ❛yulad❜ എന്ന പദവും മകൻ ⁃⁃ ❛നല്കപ്പെട്ടിരിക്കുന്നു❜ (is given) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛nitan❜ എന്ന പദവും എബ്രായ വ്യാകരണത്തിലെ ❛Perfect (qatal)❜ രൂപമാണ്. ➟അത് സാധാരണയായി ഭൂതകാലത്തെ (past tense) സൂചിപ്പിക്കുന്ന ക്രിയാപദമാണ്. ➟ഒരു പ്രവൃത്തി പൂർത്തിയായി (completed action) അഥവാ, അത് മുഴുവനായി നടന്നു കഴിഞ്ഞു എന്ന ആശയമാണ് അതിനുള്ളത്.
➦ അടുത്ത രണ്ട് ഭാഗത്തുമുള്ള, ആധിപത്യം തോളിൽ ⁃⁃ ❛ഇരിക്കും❜ (shall be) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛wattehi❜ എന്ന പദവും പേർ ⁃⁃ ❛വിളിക്കപ്പെടും❜ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛wayyiqra❜ എന്ന പദവും ❛Sequential imperfect❜ രൂപമാണ്. ➟അത് പ്രവർത്തി അപൂർണ്ണമോ, തുടർച്ചയായി നടക്കുന്നതോ, അല്ലെങ്കിൽ ഭാവികാലത്തോ ആണെന്ന് കാണിക്കുന്നു (incomplete, ongoing, or future action). ➟❛ശിശു ജിനിച്ചിരിക്കുന്നു, മകൻ നല്കപ്പെട്ടിരിക്കുന്നു❜ എന്ന ആദ്യഭാഗത്തെ പ്രയോഗങ്ങൾ ഭൂതകാലത്തിൽ (Perfect, Completed Action) ആകയാൽ, അടുത്ത രണ്ടു ഭാഗവും അതിൻ്റെ തുടർച്ചയെന്നവണ്ണം വർത്തമാന കാലത്തിലോ, ആസന്ന ഭാവിയിലോ നടക്കുന്നതാണെന്ന് സൂചിപ്പിക്കുന്നു. ➟അതായത്, ആദ്യഭാഗം ചരിത്രവും അടുത്ത രണ്ടുഭാഗം ആസന്നഭാവിയിൽത്തന്നെ നടക്കേണ്ട പ്രവചനവുമാണ്. ➟അല്ലാതെ, എഴുന്നൂറ് വർഷംകഴിഞ്ഞ് നടക്കേണ്ട ഒരു കാര്യമല്ല.
ശിശുവല്ല; ഒരു ബാലകനാണ്:
➦ പ്രവചനം മൂന്നുകാലത്തിലും പറയാം; എന്നാൽ അതിൻ്റെ ആദ്യഭാഗം ചരിത്രമാണെന്നതിൻ്റെ തെളിവ് ആ ഭാഗത്തുതന്നെയുണ്ട്. ➟യെശയ്യാവിൻ്റെ പ്രവചചനം ഒരു ശിശുവിനെക്കുറിച്ചല്ല; അന്ന് ജനിച്ചകഴിഞ്ഞ ഒരു ബാലകനെക്കുറിച്ചാണ്. ➟സത്യവേദപുസ്തകത്തിൽ, ❛ശിശു, മകൻ❜ എന്നിങ്ങനെ പരിഭാഷ ചെയ്തിക്കുന്നത് ❛yeleḏ, ബെൻ❜ (bēn) എന്നീ എബ്രായ പദങ്ങളാണ്. ➟അതിൽ, ❛ശിശു❜ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന, ❛yeleḏ❜ എന്ന പദത്തിനു് യുവാവ് (young man ⁃⁃ ഉല്പ, 4:23), മകൻ (child ⁃⁃ ഉല്പ, 21:8), കുട്ടി (child ⁃⁃ ഉല്പ, 21:14), ബാലൻ (child ⁃⁃ ഉല്പ, 37:30) എന്നർത്ഥമാണ് മറ്റു ഭാഗങ്ങളിൽ കാണുന്നത്. ➟യാക്കോബിൻ്റെ പതിനൊന്ന് മക്കളെ കുറിക്കാനും (ഉല്പ, 32:22), പതിനേഴ് വയസ്സുള്ളവനായ യോസേഫിനെ കുറിക്കാനും yeleḏ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്: (ഉല്പ, 37:30). ➟മകൻ എന്ന് പരിഭാഷ ചെയ്തിരിക്കുന്ന ❛bēn❜ എന്ന പദത്തിനു് മകൻ (son) എന്ന അർത്ഥമാണുള്ളത്: (ഉല്പ, 4:17; 11:31; 14:12). ➟തേരഹിൻ്റെ മകനായ അബ്രാഹാമിനെ കുറിക്കാനും അവൻ്റെ സഹോദരൻ്റെ മകൻ ലോത്തിനെ കുറിക്കാനും ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟രണ്ട് പദങ്ങൾക്കും ശിശു എന്ന ഖണ്ഡിതമായ അർത്ഥമല്ല; മകൻ എന്ന സാധാരണ അർത്ഥമാണ് ഉള്ളത്. ➟❛കുഞ്ഞ്, ശിശു❜ എന്നീ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ❛ഓലേൽ❜ (ôlēl) ആണ്. ➟കുട്ടി (infant ⁃⁃ 1ശമൂ, 15:3), പൈതൽ (Child ⁃⁃ യിരെ, 44:7) എന്നീ അർത്ഥമാണുള്ളത്. ➟അതിനാൽ പ്രസ്തുത വാക്യത്തിൻ്റെ ആദ്യഭാഗമായ, ➤❛നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു❜ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്, വിദൂരഭാവിയിൽ ജനിക്കുവാനുള്ള ഒരു ശിശുവിനെക്കുറിച്ചല്ല; അന്ന് ജനിച്ചുകഴിഞ്ഞ ബാലകനെക്കുറിച്ചാണെന്ന് മനസ്സിലാക്കാം. 
➦ എബ്രായയിലെ തനാഖിൻ്റെയും മസോറെറ്റിക് ടെക്സ്റ്റിലും എല്ലാ ഭാഗവും ഭൂതകാലത്തിലാണ് (past tense) പറഞ്ഞിരിക്കുന്നത്: ➤[കാണുക: Tanakh, Masoretic Text]. ➟പ്രവചനത്തിൻ്റെ ഒരു ഭാഗവും വിദൂരഭാവിയിലേക്കുള്ളത് അല്ലാത്തതുകൊണ്ടാണ് അവർ എല്ലാ ഭാഗവും ഭൂതകാലത്തിൽ പരിഭാഷ ചെയ്തിരിക്കുന്നത്.
സെപ്റ്റ്വജിൻ്റിലെ തെളിവ്:
➦ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റെ ബൈബിളിൽ എബ്രായ ബൈബിളിൽ കാണുന്ന ❛അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു❜ എന്നീ നാലുനാമം കാണാൻ കഴിയില്ല; പകരം ➤❛ΜΕΓΑΛΗC ΒΟΥΛΗC ΑΓΓΕΛΟC❜ (Megalis Voulis Angelos ⁃⁃ മഹാ ഉപദേശത്തിന്റെ ദൂതൻ) എന്ന ഒരു നാമം മാത്രമാണ് ഉള്ളത്. [കാണുക: Codex Vaticanus, Roman Sixtine Septuagint (1587), Septuagint 1879 Pdf,Brenton Septuagint]
➦  പഴയനിയമത്തിന്റെ ആദ്യത്തെ ആധികാരിക ഗ്രീക്ക് പരിഭാഷയാണ് ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ അലക്സാണ്ട്രിയയിൽ വെച്ച് 𝟕𝟐 എബ്രായ പണ്ഡിതന്മാരാൽ തയ്യാറാക്കപ്പെട്ടതാണ് ❛സെപ്റ്റ്വജിന്റ്❜ (𝐒𝐞𝐩𝐭𝐮𝐚𝐠𝐢𝐧𝐭) പരിഭാഷ. ➟𝐋𝐗𝐗 എന്നും അറിയപ്പെടുന്ന സെപ്റ്റ്വജിന്റിനു് ചില പ്രത്യേകതകളുണ്ട്:
𝟭. എബ്രായ ബൈബിളിൽനിന്ന് എബ്രായ പണ്ഡിതന്മാഓതന്നെ വിവർത്തനം ചെയ്ത ആദ്യത്തെ ആധികാരിക പരിഭാഷയാണ്.
𝟮. യേശുവിൻ്റെ കാലത്ത് വളരെ പ്രചാരത്തിലിരുന്നതും യേശുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതുമായ ബൈബിളാണ്. 
𝟯. സെപ്റ്റ്വജിന്റിൽനിന്നാണ് പുതിയ നിയമത്തിലെ സിംഹഭാഗം പഴയനിയമ ഉദ്ധരണികളും എടുത്തിരിക്കുന്നത്.
𝟰. എബ്രായ ഭാഷ അറിയാത്ത യെഹൂദന്മാരും ആദ്യകാല ക്രൈസ്തവരും സെപ്റ്റ്വജിൻ്റ് ബൈബിളാണ് ഉപയോഗിച്ചിരുന്നത്.
𝟱. ആദ്യകാല വിശ്വാസികൾ സെപ്റ്റുവജിന്റിനെ പരിശുദ്ധാത്മാവിനാൽ പ്രചോദിപ്പിക്കപ്പെട്ട വിവർത്തനം ആയാണ് കണ്ടിരുന്നത്. ➟അതിൽ ചിന്തനീയമായ ചില കാര്യങ്ങളുണ്ട്: 
☛ യെശയ്യാവ് 𝟗:𝟔 യഥാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, സെപ്റ്റ്വജിൻ്റ് ബൈബിൾ പരിഭാഷചെയ്ത എബ്രായപണ്ഡിതന്മാർ അവരുടെ മശീഹയെക്കുറിച്ചുള്ള ❛നാലുനാമം❜ കളഞ്ഞിട്ട് ❛മഹത്തായ ആലോചനയുടെ ദൂതൻ❜ (𝐀𝐧𝐠𝐞𝐥 𝐨𝐟 𝐆𝐫𝐞𝐚𝐭 𝐂𝐨𝐮𝐧𝐬𝐞𝐥) എന്ന പുതിയൊരു നാമം ചേർക്കുമായിരുന്നോ❓ 
☛ ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ: (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). ➟അവരുടെ ❛മശീഹ❜ ദൈവമാണെങ്കിൽ, ആ വാക്യം മശീഹയെക്കുറിച്ച് ആയിരുന്നെങ്കിൽ ❛വീരനാം ദൈവം❜ എന്ന നാമം അവർ മാറ്റിക്കളയുമായിരുന്നോ❓ ➟മശീഹയും ദൈവമായിരുങ്കിൽ, സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവ ഒരുത്തൻ മാത്രമാണ് ദൈവം എന്നവർ വിശ്വസിക്കുമായിരുന്നോ❓ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➟യെഹൂദന്മാർ മശീഹയിൽ വിശ്വസിക്കാത്തവരല്ല; അവരിൽ ചിലർ യേശു എന്നു പേരുള്ള മശീഹയിൽ വിശ്വസിക്കുന്നില്ല എന്നേയുള്ളു. ➟തന്നെയുമല്ല, യേശു ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്കുമുമ്പെ പരിഭാഷ ചെയ്യപ്പെട്ടതാണ് സെപ്റ്റ്വജിൻ്റ്. [കാണുക: യെഹൂദന്നു എന്തു വിശേഷത?, യെഹൂദന്മാർ ക്രിസ്തുവിൽ വിശ്വസിക്കാത്തവരോ?]
☛ ആ പ്രവചനം യഥാർത്ഥത്തിൽ മശീഹയെക്കുറിച്ച് ആയിരുന്നെങ്കിൽ, ആ നാമം നീക്കികളഞ്ഞ ബൈബിൾ യേശുവും അപ്പൊസ്തലന്മാരും ഉപയോഗിക്കുമായിരുന്നോ❓ 
☛ പ്രവചനം യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, അത് നീക്കിക്കളഞ്ഞ സെപ്റ്റ്വജിൻ്റിൽനിന്ന് പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുക്കുമായിരുന്നോ❓ 
☛ പ്രവചനം യഥാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, പുതിയനിയമ എഴുത്തുകാരും എബ്രായരുമായ മത്തായി, മർക്കൊസ്, യോഹന്നാൻ, പൗലൊസ്, യാക്കോബ്, പത്രൊസ്, യൂദാ മുതലയവർ എബ്രായ ബൈബിളിൽനിന്ന് ആ വാക്യം പുതിയനിയമത്തിൽ ഉദ്ധരിക്കാഞ്ഞത് എന്താണ്❓ 
☛ യെശയ്യാവ് 𝟕:𝟏𝟒 യേശുവിൻ്റെ ജനനത്തോടു ബന്ധിപ്പിച്ച മത്തായി (𝟏:𝟐𝟐-𝟐𝟑). യേശയ്യാവ് 𝟗:𝟔 എന്തുകൊണ്ട് തള്ളിക്കളഞ്ഞു❓ 
☛ സെപ്റ്റ്വജിൻ്റിലെ വാക്യത്തിൻ്റെ അവസാനഭാഗത്ത്, ➤❛ഞാൻ പ്രഭുക്കന്മാർക്ക് സമാധാനവും അവന്നു ആരോഗ്യവും വരുത്തും.❜ എന്നാണ് പറയുന്നത്. ➟അതായത്, യെശയ്യാവ് 𝟗:𝟔-ൽ പറയുന്നത് ആരെക്കുറിച്ചാണോ, അവൻ്റെ പ്രഭുക്കന്മാർക്ക് സമാധാനവും അവനു് (വീരനാം ദൈവം) ആരോഗ്യവും വരുത്തുമെന്നാണ് പറയുന്നത്. ➟വീരനാം ദൈവം സത്യദൈവം ആയിരുന്നെങ്കിൽ, അവൻ ആരോഗ്യം ഇല്ലാത്ത ബലഹീനനായ ദൈവമായിരിക്കുമോ❓➟അതൊരു സത്യദൈവം അല്ലാത്തതുകൊണ്ടാണ് ഇതൊക്കെ പറയുന്നതെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ❓
4–5 നൂറ്റാണ്ടിലെ കയ്യെഴുത്തുപ്രതികളിലെ തെളിവ്:
➦ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതിയാണ് Codex Vaticanus (A.D. 300–50) Codex Sinaiticus (330-360), Codex Alexandrinus (400-440). ➟മൂന്നിൻ്റെയും പഴയനിയമം എബ്രായ ബൈബിളല്ല; ഗ്രീക്ക് സെപ്റ്റ്വജിൻ്റാണ്. ➟അതിൽ ആദ്യത്തെ രണ്ടു കയ്യെത്തുപ്രതിയായ കോഡെക്സ് വത്തിക്കാനസിലും കോഡെക്സ് സിനായ്റ്റിക്കസിലും എബ്രായ ബൈബിളിലുള്ള നാലുനാമം കാണാൻ കഴിയില്ല; പകരം ➤❛മഹാ ഉപദേശത്തിന്റെ ദൂതൻ❜ (𝐀𝐧𝐠𝐞𝐥 𝐨𝐟 𝐆𝐫𝐞𝐚𝐭 𝐂𝐨𝐮𝐧𝐬𝐞𝐥) എന്ന ഒരു നാമം മാത്രമാണ് ഉള്ളത്. ➤[കാണുക: Manuscripts]. ➟എന്നാൽ മൂന്നാമത്തെ കയ്യെഴുത്തുപ്രതിയായ കോഡെക്സ് അലക്സാണ്ട്രിനസിൽ ➤❛മഹാ ഉപദേശത്തിന്റെ ദൂതൻ❜ എന്ന സെപ്റ്റ്വജിൻ്റ് നാമത്തോടൊപ്പം എബ്രായ ബൈബിളിലെ നാല് നാമംകൂടി ചേർത്തിട്ടുണ്ട്. ➟എന്നാൽ അതിൽ ➤❛വീരനാം ദൈവം❜ എന്നല്ല; ➤❛വീരനാം ഭരണാധികാരി❜ എന്നാണ്. ➤[കാണുക: Codex Alexandrinus].➟❛വീരനാം ദൈവം❜ സത്യദൈവം ആയിരുന്നെങ്കിൽ, ❛ദൈവം❜ എന്ന പദം ഒഴിവാക്കുമായിരുന്നോ❓ ➟ആദ്യകാല വിശ്വാസികൾ അത് യേശുവിനെക്കുറിച്ചുള്ള പ്രവചനമല്ലെന്ന് മനസ്സിലാക്കിയിരുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണത്. ➟കോഡെക്സ് വത്തിക്കാനസിലുള്ള അഞ്ച് നാമവും താഴെക്കാണാം:
𝟭. ΜΕΓΑΛΗΣ ΒΟΥΛΗΣ ΑΓΓΕΛΟΣ
➤ Μεγάλης Βουλῆς Ἄγγελος
➤ Megalis Voulis Angelos
➤ Messenger of Great Counsel
➤ മഹാ ഉപദേശത്തിന്റെ ദൂതൻ
𝟮. ΘΑΥΜΑCTOC CYMBOYΛOC 
➤ Θαυμαστὸς Σύμβουλος
➤ Thavmastos Symvoulos
➤ Wonderful Counselor
➤ അത്ഭുത മന്ത്രി 
𝟯. ICXYPOC EΞOYCIACTHC 
➤ Ἰσχυρὸς Ἐξουσιαστής
➤ Ischyros Exousiastis
➤ Mighty Potentate
➤ വീരനാം ഭരണാധികാരി
𝟰. APXΩN EIRHNHC
➤ Ἄρχων Εἰρήνης
➤ Archon Eirinis
➤ Prince of Peace
➤ സമാധാന പ്രഭു
𝟱. ΠATHR TOY MEΛΛONTOC AIΩNOC
➤ Πατὴρ τοῦ μέλλοντος αἰῶνος
➤ Patir tou mellontos aionos
➤ Father of the Age to Come
➤ ഭാവി യുഗത്തിന്റെ പിതാവ്
ഭാഷാപരമായ തെളിവ്:
➦ യെശയ്യാവിൽ പറയുന്ന ❛അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു❜ എന്നീ നാലു നാമം യഥാർത്ഥത്തിൽ പ്രാവചനിക നാമമാണ്. ➟പ്രത്യുത, അതിലെ ❛വീരനാം ദൈവം❜ എന്നത് സത്യദൈവം ആയിരുന്നെങ്കിൽ, ബാക്കി മൂന്നും ആ വീരനാം ദൈവത്തിൻ്റെ പദവികളായി മാറും. ➟അതായത്, ❛ദൈവം❜ (God) എന്നത് ശിശുവിൻ്റെ പ്രകൃതിയും (Nature) ❛അത്ഭുതമന്ത്രി, നിത്യപിതാവു, സമാധാന പ്രഭു❜ എന്നിവ അവൻ്റെ പദവികളും (Titles) ആയി മാറും. ➟അങ്ങനെവന്നാൽ, ഭാഷാപരമായും പല പ്രശ്നങ്ങളുണ്ട്. 
𝟭. ഒരുത്തൻ്റെ പ്രകൃതിയെ ഒരിക്കലും ❛നാമം❜ എന്ന് പറയാൻ കഴിയില്ല. 
𝟮. ഒരുത്തൻ്റെ മൂന്ന് പദവികളും പ്രകൃതിയും ചേർത്തും ❛നാമം❜ എന്ന് പറയാൻ കഴിയില്ല. 
𝟯. ദൈവം ആദ്യനും അന്ത്യനും അനാദിയായും ശാശ്വതമായും ഉള്ളവനാണ്: (സങ്കീ, 90:2; യെശ, 44:6). ➟അവൻ എങ്ങനെ ജനിക്കും❓ ആരംഭവും അവസാനവും ഇല്ലാത്ത ദൈവം (സത്യദൈവം ആണെങ്കിൽ) ഒരു ശിശുവായി ജനിച്ചുവെന്ന് പറഞ്ഞാൽ, അത് യുക്തിക്കും ബുദ്ധിക്കും നിരക്കുന്നതാണോ❓ (സങ്കീ, 90:2). 
𝟰. പ്രവചനം തന്നെക്കുറിച്ചാണെന്ന് യേശുവിനുപോലും അറിയില്ലായിരുന്നു. ➟❛ഒരേയൊരു സത്യദൈവം പിതാവാണെന്നും❜ (𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝) ❛താൻ മനുഷ്യൻ❜ (𝐌𝐚𝐧) ആണെന്നുമാണ് യേശു പഠിപ്പിച്ചത്: (യോഹ, 17:3; യോഹ, 5:44; യോഹ, 5:44 ⁃⁃ യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ➟യെശയ്യാവിൽ പറയുന്ന ❛വീരനാം ദൈവ❜ താനായിരുന്നെങ്കിൽ, പിതാവു് മാത്രമാണ് സത്യദൈവം എന്ന് പുത്രൻ പറയുമായിരുന്നോ❓ 
𝟱. പ്രവചനം ക്രിസ്തുവിനെക്കുറിച്ച് ആണെണ് അപ്പൊസ്തലന്മാർക്കും അറിയില്ലായാരുന്നു. ➟❛പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും❜ (𝐭𝐨 𝐮𝐬 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) ദൈവം ഒരുത്തൻ മാത്രം❜ (𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝) എന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (1കൊരി, 8:5-6; എഫെ, 4:6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാർ പറയുമായിരുന്നോ❓
വചനപരമായ തെളിവ്:
➦ വചനപരമായി ഏറ്റവും ശക്തമായ ഒരു തെളിവ് പ്രസ്തുത വേദഭാഗത്തുണ്ട്. ➟ആറാം വാക്യത്തിൻ്റെ തുടർച്ചയാണ് ഏഴാം വാക്യം: ➤❝അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.❞ (യെശ, 9:7). ➟ഏഴാം വാക്യം തുടങ്ങുന്നത് ഇപ്രകാരമാണ്: ➤❛അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.❜ ➟ആരുടെ ആധിപത്യത്തിനു് അവസാനം ഉണ്ടാകയില്ല❓ ➟ജനിച്ച ശിശു/മകൻ്റെ ആധിപത്യത്തിനു് അവസാനം ഉണ്ടാകയില്ല. ➟അടുത്തഭാഗം: ➤❛ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും.❜ ➟അപ്പോൾ, ജനിച്ച ശിശു ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കുന്ന ഒരു രാജാവാണെന്ന് വ്യക്തം. ➟അവസാനഭാഗം വളരെ ശ്രദ്ധിക്കുക: ➤❛സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.❜ ➟വീരനാം ദൈവമായ ശിശുവിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം തീക്ഷ്ണതയോടെ നിവൃത്തിക്കുന്നത് അവൻ തന്നെത്താനല്ല; സൈന്യങ്ങളുടെ യഹോവയായ ദൈവമാണ്. 
ഇവിടെ ചില കാര്യങ്ങൾ കാണാം:
𝟭. വീരനാം ദൈവത്തെയും സൈന്യങ്ങളുടെ യഹോവയെയും വ്യക്തമായ വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. ➟രണ്ട് ദൈവം എന്നത് യുക്തിക്കും ബുദ്ധിക്കും വചനത്തിനും നിരക്കാത്ത കാര്യമാണ്. 
𝟮. പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: ➤❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 ⁃⁃ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). ➤❝ആകാശത്തിലോ (Heaven) ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.❞ (1കൊരി, 8:5-6 ⁃⁃ റോമ, 16:26, എഫെ, 4:6; 1തിമൊ, 1:17; യൂദാ, 1:24). ➟ക്രിസ്തുവും അക്കാര്യം അസന്ദിഗ്ദ്ധമായി പഠിപ്പിച്ചിട്ടുണ്ട്. (മർക്കൊ, 12:29; യോഹ, 5:44; യോഹ, 17:3). ➟തന്മൂലം, ❛വീരനാം ദൈവം❜ എന്ന നാമം വിശേഷിപ്പിക്കപ്പെട്ടവൻ സത്യദൈവമല്ല; ഒരു മനുഷ്യരാജാവാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 
𝟯. ആറാം വാക്യത്തിൽപ്പറയുന്ന ❛വീരനാം ദൈവം❜ സത്യദൈവം ആണെങ്കിൽ, അവൻ്റെ സിംഹാസനവും രാജത്വവും ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്താൻ യഹോവയുടെ തീക്ഷ്തയുടെ ആവശ്യമെന്താണ്❓ വീരനാം ദൈവം സത്യദൈവം ആണെങ്കിൽ അവൻ്റെ രാജത്വം നിലനിർത്താൻ അവനു് സ്വയമായി കഴിയില്ലേ❓ വീരനാം ദൈവവും യഹോവയും എന്ന രണ്ടു സത്യദൈവം ഉണ്ടാകുക സാദ്ധ്യമോ❓ ➟അതിനാൽ അവിടെപ്പറയുന്ന ❛വീരനാം ദൈവം❜ സത്യദൈവം ആല്ലെന്നും യേശുക്രിസ്തുവിനെക്കുറിച്ചല്ലെന്നും ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. 
യെശയ്യാവ് 9:6-ൻ്റെ യഥാർത്ഥ വിഷയം ഇതാണ്: 
➤ ❝യെഹൂദൻ്റെ നിത്യരാജ്യം (സഹസ്രാബ്ദ രാജ്യം) ഭരിക്കാനിരിക്കുന്ന യിശ്ശായിവേരായ രാജാവിനെ (യേശു അല്ല) യിസ്രായേലിലെ അതിശ്രേഷ്ഠനായ ഒരു രാജാവിൽ പ്രതീകാത്മകമായി കണ്ടുകൊണ്ടാണ് യെശയ്യാവിൻ്റെ പ്രവചനം. (യെശ, 11:1-5; റോമ, 15:12). ➟അതിൻ്റെ തെളിവാണ് അടുത്തവാക്യം.❞
➦ ബൈബിളിൽ ഒരു തെളിവുമില്ലാത്ത വാക്യമാണ് പലരും യേശുവിൽ ആരോപിക്കുന്നത്. ➟വചനത്തെ ദുർവ്യാഖ്യാനം ചെയ്താൽ, യേശു വീരനാം ദൈവമാകുമോ❓ ➟താൻ ദൈവമല്ല; മനുഷ്യനാണെന്ന് യേശുവും, അവൻ ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും, ഞാൻ ഒരുത്തൻ മാത്രമാണ് ദൈവം; മറ്റൊരുത്തനുമില്ലെന്ന് യഹോവയും, യഹോവ ഒരുത്തൻ മാത്രമാണ് ദൈവം; മറ്റൊരുത്തനുമില്ലെന്ന് പഴയനിയമവും പറയുന്നതും വെറുതെയോ❓ ➟യഹോവയായ ഏകദൈവത്തെയും പഴയനിയമത്തിലെ മശീഹമാരെയും ഭക്തന്മാരെയും മനുഷ്യനായ ക്രിസ്തുയേശുവിനെയും അവൻ്റെ ശിഷ്യന്മാരെയും പണി പഠിപ്പിക്കാൻ നോക്കുന്നവരാണ് പലരും. ➟ബൈബിൾ വെളിപ്പെടുത്തുന്ന ക്രിസ്തു ആരാണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. ➟അതുകൊണ്ടാണ് വല്ലവിധേനയും അവനെ ദൈവമാക്കാൻ നോക്കുന്നത്. ➤[കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവപുത്രനായ ക്രിസ്തു ദൈവമാണോ?]
അവിടെപ്പറയുന്നത് ആരെക്കുറിച്ചാണെന്ന് അറിയാൻ ആഗ്രഹിക്കുന്നവർ: ➤[കാണുക: യെശയ്യാവ് 9:6 ആരെക്കുറിച്ചാണ്?]

Leave a Reply

Your email address will not be published. Required fields are marked *