താഴ്മ

താഴ്മ (humility)

അഹങ്കാരത്തിന്റെയും അക്രമത്തിന്റെയും വിരുദ്ധ കോടിയിൽ നില്ക്കുന്ന ഗുണമാണ് താഴ്മ. മറ്റുള്ളവരെ കീഴമർത്താനുള്ള നൈസർഗ്ഗികമായ വാസനയ്ക്ക് താഴ്മ കടിഞ്ഞാണിടുന്നു. ദൈവിക ഗുണങ്ങളിലൊന്നാണു താഴമ. മനുഷ്യനെ തൃക്കൺപാർക്കാൻ വേണ്ടി അത്യുന്നതനായ ദൈവം ഭൂമിയിലേക്കു കുനിഞ്ഞു നോക്കുന്നു. (സങ്കീ, 113:4-6). ദൈവത്തെ ശരണമാക്കുന്നതിനും ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുന്നതിനും താഴ്മ സഹായിക്കും. (സെഫ, 3:12). ദൈവം താഴ്മയുള്ളവനെ കടാക്ഷിക്കുകയും ഉയർത്തുകയും രക്ഷകൊണ്ടലങ്കരിക്കുകയും ചെയ്യുന്നു. (ഇയ്യോ, 22:9; സങ്കീ, 138:6; 147:6; 149:4). താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുകയാണ് നല്ലത്. (സദൃ, 16:19). താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനം ഉണ്ട്. താഴ്മയുടെ ഫലമാണ് ധനവും മാനവും ജീവനും. (സദൃ, 11:2; 18:12; 22:4).യേശുക്രിസ്തു താഴ്മയും സൗമ്യതയും ഉള്ളവനാണ്. (മത്താ, 11:29). യേശു യെരുശലേമിൽ ജൈത്രപ്രവേശം ചെയ്തതിനെക്കുറിച്ചുള്ള പ്രവചനത്തിൽ തന്നെ താഴ്മ സുചിതമാണ്. “അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനുമായി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.” (സെഖ, 9:9).

ജഡധാരണത്തിൽ ക്രിസ്തു തന്നെത്താൻ താഴ്ത്തി. (ഫിലി, 2:5-8). ഒരു ഭൃത്യൻ്റെ സ്ഥാനത്തുനിന്നുകൊണ്ട് സ്വന്തം ശിഷ്യന്മാരുടെ പാദം കഴുകി. (യോഹ, 13:4,5). ചുങ്കക്കാരുടെയും പാപികളുടെയും ഇടയിൽ വസിക്കുകയും അവരോടൊത്തു ഭക്ഷിക്കുകയും ചെയ്തു. (ലൂക്കൊ, 15:1,2). തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും (ലൂക്കൊ, 14:11) എന്നു യേശു പഠിപ്പിച്ചു. “ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.” (മത്താ, 18:4). ദൈവം താഴ്മയുള്ളവർക്കു കൃപ നല്കുന്നു. “അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ” (1പത്രൊ, 5:6) എന്നു അപ്പൊസ്തലൻ ഉപദേശിക്കുന്നു. ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കാനാണ് ദൈവം മനുഷ്യനോടാവശ്യപ്പെടുന്നത്. (മീഖാ, 6:8).

Leave a Reply

Your email address will not be published. Required fields are marked *