ഡോ. ഹെർമൻ ഗുണ്ടർട്ട്

ഡോ. ഹെർമൻ ഗുണ്ടർട്ട്

കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നു റെവ. ഡോ. ഹെർമൻ ഗുണ്ടർട്ട് (1814 ഫെബ്രുവരി 4-1893 ഏപ്രിൽ 25). ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈ 7-നു ഇന്ത്യയിലെത്തി. മദ്രാസ് പ്രസിഡൻസിയുടെ വിവിധഭാഗങ്ങളിൽ മതപ്രചരണ സംബന്ധമായ ജോലികൾ നടത്തുന്നതിനിടയിൽ 1838 ഒക്ടോബർ 7-ന് ഗുണ്ടർട്ടും ഭാര്യയും തിരുനെൽവേലിയിൽ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയിൽ തമിഴ്ഭാഷയിൽ പ്രസംഗപാടവം നേടിയ ഗുണ്ടർട്ട് അതിവേഗം മലയാളവും പഠിച്ചു.ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥൻമാർ. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂർ ആണ് ഗുരുനാഥൻമാരുടെ ജന്മദേശം. ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. താൻ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരിൽ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസൽ മിഷൻ’ എന്ന അന്തർദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂൾ ഇൻസ്പെക്ടറായും പ്രവർത്തിച്ചു. ഇക്കാലഘട്ടത്തിൽ സ്കൂളുകളിൽ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പുസ്തകങ്ങൾ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരു ആയിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ ശേഖരം സമാഹരിച്ചതും ഇദ്ദേഹമാണ്.

ഇന്ത്യയിൽ: 1814- ൽ ജർമ്മനി വിട്ട അദ്ദേഹം ഇംഗ്ലണ്ട് വഴി ഇന്ത്യയിലെത്തി. ആദ്യം എത്തിയത് മദ്രാസിലാണ്. സ്വിറ്റ്‌സർലാന്റുകാരിയായ ജൂലി ഡുബോയിസിനെ വിവാഹം കഴിച്ചു. ജൂലിയുടെ മാതൃഭാഷ ഫ്രെഞ്ച് ആയിരുന്നു.

അദ്ദേഹത്തിന് പാലിയും സംസ്കൃതവും എഴുതാനും വായിക്കാനും കഴിയുമായിരുന്നു. ഇരുപത്തിമൂന്ന് വർഷത്തോളം അദ്ദേഹം ഇന്ത്യയിൽ താമസിച്ചു. ഇതിൽ ജർമ്മനിയിൽ ചെലവഴിച്ച ഒരു വർഷത്തെ ഇടവേളയുൾപ്പെടെ കേരളത്തിൽ കഴിഞ്ഞത് ഇരുപതു വർഷമാണ്. അതിൽ ഒൻപതു വർഷം അദ്ദേഹം തലശ്ശേരിയിലായിരുന്നു. അദ്ദേഹം 1847-ൽ തുടങ്ങിയ രാജ്യസമാചാരം എന്ന പത്രമാണ് മലയാളത്തിലെ ആദ്യ പത്രം. സുവിശേഷ പ്രവർത്തനത്തിനായി പശ്ചിമോദയം എന്ന പത്രവും തുടങ്ങി.

ഗുണ്ടർട്ടിന്റെ സംഭാവനകൾ: ഒരു സാധാരണ പാതിരിയായി പ്രവർത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തിൽ അവിസ്മരണീയനായത്. 1868-ൽ എഴുതിയ മലയാളം വ്യാകരണം, 1872-ലെ ഗുണ്ടർട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിൿഷണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിൾ വേദപുസ്തകവും മലയാളത്തിലേക്ക് ഗുണ്ടർട്ട് പരിഭാഷപ്പെടുത്തി ഭാഷാ വ്യാകരണത്തിൽ അദ്ദേഹം നടത്തിയ പഠനങ്ങൾ, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതിൽ രാജ്യസമാചാരം മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രവും ആനുകാലികവുമായി വിലയിരുത്തപ്പെടുന്നു. രണ്ടാമത്തെ പ്രസിദ്ധീകരണമായ പശ്ചിമോദയം വിജ്ഞാനസംബന്ധമായ ലേഖനങ്ങളിലായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. തലശേരിയിൽ ഗുണ്ടർട്ടിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പ്രശസ്ത ജർമ്മൻ നോവലെഴുത്തുകാരനും നോബൽ സമ്മാനിതനുമായ ഹെർമ്മൻ ഹെസ്സെ ഗുണ്ടർട്ടിന്റെ ചെറുമകനായിരുന്നു. 1859ൽ രോഗബാധിതനായി ജർമ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രിൽ 25-ന് അദ്ദേഹം അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *