ഗിരിപ്രഭാഷണം

ഗിരിപ്രഭാഷണം

കർത്താവായ യേശുക്രിസ്തുവിന്റെ ദീർഘമായ ആറു പ്രഭാഷണങ്ങൾ മത്തായി സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ പ്രഥമവും ദീർഘതമവുമാണ് ഗിരിപ്രഭാഷണം. (മത്താ, 5-7 അ). മറ്റുപ്രഭാഷണങ്ങൾ: ഒന്ന്; പന്ത്രണ്ട് ശിഷ്യന്മാരുടെ ദൌത്യം. (9:35-11:1). രണ്ട്; സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകൾ. (13:1-52). മൂന്ന്; വിനയം. 18:1-35). നാല്; കപടഭക്തിയുടെ ഭർത്സനം. 23:136). അഞ്ച്; യുഗാന്ത്യം. (24-25 അ). ഗിരിപ്രഭാഷണത്തിനു സമാന്തരമായി ലൂക്കൊസ് സുവിശേഷത്തിൽ 6:20-49-ൽ കാണുന്ന ഭാഗത്തെ പൊതുവെ സമഭൂമിപ്രഭാഷണം എന്നു വിളിക്കുന്നു. സമഭൂമിയിൽവച്ചു സംസാരിച്ചുവെന്ന് ലുക്കോസിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘മല’യും ‘സമഭൂമി’യും ഒരേ സ്ഥലത്തെ വിവക്ഷിക്കുന്നു. 

പശ്ചാത്തലം: യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയുടെ ആദ്യവർഷത്തിലാണ് ഗിരിപ്രഭാഷണം ചെയ്തത്. പന്ത്രണ്ടു ശിഷ്യന്മാരെയും തിരഞ്ഞെടുത്ത ഉടനെ എന്ന് ലൂക്കൊസ് രേഖപ്പെടുത്തുന്നു. ഒരു പ്രതിഷ്ഠാപ്രസംഗത്തിന്റെ ചായ്വ് ഇതിനുണ്ട്. യെഹൂദാപ്രമാണിമാർ തങ്ങളുടെ എതിർപ്പ് പരസ്യമാക്കുന്നതിനു മുമ്പാണു ക്രിസ്തു ഈ സന്ദേശം നല്കിയത്. ഗലീലയിലെ ശുശുഷയുടെ ആദ്യമാസങ്ങളിൽ യേശു അധികവും യെഹൂദമാരുടെ പള്ളികളിൽ പ്രസംഗിക്കുകയായിരുന്നു. എന്നാൽ ഏറെ കഴിയുന്നതിനു മുമ്പ് പുരുഷാരത്തിന്റെ താത്പര്യം ഹേതുവായി ക്രിസ്തു പരസ്യസ്ഥലങ്ങളിൽ പ്രസംഗിച്ചു തുടങ്ങി. ശുശ്രൂഷയുടെ ആരംഭത്തിൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നാണ് യേശു പ്രസംഗിച്ചത്. അനന്തരം ദൈവരാജ്യത്തെക്കുറിച്ച് ക്രിസ്തു വിശദമായ വിവരണം നല്കിത്തുടങ്ങി. യേശുവിൻ്റെ ഗലീലയിലെ ശുശ്രുഷയോടു ബന്ധപ്പെട്ടതാണ് ഗിരിപ്രഭാഷണം. ഉത്തരസമഭൂമിക്കു ചറ്റുമുള്ള മലയുടെ അടിവാരങ്ങളിലൊന്നാണ് പ്രഭാഷണരംഗം. പ്രഭാഷണത്തിനുശേഷം ഉടൻതന്നെ യേശു കഫർന്നഹൂമിൽ എത്തി എന്നു കാണുന്നു. (മത്താ, 8:5). ലത്തീൻ പാരമ്പര്യമനുസരിച്ച് ‘കെരെൻ ഹത്തീം’ എന്ന പേരോടുകൂടിയ ഇരട്ടശൃങ്ഗങ്ങളുളള കുന്നാണ് ഭാഗ്യവചനങ്ങളുടെ മല.

ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനുള്ള യോഗ്യതയല്ല ഗിരിപ്രഭാഷണത്തിലെ പ്രമേയം. ഈ ഗുണങ്ങൾ ഉളളവർക്കു മാത്രമേ ദൈവരാജ്യത്തിൽ പ്രവേശിക്കാനാവൂ എന്ന് തെറ്റിദ്ധാരണയുണ്ട്. പരീശന്മാരുടെയും ശാസ്ത്രിമാരുടെയും നീതിയെ കവിയുന്ന ഒന്നാണ് ഗിരിപ്രഭാഷണത്തിൽ വെളിപ്പെടുത്തുന്നത്. ക്രിസ്തുവും പരിശുദ്ധാത്മാവിന്റെ ഉൾവാസവും കൂടാതെ ഒരു വ്യക്തിക്കും ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ അതിക്രമിക്കുവാൻ കഴിയുകയില്ല. തന്മൂലം ദൈവരാജ്യത്തിൽ പ്രവേശിക്കുവാനുള്ള യോഗ്യതയല്ല പ്രത്യുത, ദൈവരാജ്യത്തിൽ പ്രവേശിച്ചു കഴിഞ്ഞവരുടെ സ്വഭാവചിത്രണമാണ് ഈ പ്രഭാഷണത്തിലുള്ളത്. പശ്ചാത്തലം ഇതു വ്യക്തമാക്കുന്നു; ഈ സന്ദേശം ശിഷ്യന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്. (മത്താ, 5:2, ലൂക്കൊ, 6:20). ഭാഗ്യവചനങ്ങളിൽ ലൂക്കൊസ് നിങ്ങൾ എന്ന് മധ്യമ പുരുഷസർവ്വനാമം ഉപയോഗിക്കുന്നു. ഇതേ പ്രയോഗം മത്തായിയിലും കാണാം. നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു. (5:13-14). 

സംവിധാനം: പ്രാചീനകാലത്ത് ഗിരിപ്രഭാഷണം മുഴുവൻ ഒരു പ്രത്യേക സന്ദർഭത്തിൽ ക്രിസ്തു ചെയ്ത ഏക പ്രഭാഷണമായി കരുതപ്പെട്ടിരുന്നു. മത്തായി സുവിശേഷത്തിലെ സംവിധാനം അതു വ്യക്തമാക്കുന്നു. പുരുഷാരത്തെ കണ്ടപ്പോൾ യേശു മലമേൽ കയറി: ശിഷ്യന്മാർ അടുക്കൽ വന്നു; അപ്പോൾ യേശു അവരോടു ഉപദേശിച്ചു. (മത്താ, 5:2). പ്രഭാഷണം അവസാനിച്ചപ്പോൾ പുരുഷാരം അവൻ്റെ ഉപദേശത്തിൽ വിസ്മയിച്ചു എന്നിങ്ങനെയാണ് ഗിരിപ്രഭാഷണം അവസാനിക്കുന്നത്. (മത്താ, 7:28-29). ഒരടിസ്ഥാനപ്രമേയം ക്രമാനുഗതമായി വികസിപ്പിച്ച് അവതരിപ്പിക്കുന്ന രീതിയാണ് പ്രഭാഷണത്തിന്റെ സംവിധാനം. എന്നാൽ ഇതിനെ കർത്താവിന്റെ ഉപദേശങ്ങളുടെ സമാഹാരമായി കണക്കാക്കുന്നവരുണ്ട്. അതിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കുന്ന വാദമുഖങ്ങൾ ഇവയാണ്. ഒന്ന്; ഒരു പ്രഭാഷണത്തിൽ ഉൾക്കൊള്ളിക്കാവുന്നതിലേറെ കാര്യങ്ങൾ ഇതിൽ ഉണ്ട്. ഇത്രയും ശ്രേഷ്ഠമായ ധാർമ്മികോപദേശങ്ങൾ ഒരുമിച്ചു് ഉൾക്കൊള്ളാൻ കഴിവുള്ള ബുദ്ധിരാക്ഷസന്മാരായിരുന്നില്ല ശിഷ്യന്മാർ. രണ്ട്; ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങൾ, വിവാഹമോചനം, വ്യാകുലത, എന്നിങ്ങനെ വിശാലവും വിഭിന്നവുമാണ് ഇതിലെ വിഷയങ്ങൾ. മൂന്ന്; ചില വിഷയങ്ങൾ പൊടുന്നനെ പരസ്പരബന്ധമില്ലാത്ത മട്ടിൽ പ്രത്യക്ഷപ്പെടുന്നു. ഉദാ: പ്രാർത്ഥനയെക്കുറിച്ചുള്ള പഠിപ്പിക്കൽ. (മത്താ, 6:1-11). നാല്; ഗിരിപ്രഭാഷണത്തിലെ 34 വാക്യങ്ങൾ കുറേക്കൂടെ പൊരുത്തമായ ചുറ്റുപാടുകളിൽ ലൂക്കൊസ് സുവിശേഷത്തിൽ കാണാം. ഒരു ശിഷ്യന്റെ അപേക്ഷയ്ക്ക് ഉത്തരമായിട്ടാണ് ലൂക്കൊസിൽ യേശു പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചത്. (11:1). രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് കർത്താവ് ഇടുക്കു വാതിലിനെക്കുറിച്ചു പറഞ്ഞത്. (ലൂക്കൊ, 13:23-24). മത്തായി സുവിശേഷത്തിലും ലൂക്കൊസ് സുവിശേഷത്തിലും ചേർത്തിട്ടുള്ള പ്രഭാഷണത്തിന്റെ സാമ്യം ഇവ രണ്ടിനും പൊതുവായ മറ്റൊരു സ്രോതസ്സ് ഉണ്ടായിരുന്നുവെന്ന നിഗമനത്തിലേക്ക് നയിക്കുന്നു 

വിഷയാപഗ്രഥനം: ഒന്ന്; രാജ്യത്തിൽ പ്രവേശിക്കുന്നവരുടെ ഭാഗ്യാവസ്ഥ. (5:3-16). എട്ടു വിധത്തിലുള്ള ഭാഗ്യവാന്മാരെക്കുറിച്ചു പറഞ്ഞ ശേഷം ഒടുവിലത്തെ ഭാഗ്യവചനത്തെ വിശദമാക്കുകയും അവിശ്വാസികളുടെ ലോകത്ത് ശിഷ്യന്റെ കർത്തവ്യം വ്യക്തമാക്കുകയും ചെയ്യുന്നു. രണ്ട്; ക്രിസ്തുവിന്റെ ഉപദേശവും ന്യായപ്രമാണവും. (5:17-48). ക്രിസ്തു ന്യായപ്രമാണം നിവർത്തിക്കുന്നു. (5:17). കൊലപാതകവും കോപവും (5:21-26), വ്യഭിചാരവും മോഹവും (5:27-32), സത്യം ചെയ്യൽ (5:33-37), പ്രതികാരം ചെയ്യാതിരിക്കൽ (5:38-42), ശത്രുസ്നേഹം (5:43-48) എന്നിങ്ങനെ അക്ഷരത്തെ അതിക്രമിച്ച് ന്യായപ്രമാണത്തിന്റെ അടിസ്ഥാനതത്വങ്ങൾ വിശദമാക്കുന്നു. ന്യായമാണത്തിന്റെ മാതൃകാപരമായ പൂർത്തീകരണമാണ് ലക്ഷ്യം. മൂന്ന്; പ്രായോഗിക പ്രബോധനങ്ങൾ. (6:7:12). കപടഭക്തിയെ സൂക്ഷിക്കേണ്ടതാണ്: ഭിക്ഷ കൊടുക്കുന്നതിൽ (6:1-4); പ്രാർത്ഥനയിൽ (6:5-15); ഉപവാസത്തിൽ (6:16-18). ദൈവത്തിലാശ്രയിച്ച് വ്യാകുലപ്പെടാതിരിക്കുകയും (6:19-34) സ്നേഹത്തിൽ ജീവിക്കുകയും (7:1-12) ചെയ്യണം. നാല്; സമർപ്പണജീവിതം: (7:13-29). വഴി ഇടുങ്ങിയതാണ് (7:13-14); കളളപ്രവാചകന്മാരെ അവരുടെ ഫലങ്ങളാൽ തിരിച്ചറിയാം (7:15-20). കേട്ടനുസരിക്കുന്നവർക്കുളളതാണ് സ്വർഗ്ഗരാജ്യം. (7:21-27). 

ഗിരിപ്രഭാഷണത്തിലെ ഭാഷണങ്ങളോടു വാച്യമായി സാമ്യമുള്ള വാക്യങ്ങൾ ലേഖനങ്ങളിലുണ്ട്. “നീതിനിമിത്തം കഷ്ടം സഹിക്കേണ്ടിവന്നാലും നിങ്ങൾ ഭാഗ്യവാന്മാർ” (1പതൊ, 3:14) എന്നത് മത്തായി 5:10-ൻ്റെ പ്രതിധ്വനിയാണ്. “ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവൻറ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും; ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ (1പത്രൊ, 4:13-14) എന്ന ഭാഗത്തിന് മത്തായി 5:11-12-നോടുള്ള സാമ്യം വെറും ഉപരിപ്ലവമല്ല. 1പത്രൊസ് 2:12-നും മത്തായി 5:16-നും തമ്മിലുള്ള ബന്ധവും ചിന്താർഹമാണ്. “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗഹിപ്പിൻ” (റോമ,12:14) എന്ന പൌലൊസപ്പൊസ്തലൻ്റെ വാക്കുകൾ മത്തായി 5:44, ലൂക്കൊസ് 6:28 എന്നീ വാക്യങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്. പീഡനത്തിലും കഷ്ടതയിലും ഗിരിപ്രഭാഷണത്തിലെ വാക്യങ്ങൾ ആദിമ ക്രൈസ്തവരെ എത്രത്തോളം ആശ്വസിപ്പിച്ചിരുന്നു എന്നതിനു തെളിവാണിത്. വാചികമായ സാമ്യം കൂടാതെ ആശയസാമ്യമുള്ള ഭാഗങ്ങളും കാണാം. മത്തായി 5:34-37-ന്റെ സംക്ഷിപ്ത രൂപമാണ് യാക്കോബ് 5:12. വ്യാകുലത്തിനെതിരെയുള്ള ഉപദേശത്തിന്റെ (മത്താ, 6:25-34, ലൂക്കൊ, 12:22-31) സാമാന്യീകരണമാണ് ഫിലിപ്പിയർ 4:6. ഗിരിപ്രഭാഷണത്തിൻ്റെ സമാപനഭാഗത്തെ (മത്താ, 7:2-27) സംക്ഷേപിച്ചിരിക്കുകയാണ് യാക്കോബ് 1:22. യാക്കോബ് 5:13-നു മത്തായി 6:19-20-നോടു ശബ്ദ സാമ്യമുണ്ട്. 

ഭാഷണങ്ങളുടെ സ്വരൂപം: ഭാഷണങ്ങളിലധികവും ലളിതമായ വിധികളാണ്. വക്താവിന്റെ അധികാരമാണ് വിധികളുടെ ഗൗരവത്തിനടിസ്ഥാനം. “കുല ചെയ്യരുത് എന്നും ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു സഹോദരനോടു കോപി ക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നില്ക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.” (മത്താ, 5:21-22). ഭാഗ്യവചനങ്ങൾ ചില സങ്കീർത്തന ഭാഷണങ്ങളെ പ്രതിധ്വനിപ്പിക്കുന്നുണ്ട്. (സങ്കീ, 40:4, 112:1-2). ഗിരിപ്രഭാഷണങ്ങളുടെ കാവ്യാത്മകത ശ്രദ്ധേയമാണ്. എബായ കവിതകളുടെ സവിശേഷത ഇതിൽ വ്യക്തമായി നിഴലിക്കുന്നുണ്ട്. കർത്താവിന്റെ കവിതയായി ഗിരിപ്രഭാഷണത്തെ കരുതുന്നവരുമുണ്ട്. മത്തായി 7:7-11 പര്യായസമാന്തരതയ്ക്ക് ഉത്തമോദാഹരണമാണ്. അതിൽ ഒരു ഭാഗം മറ്റൊരു ഭാഗത്തെ ആവർത്തിക്കുകയും ഒരു സമാന്തരഭാഷണം വ്യതിരേക സമാന്തരതയിൽ അവസാനിക്കുകയും ചെയ്യുന്നു. 

യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും. മകൻ അപ്പം ചോദിച്ചാൽ അവനു കല്ലുകൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളു? മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും! 

കർത്താവു പഠിപ്പിച്ച പ്രാർത്ഥന തന്നെ നാലുഗണങ്ങൾ ഉൾക്കൊളളുന്ന മൂന്നുവരി വീതമുള്ള രണ്ടു ശ്ലോകങ്ങളുള്ള ഒരു കവിതയാണ്. സദൃശവാക്യങ്ങൾക്ക് ഒപ്പമാണ് ഗിരിപ്രഭാഷണത്തിലെ പല സൂക്തങ്ങളും. കവിതയ്ക്കു സഹജമായ അതിശയോക്തി പല ഭാഷണങ്ങളിലും കാണാം. വലംകണ്ണു ചൂഴ്ന്നെടുത്തു എറിഞ്ഞുകളക, വലങ്കൈ വെട്ടി എറിഞ്ഞുകളക എന്നിവ ഉദാഹരണങ്ങൾ. 

വ്യാഖ്യാനം: തലമുറകളെ സ്വാധീനിച്ചിട്ടുള്ള ഒന്നാണ് ഗിരിപ്രഭാഷണം. ക്രൈസ്തവരെയും അക്രൈസ്തവരെയും സാർവ്വത്രികമായും സാർവ്വകാലികമായും സ്വാധീനിച്ചിട്ടുളള ഉപദേശങ്ങളാണ് ഗിരിപ്രഭാഷണത്തിലുളളത്. ക്രിസ്തീയജീവിതത്തിന്റെ സമ്പൂർണ്ണ മാതൃകയായിട്ടാണ് ഹിപ്പോയിലെ ബിഷപ്പായിരുന്ന അഗസ്റ്റിൻ ഗിരിപ്രഭാഷണത്തെ കണ്ടത്. സകലരെയും ബാധിക്കുന്ന ഒഴികഴിവില്ലാത്ത ദൈവിക നീതിയുടെ പ്രകാശനമാണ് ഗിരിപ്രഭാഷണം എന്ന് നവീകരണ നായകന്മാർ കരുതി. വിശ്വോത്തര സാഹിത്യകാരനായ ടോൾസ്റ്റോയി ഗിരിപ്രഭാഷണത്തെ അഞ്ചുകല്പനകളിൽ സംക്ഷേപിച്ചു. 1.കോപദമനം, 2.ബ്രഹ്മചര്യം, 3.സത്യം ചെയ്യാതിരിക്കൽ, 4.അക്രമരാഹിത്യം, 5.പരിമിതിയില്ലാത്ത ശത്രുനേഹം. ഈ കല്പനകൾ പാലിക്കുകയാണെങ്കിൽ എല്ലാ ദുഷ്ടതകളും ഒഴിഞ്ഞ് സൗവർണ്ണയുഗം ഭൂമിയിൽ സംജാതമാകും. മഹാപീഡനത്തിനു ശേഷം ഭൂമിയിൽ സ്ഥാപിക്കപ്പെടുന്ന ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയിൽ നിറവേറുന്ന ഒന്നായി യുഗപരവാദികൾ ഗിരിപ്രഭാഷണത്തെ വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാനമനുസരിച്ച് രാജ്യം സഹസ്രബ്ദരാജ്യമാണ്. പ്രഭാഷണത്തിന്റെ നിവൃത്തി ഭാവികമാകും. എന്നാൽ ഇതിൻ്റെ വർത്തമാനകാല പ്രസക്തിയും പ്രാധാന്യവും ഒപ്പം അതിൻറ സാർവ്വകാലികത്വവും നിഷേധിക്കാനാവുകയില്ല. ലോകത്തെ പരിഷ്ക്കരിക്കുവാനുള്ള ഒരു പദ്ധതിയല്ല ഗിരിപ്രഭാഷണം. ദൈവരാജ്യത്തിനുവേണ്ടി ലോകം ത്യജിച്ചവർ അനുഷ്ഠിക്കുവാനുള്ള നിയമങ്ങളാണിത്.

Leave a Reply

Your email address will not be published. Required fields are marked *