കഷ്ടം അനുഭവിപ്പാനുള്ള വരം

കഷ്ടം അനുഭവിപ്പാനുള്ള വരം

“ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.” (ഫിലി, 1:29). വിശ്വാസികളുടെ കഷ്ടതയെക്കുറിച്ച് തിരുവെഴുത്തുകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും” (യോഹ, 15:20) എന്നും, ‘ലോകത്തിൽ നിങ്ങൾക്കു് കഷ്ടം ഉണ്ട’ എന്നും ക്രിസ്തു തെളിവായി പറഞ്ഞു. (യോഹ, 16;33). അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു (അപ്പൊ, 14:22) എന്നു പൗലൊസും ബർന്നബാസും വിശ്വാസികളെ പ്രബോധിപ്പിച്ചു. വിശ്വാസികൾ കഷ്ടം അനുഭവിപ്പാൻ നിയമിക്കപ്പെട്ടിരിക്കുകയാണ്. “ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല അവനുവേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.” (ഫിലി, 1:29). ക്രിസ്തുവിൽ വിശ്വസിക്കുന്നതുകൊണ്ട് കഷ്ടം അനുഭവിക്കേണ്ടിവരുന്നത് ഭാഗ്യമാണ്. (പ്രവൃ, 5:41; 1പത്രൊ, 4:14). നന്മ ചെയ്തിട്ടു കഷ്ടം സഹിക്കുകയും (1പത്രൊ, 2:20), നീതി നിമിത്തം ഉപദ്രവിക്കപ്പെടുകയും (മത്താ, 5:10), ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുകയും (1പത്രൊ, 4:19) ചെയ്യുന്നതു നല്ലതാണ്. നൊടിനേരത്തേക്കുളള ഈ ലഘുവായ കഷ്ടം തേജസ്സിന്റെ നിത്യഘനം നേടുവാൻ വിശ്വാസിയെ പ്രാപ്തനാക്കുന്നു. (2കൊരി, 4:17). “നീയും എന്നോടുകൂടെ കഷ്ടം സഹിക്ക; സുവിശേഷകൻ്റെ പ്രവൃത്തി ചെയ്ക (2തിമൊ, 1’8; 2:3; 4:5). എന്നാണ് പൗലൊസപ്പൊസ്തലൻ തിമൊഥയൊസിനെ ഉപദേശിക്കുന്നത്. വിശ്വാസിയുടെ കഷ്ടതയ്ക്ക് മൂന്നുദ്ദേശ്യങ്ങളുണ്ട്: 1. അത് ലോകത്തിന്റെ കഷ്ടതയെ പ്രതിഫലിപ്പിക്കുന്നു. (റോമ, 8:19-22). 2. ലോകനേഹത്തിന്റെയും സ്വാർത്ഥതയുടെയും എല്ലാ മാലിന്യങ്ങളിൽ നിന്നും അത് വിശ്വാസത്തെ വിമലീകരിക്കുന്നു. (2തിമൊ, 1:8, 12; റോമ, 5:3). 3. കഷ്ടത്തിൽ ദൈവം നല്കുന്ന ആശ്വാസം കഷ്ടത അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിന് വിശ്വാസിയെ ശക്തനാക്കുന്നു. (കൊരി, 1:4-7). വിശ്വാസിക്കു കഷ്ടം പ്രശംസാവിഷയമാണ്: കാരണം കഷ്ടത സഹിഷ്ണതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു. (റോമ, 5:3). കഷ്ടം അനുഭവിക്കുന്നതിനു നമുക്കു മാതൃക ക്രിസ്തുവാണ്. “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവൻ്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1പത്രൊ, 2:21).

Leave a Reply

Your email address will not be published. Required fields are marked *