ഒലിവുമല

ഒലിവുമല (Mountain of Olives)

ഒലിവുമല എന്ന പേർ പഴയനിയമത്തിൽ രണ്ടു വാക്യങ്ങളിലായി മൂന്നു തവണ പറഞ്ഞിട്ടുണ്ട്: (2ശമൂ, 15:30; സെഖ, 14:4). ഒലിവുമരങ്ങൾ സമൃദ്ധിയായി വളരുന്നതു കൊണ്ടാണ് മലയ്ക്ക് ഈ പേർ ലഭിച്ചത്: (മത്താ, 21:1; 24:3; 26:30; മർക്കൊ, 11:1; ലൂക്കോ, 19:37; യോഹ, 8:1). യെരൂശലേമിനു എതിരെയുള്ള മല (1രാജ, 11:7), നാശപർവ്വതം (2രാജ, 23:13), മല (നെഹെ, 8:15) തുടങ്ങിയ പേരുകളിലും ഒലിവുമല പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. ശലോമോൻ യെരൂശലേമിനു എതിരേയുള്ള മലയിൽ (ഒലിവുമല) മ്ലേച്ഛവിഗ്രഹങ്ങൾക്കു പൂജാഗിരികൾ പണിതു. (1രാജ, 11:7). ഇന്ന് ഒലിവുമല രണ്ടു പേരുകളിൽ അറിയപ്പെടുന്നു: 1. ജബൽ എത്-തൂർ (Jebel et-Tur)= മല; 2. ജബൽ എത്-സൈതൂൺ (Jebel et zaitun)= ഒലിവുമല. 

മദ്ധ്യദക്ഷിണ പലസ്തീനിലൂടെ വടക്കുതെക്കായി കിടക്കുന്ന പ്രധാന പർവ്വതനിരയുടെ ഒരു ഭാഗമാണു് ഒലിവുമല. യെരൂശലേമിനു് 3 കി.മീ. കിഴക്കുമാറി സ്ഥിതിചെയ്യുന്നു. നാലു ചെറിയ കുന്നുകൾ ചേർന്ന പർവ്വതനിരയാണിത്. ഒലിവു മലയ്ക്ക് 830 മീറ്റർ ഉയരം ഉണ്ട്. ഇതിന്റെ പടിഞ്ഞാറെ ചരിവിലാണ് ഗെത്ത്ശെമന തോട്ടം. കിദ്രോൻ താഴ്വര ഒലിവുമലയ്ക്കും യെരുശലേം കുന്നിനും മദ്ധ്യേ കിടക്കുന്നു. കിദ്രോൻ താഴ്വരയുടെ നടുവിലൂടെ ഒഴുകുകയാണു കിദോൻ തോട്. ഗെത്ത്ശെമന തോട്ടം എന്നു കരുതപ്പെടുന്ന സ്ഥാനത്ത് ഒരു പള്ളിയുണ്ട്. ഒലിവുമലയിൽ ഒലിവുവൃക്ഷങ്ങൾ തിങ്ങിവളർന്നിരുന്നു. റോമൻ ചക്രവർത്തിയായിരുന്ന തീത്തൂസ് ഒലിവുമരങ്ങളെ മുറിപ്പിച്ചു. കർത്താവിന്റെ കാലത്തുണ്ടായിരുന്നവ എന്നു കരുതപ്പെടുന്ന എട്ട് ഒലിവു വൃക്ഷങ്ങൾ ഇന്നുമുണ്ട്. കർത്താവു തന്റെ ശിഷ്യന്മാർക്കു യെരുശലേമിന്റെ നാശത്തെക്കുറിച്ചും തന്റെ പുനരാഗമനത്തെക്കുറിച്ചും പ്രഭാഷണം നൽകിയത് ഒലിവുമലയിൽ വച്ചായിരുന്നു. ഒലിവു മലയിൽ നിന്നാണ് യേശു സ്വർഗ്ഗാരോഹണം ചെയ്തത്. (അപ്പൊ, 1:12). യേശുക്രിസ്തുവിന്റെ പുനരാഗമനവും ഒലിവു മലയിൽ തന്നെയായിരിക്കുമെന്നു “അന്നാളിൽ അവന്റെ കാൽ യെരുശലേമിന്നെതിരെ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും” (സെഖ, 14:4) എന്ന പ്രവചനത്തിൽ നിന്നു വ്യക്തമാണ്. അന്ന് ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവെ പിളർന്നു ഒരു പാതി വടക്കോട്ടും മറ്റേ പാതി തെക്കോട്ടും വാങ്ങിപ്പോകും. ക്രൂശീകരണത്തിന്റെ തലേ രാത്രി കർത്താവ് അതിവേദനയോടെ പ്രാർത്ഥിച്ചതും ഒലിവുമലയിൽ തന്നേ. 

2ശമൂവേൽ 15:30-ൽ ദാവീദു കരഞ്ഞുകൊണ്ട് ഒലിവുമല കയറിയതായി കാണുന്നു. ഒലിവുമലമുകളിൽ ഒരു സ്ഥലം ദാവീദിന്റെ കാലത്ത് ആരാധനയ്ക്കായി വേർതിരിച്ചിരുന്നു. (2ശമൂ, 15:32). എബ്രായ പാരമ്പര്യമനുസരിച്ചു വെള്ളം കുറഞ്ഞു എന്നറിയുന്നതിന് നോഹ പുറത്തുവിട്ട പ്രാവ് ഒലിവില കൊണ്ടുവന്നത് ഒലിവുമലയിൽ നിന്നാണ്. (ഉല്പ, 8:1). ലേവ്യ പാരമ്പര്യമനുസരിച്ച് ശുദ്ധീകരണത്തിനുള്ള പശുഭസ്മം തയ്യാറാക്കിയത് ഒലിവുമലയിൽ വച്ചായിരുന്നു. 

യെഹൂദ്യഭക്തന്മാർ യിസ്രായേലിൽ പുനരുത്ഥാനം പ്രാപിക്കുമെന്നു ചിലർ വിശ്വസിക്കുന്നു. വിദൂരദേശത്തു വച്ചു മരിക്കുന്നവർ ഭൂമിക്കടിയിലുള്ള രന്ധ്രങ്ങളിലൂടെ (വിടവ്, ദ്വാരം) ഉരുണ്ടുവന്ന് ഒലിവുമലയിൽ പ്രത്യക്ഷപ്പെടുമെന്നു അവർ കരുതുന്നു. യഹോവയുടെ ഷെഖീനാമഹത്വം പാപം മൂലം യെരൂശലേം ദൈവാലയം വിട്ടുപോയി. തുടർന്നു യിസ്രായേൽ ജനത്തിന്റെ പ്രായശ്ചിത്തം കാത്തുകൊണ്ട് ഒലിവു മലയിൽ 3½ വർഷം കറങ്ങിനിന്നുവെന്നു വിശ്വസിക്കപ്പെടുന്നു. (യെഹെ, 10:18). 

യെരുശലേമിലെ യെഹൂദന്മാർ ബാബിലോണിൽ പാർത്തിരുന്ന യെഹൂദന്മാർക്കു മാസപ്പിറവി അറിയിച്ചിരുന്നത് സ്തംഭദീപ ശൃംഖലയിലൂടെയായിരുന്നു. അതിന്റെ ആരംഭം ഒലിവുമലയിൽ നിന്നായിരുന്നു. ഒരു ദീപസ്തംഭത്തിൽ ദീപം തെളിയുന്നതു കാണുമ്പോൾ അടുത്തതിൽ കത്തിക്കും. ശമര്യർ വ്യാജദീപങ്ങൾ കത്തിക്കാൻ തുടങ്ങിയശേഷം സ്തംഭദീപങ്ങളുടെ സ്ഥാനത്ത് ദൂതന്മാരെ ഏർപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *