എട്ടാം സങ്കീർത്തനം
“സംഗീതപ്രമാണിക്ക് ഗത്ത്യരാഗത്തിൽ ദാവീദിൻ്റെ ഒരു സങ്കീർത്തനം” എന്ന് ശീർഷകത്തിൽ കാണാം. സംഗീതപ്രമാണി – ദൈവാലയ സംഗീതത്തിന് മേൽനോട്ടം വഹിക്കുന്നയാളാണ്. ഗത്ത്യരാഗം – ഇത് 8, 81, 84 എന്നീ സങ്കീർത്തനങ്ങളുടെ ശീർഷകത്തിൽ കാണാം. ‘ഗത്തിൽ നിന്നുള്ളതു’ എന്നാണ് വിശേഷണപദമായ ‘ഗത്ത്യ’യുടെ അർത്ഥം. ഫെലിസ്ത്യരുടെ നഗരമായ ഗത്തിൽ പ്രചാരമുണ്ടായിരുന്ന സംഗീത ഉപകരണമോ രാഗമോ ആണ് വിവക്ഷ. ഗത്തിന് മുന്തിരിച്ചക്ക് എന്നർത്ഥമുണ്ട്. അതിനാൽ മുന്തിരിച്ചക്ക് ചവിട്ടുന്നവരുടെ രാഗം എന്നും മനസ്സിലാക്കാവുന്നതാണ്.
സങ്കീർത്തനത്തിൻ്റെ എഴുത്തുകാരൻ ദാവീദാണ്. ദൈവത്തിൻ്റെ ഔന്നത്യവും മനുഷ്യൻ്റെ നിസ്സാരത്വവും സങ്കീർത്തകൻ സമ്മതിക്കുകയാണ്. ദൈവത്തിൻ്റെ കൈവേലയായ ആകാശസൈന്യങ്ങളുമായി താരതമ്യം ചെയ്താൽ മനുഷ്യൻ ഏതുമില്ലാത്തവനാണ്. എങ്കിലും സ്നേഹനിധിയായ ദൈവം മർത്യനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിക്കുകയും ദൈവത്തിൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴാക്കിയിരിക്കയാണ്.
പുതിയനിയമത്തിൽ ഈ സങ്കീർത്തനഭാഗങ്ങൾ ആവർത്തിച്ച് ഉദ്ധരിച്ചിട്ടുള്ളതിനാൽ, ഇത് ക്രിസ്തുവിനെക്കുറിച്ച് ഉള്ളതാണെന്ന് വിശ്വാസികൾ വിചാരിക്കുന്നു. യഥാർത്ഥത്തിൽ ഈ സങ്കീർത്തനം ക്രസ്തുവിനെക്കുറിച്ചാണ്; എന്നാൽ ആ ക്രിസ്തു യേശുക്രിസ്തുവല്ല; മറ്റൊരു ക്രിസ്തുവാണ്. ഇതിൽപ്പറയുന്ന മർത്യനും മനുഷ്യപുത്രനുമായ ദൈവത്തിൻ്റെ ക്രിസ്തുവിനെ അറിയാത്തതാണ് അനേകർക്കും യേശുക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അറിയാൻ തടസ്സമായിരിക്കുന്നത്.
വ്യാഖ്യാനം
വാക്യം 1: ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.
സത്യവേദപുസ്തകം നൂതന പരിഭാഷ ഇപ്രകാരമാണ്: “സര്‍വേശ്വരനായ ഞങ്ങളുടെ നാഥാ, അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു. അവിടുത്തെ മഹത്ത്വം ആകാശത്തെക്കാള്‍ ഉയര്‍ന്നിരിക്കുന്നു.” മനുഷ്യൻ്റെ ഹൃദയദൃഷ്ടി പ്രകാശിച്ചാൽ മാത്രമേ ദൈവത്തിൻ്റെ ശ്രേഷ്ഠത ദർശിക്കാൻ കഴിയുകയുള്ളു. സ്രഷ്ടാവായ ദൈവം തൻ്റെ സൃഷ്ടിവൈഭവത്തിൻ്റെ തെളിവ് ഭൂമിയിൽത്തന്നെ ഒരുക്കിവെച്ചിട്ടുണ്ട്. “ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.” (റോമ, 1:19,20). സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കരയെയും സമുദ്രത്തെയും പ്രകൃതിയെയും അതിൻ്റെ നിയമങ്ങളെയും നോക്കിക്കാണുന്ന മനുഷ്യന് സ്രഷ്ടാവിൻ്റെ ശ്രേഷ്ഠത ഗ്രഹിക്കാൻ പ്രയാസമൊന്നും ഉണ്ടാകില്ല. (സങ്കീ, 19:1-6; 104:24-31; യെശ, 40:26; യിരെ, 31:35)
വാക്യം 2: നിന്റെ വൈരികൾനിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാൻ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു.
സത്യവേദപുസ്തകം നൂതന പരിഭാഷ ഇങ്ങനെയാണ്: “ശിശുക്കളും പിഞ്ചുകുഞ്ഞുങ്ങളും അവിടുത്തെ മഹത്ത്വം പ്രകീര്‍ത്തിക്കുന്നു. അവിടുന്നു ശത്രുക്കള്‍ക്കെതിരെ കോട്ട കെട്ടി അവിടുന്നു ശത്രുവിനെയും പ്രതികാരം ചെയ്യുന്നവനെയും മിണ്ടാതാക്കി.” ഇ.ആർ.വി. (WBTC) പരിഭാഷ: “കുട്ടികളുടെയും ശിശുക്കളുടെയും വായിൽ നിന്നും നിന്നെ സ്തുതിക്കുന്ന ഗീതങ്ങൾ ഉണ്ടാകുന്നു. നിൻ്റെ ശത്രുക്കളെ മുഴുവൻ നിശബ്ദരാക്കാൻ നീ അവർക്ക് നല്കിയതാണ് ഈ കരുത്തുറ്റ ഗാനങ്ങൾ.” യേശുക്രിസ്തുവിൻ്റെ ദൈവാലയത്തിലേക്കുള്ള രാജകീയ പ്രവേശനത്തോടുള്ള ബന്ധത്തിൽ മത്തായി ഈ വേദഭാഗം ഉദ്ധരിച്ചിട്ടുണ്ട്. (മത്താ, 21:16). “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ” എന്നരുളിച്ചെയ്തുകൊണ്ടാണ് ക്രിസ്തു ഗിരിപ്രഭാഷണം ആരംഭിച്ചത്. (മത്താ, 5:3. ഒ.നോ: ലൂക്കൊ, 6:20). ശിശു സമാനമായ, ആത്മികകമായി തികഞ്ഞ പാപ്പരത്വം അനുഭവിക്കുന്നവരാണ് ആത്മാവിൽ ദരിദ്രർ. അങ്ങനെയുള്ളവർക്കാണ് ദൈവം പലതും വെളിപ്പെടുത്തുന്നത്. “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. (മത്താ, 11:25; ലൂക്കൊ, 10:21). ജ്ഞാനികളെയും ബലവാന്മാരെയും ലജ്ജിപ്പിക്കാനും ദൈവസന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കാനുമാണ് ദൈവം അങ്ങനെ ചെയ്യുന്നത്. (1കൊരി, 1:27-29. ഒ.നോ: 2കൊരി, 12:9,10).
വാക്യം 3: നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
പത്തൊമ്പതാം സങ്കീർത്തനത്തിൽ ദാവീദ് പാടുന്നു: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.” (19:1. ഒ.നോ: 50:6; 97:6; 102:25; 136:9; 147:4; 148:3). “പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.” (ഉല്പ, 1:16). “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.” (യെശ, 40:26). “സൂര്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.” (1കൊരി, 15:41).
വാക്യം 4: മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
ഈ വാക്യം എബ്രായലേഖകൻ ഉദ്ധരിച്ചിട്ടുണ്ട്: (2:6). ദൈവത്തിൻ്റെ സൃഷ്ടികളിൽ മനോഹങ്ങളിൽ മനോഹരമായ ആകാശസൈന്യങ്ങളെ നോക്കിക്കാണുന്ന ഏതൊരു ഭക്തനും തൻ്റെ ഹൃദയത്തിൽ ചോദിക്കും: ദൈവമേ, “മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?” എബ്രായർ 2:6-ലും സങ്കീർത്തനം 144:3-ലും ഈ വാക്യം കാണാം. എന്നാൽ ഇവിടുത്തെ മർത്യൻ അഥവാ മനുഷ്യനും മനുഷ്യപുത്രനും ദാവീദുമല്ല, മറ്റേതെങ്കിലും മനുഷ്യവ്യക്തിയുമല്ല; യിസ്രായേലാണ്. പഴയനിയമത്തിൽ, മനുഷ്യപുത്രൻ (ben adam – Son of Man) എന്നും (സങ്കീ, 8:4; 80:17; 144:3), മനുഷ്യപുത്രന്മാർ (bene adam – Sons of Men) എന്നും ഇരുവിധ പ്രയോഗം കാണാം. (ഉദാ: ആവ, 32:8; 2ശമൂ, 7:14; സങ്കീ, 11:4; 12:1; 12:7; 14:2). അതിൽ മനുഷ്യപുത്രനെന്ന് ഏകവചനത്തിൽ യിസ്രായേലിനെയും, മനുഷ്യപുത്രന്മാരെന്ന് ബഹുവചനത്തിൽ പറയുന്നത് ജാതികളെ അഥവാ ലോകത്തെയുമാണ് കുറിക്കുന്നത്. യെഹെസ്ക്കേലിനെയും (21), ദാനീയേലിനെയും (8:17) വ്യക്തിപരമായും മനുഷ്യപുത്രനെന്ന് വിളിച്ചിട്ടുണ്ട്. മനുഷ്യപുത്രനെന്ന് യിസ്രായേലിനെ ഏകവചനത്തിൽ വിളിച്ചിരിക്കുന്നത് സങ്കീർത്തനത്തിലാണ്. (സങ്കീ, 8:4; 80:17; 144:3). അത് യിസ്രായേലാണെന്ന് കൃത്യമായ തെളിവും സങ്കീർത്തനത്തിൽ തന്നെയുണ്ട്:
ഒന്ന്; “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:17).ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്നിട്ട് ജാതികളെ നീക്കിക്കളഞ്ഞ് കനാനിൽ നട്ടതും, ദൈവംതന്നെ തടമെടുത്തിട്ട് വരൂന്നി ദേശത്തു പടർന്നതുമായ മുന്തിരിവള്ളിയാണ് യിസ്രായേൽ. (89:8,9). ദൈവത്തിൻ്റെ വലങ്കൈ നട്ട തയ്യും, ദൈവം തനിക്കായി വളർത്തിയ മനുഷ്യനും (Man) മനുഷ്യപുത്രനും (Son of Man) ആണ് യിസ്രായേൽ. (80:15,17).
രണ്ട്; ¹ ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല. ² ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. ³ എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല. ⁴ നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല. (സങ്കീ, 14:1-4; 53:1-4). ഈ വേദഭാഗത്ത്; ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു നോക്കുന്ന മനുഷ്യപുത്രന്മാർ ജാതികളാണ്. മനുഷ്യപുത്രന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞിരിക്കുന്നത് ജാതികളെയാണെന്ന് നാലാം വാക്യത്തിൽ തെളിവുണ്ട്: “അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു.” ഈ വാക്യത്തിൽ പറയുന്ന ‘അവർ’ ജാതികളും ‘എൻ്റെ ജനം’ യിസ്രായേലുമാണ്. ദൈവത്തിൻ്റെ ജനത്തെ നശിപ്പിക്കാൻ നോക്കുന്ന ജാതികളെക്കുറിച്ചാണ് മനുഷ്യപുത്രന്മാർ എന്ന് യഹോവ പറയുന്നത്. അടുത്തഭാഗം: “യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല.” ജാതികൾ യഹോവയെ അറിയുന്നുമില്ല; പ്രാർത്ഥിക്കുന്നുമില്ല. അതായത്, മനുഷ്യപുത്രനെന്ന് ഏകവചനത്തിൽ പറയുന്നത് യിസ്രായേലിനെയും ബഹുവചനത്തിൽ ജാതികളെയും കുറിക്കുന്നുവെന്ന് മനസ്സിലാക്കാം.
മൂന്ന്; “മഹോന്നതൻ ജാതികൾക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.” (ആവ, 32:8). ഇവിടെയും മനുഷ്യപുത്രന്മാരായ ജാതികളെയും യിസ്രായേൽ ജനത്തെയും വേർതിരിച്ച് പറഞ്ഞിട്ടുണ്ട്. സത്യവേദപുസ്തകം നൂതന പരിഭാഷ: “അത്യുന്നതന്‍ ജനതകള്‍ക്ക് അവകാശം നല്‌കിയപ്പോള്‍, മാനവരാശിയെ വിഭജിച്ചപ്പോള്‍, ഇസ്രായേല്‍ജനത്തിന്‍റെ എണ്ണത്തിനൊത്ത വിധം അവിടുന്നു ജനതകള്‍ക്ക് അതിര്‍ത്തി നിര്‍ണയിച്ചു.” (പി.ഒ.സിയും കാണുക). ഇതിൽ, മനുഷ്യപുത്രന്മാരെ “മാനവരാശി” എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. മാനവരാശിയെ (മനുഷ്യപുത്രന്മാർ) ദൈവത്തിന്റെ സ്വന്തജനത്തിൽനിന്ന് (മനുഷ്യപുത്രൻ) വേർപെടുത്താൻ കാരണം അടുത്ത വാക്യത്തിലുണ്ട്. അത് ദൈവത്തിൻ്റെ അവകാശമാണ്: “യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു.” (ആവ, 32:9).
നാല്; “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14; 1കൊരി, 17:13). ഇവിടെപ്പറയുന്ന ദൈവത്തിൻ്റെ പുത്രനും ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും യിസ്രായേലാണ്. മേല്പറഞ്ഞ വാക്യത്തിൽ “അവൻ” എന്ന് ഏകവചനത്തിൽ പറഞ്ഞിട്ട് സങ്കീർത്തനങ്ങളിൽ “അവരുടെ” എന്ന് ബഹുവചനത്തിൽ പറയുന്നത് കാണുക: “ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” (89:32). സ്വന്തജനമായ യിസ്രായേൽ പാപം ചെയ്യുമ്പോഴൊക്കെയും അവരെ ജാതികൾക്ക് ഏല്പിച്ചുകൊടുത്താണ് ദൈവം ശിക്ഷിച്ചിരുന്നത്. ഇവിടെയും ജാതികളെയാണ് മനുഷ്യപുത്രന്മാരെന്ന് വിളിച്ചിരിക്കുന്നത്. “എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?” എന്ന് ഏഥാൻ ചോദിക്കുന്നതും കുറിക്കൊള്ളുക. (89:47). [കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി]
അഞ്ച്; ദാനീയേൽ കാണുന്ന ദർശനത്തിൽ ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനായവനും യിസ്രായേലാണ്: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.” (ദാനീ, 7:13. ഒ.നോ: ദാനീ, 7:14,18,21,27). ഭൂമിയിലെ സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവാണ് യിസ്രായേൽ. (ദാനീ, 7:27). ദൈവത്തിൻ്റെ പുത്രനായ യിസ്രായേലെന്ന മനുഷ്യപുത്രൻ മനുഷ്യപുത്രന്മാരിൽ (ലോകം) അതിസുന്ദരനായ രാജാവാണ്. (സങ്കീ, 45:2). [കാണുക: ദാനീയേലിലെ മനുഷ്യപുത്രൻ]
ക്രിസ്തുവിനും, മനുഷ്യൻ (1കൊരി, 15:21), മനുഷ്യപുത്രൻ (മത്താ, 8:20), മനുഷ്യപുത്രനോടു സദൃശൻ (വെളി, 1:13), നിത്യരാജാവ് (ലൂക്കൊ, 1:33) എന്നീ പദവികളുണ്ട്. പഴയനിയമപുസ്തകങ്ങളെ അപഗ്രഥിച്ച് പഠിക്കുമ്പോഴാണ് യേശുക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന പദവികളൊക്കെ യഥാർത്ഥത്തിൽ ആരുടെയായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നത്. യിസ്രായേലിനെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച് അവരുടെ പദവികൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവരുടെ ദൈവം അവരുടെ പദവികളുമായി മനുഷ്യനായി വന്നത്. (മത്താ, 1:21; റോമ, 8:3). (കാണുക: യിസ്രായേലിൻ്റെ പദവികൾ).
വാക്യം 5: നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി: ഈ വാക്യവും എബ്രായലേഖകൻ ഉദ്ധരിച്ചിട്ടുണ്ട്. (2:7). ഈ വാക്യത്തിൽ “ദൈവത്തെക്കാൾ” എന്നതിനെ എബ്രായയിൽ ‘മേ എലോഹീം’ (min elohiym – from God) എന്നാണ്. എലോഹീം എന്നത് ബഹുവചനമാണ്; എന്നാൽ ബൈബിളിലത് ഏകവചനത്തിലും ബഹുവചനത്തിലും ഉപയോഗിച്ചിട്ടുണ്ട്. സത്യദൈവത്തെ കുറിക്കാൻ ഏകവചനത്തിലും, ജാതികളുടെ ദേവന്മാരെ കുറിക്കാൻ ഏകവചനത്തിലും ബഹുവനത്തിലും ഉപയോഗിച്ചിട്ടുണ്ട്. ദൂതന്മാരെക്കുറിക്കാനും, ദേവിയെക്കുറിക്കാനും, മോശെയെക്കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തിൽ, പി.ഒ.സി, വിശുദ്ധഗ്രന്ഥം ഒഴികെ മറ്റു പരിഭാഷകളിലെല്ലാം “ദൈവത്തെക്കാൾ അല്പംമാത്രം താഴ്ത്തി” എന്നാണ്. ഇംഗ്ലീഷിൽ, കെ.ജെ.വി, എൻ.ഐ.വി തുടങ്ങിയ അനേകം പരിഭാഷകളിൽ “ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി” എന്നും, മറ്റുള്ളവയിൽ “ദൈവത്തെക്കാൾ അല്പംമാത്രം താഴ്ത്തി” എന്നുമാണ്. എന്നാൽ, ഈ പ്രശ്നം എബ്രായലേഖകൻ പരിഹരിച്ചിട്ടുണ്ട്: “അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി” (എബ്രാ, 2:7) എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിനാൽ സങ്കീർത്തനം 8:5-ലെ ‘എലോഹീം – ദൂതന്മാർ’ (ἄγγελος – angelos) ആണെന്ന് കൃത്യമായി മനസ്സിലാക്കാം.
തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു: ദൈവത്തിൻ്റെ തേജസ്സും ബഹുമാനവും അണിഞ്ഞ പുത്രൻ യിസ്രായേലാണെന്ന് പുതിയനിയമത്തിൽ നിന്ന് മനസ്സിലാക്കാം: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). പാപംമൂലം ദൈവതേജസ്സ് നഷ്ടപ്പെടുത്തി അകന്നുപോയ മനുഷ്യവർഗ്ഗത്തിൽനിന്ന് (ഉല്പ, 1:26,27; റോമ, 3:23; 5:12) ദൈവം തൻ്റെ കൃപയാൽ ഒരു ജാതിയെ തനിക്കായി തിരഞ്ഞെടുത്ത്, പുത്രൻ, അഭിഷിക്തൻ, ആദ്യജാതൻ, മനുഷ്യൻ, മനുഷ്യപുത്രൻ തുടങ്ങിയ അനേകം പദവികൾ നല്കി, ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ത്തി അവനെ തേജസ്സും ബഹുമാനവും അണിയിച്ചു, സകല ജാതികളുടെയും മുമ്പിൽ അവനെ ശ്രേഷ്ഠനാക്കി. “നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.” (സങ്കീ, 21:5). എങ്കിലും പാപംമൂലം പദവി നിറവേറ്റാൻ അവർക്കു കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ, ദൈവംതന്നെ തൻ്റെ സ്വന്തജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനാണ് യേശു എന്ന നാമത്തിലും ദൈവപുത്രൻ, മനുഷ്യപുത്രൻ എന്നിങ്ങനെ അവരുടെ എല്ലാ പദവികളുമായി മനുഷ്യനായി വന്നത്. (മത്താ, 1:21; ലൂക്കൊ, 1:31,32,35). യിസ്രായേലെന്ന ദൈവത്തിൻ്റെ സ്വന്തജനം ദൂദന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവൻ ആകകൊണ്ടാണ്, അവരുടെ പദവികൾ അവർക്ക് സാക്ഷാത്കരിച്ച് കൊടുക്കാൻ വന്ന അവരുടെ രക്ഷകനായ ക്രിസ്തുവിലും ആ പദവി കാണുന്നത്: “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:9). (കാണുക: യിസ്രായേലിൻ്റെ പദവികൾ)
വാക്യം 6: നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;
ദൈവം സ്വന്തജനമായ യിസ്രായേലിനാണ് സകല ജാതികളുടെമേലും അധികാരം നല്കിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഇതൊരു പ്രവചനമാണ്. ദൈവം യിസ്രായേലിന് അവരുടെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോഴാണ് ഈ പ്രവചനത്തിന് നിവൃത്തി വരുന്നത്. (പ്രവൃ, 1:6). യഹോവ തന്നെയാണ് യുഗാന്ത്യത്തിൽ സ്വന്തജനത്തിന് അവരുടെ പദവികൾ സാക്ഷാത്കരിച്ച് കൊടുക്കുന്നത്. “ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.” (സങ്കീ, 18:47). “അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.” (സങ്കീ, 47:3. ഒ.നോ: സങ്കീ, 2:7; 18:39). എബ്രായലേഖകൻ പറയുന്നത് നോക്കുക; “സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.” (എബ്രാ, 2:8). യഹോവയുടെ അഥവാ യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിലാണ് സകലജാതികളും രാജാക്കന്മാരും യിസ്രായേലിൻ്റെ കാൽക്കീഴിലാകുന്നത്. (സെഖ, 14:3,4; പ്രവൃ, 1:11). യിസ്രായേലിൻ്റെ ശത്രുക്കൾ അവൻ്റെ പാദപീഠം ആകുവോളം യഹോവ അവനെ തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കയാണ്. (സങ്കീ, 110:1). (കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം, യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)
വാക്യം 7,8: ⁷ ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും ⁸ ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.
ദൈവം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാൻ തീരുമാനിക്കുന്നത് ഭൂമിയിലെ സകല ജീവജാലങ്ങളുടെയും അധികാരിയായിട്ടാണ്: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.” (ഉല്പ, 1:26). ദൈവം മനുഷ്യനെ സൃഷ്ടിച്ചനന്തരം (1:27) അവർക്കതിനുള്ള അധികാരവും നല്കുന്നു: “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.” (ഉല്പ, 1:28). എന്നാൽ പാപംചെയ്ത് ദൈവസന്നിധിയിൽ നിന്ന് പുറത്താക്കപ്പെട്ട മനുഷ്യൻ്റെ അധികാരങ്ങളെല്ലാം നഷ്ടപ്പെടുവാനിടയായി. പിന്നെ ദൈവം അബ്രാഹാമിലൂടെ യിസ്രായേലെന്ന ഒരു ജാതിയെ തിരഞ്ഞെടുക്കുകയും മനുഷ്യന് നഷ്ടപ്പെട്ട അധികാരങ്ങളെല്ലാം ദൈവം അവന് പുനഃസ്ഥാപിച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്.
വാക്യം 9: ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
സങ്കീർത്തകൻ ഒന്നാം വാക്യം വീണ്ടും ആവർത്തിക്കുകയാണ്. ഈ സങ്കീർത്തനം കഴിഞ്ഞാൽ 118-ാം സങ്കീർത്തനത്തിൽ മാത്രമാണ് ഒന്നാം വാക്യം അവസാനം ആവർത്തിക്കുന്നതായി കാണുന്നത്. പഴയനിയമത്തിൽ യഹോവ എന്ന നാമമായിരുന്നു ഭൂമിലൊക്കെയും ശ്രേഷ്ഠമായിരുന്നത്. ഏകദൈവവും സകല മനുഷ്യർക്കുമുള്ള ഏകരക്ഷിതാവും യഹോവ മാത്രമായിരുന്നു: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). എന്നാൽ പ്രവചന നിവൃത്തിപോലെ യഹോവയുടെ പ്രത്യക്ഷതയായ ക്രിസ്തു മുഖാന്തരം (1തിമൊ, 3:14-16) ഒരു പുതിയനിയം സ്ഥാപിതമായപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:1-13), പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). അതിനാലാണ്, രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമമല്ലാതെ ഭൂമിയിൽ മറ്റൊരു നാമവും ഇല്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ ലഭിച്ചവനുമായ പത്രൊസ് വിളിച്ചുപറയുന്നത്: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12).
എട്ടാം സങ്കീർത്തനം പുതിയനിയമത്തിൽ
എട്ടാം സങ്കീർത്തനത്തിൻ്റെ മൂന്ന് വേദഭാഗങ്ങളാണ് പുതിയനിയമത്തിൽ ഉള്ളത്: (1കൊരി, 15:27; എഫെ, 1:22; എബ്രാ, 2:68).
1. “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി,15:22-28).
ഈ വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, ഒടുവിൽ യേശുക്രിസ്തു ദൈവത്തിന് കീഴ്പ്പെട്ടിരിക്കും എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ എന്താണതിൻ്റെ വസ്തുത: ദൈവം ബഹുമാനവും തേജസ്സും അണിയിച്ച് തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കി കൊടുത്തിരിക്കുന്ന മനുഷ്യപുത്രനും (സങ്കീ, 8:5,6), ശത്രുക്കൾ കാൽക്കീഴിലാകുവോളം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനുമായ (110:1) യിസ്രായേലെന്ന ദൈവപുത്രൻ്റെ സകല ശത്രുക്കളേയും അവരുടെ കാല്ക്കീഴിലാക്കിയിട്ട് രാജ്യം അവർക്ക് യഥാസ്ഥാനത്താക്കി കൊടുക്കുന്നതിൻ്റെ ആത്മീയ ചിത്രണമാണ് കൊരിന്ത്യരിൽ അപ്പൊസ്തലൻ വിവരിച്ചിരിക്കുന്നത്. യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് സകലതും തനിക്ക് കീഴ്പെട്ട് വന്നു കഴിയുമ്പോൾ, ദൈവത്തിന് കീഴ്പെട്ടിരിക്കുന്ന പുത്രൻ. അല്ലാതെ, യേശുക്രിസ്തുവെന്ന മഹാദൈവം ഇല്ലാത്ത മറ്റൊരു ദൈവത്തിന് കീഴ്പെട്ടിരിക്കുമെന്നല്ല. യിസ്രായേലിന് സകലവും കീഴാക്കിക്കൊടുക്കുന്ന ദൈവമാണ് യേശുക്രിസ്തു. (കാണുക: രണ്ടാം സങ്കീർത്തനം; നൂറ്റിപ്പത്താം സങ്കീർത്തനം, യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)
2. “സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി.” (എഫെ, 1:22).
സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന ദൈവത്തിൻ്റെ ഭൗമിക രാജാവ് യിസ്രായേലാണ്. “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:14. ഒ.നോ: ദാനീ, 7:18,21,27). യിസ്രായേലിന്റെ പദവികളെല്ലാം ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവിലൂടെയാണ് അവർക്ക് ലഭിക്കുന്നത്; അതിനാലാണ് അതിൻ്റെ പൂർത്തീകരണം യേശുവിൽ കാണുന്നത്. എബ്രായലേഖകൻ പറയുന്നതു നോക്കുക: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:16).
3. “എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല. എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:6-9).
ഇവിടെ നോക്കുക: ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലവും കാൽക്കീഴാക്കിക്കൊടുത്ത മനുഷ്യപുത്രനായ യിസ്രായേൽ, ദൂതന്മാരെക്കാൾ അല്പം താഴ്ചയുള്ളവൻ ആകകൊണ്ട് അവരുടെ ദൈവം മനുഷ്യനായി വന്ന് ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായി മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നത്. തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കാനാണ് ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായത്. (മത്താ, 1:21). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:14). ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തു അഥവാ അഭിഷിക്തനായ മനുഷ്യനിലൂടെയാണ് യിസ്രായേലിന് വരേണ്ടിയ സകലമഹത്വവും അവർക്ക് ലഭിക്കുന്നത്.
യേശുക്രിസ്തു ആരാണെന്നോ അവൻ്റെ ജഡത്തിലെ ശുശ്രൂഷ എന്താണെന്നോ അനേകർക്കും മനസ്സിലാകാത്തതിൻ്റെ കാരണം, ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയെ അറിയാത്തതുകൊണ്ടാണ്. യേശു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19). ഇത് പറഞ്ഞശേഷം താനാരാണെന്ന് 24-28 വാക്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24. ഒ.നോ: ഇ.ആർ.വി; പി.ഒ.സി; മലയാളം ഓശാന പരിഭാഷകൾ). പുറപ്പാടിൽ യഹോവ തൻ്റെ നാമം വെളിപ്പെടുത്തുന്നത് ഞാനാകുന്നവൻ എന്നാണ്. (പുറ, 3:14). (കാണുക: ഞാനാകുന്നവൻ ഞാനാകുന്നു)
ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ സന്തതിയും വാഗ്ദത്തം നിവൃത്തിച്ച സന്തതിയും രണ്ടാണ്. ദൈവത്തിൻ്റെ അവകാശിയായ സന്തതി യിസ്രായേലാണ്: “അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ.” (റോമ, 9:4). വാഗ്ദത്തം നിവൃത്തിച്ച സന്തതി ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവാണ്: യേശു പറഞ്ഞു: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17,18). പഴയനിയമമില്ലെങ്കിൽ പുതിയനിയമമില്ല; പഴയനിയമത്തിൽ ദൈവത്തിനൊരു സന്തതിയില്ലെങ്കിൽ പുതിയനിയമത്തിലും ഒരു സന്തതി ഉണ്ടാകില്ലായിരുന്നു. പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമമെന്നുപോലും അനേകർ മനസ്സിലാക്കുന്നില്ല. ന്യായപ്രമാണം നിവൃത്തിയാകുവോളം ആകാശവും ഭൂമിയും ഒഴിഞ്ഞുപോകില്ലെങ്കിൽ ന്യായപ്രമാണ സന്തതിയെക്കുറിച്ചുള്ള സകല കാര്യങ്ങളും നിവൃത്തിയാകേണ്ടതല്ലേ? വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് ചോദിച്ചാൽ; യിസ്രായേലെന്ന വാഗ്ദത്തസന്തതിക്ക് അവൻ്റെ പദവികൾ സാക്ഷാത്കരിച്ച് കൊടുക്കാനാണ് അവൻ്റെ ദൈവം അവൻ്റെ പദവികളുമായി മനുഷ്യനായി വന്നതെന്ന് അറിയാതെ (ആവ, 27:9; മത്താ, 1:21), യിസ്രായേലിൻ്റെ പദവികളൊക്കെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൽ ആരോപിക്കുകയും നിത്യപിതാവായ അവനെ നിത്യപുത്രനാക്കുകയും ചെയ്യുന്നു. (യെശ, 9:6; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6; 1തിമൊ, 3:14-16; എബ്രാ, 2:14,15; 1പത്രൊ, 1:20).
എട്ടാം സങ്കീർത്തനത്തിലെ മർത്യൻ അഥവാ മനുഷ്യനും മനുഷ്യപുത്രനുമായ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലെന്ന ക്രിസ്തുവാണ്. യിസ്രായേൽ അഭിഷിക്തനും മനുഷ്യനും മനുഷ്യപുത്രനും ദൈവപുത്രനും ആയതുകൊണ്ടാണ് അവൻ്റെ ദൈവം അവൻ്റെ പദവികൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ അവൻ്റെ പദവികളുമായി മർത്യനായി വന്നത്. യേശുക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അറിയണമെങ്കിൽ യിസ്രായേലെന്ന നിത്യാവകാശിയായ മനുഷ്യപുത്രനെക്കുറിച്ചാണ് ദൈവമക്കൾ പഠിക്കേണ്ടത്. അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെ!
“അതുകൊണ്ടു നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക.” (എബ്രായർ 6:1,2)
കാണുക:⬇️
3 thoughts on “എട്ടാം സങ്കീർത്തനം”