ഉൽക്കണ്ഠപ്പെടരുത്

ഉൽക്കണ്ഠപ്പെടരുത്

ആധുനിക മനുഷ്യന്റെ ശരീരമനസ്സുകളെ കാർന്നുതിന്നുന്ന പ്രതിഭാസമാണ് ഉൽക്കണ്ഠ എന്ന് വൈദ്യശാസ്ത്രം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ദുഷ്ടതയും അനീതിയും പ്രവർത്തിക്കുന്നവർ സർവ്വവിധ സൗകര്യങ്ങളോടുംകൂടെ, സ്വദേശികമായി പച്ചവൃക്ഷം പോലെ തഴച്ചു വളരുമ്പോൾ ദൈവം എന്തുകൊണ്ട് അവരെ ശിക്ഷിക്കുന്നില്ല? എന്ന ചോദ്യം ദൈവത്തെ ഭയപ്പെടുകയും ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവരിൽപ്പോലും ഉൽക്കണ്ഠ ഉളവാക്കാറുണ്ട്. പ്രത്യേകിച്ച്, ദൈവത്തിനായി സമർപ്പിച്ച് ദൈവഭക്തിയിൽ ജീവിക്കുന്നവർ വ്യഥകളുടെയും വേദനകളുടെയും താഴ്വാരങ്ങളിലൂടെ യാനം ചെയ്യുമ്പോൾ, പാപത്തിന്റെ പെരുവഴിയിൽ ഓടുന്നവർക്ക് അനുദിനമുണ്ടാകുന്ന അഭിവൃദ്ധിയെക്കുറിച്ച് ഉൽക്കണ്ഠാകുലരാകുന്നത് സ്വാഭാവികമാണ്. യഹോവയാം ദൈവം, ദാവീദിനെ യിസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തതുമുതൽ യാതൊരു കുറ്റവും ചെയ്യാത്ത അവന്റെ പ്രാണനെ വേട്ടയാടുവാനും കൂരമായ പീഡനങ്ങളാൽ തകർക്കുവാനും ശ്രമിച്ച രാജാവായ ശൗലിന്റെ ഹീനമായ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ദാവീദു പാടിയ ഗീതമാണ് 37-ാം സങ്കീർത്തനം. അതിൽ ദൈവജനം ദുഷ്പ്രവൃത്തിക്കാരുടെ അഭിവൃദ്ധിയെക്കുറിച്ച് ഉൽക്കപ്പെടുകയോ അസൂയാലുക്കളാകുകയോ ചെയ്യരുതെന്ന് ആവർത്തിച്ച് ഉദ്ബോധിപ്പിച്ചിരിക്കുന്നു. വക്രതയിലൂടെയും വഞ്ചനയിലൂടെയും ആദായം നേടുന്നവരെക്കുറിച്ചും ദുരുപായം പ്രയോഗിച്ച് കാര്യങ്ങൾ സാധിക്കുന്നവരെക്കുറിച്ചും ആകുലപ്പെടാതെ, നിശ്ശബ്ദമായി ദൈവസന്നിധിയിൽ പ്രത്യാശയോടെ ദൈവം പ്രവർത്തിക്കുന്നതുവരെ കാത്തിരിക്കേണ്ടത് ഒരു ദൈവപൈതലിന്റെ കർത്തവ്യമാണെന്ന് ദാവീദ് ഓർമ്മപ്പെടുത്തുന്നു. അങ്ങനെ കാത്തിരിക്കുമ്പോൾ ദുഷ്ടന്റെമേൽ ദൈവം നടത്തുന്ന ന്യായവിധി കണുമ്പിൽ ദൃശ്യമാകുമെന്ന് സ്വന്തം ജീവിതാനുഭവം സാക്ഷ്യമാക്കി ദാവീദ് വിവരിക്കുന്നു. “എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്തതി ചേദിക്കപ്പെടും. നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്നു വരുന്നു; കഷ്ടകാലത്ത് അവൻ അവരുടെ ദുർഗ്ഗമാകുന്നു. യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു.” (സങ്കീ, 37:38-40). അതുകൊണ്ട് ദൈവജനം ജീവിതത്തിലെ ഉൽക്കണ്ഠകളോടും ആശങ്കകളോടും വിടപറഞ്ഞ് പ്രത്യാശയോടെ ദൈവം പ്രവർത്തിക്കുന്നതുവരെയും ക്ഷമയോടെ കാത്തിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *