ഇടവിടാതെ പ്രാർത്ഥിക്കുവിൻ!

ഇടവിടാതെ പ്രാർത്ഥിക്കുവിൻ!

ക്രൈസ്തവ ലോകത്തുളള ഏറിയകൂറും സഹോദരങ്ങൾ പ്രാർത്ഥിക്കുന്നവരാണ്. എന്നാൽ പ്രാർത്ഥിക്കുന്നതു കൊണ്ടുമാത്രം സ്വർഗ്ഗീയ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ കഴിയുകയില്ല. കാരണം, പ്രാർത്ഥിക്കുന്നു എന്നതിലുപരിയായി എങ്ങനെ പ്രാർത്ഥിക്കുന്നുവെന്ന് ദൈവം ശ്രദ്ധിക്കുന്നു. അത്യുന്നതനായ ദൈവത്തോടുള്ള മനുഷ്യന്റെ കൊച്ചുകൊച്ചു മർമ്മരങ്ങൾപോലും സ്നേഹവാനായ ദൈവം ശ്രദ്ധവച്ചു കേൾക്കുന്നു. മനുഷ്യനിൽ നിന്നുയരുന്ന പ്രാർത്ഥനകളുടെ ആത്മാർത്ഥതയും പരമാർത്ഥതയും സർവ്വശക്തനായ ദൈവം സൂക്ഷ്മതയോടെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുവെന്ന് പ്രാർത്ഥിക്കുന്നവർ പോലും ഓർക്കാറില്ല. “ഈ ജനം അടുത്തുവന്ന് വായകൊണ്ടും അധരം, കൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയം അവർ എന്നിൽനിന്നു ദൂരത്തു വച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി മനഃപാഠമാക്കിയ മാനുഷകല്പനയാകുന്നു” (യെശ, 29:13) എന്ന് യിസ്രായേലിനെക്കുറിച്ച് ദൈവം അരുളിച്ചെയ്യുന്നതിൽനിന്ന് മനുഷ്യനിൽ നിന്നുയരുന്ന പ്രാർത്ഥനകൾ ദൈവം വിവേചിക്കുന്നുവെന്നും വിലയിരുത്തുന്നുവെന്നും വ്യക്തമാകുന്നു. അവർ ആരാധനകളും അമാവാസികളും പെരുന്നാളുകളുമൊക്കെ മോശെയുടെ ന്യായപ്രമാണം അനുസരിച്ച് മനഃപാഠപ്രാർത്ഥനകളോടെ നടത്തുന്നവരായിരുന്നു. അവയിൽ പാപങ്ങളെക്കുറിച്ചുള്ള അനുതാപമോ പുതിയ സൃഷ്ടികളായിത്തീരുവാനുള്ള ആവേശമോ ദൈവത്തോടുള്ള സ്നേഹമോ ഇല്ലായിരുന്നു. എന്നാൽ ദമസ്കൊസിൽ നേർവീഥി എന്ന തെരുവിൽ യൂദായുടെ വീട്ടിൽ പാർക്കുന്ന തർസൊസുകാരനായ ശൗൽ എന്നു പേരുള്ളവനെ അന്വേഷിക്കുവാൻ കർത്താവ് തന്റെ ശിഷ്യനായ അനന്യാസിനോടു കല്പിക്കുന്നു. അതിന്റെ കാരണവും കർത്താവ് വ്യക്തമാക്കുന്നു. “അവൻ പ്രാർത്ഥിക്കുന്നു.” (പ്രവൃ, 9:11). മാത്രമല്ല, അന്ധനായിത്തീർന്ന അവൻ കാഴ്ച പ്രാപിക്കുന്നതിനായി അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ തലയിൽ കൈ വയ്ക്കുന്നത് അവൻ കണ്ടിരിക്കുന്നു എന്നുകൂടി കർത്താവ് പറയുന്നതിൽ നിന്ന്, ആ മനുഷ്യൻ ഏതു നാട്ടുകാരനാണെന്നും അവൻ പാർക്കുന്നത് എവിടെയാണെന്നും അവന്റെ അവസ്ഥ എന്താണെന്നും മനസ്സിലാക്കുവാൻ അവന്റെ പ്രാർത്ഥന മുഖാന്തരമൊരുക്കി. അങ്ങനെ തന്റെ പ്രാർത്ഥനകൊണ്ട് സ്വർഗ്ഗത്തിന്റെ വാതായനങ്ങൾ തുറന്ന ശൗൽ എന്ന പൗലൊസാണ് തന്റെ ആത്മീയമക്കളോട് “ഇടവിടാതെ പ്രാർത്ഥിക്കുവിൻ” (1തെസ്സ, 5:17) എന്ന് ആഹ്വാനം ചെയ്യുന്നത്. പരമാർത്ഥത നിറഞ്ഞ പ്രാർത്ഥനകൾ നമ്മിൽനിന്ന് ഇടവിടാതെ ഉയരുമ്പോൾ, നാം ദൈവസന്നിധിയിൽ വിലയം പ്രാപിക്കുകയും ദൈവത്തിന്റെ പരിശുദ്ധാത്മാവ് സദാ നമ്മിൽ വസിച്ച് നമ്മെ വഴിനടത്തുവാൻ അതു മുഖാന്തരമൊരുക്കുകയും ചെയ്യുന്നു. ലോകത്തിന്റെ മോഹങ്ങളിലേക്കോ പാപത്തിന്റെ പെരുവഴികളിലേക്കോ ശ്രദ്ധതിരിക്കുവാൻ ഇടയാകാതെ ദൈവസന്നിധിയിൽ ഉയരുവാനും വളരുവാനും ഇടവിടാതെയുള്ള നമ്മുടെ പ്രാർത്ഥനകൾ സഹായിക്കുന്നു. ആ പ്രാർത്ഥനകൾ, ശബ്ദകോലാഹലങ്ങളോ മനഃപാഠശകലങ്ങളാ സാഹിത്യം കുത്തിത്തിരുകിയ പ്രസ്താവനകളോ അല്ല; പിന്നെയോ, കരുണാമയനായ ദൈവത്തിന്റെ സന്നിധിയിലേക്ക് ഇടവിടാതെ മനസ്സു പകരുന്ന അതിവിശുദ്ധമായ അവസ്ഥയാണ്. അതുകൊണ്ട് ഒരു ദൈവപൈതലിന് ഏതു സമയത്തും ഏതു സാഹചര്യത്തിലും ഏതവസ്ഥയിലും ഇടവിടാതെ പ്രാർത്ഥിക്കുവാൻ കഴിയണം.

Leave a Reply

Your email address will not be published. Required fields are marked *