അശ്ശൂർ

അശ്ശൂർ (Assyria) 

വടക്കും കിഴക്കും മേദ്യ, അർമ്മേനിയ പർവ്വതങ്ങളാൽ ചുറ്റപ്പെട്ട്, ടൈഗ്രീസ്, സാബ് എന്നീ നദികൾക്കു മദ്ധ്യേ കിടക്കുന്ന ചെറിയ ഭൂവിഭാഗമായിരുന്നു അശ്ശൂർ. അശ്ശൂർ-ബാബിലോണിയ പ്രദേശത്തു നിന്നും അശ്ശൂരിനെ വേർതിരിച്ചു കാണിക്കുക പ്രയാസമാണ്. സാംസ്കാരിക ചരിത്രത്തിലും ഈ ബന്ധം സുദൃഢമാണ്. ബി.സി. ഏഴാം നൂറ്റാണ്ടിന്റെ ഒടുവിൽ നെബോപൊലാസ്സർ അശ്ശൂരിന്റെ ആധിപത്യം നശിപ്പിച്ചതോടുകൂടി അശ്ശൂർ ബാബിലോണിൽ ലയിച്ചു. അശ്ശൂരിന്റെ തലസ്ഥാനമായിരുന്ന അശ്ശൂർ അഥവാ അഷ്ഷൂർ ടൈഗ്രീസ് നദിയുടെ പടിഞ്ഞാറെക്കരയിൽ സ്ഥിതിചെയ്യുന്നു. അശ്ശൂർ നഗരത്തിന്റെ ആധുനികനാമം ഖലാത്ത് ഷർക്കത്ത് ആണ്. ഇതിന് 96 കി.മീറ്റർ വടക്കാണ് നീനെവേ എന്ന പൗരാണികനഗരം. സർഗ്ഗോന്റെ ആസ്ഥാനമായ ദൂർഷാറുക്കിൻ (ആധുനിക ഖൊർസാബാദ്) നീനെവേയ്ക്കു വടക്കു കിഴക്കായി സ്ഥിതി ചെയ്തിരുന്നു. 

ബി.സി. 1950-നോടടുത്ത കാലഘട്ടത്തിൽ അശ്ശൂർ ഭരിച്ചിരുന്ന പുസൂർ-അശ്ശൂർ ഒന്നാമന്റെയും അനന്തരഗാമികളുടെയും കാലത്ത് അശ്ശൂർ ഒരു സാമ്രാജ്യമായി വളർന്നു. ബാബിലോൺ ഈ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. വിദേശ വാണിജ്യത്തിലൂടെ അശ്ശൂർ സാമ്പത്തികമായി വളർന്നു. ഷംഷിഅദാദ് ഒന്നാമന്റെ (ബി.സി. 1748-1716) കാലത്ത് അശ്ശൂർ അഭിവൃദ്ധി പ്രാപിച്ചു. ദേശീയദേവനായ അശ്ശൂരിനെ പ്രതിഷ്ഠിക്കുവാൻ അദ്ദേഹം ഒരു മഹാക്ഷേത്രം പണിയുകയും സുരക്ഷയ്ക്കായി ശക്തിദുർഗ്ഗങ്ങൾ നിർമ്മിക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ ഇറാൻ മുതൽ മെഡിറ്ററേനിയൻ സമുദ്രംവരെ അശ്ശൂർ സാമ്രാജ്യം വ്യാപിച്ചു. ഷംഷിഅദാദിന്റെ പുത്രനായ ഇഷ്മെദഗാൻ ഒന്നാമന്റെ മരണത്തോടുകൂടി അശ്ശൂർ ക്ഷയിച്ചു. തുടർന്നു അശ്ശൂർ ബാബിലോണിലെ ഹമ്മുറാബിക്കധീനമായി. (ബി.സി. 1696) . 

ബി.സി. പതിനാലാം നൂറ്റാണ്ടോടുകൂടി അശ്ശൂർ മിസ്രയീമിനു സമശീർഷമായ സാമ്രാജ്യമായി വളർന്നു. ഈജിപ്റ്റിലെ രാജാവായ തൂത്മോസ് മൂന്നാമൻ അശ്ശൂർ ആക്രമിച്ചു. മിത്താന്യൻ സൈന്യത്തെ പരാജയപ്പെടുത്തി. മിത്താനികളുടെ അധീശത്വത്തിൽ നിന്നും അങ്ങനെ അശ്ശൂരിനു മോചനം ലഭിച്ചു. ഹിത്യർ മിത്താനികളെ പരാജയപ്പെടുത്തിയതോടു കൂടി എറിബാ-അദാദ് (ബി.സി. 1383-1857) അശ്ശൂർ സാമ്രാജ്യം പുനരുദ്ധരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ അഷൂർ ഉബാല്ലിത് ഒന്നാമൻ അശ്ശൂരിനെ ഒരു വലിയ സൈനിക ശക്തിയാക്കിമാറ്റി. ഈജിപ്റ്റിലെ അമെൻഹോട്ടപ് നാലാമനു അദ്ദേഹം എഴു തിയ എഴുത്തു അമർണാ ലിഖിതങ്ങളിലുണ്ട്.

തിഗ്ലത്ത്-പിലേസർ (ബി.സി. 1114-1076): തിഗ്ലത്ത്-പിലേസർ ഒന്നാമന്റെ കാലത്തു അശ്ശൂർ സാമ്രാജ്യഘട്ടത്തിലേക്കു കടന്നു. സാമ്രാജ്യ കാലം ഏകദേശം 1100-633 ബി.സി. ആയിരുന്നു. തിഗ്ലത്ത്-പിലേസർ ഒന്നാമൻ ബാബിലോണിനെ ആക്രമിച്ചു കീഴടക്കി. അദ്ദേഹത്തിന്റെ കാലത്ത് അശ്ശൂർ സാമ്രാജ്യം വടക്കു ഉറാർട്ടു അഥവാ അർമ്മേനിയ വരെയും പടിഞ്ഞാറ് സിറിയയിലുടെ മെഡിറ്ററേനിയൻ വരെയും വ്യാപിച്ചു. അടുത്ത രണ്ടു നൂറ്റാണ്ടുകളിൽ അശ്ശൂർ ക്ഷയിച്ചു. തുടർന്നു അശ്ശൂർ ശക്തമായത് അഷൂർ നസിർപാളിന്റെ (ബി.സി. 883-859) കാലത്താണ്. ക്രൂരനായ അദ്ദേഹം അർമ്മേനിയരെ ആക്രമിച്ചു അവരെ കൂട്ടക്കൊലചെയ്തു. 

ശല്മനേസർ മൂന്നാമൻ (ബി.സി. 858-824): അഷൂർ നസിർപാളിന്റെ പുത്രനായ ശല്മനേസർ മൂന്നാമൻ സാമ്രാജ്യവിസ്തൃതി വർദ്ധിപ്പിച്ചു. അദ്ദേഹം സിറിയ കീഴടക്കി. വടക്കെരാജ്യമായ യിസ്രായേലിനോടു നേരിട്ടു ബന്ധം പുലർത്തിയ ആദ്യത്തെ ആശ്ശൂർ രാജാവ് ഇദ്ദേഹമാണ്. അശ്ശൂരിലെ രേഖകളിൽ കാണുന്നതനുസരിച്ചു ഓറന്റീസ് നദീതീരത്തുള്ള കാർക്കറിൽ ഒരു സഖ്യസൈന്യത്തെ നേരിട്ടു (ബി.സി. 853). സഖ്യകക്ഷികളുടെ ഐക്യം നഷ്ടപ്പെട്ടെങ്കിലും അശ്ശൂരിനു വിജയിക്കുവാൻ കഴിഞ്ഞില്ല. ഈ സഖ്യത്തിൽ യിസ്രായേൽ രാജാവായ ആഹാബും ഉൾപ്പെട്ടിരുന്നു. ശല്മനേസർ മുന്നാമനുശേഷം പുത്രനായ ഷംഷി അദാദ് അഞ്ചാമൻ (ബി.സി. 823-811) രാജാവായി. 

തിഗ്ലത്ത്-പിലേസർ മുന്നാമൻ: ബി.സി. 745-ൽ തിഗ്ലത്ത്-പിലേസർ മൂന്നാമൻ രാജാവായി. ബൈബിളിൽ പേരിനാൽ പറയപ്പെട്ട ആദ്യത്തെ അശ്ശൂർ രാജാവ് തിഗ്ലത്ത്-പിലേസർ മുന്നാമനാണ്. (2രാജാ, 15:29; 16:7, 10). പൂൽ എന്ന പേര് 2 രാജാക്കന്മാർ 15:19-ൽ ഉണ്ട്. 1ദിനവൃത്താന്തം 5:26-ൽ രണ്ടു പേരുകളും പറയപ്പെട്ടിട്ടുണ്ട്. തന്മൂലം ഇവരെ വ്യത്യസ്ത രാജാക്കന്മാരായി കണക്കാക്കിയിരുന്നു. എന്നാൽ ബാബിലോണിയൻ ശിലാരേഖകളിൽ പുലു വിനെക്കുറിച്ചു (pulu) പറയുകയും രണ്ടു പേരുകളും ഒരു രാജാവിന്റേതാണെന്നു സൂചിപ്പിക്കയും ചെയ്തിട്ടുണ്ട്. യിസ്രായേൽ രാജാവായ മെനഹേമിന്റെ കാലത്തു തിഗ്ലത്ത്-പിലേസർ മൂന്നാമൻ വടക്കെ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ കടന്നു. അശ്ശൂർ രാജാവായ പൂൽ ദേശത്തെ ആക്രമിച്ചു. മെനഹേം അവന്നു ആയിരം താലന്തു വെള്ളി കൊടുത്തു മടക്കി അയച്ചു. (2രാജാ, 15:19,20). അനന്തരം യിസ്രായേൽ രാജാവായ പേക്കഹ് അരാം രാജാവായ (സിറിയ) രെസീനോടു ചേർന്നു യെഹൂദാരാജാവായ ആഹാസിനെതിരെ വന്നു. ഈ അരാമ്യയിസ്രായേല്യ ഭീഷണി അശ്ശൂർ രാജാവിന്റെ ശക്തിയിലൂടെ തുടച്ചു മാറ്റപ്പെടുമെന്നു യെശയ്യാവു പ്രവചിച്ചു. (യെശ, 7:1-9, 16, 17; 8:3,4). എങ്കിലും ഈ സഖ്യസൈന്യത്തോടു യുദ്ധം ചെയ്യുന്നതിന് ആഹാസ് രാജാവു കപ്പം കൊടുത്തയച്ചു. അശ്ശൂർ രാജാവ് തന്മൂലം യിസ്രായേൽ രാജ്യത്തിന്റെ വടക്കുഭാഗത്തു നിന്ന് അനേകം പട്ടണങ്ങൾ പിടിച്ചു. ഭാവിയിൽ ഉണ്ടാകാവുന്ന മത്സരങ്ങളെ ഒഴിവാക്കുവാൻ വേണ്ടി ജനത്തെ മാറ്റി പാർപ്പിക്കുന്ന പദ്ധതി തിഗ്ലത്ത്-പിലേസർ മൂന്നാമൻ ആരംഭിച്ചു. ചില യിസ്രായേല്യരെ പ്രവാസികളായി കൊണ്ടുപോയി. (1ദിന, 5:6, 26). യെഹൂദയും അശ്ശൂരിനു വിധേയഭാവത്തിലായിരുന്നു. യെഹൂദയിലെ ആഹാസ് രാജാവ് ദമ്മേശെക്കിൽ ചെന്ന് തിഗ്ലത്ത്-പിലേസറിനു അഞ്ജലികളർപ്പിച്ചു. (2രാജാ, 15:29; 16:5-10, 18; 2ദിന, 28:16, 20,21).

ശല്മനേസർ അഞ്ചാമൻ (ബി.സി. 726-722): തിഗ്ലത്ത്-പിലേസറിനുശേഷം ശല്മനേസർ അഞ്ചാമൻ രാജാവായി. യിസ്രായേലിന്റെ സിംഹാസനം കയ്യടക്കിയ ഹോശേയ രാജാവ് അശ്ശൂരിനു കപ്പം കൊടുക്കാമെന്നു ആദ്യം ഏറ്റു. എന്നാൽ പിന്നീട് ഈജിപ്റ്റുമായി ഗൂഢാലോചന നടത്തി അശ്ശൂരിൽ നിന്നും മോചനം നേടാൻ ശ്രമിച്ചു. തുടർന്നു ശല്മനേസർ ശമര്യയിലേക്കു വന്നു അതിനെ മൂന്നു വർഷം നിരോധിച്ചു. അശ്ശൂർ രാജാവ് ശമര്യ കീഴടക്കി യിസ്രായേല്യരെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി. (2രാജാ, 17:56, 18:9-11; ഹോശേ, 7:11; 8:7-10). എന്നാൽ മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ശമര്യയുടെ പതനത്തിനു മുമ്പ് ശല്മനേസർ മരിച്ചുവെന്നും പട്ടണം വീണത് സർഗ്ഗോൻ രണ്ടാമന്റെ കാലത്താണെന്നും അത്രേ. 

സർഗ്ഗോൻ രണ്ടാമൻ (ബി.സി. 721-705): സർഗ്ഗോനെക്കുറിച്ചു ഒരേയൊരു പരാമർശമാണ് ബൈബിളിലുള്ളത്. (യെശ, 20:1). 27,290 യിസ്രായേല്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതായി സർഗ്ഗോന്റെ രേഖകൾ പറയുന്നു. ഇദ്ദേഹം ഫെലിസ്ത്യയും ആക്രമിച്ചു. ഈ ആക്രമണകാലത്താണ് അശ്ശൂരിന്റെ ആക്രമണത്തിനെതിരായി മിസ്രയീമിനെയും കൂശിനെയും സംരക്ഷണത്തിനു വേണ്ടി ആശ്രയിക്കുന്നതു വിഡ്ഢിത്തമാണെന്നു യെശയ്യാ പ്രവാചകൻ മുന്നറിയിപ്പു നല്കിയത്. (20:1-6). സർഗ്ഗോന്റെ ഭരണകാലത്തു ബാബിലോണിലും സിറിയയിലും നിന്നു ആളുകളെ കൊണ്ടുവന്നു ശമര്യയിൽ കൂടിപാർപ്പിച്ചു. അനന്തരം പ്രവാസത്തിൽനിന്നും ഒരു പുരോഹിതനെ ദേശത്തു ദൈവികമാർഗ്ഗം ഉപദേശിക്കുന്നതിനു വേണ്ടി മടക്കി അയച്ചു. (2രാജാ, 17:24-28). ഖോർസാബാദിലെ അദ്ദേഹത്തിന്റെ വിശാലമായ കൊട്ടാരം ഉൽഖനനം ചെയ്തെടുത്തിട്ടുണ്ട്.

സൻഹേരീബ് (ബി.സി. 704-681): സർഗ്ഗോന്റെ പുത്രനായ സൻഹേരീബ് ഹിസ്കീയാ രാജാവിന്റെ വാഴ്ചയുടെ പതിനാലാമാണ്ടിൽ യെഹൂദാ ആക്രമിച്ചു. (2രാജാ, 18:13; യെശ, 36:1). ഹിസ്കീയാ രാജാവ് അശ്ശൂർരാജാവിനോടു മത്സരിച്ചു അവനെ സേവിച്ചില്ല. (2രാജാ, 18:7). തൽഫലമായി സൻഹേരീബ് യെഹൂദയെ ആക്രമിച്ചു നാല്പത്താറു പട്ടണങ്ങൾ പിടിച്ചു. (യെശ, 36:1,2). യെഹൂദാ രാജാവായ ഹിസ്കീയാവ് ലാഖീശിൽ അശ്ശൂർ രാജാവിന്റെ അടുക്കൽ ആളയച്ചു കല്പിക്കുന്ന പിഴ അടച്ചുകൊള്ളാമെന്നു പറയിച്ചു. അശ്ശൂർ രാജാവു 300 താലന്തു വെള്ളിയും 30 താലന്തു പൊന്നും ആവശ്യപ്പെട്ടു. (2രാജാ, 18:14-16; 2ദിന, 32:1). ഈ പിഴ ഒടുക്കിയെങ്കിലും അശ്ശൂർരാജാവ് സൈന്യത്തെ അയച്ചു നിരുപാധികം കീഴടങ്ങുവാൻ ആവശ്യപ്പെട്ടു. (2രാജാ, 18:17-19:34; 2ദിന, 32:2-20). എന്നാൽ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർ സൈന്യത്തിലെ 1,85,000 പേരെ കൊന്നു. അതിനാൽ നീനെവേയിലേക്കു പിൻവാങ്ങുന്നതിന് അശ്ശൂര്യർ പ്രേരിതനായി. (2രാജാ, 19:35,36). തലസ്ഥാന നഗരിയിൽ വെച്ച് രണ്ടു പുത്രന്മാർ ആയാളെ വധിച്ചു. മറ്റൊരു പുത്രനായ ഏസെർ-ഹദ്ദോൻ രാജാവായി. (2രാജാ, 19:37; 2ദിന, 32:21,22; യെശ, 37:36-38).

ഏസെർ-ഹദ്ദോൻ (ബി.സി. 680-669): പിതാവിനെ വധിച്ച് സഹോദരന്മാരെ രാജ്യത്തുനിന്നു നിഷ്കാസനം ചെയ്തുകൊണ്ട് ഏസെർ-ഹദ്ദോൻ ഭരണം ഏറ്റെടുത്തു. ബാബിലോണിനെയും തന്റെ തലസ്ഥാനങ്ങളിലൊന്നാക്കി. ബാർബേറിയൻ ആക്രമണങ്ങളിൽ നിന്നു രാജ്യത്തെ രക്ഷിച്ചു. മനശ്ശെയുടെ വാഴ്ചക്കാലത്തു അദ്ദേഹത്തെ ബാബേലിലേക്കു ബദ്ധനാക്കി കൊണ്ടു പോകുന്നതിനു അശ്ശൂർരാജാവിന്റെ സേനാപതിമാരെ യഹോവ വരുത്തി. അവർ മനശ്ശയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടു പോയി. (2ദിന, 33:11). ഏസെർ-ഹദ്ദോനു കപ്പം കൊടുക്കുന്നവരുടെ കൂട്ടത്തിൽ മനശ്ശെ രാജാവിന്റെ പേരും ശിലാലിഖിതങ്ങളിൽ കാണുന്നുണ്ട്. അനന്തരം യഹോവ മനശ്ശെയെ യെരൂശലേമിലേക്കു മടക്കി വരുത്തി. (2ദിന, 33:10-13). മരിക്കുന്നതിനു മുമ്പായി ഏസെർ-ഹദ്ദോൻ തന്റെ രാജ്യം രണ്ടു പുത്രന്മാർക്ക് വിഭാഗിച്ചുകൊടുത്തു. 

അശ്ശൂർ ബനിപ്പാൾ (ബി.സി. 668-633): ഏസെർ-ഹദ്ദോന്റെ പുത്രനായ അശ്ശൂർ ബനിപ്പാൾ അശ്ശൂരിന്റെ അവസാനകാലത്തെ പ്രമുഖനായ രാജാവാണ്. ഇദ്ദേഹത്തിന്റെ കാലത്തു രാജ്യവിസ്തൃതി ഉച്ചാവസ്ഥയിലെത്തി. മിസ്രയീമിലുണ്ടായ ഒരു വിപ്ലവത്തെ അടിച്ചമർത്തി തീബ്സ് പട്ടണം നിരോധിച്ചു. (നഹും, 3:7,8). എസ്രാ 4:10-ൽ പറഞ്ഞിരിക്കുന്ന മഹാനും ശ്രഷ്ഠനുമായ അസ്നപ്പാർ അശ്ശൂർ ബനിപ്പാളായിരിക്കണം. ഏസെർ-ഹദ്ദോൻ മരിക്കുന്നതിനു മുമ്പായി അശ്ശൂർ ബനിപ്പാളിനെ സാമ്രാജ്യത്തിലെ ചക്രവർത്തിയായും മറ്റൊരു പുത്രനായ ഷംഷ്ഴുമുകിനെ ബാബിലോണിലെ രാജാവായും നിയമിച്ചിരുന്നു. ഷംഷ്ഷുമുകിൻ പിന്നീട് സഹോദരനോടു യുദ്ധം ചെയ്തു. ഈ യുദ്ധത്തിൽ അനേകം ബാബിലോന്യർ വധിക്കപ്പെട്ടു. അശ്ശൂർ ബനിപ്പാൾ യുദ്ധം ജയിച്ചുവെങ്കിലും അതു അശ്ശൂരിന്റെ ശക്തിയെ ക്ഷയിപ്പിച്ചു. ബാബിലോൺ രാജാവായ നെബോപ്പൊലാസറും മേദ്യനായ സ്യാക്സാരസും (Cyaxares) ചേർന്നു നിരോധിക്കുക മൂലമാണ് നീനെവേ വീണതെന്നു ബാബിലോന്യൻ ദിനവൃത്താന്തങ്ങൾ സൂചിപ്പിക്കുന്നു. ഇങ്ങനെ നിഷ്ഠൂരമായ അശ്ശൂർ ഭരണം അപമാനകരമായ അന്ത്യത്തിൽ നിപതിച്ചു. ബി.സി. 614-ൽ മേദ്യർ അശ്ശൂർ നഗരം ആക്രമിച്ചു നശിപ്പിച്ചു. ബി.സി. 612-ൽ നീനെവേയും അവർ കീഴടക്കി. 

തിരുവെഴുത്തുകളിൽ അശ്ശൂരിനെ ആദ്യം പരാമർശിക്കുന്നത് ഉല്പത്തി 2:14-ലാണ്. ഏദെൻ തോട്ടത്തിൽ നിന്നും പുറപ്പെട്ട നദിയുടെ മൂന്നാം ശാഖയായ ഹിദ്ദേക്കെൽ (ടൈഗ്രീസ്) അശ്ശൂരിനു കിഴക്കോട്ടൊഴുകുന്നു. പ്രളയാനന്തരം ശേമ്യരാണ് അശ്ശൂരിൽ പാർപ്പുറപ്പിച്ചത്. തുടർന്നു ഹാമിന്റെ പൗത്രനായ നിമ്രോദ് അശ്ശൂരിൽ പ്രവേശിച്ചു് നീനവേ, രെഹോബോത്ത് പട്ടണം, കാലഹ്, നീനവേക്കും കാലഹിനും മദ്ധ്യേ രേസെൻ എന്നീ പട്ടണങ്ങൾ പണിതു. മഹാനഗരമായിരുന്നു രേസെൻ. (ഉല്പ, 10:11,12). അനന്തരകാലത്ത് അബ്രാഹാമിന്റെ പുത്രനായ യിശ്മായേലിന്റെ സന്തതികൾ അശ്ശൂർ വരെ പാർപ്പുറപ്പിച്ചതായി കാണുന്നു. (ഉല്പ, 25:18). ബി.സി. 8-ാം നൂറ്റാണ്ടിൽ യോനാ പ്രവാചകൻ അശ്ശൂരിന്റെ തലസ്ഥാനമായ നീനവേയിലേക്കു നിയോഗിക്കപ്പെട്ടു. യോനാപ്രവാചകന്റെ പ്രസംഗം കേട്ടു പട്ടണം മുഴുവൻ രാജാവിനോടൊപ്പം മാനസാന്തരപ്പെട്ടു. ഇത് ഏതു രാജാവിന്റെ കാലത്തായിരുന്നു എന്നത് വ്യക്തമല്ല. ബിലെയാമിന്റെ പ്രവചനത്തിൽ അശ്ശൂരിനെക്കുറിച്ചു പറയുന്നു. “കിത്തീം തീരത്തു നിന്നു കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, എബെരിനെയും താഴ്ത്തും, അവനും നിർമ്മൂലനാശം ഭവിക്കും.” (സംഖ്യാ, 24:24). യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ, ഹോശേയാ, മീഖാ, നഹും, സെഫന്യാവ്, സെഖര്യാവ് എന്നിവരുടെ പ്രവചനങ്ങളിൽ അശ്ശൂരിനെക്കുറിച്ചുള്ള ധാരാളം പരാമർശങ്ങളുണ്ട്. മിസ്രയീമും (ഈജിപ്റ്റ്) അശ്ശൂരും യിസ്രായേലും സമാധാനത്തിൽ വർത്തിക്കുന്ന ഒരുകാലം യെശയ്യാവ് പ്രവചിച്ചിട്ടുണ്ട്. (19:23-25). മിസ്രയീമിനെ ‘എന്റെ ജനം’ എന്നും, അശ്ശൂരിനെ ‘എന്റെ കൈകളുടെ പ്രവൃത്തി’ എന്നും, യിസ്രായേലിനെ ‘എന്റെ അവകാശം’ എന്നും യഹോവ വിളിക്കുന്നു. അന്നു യിസ്രായേൽ ഭൂമിയുടെ മദ്ധ്യേ അനുഗ്രഹമായിരിക്കുകയും ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *