അരിസ്തർഹൊസ്

അരിസ്തർഹൊസ് (Aristarchus)

പേരിനർത്ഥം – നല്ല ഭരണകർത്താവ് 

തെസ്സലൊനീക്യ സ്വദേശിയായ അരിസ്തർഹൊസ് അപ്പൊസ്തലനായ പൗലൊസിന്റെ സഹപ്രവർത്തകനും സഹചാരിയും ആയിരുന്നു. മൂന്നാം മിഷണറിയാത്രയിൽ പൗലൊസിനോടൊപ്പം ഉണ്ടായിരുന്നു. എഫെസൊസിൽ ദെമേത്രിയൊസ് എന്ന തട്ടാന്റെ നേതൃത്വത്തിൽ ഉണ്ടായ കലഹം നിമിത്തം ജനം അരിസ്തർഹൊസിനെയും ഗായോസിനെയും പിടിച്ചു രംഗസ്ഥലത്തു കൊണ്ടുവന്നു. ജനമെല്ലാം അവർക്കെതിരെ ഇളകി അർത്തെമിസ് ദേവിയുടെ പേരിൽ ആർത്തുവിളിച്ചുകൊണ്ടിരുന്നു. പൗലൊസിനെ ജനസമൂഹത്തിൽ വരാൻ ശിഷ്യന്മാർ സമ്മതിച്ചില്ല: (പ്രവൃ, 19:29,30). പട്ടണമേനോൻ കലഹം ശമിപ്പിക്കുകയാൽ അവർ രക്ഷപ്പെട്ടു. അനന്തരം അരിസ്തർഹൊസ് പൗലൊസിനോടൊപ്പം മക്കദോന്യവഴി യവനദേശത്തെത്തി, അതിനുശേഷം ആസ്യയിൽ വന്നു: (പ്രവൃ, 20:4). തുടർന്നു പൗലൊസിനോടുകൂടി റോമിലേക്കു പോയി: (പ്രവൃ, 27:2). പൗലൊസിന്റെ കാരാഗൃഹവാസത്തിൽ സഹായി ആയിരുന്നു. കൊലൊസ്സ്യലേഖനം എഴുതുമ്പോൾ അരിസ്തർഹൊസ് പൗലൊസിന്റെ സഹബദ്ധനായിരുന്നു: (കൊലൊ, 4:10). ഫിലേമോന്റെ ലേഖനത്തിൽ കൂട്ടുവേലക്കാരൻ എന്നു പൗലൊസ് പറഞ്ഞിട്ടുണ്ട്. (ഫിലേ, 24). പാരമ്പര്യമനുസരിച്ചു നീറോയുടെ കാലത്തു രക്തസാക്ഷിയായി.

Leave a Reply

Your email address will not be published. Required fields are marked *