സഭാസ്ഥാപനത്തെ സംബന്ധിച്ച മൂന്ന് തെറ്റിദ്ധാരണകൾ

☛ എഡി 33, മെയ് 24 ഞായറാഴ്ച പെന്തെക്കൊസ്തുനാളിൽ രാവിലെ 9 മണിക്ക് യെരൂശലേമിൽ സ്ഥാപിതമായ ക്രൈസ്തവ സഭയെ സംബന്ധിച്ച ചില തെറ്റിദ്ധാരണകളാണ് നാം പരിശോധിക്കുന്നത്: .
𝟭. സഭയുടെ പ്രഥമാംഗങ്ങൾ 120 പേരാണ്.
𝟮. പെന്തെക്കൊസ്തു നാളിൽ കൂടിയിരുന്ന എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചു. 
𝟯. സഭ സ്ഥാപിതമായത് മാളികമുറിയിലാണ്. ➟നമുക്ക് ഓരോന്നും വചനപ്രകാരം പരിശോധിക്കാം:

𝟭. മാളികമുറി:
➟ എ.ഡി. 33, മെയ് 14 വ്യാഴാഴ്ച കർത്താവ് ഒലിവുമലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്തശേഷം ഇങ്ങനെയാണ് വായിക്കുന്നത്: “അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി,” (പ്രവൃ, 1:12-13). ഈ വേദഭാഗത്ത്, “Hyperōon hou ēsan katamenontes” എന്ന ഗ്രീക്കുപ്രയോഗത്തിന് “അവർ പാർത്തിരുന്ന മുകളിലത്തെ മുറി” (The room where they were staying) എന്നാണർത്ഥം. [കാണുക: വി.ഗ്ര]. അല്ലാതെ, അതൊരു വലിയ മാളികയാണ് എന്നർത്ഥമില്ല. ക്രിസ്തുവിൻ്റെ ക്രൂശീകരണത്തിനുശേഷം യെഹൂദന്മാരെ പേടിച്ച് അപ്പൊസ്ഥലന്മാർ ഒളിച്ചുപാർത്ത ഇടമാണ് ഈ പറയുന്ന മുറി: (യോഹ, 20:19).

☛ യേശുവും അപ്പൊസ്തലന്മാരും പെസഹ ഭക്ഷിച്ച മാളികമുറിയും അപ്പൊസ്തലന്മാർ പാർത്തിരുന്ന മാളികമുറിയും ഒന്നല്ല. (മർക്കൊ, 14:15; ലൂക്കൊ, 22:12). ഗ്രീക്കിൽ മാളികമുറിയെ കുറിക്കുന്ന രണ്ട് വ്യത്യസ്ത പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യത്തേത്, “Anagaion” എന്ന പദവും രണ്ടാമത്തേത്, “Hyperōon” എന്ന പദവുമാണ്. സുവിശേഷങ്ങളിലെ “അനോജിയോൺ” എന്ന പദത്തിന് “നിലത്തുനിന്ന് ഉയർന്ന ഒരു ഹാൾ” എന്നാണർത്ഥം. തന്നെയുമല്ല, അതിന് “വൻ/വലിയ” (mega𝐦 – large) എന്നൊരു വിശേഷണവും ഉണ്ട്. എന്നാൽ പ്രവൃത്തികളിലെ “ഹൈപെറോൺ” എന്നത്, ഒരു വീടിന്റെ മുകളിലത്തെ നിലയിലുള്ള സാധാരണ മുറിയെയാണ് സൂചിപ്പിക്കുന്നത്. അതായത്, പെസഹ ഭക്ഷിച്ചത് “മുകളിലുള്ള വലിയ ഹാളിലും” (large upper room), അപ്പൊസ്ഥലന്മാർ പാർത്തത് “മുകളിലുള്ള ഒരു സാധാരണ മുറിയിലും” (upper room) ആണ്. ഒളിച്ചുപാർക്കാൻ വന്മാളിക ആരും തിരഞ്ഞെടുക്കില്ല. കർത്താവിൻ്റെ സ്വർഗ്ഗാരോഹണശേഷവും ശിഷ്യന്മാർ അവിടേക്കാണ് പോയത്. അവിടെയാണ് യേശുവിൻ്റെ അമ്മയായ മറിയയും അവൻ്റെ സഹോദരന്മാരും മറ്റു സ്ത്രീകളുമായി ഒരുമനപ്പെട്ട് പ്രാർത്ഥന കഴിച്ചു പോന്നത്: (പ്രവൃ, 1:13-14). 

𝟮. നൂറ്റിരുപതു പേരുള്ള ഒരു സംഘം:
➟ “ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്നു പറഞ്ഞതു:” (പ്രവൃ, 1:15). ഇവിടെ “Hemerais tautais” എന്ന ഗ്രീക്ക് പ്രയോഗത്തിനന് “ആ ദിവസങ്ങളിൽ” (in those days) എന്നാണ്. [കാണുക: വി.ഗ്ര]. അതായത്, കർത്താവ് സ്വർഗ്ഗാരോഹണം ചെയ്ത അന്നേ ദിവസമല്ല; അതിനടുത്ത ഒരു ദിവസത്തിലാണ്. അടുത്ത ശ്രദ്ധേയമായ പ്രയോഗം: “Epi to auto” ആണ്. അതിൻ്റെ അർത്ഥം: “ഒരുമിച്ചുകൂടി അല്ലെങ്കിൽ ഒരു സ്ഥലത്തു ഒരുമിച്ചുകൂടി” (Gathered together in one place) എന്നാണ്. [കാണുക: സ.വേ.പു.CL). അതായത്, അവർ പാർത്തിരുന്ന മുറിയിലാണ് ഒത്തുകൂടിയതെന്ന് അവിടെ പറയുന്നില്ല. അക്കാലത്തെ ഒരു വീടിൻ്റെ മകളിലത്തെ മുറിയിൽ 120 പേർക്ക് ഒരുമിച്ചുകൂടാൻ ഒരിക്കലും കഴിയില്ല. തന്നെയുമല്ല, ഇത് പെഹഹഭോജനം കഴിച്ചപോലുള്ള വലിയ ഹാളല്ല; ഒരു വീടിൻ്റെ മുകളിലത്തെ ഒരു മുറിയാണ്. പതിനൊന്ന് ശിഷ്യന്മാരെ കൂടാതെ, മുകളിലത്തെ മുറിയിൽ ഉണ്ടായിരുന്നതായി പറയുന്നത്: യേശുവിന്റെ അമ്മയായ മറിയയും അവന്റെ സഹോദരന്മാരും ചില സ്ത്രീകളുമാണ്: (പ്രവൃ, 1:14). യേശുവിനെ സ്ഥിരമായി അനുഗമിച്ചിരുന്ന മൂന്നുനാല് സ്ത്രീകളും അവൻ്റെ അമ്മയും സഹോദരന്മാരും പതിനൊന്നു ശിഷ്യന്മാരും ചേർത്ത് ആകെ ഇരുപതോളം പേരാണ് മാളികമുറിയിൽ പ്രാർത്ഥന കഴിച്ചുപോന്നത്. യേശുവിൻ്റെകൂടെ സ്ഥിരമായി നടന്നിരുന്ന അപ്പൊസ്തലന്മാർക്കും സ്ത്രീകൾക്കും അമ്മയ്ക്കും സഹോദരന്മാർക്കും അല്ലാതെ മറ്റാർക്കും യെഹൂദന്മാരെ പേടിക്കേണ്ട കാര്യമില്ല. അപ്പോൾ, നൂറ്റിരുപതു പേരുള്ള ഒരു സംഘം ഒന്നിച്ചുകൂടിയത് മാളികമുറിയിൽ അല്ലെന്ന് മനസ്സിലാക്കാം. മത്ഥിയാസിനെ അപ്പൊസ്തലന്മാരിൽ ഒരുവനായി തിരഞ്ഞെടുക്കുന്ന ശുശ്രൂഷയിലാണ് 120 പേർ ഉണ്ടായിരുന്നത്. സ്ഥലത്തിനല്ല; ആ പ്രവർത്തിക്കാണ് പ്രാധാന്യം എന്നതുകൊണ്ട് അത് എവിടെവെച്ചാണെന്ന് വ്യക്തമാക്കിയിട്ടില്ല: (പ്രവൃ, 1:23-26). KJV, NKJV, NASB, NIV, ESV മുതലായ അനേകം ഇംഗ്ലീഷ് പരിഭാഷകളിലും, മലയാളത്തിലെ ഇ.ആർ.വി, ബെഞ്ചമിൻ ബെയ്‌ലി മുതലായ പരിഭാഷകളിലും 120 പേർ എന്ന ഭാഗം സന്ദിഗ്ധം (സംശയിക്കത്തക്ക) എന്ന നിലയിൽ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. എന്നാൽ ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനവും സമഗ്രവുമായ മൂന്നു കയ്യെഴുത്തു പ്രതികളിലും Codex Vaticanus (AD 300-35), Codex Sinaiticus (330-360), Codex Alexandrinus (400-440) കാണുന്നുണ്ട്. 

𝟯. എല്ലാവരു ഒരു കൂടിയിരുന്നു:
➟ “പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.” (പ്രവൃ, 2:1). ഇത് കർത്താവ് സ്വർഗ്ഗാരോഹണം ചെയ്തതിനും പത്തുദിവസങ്ങൾക്ക് ശേഷം മെയ് 24-ാം തീയതി പെന്തെക്കൊസ്തുനാളിൽ രാവിലെ മൂന്നാം മണിനേരത്ത് (9 AM) നടക്കുന്ന സംഭവമാണ്. ഈ വേദഭാഗത്തെ, “എല്ലാവരും” (pantes – all) എന്നപദത്തിന് എത്രപേരുണ്ടെന്നോ, ആരൊക്കെയാണെന്നോ പറയാൻ സാദ്ധ്യമല്ല; അത് താഴെവരുമ്പോൾ അറിയാം. അടുത്ത പ്രയോഗം: “ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു” (together in one place) എന്നാണ്. അതിൻ്റെ ഗ്രീക്കിലെ അർത്ഥം: “ഒരേ മനസ്സോടെ ഒരിടത്ത് കൂടിയിരുന്നു” എന്നാണ്. ഇത് അവർ താമസിച്ചിരുന്ന മുറിയല്ല. അവിടെ അവർ ഒരുമനപ്പെട്ട് അല്ലെങ്കിൽ ഒരേ മനസ്സോടെ പ്രാർത്ഥനകഴിച്ചു പോന്നവരാണ്: (പ്രവൃ, 1:14). പെന്തെക്കോസ്ത് നാളിലും അവിടെത്തന്നെയാണ് അവർ കൂടിയിരുന്നതെങ്കിൽ, പിന്നെയും “ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു” എന്ന് പറയേണ്ട കാര്യമില്ല. അവർ മറ്റെവിടെയോ ആണ് ഒന്നിച്ചുകൂടിയിരുന്നത്. അതെവിടെയാണെന്ന് താഴെ മനസ്സിലാക്കാം. 

𝟰. പെന്തെക്കൊസ്തുനാൾ:
➟ “പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.” (പ്രവൃ, 2:2). ഇവിടെ രണ്ട് കാര്യങ്ങൾ കാണാം:
❶ അവർ ഒരു വീട്ടിലാണ് (house) ഇരുന്നിരുന്നതെന്നാണ് വായിക്കുന്നത്. “അവർ ഇരുന്നിരുന്ന വീടു” എന്ന പ്രയോഗം നോക്കുക. അതുകൊണ്ടാണ്, മാളികമുറിയിലാണ് (വീട്) സഭ സ്ഥാപിതമായതെന്ന് പലരും വിചാരിക്കുന്നത്. എന്നാൽ “വീടു” (house) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “Oikos” എന്ന ഗ്രീക്കുപദം വീടിനെ മാത്രം കുറിക്കുന്നതല്ല: (മത്താ, 9:6). യിസ്രായേൽ ഗൃഹം (മത്താ, 10:6), രാജഗൃഹം (മത്താ, 11:8), ദൈവാലയം (മത്താ, 12:4), ദാവീദ് ഗൃഹം (ലൂക്കൊ, 1:27), യാക്കോബ് ഗൃഹം (ലൂക്കൊ, 1:33), ദൈവത്തിൻ്റെ സഭ (1തിമൊ, 3:15), ആത്മികഗൃഹം (1പത്രൊ, 2:5) എന്നിങ്ങനെ അഭിന്നമായി ഉപയോഗിച്ചിരിക്കുന്ന ഒരു പദമാണ്. അതിൽ, “വീടു” കഴിഞ്ഞാൽ ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്നത്, “ദൈവാലയം” (House of God) എന്ന അർത്ഥത്തിലാണ്.
❷ വീടു മുഴുവൻ നിറച്ച ഒരു വലിയ മുഴക്കം ഉണ്ടായി. “കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.” പരിശുദ്ധാത്മാവിൻ്റെ അവരോഹണത്തോടൊപ്പം ഉണ്ടായത് ഒരു സ്വർഗ്ഗീയ മുഴക്കമാണെന്ന (A sound from heaven) കാര്യത്തിൽ സംശയമില്ല. എന്നാൽ ആ മുഴക്കം യെരൂശലേം മുഴുവനും നിറച്ചു എന്നല്ല; “അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു” എന്നാണ് പറഞ്ഞിരിക്കുന്നത്. തുടർന്ന് അവർ അന്യഭാഷകളിൽ സംസാരിച്ചതായും പറഞ്ഞിട്ടുണ്ട്: (പ്രവൃ 2:4). ഇവിടെ ചിന്തനീയമായ ഒരു വിഷയമുണ്ട്: അവർ യെരൂശലേമിലെ ഏതെങ്കിലും വീടിൻ്റെ മുകളിലായിരുന്നെങ്കിൽ, ആ മുറി മുഴുവൻ നിറച്ച ഒരു മുഴക്കമുണ്ടായാലോ, അവിടെയിരുന്ന് അവർ അന്യഭാഷ പറഞ്ഞാലോ ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന പുരുഷാരം വന്നുകൂടുമോ? (പ്രവൃ, 2:5-6). അന്ന് യെഹൂദാ പുരുഷന്മാർ എല്ലാവരും നിർബന്ധമായും വന്നുചേരേണ്ട മൂന്ന് മഹോത്ഭവങ്ങളിൽ രണ്ടാമത്തേതായ പെന്തെക്കൊസ്ത് പെരുനാളാണ്. ദൈവാലയത്തെ കേന്ദീകരിച്ചാണ് പുരുഷാരം ഉണ്ടാകുന്നത്. അപ്പൊസ്തലന്മാർ പാർത്തിരുന്നത് യെരൂശലേമിൽ ആണെന്നല്ലാതെ, ദൈവാലയത്തിന് അടുത്താണെന്നോ, അകലെയാണെന്നോ പറഞ്ഞിട്ടില്ല. അതിനാൽ, ഏതെങ്കിലും ഒരു വീടിൻ്റെ മുകളിലാണ് സഭ സ്ഥാപിതമായതെന്ന് പറയാൻ നിവൃത്തിയില്ല.

𝟱. പെന്തെക്കൊസ്ത് അനുഭവം:
➟ പരിശുദ്ധാത്മാവ് അവരോഹണം ചെയ്തപ്പോഴുള്ള അടുത്ത സംഭവം ഇപ്രകാരമാണ്: “എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.” (പ്രവൃ, 2:4). ഈ വാക്യം സത്യവേദപുസ്തകത്തിൽ ഒറ്റയായിട്ടാണ് എഴുതിയിരിക്കുന്നതെങ്കിലും, മൂലഭാഷയായ ഗ്രീക്കിൽ രണ്ട് ഭാഗങ്ങളാണ്. രണ്ട് ഭാഗങ്ങളുടെയും മദ്ധ്യേ “കൈ” (kai – and) എന്ന “സംയോജനപദം” (Conjection) കാണാം. മറ്റ് പരിഭാഷകളിൽ അർധവിരാമമോ (Semicolon), അല്പവിരാമമോ (Comma) ഇട്ട് രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യഭാഗത്ത്, “എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി” എന്നും അടുത്തഭാഗത്ത്, “ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി” എന്നുമാണ്. BSI-ടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷ കാണുക: “എല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ആത്മാവ് അവര്‍ക്ക് ഉച്ചരിക്കുവാന്‍ നല്‌കിയ വരം അനുസരിച്ച് വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാന്‍ തുടങ്ങി.” [കാണുക: സ.വേ.പു.CL – പി.ഒ.സി]. അതായത്, എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി. എന്നാൽ എല്ലാവരും അന്യഭാഷ പറഞ്ഞു എന്ന് പറയുന്നില്ല. ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി. എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചിരുന്നു എങ്കിൽ, “എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി” എന്നേ പറയുമായിരുന്നുള്ളു. 

☛ ഒരു വരവും ഒരുപോലെ എല്ലാവർക്കും ഉള്ളതല്ല എന്നതിൻ്റെ വ്യക്തമായ തെളിവ് വചനത്തിലുണ്ട്. “എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു. ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു; വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം; മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.” (1കൊരി, 12:7-10). ഒരുത്തന്നു ഒരു വരം, മറ്റൊരുവന്നു മറ്റൊരു വരം, വേറൊരുവന്നു വേറൊരു വരം എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. 
➟ അടുത്തവാക്യം: “എല്ലാവർക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ? എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.” (1കൊരി, 12:30-31). ദൈവം ഒരേവരം എല്ലാവർക്കും കൊടുക്കുന്നില്ലെന്ന് ഈ വേദഭാഗത്ത് വ്യക്തമാണ്. സഭയാകുന്ന ക്രിസ്തുവിൻ്റെ ശരീരത്തോടുള്ള ബന്ധത്തിലും (1കൊരി, 12:12-25) ശുശ്രൂഷയോടുള്ള ബന്ധത്തിലും അത് വ്യക്തമാക്കിയിട്ടുണ്ട്: (എഫെ, 4:11). പത്രൊസിനോടുള്ള ബന്ധത്തിൽ അത് കൂടുതൽ വ്യക്തമാകും.

𝟲. ഇവർ ലഹരി പിടിച്ചവരല്ല:
➟ പെന്തെക്കൊസ്തുനാളിൽ പത്രൊസ് അന്യഭാഷ പറഞ്ഞില്ല എന്നതിൻ്റെ തെളിവ് അവൻ്റെ നാവിൽനിന്നുതന്നെ അറിയാം: “നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ.” (പ്രവൃ, 2:15). ഈ വേഭാഗത്ത്, “നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല” എന്നതിന് ഗ്രീക്കിൽ “ou gar hos hymeis hypolambanete houtoi methyousin” എന്നാണ്. ഇതിൽ “ഹുമീസ്” (hymeis), “ഹൂത്തോയ്” (houtoi) എന്നീ രണ്ട് പദങ്ങൾ പത്രൊസ് ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. ആദ്യത്തേത്, “നിങ്ങൾ” (You) എന്നർത്ഥമുള്ള മധ്യമപുരുഷ ബഹുവചന സർവ്വനാമവും (2nd Person Plural Pronoun), അടുത്തത്, “ഇവർ” (these) എന്നർത്ഥമുള്ള പ്രഥമപുരുഷ ബഹുവചന സർവ്വനാമവുമാണ് (3rd Person Plural Pronoun). “നിങ്ങൾ” എന്ന മധ്യമപരുഷനിൽനിന്നും (പുതുവീഞ്ഞ് കുടിച്ചിരിക്കുന്നു എന്നുപറഞ്ഞ് പരിഹസിച്ച യെഹൂദന്മാർ), “ഇവർ” എന്ന പ്രഥമപുരുഷനിൽ നിന്നും (അന്യഭാഷ പറഞ്ഞവർ) പത്രൊസ് “തന്നെ” വേർതിരിച്ചാണ് പറയുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ, അന്യഭാഷ പറഞ്ഞവരുടെ കൂട്ടത്തിലോ, പരിഹാസികളുടെ കൂട്ടത്തിലോ പത്രൊസില്ല. പത്രൊസ് അന്യഭാഷ പറഞ്ഞിരുന്നു എങ്കിൽ, “ഇവർ ലഹരി പിടിച്ചവരല്ല” എന്ന് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയാതെ, “ഞങ്ങൾ ലഹരി പിടിച്ചവരല്ല” എന്ന് തന്നെയും ചേർത്ത് ഉത്തമപുഷ സർവ്വനാമത്തിൽ (1st Person Plural Pronoun) പറയുമായിരുന്നു. അതായത്, “ഇവർ” (these) എന്നർത്ഥമുള്ള “ഹൂത്തോയ്” (houtoi) എന്നല്ല; ഞങ്ങൾ (𝐰𝐞) എന്നർത്ഥമുള്ള “ഹെമേയ്സ്” (hemeis) ഉപയോഗിക്കുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. ഇതേ അദ്ധ്യായത്തിലും അടുത്ത അദ്ധ്യായങ്ങളിലും തന്നെയും ചേർത്ത് “hemeis” എന്ന ഉത്തമപുരുഷ സർവ്വനാമം പത്രൊസ് പറയുന്ന പല വാക്യങ്ങളുമുണ്ട്. ഉദാ: “അതിന്നു ഞങ്ങൾ (we – hemeis) എല്ലാവരും സാക്ഷികൾ ആകുന്നു.” (പ്രവൃ, 2:32 ⁃ പ്രവൃ, 3:15; 4:20; 5:32). കർത്താവിൻ്റെ പുനുരുത്ഥാനമാണ് ഈ വേദഭാഗത്തെ വിഷയം. പുനരുത്ഥാനം ചെയ്ത കർത്താവിനെ ചില അപ്പൊസ്തലന്മാർ മാത്രമല്ല; എല്ലാവരും ഒരുപോലെ കണ്ടതാണ്. അതുകൊണ്ടാണ്, “ഞങ്ങൾ എല്ലാവരും സാക്ഷികൾ” എന്ന് പറയുന്നത്. എന്നാൽ അന്യഭാഷ എല്ലാവരും പറഞ്ഞില്ല; അതിനാലാണ്, “ഇവർ ലഹരി പിടിച്ചവരല്ല” എന്ന് തന്നെ ഒഴിവാക്കി പത്രൊസ് പറഞ്ഞത്. ബൈബിളിൽ മറ്റൊരിടത്തും പത്രൊസ് അന്യഭാഷ പറഞ്ഞതായി കാണാനും കഴിയില്ല. അതിനാൽ, അവൻ അന്യഭാഷ പറഞ്ഞിട്ടില്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ദൈവം മനുഷ്യർക്ക് മനസ്സിലാകാനാണ് മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ബൈബിൾ എഴുതിച്ചിരിക്കുന്നത്. തന്മൂലം, ബൈബിളിനെ വ്യാകരണവിരുദ്ധമായി വ്യാഖ്യാനിക്കുന്നതാണ് പ്രധാന ദുരുപദേശം. 

𝟳. ബാഹ്യമായ ഒരു തെളിവ്:
➟ പത്രൊസ് അന്യഭാഷ പറഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കാൻ, ഒരു ഉദാഹരണം പറയാം: കുറച്ചുപേർ കൂടിയിരുന്ന് ദൈവത്തെ പാട്ടുപാടി ആരാധിക്കുന്ന ഒരു കൂട്ടായ്മയിലേക്ക്, ആരാടാ ബഹളം വെക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് ക്രൈസ്തവവിരോധികൾ വാളും വടിയുമായി കടന്നുവന്നുവെന്നിരിക്കട്ടെ. അവിടെയുള്ള പാസ്റ്റർ എഴുന്നേറ്റുനിന്നിട്ട് എന്തുപറയും: “സഹോദരന്മാരെ, ഞങ്ങൾ ബഹളംവെച്ചതല്ല; ഈ ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തെ ആരാധിച്ചതാണെന്ന് പറയും.” അവർ ചിലപ്പോൾ അത് വിശ്വസിച്ചിട്ട് തിരിച്ചുപോകും, അല്ലെങ്കിൽ എല്ലാവർക്കും ഓരോന്ന് കിട്ടും. എന്നാൽ അവിടുത്തെ പാസ്റ്റർ കള്ളനാണെങ്കിൽ, തൻ്റെ തടി കേടാകാതിരിക്കാൻ പറയുന്നത് ഇപ്രകാരമായിരിക്കും: “ഇവർ ബഹളം വെച്ചതല്ല; ദൈവത്തെ ആരാധിച്ചതാണ്.” വന്നവർക്ക് തല്ലാൻ ഉദ്ദേശമുണ്ടെങ്കിൽ, അവർ പാസ്റ്ററോട് പറയുന്നത് ഇപ്രകാരമായിരിക്കും: “നീ അങ്ങോട്ട് മാറി നില്ക്ക്, അവരെ ഞങ്ങൾ കൈകാര്യം ചെയ്യാം.” അതായത്, “ഞങ്ങൾ” എന്ന ഉത്തമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “ഇവർ” എന്ന പ്രഥമപുരുഷ സർവ്വനാമം ചേർത്ത് അവിടെയുള്ള വിശ്വാസികളെ തള്ളിപ്പറഞ്ഞാൽ, പാസ്റ്ററിനു് തടി കേടാകാതെ രക്ഷപെടാം. ഭാഷയ്ക്ക് ഒരു വ്യാകരണ നിയമമുണ്ട്. ഭാഷയെയും വചനത്തെയും അതിക്രമിച്ചാൽ, അത് വേറൊരു ഉപദേശമാകും. താൻ അന്യഭാഷ പറഞ്ഞിരുന്നു എങ്കിൽ, 3,000-ലേറെ യെഹൂദന്മാർ കൂടിവന്ന സ്ഥലത്തുവെച്ച് സഹശിഷ്യന്മാരെ തള്ളിപ്പറയാൻ, പത്രൊസ് ഒരു കള്ളയപ്പൊസ്തലൻ അല്ലെന്ന് ദയവായി മനസ്സിലാക്കുക.
☛ “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.” (എഫെ, 2:20). ഈ വേദഭാഗപ്രകാരം, പെന്തെക്കൊസ്തിൽ പ്രവചനവരം ലഭിച്ചവരുണ്ടെന്ന് വ്യക്തമാകുന്നു. പത്രോസിന് ജ്ഞാനവരം ഉള്ളതായിട്ട് അനന്യാസിനോടും സഫീരയോടുമുള്ള ബന്ധത്തിൽ മനസ്സിലാക്കാം: (പ്രവൃ, 5:1-11). അതിനാൽ, പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാർക്ക് “അന്യഭാഷ” എന്ന ഒരേ വരമല്ല; പലവിധ വരങ്ങളാണ് ലഭിച്ചതെന്ന് മനസ്സിലാക്കാം.

𝟴. ഇവരെല്ലാം ഗലീലക്കാർ അല്ലയോ?
➟ ആത്മാവരോഹണത്തിൻ്റെ വലിയ മുഴക്കംകേട്ട് ഓടിക്കൂടിയ യെഹൂദന്മാർ ശിഷ്യന്മാർ അന്യഭാഷകളിൽ സംസാരിക്കുന്നതുകേട്ട് പറയുന്ന ഒരു ശ്രദ്ധേയമായ കാര്യമുണ്ട്: “എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ?” (പ്രവൃ, 2:7). ഇവിടെ ശ്രദ്ധിക്കുക: “ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ?” എന്നാണവർ പറഞ്ഞത്. രണ്ട് കാര്യങ്ങൾ ഇതിനോടുള്ള ബന്ധത്തിൽ മനസ്സിലാക്കണം.
❶ കർത്താവ് തിരഞ്ഞടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഈസ്കര്യോത്താ യൂദാ ഒഴികെ മറ്റെല്ലാവരും ഗലീലക്കാരനായിരുന്നു. യൂദാ യെഹൂദ്യയിലെ കെര്യോത്ത് (Kerioth) നിവാസിയായിരുന്നു. അവൻ യേശുവിനെ ഒറ്റിക്കൊടുത്തിട്ട് പെന്തെക്കൊസ്തിന് മുമ്പെ ജീവനൊടുക്കുകയും ചെയ്തു. യൂദായ്ക്ക് പകരം തിരഞ്ഞടുക്കപ്പെട്ട മത്ഥിയാസിൻ്റെ സ്ഥലം ഏതാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും, യേശുവിൻ്റെ സ്നാനം മുതൽ അവൻ്റെ ശുശ്രൂഷക്കാലം മുഴുവൻ ശിഷ്യന്മാരുടെ കൂടെ ഉണ്ടായിരുന്നവൻ എന്ന് പത്രൊസ് പറഞ്ഞിരിക്കയാൽ (പ്രവൃ, 1:21-22), അവനും ഗലീലക്കാരനായിരുന്നു എന്നതിൽ സംശയിക്കാനൊന്നുമില്ല.
❷ മത്ഥിയാസിനെ തിരഞ്ഞെടുക്കുന്ന സമയത്ത് യെരൂശലേമിൽ കൂടിയിരുന്ന നൂറ്റിരുപതു പേരുള്ള സംഘത്തിൽ (പ്രവൃ, 1:15), കർത്താവ് പിന്നീട് തിരഞ്ഞടുത്ത് എഴുപത് ശിഷ്യന്മാരും ഉണ്ടാകും എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല: (ലൂക്കൊ, 10:1). ആ എഴുപത് ശിഷ്യന്മാരുടെ പേർ വചനത്തിൽ പറഞ്ഞിട്ടില്ല. എന്നാൽ സഭാ പാരമ്പര്യത്തിൽ കാണുന്നുണ്ട്. അതിൽ അപ്പൊല്ലോസ് (പ്രവൃ, 18:24), ബർന്നബാസ് (പ്രവൃ, 4:36), ലൂക്കൊസ് (കൊലൊ, 4:14), അക്വിലാസ് (പ്രവൃ, 18:2), ലൂക്യൊസ് (പ്രവൃ, 13:1), തീത്തൊസ് (പ്രവൃ, 18:7), ഗായൊസ് (പ്രവൃ, 19:29) മുതലായ അനേകരും ഗലീലക്കാരല്ല. ഈ പട്ടിക കൃത്യമാണെന്ന് യാതൊരു ഉറപ്പുമില്ല. എന്നാലും ഉറപ്പിച്ച് പറയാൻ കഴിയുന്ന ഒരു കാര്യമുണ്ട്. യൂദായ്ക്ക് പകരം തിരഞ്ഞടുത്ത് മത്ഥിയാസ് ഉപ്പെടെയുള്ള പന്ത്രണ്ട് ശിഷ്യന്മാരും ഗലീലക്കാരാണ്.
❸ യഹൂദ്യയിലെ ജനങ്ങളിൽ നിന്നും ഗലീലക്കാരുടെ സംസാരത്തിൽ പ്രത്യേക ഉച്ചാരണ വ്യത്യാസം ഉണ്ടായിരുന്നു. മഹാപുരോഹിതൻ്റെ അരമനയിൽവെച്ച് ഒരുത്തൻ പത്രൊസിൻ്റെ സംസാരത്തിൽ അവനെ പിടിക്കുന്നതായി കാണാം: (മത്താ, 26:73). ഇതൊക്കെ കൊണ്ടാണ്, “ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ?” എന്ന് ഓടിക്കൂടിയവർ പറഞ്ഞത്. തന്മൂലം, ഗലീലക്കാരായ പന്ത്രണ്ട് ശിഷ്യന്മാർ മാത്രമായിരുന്നു പെന്തെക്കൊസ്തുനാളിൽ അവിടെ കൂടിയിരുന്നത് എന്ന് വ്യക്തമാണ്.

𝟵. പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ട്:
➟ ഇനിയൊരു പ്രധാനപ്പെട്ട വേദഭാഗം കാണാം: “അപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ.” (പ്രവൃ, 2:14). ഈ വാക്യത്തിൽ ചില കാര്യങ്ങളുടെ പൊരുൾ തിരിയും: 
❶ പത്രൊസ് 119 പേരോടുകൂടെയല്ല; 11 പേരോടുകൂടെയാണ് എഴുന്നേറ്റുനിന്നത്. ഇവിടെ യെഹൂദന്മാരോട് സംസാരിക്കുന്നത് പത്രൊസ് മാത്രമാണ്. 120 പേർ ഉണ്ടായിരുന്നെങ്കിൽ, അപ്പൊസ്തലന്മാർക്കൊപ്പം എല്ലാവരും എഴുന്നേറ്റു നില്ക്കുമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ, 11 പേരോടുകൂടി എന്നുപറയാതെ, പത്രൊസ് 119 പേരോടുകൂടെ എഴുന്നേറ്റുനിന്നു എന്ന് ലൂക്കൊസ് രേഖപ്പെടുത്തുമായിരുന്നു. തന്മൂലം, സഭയുടെ പ്രഥമാംഗങ്ങൾ 12 അപ്പൊസ്തലന്മാർ മാത്രമാണെന്ന് വ്യക്തമാണ്. 
❷ പത്രൊസ് ഇറങ്ങിച്ചെന്ന് സംസാരിച്ചു എന്നല്ല; നിന്നുകൊണ്ടാണ് സംസാരിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ “Statheis” എന്ന ഗ്രീക്കുപദത്തിന് “എഴുന്നേറ്റു നിന്നു” (Stood up) എന്നാണർത്ഥം. മാളികമുറിയിലാണ് പരിശുദ്ധാത്മാവ് അവരോഹണം ചെയ്തിരുന്നതെങ്കിൽ, ശബ്ദംകേട്ട് ഓടിക്കൂടിയ മൂവായിരത്തിലേറെ യെഹൂദന്മാരെ സംബോധന ചെയ്തുകൊണ്ട് സംസാരിക്കാൻ “ഇറങ്ങിച്ചെന്നു” എന്നർത്ഥമുള്ള “Katabas”എന്ന പദം ഉപയോഗിക്കുമായിരുന്നു. പത്രൊസ് വെണ്മാടത്തിൽ നിന്ന് ഇറങ്ങിച്ചെന്നു എന്ന് പറയാനും പൗലൊസ് മാളികയിൽനിന്ന് ഇറങ്ങിച്ചെന്നു എന്ന് പറയാനും ആ പദമാണ് ഉപയോഗിക്കുന്നത്: (പ്രവൃ, 10:21; 20:10). അവർ മാളികമുറിയിൽ ആയിരുന്നെങ്കിൽ, മൂവായിരംപേർക്ക് എന്തായാലും മാളികമുറിയിൽ കേറാൻ പറ്റില്ല; ശിഷ്യന്മാർ ഇറങ്ങിവന്നേ മതിയാകൂ. അതിനാൽ, സഭാസ്ഥാപനം മാളികമുറിയിൽ ആയിരുന്നില്ല എന്നും സംശയലേശമന്യേ മനസ്സിലാക്കാം.

𝟭𝟬. അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു:
➟ “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.” (പ്രവൃ, 2:41). പത്രൊസിൽനിന്ന് വചനം കൈക്കൊണ്ട മുവായിരത്തോളം പേരാണ് അന്ന് സഭയോടു ചേർന്നത്. വാക്യം ശ്രദ്ധിക്കുക: മൂവായിരത്തോളം പേരാണ് അവിടെ കൂടിയതെന്നല്ല പറയുന്നത്; സഭയോടു ചേർന്നവരുടെ കണക്കാണത്. പെന്തക്കോസ്ത് നാളായതിനാൽ അന്ന് ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നുമൂള്ള എല്ലാ പുരുഷന്മാരും യെരൂശലേമിൽ ഉണ്ടാകുന്ന ദിവസമാണ്. മറ്റൊരു പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, പകൽ മൂന്നാം മണി നേരത്താണ് (9 AM) പരിശുദ്ധാത്മാവ് അവരോഹണം ചെയ്തത്. ദിവസവും മൂന്നുനേരമാണ് യെഹൂദന്മാർ പ്രാർത്ഥന കഴിച്ചിരുന്നത്: “ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവൻ എന്റെ പ്രാർത്ഥന കേൾക്കും.” (സങ്കീ, 55:17). അതിൽ രണ്ടാമത്തെ പ്രാർത്ഥനാസമയമാണ് രാവിലെ ഒൻപതുമണി. പ്രാർത്ഥനാ സമയങ്ങളിൽ യെരൂശലേമിലോ, അതിനടുത്തോ താമസിച്ചിരുന്ന ഭക്തിയുള്ള പുരുഷന്മാർ ദൈവാലയത്തിൽകൂടി പ്രാർത്ഥിക്കുക പതിവായിരുന്നു. പെന്തക്കോസ്ത് നാളായതിനാൽ ലക്ഷക്കണക്കിന് യെഹൂദന്മാർ യെരൂശലേമിൽ പാർത്തിരുന്നു. അതിൽ പതിനായിരക്കണക്കിനുപേർ പ്രഭാത പ്രാർത്ഥനയ്ക്കായി ദൈവാലയത്തിൽ കൂടിയിട്ടുണ്ടാകാം. അപ്പൊസ്തലന്മാരും പതിവായി പ്രാർത്ഥനയ്ക്ക് പോയിരുന്നവരാണ്: (പ്രവൃ, 3:1). നസറായൻ്റെ അനുയായികളെ ദൈവാലയത്തിൽ പ്രവേശിപ്പിക്കുവാൻ ഇടയില്ല; അപ്പൊസ്തലന്മാർ പന്ത്രണ്ടുപേരും ഒന്നിച്ചുകൂടിയിരുന്ന് പ്രാർത്ഥിച്ചത് ജാതികളുടെ പ്രാകാരത്തിൽ സ്ഥിതിചെയ്യുന്ന ശലോമോൻ്റെ മണ്ഡപത്തിലാണ്. അവിടെയായിരുന്നു അപ്പൊസ്തലന്മാരുടെ പിന്നീടുള്ള പ്രധാന ശുശ്രൂഷകൾ എന്നതും ഇക്കാര്യം ശരിവെക്കുന്നതാണ്: (പ്രവൃ, 3:11; 5:12). യേശുവും ശലോമോൻ്റെ മണ്ഡപത്തിൽ നടന്നതായി പറഞ്ഞിട്ടുണ്ട്: (യോഹ, 10:23).

☛ ചരിത്രകാരനായ ജോസീഫസിൻ്റെ കുറിപ്പുകളിൽ നിന്നും പുരാവസ്തു ഗവേഷണങ്ങളിൽ നിന്നും ശലോമോൻ്റെ മണ്ഡപത്തെക്കുറിച്ച് ഒരേകദേശ ധാരണ ലഭിക്കും. “ദൈവാലയ സമുച്ചയത്തിൻ്റെ കിഴക്കേ മതിൽക്കെട്ടിന് സമാന്തരമായി ഏകദേശം 450 മീറ്ററോളം (ഏകദേശം 1500 അടി) നീളത്തിൽ മണ്ഡപം വ്യാപിച്ചു കിടന്നിരുന്നു. ഏകദേശം 12 മീറ്റർ 39-40 അടി) ഉയരമുള്ള കൂറ്റൻ വെണ്ണക്കൽ തൂണുകളാണ് ഇതിനുണ്ടായിരുന്നത്. ഈ തൂണുകൾ വരിവരിയായി ക്രമീകരിച്ചിരുന്നു. മണ്ഡപത്തിന് ഏകദേശം 13 മീറ്റർ മുതൽ 15 മീറ്റർ വരെ വീതിയുണ്ടായിരുന്നു. മേൽക്കൂര ദേവദാരു മരങ്ങൾ (Cedar) കൊണ്ട് നിർമ്മിച്ചതായിരുന്നു. ഇത് ദൈവാലയത്തിൻ്റെ “പുറത്തെ പ്രാകാരത്തിൽ” (Court of the Gentiles) ആണ് സ്ഥിതി ചെയ്തിരുന്നത്.” പുറത്തെ പ്രാകാരം എന്നത് സകല ജാതികൾക്കും പ്രവേശനമുള്ള സ്ഥലമാണ്. അപ്പോസ്തലന്മാർ ഒന്നിച്ചുകൂടിയിരുന്ന സ്ഥലത്തെ “വീടു” എന്നർത്ഥമുള്ള “Oikos” എന്ന ഗ്രീക്കുപദത്തിന് “ദൈവാലയം” എന്ന് അർത്ഥമുണ്ട്: (മത്താ, 12:4; 21:13; മർക്കൊ, 2:26; 11:17; ലൂക്കൊ, 6:4; 11:50; 19:46; യോഹ, 2:16; 2:17; പ്രവൃ, 7:47; 7:49; എബ്രാ, 10:21). ശലോമോൻ്റെ പണ്ഡപം അടച്ചുപൂട്ടിയ ഒരു മുറിയല്ല; വലിയൊരു തുറന്ന ഹാളാണ്. ആ വീടു മുഴുവനും നിറെച്ച വലിയ മുഴക്കമാണ് ഉണ്ടായത്. തുറന്ന ഹാളായതു കാരണം ആ മുഴക്കം ദൈവാലയത്തിൽ പ്രാർത്ഥനയ്ക്കായും പെരുനാൾ കർമ്മങ്ങൾക്കായും വന്നിരിക്കുന്ന യെഹൂദന്മാർ മുഴുവനും കേട്ടു. “ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.” (പ്രവൃ, 2:6). വാക്യം ശ്രദ്ധിക്കുക: അന്യഭാഷകൾ കേട്ടിട്ടല്ല; മുഴക്കം കേട്ടിട്ടാണ് പുരുഷാരം വന്നുകൂടിയത്; അവരോടാണ് അവർ ജനിച്ച അവരുടെ സ്വന്തഭാഷയിൽ സംസാരിച്ചത്: (പ്രവൃ, 2:8). തന്മൂലം, “ഏതോ വീടിൻ്റെ മുകളിലത്തെ മുറിയിലല്ല; യേശുവിൻ്റെ മരണത്താൽ തിരുനിവാസത്തിൻ്റെ തിരശ്ശീല മുകൾതൊട്ട് അടിയോളം കീറിപ്പോയ ദൈവാലയാങ്കണത്തിലുള്ള ശലോമോൻ്റെ മണ്ഡപത്തിലാണ് സഭ സ്ഥാപിതമായതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.”

𝟭𝟭. അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനം:
➟ പൗലൊസ് വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.” (എഫെ 2:20). അപ്പൊസ്തലൻ ഇവിടെ “പണിതിരിക്കുന്നു” എന്നർത്ഥത്തൽ ഉപയോഗിച്ചിരിക്കുന്ന  “Epoikodomēthentes” എന്ന ഗ്രീക്കുപദം ഒരു ഭൂതകാല ക്രിയയാണ് (Aorist Participle Verb). ഇത് പൗലൊസിലൂടെയും മറ്റുള്ളവരിലൂടെയും ആത്മാവിനാൽ പണിയപ്പെടുന്നതിനെക്കുറിച്ചല്ല; അതിനെക്കുറിച്ച് അടുത്ത വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: (എഫെ, 2:21-22). പ്രത്യുത, പെന്തെക്കൊസ്തുനാളിൽ ഇട്ട സഭയുടെ അടിസ്ഥാനത്തെക്കുറിച്ചാണ് ഭൂതകാലക്രിയയിൽ പറഞ്ഞിരിക്കുന്നത്. സഭയുടെ അടിസ്ഥാനം ഇട്ടിരിക്കുന്നത് സ്ത്രീകളും മറ്റുള്ളവരും ഉൾപ്പെടുന്ന 120 പേരുടെ മേലല്ല; മൂലക്കല്ലായ ക്രിസ്തുയേശുവും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമാകുന്ന 12 അപ്പൊസ്തലന്മാരുമെന്ന അടിസ്ഥാനത്തിന്മേലാണ്. യേശു എന്നു പേരുള്ള മനുഷ്യൻ പ്രവാചകനും മഹാപുരോഹിതനുമായി അഭിഷേകം ചെയ്യപ്പെട്ടത് യോർദ്ദാനിൽവെച്ചാണെങ്കിൽ (യോഹ, 9:11; ലൂക്കൊ, 3:22; പ്രവൃ, 10:38), അവൻ്റെ ശിഷ്യന്മാർ പ്രവാചകന്മാരായി അഭിഷേകം ചെയ്യപ്പെട്ടത് പെന്തെക്കൊസ്ത് നാളിലെ അഭിഷേകത്താലാണ്: (പ്രവൃ, 2:2-3). പത്രൊസിൻ്റെ പല പ്രവചനങ്ങളും കാണാം: (2പത്രൊ, 2:1; 3:3-4; 3:10; 3:13). പത്രൊസിന് ജ്ഞാനവരം ഉണ്ടായിരുന്നതായും മനസ്സിലാക്കാം: (5:1-10). അതിനാൽ, പെന്തെക്കൊസ്തിൽ എല്ലാവർക്കും ലഭിച്ചത് അന്യഭാഷയല്ല; പ്രവചനം ജ്ഞാനം മുതലായ വിവിധ വരങ്ങളാണെന്ന് മനസ്സിലാക്കാം. അന്യഭാഷ ലഭിച്ചവരാകട്ടെ, ഒരാൾതന്നെ വിവിധ ഭാഷകൾ സംസാരിച്ചതായും കാണാം. “heterais glōssais”എന്ന പ്രയോഗത്തിന് “അന്യഭാഷകളിൽ” (in other tongues) എന്നാണർത്ഥം. അവർക്ക് പരിചയമില്ലാത്ത വ്യത്യസ്തമായ ഭാഷകൾ ഓരോരുത്തരും സംസാരിക്കയാണ് ഉണ്ടായത്. ഇന്നുകാണുന്നപോലെ, അവ്യക്തമായ അപശബ്ദങ്ങളല്ല; കേൾവിക്കാർക്ക് സുവ്യക്തമായി ഗ്രഹിക്കാൻ കഴിയുന്ന അവരുടെ ഭാഷയെയാണ് അന്യഭാഷകൾ എന്ന് അവിടെ പറഞ്ഞിരിക്കുന്നത്.

☛ മുകളിൽ നാം ചിന്തിച്ചവയിൽ, മൂന്ന് കാര്യങ്ങളുടെ വ്യക്തമായ സ്ഥിരീകരണം കാണാം:
❶ സഭയുടെ പ്രഥമാംഗങ്ങൾ 120 പേരല്ല; 12 അപ്പൊസ്തലന്മാരാണ്. 
❷ അപ്പൊസ്തലന്മാരിൽ എല്ലാവരും അന്യഭാഷ പറഞ്ഞില്ല; വ്യത്യസ്ത വരങ്ങളാണ് അവർക്ക് ലഭിച്ചത്; പത്രൊസ് അന്യഭാഷ പറഞ്ഞിട്ടില്ല എന്നത് അവൻ്റെ വായിൽനിന്നുതന്നെ മനസ്സിലാക്കാം.
❸ സഭ സ്ഥാപിതമായത് മാളികമുറിയിലല്ല; യെരൂശലേം ദൈവാലയ കോമ്പൗണ്ടിൻ്റെ അകത്തുണ്ടായിരുന്ന ശലോമോൻ്റെ മണ്ഡപത്തിലാണ്. മൂവായിരത്തിലേറെ പേർക്ക് ഒരുമിച്ച് കൂടിവരുവാൻ അക്കാലത്ത് ശലോമോൻ്റെ മണ്ഡപമല്ലാതെ, മറ്റൊരു സ്ഥലം യെരൂശലേമിൽ ഉള്ളതായി സൂചനയൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *