എബ്രായർ ഒന്നാം അദ്ധ്യായത്തിൻ്റെ വ്യാഖ്യാനം

☛ എബ്രായലേഖനത്തിൻ്റെ ആമുഖം വിസ്തരഭയത്താൽ ഇവിടെ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞില്ല. എബ്രായർ ആരാണെന്നറിയാതെ എബ്രായലേഖന വ്യാഖ്യാനം വായിക്കുന്നതിൽ അർത്ഥമില്ല. ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആമുഖം വായിച്ചശേഷം വ്യാഖ്യാനം വായിക്കുക:
എബ്രായലേഖനം ആമുഖം

☛ എബ്രായലേഖനം ഒന്നാം അദ്ധ്യായത്തിൻ്റെ വിഭജനവും വിഷയവം:
📌വാക്യങ്ങൾ 𝟭–𝟰: പഴയനിയമ പ്രവാചകന്മാരെക്കാളും ദൂതന്മാരെക്കാളും ശ്രേഷ്ഠനായിത്തീർന്ന യേശുക്രിസ്തു.
📌വാക്യങ്ങൾ 𝟱–𝟵: ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും ദൈവപുത്രനുമായ എബ്രായരും ദൂതന്മാരും തമ്മിലുള്ള താരതമ്യം.
📌വാക്യങ്ങൾ 𝟭𝟬–𝟭𝟮: സ്രഷ്ടാവായ ദൈവത്തിൻ്റെ അനശ്വരത്വവും സൃഷ്ടിയുടെ നശ്വരത്വവും.
📌വാക്യം 𝟭𝟯: വീണ്ടും വാഗ്ദത്തസന്തതിയും ദൂതന്മാരും തമ്മിലുള്ള താരതമ്യം. 
📌വാക്യം 𝟭𝟰: വാഗ്ദത്ത സന്തതിയായ എബ്രായർ ദൂതന്മാരെക്കാൾ ശ്രേഷ്ഠരാണെന്ന് തെളിയിക്കുന്നു.

എബ്രായർ ഒന്നാം അദ്ധ്യായത്തിൻ്റെ വ്യാഖ്യാനം:
📌വാക്യങ്ങൾ 𝟭–𝟰: പഴയനിയമ പ്രവാചകന്മാരെക്കാളും ദൂതന്മാരെക്കാളും ശ്രേഷ്ഠനായിത്തീർന്ന യേശുക്രിസ്തുവിനെ കുറിച്ചാണ്. ➟അതിൽ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന രണ്ട് കാര്യങ്ങളാണ് നാം ചിന്തിക്കുന്നത്:

എബ്രായർ 𝟭:𝟮
ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. (എബ്രാ, 1:2). ഈ വാക്യത്തിൽ “യേശു മുഖാന്തരം ലോകത്തെയും ഉണ്ടാക്കി” എന്ന് പറഞ്ഞിരിക്കയാൽ, യേശു സ്രഷ്ടാവാണെന്നും, ആദിമസൃഷ്ടി യേശു മുഖാന്തരമാണ് ഉണ്ടാക്കിയതെന്നും പലരും വിചാരിക്കുന്നു. യേശു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി BC 6-ൽ മറിയത്തിൻ്റെ ആദ്യജാതനായി ഉല്പാദിതമായവനും, പ്രവചനംപോലെAD 29-ലാണ് അവൻ ദൈവപുത്രനായതെന്നും നാം ആമുഖത്തിൽ കണ്ടതാണ്. അതിനാൽ അവന് ആദിമ സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാണ്. അതിനാധാരമായ അനേകം തെളിവുകൾ വചനത്തിൽ കാണാം. അതിൽ ഇളകാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതംപോലത്തെ രണ്ട് തെളിവുകൾ കാണിക്കാം:

𝗜. ഞാൻ ഒറ്റയ്ക്ക് ആകാശത്തെ വിരിച്ചു:
➦ “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വേദഭാഗത്ത്, ഞാൻ തന്നേ ആകാശത്തെയു ഭൂമിയെയും സൃഷ്ടിച്ചു എന്നുപറഞ്ഞാൽ, ഞാൻ ഒറ്റയ്ക്ക് സൃഷ്ടിച്ചു എന്നാണ്. ഞാൻ ഒറ്റയ്ക്ക് (തനിയെ) സൃഷ്ടിച്ചു എന്നാണ് ശരിയായ പരിഭാഷ. എബ്രായയിൽ “ഒറ്റയ്ക്ക്” എന്നർത്ഥമുള്ള Bad ആണ്. ഇംഗ്ലീഷിൽ Alone ആണ്. താൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് ഖണ്ഡിതമായിട്ടാണ് യഹോവ പറയുന്നത്. പിതാവായ യഹോവയ്ക്കൊപ്പം യേശുവും ഉണ്ടായിരുന്നെങ്കിൽ, താൻ ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്ന് യഹോവ പറയുമായിരുന്നോ?  

𝗜𝗜. സൃഷ്ടിച്ചവൻ: 
➦ ആദിമസൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ എന്നുചോദിച്ച പരീശന്മാരോട് യേശു പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 

𝟭. ക്രിസ്തു പഠിപ്പിച്ചത്: “സൃഷ്ടിച്ച അവൻ” (he which made) എന്നാണ്: (KJV). സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, “സൃഷ്ടിച്ച അവൻ” എന്ന ഏകവചനമല്ല, “സൃഷ്ടിച്ച ഞങ്ങൾ” (we which made/ we who made) എന്ന ബഹുവചനം പറയുമായിരുന്നു. 

𝟮. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം: ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു« എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് “അവരെ” (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? കാരണം, പിതാവ് ഒരുത്തൻ മാത്രമാണ് സ്രഷ്ടാവ്.

𝟯. കൊയ്നേ ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന രണ്ട് ക്രിയാപദങ്ങളാണ് ഈ വാക്യത്തിലുള്ളത്: ആദ്യത്തെപദം Ho poiesas (ഹോ പൊയേസാസ്) ആണ്. അതിൽ Ho എന്നത്  The എന്ന നിശ്ചയോപപദം (Definite Article) ആണ്. ഇതൊരു പുല്ലിംഗ ഏകവചനം (Singular Masculine) ആണ്. Poiesas എന്ന പദത്തിന്റെ അർത്ഥം: സൃഷ്ടിച്ചവൻ/ഉണ്ടാക്കിയവൻ (The Maker/Creator) എന്നാണ്. ഇഥ് പുല്ലിംഗ ഏകവചന ക്രിയാപദം (Singular Masculine Verb) ആണ്. അതായത്, സൃഷ്ടികർത്താവിന് ബഹുത്വമില്ല; അവൻ ഏകനാണെന്ന് ആദ്യപദം അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നു. അടുത്തപദം Epoiesen (എപ്പോയേസെൻ) ആണ്. ഇതൊരു പ്രഥമപുരുഷ ഏകവചന ക്രിയാപദം (3rd Person Singular Verb) ആണ്. പദത്തിൻ്റെ അർത്ഥം: അവൻ സൃഷ്ടിച്ചു (He Made) എന്നാണ്. അതായത്, സൃഷ്ടിച്ചത് ഞങ്ങൾ (We) അല്ല; അവൻ (He) എന്ന ഏകനാണ്. അതായത്, ഉത്തമപുരുഷനായ യേശു (1st Person), മധ്യമപുരുഷനായ യെഹൂദന്മാരോട് (2nd Person), സ്രഷ്ടാവായ ദൈവത്തെ ഏകവചനത്തിലും (Singular) പ്രഥമപുരുഷനിലും (3rd Person) വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് ആദിമസൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് സംശയലേശമന്യേ വ്യക്തമാക്കി. സ്രഷ്ടാവ് യഹോവ ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6; നെഹെ, 9:6; 2രാജാ, 19:15; യെശ, 37:16; യെശ, 44:24; 64:8; മലാ, 2:10). അതിനാൽ, ആദിമ സൃഷ്ടിയെക്കുറിച്ചല്ല എബ്രായലേഖകൻ പറയുന്നതെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു. [കാണുക: ദൈവപുത്രനായ ക്രിസ്തു സ്രഷ്ടാവാണോ?, നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]

𝗜𝗜𝗜. പുത്രൻ മുഖാന്തരം ഉണ്ടാക്കിയ ലോകം ഏതാണ്?
➦ അത് മനസ്സിലാക്കാൻ എളുപ്പമാണ്. 2-മതൽ 4-വരെ വാക്യങ്ങളിൽ അഞ്ച് കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. അവയെല്ലാം അന്ത്യകാലത്ത് സംഭവിച്ചതാണ്:
𝟭. ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. ⁃ ഇത് ആദിയിൽ അരുളിച്ചെയ്തതല്ല; ഈ അന്ത്യകാലത്ത് അരുളിച്ചെയ്തതാണ്.
𝟮. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു ⁃ ഇതും അന്ത്യകാലത്ത് ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമുള്ള കാര്യമാണ്.
𝟯. അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി ⁃ അതിനാൽ ഇതും ആദിമസൃഷ്ടിയെക്കുറിച്ചല്ല; അവൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയുള്ള പുതുസൃഷ്ടിയെക്കുറിച്ചും പുതുവാനഭൂമിയെക്കുറിച്ചുമാണെന്ന് മനസ്സിലാക്കാം: (2കൊരി, 5:17-18യെശ, 65:17-18; യെശ, 66:22). ക്രിസ്തുവിലൂടെ പുതിയ ലോകത്തെ ഉണ്ടാക്കി എന്നാണ് അതിനർത്ഥം. നമുക്ക് ഇപ്പോൾ ഗോചരമല്ലെങ്കിലും ദൈവം തൻ്റെ പ്രവർത്തി ക്രിസ്തുവിവൂടെ അല്ലെങ്കിൽ അവൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായി പൂർത്തിയാക്കിക്കഴിഞ്ഞു. അതുകൊണ്ടാണ് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. യേശു മുഖാന്തരം (അവൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായി) സൃഷ്ടിക്കപ്പെട്ട പുതിയ ആകാശവും പുതിയ ഭൂമിയും യോഹന്നാൻ കണ്ടതാണ്: (വെളി, 21:1).
𝟰. അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും ⁃ ഇതും അന്ത്യകാലത്ത് അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷം സംഭവിച്ചതാണ്.
𝟱. അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു. ⁃ ഇതും അന്ത്യകാലത്ത് അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷം സംഭവിച്ചതാണ്.

☛ എബ്രായർ 2-4 വാക്യങ്ങളിൽ പറയുന്ന അഞ്ചുകാര്യങ്ങളും ആദിയിൽ സംഭവിച്ചതല്ല; അന്ത്യകാലത്ത് സംഭവിച്ചതാണ്. ഇവിടെപ്പറയുന്ന അഞ്ച് കാര്യങ്ങളും ഒരുപോലെ ഭൂതകാലത്തിലാണ് പറയുന്നത്. അതിൽ നാല് കാര്യങ്ങളും അന്ത്യകാലത്ത് സംഭവിച്ചതാണെന്ന് അക്ഷരമറിയാവുന്ന ഏതൊരാൾക്കും മനസ്സിലാകും. അപ്പോൾ, അതിൻ്റെ മധ്യത്തിൽ പറഞ്ഞിരിക്കുന്ന ഒരുകാര്യം മാത്രം ആദിയിലേക്ക് ചാടിപ്പോകുന്നത് എങ്ങനെയാണ്? അതിനാൽ, എബ്രായലേഖകൻ പറയുന്നത് ആദിമസൃഷ്ടിയല്ല; ക്രിസ്തുവിലൂടെയുള്ള പുനഃസൃഷ്ടിയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. [കാണുക: സർവ്വസൃഷ്ടിക്കും ആദ്യജാതൻ]

𝗜𝗩. സകലത്തേയും വഹിക്കുന്നവൻ:
➦ ഇനിയും മനസ്സിലാകാത്തവർക്ക് ഒരു തെളിവുകൂടി തരാം: “ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും” (എബ്രാ, 1:2-3). രണ്ടാം വാക്യത്തിൽ “പുത്രൻ മുഖാന്തരം ലോകങ്ങളെയും (Worlds) ഉണ്ടാക്കി” എന്ന് പറഞ്ഞശേഷം, അടുത്തവാക്യത്തിൽ “സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകന്നു” എന്നാണ് പറയുന്നത്. ഗ്രീക്കിൽ Pheron എന്ന പദത്തിന് മലയാളത്തിൽ “വഹിക്കുന്നവൻ” (upholding) എന്നാണ്. ദൈവം ക്രിസ്തു മുഖാന്തരം പുതുവാനഭൂമിയ സൃഷ്ടിക്കുക മാത്രമല്ല, സകലത്തെയും താങ്ങിനിർത്തുകയും (Sustains), സംരക്ഷിക്കുകയും (Preserves), നിയന്ത്രിക്കുകയും (Governs) ചെയ്യുന്നു എന്ന വലിയ സത്യമാണ് PheronUpholding എന്ന ഒരൊറ്റ വാക്കിലൂടെ വ്യക്തമാകുന്നത്. 

𝗩. ഒരു ചോദ്യം:
➦ ആദിമ സൃഷ്ടിയെയാണ് പുത്രൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിച്ചിരുന്നതെങ്കിൽ, ആദാം മുഖാന്തരം അതെങ്ങനെ പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായി? പുത്രൻ വഹിച്ചിരുന്നത് (സംരക്ഷിച്ചിരുന്നത്) ആദിമസൃഷ്ടിയെ ആയിരുന്നെങ്കിൽ, പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയപാമ്പിന് ഹവ്വായെ ഉപായത്താൽ ചതിച്ചുകൊണ്ട് അതിനെ പാപപങ്കിലമാക്കാൻ കഴിയുമായിരുന്നോ? (2കൊരി, 11:3; വെളി, 12:9). ഒരിക്കലുമില്ല. ആദിമസൃഷ്ടി ആദാമിനെയാണ് ദൈവം ഏല്പിച്ചിരുന്നത്: (ഉല്പ, 1:26-28). അവൻ അതിനെ പാപപങ്കിലമാക്കി. ആദാം മുഖാന്തരം പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായ ആകാശഭൂമികളെ, ഒടുക്കത്തെ ആദാമായ ക്രിസ്തു മുഖാന്തരം പുതുക്കുന്നതാണ് ബൈബിളിൻ്റെ വിഷയം: (എഫെ, 1:10; കൊലൊ, 1:15-20). അതിനാൽ, പാപത്തിൻ്റെയും മരണത്തിൻ്റെയും അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയശേഷം, താൻ മുഖാന്തരം സൃഷ്ടിക്കപ്പട്ട പുതുവാനഭൂമിയാണ് പുത്രൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്ന കാര്യമാണ് എബ്രായലേഖകൻ പറയുന്നതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (എബ്രാ, 2:14-15). അതിനെ കളങ്കപ്പെടുത്താൻ ഇനി ഒരു സാത്താനും വരില്ല. കാരണം, സാത്താൻ്റെ പണി തീർത്തിട്ടാണ് പുതുവാനഭൂമിയിൽ വാസം തുടങ്ങുന്നത്. തന്മൂലം, എബ്രായരിൽ പറയുന്നത് ആദിമ സൃഷ്ടിയെക്കുറിച്ചല്ല; ക്രിസ്തുവിലൂടെ സൃഷ്ടിക്കപ്പെട്ടതും അവൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നതുമായ പുതുവാനഭൂമികളുടെ സൃഷ്ടിയെക്കുറിച്ചാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (2കൊരി, 5:17-18യെശ, 65:17-18; യെശ, 66:22). [കാണുക: സർവ്വസൃഷ്ടിക്കും ആദ്യജാതൻ]

എബ്രായർ 𝟭:𝟯  
➦ “അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും” (എബ്രാ, 1:3). ഈ വേദഭാഗത്ത്, “സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ” എന്ന് പറഞ്ഞിരിക്കയാൽ, പുത്രൻ തൻ്റെ ശക്തിയുള്ള വചനത്താലാണ് സകലവും വഹിക്കുന്നതെന്നാണ് പലരും കരുതുന്നത്. ഈ വാക്യത്തിൻ്റെ ആരംഭത്തിൽ കാണുന്ന അവൻ പുത്രനാണ്. ഗ്രീക്കിൽ Hos on എന്നാണ്. Hos എന്നത് ഒരു Relative Pronoun ആണ്. അത് രണ്ടാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന പുത്രനെയാണ് സൂചിപ്പിക്കുന്നത്. On എന്നത് ഒരു പുല്ലിംഗ ക്രിയാപദം (Masculine Verb) ആണ്. അർത്ഥം “ആയിരിക്കുന്നവൻ” എന്നാണ്. രണ്ടുംചേർത്ത് ഇംഗ്ലീഷിൽ Who being എന്നാണ്. അത് പുത്രനെയാണ് കുറിക്കുന്നത്. വാക്യത്തിൽ അടുത്തതായി “അവൻ്റെ” (of him) എന്നർത്ഥമുള്ള Autou എന്ന സർവ്വനാമം (Pronoun) രണ്ടുപ്രാവശ്യം കാണാം. Autou കൊണ്ടുള്ള രണ്ട് പ്രയോഗങ്ങൾ ഇവയാണ്: 𝟭.അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും. 𝟮.സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും. രണ്ടുഭാഗത്തിനും ഒരേ സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. ആദ്യഭാഗത്തെ അവൻ്റെ (of him) എന്ന സർവ്വനാമം ദൈവത്തെ കുറിക്കുന്നതാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അതേ സർവ്വനാമം രണ്ടാംഭാഗത്ത് പുത്രനെ കുറിക്കണമെങ്കിൽ, പേരോ, പദവിയോ, വിശേഷണമോ ചേർക്കണം. അതാണ് ഭാഷാപരമായ നിയമം. അല്ലെങ്കിൽ ആദ്യഭാഗത്ത് പറഞ്ഞിരിക്കുന്നവൻ തന്നെയാണ് അടുത്തഭാഗത്തെ സർവ്വനാമത്തിൻ്റെ ഉടയവൻ എന്നാണ് ഭാഷാപരമായ അർത്ഥം. AutouOf his എന്ന സർവ്വനാമത്തെ സത്യവേദപുസ്തകത്തിൽ “അവൻ്റെ” എന്നും “തൻ്റെ” എന്നും പരിഭാഷ ചെയ്തതാണ് തെറ്റിദ്ധാരണ വരാൻ കാരണം. അതായത്, പുത്രൻ സകലത്തെയും വഹിക്കുന്നത് തൻ്റെ വചനത്തിൻ്റെ ശക്തിയാലല്ല; ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താലാണ്. ഇതിന് ആധാരമായ ചില തെളിവുകൾ തരാം:

𝗜. റീമ (𝗥𝗵𝗲𝗺𝗮):
➦ ഇവിടെപ്പറയുന്ന “വചനം” ഗ്രീക്കിൽ Rhema (റീമ) ആണ്. ഈ വാക്യം കൂടാതെ ഈ ലേഖനത്തിൽ “റീമ” മൂന്ന് പ്രാവശ്യമാണുള്ളത്. അത് മൂന്നും ദൈവത്തിൻ്റെ വചനത്തെ കുറിക്കുന്നതാണ്: ദൈവത്തിൻ്റെ നല്ല വചനം (6:5), ലോകം സൃഷ്ടിക്കപ്പെട്ട ദൈവത്തിൻ്റെ വചനം (11:3), ദൈവം ഹോരേബിൽവെച്ച് യിസ്രായേൽ ജനത്തോട് കല്പിച്ച വചനം: (12:19ആവ, 5:25). അതിനാൽ എബ്രായലേഖകൻ പറയുന്നത് പുത്രൻ്റെ വചനമല്ല; പിതാവിൻ്റെ വചനമാണെന് വ്യക്തമാണ്.

𝗜𝗜. പിതാവ് പുത്രൻ്റെ നാവിൽ നൽകിയ വചനം:
➦ “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” (ആവ, 18:18). ഇത് ദൈവം യേശുവിനെക്കുറിച്ച് മോശെയോട് പറയുന്നതാണ്: (പ്രവൃ, 3:22). ഇവിടെപ്പറയുന്ന വചനം (Word) എബ്രായ ബൈബിളിൽ Dabar (ദബാർ) ആണ്. എന്നാൽ ക്രിസ്തുവും അപ്പോസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന LXX-ൽ Rhema (റീമ) ആണ്. അതായത്, പിതാവ് പുത്രൻ്റെ നാവിൽ ആക്കിക്കൊടുത്ത തൻ്റെ വചനവും എബ്രായരിൽ പറയുന്ന വചനവും “റീമ” (Rhema) ആണ്. 

𝗜𝗜𝗜. ദൈവത്തിൻ്റെ വചനം:
➦ പുതിയനിയമത്തിൽ: “ദൈവത്തിന്റെ വായിൽകൂടി വരുന്ന വചനം” എന്ന് യേശു പഠിപ്പിച്ചതും (മത്താ, 4:4; ലൂക്കൊ, 4:4),  “ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു” എന്ന് യോഹന്നാൻ യേശുവിനെക്കുറിച്ച് പറഞ്ഞതും (യോഹ, 3:34), “ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു” എന്ന് യേശു പഠിപ്പിച്ചതും (യോഹ, 14:10), “നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു” എന്ന് പുത്രൻ പിതാവിനോട് പറഞ്ഞതും (യോഹ, 17:8) റീമയെ (Rhema) കുറിച്ചാണ്. അതിനാൽ “പുത്രൻ സകലത്തേയും ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ” എന്നാണ് എബ്രായ ലേഖകൻ പറയുന്നതെന്ന് മനസ്സിലാക്കാം. 

📌വാക്യങ്ങൾ 𝟱–𝟵: ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും ദൈവപുത്രനുമായ എബ്രായരും ദൂതന്മാരും തമ്മിലുള്ള താരതമ്യമാണ്. ഏകദേശം എല്ലാ ക്രൈസ്തവരും തെറ്റിദ്ധരിക്കപ്പെട്ടുപോയ വാക്യങ്ങളാണ് നാം ചിന്തിക്കുന്നത്:

എബ്രായർ 𝟭:𝟱
➦ “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” (എബ്രാ, 1:5സങ്കീ, 2:7). ഈ വാക്യത്തിലെ “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്ന രണ്ടാം സങ്കീർത്തനത്തിലെ പ്രവചനം എബ്രായലേഖകൻ യേശുവിനോട് ചേർത്ത് പറഞ്ഞിട്ടുണ്ട്: (5:5). അതുകൊണ്ടാണ് ഇവിടെപ്പറയുന്നത് യേശു ആണെന്ന് പലരും കരുതുന്നത്. യഥാർത്ഥത്തിൽ ഇത് പാപത്തിൽ മരിച്ചവനായ യിസ്രായേലിൻ്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള പ്രവചനമാണ്. പഴയനിയമത്തിൽ വാഗ്ദത്തസന്തതിയായ യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ആത്മീയമായി യേശുക്രിസ്തുവിലൂടെ നിവൃത്തിയാകുന്നത്. അതായത്, വാഗ്ദത്തദാതാവായ യഹോവയുടെ മനുഷ്യപ്രത്യക്ഷതയായ യേശുവിലൂടെയാണ്, വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെ പ്രവചനങ്ങൾ അവന് നിവൃത്തിയാകുന്നത്. ഈ സങ്കീർത്തനം യിസ്രായേലിനാണ് നിവർത്തിച്ചതെന്ന് പിസിദ്യായിലെ അന്ത്ര്യോക്യയിൽവെച്ച് പൗലൊസ് അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നു വല്ലോ.” (പ്രവൃ, 13:32-33). ഗ്രീക്കിലും ഇംഗ്ലീഷിലും ഇത് ഒറ്റ വാക്യമാണ്: (SBLKJV). പിഒസിയും കാണുക: (POC). അതായത്, യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനാണ് നിവൃത്തിയായത്:  (പ്രവൃ, 13:32-39). ദൈവം യേശുവിനെ അയച്ചത് പൂർവ്വപിതാക്കന്മാരോടുള്ള വാഗ്ദത്തത്തിൻ്റെ നിവൃത്തിയായി യിസ്രായേലിനെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാനാണെന്ന് പത്രൊസും പറഞ്ഞിട്ടുണ്ട്: (പ്രവൃ, 3:25-26). അതിനാൽ, ദൈവം ജനിപ്പിച്ച പുത്രൻ യഥാർത്ഥത്തിൽ യേശുവല്ല; എബ്രായർ എന്ന വാഗ്ദത്തസന്തതിയാണെന്ന് മനസ്സിലാക്കാം. അടുത്ത പ്രവചനത്തിൽ ഇക്കാര്യം വ്യക്തമായി മനസ്സിലാകും:

എബ്രായർ 𝟭:𝟱-ൻ്റെ അടുത്ത പ്രവചനം:
➦ “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും.” അഞ്ചാം വാക്യത്തിലെ രണ്ടാം പ്രവചനമാണിത്. ഇത് വ്യക്തമായി പറഞ്ഞിരിക്കുന്നത് യിസ്രായേലിനെക്കുറിച്ചാണ്: (2ശമൂ, 7:10-16; 1ദിന, 17:9-14). “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14). കുറ്റം ചെയ്തപ്പോഴൊക്കെയും ദൈവം വടികൊണ്ടും മനുഷ്യപുത്രന്മാരുടെ (ജാതികൾ) അടികൊണ്ടും ശിക്ഷിച്ച ഒരേയൊരു സന്തതി യിസ്രായേലാണ്: (സങ്കീ, 89:30-32). ➟ഇവിടെ “കുറ്റം” (iniquity) എന്നതിന് Ava എന്നൊരു പദമാണ് എബ്രായയിൽ കാണുന്നത്. അധർമ്മം, അനീതി, അന്യായം, കുറ്റം എന്നൊക്കെയാണർത്ഥം. പാപത്തിൻ്റെ പര്യായമായിട്ടാണ് ബൈബിളിൽ ഈ പദം കാണുന്നത്: (2ശമൂ, 24:17; 1രാജാ, 8:47). ഇത് യേശുക്രിസ്തുവിന് തീരെ യോജിക്കില്ല. [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]. 

𝗜. ആയിരിക്കും:
➦ ഈ പ്രവചനം യേശുവിനെക്കുറിച്ചല്ല എന്നതിൻ്റെ വ്യക്തമായ തെളിവ് വാക്യത്തിൽത്തയുണ്ട്. പ്രവചനം ഗ്രീക്കിൽ ഇപ്രകാരമാണ്: “Egō esomai autō eis Patera kai autos estai moi eis Huion.” ഇതിൽ ഭാവികാലത്തിലുള്ള (Future Tense) രണ്ട് പദങ്ങൾ കാണാം. ആദ്യപദം Esomai ആണ്. ഇത് “ഉത്തമപുരുഷ ഏകവചനം” (1st Person Singular) ആണ്. “ഞാൻ ആയിരിക്കും” (I will be) എന്നാണർത്ഥം. അടുത്തപദം Estai ആണ്. ഇത് “പ്രഥമപുരുഷ ഏകവചനം” (3rd Person Singular) ആണ്. “അവൻ ആയിരിക്കും” (He will be) എന്നാണർത്ഥം. അതായത്, “ഞാൻ അവന്നു പിതാവു ആയിരിക്കും” (I will be to him a Father) എന്നും “അവൻ എനിക്കു പുത്രൻ ആയിരിക്കും” (He will be to me a Son) എന്നും ഭാവികാലത്തിലാണ് (Future Tense) പറയുന്നത്. അല്ലാതെ, ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആകുന്നു എന്ന് വർത്തമാനകലത്തിൽ (Present Tense) അല്ല പറയുന്നത്. 

𝗜𝗜. നീ എൻ്റെ പ്രിയപുത്രൻ:
➦ മറിയത്തിൻ്റെ ആദ്യജാതനായി ജനിച്ച (ലൂക്കൊ, 2:7) യേശു എന്ന് പേരുള്ള മനുഷ്യൻ (യോഹ, 9:11), ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി  AGD 29-ൽ ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ (ലൂക്കൊ, 3:23), യോർദ്ദാനിൽവെച്ച് പിതാവായ ദൈവത്താൽ “നീ എന്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ട് “ദൈവപുത്രൻ” (Son of God) എന്ന സവിശേഷ പദവി ലഭിച്ചവനാണ്: (ലൂക്കൊ, 1:32; ലൂക്കോ, 1:35ലൂക്കൊ, 3:22). അതിനാൽ “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്ന ഭാവികാല പ്രയോഗത്തിന് അല്ലെങ്കിൽ, പ്രവചനത്തിന് യേശുവുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാം.

𝗜𝗜𝗜. ഭാവികാല വാഗ്ദത്തങ്ങൾ:
➦ എബ്രായരോടുള്ള വാഗ്ദത്തങ്ങളെല്ലാം ഭാവികാലത്തിലാണ്: “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ….. “ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും” എന്നു യഹോവയുടെ അരുളപ്പാടു. ……” (യിരെ, 31:31-34). ഈ വേദഭാഗം എബ്രായലേഖകൻ ഉദ്ധരിച്ചിട്ടുണ്ട്: (8:8-13). വെളിപ്പാട് പുസ്തകത്തിലും ഇത് കാണാം: “സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.” (വെളി, 21:3). എബ്രായരോടുള്ള വാഗ്ദത്തങ്ങൻ ആവർത്തിച്ച് കാണാം: (യെഹെ, 37:27ഉല്പ, 17:7-8; പുറ, 29:45; ലേവ്യ, 26:12; യെഹെ, 11:20; സെഖ, 8:8; സെഖ, 13:8; 2കൊരി, 6:16-17). ഇതെല്ലാം ഭാവികാലത്തിലാണ് പറഞ്ഞിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. 

𝗜𝗩. വാഗ്ദത്തത്തിൻ്റെ സ്ഥിരീകരണം:
➦ എബ്രായർ 1:5-ൻ്റെ രണ്ടാം പ്രവചനം എബ്രായരോടാണ് എന്നതിൻ്റെ വ്യക്തമായ തെളിവ് റോമാലേഖനത്തിലുണ്ട്: “നിങ്ങൾ (യിസ്രായേല്യർ) എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും.” (റോമ, 9:26). പൗലൊസ് അപ്പൊസ്തലൻ എബ്രായരെക്കുറിച്ചാണ് ഇത് പറയുന്നതെന്ന് ഈ അദ്ധ്യായം വായിച്ചാൽ ആർക്കും മനസ്സിലാകും. ഇതേ കാര്യമാണ്, പഴയനിയമത്തിൽ എബ്രായരോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം ഉദ്ധരിച്ചുകൊണ്ട് എബ്രായ ക്രിസ്ത്യാനികളോട് ലേഖകൻ പറയുന്നത്: (2ശമൂ, 7:14; 1ദിന, 17:13). വെളിപ്പാട് പുസ്തകത്തിൽ ദൈവംതന്നെ അക്കാര്യം വ്യക്തമായി പറഞ്ഞിരിക്കുന്നത് നോക്കുക: “ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.” (വെളി, 21:7). യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്: (റോമ, 11:26-27യെശ, 59:20-21; യിരെ, 31:33-34). അതായത്, യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും ആണെങ്കിലും (പുറ, 4:22-23), അവരുടെ പാപം നിമിത്തം ദൈവവുമായി യഥാർത്ഥ പിതൃപുത്രബന്ധത്തിൽ ഇതുവരെ അവർ എത്തിയിട്ടില്ല. ഭാവിയിൽ തങ്ങൾ കുത്തീട്ടുള്ളവനെ നോക്കി അവർ വിലപിക്കുമ്പോൾ (സെഖ, 12:10-വിഗ്രവെളി, 1:7), ദൈവം യേശുക്രിസ്തു മുഖാന്തരം യിസ്രായേലിൻ്റെ രാജ്യവും രാജത്വവും അവന് യഥാസ്ഥാനത്താക്കി കൊടുക്കും: (പ്രവൃ, 1:6). അപ്പോഴാണ്, വാഗ്ദത്തനിവൃത്തിയായി ദൈവവും വാഗ്ദത്തസന്തതിയായ യിസ്രായേലും യഥാർത്ഥ പിതൃപുത്രബന്ധത്തിൽ എത്തുന്നത്. വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിച്ചാൽ ദൈവത്തിൻ്റെ സത്യം വെളിപ്പെട്ടുവരും.

എബ്രായർ 𝟭:𝟱-ൻ്റെ അവസാനഭാഗം:
➦ “എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” അഞ്ചാം വാക്യത്തിൻ്റെ അവസാന ഭാഗമാണിത്. എബ്രായ ക്രിസ്ത്യാനികളോട് അവരോടുള്ള രണ്ട് വാഗ്ദത്തങ്ങളെക്കുറിച്ച് പറഞ്ഞശേഷം, “എന്നും അഥവാ, ഇങ്ങനെയുള്ള വാഗ്ദത്തങ്ങൾ ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” എന്നാണ് അവരോട് ചോദിക്കുന്നത്. അതായത്, നിങ്ങൾ ദൂതന്മാരെക്കാൾ ശ്രേഷ്ഠരാണെന്ന് പഴയനിയമ ഉദ്ധരണികൾ എടുത്ത് അവരെ കാണിച്ചുകൊണ്ട്, അവരെ വിശ്വാസത്തിൽ ഉറപ്പിക്കാൻ ശ്രമിക്കുകയാണ്. എബ്രായ ക്രിസ്ത്യാനികളെ വിശ്വാസത്തിൽ ഉറപ്പിക്കാനാണ് ലേഖനം എഴുതിയിരിക്കുന്നത് എന്നകാര്യം ഓർത്താൽ, ഇതെല്ലാം വേഗത്തിൽ മനസ്സിലാകും. 

എബ്രായർ 𝟭:𝟲
➦ “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). ഈ വാക്യത്തിൽ രണ്ട് വിധത്തിലാണ് തെറ്റിദ്ധാരണ ഉണ്ടായിരിക്കുന്നത്. ഒന്നാമത്, ഇവിടുത്തെ ആദ്യജാതൻ യേശുവാണെന്ന തെറ്റിദ്ധാരണ. രണ്ടാമത്, ഇവിടെപ്പറയുന്ന “നമസ്കാരം” ദൈവാരാധന ആണെന്ന തെറ്റിദ്ധാരണ. നമുക്ക് വിശദമായി നോക്കാം: 

𝗜. എബ്രായരിലെ ഈ വാക്യം യേശുക്രിസ്തുവിനെക്കുറിച്ചല്ല എന്നതിന്റെ വ്യക്തമായ തെളിവ് വാക്യത്തിലുണ്ട്:
➦ ഇവിടെ “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്ന പഴയനിയമ ഉദ്ധരണിയോട് ചേർത്താണ് ആദ്യജാതൻ (Firstborn) എന്ന പദം എബ്രായലേഖകൻ ഉപയോഗിച്ചിരിക്കുന്നത്. അതായത്, “തൻ്റെ ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നത് ദൈവകല്പനയാണ്. എന്നാൽ പഴയനിയമത്തിൽ യേശുവിനെ ദൈവത്തിൻ്റെ “ആദ്യജാതൻ” എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും: അനേകം സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), മരിച്ചവരിൽ ആദ്യജാതൻ (കൊലൊ, 1:18വെളി, 1:5) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. 

𝗜𝗜. ദൈവത്തിൻ്റെ ആദ്യജാതൻ:
➦ എന്നാൽ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ വ്യക്തമായി ദൈവത്തിൻ്റെ ആദ്യജാതൻ എന്ന് പറഞ്ഞിട്ടുണ്ട്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22യിരെ, 31:9). ദൈവത്തിൻ്റെ ആദ്യജാതൻ യിസ്രായേലാണെന്ന് ഈ വാക്യത്തിൽ വ്യക്തമാണ്. എബ്രായരിൽ ആദ്യജാതൻ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന Prototokos എന്ന കൃത്യമായ പദം തന്നെയാണ് ക്രിസ്തുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിലും (LXX) യിസ്രായേലിനെക്കുറിച്ച് കാണുന്നത്: (Exo. 4:23). LXX-ൽ നിന്നാണ് എബ്രായ ലേഖകൻ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. അതിനാൽ യേശുവിനെയല്ല; യിസ്രായേലിനെയാണ് “ആദ്യജാതൻ” എന്ന് ലേഖകൻ വിശേഷിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാം. 

𝗜𝗜𝗜. ദൈവത്തിന്റെ ദൂതന്മാർ നമസ്കരിക്കട്ടെ:
➦ ഈ പ്രവചനവും യേശുവിനെക്കുറിച്ചല്ല; മോശെയുടെ പാട്ടിൽ യിസ്രായേലിനെക്കുറിച്ച് പറയുന്നതാണ്. എബ്രായ ബൈബിളിൽ ഈ വാക്യം വായിച്ചാൽ മനസ്സിലാകില്ല. കാരണം മുകളിൽ പറഞ്ഞതാണ്. യേശുവും അപ്പൊസ്തലന്മാരും ആദിമസഭയും ഉപയോഗിച്ചിരുന്ന LXX-ൽ നിന്നാണ് എബ്രായ ലേഖകൻ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ആ വാക്യം ഇപ്രകാരമാണ്: “ആകാശങ്ങളേ, അവനോടുകൂടെ ആനന്ദിപ്പിൻ; ദൈവത്തിന്റെ എല്ലാദൂതന്മാരും അവനെ നമസ്കരിക്കട്ടെ. ജാതികളേ, അവന്റെ ജനത്തോടുകൂടെ ആനന്ദിപ്പിൻ; ദൈവപുത്രന്മാരെല്ലാം അവനിൽ ബലപ്പെടട്ടെ. എന്തെന്നാൽ അവൻ തന്റെ പുത്രന്മാരുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നു; അവൻ പ്രതികാരം ചെയ്ത് ശത്രുക്കൾക്ക് ന്യായവിധി പകരം കൊടുക്കും; തന്നെ വെറുക്കുന്നവർക്ക് അവൻ പകരം വീട്ടും; യഹോവ തന്റെ ജനത്തിന്റെ ദേശത്തെ ശുദ്ധീകരിക്കും.” (Deu, 32:43 LXX). മോശയുടെ പാട്ടിൻ്റെ സമാപന വാക്യമാണിത്. ദൈവജനത്തെ സമസ്കരിപ്പാൻ ദൈവത്തിൻ്റെ ദൂതന്മാരോടും അവരോടൊപ്പം സന്തോഷിക്കാൻ ജാതികളെയും ആഹ്വാനം ചെയ്യുന്ന ഒരു പ്രവചനാത്മക കാവ്യമാണിത്. കാരണം ദൈവം തന്റെ ദാസന്മാരുടെ രക്തത്തിന് പ്രതികാരം ചെയ്യും, ശത്രുക്കളോട് പ്രതികാരം ചെയ്യും, തന്റെ ദേശത്തെ ശുദ്ധീകരിക്കും. ദൈവത്തിന്റെ നീതി, തന്റെ ജനത്തോടുള്ള കരുണ, എതിരാളികളുടെ ന്യായവിധി എന്നിവയാണ് വിഷയം. ഈ വാക്യത്തിൻ്റെ ആദ്യഭാഗം തനാഖിൽ (Tanakh) ഇപ്രകാരമാണ്: Sing out praise, O you nations, for His people!. (ജാതികളേ, അവന്റെ ജനത്തിന്നു സ്തുതിപാടുവിൻ). അതിൻ്റെ വ്യാഖ്യാനവും അവിടെക്കാണാം: “At that time, the nations will praise Israel, saying: “You see, now, what the praise of this nation is! That they cleaved to the Holy One, Blessed is He, through all the sufferings that befell them, and they did not forsake Him! They appreciated His goodness and His praise!.” (Deu, 32:43). എബ്രായ ബൈബിളിൽ ദൂതന്മാരില്ല; ജാതികളാണ് എബ്രായരെ സ്തുതിച്ച് പാടുന്നത്. എന്നാൽ LXX-ൽ ദൈവത്തിന്റെ സകലദൂതന്മാരുമാണ് അവനെ നമസ്കരിക്കുന്നത്. അതിൽനിന്നാണ് ലേഖകൻ ഉദ്ധരണി എടുത്തിരിക്കുന്നത്.

𝗜𝗩. സകലരാജാക്കന്മാരും നമസ്കരിക്കട്ടെ:
➦ വാഗ്ദത്തസന്തതിയായ രാജാവ് നമസ്കാരം സ്വീകരിക്കുന്നവനാണെന്ന് വേറെയും വാക്യമുണ്ട്: “സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.” (സങ്കീ, 72:11സങ്കീ, 102:17; യെശ, 62:2; ദാനീ, 7:27). ഭൂമിയിലെ സകല രാജാക്കന്മാരാലും നമസ്കാരം സ്വീകരിക്കുന്നവനാണ് ദൈവത്തിൻ്റെ വാഗ്ദത്ത സന്തതി. ഇതും ആരാധനയല്ല; ആചാരപരമായ നമസ്കാരമാണ്. ഇതും യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഈ രാജാവ് ജനങ്ങളുടെ പ്രാർത്ഥന ആവശ്യമുള്ളവനാണെന്ന് താഴെക്കാണാം: “അവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.” (72:15). യേശുക്രിസ്തു തന്നെത്താൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുള്ളവനാണ്. എന്നാൽ മനുഷ്യരുടെ പ്രാർത്ഥന അവനാവശ്യമില്ല. എന്നാൽ യിസ്രായേൽ എന്ന ദൈവത്തിൻ്റെ വാഗ്ദത്ത രാജാവ് മനുഷ്യരുടെ പ്രാർത്ഥന ആവശ്യമുള്ള ഭൗമികനാണ്: (2ശമൂ, 7:13; 1ദിന, 17:12; സങ്കീ, 89:29; 89:36-37; ദാനീ, 2:44; 7:13-14; 7:18; 7:21; 7:27). [കാണുക: ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]. 

𝗩. നമസ്കാരവും ആരാധനയും: 
➦ ദൈവാരാധനയും ആചാരപരമായ നമസ്കാരവും രണ്ടാണ്. “ഷഹാ” (Shaha) എന്ന പദവും “പ്രൊസ്കുനിയൊ” (Proskyneo) എന്ന പദവും എബ്രായ ബൈബിളിലും ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് (LXX) ഗ്രീക്കിലും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങളാണ്. ഇവ ദൈവത്തെ ആരാധിക്കാനും, ദൂതന്മാരെ നമസ്കരിക്കാനും, മനുഷ്യരെയും രാജാക്കന്മാരെയും ആചാരപരമായി നമസ്കരിക്കാനും അഭിന്നമായി ഉപയോഗിച്ചിട്ടുള്ള പദമാണ്. ദൈവം: (ഉല്പ, 24:26; 24:48; 24:52; പുറ, 34:8; 1ശമൂ, 15:31). ➟ദൂതന്മാർ: (ഉല്പ, 19:1). മനുഷ്യർ: (ഉല്പ, 23:7; 33:3; 33:6; 33:7; 42:6; 43:26). രാജാക്കന്മാർ: (1ശമൂ, 24:8; 1ശമൂ, 25:23; 2ശമൂ, 9:6; 2ശമൂ, 14:4; 2ശമൂ, 14:22; 2ശമൂ, 14:33; 2ശമൂ, 16:4; 2ശമൂ, 18:28; 2ശമൂ, 24:20; 1രാജാ, 1:16; 1രാജാ, 1:23; 1രാജാ, 1:31; 1രാജാ, 1:53; 1ദിന, 21:21) മുതലായ എല്ലാവരും നമസ്കാരം സ്വീകരിച്ചവരാണ്. എന്നാൽ “ദൈവമായ കർത്താവിനെ (യഹോവ) മാത്രം ആരാധിക്കണം” എന്നാണ് യേശു പഠിപ്പിച്ചത്: (മത്താ, 4:10; ലൂക്കൊ, 4:8). അതിനാൽ സ്വഷ്ടാവായ യഹോവയല്ലാതെ മറ്റാരും ആരാധനയ്ക്ക് യോഗ്യനല്ല. അതിനാൽ ഇവിടെപ്പറയുന്ന “നമസ്കാരം” ദൈവാരാധനയല്ല; ആചാരപരമായ “നമസ്കാരം” മാത്രമാണ്. അതായത്, സേവകാത്മാക്കൾ ആയ ദൂതന്മാർ യിസ്രായേലെന്ന വാഗ്ദത്ത രാജാവിനെ ആചാരപരമായി നമസ്കരിക്കുന്നതാണ് വിഷയം: (എബ്രാ, 1:14). പതിനാലാം വാക്യത്തിൽ, ദൂതന്മാരെ എബ്രായരുടെ സേവകാത്മാക്കൾ എന്ന് പറഞ്ഞിട്ടുണ്ട്. സേവനാത്മാക്കൾ അല്ലെങ്കിൽ ദൈവത്താൽ നിയമിക്കപ്പെട്ട “സേവനദാതാക്കൾ” (Service Providers) അതിൻ്റെ “ഗുണഭോക്താക്കളെ” (Beneficiaries) ആചാരപരമായി നമസ്കരിക്കുന്നത് സ്വഭാവികമായ പ്രവർത്തി മാത്രമാണ്.

എബ്രായർ 𝟭:𝟳
➦ “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.” (എബ്രാ, 1:7). ഇത് സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്. ”അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.” (സങ്കീ, 104:42രാജാ, 2:11; 6:17; യെഹെ, 1:13-14; ദാനീ, 7:10; സെഖ, 6:5). ദൂതന്മാർ ദൈവത്തിൻ്റെ ശുശ്രൂഷകന്മാരാണ്. പിൻമാറ്റത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന എബ്രായ ക്രിസ്ത്യാനികളെ ഉദ്ധരിക്കാൻ, അവരോടുള്ള പഴയനിയമ വാഗ്ദത്തങ്ങൾ യേശുക്രിസ്തുവിലൂടെ അവർക്ക് നിവൃത്തിയാകുന്ന കാര്യം അവരെ ബോധ്യപ്പെടുത്തുന്നതോടൊപ്പം, അവർ ദൈവസന്നിധിയിൽ സ്വർഗ്ഗീയ ദൂതന്മാരെക്കാൾ ശ്രേഷ്ഠരാണെന്ന് ലേഖകൻ വാക്യങ്ങൾ എടുത്ത് തെളിയിച്ചുകൊടുക്കുകയാണ്. നിങ്ങൾ ദൈവത്തിൻ്റെ പുത്രനാണെന്നും ദൂതന്മാർ ദൈവത്തിൻ്റെ ശുശ്രൂഷകരും നിങ്ങളുടെ സേവകാത്മാക്കളും ആണെന്നാണ് ലേഖകൻ അവരോട് പറയുന്നത്: (1:14). 

എബ്രായർ 𝟭:𝟴
➦ “പുത്രനോടോ: ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.” (എബ്രാ, 1:8). ഇവിടെപ്പറയുന്ന “ദൈവം” യേശുവാണെന്നും, പിതാവ് പുത്രനെ “ദൈവമേ” എന്ന് സംബോധന ചെയ്തെന്നുമാണ് ക്രിസ്ത്യാനികളിൽ അധികവും വിചാരിക്കുന്നത്. പഴയനിയമം കുത്തിയിരുന്ന് പഠിക്കാതെ, പുതിയനിയമം എന്താണെന്ന് മനസ്സിലാക്കാൻ പോലും ആർക്കും കഴിയില്ല. ഓരൊരുത്തനും അവരവർക്ക് ഇഷ്ടമുള്ളതുപോലെ ബൈബിൾ വ്യാഖ്യാനിച്ചാൽ, എത്ര ദൈവങ്ങളെ വേണമെങ്കിലും ഉണ്ടാക്കിയെടുക്കാം. ആദ്യമേ ഒരുകാര്യം പറയാം: ഇവിടെപ്പറയുന്നത് സത്യദൈവവുമല്ല; യേശുക്രിസ്തുവുമല്ല; യിസ്രായേൽ എന്ന വാഗ്ദത്ത രാജാവിനെക്കുറിച്ചാണ്. ഈ വാക്യത്തോടുള്ള ബന്ധത്തിൽ, യേശുക്രിസ്തു പിതാവിൻ്റെ ദൈവമാണെന്ന് വിചാരിക്കുന്ന കൊടുംകൾട്ട് ഉപദേശംവരെ ക്രൈസ്തവരുടെ ഇടയിലുണ്ട്. നമുക്ക് പരിശോധിക്കാം:

𝗜. പിതാവിന് ദൈവമുണ്ടോ?
➦ പിതാവാണ്, “ഏകദൈവം” (Monos Theos – The only God) എന്നും (Joh, 5:44), പിതാവാണ്, ഏകസത്യദൈവം (Ho monos alethinos Theos – The only true God) എന്നും (Joh, 17:3) താൻ മനുഷ്യൻ (Anthropos – Man) ആണെന്നുമാണ് യേശു പഠിപ്പിച്ചത്: (യോഹ, 8:40മത്താ, 11:19; ലൂക്കൊ, 7:34). ഗ്രീക്കിൽ Monos Theos എന്നാൽ, ഒരു ദൈവം എന്നല്ല; ഒരേയൊരു ദൈവം എന്നാണ്. Pater ho mono alethinos Theos എന്നാൽ, പിതാവ് സത്യദൈവം ആണെന്നല്ല; ഒരേയൊരു സത്യദൈവം പിതാവാണ് അല്ലെങ്കിൽ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. പിതാവ് മാത്രമാണ് സത്യദൈവം എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പഠിപ്പിച്ചാൽ, പിന്നെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഉണ്ടാകുമോ? പിതാവാണ് Monos Theos അഥവാ, “ഒരേയൊരു ദൈവം” എന്നാണ് എഴുത്തുകാരും അപ്പൊസ്തലന്മാരും പഠിപ്പിച്ചത്: (ലൂക്കൊ, 5:21; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). പിതാവാണ് “ഒയേയൊരു ദൈവം” (The only God) അല്ലെങ്കിൽ പിതാവ് “മാത്രമാണ് ദൈവം” എന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചാൽ, പിന്നെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഉണ്ടാകുമോ? പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറയുന്നത്: “മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39ആവ, 3:24;യോശു, 2:11;1രാജാ, 8:23;2ദിന, 6:14;സങ്കീ, 73:25). “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (gods) എന്നു പേരുള്ളവർ (വിളിക്കപ്പെടുന്നവർ) ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6എഫെ, 4:6). വിശേഷാൽ പിതാവായ യഹോവ അത്യുന്നതനുമാണ്: (ഉല്പ, 14:23; ലൂക്കൊ, 1:32; പ്രവൃ, 16:17). ദൈവം എന്ന പദത്തിന് ഏതർത്ഥം കൊടുത്താലും, അത്യുന്നതനായ പിതാവ് ആരെയെങ്കിലും “ദൈവമേ” എന്ന് സംബോധന ചെയ്യുമോ? അങ്ങനെ ചിന്തിക്കാൻ പാടുണ്ടോ? യഹോവ തൻ്റെ പിതാവും ദൈവവുമാണ്, താൻ മനുഷ്യനാണെന്ന് പഠിപ്പിച്ചവനെ, പിതാവിൻ്റെ ദൈവമാക്കിയാൽ എങ്ങനെയിരിക്കും? (യോഹ, 20:17മത്താ, 27:46; മർക്കൊ, 15:34). ഇവിടെപ്പറയുന്ന “ദൈവം” യേശുക്രിസ്തു അല്ലാത്തതിനാൽ, ഇങ്ങനെയൊരു ദുർവ്യാഖ്യാനംപോലും ഇവിടെ സാദ്ധ്യമല്ല.

𝗜𝗜. നാല്പത്തഞ്ചാം സങ്കീർത്തനം:
➦ എബ്രായർ 8-9 വാക്യങ്ങൾ സങ്കീർത്തനം 45-ൻ്റെ ഉദ്ധരണിയാണ്. ➟ബൈബിളിലെ വാഗ്ദത്ത പുത്രനായ രാജാവിനെക്കുറിച്ചും അവൻ്റെ ദൈവമായ യഹോവയെക്കുറിച്ചും കോരഹ് പുത്രന്മാർ രചിച്ചതാണ് നാല്പത്തഞ്ചാം സങ്കീർത്തനം. അതുപോലും അറിയാത്തവരോ, അറിഞ്ഞിട്ടും അംഗീകരിക്കാത്തവരോ ആണ് വചനത്തെ ദുർവ്യാഖ്യാനും ചെയ്യുന്നത്. അവിടെപ്പറയുന്ന രാജാവ്, പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവുമായ യിസ്രായേലാണ്: (2ശമൂ, 7:13; 1ദിന, 17:12; സങ്കീ, 3:4; 89:29; 89:36-37; ദാനീ, 2:44; 7:13-14; 7:18; 7:21; 7:27). 2, 45, 72, 89, 110 മുതലായ അനേകം സങ്കീർത്തനങ്ങളിൽ ഈ രാജാവിനെ കാണാം.സങ്കീർത്തനത്തിലെ രാജാവ് യേശുക്രിസ്തു അല്ലെന്നതിൻ്റെ തെളിവ് ആ സങ്കീർത്തനം താഴോട്ട് വായിച്ചാൽ കാണാം:  

𝟭. “നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞു നില്ക്കുന്നു.” (സങ്കീ, 45:9). സങ്കീർത്തകൻ പറയുന്ന രാജാവിന് സ്ത്രിരത്നങ്ങളുമുണ്ട്; അതിൽ രാജകുമാരികളുമുണ്ട്. ഇത് യേശുവിന് യോജിക്കുമോ

𝟮. “അപ്പോൾ രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക.” (സങ്കീ, 45:11). “രാജാവ് നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും” എന്ന് രാജാവിൻ്റെ വലത്തുഭാഗത്ത് ഓഫീർ തങ്കമണിഞ്ഞു നില്ക്കുന്ന രാജ്ഞിയോട് പറയുന്നതതാണ്. യേശുക്രിസ്തുവാണ് രജ്ഞിയുടെ സൗന്ദര്യത്തെ ആഗ്രഹിക്കുന്നതെന്ന് തലയ്ക്ക് വെളിവുള്ള ആരെങ്കിലും പറയുമോ?

𝟯. “അഃന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻ കസവുകൊണ്ടുള്ളതു. അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.” (സങ്കീ, 45:13-14). വാക്യം ശ്രദ്ധിക്കുക: “അന്തഃപുരത്തിലെ രാജകുമാരിയെയും അവളുടെ കന്യകമാരായ തോഴിമാരെയും രാജാവിൻ്റെ അടുക്കൽ കൊണ്ടുവരും.” അന്തഃപുരത്തിലെ രാജകുമാരിയെയും അവളുടെ കന്യകമാരായ തോഴിമാരെയും രാജാവിൻ്റെ അടുക്കൽ കൊണ്ടുവരുന്നത് രാജാവിന് അവരിൽ സന്തോഷിക്കാനാണ്. ഇതും യേശുക്രിസ്തുവിനെക്കുറിച്ച് അല്ലെന്ന് വ്യക്തമാണല്ലോ? നാല്പത്തഞ്ചാം സങ്കീർത്തനത്തിലെ രാജാവ് യേശുവാണെന്ന് വിചാരിക്കുന്നവരിൽ വേറേതോ ആത്മാവാണുള്ളത്. യിസ്രായേൽ എന്ന ഭൗമിക രാജാവിനെച്ചുറിച്ച് കോരെഹ് പുത്രന്മാർ ആത്മാവിൽ വർണ്ണിക്കുന്നതാണ്. [കാണുക:ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്?]

𝗜𝗜𝗜. പുത്രനോടോ:
➦ പിതാവു പുത്രനെ ദൈവമേ എന്ന് വിളിച്ചോ? ഒരിക്കലുമില്ല. “പുത്രനോടോ: ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.” (എബ്ര, 1:8). ഇതാണ് പുത്രനെ പിതാവ് ദൈവമേ എന്ന് സംബോധന ചെയ്യുന്നതായി പലരും വിചാരിക്കുന്നത്. എന്നാൽ എബ്രായർ 1-8-ൻ്റെ സങ്കീർത്തനത്തിലെ ഉദ്ധരണി ഇപ്രകാരമാണ്: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.” (സങ്കീ, 45:6). ഈ വാക്യത്തിൽപുത്രനോടോ എന്ന് കാണുന്നുണ്ടോ? ഇല്ല. കോരഹ് പുത്രന്മാർ, ദൈവമായ യഹോവയെക്കുറിച്ചും വാഗ്ദത്തപുത്രനായ ഭൗമിക രാജാവിനെക്കുറിച്ചും രചിച്ചിരിക്കുന്നതാണ് നാല്പത്തഞ്ചാം സങ്കീർത്തനം. അത് ട്രിനിറ്റി ക്രിസ്ത്യാനികൾക്ക് അറിയില്ലെങ്കിലും എബ്രായ ലേഖകന് നല്ലപോലെ അറിയാം. എബ്രായർ 1:5-9 വാക്യങ്ങളിൽ ലേഖകൻ ദൈവത്തിൻ്റെ വാഗ്ദത്തപുത്രനെയും ദൂതന്മാരെയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനെക്കുറിച്ച് പറയുന്ന വാക്യമാണെന്ന് സൂചിപ്പിക്കാൻ, സങ്കീർത്തനത്തിൻ്റെ ഉദ്ധരണിയിൽ എബ്രായലേഖകൻ കൂട്ടിച്ചേർക്കുന്ന വാക്യഖണ്ഡമാണ് “പുത്രനോടോ” എന്നത്. അല്ലാതെ, “പുത്രനോടോ” എന്നത് യഥാർത്ഥ വാക്യത്തിൻ്റെ ഭാഗമല്ല. 

𝗜𝗩. Pros de ton huion:
➦ സത്യവേദപുസ്തകത്തിൽ “പുത്രനോടോ” എന്നത് ഒറ്റപ്പദമാണെങ്കിലും, ഗ്രീക്കിൽ എന്നാൽ പുത്രനോടു എന്നർത്ഥമുള്ള Pros de ton huion എന്നത് കൃത്യമായ ഒരു വാക്യഖണ്ഡമാണ്. കെ.ജെ.വിയിയിലും But unto the Son he saith എന്നാണ്. [BLB]. അതായത്, എബ്രായ ക്രിസ്ത്യാനികളെ വിശ്വാസത്തിൽ ഉറപ്പിക്കാൻ, അവരോടുള്ള പഴയനിയമത്തിലെ വാഗ്ദത്തം എടുത്തുകാണിക്കുമ്പോൾ, ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനായ എബ്രായരെക്കുറിച്ച് ഇങ്ങനെ സങ്കീർത്തകൻ പറഞ്ഞിട്ടുണ്ടെന്ന് അവർക്ക് ബോധം വരുത്താൻ “പുത്രനോടോ” എന്ന വാക്യഖണ്ഡം എബ്രായലേഖകൻ ചേർക്കുന്നതാണ്. സങ്കീർത്തനത്തിൽനിന്ന് ശ്രദ്ധയേമായ ഒരു കാര്യം കാണിക്കാം: നാല്പത്തഞ്ചാം സങ്കിർത്തനത്തിൽ പിതാവായ യഹോവ സംസാരിക്കുന്നേയില്ല. അഭിഷിക്തനായ രാജാവിനെക്കുറിച്ചും അവൻ്റെ ദൈവത്തെക്കുറിച്ചും സംസാരിക്കുന്നത് കോരഹ് പുത്രന്മാരാണ്. “എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു. എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.” (സങ്കീ, 45:1). ഇതാണ് സങ്കിർത്തനത്തിൻ്റെ ആമുഖവാക്യം. ആ സങ്കീർത്തനത്തിൽ എഴുത്തുകാരൻ ഉത്തമപുരുഷനും (1st Person) രാജാവ് മധ്യമപുരുഷനും (2nd Person) ദൈവം പ്രഥമപുരുഷനും (3rd Person) ആണ്. അതായത്, ഉത്തമപുരുഷനായ എഴുത്തുകാരൻ മാത്രമാണ് അതിൽ സംസാരിക്കുന്നത്. പിന്നെങ്ങനെയാണ് പിതാവ് പുത്രനെ “ദൈവമേ” എന്ന് വിളിക്കുന്നത്? പറയുന്ന കാര്യങ്ങൾക്ക് വചനപരമായോ, ഭാഷാപരമായോ വല്ല തെളിവും വേണ്ടേ?

𝗩. ദൈവം, ദൈവങ്ങൾ:
➦ എബ്രായലേഖകൻ 1:8-ൽ പറയുന്ന “ദൈവം” എബ്രായ ക്രിസ്ത്യാനികൾ തന്നെയാണ്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട എബ്രായർ “ദൈവങ്ങൾ” ആണെന്ന് പഴയപുതിയനിയമങ്ങൾ സംശയലേശമെന്യേ പറഞ്ഞിട്ടുണ്ട്: (സങ്കീ, 82:6യോഹ, 10:35-36). ദൈവം, ദൈവങ്ങൾ എന്ന് ബൈബിൾ വിളിച്ചിരിക്കുന്നവരെല്ലാം സത്യദൈവമല്ല എന്നതും കുറിക്കൊള്ളുക. ഒരേയൊരു സത്യദൈവം മാത്രമേ ബൈബിളിലുള്ളൂ; അത് യേശുക്രിസ്തു പഠിപ്പിച്ചതും, ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവുമായ യഹോവയാണ്: (യോഹ, 17:3യോഹ, 20:17). ക്രിസ്തുവിലൂടെ വീണ്ടുജനിച്ച് പുതിയ സൃഷ്ടിയായവർ മറ്റൊരു സത്യദൈവത്തെ ബൈബിളിൽ അന്വേഷിക്കില്ല. അന്വേഷിച്ചാൽ കണ്ടെത്തുകയുമില്ല. ദുർവ്യാഖ്യാനങ്ങൾ മാത്രമാണ് നിങ്ങൾക്ക് ശരണം.

𝗩𝗜. Jewish Bible:
➦ യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ “തനാഖിൽ” (Tanakh) അതിൻ്റെ ഇംഗ്ലീഷ് പരിഭാഷയുമുണ്ട്. അതിപ്രകാരമാണ്: “Your throne, O judge, [will exist] forever and ever; the scepter of equity is the scepter of your kingdom.” (ന്യായാധിപതിയേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഇരിക്കും; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു). [കാണുക: Tanakh]. ഈ വാക്യത്തിലെ ദൈവം “സത്യദൈവം” അല്ലാത്തതുകൊണ്ടാണ്, തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാൻ elohim എന്ന എബ്രായ പദത്തെ “ന്യായാധിപൻ” (Judge) എന്ന് അവർ പരിഭാഷ ചെയ്തിരിക്കുന്നത്. ക്രിസ്ത്യാനികളെപ്പോലെ രണ്ടുമൂന്ന് ദൈവം യെഹൂദന്മാർക്കില്ല. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ടവരും (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4) ദൈവം പഴയപുതിയനിയമങ്ങൾ ചെയ്തിരിക്കുന്ന ഏകജാതിയുമാണ് യെഹൂദന്മാർ: (പുറ, 20:1-18; പുറ, 24:3-11യിരെ, 31:31-34; എബ്രാ, 8:8-12). അവരുടെ വ്യാഖ്യാനം വിശ്വാസയോഗ്യമാണ്. ബൈബിളിനെ ആധികാരികമായി വ്യാഖ്യാനിക്കാൻ അവകാശം അവർക്കുമാത്രമാണുള്ളത്. യഹോവ ഒരുത്തൻ മാത്രമാണ് അവരുടെ ദൈവം: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). മറ്റൊരു ദൈവത്തെക്കുറിച്ച് സൂചനപോലും പഴയനിയമത്തിലില്ല. നാല്പത്തഞ്ചാം സങ്കീർത്തനത്തിലെ രാജാവ് സത്യദൈവം ആയിരുന്നെങ്കിൽ അവർ elohim (god) എന്ന പദത്തെ ന്യായാധിപൻ എന്ന് പരിഭാഷ ചെയ്യുമായിരുന്നോ? നാല്പത്തഞ്ചാം സങ്കീർത്തനത്തിൽ സത്യദൈവം അല്ലാഞ്ഞവൻ, ആ ഉദ്ധരണി പുതിയനിയമത്തിൽ വരുമ്പോൾ സത്യദൈവം ആകുന്നത് എങ്ങനെയാണ്? 

𝗩𝗜𝗜. മലയാളം ഇംഗ്ലീഷ് പരിഭാഷകൾ:
BSI-ടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷ വാക്യം തിരുത്തിയിട്ടുണ്ട്: “അങ്ങയുടെ ദിവ്യസിംഹാസനം ശാശ്വതമായിരിക്കും അവിടുത്തെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാകുന്നു. (സങ്കീ, 45:6). കത്തോലിക്കരുടെ പരിഭാഷയും കാണുക:  (പി.ഒ.സി). സങ്കീർത്തനം 45:6-ൽ പറയുന്നത് സത്യദൈവം അല്ലാത്തതുകൊണ്ടാണ് പല പരിഭാഷകളും അതിനെ തിരുത്തിയത്. കെജെവിയുടെ ഒറിജിനൽ പരിഭാഷ ഉൾപ്പെടെ ഇംഗ്ലീഷിലെ പല ആദ്യകാല ആധുനിക പരിഭാഷകളിലും “O God” എന്ന ഭാഗം സന്ദിഗ്ധമെന്ന നിലയിൽ ബ്രാക്കറ്റിലാണ് കാണുന്നത്: (Coverdale 1535,Matthew’s 1537,The Great 1539,King James 1611). [കാണുക: KJV Original PDF]. “O God” എന്ന് പരിഭാഷ ചെയ്യാതെ, Divine എന്ന് പരിഭാഷ ചെയ്തിരിക്കുന്നവയുമുണ്ട്: (Common English Bible,Revised Standard Version). ചിലതിൽ God എന്നതിനു പകരം Lorde എന്ന് കാണാം: (Bishops’ Bible 1568). ഇതൊക്കെ തെളിയിക്കുന്നത്, അവിടെപ്പറയുന്ന രാജാവ് സത്യദൈവത്തെയല്ല; ഒരു ഭൗമിക രാജാവാണ്. സങ്കീത്തനത്തനം 𝟰𝟱:𝟲-ൽ പറയുന്നത് സത്യദൈവം ആയിരുന്നെങ്കിൽ, BSI-ടെതന്നെ സത്യവേദപുസ്തകം അതിനെ തിരുത്തുമായിരുന്നോ? പിന്നെ പുതിയനിയമത്തിൽ എങ്ങനെയാണ് സത്യദൈവം ആകുന്നത്?

𝗩𝗜𝗜𝗜. നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്:
➦ സങ്കീർത്തകനും എബ്രായലേഖകനും പറയുന്ന രാജാവ് എന്നേക്കും സിംഹാസനം ഉള്ളവനാണ്. “അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:13-14ദിന, 17:12-13). ഇവിടെ നോക്കുക: എന്നേക്കും സിംഹാസനമുള്ളവനും കുറ്റം ചെയ്താൽ ശിക്ഷ ഏൽക്കുക്കന്നവനുമായ സന്തതി യേശുവില്ല; യിസ്രായേലാണ്. സങ്കീർത്തനത്തിലും കാണുക: “ഞാൻ അവന്റെ സന്തതിയെ (Seed) ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. അവന്റെ പുത്രന്മാർ (Children) എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” (സങ്കീ, 89:29-32). ഇവിടെ “സന്തതി” എന്ന് ഏകവചനത്തിലും, അടുത്ത വാക്യത്തിൽ “പുത്രന്മാർ” എന്ന് ബഹുവചനത്തിലും പറയുന്നത് നോക്കുക. അതായത്, ശാശ്വത സിംഹാസനമുള്ള ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് ഒരു വ്യക്തിയല്ല; സമൂഹമാണ്. അത് ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലാണ്: (പുറ, 4:22;23). യിസ്രായേൽ എന്ന വാഗ്ദത്തസന്തതിയെ ദൈവം തൻ്റെ ഏകപുത്രനായാണ് കാണുന്നത്. “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ഇവിടെയും നോക്കുക: “അത്യുന്നതൻ്റെ വിശുദ്ധന്മാരായ ജനം” എന്ന് പറഞ്ഞിട്ട്, അടുത്തഭാഗത്ത് “അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു” എന്ന് ഏകവചനത്തിൽ പറയുന്നത് നോക്കുക. യിസ്രായേലാണ് ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവ്: (ദാനീ, 2:44;7:18; 7:21).  യിസ്രായേലിൻ്റെ രക്ഷകനായ യേശുവിലൂടെയാണ് വാഗ്ദത്തസന്തതിക്ക് അവൻ്റെ രാജ്യവും നിത്യരാജത്വവും ലഭിക്കുന്നത് (മത്താ, 1:21; പ്രവൃ, 1:6). അതുകൊണ്ടാണ്, അവൻ്റെ രക്ഷിതാവും മറുവിലയുമായ യേശുവിൽ അവൻ്റെ രാജത്വം ആരോപിച്ചിരിക്കുന്നത്: (മത്താ, 2:2; ലൂക്കൊ, 1:32). അല്ലാതെ, എബ്രായലേഖകൻ പറയുന്ന എന്നേക്കും സിംഹാസനമുള്ള രാജാവ് യേശുവല്ല.

എബ്രായർ 𝟭:𝟵
➦ എബ്രാരിലെ അടുത്തവാക്യം ഇപ്രകാരമാണ്: “നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (എബ്രാ, 1:9). സത്യവേദപുസ്തകം പരിഭാഷപ്രകാരം ഈ വാക്യത്തിൽ രണ്ട് ദൈവത്തെ കാണാം. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം പിതാവും പുത്രനുമാണിത്. എന്നാലും ഞങ്ങൾക്ക് ഒരു ദൈവമേ ഉള്ളെന്നാണ് അവർ പറയുന്നത്. ഇത് പഴയനിയമത്തിൽനിന്ന് എബ്രായലേഖകൻ എടുത്തിരിക്കുന്ന ഉദ്ധരണിയാണ്. ഇതിൽ “ദൈവമേ, നിന്റെ ദൈവം” എന്നാണെങ്കിൽ, ഇതിൻ്റെ ഒറിജിനൽ വാക്യത്തിൽ, “ദൈവം, നിൻ്റെ ദൈവം” എന്നാണ്: “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7). സത്യവേദപുസ്തകത്തിൻ്റെ “ദൈവമേ, നിൻ്റെ ദൈവം” എന്നത് തെറ്റായ പരിഭാഷയാണ്. അതായത്, പരിഭാഷാപ്രശ്നംപോലും പലരും ഉപദേശം ആക്കിയിരിക്കുകയാണ്. [കാണുക: സത്യവേദപുസ്തകം CL, വിശുദ്ധഗ്രന്ഥം, പി.ഒ.സി, KJV, NKJV, NIV].

𝗜. ദൈവം, നിൻ്റെ ദൈവം:
➦ “ദൈവം, നിൻ്റെ ദൈവം” എന്ന പ്രയോഗംതന്നെ ആറാം വാക്യത്തിൽ പറയുന്ന ദൈവം സത്യദൈവം അല്ലെന്നതിൻ്റെ അസന്ദിഗ്ദ്ധമായ തെളിവാണ്. “ആറാം വാക്യത്തിൽ എന്നേക്കും സിഹാസനമുള്ള രാജാവിൻ്റെ ദൈവത്തെയാണ് ഏഴാം വാക്യത്തിൽ കാണുന്നത്. ആദ്യത്തവൻ സത്യദൈവം ആയിരുന്നെങ്കിൽ, ആ ദൈവത്തിന് മറ്റൊരു ദൈവം ഉണ്ടാകുമായിരുന്നോ? സത്യദൈവം ഒന്നല്ലേയുള്ളു (The only true God): (യോഹ, 17:3). പഴയനിയമത്തിൽ ദൈവം ഏകനാണെന്ന് 100 വാക്യങ്ങളിലാണ് പറഞ്ഞിരിക്കുന്നത്. അതിൽ ഒരേയൊരു, മാത്രം, ഒരുത്തൻ മാത്രം (alone, only) എന്ന അർത്ഥത്തിൽ Ak, Raq, Bad, Badad എന്നീ എബ്രായ പദങ്ങൾ 33 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ⟦ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ഗ്രീക്കിൽ (LXX)  തൽസ്ഥാനത്ത് 23 വാക്യങ്ങൾ Monos ആണ് കാണുന്നത്⟧. ഉദാ: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; സങ്കീ, 86:10; യെശ, 37:16; യെശ, 37:20; യെശ, 44:24). പുതിയനിയമത്തിൽ ദൈവം ഏകനാണെന്ന് പറഞ്ഞിരിക്കുന്നത് 28 പ്രാവശ്യമാണ്. അതിൽ “ഒരേയൊരു, മാത്രം” (𝗼𝗻𝗹𝘆) എന്ന അർത്ഥത്തിൽ 𝗠𝗼𝗻𝗼𝘀 എന്ന പദം 12 പ്രാവശ്യം കാണാം. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:24). എബ്രായയിലെAk, Raq, Bad, Badad എന്നീ പദങ്ങളും ഗ്രീക്കിലെ 𝗠𝗼𝗻𝗼𝘀 എന്ന പദവും ഇംഗ്ലീഷിലെ Alone, Only എന്നീ പദങ്ങളും മലയാളത്തിലെ ഒരേയൊരു, തനിയെ, മാത്രം എന്നീ പദങ്ങളും മറ്റാരെയും ഉൾപ്പെടുത്താത്ത (Exclusive) പദങ്ങളാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണന്ന് എബ്രായഗ്രീക്ക് പഴയപുതിയനിയമങ്ങളിൽ 45 പ്രാവശ്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. പിതാവായ യഹോവ “ഒരേയൊരു ദൈവം” ആയിരിക്കെ മറ്റൊരു സത്യദൈവം ഉണ്ടാകുമോ?

𝗜𝗜. ആനന്ദതൈലംകൊണ്ടുള്ള അഭിഷേകം:
➦ “നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (എബ്രാ, 1:9). ദൈവം അഭിഷേകം ചെയ്ത ഒരു ഭൗമികനാണ് ഇവിടെപ്പറയുന്ന ദൈവം (എലോഹീം). ഏകസത്യദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്: (പ്രവൃ, 10:38). മനുഷ്യർക്കല്ലാതെ, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ല. അപ്പോൾ, സത്യദൈവം അഭിഷേകം ചെയ്തത് മറ്റൊരു സത്യദൈവത്തെയാണെന്ന് പറയുന്നത് ദുരുപദേശം മാത്രമാണ്. അവിടെപ്പറയുന്നത് പഴയനിയമത്തിലെ അഭിഷിക്തരാജാവായ യിസ്രായേലിനെക്കുറിച്ചാണ്. [കാണുക: മശീഹമാർ]. 

𝗜𝗜𝗜, 𝗘𝗹𝗼𝗵𝗶𝗺, 𝗧𝗵𝗲𝗼𝘀:
➦ സങ്കീർത്തനം 45:6-7-ൽ രണ്ട് വ്യത്യസ്ത “എലോഹീം” (ദൈവം) ആണുള്ളത്. ആറാം വാക്യത്തിൽ പറയുന്ന ദൈവത്തിൻ്റെ ദൈവമാണ് ഏഴാം വാക്യത്തിൽ പറയുന്ന ദൈവം. അതിനാൽ ആറാം വാക്യത്തിൽ പറയുന്ന ദൈവം (elohim) ഒരു ഭൗമിക രാജാവാണെന്നും, ഏഴാം വാക്യത്തിൽ പറയുന്ന ദൈവമാണ് (Elohim) സത്യദൈവം എന്നും ആർക്കും മനസ്സിലാകും. എബ്രായ ബൈബിളിൽ (പഴയനിയമം) രണ്ട് സത്യദൈവമില്ല എന്നത് ഒരു ശിശുസഹജമായ അറിവാണ്. അതുപോലും അറിയാത്തവരാണ് വചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നത്. പഴയനിയമത്തിൽ “എലോഹീം” എന്ന പദം സത്യദൈവത്തിന് മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്: ദൂതന്മാർക്കും (സങ്കീ, 8:5), മനുഷ്യനും (പുറ, 4:16; 7:1), ദേവനും (ന്യായാ, 11:24), ദേവിക്കും (1രാജാ, 11:5: 11:33), ദേവന്മാർക്കും (ഉല്പ, 35:2), യിസ്രായേലിനും (സങ്കീ, 82:1; 82:6) ഏകവചനത്തിലും ബഹുവചനത്തിലും അഭിന്നമായി ഉപയോഗിച്ചിരിക്കുന്ന പദമാണ്. പുതിയനിയമത്തിൽ സത്യേകദൈവത്തെ കൂടാതെ: theos, theoi എന്ന പദം യിസ്രായേലിനും (യോഹ, 10:34-35; എബ്രാ, 1:8), അന്യദൈവങ്ങൾക്കും (1കൊരി, 8:5), സാത്താനും (2കൊരി, 4:4), ക്രൂശിന് ശത്രുക്കളായവരുടെ വയറിനും (ഫിലി, 3:18-19) ഉപയോഗിച്ചിട്ടുണ്ട്. സത്യദൈവം “ഒരുത്തൻ മാത്രം” (Monos Theos – The only God) ആണ്: (യോഹ, 5:44). തന്മൂലം, “ദൈവം” എന്ന് കാണുന്നതെല്ലാം സത്യദൈവം ആണെന്നും, അത് യേശുക്രിസ്തു ആണെന്ന് പറയുന്നതും ബാലിശമാണ്.

📌വാക്യങ്ങൾ 𝟭𝟬–𝟭𝟮: സ്രഷ്ടാവായ ദൈവത്തിൻ്റെ അനശ്വരത്വവും, സൃഷ്ടിയുടെ നശ്വരത്വവും. 

എബ്രായർ 𝟭:𝟭𝟬
➦ “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10). ഈ വേദഭാഗത്ത് പറയുന്ന, പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ട കർത്താവ് യേശുക്രിസ്തു ആണെന്ന് പലരും വിചാരിക്കുന്നു. എന്നാൽ ആദിമസൃഷ്ടിയുടെ കർത്താവ് പിതാവായ യഹോവ ഒരുത്തൻ മാത്രമാണെന്ന് പഴയപുതിയനിയമങ്ങൾ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. തന്നെയുമല്ല, ഈ വേദഭാഗത്ത് പറയുന്ന “കർത്താവു” യേശുക്രിസ്തു അല്ലെന്ന് പലനിലകളിൽ മനസ്സിലാക്കാം: 

𝗜. പൂർവ്വകാലത്ത് ഭൂമിക്ക് അടിസ്ഥാനമിട്ട കർത്താവ് ആരാണ്?
➦ എബ്രായർ 1:10-12 വേദഭാഗം സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്: “പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും. നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല.” (സങ്കീ, 102:25-27). പഴയപുതിയ നിയമങ്ങളിൽ സ്രഷ്ടാവും ദൈവവുമായി യഹോവയല്ലാതെ മറ്റൊരുത്തനുമില്ല. അരിഷ്ടൻ്റെ പ്രാർത്ഥന ആരംഭിക്കുന്നത്: “യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ” എന്ന നിലവിളിയോടെയാണ്: (സങ്കീ, 102:1). തന്നെയുമല്ല, വാക്യം 1-മുതൽ 22-വരെ “യഹോവ” എന്ന ദൈവനാമം എട്ടുപ്രാവശ്യം എടുത്തുപറഞ്ഞിട്ടുണ്ട്. എന്നിട്ടാണ്, “പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു” എന്ന് പറയുന്നത്. സൃഷ്ടാവായ പിതാവ് പുതിയനിയമത്തിൽ വരുമ്പോൾ, പുത്രനായി മാറുന്നത് എങ്ങനെയാണ്? [കാണുക: യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്]

𝗜𝗜. അന്ത്യകാലത്ത് വെളിപ്പെട്ടവൻ:
➦ “ക്രിസ്തു ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). വാക്യം ശ്രദ്ധിക്കുക: ക്രിസ്തു ലുകസ്ഥാപനത്തിന് മുമ്പെ ഉണ്ടായിരുന്ന എന്നല്ല പത്രൊസ് പറയുന്നത്; മൂന്നറിയപ്പെട്ടവൻ എന്നാണ്. അഥവാ, പ്രവചനങ്ങളിലൂടെ മുന്നറിയപ്പെട്ടവൻ എന്നാണ്. പഴയനിയമത്തിൽ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശു എന്ന വ്യക്തിയില്ല. ആമുഖത്തിൽ നാമത് കണ്ടതാണ്:  (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). പ്രവചനനിവൃത്തിയായി AM 3755-ലാണ് (BC 6) യേശു എന്ന് പേരുള്ള മനുഷ്യൻ മറിയത്തിൻ്റെ ആദ്ദജാതനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. യേശു/യേസൂസ് (𝗜𝗲𝘀𝗼𝘂𝘀) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, AD 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്നവൻ, എങ്ങനെയാണ് പൂർവ്വകാലത്തെ സൃഷ്ടിയിൽ ഉണ്ടാകുന്നത്? [കാണുക: സർവ്വസൃഷ്ടിക്കും ആദ്യജാതൻ]

𝗜𝗜𝗜. സ്രഷ്ടാക്കൾ:
➦ പല ക്രിസ്ത്യാനികൾക്കും സ്രഷ്ടാവല്ല; സ്രഷ്ടാക്കളാണുള്ളത്. നിർഭാഗ്യവശാൽ യഹോവയ്ക്കും (യെശ, 44:24), ദൈവപുത്രനായ യേശുവിനും (മത്താ, 19:4; മർക്കൊ, 10:6), ദൈവത്തിൻ്റെ ആദ്യ ക്രിസ്തുവും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനുമായ മോശെയ്ക്കും (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6), പഴയനിയമത്തിലെ മറ്റു മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 51:13; യെശ, 64:8; മലാ, 2:10), അപ്പൊസ്തലന്മാർക്കും അക്കാര്യം അറിയില്ലായിരുന്നു: (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10). അതുകൊണ്ടാണ്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് എല്ലാവരും ഒരുപോലെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. താൻ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യഹോവയും, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് യേശുവും പറഞ്ഞിരിക്കുന്നതിൻ്റെ വിശദമായ തെളിവ് മുകളിൽ നാം കണ്ടതാണ്. [കാണുക: യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്, നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]

𝗜𝗩. എന്നും:
➦ സത്യവേദപുസ്തകത്തിൽ ഒമ്പതാം വാക്യത്തിനുശേഷം “എന്നും” (and) എന്നൊരു സംയോജനപദം (Conjunction) ഉണ്ട്. എന്നാൽ ഗ്രീക്കിലും ഇംഗ്ലീഷിലും അതില്ല. തന്നെയുമല്ല, ഭൂരിഭാഗം ഗ്രീക്ക് വേർഷനിലും, ഏകദേശം എല്ലാ ഇംഗ്ലീഷ് പരിഭാഷകളിലും ഒമ്പതാം വാക്യത്തിന് പൂർണ്ണവിരാമം (Fullstop) ഇട്ടശേഷമാണ് പത്താം വാക്യം ആരംഭിക്കുന്നത്. [കാണുക: Codex Alexandrinus(400-440), SBLGNT, Nestle1904, WH 1881, Scrivener’s 1894, GOC 1904, RP 2005, WHNA]. എന്നാൽ സത്യവേദപുസ്തകത്തിൻ്റെ ഒമ്പതാം വാക്യത്തിന് ഫുൾസ്റ്റോപ്പുമില്ല, “എന്നും” എന്ന സംയോജനപദവുമുണ്ട്: “നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും (എബ്രാ, 1:9). ഇതാണ്, ഒമ്പതാം വാക്യത്തിൻ്റെ തുടർച്ചയാണ് പത്താം വാക്യമെന്നും, പുത്രനാണ് പത്താം വാക്യത്തിലെ സ്രഷ്ടാവെന്നും തെറ്റിദ്ധരിക്കാൻ ഇടയായത്. ഗ്രീക്കിലും ഇംഗ്ലീഷിലും പത്താം വാക്യത്തിൻ്റെ തുടക്കത്തിൽ kai – and എന്ന പദമുണ്ട്.ഗ്രീക്കിലെ kai (കൈ) എന്ന പദവും ഇംഗ്ലീഷിലെ and എന്ന പദവും “ഉം, ഒപ്പം, എന്നും, കൂടെ, കൂടി” എന്നൊക്കെ പരിഭാഷ ചെയ്യാവുന്ന പദമാണ്. എന്നാലത് 9-ഉം 10-ഉം വാക്യങ്ങൾ പഴയനിയമത്തിലെ ഉദ്ധരണികളാണെന്ന് കാണിക്കാൻ ചേർത്തിരിക്കുന്നതാണ്. അല്ലാതെ ഒമ്പതാം വാക്യത്തിലെ പുത്രനാണ് സ്രഷ്ടാവെന്നല്ല അതിൻ്റെ അർത്ഥം. 

𝗩. പിഒസി പരിഭാഷ:
➦ യാതൊരു സംശയത്തിനും ഇടയില്ലാതെയാണ് പിഒസി ബൈബിളിൻ്റെ പരിഭാഷ. അതിലെ 9-10 വാക്യങ്ങൾ കാണുക: “അങ്ങു നീതിയെ സ്‌നേഹിച്ചു; അനീതിയെ വെറുത്തു. അതിനാല്‍, അങ്ങയുടെ സ്‌നേഹിതരെക്കാള്‍ അധികമായി സന്തോഷത്തിന്റെ തൈലം കൊണ്ടു ദൈവം, അങ്ങയുടെ ദൈവം, അങ്ങയെ അഭിഷേകം ചെയ്തിരിക്കുന്നു. കര്‍ത്താവേ, ആദിയില്‍ അങ്ങു ഭൂമിക്ക് അടിസ്ഥാനമിട്ടു. ആകാശം അങ്ങയുടെ കരവേലയാണ്.” (POC). ഇതിൽ ഒമ്പതാം വാക്യംകഴിഞ്ഞിട്ട് പൂർണ്ണവിരാമം (Full stop) ഇട്ടിട്ടുണ്ട്. “എന്നും” എന്ന സംയോജനപദവും കാണാനും കഴിയില്ല. അതായത്, അഭിഷേക ദാതാവായ കർത്താവിൻ്റെ (യഹോവ) കരവേലയെ കുറിച്ചാണ് അടുത്ത വാക്യത്തിൽ പറയുന്നത്.

𝗩𝗜. ആദിമസൃഷ്ടിയും പുതുസൃഷ്ടിയും:
➦ ഒമ്പതാം വാക്യത്തിലെ പുത്രൻ യേശു ആണെന്ന തെറ്റിദ്ധാരണയിലാണ്, “എന്നും” എന്നൊരു സംയോജനപദം പല മലയാളം പരിഭാഷകളിലും കാണുന്നത്. എന്നാൽ ഒമ്പതാം വാക്യത്തിലെ പുത്രൻ യേശുവുമല്ല; യേശുവിന് പൂർവ്വകാലത്തെ സൃഷ്ടിയിൽ യാതൊരു പങ്കുമില്ല. എന്തെന്നാൽ അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിതനായവനാണ്: (മത്താ, 1:20; ലൂക്കൊ, 2:21). ആദിമസൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് യേശുതന്നെ വ്യക്തമാക്കിയകാര്യം മുകളിൽ കണ്ടതാണ്. എന്നാൽ അനേകർക്കും ഇന്നയോളം വെളിപ്പെട്ടിട്ടില്ലാത്ത ഒരു കാര്യം പറയാം: പുതുവാനഭൂമിയുടെ സൃഷ്ടിയും (യെശ, 65:17-18;യെശ, 66:22) പുതുസൃഷ്ടിയും (പുതിയജനനം) (2കൊരി, 5:17-18) ദൈവം ചെയ്യുന്നത് ദൈവപുത്രനായ ക്രിസ്തു മുഖാന്തരമാണ്. അഥവാ, യേശുക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ഫലമായാണ്. അതിനാൽ പുതിയസൃഷ്ടിയിൽ ക്രിസ്തുവിന് പങ്കുണ്ടെന്ന് അസന്ദിദ്ധമായി മനസ്സിലാക്കാം. (കൊലൊ, 1:15-20;എബ്രാ, 1:2).

എബ്രായർ 𝟭:𝟭𝟭-𝟭𝟮
➦ “അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. (എബ്രാ,1:11-12സങ്കീ, 102:26-27). സൃഷ്ടിയുടെ നശ്വരത്വവും സ്രഷ്ടാവിൻ്റെ അനശ്വരത്വവുമാണ് ഇവിടുത്തെ വിഷയം. എബ്രായർ 1:8-9:-ൽ വാഗ്ദത്തസന്തതിയായ എബ്രായരുടെ എന്നേക്കുമുള്ള സിംഹാസനത്തെക്കുറിച്ചും രാജീയ അഭിഷേകത്തെക്കുറിച്ചും പറഞ്ഞശേഷമാണ്, സൃഷ്ടിയുടെ നശ്വരതയെക്കുറിച്ചും സ്രഷ്ടാവിൻ്റെ അനശ്വരതയെക്കുറിച്ചും ലേഖകൻ പറയുന്നത്. അത് പറയാൻ ഒരു കാരണമുണ്ട്. 

𝗜. ശാശ്വതരാജ്യവും രാജത്വവും:
➦ ദൈവം തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിന് വാഗ്ദത്തം ചെയ്തിരിക്കുന്നത് ശാശ്വതരാജ്യവും (നിത്യരാജ്യം) രാജത്വവുമാണ്. ശാശ്വതമായി തരും (ഉല്പ, 13:15), ശാശ്വതാവകാശമായി തരും (17:8), എന്നേക്കും അവകാശമായി പ്രാപിക്കും (പുറ, 32:13), നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത് (സങ്കീ, 45:6എബ്രാ, 1:8), ആകാശമുള്ള കാലത്തോളം (89:29), സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കും (89:36-37), എന്നേക്കും നിലനില്ക്കുന്ന രാജത്വം (ദാനീ, 2:44), നിത്യാധിപത്യവും നശിച്ചുപോകാത്തതുമായ രാജത്വം (7:14), സദാകാലത്തേക്കും രാജത്വം അനുഭവിക്കും (7:18), നിത്യരാജത്വം (7:27), അവൻ എന്നെന്നേക്കും വാഴും (വെളി, 11:15), അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും (വെളി, 22:5) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. സർവ്വസൃഷ്ടിയും നശിച്ചാലും സ്രഷ്ടാവായ ദൈവം നിലനില്ക്കുമെന്നും അവരോടുള്ള വാഗ്ദത്തത്തിന് മാറ്റമുണ്ടാകില്ലെന്നും കാണിക്കാനാണ്, പൂർവ്വകാലത്തെ സൃഷ്ടിയെക്കുറിച്ചും ആ സൃഷ്ടിയുടെ നശ്വരതയെക്കുറിച്ചും സ്രഷ്ടാവിൻ്റെ അനശ്വരത്വത്തെക്കുറിച്ചും പറയുന്നത്. 

𝗜𝗜. നീയോ അനന്യൻ:
➦ “നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നാണ് പിതാവിനെക്കുറിച്ച് കാണുന്നത്. ഇവിടെ “അനന്യൻ” (The same) എന്ന് എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം Autos ആണ്. സ്വയം (Self) അല്ലെങ്കിൽ താൻ (മത്താ, 16:20), അവൻ/അവൾ/അത് (He/She/It) (മത്താ, 12:50), അതേ/തുല്യമായ (Same) അല്ലെങ്കിൽ അനന്യൻ (എബ്രാ, 1:12; എബ്രാ, 13:8) എന്നിങ്ങനെയാണ് പദത്തിൻ്റെ അർത്ഥം ബൈബിളിൽ കാണുന്നത്. “അനന്യ” എന്ന മലയാള പദത്തിൻ്റെ അർത്ഥം “നിത്യൻ” എന്നല്ല: “തുല്യമില്ലാത്ത, നിസ്തുല്യ, തുല്യമായി രണ്ടാമതൊന്നില്ലാത്ത, എതിരറ്റ എന്നൊക്കെയാണ്. അപ്പോൾ, “അനന്യൻ” എന്നാൽ: തുല്യമില്ലാത്തവൻ, നിസ്തുലൻ/ല്യൻ, എതിരറ്റവൻ” എന്നൊക്കെയാണ്.

𝗜𝗜𝗜. നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല:
➦ പിതാവിന് ഉപയോഗിച്ചിരിക്കുന്ന അടുത്ത പ്രയോഗം: “നിന്റെ സംവത്സരങ്ങൾ അവസാനിക്കയില്ല” എന്നാണ്. “നിൻ്റെ സംവത്സരങ്ങൾ അവസാനിക്കയില്ല” (Your years will never end) എന്ന് പറയാൻ, Ta ete sou ouk ekleip sousin എന്നാണ്. അതായത്, ദൈവം അനന്യൻ ആണെന്നും, അവൻ്റെ സംവത്സരങ്ങൾ അവസാനിക്കയില്ല എന്നും പറയുന്നതിലൂടെ, കാലത്തിനും മാറ്റങ്ങൾക്കും അതീതമായി ദൈവം എന്നും ഒരുപോലെ നിലനിൽക്കുന്നവനാണ് എന്ന സത്യത്തെയാണ് എബ്രായലേഖകൻ വ്യക്തമാക്കുന്നത്. അതിനാൽ എബ്രായരോടുള്ള വാഗ്ദത്തങ്ങൾക്കും മാറ്റമുണ്ടാകില്ല. 

𝗜𝗩. യേശുക്രിസ്തു അനന്യൻ:
➦ “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ. (എബ്രാ, 13:8). യേശുക്രിസ്തുവും അനന്യനാണെന്ന് എബ്രായലേഖകൻ പറഞ്ഞിട്ടുണ്ട്. ദൈവത്തെ അനന്യൻ എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന Autos എന്ന പദമാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ, യേശു ദൈവത്തെപ്പോലെ പൂർവ്വകാലംമുതൽ ഉള്ളവനല്ല. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് (1പത്രൊ, 1:20), പരിശുദ്ധാത്മാവിനാൽ മറിയത്തിൽ ഉല്പാദിതമായവാണ്: (മത്താ, 1:20; ലൂക്കൊ, 2:22). ലേഖകൻ ഇവിടെപ്പറയുന്ന “ഇന്നലെ” (yesterday) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന Echthes എന്ന ഗ്രീക്ക് പദത്തിന് കൃത്യമായി “ഇന്നലെ” എന്ന അർത്ഥമാണുള്ളത്: (യോഹ, 4:52; പ്രവൃ, 7:28). അല്ലാതെ, ആദിയെന്നോ, അനാദി എന്നോ ഇന്നലെയ്ക്ക് അർത്ഥമില്ല. പുനരുത്ഥാനശേഷം മഹത്വീകരിക്കപ്പെട്ടവനും സകലത്തിലും ശ്രേഷ്ഠനുമായ യേശുക്രിസ്തുവാണ് എബ്രായ ലേഖനത്തിൻ്റെ വിഷയം. അതിനാൽ ലേഖകൻ പറയുന്ന ഇന്നലെയുടെ ദൂരപരിധി അവൻ്റെ പുനരുത്ഥാനമാണ്. എന്നാൽ മരിച്ചുയിർത്തവനായ യേശു എന്നേക്കും ഇരിക്കുന്നവനാണെന്ന് എബ്രായലേഖകൻതന്നെ പറഞ്ഞിട്ടുണ്ട്: (7:24-25റോമ, 6:9). 

𝗩. പിതാവും പുത്രനും അനന്യരാണ്:
➦ ദൈവവും യേശുവും അനന്യരാണ്. ദൈവം ആരംഭവും അവസാനവും ഇല്ലാത്തവനും (സങ്കീ, 90:2; യെശ, 57:15) മരണമില്ലാത്തവനും (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവമാണ്: (വെളി, 4:9-10). എന്നാൽ യേശുവിന് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് അല്ലെങ്കിൽ, കന്യകാജനനം എന്ന ആരംഭം ഉള്ളവനും (ആവ, 18:15; 18:18; യെശ, 7:14; മീഖാ, 5:2-3; മത്താ, 1:18-20; ലൂക്കൊ, 1:35; റോമ, 9:5; ഗലാ, 4:4) മരിച്ചിട്ട് മൂന്നാംനാൾ ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവനും (പ്രവൃ, 10:40) എന്നേക്കും ജീവിച്ചിരിക്കുന്നവനാണ്: (റോമ, 6:9; എബ്രാ, 7:24-25). ഒന്നുകൂടി വ്യക്തമാക്കിയാൽ, പിതാവ് ഏകദൈവവും യേശു ഏകമനുഷ്യനുമാണ്: (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6യോഹ, 8:40; 9:11; റോമ, 5:15). മരണത്തിൽനിന്ന് ദൈവം ഉയിർപ്പിച്ചത് പുരുഷനായ (Man) നസറായനായ യേശുവിനെയാണ്: (പ്രവൃ, 2:23-24). അവനെയാണ് ദൈവം സ്വർഗ്ഗത്തെക്കാൾ ഉന്നതനാക്കിയത്: (എബ്രാ, 7:26). അതായത്, ദൈവം ആരംഭവും അവസാനവുമില്ലാത്ത എന്നെന്നേക്കും ഇരിക്കുന്ന അനന്യനും, യേശു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റ് എന്നെന്നേക്കും ഇരിക്കുന്ന അനന്യനുമാണ്.

📌വാക്യം 𝟭𝟯: വീണ്ടും വാഗ്ദത്തസന്തതിയും ദൂതന്മാരും തമ്മിലുള്ള താരതമ്യം. 

എബ്രായർ 𝟭:𝟭𝟯
➦ ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” (എബ്രാ, 1:13). ഈ വാക്യം പുതിയനിയമത്തിൽ ആവർത്തിച്ച് പറഞ്ഞിരിക്കയാൽ, യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ചാണെന്ന് കരുതുന്നവരുണ്ട്: (മത്താ, 22:44; മർക്കൊ, 12:36; ലൂക്കൊ, 20:42; പ്രവൃ, 2:35; എബ്രാ, 1:13). എന്നാൽ “ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്ക” എന്ന പദവി വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെയാണ്. അതിൻ്റെ തെളിവുകൾ നോക്കാം:

𝗜. ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു:
➦ സങ്കീർത്തനത്തിലെ ഈ വാക്യം യേശു ഉദ്ധരിച്ചിട്ടുണ്ട്: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു;” ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: “എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ?” “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു. (മത്താ, 22:42-44; സങ്കീ, 110:1മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). ഇവിടെ യേശു തന്നെക്കുറിച്ചല്ല പറയുന്നത്; പഴയനിയമത്തിലെ വാഗ്ദത്തസന്തതിയായ ക്രിസ്തുവിനെക്കുറിച്ചാണ്. യേശു തന്നെക്കുറിച്ചല്ല പറയുന്നത് എന്നതിൻ്റെ വ്യക്തമായ തെളിവ് വാക്യത്തിലുണ്ട്. 

☛ തന്നെ വാക്കിൽ കുടുക്കാൻവന്ന പരീശന്മാരോടുള്ള യേശുവിൻ്റെ ചോദ്യം ശ്രദ്ധിക്കുക: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ?” ഇവിടെ, “അവൻ ആരുടെ പുത്രനാകുന്നു?” (Whose son is he?) എന്നത് ഗ്രീക്കിൽ Tinos huios estin എന്നാണ്. ഇതിലെ Estin എന്ന പദം പ്രഥമപുരുഷനിലുള്ള (3rd Person) ക്രിയാപദം (Verb) ആണ്. അതായത്, ഉത്തമപുരുഷനായ യേശു (1st Person) മധ്യമപരുഷനായ പരീശന്മാരോട് (2nd Person) പ്രഥമപുരുഷനായ (3rd Person) അല്ലെങ്കിൽ, മൂന്നാമനായ ക്രിസ്തുവിനെക്കുറിച്ചാണ് ചോദിക്കുന്നത്. അത് താനല്ല; ദൈവത്തിൽനിന്ന് പൂർവ്വപിതാക്കന്മാർവഴി വാഗ്ദത്തം ലഭിച്ച യിസ്രായേൽ എന്ന ക്രിസ്തുവാണ്: (ഗലാ, 3:16). അടുത്ത വാക്യങ്ങളിൽ,അവനെ (him) എന്നർത്ഥമുള്ള Auton എന്ന പ്രഥമപുരുഷസർവ്വമം (3rd Person Pronoun) രണ്ടുപ്രാവശ്യം കാണാം. ക്രിസ്തുവിന് മാത്രമല്ല; ദാവീദിനും “അവൻ്റെ” (of him) എന്നർർത്ഥമുള്ള Autou എന്ന പ്രഥമപുരുഷ സർവ്വനാമം ഉപയോഗിച്ചിട്ടുണ്ട്. ദാവീദിനെയും അവൻ്റെ വാഗ്ദത്ത സന്തതിയായ ക്രിസ്തുവിനെയും യേശു പ്രഥമപുരുഷനിലാണ് പറയുന്നത്. അതിനാൽ തന്നെക്കുറിച്ചല്ല യേശു പറയുന്നതെന്ന് വ്യക്തമാണ്.     

☛ തന്നെ വാക്കിൽ കുടുക്കാൻ വന്നവരെ യേശു ഉത്തരം മുട്ടിച്ചത് ഈ ചോദ്യത്താലാണ്. പിന്നെ വായിക്കുന്നത്. “അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോടു ഒന്നും ചോദിപ്പാൻ തുനിഞ്ഞതുമില്ല.” (മത്താ, 22:45-46). എന്നാൽ ഒരുകാര്യം പറയാം. യേശു പ്രഥമപുരുഷനിൽ (3rd Person) പറഞ്ഞ സങ്കീർത്തനത്തിലെ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ ക്രിസ്തുവാണ് യേശു. അല്ലാതെ, യഥാർത്ഥത്തിൽ അത് യേശുവിനെക്കുറിച്ചല്ല. ബൈബിളിൽ പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം ക്രിസ്തുക്കളുണ്ട്. എങ്കിലും പലർക്കും “ക്രിസ്തു” (Chirstos) എന്ന് പറഞ്ഞാൽ എല്ലായ്പ്പോഴും യേശു മാത്രമാണ്. അതുകൊണ്ടാണ്, ബൈബിളിലെ പല കാര്യങ്ങളും മനസ്സിലാകാത്തത്. പത്രൊസ് തൻ്റെ പ്രഥമപ്രസംഗത്തിൽ, യേശു സ്വർഗ്ഗാരോരോഹണം ചെയ്ത് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരുന്നതിനോടുള്ള ബന്ധത്തിൽ ഈ വാക്യം ഉദ്ധരിച്ചിട്ടുണ്ട്: (പ്രവൃ, 2:33-35). പഴയനിയമത്തിൽ വാഗ്ദത്ത സന്തതിയായ യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ അവരുടെ രക്ഷിതാവായ യേശുവിൻ്റെ മരണപുനുരുത്ഥാനങ്ങളിലൂടെ അവർക്കുതന്നെയാണ് നിവൃത്തിയാകുന്നത്: (പ്രവൃ, 2:25-27). പത്രൊസും പൗലൊസും അത് വ്യക്തമാക്കിയിട്ടുണ്ട്: (പ്രവൃ, 3:25-26; 13:32-39). അതായത്, യഥാർത്ഥത്തിൽ ഇത് വാഗ്ദത്ത സന്തതിയെക്കുറിച്ചുള്ള പ്രവചനമാണ്. എന്നാൽ യേശുവിലൂടെയാണ് അതവന് നിവർത്തിയാകുന്നത് എന്നതിനാലാണ്, യേശുവിൽ അതിൻ്റെ ആത്മിക നിവർത്തി കാണുന്നത്.

𝗜𝗜. പ്രവചനത്തിൻ്റെ ആത്മിക നിവൃത്തി:
➦ പത്രൊസ് അപ്പൊസ്തലൻ തൻ്റെ പ്രഥമപ്രസംഗത്തിൽ ഉദ്ധരിച്ചിരിക്കുന്ന ഈ പ്രവചനം യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ചല്ല. അതിൻ്റെ ആർക്കും മനസ്സിലാകുന്ന ഒരു തെളിവ് കാണിക്കാം. “നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” (പ്രവൃ, 2:27). ഈ പ്രവചനവും പ്രസ്തുത പ്രവചനത്തോടുചേർത്ത് യേശുവിനോടുള്ള ബന്ധത്തിൽ പറഞ്ഞിരിക്കുന്നതാണ്. ഇത് സങ്കീർത്തനത്തിലെ ഉദ്ധരണിയാണ്: (16:10). യഥാർത്ഥത്തിൽ ഇതും യിസ്രായേലിനെ കുറിച്ചുള്ളതാണ്. അതായത്, സങ്കീർത്തകനായ ദാവീദ് വാഗ്ദത്ത സന്തതിയെ പ്രതിനിധീകരിച്ച് ആത്മാവിൽ പ്രവചിക്കുന്ന സങ്കീർത്തനമാണിത്. ഇവിടെ രണ്ട് പ്രയോഗങ്ങളാണുള്ളത്. 𝟭.“നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല.” ഇവിടെപ്പറയുന്ന “നീ” ദൈവമായ യഹോവയാണ്: (സങ്കീ, 16:1-2). ഒരുത്തൻ “നീ (ദൈവം) എൻ്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല” എന്ന് പറയണമെങ്കിൽ, അവൻ നൂറുശതമാനം ദ്രവത്വം കാണാൻ യോഗ്യതയുള്ളവനാണ്. അല്ലെങ്കിൽ ആ പ്രയോഗം അബദ്ധമാണ്. ഇത് പ്രവചിച്ച ദാവീദ് മരിച്ചടക്കപ്പെട്ട് ദ്രവത്വം കണ്ടതായി പത്രൊസ്തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: (പ്രവൃ, 2:29). പാതാളത്തിൽ അസ്തമിച്ചുപോകാനുള്ള ഒരുത്തനെ ദൈവം തൻ്റെ കൃപയാൽ അതിന് അനുവദിക്കുകയില്ല എന്നാണ് പ്രവചനം. അതിനാൽ യഥാർത്ഥത്തിൽ ഇത് യേശുവിനോടുള്ള പ്രവചനം അല്ലായിരുന്നു എന്ന് വ്യക്തമാണല്ലോ? 𝟮.“നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” ഇവിടെപ്പറയുന്ന “പരിശുദ്ധനെ” കുറിക്കുന്ന Hasid എന്ന എബ്രായപദം ദൈവത്തിനും മനുഷ്യർക്കും അഭിന്നമായി ഉപയോഗിച്ചിരിക്കുന്ന പദമാണ്. Faithful, Kind, Godly, Holy one, Saint Pious എന്നൊക്കെയാണ് പദത്തിൻ്റെ അർത്ഥം. Hosios എന്ന പുതിയനിയമപദം ദൈവത്തിനും ക്രിസ്തുവിനും മനുഷ്യർക്കും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ പരിശുദ്ധൻ എന്ന് പറഞ്ഞിരിക്കയാൽ ദൈവമാണെന്ന് വിചാരിക്കണ്ട. “നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” എന്നാണ് രണ്ടാംഭാഗത്ത് സങ്കീർത്തകൾ പ്രവചിക്കുന്നത്. ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കാതിരിക്കണമെങ്കിൽ, അവൻ നൂറുശതമാനം ദ്രവത്വം കാണ്മാൻ യോഗ്യനാണ്. അല്ലെങ്കിൽ ദൈവം സമ്മതിക്കയില്ല എന്ന് പറയുന്നത് എന്തിനാണ്? അതിനാൽ യേശുവല്ല പ്രവചനത്തിൻ്റെ യഥാർത്ഥ അവകാശിയെന്ന് വ്യക്തമാണല്ലോ?
  
𝗜𝗜𝗜. ദ്രവത്വത്തിലേക്ക് തിരിയാത്ത സന്തതി:
➦ യേശുവിൽ ആരോപിച്ചിരിക്കുന്ന രണ്ടാം സങ്കീർത്തനം യിസ്രായേലിന് നിവൃത്തിയായ കാര്യം പൗലൊസ് പറഞ്ഞിരിക്കുന്നത് എബ്രായർ 𝟭:𝟱-നോടുള്ള ബന്ധത്തിൽ മുകളിൽ നാം ചിന്തിച്ചതാണ്: (പ്രവൃ, 13:32-33). അതിൻ്റെ അടുത്തഭാഗം നോക്കുക: “ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു. മറ്റൊരു സങ്കിർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.” (പ്രവൃ, 13:34-35). ഇവിടെ ശ്രദ്ധിക്കുക: “ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും.” പൗലൊസ് ഇത് അന്ത്ര്യൊക്യയിലെ യെഹൂദന്മാരോട് പറയുന്നതാണ്. എന്നിട്ടാണ് സങ്കീർത്തനം 𝟭𝟲:𝟭𝟬 ഉദ്ധരിക്കുന്നത്. “നിങ്ങൾക്കു (To you) എന്ന് പറയാൻ Hymin എന്ന ബഹുവചനമാണ്. അത് യിസ്രായേലെന്ന സമൂഹത്തെയാണ് കുറിക്കുന്നത്. ദാവീദിൻ്റെ വാഗ്ദത്ത സന്തതിയാണ് യിസ്രായേൽ: (2ശമൂ, 7:8-16; 1ദിന, 17:7-15; സങ്കീ. 89:3-4; 89:29-37). ദാവീദിനോട് ദൈവം ചെയ്തിരിക്കുന്ന നിശ്ചലകൃപകൾ അല്ലെങ്കിൽ, സ്ഥിരമായുള്ള വിശുദ്ധ കൃപകളുടെ അവകാശി യിസ്രായേലാണ്: (യെശ, 55:3പ്രവൃ, 13:342ശമൂ, 23:5; സങ്കീ, 89:28; സങ്കീ, 89:35). അതാണ് പൗലൊസ് പറയുന്നത്. അതുപ്രകാരം ദാവീദിനോടുള്ള വാഗ്ദത്തങ്ങളെല്ലാം യിസ്രായേലിനുള്ളതാണ്. ദാവീദ് ദ്രവത്വം കണ്ടു എന്ന് പത്രോസും പൗലൊസും ഒരുപോലെ പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:29; 13:36). അതായത്, ദാവീദിൻ്റെ പ്രവചനങ്ങളെല്ലാം അവനല്ല; യേശുക്രിസ്തുവിലൂടെ യിസ്രായേൽ എന്ന വാഗ്ദത്ത സന്തതിക്കാണ് നിവൃത്തിയായത്. അതാണ് പൗലൊസ് യെഹൂദന്മാരോട് പറയുന്നത്. ഇതുപോലെ എല്ലാ പ്രവചനങ്ങളും അതിൻ്റെ യഥാർത്ഥ അവകാശിയായ എബ്രായർക്കാണ് നിവർത്തിയാകുന്നത്. യിസ്രായേലിൻ്റെ കഴിഞ്ഞ 2,000 വർഷത്തെ ചരിത്രത്തിലേക്ക് നോക്കിയാലും ഈ വസ്തുത വെളിപ്പെടും. ഒരു ജാതി ഒരു നൂറുട്ടം മുടിഞ്ഞുപോകേണ്ട അല്ലെങ്കിൽ ദ്രവത്വം കാണേണ്ട അത്രയും പീഡകൾ സഹിച്ചിട്ടും ഇന്നും അജയ്യരായി, സകല ജാതികൾക്കും ഭാരമുള്ള കല്ലായി അവൻ നില്ക്കുന്നുവെങ്കിൽ, അവൻ ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ ആയതുകൊണ്ടാണ്. യിസ്രായേൽ ദൈവത്തിൻ്റെ കണ്മണി/കണ്ണിൻ്റെ കൃഷ്ണമണിയാണ്: (സെഖ, 2:8 ⁃⁃ ആവ, 32:10).

𝗜𝗩. പാപമറിയാത്തവൻ:
➦ ഇളകാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതംപോലത്തെ ഒരു തെളിവുകൂടി തരാം. പാപത്തിൻ്റെ ശമ്പളമാണ് മരണം: (റോമ, 6:3). അതിനാൽ പാപരഹിതനായ യേശുവിൻ്റെമേൽ മരണത്തിനോ, പാതാളത്തിനോ, ദ്രവത്വത്തിനോ യാതൊരു അധികാരവുമില്ലായിരുന്നു. “പാപമറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ,7:26). അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല (1പത്രൊ, 2:22), അവനിൽ പാപമില്ല” (1യോഹ, 3:5) എന്നിങ്ങനെയാണ് വചനം പറയുന്നത്. പാപമറിയാത്ത യേശുവിൻ്റെമേൽ നമ്മുടെ പാപങ്ങളെ ചുമത്തി ദൈവം അവനെ കുറച്ചുസമയത്തേക്ക് പാപം ആക്കിയതുകൊണ്ടാണ് മരണത്തിന് അതീതനായവന് മരണം സാദ്ധ്യമായത്: (2കൊരി, 5:21). മൂന്നാം ദിവസം ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിക്കുകയും ചെയ്തു: (പ്രവൃ, 10:40). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് തൻ്റെ പ്രഥമപ്രസംഗത്തിൽ പറയുന്നത് നോക്കുക: “ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:24). “മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” ഇവൻ എങ്ങനെ പാതാളത്തിൽ പോകും? ഇവനെങ്ങനെ ദ്രവത്വം കാണും? സ്വതവേ മരണമില്ലാതിരുന്നവൻ, അല്പസമയത്തേക്ക് പാപമാക്കപ്പെട്ട് മരിച്ചിട്ടും മരണത്തിന് പിടിച്ചുവെക്കാൻ അസാദ്ധ്യമായ ഒരുത്തനോട്, നിന്നെ പാതാളത്തിൽ വിടുകയില്ലെന്നും ദ്രവത്വം കാണ്മാൻ സമ്മതിക്കുകയില്ലെനും ദൈവം എന്തിന് പറയണം? അതിനാൽ യിസ്രായേലിനോടുള്ള പ്രവചനത്തിൻ്റെ ആത്മിക നിവർത്തിയാണ് യേശുവിൽ കാണുന്നതെന്നും, അതിൻ്റെ യഥാർത്ഥ അവകാശി യിസ്രായേലാണെന്നും സംശയലേശമന്യേ മനസ്സിലാക്കാം.

𝗩. Adonai, adoni:
➦ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ് ദൈവമാണെന്ന ചിന്തയിൽ നിന്നാണ്, ത്രിത്വവിശ്വാസികൾ ആ വാക്യം യേശുക്രിസ്തുവിൽ എത്തിച്ചത്. എന്നാൽ ഈ സങ്കീർത്തനത്തിൽ യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവ് ദൈവമല്ല; ഭൗമികനാണ്. ഇവിടെ, adoni എന്ന എബ്രായ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൻ്റെ അർത്ഥം: എൻ്റെ കർത്താവ്/എൻ്റെ യജമാനൻ (my lord) എന്നാണ്. ➟\ഇത് ഭൗമിക കർത്താക്കന്മാരെ കുറിക്കുന്ന പദമാണ്. (Gen, 24:36, Gen, 32:4; Psa, 110). adon (master) adoni (my master) ദൈവമല്ല; മനുഷ്യനാണ്: (ഉല്പ, 23:6Gen, 23:6; ഉല്പ, 24:12Gen, 24:12; ഉല്പ, 24:27⁃⁃Gen, 24:27). എന്നാൽ ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്നത് “എൻ്റെ കർത്താവു” (My Lord) എന്നർത്ഥമുള്ള Adonai എന്ന പദമാണ്: (പുറ, 4:10Exo, 4:10; പുറ, 4:13Exo, 4:13; പുറ, 34:9Exo, 34:9). ഇതേ അദ്ധ്യായം അഞ്ചാം വാക്യത്തിൽ Adonai എന്നപദം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. (BibleHub). അതിനാൽ “ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക” എന്ന ആത്മീയ പദവി മറ്റൊരു ദൈവത്തിൻ്റെയല്ല; ഒരു ഭൗമിക കർത്താവിൻ്റെയാണെന്ന് മനസ്സിലാക്കാം.

𝗩𝗜.കർത്താവല്ല; യജമാനൻ:
➦ മലയാളത്തിൽ “കർത്താവു” എന്നും മിക്ക ഇംഗ്ലീഷ് പരിഭാഷകളിലും (Lord) എന്നത് ആദ്യാക്ഷരം വലിയക്ഷരത്തിലും എഴുതിയിരിക്കുന്നത് കൊണ്ടാണ് ദാവീദിൻ്റെ യജമാനൻ ദൈവമാണെന്ന് പലരും വിചാരിക്കുന്നത്. എന്നാൽ എബ്രായ ബൈബിളിൻ്റെ പരിഭാഷയിൽ lord, Master എന്നിങ്ങനെയാണ് കാണുന്നത്: “The LORD saith unto my lord: ‘Sit thou at My right hand, until I make thine enemies thy footstool.” (Psa, 110:1JPS,Tanakh). ചില ഇംഗ്ലീഷ് പരിഭാഷകളിലും lord എന്ന് ചെറിയക്ഷരത്തിൽ കാണാം: (GNT, NET, NlV). യഥാർത്ഥത്തിൽ കർത്താവ് എന്നല്ല; യജമാനൻ എന്നാണ് പരിഭാഷ ചെയ്യേണ്ടത്. കാരണം, ദാവീദ് എൻ്റെ കർത്താവ് (യജമാനൻ) എന്ന് സംബോധന ചെയ്യുന്നത് യിസ്രായേൽ എന്ന ഭൗമിക രാജാവിനെയാണ്. എന്തെന്നാൽ, ദാവീദിൻ്റെ വാഗ്ദത്തസന്തതിയാണ് യിസ്രായേൽ: (2ശമൂ, 7:8-17; 1ദിന, 17:7-15; സങ്കീ, 89;3-4; 89:29-37). സങ്കീർത്തനം 𝟴𝟵:𝟮𝟵-𝟯𝟬 വാക്യങ്ങൾ ശ്രദ്ധിച്ചാൽ, ആദ്യവാക്യത്തിൽ “സന്തതി” (Seed) എന്ന് ഏകവചനത്തിലും, അടുത്തവാക്യത്തിൽ “പുത്രന്മാർ” (Children) എന്ന് ബഹുവചനത്തിലും പറയുന്നത് കാണാം. അതായത്, ദാവീദിൻ്റെ സന്തതിയായ വാഗ്ദത്ത രാജാവ് യേശുവല്ല; യിസ്രായേലാണ്. തൻ്റെ വാഗ്ദത്തസന്തതി രാജാവാകയാലാണ് അവനെ ആത്മാവിൽ “എൻ്റെ യജമാനൻ” (my lord) എന്ന് ദാവീദ് സംബോധന ചെയ്യുന്നത്, 

𝗩𝗜𝗜. വലത്തുഭാഗത്തിരിക്ക:
➦ ദൈവത്തിൻ്റെ വലത്തുഭാഗമാണ് വാഗ്ദത്ത സന്തതിയുടെ സ്ഥാനം. എന്നാൽ ആ സ്ഥാനത്തിന് ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി വെച്ചിട്ടുണ്ട്.
☛ അടുത്തവാക്യം: “നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.” (സങ്കീ, 110:2). ഒന്നാം വാക്യത്തിൽ, രാജാവിൻ്റെ ശത്രുക്കളെ ദൈവം കാൽക്കീഴിൽ ആക്കുവോളം “ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക” എന്നാണ് പറയുന്നത്. അടുത്തവാക്യത്തിൽ, നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക എന്നാണ് പറയുന്നത്. അതായത്, നിലവിൽ ശത്രുക്കളുടെ മദ്ധ്യേയാണ് വാഗ്ദത്തസന്തതി വാഴുന്നത്. തന്മൂലം, രണ്ടു കാര്യങ്ങൾകൊണ്ട്, ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്ക എന്ന പദവി യഥാർത്ഥത്തിൽ യേശുക്രിസ്തുവിൻ്റെയല്ല. 𝟭.നിലവിൽ യേശുക്രിസ്തു ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനല്ല. 𝟮.ഭാവിയിൽ അഥവാ, ദൈവം രാജാവിൻ്റെ രാജ്യം സ്ഥാപിച്ചുകൊടുത്ത് കഴിഞ്ഞാൽ ശത്രുക്കൾ ഉണ്ടാകുകയില്ല. ദൈവം ശത്രുക്കളെയെല്ലാം നശിപ്പിച്ചശേഷം അഥവാ, ശത്രുക്കളെ രാജ്യം ഭരിക്കുന്നവൻ്റെ കാൽക്കീഴിൽ ആക്കിയശേഷമാണ് രാജ്യം സ്ഥാപിച്ചു കൊടുക്കുന്നത്. അതിനാൽ, ഭൂമിയിൽ ഇപ്പോൾ ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ഒരു സന്തതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. എന്തായാലും, ആ സന്തതി ദൈവപുത്രനായ യേശുക്രിസ്തുവല്ല. 

𝗩𝗜𝗜𝗜. വലങ്കൈയുടെ അനുഗ്രഹം:
➦ ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തി അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ. “നീ മിസ്രയീമിൽനിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.” (സങ്കീ, 80:8). “നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.” (സങ്കീ, 80:178:4-5). യിസ്രായേൽ വസിക്കുന്നത് ഭൂമിയിലാണ്; അല്ലാതെ, സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല. ദൈവത്തിൻ്റെ വലങ്കൈയുടെ അനുഗ്രഹത്തെ കുറിക്കുന്ന പ്രയോഗമാണ് ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക എന്നത്. അല്ലാതെ, അവിടെ അക്ഷരാർത്ഥത്തിൽ ഒരു ഇരിപ്പിടമുണ്ടെന്നല്ല. അതിൻ്റെ തെളിവും വാക്യത്തിലുണ്ട്: “നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.” (സങ്കീ, 110:5). ഇവിടെപ്പറയുന്ന കർത്താവ് യഹോവയാണ്. ഒന്നാം വാക്യത്തിൽ: ദാവീദിൻ്റെ കർത്താവിനെ കുറിക്കുന്ന പദം 𝗔𝗱𝗼𝗻𝗶 ആണ്. അഞ്ചാം വാക്യത്തിൽ: യഹോവയായ കർത്താവിനെ കുറിക്കുന്ന പദം Adonai ആണ്. അതായത്, ഒന്നാം വാക്യത്തിൽ: യഹോവയുടെ വലത്തുഭാഗത്താണ് ദാവീദിൻ്റെ കർത്താവിൻ്റെ സ്ഥാനം. അഞ്ചാം വാക്യത്തിൽ: ദാവീദിൻ്റെ കർത്താവിൻ്റെ വലത്തുഭാഗത്താണ് യഹോവയായ കർത്താവിനെ കാണുന്നത്. ഒന്നാം വാക്യത്തിൽ പറയുന്ന ഇരിപ്പിടം യഥാർത്ഥത്തിൽ ഉള്ളതാണെങ്കിൽ, ഈ മാറ്റം ഉണ്ടാകില്ലായിരുന്നു. പതിനാറാം സങ്കീർത്തനത്തിൽ വാഗ്ദത്തസന്തതിയുടെ മുമ്പിലും വലത്തുഭാഗത്തുമായി യഹോയെ കാണാം: (16:8). അതിനാൽ വലത്തുഭാഗത്തിരിക്കുക എന്നത് വലങ്കൈയുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു പദവിയാണെന്ന് മനസ്സിലാക്കാം.

𝗜𝗫. ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന സന്തതി: 
➦ ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന സന്തതി യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവം ജാതികളുടെ മദ്ധ്യേയാണ് യിസ്രായേലിനെ വെച്ചിരിക്കുന്നത്: “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങൾ ഉണ്ടു.” (യെഹെ, 5:52ശമൂ, 22:50; സങ്കീ, 18:49; 57:9; 108:3; യെഹെ, 31:17). ജാതികളായ ശത്രുക്കളാൽ ചുറ്റപ്പെട്ട രാജ്യമാണ് യിസ്രായേൽ: “ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്റെ തല ഉയരും; ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അർപ്പിക്കും; ഞാൻ യഹോവെക്കു പാടി കീർത്തനം ചെയ്യും.” (സങ്കീ, 27:6സങ്കീ, 31:15; 59:1; 143:9). ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ദൈവത്തിൻ്റെ വാഗ്ദത്ത രാജാവ് യേശുക്രിസ്തു അല്ല; യിസ്രായേലാണ്. ചരിത്രത്തിലേക്ക് നോക്കിയാലും അത് മനസ്സിലാകും. ➟ഇസ്ലാമിക ശത്രുരാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് യിസ്രായേൽ. വചനവും ചരിത്രവും ഇഴചേർന്ന് കിടക്കുകയാണ്. കണ്ണുതുറന്ന് നോക്കിയാൽ എല്ലാം വ്യക്തമായി കാണാം.

𝗫. ലോകാവകാശിയായ സന്തതി:
➦ ലോകാവകാശിയായ അബ്രാഹാമിൻ്റെ വാഗ്ദത്ത സന്തതി യേശുവല്ല; യിസ്രായേലാണ്. “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേൽ ആണെന്ന് മുകളിൽ കണ്ടതാണ്: (ലൂക്കൊ, 1:54-55; 1:68-75; ഗലാ, 3:16). ലോകാവകാശിയാണ് ലോകത്തിൻ്റെ രാജാവ്. അല്ലാതെ, ആത്മിക സന്തതിയായായ യേശുക്രിസ്തുവല്ല.

𝗫𝗜. നീ എന്റെ വലത്തുഭാഗത്തു ഇരിക്ക:
➦ യേശുക്രിസ്തുവിൽ ഈപ്രവചനം ആത്മീയമായി ആരോപിച്ചിട്ടുണ്ട്: “അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,” ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ അവൻ: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു എന്നു പറയുന്നു. (പ്രവൃ, 2:33-35). യേശുക്രിസ്തു ആരാണെന്ന് മുകളിൽ പറഞ്ഞതാണ്. അവൻ യിസ്രായേലിൻ്റെ ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്. വാഗ്ദത്തസന്തതിയുടെ ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാത്തതിനെ സാധിക്കാനാണ്, ദൈവം തൻ്റെ പുത്രനെ പാപജഡത്തിൻ്റെ സാദൃശ്യത്തിൽ അയച്ചത്: (റോമ, 8:3). അതായത്, യിസ്രായേലിൻ്റെ ദൈവം തന്നെയാണ് അവൻ്റെ പാപങ്ങളിൽനിന്ന് അവനെ രക്ഷിച്ച്, അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ, യേശു എന്ന നാമത്തിലും പുത്രൻ എന്ന പദവിയിലും ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. അതിനാൽ അവൻ്റെ മറുവിലയും രക്ഷിതാവുമായ യേശുക്രിസ്തുവിലൂടെയാണ് അവൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിയാകുന്നത്. അതുകൊണ്ടാണ്, യിസ്രായേലിൻ്റെ പദവികളെല്ലാം യേശുവിൽ ആരോപിച്ചിരിക്കുന്നത്. യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നത് യേശുക്രിസ്തു മുഖാന്തരമാണ്: (പ്രവൃ, 1:6). അതിനുശേഷം യേശു പിതാവായ ദൈവത്തിന് കീഴ്പെട്ടിരിക്കുകയാണ് ചെയ്യുന്നത്: (1കൊരി, 15:24-28). 

𝗫𝗜𝗜. എന്നേക്കും ഒരു പുരോഹിതൻ:
➦ ഈ സങ്കീർത്തനം യഥാർത്ഥത്തിൽ യേശുവിനെവിനെക്കുറിച്ചല്ല എന്നതിൻ്റെ തെളിവാണ് താഴെയുള്ള വാക്യങ്ങൾ: “നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” (സങ്കീ, 110:4). ഈ വാക്യവും എബ്രായലേഖകൻ യേശുവിനോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുണ്ട്: (എബ്രാ, 7:17; 7:21). എന്നാൽ യഥാർത്ഥത്തിൽ ഇത് യിസ്രായേലിനോടുള്ള പ്രവചനമാണ്. അത് വാക്യത്തിൽത്തന്ന ഉണ്ട്. “നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്ന് യഹോവ സത്യംചെയ്തശേഷം, അനുതപിക്കയുമില്ല” എന്നാണ് പറയുന്നത്. We-to yinnahem എന്ന എബ്രായ പ്രയോഗത്തിന്, “അവൻ ഖേദിക്കുകയില്ല, അവൻ തന്റെ മനസ്സ് മാറ്റുകയില്ല, അനുതപിക്കുകയില്ല” എന്നൊക്കെയാണ് അർത്ഥം. 1ശമൂവേൽ 15:29-ൽ ഇതേ പ്രയോഗം കാണാം. “എന്നേക്കും ഒരു പുരോഹിതൻ” എന്നത് യഥാർത്ഥത്തിൽ യേശുവിനെക്കുറിച്ച് ആയിരുന്നെങ്കിൽ, അവനെ പുരോഹിതനാക്കിയശേഷം യഹോവ അനുതപിക്കുകയില്ല അല്ലെങ്കിൽ, ഖേദിക്കുകയില്ല എന്ന് പറയുമായിരുന്നോ? യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ അവൻ്റെ രക്ഷിതാവായ യേശുവിലൂടെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനാണ് നിവൃത്തിയാകുന്നത്. പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തിയാണ് യേശുവിൽ കാണുന്നത്. എബ്രായരോടുള്ള യഥാർത്ഥ നിവൃത്തി ഭാവിയിലാണ്: (പുറ, 19:61പത്രൊ, 2:9). 

എബ്രായർ 𝟭:𝟭𝟯-ൻ്റെ അവസാനഭാഗം: 
➦ “ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” ഇല്ല. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോടല്ലാതെ, ദൂതന്മാരോടോ, ജാതികളോടോ ദൈവം ഒരു നിയമവും ചെയ്തിട്ടില്ല. ഭൂമിയിലെ സകല ജാതികളും/വശങ്ങളും യിസ്രായേൽ എന്ന സന്തതി മുഖാന്തരമാണ് അനുഗ്രഹിക്കപ്പെടുന്നത്: (ഉല്പ, 22:18പ്രവൃ, 3:25). തൻ്റെ സ്നേഹിതനായ അബ്രാഹാമിനോട് സത്യംചെയ്തത് നിവൃത്തിക്കാനാണ്, യിസ്രായേലിനെ അനുഗ്രഹിക്കാനും അവനിലൂടെ സകല ജാതികളും അനുഗ്രഹിക്കപ്പെടാനാണ് അവരുടെ ശുശ്രൂഷക്കാരനായി ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശു വന്നത്: (പ്രവൃ, 3:26റോമ, 15:9).

📌വാക്യം 𝟭𝟰: വാഗ്ദത്ത സന്തതിയായ എബ്രായർ ദൂതന്മാരെക്കാൾ ശ്രേഷ്ഠരാണെന്ന് തെളിയിക്കുന്നു: 

എബ്രായർ 𝟭:𝟭𝟰
➦ “അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?” (എബ്രാ, 1:14). ➟ഇവിടെപ്പറയുന്ന “രക്ഷപ്രാപിപ്പാനുള്ളവർ” ആത്മീയ അർത്ഥത്തിൽ എല്ലാ പുതിയനിയമ വിശ്വാസികൾക്കും ബാധകമാണെങ്കിലും, യഥാർത്ഥത്തിൽ ഇത് പിൻമാറ്റ അവസ്ഥയിലെത്തിയ എബ്രായ വിശ്വാസികളോട് പറയുന്നതാണ്. അതിൻ്റെ തെളിവ് ലേഖനത്തിൽ തന്നെയുണ്ട്. പഴയനിയമത്തിലെ വിശ്വാസവീരന്മാരുടെ പട്ടിക പറഞ്ഞുവന്നിട്ട്, ലേഖകൻ പറയുന്നത് നോക്കുക: “അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.” (എബ്രാ, 11:40). എബ്രായരുടെ രക്ഷാപൂർത്തിയാണ് വിഷയം. “ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു” എന്ന് ലേഖകൻ അനുവാചകരായ എബ്രായ വിശ്വാസികളെയും ചേർത്ത് “നമുക്കു” എന്ന് “ഉത്തമപുരുഷനിൽ” (1st Person) പറയുന്നത് നോക്കുക. അതായത്, നിങ്ങൾ വിശ്വാസത്തിൽനിന്ന് പിൻമാറി പോകരുത്; ➟നിങ്ങൾ ദൂതന്മാരെക്കാൾ ശ്രേഷ്ഠരാണ്; വിശ്വാസത്തിൽ ഉറച്ചുനിന്ന് വാഗ്ദത്തനിവർത്തി പ്രാപിക്കണം എന്നാണ് എബ്രായ ലേഖകൻ എബ്രായ ക്രിസ്ത്യാനികളോട് പറയുന്നത്. “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല.” (എബ്രാ, 10:3812:15). യേശുക്രിസ്തു ദൂതന്മാരെക്കാൾ ശ്രഷ്ഠനായതും വാഗ്ദത്തസന്തതിയായ എബ്രായരെ തൻ്റെ മരണപുനരുത്ഥാനങ്ങളാൽ ദൂതന്മാരെക്കാൾ ശ്രഷ്ഠനാക്കിയതുമാണ് എബ്രായർ ഒന്നാം അദ്ധ്യായത്തിൻ്റെ വിഷയം. അവരോടുള്ള ദൈവവാഗ്ദത്തങ്ങൾ നിറവേറുന്നത് യേശുക്രിസ്തുവിലൂടെയാണ്. അത് എന്നേക്കും അനുഭവിക്കണമെങ്കിൽ യേശുക്രിസ്തുവിൽ ഉറച്ചുനില്ക്കണം. അതിനാണ് അവരോടുള്ള പഴയനിയമ വാഗ്ദത്തങ്ങൾ ഒന്നൊന്നായി എടുത്തുകാണിച്ച് അവരുടെ ശ്രേഷ്ഠത അവരെ വെളിപ്പെടുത്തുന്നത്.

4 thoughts on “എബ്രായർ ഒന്നാം അദ്ധ്യായത്തിൻ്റെ വ്യാഖ്യാനം”

  1. യേശു ദൈവമാണ് എന്നാൽ പിതാവായ യഹോവയാം ഏക സത്യദൈവമല്ല

    1. അപ്പോൾ രണ്ട് ദൈവമോ❓ യേശു ആരാണെന്ന് താഴെയുള്ള ലിങ്ക് നോക്കിയാൽ അറിയാം:

      ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക:
      https://roy7.cw.center/%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%95-%e0%b4%95%e0%b5%8d%e0%b4%b0/

Leave a Reply

Your email address will not be published. Required fields are marked *