ലുക്കവോന്യ

ലുക്കവോന്യ (Lycaomia) 

ഏഷ്യാമൈനറിലെ ഒരു ചെറിയ റോമൻ പ്രവിശ്യ. ലുക്കവോന്യയുടെ വടക്കു ഗലാത്യയും കിഴക്കു കപ്പദോക്യയും തെക്കു ഇസൗറിയയും പടിഞ്ഞാറു ഫ്രുഗ്യയും കിടക്കുന്നു. ദേശനിവാസികൾ പിന്നോക്കരാണ്. ദെർബ്ബെ, ഇക്കോന്യ, ലുസ്ത്ര എന്നിവ ലുക്കവോന്യയിലെ പട്ടണങ്ങളാണ്. ലുക്കവോന്യഭാഷ അപഭ്രംശം സംഭവിച്ച ഗ്രീക്കും അശ്ശൂര്യൻ ഭാഷയും തമ്മിലുള്ള മിശ്രമാണ്. (പ്രവൃ, 14:11). പൗലൊസ് ഇവിടെ പ്രസംഗിക്കുകയും (പ്രവൃ, 14:1-6) വീണ്ടും ഇവിടം സന്ദർശിക്കുകയും ചെയ്തു. (പ്രവൃ,16:1,2).

ലവൊദിക്യാ

ലവൊദിക്യാ (Laodicea)

സിറിയയിലെയും ഏഷ്യാമൈനറിലെയും അനേകം പട്ടണങ്ങൾക്കു ലവൊദിക്യ എന്നുപേരുണ്ട്. എഫെസൊസിൽ നിന്നും ഏചദേശം 65 കി.മീറ്റർ അകലെയായി ലൈകസിന്റെ തീരത്തു സ്ഥിതിചെയ്തിരുന്ന ലവൊദിക്യ മാത്രമാണ് തിരുവെഴുത്തുകളിൽ പറയപ്പെടുന്നത്. അന്ത്യാക്കസ് രണ്ടാമൻ (ബി.സി. 261-246) ഭാര്യയായ ലവൊഡിസിന്റെ സ്മാരകമായി ലവൊദിക്യ എന്നു പട്ടണത്തിനു പേരിട്ടു. എ.ഡി. 66-ലെ ഭൂകമ്പം പട്ടണത്ത നിലംപരിചാക്കി. പരസഹായം കൂടാതെ ലവൊദിക്യ പണിയപ്പെട്ടു. റോമൻ സെനറ്റിന്റെ ഭൂകമ്പ ദുരിതാശ്വാസസഹായം അവർ നിരസിച്ചു. “ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു: എനിക്കു ഒന്നിനും മുട്ടില്ല” എന്ന സ്ഥിതിയായിരുന്നു ലവൊദിക്യയുടേത്. (വെളി, 3:17). കറുത്ത അങ്കികൾക്കും പരവതാനികൾക്കും പ്രസിദ്ധിയാർജ്ജിച്ച നഗരമായിരുന്ന ലവൊദിക്യാ. ഇവ നിർമ്മിക്കാനാവശ്യമായ കറുത്ത കമ്പിളിരോമം ലൈകസ് താഴ്വരയിൽ സമൃദ്ധമായിരുന്നു. ഇവിടെ ഒരു മെഡിക്കൽ സ്കൂൾ ഉണ്ടായിരുന്നു. കൊള്ളീറിയം എന്നപേരിൽ അറിയപ്പെടുന്ന നയനലേപം നിർമ്മിച്ചിരുന്നു. ലവൊദിക്യയിൽ ഒരു സഭ ഉണ്ടായിരുന്നു. (കൊലൊ, 2:1; 4:13, 15,16; വെളി, 1:11). ലവൊദിക്യ ഇന്നു ശൂന്യമാണ്. തുർക്കികൾ അതിനെ എസ്കി-ഹിസ്സാർ (പൗരാണിക ഹർമ്മ്യം) എന്നു വിളിക്കുന്നു.

റോമ

റോമ (Rome)

ആരംഭത്തിൽ ഒരു ചെറിയ നഗരമായിരുന്ന റോമ ഏറ്റവും വലിയ വിശ്വസാമ്രാജ്യത്തിന്റെ ഭരണ കേന്ദ്രമായി മാറി. ഇന്ന് റോം ഇറ്റലിയുടെ തലസ്ഥാനം ആണ്. സംസ്കാരത്തിന്റെ പരമകാഷ്ഠയിൽ എത്തിയ റോം സാന്മാർഗ്ഗിക അധഃപതനത്തിന്റെ പര്യായമായിത്തീർന്നു. റോമാ സാമ്രാജ്യത്തിന്റെ ഉച്ചാവസ്ഥയിലാണ് ക്രിസ്തുമതം റോമിൽ വ്യാപിച്ചത്. 

റോമിന്റെ സ്ഥാപകനും പ്രഥമ രാജാവുമായ റോമുലസ് ഐതീഹ്യമനുസരിച്ച് മാഴ്സ് ദേവന്റെ പുത്രനാണ്. ബന്ധുക്കൾ നിഷ്ക്കരുണം ഉപേക്ഷിച്ച റോമുലസിനെ പോറ്റി വളർത്തിയതു ഒരു ഇടയന്റെ ഭാര്യയും ചെന്നായയും ആയിരുന്നു. ബി.സി. 753-ൽ ആയിരുന്നു റോമിന്റെ സ്ഥാപനം. റോമുലസിന്റെ പേരിൽ നിന്നാണ് ‘റോമ’യുടെ നിഷ്പത്തി. ടൈബർനദി പതിക്കുന്ന മെഡിറ്ററേനിയൻ സമുദ്രത്തിൽ നിന്നും ഏകദേശം 27 കി.മീറ്റർ മുകളിൽ ടൈബർ നദിയുടെ ഇരുകരകളിലുമാണ് നഗരം സ്ഥിതിചെയ്യുന്നത്. ആരംഭത്തിൽ റോമിലെ കുടിപാർപ്പു പലാത്തിൻ (Palatinum) കുന്നിൽ മാത്രമായിരുന്നു. ഈ പദത്തിൽ നിന്നാണ് ഇംഗ്ലീഷിലെ Palace-ന്റെ ഉത്പത്തി. തുടർന്നു ആറു കുന്നുകൾ കൂടി ഉൾപ്പെട്ടു. സെർവിയുസ് തുള്ളിയൂസ് (Servius Tullius) ഏഴുകുന്നുകളെയും ചുറ്റി കന്മതിൽ കെട്ടിയടച്ചു. അങ്ങനെ റോം ഏഴുകുന്നുകളുടെ നഗരം (Urbs Septicollis) ആയി. പലാത്തിൻ (Palatine), ക്വിറിനാൽ (Quirinal), അവെന്തിൻ (Aventine), ചേളിയം (Caelian), വിമിനാൽ (Viminal), എസ്ക്യൂലിൻ (Esquiline), കാപ്പിത്തോളിൻ (Capitoline) എന്നിവയാണ് ഏഴുകുന്നുകൾ. ലത്തീനിൽ Mons Palatinus, Mons Quirinalis, Mons Aventinus, Mons caelius, Mons Viminalis, Mons Esquilinus, Mons capitolinus. 

റോമിന്റെ ആദ്യത്തെ മതിൽ വളരെ മോശമായിരുന്നു. റോമുലസിന്റെ സഹോദരനായ റീമസ് അതിനെ ആക്ഷേപിച്ചതുകൊണ്ട് അവനെ വധിച്ചു. റോമിലെ ആദ്യനിവാസികൾ ഒളിച്ചോടിയവരും, കുറ്റവാളികളും വിദേശികളും ആയിരുന്നു. 39 വർഷത്തെ ഭരണത്തിനു ശേഷം ബി.സി. 714-ൽ റോമുലസ് പെട്ടെന്നു അപ്രത്യക്ഷനായി. അയാൾ സ്വർഗ്ഗത്തിലേക്കെടുക്കപ്പെട്ടെന്നു പ്രചരിപ്പിച്ചു. ക്വിറിനുസ് എന്ന പേരിൽ ദൈവിക ബഹുമതികൾ റോമുലസിനു നല്കി. പന്ത്രണ്ടു ദേവന്മാരിലൊന്നായി അയാളെ ഉയർത്തി. ഒരു ക്ഷേത്രം പ്രതിഷ്ഠിച്ചു; ഫ്ളാമെൻ ക്വീറിനാലിസ് എന്ന പേരിൽ ഒരു പുരോഹിതനെ ബലികൾ അർപ്പിക്കുന്നതിനായി നിയോഗിച്ചു. ആദ്യകാലത്തു റോം ഭരിച്ചിരുന്ന ഏഴു രാജാക്കന്മാരാണു റോമുലസ് (ബി.സി. 753-715), നൂമാ (ബി.സി. 715-672), തുള്ളൂസ് ഹോസ്റ്റിലസ് (ബി.സി. 672-640), അഞ്ചുസ് മാർസ്യൂസ് (ബി,സി. 640-616), ടാർക്വിൻ പ്രസ്ക്കുസ് (ബി.സി. 616-578), സെർവ്യൂസ് തുള്ളിയൂസ് (ബി.സി. 578-534), ടാർക്വിൻ ഗർവ്വി (ബി.സി. 534-509) എന്നിവർ. ടാർക്വിൻ ഒരു യുദ്ധത്തിന്റെ ഫലമായി നാടുവിട്ടു. അതോടെ റോം റിപ്പബ്ലിക്കായി. ബി.സി. 509-27 ആയിരുന്നു റിപ്പബ്ലിക്കിന്റെ കാലം. രാജാവില്ലാത്ത രാഷ്ട്രം എന്നതിൽ കവിഞ്ഞു ജനകീയമായ ഒരുള്ളടക്കവും റിപ്പബ്ലിക്കിനില്ലായിരുന്നു. ബി.സി. 367 വരെ ഫെട്രിഷ്യൻ (പ്രഭു) കുടുംബങ്ങളിൽ നിന്നു ആണ്ടുതോറും തിരഞ്ഞടുത്തിരുന്ന രണ്ടു കോൺസലുകളാണ് റോം ഭരിച്ചിരന്നത്. ബി.സി. 367-ൽ പ്ലീബിയന്മാരിൽ (സാധാരണ ജനം) നിന്നും കോൺസലിനെ തിരഞ്ഞെടുത്തു. കോൺസലുകൾക്കു രാജാക്കന്മാരുടെ പൂർണ്ണ അധികാരമുണ്ടായിരുന്നു. 

റോമിന്റെ ആധിപത്യം ക്രമേണ വർദ്ധിച്ചുവന്നു. ഇറ്റലി പൂർണ്ണമായി റോമിനു കീഴടങ്ങി. തുടർന്നു അയോണിയൻ തീരത്തുണ്ടായിരുന്ന ഗ്രീക്കു കോളനികൾ (ബി.സി. 275) റോമിന്റെ വകയായി. മൂന്നു പ്യൂണിക്ക് യുദ്ധങ്ങൾളുടെ ഫലമായി (ബി.സി. 264-146) സിസിലി, സാർഡീനിയ, കോഴ്സിക്ക, കാർത്തേജിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങൾ, മാസിഡോണിയ എന്നിവ റോമിന്റെ കീഴിലായി. ബി.സി. 64-63-ൽ പൊന്തൊസ്, സുറിയ, കിലിക്യ എന്നിവയെ പോംപി റോമൻ പ്രവിശ്യയാക്കി; ബി.സി. 63-ൽ പലസ്തീനെ ആക്രമിച്ചു. ബി.സി. 63 മുതൽ 31 വരെ റോമിൽ ആഭ്യന്തര വിപ്ലവം നടന്നു. ഒന്നാമത്ത ത്രിനായകത്വം (Triumvirate) ബി.സി, 60-ൽ നിലവിൽ വന്നു. അതിൽ ജൂലിയസ് സീസർ, പോംപി, ക്രാസ്സസ് എന്നിവർ ഉൾപ്പെട്ടിരുന്നു. ബി.സി. 44-ൽ ജൂലിയസ് സീസർ വധിക്കപ്പെട്ടു. രണ്ടാമത്തെ ട്രയംവിറേറ്റിൽ (ബി.സി. 43) ഒക്ടേവിയനും ആന്റണിയും ലെപിഡസും ഉൾപ്പെട്ടിരുന്നു. ബി.സി. 42-ൽ ഫിലിപ്പിയിൽ വച്ചു ഇവർ ബ്രൂട്ടസിന്റെയും കാഷ്യസ്സിന്റെയും കീഴിലുള്ള സൈന്യത്തെ തോല്പിച്ചു. ബി.സി. 31-ലെ ആക്ടിയം യുദ്ധത്തോടു കൂടി ഒക്ടേവിയൻ (അഗസ്റ്റസ് സീസർ) റോമിന്റെ പരമാധികാരിയായി, റോമിന്റെ സാമ്രാജ്യകാലം ആരംഭിച്ചു. 

അഗസ്റ്റസ് സീസറിന്റെ (ഔഗുസ്തൊസ് കൈസർ – ബി.സി. 31- എ.ഡി. 14) കാലത്താണ് യേശു ജനിച്ചത്. തിബെര്യാസ് കൈസറുടെ (എ.ഡി. 14-37) കാലത്തായിരുന്നു യോഹന്നാൻ സ്നാപകന്റെയും യേശുവിന്റെയും ശുശ്രൂഷകൾ. തുടർന്നു കാളിഗുളയും (എ.ഡി. 37-41), കൌദ്യൊസും (41-54) റോം ഭരിച്ചു. ക്ലൗദ്യൊസിന്റെ കാലത്തായിരുന്നു പൗലൊസ് അപ്പൊസ്തലന്റെ മിഷണറി യാത്രകൾ. നീറോയുടെ കാലത്ത് (54-68) റോം അഗ്നിക്കിരയായി. അതിന്റെ പേരിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടു. പൗലൊസ് രക്തസാക്ഷിയായി. നീറോ ചക്രവർത്തിയുടെ മരണത്തെ തുടർന്നുണ്ടായ അധികാര മത്സരത്തിൽ വെസ്പേഷ്യൻ (69-79) ചക്രവർത്തിയായി. ഈ കാലയളവിൽ യെരൂശലേമിൽ വിപ്ലവം ഉണ്ടായി. എ.ഡി. 70-ൽ യെരുശലേമിനെ പൂർണ്ണമായി നശിപ്പിച്ചു. വെസ്പേഷ്യനെ തുടർന്നു തീത്തുസും (79-81), ഡൊമീഷ്യനും (8-96) റോം ഭരിച്ചു. ഡൊമീഷ്യന്റെ കാലത്താണ് ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡ കൊടുംപിരിക്കൊണ്ടത്. യോഹന്നാൻ അപ്പൊസ്തലൻ പത്മാസിലേക്കു നാടു കടത്തപ്പെട്ടു. അവിടെ വച്ചു അദ്ദേഹം വെളിപ്പാടു പുസ്തകം എഴുതി. നെർവ (എ.ഡി. 96-98), ട്രാജൻ (98-117) ഹദ്രിയൻ (117-138), അന്റോണിയസ് പയസ് (138-161), മാർക്കസ് ഔറീലിയസ് (161-180), കമ്മോദസ് (180-192), സെപ്റ്റിമുസ് സെവെറുസ് (193-211), കാരക്കല്ല (211-217), എലഗാബെലസ് (218-222), സെവറുസ് അലക്സാണ്ടർ (222-235), മാക്സിമിൻ (235-238), ഡീഷിയസ് (241-251), ഒറീലിയൻ (270-275), ഡയോക്ലീഷ്യൻ (284-305) എന്നിവരായിരുന്നു റോം ഭരിച്ച ചക്രവർത്തിമാരിൽ പ്രമുഖർ. ഹദ്രിയന്റെ കാലത്തു യെരുശലേം പുതുക്കിപ്പണിതു ജാതീയ നഗരമാക്കി മാറ്റി, അതിന് ഐലിയ കാപ്പിത്തോളിന എന്ന പേർ നല്കി. കിസ്ത്യാനികളെ ഏറ്റവുമധികം പീഡിപ്പിച്ചതു ഡയോക്ലീഷ്യൻ ആയിരുന്നു. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ കാലത്തു ക്രിസ്തുമതം നിയമപരമായി അംഗീകരിക്കപ്പെട്ടു. സ്മുർന്നയിലെ സഭയോടുള്ള ദൂതിൽ (വെളി, 2:10) ക്രിസ്തുമാർഗ്ഗത്തെ ഉന്മൂലനം ചെയ്വാൻ റോമിലെ ചക്രവർത്തിമാർ ചെയ്ത ശ്രമങ്ങളുടെ സൂചനയുണ്ട്. 

പൗലൊസ് റോമിൽ എത്തുമ്പോൾ പത്തുലക്ഷം ജനസംഖ്യയുള്ള ഒരു വലിയ പട്ടണമായിരുന്നു റോം. അന്ന് ലോകത്തിലെ ഏറ്റവും വലിയ പട്ടണമായിരുന്നു ഇത്. പലാത്തിൻ കുന്നിലായിരുന്നു അപ്പോളയുടെയും സൈബലയുടെയും ക്ഷേത്രങ്ങൾ. ബാബിലോണിനെപ്പോലെ റോമും സംഘടിതമായ ജാതീയമതങ്ങളുടെ പ്രതീകമാണ്. അതെപ്പോഴും ക്രിസ്തുമതത്തിനെതിരാണ്. വെളിപ്പാട് പുസ്തകത്തിൽ റോമാസാമ്രാജ്യത്തെയും പട്ടണത്തെയും പാപത്തിന്റെ പ്രതീകമായി അവതരിപ്പിച്ചിട്ടുണ്ട്. വെളിപ്പാട് 17-ഉം 18-ഉം അദ്ധ്യായങ്ങളിൽ റോമിന്റെ വീഴ്ച മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഏഴു മലകളിൽ ഇരിക്കുന്ന പാപം എന്ന സ്ത്രീയായും തന്റെ മേച്ഛത കൊണ്ടു ഭൂമിയെ മുഴുവനും വഷളാക്കുന്നവളായും റോമിനെ അവതരിപ്പിക്കുന്നു. യെഹെസ്ക്കേൽ പ്രവചനത്തിലെ സോരിനെക്കുറിച്ചുള്ള വിലാപം പോലെയാണ് വെളിപ്പാട് 18-ാം അദ്ധ്യായത്തിലെ റോമിനെക്കുറിച്ചുള്ള വിലാപം. അവളുടെ കച്ചവടചരക്കുകളിൽ ഇരുപത്തിയെട്ടു ഇനങ്ങളാണ് പറയപ്പെട്ടിരിക്കുന്നത്. (വെളി, 18:11-16). അവൾക്കു ശിക്ഷ വന്നതും ഇത്ര വലിയ സമ്പത്തു നശിച്ചുപോയതും മണിക്കൂറിനുള്ളിലാണ്.

രെഫീദീം

രെഫീദീം (Rephidim)

പേരിനർത്ഥം — സമഭൂമികൾ

യിസ്രായേൽ മക്കൾ സീനായിൽ എത്തുന്നതിനു മുമ്പു മരുഭൂമിയിൽ പാളയമിറങ്ങിയ സ്ഥലങ്ങളിലൊന്ന്. സീൻ മരുഭൂമിക്കും സീനായി മരുഭൂമിക്കും മദ്ധ്യേയാണിത് രെഫീദീമിനോടു ബന്ധപ്പെട്ട മൂന്നു സംഭവങ്ങളുണ്ട്: 1. രെഫീദീമിൽ വച്ചു ദാഹശമനത്തിനു വെള്ളം നല്കാൻ കഴിയാത്തതിനാൽ മോശെക്കു നേരെ ജനം പിറുപിറുക്കയും ദൈവത്തെ പരീക്ഷിക്കുകയും ചെയ്തു. അതിനാൽ ഈ സ്ഥലം ‘മസ്സാ എന്നും മെരിബാ’ എന്നും അറിയപ്പെട്ടു. (പുറ, 17:1-7; 19:2). 2. അമാലേക്കിന്റെ പരാജയം ഇവിടെ സംഭവിച്ചു. അതിന്റെ സ്മരണയ്ക്കായി ‘യഹോവ നിസ്സി’ എന്ന യാഗപീഠം പണിതു. (പുറ, 17:8-16). 3. മോശെയുടെ അമ്മായപ്പനായ യിത്രോ മോശെയെ സന്ദർശിച്ചു ന്യായാധിപന്മാരെ നിയമിക്കുന്ന കാര്യം സംസാരിച്ചു. (പുറ, 18).

രിബ്ല

രിബ്ല (Riblah)

പേരിനർത്ഥം — സമൃദ്ധി

അശ്ശൂര്യരുടെയും മിസ്രയീമ്യരുടെയും ശക്തികേന്ദ്രമായിരുന്ന രിബ്ല ഓറെന്റീസ് നദീതീരത്ത് സ്ഥിതിചെയ്തിരുന്നു. ഫലഭൂയിഷ്ഠമായ നിലങ്ങളും ലെബാനോൻ പർവ്വതത്തിലെ വൃക്ഷസ്ഥലികളും ഈ പ്രദേശത്തെ പടനിലമാക്കി. ഫറവോൻ-നെഖോ യെരൂശലേം പിടിച്ചു യെഹോവാഹാസ് രാജാവിനെ രിബ്ലയിൽ വച്ചു ബന്ധിച്ചു ഈജിപ്റ്റിൽ കൊണ്ടുപോയി. യെഹോവാഹാസ് അവിടെ വച്ചു മരിച്ചു. (2രാജാ, 23:31-34). ചില വർഷങ്ങൾക്കുശേഷം നെബുഖദ്നേസർ യിരെമ്യാ പ്രവാചകനെ പിടിക്കുകയും സിദെക്കീയാ രാജാവിനെ ബദ്ധനാക്കി രിബ്ലയിലേക്കു കൊണ്ടുപോവുകയും ചെയ്തു. അവിടെ സിദെക്കീയാ രാജാവിന്റെ മുമ്പിൽ വച്ചു പുത്രന്മാരെ കൊല്ലുകയും, കണ്ണുകൾ കുത്തിപ്പൊട്ടിച്ചു സിദെക്കീയാവിനെ ചങ്ങല കൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോവുകയും ചെയ്തു. (2രാജാ, 25:6,7). തുടർന്നു നെബൂഖദ്നേസർ യെരുശലേം നശിപ്പിച്ചു. പുരോഹിതന്മാരെയും ദൈവാലയം സൂക്ഷിപ്പുകാരെയും രിബ്ലയിലേക്കു കൊണ്ടുപോയി അവിടെവച്ചു അവരെ കൊന്നു. 2രാജാ, 25:21). യെഹെസ്ക്കേൽ 6:14-ൽ പറയുന്ന രിബ്ലാമരുഭൂമിയും ഇവിടം തന്നെയായിരിക്കണം. 

യിസ്രായേലിന്റെ വടക്കുകിഴക്കെ അതിരിലുള്ള ഒരു സ്ഥലത്തിനും രിബ്ലയെന്നു പേരുണ്ട്. (സംഖ്യാ, 34:11). ശെഫാമിനും കിന്നരെത്ത് കടലിനും ഇടയ്ക്കു അയിനു കിഴക്കാണു സ്ഥാനം.

രാമ

രാമ (Ramah)

പേരിനർത്ഥം — ഉന്നതി

ഉയരത്തെയോ ഉയർന്നസ്ഥലത്തെയോ വിവക്ഷിക്കുകയാണു റാമ എന്ന എബ്രായപദം. പലസ്തീനിലെ അനേകം സ്ഥലങ്ങൾക്കു കേവലനാമമായോ, സംയുക്തനാമമായോ ഈ പേരുണ്ട്. പല പ്രാചീന ഗ്രാമങ്ങളും പട്ടണങ്ങളും ഉദയം കൊണ്ടത് കുന്നുകളിലാണ്. അവയിൽ പ്രധാനപ്പെട്ടവ രാമ എന്നറിയപ്പെട്ടു. രാമത്ത് (യോശു, 13:26), രാമോത്ത് (യോശു, 21:38; 1ശമൂ, 30:27), രാമഥയീം (1ശമൂ, 1:1) എന്നിവ രാമയുടെ അന്യരുപങ്ങളാണ്. 

ബെന്യാമീൻ ഗോത്രത്തിനു ലഭിച്ച പട്ടണങ്ങളിലൊന്ന് രാമയാണ്. ഗിബെയോൻ, ബേരോത്ത്, യെരൂശലേം എന്നിവയോടൊപ്പം പറയപ്പെട്ടിരിക്കുന്നു. (യോശു, 18:25). ദെബോര രാമയ്ക്കും ബേഥേലിനും മദ്ധ്യേ വസിച്ചിരുന്നു. (ന്യായാ, 4:5). ലേവ്യന്റെ ചരിത്രത്തിൽ രാമയുടെ സ്ഥാനം വ്യക്തമായി നല്കിയിട്ടുണ്ട്. (ന്യായാ, 19:13). “അവൻ പിന്നെയും തന്റെ ബാല്യക്കാരനോടു: നമുക്കു ഈ ഊരുകളിൽ ഒന്നിൽ ഗിബെയയിലോ രാമയിലോ രാപ്പാർക്കാം എന്നു പറഞ്ഞു.” ഇവ തമ്മിൽ 3 കി.മീറ്റർ അകലമേ ഉള്ളൂ. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ രാമ നശിപ്പിക്കപ്പെട്ടിരിക്കണം. യിസ്രായേൽ രാജാവായ ബയെശാ രാമയെ പണിതു. (1രാജാ, 15:17). രാമ പണിയുന്നതു തടയാനായി യെഹൂദയിലെ ആസാരാജാവ് ഉത്തരപലസ്തീൻ ആക്രമിക്കുന്നതിനു അരാമ്യർക്കു കൈക്കൂലി കൊടുത്തു. (1രാജാ, 15:18-21). തുടർന്നു യെഹൂദയിലുള്ളവരെ അയച്ചു ബയെശാ പണിതുറപ്പിച്ച രാമയുടെ കല്ലും മരവും എടുത്തുകൊണ്ടുപോയി. (1രാജാ, 15:22). അശ്ശൂർരാജാവിന്റെ മുന്നേറ്റത്തിനു വിധേയമായ പട്ടണങ്ങളുടെ പട്ടികയിലും രാമയുടെ സ്ഥാനം വ്യക്തമായി നല്കിയിട്ടുണ്ട്. (യെശ, 10:28-32). നെബുഖദ്നേസർ യെരുശലേം പിടിച്ചശേഷം ബദ്ധരായ യിസ്രായേല്യരെ നെബുസരദാൻ രാമയിൽ കുട്ടിച്ചേർത്തു. അവരിൽ യിരെമ്യാ പ്രവാചകനും ഉണ്ടായിരുന്നു. (യിരെ, 40:1; 39:8-12). യിരെമ്യാ പ്രവാചകനെ വിട്ടയച്ചു. പ്രവാസത്തിൽ നിന്നു മടങ്ങിവന്ന പൂർവ്വനിവാസികൾ രാമയെ വീണ്ടും പണിതു. (എസ്രാ, 2:26; നെഹെ, 7:30). നെഹെമ്യാവ് 11:3-ലെ രാമ മറ്റൊരു സ്ഥലമായിരിക്കണം.

യോർദ്ദാനക്കരെ

യോർദ്ദാനക്കരെ (Trans-Jordan) 

യോർദ്ദാന്റെ കിഴക്കുള്ള പ്രദേശമാണിത്. ആധുനിക പലസ്തീന്റെ ഭാഗമല്ല ഇവിടം. പ്രാചീന ചരിത്രത്തിലും ഇവിടം അധികവും അന്യാധീനമായിരുന്നു. പക്ഷേ ബൈബിൾ ചരിത്രവുമായി അടുത്ത ബന്ധമുണ്ട്. യോർദ്ദാൻ താഴ്വരയ്ക്കും സിറിയൻ മരുഭൂമിക്കും ഇടയ്ക്കു ഹെർമ്മോൻ പർവ്വതം മുതൽ ചാവുകടലിന്റെ തെക്കെ അറ്റംവരെ നീണ്ടുകിടക്കുന്ന ഉന്നതതടമാണ് ട്രാൻസ് യോർദ്ദാൻ. ഇതിനു 250 കി.മീറ്റർ നീളവും 50 മുതൽ 133 കി.മീറ്റർ വരെ വീതിയും ഉണ്ട്. ശരാശരി ഉയരം 600 മീറ്ററാണ്. ഗലീലക്കടലിനു തെക്കായി യോർദ്ദാൻ നദിയുടെ പോഷകനദിയായ യാർമുഖിനു വടക്കു ബാശാൻ സ്ഥിതി ചെയ്യുന്നു. ഈ പ്രദേശത്തുകൂടെ പുതിയനിയമകാലത്തു ദെക്കപ്പൊലി എന്നറിയപ്പെട്ടിരുന്ന ദശനഗരസംഘടനയിലെ പൗരസ്ത്യാംഗങ്ങൾ വളഞ്ഞുകിടക്കുന്നു. അതിന്റെ കിഴക്കു ഭാഗത്തു ഗ്രീക്കുകാരുടെ ത്രഖോനിത്തി സ്ഥിതിചെയ്യുന്നു. (ലുക്കൊ, 3:1). ഇതു പ്രാചീനമായ വൾക്കാനോ കല്ലുകൊണ്ട് ശൂന്യമായ സ്ഥലമാണ്. ബാശാനിലെ ഓഗിന്റെ പട്ടണമായിരുന്നു അത്. (ആവ, 3:4). ബാശാനു തെക്ക് നദിയിലേക്കു വ്യാപിച്ചു കിടക്കുകയാണ് ഗിലെയാദ്. യാക്കോബിന്റെ മൽപ്പിടുത്തത്തിനു രംഗഭൂമിയായത് യാബ്ബോക്കാണ്. സംഖ്യാ 32-ലും യോശുവ 12-ലും രേഖപ്പെടുത്തിയിരിക്കുന്ന ഗോത്രങ്ങളുടെ പങ്കിൽ വടക്കുള്ള ബാശാൻ മുഴുവൻ മനശ്ശക്കും തെക്കുള്ള മോവാബ്യ ഉന്നതഭൂമി മുഴുവൻ രൂബേനും ഗിലെയാദിന്റെ മദ്ധ്യദേശം ഗാദിനും ലഭിച്ചു. അതുകൊണ്ടാണ് ന്യായാധിപന്മാർ 5:17-ൽ ഗാദിനെ ഗിലെയാദായി പറഞ്ഞിരിക്കുന്നത്. 

ഏലീയാവ് ഓടിപ്പോയ കൈരീത്തും ദാവീദിന്റെ അഭയസ്ഥാനമായിരുന്ന മഹനയീമും ഗിലെയാദിലാണ്. സമൃദ്ധിയായ ജലവും നിബിഡമായ വനങ്ങളും കൊണ്ട് അനുഗൃഹീതമാണ് ഗിലെയാദ്. യാബ്ബോക്കിനു തെക്കായി ചാവുകടലിൽ ചേരുന്ന അർണോൻ നദിയുടെ കിഴക്കെതീരത്തിനു മദ്ധ്യേവച്ചു ഈ പീഠഭൂമി വരണ്ടതും ശൂന്യവുമായിത്തീരുന്നു. ഇവിടെയായിരുന്നു അമ്മോന്റെ പഴയനാടായ നെബോ. അർണോനു തെക്കായി മോവാബ് സ്ഥിതിചെയ്യുന്നു. യിസ്രായേൽ അപൂർവ്വമായി മാത്രം കൈയടക്കിയിരുന്ന ഒരു പീഠഭൂമിയാണിത്. അതിനും തെക്കാണു ഏദോം. ഇവിടെയുള്ള ലോഹഖനികൾ പ്രസിദ്ധങ്ങളാണ്. ഇവയെ ആദ്യമായി ഖനനം ചെയ്തുപയോഗിച്ചത് ദാവീദും ശലോമോനുമാണ്. പെട്രാ എന്ന വിചിത്രമായ പാറ ഏദോമിൻ്റെ ശക്തികേന്ദ്രമായിരുന്നു. ട്രാൻസ് യോർദ്ദാനിലെ ഏറ്റവും വലിയ നദി യാർമുഖ് ആണ്. ഗിലെയാദിനു തെക്കുനിന്നാണിതിന്റെ ഉത്ഭവം. ഇത് വടക്കോട്ടൊഴുകുമ്പോൾ അഗ്നിപർവ്വത പ്രദേശമായ ഹൗറാനിൽ നിന്നും ഒഴുകിവരുന്ന പോഷകനദികൾ ഇതിനോടു ചേരുന്നു. ഈ നദി ഒടുവിൽ യോർദാനിൽ പതിക്കുന്നു.

യോപ്പ

യോപ്പ (Joppa) 

പേരിനർത്ഥം — സൗന്ദര്യം

യാഫോ: (യോശു, 19:46; 2ദിന, 2:16; എസ്രാ, 3:7; യോനാ, 1:3), യോപ്പ: (അപ്പൊ, 9:36, 43; 10:5, 8). യെരൂശലേമിനു ഏകദേശം 56 കി.മീറ്റർ വടക്കു പടിഞ്ഞാറു കിടക്കുന്ന ഒരു പ്രാചീന തുറമുഖം. പ്രാചീന യോപ്പയുടെ സ്ഥാനത്തുതന്നെയാണ് ആധുനിക യോപ്പ സ്ഥിതിചെയ്യുന്നത്. 1948-ൽ യോപ്പ ടെൽ അവീവിനോടു ചേർത്തശേഷം ടെൽ അവീവു-യാഫോ എന്നറിയപ്പെടുന്നു. 35 മീറ്റർ പൊക്കമുള്ള പാറകളോടു കൂടിയ കുന്നിൻ പ്രദേശത്താണ് പട്ടണം പണിഞ്ഞിരിക്കുന്നത്. കർമ്മേൽ പർവ്വതത്തിനും ഈജിപ്റ്റിന്റെ അതിരിനുമിടയ്ക്കുള്ള പ്രകൃതിദത്തമായ ഏക തുറമുഖമാണിത്. പൊക്കം കുറഞ്ഞു ഉന്തിനില്ക്കുന്ന പാറക്കെട്ടുകളാലാണ് തുറമുഖം രൂപപ്പെട്ടത്. വളരെ പഴക്കമുള്ള പട്ടണമാണ് യോപ്പ. തുത്ത്മൊസ് മൂന്നാമന്റെ (ബി.സി. 15-ാം നൂറ്റാണ്ട്) ആക്രമണങ്ങളുടെ പട്ടികയിലും , അമർണാ (ബി.സി. 14-ാം നൂറ്റാണ്ട്) എഴുത്തുകളിലും യോപ്പയുടെ പേരുണ്ട്. ദാനിനു അവകാശമായി നല്കിയ പട്ടണമാണ് യാഫോ. (യോശു, 19:46). അതു യെരൂശലേമിന്റെ തുറമുഖമായിരുന്നു. ദൈവാലയം പണിയുന്നതിനു ലെബാനോനിൽ നിന്നു മരം വെട്ടി ചങ്ങാടം കെട്ടി കടൽ വഴിയായി ഹീരാം ശലോമോനു യാഫോവിൽ എത്തിച്ചു കൊടുത്തു. (2ദിന, 2:16). ബാബേൽ പ്രവാസത്തിൽ നിന്നു മടങ്ങിവന്ന ശേഷം ദൈവാലയം പുതുക്കിപ്പണിയുന്നതിനു കോരെശിന്റെ കല്പനപ്രകാരം ലെബാനോനിൽ നിന്നു ദേവദാരു കടൽവഴി യാഫോവിലേക്കു കൊണ്ടുവന്നു. (എസ്രാ, 3:7). ദൈവസന്നിധിയിൽ നിന്നോടിപ്പോയ യോനാ തർശീശിലേക്കു കപ്പൽ കയറിയതു യാഫോവിൽ നിന്നായിരുന്നു. (1:3). അപ്പൊസ്തലനായ പത്രൊസ് ഉയിർപ്പിച്ച തബീഥ യോപ്പക്കാരിയായിരുന്നു. (പ്രവൃ, 9:36). പത്രൊസ് തോക്കൊല്ലനായ ശിമോനോടുകൂടെ വളരെനാൾ യോപ്പയിൽ പാർത്തു. (പ്രവൃ, 9:43). പത്രൊസിനു ഇവിടെവച്ചു സുവിശേഷം യെഹൂദനും ജാതിക്കും ഒരുപോലെ നല്കപ്പെട്ടിരിക്കുകയാണെന്ന സത്യം വ്യക്തമാക്കുന്ന തുപ്പട്ടിയുടെ ദർശനം ലഭിച്ചു. (പ്രവൃ, 10:5,16).

ബി.സി. 148-ൽ യോനാഥാൻ മക്കാബെയുസ് യോപ്പ പിടിച്ചു. (1മക്കാ, 10:76). ശിമോൻ അവിടെ ഒരു പാളയം സ്ഥാപിച്ചു. (1മക്കാ, 12:34). സമാധാനം പുനഃസ്ഥാപിക്കപ്പെട്ടശേഷം യോപ്പ വീണ്ടും ഒരു തുറമുഖമായി. എ.ഡി. 66-ലെ യുദ്ധത്തിൽ റോമൻ സൈന്യം യോപ്പയിലെ നിവാസികളിൽ 8400 പേരെ കൊന്നു. അനന്തരം വെസ്പേഷ്യൻ പട്ടണം പിടിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്തു. കുരിശുയുദ്ധക്കാലത്തു യോപ്പ പലരുടെ കയ്യിലായി. രണ്ടാം ലോകമഹായുദ്ധശേഷം യോപ്പയുടെ ഭാഗങ്ങൾ ഉൽഖനനം ചെയ്തു. സിംഹപൂജയ്ക്കു സമർപ്പിക്കപ്പെട്ട ഒരു ക്ഷേത്രം കണ്ടെടുത്തിട്ടുണ്ട്. ഇതു ഫെലിസ്ത്യരുടെ കാലത്തിനു മുമ്പ് (ബി.സി. 13-ാം നൂറ്റാണ്ട്) ഉള്ളതാണ്.

യെഹൂദ്യ

യെഹൂദ്യ (Judea)

റോമാ സർക്കാർ പലസ്തീനെ വിഭജിച്ചതിൽ തെക്കെ അറ്റത്തുള്ള ഭാഗത്തിന്റെ പേരാണ് യെഹൂദ്യ. യെഹൂദ്യയ്ക്കു ബേത്ലേഹെം മുതൽ ബേർ-ശേബ വരെ ഏകദേശം 85 കി.മീ. നീളവും 48 കി.മീ. വീതിയുമുണ്ട്. പ്രദേശത്തിൽ പകുതിയും മരുഭൂമിയാണ്. യെഹൂദയുടെ വടക്കു ശമര്യയും തെക്കു മരുഭൂമിയും കിഴക്കു യോർദ്ദാൻ താഴ്വരയും ചാവുകടലും പടിഞ്ഞാറു മരുഭൂമിയും ആണ്. ചാവുകടൽത്തീരം മുതൽ മദ്ധ്യപീഠഭൂമിവരെ വ്യാപിച്ചു കിടക്കുകയാണ് യെഹൂദ്യമരുഭൂമി. അതിന്റെ കിഴക്കെ അറ്റത്തു ജലസമൃദ്ധിയുള്ള മൂന്നു സ്ഥലങ്ങളുണ്ട്: യെരീഹോ, ഐൻ ഫെഷ്ക്കാ (16 കി.മീ. തെക്ക്), ഐൻജിദി അഥവാ ഏൻ-ഗെദി. യെഹൂദ്യയിലേക്കു യെരീഹോയിൽ നിന്നു മൂന്നും, ഐൻ ഫൈഷ്ക്കയിൽ നിന്നു ഒന്നും ഏൻ-ഗെദിയിൽ നിന്നു ഒന്നും റോഡുകൾ പോകുന്നു. യെഹൂദ്യയുടെ ഭൂമിശാസ്ത്രത്തിനു മൂന്നു പ്രത്യേകതകളുണ്ട്. 1. ഇടയസ്വഭാവം. 2. മരുഭൂമിയോടുള്ള അടുപ്പം. 3. ഒരു വലിയ പട്ടണം വളരാനുള്ള സാഹചര്യമില്ലായ്മ. ഈ മൂന്നു പ്രത്യേകതകളും യെഹൂദ്യയുടെ ചരിത്രത്ത വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. 

യെഹൂദ്യയെക്കുറിച്ചുള്ള ഒന്നാമത്തെ ബൈബിൾ പരാമർശം എസ്രാ 5:8-ലാണ്. അവിടെ യെഹൂദ്യ പേർഷ്യൻ സംസ്ഥാനത്തെ കുറിക്കുന്നു. അപ്പൊക്രിഫാ ഗ്രന്ഥങ്ങൾളിലും യെഹൂദ്യയെക്കുറിച്ചു പറയുന്നുണ്ട്. (1. എസ്ദ്രാസ്, 1:30; 1മക്കാ, 5:45; 710). ബാബിലോന്യ പ്രവാസത്തിൽ നിന്നു മടങ്ങിവന്നവരിലധികവും യെഹൂദാ ഗോത്രത്തിൽ ഉള്ളവരാകയാൽ അവരെ യെഹൂദന്മാരെന്നും ദേശത്തെ യെഹൂദ്യയെന്നും വിളിച്ചു. പേർഷ്യൻ സാമ്രാജ്യത്തിനു കീഴിൽ യെഹൂദ്യ ഒരു പ്രവിശ്യയായിരുന്നു. യെഹൂദാ ദേശാധിപതി ഒരു യെഹൂദനായിരുന്നു. (ഹഗ്ഗാ, 1:14; 2:2). അർക്കെലെയൊസിന്റെ നാടുകടത്തലിനു ശേഷം യെഹൂദ്യയെ റോമൻ പ്രവിശ്യയായ സുറിയയോടു ചേർത്തു. അതിന്റെ ദേശാധിപതി റോമൻ ചക്രവർത്തി നിയമിക്കുന്ന ഇടപ്രഭു ആയിരുന്നു. ഇടപ്രഭുവിന്റെ ഔദ്യോഗിക വസതി കൈസര്യയിലായിരുന്നു. രണ്ടു പ്രവാചകന്മാരെങ്കിലും യെഹൂദ്യാ മരുഭൂമിയിൽ നിന്നുള്ളവരാണ്; തെക്കോവയിലെ ആമോസും, അനാഥോത്തിലെ യിരെമ്യാവും. ശൗലിൽ നിന്നു ദാവീദ് അഭയം പ്രാപിച്ചിരുന്നത് ഈ മരുഭൂമിയെയാണ്. യോഹന്നാൻ സ്നാപകൻ തന്റെ ശുശ്രൂഷയ്ക്കു വേണ്ടി ഒരുക്കപ്പെട്ടതും യേശു പരീക്ഷിക്കപ്പെട്ടതും യെഹൂദ്യ മരുഭൂമിയിലാണ്.

യെഹൂദാ

യെഹൂദാരാജ്യം (Kingdom of Judah) 

അവിഭക്തയിസ്രായേലിന്റെ ആദ്യ രാജാവായിരുന്നു ബെന്യാമീൻ ഗോത്രത്തിലെ കീശിന്റെ മകനായ ശൗൽ. അദ്ദേഹത്തിന്റെ ഭരണം വിജയകരമായിരുന്നില്ല. ശൗലിന്റെ മരണത്തോടു കൂടി ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. ഈ അരാജകത്വത്തിൽ നിന്നും ദാവീദ് രംഗപ്രവേശം ചെയ്തു. ബി.സി. 587-ൽ ബാബേൽരാജാവായ നെബുഖദ്നേസർ യെരൂശലേം നശിപ്പിക്കുന്നതുവരെ യെരുശലേം ഭരിച്ചത് ദാവീദിന്റെ രാജവംശമായിരുന്നു. ദാവീദ് യെഹൂദാഗോത്രജൻ ആയിരുന്നു. എബ്രായഗോത്രങ്ങളെ ഏകോപിപ്പിച്ചു ഭരിക്കുവാൻ ദാവീദിനും ശലോമോനും കഴിഞ്ഞു. ശലോമോന്റെ മരണത്തോടു കൂടി യൊരോബെയാമിന്റെ കീഴിൽ പത്തുഗോത്രങ്ങൾ പിരിഞ്ഞുപോയി, വടക്കെ രാജ്യമായ യിസ്രായേൽ സ്ഥാപിച്ചു. ബെന്യാമീൻ, യെഹൂദാ എന്നീ ഗോത്രങ്ങൾ ഉൾപ്പെട്ട തെക്കെരാജ്യം യെഹൂദാ എന്ന പേരിൽ അറിയപ്പെട്ടു. മുന്നൂറ്റി അമ്പതോളം വർഷം (ബി.സി. 931-586) യെഹൂദാ നിലനിന്നു. ദാവീദിന്റെ വംശത്തിലെ ഇരുപതു രാജാക്കന്മാരാണ് യെഹൂദാ ഭരിച്ചത്. 

ശലോമോന്റെ പുത്രനായ രെഹബെയാമിന്റെ അപ്രാപ്തിയാണു രാജ്യവിഭജനത്തിനു കാരണമായതെന്നു കരുതുവാൻ ന്യായമില്ല. കനാനിൽ പാർപ്പുറപ്പിച്ചതു മുതൽ യിസ്രായേൽ ഗോത്രങ്ങൾ സ്വാതന്ത്ര്യം പ്രകടിപ്പിക്കുകയും ഗോത്രപരമാധികാരം കൈമാറുവാൻ വിസമ്മതിക്കുകയും ചെയ്തുവന്നു. ന്യായാധിപന്മാരുടെ കാലത്തു പല സന്ദർഭങ്ങളിലും കലഹവും തുറന്ന യുദ്ധവും (ന്യായാ, 8:1-3; 12:1-6, 20) ഗോത്രങ്ങൾ തമ്മിൽ നടന്നിരുന്നു. ശൗലിന്റെ മരണത്തിനും ദാവീദ് യെരുശലേമിലേക്കു തലസ്ഥാനം മാറ്റുന്നതിനും (2ശമൂ, 2:4) ഇടയ്ക്കുള്ള കാലയളവിൽ ഉണ്ടായ പ്രശ്നങ്ങൾ ഒരു വിഭക്ത രാജ്യത്തിന്റെ പ്രതീതി ഉളവാക്കി. യെഹൂദാ ദാവീദിനോടു കൂറു പുലർത്തിയപ്പോഴും ദാവീദിൽ നിന്നു അകലെയായിരുന്ന യിസ്രായേൽ ശൗലിന്റെ മകനായ ഈശ്-ബോത്തിനെ രാജാവാക്കാൻ ശ്രമിച്ചു. ദാവീദ് യെരൂശലേമിൽ തലസ്ഥാനം ഉറപ്പിക്കുകയും എല്ലാ ഗോത്രങ്ങളെയും വിധേയപ്പെടുത്തുകയും ചെയ്തു കൊണ്ടു രാജ്യത്തിന്റെ ഐക്യം ഭദ്രമാക്കി. ശലോമോൻ ഭാരിച്ച നികുതിയും ഊഴിയ വേലയും ഏർപ്പെടുത്തി ഉറച്ച ഭരണം നടത്തി. ശലോമോൻ മരിച്ചപ്പോൾ യൊരോബെയാമിന്റെ കീഴിൽ ഒരു യിസ്രായേല്യ സർക്കാർ പ്രവാസത്തിലുണ്ടായിരുന്നു. (1രാജാ, 11:26-40). യൊരോബെയാമും യിസ്രായേൽ സഭയൊക്കെയും വന്നു തങ്ങളുടെ മേൽ വച്ചിരുന്ന ഭാരമുള്ള നുകത്തിന്റെ ഭാരം കുറച്ചുതന്നാൽ രെഹബെയാമിനെ സേവിക്കാം എന്നു പറഞ്ഞു. (1രാജാ, 12:11). രെഹബെയാം അതു നിരസിച്ചു. യൊരോബെയാം പിരിഞ്ഞുപോയി യിസ്രായേൽ രാജ്യം സ്ഥാപിച്ചു. 

യെഹൂദയുടെ പ്രദേശത്തിനു തുല്യമായ ഒരു ചെറിയ പ്രദേശമായിരുന്നു രെഹബെയാമിന്റെ കീഴിൽ ഉണ്ടായിരുന്നത്. ബെന്യാമീന്റെ പ്രദേശം അധികവും യിസ്രായേലിനോടു ചേർന്നതായിട്ടാണു കാണുന്നത്. (1രാജാ, 12:20). ബെന്യാമീന്റെ തെക്കെ അറ്റത്തു കിടന്ന യെരുശലേം യെഹൂദയോടു ചേർന്നു. രെഹബെയാമിന്റെ സൈന്യത്തിന്റെ സാന്നിദ്ധ്യമായിരുന്നു അതിനു കാരണം. യെഹൂദാരാജ്യത്തിനു യിസ്രായേൽ രാജ്യത്തിന്റെ പകുതിയോളം വ്യാപ്തിയേ ഉണ്ടായിരുന്നുള്ളൂ. യിസ്രായേലിന്റെ കൃഷിഭൂമിയുടെ നാലിലൊന്നിൽ കുറവായിരുന്ന യെഹൂദയുടെ കൃഷിഭൂമി. ഫലഭൂയിഷ്ഠമായ കൃഷിഭൂമിയും വർഷ പാതവുംകൊണ്ടു യിസ്രായേൽ അനുഗൃഹീതമായിരുന്നു. ദൈവം ഏർപ്പെടുത്തിയ ആരാധനാസ്ഥലമായ യെരുശലേം ദൈവാലയം, ദാവീദിന്റെ രാജവംശം എന്നിവ യെഹൂദയുടെ പ്രത്യേക ആനുകൂല്യങ്ങളായിരുന്നു. ഒരു ഏകതാനമായ ജനസംഖ്യയും ശക്തമായ അധികാര കേന്ദ്രീകരണവും യെഹൂദയ്ക്കുണ്ടായിരുന്നു; ഒപ്പം യെരുശലേം ദൈവാലയത്തോടു ബന്ധപ്പെട്ട ലേവ്യ പൗരോഹിത്യവും. ശലോമോന്റെ മരണശേഷം രണ്ടു നൂറ്റാണ്ടോളം യെഹൂദയും യിസ്രായേലും പാർശ്വസ്ഥരായി കഴിഞ്ഞു. ആദ്യത്തെ രണ്ടു തലമുറകളിൽ യിസ്രായേലിനെ യെഹൂദായോടു ചേർക്കാൻ വേണ്ടി യെഹൂദാരാജാക്കന്മാർ യുദ്ധം ചെയ്തു. യെഹോശാഫാത്തിന്റെ കാലത്തോടു കൂടി അതു അസാദ്ധ്യം എന്നവർ മനസ്സിലാക്കി. യെഹൂദയെക്കാൾ ശക്തമായിരുന്നു യിസായേൽ. യെഹോശാഫാത്തിന്റെ കാലം മുതൽ യിസ്രായേലുമായി രമ്യതയിൽ കഴിയുവാൻ യെഹൂദാ ഒരുങ്ങി. വിഭജനത്തോടു കൂടി യെഹൂദാ രാജ്യം ഒരു രണ്ടാംകിട ശക്തിയായി മാറി. ഈജിപ്റ്റിലെ രാജാവു ശീശക് മിസയീമ്യസാമ്രാജ്യം പുനർജ്ജീവിപ്പിക്കാനായി പലസ്തീൻ ആക്രമിച്ചു . ശീശക് ദൈവാലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും കവർന്നു. ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളെയും അവൻ എടുത്തുകൊണ്ടുപോയി. അവയ്ക്കു പകരം രെഹബെയാം രാജാവു താമ്രം കൊണ്ടു പരിചയുണ്ടാക്കി. (1രാജാ, 14:25-28). മഹത്വം പൊയ്പോയ യെഹൂദായുടെ പ്രതിരൂപമാണിത്. രെഹബെയാമും പുത്രനായ അബീയാമും വിജാതീയാരാധനകൾക്കു പ്രോത്സാഹനം നല്കി. ആസായും യെഹോശാഫാത്തും അവയെ തുടച്ചു മാറ്റുവാൻ ശ്രമിച്ചു. യെഹോശാഫാത്തിന്റെ പുത്രനായ യെഹോരാം യിസ്രായേൽ രാജാവായ ആഹാബിന്റെ പുത്രി അഥല്യയെ വിവാഹം കഴിച്ചു. ഇതു യിസ്രായേലുമായി സൗഹാർദ്ദത്തിൽ കഴിയുവാനുള്ള യെഹോശാഫാത്തിന്റെ താൽപര്യത്തെ വ്യക്തമാക്കുന്നു. ഈ സൗഹാർദ്ദം യെഹൂദയുടെ അഭിവൃദ്ധിക്കു കാരണമായെങ്കിൽ അതു മതപരമായ അപചയത്തിനു വഴിതെളിച്ചു. അഥല്യാ രാജ്ഞിയുടെ ഭരണകാലത്തു യെഹൂദാ രാജവംശത്തെ നിർമ്മൂലമാക്കുവാനും ബാൽപൂജ യെഹൂദയിൽ ഉറപ്പിക്കാനും ശ്രമിച്ചു. തുടർന്നുണ്ടായ കലാപത്തിൽ അഥല്യ വധിക്കപ്പെട്ടു. (ബി.സി. 835). തുടർന്നു ബാലനായ യോവാശ് രാജാവായി. മഹാപുരോഹിതനായ യെഹോയാദായുടെ നേതൃത്വത്തിൽ യഹോവയുടെ ആരാധന പുന:സ്ഥാപിതമായി. രാഷ്ട്രീയവും സാമ്പത്തികവുമായ ഐശ്വര്യം മുറ്റിനിന്ന കാലത്താണ് അമസ്യാവും ഉസ്സീയാവും രാജ്യഭാരം ചെയ്തത്. തുടർന്നു അശ്ശൂരിന്റെ ആക്രമണം ഉണ്ടാകുകയും യിസ്രായേൽ പ്രവാസത്തിലേക്കു പോവുകയും ചെയ്തു. 

എട്ടാം നൂറ്റാണ്ടിന്റെ മുന്നാം പാദത്തിൽ അശ്ശൂർ സാമ്രാജ്യം പടിഞ്ഞാറോട്ടു വ്യാപിച്ചു. ബി.സി. 722-ൽ അശ്ശൂർ യിസ്രായേലിനെ നശിപ്പിക്കുകയും യെഹൂദയ്ക്ക് കനത്ത നാശം വരുത്തുകയും ചെയ്തു. അരാം, യിസ്രായേൽ എന്നീ സഖ്യശക്തികളുടെ ആക്രമണത്തിൽ നിന്നു രക്ഷ നേടുന്നതിനായി ആഹാസ് രാജാവു അശ്ശൂരിന്റെ സഹായം തേടി. യെഹൂദാ രക്ഷപ്പെട്ടു. അശ്ശൂരിലെ പൂജാസമ്പ്രദായങ്ങളെ ആഹാസ് യെരുശലേമിൽ ഏർപ്പെടുത്തി. ആഹാസിന്റെ വാഴ്ചയുടെ അവസാനകാലത്തു യിസ്രായേലിന്റെ അസ്തിത്വം നഷ്ടപ്പെട്ടു. ആഹാസിന്റെ പുത്രനായ ഹിസ്കീയാവു അശ്ശൂരിന്റെ ആധിപത്യത്തെ ഒഴിവാക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ കീഴിൽ യെഹൂദാ സൻഹേരീബിന്റെ ആക്രമണത്തെ അതിജീവിച്ചു. ബാബേലുമായി അദ്ദേഹം ചെയ്ത സഖ്യതയെ യെശയ്യാവു അപലപിച്ചു. പ്രവാചകന്മാരായ യെശയ്യാവും മീഖായും തങ്ങളുടെ ശുശ്രൂഷ ഈ കാലത്ത് തുടരുകയായിരുന്നു. ഹിസ്കീയാ രാജാവിന്റെ മതനവീകരണത്തെ യെശയ്യാവു സഹായിച്ചു. യെഹൂദാരാജ്യത്തിന്റെ അവസാന നൂറ്റാണ്ടിൽ പലസ്തീൻ നിരന്തരമായ യുദ്ധത്തിന്റെ രംഗഭൂമിയായി മാറി. സാമ്രാജ്യങ്ങൾ ഏറ്റുമുട്ടുകയും തകർന്നു വീഴുകയും ചെയ്തു. ബി.സി. 612-ൽ നീനെവേ നശിപ്പിക്കപ്പെട്ടതോടു കൂടി അശ്ശൂർ സാമ്രാജ്യം തകർന്നു. തൽസ്ഥാനത്തു നെബുഖദ്നേസറിന്റെ കീഴിൽ നവബാബിലോണിയൻ സാമ്രാജ്യം ഉദയം ചെയ്തു. ഈജിപ്റ്റും പലസ്തീനോടുള്ള സാമീപ്യം മൂലം മേൽക്കോയ്മയ്ക്ക് ശ്രമിച്ചു. ലോകത്തിലെ രണ്ടു മഹാശക്തികൾക്കിടയിലായ യെഹൂദാ ദൈവത്തിലാശ്രയിക്കാതെ ഈ രണ്ടു ശക്തികളെയും മാറി മാറി ആശ്രയിച്ചു. 

ഹിസ്കീയാ രാജാവിന്റെ പുത്രനായ മനശ്ശെ അശ്ശൂരിന്റെ രാഷ്ട്രീയവും മതപരവുമായ നിയന്ത്രണത്തിനു സ്വയം വിധേയപ്പെട്ടു. എബായ രാജാക്കന്മാരിൽ ഒടുവിലത്തെ നല്ല രാജാവു യോശീയാവ് ആയിരുന്നു. ബി.സി. 621-ൽ അദ്ദേഹം മതപരമായ ഒരു നവീകരണം നടത്തി. അതിനു കാരണമായി തീർന്നത് ദൈവാലയത്തിൽ നിന്നു മോശെയുടെ ന്യായപ്രമാണം (ആവർത്തന പുസ്തകമായിരിക്കണം) കണ്ടെത്തിയതാണ്. ഈ നവീകരണം അശ്ശൂരിനെതിരായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണു് അശ്ശൂർ സാമ്രാജ്യം വിഘടിച്ചത്. മിസ്രയീമിലെ ഫറവോനായ നെഖോയുടെ സൈന്യത്തെ എതിർക്കുവാൻ ശ്രമിച്ച യോശീയാവ് വധിക്കപ്പെട്ടു. യോശീയാവിന്റെ വാഴ്ചക്കാലത്താണ് യിരെമ്യാവു പ്രവാചകശുശൂഷ ആരംഭിച്ചത്. യെഹൂദയുടെ വീഴ്ചയെക്കുറിച്ചു യിരെമ്യാവ് പ്രവചിച്ചിരുന്നു. 

യോശീയാവിന്റെ മരണശേഷം യെഹൂദയെ ദുഷ്ക്കാലങ്ങൾ വലയം ചെയ്തു. പുത്രനായ യെഹോയാക്കീം ഈജിപ്റ്റിന്റെ പാവയായിരുന്നു. ഇയാളുടെ വാഴ്ചക്കാലത്തു ബാബിലോന്യർ യെരൂശലേം കൊള്ളയടിച്ചു. (ബി.സി. 605). ആഭ്യന്തര കലാപത്തിൽ രാജാവു കൊല്ലപ്പെടുകയും പുത്രനായ യെഹോയാഖീൻ രാജാവാകുകയും ചെയ്തു. മൂന്നുമാസത്തിനു ശേഷം ബാബിലോന്യർ യെരുശലേം പിടിക്കുകയും (ബി.സി. 597) രാജാവിനോടൊപ്പം പ്രധാന വ്യക്തികളെ ബാബിലോണിലേക്കു ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്തു. യെഹോയാഖീന്റെ സ്ഥാനത്തു യോശീയാവിന്റെ മറ്റൊരു പുത്രനായ സിദെക്കീയാവിനെ വാഴിച്ചു. സിദെക്കീയാവു ബാബിലോണിനോടു മത്സരിച്ചു. ഈജിപ്റ്റിനോടു സഖ്യം ചെയ്തു. തന്മൂലം യെരുശലേമിനെ നശിപ്പിക്കുവാൻ ബാബിലോന്യർ തീരുമാനിച്ചു. ഒന്നര വർഷത്തെ കഠിന നിരോധനത്തിനു ശേഷം യെരുശലേം നെബൂഖദ്നേസറിനു കീഴsങ്ങി. നെബൂഖദ്നേസർ പട്ടണം നശിപ്പിച്ചു. സിദെക്കീയാവിനെ കണ്ണു കുത്തിപ്പൊട്ടിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി. ജനത്തിൽ ഒരു വലിയ ഭാഗത്തെ ബന്ദികളാക്കി. (ബി.സി. 587). ഇങ്ങനെ മഹത്വപൂർണ്ണയായിരുന്ന യെഹൂദാ രാജ്യം അവസാനിച്ചു.