All posts by roy7

പ്രത്യാശ

പ്രത്യാശ

‘ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു (1കൊരി, 13:13), “നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും.” (2തെസ്സ, 2:16). വിശ്വാസത്താൽ വാഞ്ചയോടെ കാത്തിരിക്കുന്ന അവസ്ഥയാണ് പ്രത്യാശ. കഴിഞ്ഞവയും ഇപ്പോഴുളളവയും വരാനുള്ളവയും ആയി കാണാത്ത കാര്യങ്ങളെ പ്രത്യക്ഷമായി ഗ്രഹിക്കുന്നതാണ് വിശ്വാസം. ഭൂതവർത്തമാനഭാവികൾ സിദ്ധദശയിൽ വിശ്വാസത്തിൽ അന്തർഭവിക്കുന്നു. വരാനുള്ളവയെ മാത്രം വിശ്വാസത്തോടെ നോക്കിപ്പാർക്കുന്നതാണ് പ്രത്യാശ. വിശ്വാസം കാലത്രയത്തെയും ഉൾക്കൊള്ളുന്നു; പ്രത്യാശ ഭാവികമാണ്. നിശ്ചയജ്ഞാനം ക്രൈസ്തവ വിശ്വാസത്തെയും പ്രത്യാശയെയും നിസ്തുല്യമാക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസവും നിത്യജീവനെന്ന ഭാവിപ്രത്യാശയാലുമാണ് വ്യക്തി രക്ഷിക്കപ്പെടുന്നത്. രണ്ടും ദൈവത്തിൻ്റെ കൃപയാലുള്ള ദാനമാണ്: “പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്.” (റോമ, 8:24; 15:13; എഫെ, 2:5, 8; തീത്തൊ, 1:2). മുമ്പേ നമ്മൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും, പ്രത്യാശയില്ലാത്തവരും, ദൈവമില്ലാത്തവരും ആയിരുന്നു. (എഫെ, 2:12). എന്നാലിപ്പോൾ, ക്രിസ്തു നമ്മുടെ പ്രത്യാശയും (1തിമൊ, 1:1), മഹത്വത്തിൻ്റെ പ്രത്യാശയും (കൊലൊ, 1:29), നിത്യജീവൻ്റെ പ്രത്യാശയുമാണ്. (തീത്തൊ,1:2). വർത്തമാനകാലത്തിലെ കഷ്ടതകൾ നിസ്സാരമായിക്കരുതി മുന്നോട്ടുപോകാൻ പ്രത്യാശ നമ്മെ പ്രേരിപ്പിക്കുന്നു. (വിലാ, 3:29). “ഇത്ര ഭയങ്കരമരണത്തിൽനിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ആശ വെച്ചുമിരിക്കുന്നു.” (2കൊരി, 1:10).

വിശ്വാസം

വിശ്വാസം

‘വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം (1കൊരി, 12:9), ‘ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു.’ (1കൊരി, 13:13). വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. “വിശ്വാസത്തിന് മനുഷ്യരുടെ ജ്ഞാനമല്ല; ദൈവത്തിന്റെ ശക്തിയാണ് ആധാരമായിരിക്കുന്നത്.” (1കൊരി, 2:4). “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമാത്രയാകുന്നു. ആരും പ്രശംസിക്കാതിരിക്കാൻ പ്രവൃത്തികളും കാരണമല്ല.” (എഫെ, 2:8,9). ദൈവമാണ് വിശ്വാസത്തിന്റെ അളവ് ഓരോരുത്തർക്കും പകുത്തു കൊടുക്കുന്നത്. (റോമ, 12:3). വിശ്വാസത്താൽ വിശുദ്ധീകരണം പ്രാപിക്കുന്നു (പ്രവൃ, 26:18), സ്വസ്ഥതയും സമാധാനവും അനുഭവിക്കുന്നു (മത്താ, 11:28; യോഹ, 14:1; ഫിലി, 4:6,7), ദൈവശക്തിയിൽ കാക്കപ്പെടുന്നു (1പത്രൊ, 1:4), സന്തോഷം അനുഭവിക്കുന്നു (1പത്രൊ, 1:8), പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നു (മത്താ, 21:21), ലോകത്തെ ജയിക്കുന്നു; “ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.” (1യോഹ, 5:4). വിശ്വാസത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും വിശ്വാസം ഏല്ലാവർക്കും ഉണ്ട്. എന്നാൽ ഇവിടെപ്പറഞ്ഞിരിക്കുന്ന വിശ്വാസവരം അസാദ്ധ്യകാര്യങ്ങളെ സാധിപ്പിക്കുവാനുള്ള വിശ്വാസമാണ്. (എബ്രാ, 1:32, 34; 1കൊരി, 13:2).

പരിജ്ഞാനത്തിന്റെ വചനം

പരിജ്ഞാനത്തിന്റെ വചനം

‘മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു.’ (1കൊരി, 12:8). ജ്ഞാനവരവുമായി ബന്ധപ്പെട്ടതാണ് പരിജ്ഞാനവരം. ദൈവത്തെക്കുറിച്ചുള്ള അറിവ് പ്രായോഗികതലത്തിൽ പ്രയോജനപ്പെടുത്തുമ്പോൾ പരജ്ഞാനമായി മാറുന്നു. പരിജ്ഞാനവും തിരിച്ചറിവു യഥാർത്ഥ ജ്ഞാനത്തിൻ്റെ ഘടകങ്ങളാണ്. (നെഹെ, 10:28). പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനമാണ് വിവേകം. (സദൃ, 2:5). മനുഷ്യൻ പ്രാപിക്കേണ്ടത് ദൈവപരിജ്ഞാനമാണ്. (സദൃ, 2:5; എഫെ, 1:17). ബുദ്ധിയും പരിജ്ഞാനവും ലഭിക്കുന്നത് ദൈവത്തിൽനിന്നാണ്. (സങ്കീ, 119:66). ദൈവത്തിന്റെ സമ്പൂർണ്ണമായ പരിപാലനത്തെക്കുറിച്ചുള്ള പരിജ്ഞാനം മനുഷ്യബുദ്ധിക്കു അത്യത്ഭുതമാണ്. (സങ്കീ, 139:6). ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ട് പൂർണ്ണമാകുമ്പോൾ ആരും ആർക്കും ഒരു ദോഷവും ചെയ്യുകയില്ല. (യെശ, 11:39). ജനം നശിക്കുന്നതിനു കാരണം പരിജ്ഞാനമില്ലാത്തതാണ്. (ഹോശേ, 4:6).

മശീഹയുടെമേൽ പരിജ്ഞാനത്തിന്റെ ആത്മാവ് ആവസിക്കുമെന്ന് യെശയ്യാവു പ്രവചിച്ചു. (11:2). നീതിമാനായ ദാസൻ തന്റെ പരിജ്ഞാനംകൊണ്ട് പലരെയും നീതീകരിക്കും. (യെശ, 53:11). യേശുക്രിസ്തു ദൈവതേജസ്സിന്റെ പരിജ്ഞാനമാണ്. (2കൊരി, 4:6; 6:6; 8:7; 10:5). ക്രിസ്തു ദൈവമർമ്മത്തിന്റെ പരിജ്ഞാനമാണ്; അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഗുപ്തമായിരിക്കുന്നു. (കൊലൊ, 2:2,3). ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രഷ്ഠതനിമിത്തം അപ്പൊസ്തലൻ എല്ലാം ചേതം എന്നെണ്ണി. (ഫിലി, 3:8). പരിശുദ്ധാത്മാവു നൽകുന്ന കൃപാവരങ്ങളിലൊന്നാണ് പരിജ്ഞാനത്തിൻ വചനം. (1കൊരി, 12:8). ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പരിജ്ഞാനം കൃപയും സമാധാനവും നൽകുകയും ജീവനും ഭക്തിക്കും ആവശ്യമായതെല്ലാം പ്രദാനം ചെയ്യുകയും ചെയ്യുന്നു. (2പത്രൊ, 1:2,3). ക്രിസ്ത്യാനി പരിജ്ഞാനത്തിൽ വളരേണ്ടതാണ്. (2പത്രൊ, 1:6, 8; 3:18).

ജ്ഞാനത്തിന്റെ വചനം

ജ്ഞാനത്തിന്റെ വചനം

‘ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും; (1കൊരി, 12:8). ദൈവത്തിന്റെ ആഴങ്ങൾ അറിയുകയും (റോമ, 11:33), വ്യാഖ്യാനിക്കുകയും ചെയ്യുവാനുള്ള കഴിവാണ് ജ്ഞാനത്തിന്റെ വചനം എന്ന വരം. ജ്ഞാനത്തിനു പുതിയ നിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ‘സൊഫിയ’ ആണ്. ദൈവത്തിന്റെ ജ്ഞാനം (റോമ, 11:33; 1കൊരി, 1:21, 24; 2:7; 3:10; വെളി, 7:12), ക്രിസ്തുവിന്റെ ജ്ഞാനം (മത്താ, 13:54, മർക്കൊ, 6:2; ലൂക്കൊ, 20:40, 52, 1കൊരി, 1:30; കൊലൊ, 2:3; വെളി, 5:12), ആത്മീയ ജ്ഞാനം (കൊലൊ, 1:28, 3:16, 4:5; യാക്കോ, 1:5; 3:13, 17; 2പത്രൊ, 3:15, വെളി, 13:18; 17:19), മാനുഷീകജ്ഞാനം (മത്താ, 12:42; ലൂക്കൊ, 13:31; പ്രവൃ, 7:22; 1കൊരി, 1:17) ഇവയ്ക്കെല്ലാം ‘സൊഫിയ’ തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.” (യാക്കോ, 3:17). ജ്ഞാനലക്ഷണമാണ് സൗമ്യത. (യാക്കോ, 3:13). ആദിമസഭയിൽ ജ്ഞാനവരം ഉണ്ടായിരുന്നു. (പ്രവൃ, 5:1-11). നിന്നുപോകുന്ന വരങ്ങളുടെ കൂട്ടത്തിലാണ് ജ്ഞാനം പറഞ്ഞിരിക്കുന്നത്: ‘ജ്ഞാനമോ, അതു നീങ്ങിപ്പോകും’ (1കൊരി, 13:8).

രോഗശാന്തികളുടെ വരം

രോഗശാന്തികളുടെ വരം

‘മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം’ (1കൊരി, 12:9), പിന്നെ രോഗശാന്തികളുടെ വരം (1കൊരി, 12:28). രോഗശാന്തികളുടെ വരം വീര്യപ്രവൃത്തികളുമായി ബന്ധപ്പെട്ടതാണ്. കർത്താവായ യേശുവിന്റെയും (മത്താ, 4:23), പന്ത്രണ്ടു ശിഷ്യന്മാരുടെയും (മത്താ, 10:1), എഴുപത് ശിഷ്യന്മാരുടെയും (ലുക്കൊ, 10:8) ശുശ്രൂഷകളിൽ രോഗശാന്തി പ്രധാന ഘടകമായിരുന്നു. പെന്തക്കൊസ്തിനുശേഷം ആദിമസഭയിലും രോഗശാന്തി അധികമായി ലഭിച്ചിരുന്നു. (പ്രവൃ, 3:1-10; 14:8-10; 28:8). ഈ വരം പ്രയോഗിക്കുന്ന വ്യക്തിക്കും സൗഖ്യം ലഭിക്കുന്ന വ്യക്തിക്കും ദൈവത്തിൽ വിശ്വാസം ഉണ്ടായിരുന്നു. (മത്താ, 15:28; മർക്കൊ, 5:34; പ്രവൃ, 14:9). രോഗശാന്തികളുടെ വരം എന്നു ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. രോഗങ്ങളുടെ വൈവിധ്യവും സൗഖ്യമാക്കുന്ന രീതിയിലുള്ള വൈവിധ്യവുമായിരിക്കണം അതിനു കാരണം. പ്രാർത്ഥനയാലുള്ള സൗഖ്യവും രോഗശാന്തി തന്നെയാണ്: “എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.” (യാക്കോ, 5:15).

വീര്യപ്രവൃത്തികൾ

വീര്യപ്രവൃത്തികൾ

‘വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു’ (പ്രവൃ, 8:13), ‘മറ്റൊരുവന്നു വീര്യപ്രവൃത്തികൾ’ (1കൊരി, 12:10), ‘ദൈവം പൗലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ’ (പ്രവൃ, 19:11), ‘ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും.’ (എബ്രാ, 2:3). യേശുക്രിസ്തു തന്റെ പരസ്യശുശ്രൂഷയിൽ അനേകം വീര്യപ്രവൃത്തികൾ ചെയ്തതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. (മത്താ, 11:21; 13:54, മർക്കൊ, 6:2). മരിച്ചവരെ ഉയർപ്പിക്കുന്നതും (മത്താ, 9:25; ലൂക്കൊ, 7:14,15; യോഹ, 11:43,44, പ്രവൃ, 9:40; 20:10), ദുരാത്മാക്കളെ പുറത്താക്കുന്നതും (മർക്കൊ, 1:25; 5:25-34; 9:14-29; പ്രവൃ, 16:16-18). ശാരീരീക രോഗങ്ങൾ സൗഖ്യമാക്കുന്നതും (മത്താ, 8:2-4; 9:2-8; 12:9-14; പ്രവൃ, 3:1-10; 14:8-10) ഇതിലുൾപ്പെടുന്നു. അപ്പൊസ്തലന്മാർക്കും ക്രിസ്തു ഈ അധികാരം കൊടുത്തിരുന്നു: “അവൻ തന്നോടുകൂടെ ഇരിക്കുവാനും, പ്രസംഗിക്കേണ്ടതിന് അയയ്ക്കുവാനും, ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു. (മർക്കൊ, 3:14,15). വീര്യപ്രവൃത്തികൾ അപ്പൊസ്തലത്വത്തിന്റെ സവിശേഷ ചിഹ്നമായും പറഞ്ഞിരിക്കുന്നു: “അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.” (2കൊരി, 12:12).

അത്ഭുതങ്ങൾ

അത്ഭുതങ്ങൾ

‘അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.’ (പ്രവൃ, 14:3). “അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.” (2കൊരി, 12:12). സാധാരണ വിസ്മയകരമായി തോന്നുന്ന കാര്യങ്ങളിൽ നിന്നും വ്യത്യസ്തമാണ് അത്ഭുതങ്ങൾ. ബാഹ്യലോകത്തിൽ ദൈവികശക്തിയുടെ പ്രകൃത്യതീതമായ വെളിപ്പാടാണവ. ദൈവശക്തിയുടെയും സാന്നിദ്ധ്യത്തിന്റെയും പ്രത്യേകമായ വെളിപ്പാട് അത്ഭുതങ്ങളിൽ ഉള്ളടങ്ങിയിരിക്കും. സാധാരണ പ്രകൃതി പ്രതിഭാസങ്ങളെക്കൊണ്ട് ആതിനെ വ്യാഖ്യാനിക്കുവാൻ കഴിയില്ല. മനുഷ്യാതീതമായ ഒരാളത്വം ഈ പ്രവൃത്തികൾക്ക് പിന്നിലുണ്ടെന്നു ഗ്രഹിക്കാൻ തക്കവണ്ണം വ്യാപകമായ ഒരടയാളം അഥവാ, ഗൂഢാർത്ഥം അത്ഭുതത്തിനുണ്ടായിരിക്കും. പുതിയനിയമത്തിൽ യേശുക്രിസ്തു ചെയ്ത അത്ഭുതങ്ങളുടെ ഉദ്ദേശ്യം യോഹന്നാൻ വ്യക്തമാക്കിയിട്ടുണ്ട്. “ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു. എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:30,31). അപ്പൊസ്തലന്മാർക്ക് അത്ഭുതങൾ അടയാളങ്ങൾ വീര്യപ്രവൃത്തികൾ ചെയ്യുവാൻ വരം നല്കിയിരുന്നത് (പ്രവൃ, 2:43; 4:22; 4:30; 5:12; 6:8; 8:13; 14:3; 15:12; 19:11) ദൈവസഭയുടെ സ്ഥാപനത്തിനും അതിൻ്റെ വ്യാപനത്തിനും വേണ്ടിയായിരുന്നു. (മർക്കൊ, 16:20; 12:12). പെന്തെക്കൊസ്തിൽ അപ്പൊസ്തലന്മാർ ആത്മനിറവിൽ സംസാരിച്ച അന്യഭാഷ, അവിടെ ജാതികളുടെ പട്ടണത്തിൽനിന്ന് വന്നുകൂടിയ യെഹൂദന്മാർക്ക് അത്ഭുതത്തിന് കാരണമായി. (പ്രവൃ, 2:6-8). തന്മൂലം, വലിയൊരു കൂട്ടം സുവിശേഷം കൈക്കൊള്ളുന്നതിനും രക്ഷപ്രാപിക്കുന്നതിനും മുഖാന്തരമായി. (പ്രവൃ, 2:37-42). യേശുക്രിസ്തുവിൻ്റെയും അപ്പൊസ്തലന്മാരുടെയും കാലത്ത് അവിശ്വാസികൾക്കുള്ള അടയാളമായിരുന്നു അത്ഭുതങ്ങൾ. ഇപ്പോൾ, വിശ്വാസികളാണ് അത്ഭുതങ്ങൾ അന്വേഷിച്ചു പരക്കം പായുന്നത്. നാമനുഭവിക്കുന്ന രക്ഷ: കർത്താവു പറഞ്ഞുതുടങ്ങിയതും, ദൈവം അടയാളങ്ങളാലും, അത്ഭുതങ്ങളാലും, വിവിധ വീര്യപ്രവൃത്തികളാലും, തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും, കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതുമാണ്. ഇത്രവലിയരക്ഷ നമുക്ക് ലഭ്യമായത് ദൈവവചനം എന്ന മഹാത്ഭുതത്തിലൂടെയാണ്. (എബ്രാ, 2:3,4).

അടയാളങ്ങൾ

അടയാളങ്ങൾ

‘അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.’ (പ്രവൃ, 14:3). “അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.” (2കൊരി, 12:12). ദൈവിക ശക്തിയുടെ അസ്തിത്വം തെളിയിച്ചുകൊണ്ട് ഇന്ദ്രിയങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഏതിനെയും സൂചിപ്പിക്കുവാൻ അടയാളം എന്ന പദം ബൈബിളിൽ പ്രയോഗിച്ചിട്ടുണ്ട്. പഴയനിയമത്തിലെ അത്ഭുതങ്ങൾ അധികവും അടയാളങ്ങളായിരുന്നു. നിഷ്ക്കളങ്കയുഗത്തിൽ ആകാശവിതാനത്തിൽ ഉണ്ടാക്കിയ വെളിച്ചങ്ങൾ അടയാളമായിരുന്നു. (ഉല്പ, 1:14). മാനുഷഭരണയുഗത്തിൽ മഴലില്ല് അടയാളമായിരുന്നു. (ഉല്പ, 9:12,13). വാഗ്ദത്തയുഗത്തിൽ പരിച്ഛേദന അടയാളമായിരുന്നു. (ഉല്പ, 17:11). ന്യായപ്രമാണയുഗത്തിൽ പെസഹയും, ശബ്ബത്തും അടയാളമായിരുന്നു. (പുറ, 13:9, 31:12). കൃപായുഗത്തിൽ ക്രിസ്തുവിൻ്റെ ജനനവും (യെശ, 7:14, ലൂക്കൊ, 2:12), ശുശ്രൂഷയും (യോഹ, 2:11, 23, 4:45-54, 6:2, 14), മരണപുനരുത്ഥാനവും (മത്താ, 16:4; ലൂക്കൊ, 11:30), സഭാസ്ഥാപനവും (പ്രവൃ, 2:1-22), അപ്പൊസ്തലന്മാരുടെ അനന്തര ശുശ്രൂഷകളും (പ്രവൃ, 4:16, 5:12, 6:8, 8:6, 13, 14:3) അടയാളങ്ങളിലൂടെ ആയിരുന്നു. അന്യഭാഷ അവിശ്വാസികൾക്ക് അടയാളമായിരുന്നു. (1കൊരി, 14:22). മഹാപീഡനയുഗത്തിൽ സാത്താൻ വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും കൂടെ വെളിപ്പെടും. (2തെസ്സ, 2:9). മഹാപീഡനത്തിനൊടുവിൽ ‘മനുഷ്യപുത്രൻ്റെ അടയാളം ആകാശത്തു വിളങ്ങും.’ (മത്താ, 24:30). പുതിയനിയമത്തിലെ അടയാളങ്ങളെല്ലാം ദൈവവചനത്ത ഉറപ്പിക്കാനുള്ളതാണ്: “അവർ പുറപ്പെട്ടു എല്ലായിടത്തും പ്രസംഗിച്ചു; കർത്താവു അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.” (മർക്കൊ, 16:20).

ഉപദേശം

ഉപദേശം, ഉപദേഷ്ടാവ്

‘ഉപദേശിക്കുന്നവൻ എങ്കിൽ ഉപദേശത്തിൽ’ (റോമ, 12:7), ‘മൂന്നാമതു ഉപദേഷ്ടാക്കന്മാർ’ (1കൊരി, 12:28), ‘നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു ഉപദേശം ഉണ്ട്’ (1കൊരി, 14:26), ‘ചിലരെ ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു’ (എഫെ, 4:11) എന്നിങ്ങനെയാണ് കാണുന്നത്. സഭയിൽ സത്യോപദേശം പഠിപ്പിക്കാനുള്ള ദൈവദത്തമായ കൃപയാണ് ഉപദേഷ്ടാവ് അഥവാ, ഉപദേശവരം എന്നത്. പ്രബോധനം നൽകുന്നവർ എന്നർത്ഥമുള്ള ഡിഡസ്ക്കലൊസ് എന്ന ഗ്രീക്കു പദത്തെയാണ് ഉപദേഷ്ടാവെന്ന് തർജമ ചെയ്തിരിക്കുന്നത്. യഹൂദാ മതനിയമങ്ങൾ പഠിപ്പിക്കുന്നവരാണ് ലൂക്കൊസ് 2:46-ലും, റോമർ 2:20-ലും ഉപദേഷ്ടാക്കന്മാർ. യോഹന്നാൻ 3:2-ൽ ക്രിസ്തുവിനെയും, 3:10-ൽ നിക്കോദേമൊസിനെയും ഉപദേഷ്ടാവെന്നു വിളിച്ചിരിക്കുന്നു. സഭയിൽ ഉപദേശം പഠിപ്പിക്കുന്നവരും ഉപദേഷ്ടാക്കന്മാരാണ്. (പ്രവൃ,, 13:1; 1കൊരി, 12:28, 29; എഫെ, 4:11; 2തിമൊ, 1:11; എബ്രാ, 5:12; യാക്കൊ, 3:1). പത്ഥ്യാപദേശം പഠിപ്പിക്കാതെ ചെവിക്കു ഇമ്പമായ രീതിയിൽ സത്യം വളച്ചൊടിച്ചു പഠിപ്പിക്കുന്നവരെക്കുറിച്ചാണ് ഉപദേഷ്ടാക്കന്മാരെന്ന് 2തിമോഥെയൊസ് 4:3-ൽ പറഞ്ഞിരിക്കുന്നത്. പഴയനിയമത്തിൽ രണ്ടു വാക്യങ്ങളിലായി മൂന്ന് പ്രാവശ്യം മാത്രമേ ഉപദേഷ്ടാവ് എന്ന പദമുള്ളു. (സദൃ, 5:13; യെശ, 30:20).

“ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.” (കൊരി, 1 14:26). യേശുക്രിസ്തു ജനത്തെ ഉപദേശിച്ചതായി അസംഖ്യം സ്ഥാനങ്ങളിൽ പറഞ്ഞിട്ടുണ്ട്. (മത്താ, 4:23; 5:2; 7:29; 9:35; 13:53). യെഹൂദന്മാരുടെ ശാസ്ത്രിമാരെപ്പോലെയല്ല അധികാരത്തോടുകൂടിയാണു ക്രിസ്തു ഉപദേശിച്ചത്. (മത്താ, 7:29). യേശുക്രിസ്തു ശിഷ്യന്മാരെ വിളിച്ചാക്കിയത് ഉപദേശിപ്പാനും പ്രസംഗിപ്പാനുമായിരുന്നു. (മത്താ, 11:1). സ്വർഗ്ഗാരോഹണത്തിനു മുമ്പു അപ്പൊസ്തലന്മാർക്കു നല്കിയ മഹാനിയോഗത്തിൽ ജനത്തെ ഉപദേശിക്കുവാൻ ക്രിസ്തു കല്പിച്ചു. (മത്താ, 28:20). ഉപദേശത്തിലൂടെ സകലജാതികളെയും ശിഷ്യരാക്കുവാനാണ് കർത്താവ് ആവശ്യപ്പെട്ടത്. പഴയനിയമത്തിലെ പ്രധാന വാഗ്ദത്തങ്ങളിലൊന്നാണ് യഹോവയാൽ ഉപദേശിക്കപ്പെട്ടവർ ആകുക. (യെശ, 54:13). ഈ വാക്യം യോഹന്നാൻ 6:45-ൽ ക്രിസ്തു ഉദ്ധരിച്ചിട്ടുണ്ട്. പരിശുദ്ധാത്മാവിന്റെ സഹായത്തോടുകൂടി സഭയെ പത്ഥ്യാപദേശത്തിൽ നടത്തേണ്ട ചുമതല ഉപദേഷ്ടാക്കന്മാർക്കാണ്. അദ്ധ്യക്ഷൻ ഉപദേശിക്കാൻ സമർത്ഥൻ ആയിരിക്കണം. (1തിമൊ, 3:2; 2തിമൊ, 2:2). കർത്താവിന്റെ ദാസൻ ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കണം. (2തിമൊ, 2:24). വരം ലഭിച്ച ഉപദേഷ്ടാക്കന്മാരിലൂടെ (എഫെ, 4:11) പരിശുദ്ധാത്മാവാണ് വിശ്വാസികൾക്കു സകലവും ഉപദേശിച്ചുതരുന്നത്. (1യോഹ, 2:27).

പ്രവാചകൻ

പ്രവാചകൻ

‘പ്രവചനം എങ്കിൽ വിശ്വാസത്തിന്നു ഒത്തവണ്ണം’ (റോമ, 12:6), മറ്റൊരുവനു പ്രവചനം (1കൊരി, 12:10), രണ്ടാമതു പ്രവാചകൻ (1കൊരി, 12:28), ചിലരെ പ്രവാചകന്മാരായും (എഫെ, 4:11) എന്നിങ്ങനെയാണ് കാണുന്നത്. പുതിയ നിയമത്തിൽ ആത്മീയവരങ്ങളെക്കുറിച്ചു പറയുമ്പോൾ അപ്പൊസ്തലന്മാർക്ക് അടുത്ത സ്ഥാനം പ്രവാചകന്മാർക്കു നൽകിയിരുന്നു (1കൊരി, 12:28, എഫെ, 4:11). അപ്പൊസ്തലന്മാരും പ്രവാചകന്മാരും സഭയുടെ അടിസ്ഥാനപ്പണിയിൽ ഉൾപ്പെട്ടിരുന്നു (എഫെ, 2:20). അപ്പൊസ്തലന്മാർ ജാതികളോടും അവിശ്വാസികളോടും സുവിശേഷം അറിയിച്ച് സഭകൾ സ്ഥാപിച്ചിരുന്നു. (പ്രവൃ, 10:44, 13:5, 14:23). പ്രവാചകന്മാർ സഭകളെ ഉറപ്പിച്ചും പോന്നു. (പ്രവൃ, 15:32), അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ജ്ഞാനവും വെളിപ്പാടുകളും ദൈവം തന്റെ ആത്മാവിനാൽ നേരിട്ടു നൽകുകയായിരുന്നു (1കൊരി, 13:2, എഫെ, 3:5). പ്രവാചകന്മാർ പലപ്പോഴും സഞ്ചാര സുവിശേഷകന്മാരായിരുന്നു. അവർ സഭകൾ തോറും ചെന്ന് ദൈവവചനം ഉപദേശിച്ച് വിശ്വാസികൾക്ക് ആത്മീകവർദ്ധന വരുത്തിയിരുന്നു. ദൈവം പ്രവാചകന്മാരിലൂടെ സ്വന്തം ഹിതം വെളിപ്പെടുത്തിയുമിരുന്നു. (പ്രവൃ,, 13:1,2). ചിലപ്പോൾ അവർ ഭാവികാല സംഭവങ്ങളും മുന്നറിയിച്ചിരുന്നു. (അപ്പൊ, 11:28, 21:10).

പുതിയനിയമ പ്രവചനം ഒറ്റനോട്ടത്തിൽ: 1. പ്രവചനം എങ്കിൽ വിശ്വാസത്തിന് ഒത്തവണ്ണം (റോമ, 12:6). 2. കൃപാവരമായ പ്രവചനം എല്ലാവർക്കും ഇല്ലായിരുന്നു (1കൊരി, 12:10, എഫെ, 4:11). 3. ദൈവത്തിലുള്ള സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിക്കുന്നതാണ് പ്രവചനവരം (1കൊരി, 13:2). 4. പ്രവചനം വിശ്വാസികൾക്ക് അടയാളമായിരുന്നു (1കൊരി, 14:22). 5. പ്രവചനം തുച്ഛീകരിക്കരുത് (1തെസ്സ, 5:20). 6. തിരുവെഴുത്തിലെ പ്രവചനം മാനുഷീകമല്ല (2പത്രൊ, 1:20). 7. പ്രവചനം ദൈവകല്പനയാൽ മനുഷ്യൻ സംസാരിച്ചതാണ് (2പത്രൊ, 1:21). 8. ദൈവവചനമാകുന്ന പ്രവചനം വായിക്കുന്നവനും, കേൾക്കുന്നവനും , പ്രമാണിക്കുന്നവനും ഭാഗ്യവാന്മാർ (വെളി, 1:3, 22:7). 9. യേശുവിനെ സാക്ഷിക്കുന്നത് പ്രവചനത്തിന്റെ ആത്മാവാണ് (വെളി, 19:10). 10. പ്രവചനം മുദ്രയിടരുത് (വെളി, 22:10). 11. പ്രവചനം പൂർണ്ണമാണ്; അതിനാൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല (വെളി, 22:18,19).

പ്രവാചകന്മാരുടെ ശ്രേഷ്ഠത: 1. ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനപ്പണിയിൽ പ്രവാചകന്മാരും ഉൾപ്പെട്ടിരിക്കുന്നു (എഫെ, 2:20). 2. അപ്പൊസ്തലന്റെ അടുത്ത സ്ഥാനം പ്രവാചകനായിരുന്നു (1കൊരി, 12:28, എഫെ, 4:11). 3. ദൈവീക രഹസ്യങ്ങൾ ആത്മാവ് പ്രവാചകന്മാർക്ക് വെളിപ്പെടുത്തിയിരുന്നു (എഫെ, 3:5). 4. പ്രവാചകൻ അന്യഭാഷക്കാരനേക്കാൾ വലിയവനാണ് (1കൊരി, 14:5). 5. പ്രവാചകന്റെ ആത്മാവ് പ്രവാചകനു കീഴടങ്ങിയിരിക്കും (1കൊരി, 14:32). 6. ദൈവത്തിലുള്ള സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചവനാണ് പ്രവാചകൻ (1കൊരി, 13:2).

പ്രവാചകന്മാരുടെ ശുശ്രൂഷകൾ: 1. വരുവാനുള്ള കാര്യങ്ങൾ മുൻകൂട്ടി പ്രസ്താവിക്കുക (പ്രവൃ,, 11:27,28, 21:10,11). 2. സഭയെ പ്രബോധിപ്പിക്കുക ഉറപ്പിക്കുക മറ്റു മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക (പ്രവൃ, 15:32, 1കൊരി, 14:31). 3. ദൈവവചന സത്യങ്ങൾ ഉപദേശിച്ചുകൊടുക്കുക, ആത്മീകവർദ്ധന വരുത്തുക (1കൊരി, 14:3). 4. ദൈവനിശ്വസ്തവും അല്ലാതുള്ളതുമായ വചനങ്ങളെ വേർതിരിച്ചു കാണിക്കുക (1കൊരി, 14:29). 5. ദൈവീക രഹസ്യങ്ങളും ഉദ്ദേശങ്ങളും വെളിപ്പെടുത്തുക (എഫെ, 3:3,5).

പ്രവചനവരം ഇന്നുമുണ്ടെന്ന് വിചാരിക്കുന്നവരുണ്ട്. പ്രവചനവരം ഇന്നാർക്കുമില്ല; എന്നാൽ, നാമെല്ലാവരും പ്രാചകന്മാർ തന്നെയാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തു രാജാവും, അപ്പൊസ്തലനും, മഹാപുരോഹിതനും, പ്രവാചകനും ആയതുകൊണ്ട്, ദൈവത്തിൻ്റെ മക്കളും ക്രിസ്തുവിന് കൂട്ടവകാശികളായ (റോമ, 8:17) നാമോരോരുത്തരും രാജാക്കന്മാരും അപ്പൊസ്തലന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ആണ്. പ്രവചനവരം എന്താണെന്ന് അപ്പൊസ്തലൻ വ്യക്തമാക്കിയിട്ടുണ്ട്: “എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും” (1കൊരി, 13:2). ദൈവത്തിലുള്ള സകല മർമ്മങ്ങളും ജ്ഞാനവും ഗ്രഹിക്കുന്നതാണ് പ്രവചനവരം. മൂന്നു കാര്യങ്ങൾ കൊണ്ട് പ്രവചനവരം ഇന്നാർക്കുമില്ലെന്ന് മനസ്സിലാക്കാം: ഒന്ന്; പുതിയനിയമത്തിൽ മർമ്മങ്ങളൊന്നും (രഹസ്യം) അവശേഷിക്കുന്നില്ല. പഴയനിയമത്തിൽ മർമ്മമായിരുന്നതിനെ ഒക്കെയും പുതിയനിയമത്തിൽ അപ്പൊസ്തലന്മാരും പ്രവാചകന്മാരും വെളിപ്പെടുത്തിക്കഴിഞ്ഞു. (റോമ, 16:24; എഫെ, 3:5; കൊലൊ, 1:26). രണ്ട്; പ്രവചനവരവും ജ്ഞാനവും നിന്നുപോകുമെന്നും ബൈബിൾ പറഞ്ഞിട്ടുണ്ട്. (1കൊരി, 13:8). കർത്താവിൻ്റെ വരവിലാണ് അന്യഭാഷയും ജ്ഞാനവും പ്രവചനവും നിന്നുപോകുന്നതെന്ന് പഠിപ്പിക്കുന്നവരുണ്ട്. കർത്താവിൻ്റെ വരവിനുശേഷം ഭൂമിയിൽ ദൈവസഭയോ, ബൈബിളോ ഉണ്ടാകുകയില്ല. മാത്രമല്ല, കൃപാവരങ്ങൾ യാതൊന്നിൻ്റെയും ആവശ്യവുമില്ല. പിന്നെ കുറഞ്ഞത് മുപ്പത് വരങ്ങളെങ്കിലും ഉള്ള സ്ഥാനത്ത് മൂന്നു വരങ്ങൾ മാത്രം മാറിപ്പോകുമെന്ന് പറയുന്നതെന്തിനാണ്? മൂന്ന്; ഇന്നും പ്രവചനവരം ഉണ്ടെന്നു വന്നാൽ, പ്രവചനത്തിൻ്റെ പൂണ്ണതയായ ബൈബിൾ പൂർണ്ണമല്ലെന്നു വരും. (വെളി, 22:18,19). (നോക്കുക: പ്രവാചകന്മാർ).