ദൈവത്തിൻ്റെ ❝ജ്ഞാനം❞ യേശുവാണെന്ന് യഹോവസാക്ഷികൾ വിശ്വസിക്കുന്നപോലെ (സദൃ, 8:22-30), ദൈവത്തിൻ്റെ ❝വചനം❞ യേശുവാണെന്ന് ട്രിനിറ്റിയും വിശ്വസിക്കുന്നു. എന്നാൽ ❝വചനം❞ യേശുവാണെന്ന് ബൈബിളിലെ ഒരു വാക്കിൽപ്പോലും പറഞ്ഞിട്ടില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ❝വചനം❞ (dabar – logos) ആരുടെയും അസ്തിത്വമോ (Existence), പ്രകൃതിയോ (Nature), പദവിയോ (Title), പേരോ (Proper Noun) അല്ല; ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദൂതന്മാരുടെയും പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും അപ്പൊസ്തലന്മാരുടെയും വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. ഇതൊന്നും അറിയാത്തവരാണ് യേശു വചനമാണെന്ന് പറയുന്നത്. യേശു വചനമല്ല; വെളിച്ചമാണെന്ന് യോഹന്നാൻ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്:
യോഹന്നാൻ 1:6-10
1:6. ❝ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.
1:7. അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.
1:8.അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
1:9. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
1:10.അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.❞
➦ 6-8 വാക്യങ്ങളിൽ യോഹന്നാൻ സാക്ഷ്യം പറഞ്ഞ ❝വെളിച്ചം❞ യേശുവാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല: ❝ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.❞ എന്നും (യോഹ, 12:46), ❝ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു❞ എന്നും യേശുതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:12; യോഹ, 9:5). ഇനി അടുത്തവാക്യം ശ്രദ്ധിക്കുക:
➦ 9-ാം വാക്യം: ❝ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.❞
➦ വാക്യം ശ്രദ്ധിക്കുക: യോഹന്നാൻ പറയുന്ന യേശുവെന്ന സത്യവെളിച്ചം ലോകത്തിൽ എത്തിയിട്ടില്ല; ❝ലോകത്തിലേക്കു വന്നുകൊണ്ടിരിക്കയാണു❞ (coming into the world). [കാണുക: NKJV]. ഇനി, അടുത്തവാക്യം വളരെ ശ്രദ്ധിക്കുക:
➦ 10-ാം വാക്യം: ❝അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.❞
➦ വാക്യം ശ്രദ്ധിക്കുക: ❝അവൻ ലോകത്തിൽ ഉണ്ടായിരുന്നു;❞ (He was in the world). പത്താം വാക്യത്തിലെ ❝അവൻ❞ (He) വചനമാണ്. അഥവാ, ❝അവൻ❞ എന്ന സർവ്വനാമം വചനത്തെ കുറിക്കുന്നതാണ്. ❝വചനം ലോകത്തിലുണ്ടായിരുന്നു❞ [കാണുക: ERV-ml]. ❝The Word was in the world❞ [കാണുക: CJB, GNT].
➦ 9-ാം വാക്യത്തിൽ പറയുന്ന, സത്യവെളിച്ചമായ യേശു ലോകത്തിലില്ല; ലോകത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ.
➦ 10-ാം വാക്യത്തിൽ പറയുന്ന വചനമാകട്ടെ, മുമ്പേമുതൽ ലോകത്തിൽ ഉണ്ടായിരുന്നു.
➦ 9-ഉം 10-ഉം വാക്യങ്ങളിൽനിന്ന് രണ്ടുകാര്യം വ്യക്തമായി മനസ്സിലാക്കാം:
➊ 9-ാം വാക്യത്തിൽ, ❝വന്നുകൊണ്ടിരുന്ന❞ ഒരുത്തനെ 10-ാം വാക്യത്തിൽ, ❝വന്നു❞ എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ❝അവൻ ലോകത്തിൽ ഉണ്ടായിരുന്നു❞ എന്ന് പറയാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. അല്ലെങ്കിൽ, അത് പൂർവ്വാപരവൈരുദ്ധ്യം (paradoxical) ആകും. ദൈവശ്വാസീയമായ വചനത്തിൽ വൈരുദ്ധ്യം ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല: (2തിമൊ, 3:16). ➟തന്നെയുമല്ല, വന്നുകൊണ്ടിരുന്നത് ❝വെളിച്ചവും❞ ലോകത്തിൽ ഉണ്ടായിരുന്നത് ❝വചനവും❞ ആണ്. ➟അപ്പോൾ വന്നുകൊണ്ടിരുന്ന വെളിച്ചമല്ല വചനമെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാമല്ലോ❓
➋ 9-ാം വാക്യത്തിൽ ❝വന്നുകൊണ്ടിരുന്നവനായ വെളിച്ചമാണ് യേശു❞ അല്ലാതെ, ❝10-ാം വാക്യത്തിൽ ഉണ്ടായിരുന്ന വചനമല്ല യേശു.❞ ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമായ യേശുവിനെയും ദൈവത്തിൻ്റെ വചനത്തെയും യോഹന്നാൻ വ്യക്തമായി വേർതിരിച്ച് പറഞ്ഞിരിക്കയാൽ, യേശു വചനമല്ലെന്ന് സ്ഫടികസ്മഫുടം വ്യക്തമാണ്. ➟യോഹന്നാൻ വെളിപ്പെടുത്തുന്ന യേശുവിൻ്റെ ചരിത്രം ആരംഭിക്കുന്നത് 𝟭:𝟭𝟰-മുതലാണ്. ➟അതുവരെ, വെളിച്ചമായ യേശു ലോകത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ➟അതായത്, ❝വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു❞ എന്ന് യോഹന്നാൻ പറയുന്നതു മുതലാണ് യേശുവെന്ന വ്യക്തിയെ ആ സുവിശേഷത്തിൽ കാണാൻ കഴിയുന്നത്.
➦ 10-ൻ്റെ അടുത്തഭാഗം: ❝ലോകം അവൻ മുഖാന്തരം ഉളവായി.❞ ഈ ഭാഗത്ത് പറയുന്ന ❝അവൻ❞ വചനമാണ്. ❝God had made the world with his Word.❞ [കാണുക: CJB].
➦ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വാക്കിനെയാണ് ❝വചനം❞ എന്ന് പറയുന്നത്: ❝എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.❞ (യെശ, 55:11 → 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; യിരെ, 9:20; യെഹെ, 3:17; യെഹെ, 33:7).
➦ ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത് തൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വചനത്താലാണ്: ❝യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.❞ (സങ്കീ, 33:6; 2പത്രൊ, 3:5 → എബ്രാ, 11:3). ദൈവം തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താൽ സകലതും ഉളവാക്കിയതുകൊണ്ടാണ്, ❝ലോകം വചനം മുഖാന്തരം ഉളവായി❞ എന്ന് യോഹന്നാൻ പറയുന്നത്: [കാണുക: CJB]. അല്ലാതെ, ലോകം ഉളവായത് ദൈവപുത്രനായ യേശു മുഖാന്തരമല്ല. യേശുവിനെ സ്രഷ്ടാവായ ദൈവം ആക്കാനാണ്, അവൻ ❝വചനം❞ ആണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നത്. യേശുവിനെ സൃഷ്ടിയാക്കാനാണ്, അവൻ ❝ജ്ഞാനം❞ എന്ന ശില്പിയായി സൃഷ്ടിയിങ്കൽ ഉണ്ടായിരുന്നെന്ന് യഹോവസാക്ഷികൾ പറയുന്നത്. എന്നാൽ തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുതന്നെ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്:☟
യേശു സ്രഷ്ടാവല്ല:
മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ആദ്യത്തെ സൃഷ്ടിയായ യേശു ഉണ്ടായിരുന്നു എന്ന് യഹോവസാക്ഷികളും, ദൈവത്തോടൊപ്പം ദൈവത്തിനു് സമനായ ക്രിസ്തു ഉണ്ടായിരുന്നെന്ന് ട്രിനിറ്റിയും പഠിപ്പിക്കുന്നു. ഇരുകൂട്ടരുടെയും വാദം വഞ്ചനാപരമാണെന്ന് ദൈവത്തിൻ്റെ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: ❝ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ❞ എന്നുചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4 → മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1.ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ❞ (he wich made) എന്നാണ്: (KJV). സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ❝സൃഷ്ടിച്ച അവൻ❞ എന്ന ഏകവചനമല്ല, ❝സൃഷ്ടിച്ച ഞങ്ങൾ❞ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2.ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. യഹോവസാക്ഷികളുടെ വ്യാഖ്യാനപ്രകാരം ദൈവവും ക്രിസ്തുവും കൂടിയാണ് ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ❝സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു❞ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ❝അവരെ❞ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? 3.സൃഷ്ടിച്ച ❝അവൻ❞ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിലും (3rd Person) ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, യഹോവസാക്ഷികൾ പറയുമ്പോലെ, ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ ഉണ്ടായിരുന്നെങ്കിലോ ❝സൃഷ്ടിച്ച അവൻ❞ (he wich made) എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിൽ പറയാതെ, ❝സൃഷ്ടിച്ച ഞങ്ങൾ❞ (we which made) എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ❝ദൈവം അവരെ സൃഷ്ടിച്ചു❞ (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 → മർക്കൊ, 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച ❝ഞങ്ങൾ❞ എന്നോ, ❝ദൈവവും ഞാനുകൂടി സൃഷ്ടിച്ചു❞ എന്നോ പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ അസന്ദിഗ്ധമായി മനസ്സിലാക്കാം. തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് യേശുതന്നെ പറയുമ്പോൾ, അവൻ വചനമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണല്ലോ❓ ❝മനുഷ്യർക്ക് മനസ്സിലാകാൻ മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ദൈവം എഴുതിച്ച വചനത്തിൽ വ്യകാരണവിരുദ്ധമായി ഒന്നും ഉണ്ടാകില്ല; ഉണ്ടാകാൻ പാടില്ല.❞ ദൈവശ്വാസീയമായ വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ, ദൈവം ത്രിത്വമാണെന്നോ, ക്രിസ്തു സ്രഷ്ടാവാണെന്നോ, ആദ്യസൃഷ്ടിയാണെന്നോ പറയാൻ ആർക്കും കഴിയില്ല. സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6; നെഹെ, 9:6; 2രാജാ, 19:15; യെശ, 37:16; യെശ, 44:24; 64:8; മലാ, 2:10). [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]
➦ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച, തൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വചനത്തിനു് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ടാണ്, യോഹാന്നാൻ തൻ്റെ സുവിശേഷം സമാരംഭിക്കുന്നത്: ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.❞ (യോഹ, 1:1-4). യോഹന്നാൻ ദൈവത്തിന്റെ വചനത്തിനു് മനുഷ്യത്വാരോപണം കൊടുത്തപോലെ, ശലോമോൻ ദൈവത്തിൻ്റെ ജ്ഞാനത്തിനും മനുഷ്യത്വാരോപരണം കൊടുത്തിരിക്കുകകൊണ്ടാണ്, ❝തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി❞, ❝ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു❞ എന്നൊക്കെ ജ്ഞാനം പറയുന്നത്: (സദൃ, 8:22-30). [കാണുക: സദൃശ്യവാക്യങ്ങളിലെ ജ്ഞാനം യേശുവാണോ?] യഹോവസാക്ഷികൾക്ക് ദൈവത്തിൻ്റെ ജ്ഞാനം മറ്റൊരു വ്യക്തിയാണ്. ട്രിനിറ്റിക്ക് ദൈവത്തിൻ്റെ വചനം മറ്റൊരു വ്യക്തിയാണ്. രണ്ടുകൂട്ടരും ഒരേ തൂവൽപ്പക്ഷികളാണ്.
വെളിച്ചമായ യേശു എപ്പോഴാണ് ലോകത്തിൽ എത്തിയത്❓ ❝വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.❞ (യോഹ, 1:14).
➦ യോഹന്നാൻ്റെ സുവിശേഷം ഒന്നാം അദ്ധ്യായം 13-ാം വാക്യംവരെ യേശുവില്ല. 14-ാം വാക്യത്തിൽ, ❝ദൈവത്തിൻ്റെ വചനം❞ ജഡമായി അഥവാ, മനുഷ്യനായിത്തീർന്നപ്പോഴാണ്, ലോകത്തിലേക്ക് വന്നുകൊണ്ടിരുന്ന സത്യവെളിച്ചമായ യേശു ലോകത്തിൽ എത്തിയത്. ഇതാണ്, ദൈവശ്വാസീയമായ വചനസത്യം.
➦ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ യേശുവിൻ്റെ പ്രകൃതി (Nature) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ❝മനുഷ്യൻ❞ എന്നതാണ്: (1തിമൊ, 2:6). ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:39 → യോഹ, 8:40). ➦❝യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി:❞ (യോഹ, 9:11). ക്രിസ്തു മനുഷ്യനാണെന്ന് 50 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
➦ അല്ലാതെ, യഹോവസാക്ഷികൾ പഠിപ്പിക്കുന്നപോലെ: അവൻ ജ്ഞാനമോ, ട്രിനിറ്റി പഠിപ്പിക്കുന്നപോലെ: അവൻ വചനമോ അല്ല. ❝ജ്ഞാനം❞ എന്നൊരു പദവി ക്രിസ്തുവിനുണ്ട്; എന്നാൽ വചനം എന്നൊരു പദവിപോലും ക്രിസ്തുവിനില്ല. [കാണുക: യേശുവിൻ്റെ പദവികൾ]. യേശു ❝വചനം❞ അല്ലെന്നതിന് നൂറുകണക്കിന് തെളിവ് ബൈബിളിലുണ്ട്. ചില തെളിവുകൾ ഇവിടെ കാണിക്കാം; സത്യവിശ്വാസികൾക്ക് അത് മതിയാകും:
❶ യേശു ❝വചനം❞ എന്ന ദൈവമല്ല:
യേശു വചനമെന്ന ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.❞ (യോഹ, 1:1). ഈ വേദഭാഗത്ത്, വചനത്തെ ❝ദൈവം❞ എന്ന് വിശേഷിപ്പിച്ചിരിക്കയാൽ, ക്രിസ്തു വചനമെന്ന നിത്യദൈവമാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു. എന്നാൽ വാക്യം ശ്രദ്ധിക്കുക: ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു❞ എന്ന് ഭൂതകാലത്തിലാണ് പറയുന്നത്. പലരും കരുതുന്നപോലെ, യേശു വചനമെന്ന നിത്യദൈവം ആണെങ്കിൽ, ❝ഉണ്ടായിരുന്നു, ആയിരുന്നു, ആയിരുന്നു❞ എന്ന് ഭൂതകാലത്തിൽ എങ്ങനെ പറയും❓ ❝പണ്ടുപണ്ട് ഒരു രാജാവുണ്ടായിരുന്നു❞ എന്നുപറയുന്ന മുത്തശിക്കഥയിലെ രാജാവാണോ സത്യദൈവം❓ ദൈവത്തിന് ഭൂതവും ഭാവിയുമില്ല; നിത്യവർത്തമാനമാണ് ഉള്ളത്. (സങ്കീ, 90:2). ❝ആരംഭത്തിൽത്തന്നെ അവസാനവും പൂർവ്വകാലത്തിൽത്തന്നെ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനാണ് ദൈവം.❞ (യെശ, 46:10). ദൈവം ആയിരുന്നവനോ, ആകുവാനുള്ളവനോ അല്ല; ആകുന്നവൻ ആണ്. ❝ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.❞ (പുറ, 3:14). ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം: മാറാത്തവനും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (He cannot deny Himself) ആണ്: (2തിമൊ, 2:13). തന്മൂലം, ദൈവത്തിനു് ഭൂതമോ, ഭാവിയോ ഉണ്ടാകുക അസംഭവ്യമാണ്. യോഹന്നാൻ പറയുന്നത്, ക്രിസ്തു ❝ആരായിരുന്നു❞ എന്നല്ല; അന്ത്യകാലത്ത് ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന ❝വചനം ആരായിരുന്നു❞ എന്നാണ്. അതായത്, ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ പൂർവ്വാസ്തിത്വമല്ല; കാലസമ്പൂർണ്ണതയിൽ ❝ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്നു❞ എന്ന് യോഹന്നാൻ പറയുന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് 1:1-ലെ വിഷയം. അതുകൊണ്ടാണ്, ❝ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു❞ എന്നിങ്ങനെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. യേശു ഭൂതവും ഭാവിയുമുള്ള ദൈവമാണെന്നൊക്കെ പറയാൻ, വചനവിരോധികൾക്കും ഭാഷാവിരോധികൾക്കും മാത്രമേ കഴിയുകയുള്ളൂ. [കാണുക: ദൈവപുത്രൻ വചനമെന്ന ദൈവമാണോ?]
❷ യേശുവും വചനവും:
യേശുവിനെയും വചനത്തെയും വേർതിരിച്ചു പറഞ്ഞിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്. പേർപറഞ്ഞുകൊണ്ട് വേർതിരിച്ചിരിക്കുന്ന വാക്യങ്ങൾ മാത്രം നോക്കാം:
➦ ❝യേശു❞ ആ ❝വാക്കു❞ (logos) കാര്യമാക്കാതെ പള്ളിപ്രമാണിയോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു. (മർക്കൊ, 5:36)
➦ ഏത് എന്ന് അവൻ അവരോടു ചോദിച്ചതിന് അവർ അവനോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും ❝വാക്കിലും❞ (logos) ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ ❝യേശുവിനെ❞ക്കുറിച്ചുള്ളതു തന്നെ. (ലൂക്കൊ, 24:19)
➦ അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും ❝യേശു❞ പറഞ്ഞ ❝വചനവും❞ (logos) വിശ്വസിച്ചു. (യോഹ, 2:22)
➦ യേശു അവനോടു: “പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. ❝യേശു❞ പറഞ്ഞ ❝വാക്കു❞ (logos) വിശ്വസിച്ചു ആ മനുഷ്യൻ പോയി. (യോഹ, 4:50)
➦ തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു ❝യേശു:❞ “എന്റെ ❝വചനത്തിൽ❞ (logos) നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, (യോഹ, 8:31)
➦ ❝യേശു❞ അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ ❝വചനം❞ (logos) പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും. (യോഹ, 14:23)
➦ തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ❝ചരിത്രം❞ (logos) ❝യേശു❞ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ. (പ്രവൃ, 1:1)
➦ സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ ❝യേശുവിന്റെ❞ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ ❝വചനം❞ (logos) പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. (പ്രവൃ, 4:30)
➦ അവൻ എല്ലാവരുടെയും കർത്താവായ ❝യേശുക്രിസ്തു❞ മൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച ❝വചനം❞ (logos), (പ്രവൃ, 10:36)
➦ ❝ക്രിസ്തു❞ ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു ❝വചനത്താലും❞ (logos) പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവർത്തിച്ചത് അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല. (റോമ, 15:18)
➦ സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രേ ക്രിസ്തു❞ എന്നെ അയച്ചത്; ക്രിസ്തുവിന്റെ ക്രൂശ് വ്യർഥമാകാതിരിക്കേണ്ടതിനു ❝വാക്❞ (logos) ചാതുര്യത്തോടെ അല്ലതാനും. (1കൊരി,1:17)
➦ ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ❝ക്രിസ്തുവിൽ❞ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ ❝വചനം❞ (logos) ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. (2കൊരി, 5:19)
➦ ❝വാക്കിനാലോ❞ (logos) ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ ❝യേശുവിന്റെ❞ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17)
➦ ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ ❝വചനം❞ (logos) കൈക്കൊണ്ടു ഞങ്ങൾക്കും ❝കർത്താവിനും❝ അനുകാരികളായിത്തീർന്നു. (1തെസ്സ, 1:6)
➦ ❝ക്രിസ്തുയേശു❞ പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ ❝വചനം❞ (logos) തന്നെ; ആ പാപികളിൽ ഞാൻ ഒന്നാമൻ. (1തിമൊ, 1:15)
➦ നമ്മുടെ കർത്താവായ ❝യേശുക്രിസ്തുവിന്റെ❞ പത്ഥ്യ❝വചനവും❞ ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവൻ: (1തിമൊ, 6:3)
➦ എന്നോടു കേട്ട പഥ്യ❝വചനം❞ (logos) നീ ❝ക്രിസ്തുയേശുവിലുള്ള❞ വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. (2തിമൊ, 1:13)
➦ അവൻ ദൈവത്തിന്റെ ❝വചനവും❞ (logos) ❝യേശുക്രിസ്തുവിന്റെ❞ സാക്ഷ്യവുമായി താൻ കണ്ടതൊക്കെയും സാക്ഷീകരിച്ചു. (വെളി, 1:2)
➦ നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവ❝വചനവും❞ (logos) ❝യേശുവിന്റെ❞ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. (വെളി, 1:9)
➦ ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്ക് ന്യായവിധിയുടെ അധികാരം കൊടുത്തു; ❝യേശുവിന്റെ❞ സാക്ഷ്യവും ദൈവ❝വചനവും❞ (logos) നിമിത്തം തല ഛേദിക്കപ്പെട്ടവരും: (വെളി, 20:4). യേശു വചനമായിരുന്നെങ്കിൽ, യേശുവിനെയും വചനത്തെയും വേർതിരിച്ച് പറയുമായിരുന്നോ❓
❸ ദൈവത്തിൻ്റെ വചനവും യേശുവിൻ്റെ വചനവും:
പഴയനിയമത്തിൽ: ❝വചനം❞ (ദബാർ – דָּבָר – dabar) ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ്: ❝എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം (dabar) ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.❞ (യെശ, 55:11). പുതിയനിയമത്തിൽ: ആ ❝വചനം❞ (ലോഗോസ് – λόγος – logos) യേശുവിൻ്റെ വായിൽനിന്നാണ് പറപ്പെടുന്നത്: ❝അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ (logos) നിമിത്തം ആശ്ചര്യപ്പെട്ടു;❞ (ലൂക്കൊ, 4:22 → ലൂക്കൊ, 4:32; ലൂക്കൊ, 4:36). പഴയനിയമത്തിൽ: യഹോവ തൻ്റെ ❝വചനത്തെ❞ (ദബാർ – דָּבָר – dabar) അയച്ചാണ് സൗഖ്യം നല്കിയിരുന്നത്: ❝അവൻ തന്റെ വചനത്തെ (dabar) അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.❝ (സങ്കീ, 107:20). പുതിയനിയമത്തിൽ: യേശു തൻ്റെ ❝വാക്കു അഥവാ, വചനം❞ കൊണ്ടാണ് സൗഖ്യമാക്കിയത്: ❝യേശു വാക്കു (logos) കൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാർക്കും സൗഖ്യം വരുത്തി.❞ (മത്താ, 8:16). വല്ലതും മനസ്സിലായോ? യേശുവല്ല വചനം; അവൻ്റെ വായിൽനിന്ന് പുറപ്പെട്ടതാണ് വചനം. ചില വാക്യങ്ങൾ കാണുക: ☟
➦ അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും ❝യേശു പറഞ്ഞ വചനവും❞ (logos) വിശ്വസിച്ചു. (യോഹ, 2:22)
➦ എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; ❝അവന്റെ വചനം (logos) പ്രമാണിക്കയും ചെയ്യുന്നു.❞ (യോഹ, 8:55)
➦ ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, ❝അവൻ അവരോടു തിരുവചനം (logos) പ്രസ്താവിച്ചു.❞ (മർക്കൊ, 2:2)
➦ അവൻ പിന്നെയും പോയി ❝ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു.❞ (മർക്കൊ, 14:39)
➦ ❝ഞാൻ സംസാരിച്ച വചനം❞ (logos) തന്നെ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. (യോഹ, 12:48). യേശു പറഞ്ഞതും പ്രമാണിച്ചതും പ്രസ്താവിച്ചതും പ്രാർത്ഥിച്ചതും സംസാരിച്ചതും ദൈവത്തിൻ്റെ ❝ലോഗോസ്❞ (word – വചനം) ആണ്. തന്മൂലം, യേശു ❝വചനം❞ അല്ല; അവൻ പ്രമാണിച്ചതും അവൻ്റെ വായിൽനിന്ന് പുറപ്പെട്ടതുമാണ് ❝വചനം❞ എന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ? ബൈബിൾ വെളിപ്പെടുത്തുന്ന ❝വചനം❞ (Logos) യേശുവിൻ്റെയെന്നല്ല; ആരുടെയും അസ്തിത്വമോ, പ്രകൃതിയോ, പദവിയോ അല്ല; ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദൂതന്മാരുടെയും അപ്പൊസ്തലന്മാരുടെയും വായിൽനിന്ന് പുറപ്പെട്ട വാക്കിനെയാണ് ❝ലോഗൊസ്❞ (Logos) എന്ന് പറയുന്നത്. ഇതൊക്കെ മനസ്സിലാക്കാൻ ഒരു ബൈബിൾ കോളേജിലും പോകണ്ട; വചനം വായിച്ചാൽ മതി.
❹ യോഹന്നാൻ്റെ സുവിശേഷം:
യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തു വചനമെന്ന ദൈവമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ യോഹന്നാനിലെ ക്രിസ്തു വചനമോ, ദൈവമോ അല്ല; മനുഷ്യനാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ദൈവം മനുഷ്യനല്ല: (ഹോശെ, 11:9; ഇയ്യോ, 9:32). എന്നാൽ ദൈവപുത്രൻ മനുഷ്യനാണ്: ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം.❞ (മർക്കൊ, 15:39). ദൈവപുത്രൻ മനുഷ്യനാണെന്ന് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറഞ്ഞിട്ടും വിശ്വസിക്കാത്തവരെ എന്തുചെയ്യും? (2തിമൊ, 3:16). ❞വചനം ജഡമായിത്തീർന്നു❝ എന്ന് യോഹന്നാൻ പറയുന്നത് യഥാർത്ഥത്തിലല്ല; ആത്മീയമായിട്ടാണ്. സമവീക്ഷണ സുവിശേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി യോഹന്നാൻ്റെ സുവിശേഷം ആത്മീയ സുവിശേഷമാണെന്ന് എത്രപേർക്കറിയാം? [കാണുക: വചനം ജഡമായിത്തീർന്നു]. യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തുവും മറിയയുടെ മകൻ തന്നെയാണ്. ഏഴുപ്രാവശ്യം അത് പറഞ്ഞിട്ടുണ്ട്. (യോഹ, 2:1; 2:3; 2:5; 2:12; 6:42; 19:25; 19:26). യഥാർത്ഥത്തിൽ യേശു വചനമോ, വചനത്തിൻ്റെ ജഡാവസ്ഥയോ അല്ല; പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ❝God-The Father was manifest in the flesh.❞ അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മം: (1Tim, 3:16-NMV; Col, 2:2-NMV → 1Tim, 3:16-KJV; Col, 2:2-KJV). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതുകൊണ്ടാണ്, ❝ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെ മനുഷ്യനായ ക്രിസ്തുയേശു പറഞ്ഞത്: (യോഹ, 10:30; യോഹ, 14:9 → 1തിമൊ, 2:6). അവൻ യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിൽ, ❝ഞാനും വചനവും ഒന്നാകുന്നു; എന്നെ കണ്ടവൻ വചനത്തെ കണ്ടിരിക്കുന്നു❞ എന്നല്ലാതെ, ❝ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെ എങ്ങനെ പറയും❓ [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]. തന്നെയുമല്ല, യേശു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിരിക്കുന്നത് യോഹന്നാനാണ്: ☟
➦ ജഡം (sarx) – യോഹ, 1:14
➦ പുരുഷൻ (anir) – യോ, 1:30
➦ മനുഷ്യൻ (anthropos) – 3:27
➦ മനുഷ്യൻ (anthropon) – 4:29
➦ മനുഷ്യൻ (anthropos) – 5:12
➦ മനുഷ്യൻ (anthropos) – 7:46
➦ മനുഷ്യൻ (anthropon) – 8:40
➦ മനുഷ്യൻ (anthropos) – 9:11
➦ മനുഷ്യൻ (anthropos) – 9:16
➦ മനുഷ്യൻ (anthropos) – 9:24
➦ മനുഷ്യൻ (anthropos) – 10:33
➦ മനുഷ്യൻ (anthropos) – 11:47
➦ മനുഷ്യൻ (anthropos) – 11:50
➦ മനുഷ്യൻ (anthropon) – 18:14
➦ മനുഷ്യൻ (anthropou) – 18:17
➦ മനുഷ്യൻ (anthropou) – 18:29
➦ മനുഷ്യൻ (anthropos) – 19:5.
യോഹന്നാനിലെ ക്രിസ്തു ദൈവമാണെങ്കിൽ, അവൻ മനുഷ്യനാണെന്ന് 17 പ്രാവശ്യം അവൻ പറയുമായിരുന്നോ?
☛ ക്രിസ്തു ദൈവമല്ല; മനുഷ്യൻ:
താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുവും, ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. താൻ ദൈവമല്ല; മനുഷ്യനാണെന്ന് യേശു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്:
❺ ദൈവം ഒരുത്തൻ മാത്രം:
➦ ❝ദൈവം ഒരുത്തൻ മാത്രം – 𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝 (യോഹ, 5:44), പിതാവാണ് ഒരേയൊരു സത്യദൈവം – 𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝 (യോഹ, 17:3), പിതാവിനെ മാത്രം ആരാധിക്കണം (മത്താ, 4:10; ലൂക്കൊ, 4:8), എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നത് (മത്താ, 24:36), എന്റെ പിതാവു എല്ലാവരിലും വലിയവൻ (യോഹ, 10:29), പിതാവു് എന്നെക്കാൾ വലിയവൻ (യോഹ, 14:28), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല (യോഹ, 5:30), ഞാൻ മനുഷ്യനാണ് (യോഹ, 8:40), പിതാവ് എന്റെ ദൈവമാണ്❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. ➟𝗙𝗮𝘁𝗵𝗲𝗿, 𝘁𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱 എന്നുപറഞ്ഞാൽ, ❝പിതാവാണ് സത്യദൈവം❞ എന്നല്ല; ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്നാണ്. ❝പിതാവ് മാത്രമാണ് സത്യദൈവം❞ എന്ന് വായിൽ വഞ്ചനയില്ലാത്ത പുത്രൻ പറഞ്ഞാൽ; പിതാവല്ലാതെ, പുത്രനും സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള മറ്റാരും സത്യദൈവം അല്ലെന്നാണർത്ഥം. ❝മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.❞ (ആവ, 4:39 → ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). ➟പിന്നെങ്ങനെ, പുത്രൻ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓
❻ എന്റെ ദൈവവും നിങ്ങളുടെ ദൈവവും:
➦ ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17). ➟മരണത്തിൽനിന്ന് ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിൻ്റെ വാക്കുകളാണ് ഈ വേദഭാഗത്ത് കാണുന്നത്: (പ്രവൃ, 10:40). തൻ്റെ പിതാവും ദൈവവും വിശ്വാസികളുടെ പിതാവും ഒരുവനാണെന്ന് യേശു പറഞ്ഞത്: (മത്താ, 27:46; മർക്കൊ, 15:33). ➟ബന്ധം വ്യത്യസ്തമാണെങ്കിലും നമ്മുടെയും ക്രിസ്തുവിൻ്റെയും പിതാവും ദൈവവും ഒരുവനാണെന്ന് പറയുന്നത് കർത്താവായ ക്രിസ്തുവാണ്: (യോഹ, 20:17). ➟ദൈവപുത്രനായ ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവനാണെങ്കിൽ, ആ ദൈവപുത്രൻ എങ്ങനെ നിത്യനും സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓[കാണുക: എൻ്റെ ദൈവം]
❼ യേശുക്രിസ്തുവിൻ്റെ ദൈവം:
➦ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ഏഴു വാക്യങ്ങൾ ബൈബിളിലുണ്ട്. ➟ഉദാ: ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 – റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5; 1പത്രൊ, 1:3). ➟അപ്പൊസ്തലന്മാർ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ദൈവപുത്രനെയല്ല; യേശുക്രിസ്തു എന്ന ദൈവപുത്രനായ മനുഷ്യന്റെ ദൈവത്തെയാണ്: (മർക്കൊ, 15:39; യോഹ, 8:40). ➟യേശുക്രിസ്തുവിനു് ഒരു ദൈവമുണ്ടായിരിക്കെ, അവനെങ്ങനെ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓ [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]
❽ പിതാവായ ഏകദൈവം:
➦ ❝ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.❞ (1കൊരി, 8:5-6). ➟വാക്യം ശ്രദ്ധിക്കുക: ❝ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ (θεοὶ – gods) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും, പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്നാണ് പൗലൊസ് പറയുന്നത്. ➟❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ (𝐟𝐨𝐫 𝐮𝐬 𝐭𝐡𝐞𝐫𝐞 𝐢𝐬 𝐛𝐮𝐭 𝐨𝐧𝐞 𝐆𝐨𝐝, 𝐭𝐡𝐞 𝐅𝐚𝐭𝐡𝐞𝐫) എന്നു പറഞ്ഞാൽ, മറ്റൊരു ദൈവം ഇല്ലെന്നാണ്. ➟പുത്രനും ദൈവമാണെങ്കിൽ, ❝പിതാവായ ഏക ദൈവമേ നമുക്കുള്ളു❞ എന്ന പ്രയോഗം പരമാബദ്ധമാണ്. ➟അടുത്തവാക്യം: ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ➟ഈ വേദഭാഗവും ശ്രദ്ധിക്കുക: ❝എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ❞ (𝐎𝐧𝐞 𝐆𝐨𝐝 𝐚𝐧𝐝 𝐅𝐚𝐭𝐡𝐞𝐫 𝐨𝐟 𝐚𝐥𝐥) എന്നാണ് പറയുന്നത്. ➟മറ്റൊരു ദൈവമുണ്ടെങ്കിൽ, ഈ പ്രയോഗവും അബദ്ധമാണ്. ➟ഒരേയൊരു ദൈവം പിതാവാണെന്ന് ബൈബിൾ അസന്ദിഗ്ദ്ധമായി പറയുമ്പോൾ, ക്രിസ്തു എങ്ങനെ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓ [കാണുക: ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം]
❾ ദൈവവും മനുഷ്യനും:
➦ ❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ❝ദൈവം❞ (𝐆𝐨𝐝) എന്നത് ഏകസ്രഷ്ടാവും പിതാവുമായവൻ്റെ പ്രകൃതിയും (𝐍𝐚𝐭𝐮𝐫𝐞), ❝മനുഷ്യൻ❞ (𝐌𝐚𝐧) എന്നത് ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് തന്നെത്താൻ ദൈവത്തിനു് മറുവിലയായി അർപ്പിച്ച ക്രിസ്തുയേശുവിൻ്റെ ❝പ്രകൃതി❞ ആണെന്നും മനസ്സിലാക്കാം. ➟മനുഷ്യൻ (മത്താ, 26:72), ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (മനുഷ്യൻ) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്. ➟സ്നാപകൻ (യോഹ, 1:30), പുരുഷാരം, (മത്താ, 9:8), ശമര്യസ്ത്രീ (യോഹ, 4:29), യെഹൂദന്മാർ, (യോഹ, 5:12), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ, (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തൊസ്, (യോഹ, 18:29), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28) അപ്പൊസ്തലന്മാർ, ബൈബിൾ എഴുത്തുകാർ ഉൾപ്പെടെ, ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ➟❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്ന് യഹോവ പറയുമ്പോൾ (ഹോശേ, 11:9), മനുഷ്യനായ ക്രിസ്തുയേശു എങ്ങനെ നിത്യനും, സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ ദൈവമാകും❓ യേശു മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
❿ പരിശുദ്ധാത്മാവും യേശുവും:
യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു.
➦ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21),
➦ ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35),
➦ ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40),
➦ ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22 → പ്രവൃ, 10:38),
➦ ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1),
➦ ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1),
➦ ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15),
➦ ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28),
➦ ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14),
➦ ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ഇതാണ് ദൈവശ്വാസീയമായ വചനസത്യം: (2തിമൊ, 3:16). ലോകത്തിലെ സകലമനുഷ്യരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെട്ടവരായിരിക്കെ (റോമ, 3:22; റോമ, 5:12), പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാതെ ജനിച്ചുജീവിച്ചുമരിച്ചുയിർത്ത ഒരേയൊരു മനുഷ്യൻ നമ്മുടെ കർത്താവായ ക്രിസ്തുവാണ്.
❝മനുഷ്യനായ ക്രിസ്തുയേശു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? അവൻ്റെ പൂർവ്വാസ്തിത്വം എന്താണ്? സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വം എന്താണ്? എന്നൊന്നും അറിയാത്തതാണ് പലരുടെയും പ്രശ്നം.❞ [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
കാണുക:☟
ദൈവപുത്രൻ വചനമെന്ന ദൈവമാണോ?
വചനം ജഡമായിത്തീർന്നു
മോണോതീയിസം
ക്രിസ്തുവിന്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും
ദൈവഭക്തിയുടെ മർമ്മം
യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?
NB: ശ്രദ്ധേയമായ ഒരുകാര്യം കാണിക്കാം: ബൈബിൾ വെളിപ്പെടുത്തുന്ന ❝യേശു❞ വചനമല്ല; വെളിച്ചമാണ്: (യോഹ, 12:46 → യോഹ, 8:12; യോഹ, 9:5). എന്നാൽ മുഹമ്മദീയരുടെ ഖുറാനിൽ പറയുന്ന അവരുടെ ❝ഈസാ നബി❞ വെളിച്ചമല്ല; വചനമാണ്: (4:171 → 3:45). ബൈബിളിലെ യേശുവിനെയല്ല; ഖുറാനിലെ ഈസാനബിയെ ആണ് ത്രിമൂർത്തി ക്രൈസ്തവർ വിശ്വസിക്കുന്നതെന്ന് തോന്നുന്നു!