പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്ന വിഷയമാണ് നാം ചിന്തിക്കുന്നത്: ദൈവത്തിന് എന്തിനാണ് ഒരു പേര് എന്ന് ചിന്തിച്ചുതുടങ്ങുന്നിടത്തു നിന്നാണ്, പിതാവിന്റെയും പുത്രൻ്റെയും നാമം എന്താണെന്ന് ഒരു വിശ്വാസി പഠിക്കുന്നത്. പുതിയനിയമത്തിൽ പിതൃപുത്രാത്മാവിൽ, പുത്രനോട് ചേർത്തുമാത്രമാണ് ഒരു പേര് അഥവാ, പ്രത്യേകനാമം അക്ഷരംപ്രതി പറഞ്ഞിരിക്കുന്നത്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). തന്മൂലം, യേശുവെന്ന നാമം പുത്രൻ്റെ നാമം മാത്രമാണെന്ന് അനേകർ കരുതുന്നു. പേര് അഥവാ, സംജ്ഞാനാമം എന്നത്; പ്രധാനമായും വ്യക്തികളെ തിരിച്ചറിയാനുള്ള ഉപാധിയാണ്. അല്ലാതെ, ദൈവത്തെ തിരിച്ചറിയാനുള്ള ഉപാധിയല്ല; ദൈവം ഒരുത്തൻ മാത്രമാണ്. വ്യക്തി എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. മനുഷ്യരെ കുറിക്കുന്നതാണെന്ന് പറയുമ്പോൾത്തന്നെ, മനുഷ്യൻ്റെ പ്രകൃതിയെ അല്ല; വ്യതിരിക്തതയെ (Individual) ആണ് ആ പ്രയോഗം സൂചിപ്പിക്കുന്നത്. എന്നാൽ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. സൃഷ്ടി മുതൽ പൂർവ്വപിതാക്കന്മാർവരെ ഒരു പേരില്ലാതിരുന്ന ദൈവം, എപ്പോഴാണ് തനിക്കൊരു പേർ എടുത്തത്? ഏകദൈവത്തിന് എന്തിനാണ് പേര്? അതൊക്ക ചിന്തിച്ചാൽത്തന്നെ, പുതിയനിയമത്തിൽ പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാകും. അതിനാധാരമായി അനേകം തെളിവുകളും ബൈബിളിലുണ്ട്. നമുക്ക് നോക്കാം:
1️⃣ “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” എന്ന പഴയനിയമ പ്രവചനം നിവൃത്തിയായതായി, നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. (സങ്കീ, 118:26. ഒ.നോ: മത്താ, 21:9; 23:38; മർക്കൊ, 11:9; ലൂക്കൊ, 13:33; 19:38; യോഹ, 12:13). തന്നെയുമല്ല, “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല” എന്ന് ക്രിസ്തുവും പറഞ്ഞിട്ടുണ്ട്. (യോഹ, 5:43). ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ; ക്രിസ്തു ആരാണെന്ന് അറിയാവുന്നവർക്ക്, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കും.
ദൈവപുത്രനായ ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ദൈവത്തിൻ്റെ വെളിപ്പാട് (Manifestation of God) ആണ്. അഥവാ, ഏകദൈവമായ യഹോവയുടെ ജഡത്തിലുള്ള പ്രത്യക്ഷതയാണ്. ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:4-6; 40:6). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, ഏകസത്യദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6). സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും, അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21). അതിനെയാണ്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16; 1യോഹ, 4:2; 2യോഹ, 1:7). അതായത്, ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനുവേണ്ടി പ്രവചനംപോലെ (ഉല്പ, 3:15; ആവ, 18:15,18; സങ്കീ, 40:6; യെശ, 7:14; എബ്രാ, 10:5), കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 1:35; 2:21യോഹ, 6:69; 8:40). ദൈവം അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആണ്. (കൊലൊ, 1:15; യോഹ, 4:24; യിരെ, 23:24; 1തിമൊ, 6:16; യാക്കോ, 1:17; 1യോഹ, 4:12). അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ കാണുന്നത്. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.“ [മുഴുവൻ വിവരങ്ങളും അറിയാൻ, ദൈവഭക്തിയുടെ മർമ്മം എന്ന ലേഖനം കാണുക]
ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ; അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 5:43; 17:11-12; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). തന്മൂലം, സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 300-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46).
2️⃣ “നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം” എന്ന് പുത്രൻ പിതാവിനോട് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 17:11; 17:12). നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ; പിതാവ് പുത്രനു കൊടുത്തിരിക്കുന്ന തൻ്റെ നാമമാണ് യേശു എന്ന് മനസ്സിലാക്കാം. അവിടെ പറഞ്ഞിരിക്കുന്ന നാമം അഥവാ, ഒനോമ (onoma) എന്ന ഗ്രീക്കു പദത്തിന് പേര് എന്നല്ലാതെ; മറ്റൊർത്ഥവും കല്പിക്കാൻ കഴിയില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് വ്യക്തമാണ്.
3️⃣ താൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് പുത്രൻ പറഞ്ഞിരിക്കുന്നത്. (യോഹ, 10:25). എന്നാൽ, ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (ലൂക്കൊ, 9:49; 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ, അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ; ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകും (പ്രവൃ, 4:12). തന്നെയുമല്ല, പുതിയനിയമത്തിൽ മറ്റൊരു നാമത്തെക്കുറിച്ച് ഒരു സൂചനപോലുമില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.
4️⃣ “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.
5️⃣ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് ശിഷ്യന്മാരോടുള്ള കല്പന. (മത്താ, 28:19). എന്നാൽ, പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാനാണ് പുരുഷാരത്തോട് കല്പിച്ചത്. (പ്രവൃ, 2:38. ഒ.നോ: 8:16, 10:48, 19:5). കർത്താവ് അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ല. തന്നെയുമല്ല, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ എന്ന് പുസ്തകത്തിന് പേരുണ്ടെങ്കിലും, അത് പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികൾ ആണെന്ന് പുസ്തകം വായിച്ചുനോക്കുന്ന ആർക്കും മനസ്സിലാകും. അപ്പൊസ്തലന്മാർക്ക് തെറ്റുപറ്റിയാലും അവരെക്കൊണ്ട് സ്നാനം കഴിപ്പിച്ച പരിശുദ്ധാത്മാവിന് തെറ്റുപറ്റില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം.
6️⃣ പഴയനിയമത്തിൽ സകല ഭൂവാസികൾക്കുമുള്ള ഏകരക്ഷകനും രക്ഷാനാമവും യഹോവയായിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിലെ ഏകരക്ഷകനും രക്ഷയ്ക്കായുള്ള ഏകനാമവും യേശുക്രിസ്തു ആണ്: (പ്രവൃ, 4:10-12). തന്മുലം, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് ക്രിസ്തുവെന്നും (1തിമൊ, 3:14-16) പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും ഈ വേദഭാഗങ്ങളിൽ നിന്ന് ഉറപ്പിക്കാം. (1തിമൊ, 3:14-16). പരിശുദ്ധാത്മാവ് വന്നതും പുത്രൻ്റെ നാമത്തിലാണ്. (യോഹ, 14:23). [ക്രിസ്തു ആരാണ്; അഥവാ, അവൻ്റെ അസ്തിത്വം എന്താണെന്നറിയാൻ, ദൈവഭക്തിയുടെ മർമ്മം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക].
7️⃣ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന വാക്യാംശം, ഒരു പ്രത്യേക പേരിനെ അഥവാ, ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. എന്തെന്നാൽ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല. (പ്രവൃ, 4:12). തന്നെയുമല്ല, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് അദൃശ്യനായ ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ ആണ്. അല്ലാതെ, സമനിത്യരും വ്യത്യസ്തരുമായ മൂന്നുപേർ ആയിരുന്നെങ്കിൽ, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അല്ലെങ്കിൽ, ഭാഷാപരമായി ആ പ്രയോഗം അബദ്ധമാകുമായിരുന്നു. തന്മൂലം, പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ആണ് യേശുക്രിസ്തു എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. [നാമവും നാമങ്ങളും എന്ന വിഷയത്തെക്കുറിച്ച് കൂടുതലറിയാൻ, ഒനോമയും (Name) ഒനോമാട്ടയും (Names) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക]
8️⃣ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല; വെളിപ്പാടുകളാണ് എന്നതിന്നെ വ്യക്തമായ തെളിവ് പ്രസ്തുതവാക്യത്തിൽത്തന്നെ ഉണ്ട്. അവിടെ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാൻ പറഞ്ഞശേഷം, ഞാനോ, ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്നാണ് കർത്താവ് അരുളിച്ചെയ്തത്. (മത്താ, 28:19). പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികൾ ആയിരുന്നെങ്കിൽ, അടുത്തഭാഗത്ത് ഞാൻ എന്ന ഏകവചനമല്ല; ഞങ്ങൾ എന്ന ബഹുവചനം പറയുമായിരുന്നു. അതാണ് ഭാഷയുടെ നിയമം. അതായത്, വ്യത്യസ്തരായ വ്യക്തികളുടെ സ്ഥാനപ്പേരിലാണ് സ്നാനം കഴിപ്പിക്കാൻ പറഞ്ഞതെങ്കിൽ, ഞാനോ എന്ന ഏകവചനമല്ല; ഞങ്ങളോ, ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടെന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. അതിനാൽ, ഭാഷാപരമായി മൂന്ന് വ്യക്തികൾ ആ വാക്യത്തിൽ ഇല്ലെന്നത് വ്യക്തമാണ്. തന്മൂലം, പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല; അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകളാണ് എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് ആ പ്രയോഗം. [പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണെന്ന് വിശദമായി അറിയാൻ, പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ്? എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക]
9️⃣ “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ” എന്നാണ് പൗലൊസ് പറയുന്നത്. (കൊലൊ, 3:17). വാക്ക് അഥവാ, ഭാഷണവും ക്രിയയും ഒരുപോലെ ചേരുന്ന പ്രധാന ശുശ്രൂഷയാണ് സ്നാനം. സ്നാപകൻ സ്നാനാർത്ഥിയുടെ മേൽ നാമം പ്രസ്താവിക്കുകയും സ്നാനമെന്ന ക്രിയ ചെയ്യുകയും വേണം. അതായത്, വാക്കിനാലും ക്രിയയാലും എന്തു ചെയ്താലും എന്ന പ്രയോഗത്തിൻ്റെ പരിധിയിൽ പ്രധാനമായി വരുന്നത് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനമാണ്. പുത്രൻ്റെ നാമം മാത്രമാണ് യേശുവെങ്കിൽ, എന്ത് ചെയ്താലും ആ നാമത്തിൽ ചെയ്യണമെന്ന് കല്പിക്കില്ലായിരുന്നു. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരുദ്ധാത്മാവിൻ്റെയും നാമമാണ് യേശു എന്ന് മനസ്സിലാക്കാം.
🔟 പുതിയനിയമത്തിൽ സുവിശേഷം (പ്രവൃ, 8:12; 2തിമൊ, 2:8), മാനസാന്തരം (ലൂക്കൊ, 24:47), പാപമോചനം (ലൂക്കൊ, 24:47), രക്ഷ (പ്രവൃ, 4:12), അത്ഭുതങ്ങൾ, അടയാളങ്ങൾ (പ്രവൃ, 4:30) തുടങ്ങി സകല കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. പിതാവിൻ്റെയോ, പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ല. തന്നെയുമല്ല, പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട യേശു എന്ന സംജ്ഞാനാമം അല്ലാതെ, പിതാവിനോ, പരിശുദ്ധാത്മാവിനോ പ്രത്യേകമായൊരു പേരുപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല. പരിശുദ്ധാത്മാവിന് ഒരു പ്രത്യേകപേര് ബൈബിളിൽ എവിടെയുമില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുവെന്ന് വളരെ വ്യക്തമാണ്.
1️⃣1️⃣ പഴയനിയമത്തിൽ യഹോവയുടെ നാമമാണ് ഭക്തന്മാർ വിളിച്ചപേക്ഷിച്ചിരുന്നത്. “ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:13). അടുത്തവാക്യം: “ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:17). എന്നാൽ, യേശുക്രിസ്തുവിൻ്റെ നാമമാണ് ആദിമസഭ വിളിച്ചപേക്ഷിച്ചത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നത്. (1കൊരി, 1:2). ഏകദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചിരുന്ന യെഹൂദന്മാരായ അപ്പൊസ്തലന്മാർ ഉൾപ്പെടുന്ന ആദിമസഭ, യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു എങ്കിൽ, ആ വസ്തുത രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണമാണ് നമുക്ക് നല്കുന്നത്. 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46; 2കൊരി, 5:211തിമൊ, 3:14-16). 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശു. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവ് മാത്രമാണ് സത്യദൈവമെന്നും താൻ മനുഷ്യനാണെന്നും: ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. (യോഹ, 5:44; 8:40; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏക ദൈവമേ നമുക്കുള്ളെന്നും പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 5:21; പ്രവൃ, 2:23; റോമ, 5:15; 16:26; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). തന്മൂലം, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ, പുത്രൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. (1തിമൊ, 2:5-6; 3:14-16). അപ്പോൾ, യേശുവെന്ന നാമം പുത്രൻ്റെ മാത്രം നാമമാണെങ്കിൽ, ആദിമസഭ ആ നാമം വിളിച്ച് അപേക്ഷിക്കുമായിരുന്നോ? ഏകദൈവമായ യഹോവയോടുള്ള തീക്ഷ്ണത നിമിത്തം ക്രൈസ്തവരെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട പരീശനായ പൗലൊസും, യെഹൂദന്മാരായ മറ്റ് അപ്പൊസ്തലന്മാരും, ആദിമസഭ മുഴുവനും യേശുവിൻ്റെ നാമം നേരിട്ട് വിളിച്ചപേക്ഷിച്ചുവെങ്കിൽ, ഇനിപ്പറയുന്ന രണ്ട് കാര്യങ്ങൾ വജ്രമുനകൊണ്ട് ഹൃദയത്തിൽ കുറിച്ചുവെച്ചുകൊൾക: 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് യേശു. (1തിമൊ, 3:14-16). അതായത്, പ്രവചനംപോലെ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനുവേണ്ടി കന്യകയിൽ ഉല്പാദിപ്പിച്ച ഒരു ശരീരം അഥവാ, പരിശുദ്ധ മനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15,18; എബ്രാ, 10:5; മത്താ, 1:19-20; ലൂക്കൊ, 1:35; 2:21; യോഹ, 6:69; 8:40; സങ്കീ, 40:6). ഒന്നൂകൂടി വ്യക്തമാക്കിയാൽ, മനുഷ്യരുടെ പാപങ്ങളെ വഹിക്കാൻ ഒരു ശരീരമോ (1പത്രൊ, 2:24), പാപപരിഹാരത്തിനായി ചിന്താൻ രക്തമോ (1പത്രൊ, 1:19) മരണമോ (1തിമൊ, 6:16), മാറ്റമോ ഇല്ലാത്ത ദൈവം (മലാ, 3:6) മനുഷ്യരുടെ രക്ഷയ്ക്കു വേണ്ടി, യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയിലൂടെ ഒരു മനുഷ്യപ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. എന്തെന്നാൽ, മനുഷ്യർക്ക് ശാശ്വതമായ രക്ഷ നല്കുവാൻ മറ്റൊരുത്തനും സ്വർഗ്ഗത്തിലും ഭൂമിയിലുമില്ല. (ആവ, 4:39; 1രാജാ, 8:23; യെശ, 45:22; 51:6). 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു. ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമം ഇല്ല; ഇനി ഉണ്ടാകുയും ഇല്ല. (പ്രവൃ, 4:12).
1️⃣2️⃣ യെശയ്യാവിൽ യഹോവ ആണയിട്ട് പറയുന്ന ഒരു കാര്യമുണ്ട്: “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” (യെശ, 45:23). എന്നാൽ, പുതിയനിയമത്തിൽ ഇപ്രകാരം കാണാം: “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.” (ഫിലി, 2:10-11). ഈ വേദഭാഗത്ത് രണ്ടുപേരെ കാണാം: പിതാവായ ഏകദൈവത്തെയും മദ്ധ്യസ്ഥനും മറുവിലയും മനുഷ്യനുമായ യേശുക്രിസ്തുവിനെയും. (യോഹ, 17:3; 1കൊരി, 8:6; 1തിമൊ, 2:5-6). രണ്ട് കാര്യങ്ങളും ഇവിടെ പറഞ്ഞിരിക്കുന്നതും കാണാം. 1. യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങും. അതായത്, ദൈവപുത്രനായ യേശുവിൻ്റെ മുമ്പിൽ മുഴങ്കാൽ മടങ്ങുമെന്നല്ല; യേശുവിൻ്റെ നാമത്തിങ്കൽ മുഴങ്കാൽ മടങ്ങും എന്നാണ്. ഒന്നാമത് മനസ്സിലാക്കേണ്ടത്, ദൈവത്തിന് ഒരു പേരിൻ്റെ ആവശ്യമില്ല. എന്തെന്നാൽ, ദൈവം ഏകനാണ്. പലരിൽ നിന്നും ഒരുത്തനെ വേർതിരിച്ചറിയേണ്ടി വരുമ്പോഴാണ് പ്രധാനമായും സംജ്ഞാനാമം അഥവാ, ഒരു പ്രത്യേക പേര് ആവശ്യമായി വരുന്നത്. എന്നാൽ, ദൈവം മോണോസ് (monos) അഥവാ, ഒരുത്തൻ മാത്രമാകയാൽ, പേരിൻ്റെ ആവശ്യമില്ല. അതിൻ്റെ തെളിവ് ബൈബിളൽത്തന്നയുണ്ട്: സൃഷ്ടിമുതൽ പൂർവ്വപിതാക്കന്മാർവരെ ദൈവം ഒരു സംജ്ഞാനാമത്തിൽ അല്ല പ്രത്യക്ഷനായിരുന്നത്; അതിൻ്റെ ആവശ്യവും ഇല്ലായിരുന്നു. സർവ്വശക്തിയുള്ള ദൈവം (El Shaddai – God Almighty) ആയിട്ടാണ് പ്രത്യക്ഷനായിരുന്നത്. (പുറ, 6:3). പലരും കരുതുന്നപോലെ, ദൈവം മൂന്നുപേർ ആയിരുന്നെങ്കിൽ; ഉല്പത്തി മുതൽതന്നെ അഥവാ, സൃഷ്ടിമുതൽ തന്നെ മൂന്നുപേരും ഉണ്ടാകുകമായിരുന്നു; മൂന്നുപേർക്കും ഓരോ പേരും ഉണ്ടാകുമായിരുന്നു. എന്നാൽ, തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേൽ ജനത്തെ മിസ്രയീമ്യ ദാസിത്തിനിന്ന് വിടുവിക്കുന്നതിനോടുള്ള ബന്ധത്തിലാണ്, മോശെയുടെ ആവശ്യപ്രകാരം ദൈവം തനിക്ക് യാഹ്വേ അഥവാ, യഹോവ എന്ന സംജ്ഞാനാമം ആദ്യമായി എടുത്തത്. (പുറ, 3:13-15). മോശെ ദൈവത്തിൻ്റെ നാമം ചോദിക്കാൻ ഒരു കാരണമുണ്ട്. മിസ്രയീമ്യരുടെ നൂറു കണക്കിനു ദൈവങ്ങളുടെ മദ്ധ്യേയാണ് ദൈവജനത്തിൻ്റെ വാസം. അവരുടെ ദൈവങ്ങൾക്കെല്ലാം ഒസിരിസ്, ഐസിസ്, ഹോറെസ് എന്നിങ്ങനെ പേരുകളുമുണ്ട്. തന്നെയുമല്ല, നാന്നൂറ് വർഷമായി അടിമത്വത്തിൽ കിടക്കുന്ന ദൈവജനം, പിതാക്കന്മാരുടെ ദൈവത്തെ മറക്കുകയും ചെയ്തു. തന്മൂലം, പിതാക്കന്മാരുടെ ദൈവമാണ് എന്നെ അയച്ചതെന്ന് മോശെ പറഞ്ഞാൽ; നിന്നെ അയച്ച ദൈവത്തിൻ്റെ പേരെന്താണെന്ന് അവർ നിശ്ചയമായും ചോദിക്കും. (പുറ, 3:13). അതറിയാവുന്ന ദൈവം, ആദ്യമായി തനിക്കൊരു നാമം എടുക്കുന്നതും വെളിപ്പെടുത്തുന്നതും മോശെയുടെ ആവശ്യപ്രകാരം, ഹോരേബിൽ വെച്ചാണ്. (പുറ, 3:1). മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്ന യിസ്രായേൽ ജനത്തിന്, ന്യായപ്രമാണം നല്കുന്നതും ദൈവത്തിൻ്റെ പർവ്വതമായ ഹോരേബിൽ അഥവാ, സീനായി പർവ്വതത്തിൽ വെച്ചുതന്നെയാണ്. (പുറ, 3:1,12; 19:1,12). അതായത്, മിസ്രയീമ്യ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ വിടുവിച്ച് ന്യായപ്രമാണം അഥവാ, പഴയനിയമം നൽകുന്നതിനു മുന്നോടിയായിട്ടാണ്, ദൈവം തനിക്കൊരു നാമം ആദ്യമായി എടുത്തത്. അതേ ദൈവം, സത്താൻ്റെ അടിമത്വത്തിൽ നിന്ന് തൻ്റെ ജനത്തെ രക്ഷിച്ച് പുതിയൊരു നിയമം നല്കുന്നതിന് മുന്നോടിയായി എടുത്ത തൻ്റെ പുതിയ നാമമാണ് യേശു. ആ നാമമാണ് ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രനു കൊടുത്തത്. (മത്താ, 1:21; യോഹ, 17:11,12; 1തിമൊ, 3:14-16).
പുതിയനിയമം എന്താണെന്നുപോലും ഇന്നും പലർക്കും അറിയില്ല. അതുകൊണ്ടാണ്, പഴയനിയം അപ്രസക്തമാണെന്ന് പലരും കരുതുന്നത്. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. പഴയനിയമം ഉള്ളതുകൊണ്ടാണ് പുതിയനിയമം ഉണ്ടായത്. അല്ലെങ്കിൽ. ഒരു നിയമം പോരായോ; പുതിയനിയമം എന്തിനാണ്? പഴയനിയമത്തിൻ്റെ ബാക്കിയോ, കുറവ് തീർക്കുന്നതോ അല്ല; പഴയനിയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. ആകാശഭൂമികൾ മാറിപ്പോയാലും ഒരു വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ ന്യായപ്രമാണത്തെ നിവൃത്തിക്കാനാണ് ക്രിസ്തു വന്നത്. (മത്താ, 5:17-18). പഴയനിയമം നന്നായി പഠിക്കാത്ത ഒരാൾക്ക് പുതിയനിയമം ഒന്നും മനസ്സിലാകാൻ പോണില്ല. അതായത്, തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനോട് ദൈവം ചെയ്ത വാഗ്ദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; എബ്രാ, 2:14-16; 8:8-13). മിസ്രയീമ്യ ദാസ്യത്തിൽ നിന്ന് തൻ്റെ പുത്രനായ യിസ്രായേലിനെ വിടുവിക്കാൻ യഹോവ എന്ന നാമം എടുത്തപോലെ, പിശാചിൻ്റെ അടിമത്വത്തിൽ നിന്നും അവനെ വിടുവിച്ച് ശാശ്വതമായ രക്ഷനല്കാൻ യഹോവ എടുത്ത തൻ്റെ പുതിയ നാമമാണ് യേശു. തൻ്റെ പുത്രനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ, വാഗ്ദത്ത ദാതാവായ ദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും തൻ്റെ പുത്രനായ യിസ്രായേലിൻ്റെ പ്രകൃതിയിലും ദൂതന്മാരെക്കാൾ തഴ്ചവന്ന ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; യിരെ, 10:10; എബ്രാ, 2:14-16; 1പത്രൊ, 1:20). അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച, ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപം അറിയാത്ത (2കൊരി, 5:21) അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (യോഹ, 6:69; 8:40). പുതിയനിയമത്തിൽ യേശുവെന്ന നാമം ദൈവപിതാവിൻ്റെ നാമംതന്നെ ആകയാലാണ്, യഹോവയുടെ നാമത്തിങ്കൽ മടങ്ങേണ്ട മുഴങ്കാൽ, യേശുവിൻ്റെ നാമത്തിങ്കൽ മടങ്ങുമെന്ന് പറയുന്നത്. എല്ലാ മുഴങ്കാലും തൻ്റെ മുമ്പിൽ മടങ്ങുമെന്ന് യഹോവ സത്യംചെയ്ത് പറഞ്ഞിരിക്കെ, മറ്റാരുടെയെങ്കിലും മുമ്പിലോ മറ്റൊരു നാമത്തിങ്കലോ മുഴങ്കാൽ മടങ്ങിയാൽ; യഹോവ എത്രമാത്രം അരിഷ്ടനായ ദൈവമായിരിക്കും? 2. യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. ദൈവപുത്രനായ യേശുവിനെ കർത്താവെന്ന് ഏറ്റുപറയുമ്പോൾ, പിതാവായ ദൈവത്തിന് മഹത്വമുണ്ടാകും എന്നാണ് പറഞ്ഞിരിക്കുന്നത്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം പിതാവിനോട് സമത്വമുള്ളവനും പിതാവിൽനിന്ന് നിത്യമായി വ്യത്യസ്തനുമാണ് പുത്രൻ. തന്നിൽനിന്ന് വ്യതിരിക്തനായ പുത്രനെ കർത്താവെന്ന് ഏറ്റുപറയുമ്പോൾ, പുത്രനല്ലാതെ, പിതാവിനു എങ്ങനെ മഹത്വമുണ്ടാകും? യേശു, പിതാവായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാലാണ് പിതാവിനു മഹത്വമുണ്ടാകുന്നത്. അതാണ്, ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; യിരെ, 10:10). അഥവാ, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46; 2കൊരി, 5:21). അതുകൊണ്ടാണ്, യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറയുന്നത്. യേശുവിൻ്റെ ജനനത്തിനുമുമ്പെ സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത് അതാണ്: യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68. ഒ.നോ: യെശ, 25:8-9; 35:4-6; 40:3). യിസ്രായേലിൻ്റെ ദൈവമായ കർത്താവ് അഥവാ, യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് രക്ഷിക്കാൻ യേശു നാമത്തിൽ എടുത്ത ഒരു മനുഷ്യപ്രത്യക്ഷത എടുക്കുകയായിരുന്നു. (മത്താ, 1:21). തന്നെ പിന്നാലെ മനുഷ്യനായി വരുന്നവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആണെന്ന് സെഖര്യാവിൻ്റെ മകനായ യോഹന്നാൻ പ്രവാചകനും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 1:30,33. ഒ.നോ: ലൂക്കോ, 3:22; പ്രവൃ, 10:38).
ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, പിതാവും പുത്രനും ഒന്നുതന്നെ ആണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്നും (യോഹ, 8:24,28; 13:19), താൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മിയാണെന്നും (യോഹ, 8:58), ഞാനും പിതാവും ഒന്നാകുന്നു എന്നും (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെയും പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നയിരുന്നു. യേശുവിൻ്റെ മറുചോദ്യം, നീ എന്നെ അറിയുന്നില്ലയോ എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്; ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ആ പ്രയോഗം ഉച്ചരിച്ചത്. മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല. അതായത്, തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമവും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, യെഹൂദന്മാരും അപ്പൊസ്തലന്മാരും ഉൾപ്പെടുന്ന ആദിമസഭ യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചതും യേശുക്രിസ്തുവിനെ കർത്താവെന്ന് ഏറ്റുപറയുമ്പോൾ, പിതാവായ ദൈവത്തിന് മഹത്വമുണ്ടാകുന്നതും. [ദൈവഭക്തിയുടെ മർമ്മം കാണുക]
1️⃣3️⃣ പ്രധാനപ്പെട്ട മറ്റൊരു തെളിവ് തരാം: യഹോവ അഥവാ, യാഹ്വേ എന്ന ദൈവനാമം എബ്രായ ബൈബിളിൽ 6,800 പ്രാവശ്യം കാണാം. അത് ദൈവം യിസ്രായേലിൻ്റെ രക്ഷയ്ക്കായി എടുത്ത തൻ്റെ സംജ്ഞാനാമം അഥവാ, പ്രത്യേകനാമം ആണെന്നും നാം മുകളിൽ കണ്ടതാണ്. എബ്രായ മൂലഭാഷയിൽ ഉള്ള യാഹ്വേ എന്ന ദൈവനാമം, ഇപ്പോൾ യെഹൂദന്മാർ ഉപയോഗിക്കുന്ന ഔദ്യോഗിക പരിഭാഷയിലും ഉണ്ട്. എന്നാൽ, ആ നാമം ആണ്ടിലൊരിക്കൽ പാപപരിഹാദിവസം തിരുനിവാസത്തിൻ്റെ ഉള്ളിൽവെച്ച് മഹാപുരോഹിതൻ ഉച്ചരിക്കുന്നതല്ലാതെ, മറ്റാരും നാവിൽ എടുക്കാറില്ല. യഹോവയുടെ നാമം വൃഥാ എടുക്കരുത് എന്ന മൂന്നാം കല്പനയിൽ ഭയപ്പെടുന്ന യെഹൂദന്മാർ, ആ നാമം ഉച്ചരിക്കാതെ, പകരം അദോനായി എന്നാണ് അതിനെ വായിക്കുന്നത്. എങ്കിലും, എബ്രായ മൂലഭാഷയിലും സത്യവേദപുസ്തകത്തിലും ആ നാമം ഉണ്ടെന്നുള്ളത് വസ്തുതയാണ്. എന്നാൽ, പുതിയനിയമത്തിൽ എന്തുകൊണ്ടാണ് യാഹ്വേ എന്ന ദൈവനാമം ഇല്ലാത്തത്? പുതിയനിയമത്തിലും ദൈവത്തിൻ്റെ പേര് യാഹ്വേ എന്നുതന്നെ ആണെങ്കിൽ, ആ നാമം ഉണ്ടാകേണ്ടതല്ലേ? ഭാഷ മാറുന്നതോ, പരിഭാഷ മാറുന്നതോ അനുസരിച്ച് ആരുടെയും പേര് അഥവാ, സംജ്ഞാനാമത്തിന് മാറ്റം വരില്ല; മാറ്റം വാരാൻ പാടില്ല. പുതിയനിയമത്തിലും ദൈവത്തിൻ്റെ പേര് യാഹ്വേ എന്നുതന്നെ ആയിരുന്നെങ്കിൽ, പുതിയനിയമത്തിൽ പിതാവിൻ്റെ നാമം യാഹ്വേ എന്ന് വ്യക്തമായി രേഖപ്പെടുത്തുമിയിരുന്നു. അല്ലെങ്കിൽ, പഴയനിയമത്തിൽനിന്ന് എടുത്ത ഉദ്ധരണികളിലെങ്കിലും ആ പേർ നിലനിർത്തുമായിരുന്നു. ഉദ്ധരണികൾ ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ നിന്നാണ് എടുത്തിരിക്കുന്നത്. അതിൽ, ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിൽ ദൈവനാമമായ യാഹ്വേയ്ക്ക് പകരം കുറിയോസ് അഥവാ, കർത്താവ് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. സംജ്ഞാനാമം അഥവാ, പ്രത്യേകനാമം ഭാഷ മാറുന്നതിനു് അനുസരിച്ച് മാറുന്നതല്ല. യഹോവ എന്ന നാമം നിത്യമായിരുന്നെങ്കിൽ, സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ആ നാമം ഉപയോഗിക്കുമായിരുന്നു. അല്ലെങ്കിൽ, ദൈവനാമം ഉപയോഗിക്കാത്ത സെപ്റ്റ്വജിൻ്റ് പരിഭാഷ, ക്രിസ്തുവും അപ്പൊസ്തലന്മാരും ഒരിക്കലും ഉപയോഗിക്കില്ലായിരുന്നു. അതിൽനിന്ന് ഉദ്ധരണികളും എടുക്കില്ലായിരുന്നു. അതിനാൽ, മൂന്ന് കാര്യങ്ങൾ മനസ്സിലാക്കാം: 1. യാഹ്വേ എന്ന നാമം ദൈവത്തിൻ്റെ സ്ഥിരമായ നാമം ആയിരുന്നില്ല; ന്യായപ്രമാണകാലത്തേക്ക് മാത്രം ഉള്ളതായിരുന്നു. സ്ഥിരമായ നാമം ആയിരുന്നെങ്കിൽ പുതിയനിയമത്തിൽ ആ നാമം ഉണ്ടാകുമായിരുന്നു. മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ അല്ലാതെ ഏകനായ ദൈവത്തിന് ഒരു സ്ഥിരമായ പേരിൻ്റെ ആവശ്യവും ഇല്ല. 2. “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും” എന്നാണ് പഴയനിയമം പറയുന്നത്. (യോവേ, 2:32). പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമ. (മത്താ, 5:17-18; യിരെ, 31:31; എബ്രി, 8:8). പുതിയനിയമത്തിൽ പിതാവിൻ്റെ നാമം യാഹ്വേ എന്നായിയുന്നെങ്കിൽ, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ യേശുക്രിസ്തു എന്ന നാമമല്ലാതെ, മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്ന് പതൊസ് പയില്ലായിരുന്നു. (പ്രവൃ, 4:10-12). 3. പുതിയനിയമതിൽ ദൈവത്തിൻ്റെ നാമം യേശു അഥവാ, യേശുക്രിസ്തു എന്നാണ്. അതുകൊണ്ടാണ്, പുതിയനിയമത്തിൽ യാഹ്വേ എന്ന നാമം ഉപയോഗിക്കാത്തതും, ആകാശത്തിനു കീഴിൽ മനുഷ്യരുടെ രക്ഷയ്ക്കായി മറ്റൊരു നാമമില്ലെന്ന് പറഞ്ഞിരിക്കുന്നതും, ആദിമസഭ യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചതും, സകലരുടെയും മുഴങ്കിൽ യേശുവിൻ്റെ നാമത്തിങ്കൽ മടങ്ങുമ്പോൾ പിതാവിന് മഹത്വം ഉണ്ടാകുന്നതും.
1️⃣4️⃣ താൻ ദൈവമല്ലെന്ന് ദൈവപുത്രനായ ക്രിസ്തു ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം താനത് വ്യക്തമാക്കിയിട്ടുണ്ട്. ഉദാ: (യോഹ, 5:44; 17:3; മത്താ, 4:10; 24:36). അപ്പൊസ്തലന്മാർ അതിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. യഹോവയായ ഏകദൈവം അതിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാർ അതിലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്നാൽ പൗലൊസ് ഇപ്രകാരം പറയുന്നതായി കാണാം: “സകല മനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; നാം ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായിട്ടും കാത്തുകൊള്ളുന്നു.” (തീത്തൊ, 2:11-12). എന്നാൽ, ഒലിവുമലയിൽ തേജസ്സിൽ പ്രത്യക്ഷമാവുന്നത് മഹാദൈവമായ യഹോവയാണെന്ന് പഴയനിയമം വ്യക്തമാക്കുന്നു. (സെഖ, 14:1-4. ഒ.നോ: ആവ, 10:17; എസ്രാ, 5:8; നെഹെ, 8:6; സങ്കീ, 95:3; ദാനീ, 2:46). പുതിയനിയമത്തിൽ പിതാവിൻ്റെ നാമവും പുത്രൻ്റെ നാമം ഒന്നുതന്നെ ആയതുകൊണ്ടാണ്, മഹാദൈവമായ യേശുക്രിസ്തു തേജസ്സിൽ പ്രത്യക്ഷനാകുമെന്ന് പൗലൊസ് പറഞ്ഞതും അവൻ പോയപോലെ മടങ്ങിവരുമെന്ന് ദൂതന്മാർ പ്രവചിച്ചതും: (തീത്തൊ, 2:11-12; പ്രവൃ, 1:11. വെളി, 19:18). പിതാവ് മാത്രമാണ് സത്യദൈവമെന്നും (Father, the only true God), താൻ മനുഷ്യനാണെന്നും പുത്രൻതന്നെ പറഞ്ഞിരിക്കയാൽ (യോഹ, 8:40; 17:3), പൗലൊസ് പറയുന്ന മഹാദൈവം പിതാവായ യഹോവയാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു. യഹോവയാണ് വരുന്നതെന്ന് പഴയനിയമത്തിൽ ഏഴ് പ്രവചനങ്ങളുണ്ട്: 1.യഹോവ മേഘാരൂഢനായി വരുന്നതായി പറഞ്ഞിട്ടുണ്ട്. (ആവ, 33:26). 2.മഹത്വത്തിൽ പ്രത്യക്ഷനാകുന്നതായി പറഞ്ഞിട്ടുണ്ട്. (102:15-17). 3.പ്രതിഫലം നല്കാൻ വരുന്നതായി പറഞ്ഞിട്ടുണ്ട്. (യെശ, 40:10). 4.അഗ്നിയിൽ പ്രത്യക്ഷനാകുന്നതായി പറഞ്ഞിട്ടുണ്ട്. (യെശ, 66:15,16). 5.കാഹള നാദത്തോടെ വരുന്നതായി പറഞ്ഞിട്ടുണ്ട്. (സെഖ, 9:14). 6.ഒലിവുമലയിൽ വരുന്നതായി പറഞ്ഞിട്ടുണ്ട്. (സെഖ, 14:3-4). 7.സകല വിശുദ്ധന്മാരുമായി വരുമെന്ന് പറഞ്ഞിട്ടുണ്ട്. (സെഖ, 14:5). ആ ഏഴ് പ്രയോഗങ്ങളും പുതിയനിയമത്തിലും കാണാം: (വെളി, 1:7; തീത്തൊ, 2:12; വെളി, 22:12; 2തെസ്സ, 1:6,7; 1തെസ്സ, 4:16; പ്രവൃ, 1:11; 1തെസ്സ, 3:13). പിതാവാണ് പ്രത്യക്ഷനാകുന്നതെന്നും സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്: (1യോഹ, 2:28; 3:1-2). പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). തന്മൂലം, ഇനി തേജസ്സിൽ പ്രത്യക്ഷനാകുന്നത് ദൈവപുത്രനല്ല; യഹോവയായ ഏകദൈവമാണെന്ന് മനസ്സിലാക്കാം, അവൻ്റെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു.
1️⃣5️⃣ “നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.” (ഫിലി. 3:20-21). ഈ വേദഭാഗത്ത് പറയുന്ന കർത്താവായ യേശുക്രിസ്തു പുത്രനല്ല; പിതാവാണ്. മൂന്ന് കാര്യങ്ങളാണ് ഇവിടെ പറയുന്നത്: 1.യേശുക്രിസ്തു സ്വർഗ്ഗത്തിൽനിന്ന് വരും. 2.അവൻ തൻ്റെ വ്യാപാരശക്തികൊണ്ട് സകലത്തെയും കീഴ്പെടുത്തും. 3. ദൈവമക്കളുടെ താഴ്ചയുള്ള ശരീരത്തെ യേശുക്രിസ്തുവിൻ്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും.
1. യേശുക്രിസ്തു സ്വർഗ്ഗത്തിൽനിന്ന് വരും: ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9). എന്നാൽ, പുത്രൻ ആത്മാവായ ദൈവമല്ല; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പരിശുദ്ധമനുഷ്യനാണ്. (യോഹ, 6:69; 8:40). അതായത്, പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ആത്മാവിനാൽ ബലപ്പെട്ട് (ലൂക്കൊ, 2:40), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:52) ആത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22; പ്രവൃ, 10:38) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രുഷ ചെയ്തവനും (ലൂക്കൊ, 4:14) ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28) ആത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്ക്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18) പാപം അറിയാത്ത മനുഷ്യനാണ് ദൈവപുത്രൻ. (യോഹ, 8:40; 2കൊരി, 5:21). ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ അന്നുതന്നെ, തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; റോമ, 10:9; എബ്രാ, 7:27; 9:11-12; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്നു് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, ജീവനുള്ള ദൈവമായ യഹോവ മനുഷ്യനായും ദൈവമായും അദൃശനായ ആത്മാവായും മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണ് സുവിശേഷ ചരിത്രം പൂർത്തിയാക്കിയത്. തന്മൂലം, ഇനി ഒലിവുമലയിൽ തേജസ്സിൽ പ്രത്യക്ഷമാകുന്നത്, മനുഷ്യനായ പുത്രനല്ല; മഹാദൈവമായ യഹോവയാണ്. (സെഖ, 14:1-4). യഹോവയുടെ പതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു. (തീത്തൊ, 2:12. ഒ.നോ: പ്രവൃ, 1:11). [ദൈവത്തിൻ്റെ വെളിപ്പാടുകളെക്കുറിച്ച് അറിയാൻ, പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ്? എന്ന ലേഖനം കാണുക]
2. യേശുക്രിസ്തു തൻ്റെ വ്യാപാരശക്തികൊണ്ട് സകലത്തെയും കീഴ്പെടുത്തും: എന്നാൽ, തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ദൈവപുത്രൻ സാക്ഷ്യം പറഞ്ഞിട്ടുള്ളവനാണ്: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19). എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു. (യോഹ, 5:30. ഒ.നോ: 8:28; 12:49; 12:50). പിതാവു എന്നെക്കാൾ വലിയവനാണെന്നും (യോഹ, 14:28) എന്റെ പിതാവു എല്ലാവരിലും വലിയവനാണെന്നും (യോഹ, 10:29) പിതാവ് തൻ്റെ ദൈവമാണെന്നും പുത്രൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുള്ളതാണ്. (യോഹ, 20:17). എന്നാൽ ഇവിടെ യേശുക്രിസ്തു സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ട് ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. തന്മൂലം, ഇവിടെപ്പറയുന്ന യേശുക്രിസ്തു മനുഷ്യനായ പുത്രനല്ല; യഹോവയായ ദൈവമാണെന്ന് മനസ്സിലാക്കാം. അവൻ്റെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു.
3. ദൈവമക്കളുടെ താഴ്ചയുള്ള ശരീരത്തെ യേശുക്രിസ്തുവിൻ്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും: എന്നാൽ, നാം പിതാവിനോടാണ് സദൃശന്മാർ ആകുന്നതെന്ന് യോഹന്നാൻ അപ്പൊസ്തലൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.” (1 യോഹ. 3:1-2. ഒ.നോ: 2:28). ഈ വേദഭാഗത്ത്, “അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും” എന്നാണ് രണ്ടാം വാക്യത്തിൽ പറയുന്നത്. ‘അവൻ’ എന്നത് പ്രഥമപുരുഷ സർവ്വനാമമാണ്. ഒന്നാം വാക്യത്തിൽ, എഴുത്തുകാരനായ യോഹന്നാൻ സഭയുടെ പ്രതിനിധിയായി നിന്നുകൊണ്ടാണ്, ‘നാം’ എന്ന ഉത്തമപുരുഷനിൽ സംസാരിക്കുന്നത്, പ്രഥമപുരുഷനായ പിതാവിനെക്കുറിച്ചാണ്. എന്താണ് പറയുന്നത്: “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു.” ഒന്നാം വാക്യത്തിലെ പ്രഥമപുരുഷൻ പിതാവാണ്. പ്രഥപുരുഷൻ്റെ സർവ്വനാമമാണ്; അവൻ, അവൾ, അവർ, ഇവൻ, ഇവൾ, അത്, ഇത് തുടങ്ങിയവ. എന്നിട്ടാണ് പറയുന്നത്; “അവൻ അഥവാ, പിതാവ് പ്രത്യക്ഷനാകുമ്പോൾ നാം അവനോട് സദൃശന്മാരാകും. തന്മൂലം, പുത്രനല്ല; പിതാവാണ് ഇനി തേജസ്സിൽ പ്രത്യക്ഷനാകുന്നത് എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. (ഒ.നോ: 1യോഹ, 2:28; വെളി, 22:12). പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെ ആയതുകൊണ്ടാണ്, “യേശുക്രിസ്തു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും” എന്ന് പൗലൊസ് അപ്പൊസ്തലൻ പറയുന്നത്. പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മാത്രമല്ല; ക്രിസ്തു യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും യഹോവയും യേശുവും യഥാർത്ഥത്തിൽ ഒന്നുതന്നെ ആണ്. (ലൂക്കൊ, 1:68; യോഹ, 10:30). അതാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക! [യഹോവയും യേശുവും ഒന്നാണോ? കാണുക]
കൂടുതൽ അറിവുകൾക്കായി:⏬
ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ഏകദൈവത്തിന് (monos theos) വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണുള്ളത്. ദൈവത്തിൽ വ്യക്തികളില്ല വെളിപ്പാടുകളാണ് ഉള്ളത് എന്നതിന്റെ തെളിവും ബൈബിളിലുണ്ട്: “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാവിന്റെയും നാമം” എന്ന വാക്യാംശം, അദൃശ്യനായ ഏകദൈവത്തിന്റെ മൂന്നു വെളിപ്പാടുകളെ കുറിക്കുന്നതാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അതാണ്, ഭാഷയുടെ നിയമം. തെളിവുകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
ഒനോമയും (Name) ഒനോമാട്ടയും (Names)
വാശദമായറിയാൻ:
പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം