പാറയും പത്രൊസും

പാറയും പത്രൊസും

“നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.” (മത്താ, 16:18). 

യേശുവിൻ്റെ ഈ വാക്കിനെ തെറ്റിദ്ധരിച്ചിട്ട് പത്രൊസിൻ്റെ മേലാണ് സഭ പണിതിരിക്കുന്നതെന്ന് അനേകരും വിശ്വസിക്കുന്നു. എന്താണതിൻ്റെ വസ്തുതയെന്ന് നമുക്കുനോക്കാം:

പത്രൊസിന്റെ ആദ്യത്തെ പേര് ശിമോൻ (Simon – ഗ്രീക്കിൽ Simon) എന്നായിരുന്നു. 49 പ്രാവശ്യം ഈ പേരുണ്ട്. (മത്താ, 4:18; 10:2). സഹോദരനായ അന്ത്രെയാസാണ് യേശുവിൻ്റെ അടുക്കൽ അവനെ കൊണ്ടുവന്നത്. (യോഹ, 1:40). യേശുവാണ് അവന് “കേഫാ” (Kephas – എബ്രായയിൽ Kephas) എന്നു പേരിടുന്നത്. ആറു പ്രാവശ്യം ആ പേരുണ്ട്. (യോഹ, 1:42; 1കൊരി, 1:12; 3:22; 9:5; 15:5; ഗലാ, 2:9). കേഫാസ് എന്ന എബ്രായ പേരിൻ്റെ അർത്ഥമാണ് ഗ്രീക്കിൽ പെട്രൊസ് (Petros – piece of rock) എന്നും, ഇംഗ്ലീഷിൽ stone എന്നും, മലയാളത്തിൽ പാറക്കഷണം എന്നും. യോഹന്നാൻ 1:42-ൽ യേശു ശീമോന് കൊടുത്ത പേരായ കേഫായുടെ അർത്ഥമായ പെട്രൊസിനെ സത്യവേദപുസ്തകത്തിൽ പത്രൊസെന്ന് ലിപ്യന്തരണം ചെയ്യുകയും: “യേശു അവനെ നോക്കി: “നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും” എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു;” പി.ഒ.സിയിൽ: പാറയെന്നു തർജ്ജമ ചെയ്യുകയും ചെയ്തു: “യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ – പാറ – എന്നു നീ വിളിക്കപ്പെടും.” സത്യവേദപുസ്കകം സമകാലിക പരിഭാഷയിൽ പരിഭാഷയിൽ അത് കൃത്യമായി മനസ്സിലാക്കാം: “അനന്തരം അന്ത്രയാസ് ശിമോനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുചെന്നു; യേശു ശിമോനെ നോക്കിക്കൊണ്ടു പറഞ്ഞു: “നീ യോഹന്നാന്‍റെ പുത്രനായ ശിമോന്‍ അല്ലേ? നീ ഇനി കേഫാ എന്നു വിളിക്കപ്പെടും. അതിനു പത്രോസ് അഥവാ പാറ എന്നര്‍ഥം.” എന്നാൽ പില്ക്കാലത്ത് യേശു കൊടുത്ത പേരായ കേഫാ എന്ന് അവനെ വിളിക്കാതെ പേരിൻ്റെ അർത്ഥമായ പെട്രൊസ് അഥവാ പത്രൊസെന്ന് അവൻ വിളിക്കപ്പെട്ടു. (മത്താ, 10:2; മർക്കൊ, 3:16; ലൂക്കൊ, 6:14). അതിനാൽ പേരിൻ്റെ അർത്ഥം അവൻ്റെ പേരായിമാറി. ബൈബിളിൽ 162 പ്രാവശ്യം പത്രൊസെന്ന പേരുണ്ട്. 

പാറയെ (rock) കുറിക്കുന്ന ഗ്രീക്കുപദം പെട്രാ (petra – πέτρα) ആണ്. ആ പദം പതിനാറ് പ്രാവശ്യമുണ്ട്. (മത്താ, 7:24; 7:25); 16:18; 27:52; 27:60; മർക്കൊ, 15:46; ലൂക്കൊ, 6:48; 8:6; 8:13; റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7; വെളി, 6:15; 6:16). മൂന്ന് വാക്യങ്ങൾ ക്രിസ്തുവിനെ കുറിക്കാനും (റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7) ബാക്കി പതിമൂന്നു വാക്യം യഥാർത്ഥ പാറയെയും കുറിക്കുന്നു. പാറക്കഷണം (stone) അഥവാ പെട്രാസ് (പത്രൊസ്) എന്നത് കേഫായെന്ന പേരിൻ്റെ അർത്ഥമാണെന്നല്ലാതെ, പത്രൊസ് പാറയാണെന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല.

പത്രൊസിനെക്കുറിച്ച് ഒരുകാര്യംകൂടി അറിയണം: ആദ്യം യോഹന്നാനും അന്ത്രെയാസും ശിമോനുമൊക്കെ യോഹന്നാൻ സാനാപകൻ്റെ ശിഷ്യനായിരുന്നു. (യോഹ, 1:35-37). ആ സമയത്ത് സ്നാപകൻ്റെ സാക്ഷ്യം കേട്ടിട്ടാണ് അവർ യേശുവിൻ്റെ പിന്നാലെ ചെന്നതും, അന്ത്രെയാസ് പത്രൊസിനെ വിളിച്ചുകൊണ്ടു വന്നപ്പോൾ, യേശു അവന് പത്രൊസ് എന്നർത്ഥമുള്ള കേഫാ എന്നപേര് നല്കിയതും. എന്നാൽ അന്നൊന്നും അവർ യേശുവിൻ്റെ ശിഷ്യന്മാർ ആയിരുന്നില്ല.  ശിഷ്യന്മാർ തിരഞ്ഞെടുക്കപ്പെട്ട ക്രമത്തിൽ ഒന്നാമൻ ഫിലിപ്പോസാണ്. (യോഹ, 1:43). രണ്ടാമത്തെ ശിഷ്യൻ നഥനയേൽ അഥവാ ബർത്തൊലൊമായി ആണ്. (യോഹ, 1:45; മത്താ, 10:3). പിന്നീട് ഗലീല കടല്പുറത്തുനിന്ന് തിരഞ്ഞെടുക്കുന്ന നാലുപേരുടെ കൂട്ടത്തിലുള്ളതാണ് പത്രൊസ്. (മത്താ, 4:18-22). എങ്കിലും അപ്പൊസ്തലന്മാരിൽ ഒന്നാമനെന്നാണ് വിളിക്കപ്പെടുന്നത് പത്രൊസാണ്. (മത്താ, 10:2). അപ്പൊസ്തലന്മാരുടെ പട്ടിക പറയുന്നിടത്തൊക്കെയും പത്രൊസിൻ്റെ പേരാണ് ആദ്യം പറയുന്നതും. അതിൻ്റെ കാരണം: അന്ത്രെയാസ് പത്രൊസിനെ കൂട്ടിക്കൊണ്ടു വന്നിട്ട് യേശുക്രിസ്തു അവനെ കാണുന്ന സമയത്തുതന്നെ അപ്പൊസ്തലന്മാരിൽ പ്രഥമനായിട്ടും സഭയുടെ പ്രധാന വക്താവായും പത്രൊസിനെ കണ്ടിരുന്നു. അതുകൊണ്ടാണ് “ശ്രവണം എന്നർത്ഥമുള്ള ശിമോൻ എന്ന പേരു മാറ്റിയിട്ട് പാറക്കഷണം അഥവാ പത്രൊസ് എന്നർത്ഥമുള്ള കേഫാ എന്നാക്കിയത്.” ബൈബിളിൽ യഥാർത്ഥ പാറയെ കൂടാതെ ദൈവവത്തെയും (ഉല്പ, 49:24; 2ശമൂ, 22:3; 22:47; സങ്കീ, 18:2; 18:46), ക്രിസ്തുവിനെയും മാത്രമാണ് പാറയെന്ന് വിളിച്ചിരിക്കുന്നത്. (റോമ, 9:23; 1കൊരി, 10:4; 1പത്രൊ, 2:7). അതിനാൽ, ക്രിസ്തു തൻ്റെ സഭയുടെ പ്രധാന വക്താവായിക്കണ്ട ശിമോൻ്റെ പേർ പത്രോസ് എന്നർത്ഥമുള്ള കേഫാ എന്നാക്കിയത് യുക്തംതന്നെ. 

ഇനി, മത്തായി സുവിശേഷത്തിലെ വിഷയമെന്താണ്?

¹⁶ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. ¹⁷ യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. ¹⁸ നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. (മ്മതാ, 16:16-18).

18-ാം വാക്യം: യേശു പറയുന്നത്; നീ പാറയാകുന്നു എന്നല്ല “നീ പത്രൊസ് ആകുന്നു” എന്നാണ്; അതവൻ്റെ പേരാണ്. അടുത്തഭാഗം: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും.” ഏത് പാറമേൽ? 16-ാം വാക്യത്തിൽ: പത്രൊസ് ഏറ്റുപറഞ്ഞ ക്രിസ്തുവാകുന്ന പാറമേൽ. എന്താണ് തെളിവ്? “സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു; എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു എല്ലാവരും ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു–അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു.” (1കൊരി, 10:1-4). 17-ാം വാക്യത്തിൽ: പത്രൊസിൻ്റെ ഭാഗ്യാവസ്ഥ അതാണ്. ക്രിസ്തുവാണ് സഭയുടെ അടിസ്ഥാനവും സ്ഥാപകനുമെന്ന് സ്വർഗ്ഗസ്ഥനായ പിതാവ് അവന് വെളിപ്പെടുത്തി. (1പത്രൊ, 2:4,7). പൗലൊസ് പറയുന്നു: “യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.” (1 കൊരി 3:11).

പത്രൊസെന്ന അടിസ്ഥാനത്തിന്മേലല്ല സഭ പണിതിരിക്കുന്നത്; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലാണ്. ആത്മീയമായി ക്രിസ്തുവാണ് അടിക്കപ്പെട്ട പാറ. (പുറ, 17:6). ആ പാറയിൽനിന്ന് കുടിക്കുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല. അത് നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവയായിരിക്കും. (യോഹ, 4:13,14; 7:37-39). ക്രിസ്തുവാണ് സഭയുടെ അടിസ്ഥാനവും പ്രധാന മൂലക്കല്ലും: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.” (എഫെ, 2:20). അതായത്, ക്രിസ്തുവാകുന്ന പാറമേൽ പണിയപ്പെട്ട ദൈവസഭയുടെ അടിസ്ഥാനത്തിൽ മൂലക്കല്ലായ ക്രിസ്തുവിനൊപ്പം പത്രൊസിനും മറ്റ് അപ്പൊസ്തലന്മാർക്കും ഒരുപോലെ പങ്കുണ്ടെന്നല്ലാതെ, പത്രൊസിന് മാത്രമായി ഒരു വിശേഷതയും കല്പിച്ചിട്ടില്ല. ദൈവസഭയുടെ അടിസ്ഥാനവും മൂലക്കല്ലും ക്രിസ്തുവാണ്. എന്തെന്നാൽ അവൻ തൻ്റെ രക്തംകൊണ്ട് സമ്പാദിച്ചതാണ് സഭ: “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ, 20:28. ഒ.നോ: 1പത്രൊ, 1:18,19). തന്നിൽ വിശ്വസിക്കാത്തവർക്ക് ക്രിസ്തു ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായുമാണ്. (സങ്കീ, 118:22; റോമ, 9:32; 1പത്രൊ, 2:7).

പത്രൊസ് സഭയുടെ പ്രഥമ വക്താവായിരുന്നു എന്നല്ലാതെ, അവൻ്റെ മേലല്ല സഭ പണിയപ്പെട്ടിരിക്കുന്നത് എന്നതിന് ഇനിയും തെളിവുണ്ട്: “മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.” (1പത്രൊ, 2:4). ജീവനുള്ള കല്ലായ ക്രിസ്തുവിനോട് ചേർത്താണ് വിശ്വാസികളായ കല്ലുകൾ ചേർത്ത് പണിയപ്പെടുന്നത്; അല്ലാതെ പത്രൊസിനോട് ചേർത്തല്ല. പത്രൊസും ക്രിസ്തുവിനോട് ചേർത്ത് പണിയപ്പെട്ട ഒരു കല്ലാണ്.

ദൈവാലയം അഥവാ ദൈവസഭ, ജീവനുള്ള ദൈവത്തിൻ്റെ സഭയാണ്. (1തിമൊ, 3:15; 2കൊരി, 6:16). ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ വീണ്ടും ജനിച്ചവരാണ് ദൈവസഭയുടെ അംഗങ്ങൾ. (1പത്രൊ, 1:23). സഭ അനുദിനം പണിയപ്പെട്ടുകൊണ്ട് ഇരിക്കുകയാണ്. (എഫെ, 21). കർത്താവാണ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരിക്കുന്നത്. (പ്രവൃ, 2:46).

ദൈവപുത്രനും മൽക്കീസേദെക്കും

ദൈവപുത്രനും മൽക്കീസേദെക്കും

“അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.” (എബ്രായർ 7:3)

ദൈവപുത്രനും മൽക്കീസേദെക്കും തുല്യരാണെന്നും; ത്രിത്വത്തിലെ അംഗങ്ങൾ പിതാവും പുത്രനും മൽക്കീസേദെക്കും ആണെന്നും പറഞ്ഞുകൊണ്ടുള്ള ഒരു സഹോദരൻ്റെ വീഡിയോ കണ്ടിരുന്നു. ത്രിത്വോപദേശം സാത്താൻ സഭയിൽ നുഴയിച്ചു കയറ്റിയിട്ട് നിഖ്യാസുന്നഹദോസ് മുതൽ ഇന്നേക്ക് 1,700 വർഷമായി. ഇന്നുവരെയും ഒരഭിപ്രായൈക്യം ഈ ഉപദേശക്കാർക്ക് ഉണ്ടായിട്ടില്ലെന്നുള്ളത്, ഉപദേശത്തിൻ്റെ ഉടയവൻ സാത്താനാണെന്നതിൻ്റെ സ്ഫടികസ്ഫുടമായ തെളിവാണ്. ആ സഹോദരൻ പറഞ്ഞ ത്രിത്വത്തിലെ അംഗങ്ങൾ: സ്നേഹമായ പിതാവും, സ്നേഹമായ പുത്രനും, പുരോഹിതനായ മൽക്കീസേദെക്കുമാണ്. മൽക്കീസേദെക്കും പരിശുദ്ധാത്മാവും ഒന്നാണത്രേ. പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയല്ലെന്ന് ആരും പറയാതിരിക്കാനുള്ള ത്രിത്വത്തിൻ്റെ പുതിയ തന്ത്രമാണോ ഈ ഉപദേശമെന്നും അറിയില്ല. ഈ നൂതന ഉപദേശത്തിന് ആധാരമായി അദ്ദേഹം പറഞ്ഞത്, ദൈവപുത്രനും മൽക്കീസേദെക്കും തുല്യരാണെന്നാണ്. അതിനാൽ, എന്താണ് ദൈവപുത്രനും മൽക്കീസേദെക്കും തമ്മിലുള്ള തുല്യതയെന്നാണ് നാം പരിശോധിക്കുന്നത്:

മൽക്കീസേദെക് ശാലേം എന്ന രാജ്യത്തെ രാജാവായിരുന്നു. (ഉല്പ, 14:18; എബ്രാ, 7:1). ശാലേം എന്ന വാക്കിനർത്ഥം ‘സമാധാനം’ എന്നാണ്. (സങ്കീ, 33:18). ഇത് യെരൂശലേമിൻ്റെ പുരാതന നാമമാണ്. (സങ്കീ, 76:2). മൽക്കീസേദെക്കെന്ന പേരിന് ‘നീതിയുടെ രാജാവു’ എന്നാണർത്ഥം; ശാലേം രാജ്യത്തെ രാജാവാകയാൽ അഥവാ സമാധാനരാജ്യത്തെ രാജവാകയാൽ ‘സമാധാനത്തിന്റെ രാജാവു’ എന്നും പേരിനർത്ഥം വന്നു. (എബ്രാ, 7:2). മൽക്കീസേദെക്കിൻ്റെ പൗരോഹിത്യപദവിക്ക് സദൃശമായിട്ടാണ് ക്രിസ്തുവിൻ്റെ പൗരോഹിത്യപദവിയെ എബ്രായലേഖകൻ അവതരിപ്പിച്ചിരിക്കുന്നത്. (എബ്രാ, 7:14-16. ഒ.നോ: 5:6,10; 6:20; 7:11,16,17). യേശുവെന്ന ദൈവപുത്രനും മൽക്കീസേദെക്കും ലേവ്യപൗരോഹിത്യവുമായി ബന്ധമില്ലാത്ത പുരോഹിതന്മാരാണ്. മൽക്കീസേദെക് അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതനും (എബ്രാ, 7:1) അബ്രാഹാമിനെക്കാൾ ശ്രേഷ്ഠനുമാണ്. (എബ്രാ, 7:4). യുദ്ധം ജയിച്ചു മടങ്ങിവന്ന അബ്രാഹാം അവന്നു ദശാംശം കൊടുത്തു: (7:1).

അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല: എന്താണതിനർത്ഥം? അവൻ പിതാവോ മാതാവോ വംശാവലിയോ ഇല്ലാതെ ഉത്ഭവിച്ച അത്ഭുതമനുഷ്യൻ ആണെന്നാണോ? അല്ല. അവൻ്റെ പിതാവിനെക്കുറിച്ചോ മാതാവിനെക്കുറിച്ചോ അവൻ്റെ വംശാവലയെക്കുറിച്ചോ യാതൊന്നും ബൈബിളിലില്ല അഥവാ ദൈവം വെളിപ്പെടുത്തിയിട്ടില്ല എന്നാണർത്ഥം. ജീവാരംഭവും ജീവാവസാനവുമില്ല: ആരംഭവും അവസാനവും ഇല്ലാത്തത് ദൈവത്തിനാണ്: (സങ്കീ, 90:2). മല്ക്കസേദെക് ജീവാരംഭവും ജീവാവസാനവും ഇല്ലാത്ത ദൈവമല്ല; അവൻ്റെ ജീവാരംഭവും ജീവാവസാനവും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നാണർത്ഥം. അഥവാ പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഉൾക്കൊള്ളുന്ന ലേവ്യപൗരോഹിത്യ വംശാവലി രേഖകളിൽ അവൻ്റെ പേരില്ലെന്നാണ്. അല്ലാതെ, അവൻ അപ്പനുമമ്മയും വംശാവലിയും ജീവാരംഭവും അവസാനവുമില്ലാത്തവൻ ആണെന്നല്ല. യിസ്രായേൽ ജാതിയുടെ ചരിത്രവും ലേവ്യാപൗരോഹിത്യവും ആരംഭിക്കുന്നതിനു മുമ്പേയുള്ള പുരോഹിതനാണ് മൽക്കീസേദെക്.

അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു: ഈ ഭാഗം പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എങ്ങനെയാണ് മൽക്കീസേദെക് ദൈവപുത്രന് തുല്യനായത്? പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഉൾക്കൊള്ളുന്ന ലേവ്യപൗരോഹിത്യ വംശാവലി രേഖകകളിൽ മല്ക്കീസേദെക്കിൻ്റെയും ക്രിസ്തുവിൻ്റെയും പേരില്ല; അതാണവരുടെ തുല്യത. ക്രിസ്തു യെഹൂദാ ഗോത്രത്തിലും (എബ്രാ, 7:14) മല്ക്കീസേദെക്ക് ഏതോ ഒരു ഗോത്രത്തിലുമാണ് ജനിച്ചത്. യെഹൂദരുടെ ഇടയിൽ ഒരാൾ പുരോഹിതനാകാനുള്ള പ്രധാന യോഗ്യതയാണ് അഹരോന്യക്രമപ്രകാരമുള്ള പൗരോഹിത്യവംശാവലി. അതില്ലാത്ത രണ്ട് പുരോഹിതന്മാരാണ് മൽക്കീസേദെക്കും യേശുക്രിസ്തുവും; പൗരോഹിത്യരേഖ (വംശാവലി) സംബന്ധിച്ചു മാത്രമാണ് രണ്ടുപേരും തുല്യരായിരിക്കുന്നത്; അല്ലാതെ അസ്തിത്വം സംബന്ധിച്ചല്ല. ദൈവപുത്രനായ ക്രിസ്തു ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും (1തിമൊ, 3:15,16; 1പത്രൊ, 1:20) മെൽക്കീസേദെക്ക് കേവലം മനുഷ്യനുമാണ്: (ഉല്പ, 14:18).

പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഇല്ലാത്ത അഥവാ ബൈബിളിൽ പറഞ്ഞിട്ടില്ലാത്ത മറ്റൊരാളുകൂടിയുണ്ട്; ഏലീയാവ്. ചുഴലിക്കാറ്റുപോലെ പ്രത്യക്ഷനാകുകയും ചുഴലിക്കാറ്റിൽ എടുക്കപ്പെടുകയും ചെയ്ത പ്രവാചകൻ. (1രാജാ, 17:1; 2രാജാ, 2:11). ലേവ്യപൗരോഹിത്യ വംശാവലിയും യെഹൂദാ വംശാവലിയും രണ്ടും രണ്ടാണ്. യെഹൂദന്മാരുടെ മൊത്തത്തിലുള്ള വംശാവിലിൽനിന്ന് വിഭിന്നമാണ് രാജകീയ വംശാവലിയും പൗരോഹിത്യവംശാവലിയും. യെഹൂദനെന്ന നിലയിൽ ഏലീയാവിന് വംശാവലിയുണ്ടാകും; പക്ഷെ, ബൈബിളിൽ അത് പറഞ്ഞിട്ടില്ലന്നേയുള്ളു. എന്നാൽ മൽക്കീസേദെക്ക് യെഹൂദനല്ലാത്തതിനാൽ ആ നിലയിലുള്ള വംശാവലിപോലുമില്ല. അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതനും ശാലേം രാജ്യത്തിൻ്റെ രാജാവുമായിരുന്നു എന്നല്ലാതെ, ഏത് ജാതിയിലും ഗോത്രത്തിലും പെട്ടവനാണെന്നോ, അവർക്ക് വംശാവലി എഴുതി സൂക്ഷിക്കുന്നോ പതിവുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. ലേവ്യപൗരോഹിത്യ വംശാവിലിയിൽ അവനെക്കുറിച്ച് ഒരു വിവരവുമില്ല; അതാണ് എബ്രായലേഖകൻ ദൈവപുത്രൻ്റെ പൗരോഹിത്യം അവൻ്റെ പൗരോഹിത്യത്തിനു തുല്യമായി പറയാൻ കാരണം. 

ദൈവപുത്രന്നു തുല്യനെന്നു പറഞ്ഞിരിക്കുന്ന മൽക്കീസേദെക്കിന് മാത്രമാണ് പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ബൈബിളിൽ പറയാത്തത്. എന്നാൽ മദ്ധ്യസ്ഥനും (1തിമൊ, 2:5) മറുവിലയും (1തിമൊ, 2:6) മഹാപുരോഹിതനും (എബ്രാ, 3:1), മനുഷ്യനുമായ (1തിമൊ, 2:6) ദൈവപുത്രന്, പിതാവും (മത്താ, 1:25) മാതാവും (മത്താ, 1:16) വംശാവലിയും (മത്താ, 1:1-17; ലൂക്കൊ, 3:23-38) ജീവാരംഭവും (മത്താ, 2:1) ജീവാവസാനവും (മത്താ, 27:50) ബൈബിളിൽ പറഞ്ഞിട്ടുണ്ട്. (ദൈവപുത്രൻ്റെ ജീവാരംഭവും ജീവാവസാനവും എന്ന് പറയുന്നത്, അവൻ്റെ ഐഹിക ജീവിതമാണ്). പിന്നെങ്ങനെ മൽക്കീസേദെക്ക് ദൈവപുത്രനോട് തുല്യനാകും. അവരുടെ തുല്യതയെന്ന് പറയുന്നത്; വംശാവലിയിൽ പേരില്ലാത്ത പൂരോഹിതന്മാരെന്ന നിലയിൽ മാത്രമാണ്. ബാക്കിയെല്ലാറ്റിലും അവർതമ്മിൽ അജഗജാന്തരമുണ്ട്. “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” (മത്താ, 24:4).

മറ്റൊരു കാര്യസ്ഥൻ

മറ്റൊരു കാര്യസ്ഥൻ

“എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:16,17)

ത്രിത്വത്തിനു തെളിവായിട്ടാണ് അനേകർ മേല്പറഞ്ഞ വാക്യത്തെ മനസ്സിലാക്കുന്നത്. ബൈബിളിൻ്റെ മൗലിക ഉപദേശമാണ് ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നത്. (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24; 1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). ദൈവം ഏകനെന്നു മാത്രമല്ല പറയുന്നത്; അവൻ അനന്യനും ഗതിഭേദത്താലുള്ള ആഛാദനം ഇല്ലാത്തവനും കൂടിയാണ്. (എബ്രാ, 13:8; യാക്കോ, 1:17). അനന്യനെന്നാൽ എതിരറ്റ, ഒന്നിലധികമില്ലാത്ത, തുല്യമായി മറ്റൊന്നില്ലാത്ത എന്നൊക്കെയാണർത്ഥം. ഗതിഭേദത്താലുള്ള ആഛാദനം ഇല്ലെന്നു പറഞ്ഞാൽ; തൻ്റെ സ്ഥായിയായ അവസ്ഥയ്ക്ക് മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനെന്നർത്ഥം. ഈ യാഥാർത്ഥ്യം അംഗീകരിക്കാൻ കഴിയാത്തവർക്ക് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെ ഒരിക്കലും അറിയാൻ കഴിയില്ല. ദൈവം ഏകനെന്നത് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയും കൂടിയാണ്. (ആവ, 6:4). പഴയനിയമഭാഷയിൽ പറഞ്ഞാൽ അതൊരു അടയാളമായി കൈയ്യിലോ, പട്ടമായി നെറ്റിയിലോ അണിയേണ്ട സത്യമാണ്. (ആവ, 6:8). എങ്കിലും ഏതോ മിഥ്യാധാരണയിൽ ദൈവം ഒന്നിലേറെ വ്യക്തികളാണെന്ന് അനേകം ക്രൈസ്തവർ വിശ്വസിക്കുന്നു. 

എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും: ഇവിടെ രണ്ട് വ്യക്തികളുണ്ടല്ലോ? ഉണ്ട്. അപ്പോൾ ത്രിത്വത്തിന് തെളിവല്ലേ? അല്ല. എന്തുകൊണ്ടാണ്? ദൈവം ത്രിത്വമല്ല; ഏകനാണ്. പിതാവായ ഏകദൈവമേ നമുക്കുള്ളു. (യോഹ, 17:3; 1കൊരി, 6:6; എഫെ, 6:4). പിതാവായ ദൈവമെന്നല്ലാതെ, പുത്രനായദൈവമെന്നോ, പുത്രൻ ദൈവമാണെന്നോ, പരിശുദ്ധാത്മായ ദൈവമെന്നോ ഒരു പ്രയോഗം ബൈബിളിൽ ഒരിടത്തുമില്ല. ഏകസത്യദൈവം (the only true God) അഥവാ പിതാവ് മാത്രമാണ് സത്യദൈവമെന്ന യേശുക്രിസ്തുവിൻ്റെ വാക്കുകളെ നമുക്കെങ്ങനെ അവിശ്വസിക്കാൻ കഴിയും? പിതാവായ ദൈവത്തിൻ്റെ പ്രത്യക്ഷതയായ പരിശുദ്ധമനുഷ്യൻ മാത്രമായ പുത്രനാണ് “ഞാൻ പിതാവിനോട് ചോദിക്കും” എന്നു പറയുന്നത്. യേശുക്രിസ്തു ജഡത്തിൽ ദൈവം ആയിരുന്നില്ല. (യോഹ, 1:1). പാപമറിയാത്ത അഥവാ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാത്ത ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ട മനുഷ്യനായിരുന്നു. അഭിഷിക്തനല്ല ദൈവം; അഭിഷേകദാതാവാണ് ദൈവം. (മത്താ, 1:16; പ്രവൃ, 10:38). മനുഷ്യരുടെ പാപപരിഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനുമായി തന്നെത്താൻ യാഗമായത് ക്രിസ്തുയേശുവെന്ന മനഷ്യനാണ്. (1തിമൊ, 2:5,6). ഒന്നുകൂടി പറഞ്ഞാൽ; മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ 38 വർഷം (ബി.സി. 6 – എ.ഡി. 33) പാപജഡത്തിൻ്റെ സാദൃശ്യത്തിലും പാപം നിമിത്തവും പ്രത്യക്ഷനായി ജീവിച്ച് മരിച്ചുയിർത്തവൻ ‘ആരാകുന്നു‘ എന്ന് ചോദിച്ചാൽ; പാപമറിയാത്ത മനുഷ്യനാകുന്നു. അവൻ ‘ആരായിരുന്നു‘ എന്ന് ചോദിച്ചാൽ; യഹോവയായ ദൈവം ആയിരുന്നു. (യോഹ, 1:1; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16). ജഡത്തിൽ മനുഷ്യൻ മാത്രമായ യേശുവിൻ്റെകൂടെ സ്നാനംമുതൽ ദൈവമിരുന്ന് പ്രവർത്തിക്കുകയായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38).

പിതാവ് തന്നോടു കൂടെയുള്ള മറ്റൊരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. (8:16-19; 8:29; 14:23; 16:32). പിതാവ് എന്നോട് കൂടെയുള്ളതുകൊണ്ട് ഞാൻ ഏകനല്ലെന്നു പറയുന്നത് ഒരു മനുഷ്യനാണ്. യേശുവ്ന്ന മനുഷ്യൻ്റെ കൂടെയിരുന്ന് പ്രവർത്തിക്കുന്ന അദൃശ്യദൈവത്തെയും ചേർത്താണ് ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല (I am not alone) എന്നു പറയുന്നത്. അതിനാൽ, രണ്ട് വ്യക്തികൾ അവിടെ ഉണ്ടെന്നല്ലാതെ, ദൈവത്തിനോ യേശുവെന്ന മനുഷ്യനോ ബഹുത്വമുണ്ടാകുന്നില്ല. പെന്തെക്കൊസ്തിനുശേഷം ശിഷ്യന്മാരിൽ ആരൊടെങ്കിലും ചോദിച്ചാൽ അവനും ഇതുതന്നെ പറയുമായിന്നു: ദൈവം എൻ്റെകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ല (I am not alone). അതുകൊണ്ട് ദൈവത്തിനോ അപ്പൊസ്തലനൊ ബഹുത്വമുണ്ടാകുമോ? ഇന്ന് ഭക്തനായ ഏതൊരു മനുഷ്യനോട് ചോദിച്ചാലും അവനും പറയും; ലോകാവസാനത്തോളം കൂടെയിരിക്കാമെന്ന് വാക്കുപറഞ്ഞവൻ എന്നോടു കൂടെയുള്ളതുകൊണ്ട് ഞാൻ ഏകനല്ല (I am not alone). അവിടെയും ദൈവത്തിനും മനുഷ്യനും ബഹുത്വമില്ല; ദൈവവും ഏകനാണ്, മനുഷ്യനും ഏകനാണ്. പിതാവിനെയും ചേർത്ത് ഞങ്ങളെന്നും യേശു പറയുന്നുണ്ട്. (യോഹ, 14:23). ഇവിടെയൊന്നും ദൈവത്തിൻ്റെ ബഹുത്വമല്ലല്ലോ വിവക്ഷിക്കുന്നത്? അവിടെ ദൈവത്തിന് ബഹുത്വമുണ്ടെന്നോ മനുഷ്യന് ബഹുത്വമുണ്ടെന്നോ അർത്ഥമില്ല. ഒരു ദൈവവും ഒരു മനുഷ്യനും അഥവാ മനുഷ്യൻ ദൈവത്തെയും ചേർത്താണ് ഞങ്ങളെന്ന് പറയുന്നത്. ദൈവവും മനുഷ്യനും ചേർന്നാൽ; രണ്ടു വ്യക്തികളാകും എന്നല്ലാതെ, ദൈവത്തിനോ മനുഷ്യനോ തന്നിൽതന്നെ ബഹുത്വമുണ്ടാകുന്നില്ല. അതായത്, ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി മനുഷ്യനായി പ്രത്യക്ഷനായി നില്ക്കുന്ന 38 വർഷം ദൈവവും മനുഷ്യനുമെന്ന രണ്ട് വ്യക്തികൾ ഉണ്ടായിരുന്നു. പ്രത്യക്ഷനായവൻ അപ്രത്യക്ഷനായപ്പോൾ അഥവാ സ്വർഗ്ഗാരോഹണം ചെയ്തശേഷം മനുഷ്യവ്യക്തി പിന്നെയില്ല. പ്രത്യക്ഷനായവൻ അപ്രത്യക്ഷമായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ലല്ലോ? രക്ഷാകരപ്രവൃത്തി പൂർത്തിയായശേഷം; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകസത്യദൈവത്തിൻ്റെ വെളിപ്പാടുകളും (മത്താ, 28:19) യേശുക്രിസ്തു എന്നത് ഏകദൈവത്തിൻ്റെ നാമവുമായി മാറി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). യേശുവിനെ യഥാർത്ഥമായി അറിയണമെങ്കിൽ ക്രിസ്തുയേശു എന്ന ദൈവത്താൽ അഭിഷിക്തനായ മനുഷ്യനെയും (പ്രവൃ, 10:38), യേശുക്രിസ്തുവെന്ന ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നേക്കും അനന്യനുമായ മഹാദൈവത്തെയും വേർതിരിച്ച് മനസ്സിലാക്കണം. (വെളി, 1:17; എബ്രാ, 13:8; തീത്തൊ, 2:12). യേശുവെന്ന പരിശുദ്ധമനുഷ്യൻ ജനനത്തിനുമുമ്പെ ഇല്ലായിരുന്നു; സ്വർഗ്ഗാരോഹണത്തിനു ശേഷവുമില്ല. യേശുക്രിസ്തുവെന്ന മഹാദൈവം എന്നുമെന്നേക്കൂം ഉള്ളവനാണ്. ഒരു വ്യത്യാസമേയുള്ളു: അവൻ്റെ പഴയനിയമത്തിലെ പേര് യഹോവ എന്നായിരുന്നു. (1തിമൊ, 3:14-16). അഥവാ യഹോവയും യേശുക്രിസ്തുവെന്ന മഹാദൈവവും ഒരാളാണ്. [കാണുക: ക്രിസ്തുയേശുവെന്ന മനുഷ്യനും യേശുക്രിസ്തുവെന്ന മഹാദൈവവും]

ജഡത്തിൽ പ്രത്യക്ഷനായി നിന്ന മനുഷ്യനും ദൈവപിതാവുമെന്ന രണ്ട് വ്യക്തിയെയും ചേർത്ത് ട്രിനിറ്റി ദൈവത്തിൻ്റെ ബഹുത്വമായി മനസ്സിലാക്കുന്നു. പ്രത്യക്ഷനായി നില്ക്കുന്ന മനുഷ്യൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവുമാണെന്നും, ദൈവത്തിൻ്റെ ആത്മാവ് മറ്റൊരു വ്യക്തിയാണെന്നും അതിനാൽ, ദൈവം ത്രിത്വമാണെന്നും അവർ വിശ്വസിക്കുന്നു. ട്രിനിറ്റിയോട് പറയട്ടെ; മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ കേവലം മുപ്പത്തെട്ടു വർഷമാണ് ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യൻ ഉണ്ടായിരുന്നത്. ജഡത്തിൽ പ്രത്യക്ഷനാകുന്നതിനു മുമ്പ് അവനില്ലായിരുന്നു. ശുശ്രൂഷതികച്ച് അപ്രത്യക്ഷമായ ശേഷവും യേശുവെന്ന അഭിഷിക്തമനുഷ്യൻ മറ്റൊരു വ്യക്തിയായില്ല. പിന്നെയാരാണുള്ളത്? യേശുക്രിസ്തു എന്നു നാമമുള്ളവനും, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന പദവികളുള്ളതുമായ ഏകദൈവമാണുള്ളത്. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). വൺനെസ്സുകാരിൽ പലരും; ജഡത്തിൽ യേശുവിനെ മറ്റൊരു വ്യക്തിയായി മനസ്സിലാക്കുന്നില്ല. ദൈവത്തെയും ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യനും ഒരു വ്യക്തിയാണെന്ന് അവർ വിശ്വസിക്കുന്നു. സുവിശേഷങ്ങളിലെ അനേകം വാക്യങ്ങളിൽ ദൈവപിതാവിനെയും യേശുവെന്ന മനുഷ്യനെയും രണ്ട് വ്യക്തികളായി പറഞ്ഞിട്ടുണ്ട്. പിതാവിനെ തൻ്റെകൂടെയുള്ള മറ്റൊരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 10:22; യോഹ, 5:32,37; 8:16-19,29,54; 14:23; 15:24; 16:32). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ‘ എന്നും യേശു പറയുന്നതായി കാണാം. കൂടാതെ, പരിശുദ്ധാത്മാവിനെ “മറ്റൊരു കാര്യസ്ഥൻ” എന്ന് പറഞ്ഞിരിക്കുന്ന പോലെ, പിതാവിനെയും “മറ്റൊരുത്തൻ” എന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 5:32. ഒ.നോ: 5:37). സ്നാനസമയത്ത് തന്നെ അഭിഷേകംചെയ്ത് തൻ്റെകൂടെ വസിക്കുന്ന ദൈവം മറ്റൊരു വ്യക്തിയാണെന്ന് യേശു തന്നെ പറയുമ്പോൾ, അങ്ങനല്ലെന്ന് പറയാൻ എങ്ങനെ കഴിയും. (മത്താ, 3:16; പ്രവൃ, 10:38). സത്യത്തിനു വിരുദ്ധമായി നിങ്ങൾക്ക് വചനത്തെ എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയും? യേശുക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; പരിശുദ്ധമനുഷ്യൻ മാത്രമാണെന്ന വസ്തുതയും വൺനെസ്സുകാരിൽ പലരും വിശ്വസിക്കുന്നില്ല. അതിനാൽ അവർക്ക് ദൈവത്തിൻ്റെ യഥാർത്ഥ രക്ഷാകരപ്രവൃത്തി എന്താണെന്ന് മനസ്സിലാകുന്നില്ല. (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?)

ജഡത്തിൽ മാത്രമാണ് പുത്രൻ മറ്റൊരു മനുഷ്യവ്യക്തിയായി ഉണ്ടായിരുന്നത്. യേശുവിൻ്റെ സ്വർഗ്ഗാരോഹണശേഷം അഥവാ പ്രത്യക്ഷനായവൻ അപ്രത്യക്ഷമായശേഷം പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ പദവികളായതു കൊണ്ടാണ്, സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനായ പത്രൊസ് വിളിച്ചുപറയുന്നത്; “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). പഴയനിയമത്തിലെ ഒരു വാക്യംകൂടി കാണുക: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). ത്രിത്വം എന്തു വിചാരിക്കുന്നു: പത്രൊസിന് അറിയില്ലായിരുന്നോ, യഹോവയല്ലാതെ മറ്റൊരു രക്ഷിതാവില്ലെന്ന്? യഹോവ തന്നെയാണ് യേശുക്രിസ്തു. യഹോവയുടെ പ്രത്യക്ഷതയാണ് ജഡത്തിൽ വെളിപ്പെട്ട മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനുമായ ക്രിസ്തു. ജഡത്തിൽ വന്ന ഈ അഭിഷിക്ത മനുഷ്യനാണ് പറയുന്നത്; “ഞാൻ പിതാവിനോടു ചോദിക്കും.” എന്തിനുവേണ്ടിയാണ് ചോദിക്കുന്നത്; പരിശുദ്ധാത്മാവെന്ന കാര്യസ്ഥനുവേണ്ടി.

അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും: കാര്യസ്ഥനെ കുറിക്കുന്ന പാരക്ലിറ്റൊസ് (parakletos) എന്ന ഗ്രീക്കുപദം അഞ്ചു പ്രാവശ്യമുണ്ട്. നാലുപ്രാവശ്യം പരിശുദ്ധാത്മാവിനെ കുറിക്കാനും (യോഹ, 14:16,26; 15:26; 16:7), യേശുവിനെ കുറിക്കാൻ ഒരു പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. (1യോഹ, 2:1). മറ്റൊരു കാര്യസ്ഥൻ (another counselor): പരിശുദ്ധാത്മാവിനെയാണ് അവിടെ മറ്റൊരു കാര്യസ്ഥനെന്ന് പറയുന്നത്. മറ്റൊരു കാര്യസ്ഥനാടുള്ള ബന്ധത്തിൽ രണ്ടു ചോദ്യമുണ്ട്: ഒന്ന്; പരിശുദ്ധാത്മാവ് ആരാണ്?: ദൈവം ഏകാത്മാവായിരിക്കെ (യോഹ, 4:24), ദൈവത്തിൻ്റെ ആത്മാവാരാണെന്ന് ചോദിച്ചാൽ, ദൈവം തന്നെയാണെന്നാണ് ഉത്തരം. മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയാണെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ ബൈബിളിൽ അതിന് യാതൊരു തെളിവുമില്ല. ക്രിസ്തു ദൈവത്തിൻ്റെ ദൃശ്യമായ വെളിപ്പാടും പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടുമാണ്. ദൈവാത്മാവ് സ്നാനം മുതൽ ക്രിസ്തുവിൽ ആവസിച്ചിരുന്നു. (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). താൻ ദൈവാത്മാവിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്നും (മത്താ, 12:28), കർത്താവിൻ്റെ ശക്തിയാലാണ് അത്ഭുതങ്ങൾ പ്രവർത്തിക്കന്നതെന്നും പറഞ്ഞു. (ലൂക്കൊ, 5:17). എന്നാൽ, ഒരിടത്തും പരിശുദ്ധാത്മാവിനെ തൻ്റെകൂടെയുള്ള ഒരു വ്യക്തിയായി യേശു പറഞ്ഞിട്ടില്ല. അപ്പോൾത്തന്നെ, പിതാവ് തൻ്റെകൂടെ വസിക്കുന്ന ഒരു വ്യക്തിയായി യേശു പലവട്ടം പറഞ്ഞിട്ടുണ്ട്. “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16. ഒ.നോ: 8:17,29; 16:32). നോക്കുക; പിതാവിനെയും തന്നെയും ചേർത്താണ് രണ്ട് വ്യക്തികൾ എന്നു യേശു പറയുന്നത്. പിതാവിനെയും തന്നെയും ചേർത്ത് ‘ഞങ്ങൾ’ എന്നും യേശു പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). അപ്പൊസ്തലന്മാരിൽ ഒന്നാമനായ പത്രൊസ് പറയുന്നത്; ദൈവം യേശുവിനെ പരിശുദ്ധാത്മാവിൽ അഭിഷേകം ചെയ്തിട്ട് ദൈവമാണ് കൂടെയിരുന്നതെന്നാണ്. (പ്രവൃ, 10:38). യേശുവിൻ്റെമേൽ ആവസിച്ചത് പരിശുദ്ധാത്മാവും ദൈവശക്തിയുമാണെങ്കിൽ, തൻ്റെകൂടെയുണ്ടായിരുന്ന വ്യക്തി ദൈവപിതാവാണെന്ന് പത്രൊസും, യേശുക്രിസ്തുവും ആവർത്തിച്ചു പറയുന്നു. ആകയാൽ, സ്നാനസമത്ത് തൻ്റെമേൽ ആവസിച്ച് കൂടെയിരുന്ന പരിശുദ്ധാത്മാവിനെയാണ് യേശു പിതാവെന്ന് പറയുന്നതെന്ന് മനസ്സിലാക്കാം. അടുത്ത തെളിവ്: സമവീക്ഷണ സുവിശേഷങ്ങളിൽ എല്ലാറ്റിലും പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്: “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്താ 12:31,32. ഒ.നോ: മർക്കൊ, 3:28,29; ലൂക്കൊ, 12:10). പിതാവാണ് തൻ്റെ കൂടെ വസിക്കുന്നതെന്ന് യേശു ആവർത്തിച്ചു പറയുന്നത് മുകളിൽ നാം കണ്ടു. എന്നാൽ താൻ ചെയ്ത അത്ഭുതപ്രവൃത്തികൾ ദൂരാത്മാവിൽ ആരോപിച്ചവരോട് യേശു പറയുന്നു: മനുഷ്യപുത്രനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ല. തൻ്റെ കൂടെ വസിക്കുന്നത് പിതാവാണെന്ന് പറയുകയും, ആത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കുകയില്ലെന്ന് പറയുകയും ചെയ്താൽ, പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്ന് വ്യക്തമായില്ലേ? ഇനിയുമുണ്ട് തെളിവ്: മറിയ ഗർഭിണിയായതും യേശുവെന്നു പേരുള്ള പരിശുദ്ധമനുഷ്യനെ പ്രസവിച്ചതും പരിശുദ്ധാത്മാവിലാണെന്ന് മൂന്നുവട്ടം പറഞ്ഞിട്ടുണ്ട്. (മത്താ, 1:18,20; ലൂക്കൊ, 1:35). പിതാവിനാലാണ് യേശു ജനിക്കുന്നതെന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. ജനിപ്പിക്കുന്നവനല്ലേ പിതാവ്? പിതാവും പരിശുദ്ധാത്മാവും ഒരാളല്ലെങ്കിൽ, യേശുവിന് രണ്ട് പിതാവുണ്ടെന്ന മ്ലേച്ഛമായ ഉപദേശമല്ലേ ത്രിത്വം വിശ്വസിക്കുന്നത്? ദൈവമെന്നു പറഞ്ഞാലും പരിശുദ്ധാത്മാവെന്നു പറഞ്ഞാലും ഒരുവ്യക്തി തന്നെയാണ്. ഇതാണ് ബൈബിളിൻ്റെ ഉപദേശം; ബാക്കിയെല്ലാം ദുരുപദേശങ്ങളാണ്. [കൂടുതൽ അറിയാൻ കാണുക: യേശുവിൻ്റെ സ്നാനം; വ്യക്തികളും വസ്തുതയും]

രണ്ട്; പരിശുദ്ധാത്മാവ് മറ്റൊരു കാര്യസ്ഥനാകുന്നത് എങ്ങനെ?: ദൈവവും ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും ഒന്നുതന്നെ തന്നെയായതുകൊണ്ടാണ് മറ്റൊരു കാര്യസ്ഥനെന്ന് പറയുന്നത്. പരിശുദ്ധാത്മാവിനെ ‘മറ്റൊരു കാര്യസ്ഥൻ‘ എന്ന് പറയുന്നതുപോലെ (യോഹ, 14:16), പിതാവിനെയും ‘മറ്റൊരുത്തൻ‘ എന്ന് പറയുന്നതായി നാം മുകളിൽ ചിന്തിച്ചതാണ്. (യോഹ, 5:32,37). പിതാവിനെ അഥവാ പരിശുദ്ധാത്മാവിനെ മറ്റൊരു കാര്യസ്ഥനായി യേശു പറയുന്നത് എന്തുകൊണ്ടാണ്? യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ചതിൻ്റെ പിറ്റേന്ന്, അറസ്റ്റുവരിക്കുന്ന അന്നാണ് തൻ്റെ ശിഷ്യന്മാരോട് ഇതൊക്കെ പറയുന്നത്. യേശുവിൻ്റെ ജഡത്തിലുള്ള ശുശ്രൂഷ പിറ്റേന്ന് ക്രൂശുമരണം കൂടി കഴിഞ്ഞാൽ തീരുകയാണ്. എന്നുവെച്ചാൽ, ജഡപ്രകാരം യേശുവിനിനി ശിഷ്യന്മാരോടുകൂടി വസിക്കാൻ കഴിയില്ല. മറ്റൊരു കാര്യസ്ഥനെക്കുറിച്ചു പറഞ്ഞശേഷം യേശു പറയുന്നതു നോക്കുക: “ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ, 14:17). അടുത്തവാക്യം: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹ, 14:18). അപ്പോൾ വരുന്നതാരാണ്? യേശുക്രിസ്തു തന്നെയാണ് വരുന്നത്. പിന്നെന്തുകൊണ്ടാണ് മറ്റൊരു കാര്യസ്ഥനെന്ന് പറഞ്ഞത്? പിതാവും പരിശുദ്ധാത്മാവും ഒരാളാണെന്ന് മുകളിൽ നാം കണ്ടതാണ്. യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ്റെ ഭൂമിയിലെ ശുശ്രൂഷ കഴിഞ്ഞാൽ; താൻ സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷനാകും. പിന്നെ യേശുവെന്ന മനുഷ്യനില്ല; യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവം മാത്രമേയുള്ളു. മനുഷ്യനെന്ന നിലയിൽ എല്ലാക്കാലവും ശിഷ്യന്മാരോടുകൂടെ വസിക്കാൻ തനിക്ക് കഴിയില്ല; എന്നാൽ മറ്റൊരു കാര്യസസ്ഥനായി; ആത്മാവെന്ന നിലയിൽ തനിക്ക് ലോകാവസാനത്തോളം തൻ്റെ മക്കളോടൊപ്പം വസിക്കാൻ കഴിയും. പതിനാറാം അദ്ധ്യായത്തിൽ ‘ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം’ എന്ന് പറയുന്നതും അതുകൊണ്ടാണ്. (യോഹ, 16:7). താൻ ശുശ്രൂഷ തികച്ച് പോയി മടങ്ങിവന്നാൽ; മറ്റൊരു കാര്യസ്ഥനായി എന്നേക്കും നിങ്ങളോടുകൂടെ ഉണ്ടാകും. അതിനടുത്തവാക്യം: “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” (യോഹ, 14:19). ഈ വാക്യത്തിൻ്റെ ആദ്യഭാഗം തൻ്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള പ്രസ്താവനയാണ്. യേശു പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങളോ എന്നെ കാണും.” യേശു ജഡത്തിൽ വന്നപ്പോൾ ലോകം അവനെ കണ്ടു. പക്ഷെ, ആത്മശരീരത്തിൽ വരുമ്പോൾ ലോകം കാണുകയില്ല തൻ്റെ മക്കൾ മാത്രമേ കാണുകയും അറിയുകയും ചെയ്യുകയുള്ളു. അടുത്തഭാഗം: “ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.” നിത്യജീവനായ ക്രിസ്തുവാണ് വിശ്വാസിയോടെ ഉള്ളിൽ വന്ന് ജീവിക്കുന്നത്. അടുത്തവാക്യം: “ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.” (യോഹ, 14:20). ഈ വാക്യം യേശു മൂന്നാം പ്രാവശ്യമാണ് പറയുന്നത്. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറഞ്ഞശേഷം രണ്ടുവട്ടം താൻ ഈ വാക്യം പറഞ്ഞു: (14:10,11). നിത്യമായ അർത്ഥത്തിൽ താനും പിതാവും ഭിന്നരല്ല; ഒരു വ്യക്തതന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ആ വാക്യം. 28-ാം വാക്യം:ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ;” അപ്പോൾ ആരാണ് അദൃശ്യമായ ശരീരത്തിൽ അഥവാ ആത്മാവായി മടങ്ങിവരുന്നത്; താൻതന്നെയാണ്. സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് മഹാനിയോഗം നല്കിയശേഷം യേശു ശിഷ്യന്മാരോട് വ്യക്തമായി അക്കാര്യം പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്താ, 28:19). ആത്മാവ് എന്നേക്കും കൂടെയിരിക്കുമെന്നും (യോഹ, 14:16); താൻ എന്നേക്കും കൂടെയിരിക്കുമെന്നും (മത്താ, 28:19) അഭിന്നമായി പറയുന്നതും നോക്കുക. യേശുവാണ് ജീവിപ്പിക്കുന്ന ആത്മാവും ജനിപ്പിക്കുന്ന പിതാവും: “ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.” (1കൊരി, 15:45). “അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.” (1യോഹ, 2:29). യേശുക്രിസ്തു തന്നെയാണ് മറ്റൊരു കാര്യസ്ഥനായി അഥവാ ആത്മരൂപത്തിൽ വന്ന് നമ്മെ വീണ്ടുംജനിപ്പിച്ചുകൊണ്ട് നമ്മോടുകൂടെ വസിക്കുന്നതെന്ന് വ്യക്തമായില്ലേ? (എഫെ, 4:6). യേശുക്രിസ്തുവും പരിശുദ്ധാത്മാവും ഭിന്നരല്ലെന്നതിൻ്റെ മറ്റൊരു തെളിവ്: “അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.” (പ്രവൃ, 16:6,7). പരിശുദ്ധാത്മാവെന്നും യേശുവിൻ്റെ ആത്മാവെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നതു നോക്കുക.

ഇതിനൊപ്പം ചിന്തിക്കേണ്ട ഒരു വസ്തുതകൂടിയുണ്ട്: ഫിലിപ്പിൻ്റെ കൈസര്യയിൽ വെച്ച് യേശു തൻ്റെ സഭയെക്കുറിച്ചുള്ള നിർണ്ണയം പ്രസ്താവിക്കുകയുണ്ടായി: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.” (മത്താ, 16:18). ഞാൻ എൻ്റെ സഭയെ പണിയും: പലരും പ്രസംഗിച്ച് നിങ്ങൾ കേട്ടിട്ടുണ്ട്; യേശുക്രിസ്തു ഒരു സഭയും പണിതിട്ടില്ല; പരിശുദ്ധാത്മാവാണ് സഭ പണിതത്. അപ്പോൾ, യേശുക്രിസ്തുവിൻ്റെ പ്രഖ്യാപനം പാളിപ്പോയോ? യേശുവിന് വഴിയൊരുക്കാൻ വന്ന സ്നാപകനും ഒരുകാര്യം പ്രവചിച്ചിരുന്നു: “ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16). ഏലീയാവിൻ്റെ ആത്മാവോടും ശക്തിയോടും കൂടെവന്ന സ്നാപകൻ്റെ പ്രവചനവും പിഴച്ചുവോ? യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ തൻ്റെ പരിശുദ്ധാത്മാവിനാൽ സ്നാനം ചെയ്തതാരാണ്? യഹോവയായ ദൈവം. (മത്താ, 3:16; മർക്കൊ,1:8;ലൂക്കൊ, 3:22). യേശുവിനെ പരിശുദ്ധാത്മാവിനാൽ സ്നാനം ചെയ്തിട്ട് ദൈവം അവനെ വിട്ടുപോകയല്ല ചെയ്തത്; ക്രൂശിലെ മരണത്തോളം കൂടെയിരിക്കുകയാണ് ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: മത്താ, 27:46). ജഡത്തിൽ പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ, മറ്റൊരു വ്യക്തിയായി ഇല്ലെന്നും; ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായി കഴിഞ്ഞപ്പോൾ; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ മൂന്ന് പദവിയും (മത്താ, 28:19); യേശുക്രിസ്തുവന്നത് പേരുമായി മാറിയെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. (പ്രവൃ, (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു സ്വർഗ്ഗാരോഹണത്തിന്നു ശേഷവുമില്ല; യഹോവ അഥവാ യേശുക്രിസ്തു എന്ന മഹാദൈവം മാത്രമേ അന്നുമിന്നും എന്നേക്കുമുള്ളു. (എബ്രാ, 13:8). അപ്പോൾ പെന്തെക്കൊസ്തിൽ പരിശുദ്ധാത്മാവിൽ തൻ്റെ അപ്പൊസ്തലന്മാർക്ക് സ്നാനം നല്കിയതാരാണ്? യേശുക്രിസ്തു. (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16). തൻ്റെ സഭ സ്ഥാപിച്ചതാരാണ്? യേശുക്രിസ്തു. (മത്താ, 16:18). തൻ്റെ മക്കളോടൊപ്പം ലോകാവസാനത്തോളം കൂടെയിരിക്കുന്നതാരാണ്? യേശുക്രിസ്തു. (മത്താ, 28:19). അപ്പോൾ, എന്നേക്കും കൂടെയിരിക്കുകയും, സകലസത്യത്തിലും വഴിനടത്തുകയും ചെയ്യുന്നതാരാണ്? യേശുക്രിസ്തു. (യോഹ, 14:16; 16:13). 

ഞാൻ എൻ്റെ സഭ പണിയും: ട്രിനിറ്റി പഠിപ്പിക്കുന്നപോലെ; ദൈവം മൂന്നു വ്യക്തിയായിരിക്കുകയും, പരിശുദ്ധാത്മാവെന്ന മറ്റൊരു വ്യക്തിയാണ് സഭ പണിയുകയും ചെയ്തതെങ്കിൽ, യേശുവിൻ്റെ പ്രഖ്യാപനവും സ്നാപകൻ്റെ പ്രവചനവും പാളിപ്പോയില്ലേ? മറ്റൊരു കാര്യസ്ഥനെന്നാൽ, മനുഷ്യനല്ലാത്ത മറ്റൊരു വ്യക്തിയായി താൻതന്നെ വരുന്നതിനെക്കുറിച്ചാണ് യേശു പറയുന്നത്: “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും” (യോഹ, 14:18); “കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും” (യോഹ, 14:19); “ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ;” (യോഹ, 14:28) “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” (മത്താ, 28:19) എന്നൊക്കെ അരുളിച്ചയ്തവൻ തന്നെയാണ് ആത്മാവായി നമ്മോടൊപ്പം വസിക്കുന്നത്. ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യദൈവവും; സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ പ്രത്യക്ഷനായിരുന്ന് നിത്യം ആരാധന കൈക്കൊള്ളുന്നവനും; കാലസമ്പൂർണ്ണതയിൽ ജഡത്തിൽ വെളിപ്പെട്ടവനും; പരിശുദ്ധാത്മായി ലോകാവസാനത്തോളം നമ്മോടുകൂടെ വസിക്കുന്നവനും ഒരേയൊരുവനാണ്. “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:6).

പിതാവായ ദൈവം തൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യനെ എപ്രകാരം പരിശുദ്ധാത്മാവിൽ അഭിഷേകം ചെയ്തശേഷം മരണവരെ അവൻ്റെ കൂടെ വസിച്ചുവോ (മത്താ, 3:16; പ്രവൃ, 10:38), അപ്രകാരമാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവായ യേശുക്രിസ്തുവെന്ന ഏകദൈവം തൻ്റെ കാന്തയായ സഭയെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിച്ച് ലോകാവസാനത്തോളം കൂടെയിരിക്കുന്നത്. (മത്താ, 3:11; 16:18; 28:19; പ്രവൃ, 2:1-4,38). “അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം.” (മത്താ, 19:26). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ!

രണ്ടാം സങ്കീർത്തനം

രണ്ടാം സങ്കീർത്തനം

രണ്ടാം സങ്കീർത്തനത്തിൻ്റെ എഴുത്തുകാരൻ ദാവീദാണ്. (പ്രവൃ, 4:25,26). ഈ സങ്കീർത്തനം ദൈവപുത്രനായ ക്രിസ്തുവിൻ്റെ നിത്യാസ്തിക്യത്തെ കുറിക്കുന്നതായി ത്രിത്വം പഠിപ്പിക്കുന്നു. എന്തെന്നാൽ, സങ്കീർത്തനം 2:7 വാക്യം ക്രിസ്തുവിൻ്റെ അനാദിനിത്യതയിലെ ജനനത്തെ കുറിക്കുന്നതായി അവർ വിശ്വസിക്കുന്നു. “ദൈവത്തിന്റെ ഏകപുത്രനും; സർവ്വലോകങ്ങൾക്കും മുമ്പെ; പിതാവിൽനിന്ന് ജനിച്ചവനും” എന്ന നിഖ്യാ വിശ്വസപ്രമാണത്തിലെ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രയോഗം സങ്കീർത്തനം 2:7 അടിസ്ഥാനമാക്കിയുള്ളതാണ്. ത്രിത്വത്തിൻ്റെ ആ വാദം ദൈവവചനപ്രകാരം തരിമ്പും നിലനില്ക്കുന്നതല്ലെന്ന് തെളിയിച്ചുകൊണ്ടാകട്ടെ നമ്മുടെ ഈ സങ്കീർത്തനപഠനം. 

ഒന്ന്; രണ്ടാം സങ്കീർത്തനം ക്രിസ്തുവിനെ കുറിച്ചാണെങ്കിലും, യേശുക്രിസ്തുവിനെ കുറിച്ചുള്ളതല്ല. പുതിയനിയമത്തിൽ രണ്ടാം സങ്കീർത്തനത്തിൻ്റെ ചില വാക്യങ്ങൾ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ഉദ്ധരിച്ചിരിക്കുന്നതിനാലാണ്, അതിലെ അഭിഷിക്തൻ യേശുക്രിസ്തുവാണെന്ന് അനേകരും ധരിച്ചുവെച്ചിരിക്കുന്നത്. ഈ തെറ്റായ ധാരണമൂലം അനേകം ദുരുപദേശങ്ങളും സഭയ്ക്കകത്ത് കടന്നുകൂടി. അതിൽ പ്രധാനപ്പെട്ടതാണ്: ദൈവത്തിൻ്റെ ബഹുത്വം, ത്രിത്വം, ത്രിയേകത്വം, ത്രിത്വത്തിൽ ഒന്നാമൻ, രണ്ടാമൻ, മൂന്നാമൻ, മൂന്നാളത്തം, അവതാരം, നിത്യപുത്രൻ, ഐക്യത്തിലൊന്നു, സാരാംശത്തിലൊന്നു, ഇരുപ്രകൃതി അഥവാ ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതി തുടങ്ങിയവ. യേശുക്രിസ്തുവിനെക്കാൾ മുമ്പെ അനേകം ക്രിസ്തുക്കൾ അഥവാ അഭിഷിക്തന്മാരും പുത്രന്മാരും ദൈവത്തിനുണ്ടെന്നത് ആദ്യം വിശ്വാസികൾ തിരിച്ചറിയണം. പഴയനിയമത്തിലെ പതിനെട്ട് അഭിഷിക്തന്മാരുടെ പേർ ബൈബിളിൽ പറഞ്ഞിട്ടുണ്ട്. പുതിയനിയമത്തിൽ യേശുവിനെ കൂടാതെ പഴയനിയമത്തിലെ രണ്ട് അഭിഷിക്തന്മാരുടെ പേരുകൾ പറഞ്ഞിട്ടുണ്ട്. (കാണുക: ദൈവത്തിൻ്റെ ക്രിസ്തു)

ദൈവത്തിനു അനേകം മക്കളുണ്ടെന്നു ബൈബിൾ പറയുന്നു: ദൈവത്തിൻ്റെ ഒരേയൊരു പുത്രനാണ് യേശുക്രിസ്തു എന്നാണ് അനേകരും മനസ്സിലാക്കുന്നത്. ക്രിസ്തുവിനു മുമ്പും പിമ്പും അനേകം പുത്രന്മാർ ദൈവത്തിനുണ്ടെന്ന വസ്തുത അനേകരും അറിയാതിരിക്കുകയും ചുരക്കം ചിലർ അറിഞ്ഞിട്ടും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നു: ദൈവത്തിൻ്റെ ആദ്യപുത്രന്മാർ ദൂതന്മാരാണ്. (ഇയ്യോ, 1:6; 2:1; 38:6). രണ്ടാമത്തെ പുത്രൻ ആദാം. (ലൂക്കൊ, 3:38). മൂന്നാമത്തെ പുത്രന്മാർ ശേത്തിൻ്റെ സന്തതികളാണ്. (ഉല്പ, 6:2,4). നാലാമത്തെ പുത്രൻ യിസ്രായേൽ. (പുറ, 4:22). അഞ്ചാമത്തെ പുത്രൻ എഫ്രയീം. (യിരെ, 31:9). ആറാമത്തെ പുത്രൻ ക്രിസ്തുവെന്ന പരിശുദ്ധമനുഷ്യൻ. (ലൂക്കൊ, 1:32,35). ഏഴാമത് പുത്രീപത്രന്മാരാണുള്ളത്: ക്രിസ്തുവിശ്വസികൾ. (1യോഹ, 3:1,2). യേശുക്രിസ്തു അനേകരുടെ പുത്രനാണെന്നും പറഞ്ഞിട്ടുണ്ട്: 1. ദൈവപുത്രൻ (മത്താ, 3:17). 2. മനുഷ്യപുത്രൻ (മത്താ, 8:20). 3. അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1; ഗലാ, 3:16). 4. ദാവീദിന്റെ പുത്രൻ (മത്താ, 1:1). 5. മറിയയുടെ പുത്രൻ (മത്താ, 1:21). 6. യോസേഫിൻ്റെ പുത്രൻ (മത്താ, 1:25). 7. സ്ത്രീയുടെ (യിസ്രായേൽ) സന്തതി: (ഗലാ, 4:4. ഒ.നോ: മീഖാ, 5:2,3; ഉല്പ, 3:15). ദൈവത്തിന് അനേകം പുത്രന്മാരുണ്ടായിരിക്കുകയും, യേശു അനേകരുടെ പുത്രനാണെന്ന് പറയുകയും ചെയ്തിരിക്കുമ്പോൾ, യേശു ദൈവത്തിൻ്റെ യഥാർത്ഥ പുത്രനാണെന്ന് എങ്ങനെ പറയും? [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനോ?]

രണ്ടാം സങ്കീർത്തനത്തിലെ ക്രിസ്തു യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അഭിഷിക്തനും തുടങ്ങി പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായ എല്ലാ പ്രവചനങ്ങളുടെയും ഉടയവൻ യിസ്രായേലാണ്. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും; ദാവിദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമാണ് യിസ്രായേൽ. അക്ഷരാർത്ഥത്തിൽ യിസ്രായേലാണ് ദൈവത്തിൻ്റെ വാഗ്ദത്തസന്തതിയും നിത്യപുത്രനും. യിസ്രായേലെന്ന ദൈവസന്തതിയുടെ വാഗ്ദത്തങ്ങളെല്ലാം അവന് നിവൃത്തിച്ചുകൊടുക്കാൻ വന്ന അവൻ്റെ ദൈവമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പാടാണ് യേശുക്രിസ്തു. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു” എന്ന ക്രിസ്തുവിൻ്റെ വാക്കുകളോർക്കുക. (മത്താ, 5:17). (കാണുക: യിസ്രായേലിന്റെ പദവികൾ, ദൈവപുത്രൻ) 

രണ്ട്: ദൈവം ജനിപ്പിച്ച പുത്രനാണ് യേശുവെന്ന് വിശ്വസിക്കുകയും, ദൈവത്തിൽനിന്നു ജനിച്ചവൻ ദൈവവും ദൈവത്തോടു സമനായ മറ്റൊരു വ്യക്തിയുമാണെന്നും പറയുകയും ചെയ്താൽ ശരിയാകുമോ? ജനിപ്പിക്കപ്പെവൻ എങ്ങനെ ദൈവമാകും; ദൈവത്തോടു സമനാകും? എന്നൊക്കെ ചോദിച്ചാൽ; ‘ജനിപ്പിച്ചു’ എന്നാൽ ‘സൃഷ്ടിച്ചു’ എന്നർത്ഥമില്ലെന്നു പറയും. പിന്നെന്താണർത്ഥം? ബൈബിളിൽ ജനിച്ചു, ജനിപ്പിച്ചു (begat, beget, born) എന്നു പറഞ്ഞാൽ; ശൂന്യതയിൽനിന്ന് സൃഷ്ടിച്ചു എന്നർത്ഥമില്ലെങ്കിലും, “പുതുതായി ഒന്നു ഉത്ഭവിക്കുക, മുമ്പെ ഇല്ലാതരുന്ന ഒന്നു ഉളവാകുക” എന്നൊക്കെയാണ് അർത്ഥം. ഹാനോക്കിന്നു ഈരാദ് ജനിച്ചു (born); ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു (begat); മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു (begat); മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു (begat).” (ഉല്പ, 4:18). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു (begat); അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഇവിടെയൊന്നും ജനിപ്പിക്കപ്പെട്ടവൻ ജനിപ്പിച്ചവന് തുല്യനാണെന്നോ, ജനിച്ചവൻ ഉത്ഭവമില്ലാത്തവനാണെന്നോ അർത്ഥമില്ല. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനുമായ യേശുക്രിസ്തു ദൈവത്തിൽനിന്നു ജനിച്ചവനാണെന്നു പഠിപ്പിക്കുന്ന ദുരുപദേശമാണ് അനേകരും വിശ്വസിക്കുന്നത്. സ്രഷ്ടാവായ ദൈവത്തെ സൃഷ്ടിയാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് ത്രിത്വം. രണ്ടാം സങ്കീർത്തനത്തിൽ ദൈവം ജനിപ്പിച്ച പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ജനനത്തിനുമുമ്പെ പേർവിളിക്കുകയും ദൈവം സൃഷ്ടിക്കുകയും ചെയ്ത പുത്രനാണ് യിസ്രായേൽ. (യെശ, 49:1-3). സൃഷ്ടിയെ കുറിക്കുന്ന ബാറാ (bara) എന്നും (ഉല്പ, 1:1), യറ്റ്സാർ (yatsar) എന്നും രണ്ടു പദങ്ങളുണ്ട്. (ഉല്പ, 2:7). ആ രണ്ടു പദംകൊണ്ടും ദൈവം യിസ്രായേലിനെ സൃഷ്ടിച്ചതായി പറഞ്ഞിട്ടുണ്ട്: “ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും (bara), യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ (yatsar) യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ.” (യെശ, 43:1). “എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു (bara) നിർമ്മിച്ചു ഉണ്ടാക്കിയും (yatsar) ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.” (യെശ, 43:7. ഒ.നോ: യെശ, 27:11; 29:16; 43:1,43:15,21; 44:2,21,24; 45:11; 49:5; 64:8; മലാ, 2:10). സങ്കീർത്തനം 2:7-ൽ ജനിപ്പിച്ചു എന്നു പറഞ്ഞിരിക്കുന്ന യലാട് (yalad) എന്ന പദംകൊണ്ടാണ് 1948 മെയ് 14-ലെ യിസ്രായേൽ രാഷ്ട്രരൂപീകരണത്തെ കുറിച്ചുള്ള പ്രവചനവും നിവൃത്തിയായത്: “ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? (yalad) സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:8). അതിനാൽ യേശുക്രിസ്തുവല്ല; യിസ്രായേലാണ് പുത്രനെന്ന് വ്യക്തമാണല്ലോ!

മൂന്ന്; രണ്ടാം സങ്കീർത്തനം പ്രവചനാത്മകമാണ്. അഥവാ, ഭൂതകാലത്ത് നിവൃത്തിയായ ഒരു ചരിത്രമല്ല; ഭാവിയിൽ നിവൃത്തിയാകേണ്ട ഒരു പ്രവചനമാണ്. സങ്കീർത്തനം 2:7 യേശുവിൻ്റെ അനാദിനിത്യതയിലെ ജനനത്തെയെന്നല്ല; ജഡത്തിലുള്ള ജനനത്തെപ്പോലും സൂചിപ്പിക്കുന്നില്ല. (സർവ്വലോകങ്ങൾക്കു മുമ്പെ യേശുക്രിസ്തു പിതാവിൽനിന്നു ജനിച്ചു എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്) യേശുക്രിസ്തുവിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ കന്യകാ ജനനത്തോടുള്ള ബന്ധത്തിൽ യെശയ്യാപ്രവചനമാണ് ക്രിസ്തുവിൽ നിവൃത്തിയായത്. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (മത്താ, 1:22; യെശ, 7:14).

നാല്; പ്രവചനങ്ങൾ നിവൃത്തിയാകുന്ന രീതി: പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തി അഥവാ അക്ഷരാർത്ഥത്തിലുള്ള നിവൃത്തിയുമുണ്ട്. യഹോവയെക്കുറിച്ചുള്ള പ്രവചനങ്ങൾ അംശമായും പൂർണ്ണമായും യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നതും; യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ അംശമായി സഭയോടുള്ള ബന്ധത്തിലും, ആത്മീയമായി ക്രിസ്തുവിലും, പൂർണ്ണമായി യിസ്രായേലിനോടുള്ള ബന്ധത്തിലും നിവൃത്തിയാകുന്നതായി കാണാം. ഉദാഹരണത്തിന്: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.” (ഇയ്യോ, 19:25). ഇത് യഹോവയെക്കുറിച്ചുള്ള പ്രവചനമാണ്; ക്രിസ്തുവിന്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ അംശമായ നിവൃത്തിവന്നു: (യോഹ, 1:14; 1തിമൊ, 3:14-16). ക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ യെഹൂദന്മാർക്ക് രാജ്യം സ്ഥാപിച്ചുകൊടുക്കുമ്പോൾ പഴയനിയമഭക്തന്മാർ ഉയിർത്തെഴുന്നേല്ക്കുകയും ഇയ്യോബ് ദേഹസഹിതനായി യേശുവിനെ കാണുകയും ചെയ്യുമ്പോൾ പ്രവചനത്തിന് പൂർണ്ണനിവൃത്തിവരും: (വെളി, 1:7; സെഖ, 14:4: പ്രവൃ, 1:6; സങ്കീ, 110:3; യെശ, 26:19; യെഹെ, 37:13,14). അടുത്തത്: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു. അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി.” (ഹോശേ, 11:1). യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (മത്താ, 2:15). ഈ പ്രവചനം 1948-ലെ രാഷ്ട്ര രൂപീകരണത്തുടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു (യെശ, 66:8); അന്ത്യകാലത്ത് യെഹൂദന് ദൈവരാജ്യം സ്ഥാപിച്ചു കൊടുക്കുന്നതിനോടുള്ള ബന്ധത്തിൽ പൂർണ്ണനിവൃത്തിവരും: (ആവ, 30:3; യെശ, 11:11,12; യിരെ, 29:14; യെഹെ, 38:8). വേറൊരണ്ണം; “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1). ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്; ആത്മീയമായി ഇത് ക്രിസ്തുവിൽ നിവൃത്തിയായി: (പ്രവൃ, 2:35,36). ഭാവിയിൽ യേശുക്രിസ്തു യിസ്രായേലിന്റെ സകല ശത്രുക്കളെയും അവൻ്റെ കാൽക്കീഴിലാക്കിയിട്ട് രാജ്യം അവന് യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (സങ്കീ, 8:6; 1കൊരി, 15:24-28; എബ്രാ, 2:8). (പ്രവചനങ്ങളെക്കുറിച്ച് കൂടുതലറിയാൻ കാണുക: പ്രവചനങ്ങൾ)

യേശുക്രിസ്തുവിൽ നിവൃത്തിയായതും, നിവൃത്തിയായി കൊണ്ടിരിക്കുന്നതുമായ പഴയനിയമത്തിലെ എല്ലാ പ്രവചനങ്ങളും അക്ഷരാർത്ഥത്തിൽ യേശുവിനെക്കുറിച്ചുള്ളതാണെന്ന് ആരും വിചാരിക്കരുത്; ആത്മീയമായി പലതും ക്രിസ്തുവിൽ നിവൃത്തിയാകുന്നു എന്നുമാത്രം. ക്രിസ്തു ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: “മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം.” (ലൂക്കോ, 24:44. യോഹ, 5:46). യേശുവിൻ്റെ ഈ വാക്കുകൾക്ക് രണ്ടർത്ഥമുണ്ട്. 1. വരുവാനുള്ളവൻ അഥവാ ക്രിസ്തുവിനെക്കുറിച്ച് നേരിട്ടുള്ള പ്രവചനങ്ങൾ: പ്രഥമസുവിശേഷത്തിലെ സ്ത്രീയുടെ സന്തതി ഉൾപ്പെടെ (ഉല്പ, 3:15), യഹോവയിലൂടെ അഥവാ യഹോവയുടെ പ്രത്യക്ഷതയായ ഭാവിമശീഹയിലൂടെ നിവൃത്തിയാകേണ്ട നേരിട്ടുള്ള പ്രവചനങ്ങൾ. ഉദാഹരണം: (ഉല്പ, 3:15=ഗലാ, 4:4; ആവ, 33:26=വെളി, 1:7; ഇയ്യോ, 19:25=യോഹ, 1:14; സങ്കീ, 22:30,31=യോഹ, 19:30; യെശ, 25:8=എബ്രാ, 2:14,15; യെശ, 25:9=ലൂക്കൊ, 1:68; യെശ, 29:18=മത്താ, 11:4; യെശ, 35:4-6=ലൂക്കൊ, 1:68; യെശ, 40:3=മത്താ, 3:3; യെശ, 45:22=പ്രവൃ, 4:12; യെശ,45:23=ഫിലി, 2:10; യെശ, 54:5=എഫെ, 5:31,32; യെശ, 64:14-16=2തെസ്സ, 1:6,7; യിരെ, 4:11=വെളി, 1:7; യിരെ, 31:31=ലൂക്കൊ, 22:20; ഹോശേ, 1:7=മത്താ, 1:21; ഹോശേ, 2:16=2കൊരി, 11:2; യോവേ, 2:32=പ്രവൃ, 2:21; സെഖ, 9:9=മത്താ, 21:4; സെഖ, 9:11=മർക്കൊ, 11:24; സെഖ, 9:14=1തെസ്സ, 4:16; സെഖ, 11:13=മത്താ, 27:9,10; സെഖ,12:10=യോഹ, 19:32,37; സെഖ, 14:13=വെളി, 19:11; സെഖ, 14:4=പ്രവൃ, 1:11; സെഖ, 14:5=മത്താ, 25:31; മലാ, 4:5=ലൂക്കൊ, 1:17). (കാണുക: യഹോവ/യേശുക്രിസ്തു

2. യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയാകുന്നത്: പുതിയനിയമത്തിൽ ക്രിസ്തുവിൽ നിവൃത്തിയായിരിക്കുന്ന വാഗ്ദത്തങ്ങളും പ്രവചനങ്ങളും ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അഭിഷിക്തനുമായ യിസ്രായേലിനോട് ബന്ധപ്പെട്ടതാണ്. അതിൻ്റെ പുതിയനിയമത്തിലെ പ്രഥമവും പ്രധാനവുമായ തെളിവാണ്; യേശുവിൻ്റെ ജനനത്തോടു ബന്ധപ്പെട്ട യെശയ്യാപ്രവചനത്തിൻ്റെ നിവൃത്തി: “അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മാനൂവേൽ എന്നു പേർ വിളിക്കും.” (7:14; മത്താ, 1:21). ഇത് അക്ഷരാർത്ഥത്തിൽ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനമല്ല; യെഹൂദാ രാജാവായ ആഹാസിന് ദൈവം കൊടുത്ത അടയാളമാണ്. ഈ പ്രവചനത്തിൻ്റെ കാലത്ത്, അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു യെഹൂദാരാജ്യത്തെ നിരോധിച്ചിരുന്നു. എന്നാൽ, കർത്താവിലാശ്രയിച്ച് ഉറപ്പോടെ ഇരിക്കണമെന്നും അശ്ശൂരിനോട് സഹായം അപേക്ഷിക്കരുതെന്നും യെശയ്യാപ്രവാചകൻ ആഹാസിനോട് പറഞ്ഞു. ആഹാസിന് അക്കാര്യത്തിൽ വിശ്വാസം വരേണ്ടതിന് താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഉള്ള ഒരടയാളം ചോദിക്കുവാൻ പ്രവാചകൻ ആവശ്യപ്പെട്ടു. എന്നാൽ രാജാവത് നിരസിച്ചു. അവിശ്വാസത്തിന് ആഹാസിനെ കുറ്റപ്പെടുത്തിയശേഷം പ്രവാചകൻതന്നെ രാജാവിന് നല്കിയ അടയാളമാണ് ഇമ്മാനൂവേൽ. (യെശ, 7:1-14). എന്നാൽ ആഹാസ് രാജാവ്, ഇമ്മാനുവേലിൻ്റെ അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കൽ തൻ്റെ ദൂതന്മാരെ അയച്ചിട്ട് സഹായം അഭ്യർത്ഥിച്ചു. പകരം യഹോവയുടെ ആലയത്തിലും രാജധാനിയിലുമുള്ള വെള്ളിയും പൊന്നും എടുത്തു അശ്ശൂർ രാജാവിന്നു സമ്മാനമായി കൊടുത്തയക്കുകയും ചെയ്തു. (2രാജാ, 16:5-8). ദൈവത്താൽ അയക്കപ്പെട്ട പ്രവാചകൻ്റെ വാക്കുകൾ വിശ്വസിച്ച് അശ്ശൂർ രാജാവിനെ ആശ്രയിക്കാതെ ധൈര്യമായി ഇരുന്നുവെങ്കിൽ, ഇമ്മാനുവേലിൻ്റെ അടയാളം ആഹാസിന് നിറവേറുമായിരുന്നു. രാജാവ് ദൈവത്തെ അവിശ്വസിച്ചതിനാൽ ആഹാസിനെ സംബന്ധിച്ച് പ്രവചനം അപ്രസക്തമായി; പ്രവചനത്തിലൂടെയുള്ള രക്ഷ കണ്ടെത്താൻ അവന് കഴിഞ്ഞില്ല. എങ്കിലും, ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെട്ട വചനം വെറുതെയായില്ല; അത് ദൈവത്തിൻ്റെ ഇഷ്ടം സാധിപ്പിച്ചു. (യെശ, 55:11). ലോകരക്ഷിതാവായ ക്രിസ്തുവിൽ പ്രവചനം നിവൃത്തിയാകുകയും, യെഹൂദാശേഷിപ്പും വിശ്വസിക്കുന്ന ഏവരും ഇമ്മാനൂവേലിലൂടെ രക്ഷ കണ്ടെത്തുകയും ചെയ്യുന്നു. (മത്താ, 1:21; യോഹ, 19:30: യോഹ, 1:12). ഇതുപോലെയാണ് ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനോടുള്ള പ്രവചനങ്ങൾ ദൈവസഭയിലൂടെയും യേശുക്രിസ്തുവിലൂടെയും അംശമായും ആത്മീയമായും നിവൃത്തിയാകുന്നത്. (കാണുക: പ്രവചനങ്ങൾ)

ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ സാധിപ്പാൻ അഥവാ യിസ്രായേൽ ജനത്തിൻ്റെ പാപപ്രകൃതി നിമിത്തം ന്യായപ്രമാണത്തിൻ്റെ നീതി സ്വായത്തമാക്കാൻ അവർക്ക് കഴിയാഞ്ഞതിനാലാണ് (റോമ, 8:3), യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). തന്മൂലം, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും അഭിഷിക്തനും, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും, ദാവീദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയുമായ യിസ്രായേലിൻ്റെ വാഗദത്തങ്ങളും പ്രവചനങ്ങളുമാണ് തൻ്റെ സ്വന്തജനത്തെ രക്ഷിക്കാൻ മനുഷ്യനായി വന്ന യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത്. അതിനാൽ, പുതിയനിയമത്തിലെ പഴയനിയമ ഉദ്ധരണികൾ കണ്ടിട്ട്, പഴയനിയമത്തിലും അത് യേശുക്രിസ്തുവിനെ കുറിക്കുന്നതാണെന്ന് ആരും തെറ്റിദ്ധരിക്കണ്ട. (കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദാവീദിൻ്റെ വാഗ്ദത്തസന്തതി)

സങ്കീർത്തനവ്യാഖ്യാനം

ഈ സങ്കീർത്തനത്തിൽ നാലുപേരാണുള്ളത്: 1. യഹോവ. 2. അഭിഷിക്തനും രാജാവുമായ പുത്രൻ. 3. ജാതികൾ/വംശങ്ങൾ അഥവാ ഭൂമിയിലെ രാജാക്കന്മാർ അല്ലെങ്കിൽ അധിപതികൾ. 4. സങ്കീർത്തന കർത്താവായ ദാവീദ്. ഒന്നും രണ്ടും വാക്യങ്ങളിൽത്തന്നെ നാലുപേരുമുണ്ട്.

വാക്യം 1: “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?”

യഹോവ ജാതികളുടെ ദുഷ്ടവിചാരങ്ങളെ വിഫഫലമാക്കുന്നവനാണ്: “യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.” (സങ്കീ, 33:10; 83:2). ഒന്നാം വാക്യത്തിലെ ജാതികളുടെ വ്യർത്ഥത എന്താണെന്ന് രണ്ടാം വാക്യത്തിലുണ്ട്: യഹോവയ്ക്കും അവൻ്റെ അഭിഷിക്തനുമെതിരെ ഭൂമിയിലെ രാജാക്കൻമാർ അഥവാ ജാതീയ രാജാക്കന്മാർ നടത്തുന്ന ഗൂഢാലോചനയെ ആണ് വ്യർത്ഥമായ നിരൂപണം അഥവാ വിചാരമെന്ന് പറഞ്ഞിരിക്കുന്നത്.

വാക്യം 2: “യഹോവയ്ക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:”

യഹോവയ്ക്കും അവൻ്റെ അഭിഷിക്തനും വിരോധമായിട്ടാണ് ഭൂമിയിലെ രാജാക്കന്മാർക്ക് വിഷയം. “യഹോവയും അവൻ്റെ അഭിക്ഷനും” എന്നിങ്ങനെ പ്രഥമപുരുഷനിൽ പറഞ്ഞുകൊണ്ട്, അഭിഷിക്തൻ താനല്ലെന്ന് ദാവീദ് തുടക്കത്തിലേ വ്യക്തമാക്കുന്നു. യഹോവയും യേശുവും രണ്ടു വ്യക്തികളാണെന്ന് വിശ്വസിക്കുന്ന ട്രിനിറ്റിക്കാരും,  ഒരാളുതന്നെയെന്ന് വിശ്വസിക്കുന്ന വൺനെസ്സുകാരും ‘അഭിഷിക്തൻ’ യേശുക്രിസ്തുവാണെന്ന് വിശ്വസിക്കുന്നു. ട്രിനിറ്റിക്കാരോട്: സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവത്തിൻ്റെയും അവൻ്റെ വലത്തുഭാഗത്തു മറ്റൊരു വ്യക്തിയായി ഇരിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്ന ദൈവംതന്നെയായ അഭിഷിക്തനോടും ഭൂമിയിലെ രാജാക്കന്മാർ എന്ത് ഗൂഢാലോചന നടത്താനാണ്? ദൈവത്തിനെതിരെ പാപം ചെയ്യാൻ കഴിയുമെന്നല്ലാതെ, ദൈവത്തനെതിരെ ഗൂഢാലോചന നടത്തി അവനെ എന്തെങ്കിലും ചെയ്തുകളയാമെന്നോ, തോല്പിക്കാമെന്നോ ഏതെങ്കിലും ജാതികൾ വിചാരിക്കുമോ? അപ്പോൾ, ട്രിനിറ്റിയുടെ ദൈവപുത്രനല്ല ഈ സങ്കീർത്തനത്തിലെ അഭിഷിക്തൻ. വൺനെസ്സുകാരാട്: യഹോവയും അഭിഷിക്തനെയും ചേർത്ത് മൂന്നാം വാക്യത്തിൽ രണ്ടുപ്രാവശ്യം ‘അവർ’ (hem – הֵם – their) എന്ന ബഹുവചനം പറയുന്നുണ്ട്. ഇതൊരു പുല്ലിംഗ ബഹുവചനമാണ്. കൂടാതെ, 2,6,7,8,9,12 വാക്യങ്ങളിൽ യഹോവയും അഭിഷിക്തനും അഥവാ രാജാവ് അല്ലെങ്കിൽ പുത്രൻ എന്നിങ്ങനെ വേർതിരിച്ച് രണ്ടുപേരായി പറയുന്നുണ്ട്. യഹോവയും യേശുവും ഒരാളായിരിക്കേ, ഇവിടുത്തെ രണ്ടുപേരെ എങ്ങനെ ഒരാളാക്കും? 

ഇതിനെക്കുറിച്ച് ബൈബിൾ എന്തുപറയുന്നുവെന്ന് നമുക്കുനോക്കാം. വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന് പലരും പറയാറുണ്ട്. പക്ഷെ, പറയുന്നതല്ലാതെ ആരുമങ്ങനെ ചെയ്തുകാണുന്നില്ല. ബൈബിളിനെ ആരും വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല; പരിശുദ്ധാത്മാവുതന്നെ വചനത്തെ വ്യാഖ്യാനിച്ചുവെച്ചിട്ടുണ്ട്; അത് അന്വേഷിച്ച് കണ്ടെത്തുകയെന്നതാണ് ദൈവമക്കളുടെ പണി. നമുക്ക് പരിശോധിക്കാം:

യഹോവയും അഭിഷിക്തനും: ആരാണിവിടുത്തെ അഭിഷിക്തൻ? സങ്കീർത്തനത്തിലെ മറ്റൊരു വാക്യം: “ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ. ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു. അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു. വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു.” (സങ്കീ, 83:1-4. ഒ.നോ: സങ്കീ, 46:1-7; 48:4-6; 74:18-20; 110:5). സ്വാഭാവികമായി സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവത്തോട് കലഹിക്കാനോ പകെയ്ക്കാനോ മനഷ്യർക്കാർക്കും കഴിയില്ല. എന്നാൽ സങ്കീർത്തനം 83:2-ൽ ഭക്തൻ ദൈവത്തോട് പറയുകയാണ്: “ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു.” എങ്ങനെയാണ് ഭൂമിയിലുള്ള ജാതികൾ ദൈവത്തോട് കലഹിക്കുന്നതും അവൻ്റെ ശത്രുവാകുന്നതും എന്നതിൻ്റെ കാരണമാണ് 83-ൻ്റെ മൂന്നും നാലും വാക്യങ്ങളിൽ പറയുന്നത്: “അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.” ആരാണീ നിൻ്റെ ജനം? അടുത്തവാക്യം: “വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു.” ആർക്ക് വിരോധമായാണ് ജാതികൾ കൂടിവരുന്നതെന്ന് വ്യക്തമായി വചനത്തിൽ പറഞ്ഞിട്ടുണ്ട്: “അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.” (സെഖ, 12:3). യിസ്രായേലെന്ന അഭിഷിക്തനെതിരെയാണ് സകല ജാതികളും കൂടിവരുന്നതെന്ന് വ്യക്തമായല്ലോ? നമ്മൾ മുകളിൽ ചിന്തിച്ച രണ്ട് കാര്യങ്ങൾക്കുള്ള ഉത്തരം ഇവിടെ കിട്ടി: രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തനാരാണ്: യിസ്രായേൽ. ഭൂമിയിലെ ജാതികൾ ദൈവത്തിൻ്റെ ശത്രുക്കളാകുന്നത് എങ്ങനെയാണ്: ഭൂമിയുലുള്ള തൻ്റെ ജനത്തിൻ്റെ അഥവാ അഭിഷിക്തൻ്റെ ശത്രുക്കളാണ് ദൈവത്തിൻ്റെ ശത്രുക്കൾ. സകല ജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്താണ് യിസ്രായേൽ ജനം. (പുറ, 19:5). അവരെ തൊടുന്നവരെല്ലാം ദൈവത്തിൻ്റെ ശത്രുകളാണ്.

സങ്കീർത്തനം 18-ലെയും വിഷയം ഇതാണ്: “ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു. ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.” (18.43. ഒ.നോ: 18:39-45). യിസ്രായേൽ പറയുന്ന കാര്യമാണ് അവിടെ പറയുന്നത്: ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു. സങ്കീർത്തനം 21: “അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.” (21:11. ഒ.നോ: 21:9-13; 129:1-8). “ജാതികളേ, കലഹിപ്പിൻ; തകർന്നുപോകുവിൻ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊൾവിൻ; അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ. അര കെട്ടിക്കൊൾവിൻ, തകർന്നുപോകുവിൻ. കൂടി ആലോചിച്ചുകൊൾവിൻ; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറെപ്പിൻ; സാദ്ധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടു കൂടെ ഉണ്ടു.” (യെശ, 8:9,10). യിസ്രായേലിനെതിരെയാണ് ജാതികൾ കലഹിക്കുന്നത്. ഭാവിയിൽ ദൈവത്തിൻ്റെ അഭിഷിക്തനായ യിസ്രായേലിനോട് എതിർക്കുന്ന സകലരും തകർന്നുപോകുമെന്ന് ബൈബിളിൽ ഉടനീളം കാണാൻ കഴിയും.

അഭിഷിക്തനായ യിസ്രായേൽ: ചില വ്യക്തിഗത സങ്കീർത്തനങ്ങൾ ഒഴികെ, എല്ലാ അദ്ധ്യായങ്ങളിലെയും കേന്ദ്രകഥാപാത്രം യഹോവയും യിസ്രായേലുമാണ്. സങ്കീർത്തനങ്ങളിലെ രാജാവ് യിസ്രായേലാണ്. “യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു.” (സങ്കീ, 20:6). “യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളേണമേ.” (സങ്കീ, 20:9). ദൈവത്തിൻ്റെ ഭൂമിയിലെ സവിശേഷമായ സമ്പത്താണ് (peculiar treasure) തൻ്റെ പുത്രനും ആദ്യജാതനും പുരോഹിതനും പ്രവാചകനും രാജാവുമായ യിസ്രായേൽ ജനം. യിസ്രായേൽ തന്നെയാണ് ദൈവത്തിൻ്റെ അഭിഷിക്തനും. യിസ്രായേലിനെ അഭിഷിക്തനെന്നു വിളിച്ചിരിക്കുന്ന അനേകം വാക്യങ്ങളുണ്ട്. (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:10; 132:17; വിലാ, 4:20; ഹബ, 3:13). “യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പു ഉയർത്തുന്നു.” (1ശമൂ, 2:10). “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). “യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന്നു ഉത്തരമരുളും. ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും.” (സങ്കീ, 20:6,7). ഇതിൻ്റെ ആറാം വാക്യത്തിൽ ‘അഭിഷിക്തൻ‘ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, അടുത്തവാക്യത്തിൽ ‘ഞങ്ങൾ, ഞങ്ങളുടെ‘ എന്നിങ്ങനെ ബഹുവചനത്തിൽ പറയുന്നത് നോക്കുക. “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10). ദാവീദ് ദൈവത്തിൻ്റെ അഭിഷിക്തനാണ്. ദാവീദിനെപ്രതി യിസ്രായേലെന്ന അഭിഷിക്തനെ തള്ളരുതെന്നാണ്. 132:17-ാം വാക്യം: “അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.” ദാവീദിൻ്റെ കൊമ്പ് ഭാവിമശീഹയാണ്. (ലൂക്കൊ, 1:71). എന്നാൽ ആ കൊമ്പാകുന്ന ദീപം ദാവീദിനു മാത്രമുള്ളതല്ല; യിസ്രായേലെന്ന അഭിഷിക്തനു വേണ്ടിയുള്ളതാണ്. 132-ാം സങ്കീർത്തനത്തിൻ്റെ കർത്താവ് ദാവീദാണ്. അവനോടുള്ള ഉടമ്പടി അഥവാ വാഗ്ദത്തമാണ് സങ്കീർത്തനം. 132:15,16 വാക്യങ്ങളിൽ അഭിഷിക്തനെ ‘അവൾ‘ എന്നു പറഞ്ഞിരിക്കുന്നതും കാണാം. വേറൊരു പരിഭാഷ കാണുക: “അവള്‍ക്കു വേണ്ടതെല്ലാം ഞാൻ സമൃദ്ധമായി നല്‍കും; ഞാൻ അവളുടെ ദരിദ്രരെ ആഹാരം നല്‍കി സംതൃപ്തരാക്കും. അവളുടെ പുരോഹിതന്‍മാരെ ഞാൻ രക്ഷയണിയിക്കും; അവളുടെ വിശുദ്ധര്‍ ആനന്ദിച്ച് ആര്‍പ്പുവിളിക്കും.” (പി.ഒ.സി. ഒ.നോ: ഇംഗ്ലീഷ് പരിഭാഷകൾ). അത് ദാവീദും ശലോമോനും യേശുക്രിസ്തുവും അല്ല; യിസ്രായേലാണ്. യിസ്രായേലിനെ സ്ത്രീയായി ചിത്രീകരിച്ചിരിക്കുന്ന അനേകം ഭാഗങ്ങളുണ്ട്.

രണ്ടാം സങ്കീർത്തനം 1,2 വാക്യങ്ങൾ അപ്പൊസ്തലപ്രവൃത്തികൾ നാലാം അദ്ധ്യായത്തിൽ ഉദ്ധരിക്കുന്നുണ്ട്. അവിടെ ദൈവത്തിൻ്റെ അഭിഷിക്തനായ യേശുവിനെ ജാതികളും യിസ്രായേൽ ജനവും ചേർന്ന് ക്രൂശിച്ചിട്ട്, ദൈവം അവനെ ഉയിർപ്പിക്കുകയും, അവൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടാകുന്നത് കണ്ടിട്ട്, യെഹൂദാ പ്രമാണിമാർ: യേശുവിൻ്റെ നാമത്തിൽ അശ്ശേഷം സംസാരിക്കുതെന്ന് തർജ്ജനം ചെയ്ത് വിട്ടയക്കുമ്പോൾ, അവൻ്റെ അപ്പൊസ്തലന്മാർ ദൈവത്തിൻ്റെ ഒന്നാമത്തെ അഭിഷിക്തനായ യിസ്രായേലിനെതിരെ ഭാവിയിൽ നടക്കാനുള്ള ജാതികളുടെ പടയൊരുക്കം യേശുവിൽ നിവൃത്തിയായതായി പറയുന്നു: “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, (പ്രവൃ, 4:25,26). അവിടെ, രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തൻ യേശുവാണെന്ന് പറയുകയല്ല ചെയ്യുന്നത്; പ്രത്യുത, ദൈവത്തിൻ്റെ മറ്റൊരു അഭിഷിക്തനെകുറിച്ച് ദാവീദ് പരിശുദ്ധാത്മാവിൽ അരുളിച്ചെയ്തിരിക്കുന്ന കാര്യങ്ങൾ യേശുവിനോടുള്ള ബന്ധത്തിൽ നിവൃത്തിയായി എന്നാണ് പറയുന്നത്. ഇത് പ്രവചനത്തിൻ്റെ ആത്മീയനിവൃത്തിയാണ്. അടുത്തവാക്യം: “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി, സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.” (പ്രവൃ, 4:27). യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനങ്ങൾ എന്തുകൊണ്ടാണ് യേശുക്രിസ്തുവിൽ നിറവേറുന്നതെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. ഒന്നുകൂടി പറയാം: ജഡത്താലുള്ള ബലഹീനത നിമിത്തം (റോമ, 8:3) അഥവാ യിസ്രായേലിൻ്റെ പാപംനിമിത്തം, ദൈവം അവർക്ക് കൊടുത്തിരുന്ന പദവികളൊന്നും അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ്, യഹോവയായ ദൈവം തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാൻ യേശു എന്ന നാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) അഭിഷിക്തമനുഷ്യനായി (പ്രവൃ, 10:38) ഭൂമിയിൽ പ്രത്യക്ഷനായത്. (1തിമൊ, 3:16). യേശുവിലൂടെയാണ് യിസ്രായേലിന്റെ പദവികളെല്ലാം സാക്ഷാത്കരിക്കപ്പെടുന്നത്. എങ്കിലും, രണ്ടാം സങ്കീർത്തിനത്തിൻ്റെ പൂർണ്ണനിവൃത്തി ഇനിയും വരാനിരിക്കുന്നതേയുള്ളു; ദൈവം സകല ശത്രുക്കളെയും അവരുടെ കാൽക്കീഴിൽ ആക്കി അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി ക്കൊടുക്കുമ്പോഴാണ് പ്രവചനത്തിന് പൂർണ്ണനിവൃത്തി വരുന്നത്. (പ്രവൃ, 1:6,7; 1കൊരി, 15:25-28). 

ഒരു പ്രവചനംതന്നെ അംശമായും ആത്മീയമായും പൂർണ്ണമായും നിവൃത്തിക്കുന്നതായി മുകളിൽ ചിന്തിച്ചതാണ്. അതുപോലൊരണ്ണമാണ് മേല്പറഞ്ഞ സങ്കീർത്തനം 2:1,2-ലെ പ്രവചനം. ഇത് യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ആത്മീയമായി നിവൃത്തിയായി (പ്രവൃ, 4:25,26); ഇനി യിസ്രായേലിനോടുള്ള ബന്ധത്തിൽ മഹോപദ്രവത്തിന്നു മുമ്പ് പൂർണ്ണനിവൃത്തിവരും: (സെഖ, 12:3). അടുത്തത്; “നീ എൻ്റെ പുത്രൻ ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). ഇതും ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ഒരിക്കൽ ആത്മീയമായി നിവൃത്തിച്ചു: (പ്രവൃ, 13:37). വീണ്ടും 1948 മെയ് 14-ാം തീയതി യിസ്രായേൽ രാജ്യസ്ഥാപനത്തിൽ അഥവാ അവരുടെ ജനനത്തിൽ അശമായി നിവൃത്തിയായി: (യെശ, 66:7,8), ഇനിയും പഴയനിയമ ഭക്തന്മാരുടെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയാകാനിരിക്കുന്നു: (സങ്കീ, 110:3; യെശ, 26:19; ദാനീ, 12:13). വേറൊരൊണ്ണം: “നോവു കിട്ടും മുമ്പെ അവൾ പ്രസവിച്ചു; വേദന വരും മുമ്പെ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:7,8). ഇത് 1,948-ൽ യിസ്രായേലിൻ്റെ ജനനത്തിൽ അശമായി നിറവേറിയതാണ്. വീണ്ടും പുനരുത്ഥാനത്തിൽ പൂർണ്ണമായി നിറവേറും: (സങ്കീ, 110:3; യെശ, 26:19; ദാനീ, 12:13). മറ്റൊന്ന്: “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.” (മലാ, 4:5). ഈ പ്രവചനം യോഹന്നാൻ സ്നാപകനിലൂടെ നിറവേറിയതായി യേശുക്രിസ്തു പറഞ്ഞു. (മത്താ, 11:14). എന്നാൽ ഇപ്പോൾ യഹോവയുടെ പ്രസാദവർഷം അഥവാ കൃപായുഗമാണ്; വലുതും ഭയങ്കരവുമായ നാൾ അഥവാ യഹോവയുടെ കോപദിവസം ഇനിയും വരാനിരിക്കുന്നതേയുള്ളു. (യെശ, 61:2; ലൂക്കൊ, 4:19). മത്തായി 17:11-ഉം എബ്രായർ 9:27-ഉം വെളിപ്പാട് 11:3-12-ഉം ചേർത്ത് പഠിച്ചാൽ മഹോപദ്രവകാലത്തിനു മുമ്പ് വരുവാനുള്ള രണ്ട് സാക്ഷികളിൽ ഒരാൾ ഏലീയാവാണെന്ന് മനസ്സിലാക്കാം.

രണ്ടാം സങ്കീർത്തനം പ്രവചനാത്മകമാണെന്ന് മുകളിൽ പറഞ്ഞതാണ്. ഭാവിയിൽ നടക്കേണ്ട സംഭവങ്ങളാണ് പറഞ്ഞിരിക്കുന്നത്. ബൈബിൾ പ്രവചനങ്ങളെയും ഭാവിസംഭവങ്ങളെയും കുറിച്ച് പഠിക്കുന്നവർക്കും, സമകാലിക സംഭവങ്ങൾ ബൈബിളിൻ്റെ വെളിച്ചത്തിൽ വിലയിരുത്തുന്നവർക്കും; യഹോവയുടെ അഭിഷിക്തനാരാണെന്നും, അഭിഷിക്തനെതിരെ വ്യർത്ഥമായ പടയൊരുക്കം നടത്തുന്ന ജാതീയ രാജാക്കന്മാർ ആരാണെന്നും വാക്കും ഭാഷണവും കൂടാതെ മനസ്സിലാകുന്നതാണ്. 

യെഹെസ്ക്കേൽ പ്രവചനം 38,99 അദ്ധ്യായങ്ങളിൽ റഷ്യൻ ആക്രമണം പ്രവചിച്ചിട്ടുണ്ട്. ഊഹിക്കാവുന്നിടത്തോളം ക്രിസ്തുവിന്റെ പുനരാഗമനത്തിന് മുമ്പായിരിക്കും യുദ്ധം സംഭവിക്കുക. മഹാപീഡനത്തിന്റെ ഏഴുവർഷത്തിൽ ആദ്യത്തെ പകുതി പ്രായേണ സമാധാനപരമായിരിക്കും. എതിർക്രിസ്തുവുമായി യിസ്രായേൽ ചെയ്ത ഉടമ്പടിയാണ് കാരണം. യിസ്രായേൽ സമാധാനമായി വർത്തിക്കുന്ന ഇക്കാലത്ത് മധ്യപൂർവ്വദേശത്തു അധീശത്വം സ്ഥാപിക്കുവാനായി റഷ്യ യിസ്രായേലിനെ ആക്രമിക്കും. ഈ സൈനികാക്രമണം നയിക്കുന്നത് ഗോഗ് ആണ്. ഗോഗിന്റെ ദേശത്തെ മാഗോഗ് ദേശം എന്നു വിളിക്കുന്നു. യെഹെസ്ക്കേൽ 18:2-ലെ രോശ് റഷ്യയാണ്. മേശക്ക് മോസ്കോയും  തൂബൽ തൊബോൾസ്ക്കും ആയി കരുതപ്പെടുന്നു. അഞ്ചു രാജ്യങ്ങളുടെ സൈന്യങ്ങൾക്കൂടി റഷ്യൻ സൈന്യത്തിനു സഹായകമായി ഉണ്ട്. പാർസികൾ (ആധുനിക ഇറാൻ), കൂശ്യർ, പൂത്യർ, ഗോമർ തോഗർമ്മാഗൃഹം. (യെഹെ, 38:5,6). ഈ സൈന്യങ്ങൾ യിസ്രായേലിനെ വടക്കു നിന്നാക്രമിക്കും. ആക്രമണകാരികളുടെ സൈന്യം പരിപൂർണ്ണമായി നശിക്കും. ദൈവക്രോധം ജ്വലിക്കുന്നതിന്റെ ഫലമായി യിസ്രായേലിൽ വലിയ ഭൂകമ്പമുണ്ടാകും. മത്സ്യവും പറവയും ഇഴജാതിയും സകല മനുഷ്യരും ദൈവസന്നിധിയിൽ വിറയ്ക്കും. മലകൾ ഇടിഞ്ഞു പോകും. (38-18-20). ഈ യുദ്ധത്തിൽ ഉപേക്ഷിക്കപ്പെട്ട ആയുധമെടുത്ത് യിസ്രായേല്യർ ഏഴു വർഷം തീ കത്തിക്കും. (39-9-10). ശവസംസ്കാരത്തിന് ഏഴുമാസം വേണ്ടിവരും. (39:14). റഷ്യ ഒരു സൈനിക ശക്തിയായി വളർന്നതിൻ്റെയും, യിസ്രായേലിനെതിരെയുള്ള പടയൊരുക്കത്തിൻ്റെയും മുന്നോടിയായും റഷ്യ-ഉക്രൈൻ യൂദ്ധത്തെ മനസ്സിലാക്കാവുന്നതാണ്.

വാക്യം 3: “നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.”

ഈ വാക്യം രണ്ടാം വാക്യത്തിൻ്റെ തുടർച്ചയാണ്. “നാം” ജാതീയ രാജാക്കന്മാരാണിത് പറയുന്നത്. “അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.” അവരുടെ എന്ന് രണ്ടുപ്രാവശ്യം ജാതികൾ പറയുന്നത് ആരെക്കുറിച്ചാണ്? യഹോവയെയും അഭിഷിക്തനെയും കുറിച്ചാണ്. 2,6,7,8,9,12 വാക്യങ്ങളിലും യഹോവയും അഭിഷിക്തനും രണ്ടുപേരാണെന്ന് കാണാം. യേശുക്രിസ്തുവാണ് അഭിഷിക്തനെന്ന് വിശ്വസിക്കുന്ന ട്രിനിറ്റിക്കാരും വൺനെസ്സുകാരും പറഞ്ഞാട്ടെ; യഹോവയും അവൻ്റെ അഭിഷിക്തനെന്ന് നിങ്ങൾ വിശ്വസിക്കുന്ന യേശുവും ജാതികളെ ബന്ധിച്ചു വെച്ചിരിക്കയാണോ? അവരുടെ മേലുള്ള ബന്ധനമെന്താണ്? ഒന്നുമില്ല. ദൈവത്തിൻ്റെ കെട്ടുകളെ പൊട്ടിക്കാൻ, ദൈവമൊരു ജാതിയെയും ബന്ധിച്ചുവെച്ചിട്ടില്ല. പിന്നെ, പൊട്ടിച്ചെറിയുക എന്ന് പറഞ്ഞിരിക്കുന്ന ബന്ധനമേതാണ്? ദൈവത്തിൻ്റെ അഭിഷിക്തനായ യിസ്രായേലാണ് സകല ജാതികൾക്കും ഇന്ന് ബന്ധനമായി മാറിയിരിക്കുന്നത്. ബൈബിൾ ഭാഷയിൽ സകല ജാതികൾക്കും ഭാരമുള്ള കല്ലാണ് യിസ്രായേൽ. “അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.” (സെഖ, 12:3. ഒ.നോ: സങ്കീ, 109:20; 119:23). സങ്കീർത്തനങ്ങൾ 2:2-ൽ എന്താണ് പറഞ്ഞത്: “യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കും.” സെഖര്യാവ് 12:3-ൽ പറയുന്നു: “ഭൂമിയിലെ സകലജാതികളും യിസ്രായേലിന്നു വിരോധമായി കൂടിവരും.” ആരാണ് ദൈവത്തിൻ്റെ അഭിഷിക്തൻ? യേശുക്രിസ്തുവോ, യിസ്രായേലോ? എന്തിനാണ് ജാതികൾ കൂടിവരുന്നത്? തങ്ങളുടെ മേലുള്ള കെട്ടുകളെ പൊട്ടിക്കാൻ അഥവാ യിസ്രായേലെന്ന ഭാരമുള്ള കല്ല് ഇറക്കിവെക്കാൻ. എന്നിട്ട് ജാതികളുടെ ബന്ധനമഴിയുമോ? ഇല്ല. ദൈവത്തിൻ്റെ അഭിഷിക്തനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും. ആരാണ് ജാതികളെ മുറിവേല്പിക്കുന്നത്? തൻ്റെ അഭിഷിക്തനെതിരെ വരുന്നവരെ ദൈവമാണ് നേരിടുന്നത്. ഇതാണ് റഷ്യൻ യുദ്ധത്തിൽ സംഭവിക്കുന്നത്. (യെഹെ, 38:17-19). “ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.” (സങ്കീ, 18:47. ഒ.നാ: 79:10; 94:2; യിരെ, 11:20; 15:15; 46:10; 51:36; റോമ, 12:19). ഇതൊന്നും മഹാദൈവമായ യേശുക്രിസ്തുവിൻ്റെ വാക്കുകളല്ലെ; അഭിഷിക്തനായ യിസ്രായേലിന്റെ വാക്കുകളാണ്.

വാക്യം 4: “സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.” 

“കർത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.” (സങ്കീ, 37:13) “എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.” (സങ്കീ, 59:8. ഒ.നോ: സദൃ, 1:26). തൻ്റെ അഭിഷിക്തനെതിരെയുള്ള ജാതികളുടെ വ്യർത്ഥമായ പ്രയഗ്നംകണ്ട് സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവ് അവരെ പരിഹസിച്ചു ചിരിക്കുകയാണ്. 

വാക്യം 5: “അന്നു അവൻ (യഹോവ) കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.” (സങ്കീ, 2:5). 

അന്നു” അതായത്, ഈ സങ്കീർത്തനം ഭാവികാലത്ത് നിറവേറാനുള്ളതാണ്. അന്നുവരെ നിലനില്ക്കുന്നതും ശത്രുക്കളാൽ ചുറ്റപ്പെട്ടതുമായ ദൈവത്തിൻ്റെയൊരു അഭിഷിക്തനെക്കുറിച്ചാണ് പ്രവചനം; അത് യിസ്രായേലാണ്. “നിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും. അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.” (സങ്കീ, 110:5,6). “അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ. അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.” (സങ്കീ, 78:49,50. ഒ.നോ: സങ്കീ, 21:9; യെശ, 14:4;  66:6; സെഖ, 1:15; വെളി, 6:17; 11:18; 19:15). 

യഹോവ മിസ്രയീമിൽനിന്നു കൊണ്ടുവന്നിട്ട് ജാതികളെ നീക്കികളഞ്ഞശേഷം കനാനിൽ നട്ട മുന്തിരിവള്ളിയാണ് യിസ്രായേൽ. (സങ്കീ, 80:8; സങ്കീ, 14,15. ഒ.നോ: ഹോശേ, 11:1; 12:13). ഈ മുന്തിരിവള്ളിയെ അഥവാ യിസ്രായേലിനെയാണ് ‘എൻ്റെ പുത്രൻ’ (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1), ‘പുത്രൻ’ (സങ്കീ, 2:12), ‘അഭിഷിക്തൻ’ (2:2), ‘യഹോവയുടെ വലത്തുഭാഗത്തെ പുരുഷൻ, മനുഷ്യപുത്രൻ’ (സങ്കീ, 80:17), ‘വലത്തുഭാഗത്തിരിക്കുന്ന കർത്താവു’ (സങ്കീ, 110:1) എന്നൊക്കെ വിശേഷിപ്പിച്ചിരിക്കുന്നത്. അതായത്, 5-ാം വാക്യത്തിൽ യഹോവ കോപത്തോടെ അരുളിച്ചെയ്യുന്നതും ക്രോധത്തോടെ ഭ്രമിപ്പിക്കുകയും ചെയ്യുന്നത്; മഹോപദ്രവകാലത്ത് യിസ്രായേലിനെതിരെ വരുന്ന അഥവാ തൻ്റെ അഭിഷിക്തനെതിരെ വരുന്ന ജാതീയ രാജാക്കന്മാരായ ശത്രുക്കളെയാണ്. റഷ്യയുടെ നേതൃത്വത്തിലുള്ള യുദ്ധത്തിലും (യെഹെ, 38,39), ഹർമ്മഗെദ്ദോൻ യുദ്ധത്തിലും (വെളി, 16:13-16), അന്തിമയുദ്ധമായ ഗോഗ് മാഗോഗ് യുദ്ധത്തിലും (വെളി, 20:8,9). ദൈവജനത്തെ നശിപ്പിക്കുക എന്നതാണ് ഭൂമിയിലെ രാജാക്കന്മാരുടെ ഉദ്ദേശ്യം. (സങ്കീ, 83:4,5). യിസ്രായേലിനെ ജാതികളുടെ കയ്യിൽനിന്ന് എന്നേക്കുമായി വീണ്ടെടുക്കുകയാണ് ദൈവികലക്ഷ്യം. (സെഖ, 14:3; 2തെസ്സ, 2:8).(കാണുക: യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)

വാക്യം 6: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” 

സീയോൻ യെരൂശലേമാണ്. യെരൂശലേമിൽ കിദ്രോൻ താഴ്വരയ്ക്കും ടൈറാപൊയിയൊൻ താഴ്വരയ്ക്കും ഇടയ്ക്കുള്ള പർവ്വതത്തിൻ്റെ തെക്കെ അറ്റമാണ് സീയോൻ. മോരിയാപർവ്വതം എന്നു വിളിക്കപ്പെടുന്ന വടക്കുകിഴക്കുള്ള കുന്നിൽ ദൈവാലയം പണിതതിനുശേഷം പ്രസ്തുത കുന്നിനെയും സീയോൻ എന്നു വിളിച്ചു. അനന്തരകാലത്ത് യെരൂശലേം വളർന്നതോടുകൂടി സീയോൻ വിശുദ്ധ നഗരത്തിൻ്റെ പര്യായമായി. സങ്കീ, 102:20; 126:1; 132:13; യെശ, 1:26,27). ഇവിടെ പറയുന്ന സീയോൻ ദൈവരാജ്യമാണ്. അഥവാ ഭാവിയിൽ യിസ്രായേലിനു ദൈവം സ്ഥാപിച്ചുകൊടുക്കാനുള്ള രാജ്യമാണ്. (പ്രവൃ, 1:6). ദൈവം അവിടെ വാഴിക്കുന്ന അഭിഷിക്ത രാജാവാണ് യിസ്രായേൽ. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ദാനീയേലിൽ വയോധികൻ്റെ അടുക്കൽ വന്ന് രാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രൻ യിസ്രായേലാണ്. “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13,14). അത്യുന്നതൻ്റെ വിശുദ്ധന്മാർ അഥവാ യിസ്രായേലാണ് മനുഷ്യപുത്രൻ: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: ദാനീ, 7:18,21; സങ്കീ, 20:9; 21:1, 7;  45:1; 110:2). ദാവിദിനോടുള്ള നിശ്ചലകൃപയുടെ അവകാശിയും വാഗ്ദത്ത സന്തതിയും യിസ്രായേലാണ്. (യെശ, 55:3; 54:8; 59:21; യിരെ, 32:40; യെഹെ, 37:26; പ്രവൃ, 13:34). “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” (സങ്കീ, 89:36,37; 2ശമൂ, 7:12,13; 1ദിന, 17:11,12). (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി, ദാനീയേലിലെ മനുഷ്യപുത്രൻ)

ഭാവിയിൽ ഭൂമിയെ ഭരിക്കുന്ന രാജാവ് യേശുക്രിസ്തുവാണെന്ന ഒരു മിഥ്യാധാരണ ക്രൈസ്തവരുടെ ഇടയിലുണ്ട്. അതിനാധാരമായി ചില വാക്യങ്ങളും പുതിയനിയമത്തിലുണ്ട്. (മത്താ, 2:2; ലൂക്കൊ, 1:32,33). ദൈവത്തിൻ്റെ വാഗ്ദത്ത രാജാവായ ക്രിസ്തുവിനെ ക്രിസ്ത്യാനികൾ അറിയാത്തതിൻ്റെ കുഴപ്പം വലുതാണ്. ദൈവത്തിൻ്റെ വാഗ്ദത്തപുത്രനും അഭിഷിക്തനായ രാജാവും യേശുക്രിസ്തുവല്ല; യിസ്രായേലാണ്. അവൻ്റെ ദൈവം അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവൻ്റെ പദവികളുമായി മനുഷ്യനായത്. (മത്താ, 1:21; റോമ, 8:3; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16). ദൈവത്തിൽനിന്ന് വാഗ്ദത്തം പ്രാപിച്ച ദൈവസന്തതിയായ യിസ്രായേലിനെ അറിയാതെ, വാഗ്ദത്തം നിവൃത്തിച്ച അഥവാ ന്യായപ്രമാണം നിവൃത്തിച്ച ദൈവസന്തതിയെ അറിയാൻ കഴിയില്ല. (മത്താ, 5:17,18). യേശു പീലാത്തൊസിൻ്റെ മുമ്പിൽവെച്ച് ഒരുകാര്യം അസങിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ഒരുകാര്യം സമ്മതിക്കുകയും ചെയ്യുന്നു: “എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36,37). അവിടെ രണ്ട് കാര്യങ്ങൾ യേശു സ്ഫടികസ്ഫുടമായി പറഞ്ഞു: ഒന്ന്; എൻ്റെ രാജ്യം ഇഹലോകത്തല്ല. രണ്ട്; ഞാൻ രാജാവുതന്നേ. താൻ രാജാവുതന്നെയാണ്; എന്നാൽ താൻ ഭൂമിയിലെ രാജാവല്ല. യിസ്രായേലിന്റെ നിത്യരാജാവും അവൻ്റെ വീണ്ടെടുപ്പുകാരനുമായ യഹോവയായ ദൈവമാണ് അവനെ വീണ്ടെടുക്കുവാൻ മനുഷ്യനായി വന്നത്. (യെശ, 44:6). യഹോവ അഥവാ യേശുക്രിസ്തു സ്വർഗ്ഗത്തിലെ ശാശ്വത രാജാവാണ്; അവന് കഴ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കുന്ന നിത്യരാജാവ് അവൻ്റെ പുത്രനായ യിസ്രായേലാണ്. (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതി).

വാക്യം 7: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.”

ഈ പ്രവചനം ആത്മികമായി ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ നിറവേറി; എന്നാൽ, ക്രിസ്തുവിലൂടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനാണ് അത് യഥാർത്ഥമായി നിറവേറിയതെന്ന് പൗലൊസ് അപ്പൊസ്തലൻ തൻ്റെ പ്രഥമപ്രസംഗത്തിൽ അസന്ദിഗ്ധമായി പറഞ്ഞിരിക്കുന്നു; “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു.” (പ്രവൃ, 13:32-34). ഈ പ്രവചനം യഥാർത്ഥത്തിൽ യിസ്രായേലിനെ കുറിച്ചാണെന്ന് വ്യക്തമാണല്ലോ: (ഒ.നോ: പ്രവൃ, 3:25-26). ദൈവം പിതാക്കന്മാരോട് ചെയ്ത വാഗദത്തമാണ് യേശുവിലൂടെ ദൈവം മക്കൾക്ക് അഥവാ യിസ്രായേലിന് നിവർത്തിച്ചത്. എന്താണ് വാഗ്ദത്തം?: “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” ഒരു പ്രവചനത്തിനുതന്നെ അംശമായ നിവൃത്തിയും ആത്മീയമായ നിവൃത്തിയും പൂർണ്ണമായ നിവൃത്തിയുമുണ്ടെന്ന് മുകളിൽ നാം ചിന്തിച്ചതാണ്. ആത്മീയമായി ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിൽ പ്രവചനം നിവൃത്തിയായി. വീണ്ടും ഈ പ്രവചനം 1,948 മെയ് 14-ലെ യിസ്രായേൽ രാഷ്ട്രത്തിൻ്റെ പിറവിയിലൂടെ അംശമായ നിവൃത്തിച്ചു: “ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:8). സഹസ്രാബ്ദരാജ്യത്തിൽ തൻ്റെ ജനത്തെ സകല ദേശങ്ങളിൽനിന്നും കൂട്ടിച്ചേർക്കുകയും പഴയനിയമവിശുദ്ധന്മാർ ഉയിർത്തെഴുന്നേറ്റു വരുകയും ചെയ്യുമ്പോൾ അഥവാ അവരുടെ ജനനത്തിൽ വീണ്ടും ഒരിക്കൽക്കൂടി അഥവാ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: “അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും.” (യെശ, 11:11). “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.” (സങ്കീ, 110:3). ഇതും കാണുക: “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ, 26:19; ദാനീ, 12:13). അത് യെശയ്യാ പ്രവചനം 68:8-ൻ്റെ ഒരിക്കൽക്കൂടിയുള്ള നിറവേറലായിരിക്കും.

ദൈവത്തിൻ്റെ പുത്രനായ യിസ്രായേൽ തന്നെയാണ് രണ്ടാം സങ്കീർത്തനത്തിലെ പുത്രനെന്നതിന് മറ്റൊരു തെളിവാണ് എബ്രായർ 1:5-ലെ വാക്യം. “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” ഈ രണ്ടുപ്രവചനങ്ങളും യിസ്രായേലിനെ കുറിച്ചുള്ളതാണ്. ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും യിസ്രായേലാണ്. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14. ഒ.നോ: 1ദിന, 17:13; സങ്കീ, 89:32). യേശുക്രിസ്തു യിസ്രായേലിൻ്റെ മറുവില ആയതുകൊണ്ടാണ്, രണ്ടു പ്രവചനങ്ങളും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ ഉദ്ധരിച്ചരക്കുന്നത്. ദാവിദിൻ്റെ വാഗ്ദത്തപുത്രൻ യിസ്രായേൽ ആയതുകൊണ്ടാണ് യിസ്രായേലിൻ്റെ മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനുമായ യേശുവിനെ ദാവിദുപുത്രനെന്ന് വിളിക്കുന്നത്. എബ്രായർ ഒന്നാം അദ്ധ്യായത്തിൽ പുത്രൻ്റെ ശ്രേഷ്ഠതയാണല്ലോ വിഷയം: യിസ്രായേലെന്ന പുത്രൻ ആജ്ഞാനുവർത്തികളായ ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ തന്നെയാണ്. അതാണ് ആ അദ്ധ്യായത്തിൻ്റെ അവസാന വാക്യത്തിൽ എബ്രായ വിശ്വാസികളോട് ലേഖകൻ പറയുന്നത്. (1:14). “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:16). അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്. (ഉല്പ, 22:17,18; റോമ, 9:4,5). ഈ വാക്യവും നോക്കുക: “ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” (എബ്രാ, 1:13). ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്ന പദവിയും യിസ്രായേലിൻ്റെയാണ്. (കാണുക: ദാവീദിൻ്റെ വാഗ്ദത്തസന്തതിയഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ്)

പഴയനിയമത്തിൽ യിസ്രായേലാണ് ദൈവത്തിൻ്റെ പുത്രൻ. (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7, 2:12; യിരെ, 31:9; ഹോശേ, 11:1. ഒ.നോ: യെശ, 64:8; മലാ, 2:10). പഴയനിയമത്തിലുള്ള എല്ലാ പ്രവചനങ്ങളും വാഗ്ദത്തങ്ങളും യിസ്രായേലിനോടാണ്. സ്വന്തജനമായ യിസ്രായേലിനെ രക്ഷിക്കാനാണ് യഹോവയായ ദൈവം യേശുവെന്ന നാമത്തിലും (മത്താ, 1:21; ലൂകൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32;35) മനുഷ്യനായി വന്നത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; 1:14; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യിസ്രായേലിനോട് ദൈവം ചെയ്ത വാഗദത്തത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: ലൂക്കൊ, 20:22; 1കൊരി, 11:25). ജഡത്തിൽ പരിശുദ്ധമനുഷ്യൻ മാത്രമായ യേശുവിനെയാണ് ദൈവം അഥവാ ദൈവാത്മാവ് ജനിപ്പിച്ചതായി പറഞ്ഞിരിക്കുന്നത്. (മത്താ, 1:18,20; ലൂക്കൊ, 1:35). അല്ലാതെ, ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ച അദൃശ്യദൈവത്തിൻ്റെ പ്രതിമ അഥവാ പ്രതിരൂപവും മഹാദൈവവുമായ യേശുവിനെ അഥവാ യഹോവയെ ആർക്കും ജനിപ്പിക്കാൻ കഴിയില്ല; അവനാണ് സകലത്തെയും ജനിപ്പിച്ചത്. (കൊലൊ, 1:15-17; 2:9). 

വാക്യം 8: “എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും.”

ഇതും യിസ്രായേലിനുമാത്രം ചേരുന്ന പ്രയോഗമാണ്. യഹോവ യിസ്രായേലിനു കൊടുക്കുന്ന അവകാശമാണ് സകല ജാതികളിന്മേലുമുള്ള അധികാരം: “ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.” (സങ്കീ, 18:43). ദൈവം തൻ്റെ അഭിഷിക്തനും രാജാവുമായ യിസ്രായേലെന്ന പുത്രന്നു സ്ഥാപിച്ചുകൊടുക്കുന്നതാണ് സഹസ്രാബ്ദരാജ്യം: “അന്യജാതിക്കാർ‍ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ‍ നിനക്കു ശുശ്രൂഷചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും. ജാതികളുടെ സമ്പത്തിനേയും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകൾ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും. നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും. നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.” (യെശ, 60:10-16; വെളി, 2:26). യേശുവിൻ്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പ് ശിഷ്യന്മാർ അവനോട് ചോദിക്കുന്നത് ഈ രാജ്യത്തെക്കുറിച്ചാണ്. (പ്രവൃ, 1:6). ആ രാജ്യത്തിൻ്റെ രാജാവായ യിസ്രായേലാണ് ദാനീയേലിൽ വയോധികനിൽനിന്ന് രാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രൻ. (ദാനീ, 7:13,14,27). പഴയനിയമത്തിൽ യിസ്രായേലാണ് ദാവീദിൻ്റെ സന്തതിയും മനുഷ്യപുത്രനുമായ രാജാവ്; അതാണ്, പുതിയനിയമത്തിൽ സ്വന്തജനത്തെ രക്ഷിക്കാൻവന്ന യേശുക്രിസ്തുവിൻ്റെ മനുഷ്യപുത്രനെന്ന പദവിക്കടിസ്ഥാനം. (മത്താ, 26:64). (കാണുക: ദാനീയേലിലെ മനുഷ്യപുത്രൻ)

വാക്യം 9: “ഇരിമ്പുകോൽ കൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.”

ഈ വാക്യവും യേശുക്രിസ്തുവാണ് പുത്രനെന്ന് തെറ്റിദ്ധരിക്കാൻ കാരണമായി. ഒരു തെറ്റിദ്ധാരണയും വേണ്ട; യിസ്രായേലിനോട് തന്നെയാണിത് പറയുന്നത്. ഇരുമ്പുകോൽകൊണ്ട് തകർക്കും, മേയ്ക്കും എന്നൊക്കെ പറഞ്ഞാൽ ജാതികളുടെ മേലുള്ള ശക്തമായ അധികാരത്തെയാണ് കാണിക്കുന്നത്. ഇത് യിസ്രായേലിൻ്റെ പദവിയായതുകൊണ്ടാണ് അവരുടെ രക്ഷകനായ യേശുക്രിസ്തുവിൽ അത് നിറവേറുന്നത്: “ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.” (വെളി, 19:15). യിസ്രായേലിനു മാത്രമല്ല; അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള യേശുക്രിസ്തു, ജയാളികളായ ദൈവമക്കൾക്കും ജാതികളുടെമേൽ ഈ അധികാരം നല്കിയിട്ടുണ്ട്: “ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെ മേൽ അധികാരം കൊടുക്കും. അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.” (വെളി, 2:26). ക്രിസ്തുവിൻ്റെ ശരീരമായ സഭയെന്ന ആൺകുട്ടി ഈ അധികാരത്തോടെയാണ് ജനിച്ചിരിക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്: “അവൾ സകലജാതികളെയും ഇരിമ്പുകോൽ കൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു.” (വെളി, 12:5). സഭയുടെ ഉൽപ്രാപണമാണ് ഈ വാക്യത്തിലുള്ളത്. സ്വന്തജനമായ യിസ്രായേലിന് അവരുടെ വാഗ്ദത്തങ്ങൾ സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവരുടെ ദൈവമായ യഹോവ മനുഷ്യനായി വന്നത്. (മത്താ, 1:21). രണ്ടാം സങ്കീർത്തനത്തിൽ യിസ്രായേലിനു ഈ അധികാരം കൊടുക്കുന്ന യഹോവയും സഭയ്ക്ക് ഈ അധികാരം കൊടുക്കുന്ന യേശുക്രിസ്തുവും ഒരാളാണെന്നറിയാത്തതാണ് പലരുടെയും കുഴപ്പം. യഹോവ അഥവാ യേശുക്രിസ്തു തന്നെയാണ് തന്റെ വായിലെ ശ്വാസത്താലും പ്രത്യക്ഷതയുടെ പ്രഭാവത്താലും യിസ്രായേലിന്റെ ശത്രുക്കളെ മുഴുവൻ നശിപ്പിച്ചിട്ട് അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നത്. (2തെസ്സ, 2:8; പ്രവൃ, 1:6). 

വാക്യം 10: “ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.”

തൻ്റെ അഭിഷിക്തനെതിരെ വരുന്ന ഭൂമിയിലെ രാജാക്കന്മാരോടാണിത് പറയുന്നത്. എന്തെന്നാൽ, യിസ്രായേലിനെതിരെ വരുന്നവരൊക്കെ ദൈവം നശിപ്പിക്കും: “നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും.” (യെശ, 60:12. ഒ.നോ: സങ്കീ, 45:12; 72:10,11; യെശ, 49:23; 60:3,10,11). 

വാക്യം 11: “ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.”

സകലജാതികളും ഭയത്തോടെ സേവിപ്പാൻ യോഗ്യനായ ദൈവം യഹോവ മാത്രമാണ്: “യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ. (സങ്കീ, 96:4). “സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാർക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.” (സങ്കീ, 33:8). “ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.” (സങ്കീ, 102:17; 100:1-3; 147:11). “സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.” (സങ്കീ, 100:2). 

വാക്യം 12: “അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.”

ഈ വാക്യവും അനേകർ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഈ വാക്യത്തിലെ പുത്രൻ യേശുവല്ല; യിസ്രായേലാണ്. അവൻ കോപിച്ചിട്ട്: യഹോവയുടെ കോപത്തെ തടുക്കാൻ ആർക്കും കഴിയില്ല: “നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നിൽക്കാകുന്നവൻ ആർ?” (സങ്കീ, 76:7). നിങ്ങൾ വഴിയിൽവെച്ച് നശിക്കാതിരിക്കാൻ: യിസ്രായേലിനോട് എതിർക്കാൻ വരുന്ന ജാതികൾ യഹോവയുടെ കോപത്താൽ നശിക്കാതിരിക്കാൻ: “യഹോവേ, കോപത്തോടെ എഴുന്നേൽക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിർത്തുനിൽക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.” (സങ്കീ, 7:6). “അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.” (സങ്കീ, 2:5). തൻ്റെ അഭിഷിക്തനെ തൊടരുതെന്നത് ദൈവത്തിൻ്റെ കല്പനയാണ്: “എന്റെ അഭിഷിക്തന്മാരെ തൊടരുതു.” (1ദിന, 16:22; 105:15). കെ.ജെ.വിയിലും, ജെനീവ ബൈബിളിലും ‘അഭിഷിക്തൻ’ (Touch not mine anointed) എന്ന് ഏകവചനമാണ്. എബ്രായയിലും ‘മശീഹ’ (mashiyach) ഏകവചനമാണ്. പുത്രനെ ചുംബിപ്പിൻ: ഇവിടുത്തെ പുത്രൻ ദൈവത്തിൻ്റെ അഭിഷിക്ത രാജാവായ യിസ്രായേലാണ്. ‘ചുംബിക്കുക’ എന്നതിന് ആരാധിക്കുക, നമസ്ക്കരിക്കുക എന്നൊന്നും ബൈബിളിൽ അർത്ഥമില്ല. ചുംബനത്തിന് ഉപയോഗിച്ചിരിക്കുന്ന നഷാഖ് (nashaq) എന്ന എബ്രായപദത്തിന് ദൈവത്തെ നമസ്കരിക്കുകയെന്നോ, ദൈവീകമായ ചുംബനമെന്നോ അർത്ഥത്തിലല്ല ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യർ തമ്മിൽത്തമ്മിൽ ആചാരപരമായി ചുംബിക്കുന്നതിനെ കുറിക്കുന്ന ഒരു പദമാണത്. (ഉദാ: ഉല്പ, 27:26,27; 29:11,13; 31:28). കൂടാതെ, ‘അധികാരി’ (ഉല്പ, 41:40), ആയുധധാരികൾ അഥവാ ‘വില്ലാളികൾ’, ‘പരിച ധരിച്ചവർ’ (1ദിന, 12:2; 2ദിന, 17:17; സങ്കീ, 78:9), ‘തമ്മിൽ തട്ടുന്ന’ (യെഹെ, 3:13) എന്നിത്യാദി അർത്ഥത്തിലും ആ പദം പ്രയോഗിച്ചിട്ടുണ്ട്. പുരാതനകാലത്ത് രാജാവിനെ ചുംബിക്കുകയെന്നത്, ആ ഭരണാധികാരിയുടെ ആധിപത്യം അംഗീകരിക്കുക എന്നത്രേ. (1ശമൂ, 10:1). ശത്രുക്കൾ യിസ്രായേലിനെ ചുംബിച്ച് ഐക്യപ്പെടുവാൻ അഥവാ അവരോട് സമാധാനം ആചരിക്കാനുള്ള ആഹ്വാനമാണ് അവിടെയുള്ളത്.

എന്തിനാണ് ജാതികൾ യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രന് കീഴ്പ്പെടുന്നത്? അതിൻ്റെ ഉത്തരം ദാനീയേൽ പറയും: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13). ഈ ദർശനം കണ്ടിട്ട് ദാനീയേലിന് ഒന്നും മനസ്സിലായില്ല; ദൂതനാണ് ഈ മനുഷ്യപുത്രനാരാണെന്ന് ദാനീയേലിന് വ്യാഖ്യാനിച്ചുകൊടുക്കുന്നത്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). അത്യന്നതൻ്റെ ‘വിശുദ്ധന്മാർ’ എന്നു ബഹുവചനത്തിൽ പറഞ്ഞശേഷം അടുത്തഭാഗം: ‘അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.’ ‘അവൻ്റെ, അവൻ’ എന്നിങ്ങനെ ഏകവചനം പറയുന്നതു കാണുക. (ഒ.നോ: ദാനീ, 7:18,21,25). എന്തിനാണ് ജാതികൾ യിസ്രായേലിന് കീഴ്പ്പെടുന്നത്? ജാതികളെ ദൈവം ന്യായംവിധിക്കുന്നത് യിസ്രായേലിനോടുള്ള അവരുടെ മനോഭാവത്തിൻ്റെ അടിസ്ഥാനത്തിലാണ്. (യോവേ, 3:1,2; മത്താ, 25:31-46). ജാതീയരാജാക്കന്മാർ നമസ്കരിക്കുന്ന ദൈവപുത്രനായ രാജാവ് യിസ്രായേലാണ്: “യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സർവ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: വിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും രാജാക്കന്മാർ കണ്ടു എഴുന്നേൽക്കയും പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കയും ചെയ്യും.” (യെശ, 49:7). രാജാക്കന്മാർ യിസ്രായേലിനെ നമസ്കരിക്കുന്നതിൻ്റെ വേറെയും തെളിവുകളുണ്ട്: “സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.” (സങ്കീ, 72:11).

അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ: “നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും. എന്റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കൽ വരും; അങ്ങനെ ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും. നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ‍ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടുവരും; നിന്നെ നിന്ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ‍ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.” (യെശ, 60:12-14). സഹസ്രാബ്ദ വാഴ്ചയിൽ യിസ്രായേലിനെ സേവിക്കാത്ത ജാതികൾ നശിച്ചുപോകുകയും അവനെ സേവിക്കുന്നവർ അനുഗ്രഹം പ്രാപിക്കുകയും ചെയ്യും. അപ്പോൾ, അക്ഷരാർത്ഥത്തിൽ രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തനും രാജാവുമായ പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. എന്നാൽ യിസ്രായേലിന്റെ വാഗ്ദത്തങ്ങളെല്ലാം അവരുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. 

യേശുക്രിസ്തുവിനെ കൂടാതെ, ദൈവത്തിനൊരു അഭിഷിക്തനും പുത്രനും നിത്യരാജാവും ഇല്ലെങ്കിലല്ലേ, യേശുക്രിസ്തുവാണ് രണ്ടാം സങ്കീർത്തനത്തിലെ അഭിഷിക്തനും രാജാവുമായ പുത്രനെന്നു പറയാൻ കഴിയൂ? ‘ചേരുംപടി ചേർക്കുക’ എന്നൊരു പ്രയോഗമുണ്ട്. ബൈബിൾ വ്യാഖ്യാനത്തിനും അത് ബാധകമാണ്. യേശുക്രിസ്തുവെന്ന പുത്രനാണോ, യിസ്രായേലെന്ന പുത്രനാണോ രണ്ടാം സങ്കീർത്തനത്തിന് ചേരുന്നത്? യിസ്രായേലെന്ന ദൈവപുത്രനെ അറിയാതെ, യേശുക്രിസ്തുവെന്ന ദൈവപുത്രനെ അറിയാൻ കഴിയുമെന്ന് ആരും വിചാരിക്കണ്ട. പഴയനിയമത്തിലെയും പുതിയനിയമതിലെ പുത്രൻ യേശുക്രിസ്തുവാണെന്നു പറയുന്ന ട്രിനിറ്റിക്കാരും വൺനെസ്സുകാരും 1കൊരിന്ത്ര്യർ 15:24-28 എങ്ങനെ മനസ്സിലാക്കും?

സ്വന്ത ഉപദേശം സ്ഥാപിക്കാൻ തങ്ങൾക്ക് തോന്നിയതുപോലെ ബൈബിളിനെ വ്യാഖ്യാനിക്കുന്നവരാണ് ക്രിസ്ത്യാനികൾ. ഒരുദാഹരണം കാണിക്കാം: “ആരും അടയ്ക്കാതെവണ്ണം തുറക്കുന്നവനും; ആരും തുറക്കാതെവണ്ണം അടയ്ക്കുന്നവനും” എന്നത് ഹിൽക്കീയാവിന്റെ മകനായ എല്യാക്കീമിന് ദൈവം കൊടുത്ത പദവിയാണ്. (യെശ, 22:20-22). എന്നാൽ പുതിയനിയമത്തിൽ ആ പദവി യേശുക്രിസ്തുവിനാണ്. (വെളി, 3:7). “ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠൻ” എന്ന പദവി ദൈവം ദാവീദിന് കൊടുത്തതാണ്. (സങ്കീ, 89:27). പുതിയനിയമത്തിൽ ആ പദവിയും ക്രിസ്തുവിനാണുള്ളത്. (വെളി, 1:5). രണ്ടാം സങ്കീർത്തനത്തിലെ യിസ്രായേലെന്ന അഭിഷിക്തനും രാജാവുമായ പുത്രനെ യേശുക്രിസ്തു ആക്കിയവർ, പഴയനിയമത്തിലെ എല്യാക്കീമും ദാവീദും യേശുക്രിസ്തുവാണെന്ന് പറയാത്തതെന്തേ? ദൈവവചനത്തെ അവൻ്റെ വചനത്താൽത്തന്നെ സത്യസന്ധമായി വ്യാഖ്യാനിക്കണം. അവസരവാദ പരമായ വ്യാഖ്യാനം വിശ്വാസികൾക്ക് ചേർന്നതല്ല. സ്വർഗ്ഗത്തിൽ വസിക്കുന്നവൻ നമ്മളെനോക്കി പരിഹസിച്ചു ചിരിക്കാൻ ഇടവരരുത്.

രണ്ടാം സങ്കീർത്തനത്തിൽ യേശുക്രിസ്തു ഉണ്ടോ? ഉണ്ട്. അത് ട്രിനിറ്റി വിചാരിക്കുന്നതുപോലെ മറ്റൊരു വ്യക്തിയായ അഭിഷിക്തനുമല്ല, വൺനെസ്സുകാർ വിചാരിക്കുമ്പോലെ യഹോവതന്നെയായ അഭിഷിക്തനുമല്ല. അതിൽ യഹോവയും അഭിഷിക്തനും രണ്ടുപേരാണ്. ആ സങ്കീർത്തനത്തിലെ യഹോവ തന്നെയാണ് യേശുക്രിസ്തു; അഭിഷിക്തൻ യിസ്രായേലും. അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ അഥവാ ദൃശ്യരൂപമാണ് യേശുക്രിസ്തു. പഴയനിയമത്തിൽ പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തനായ ദൈവമായി വെളിപ്പെട്ടവനും മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും സ്വർഗ്ഗസിംഹാസനത്തിൽ കെരൂബുകളുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനാണ് കാലസമ്പൂർണ്ണതയിൽ സ്ത്രീയിൽനിന്ന് ജനിച്ച് മനുഷ്യനായി വന്ന് മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടി മരിച്ചുയിർത്ത് സ്വർഗ്ഗേകരേറിയത്. പഴയനിയമത്തിൽ അവൻ്റെ നാമം യഹോവ എന്നായിരുന്നുവെങ്കിൽ, പ്രവചനംപോലെ പുതിയനിയമം സ്ഥാപിതമായി കഴിഞ്ഞപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവവ്യക്തിയുടെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17).

ഈ സങ്കീർത്തനത്തിലെ അഭിഷിക്തനും ദൈവം ജനിപ്പിച്ച പുത്രനും സീയോനിൽ വാഴിച്ച രാജാവും യേശുക്രിസ്തുവല്ല; യിസ്രായേലെന്ന അഭിഷിക്തൻ അഥവാ ക്രിസ്തുവാണ്. സൂര്യചന്ദ്രന്മാരുള്ള കാലത്തോളം സിംഹാസനമുള്ളവനും സകല ജാതികളും വംശങ്ങളും ഭാഷകളും സേവിവിച്ചനുസരിക്കുന്നവനും ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഭരിക്കേണ്ട നിത്യരാജാവും യിസ്രായേലാണ്. തന്റെ രാജ്യം ഐഹികമല്ലെന്ന് യേശുക്രിസ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നു. യിസ്രായേൽ അഭിഷിക്തനും ദൈവപുത്രനും രാജാവും ആകയാലാണ് ആ പദവികൾ യേശുക്രിസ്തുവിലും ആരോപിക്കപ്പെട്ടിരിക്കുന്നത്. യിസ്രായേലിന്റെ ദൈവം അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാനാണ് അവൻ്റെ പദവികളുമായി മനുഷ്യനായി വന്നത്. യേശുക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷ അറിയണമെങ്കിൽ ദൈവത്തിൻ്റെ അഭിക്തനും പുത്രനും നിത്യരാജാവുമായ യിസ്രായേലിനിനെക്കുറിച്ച് പഠിച്ചാൽമതി. അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെ!