താമ്രക്കടൽ

താമ്രക്കടൽ (brazen sea)

ശലോമോൻറ ദൈവാലയത്തിന്റെ മുമ്പിൽ താമ്രക്കാളകളുടെ പുറത്തുവച്ചിരുന്ന താമ്രപാത്രം. (1രാജാ, 7:23-44; യിരെ, 52:17). താമ്രം കൊണ്ടുള്ള പണി ചെയ്യുന്നതിന് ശലോമോൻ രാജാവ് സോരിൽ നിന്നു ഹീരാമിനെ വരുത്തി. ഈ താമക്കടൽ നിർമ്മിച്ചത് ഹീരാം ആയിരുന്നു. ദാവീദു കൊളളയായി പിടിച്ച് താമ്രമാണ് താമ്രക്കടൽ നിർമ്മാണത്തിനു ഉപയോഗിച്ചത്. (1ദിന, 18:8). സമാഗമനകൂടാരത്തിൽ താമ്രത്തൊട്ടി വച്ചിരുന്ന സ്ഥാനത്തിനു (പുറ, 30:18) സമാന്തരമായാണ് താമ്രക്കടൽ വച്ചിരുന്നതെങ്കിൽ, ഇതിന്റെ സ്ഥാനം ദൈവാലയത്തിലേക്കുള്ള പ്രവേശനത്തിൽ യാഗപീഠത്തിനു മുമ്പിലാണ്. താമ്രപാതം പന്ത്രണ്ടു കാളപ്പുറത്താണു വച്ചിരുന്നത്. കാളകൾ മുന്നെണ്ണം വീതം ഓരോ ദിക്കിലേക്കു തിരിഞ്ഞിരുന്നു; വടക്കോട്ടു മുന്നു, പടിഞ്ഞാറോട്ടു മൂന്നു, തെക്കോട്ടു മൂന്നു, കിഴക്കോട്ടു മുന്നു. കാളകളുടെ പൃഷ്ഠഭാഗം അകത്തോട്ടു തിരിഞ്ഞിരുന്നു. പാത്രം വൃത്താകാരമായിരുന്നു. അതിന് പത്തു മുഴം വ്യാസവും അഞ്ചുമുഴം ഉയരവും മുപ്പതു മുഴം ചുറ്റളവും ഉണ്ടായിരുന്നു. അതിന്റെ വ്യാപ്തം രണ്ടായിരം ബത്ത് ആയിരുന്നു. 2ദിനവൃത്താന്തം 4:5-ൽ മൂവായിരം ബത്ത് എന്നു കാണുന്നു. അതിന്റെ വക്ക് പുറത്തോട്ടു് മലർന്നിരുന്നു. അതു പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിൽ ഉള്ളതായിരുന്നു. താമ്രക്കടൽ ഗോളാകാരമായിരുന്നു എന്നു ജൊസീഫസ് പറയുന്നുണ്ട്. ചിലരുടെ അഭിപ്രായത്തിൽ അതിന് സിലിണ്ടറാകൃതിയാണ്. പുരോഹിതന്മാർക്കു കഴുകുന്നതിനു അതിൽ വെള്ളം നിറച്ചിരുന്നു. ആഹാസ് രാജാവിന്റെ കാലത്തു താമ്രക്കടലിനെ താമ്രക്കാ കളുടെ പുറത്തു നിന്നിറക്കി കല്ത്തളഅതിൽ വെച്ചു. (2രാജാ, 16:17). ബി.സി. 587-ൽ നെബുഖദ്നേസർ യെരുശലേം പിടിച്ചപ്പോൾ കടൽ ഉടച്ച് താമ്രം ബാബേലിലേക്കു കൊണ്ടുപോയി. താമ്രക്കടലിന്റെ നിർമ്മാണം സീറോ ഫിനിഷ്യൻ സ്വാധീനവും വിശ്വദേവതാസൂചനയും വ്യക്തമാക്കുന്നു. പ്രാചീന കാലത്തു കടലിന് ദിവ്യശക്തി ഉള്ളതായി കരുതപ്പെട്ടിരുന്നു. ജീവൻ്റെയും സന്തത്യുത്പാദനത്തിന്റെയും ഉറവിടമാണ് ഭൂഗർഭ ശുദ്ധജല സമുദം. മെസൊപ്പൊട്ടേമിയയിൽ കടൽ അഥവാ അപസു എന്ന പദം ജലത്തിനും ക്ഷേത്രത്തിൽ വച്ചിരുന്ന വിശുദ്ധ ജലപാത്രത്തിനും ഉപയോഗിച്ചിരുന്നു. താമ്രക്കടലിനു പിന്നിൽ ഈ വ്യംഗ്യസൂചന ഇല്ലായിരുന്നുവെന്നു തീർത്തു പറയുവാൻ നിവൃത്തിയില്ല. ശലോമോൻ നിർമ്മിച്ച തൊട്ടികൾക്കും താമ്രക്കടലിനും പരസ്പര ബന്ധമുണ്ടായിരുന്നു. ബാബിലോണ്യ ക്ഷേത്രങ്ങളിൽ തൊട്ടികളും കടലും ഉണ്ടായിരുന്നു എന്നതും സ്മർത്തവ്യമാണ്.

ചെങ്കടൽ

ചെങ്കടൽ (Red Sea)  

വടക്കുകിഴക്കെ ആഫ്രിക്കയെ അറേബ്യൻ ഉപദ്വീപിൽ നിന്നു വേർപെടുത്തുന്ന ഉൾക്കടലാണ് ചെങ്കടൽ. ‘എറുത്ര തലാസ്സ’ എന്ന ഗ്രീക്കു പ്രയോഗത്തിന്റെ തർജ്ജമയാണ് ചെങ്കടൽ (Red Sea). ഈ പേരിന്റെ ഉൽപത്തിയെക്കുറിച്ചു പല അനുമാനങ്ങൾ നിലവിലുണ്ട്. 1. ഏഷ്യാ മൈനറിലെ അയോനിയൻ (Ionian) പട്ടണങ്ങളിലൊന്നായ എറിത്രെയ് ഭരിച്ചിരുന്ന എറിത്രാസിൽ നിന്നാണ് ഈ പേർ ലഭിച്ചത്. 2. ചുവന്ന പവിഴത്തിൽനിന്നും ചെങ്കടൽ എന്ന പേർ ലഭിച്ചു. 3. കിഴക്കൻ തീരത്തിലെ ഏദോമ്യ, അറേബ്യൻ മലകളുടെ നിറത്തിൽനിന്നും ചെങ്കടൽ എന്ന പേർ വന്നു. എബായപേരായ ‘യാംസുഫി’ന് ഞാങ്ങണക്കടൽ എന്നർത്ഥം. അനന്തരം യാംസുഫ് അക്കാബ ഉൾക്കടലിന്റെയും സൂയസ് ഉൾക്കടലിൻ്റെയും (സംഖ്യാ, 33:10,11) പേരായി മാറി. ചെങ്കടലിനു ചില സവിശേഷതകളുണ്ട്. ചെങ്കടലിൽ ഒഴുകി എത്തുന്ന മഹാനദികളൊന്നും ഇല്ല. കാലാവസ്ഥ ഉഷ്ണവും വരണ്തുമാണ്. ബാഷ്പീകരണത്തിന്റെ ആധിക്യം കൊണ്ട് ജലം ലവണമയമാണ്. ജലം തെളിവുള്ളതും പച്ചനിറവുമാണ്. വർദ്ധിച്ച താപനിലയും നൈർമ്മല്യവും നിമിത്തം എല്ലാതരത്തിലുമുള്ള സമുദ്രജീവികൾ ചെങ്കടലിൽ സമൃദ്ധമായുണ്ട്. 2250 കിലോമീററർ നീളവും ശരാശരി 290 കിലോമീററർ വീതിയും 610 മീററർ ആഴവുമുണ്ട്. ഏഡൻ ഉൾക്കടൽ മുതൽ സൂയസ് ഉൾക്കടൽ വരെ അത് നീണ്ടു കിടക്കുന്നു. സൂയസ് കനാൽ ചെങ്കടലിനെയും മെഡിറററേനിയൻ സമുദ്രത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. ചെങ്കടലിന്റെ വടക്കുഭാഗം രണ്ടുശാഖകളായി പിരിയുന്നു. പടിഞ്ഞാറു 320 കിലോമീററർ നീളമുള്ള സൂയസ് ഉൾക്കടൽ അറേബ്യയെ ഈജിപ്റ്റിൽനിന്നും വേർപെടുത്തിക്കൊണ്ട് സൂയസ് കനാലിൽ എത്തുന്നു. കിഴക്ക് 160 കിലോമീററർ ദൈർഘ്യമുള്ള അക്കാബ ഉൾക്കടൽ സീനായി ഉപദ്വീപിനെ അറേബ്യയിൽനിന്നും വേർതിരിക്കുന്നു. മിസ്രയീമിലെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കപ്പെട്ട യിസ്രായേല്യർക്ക് ചെങ്കടൽ കടക്കേണ്ടി വന്നു. വിഭജിക്കപ്പെട്ട ചെങ്കടലിലൂടെ പാദംപോലും നനയാതെ യിസ്രായേൽമക്കൾ ചെങ്കടൽ കടന്നു. ഫറവോനും സൈന്യവും ചെങ്കടലിൽ മുങ്ങി നശിച്ചു: (പുറ, 14:21-15:22; ആവ, 11:4; യോശു, 2:10; 4:24; 24:6; നെഹെ, 9:9; സങ്കീ, 106:7, 9, 22; 136:13, 15). യിസ്രായേൽജനം ചെങ്കടൽ കടന്നശേഷം മോശെ പാടിയ സങ്കീർത്തനം പ്രസിദ്ധമാണ്. (പുറ, 15). ശലോമോൻ്റെ വാഴ്ചയോടനുബന്ധിച്ചും ചെങ്കടൽ പ്രദേശങ്ങൾക്കു പ്രാധാന്യമുണ്ട്. (1രാജാ, 9:26,27; 10:11,12). ശലോമോൻ കപ്പലുകൾ പണിതത് ചെങ്കടല്ക്കരയിൽ ഏലാത്തിനു സമീപത്തുള്ള എസ്യോൻ-ഗേബെരിൽ വച്ചായിരുന്നു.

ചാവുകടൽ

ചാവുകടൽ (Dead Sea)

ചാവുകടലിന്റെ പ്രാചീനനാമം ഉപ്പുകടൽ എന്നത്രേ: (ഉല്പ, 14:3; സംഖ്യാ, 34:3, 12; ആവ, 3:17; യോശു, 3:16). ഇതിനെ ‘അരാബയിലെ കടൽ’ (ആവ, 3:17; 4:49; യോശു, 3:16; 12:3) എന്നും ‘കിഴക്കെകടൽ’ (യെഹെ, 47:18; യോവേ, 2:20; സെഖ, 14:8) എന്നും വിളിക്കുന്നു. വാഗ്ദത്തനാടിന്റെ കിഴക്കെ അതിരിലാകയാലാണ് കിഴക്കെ കടലെന്നു വിളിക്കുന്നത്. മെഡിറ്ററേനിയൻ സമുദ്രമാണ് പടിഞ്ഞാറെ കടൽ. ചാവുകടൽ എന്ന പേര് ബൈബിളിൽ ഇല്ല. എ.ഡി. രണ്ടാം നൂറ്റാണ്ടു മുതലാണ് ചാവുകടൽ എന്നപേർ പ്രയോഗത്തിൽ വന്നത്. ഇതിനെ സൊദോമിലെ കടൽ എന്നും ആസ്ഫാൾട്ട് കടൽ എന്നും വേദേതരസാഹിത്യത്തിൽ വിളിക്കുന്നു. ആധുനികനാമം ബാഹാർലൂട്ട് അഥവാ ലോത്തിൻ കടൽ എന്നാണ്. ചാവുകടൽ യോർദ്ദാൻ നദീമുഖത്തുനിന്നു ആരംഭിക്കുന്നു. യോർദ്ദാൻ പിളർപ്പിന്റെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് ചാവുകടൽ. ചാവുകടലിന്റെ ജലോപരിതലം സമുദ്രനിരപ്പിൽ നിന്ന് ശരാശരി 427 മീറ്റർ താഴെയാണ്. ഏറ്റവും ആഴം കൂടിയ ഭാഗത്തിന് വീണ്ടും 433 മീറ്റർ താഴ്ചയുണ്ട്. ലോകത്തിലേയ്ക്കും ഏറ്റവും അഗാധമായ സ്ഥാനമാണിത്. ചാവുകടലിന്റെ നീളം ഏകദേശം 77 കിലോമീറ്ററും വീതി 14 കിലോമീറ്ററും ആണ്. പടിഞ്ഞാറുഭാഗത്ത് പല തിട്ടകളാൽ ചുറ്റപ്പെട്ട ഒരു ഇടുങ്ങിയ തീരമുണ്ട്. ചില നീരുറവകൾ (ഉദാ: ഏൻ-ഗെദി; ഉത്ത, 1:14) ഒഴികെ യെഹൂദ്യതീരം വരണ്ടതും നഗ്നവുമാണ്. ഇവിടെനിന്നും വെളളത്തിന് ഒഴുകിപ്പോകുവാൻ ഒരു സാധ്യതയുമില്ല. അതിനാൽ സാധാരണ സമുദ്രജലത്തെ അപേക്ഷിച്ചു നാലിരട്ടിയിലേറെ സാന്ദ്രത ചാവുകടലിലെ ഉപ്പുവെള്ളത്തിനുണ്ട്. വെള്ളത്തിലെ 25%-ഉം ഉപ്പ്, പൊട്ടാഷ്, മഗ്നീഷ്യം, കാൽസ്യം ക്ലോറൈഡുകൾ, ബ്രോമൈഡ് എന്നീ രാസപദാർത്ഥങ്ങളാണ്. ചാവുകടലിലെ ജലത്തിന്റെ സ്പെസിഫിക് ഗ്രാവിറ്റി വളരെ കൂടുതലാണ്. തന്മൂലം ഈ വെളളത്തിൽ മുങ്ങുവാൻ സാധ്യമല്ല. നീന്തുന്നവർ ഉപരിതലത്തിൽ ഒരു കോർക്കുപോലെ പൊങ്ങി കിടക്കുകയേയുള്ളൂ. ചാവുകടലിൽ നിന്ന് ജലത്തിന് ബഹിർഗമനമാർഗ്ഗം ഒന്നും തന്നെയില്ല. ബാഷ്പീകരണം കൊണ്ടു മാത്രമെ ജലത്തിനെന്തെങ്കിലും മാറ്റം ഉണ്ടാകുന്നുള്ളൂ. ദിവസവും ഏകദേശം 70 ലക്ഷം ടൺ വെള്ളം വന്നുചേരുകയും അത്രയും വെള്ളം നീരാവിയായി പോകുകയും ചെയ്യുന്നു. അതിനാൽ ഇതിലെ ജലനിരപ്പ് സ്ഥിരമായിരിക്കുന്നു. ജലത്തിന്റെ താപം വേനൽക്കാലത്തു 43°c വരെ ഉയരുന്നു. യാതൊരു ജീവിയും ചാവുകടലിൽ വളരുന്നില്ല. ജീവികളില്ലാത്തതു കൊണ്ടായിരിക്കണം ഇതിനു ചാവുകടൽ എന്നു പേരുകിട്ടിയത്. കടുത്ത പുളിരസമാണു ഇതിലെ ജലത്തിന്. വെളളം വായിൽ കൊള്ളുന്നതിനോ കുളിക്കുന്നതിനോ നല്ലതല്ല. ചാവുകടലിനു ചുറ്റും വൃക്ഷലതാദികൾ സമൃദ്ധമായി വളരുകയോ മുകളിലൂടെ പക്ഷികൾ പറക്കുകയോ ചെയ്യുന്നില്ല. യോർദാൻ, അർന്നോൻ, സെർക്കാമെയിൻ, കേറെക്, സേരെക്, സേരെദ് എന്നീ നദികളും ചെറുതോടുകളും ഇതിൽ പതിക്കുന്നു. യോർദ്ദാൻ നദിയിൽകൂടി ഏതെങ്കിലും മീൻ ചാവുകടലിൽ എത്തുകയാണെങ്കിൽ ഉടൻതന്നെ ചത്തുപോകുന്നു. യോർദ്ദാൻ നദിയുടെ തെക്കുപടിഞ്ഞാറു ഭാഗത്തു സൊദോം പർവ്വതത്തിനടുത്തു ഉപ്പുകുന്നുകൾ കാണാം. ഇവയെ അറബികൾ ലോത്തിന്റെ ഭാര്യ എന്നു വിളിക്കുന്നു. ചാവുകടലിന്റെ വടക്കെ അറ്റത്തുനിന്നു് 7 കിലോമീററർ അകലെയാണ് കുമ്രാൻ പ്രദേശം. ഇവിടെ നിന്നാണ് 1947-ൽ ചാവുകടൽ ചുരുളുകൾ കണ്ടെടുത്തത്.

ഗലീലക്കടൽ

ഗലീലക്കടൽ (Sea of Galilee)

പലസ്തീൻ്റെ വടക്കുഭാഗത്ത് ഗലീലയിലുള്ള ഒരു ശുദ്ധജലതടാകം. അതിനു 21 കി.മീറ്റർ നീളവും 11 കി.മീറ്റർ വീതിയുമുണ്ട്. സമുദ്രനിരപ്പിൽനിന്നു 211 മീറ്റർ താഴെയായി കിടക്കുന്നു. പഴയനിയമത്തിൽ കിന്നേരത്ത് കടൽ (കിന്നേരൊത്ത്, കിന്നെരോത്ത് ) അഥവാ തടാകം എന്നും (സംഖ്യാ, 34:1; യോശു, 12:3; 13:27) പുതിയനിയമത്തിൽ ഗലീലാക്കടൽ എന്നും ഗന്നേസരെത്ത് തടാകം എന്നും (മത്താ, 4:18; ലൂക്കൊ, 5:1) ഇതിനെ വിളിക്കുന്നു. എ.ഡി. 30-ൽ തിബെര്യാസ് കടൽ എന്ന പേർ നല്കി. (യോഹ, 21:1). ഗലീലാ തടാകത്തിന്റെ തീരത്തു കിന്നെരോത്ത് ഗ്രാമം സ്ഥിതിചെയ്യുന്നു. ഏതാണ്ടാരു ഹൃദയാകൃതിയാണ് ഇതിനുളളതു്. തീരം പാറക്കെട്ടുകളെക്കൊണ്ടും മണൽതിട്ടകളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു. ഇവിടത്തെ കാലാവസ്ഥ സുഖപദമാണ്. റോമൻ ഭരണകാലത്ത് ഇവിടം ഒരു സുഖവാസ കേന്ദ്രമായിരുന്നു. യേശുവിന്റെ പ്രവർത്തനം അധികവും കേന്ദ്രീകരിച്ചത് ഇവിടെയാണ്. ചുറ്റുമുളള കിഴുക്കാംതൂക്കായ മലകളിൽനിന്ന് അടിക്കുന്ന കൊടുങ്കാറ്റു കാരണമായി ശാന്തമായി കിടക്കുന്ന തടാകം പെട്ടെന്നു പ്രക്ഷുബ്ധമാകും. (മർക്കൊ, 6:48-52). ഈ കടലോരവും തീരപ്രദേശങ്ങളും കർത്താവിന്റെ ഉപമകൾക്കും കഥകൾക്കും പശ്ചാത്തലമായിരുന്നു. മത്സ്യവ്യവസായം ഇവിടെ അഭിവൃദ്ധിപ്പെട്ടിരുന്നു. കഫർന്നഹും, കോരസീൻ, ബെത് സയിദ, മഗ്ദല, തിബെര്യാസ്, ഗദര, ദല്മനൂഥ തുടങ്ങി പുതിയനിയമത്തിൽ പ്രസ്താവിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങൾ അനശ്വരങ്ങളാണ്. എന്നാൽ അവയിൽ പലതും ഇന്നു തിരിച്ചറിയുവാൻ നിവൃത്തിയില്ല.

അദ്രിയക്കടൽ

അദ്രിയക്കടൽ (Adriatic Sea)

ഇറ്റലിക്കും ഗ്രീസിനും ഇടയ്ക്കുള്ള കടൽ. അപ്പൊസ്തപ്രവൃത്തി 27:27-ൽ അദ്രിയക്കടലിന്റെ പരാമർശമുണ്ട്. കപ്പൽഛേദം സംഭവിച്ചു മെലിത്താ ദ്വീപിൽ എത്തുന്നതിനു മുമ്പ് പതിനാലു ദിവസം പൗലൊസും കൂട്ടരും അദ്രിയക്കടലിൽ അലഞ്ഞു. സ്ട്രാബോയുടെ അഭിപ്രായത്തിൽ പൊ (Po) നദീമുഖത്തു സ്ഥിതിചെയ്ത അത്രി (Atri) പട്ടണത്തിൽ നിന്നാണ് കടലിന് ഈ പേരുകിട്ടിയത്. മെഡിറ്ററേനിയൻ കടലിന്റെ ഭാഗമാണിത്.

ഒലിവുമലപ്രഭാഷണം

ഒലിവുമലപ്രഭാഷണം (olivet Discourse) 

 ഒലിവുമലപഭാഷണം ‘സമവീക്ഷണ വെളിപ്പാടു’ (Synoptic Apocalypse) എന്നും അറിയപ്പെടുന്നുണ്ട്. ഭാവിയെക്കുറിച്ചു യേശുക്രിസ്തു നല്കിയ പരമപ്രധാനവും സുദീർഘവുമായ പ്രഭാഷണമാണിത്. സമവീക്ഷണ സുവിശേഷകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ള ക്രിസ്തുവിന്റെ ദീർഘഭാഷണങ്ങളിൽ ഒടുവിലത്തേതാണിത്. (മത്താ, 24 : 3:25-46, മർക്കൊ, 13-3-37, ലൂക്കൊ, 21:5-36). പ്രഭാഷണത്തിന്റെ പൂർണ്ണരൂപം മത്തായി സുവിശേഷത്തിലാണുള്ളത്. ദൈവരാജ്യത്തിന്റെ ധാർമ്മികപ്രമാണങ്ങൾ ഗിരിപ്രഭാഷണത്തിൽ (മത്താ, 5-7 അ) വിളംബരം ചെയ്തശേഷം വർത്തമാനകാലത്തിന്റെ വ്യക്തമായ വിവരണം സ്വർഗ്ഗരാജ്യത്തിന്റെ ഉപമകളിലുടെ ക്രിസ്തു നല്കി. (മത്താ, 13 അ). അതിനുശേഷം ക്രൂശീകരണത്തിനു മുമ്പ് തന്റെ പുനരാഗമനം വരെയുള്ള കാര്യങ്ങൾ ക്രിസ്തു ഒലിവുമല പ്രഭാഷണത്തിൽ വ്യക്തമാക്കി.

ഉദ്ദേശ്യങ്ങൾ: ഒലിവുമല പ്രഭാഷണത്തിനു സുപ്രധാനമായ രണ്ടുദ്ദേശ്യങ്ങളുണ്ട്. ഒന്ന്; യുഗാന്ത്യത്തിന്റെയും ക്രിസ്തുവിന്റെ വരവിന്റെയും അടയാളങ്ങൾ വ്യക്തമാക്കുക. രണ്ട്; ശ്രോതാക്കളെ ദൈവികകാര്യങ്ങളിൽ ഉറപ്പിച്ചു അവർക്കു ആശ്വാസവും ആത്മികസ്ഥിരതയും നല്കുക. അന്ത്യകാലത്തിന്റെ സ്വഭാവവും അപ്പോഴുണ്ടാകുന്ന സംഭവങ്ങളും വിശദമാക്കിക്കൊണ്ടു ക്രിസ്തു പറഞ്ഞു; “നോഹയുടെ കാലം പോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും.” (മത്താ, 24:37). സ്വന്തജനത്തിനു വരാൻപോകുന്ന കഷ്ടതയെക്കുറിച്ചു “എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും” എന്നു മുന്നറിയിപ്പു നല്കിയ ശേഷം ”നിങ്ങളുടെ തലയിലെ ഒരു രോമം പോലും നശിച്ചുപോകയില്ലതാനും” എന്നുറപ്പു നല്കി. (ലൂക്കൊ, 21:17-18).

പശ്ചാത്തലം: അവിശ്വാസവും കപടഭക്തിയും ഹേതുവായി പരീശന്മാരെയും ശാസ്ത്രിമാരെയും ക്രിസ്തു നിശിതമായി ഭർത്സിച്ചു. തുടർന്നു പ്രവാചകന്മാരെ കൊല്ലുകയും തങ്ങളുടെ അടുക്കലയച്ചവരെ കല്ലെറിയുകയും ചെയ്തുപോന്ന യെരുശലേമിന്റെ ചരിതമോർത്ത് ക്രിസ്തു വിലപിച്ചു. അനന്തരം യെരുശലേമിന്റെ മേൽ ശാപം ഉച്ചരിച്ചു. “നിങ്ങളുടെ ഭവനം ശൂന്യമായ്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 23-38-39). യേശുദൈവാലയം വിട്ടുപോകുമ്പോൾ ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന് ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു. അപ്പോൾ അവരോടു അത്യന്തം ദാരുണമായ ഈ കാര്യം കിസ്തു പ്രവചിച്ചു. “അവൻ അവരോടു ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നുഞാൻ സത്യമായിട്ടു നിങ്ങളോടു പറ് യുന്നു എന്നു പറഞ്ഞു.” (മത്താ, 24:2). ഈ പ്രവചനം കേട്ടു ശിഷ്യന്മാർ പരിഭ്രമിച്ചു. യേശു ഒലിവുമലയിലിരിക്കുമ്പോൾ പത്രൊസ്, യാക്കോബ്, യോഹന്നാൻ, അന്ത്രയാസ് എന്നീ നാലുശിഷ്യന്മാർ സ്വകാര്യമായി യേശുവിനോടു ചോദിച്ചു: “അതു എപ്പോൾ സംഭവിക്കും? നിന്റെ വരവിന്നും ലോകാവസാനത്തിനും അടയാളമെന്ത്?” (മത്താ, 24:3, മർക്കൊ, 13:3-4, ലൂക്കൊ, 21:7). ശിഷ്യന്മാരുടെ ഈ മൂന്നു ചോദ്യങ്ങൾക്ക് ക്രിസ്തു നല്കിയ മറുപടിയാണ് ഒലിവുമല പ്രഭാഷണം. യെരുശലേമിന്റെ നാശത്തേക്കുറിച്ചുള്ളതാണ് ഒന്നാമത്തെ ചോദ്യം. അതിന്റെ മറുപടി ലൂക്കോസ് 21:20-24-ൽ ഉണ്ട്. ലോകാവസാനം (യുഗാവസാനം), യേശുക്രിസ്തുവിന്റെ പുനരാഗമനം എന്നിവയെ സംബന്ധിച്ചുള്ള രണ്ടും മൂന്നും ചോദ്യങ്ങൾ അർത്ഥാൽ ഒന്നു തന്നെയാണ്. ക്രിസ്തുവിന്റെ പുനരാഗമനത്തിലാണ് ഈ യുഗം അവസാനിക്കുന്നത്. ഈ രണ്ടു ചോദ്യങ്ങൾക്കുള്ള മറുപടി വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത് മത്തായി സുവിശേഷത്തിലാണ്. (24:4-30).

യെരുശലേമിന്റെ നാശം: യെരുശലേമിന്റെ നാശത്തിന്റെ അടയാളം രേഖപ്പെടുത്തിയിട്ടുള്ളതു ലൂക്കൊസാണ്. (21:20-24). സൈന്യങ്ങൾ യെരുശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശകാലം ആസന്നമാണെന്നു മനസ്സിലാക്കേണ്ടതാണ്. യിസ്രായേലിനു അതു പ്രതികാരകാലം അഥവാ പീഡനകാലമാണ്. അതുകൊണ്ട് ഈ അടയാളം കാണുന്നവർ മലയിലേക്ക് ഓടി ഒളിക്കേണ്ടതാണ്. ആരും പട്ടണത്തിൽ കടക്കരുത്. അന്ന് ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും കഷ്ടകാലമാണ്. യിസ്രായേലിൽ അനേകർ വാളിന്റെ വായ്ത്ത്തലയാൽ വീഴും. അനേകരെ ബദ്ധരാക്കിക്കൊണ്ടു പോകും. ജാതികളുടെ കാലം തികയുന്നതുവരെ ജാതികൾ യെരൂശലേമിനെ ചവിട്ടും. ബി.സി. 605-ൽ നെബുഖദ്നേസർ യെരൂശലേം ആക്രമിച്ചു് ബദ്ധന്മാരുടെ പ്രഥമഗണത്തെ ബാബേലിലേക്കു കൊണ്ടുപോയതോടുകൂടി ജാതികളുടെ കാലം ആരംഭിച്ചു. അതിനുശേഷം ഇടയ്ക്കിടെ അല്പ കാലത്തേക്ക് യെരുശലേം യിസ്രായേലിന്റെ അധീനതയിലായിട്ടുണ്ടെങ്കിലും ശാശ്വതമായി അവർക്കധീനമായില്ല. യേശുവിന്റെ കാലത്തും യെരുശലേം ജാതികളുടെ നിയന്ത്രണത്തിലായിരുന്നു. അതു തുടർന്നുവരികയാണ്. ദാനീയേൽ പ്രവചനമനുസരിച്ച് മഹാപീഡനത്തിന്റെ അവസാനം മാത്രമേ ജാതികളുടെ കാലം അവസാനിക്കൂ.

പുനരാഗമനത്തിന്റെ സാമാന്യലക്ഷണങ്ങൾ: ക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ സാമാന്യലക്ഷണങ്ങൾ മത്തായി 24:1-14, മർക്കൊ, 13:5-13, ലൂക്കൊ, 21:5-19 എന്നീ ഭാഗങ്ങളിൽ കാണാം. വർത്തമാനയുഗത്തിന്റെ ഗതി ക്രിസ്തു സൂക്ഷ്മമായി ചിത്രണം ചെയ്തു. ലിബറൽ ചിന്തകന്മാർ സുവിശേഷത്തിന്റെ വിജയത്തോടൊപ്പം ലോകം ഉത്തരോത്തരം ഉത്കർഷത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു എന്നു കരുതുന്നു. എന്നാൽ തന്റെ വരവു സമീപിക്കുന്തോറും അധർമ്മവും ദുഷ്ടതയും ഉച്ചാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുമെന്നു ക്രിസ്തു വ്യക്തമാക്കി. ഈ കാലത്തിന്റെ എട്ടു സവിശേഷതകൾ ക്രിസ്തു ചൂണ്ടിക്കാണിച്ചു: (മത്താ, 24:1-14).1.കള്ളക്രിസ്തുക്കൾ, 2.യുദ്ധങ്ങളും യുദ്ധശ്രുതികളും, 3.ക്ഷാമം, 4.ഭൂകമ്പം, 5.അനേകരുടെ രക്തസാക്ഷിത്വം, 6.കള്ളപ്രവാചകന്മാർ, 7.അധർമ്മം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും, 8.ഭൂലോകം മുഴുവൻ സുവിശേഷം പ്രസംഗിക്കപ്പെടും. പല രംഗങ്ങളിലും മനുഷ്യൻ പുരോഗതി നേടിയിട്ടുണ്ടെങ്കിലും യുദ്ധം ക്ഷാമം എന്നിവ കുറഞ്ഞിട്ടില്ല. രാജ്യം രാജ്യത്തോടും ജാതി ജാതിയോടും എതിർക്കുകയാണ്.

യുഗാന്ത്യത്തിനും ക്രിസ്തുവിന്റെ വരവിനുമുള്ള പ്രത്യേക അടയാളങ്ങൾ: യുഗാന്ത്യത്തിന്റെ സാമാന്യലക്ഷണങ്ങൾ പ്രസ്താവിച്ചശേഷം യുഗാന്ത്യത്തിന്റെ പ്രത്യേക അടയാളങ്ങൾ കിസ്തു വിശദമാക്കി. ക്രിസ്തുവിന്റെ വരവിനു തൊട്ടു മുമ്പുള്ള മൂന്നരവർഷം മഹാപീഡനകാലമാണ്. ആ കാലത്തിന്റെ പ്രധാന ലക്ഷണം ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മേച്ഛതയാണ്. ശൂന്യമാക്കുന്ന മേച്ഛത വിശുദ്ധസ്ഥലത്തു നില്ക്കുന്നതു കാണുമ്പോൾ വായിക്കുന്നവർ ചിന്തിക്കും. ആ കാലത്തു നിലവിലുള്ള ദൈവാലയത്തിന്റെയും യാഗപീഠത്തിന്റെയും വിശുദ്ധസ്വഭാവത്ത അതു ഹനിക്കും. ഇതുപോലൊന്നു ബി.സി. 168-ൽ സംഭവിച്ചു. അന്ത്യൊക്കസ് എപ്പിഫാനസ് നിരന്തര ഹോമയാഗം നിർത്തലാക്കുകയും ദൈവാലയത്തെ അശുദ്ധമാക്കുകയും ചെയ്തു. ആ കാലത്തെക്കുറിച്ചു ദാനീയേൽ ഇപ്രകാരം പ്രവചിച്ചു. “നിരന്തര ഹോമയാഗം നിർത്തലാക്കുകയും ശൂന്യമാക്കുന്ന മേച്ഛബിംബത്തി പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലം മുതൽ ആയിരത്തി ഇരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും” (ദാനീ, 12:11). ഈ കാലയളവ് മഹാപീഡനകാലയളവായ മൂന്നര വർഷത്തോട് ഏകദേശം ഒരുക്കുന്നു. ഭാവിയിൽ ഉദയം ചെയ്യുന്ന ലോകാധിപതി ദൈവാലയത്തെ അശുദ്ധമാക്കും. ക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ ആസന്നതയെ ചൂണ്ടിക്കാണിക്കുന്ന സവിശേഷ അടയാളമാണിത്. (2തെസ്സ, 2:3-4, വെളി, 13:11-15).

എ.ഡി. 70-ൽ റോമൻ സൈന്യം യെരുശലേമിനെ വളഞ്ഞത് യെഹൂദ്യയിലുള്ളവർക്കു മലകളിലേക്കു ഓടിപ്പോകാനുള്ള അടയാളമായിരുന്നു. (ലൂക്കൊ, 21:20-21). ഭാവിയിൽ ശൂന്യമാക്കുന്ന ശ്ലേച്ഛത വിശുദ്ധസ്ഥലത്തു നില്ക്കുന്നതു, യെരൂശലേമിലുള്ള യെഹൂദന്മാർക്ക് ഓടിപ്പോകാനുള്ള അടയാളമായിരിക്കും. ഈ അടയാളം കാണുമ്പോൾ ഉടൻതന്നെ ഓടിപ്പോകാനാണു കർത്താവു നിർദ്ദേശിച്ചത്: വസ്ത്രം എടുക്കുവാൻ പോലും ശ്രമിക്കരുത്. (മത്താ, 24:16-18). യെരൂശലേം നാശത്തിൽ സംഭവിച്ചതുപോലെ ഇതും ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും രക്ഷപ്പെടാൻ പ്രയാസമായ കഷ്ടകാലമാണ്. ഈ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിച്ചാതിരിപ്പാൻ പ്രാർത്ഥിക്കേണ്ടതാണ്. ശബ്ബത്തിൽ സഞ്ചാരം യെഹൂദനു വിലക്കപ്പെട്ടിരിക്കുന്നു. തന്മൂലം ശബ്ബത്തിലെ സഞ്ചാരം ഓടിപ്പോക്കാണെന്നതു വ്യക്തമാണ്. ദൈവാലയം അശുദ്ധമാക്കപ്പെടുന്നതോടുകൂടി യാക്കോബിന്റെ കഷ്ടകാലം മൂർദ്ധന്യാവസ്ഥയിലെത്തും. ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം അന്നുണ്ടാകും. (മത്താ, 24:21). ഈ കാലയളവു ചുരുക്കപ്പെടാതിരുന്നാൽ ആരും രക്ഷപ്പെടുകയില്ല. എന്നാൽ വൃതന്മാർ നിമിത്തം ആ നാളുകൾ ചുരുങ്ങും. ആകാശത്തിലുണ്ടാകുന്ന അടയാളങ്ങളെക്കുറിച്ചും മനുഷ്യരുടെ പരിഭ്രമത്തെക്കുറിച്ചും ക്രിസ്തു വ്യക്തമാക്കിയത് ലൂക്കൊസ് രേഖപ്പെടുത്തി: “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടുകൂടിയ പരിഭ്രമം ഉണ്ടാകും. ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിനു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.” (ലൂക്കൊ, 21:25-26). ക്രിസ്തുവിന്റെ വരവിന്റെ നാളും നാഴികയും അറിഞ്ഞുകൂടെങ്കിലും ആ കാലയളവിന്റെ ദൈർഘ്യം (മൂന്നരവർഷം) വ്യക്തമാക്കിയിട്ടുണ്ട്. (വെളി, 13:5). വഞ്ചനാത്മകമായ അടയാളങ്ങൾ ഉണ്ടാകും . ക്രിസ്തു അവിടെ പ്രത്യക്ഷപ്പെട്ടു ഇവിടെ പ്രത്യക്ഷപ്പെട്ടു എന്നിങ്ങനെ കിംവദന്തികൾ പരക്കും. കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ് അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് വൃന്മാരെപ്പോലും തെറ്റിക്കും. ക്രിസ്തു മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ടുവെന്നും അറകളിൽ പ്രത്യക്ഷപ്പെട്ടുവെന്നും പറയും. (മത്താ, 24:23-26, മർക്കൊ, 13:21-23). ക്രിസ്തുവിൻ്റെ പുനരാഗമനം ഒരു ദൃശ്യസംഭവമാണ്. അതിനുമുമ്പായി ആകാശത്ത് അടയാളങ്ങളുണ്ടാകും. “ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നും വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. (മത്താ, 24:29, മർക്കൊ, 13:24-25, ലൂക്കൊ, 21:25-26). ക്രിസ്തു ഭൂമിയിലേക്കു വരുമ്പോൾ വൃതന്മാരെ ചേർക്കുന്നതിന് മഹാകാഹളധ്വനിയോടുകൂടെ ദൂതന്മാരെ അയക്കും. (മത്താ, 24:31, മർക്കൊ, 13:27). ഉണർന്ന് കാത്തിരിക്കുവാനുള്ള ഉപദേശം ക്രിസ്തു നല്കി. (മത്താ, 24:36, 25:13). യിസായേലിന്റെ ന്യായവിധി (മത്താ, 24:45-25:30) ജാതികളുടെ ന്യായവിധി (മത്താ, 25:31-46) എന്നിവയുടെ അനാവരണത്തോടുകൂടി ക്രിസ്തു ഒലിവുമല പ്രഭാഷണം ഉപസംഹരിച്ചു.

ചില വ്യാഖ്യാന പ്രശ്നങ്ങൾ: ഒന്ന്; ഒലിവുമല പ്രഭാഷണത്തിലെ പ്രാവചനികമായി പഠിപ്പിക്കൽ ക്രിസ്തുവിന്റെ ഉപദേശത്തോടു പൊരുത്തപ്പെടുന്നതല്ലെന്ന് കണക്കാക്കുന്നവരുണ്ട്. പ്രഭാഷണം മുഴുവൻ ക്രിസ്തുവിന്റേതല്ലെന്ന് ചിലർ വാദിക്കുമ്പോൾ അതിൽ ചില ഭാഗങ്ങൾ മാത്രം ക്രിസ്തുവിന്റേതല്ലെന്നു മറ്റു ചിലർ വാദിക്കുന്നു. വെറും നൈതികസത്യങ്ങൾ മാത്രമാണ് ക്രിസ്തു പഠിപ്പിച്ചതെന്നും ഒരു യുഗാന്ത്യപരമായ പഠിപ്പിക്കൽ ക്രിസ്തുവിനില്ലായിരുന്നു എന്നുമുള്ള തെറ്റിദ്ധാരണയാണു ഈ വാദത്തിനു പിന്നിൽ. രണ്ട്; ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല (മർക്കൊ, 18:30) എന്ന പ്രസ്താവനയുടെ അർത്ഥവും പലർക്കും സന്നിഗ്ദ്ധമാണ്. മനുഷ്യപുത്രന്റെ വരവും പ്രവചിത സംഭവങ്ങളും ആ തലമുറയിൽ സംഭവിക്കുമെന്ന് ക്രിസ്തു വിവക്ഷിച്ചു എങ്കിൽ ഇതു അബദ്ധപ്രവചനമാണ്. ഈ അബദ്ധം ക്രിസ്തുവിന്റെ മാനവികതയുടെ പ്രതിഫലനമായി വ്യാഖ്യാനിക്കുന്നവരുണ്ട്. ഇതു ക്രിസ്തുവിന്റെ ഭാഷണമല്ല, പ്രത്യുത ആദിമസഭയുടെ ഉപദേശമാണെന്നു വാദിക്കുന്നവരുണ്ട്. തലമുറ യിസ്രായേലാണെന്നും ഇതു ഒക്കെയും നിറവേറുന്നതുവരെ യിസ്രായേൽ ഒഴിഞ്ഞുപോകയില്ല എന്നും ഒരു വ്യാഖ്യാനമുണ്ട്. ഒരു നിശ്ചിത കാലയളവായി ‘തലമുറ’യെ മനസ്സിലാക്കിയാൽ മാത്രം മതി എന്നൊരു നിർദ്ദേശവുമുണ്ട്. ‘ഇതു ഒക്കെയും’ എന്നത് മഹാപീഡന സംഭവങ്ങളെക്കുറിക്കുന്നു എന്നും പ്രസ്തുത കാലയളവു വെറും മൂന്നരവർഷം ആയതുകൊണ്ടു് മഹാപീഡനം കാണുന്നവർ ക്രിസ്തുവിന്റെ വരവും കാണും എന്നും വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല. അന്ത്യകാലം ക്രിസ്തുവിൽ ആരംഭിച്ചു, ഇനി നാം സമാപിയെ വാഞ്ഛയോടെ കാത്തിരിക്കുന്നു എന്ന സാമാന്യവാഖ്യാനത്തിൽ പലരും സംതൃപ്തരാണ്. മൂന്ന്; ശൂന്യമാക്കുന്ന മേച്ഛതയും വ്യാഖ്യാനത്തിനു പ്രയാസമുള്ള ഒരു പ്രയോഗമാണ്.(മത്താ, 24:15, മർക്കൊ, 13:14). ബി.സി. 168-ൽ അന്ത്യൊക്കസ് എപ്പിഫാനസ് യെരുശലേം ദൈവാലയത്തിൽ ഒരു ജാതീയയാഗപീഠം സ്ഥാപിച്ചു ബലിയർപ്പിച്ചതിന്റെ പ്രാഥമിക സൂചനയാണ് ദാനീയേലിലെ ശൂന്യമാക്കുന്ന മേച്ചബിംബം. (ദാനീ, 11:31, 12:11). എ.ഡി. 40-ൽ സ്വന്തം പ്രതിമ ദൈവാലയത്തിൽ പ്രതിഷ്ഠിക്കുവാൻ റോമൻ ചക്രവർത്തിയായ ‘ഗായസ് സീസർ’ നടത്തിയ വിഫലശ്രമത്തോടു ചില ആധുനിക പണ്ഡിതന്മാർ ഇതിനെ ബന്ധിപ്പിക്കുകയും ആ കാലം മുതൽ ഈ പ്രവചനം പ്രാബല്യത്തിൽ വന്നു എന്നും, അതു നിറവേറിയില്ലെന്നും വാദിക്കുകയും ചെയ്യുന്നു. ഈ വാദമനുസരിച്ചു് ശൂന്യമാക്കുന്ന മേച്ഛതയെക്കുറിച്ചുള്ള പ്രവചനം ക്രിസ്തുവിന്റേതല്ലാതാകും. എന്നാൽ ഭാവിയിൽ എതിർക്രിസ്തു ദൈവാലയത്തെ അശുദ്ധമാക്കും എന്നത് അപ്പൊസ്തലനായ പൗലൊസും വെളിപ്പെടുത്തിയിട്ടുണ്ട്. (2തെസ്സ, 2:3-4).

ഏകസത്യദൈവം

ഏകസത്യദൈവം (The only true God)

“ഏകസത്യദൈവമായ നിന്നെയും (പിതാവിനെയും) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിലെ ‘ഏകസത്യദൈവം’ (The only true God) എന്ന പ്രയോഗമാണ് നമ്മുടെ ചിന്താവിഷയം. കാരണം, പിതാവിനെ ഏകസത്യദൈവം എന്നു വിളിക്കുന്നത് മറ്റാരുമല്ല, കർത്താവായ യേശുക്രിസ്തുവാണ്. പിതാവ് മാത്രമാണ് ഏകസത്യദൈവം എന്നു ക്രിസ്തു തെളിവായിട്ടാണ് പറയുന്നത്. മോണോസ് (monos) എന്ന ഗ്രീക്കു പദത്തെയാണ് ഇവിടെ ഏക=only എന്നു പരിഭാഷ ചെയ്തിരിക്കുന്നത്. monos (only) എന്ന പദത്തിന് അനന്യമായ, ഏകമായ, ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരേയൊരു, മാത്രം എന്നൊക്കെയാണർത്ഥം. അതായത്, ഖണ്ഡിതമായ അഥവാ, അലംഘനീയമായ അർത്ഥത്തിലാണ് ‘പിതാവ് മാത്രം സത്യദൈവം’ എന്ന് പറഞ്ഞിരിക്കുന്നത്. നമുക്ക് ആകെക്കൂടി ഒരു ദൈവമേ ഉള്ളുവെന്ന് എല്ലാവരും സമ്മതിക്കും. അപ്പോൾ, യേശു ദൈവമല്ലേ???

‘യേശു ദൈവമാണോ’ എന്നു ചോദിച്ചാൽ, ക്രൈസ്തവ ഗോളത്തിൽ നിന്നു അനവധി ഉത്തരങ്ങൾ ലഭിക്കും:

l. ചിലർ പറയും: യേശു ദൈവമല്ല, മനുഷ്യനാണ്. അവരുടെ അഭിപ്രായത്തിൽ; യേശു ഒരു വിശുദ്ധ മനുഷ്യനായിരുന്നു. ദൈവം സ്നാനസമയത്തു അവനെ ക്രിസ്തുവായി അഭിഷേകം ചെയ്തു; അല്ലെങ്കിൽ പുത്രനായി ദത്തെടുത്തു എന്നുപറയും. ◼️ “എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും” (മത്താ, 19:25; മർക്കൊ, 10:26; ലൂക്കൊ, 18:26) എന്ന ശിഷ്യന്മാരുടെ ചോദ്യത്തിനു മറുപടിയായി; “അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം” (മത്താ, 19:25; മർക്കൊ, 10:27; ലൂക്കൊ, 18:27) എന്നാണ് ക്രിസ്തു പറയുന്നത്. ലൂക്കൊസിൻ്റെ സുവിശേഷത്തിൽ ദൈവം അത് സാദ്ധ്യമാക്കുന്നത് എങ്ങനെയാണെന്നും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്: അനന്തരം അവൻ (ക്രിസ്തു) പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: “ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും. അവനെ ജാതികൾക്കു ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും” എന്നു പറഞ്ഞു.” (ലൂക്കോ, 18:31). ഇവിടെ കൃത്യമായിട്ട് എഴുതിയിട്ടുണ്ട്; മനുഷ്യപുത്രൻ്റെ മരണവും ഉയിർപ്പും മൂലമാണ് രക്ഷ സാദ്ധ്യമാകുന്നത്. മനുഷ്യരാൽ രക്ഷ അസാദ്ധ്യമാണെന്ന് പഴയനിയമത്തിലും (സങ്കീ, 49:7-9), പുതിയനിയമത്തിലും (ലൂക്കൊ, 18:27) വ്യക്തമായി എഴുതിയിരിക്കേ, ക്രിസ്തു കേവലം മനുഷ്യനാണെങ്കിൽ മനുഷ്യരുടെ രക്ഷ സാദ്ധ്യമോ??? മനുഷ്യനു മനുഷ്യൻ്റെ പാപംപോക്കാൻ കഴിയാത്തുകൊണ്ട്, മനുഷ്യപുത്രനായി മന്നിൽ വെളിപ്പെട്ട ദൈവമാണ് കർത്താവായ യേശുക്രിസ്തു.

ll. വേറെ ചിലർ പറയും: യേശു ഒരു ദൈവം (a god) ആണ് (ഒരു കുട്ടിദൈവം). ദൈവമാണെന്നും, ദൈവത്തിൻ്റെ പുത്രനാണെന്നും, സൃഷ്ടിയാണെന്നും, പ്രധാനദൂതനായ മീഖായാലാണെന്നും തുടങ്ങി, വായിൽ തോന്നിയതൊക്കെ ഇക്കൂട്ടർ പറയും. ◼️ “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6). “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). ‘ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നു’ പറയുന്നത് മനുഷ്യരാരുമല്ല; സർവ്വശക്തനായ യഹോവയാണ്. പിന്നെയും ഒരു കുട്ടിദൈവം ഉണ്ടെന്നു പറഞ്ഞാൽ അതിനർത്ഥം, യഹോവ ഭോഷ്ക്കു പറയുന്നുവെന്നാണ്. വെളിവില്ലാത്തവർക്കേ ഇങ്ങനെയൊക്കെ വിശ്വസിക്കാൻ കഴിയൂ. ഇനിയും, ‘ദൈവത്തിന്നു സകലവും സാദ്ധ്യം’ എന്നു പറഞ്ഞിരിക്കയാൽ, ദൈവം ഒരാളെ അയച്ചാലും രക്ഷ സാദ്ധ്യമാകുമെന്നാണ് ഇക്കൂട്ടർ കരുതുന്നത്. ദൈവം ഒരു ദൂതനെ അയച്ചാൽ മനുഷ്യരുടെ രക്ഷ സാദ്ധ്യമാകുമോ? എന്നാൽ, ദൈവമഹത്വം ആഗ്രഹിച്ച് തെറ്റിപ്പോയ ദൂതനായ ലൂസിഫറിനെയും അവൻ്റെ അനുയായികളെയുമല്ലേ ആദ്യം രക്ഷിക്കേണ്ടത്. ഒരു ദൂതനെ മനുഷ്യരുടെ രക്ഷകനായി അയക്കുകയും, അതേ ഗണത്തിൽപ്പെട്ട പാപംചെയ്ത ദൂതന്മാരെ ആദരിക്കാതെ ന്യായവിധിക്കായി ചങ്ങലയിട്ടു സൂക്ഷിക്കുകയും (2പത്രൊ, 2:4) ചെയ്യുന്നത് ദൈവനീതിയോ? മാത്രമല്ല, ദൈവം പണ്ടൊരു അഭിഷിക്തനെ അയച്ചതാണ്. യിസ്രായേൽ ജനത്തെ മിസ്രയീമിൽ നിന്ന് രക്ഷിക്കാൻ. രക്ഷാനായകനായ മോശെയ്ക്കു പോലും കനാൻദേശം കാണാൻ കഴിഞ്ഞില്ല. (മോശെ നശിച്ചുപോയെന്ന് അർത്ഥമില്ല). പാപത്തിൻ്റെ ശക്തി അത്രയ്ക്ക് ഭയങ്കരമാണ്. പരിശുദ്ധനായ ക്രിസ്തു മനുഷ്യർക്കു രക്ഷയൊരുക്കാൻ എത്ര കഷ്ടം സഹിച്ചു എന്നു നോക്കിയാൽ മതി പിശാചിൻ്റെ ശക്തി ഗ്രഹിക്കാൻ. എല്ലാംപോട്ടെ; യേശു ദൈവത്താൽ അയക്കപ്പെട്ട ഒരു സൃഷ്ടിയാണെങ്കിൽ, ‘ഞാനും പിതാവും ഒന്നാകുന്നു’ (യോഹ, 10:30) എന്നു പറയാൻ കഴിയുമോ? ‘എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു’ (യോഹ, 14:9) എന്നു പറഞ്ഞാൽ ശരിയായിരിക്കുമോ? സ്വർലോകരുടേയും ഭൂലോകരുടേയും അധോലോകരുടേയും മുഴങ്കാൽ അവൻ്റെ മുമ്പിൽ മടങ്ങുമോ? (ഫിലി, 2:10). അവൻ സ്വർഗ്ഗത്തേക്കാൾ ഉന്നതനാകുന്നത് എങ്ങനെ??? (എബ്രാ, 7:26). യഹോവയുടെ സിംഹാസനം ഇരിക്കുന്ന സ്വർഗ്ഗത്തേക്കാൾ (സങ്കീ, 11:4) യേശു ഉന്നതനായെങ്കിൽ, ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ടതാണ് ക്രിസ്തുവെന്ന് (1തിമൊ, 3:15-16) തിരിച്ചറിയാത്തതെന്തേ???

lll. ഇനിയൊരു കൂട്ടരുണ്ട്: യേശു ദൈവമാണെന്ന് ഇവർ സമ്മതിക്കും. മനുഷ്യനെയും ദൂതന്മാരെയും സാത്താനെയും ബൈബിളിൽ ദൈവമെന്നു വിളിച്ചിട്ടുണ്ട്. ആ അർത്ഥത്തിൽ യേശു ഇവർക്ക് ദൈവമാണ്. ◼️ ശരിയാണ്; മനുഷ്യനെയും (പുറ, 4:16; 7:1), ദൂതന്മാരെയും (സങ്കീ, 82:1), സാത്താനെയും (2കൊരി, 4:4) ബൈബിൾ ദൈവമെന്നു വിളിച്ചിട്ടുണ്ട്. പക്ഷെ, വീരനാം ദൈവം (യെശ, 9:6), കർത്താവും ദൈവവും (യോഹ, 20:28), സർവ്വത്തിനും മീതെ ദൈവം (റോമ, 9:5), മഹാദൈവം (തീത്തൊ, 2:12), ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവ് (എബ്രാ, 1:10) സത്യദൈവം (1യോഹ, 5:20) എന്നൊക്കെ ഏതെങ്കിലും മനുഷ്യനെയോ, ദൂതനെയോ സാത്താനെയോ വിളിച്ചിട്ടുണ്ടോ??? വിളിക്കാൻ പാടുണ്ടോ??? ബൈബിളിൻ്റെ ആഖ്യാനം വിശ്വസിക്കാതെ, വ്യാഖ്യാനങ്ങളുടെ പുറകേ പോകുന്നവർ വീണ്ടുംജനിച്ചവർ ആണോന്നു ആദ്യം പരിശോധിക്കണം. ബൈബിൾ ദൈവനിശ്വാസീയവും (2തിമൊ, 3:16), പരിശുദ്ധാത്മ നിയോഗത്താൽ (2പത്രൊ, 1:21) എഴുതിയതാണെന്നും വിശ്വസിക്കാത്തവർ ദൈവമക്കളേയല്ല.

lV. വേറൊരു കൂട്ടരുണ്ട്: ഇവർക്ക് യേശു ഏകജാതനായ ദൈവമാണ്. സിംഹത്തിൽനിന്നു നായ് ജനിക്കാറില്ല; സിംഹമാണ് ജനിക്കുന്നത്. അതുപോലെ, ദൈവത്തിൽനിന്നു ജനിച്ച ദൈവമാണ് യേശു. ◼️ ഏകജാതൻ, ഏകജാതനായ പുത്രൻ എന്നു ക്രിസ്തുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ക്രിസ്തു ദൈവമാകയാൽ, ‘ഏകജാതനായ ദൈവം’ എന്ന പ്രയോഗവും തെറ്റല്ല. പക്ഷെ, ക്രിസ്തു ഏകജാതനായ ദൈവമെന്നു അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ കുഴപ്പമാണ്. ഒന്നാമത്; ദൈവത്തിന് സൃഷ്ടിതാവാകാനല്ലാതെ, ആരുടെയും സൃഷ്ടിയാകാനോ, ആരിൽനിന്നും ജനിക്കുവാനോ സാദ്ധ്യമല്ല. അങ്ങനെവരുമ്പോൾ, ‘ദൈവം’ എന്ന ആശയം (concept) തന്നെ അപ്രസക്തമാകും. “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.”(യെശ, 43:10). യഹോവയ്ക്ക് മുമ്പും പിമ്പും മറ്റൊരു ദൈവവുമില്ലെങ്കിൽ യേശു സൃഷ്ടിദൈവം എങ്ങനെയുണ്ടാകും??? യേശു ദൈവത്തിൻ്റെ സൃഷ്ടിയായ ഏകജാതനും അല്ല. സൃഷ്ടിക്കു സൃഷ്ടികളുടെ പാപം വഹിക്കാൻ കഴിയില്ലെന്നു മുകളിൽ തെളിയിച്ചതാണ്. രണ്ടാമത്; യേശുവിന് ‘ക്രിസ്തു’ (അഭിഷിക്തൻ), പുത്രൻ, വചനം എന്നത് ഉൾപ്പെടെ അനേകം സ്ഥാനനാമങ്ങളുണ്ട്. അതിൽ ഒന്നുമാത്രമാണ് ഏകജാതൻ. അഞ്ചുപ്രാവശ്യം ഏകജാതനെന്നും, അഞ്ചുപ്രാവശ്യം ആദ്യജാതനെന്നും ക്രിസ്തുവിനെ വിളിച്ചിട്ടുണ്ട്. ഒരാൾക്ക് ദൈവത്തിൻ്റെയോ, മനുഷ്യൻ്റെയോ ആദ്യജാതനും (മൂത്തപുത്രൻ) ഏകജാതനും (ഒറ്റപുത്രൻ) ഒരുപോലെയാകാൻ ഒരിക്കലും കഴിയില്ല. പിതാവെന്നതും പുത്രനെന്നതും സ്ഥാനനാമമാണ്. സൃഷ്ടിതാവായ യഹോവയുടെ നിസ്തുലമായ പദവിനാമമാണ് പിതാവ് എന്നത്. രക്ഷിതാവായ യഹോവ ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത സ്ഥാനനാമമാണ് പുത്രൻ എന്നത്. അതിൽത്തന്നെ, സകല സൃഷ്ടികളും (ദൂതന്മാരും മനുഷ്യരും) ദൈവത്തിനു പുത്രീപുത്രന്മാർ ആകയാൽ; ‘ഏകജാതൻ’ എന്നത് മനുഷ്യപുത്രൻ്റെ അതുല്യജനനത്തെ കുറിക്കുന്ന പ്രയോഗമാണ്. ആദ്യജാതൻ എന്നത് ആനന്തര ജാതന്മാരെ ധ്വനിപ്പിക്കുന്നു. ആദാമ്യ പാപത്താൽ കളങ്കിതരായി ദൈവത്തോടുള്ള ബന്ധം നഷ്ടപ്പെട്ട മനുഷ്യവർഗ്ഗത്തെ, ഏകജാതനായ മനുഷ്യപുത്രൻ മുഖാന്തരം ദൈവത്തോടു നിരപ്പിച്ചപ്പോൾ, ഏകജാതന് ആദ്യജാതനെന്ന പദവിയും ലഭിച്ചു; ക്രിസ്തു മുഖാന്തരം ദൈവത്തോട് അടുക്കുന്നവർ ദൈവത്തിൻ്റെ അനന്തര ജാതന്മാരുമായി. (റോമ, 8:29; എബ്രാ, 2:10).

V. മറ്റൊരു കൂട്ടരുണ്ട്: യേശുവും ദൈവമാണ്; പക്ഷെ ഏകസത്യദൈവമല്ല. യേശു അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു. മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു. അതുകൊണ്ടാകും യേശു ഇവർക്ക് ദൈവമാകുന്നത്. ◼️ ദൈവമാണ്; ഏകസത്യദൈവമല്ല. കൊള്ളാം! സത്യദൈവം സാധാരണ ദൈവം എന്നിങ്ങനെ ദൈവത്തിന് വകഭേദങ്ങളുണ്ടോ? യേശു ദൈവമാണെങ്കിൽ സത്യദൈവം തന്നെ ആയിരിക്കണം. അല്ലെങ്കിൽ, വ്യാജദൈവമാകാനേ തരമുള്ളൂ. വ്യാജദൈവം സാത്താനാണ്. (2കൊരി, 4:4; 2തെസ്സ, 2:4). യേശു ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നതെന്ന് അന്ന് പരീശന്മാർ ആരോപിച്ചിരുന്നു. (മത്താ, 12:24). എന്നാൽ, ഇന്നിപ്പോൾ ബൈബിൾ വിരോധികൾ പോലും അങ്ങനെയൊരു ആരോപണം ഉന്നയിക്കുമെന്ന് തോന്നുന്നില്ല. ബൈബിൾ വസ്തുനിഷ്ഠമായി പഠിക്കാത്തവർക്കു മാത്രമേ യേശു സത്യദൈവമല്ലെന്നു പറയാൻ കഴിയൂ. ദൈവം, വീരനാംദൈവം, സർവ്വത്തിനും മീതെ ദൈവം, മഹാദൈവം എന്നൊക്കെ എഴുതിവെച്ചിരിക്കുന്നത് പോരായോ യേശു സത്യദൈവമാണെന്നു മനസ്സിലാക്കാൻ. പോരെങ്കിൽ, യോഹന്നാൻ സ്പഷ്ടമായി എഴുതിയിട്ടുണ്ട്: ”ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ (യേശു) സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). ‘He is the true God and eternal life’ എന്നെഴുതിയിരിക്കുന്നത് യേശുവിനെക്കുറിച്ചല്ല; പിതാവിനെക്കുറിച്ചാണെന്ന് കരുതുന്നവരുണ്ട്. അവരോട് മൂന്നു കാര്യങ്ങൾ പറയാം: ഒന്ന്; പിതാവിൽനിന്ന് വ്യതിരിക്തനല്ല യേശുക്രിസ്തു. യഹോവ തന്നെയാണ് യേശു എന്ന സംജ്ഞാനാമത്തിലും പുത്രൻ എന്ന സ്ഥാനനാമത്തിലും വെളിപ്പെട്ടിരിക്കുന്നത് എന്നറിയാത്തവർക്ക് ബൈബിളിലെ പല വാക്യങ്ങളും മനസ്സിലാകണമെന്നില്ല. രണ്ട്; ആ വാക്യത്തിൽ മൂന്നുപ്രാവശ്യം ‘സത്യദൈവം’ എന്ന പ്രയോഗമണ്ട്. വ്യാകരണ നിയമപ്രകാരം മൂന്നാമത്തെ ‘സത്യദൈവം’ എന്ന പ്രയോഗം യേശുവിനു മാത്രമേ ചേരുകയുള്ളു. ‘അവൻ’ (He) എന്നത് സർവ്വനാമമാണ്. നാമത്തിൻ്റെ ആവർത്തനവിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. സർവ്വനാമത്തിൻ്റെ ഉടയവനെ കണ്ടെത്താൻ തൊട്ടുമുകളിൽ ആരുടെ പേരാണ് എഴുതിയിരിക്കുന്നത് എന്ന് നോക്കിയാൽ മതി. നേരെ മുകളിൽ എഴുതിയിരിക്കുന്നത് യേശുവെന്ന നാമമാണ്: ‘പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ (യേശു) സത്യദൈവവും നിത്യജീവനും ആകുന്നു’ (Son Jesus Christ. He (Jesus) is the true God and eternal life). മൂന്ന്; ബൈബിളിൽ ഉടനീളം ‘യേശുവിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ’ (യോഹ, 3:15), ‘യേശുവിൻ്റെ രക്തത്താലും മാംസത്താലും നിത്യജീവൻ’ (6:54), ‘യേശു കൊടുക്കുന്ന നിത്യജീവൻ’ (യോഹ, 10:28), ‘പുത്രൻ്റെ നാമത്തിൽ ജീവൻ’ (യോഹ, 20:31) എന്നൊക്കെ എഴുതിയിട്ടുണ്ട്. ഏറ്റവും അധികം പ്രാവശ്യം യേശുവിനോട് ചേർത്താണ് ജീവൻ അഥവാ, നിത്യജീവൻ പറഞ്ഞിരിക്കുന്നത്. (യോഹ, 3:15; 3:16; 3:36; 4:14; 6:27; 6:40; 6:47; 6:68; 10:28; 17:2; 20:31; റോമ, 5:21; 1യോഹ, 1:2; 2:25; 5:13). ജീവദാതാവായ ക്രിസ്തുവിനെ സത്യദൈവം എന്നല്ലാതെ പിന്നെന്തു വിളിക്കും??? സൃഷ്ടികളായ ദൈവങ്ങൾക്കും (മോശെ, ദൂതന്മാർ), വ്യാജദൈവമായ പിശാചിനും ജീവൻ എടുക്കാനല്ലാതെ, നിത്യജീവൻ കൊടുക്കാൻ കഴിയുമോ??? 1യോഹന്നാൻ 5:20-ൽ ”സത്യദൈവത്തെ അറിവാൻ വിവേകംതന്ന ദൈവപുത്രനും, ജീവദാതാവായ സത്യദൈവവും ഒരുവൻതന്നെ” എന്നാണ് യേശുവിൻ്റെ പ്രിയശിഷ്യൻ റിപ്പോർട്ട് ചെയ്യുന്നത്.

Vl. ഇനിയുള്ളത്: യേശു ദൈവം തന്നെയെന്ന് വിശ്വസിക്കുന്ന ത്രിത്വവിശ്വാസമാണ്. ഇവരുടെ വിശ്വാസപ്രകാരം, ദൈവം സമനിത്യരും വ്യതിരിക്തരും സമദൈവത്വവുമുള്ള മൂന്നു വ്യക്തികളാണ്. യേശു നിത്യപുത്രനാണെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. ക്രൈസ്തവരിൽ മഹാഭൂരിപക്ഷത്തിനും ത്രിത്വവിശ്വാസമാണ്.◼️ ത്രിത്വവിശ്വാസപ്രകാരം പിതാവിനോടു സമത്വമുള്ള മറ്റൊരു വ്യക്തിയാണ് കർത്താവായ യേശുക്രിസ്തു. ബൈബിളിൽ അതിനു യാതൊരു തെളിവും ഇല്ലെങ്കിലും, ഏതോ മിഥ്യാധാരണയിൽ ബഹുഭൂരിപക്ഷം അങ്ങനെ വിശ്വസിക്കുന്നു. നാം ചിന്തിച്ചുവരുന്ന ‘ഏകസത്യദൈവം’ എന്ന പ്രയോഗംതന്നെ വിശകലനം ചെയ്ത് പഠിച്ചാൽത്തന്നെ ത്രിത്വവിശ്വാസം തകർന്നടിയും. ബൈബിളിൽ ഉടനീളം ദൈവം ഏകൻ, ഒരുവൻ എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദമായ ‘എഹാദും’ ഗ്രീക്കുപദമായ ‘ഹെയ്സും’ നാനത്വമുള്ള ഏകത്വമാണെന്നാണ് സമനിത്യവാദികളുടെ കണ്ടെത്തൽ. കൂടാതെ, ഏകജാതൻ എന്നതിൽ ഉപയോഗിച്ചിരിക്കുന്ന ‘യാഖീദ്’ ദൈവത്തെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു. യാഖീദ് ദൈവത്തോടു ചേർത്ത് പറഞ്ഞിരുന്നെങ്കിൽ, ദൈവം ഏകവ്യക്തിയാണെന്ന് നിങ്ങൾ വിശ്വസിക്കുമോ??? എന്നാൽ, തെളിവുതരാം. പുതിയനിയമത്തിൽ ഏകജാതനെ കുറിക്കുന്ന മോണോജനിസ് (monogenes) എന്ന പദം, മോണോസ് (monos=only) ജനിസ് (genís=generation) എന്നീ രണ്ടു പദങ്ങൾ ചേർന്നതാണ്. അതായത്, പഴയനിയമത്തിലെ യാഖീദിനു തത്തുല്യമായ പദമാണ് മോണോസ്. ഈ പദം ദൈവത്തെ കുറിക്കാൻ പതിനാല് പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിലൊന്നാണ് യേശു പിതാവിനെ ‘ഏകസത്യദൈവം’ (The only true God) എന്നു വിളിക്കുന്നത്. ഒന്നുകൂടി പറഞ്ഞാൽ, ‘പിതാവ് മാത്രമാണ് സത്യദൈവം’ എന്നാണ് യേശു പ്രസ്താവിക്കുന്നത്. ‘പിതാവായ ഏക ദൈവമേ നമുക്കുള്ളു’ (1കൊരി, 8:6) എന്നും, ‘എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ’ (എഫെ, 4:6) എന്നുമാണ് പൗലൊസും പറയുന്നത്. ഏകസത്യദൈവം എന്ന പ്രയോഗത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ല. കാരണം, അപ്പൊസ്തലന്മാരല്ല; യേശുവാണത് പറയുന്നത്. ഇവിടുത്തെ ചോദ്യം; പിതാവ് മാത്രമാണ് ഏകസത്യദൈവം എങ്കിൽ യേശു ആരാണ്??? യേശു പിതാവിൽനിന്ന് വ്യതിരിക്തനാണെങ്കിൽ, യേശു ദൈവമേയല്ലെന്നാണ് ഈ വാക്യത്തിലൂടെ തെളിയുന്നത്. യേശു സൃഷ്ടിയാണെന്നും യേശുവിൻ്റെ പിതാവാണ് സത്യദൈവമെന്നും മുസ്ലീങ്ങളും യഹോവസാക്ഷികളും പറയുന്നത് ഈ വാക്യത്തിൻ്റെ വെളിച്ചത്തിലാണ്. ദൈവവിരോധികളായ അവർക്ക് അടിക്കാൻ വടികൊടുത്തത് സമനിത്യവാദം അഥവാ, നിത്യരായ മൂന്നു വ്യക്തികളെന്ന ഉപദേശമാണ്. യേശു പിതാവിൽനിന്ന് വ്യത്യസ്തനായ വ്യക്തിയാണെന്ന് പഠിപ്പിക്കുന്ന ത്രിത്വവിശ്വാസം ബൈബിളിനെതിരും യേശുവിൻ്റെ ദൈവത്വം നിഷേധിക്കുന്നതുമാണ്.

യേശു പിതാവിൽ നിന്ന് വ്യത്യസ്തനായ വ്യക്തിയല്ലെങ്കിൽ പിന്നെയാരാണ്? പിതാവ് തന്നെയാണ് യേശു. ഇത് മനുഷ്യരാരും പറയുന്നതല്ല; മഹാദൈവമായ ക്രിസ്തു പറയുന്നതാണ്. ‘ഞാനും പിതാവും ഒന്നാകുന്നു’ (യോഹ, 10:30), ‘എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു (14:9) എന്നും ക്രിസ്തു തന്നെ പറയുമ്പോൾ പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് മനസ്സിലാകേണ്ടതല്ല? ഫിലിപ്പോസിൻ്റെ ചോദ്യം; ‘പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം’ (14:8) എന്നാണ്? യേശുവിൻ്റെ മറുപടി; ‘പിതാവിനെ നീ അറിയുന്നില്ലയോ’ എന്നല്ല പ്രത്യുത, ‘നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?’ (14:9) എന്നാണ്. അപ്പോൾ, ഞാനാരാണ്; ഞാൻ തന്നെയാണ് പിതാവ്.

യോഹന്നാൻ 17:3 പ്രകാരം യേശു സത്യദൈവമല്ല; അവൻ്റെ പിതാവാണ് സത്യദൈവം. ഈ വസ്തുത ശരിയാണ്. ഈ സത്യം ഹൃദയപൂർവ്വം അംഗീകരിക്കാതെ യേശുവിൻ്റെ അസ്തിത്വം അറിയാൻ കഴിയില്ല. സർവ്വശക്തനായ ദൈവം തന്നെത്താൻ ഒഴിച്ച് (ശൂന്യമാക്കി) വേഷത്തിൽ മനുഷ്യനായി വെളിപ്പെട്ടതാണ് യേശുക്രിസ്തു. (ഫിലി, 2:6-8). വെളിപ്പെട്ടവൻ ആരായിരുന്നു എന്നു ചോദിച്ചാൽ, ‘അവൻ ദൈവം ആയിരുന്നു’ (യോഹ, 1:1). വെളിപ്പെട്ടവൻ ആരാണ് എന്നു ചോദിച്ചാൽ, ‘അവൻ മനുഷ്യപുത്രൻ ആണു’ (മത്താ, 8:20). യോഹന്നാൻ 1:1-ലെ ‘വചനം’ ക്രിസ്തുവാണെന്ന് 1:14-ൽ പറഞ്ഞിട്ടുണ്ട്. പക്ഷെ, വചനം (യേശു) ‘ദൈവം ആയിരുന്നു’ എന്നു പറയുന്നതെന്താണ്? ദൈവത്തിനു ഭൂതവും (past), ഭാവിയും (future) ഇല്ല; വർത്തമാനം (present) മാത്രമാണുള്ളത്. പിന്നെ, ആയിരുന്നു (was) എന്നു ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത് എന്താണ്? യോഹന്നാൻ 1:1-ൻ്റെ വിഷയം: മനുഷ്യനായി മന്നിൽ വെളിപ്പെട്ട് മാനവകുലത്തിൻ്റെ പാപപരിഹാരം വരുത്തിയിട്ട് സ്വർഗ്ഗേ കരേറിപ്പോയവൻ ആരായിരുന്നു എന്നതാണ്. “അവൻ ദൈവം ആയിരുന്നു (was); അതേ, മനുഷ്യപുത്രനായി വെളിപ്പെട്ടവൻ സാക്ഷാൽ യഹോവ ആയിരുന്നു.” (യെശ, 40:3; മത്താ, 3:3).

മേൽവിവരിച്ച വസ്തുതയുടെ സ്ഥിരീകരണത്തിനായി ചില വാക്യങ്ങൾകൂടി കാണിക്കാം: ദൈവം ജഡത്തിൽ വെളിപ്പെടുന്നതിനും ഏകദേശം 700 വർഷങ്ങൾക്ക് മുമ്പാണ് യെശയ്യാവ് പുസ്തകം എഴുതുന്നത്. യെശയ്യാവ് മശീഹയെക്കുറിച്ച് പ്രവചിക്കുമ്പോൾ; ”അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും” (9:6) എന്ന് ഭാവികാലത്തിലാണ് പറയുന്നത്. എന്നാൽ, യേശുവിൻ്റെ സ്വർഗ്ഗാരോഹണ ശേഷം അപ്പൊസ്തലന്മാർ അവനെക്കുറിച്ച് എഴുതുന്നത്; ”എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” (യോഹ, 20:28), ”അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ” (റോമ, 9:5), ”മഹാദൈവവും നമ്മുടെ രക്ഷിതാവുമായ” (തീത്തൊ, 2:12), സത്യദൈവവും നിത്യജീവനും” (1യോഹ, 5:20) എന്നിങ്ങനെ വർത്തമാന കാലത്തിലാണ് എഴുതുന്നത്. യെശയ്യാവ് ഭവിഷ്യകാലത്തിൽ പ്രവചിച്ചതും അപ്പൊസ്തലന്മാർ വർത്തമാനകാലത്തിൽ പറഞ്ഞിരിക്കുന്നതും രക്ഷണ്യവേല പൂർത്തിയാക്കിയ ക്രിസ്തുവിനെ കുറിച്ചാണ്.

യേശുവിൻ്റെ ദൈവത്വം നിഷേധിക്കുന്നവരുടെ പ്രധാന ആരോപണമാണ് യേശു താൻ ദൈവമാണെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടില്ല. ശരിയാണ്; താൻ ദൈവമാണെന്ന് അവകാശപ്പെട്ടില്ല. കാരണം, ജഡത്തിൽ ആയിരുന്ന താൻ ദൈവമല്ലായിരുന്നു. തന്നെത്തന്നെ ശൂന്യമാക്കി പൂർണ്ണ മനുഷ്യനായി മന്നിൽ വെളിപ്പെടുകയായിരുന്നു. എങ്കിലും, ‘പാപം അറിയാത്തവൻ’ അഥവാ, പാപത്തിൻ്റെ ലാഞ്ഛന പോലും ഇല്ലാത്ത പരിശുദ്ധനായിരുന്നു യേശു. താൻ ദൈവപ്രവൃത്തികൾ ചെയ്തിരുന്നത് തന്നിൽ ആവസിച്ച പരിശുദ്ധാത്മാവിലാണ്. ‘ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു’ (മത്താ, 12:28) എന്നു യേശു പറയുകയുണ്ടായി. ക്രൂശുമരണത്തിൽ ‘പിതാവ് പുത്രനെ കൈവിട്ടു’ (മത്താ, 27:46) എന്നു പറയുന്നതിൻ്റെ അർത്ഥം ‘ദൈവാത്മാവ് യേശുവിനെ വിട്ടുമാറി’ എന്നാണ്. ഗെത്ത്ശെമനയിൽ വെച്ചാണ് പരിശുദ്ധാത്മാവ് യേശുവിനെ വിട്ടുമാറിയത്. യേശുവിൻ്റെ പാപമില്ലാത്ത ശരീരത്തിൽ പരിശുദ്ധാത്മാവ് വസിച്ചാൽ മനുഷ്യരുടെ പാപം വഹിക്കാനും മരിക്കാനും യേശുവിനു കഴിയില്ലായിരുന്നു. ആത്മാവ് തന്നെ വിട്ടുമാറിയതിനാലാണ് മാനവകുലത്തിൻ്റെ പാപമെല്ലാം പേറി പരിക്ഷീണനായി യേശു കവിണ്ണുവീണത്. (മത്താ, 26:36-46). “പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). ക്രുശിലേ അതിവ്യഥയിൽ ക്രിസ്തു നിലവിളിച്ചതും മനുഷ്യൻ മാത്രമായതു കൊണ്ടാണ്. ദൂതന്മാർക്കുപോലും മരണമില്ലാതിരിക്കെ, യേശുവിനു മരണം വരിക്കാൻ കഴിഞ്ഞതും താൻ മനഷ്യൻ ആയതുകൊണ്ടാണ്. യേശുവിൻ്റെ മർത്യശരീരത്തിൽ ദൈവത്മാവ് വീണ്ടും സന്നിവേശിച്ചാണ് യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചത്. (റോമ, 8:11). അവൻ മനുഷ്യൻ ആയതുകൊണ്ടാണ് ദൈവം അവനെ ഉയിർത്തെഴുന്നേല്പിച്ചു എന്നു പറഞ്ഞിരിക്കുന്നത്. (പ്രവൃ, 2:24; 2:31; 10:40; 13:30; 13:32; 13:37; 17:31; 10:9; എഫെ, 2:7; കൊലൊ, 2:1). ജഡത്തിൽ വെളിപ്പെട്ടവൻ പുരാതനനായ ദൈവം തന്നെ ആയിരുന്നതുകൊണ്ടാണ് ‘ഞാൻ ഉയിർത്തെഴുന്നേല്ക്കും’ (മത്താ, 26:32; 27:63; മർക്കൊ, 14:28. ഒ.നോ: മത്താ, 17:23; 20:19; 28:6; മർക്കൊ, 8:31; 10:34; 16:6; ലൂക്കൊ, 9:22; 18:33; 24:6; 24:7; യോഹ, 2:22; 20:9; 21:13; 21:14; പ്രവൃ, 10:41; 17:3; റോമ, 1:5; 6:9; 7:4; 8:34; 1കൊരി, 15:4; 15:12; 2തിമൊ, 2:8) എന്നു ഏറ്റവും അധികം പ്രാവശ്യം പറഞ്ഞിരിക്കുന്നത്. “ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും.” (യോഹ, 2:19).

യേശു ജഡത്തിൽ വെളിപ്പെട്ടപ്പോൾ താൻ ദൈവമായിരുന്നില്ല; മനുഷ്യൻ മാത്രം ആയതുകൊണ്ടാണ് തൻ്റെ ഐഹീക ജീവകാലത്തൊരിക്കലും താൻ ദൈവമാണെന്ന് അവകാശപ്പെടാതിരുന്നത്. എങ്കിലും, ജഡത്തിൽ വെളിപ്പെട്ടിരിക്കുന്ന താൻ ആരാണെന്നും, യഥാർത്ഥത്തിൽ തൻ്റെ അസ്തിത്വം എന്താണെന്നും മൂന്നു കാലങ്ങളിലും (ഭൂതഭവിഷ്യവർത്തമാനം) താൻ വ്യക്തമാക്കിയിട്ടുണ്ട്. വർത്തമാനം: “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ‘ഞാനാകുന്നവന്‍ ഞാന്‍തന്നെ’ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (സ.വേ.പു.CL, യോഹ, 8:24). ‘ഞാനാകുന്നവൻ’ സർവ്വശക്തനായ യഹോവ തന്നെയാണെന്ന് മോശെയോടുള്ള ബന്ധത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. (പുറ, 3:13-15). ഭവിഷ്യകാലം: “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാനാകുന്നവന്‍ ഞാന്‍ തന്നെ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും.” (സ.വേ.പു.CL, യോഹ, 8:28). ഭൂതകാലം: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രഹാം ജനിക്കുന്നതിനുമുമ്പേ, ”ഞാൻ ആകുന്നു.” (മ.ബൈ.MSV, യോഹ, 8:58). ഇവിടെയും അബ്രാഹാമിനു മുമ്പേയുള്ള ‘ഞാനാകുന്നൻ’ എന്ന അതേ ദൈവമാണ് താനെന്നാണ് യേശു അവകാശപ്പെട്ടത്. “അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു.” (യോഹ, 8:59).

യേശു നിത്യപുത്രനാണെന്ന മൂഢവിശ്വാസമാണ് അവതാരമെന്ന ദുരുപദേശത്തിനു കാരണം. ഏകസത്യദൈവത്തിൻ്റെ വെളിപ്പാടാണ് മനുഷ്യപുത്രനെന്ന് ബൈബിൾ പഠിപ്പിക്കുമ്പോൾ, സ്വർഗ്ഗത്തിൽ ദൈവത്തോടു കൂടെയുണ്ടായിരുന്ന നിത്യപുത്രനാണ് ഭൂമിയിൽ അവതരിച്ച മനുഷ്യപുത്രനെന്ന് ത്രിത്വം പഠിപ്പിക്കുന്നു. തെറ്റുപറ്റിയത് ത്രിത്വോപദേശത്തിനോ ബൈബിളിനോ??? ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു (1തിമൊ, 3:15-16) എന്നു സ്ഫടികസ്ഫുടം പരിശുദ്ധാത്മാവ് പ്രസ്താവിക്കേ, അല്ല, ദൈവപുത്രൻ്റെ അവതാരമാണെന്ന് ത്രിത്വകുതുകികൾ അലമുറയിടുന്നു. ആർക്കാണ് തെറ്റുപറ്റിയത്; ത്രിത്വപണ്ഡിതന്മാർക്കോ പരിശുദ്ധാത്മാവിനോ??? അവതാരം (incarnation) എന്നൊരു പദം ബൈബിളിൽ ഒരിടത്തുമില്ല. പ്രത്യുത, വെളിപ്പാട് അഥവാ, പ്രത്യക്ഷത (manifest) എന്ന പദമാണ് ബൈബിളിൽ ആവർത്തിച്ചുള്ളത്. (യോഹ, 1:31; 1തിമൊ, 3:15-16; 2തിമൊ, 1:10; 1പത്രൊ, 1:20; 1യോഹ, 1:2-1:2; 3:5; 3:8). പിതാവിൻ്റെ നാമം വെളിപ്പെടുത്തി (യോഹ, 17:6), ദൈവനീതി വെളിപ്പെട്ടുവന്നിരിക്കുന്നു (റോമ, 3:21) എന്നു പറയുന്നതും, ക്രിസ്തുവിൻ്റെ പ്രത്യക്ഷതയോടുള്ള ബന്ധത്തിലാണ്. ”എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി” (റോമ, 10:20) എന്നു യെശയ്യാവ് ധൈര്യത്തോടെ പറയുന്നത് ആരെക്കുറിച്ചാണ്??? യഹോവയെക്കുറിച്ചാണ്. (65:1). അപ്പോൾ, ജഡത്തിൽ വെളിപ്പെട്ടതാരാണ്? യഹോവയെന്ന അതിപരിശുദ്ധ നാമമുള്ളവൻ അഥവാ, ഏകസത്യദൈവമാണ് യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും മണ്ണിൽ വെളിപ്പെട്ടത്. (യോഹ, 12:38:41). പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ഒരു സാദൃശ്യം കൂടി കാണിക്കാം: മിസ്രയീമ്യ ദാസ്യത്തിൽനിന്ന് വിടുവിച്ചു കൊണ്ടുവന്ന യിസ്രായേല്യരോടൊപ്പം അഗ്നിസ്തംഭമായും മേഘസ്തംഭമായും നാല്പതോളം വർഷം വസിച്ചവൻ ആരാണോ; അവൻ തന്നെയാണ് കന്യകയായ മറിയയുടെ ഉദരത്തിലൂടെ മനുഷ്യനായി വെളിപ്പെട്ട് ഏകദേശം നാല്പത് വർഷം (ബി.സി. 6–എ.ഡി. 33) ഭൂമിയിൽ വസിച്ച് മനുഷ്യർക്ക് പാപപരിഹാരം വരുത്തിയത്. (എബ്രാ, 2:14-15). മനുഷ്യനായിട്ടും യഹോവ പഴയനിയമത്തിൽ വെളിപ്പെട്ടിട്ടുണ്ട്: മമ്രേയുടെ തോപ്പിൽവെച്ചു അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാരിൽ രണ്ടുപേർ ദൂതന്മാരും, ഒരാൾ യഹോവയും ആയിരുന്നു. (18:1, 13, 17, 20, 22, 26, 26, 33). അബ്രാഹാം അപ്പവും കാളയിറച്ചിയും വെണ്ണയും പാലും ഒരുക്കുന്നതുവരെ (ഏകദേശം 2-3 നാഴിക) കാത്തിരിക്കുകയും, ഭക്ഷിക്കുകയും ചെയ്തശേഷം (18:5-8), യഹോവ അബ്രാഹാമിൻ്റെ അടുക്കൽ നില്ക്കുകയും, രണ്ടു ദൂതന്മാർ സോദോമിലേക്ക് പോകുകയും ചെയ്തു. (18:22; 19:1). യഹോവ അബ്രാഹാമുമായി പിന്നെയും ഒരു ദീർഘസംഭാഷണം നടത്തിയശേഷമാണ് ആവിടെനിന്നു പോയത്. (18:33). യേശുവിന് അവതാരവും പ്രത്യക്ഷതയും ഉണ്ടെന്ന് കരുതുന്നവരുണ്ട്. അതിനെന്താണ് ബൈബിളിൽ തെളിവ്. സത്യദൈവത്തിന് പ്രത്യക്ഷതകൾ അഥവാ, വെളിപ്പാടുകൾ മാത്രമേയുള്ളൂ; അവതാരമില്ല. അല്ലെങ്കിൽ, അതിൻ്റെ ആവശ്യമില്ല. ലോകത്തിലെ മിഥ്യാമൂർത്തികളാണ് അവതരിച്ചു എന്നു പറയുന്നത്.

ദൈവത്തിനൊരു നിത്യപുത്രൻ ഉണ്ടെങ്കിൽ തൻ്റെ സ്വന്തജനമായ യെഹൂദന്മാർ അതറിയാഞ്ഞതെന്താ? യഹോവയുടെ സ്നേഹിതനെന്നു പേർപെട്ട അബ്രാഹാമിനോടും, ‘ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൗമ്യൻ’ എന്നു ദൈവം സാക്ഷ്യം പറഞ്ഞ മോശെയോടും, തൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനോടും, ദൈവം രണ്ടുപ്രാവശ്യം പ്രത്യക്ഷനാകുകയും ജ്ഞാനികളിൽ ജ്ഞാനിയാക്കുകയും ചെയ്ത ശലോമോനോടും, ദൈവത്തിൻ്റെ പ്രത്യക്ഷതകൾ സ്വന്തകണ്ണാൽ ദർശിച്ച പ്രവാചകന്മാരായ മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ തുടങ്ങിയ പ്രവാചകന്മാരോടും, ദൈവം പല മുഖാന്തരങ്ങളിലൂടെയും സംസാരിച്ച മറ്റു പ്രവാചകന്മാരോടും ദൈവം തൻ്റെ നിത്യപുത്രനെക്കുറിച്ച് പറയാതിരുന്നതെന്താ?? യിസ്രായേലിനെ ദൈവം സ്നേഹിച്ചിരുന്നില്ലേ? യഹോവ സ്വന്തജനത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്നു സങ്കീർത്തനക്കാരൻ പറയുന്നുണ്ട്: “യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.” (137:5-6). എന്തൊരു സ്നേഹമാണിത്. എന്നിട്ടും ദൈവത്തിൻ്റെ നിത്യപുത്രനെക്കുറിച്ച് അവരോടു പറഞ്ഞില്ലെങ്കിൽ, ദൈവത്തിന് അവരോടുള്ള സ്നേഹം വ്യാജമായിരുന്നോ? അബ്രാഹാം മുതൽ മലാഖിവരെ 1600 വർഷം യിസ്രായേൽ ജനത്തോട് നേരിട്ട് സമ്പർക്കം പുലർത്തിയവനും, നാല്പത് വർഷം യിസ്രായേലിൻ്റെ കൂടെ നടന്നവനുമായ ദൈവത്തിൻ്റെ നിത്യപുത്രനെക്കുറിച്ച് സ്വന്തജനം അറിഞ്ഞില്ലെങ്കിൽ അങ്ങനെയൊരു നിത്യപുത്രൻ ഇല്ലെന്നല്ലേ അർത്ഥം???

യേശു നിത്യപുത്രനാണെന്ന് പഠിപ്പിച്ചത് ബൈബിളല്ല; നിഖ്യാവിശ്വാസപ്രമാണവും ത്രിത്വദൈവശാസ്ത്രവുമാണ്. ബൈബിളിലെ ദൈവം ഏകനാണ്; ത്രിത്വമല്ല. ദൈവം ഏകനാണെന്ന് 125-ലേറെ പ്രാവശ്യം ഏഴുതിവെച്ചിട്ടുണ്ട്. ബൈബിളിലില്ലാത്ത അവതാരമെന്ന ഉപദേശം ത്രിത്വക്കാർ കൊണ്ടുവന്നതുതന്നെ ദൈവത്തിനൊരു നിത്യപുത്രനെ ഉണ്ടാക്കിക്കൊടുക്കാനാണ്. നിത്യപുത്രനില്ലെങ്കിൽ ത്രിത്വം നിലനില്ക്കില്ല. തൻ്റേത് അവതാരല്ല; വെളിപ്പാടാണെന്ന് ഐഹിക ജീവകാലത്ത് യേശുതന്നെ പറഞ്ഞിട്ടുണ്ട്: “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13). സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നപ്പോഴും താൻ സ്വർഗ്ഗത്തിൽ ഇരിക്കുന്നുവെന്നാണ് ക്രിസ്തു പറഞ്ഞത്. സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേപോലെ ആയിരിക്കാൻ അവതാരത്തിനു കഴിയില്ല. ബൈബിളിൽ ഒരിടത്തും പുത്രൻ നിത്യനാണെന്ന് പറഞ്ഞിട്ടില്ല. ക്രിസ്തു പുരാതനനായവനും (മീഖാ, 5:2), എന്നേക്കും ഇരിക്കുന്നവനും (യോഹ, 12:34) എന്നു പറഞ്ഞിരിക്കുന്നത്, ‘യഹോവ രക്ഷയാകുന്നു’ എന്നർത്ഥമുള്ള യേശു എന്ന നാമത്തിലും പുത്രൻ എന്ന സ്ഥാനനാമത്തിലും ജഡത്തിൽ വെളിപ്പെട്ട അഭിഷിക്തൻ (ക്രിസ്തു) യഹോവതന്നെ ആയതുകൊണ്ടാണ്. ബൈബിളിൽ നിത്യാത്മാവെന്നല്ലാതെ (എബ്രാ, 9:14), നിത്യപിതാവെന്നു പിതാവിനെ കുറിക്കുവാനോ, നിത്യപുത്രനെന്നു പുത്രനെ കുറിക്കുവാനോ ഒരു പ്രയോഗമില്ല. ‘നിത്യപിതാവു’ എന്നു വിളിച്ചിരിക്കുന്നത് പുത്രനെയാണ്. (യെശ, 9:6). പുത്രനായി വെളിപ്പെട്ടവൻ തന്നെയാണ് സൃഷ്ടിതാവും രക്ഷിതാവുമായ പിതാവെന്ന് എബ്രായലേഖകനും പറയുന്നു. (2:14-15).

പുത്രൻ നിത്യനാണോന്ന് ചോദിച്ചാൽ; യേശു നിത്യനാണെന്നാണ് ത്രിത്വക്കാരുടെ മറുപടി. പുത്രൻ എന്നുള്ളത്, മനുഷ്യൻ്റെ രക്ഷയോടുള്ള ബന്ധത്തിൽ ദൈവം എടുത്ത ഒരു പദവി മാത്രമാണ്. ആദ്യജാതൻ, ഏകജാതൻ, പുത്രൻ, മുന്തിരിവള്ളി, വചനം, വഴി തുടങ്ങിയ അനേകം സ്ഥാനനാമങ്ങളിൽ ഒന്നുമാത്രമാണ് പുത്രൻ. പുത്രനെപ്പോലെ ഏകജാതൻ എന്ന സ്ഥാനപ്പേർ നിത്യമാണെന്നു പറഞ്ഞാൽ അഥവാ, ‘നിത്യഏകജാതൻ’ എന്നു പറഞ്ഞാൽ എങ്ങനെയിരിക്കും? ഏകജാതൻ മനുഷ്യരുടെ പാപം വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചതുകൊണ്ടാണ് ആദ്യജാതനായതും, അവനിലൂടെ രക്ഷപ്രാപിക്കുന്നവർ അനന്തരജാതന്മാർ ആയതും. ഏകജാതൻ ഏകജാതനായിത്തന്നെ ഇരുന്നാൽ മനുഷ്യരുടെ രക്ഷ എങ്ങനെ സാദ്ധ്യമാകും??? അതുപോലെ ജഡത്തിൽവന്ന ദൈവത്തിൻ്റെ സ്ഥാനനാമങ്ങളിൽ ‘നിത്യപിതാവു’ എന്ന പദവിയൊഴികെ മറ്റൊന്നും നിത്യമല്ല. യെശയ്യാവ് 9:6-ൽ യേശുവിനെ നിത്യപിതാവെന്ന് വിളിച്ചിരിക്കുന്നത്, അവൻ സർവ്വത്തിൻ്റെയും സൃഷ്ടാവും നിത്യദൈവവുമായ യഹോവ ആയതുകൊണ്ടാണ്. എബ്രായർ 1:8-ൽ പിതാവ് പുത്രനോട് പറയുന്നത്; ‘ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു’, എന്നു പറഞ്ഞിരിക്കയാൽ; പുത്രൻ നിത്യനാണെന്നു കരുതുന്നവരുണ്ട്. അവിടെ പിതാവിൽനിന്ന് വ്യതിരിക്തനായ ഒരു പുത്രനെക്കുറിച്ചല്ല പറയുന്നത്; പുത്രനായി മന്നിൽ വെളിപ്പെട്ടവൻ നിത്യരാജാവായ യഹോവ തന്നെയാണെന്നാണ് പറയുന്നത്. (സങ്കീ, 5:2; 10:16; 24:8; 24:19; 29:10; 44:4). ‘യഹോവ എന്നെന്നേക്കും രാജാവാകുന്നു’ (സങ്കീ, 10:16) എന്നു പഴയനിയമത്തിൽ ആവർത്തിച്ചു പറഞ്ഞുവെച്ചിട്ട് യഹോവയല്ല; പുത്രനാണ് രാജാവാകുന്നതെന്ന് പുതിയനിയമത്തിൽ പറഞ്ഞാൽ ശരിയാകുമോ? പഴയനിയമവും പുതിയനിയമവും തമ്മിൽ ഛിദ്രിച്ചുപോകില്ലേ? ക്രിസ്തുവിൻ്റെ ജനനത്തിങ്കൽ ദൂതൻ പറയുന്നത്; ‘അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും’ (ലൂക്കൊ, 1:33) എന്നാണ്. യേശു ആരാണെന്നു തിരിച്ചറിഞ്ഞ നഥനയേൽ ഏറ്റുപറയുന്നത്; റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു’ (യോഹ, 1:49). സ്വർഗ്ഗത്തിൽ ആകെയൊരു സിംഹാസനമേയുള്ളു. പിതാവിൽനിന്നു വ്യതിരിക്തനാണ് പുത്രനെങ്കിൽ, പുത്രനെ സിംഹാനത്തിൽ ഇരുത്തിയിട്ട് പിതാവ് എവിടെയിരിക്കും; താഴെയിരിക്കുമോ??? എബ്രായരിലെ അടുത്തവാക്യം; “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (1:10). ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ച (ഉല്പ, 1:1) യഹോവയാണ് പുത്രനെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ? പുത്രനെന്ന അഭിധാനത്തിൽ വെളിപ്പെട്ടതാരാണോ അവൻ അനന്യനും എന്നേക്കും ഇരിക്കുന്നവനുമാണ്. (എബ്രാ, 1:12). “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (എബ്രാ, 13:8).

വെളിപ്പാടിൽ യോഹന്നാൻ കണ്ടത് മനുഷ്യപുത്രനെയല്ല; മനുഷ്യപുത്രനോടു സദൃശനായവനെയാണ്. മനുഷ്യപുത്രൻ്റെ മാറിൽ ചാരിക്കിടന്നിട്ടുള്ള പ്രിയശിഷ്യനായ യോഹന്നാൻ, മനുഷ്യപുത്രനെ കണ്ടാൽ വെട്ടിയിട്ട വാഴപോലെ അവൻ്റെ കാല്ക്കൽ വീഴുമോ? പഴയനിയമത്തിലും യഹോവയുടെ പ്രത്യക്ഷത കണ്ടവരുടെ അനുഭവമെല്ലാം ഇതുതന്നെ ആയിരുന്നു. വെളിപ്പാടിൽ ‘ഞാൻ ആദ്യനും അന്ത്യനും’ (1:17; 2:8), ‘ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു’ (21:6; 22:13) എന്നൊക്കെ പറയുന്നത് ഏകസത്യദൈവമായ യഹോവ അഥവാ, യേശുക്രിസ്തുവാണ്.

ക്രിസ്തു ദൈവത്തിൻ്റെ സൃഷ്ടിപുത്രനുമല്ല; നിത്യപുത്രനുമല്ല. പുത്രനെന്നത് പദവിനാമം അഥവാ, സ്ഥാനനാമം (title) മാത്രമാണ്. ഇതു ഗ്രഹിക്കാൻ ബൈബിൾ വാരിവലിച്ചു വിഴുങ്ങുകയൊന്നും വേണ്ട; ഒറ്റക്കാര്യം മനസ്സിലാക്കിയാൽ മതി. ബൈബിളിൽ ക്രിസ്തു എട്ടുപേരുടെ പുത്രനാണ്. പുതിയനിയമത്തിൽ ആറു പേരുടേയും (ദൈവപുത്രൻ, മനുഷ്യപുത്രൻ, ദാവീദുപുത്രൻ, മറിയയുടെ പുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, യേസേഫിൻ്റെ പുത്രൻ), പഴയനിയമത്തിൽ രണ്ടുപേരുടേയും (യിസ്ഹാക്കിൻ്റെയും, യാക്കോബിൻ്റെയും) പുത്രനാണ്. എട്ടുപേരുംകൂടി ക്രിസ്തുവിനെ സൃഷ്ടിച്ചവെന്നു പറഞ്ഞാൽ എങ്ങനെയുണ്ടാകും? ശരിയായിരിക്കുമോ??? ഒരിക്കലുമില്ല. ഇനി, ഈ എട്ടുപേരിൽ ദൈവമൊഴികെ എല്ലാവരും നശ്വരരായിരിക്കേ, ക്രിസ്തുവെങ്ങനെ അനശ്വരപുത്രനാകും??? തന്മൂലം, പുത്രൻ സൃഷ്ടിപുത്രനുമല്ല നിത്യപുത്രനുല്ലെന്നു പകൽപോലെ വ്യക്തം. യഹോവയായ ദൈവം മനുഷ്യനായി വെളിപ്പെട്ടതുകൊണ്ടാണ് അവനെ ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും വിളിക്കുന്നത്. മറിയയുടെ ഗർഭപാത്രത്തിലൂടെ ലോകത്തിലേക്കു വന്നതുകൊണ്ടാണ് മറിയയുടെ പുത്രനായത്. വളർത്തച്ഛനായതുകൊണ്ടാണ് യോസേഫിൻ്റെ പുത്രനായത്. അബ്രാഹാമിനോടുള്ള വാഗ്ദത്തം ക്രിസ്തുവിൽ നിവൃത്തിയായതുകൊണ്ടാണ് അബ്രാഹാമിൻ്റെ പുത്രനായത്. ജഡം സംബന്ധിച്ചു യിസ്ഹാക്ക്, യാക്കോബ്, ദാവീദ് എന്നീ ദൈവഭക്തന്മാരുടെ സന്തതിപരമ്പരയിൽ നിന്നു ജനിച്ചതുകൊണ്ടാണ് അവരുടെ സന്തതി എന്നു പേർപെട്ടത്. മഹാദൈവമായ യേശുക്രിസ്തുവിനെ സൃഷ്ടിപുത്രനാണെന്ന് പറയുന്നത് എത്ര ദുഷിച്ച ഉപദേശമാണോ, അതിനേക്കാൾ ദുഷിച്ച ഉപദേശമാണ് ഏകദൈവമായ യേശുവിനെ (യഹോവ) ബഹുദൈവമാക്കുന്ന ത്രിത്വോപദേശം.

Vll. അവസാനമായി: ‘യേശുക്രിസ്തു മാത്രമാണ് ദൈവം’ എന്നു വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷം കൂടിയുണ്ട്. ഇവരുടെ വിശ്വാസം എന്താണെന്നു ചോദിച്ചാൽ; പഴയനിയമത്തിൽ ‘യഹോവ’ എന്ന അതിപരിശുദ്ധ നാമത്തിൽ വെളിപ്പെട്ടവൻ തന്നെയാണ്, പുതിയനിയമത്തിൽ ‘യേശു’ എന്ന സംജ്ഞാനാമത്തിലും, ‘പുത്രൻ, വചനം’ തുടങ്ങിയ അനേകം സ്ഥാനനാമങ്ങളിലും വെളിപ്പെട്ടിരിക്കുന്നത്. ക്രൈസ്തവഗോളത്തിൽ വളരെ ചുരുക്കം വിശ്വാസികൾക്കു മാത്രമേ ഈ തിരിച്ചറിവുള്ളൂ. ഇതാണ് ദൈവത്തോടും ദൈവവചനത്തോടും നീതിപുലർത്തുന്ന വിശ്വാസം. അഥവാ, അപ്പനെയറിഞ്ഞ മക്കളുടെ വിശ്വാസം. “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (എബ്രാ, 13:8). ഇന്നലെയുമിന്നുമെന്നേക്കും വീണ്ടുംജനിച്ചവരുടെ അപ്പൻ യേശുക്രിസ്തു എന്ന ഏകൻ മാത്രമാണ്.◼️ ജഡത്തിൽ വെളിപ്പെട്ടവൻ ആരാണെന്ന് ഗ്രഹിക്കാൻ മനസ്സുവെച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ ക്രൈസ്തവഗോളത്തിൽ. മുൻവിധികളെല്ലാം മാറ്റിവെച്ചിട്ടു താഴെപ്പറയുന്നത് ശ്രദ്ധിക്കുക:

യോസേഫ് മറിയയെ ഗൂഢമായി ഉപേക്ഷിക്കുവാൻ ഭാവിക്കുമ്പോൾ കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി പറഞ്ഞത്; “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ‘അവൻ തൻ്റെ ജനത്തെ’ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും. യിസ്രായേൽ ആരുടെ ജനമാണ്? യഹോവുടെ ജനം. (പുറ, 11:29; സംഖ്യാ, 16:41; ആവ, 27:9; 2ശമൂ, 6:29; 2രാജാ, 9:6; 11:17). അപ്പോൾ, പാപങ്ങളിൽനിന്നു രക്ഷിക്കുന്ന ‘അവൻ’ ആരാണ്? യിസ്രായേലിൻ്റെ ദൈവമായ യഹോവ.

സ്നാപകൻ്റെ ജനനത്തെക്കുറിച്ചു ദൂതൻ സെഖര്യാവിനോടു പറയുമ്പോൾ; “അവൻ (യോഹന്നാൻ) യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.” (ലൂക്കൊ, 1:16-17). ഇവിടെപ്പറയുന്ന രണ്ടു കർത്താവും യഹോവ തന്നെയല്ലേ? ‘കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി നടക്കും’ ആര്? യോഹന്നാൻ. ആരുടെ മുമ്പാകെ? യഹോവയുടെ. യോഹന്നാൻ ആരുടെ മുമ്പേയാണ് നടന്നത്? യേശുവിൻ്റെ. അപ്പോൾ, ജഡത്തിൽ വന്നതാരാണ്? യഹോവ.

യോഹന്നാൻ്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു: ‘യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്കയും” (ലൂക്കോസ് 1:67-68). യിസ്രായേലിന്റെ ദൈവമായ കർത്താവ്=യഹോവ അനുഗ്രഹിക്കപ്പെട്ടവൻ. അടുത്തത്; അവൻ്റെ പുത്രൻ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണോ? അല്ല. ‘അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.’ ഇവിടെപ്പറയുന്ന ‘അവൻ’ ആരാണ്? യിസ്രായേലിൻ്റെ ദൈവമായ യഹോവ. അപ്പോൾ, ആരാണ് ജഡത്തിൽവന്ന അവൻ? യിസ്രായേലിൻ്റെ ദൈവമായ യഹോവ.

“നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.” (ലൂക്കോ, 1:76-77). യോഹന്നാനെക്കുറിച്ചാണ് പ്രവചനം. ഇവിടെപ്പറയുന്ന അത്യുന്നതനും കർത്താവും ദൈവവും ഒരാളാണ്. യോഹന്നാൻ ആരുടെ പ്രവാചകനെന്നാണ് വിളിക്കപ്പെടുന്നത്? അത്യുന്നതൻ്റെ. താൻ ആരെക്കുറിച്ചാണ് പ്രവചിച്ചത്? തൻ്റെ പിന്നാലെ വരുന്ന ബലവാനെക്കുറിച്ച്. (മത്താ, 3:11; മർക്കൊ, 1:7). യോഹന്നാൻ്റെ പിന്നാലെവന്ന ബലവാൻ ആരാണ്? യേശുക്രിസ്തു. അപ്പോൾ, അത്യുന്നതനായ ദൈവമാണ് യേശുക്രിസ്തു. ‘രക്ഷാപരിജ്ഞാനം കൊടുപ്പാനായി നീ (യോഹന്നാൻ) അവന്നു മുമ്പായി നടക്കും.’ ആരാണ് അവൻ? അത്യുന്നതനും കർത്താവും ദൈവവുമായവൻ. സ്നാപകൻ ആരുടെ മുമ്പേയാണ് നടന്നത്? യേശുക്രിസ്തുവിൻ്റെ. അപ്പോൾ യേശുവാരാണ്? അത്യുന്നതനായ ദൈവം. മറിയയോടു ദൂതൻ പറയുമ്പോൾ; ‘അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും’ (ലൂക്കൊ, 1:32) എന്നു പറയുന്നുണ്ട്. അത്യുന്നതനായ ദൈവം തന്നെയാണ് ‘പുത്രൻ’ എന്ന സ്ഥാനനാമത്തിൽ ജഡത്തിൽ വെളിപ്പെട്ടത്. അതുകൊണ്ടാണ്, അത്യുന്നതനെന്നും, അത്യുന്നതൻ്റെ പുത്രനെന്നും; ദൈവമെന്നും, ദൈവത്തിൻ്റെ പുത്രനെന്നും യേശുവിനെ മാറിമാറി പറഞ്ഞിരിക്കുന്നത്.

പഴയനിയമത്തിൽ യഹോവ പറയുന്നത്; “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നു മാത്രമല്ല; താൻ ഒരുത്തനെയും അറിയുന്നുമില്ല. ത്രിത്വം പഠിപ്പിക്കുന്നത്; ‘സമനിത്യരായ മൂന്നു വ്യക്തികൾ’ എന്നാണ്. യഹോവയ്ക്ക് അറിയാത്ത മറ്റു രണ്ടു വ്യക്തികളെ ആരാണ് കണ്ടെത്തിയത്??? യഹോവയേക്കാൾ കേമന്മാരാണോ ത്രിത്വപണ്ഡിതന്മാർ? യഹോവയ്ക്ക് തുല്യനായും സദൃശനായും ആരുമില്ലെന്നും പറയുന്നു: “ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.” (യെശ, 40:25; 46:5). അപ്പോൾ തുല്യായ മൂന്നു വ്യക്തികൾ ആരൊക്കെയാണ്??? സാത്താൻ്റെ പണിയാണോ ത്രിത്വക്കാർക്കുള്ളത്???

പഴയനിയമത്തിൽ ‘യഹോവ’ എന്ന അതിപരിശുദ്ധ നാമത്തിൽ യിസ്രായേൽ ജനത്തിനു വെളിപ്പെട്ടവൻ തന്നെയാണ് പുതിയനിയമത്തിൽ ‘യേശു’ എന്ന നാമത്തിലും, ക്രിസ്തു, വചനം, പുത്രൻ, ഏകജാതൻ, ആദ്യജാതൻ തുടങ്ങിയ അനേകം സ്ഥാനമങ്ങളിലും വെളിപ്പെട്ടത്. ചില തെളിവുകൾ താഴെ ചേർക്കുന്നു:

1. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. (ഉല്പ, 1:1). ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത് യഹോവയാണ്. എന്നാൽ, സങ്കീർത്തനക്കാരൻ ആ സംഭവം എഴുതുമ്പോൾ ഭൂതകാലത്തിലേക്ക് നോക്കിക്കൊണ്ട്; “പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു” (സങ്കീ, 102:25) എന്നെഴുതിയിരിക്കുന്നു. അർത്ഥാൽ, ഉല്പത്തി 1:1 ആവർത്തിക്കുകയാണ് സങ്കീർത്തകൻ. എന്നാൽ, എബ്രായ ലേഖകൻ സങ്കീർത്തനം ഉദ്ധരിച്ചുകൊണ്ട്, ക്രിസ്തുവാണ് ആദിയിൽ സൃഷ്ടി നടത്തിയതെന്നാണ് എഴുതുന്നത്: “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.” (എബ്രാ, 1:10). തുടർന്നും ആദിയിലെ സൃഷ്ടി വിവരത്തെക്കുറിച്ച് പഴയനിയമം പറയുന്നുണ്ട്. (ഉല്പ, 2:4; സങ്കീ, 104:24; 148:5; യെശ, 40:26; 40:28; 42:5; 45:7; 45:8; 45:12; 45:18; യിരെ, 10:12). ഒരിടത്തും യഹോവയ്ക്കൊരു പങ്കാളി ഉള്ളതായിട്ട് പറയുന്നില്ല. പുതിയാകാശവും പുതിയഭൂമിയും സൃഷ്ടിക്കുന്നതും യഹോവയാണ്: “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർ‍ക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.” (യെശ, 65:17). രണ്ടു സൃഷ്ടികൾക്കും ഇടയിൽ ഇല്ലാത്തൊരു നിത്യപുത്രൻ എങ്ങനെവന്നു? യഹോവ തന്നെയാണ് എബ്രായലേഖകൻ പറയുന്ന കർത്താവ്.

2. യാക്കോബ് ബേർ-ശേബയിൽ നിന്നു ഹാരാനിലേക്കുള്ള യാത്രയിൽ ഒരു സ്ഥലത്തു എത്തിയപ്പോൾ കല്ലു തലയണയായി വെച്ചു കിടന്നുറങ്ങുമ്പോൾ; “ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. (ഉല്പ, 28:12,13). യേശു നഥനയലിനോടു: “ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: “സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും.” (യോഹ, 1:51). പഴയനിയമത്തിൽ ദൂതന്മാർ കയറുന്ന ഗോവേണിയുടെ മുകളിൽ യഹോവയാണ് നില്ക്കുന്നത്. പുതിയനിയമത്തിൽ അത് മനുഷ്യപുത്രനായതെങ്ങനെ? അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമാണ് മനുഷ്യപുത്രനായി മണ്ണിൽ വെളിപ്പെട്ടത്.

3. മിസ്രയീമ്യ ദാസ്യത്തിൽനിന്ന് യിസ്രായേലിനെ വീണ്ടെടുക്കുന്നതിനോടുള്ള ബന്ധത്തിൽ തൻ്റെ നാമമെന്താണെന്നു ചോദിക്കുന്ന മോശെയോട് ദൈവം പറയുന്നത്: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു. (പുറ, 3:14). ഞാനാകുന്നവൻ എന്നാൽ യഹോവ എന്നാണ്. രണ്ടു പദങ്ങളുടേയും ധാത്വാർത്ഥവും ഒന്നാണ്. (പുറ, 3:15). പുതിയനിയമത്തിൽ യേശു ഇത് പലയാവർത്തി പറഞ്ഞിട്ടുണ്ട്. സത്യവേദപുസ്തകത്തിൽ പരിഭാഷ കൃത്യമല്ല; മറ്റൊരു തർജ്ജമ ചേർക്കുന്നു: “ഞാനാകുന്നവന്‍ ഞാന്‍ തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” (യോഹ, 8:24; 8:28; 8:58; 18:5-6). ഇവിടെ, യഹോവയുടെ പുത്രനാണെന്നല്ല യേശു പറഞ്ഞത്, ഞാനാകുന്നവൻ എന്ന അതേ യഹോവയാണെന്നാണ്.

4. മോശെ പറയുന്നതു കേൾക്കുക: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). ഉയിർത്തെഴുന്നേറ്റ യേശു പറയുന്നതാകട്ടെ: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” (മത്താ, 28:18). സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടേയും അധികാരിയായ യഹോവയ്ക്ക് എന്തുപറ്റി??? അപ്പൂപ്പന് വയസ്സാകുമ്പോൾ അപ്പനും, അപ്പനു പ്രായമാകുമ്പോൾ മകനും അധികാരം കിട്ടുന്നതു പോലെയാണോ യേശുവിന് അധികാരം ലഭിച്ചത്. ഒരേയൊരു ദൈവമേയുള്ളുവെന്ന് തിരിച്ചറിയാത്തതെന്തേ?

5. മോശെ പിന്നെയും പറയുന്നു: “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു;” (ആവ, 14:1). എബ്രായലേഖകൻ പറയുന്നു: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി” (എബ്രാ, 2:14). സൃഷ്ടിതാവായ പിതാവിനല്ലേ സൃഷ്ടികളായ മനുഷ്യരെ ‘മക്കൾ’ എന്നു വിളിക്കാൻ കഴിയൂ? ആ പിതാവ് യഹോവയാണന്നല്ലേ മോശെ പറയുന്നത്? അതേ പിതാവുതന്നേ ജഡരക്തങ്ങൾ അഥവാ, ഭൗതിക ശരീരമുള്ളവനായി വന്നുവെന്നല്ലേ എബ്രായലേഖകനും പറയുന്നത്? അപ്പോൾ, അതേ യഹോവ തന്നെയാണ് ജഡരക്തങ്ങളോടുകൂടി നമ്മുടെ ഇടയിൽ പാർത്തതെന്ന് വ്യക്തല്ലേ. (യോഹ, 1:14).

6. ഭക്തനായ ഇയ്യോബിൻ്റെ ഒരു പ്രവചനമുണ്ട്: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.” (ഇയ്യോ, 19:25). ‘വീണ്ടെടുപ്പുകാരൻ സൈന്യങ്ങളുടെ യഹോവയാണ്.’ (സങ്കീ, 19:14; 78:35; യെശ, 41:14; 43:14; 47:4). വീണ്ടെടുപ്പുകാരൻ പൊടിമേൽ അഥവാ, ഭൂമിയിൽ (upon the earth) വന്നു നിൽക്കുമെന്നാണ്. പ്രവചനം നിവൃത്തിയായില്ലേ? വന്നതാരാണ്? കർത്താവായ യേശുക്രിസ്തു: വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. (യോഹ, 1:14). മാത്രമോ, ക്രിസ്തു ‘സ്വന്തരക്തത്താൽ എന്നേക്കുമുള്ളോരു വീണ്ടെടുപ്പും സാധിപ്പിച്ചു’ (എബ്രാ, 9:12).

7. യെശയ്യാവ് പ്രവചിക്കുന്നു: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.”(യെശ, 43:10;43:12; 44:8). എന്നാൽ, ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു തൻ്റെ ശിഷ്യന്മാരോടു പറയുന്നു: “പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃ, 1:8). പഴയനിയമത്തിൽ യെഹൂദന്മാർ യഹോവയുടെ സാക്ഷികളായിരുന്നു. പുതിയനിയമത്തിൽ അതേ യെഹൂദാശിഷ്യന്മാർ എങ്ങനെയാണ് പുത്രൻ്റെ സാക്ഷികളാകുന്നത്? യഹോവയുടെ കാലംകഴിഞ്ഞുവോ??? യെഹൂദാ രാജാക്കന്മാരെപ്പോലെ അപ്പൻ്റെ കാലം കഴിഞ്ഞപ്പോൾ മകൻ അധികാരമേറ്റതാണോ??? അതോ, യഹോവയ്ക്ക് വയസ്സായപ്പോൾ യേശുവിനു അധികാരം ഒഴിഞ്ഞുകൊടുത്തോ??? ത്രിത്വവിശ്വാസം ബൈബിളിനു വിരുദ്ധമാണെന്ന് ഗ്രഹിക്കാത്തതെന്തേ? യഹോവ തന്നെയാണ് ജഡത്തിൽവന്ന് പാപപരിഹാരം വരുത്തിയശേഷം ഉയിർത്തെഴുന്നേറ്റ ക്രിസ്തു. ആ ദൈവംതന്നെ ഈ ദൈവം; “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.”

8. യെശയ്യാപ്രവചനം: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; ……. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.” (യെശ, 6:1-3). യെശയ്യാവ് സ്വർഗ്ഗത്തിൽ യഹോവയെ മാത്രമല്ലേ കണ്ടുള്ളു; പുത്രനെ കണ്ടില്ലല്ലോ? അവൻ കണ്ട മഹത്വം (തേജസ്സ്) യഹോവയുടേതും ആയിരുന്നു. എന്നാൽ, പ്രിയശിഷ്യൻ യോഹന്നാൻ പറയുന്നു: “യെശയ്യാവു അവൻ്റെ (യേശുവിന്റെ) തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:41). യോഹന്നാൻ നുണ പറഞ്ഞതാണോ? അല്ലല്ലോ. ജഡത്തിൽ വന്നത് യഹോവ തന്നെയല്ലേ.

9. യഹോവയെക്കുറിച്ചു യെശയ്യാവ് പറയുന്നു: മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ. അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.” (യെശ, 35:4-6). യോഹന്നാൻ സ്നാപകൻ തടവിൽവെച്ച് തൻ്റെ ശിഷ്യന്മാരെ അയച്ച് ‘വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ’ (മത്താ, 11:3) എന്നു ചോദിക്കുമ്പോൾ യേശു മേല്പറഞ്ഞ പ്രവചനമാണ് ഉദ്ധരിക്കുന്നത്: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.” (മത്താ, 11:4,5). പഴയനിയമത്തിൽ ഒരു കുരുടൻ്റെയും കണ്ണുകണ്ടിട്ടില്ല; ഒരു ചെകിടൻ്റെയും ചെവി കേട്ടിട്ടില്ല; ഒരു മുടന്തനും മാനിനെപ്പോലെ ചാടിയിട്ടില്ല; ഒരു ഊമൻ്റെയും നാവ് ഉല്ലസിച്ചിട്ടില്ല. യഹോവ തൻ്റെ പുത്രനെ അയച്ച് രക്ഷിക്കുമെന്നല്ല; തൻ്റെ സൃഷ്ടികളിൽ ആരെയെങ്കിലും അയച്ച് രക്ഷിക്കുമെന്നുമല്ല; പ്രത്യുത, ‘അവൻ വന്നു നിങ്ങളെ രക്ഷിക്കും’ എന്നാണ്. ആര്? യഹോവ ജഡത്തിൽ വെളിപ്പെട്ടു നിങ്ങളെ രക്ഷിക്കും. അവനാണ് കർത്താവായ യേശുക്രിസ്തു.

10. യെശയ്യാവ് വിളിച്ചുപറഞ്ഞത്: “മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ. എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം. യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” (യെശ, 40:3). യേശുവിനു വഴിയൊരുക്കാൻ വന്ന യോഹന്നാനെക്കുറിച്ച് എഴുതിയിരിക്കുന്നു: “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.” (മത്താ, 3:3). യെശയ്യാ പ്രവാചകൻ പറഞ്ഞ ‘വഴി ഒരുക്കുന്നവൻ’ യോഹന്നാനാണ്. അപ്പോൾ, പ്രവാചകൻ പറഞ്ഞ ‘വഴി ഒരുക്കപ്പെടേണ്ടവൻ’ മാറിപ്പോയോ? ഇല്ല. യെശയ്യാവ് പറഞ്ഞ യഹോവ തന്നെയാണ് യേശുക്രിസ്തു.

11. പഴയനിയമത്തിലെ സുവിശേഷം എന്നറിയപ്പെടുന്ന വാക്യമാണ് യെശയ്യാ 45:22: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” യഹോവയല്ലാതെ, മറ്റൊരു രക്ഷിതാവുമില്ലെന്നും പറയുന്നു: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43: 11). എന്നാൽ, പുതിയനിയമത്തിലേക്കു വരുമ്പോൾ; യേശുവിൻ്റെ അപ്പൊസ്തലന്മാരിൽ പ്രഥമനും, സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനും, ദൈവസഭയുടെ വാതിൽ യെഹൂദർക്കും ശമര്യർക്കും ജാതികൾക്കും തുറന്നു കൊടുത്തവനുമായ പത്രൊസ് വിളിച്ചുപറയുന്നു; രക്ഷയ്ക്കായി യേശുവിൻ്റെ നാമമല്ലാതെ, മറ്റൊരു നാമമില്ല: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). രക്ഷയ്ക്കായി പിതാവ് മാത്രമേയുള്ളുവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നു. ഇനി, ഒരു നിത്യപുത്രൻ പിതാവിനുണ്ടെങ്കിൽ പുതിയനിയമത്തിൽ എന്തുപറയണം? പുത്രൻ്റെ നാമവുംകൂടി രക്ഷയ്ക്കായുണ്ട് എന്നല്ലേ പറയേണ്ടത്? മറ്റൊരുത്തനിലും രക്ഷയില്ല പുത്രൻ്റെ മാത്രമേയുള്ളുവെന്ന് പറയാൻ പറ്റുമോ? ത്രിത്വക്കാരെ നിങ്ങളുടെ പിതാവ് ആവിയായിപ്പോയോ??? യഹോവയായ നിത്യപിതാവ് തന്നെയാണ് ‘പുത്രൻ’ എന്ന സ്ഥാനനാമത്തിൽ ജഡത്തിൽ വന്ന കർത്താവായ യേശുക്രിസ്തു.

12. ഹോശേയ പ്രവചിക്കുന്നു: “അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.” (ഹോശേ, 2:16). പ്രവചനഭാഷയിൽ പറഞ്ഞാൽ; യഹോവ വിവാഹം കഴിക്കാൻ കണ്ടുവെച്ചിരിക്കുന്ന വധുവാണ് യിസ്രായേലും ജാതികളും. യിസ്രായേൽ ആദ്യം പിന്നെ സകല ജാതികളും (മർക്കൊ, 16:15; പ്രവൃ, 1:8) ഇതായിരുന്നു ദൈവത്തിൻ്റെ പദ്ധതി. പുതിയനിയമത്തിൽ വരുമ്പോൾ പൗലൊസ് പറയുന്നു: “ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.” (2കൊരി, 11:2). ന്യൂജനറേഷൻ പിള്ളേർ പറയുന്ന ഒരു വാക്കുണ്ട്; പണി പാളി. ഇപ്പോൾ, ശരിക്കും പണിപാളി; ത്രിത്വക്കാർ ശരിക്കും തലയിൽ മുണ്ടിടേണ്ട അവസ്ഥയായി. പറയാം: പഴയനിയമത്തിൽ പിതാവ് വിവാഹം കഴിക്കാൻ നോക്കിവെച്ചിരുന്ന കന്യകയാണ് യിസ്രായേൽ അഥവാ, രക്ഷപ്രാപിക്കുന്ന സകലരും. പുതിയനിയമത്തിൽ വന്നപ്പോൾ, പുത്രൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നതും അവരെത്തന്നെയാണ്. പിതാവും പുത്രനും വ്യതിരിക്തരായ വ്യക്തികളാണെന്ന് നിങ്ങൾ പറഞ്ഞാൽ അതിൻ്റെയർത്ഥം: “പിതാവ് വിവാഹം കഴിക്കാൻ നോക്കിവെച്ചിരുന്ന കന്യകയെ പുത്രൻ വിവാഹനിശ്ചയം ചെയ്തുവെന്നാണ്.” ഭൂമിയിലെ മ്ലേച്ഛന്മാരായ മനുഷ്യർപോലും ചെയ്യാൻ അറയ്ക്കുന്ന കാര്യങ്ങളെ നിങ്ങളുടെ സ്വർഗ്ഗീയപിതാവിൻ്റെ പുത്രൻ ചെയ്തുവെന്നാണോ നിങ്ങൾ പറയുന്നത്??? നിങ്ങളുടെ ദുഷിച്ച ത്രിത്വവിശ്വാസം ത്യജിച്ചിട്ട് ഏകസത്യദൈവമായ യേശുക്രിസ്തുവിൻ്റെ പാദന്തികേ ശരണം പ്രാപിച്ചുകൂടേ?

13. സെഖര്യാവിനുണ്ടായ യഹോവയുടെ അരുളപ്പാട്: സീയോൻ പുത്രിയേ, ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺ കഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു. (സെഖ, 9:9). യിസ്രായേലിൻ്റെ രാജാവായ യഹോവയെക്കുറിച്ചാണ് പ്രവചനം. പക്ഷെ, ഒലിവുമലയരികെയുള്ള ബേത്ത്ഫഗയിൽ നിന്നു യേശുവാണ് കഴുതപ്പുറത്തു കയറി യെരൂശലേം ദൈവാലയത്തിൽ ചെന്നത്: “സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു. (മത്താ, 21:5). സ്വർഗ്ഗത്തിൽ ഒരു സിഹാസനവും ഒരു നിത്യരാജാവുമാണുള്ളത്. ദൈവം മൂന്നു വ്യക്തികളാണെങ്കിൽ, ആര് രാജാവാകും? ഏകദൈവത്തെ മൂന്നു വ്യക്തികളാക്കിയപ്പോൾ ഇതൊന്നുമോർത്തില്ലേ? മൊത്തത്തിൽ കുഴച്ചിലാണല്ലോ?

14. സെഖര്യാവിൻ്റെ അടുത്ത പ്രവചനം: വിശ്വാസികളെ ചേർക്കാൻ യഹോവ മേഘത്തിൽ പ്രത്യക്ഷനാകുന്നത് പറയുന്നു: “യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽ പോലെ പുറപ്പെടും; യഹോവയായ കർത്താവു കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും.” (സെഖ, 9:14). പുതിയനിയമത്തിൽ യേശുക്രിസ്തു വരുമെന്നാണ് പറയുന്നത്: “കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.” (1തെസ്സ, 4:16; യോഹ, 14:1-3). പുത്രൻ പിതാവിൽനിന്ന് വ്യതിരിക്തനാണെങ്കിൽ ഇതൊക്കെ എങ്ങനെ ശരിയാകും പ്രിയപ്പെട്ടവരെ???

15. സെഖര്യാവ് വീണ്ടും പ്രവചിക്കുന്നു: “അന്നാളിൽ യഹോവയുടെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും.” (സെഖ, 14:4). യേശു സ്വർഗ്ഗാരോഹണം ചെയ്തശേഷം വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ അപ്പൊസ്തലന്മാരുടെ അടുത്തുവന്നു പറഞ്ഞത്: “ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും.” (പ്രവൃ, 1:11,12). ഒലിവുമലയിൽ മടങ്ങിവരുന്നവൻ യേശുവാണെന്നാണ് ദൂതന്മാർ പറഞ്ഞത്. അവൻ മേഘാരൂഢനായി വരുമെന്ന് വെളിപ്പാടിലും പറയുന്നു. (1:7). യഹോവ അഗ്നിജ്വാലയിലും മേഘാരൂഢനായും വരുന്നതിൻ്റെ വേറെയും പ്രവചനങ്ങൾ പഴയനിയമത്തിലുമുണ്ട്. (ആവ, 33:26; യെശ, 66:15). അപ്പോൾ, ശരിക്കും ആരാണ് വരുന്നത്? ഇനി, പിതാവും പുത്രനുംകൂടി അടികൂടുമോ ആവോ???

‘ഒരു കള്ളം നൂറു പ്രാവശ്യം പറഞ്ഞാൽ, കേൾക്കുന്നവർ അത് സത്യമാണെന്നു വിശ്വസിക്കും’ എന്നു ഹിറ്റ്ലർ പറഞ്ഞിട്ടുണ്ട്. അതുപോലെ മാത്രമേയുള്ളൂ ത്രിത്വവും. കുറേ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും, സത്യമിപ്പോഴും ത്രിത്വവിശ്വാസികൾക്ക് അന്യമാണ്. ഏകദൈവം ത്രിത്വമാണെന്നും, നിത്യപിതാവായവൻ പിതാവിൽനിന്നു വ്യതിരിക്തനായ നിത്യപുത്രനാണെന്നും സാത്താനു മാത്രമേ പറയാൻ കഴിയൂ. ദൈവത്തിൻ്റെ വചനം വിവേചിച്ചു ഗ്രഹിക്കാൻ കർത്താവ് കൃപതരട്ടെ!

വിസ്താരഭയത്താൽ നിർത്തിയതാണ്. യഹോവ തന്നെയാണ് യേശുക്രിസ്തു എന്നു തെളിയിക്കുന്ന 120 തെളിവുകൾ കാണാൻ യോഹോവ/യേശുക്രിസ്തു എന്ന ലേഖനം കാണുക.

ഏഫോദ്

ഏഫോദ് (Ephod)

മഹാപുരോഹിതന്റെ ധരിക്കുന്ന സവിശേഷവസ്ത്രം. സ്വർണ്ണം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച ലിനൻ എന്നിവകൊണ്ട് നെയ്ത്തുകാരന്റെ ചിത്രപ്പണിയായി നിർമ്മിച്ചതാണ് ഏഫോദ്. അതിന്റെ രണ്ടറ്റത്തും ചേർന്ന് രണ്ടു ചുമൽക്കണ്ടം (തോൾവാർ) ഉണ്ട്. ഏഫോദിനു രണ്ടു ഭാഗങ്ങളുണ്ട്. ഒരു ഭാഗം പുറകുവശത്തെയും ഒരു ഭാഗം മാറിനെയും മറയ്ക്കും. രണ്ടു ഭാഗങ്ങളും ഒരുമിച്ച് ഓരോ ചുമലിന്റെ മുകളിലും സ്വർണ്ണ കൊളുത്തുകൊണ്ട് ബന്ധിക്കും. രണ്ടു ഗോമേദക കല്ലുകളിൽ ഓരോന്നിലും ആറുഗോത്രങ്ങളുടെ പേർ വീതം കൊത്തി സ്വർണ്ണത്തകിടിൽ പതിച്ച് അവ ചുമൽ ക്കണ്ടത്തിൽ ഉറപ്പിക്കും. തങ്കംകൊണ്ടു ചരടുപോലെ മുറിച്ചു രണ്ടു സരപ്പൊളി നിർമ്മിച്ച് സ്വർണ്ണത്തകിടിൽ ബന്ധിക്കും. ഏഫോദിൽ മാർപതക്കം ബന്ധിച്ചിട്ടുണ്ടായിരിക്കും: (പുറ, 28:6-12; 39:2-7). ഏഫോദിന്റെ അങ്കി നീലനിറത്തിലുളളതും തുന്നലുകളില്ലാതെ നെയ്തെടുത്തതുമാണ്. ഏഫോദിന്റെ അടിയിലായി അങ്കി ധരിക്കും. ഏഫോദിനെക്കാൾ നീളമുള്ള അങ്കി മുട്ടുകൾക്കല്പം താഴെവരെ എത്തും. ഈ അങ്കിക്ക് കൈകൾ ഉണ്ടായിരിക്കുകയില്ല. തലകടത്താനായി ഒരു ദ്വാരം ഉണ്ടായിരിക്കും. തലകടത്തുമ്പോൾ കീറിപ്പോകാതിരിക്കാൻ ദ്വാരത്തിനു ചുറ്റും ഒരു നാട ഭംഗിയായി ചേർക്കും. അങ്കിയുടെ വിളുമ്പിൽ നീലനൂൽ, ചുവപ്പുനൂൽ, ധൂമ്രനൂൽ എന്നിവ കൊണ്ടുള്ള മാതളപ്പഴങ്ങളും അവയ്ക്കിടയിൽ പൊൻമണികളും ബന്ധിച്ചിരിക്കും: (പുറ, 28:31-34).

ശമൂവേൽ ബാലൻ ലിനൻ ഏഫോദ് (പഞ്ഞിനൂലു കൊണ്ടുളള അങ്കി) ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തു: (1ശമൂ, 2:18). ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നപ്പോൾ ദാവീദും ലിനൻ ഏഫോദ് ധരിച്ച് (പഞ്ഞിനൂലങ്കി) യഹോവയുടെ സന്നിധിയിൽ നൃത്തം ചെയ്തു: (2ശമൂ, 6:14; 1ദിന, 15:27). ഈ ഭാഗങ്ങളിൽ ഏഫോദ് നഗ്നതയുടെ ആവരണം ആയിരിക്കണം. അവർ ചെറിയ അരയാടകളാണ് ധരിച്ചിരുന്നത്. ശൗലിന്റെ കല്പനയനുസരിച്ച് ദോവേഗ് കൊന്ന എൺപത്തഞ്ചു പുരോഹിതന്മാരും ഏഫോദ് ധരിച്ചവരായിരുന്നു: (1ശമൂ, 22:18). മഹാപുരോഹിതൻ ധരിക്കുന്ന ഏഫോദിൽ നിന്നു വ്യത്യസ്തമായിരിക്കണം മേല്പറഞ്ഞവ. കൊള്ളയിൽ കിട്ടിയ പൊന്നുകൊണ്ടു (ആയിരത്തെഴുന്നൂറു ശേക്കെൽ) ഗിദെയോൻ ഒരു ഏഫോദ് നിർമ്മിച്ചു സ്വന്തപട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു. അതു വിഗ്രഹാരാധനാ വസ്തുവായി; ഗിദെയോനും കുടുംബത്തിനും ഒരു കെണിയായി മാറി: (ന്യായാ, 8:26,27). നോബിലെ ദൈവാലയത്തിൽ ഒരു ഏഫോദ് ഉണ്ടായിരുന്നു. അതിന്റെ പുറകിലാണ് ഗൊല്യാത്തിന്റെ വാൾ സൂക്ഷിച്ചത്: (1ശമൂ, 21:9). യിസ്രായേൽ മക്കൾ വളരെക്കാലം പ്രഭുവോ ഏഫോദോ ഇല്ലാതിരിക്കും എന്നു ഹോശേയ പ്രവചിച്ചു: (3:4).

ഏകജാതൻ

ഏകജാതൻ (only son)

സഹോദരങ്ങൾ ഇല്ലാത്തവൻ. യാഖീദ് (yachiyd) എന്ന എബ്രായപദം പന്ത്രണ്ട് പ്രാവശ്യമുണ്ട്. ഏകജാതൻ (only son – ഉല്പ, 22:2; 22:12; 22:16; യിരെ, 6:26; ആമോ, 8:10; സെഖ, 12:10), ഏകപുത്രി (olny child – ന്യായാ, 11:34), പ്രാണൻ (darling – സങ്കീ, 22:20; 35:17), ഏകാകി (desolate – സങ്കീ, 35:17; 68:6), ഏകപുത്രൻ (only son – സദൃ, 4:3). യിസ്ഹാക്കിനെക്കുറിച്ച് ഏകജാതൻ എന്നു പറഞ്ഞിട്ടുണ്ട്. വാഗ്ദത്തസന്തതി ആകയാലാണ് ആ പ്രയോഗം. ഹാഗാറിൽ ജനിച്ച യിശ്മായേലും കെതൂറയിൽ ജനിച്ച മക്കളും വാഗ്ദത്തപ്രകാരമുള്ളവർ ആയിരുന്നില്ല: (ഉല്പ, 22:2,12,16). അബ്രാഹാം ഏകജാതനെ അർപ്പിച്ചത് എബ്രായ ലേഖനകാരനും എടുത്തുപറയുന്നുണ്ട്: (11:18). വിലാപത്തിന്റെ കാഠിന്യം വ്യക്തമാക്കുവാൻ ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ എന്ന് പറയും: (യിരെ, 6:26; ആമോ, 8:10; സെഖ, 12:10). ഏകപുത്രനോടുള്ള വാത്സല്യം അപ്രമേയമാണ്: (സദൃ, 4:3). പുതിയനിയമത്തിൽ മൊണൊഗെനെസ് (monogenes) ഒൻപത് പ്രാവശ്യമുണ്ട്: (ലൂക്കൊ, 7:12; 8:42; 9:38; യോഹ, 1:14; 1:18; 3:16; 3:18; എബ്രാ, 11:17; 1യോഹ, 4:9). യേശുക്രിസ്തു ഉയിർപ്പിച്ചവരിൽ നയീനിലെ വിധവയുടെ മകൻ ഏകജാതനും (ലൂക്കൊ, 7:12), യായീറോസിന്റെ മകൾ ഏകജാതയും (ലൂക്കൊ, 8:42) ആയിരുന്നു. യേശു സൌഖ്യമാക്കിയ അശുദ്ധാത്മ ബാധിതനായ ബാലനും പിതാവിന് ഏകജാതനായിരുന്നു: (ലൂക്കൊ, 9:38). യിസ്ഹാക്കും ഏകജാതനായിരുന്നു: (എബ്രാ, 11:17).

ഏകജാതനായ ക്രിസ്തു: പുതിയനിയമത്തിൽ യേശുക്രിസ്തുവിനോടുള്ള ബന്ധത്തിലാണ് ഏകജാതനെന്ന പ്രയോഗം അധികം പ്രയോഗിച്ചു കാണുന്നത്. പിതാവായ ദൈവത്തിന്റെ ഏകജാതനായ പുത്രനാണ് ക്രിസ്തു: (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തേക്കയച്ചത് നാം അവനാൽ ജീവിക്കേണ്ടതിനാണ്: (1യോഹ, 4:9). ഏകജാതൻ ദൈവത്തിൻ്റെ സൃഷ്ടിപുത്രനാണെന്ന് കരുതുന്നവരുണ്ട്. യേശു ദൈവമാണെന്ന് വിശ്വസിക്കുന്നവരിൽത്തന്നെ ഏകജാതൻ എന്ന പ്രയോഗം ആയക്കുഴപ്പം ഉണ്ടാക്കുന്നു. ആദ്യജാതൻ, ഏകജാതൻ, ദൈവപുത്രൻ, മനുഷ്യപുത്രൻ എന്നിത്യാദി പ്രയോഗങ്ങൾ അക്ഷരീകാർത്ഥത്തിലല്ല; പ്രത്യുത, ആത്മീകാർത്ഥത്തിൽ അഥവാ, യേശുവിൻ്റെ സ്ഥാനപ്പേരുകൾ മാത്രമാണെന്ന് തിരിച്ചറിയാത്തതാണ് എല്ലാ പ്രശ്നങ്ങളുടേയും കാരണം. ദൈവത്തിൻ്റെ ആദ്യജാതനായ ക്രിസ്തുവിന് എങ്ങനെ അവൻ്റെ ഏകജാതനാകാൻ കഴിയും??? ആദ്യജാതനെന്ന് അഞ്ചുപ്രാവശ്യവും, ഏകജാതനന്ന് അഞ്ചുപ്രാവശ്യവും വിളിച്ചിട്ടുണ്ട്. ആദ്യജാതൻ അഥവാ, മൂത്തപുത്രൻ എന്ന പ്രയോഗം അനന്തര ജാതന്മാർ അഥവാ, ദൈവത്തിന് മറ്റ് മക്കൾ ഉണ്ടെന്ന സൂചന നല്കുന്നതാണ്. അത് ശരിയാണെങ്കിൽ, പിന്നെങ്ങനെ ക്രിസ്തു ഏകജാതൻ അഥവാ, ഒറ്റ പുത്രനാകും??? ഏകജാതൻ തൻ്റെ നിസ്തുലജനനം അഥവാ, ജഡത്തിലുള്ള വെളിപ്പാടിനെ കുറിക്കുന്ന പ്രയോഗമാണ്. ആദാമ്യപാപം നിമിത്തം മനുഷ്യരെല്ലാം പാപത്തിനും ശാപത്തിനും വിധേയരായതുകൊണ്ട്, മനുഷ്യരുടെ പാപം ചുമന്നൊഴിക്കാൻ, സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തവനായി അഥവാ, നിസ്തുലനായി വെളിപ്പെട്ടതുകൊണ്ടാണ് ഏകജാതൻ എന്നു വിളിക്കുന്നത്. ഏകസത്യദൈവം പുത്രൻ എന്ന അഭിധാനത്തിൽ വെളിപ്പെട്ടതാണ് കർത്താവായ യേശുക്രിസ്തു. ഈ നിലയിൽ ദൈവത്തെ വ്യക്തിപരമായി പിതാവേ എന്നുവിളിക്കാൻ യോഗ്യതയുള്ള ഒരാളേയുള്ളു; അത് ക്രിസ്തു മാത്രമാണ്. ക്രിസ്തുവിലൂടെയും ക്രിസ്തു മുഖാന്തരവുമാണ് നമുക്കോരോരുത്തർക്കും ദൈവം പിതാവായത്. അഥവാ, ദൈവത്തിൻ്റെ പുത്രത്വം അഥവാ, ജഡത്തിലുള്ള വെളിപ്പാടാണ് നമ്മളെ ദൈവത്തിൻ്റെ പുത്രീപുത്രന്മാരാക്കിയത്. അങ്ങനെ, ഏകജാതനായി വെളിപ്പെട്ടവൻ തൻ്റെ മരണത്താൽ നമ്മെ ദൈവത്തിൻ്റെ പുത്രന്മാരും പുത്രിമാരും ആക്കിയതിനാൽ, ദൈവത്തിൻ്റെ ആദ്യജാതനും നമ്മുടെ ജേഷ്ഠസഹോദരനും ആയിത്തീർന്നു. ഒന്നുകൂടി പറഞ്ഞാൽ, നമ്മുടെ സൃഷ്ടിതാവും പിതാവുമായവൻ തന്നെയാണ് രക്ഷിതാവും ജേഷ്ഠസഹോദരനുമായി നമ്മെ വീണ്ടെടുത്തത്.

ചിലർ കരുതുന്നതുപോലെ ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ സൃഷ്ടിപുത്രനാ അല്ല. ദൈവപുത്രൻ മനുഷ്യപുത്രൻ എന്നീ പ്രയോഗങ്ങൾ ക്രിസ്തുവിൻ്റെ ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുന്ന പ്രയോഗങ്ങളാണ്. അഥവാ, സ്ഥാനനാമങ്ങളാണ്. ജഡത്തിൽ വന്നവൻ പൂർണ്ണമനുഷ്യൻ മാത്രമായതുകൊണ്ടാണ് മരിച്ചത്. സാക്ഷാൽ ദൈവം മനുഷ്യനായി വന്നതുകൊണ്ടാണ് മരണത്തിനവനെ പിടിച്ചുവെക്കാൻ കഴിയാഞ്ഞത്: “ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തു:” (റോമ, 1:5). മനുഷ്യരാരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമാണ് ദൈവം: (1തിമമൊ, 1:17; 6:15,16). ആ ഏകസത്യദൈവത്തിൻ്റെ പൂർണ്ണ വെളിപ്പാടാണ് ദൈവപുത്രത്വം: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ വക്ഷസ്സിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു:” (യോഹ, 1:18). ദൈവം മനുഷ്യനായി വെളിപ്പെട്ടതുകൊണ്ടാണ് മനുഷ്യപുത്രൻ എന്നു വിളിക്കുന്നത്. മനുഷ്യരുടെ എല്ലാ ഗുണവിശേഷങ്ങളോടും കൂടിയവനായി വന്ന് മനുഷ്യരുടെ പാപവും വഹിച്ചുകൊണ്ടവൻ മരിച്ചു: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14. ഒ.നോ: യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16).

യേശു ദൈവപുത്രനാണ്. എന്നാൽ, അനേകരും പഠിപ്പിക്കുന്നതും വിശ്വസിക്കുന്നതും യേശു നിത്യപുത്രനാണെന്നാണ്. നൂറ്റിയിരുപത്തഞ്ചു പ്രാവശ്യം ദൈവപുത്രനെന്നും, അഞ്ചുപ്രാവശ്യം ദൈവത്തിൻ്റെ ആദ്യജാതനെന്നും, അഞ്ചുപ്രാവശ്യം ഏകജാതനെന്നും അങ്ങനെ 135 പ്രാവശ്യം യേശുവിനെ ദൈവപുത്രൻ എന്നു ബൈബിൾ വിശേഷിപ്പിക്കുന്നു. തന്മൂലം, യേശുവിൻ്റെ പുത്രത്വത്തെ നിഷേധിക്കുവാൻ അഖിലാണ്ഡത്തിൽ ആർക്കും കഴിയില്ല. പക്ഷെ, യേശു നിത്യപുത്രനാണോ? അല്ല, അവൻ നിത്യപിതാവാണ്. (യെശ, 9:6; എബ്രാ, 2:14). ബൈബിളിൽ ‘നിത്യപിതാവു’ എന്ന് ഒരു പ്രയോഗമേയുള്ളൂ. അത് പുത്രനെക്കുറിക്കുവാനാണ്. പിന്നെങ്ങനെ യേശു നിത്യപുത്രനാകും? പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് സ്ഥാനനാമങ്ങളാണ്. അതിൽ സൃഷ്ടിതാവും പരിപാലകനുമെന്ന അർത്ഥത്തിൽ പിതാവെന്ന ഒരേയൊരു സ്ഥാനം മാത്രമാണ് നിത്യമായുള്ളത്. അത് ജനിക്കുവാനുള്ള ശിശുവിനെക്കുറിച്ച് യെശയ്യാവ് പ്രവചിക്കുന്നതാണ്. (9:6). നിത്യപിതാവെന്ന് ബൈബിൾ വിശേഷിപ്പിക്കുന്നവനെ നിത്യപുത്രനെന്നു വിളിച്ചാൽ ശരിയാകുമോ?

എഴുപത് ശിഷ്യന്മാർ

എഴുപത് ശിഷ്യന്മാർ (Seventy Disciples)

പന്ത്രണ്ടു ശിഷ്യന്മാരെ കൂടാതെ യേശു തിരഞ്ഞെടുത്തവർ. ശമര്യയുടെ പ്രദേശത്ത് വെച്ചായിരുന്നു യേശു എഴുപതു ശിഷ്യന്മാരെ തിരഞ്ഞെടുത്തത്. ഈ എഴുപതുപേർക്കും മത്തായിയിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്കു നല്കിയ അതേ നിർദ്ദേശങ്ങളും ഉപദേശങ്ങളും തന്നെ നല്കി അയച്ചു. “അനന്തരം അവൻ തന്റെ പ്രന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു. അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധദീനവും വ്യാധിയും പൊറുപ്പിക്കാനും അവർക്കു അധികാരം കൊടുത്തു.” (മത്താ, 10:1). “അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു:…. പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. സഞ്ചിയും പൊക്കണവും ചെരുപ്പും എടുക്കരുത് രോഗികളെ സൗഖ്യമാക്കി, ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചു വന്നിരിക്കുന്നു എന്നു അവരോടു പറവിൻ” (ലൂക്കൊ, 10:1, 3, 9). കർത്താവു പന്ത്രണ്ടു ശിഷ്യന്മാരെ നിയമിച്ചു അവർക്കു കൊടുത്ത നിർദ്ദേശങ്ങൾ മത്തായി 10:1-23-ൽ കാണാം. അതിൽനിന്നും വ്യത്യസ്തമായിരുന്നില്ല എഴുപതു ശിഷ്യന്മാർക്കു നല്കിയ നിർദ്ദേശങ്ങൾ. (ലൂക്കൊ, 10:1-24). സുവിശേഷകന്മാരിൽ യെഹൂദേതരനായിരുന്നു ലൂക്കൊസ്. ലൂക്കൊസിൻ്റെ സുവിശേഷത്തിൽ മാത്രമേ എഴുപതുപേരെ അയച്ചതിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുള്ളൂ. യെഹൂദന്മാരിൽ തന്റെ കർത്തൃത്വം വെളിപ്പെടുത്തുവാൻ പന്ത്രണ്ടുപേരെ നിയമിച്ചതുപോലെ സകലജാതികളുടെമേലും യേശുവിനുള്ള കർത്തത്വത്തെ വെളിപ്പെടുത്തുവൻ ആയിരുന്നു എഴുപതുപേരെ നിയമിച്ചത്. പ്രളയാനന്തരം ഭൂമി മുഴുവൻ നിറഞ്ഞത് ശേം, ഹാം, യാഫെത്ത് എന്നിവരുടെ സന്തതികളായ എഴുപതുപേരിൽ നിന്നാണ്. സകലജാതികളെയും കുറിക്കുകയാണ്. എഴുപത്.

70 പേരെന്നും, 72 പേരെന്നും കാണുന്നുണ്ട്: മലയാളം CS; മലയാളം SI; സത്യവേദ പുസ്തകം; ANDRESON; AKJV; ASV; AMP; CJB; COMMON; DARBY; EMTV; ETHERIDGE; FBE; GNV; GW; HCSB; PHILLIPS; JUB; KJV; TLB; MSG; NOG; NKJV; NLV; NRSV; NRSVA; NRSVACE; NRSVCE; OJB; RSV; RSVCE; VOICE; WEB; WE; YLT തുടങ്ങിയവയിൽ 70 പേരാണ്. മലയാളം ERV; സത്യവേദപുസ്തകം CL; മലയാളം ഓശാന; AUV; BLB; BSB; CEB; CEV; CGV; CLNT; CPDV; DRA; EHV; ERV; ESV; ESVUK; EXB; GB; GNT; HNC; LEB; MOUNCE; NASB; NCV; NET; NHEBJE; NIRV; NIV; NIVUK; NLT; NOG; OEB-cw; OEB-us; REM; WYC തുടങ്ങിയവയിൽ 72 പേരാണ്. പൊതുവായി അംഗീകരിക്കപ്പെട്ട ഒരു കാനോൻ പ്രകാരമുള്ള 72 ശിഷ്യന്മാരുടെ പേരുകൾ ചുവടെ ചേർക്കുന്നു:

1. അംപ്ലിയാത്തൊസ് (റോമ, 16:8)

2. അംസുംക്രിതൊസ് (റോമ, 16:14)

3. അക്വിലാസ് (18:2)

4. അഖായിക്കൊസ് (1കൊരി, 16:7)

5. അഗബൊസ് (പ്രവൃ, 11:28)

6. അനന്യാസ് (പ്രവൃ, 9:10)

7. അന്ത്രൊനിക്കൊസ് (റോമ, 16:7)

8. അപ്പെലേസ് (റോമ, 16:10)

9. അപ്പൊല്ലോസ് (പ്രവൃ, 18:24)

10. അരിസ്തർഹോസ് (പ്രവൃ, 19:29)

11. അരിസ്തൊബൂലസ് (റോമ, 16:10)

12. അർത്തെമാസ് (തീത്തൊ, 3:12)

13. അർഹിപ്പൊസ് (കൊലൊ, 4:17)

14. ഉർബ്ബാനൊസ് (റോമ, 16:9)

15. എപ്പഫ്രാസ് (കൊലൊ,1:7)

16. എപ്പഫ്രൊദിത്തൊസ് (ഫിലി, 2:25)

17. എപ്പൈനത്തൊസ് (റോമ, 16:5)

18. എരസ്തൊസ് (പ്രവൃ, 19:22)

19. ഒനേസിഫൊരൊസ് (2തിമൊ, 1:16)

20. ഒനേസിമൊസ് (കൊലൊ, 4:9)

21. ഒലുമ്പാസ് (റോമ, 16:15)

22. കർപ്പൊസ് (2തിമൊ, 4:13)

23. കേഫാസ് (Cephas) (ഇക്കോണിയം ബിഷപ്പ്, പാംഫില്ലിയ)

24. ക്രിസ്പൊസ് (പ്രവൃ, 18:8)

25. ക്രേസ്കേസ് (2തിമൊ, 4:10)

26. ക്ളെയൊപ്പാവ് (യോഹ, 19:25)

27. ക്ളേമന്ത് (ഫിലി, 4:3)

28. ക്വർത്തൊസ് (റോമ, 16:23)

29. ക്വാഡ്രാറ്റസ് (Quadratus) (ഏഥൻസിലെ ബിഷപ്പ്. അദ്ദേഹം അപ്പോളോജിയയുടെ രചയിതാവായിരുന്നു. കല്ലെറിഞ്ഞെങ്കിലും രക്ഷപ്പെട്ടു. താമസിയാതെ, ജയിലിൽ പട്ടിണി കിടന്ന് അദ്ദേഹം മരിച്ചു.)

30. ഗായൊസ് (പ്രവൃ, 19:29)

31. തിമൊഥെയൊസ് (പ്രവൃ, 16:1)

32. തിമോൻ (പ്രവൃ, 6:5)

33. തീത്തൊസ് (പ്രവൃ, 18:7)

34. തുഹിക്കൊസ് (പ്രവൃ, 20:4)

35. തെർതൊസ് (റോമ, 16:22)

36. ത്രൊഫിമൊസ് (പ്രവൃ, 20:4)

37. നർക്കിസ്സൊസ് (റോമ, 16:11)

38. നിക്കാനോർ (പ്രവൃ, 6:5)

39. നിക്കൊലാവൊസ് (പ്രവൃ, 6:5)

40. പത്രൊബാസ് (റോമ, 16:14)

41. പർമ്മെനാസ് (പ്രവൃ, 6:5)

42. പൂദെസ് (2തിമൊ, 4:21)

43. പ്രൊഖൊരൊസ് (പ്രവൃ, 6:5)

44. പ്ളെഗോൻ (റോമ, 16:14)

45. ഫിലിപ്പൊസ് (പ്രവൃ, 6:8)

46. ഫിലേമോൻ (ഫിലേ, 1:1)

47. ഫിലൊലൊഗൊസ് (റോമ, 16:15)

48. ഫൊർത്തുനാതൊസ് (1കൊരി, 16:17)

49. ബർന്നബാസ് (പ്രവൃ, 4:36)

50. മത്ഥിയാസ് (പ്രവൃ, 1:23)

51. മർക്കൊസ് (പ്രവൃ, 12:12)

52. മിക്കാനോർ (പ്രവൃ, 6:5)

53. യാക്കോബ് (പ്രവൃ, 12:17)

54. യാസോൻ (പ്രവൃ, 17:7)

55. യുസ്തൊസ് (പ്രവൃ, 1:23)

56. രൂഫൊസ് (മർക്കൊ, 15:21)

57. ലീനൊസ് (2തിമൊ, 4:21)

58. ലൂക്കൊസ് (കൊലൊ, 4:14)

59. ലൂക്യൊസ് (പ്രവൃ, 13:1)

60. ശിമോൻ (മത്താ, 13:55)

61. ശീലാസ് (പ്രവൃ, 15:22)

62. സക്കായി (ലൂക്കോ, 19:10)

63. സില്വാനൊസ് (2കൊരി, 1:19)

64. സീസർ (Caesar) (ഡിറാച്ചിയം ബിഷപ്പ്, ഗ്രീസിന്റെ പെലോപ്പൊന്നീസിൽ)

65. സേനാസ് (തീത്തൊ, 3:13)

66. സോസിപത്രൊസ് (റോമ, 16:21)

67. സോസ്തെനേസ് (1കൊരി, 1:1)

68. സ്താക്കു (റോമ, 16:9)

69. സ്തെഫാനൊസ് (പ്രവൃ, 6:5)

70. ഹെരോദിയോൻ (റോമ, 16:11)

71. ഹെർമ്മാസ് (റോമ, 16:14)

72. ഹെർമ്മോസ് (റോമ, 16:14)