സ്മുർന്നാ

സ്മുർന്നാ (Smyrna)

പേരിനർത്ഥം — കയ്പ്

ഏഷ്യാമൈനറിന്റെ പശ്ചിമതീരത്തുള്ള ഒരു പ്രധാന പട്ടണം. എഫെസൊസിനു 65 കി.മിറ്റർ വടക്കു കിടക്കുന്നു. ആധുനികനാമം ഇസ്മിർ (Izmir). പുതിയ നിയമകാലത്തും ഇന്നും ഏഷ്യാമൈനറിലെ പ്രധാന വാണിജ്യകേന്ദ്രമാണു സ്മുർന്നാ. അയോലിയൻ ഗ്രേക്കരായിരുന്നു പുരാതനനിവാസികൾ. താമസിയാതെ അയോണിയൻ ഗ്രേക്കർ ആധിപത്യം സ്ഥാപിച്ചു. ബി.സി. 627-ൽ ലുദിയർ പുരാതനപട്ടണത്തെ നശിപ്പിച്ചു. ബി.സി. 4-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ആന്റിഗോണസും ലിസിമാക്കസും ചേർന്നു പട്ടണത്തെ പുതുക്കിപ്പണിതു. അലക്സാണ്ടർ സർദ്ദിസ് പിടിച്ചശേഷം ആസ്യയിലെ പ്രധാനപട്ടണമായി സ്മുർന്നാ ഉയർന്നു. തുടർന്നു സ്മുർന്നാ റോമിന്റെ അധീനത്തിലായി. വെളിപ്പാടിൽ പറയുന്ന ഏഴു സഭകളിൽ രണ്ടാമത്തേതു സ്മുർന്നയാണ്. (2:8-11). പീഡിതസഭയാണ് സ്മർന്ന്. ക്രിസ്തുവിനോടു വിശ്വസ്തത പുലർത്തുന്ന ഈ സഭയ്ക്കെതിരെ കർത്താവ് കറ്റാരോപണമൊന്നും നടത്തുന്നില്ല. പോളിക്കാർപ്പ് രക്തസാക്ഷിയായത് ഇവിടെയാണ്.

സ്പാന്യ

സ്പാന്യ (Spain)

ദക്ഷിണ പശ്ചിമ യൂറോപ്പിലെ ഒരു രാജ്യം. വടക്ക് പിരണീസ് പർവ്വതനിരകൾ, ബിസ്ക്കേ ഉൾക്കടൽ (Bay of Biscay) എന്നിവയാലും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും അറ്റ്ലാന്റിക് സമുദ്രത്താലും, തെക്കുകിഴക്കും കിഴക്കും മെഡിറ്ററേനിയൻ സമുദ്രത്താലും ചുറ്റപ്പെട്ടു കിടക്കുന്നു. സ്പെയിനിലെ ആദിമനിവാസികൾ പുരാതന ശിലായുഗത്തിൽ ഉള്ളവരാണ്. നവീന ശിലായുഗത്തിൽ ഇബേര്യർ എന്നറിയപ്പെടുന്ന ഒരു ജനസമൂഹം ഉത്തരാഫ്രിക്കയിൽ നിന്നും കുടിയേറിപ്പാർത്തു. അവരിൽ നിന്നും സ്പാനിഷ് ഉപദ്വീപിനു ഇബേര്യ എന്ന പേർ ലഭിച്ചു. ബി.സി. 11-ാം നൂറ്റാണ്ടോടുകൂടി ഫിനിഷ്യർ സ്പെയിനിൽ കച്ചവടകേന്ദ്രങ്ങൾ സ്ഥാപിച്ചു. ബി.സി. 3-ാം നൂറ്റാണ്ടോടുകൂടി കാർത്തേജ് സ്പെയിനിന്റെ സിംഹഭാഗവും കയ്യടക്കി. ബി.സി. 197-ൽ സ്പെയിനിൽ രണ്ടു റോമൻ പ്രവിശ്യകൾ സ്ഥാപിച്ചു. അഗസ്റ്റസ് ചക്രവർത്തി സ്പെയിനിനെ മൂന്നു പ്രവിശ്യകളാക്കി. 

അപ്പൊസ്തലനായ പൗലൊസിന്റെ ആഗ്രഹമായിരുന്നു സ്പെയിൻ സന്ദർശനം. (റോമ, 15:24, 28). പൃലൊസ് സ്പെയിൻ സന്ദർശിച്ചു എന്നതിന്റെ പ്രധാന തെളിവു ക്ലെമെന്റിന്റെ പ്രസ്താവനയാണ്. ഐറേന്യൂസ് (എ.ഡി. 180) സ്പെയിനിലെ സഭകളെക്കുറിച്ചെഴുതി. സ്പെയിൻ മുഴുവൻ ക്രിസ്തുവിനു വിധേയപ്പെട്ടു എന്നു തെർത്തുല്യൻ (എ.ഡി. 200) പ്രസ്താവിച്ചു. സ്പെയിനിൽ ക്രിസ്തുമതത്തിന്റെ ദ്രുതവ്യാപനത്തെ സാക്ഷ്യപ്പെടുത്തുന്ന പ്രസ്താവനകളാണിവ.

സോർ

സോർ (Tyre)

പേരിനർത്ഥം — പാറ

പൗരാണിക ഫിനിഷ്യാനഗരം. മെഡിറ്ററേനിയൻ സമുദ്രതീരത്തു സ്ഥിതിചെയ്യുന്നു. സീദോനു 35 കി.മീറ്റർ തെക്കും കർമ്മേൽ പർവ്വതത്തിനു 52 കി.മീറ്റർ വടക്കുമായി കിടക്കുന്നു. വളരെ പുരാതനമായ പട്ടണമാണിത്. (യെശ, 23:1, 7). സോർ പണിതത് ബി.സി. 2740-ലാണെന്നു ഹെരോഡോട്ടസും ബി.സി. 1217-ലാണെന്നു ജൊസീഫസും പറയുന്നു. സീദോന്റെ കോളനിയായിരുന്നു സോരെന്നു യെശയ്യാ പ്രവാചകൻ സൂചിപ്പിക്കുന്നു. (23:2, 12). ഹബിരു ആക്രമികൾക്കെതിരെ സഹായത്തിനായി അമൻ ഹോട്ടപ് നാലാമനു സോരിലെ ഭരണാധികാരി ബി.സി. 1430-ൽ എഴുതിയ എഴുത്ത് തേൽ-എൽ-അമർണാ രേഖകളിലുണ്ട്. യോശുവ സോർ പട്ടണം ആശേറിനു അവകാശമായി നല്കി. (യോശു, 19:29). എന്നാലവർ ഈ പട്ടണം കൈവശപ്പെടുത്തിയതായി കാണുന്നില്ല. (2ശമൂ, 24:7). 

ദാവീദിന്റെയും (2ശമൂ, 5:11; 1രാജാ, 5:1; 2ദിന, 2:3), ശലോമോന്റെയും കാലത്തു യിസ്രായേലും സോരും തമ്മിൽ രമ്യതയിലായിരുന്നു. സോരിലെ വിദഗ്ദ്ധ തൊഴിലാളികൾ ദാവീദിന്റെ കൊട്ടാര നിർമ്മാണത്തെ സഹായിച്ചു. സോർ രാജാവായ ഹീരാം ദേവദാരുമരം ദാവീദിനു എത്തിച്ചു കൊടുത്തു. (2ശമൂ, 5:11; 1ദിന, 14:1). ദാവീദിന്റെ മരണശേഷം ഹീരാം ദൈവാലയം, രാജമന്ദിരങ്ങൾ എന്നിവയുടെ നിർമ്മാണത്തിനാവശ്യമായ വസ്തുക്കളും സഹായവും ശലോമോനു നല്കി. (1രാജാ, 5:1-10; 7:1-8; 2ദിന, 2:3-14). ഏതു പണിയും ചെയ്വാൻ സമർത്ഥനായ ഹൂരാം ആബിയെ സോർ രാജാവ് ശലോമോനു ദൈവാലയം പണിയുവാനായി അയച്ചു കൊടുത്തു. ഹൂരാം ആബിയുടെ അമ്മ ദാന്യസ്ത്രീയും അപ്പൻ സോര്യനും ആണ്. (1രാജാ, 7:13, 14; 2ദിന, 2:13,14). സോര്യരുടെ സഹായത്തിനു പ്രതിഫലമായി ശലോമോൻ കോതമ്പും യവവും എണ്ണയും വീഞ്ഞും നല്കി. (1രാജാ, 5:11,12; 2ദിന, 2:15). സോരിലെ രാജാവിനു ശലോമോൻ ഇരുപതു പട്ടണം നല്കി. പക്ഷേ സോർ രാജാവു അവ ഇഷ്ടപ്പെട്ടില്ല. (1രാജാ, 9:10-13). 

സോരിനെ വീണ്ടും പണിതുറപ്പിച്ച ശക്തനായ രാജാവാണ് ഹീരാം. രണ്ടു തുറമുഖങ്ങൾ അദ്ദേഹം പട്ടണത്തിനു പ്രദാനം ചെയ്തു. കച്ചവടം അഭിവ്യദ്ധി പ്രാപിച്ചു. ലെബാനോൻ പർവ്വതത്തിലെ ദേവദാരു കയറ്റുമതിയിൽ പ്രധാന ഇനമായിരുന്നു. സൈപ്രസിലെ താമ്രവും സ്പെയിനിലെ വെള്ളിയും കോൺവാലിലെ ടിന്നും സോരിലെ കപ്പലുകൾ കൊണ്ടുവന്നു. സോരിന്റെ വാണിജ്യത്തിൽ യിസ്രായേലും ഭാഗഭാക്കായിരുന്നു. അക്കാബാ ഉൾക്കടലിലെ എസ്യോൻ-ഗേബെരിൽ ശലോമോനും ഹീരാമും ഒരുമിച്ചു കപ്പലുകൾ പണിതു. ഹീരാമിന്റെ മരണശേഷം സോരിനു വിഷമഘട്ടം ഉണ്ടായി. സഹോദരനെ കൊന്നശേഷം എത്ത്ബാൽ രാജാവായി. എത്ത്ബാലിന്റെ മകളായ ഈസേബൈൽ ആഹാബിന്റെ ഭാര്യയായി. (1രാജാ, 16:31). അശ്ശൂർ ആക്രമണകാലത്തു സോർ വളരെയധികം വലഞ്ഞു. നെബൂഖദ്നേസറിന്റെ നിരോധനത്തെ സോർ ശക്തമായി പ്രതിരോധിച്ചുവെങ്കിലും അത് സോരിന്റെ കച്ചവടത്തെ തളർത്തുകയും നഗരത്തെ ദരിദ്രമാക്കുകയും ചെയ്തു. അല്പകാലം ഈജിപ്റ്റിനു വിധേയപ്പെട്ട ശേഷം സോർ ബാബിലോണിനധീനമായി. തുടർന്നു സോരിന്റെ അധീശത്വം പേർഷ്യയ്ക്ക് ലഭിച്ചു. യെരൂശലേം ദൈവാലയത്തിന്റെ പുനരുദ്ധാരണത്തിനാവശ്യമായ ദേവദാരുമരം നല്കുന്നതിനു കോരെശ് രണ്ടോമൻ സോരിനോടാവശ്യപ്പെട്ടു. (എസ്രാ, 3:7). ബി.സി. 332-ൽ സോരിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട അലക്സാണ്ടർ വളരെ പണിപ്പെട്ടാണ് പട്ടണം പിടിച്ചത്.  

യേശു സോർ സന്ദർശിച്ചു. (മത്താ, 15:21; മർക്കൊ, 7:24). അന്ന് യെരുശലേമിനെക്കാൾ ജനനിബിഡമായിരുന്നിരിക്കണം സോർ. പൗലൊസ് ഏഴു ദിവസം സോരിൽ കഴിഞ്ഞു. (അപ്പൊ, 21:3-7). എ.ഡി. 13-ാം നൂറ്റാണ്ടിൽ മുസ്ലീങ്ങൾ കുരിശുയുദ്ധക്കാരിൽ നിന്നും സോർ പിടിച്ചെടുത്തപ്പോൾ പട്ടണത്തിനു കാര്യമായ ക്ഷതം സംഭവിച്ചു. ഇന്നു സോർ തകർന്നു കിടക്കുകയാണ്.

സൊദോം

സൊദോം (Sodom)

സമഭൂമിയിലെ പട്ടണങ്ങൾ എന്നറിയപ്പെടുന്നവയിൽ ഒന്ന്. ഇതിനോടൊപ്പമുള്ള മറ്റു നഗരങ്ങളാണ് ആദ്മ, ഗൊമോര, സെബോയീം, സോവർ എന്നിവ. ഈ പ്രദേശങ്ങളെല്ലാം ഫലഭൂയിഷ്ഠവും ജനനിബിഡവുമായിരുന്നു. തുടർന്നു ഈ സ്ഥലങ്ങൾ ഉപേക്ഷിക്കപ്പെട്ടതിനു പുരാവസ്തു വിജ്ഞാനീയമായ തെളിവുകൾ അനുകൂലമാണ്. മുമ്പു ചാവുകടലിനു വടക്കുഭാഗത്താണ് ഈ നഗരങ്ങൾ എന്നു കരുതപ്പെട്ടിരുന്നു. ഇന്നാകട്ടെ ഇവ സിദ്ദീം താഴ്വരയിൽ ആണെന്നതിനെക്കുറിച്ചു പൊതുവെ അഭിപ്രായൈക്യം ഉണ്ട്. (ഉല്പ, 14:3). സിദ്ദീം താഴ്വര ചാവുകടലിന്റെ തെക്കെ അറ്റത്താണ്. ബി.സി. 21-ാം നൂറ്റാണ്ടോടുകൂടി ഈ പ്രദേശം വെള്ളത്തിനടിയിലായി. ഇവിടെ കീൽകുഴികൾ ധാരാളം ഉണ്ട്. (ഉല്പ, 14:10). 

ബേഥേലിൽ നിന്നു നോക്കിയാൽ സൊദോം മുഴുവൻ കാണാൻ കഴിയും. ലോത്ത് സൊദോമിനെ തിരഞ്ഞെടുത്തത് ഇവിടെ നിന്നും നോക്കിയാണ്. (ഉല്പ, 13:10-12). തങ്ങളുടെ ഇടയന്മാർക്കു തമ്മിലുള്ള കലഹം ഒഴിവാക്കുന്നതിനു വേണ്ടി അബ്രാഹാമും ലോത്തും പരസ്പരം പിരിഞ്ഞു പോകുവാനൊരുങ്ങിയപ്പോൾ ലോത്ത് കിഴക്കോട്ടു ചെന്ന് സൊദോം വരെ കൂടാരം നീക്കി അടിച്ചു. സൊദോം നിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു എന്ന് ലോത്ത് വളരെ വേഗം മനസ്സിലാക്കി. (ഉല്പ, 13:5-13; 2പത്രൊ 2:7,8). ഏലാം രാജാവായ കെദൊർലായോമെരിനു പ്രന്ത്രണ്ടുവർഷം കീഴടങ്ങിയിരുന്നതിനു ശേഷം സൊദോമിലും മറ്റു നാലു പട്ടണങ്ങളിലും ഉണ്ടായിരുന്നവർ മത്സരിച്ചു. അടുത്തവർഷം കെദൊർലായോമെരും കൂട്ടരും ചേർന്ന് സൊദോം രാജാവായ ബേരയെയും അവന്റെ കൂട്ടാളികളെയും തോല്പിച്ചു. ലോത്തും കൂട്ടാളികളും ബദ്ധരായി. (ഉല്പ, 14:1-12). അബ്രാഹാമിന്റെ സൈന്യം കെദൊർലായോമെരിനെ പരാജയപ്പെടുത്തി ലോത്തിനെയും കുടുംബത്തെയും രക്ഷപ്പെടുത്തി. സൊദോം രാജാവ് അബ്രാഹാമിനോടു സമ്പത്തു മുഴുവൻ എടുത്തുകൊണ്ടു ആളുകളെ മടക്കിക്കൊടുക്കുന്നതിന് അപേക്ഷിച്ചു. എന്നാൽ സൊദോം രാജാവ് അബ്രാഹാമിനെ സമ്പന്നനാക്കിയെന്നു പറയാതിരിക്കുവാൻ അബ്രാഹാം ഒന്നും സ്വീകരിച്ചില്ല. (ഉല്പ, 14:22). 

പുരുഷമൈഥുനത്തിനു കുപ്രസിദ്ധിയാർജ്ജിച്ച പട്ടണമായിരുന്നു സൊദോം. രണ്ടു ദൂതന്മാരെ ലോത്ത് തന്റെ വീട്ടിൽ രാപാർപ്പിച്ചു. ലോത്ത് അവർക്ക് വിരുന്നു നല്കി. അന്നു രാത്രി അവർ ഉറങ്ങുവാൻ പോകുന്നതിനു മുമ്പ് പട്ടണത്തിലെ പുരുഷന്മാരും മറ്റും ലോത്തിന്റെ വീടു വളഞ്ഞ് ദൈവദൂതന്മാരെ വിട്ടുകൊടുക്കുന്നതിന് ആവശ്യപ്പെട്ടു. പിറ്റെദിവസം ലോത്തും ഭാര്യയും രണ്ടു പെൺമക്കളും സൊദോം വിട്ടശേഷം ദൈവം ഇവയെ അഗ്നിയും ഗന്ധകവും വർഷിപ്പിച്ചു നശിപ്പിച്ചു. (ഉല്പ, 19:1-29; ലൂക്കൊ, 17:28,29). അനന്തരം ദൈവത്തിൽ നിന്നുള്ള ഉന്മൂല നാശത്തിന്റെ പര്യായമായി തീർന്നു സൊദോമും ഗൊമോറയും. (ആവ, 29:3; യെശ, 1:9; 10:3-9; 13:19; യിരെ, 23:14; 49:18; 50:40; വിലാ, 4:6; യെഹ, 16:46, 48,49, 53, 55; ആമോ, 4:11; സെഫ, 2:9; മത്താ, 10:15; ലൂക്കൊ, 17:29; റോമ, 9:29; 2പത്രൊ, 2:6; യൂദാ, 7; വെളി, 11:8). രണ്ടു സാക്ഷികളുടെ ശവം ആത്മീയമായി സൊദോമും മിസ്രയീമും എന്നു വിളിക്കുന്ന നഗരവീഥിയിൽ കിടക്കുമെന്നു വെളിപ്പാട് 11:3-ൽ കാണാം. യെശയ്യാവ് സീയോനെ അഥവാ യെരൂശലേമിനെ സൊദോമിനോടും ഗൊമോറയോടും സാദൃശ്യപ്പെടുത്തുകയും യെരൂശലേമിൻ്റെ ഭരണകർത്താക്കളെ സൊദോം അധിപതികൾ എന്നു വിളിക്കുകയും ചെയ്യുന്നു. (യെശ, 1:8-10).

സെലൂക്യ

സെലൂക്യ (Seleucia)

പേരിനർത്ഥം — സെല്യൂക്കസിന്റെ പട്ടണം

ഓറന്റീസ് നദീ മുഖത്തിനു 8 കി.മീറ്റർ വടക്കും അന്ത്യാക്ക്യയ്ക്ക് 26 കി.മീറ്റർ അകലെയുമായി കിടക്കുന്നു. ബി.സി. 301-ൽ സെല്യൂക്കസ് നികടോർ ഈ പട്ടണം സ്ഥാപിച്ചു. ഒന്നാം മിഷണറിയാത്രയ്ക്കു പൗലൊസും ബർന്നബാസും കപ്പൽ കയറിയതു് ഇവിടെ നിന്നാണ്. (പ്രവൃ, 13:4). ആധുനിക നാമം എൽ-കലുസി (el-Kalusi).

സുറിയ

സുറിയ (Syria)

അസ്സീറിയയുടെ സംക്ഷിപ്തരൂപമാണ് സിറിയ. അരാമ്യർ പാർത്തിരുന്ന പ്രദേശത്തെയായിരുന്നു ഹെരോഡോട്ടസ് സുറിയ എന്നു വിളിച്ചത്. അലക്സാണ്ടറുടെ ആക്രമണശേഷമാണ് ഈ പേരിനു പ്രചാരം ലഭിച്ചത്. സുറിയയുടെ അതിരുകൾ ഒരിക്കലും സ്ഥിരിമായിരുന്നിട്ടില്ല. കിഴക്ക് യുഫ്രട്ടീസും അറേബ്യൻ മരുഭൂമിയും പടിഞ്ഞാറു മെഡിറ്ററേനിയൻ സമുദ്രവും വടക്ക് അമാനൂസ്, ടൗറസ് പർവ്വതനിരകളും, തെക്കു പലസ്തീനും ആണ് പ്രധാന അതിരുകൾ. ഏകദേശം മുപ്പതിനായിരം ചതുരശ്രമൈൽ വ്യാപ്തിയുണ്ട്. സുറിയയിലെ പ്രധാനപട്ടണങ്ങൾ ദമ്മേശെക്ക്, അന്ത്യൊക്ക്യ, ഹമ്മാത്ത്, ബിബ്ളൊസ് , അലെപ്പോ, പാമീറാ, കർക്കെമീശ് എന്നിവയാണ്. സുറിയയിലെ പ്രധാനനദികളാണ് അബാനയും പർപ്പറും. ഉത്തരഭാഗത്ത് യൂഫ്രട്ടീസ് നദിയുടെ പോഷക നദികൾ ഒഴുകുന്നു. പഴയനിയമത്തിൽ അരാം എന്ന പേരിലാണ് സുറിയ പറയപ്പെട്ടിരിക്കുന്നത്. അബ്രാഹാമിൻ്റെ ദാസനായ എല്യേസർ ദമ്മേശെക്കുകാരനായിരുന്നു. (ഉല്പ, 15:2). എലീശയുടെ അടുക്കൽവന്നു കുഷ്ഠരോഗത്തിൽ നിന്നു സൗഖ്യം പ്രാപിച്ച നയമാൻ അരാംരാജാവിൻ്റെ സേനാപതി ആയിരുന്നു. (2രാജാ, 5:1-14; ലൂക്കൊ, 4:27).

യേശു ജനിക്കുമ്പോൾ ദേശാധിപതിയായ കുറേന്യൊസ് ആണ് സുറിയ ഭരിച്ചിരുന്നത്. ഓറന്റീസ് നദീതീരത്തുള്ള അന്ത്യാക്യയായിരുന്നു ദേശാധിപതിയുടെ ആസ്ഥാനം. (ലൂക്കൊ, 2:1,2). റോമാസാമ്രാജ്യത്തിലെ വലിയ നഗരങ്ങളിൽ മൂന്നാമത്തേതായിരുന്നു അന്ത്യാക്ക്യ. യേശു തന്റെ ശുശ്രൂഷ പലസ്തീനിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എങ്കിലും അവന്റെ അത്ഭുതപ്രവൃത്തികളുടെ ശ്രുതി സുറിയ മുഴുവൻ പരന്നു. (മത്താ, 4:24). ആദിമസഭയുടെ ചരിത്രത്തിൽ സുറിയയ്ക്ക് പ്രധാന പങ്കുണ്ട്. ക്രിസ്തുവിന്റെ അനുയായികൾ ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടതു അന്ത്യാക്ക്യയിൽ വച്ചായിരുന്നു. (പ്രവൃ, 11:26). ദമസ്ക്കൊസിലേക്കു പോകുന്ന വഴിയിൽ വച്ചു പൌലൊസിന്റെ മാനസാന്തരം നടന്നു. (പ്രവൃ, 9:1-9). ജാതികളുടെ ഇടയിൽ സുവിശേഷ പ്രവർത്തനം നടത്തുന്നതിനു പൗലൊസിനെയും ബർന്നബാസിനെയും നിയോഗിച്ചത് അന്ത്യൊക്ക്യ സഭയായിരുന്നു. (പ്രവൃ, 13:1-3). കൗദ്യൊസ് ചക്രവർത്തിയുടെ വാഴ്ചക്കാലത്ത് ക്ഷാമം പൊട്ടി പുറപ്പെട്ടപ്പോൾ അന്ത്യാക്ക്യയിലും ചുറ്റുമുള്ള ക്രിസ്ത്യാനികൾ യെരുശലേമിലെ സഹോദരന്മാർക്കു സഹായം എത്തിച്ചു കൊടുത്തു. (പ്രവൃ, 11:27-30).

സുഖാർ

സുഖാർ (Sychar)

ശമര്യയിൽ ഏബാൽ മലയുടെ കിഴക്കെ ചരിവിലുള്ള ഒരു നഗരം. ‘യാക്കോബിന്റെ കിണറി’ൽ നിന്ന് ഏകദേശം ഒരു കി.മീറ്റർ അകലെയുള്ള അസ്ക്കാർ ഗ്രാമമാണ് പഴയ സുഖാർ. യേശു ശമരിയക്കാരി സ്ത്രീയുമായി സംവാദം നടത്തി സ്ഥലമാണ് യാക്കോബിന്റെ കിണർ. ആ സ്തീ സുഖാറിൽ നിന്ന് വെള്ളം കോരാൻ വന്നതാണ്. (യോഹ . 4:8). ഓൾ ബ്രൈറ്റിൻ്റെ അഭിപ്രായത്തിൽ പ്രാചീന ശെഖേം ആണ് സുഖാർ.

സുക്കോത്ത്

സുക്കോത്ത് (Succoth)

പേരിനർത്ഥം — കുടാരങ്ങൾ

ഗാദിലെ ഒരു പട്ടണം. സാരെഥാനു സമീപം യോർദ്ദാൻ താഴ്വരയിലാണ് സുക്കോത്ത്. (1രാജാ, 7:46). പദ്ദൻ-അരാമിൽ നിന്നും മടങ്ങിവന്ന യാക്കോബ് സുക്കോത്തിൽ തനിക്കു ഒരു വീടും കാലിക്കുട്ടത്തിനു തൊഴുത്തുകളും കെട്ടി. (ഉല്പ, 33:17). അതുകൊണ്ട് ആ സ്ഥലം സുക്കോത്ത് എന്നറിയപ്പെട്ടു. സീഹോന്റെ രാജ്യത്തിന്റെ ഭാഗമായിരുന്ന സുക്കോത്ത് ഗാദ്യർക്കു നല്കി. (യോശു, 13:27). ഗിദെയോൻ മിദ്യാന്യ രാജാക്കന്മാരായ സേബഹിനെയും സല്മുന്നയെയും പിന്തുടർന്നപ്പോൾ പട്ടിണികൊണ്ടു വലഞ്ഞ സൈന്യത്തിനു ഭക്ഷണം കൊടുക്കുവാൻ സുക്കോത്തിലുള്ളവരോട് ആവശ്യപ്പെട്ടു. സുക്കോത്തിലെ പ്രഭുക്കന്മാർ ധിക്കാരത്തോടെ മറുപടി പറഞ്ഞു. വിജയിയായി മടങ്ങി വന്ന ഗിദയോൻ അവരെ ശിക്ഷിച്ചു. (ന്യായാ, 8:5-16). സുക്കോത്തിന്നരികെവച്ചു ശലോമോൻ ദൈവാലയത്തിന് ആവശ്യമായ താമ്രോപകരണങ്ങൾ വാർപ്പിച്ചു. (1രാജാ, 7:46; 2ദിന, 4:17). നീതിമാന്മാരുടെ അവകാശമായി സുക്കോത്തിനെക്കുറിച്ചു രണ്ടു പ്രാവശ്യം സങ്കീർത്തനങ്ങളിൽ പറയുന്നു. (60:6; 108:7). 

റയംസേസിൽ നിന്നു പുറപ്പെട്ട യിസ്രായേൽ മക്കൾ ആദ്യം താവളമടിച്ച സ്ഥലത്തിനും സുക്കോത്ത് എന്നാണ് പേര്. (പുറ, 12:37; 13:20; സംഖ്യാ, 33:5).

സീയോൻ

സീയോൻ (Zion)  

യെരൂശലേമിൽ കിദ്രോൻ താഴ്വരയ്ക്കും ടൈറോപൊയിയൊൻ താഴ്വരയ്ക്കും ഇടയ്ക്കുള്ള പർവ്വതത്തിന്റെ തെക്കെ അറ്റമാണ് സീയോൻ. മോരിയാപർവ്വതം എന്നു വിളിക്കപ്പെടുന്ന വടക്കുകിഴക്കുള്ള കുന്നിൽ ദൈവാലയം പണിതതിനുശേഷം പ്രസ്തുത കുന്നിനെയും സീയോൻ എന്നു വിളിച്ചു. അനന്തരകാലത്തു യെരുശലേം നഗരം വളർന്നതോടു കൂടി സീയോൻ വിശുദ്ധനഗരത്തിന്റെ പര്യായമായി. (സങ്കീ, 126:1; യെശ, 1:26,27). ദാവീദ് യെരൂശലേം പിടിച്ചടക്കുന്നതിനുമുമ്പു യെബൂസ്യരുടേതായിരുന്നു സീയോൻ കോട്ട. (2ശമൂ, 5:7). ദാവീദ് ഇതിന് ‘ദാവീദിന്റെ നഗരം’ എന്നു പേരിട്ടു. (2ശമൂ, 5:9). അവിടെ അരമന പണിതു. (2ശമൂ, 5:11). യെബൂസ്യനായ അരവ്നയുടെ കളം വാങ്ങി ദാവീദ് ഒരു യാഗപീഠം പണിതു. (2ശമൂ, 24:18). ശലോമോൻ രാജാവ് ദൈവാലയം പണിതതും ഇവിടെത്തന്നേ. യേശുക്രിസ്തു രാജാവായി വാഴുന്ന സഹസാബ്ദയുഗത്തിൽ യെരുശലേം സീയോൻ എന്നറിയപ്പെടും. (യെശ, 1:27; 2:3; 4:1-6; യോവേ, 3:16; സെഖ, 1:16,17; 8:3-8). നിത്യനഗരമായ പുതിയ യെരുശലേമിനും സീയോൻ എന്ന പേരു പുതിയനിയമത്തിൽ കാണാം. (എബ്രാ, 12:22-24). അപ്പൊസ്തലനായ യോഹന്നാൻ കുഞ്ഞാടും അവനോടുകൂടെ 144000 പേരും സീയോൻ മലയിൽ നില്ക്കുന്നതായി ദർശനത്തിൽ കണ്ടു. (വെളി, 14:1).

സീനായി

സീനായി (Sinai)

അക്കാബാ ഉൾക്കടലിനും സൂയസിനും ഇടയ്ക്കു പാരാൻ മരുഭൂമിക്കു തെക്കായി കിടക്കുന്ന ഉപദ്വീപാണ് സീനായി. ത്രികോണാകൃതിയായ ഈ ഉപദ്വീപിനു 240 കി.മീറ്റർ വീതിയും 400 കി.മീറ്റർ നീളവുമുണ്ട്. ഈ പ്രദേശം മുഴുവൻ മരുഭൂമിയും മലമ്പ്രദേശവുമാണ്. മിസ്രയീമ്യർ ഇവിടെ വന്നു ഇന്ദ്രനീലക്കല്ല്, ഇരുമ്പ്, ചെമ്പ് മുതലായവ ഖനനം ചെയ്തിരുന്നു. മിസ്രയീമിൽ നിന്നും പുറപ്പെട്ട യിസ്രായേല്യർ മൂന്നാം മാസം സീനായിൽ എത്തി. (പുറ, 19:1).

സീനായി പർവ്വതം ബൈബിളിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. ഇതിന്റെ മറുപേരാണ് ഹോരേബ്. (പുറ, 3:2, 12; 19:1,2, 10,11). ചെങ്കടലിനു സമീപമായി സീനായി ഉപദ്വീപിന്റെ തെക്കുഭാഗത്തു മദ്ധ്യത്തായി ഒരു പർവ്വതമുണ്ട്. അതിനു 3 കി.മീറ്റർ നീളമുണ്ട്. അതിന്റെ രണ്ടു കൊടുമുടികളാണ് റാസ് എസ് സാഫ് സാഫും (1993 മീറ്റർ ഉയരം) ജെബൽ മൂസയും (2244 മീ). പാരമ്പര്യമനുസരിച്ച് പൊക്കം കൂടിയ തെക്കൻ കൊടുമുടിയായ ജെബൽ മൂസാ അഥവാ മോശയുടെ പർവ്വതം അണ് സീനായിപർവ്വതം. സീനായി പർവ്വതത്തിനടുത്തുവച്ചാണ് യഹോവ മോശയ്ക്കു പ്രത്യക്ഷപ്പെട്ടു മിസ്രയീമ്യ അടിമത്തത്തിൽ നിന്ന് യിസ്രായേല്യരെ വീണ്ടെടുക്കുവാൻ മോശയെ നിയോഗിച്ചത്. (പുറ, 3:1-10; അപ്പൊ, 7:30). പാറയെ അടിച്ചു മോശെ യിസ്രായേൽ മക്കൾക്കു ജലം നൽകിയതും, ന്യായപ്രമാണം മോശെയിലൂടെ ലഭിച്ചതും, അഹരോൻ പൊന്നുകൊണ്ടു കാളക്കുട്ടി നിർമ്മിച്ചതും സീനായിൽ വച്ചായിരുന്നു. ജെബൽ മൂസാ പർവ്വതത്തിന്റെ അടിവാരത്തിൽ വിശുദ്ധ കാതറൈൻ സന്യാസിമഠം സ്ഥിതിചെയ്യുന്നു. ബൈബിളിന്റെ പ്രാചീന കൈയെഴുത്തു പ്രതിയായ സീനായിഗന്ഥം ഈ സന്യാസിമഠത്തിൽ നിന്നാണ് ലഭിച്ചത്. സീനായി പർവ്വതത്തെക്കുറിച്ചുള്ള മൂന്നു പുതിയനിയമ സുചനകൾ. (പ്രവൃ, 7 : 30, 38; ഗലാ, 4:21-31; എബ്രാ, 12:19-22).