ദൈവപുത്രൻ ദൈവപിതാവിനു് തുല്യനോ❓

ദൈവം സമനിത്യരായ മൂന്നു് വ്യക്തികളാണെന്നു് ട്രിനിറ്റി വിശ്വസിക്കുന്നു. തന്മൂലം, ദൈവപുത്രൻ പിതാവിനു് തുല്യനാണെന്നു് അവർ പഠിപ്പിക്കുന്നു. എന്നാൽ, ബൈബിൾ എന്തു് പറയുന്നു എന്നാണു് നാം പരിശോധിക്കുന്നതു്. ദൈവം ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏകസത്യദൈവം, പിതാവായ ഏകദൈവം എന്നല്ലാതെ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ ഒരിടത്തും പറഞ്ഞിട്ടില്ല. ഇനി, ദൈവപുത്രൻ പിതാവിനു് തുല്യനാണെന്നു് ബൈബിൾ പറയുന്നുണ്ടോ? പുത്രൻ സത്യദൈവത്തിൽനിന്നു് ജനിച്ച സത്യദൈവം ആണെന്നു് ത്രിത്വവിശ്വാസത്തിൻ്റെ അമ്മയായ നിഖ്യാ വിശ്വാസപ്രമാണം പഠിപ്പിക്കുന്നു. ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ഒരു പുറപ്പെട്ട സത്യദൈവം. ഇതുവല്ലതും ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? നമുക്കു് ദൈവപുത്രൻ സത്യദൈവം ആണോ, പിതാവിനു് തുല്യനാണോ എന്നതു് ബൈബിളിൽ പരിശോധിക്കാം:

1. ദൈവപുത്രൻ്റെ പിതാവു് യഹോവയല്ല എന്നൊരു പുതിയ ദുരുപദേശംകൂടി സഭയിൽ കടന്നുകൂടിയിട്ടുണ്ടു്. അതുതന്നെ, നമുക്കു് ആദ്യം നോക്കാം. ഫിലിപ്പിന്റെ കൈസര്യയിൽവെച്ച്, “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു് ക്രിസ്തു ശിഷ്യന്മാരോടു് ചോദിച്ചപ്പോൾ, നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നാണു് പത്രൊസ് ഉത്തരം പറഞ്ഞതു്. ബർയോനാ ശിമോനേ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ എന്റെ പിതാവത്രേ നിനക്കു് ഇതു് വെളിപ്പെടുത്തിയതു് എന്നായിരുന്നു ക്രിസ്തുവിൻ്റെ മറുപടി. (മത്താ, 16:15-17). ഈ വേദഭാഗത്തുനിന്നു് രണ്ടു് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാം. ഒന്നാമത്തേതു്, ദൈവപുത്രനായക്രിസ്തു ജീവനുള്ള ദൈവമല്ല; ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്നു് പത്രൊസിൻ്റെ വാക്കിനാൽ വ്യക്തമാണു്. രണ്ടാമത്തേതു്, ജീവനുള്ള ദൈവംസ്വർഗ്ഗസ്ഥനായ പിതാവാണെന്നു് ക്രിസ്തുവിൻ്റെ വാക്കിനാലും മനസ്സിലാക്കാം. ഇനി, ജീവനുള്ള ദൈവവും സ്വർഗ്ഗസ്ഥനായ പിതാവും ആരാണെന്നു് നോക്കാം: ”യഹോവയോ സത്യദൈവം; അവൻ  ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10. ഒ.നോ: 2രാജാ, 19:4; യെശ, 37:17). അപ്പോൾ, ജീവനുള്ള ദൈവം യഹോവയാണെന്നു് നാം കണ്ടു. ഇനി, സ്വർഗ്ഗസ്ഥനായ പിതാവിനെ അറിയാം: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ.” (2ദിന, 20:6. ഒ.നോ: സങ്കീ, 136:26; വിലാ, 3:1). സ്വർഗ്ഗസ്ഥനായ ദൈവവും യഹോവയാണെന്നു് വ്യക്തമാണല്ലോ. തന്മൂലം, ദൈവപുത്രനായ ക്രിസ്തുവിൻ്റെ പിതാവു് ജീവനുള്ള ദൈവവും പിതാവുമായ യഹോവയാണെന്നു് സ്ഫടികസ്ഫുടം വ്യക്തമാകുന്നു. അടുത്ത തെളിവു്: ക്രിസ്തു യെഹൂദന്മാരോടു് ഇപ്രകാരം പറഞ്ഞു: “ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു് എന്റെ പിതാവു് ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു് നിങ്ങള്‍ പറയുന്നു.” (യോഹ, 8:53). യിസ്രായേലിൻ്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. “യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.” (സങ്കീ, 41:13. ഒ.നോ: പുറ, 5:1; 32:37; യോശു, 7:13). അതായതു്, യിസ്രായേലിൻ്റെ ദൈവമായ യഹോവയാണു് തൻ്റെ പിതാവെന്നാണു് ദൈവപുത്രൻ പറഞ്ഞത്. തന്മൂലം, യഹോവയാണു് ദൈവപുത്രൻ്റെ പിതാവെന്നു് അസന്ദിഗ്ധമായി മനസ്സിലാക്കാം.  അടുത്ത തെളിവു്: യേശു അവളോട്: “എന്നെ തൊടരുതു്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്ന് അവരോട് പറക” എന്നു് പറഞ്ഞു.” (യോഹ, 20:17). ഇതു്, യെഹൂദന്മാരായ തൻ്റെ ശിഷ്യന്മാരോടു് പറയാൻ, ദൈവപുത്രൻ മഗ്ദലക്കാരത്തിയോടു് കല്പിച്ചതാണു്. എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നാണു് പറഞ്ഞതു്. യെഹൂദന്മാരുടെ പിതാവും ദൈവവും തൻ്റെ പിതാവും ദൈവവും ഒന്നാണെന്നു് ക്രിസ്തുവിൻ്റെ വാക്കിനാൽ വ്യക്തമാണല്ലോ. ബൈബിളിൽ പല പിതാക്കന്മാരില്ല; ഒരു പിതാവേയുള്ളു. അതാണു്, സകലത്തിൻ്റെയും സ്രഷ്ടാവും ദൈവവും പിതാവുമായ യഹോവ: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവ്, ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു, ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ.”:(യെശ, 64:8). അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: ഉല്പ, 2:7; യെശ, 44:24; 63:16; യോഹ, 8:41; 17:3; 17:1; 1കൊരി, 8:5-6; എഫെ, 4:6). തന്മൂലം, ദൈവപുത്രൻ്റെ പിതാവാണു് യഹോവ എന്നു് സംശയലേശമന്യേ മനസ്സിലാക്കാം. സ്വർഗ്ഗസ്ഥനായ പിതാവു്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു് എന്നിങ്ങനെ ദൈവപത്രൻ ആവർത്തിച്ചു പറയുന്നതു് കാണാം. ഉദാ: (മത്താ, 7:21; ലൂക്കൊ, 11:13). പിതാവെന്ന പദത്തിനു് ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിനു് മീതെ ഒരു് പിതാവു് ഉണ്ടാകുക സാദ്ധ്യമല്ല. തന്നെയുമല്ല, സ്വർഗ്ഗസ്ഥനായ പുത്രനെന്ന ഒരു പ്രയോഗം ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും ദൈവപുത്രനും ദൈവപിതാവും തുല്യരല്ലെന്നും വ്യക്തമായി മനസ്സിലാക്കാം.

2. “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുതു് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). തനിക്കു് സമനായും സദൃശനായും ആരുമില്ലെന്നും യഹോവ പറയുന്നു. (യെശ, 40:25; 46:5; യിരെ, 49:19). താൻ ഒരുത്തൻ മാത്രമാണു് സ്രഷ്ടാവെന്നും യഹോവ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ടു്. (യെശ, 44:24). പിതാവായ യഹോവ, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകുതു് എന്ന അലംഘനീയമായ ഒന്നാം കല്പന 15 പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ടു്. ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്നു് വളരെ വ്യക്തമായി ബൈബിളിൽനിന്നു് മനസ്സിലാക്കാം. അതിൻ്റെ തെളിവാണു്, രണ്ടാം കല്പന ലംഘിക്കുന്നവർ, ദൈവരാജ്യം അവകാശമാക്കില്ലെന്നു് ആവർത്തിച്ചു് പറഞ്ഞിരിക്കുന്നതു്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). ദൈവം മൂന്നുപേരാണെങ്കിലോ, ദൈവപുത്രൻ സത്യദൈവവും യഹോവയ്ക്കു് തുല്യനും ആണെങ്കിലോ, താൻ ഒരുത്തൻ മാത്രമാണു് ദൈവമെന്നും തനിക്കു് സമനായും സദൃശനായും മറ്റൊരുത്തനുമില്ലെന്നും താൻ ഒരുത്തൻ മാത്രമാണു് സ്രഷ്ടാവെന്നും യഹോവ പറയുമായിരുന്നില്ല. ദൈവപുത്രൻ സത്യദൈവമാണെന്നും പിതാവിനു് തുല്യനാണെന്നും പറയുന്നവർ, ഭോഷ്ക്കില്ലാത്ത ദൈവത്തെ ഭോഷ്ക്കു് പറയുന്നവൻ ആക്കുകയാണു്. (തീത്തൊ, 1:2). തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പുത്രനും പിതാവും തുല്യരല്ലെന്നും അസന്ദിഗ്ധമായി തെളിയുന്നു.

3. ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല, യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല, യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല. (പുറ, 8:10; ആവ, 4:35; 33:26). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). ഇതൊക്കെ പറയുന്നതു്, ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും തൻ്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനെന്നു് ദൈവം സാക്ഷ്യം പറഞ്ഞവനും പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനുമായ മോശയാണു്. ദൈവം മൂന്നുപേരാണെങ്കിലോ, ദൈവപുത്രൻ സത്യദൈവവും യഹോവയ്ക്കു് തുല്യനും ആണെങ്കിലോ, യഹോവ ഒരുത്തൻ മാത്രമാണു് ദൈവമെന്നും അവനെപ്പോലെ മറ്റൊരുത്തനും ഇല്ലന്നും യഹോവയായ ദൈവമല്ലാതെ, മറ്റൊരുത്തനും സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നും മോശെ പറയുമായിരുന്നില്ല. ദൈവപുത്രൻ സത്യദൈവമാണെന്നും പിതാവിനു് തുല്യനാണെന്നും പറയുന്നവർ, ദൈവപുരുഷനായ മോശെയെ കള്ളനാക്കുകയാണു്. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും സംശയലേശമെന്യ മനസ്സിലാക്കാം.

4. ദൈവപുരുഷനായ മോശെയും മോശെയുടെ ദൈവമായ യഹോവയും ദൈവപുത്രനെക്കുറിച്ചു് പറഞ്ഞ ശ്രദ്ധേയമായ മറ്റൊന്നു് കാണിക്കാം: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15). ഇതു്, ദൈവപുത്രനെക്കുറിച്ചു് യിസ്രായേൽ ജനത്തോടു് മോശെ പറഞ്ഞതാണു്. അടുത്തവാക്യം: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു് കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” (ആവ, 18:18). ഇതു്, പിതാവായ യഹോവ ദൈവപുത്രനെക്കുറിച്ചു് പറയുന്നതാണു്. ദൈവം മൂന്നുപേരാണെങ്കിലോ, ദൈവപുത്രൻ സത്യദൈവവും പിതാവിനോടു് തുല്യനും ആണെങ്കിലോ, അവൻ മോശെയപ്പോലൊരു പ്രവാചകൻ ആണെന്നു് യഹോവയായ ദൈവം പറയുമായിരുന്നില്ല. ദൈവപുത്രൻ തന്നെപ്പോലൊരു പ്രവാചകനാണെന്നു് പറയാൻ മനുഷ്യനായ മോശെ ധൈര്യപ്പെടുമായിരുന്നില്ല. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

5. നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു. (യോശു, 2:11), യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല. (1ശമൂ, 2:2). യഹോവയെപ്പോലെ ഒരുത്തനുമില്ല. (2ശമൂ, 7:22). യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു? (2ശമൂ, 22:32). യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല. (1രാജാ, 8:23). യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിനു്. (1രാജാ, 8:59). യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല. (1ദിന, 17:20). നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. (2ദിന, 6:14). യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10). നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5). നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു? (സങ്കീ, 77:13). നിന്നെപ്പോലെ ബലവാൻ ആരുള്ളു? (സങ്കീ, 89:8). യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല. (യിരേ, 10:6). ഇതെല്ലാം, പഴയനിയമത്തിലെ മറ്റു് ഭക്തന്മാരുടെ വാക്കുകളാണു്. ദൈവം മൂന്നുപേരാണെങ്കിലോ, ദൈവപുത്രൻ സത്യദൈവവും പിതാവിനോടു് തുല്യനും ആണെങ്കിലോ, യഹോവയെപ്പോലെ മറ്റൊരുത്തനുമില്ല, യഹോവയെപ്പോലെ പരിശുദ്ധനില്ല, യഹോവയെപ്പോലെ ബലവാൻ ആരുമില്ല, യഹോയ്ക്കു് തുല്യനാരുമില്ല, യഹോവയ്ക്കു് സദൃശനാരുമില്ല, യഹോവയെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റൊരുത്തനുമില്ല എന്നൊക്കെ, പഴയനിയമഭക്തന്മാർ പറയുമായിരുന്നില്ല. ദൈവം മൂന്നുപേർ ആണെങ്കിൽ, പഴയനിയമഭക്തന്മാരെ അങ്ങനെ പറയാൻ ദൈവം അനുവദിക്കുമായിരുന്നില്ല. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും വ്യക്തമായി മനസ്സിലാക്കാം.

6. ഒന്നിനെ കുറിക്കുന്ന എഹാദു് എന്ന എബ്രായ പദത്തിനും ഹെയ്സ് എന്ന ഗ്രീക്കുപദത്തിനും ബഹുത്വമുണ്ടെന്നു് വ്യാജമായി പഠിപ്പിക്കുന്നവരാണ് ട്രിനിറ്റി പണ്ഡിതന്മാർ. എന്നാൽ, മുകളിൽപ്പറഞ്ഞ തെളിവുകളിൽ എഹാദു് എന്ന എബ്രായ പദമുള്ള ഒരു വാക്യംപോലും ഉപയോഗിച്ചിട്ടില്ല. തന്നെയുമല്ല, ശ്രദ്ധേയമായ മറ്റൊരു കാര്യംകാണിക്കാം: പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു് പരിഭാഷ ചെയ്തിരിക്കുന്ന ബാദു്, ബദാദു് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിനു് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ, 20 പ്രാവശ്യവും മോണോസ് ആണ് കാണുന്നത്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; 86:10; യെശ, 37:16,20; 44:24). ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹീദിനു് തുല്യമായ പദമാണു് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണു് സെപ്റ്റ്വജിൻ്റു്. ആ പരിഭാഷയിലാണു്, ദൈവം ഒരുത്തൻ മാത്രമാണെന്നു് മോണോസ് ഉപയോഗിച്ചു് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നതു്. പുതിയനിയമത്തിലും ദൈവത്തോടു് ചേർത്തു് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ടു്. ദൈവം ഒരുത്തൻ മാത്രമാണെന്നു് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണു്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായതു്, ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിനു് (yahid) തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടു്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന ബൈബിളിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ടു് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ടു്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, ഒരു പുത്രദൈവത്തെയോ, പിതാവിനോടു് തുല്യനായവനെയോ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല.

7. ദൈവപുത്രൻ ദൈവത്തെക്കുറിച്ചും തന്നെക്കുറിച്ചും എന്തു് പറയുന്നുവെന്നു് നോക്കാം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം, ഗ്രീക്കിൽ മോണോ തിയോ (monou theou) ആണു്. ഇംഗ്ലീഷിൽ The ony God ആണു്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിനു് (yahid) തുല്യമായ പദമാണു് ഗ്രീക്കിലെ മോണോസ്. ആ പദം കൊണ്ടാണു് ദൈവം ഒരുത്തൻ മാത്രമാണെന്നു് ക്രിസ്തു പറയുന്നതു്. ഇവിടെപ്പറയുന്ന, ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല പറയുന്നതു്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോടു്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണു് പറയുന്നതു്. ദൈവം മൂന്നുപേരാണെങ്കിലോ, താൻ സത്യദൈവവും പിതാവിനോടു് തുല്യനും ആണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്നു് ദൈവപുത്രൻ പറയുമായിരുന്നില്ല. അതായതു്, ദൈവം ത്രിത്വമാണെന്നോ, ഐക്യത്തിൽ ഒന്നാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ, ക്രിസ്തു നുണയനും വഞ്ചകനും ആണെന്നു് സ്ഥാപിക്കാനാണു് ശ്രമിക്കുന്നതു്. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും വളരെ വ്യക്തമായി മനസ്സിലാക്കാം.

8. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു് തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവു് ഗ്രീക്കിൽ, പാറ്റീർ ടോൺ മോണോൻ അല്തിനോൻ തിയോൻ (Patir ton monon alithinon theon) ആണു്. ഇംഗ്ലീഷിൽ, Father. the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; ഒരേയൊരു സത്യദൈവം പിതാവാണു് അഥവാ, പിതാവു് മാത്രമാണ് സത്യദൈവം എന്നാണു് അർത്ഥം. ഒരേയൊരു സത്യദൈവം പിതാവാണെന്നു് ദൈവപുത്രൻതന്നെ പറയുമ്പോൾ മറ്റൊരു സത്യദൈവം ഉണ്ടാകുക സദ്ധ്യമല്ല. ഇവിടെയും സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ടു്, പിതാവു് മാത്രമാണു് സത്യദൈവം എന്നു് ദൈവപുത്രൻ ഖണ്ഡിതമായിട്ടാണു് പറയുന്നതു്. പിതാവു് സത്യദൈവമാണെന്നു് പറഞ്ഞാൽ; ഭാഷപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവു് മാത്രമാണു് സത്യദൈവമെന്നു് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണു്, ഭാഷയുടെ നിയമം. അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്നു് പറഞ്ഞാൽ; പുത്രൻ പറഞ്ഞതു് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലാത്ത പുത്രൻ വ്യാജംപറഞ്ഞു എന്നു് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണു് നല്ലതു്. അതായതു്, പിതാവു് മാത്രമാണു് സത്യദൈവം എന്നു് പറയുകവഴി, താൻ സത്യദൈവം അല്ലെന്നു് ഖണ്ഡിതമായിട്ടാണു് ദൈവപുത്രൻ പറയുന്നതു്. പിന്നെയും ദൈവപുത്രനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ടു് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണു്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമാണു്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ ദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണു് ചെയ്യുന്നതു്. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും സ്ഫടിസ്ഫുടം വ്യക്തമാണു്.

9. “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു് പറഞ്ഞു.” (മത്താ, 4:10. ഒ.നോ: ലൂക്കൊ, 4:8). തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ദൈവപുത്രൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണു് ഈ വാക്യത്തിലുള്ളതു്. ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്നു് മനസ്സിലാക്കാം: ഒന്നാമതു്, ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്നു് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണു് സാത്താൻ. ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടു് ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്നു് നില്ക്കയില്ലായിരുന്നു. ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ലെന്നതാണു് യഥാർത്ഥ വസ്തുത. രണ്ടാമതു്, ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ടു്, “നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു് അവനെ മാത്രമേ ആരാധിക്കാവൂ” എന്നാണു് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞതു്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, അവനെ മാത്രം അഥവാ, യഹോവയെ മാത്രം ആരാധിക്കണം എന്നു് ഖണ്ഡിതമായിട്ടാണു് പറഞ്ഞതു്. അതായതൂ്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോടു്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നാണ് പറഞ്ഞതു്. യഹോവയായ തൻ്റെ പിതാവിനെ മാത്രം ആരാധിക്കണമെന്നു് പ്രഥമപുരുഷനിൽ ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്നു് പറഞ്ഞാൽ; അവൻ വലിയ വഞ്ചകനാണെന്നേ വരൂ. മൂന്നാമതു്, ഈ വാക്യത്തിൽ, ദൈവത്തെ ആരാധിക്കണം എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞതു്. അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിനു് തടസ്സമൊന്നുമില്ല. എന്നാൽ, അങ്ങനെയല്ല പറഞ്ഞിരിക്കുന്നതു്. അവനെ മാത്രം ആരാധിക്കണം എന്നാണു് പറഞ്ഞതു്. അതായതു്, ഒറ്റയെ കുറിക്കുന്ന മോണോസ് (monos) കൊണ്ടു്, അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം എന്നു് ഖണ്ഡിതമായിട്ടാണു് പറഞ്ഞതു്. ഇംഗ്ലീഷിൽ worship Him only എന്നാണു്. അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അതു് കാണാം. ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്കു് മാറ്റമുണ്ടാകില്ല; ഉണ്ടാകാൻ പാടില്ല. തന്മൂലം, താൻ ആരാധനയ്ക്കു് യോഗ്യനായ ദൈവമല്ലെന്നു് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും അസന്ദിഗ്ധമായി തെളിയുന്നു.

10. “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്താ, 24:36). ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്ത കഷ്ടം അഥവാ, മഹാപീഢനത്തെക്കുറിച്ചു് പറഞ്ഞുവന്നിട്ടാണു്, ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ പുത്രനും കൂടി അറിയുന്നില്ല എന്ന് പറഞ്ഞതു്. ഗ്രീക്കിലും ഇംഗ്ലീഷിലും ചില പരിഭാഷകളിൽ പുത്രൻ എന്ന പ്രയോഗം കാണുന്നില്ല. KJV-ടെ മലയാളം പരിഭാഷയായ ബെഞ്ചമിൽ ബെയിലിയിൽ ഇപ്രകാരമാണു്: “എന്നാൽ ആ നാളിനെയും നാഴികയെയും കുറിച്ചു്, എൻ്റെ പിതാവ് മാത്രമല്ലാതെ; ഒരുത്തനും അറിയില്ല, സ്വർഗ്ഗത്തിലുള്ള ദൈവദൂതന്മാരും അറിയുന്നില്ല” എന്നാണു്. ഈ വേദഭാഗത്തു് പിതാവ് മാത്രം എന്നതു്, ഗ്രീക്കിൽ പാറ്റിർ മോവു മോണോസ്  (patir mou monos) ആണു്. ഇംഗ്ലീഷിൽ My Father only ആണു്. ഈ വാക്യത്തിലും ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് ആണു് ഉപയോഗിച്ചിരിക്കുന്നതു്. അതായതു്, പിതാവിനു് അറിയാം എന്നാണു് പറയുന്നതെങ്കിൽ, ഭാഷാപരമായി പുത്രനും ദൂതന്മാർക്കും കൂടെ അറിയുന്നതിൽ തടസ്സമൊന്നുമില്ല. എന്നാൽ, പിതാവിനു് മാത്രമാണു് അറിയുന്നതെന്നു് പറഞ്ഞാൽ; പുത്രനും ദൂതന്മാർക്കും മാത്രമല്ല, ലോകത്തിൽ മറ്റാർക്കും അറിയില്ലെന്നാണു് അർത്ഥം. തന്നെയുമല്ല, പിതാവിനു് മാത്രമല്ലാതെ, മറ്റാർക്കും അറിയില്ലെന്നു് എടുത്തുപറകയും ചെയ്തിട്ടുണ്ടു്. പിതാവു് മാത്രമല്ലാതെ മറ്റൊരുത്തനും അറിയുന്നില്ലെന്നു് പറകയുകവഴി, താൻ സർവ്വജ്ഞാനിയായ ദൈവമല്ലെന്നു് പുത്രൻ തന്നെ ഖണ്ഡിതമായിട്ടാണു് പറയുന്നതു്. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും സംശയലേശമെന്യ മനസ്സിലാക്കാം.

11. “പിതാവു് ചെയ്തു കാണുന്നതല്ലാതെ പുത്രനു് സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല.” (യോഹ, 5:19). “എനിക്കു് സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല.’ (5:30). “പിതാവു് എനിക്കു് ഉപദേശിച്ചുതന്നതു പോലെ ഇതു് സംസാരിക്കുന്നു.” (8:28). എന്റെ “പിതാവു് എല്ലാവരിലും വലിയവൻ.” (10:29). “ഞാൻ ഇന്നതു് സംസാരിക്കേണം എന്നു് കല്പന തന്നിരിക്കുന്നു.” (12:49). പിതാവു് എന്നെക്കാൾ വലിയവനല്ലോ. (14:28). ഇതെല്ലാം ദൈവപുത്രൻ്റെ വാക്കുകളാണു്. ഇതുപോലെ, അനേകം വാക്യങ്ങൾ ബൈബിളിലുണ്ടു്. എനിക്കു് സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല, പിതാവു് എല്ലാവരിലും വലിയവൻ, പിതാവു് എന്നെക്കാൾ വലിയവൻ എന്നൊക്കെ പറയുന്ന ദൈവപുത്രൻ, പിതാവിനു് തുല്യനാണെന്നു് പറയുന്നവർ, ക്രിസ്തുവിൻ്റെ അനുയായികളല്ല; അവൻ്റെ എതിരാളികളാണു്. അടുത്തവാക്യം: “യേശു അവളോടു്: എന്നെ തൊടരുതു്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു് അവരോടു പറക എന്നു പറഞ്ഞു. (യോഹ, 20:17). ഈ വേദഭാഗത്തു്, പിതാവിനെ, എൻ്റെ ദൈവം എന്നാണു് ദൈവപുത്രൻ സംബോധന ചെയ്യുന്നതു്. ഇതുപോലെ, വേറെയും വാക്യങ്ങളുണ്ടു്. (മത്താ, 27:46; മർക്കൊ, 15:34). ദൈവം അഥവാ, തിയോസ് (theos) എന്ന പദത്തിനു് ഉന്നതൻ, ബലവാൻ, ശക്തൻ, പരമോന്നതൻ, സ്രഷ്ടാവു് എന്നിങ്ങനെ ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു് മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഒരു ദൈവമുള്ള ദൈവം, മനുഷ്യദൈവങ്ങളെക്കാൾ ഒട്ടും വിശേഷതയുള്ളവൻ ആകില്ല. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും അർത്ഥശങ്കയ്ക്കു് ഇടയില്ലാതെ മനസ്സിലാക്കാം. ദൈവപുത്രൻതന്നെ, താൻ ദൈവമല്ലെന്നു് ആവർത്തിച്ചു് പറഞ്ഞിട്ടും, ഒന്നാം കല്പനയെ ലംഘിപ്പിക്കാനും ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കി നരകത്തിലേക്കു് പോകാനും വിശ്വാസികൾക്കു് ഇത്രയ്ക്കു് നിർബന്ധം എന്താണെന്നു് മനസ്സിലാകുന്നില്ല.

12. ദൈവപുത്രൻ സൃഷ്ടാവായ ദൈവമാണെന്നു് അനേകരും വിശ്വസിക്കുന്നു. തന്മൂലം, ആദാമിനെ സൃഷ്ടിച്ചപ്പോൾ ദൈവപുത്രൻ കൂടെയുണ്ടായിരുന്നു എന്നാണു് അവർ വിചാരിക്കുന്നതു്. എന്നാൽ, സൃഷ്ടിയിൽ തനിക്കു് യാതൊരു പങ്കുമില്ലെന്നു് ക്രിസ്തുതന്നെ വ്യക്തമാക്കിയിട്ടുണ്ടു്. ഭാര്യയെ ഉപേക്ഷിക്കുന്നതു് വിഹിതമോ, എന്നു് ചോദിച്ച പരീശന്മാരോടു് അവൻ പറയുന്നതു് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞതു്, സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണു്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു് പേർ ചേർന്നു് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണു് ഉണ്ടാക്കിയതു്. എന്നാൽ, ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണു്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണു് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞതു്. സൃഷ്ടികളായ രണ്ടു് പേരെച്ചേർത്തു് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവു് ഒന്നിലധികം പേർ അഥവാ, മൂന്നുപേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ടു് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവു് ഒരുത്തൻ മാത്രമാണു്. (നെഹെ, 9:6; യെശ, 44:24). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണു് ക്രിസ്തു ഉപയോഗിച്ചതു്. അതായതു്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോടു്, ഏകദൈവമായ യഹോവയെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ടു്, തനിക്കു് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്നു് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, സൃഷ്ടിയിൽ തനിക്കു് പങ്കുണ്ടായിരുന്നെങ്കിലോ സൃഷ്ടിച്ച അവൻ (he wich made) എന്നു് പറയാതെ, സൃഷ്ടിച്ച ഞങ്ങൾ (we which made) എന്നു് പറയുമായിരുന്നു. അതാണു്, ഭാഷയുടെ നിയമം. വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടും ദൈവപുത്രനെ കള്ളനാക്കിക്കൊണ്ടും അല്ലാതെ, ഒരു ത്രിമൂർത്തി ദൈവം ബൈബിളിൽ ഉണ്ടെന്നു് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും പറയാൻപോലും കഴിയില്ല. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും ഭാഷയുടെ വ്യാകരണം അല്പമെങ്കിലും അറിയാവുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളു. താൻ ദൈവമല്ലെന്നും ദൈവത്തിനു് തുല്യനല്ലെന്നും ദൈവപുത്രൻതന്നെ പറയുന്ന വേറെയും പല തെളിവുകൾ ബൈബിളിലുണ്ട്. വിസ്തരഭയത്താൽ അടുത്തഭാഗത്തേക്കു് കടക്കുകയാണു്.

13. “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനു തന്നേ, സർവ്വകാലത്തിനുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (mono theo) ആണ്. ഇംഗ്ലീഷിൽ, the only God ആണു്. ഇതുപോലെ, അപ്പൊസ്തലന്മാർ പറയുന്ന എട്ടു് വാക്യങ്ങളുണ്ടു്: ദൈവം ഒരുവൻ അഥവാ, മോണോസ് ഒ തിയൊസ് (monos o theos – ലൂക്കോ, 5:21), ഏകജ്ഞാനിയായ ദൈവം അഥവാ, മോണോ സോഫൊ തിയോ (mono sofo theo – റോമ, 16:26; 1തിമൊ, 1:17), ഏകാധിപതി അഥവാ, മോണോസ് ഡൈനാസ്റ്റിസ് (monos dynastis – 1തിമൊ, 6:15), താൻ മാത്രം അമർത്യതയുള്ളവൻ അഥവാ, മോണോസ് എകോൻ അത്താനാസിയൻ (monon echon athanasian – 1തിമൊ, 6:16), ഏകകർത്താവായ ദൈവം അഥവാ, ടോൺ മോണോൻ ഡെസ്പോറ്റിൻ തിയോൻ (ton monon despotin theon – യുദാ, 1:4), ഏകപരിശുദ്ധൻ അഥവാ, മോണോസ് ഓസിയൊസ് (monos osios – വെളി, 15:4). ഈ വേദഭാഗങ്ങളിൽ, ഒന്നിനെ കുറിക്കുന്ന ഹെയ്സ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഹീദിനു് തുല്യമായ മോണൊസ് ആണു് ഉപയോഗിച്ചിരിക്കുന്നതു്. ദൈവം ത്രിത്വമല്ലെന്നും അഥവാ, ദൈവത്തിൽ പല വ്യക്തികളില്ലെന്നും ദൈവപുത്രൻ ദൈവമല്ലെന്നും അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടമായാണു് വ്യക്തമാക്കിയിരിക്കുന്നതു്. അപ്പൊസ്തലന്മാരോടു് ക്രിസ്തു ഇപ്രകാരം പറയുകയുണ്ടായി: “നിങ്ങളുടെ വാക്കു് കേൾക്കുന്നവൻ എന്റെ വാക്കു് കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കൊ, 10:16). അതായതു്, അപ്പൊസ്തലന്മാരുടെ വാക്കു് വിശ്വസിക്കാതെ അവരെ തള്ളുന്നവർ, പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുന്നവരാണു്. ഇതൊന്നും ആരുടെയും വ്യാഖ്യാനങ്ങളല്ല; മുഖാമുഖമായി എഴുതിവെച്ചിരിക്കുന്ന സത്യങ്ങളാണു്. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നതും ഏറ്റവും വിശ്വാസയോഗ്യമായ സത്യമാണു്. ക്രിസ്തുവിൻ്റെയും അപ്പൊസ്തലന്മാരുടെയും വാക്കുകൾ വിശ്വസിക്കാതെ, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളുടെ ഉപദേശം വിശ്വസിക്കുന്നവരാണു് പിതാവിനെയും പുത്രനെയും തള്ളിയവർ.

14. “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്ക് ഉണ്ടു്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു് പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവു് മാത്രമാണു്. ദൈവം തിരഞ്ഞടുത്ത അപ്പൊസ്തലനാണു് പറയുന്നതു്; പിതാവായ ഏകദൈവമേ നമുക്കുള്ളു. പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു് പറഞ്ഞാൽ; മറ്റൊരു ദൈവമോ, ദൈവവ്യക്തിയോ സ്വർഗ്ഗത്തിലും ഭൂമിയിലും ഉണ്ടാകുക സാദ്ധ്യമല്ല. അടുത്തഭാഗത്തു് പറയുന്നതു്, യേശുക്രിസ്തു എന്ന ദൈവം ഉണ്ടെന്നല്ല; ഏക കർത്താവുണ്ടെന്നാണു്. ഇവിടെപ്പറയുന്ന, യേശുക്രിസ്തുവും ദൈവം ആണെങ്കിൽ, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന മറ്റൊരു ദൈവവും ഉണ്ടെന്നു് പറയുമായിരുന്നു. അതാണു്, ഭാഷയുടെ നിയമം. യേശുക്രിസ്തുവെന്ന ഏകകർത്താവു് ആരാണെന്നു് താഴെ വ്യക്തമാക്കുന്നതാണു്. ദൈവവും പിതാവുമായവൻ ഒരുവനാണെന്നും പൗലൊസ് വ്യക്തമായി പറഞ്ഞിട്ടുണ്ടു്. (എഫെ, 4:6). ദൈവം ത്രിത്വമാണെങ്കിലോ, ദൈവപുത്രൻ ദൈവമാണെങ്കിലോ പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു് അപ്പസ്തലന്മാർ ഒരിക്കലും പറയുമായിരുന്നില്ല. അതായതു്, അപ്പൊസ്തലന്മാരെയും കള്ളന്മാരാക്കുന്ന ഉപദേശമാണു് ട്രിനിറ്റി. തന്മൂലം, ദൈവപുത്രൻ സത്യദൈവം അല്ലെന്നും പിതാവിനു് തുല്യനല്ലെന്നും അവിതർക്കമായ സത്യമാണു്. ഈ വേദഭാഗത്തോടുള്ള ബന്ധത്തിൽ, മറ്റൊരു ശ്രദ്ധേയമായ കാര്യം കാണിക്കാം. ഇവിടെ, പിതാവായ ഏക ദൈവമേ നമുക്കുള്ളെന്നും, മറ്റൊരിടത്തു്, ദൈവവും പിതാവുമായവൻ ഒരുവനെന്നും പറഞ്ഞിട്ടുണ്ടു്. (1കൊരി, 8:6; എഫെ, 4:6). പഴയനിമത്തിൽ, നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചതു്” എന്നും പറഞ്ഞിട്ടുണ്ടു്. (മലാഖി 2:10). ഒന്നിനെക്കുറിക്കുന്ന എഹാദു് എന്ന എബ്രായ പദത്തിനും ഹെയ്സ് എന്ന ഗ്രീക്കുപദത്തിനും ബഹുത്വമുണ്ടു് അഥവാ, സംയുക്ത ബഹുത്വം (compound plurality) ആണെന്നു് ട്രിനിറ്റി പണ്ഡിതന്മാർ പറയുന്നു. ഈ വേദഭാഗങ്ങളിൽ പിതാവിനു് ബഹുത്വമുണ്ടെന്നു് പറഞ്ഞാൽ, അതിൻ്റെ അർത്ഥമെന്താണെന്നു് അറിയാമോ? പച്ചയ്ക്കു് പറഞ്ഞാൽ; ത്രിമൂർത്തി വിശ്വാസികൾക്കു് പല തന്തമാർ ഉണ്ടെന്നാണു്. ലജ്ജയായതിൽ മാനം തോന്നുന്നവരായാൽ പിന്നെ എന്തുചെയ്യും? ഏഹാദിനും ഹെയ്സിനും ബഹുത്വമുണ്ടെന്നു് പറയുന്നതു്, വിശ്വാസികളെ വഞ്ചിക്കാനുള്ള ഉപായിയായ സർപ്പത്തിൻ്റെ തന്ത്രം മാത്രമാണു്!

15. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു് എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ദൈവപുത്രനായ ക്രിസ്തുയേശുവിൻ്റെ ദൈവത്തിനു് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). തനിക്കൊരു ദൈവമുണ്ടെന്നു് ദൈവപുത്രൻതന്നെ പറഞ്ഞതു് മുകളിൽ നാം കണ്ടതാണു്. (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:34). ദൈവപുത്രൻ സത്യദൈവമാണു്, പിതാവിനു് തുല്യനാണു് എന്നൊക്കെ പഠിപ്പിക്കുന്നവർ, സത്യദൈവത്തിൻ്റെ ദൈവം ആരാണെന്നു് പറയും? ദൈവപുത്രൻ ദൈവമാണെന്നു് പറയുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമല്ലേ വിശ്വസിക്കുന്നതു്? ദൈവമെന്ന പദത്തിനു് ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിനു് മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമാണോ? ഇനി, വചനവിരുദ്ധമായി സത്യദൈവത്തിനും ഒരു ദൈവമുണ്ടെന്നു് വിശ്വസിച്ചാൽ, ട്രിനിറ്റി എങ്ങനെ ഏകദൈവവിശ്വാസമാകും? ഒരു ദൈവം തനിക്കുതന്നെ ദൈവമാണെന്നു് എങ്ങനെ പറയും? അല്ലെങ്കിൽ, നിങ്ങൾ വിശ്വസിക്കുന്ന ദൈവപുത്രൻ, മാതാ അമൃതാനന്ദമയിയെയും സായിബാബയെയും പോലൊരു ദൈവം ആയിരിക്കണം. അത്രയ്ക്കു് ഗതികേടൊന്നും സ്വർഗ്ഗത്തെക്കാൾ ഉന്നതനായ ദൈവപുത്രനില്ല. തന്മൂലം, ദൈവപുത്രൻ സത്യദൈവം ആണോന്നോ, പിതാവിനു് തുല്യനാണെന്നോ സ്വർഗ്ഗത്തിലും ഭൂമിയിലമുള്ള ആർക്കും തെളിയിക്കാൻ കഴിയില്ല.

16. “പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്ക് ഉണ്ട്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു് മാത്രമല്ല ബൈബിൾ പറയുന്നതു്. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടു്. പിതാവായ ഏകദൈവത്തെക്കുറിച്ചു് നാം കണ്ടതാണു്. ദൈവപുതൻ ദൈവമല്ലെന്നും പിതാവിനോടു് തുല്യനല്ലെന്നും നാം കണ്ടുകഴിഞ്ഞു. ഇനി, നമ്മുടെ ഏക കർത്താവും രക്ഷിതാവുമായ ദൈവപുത്രൻ ആരാണന്നു് നമുക്കു് നോക്കാം: ദൈവപുത്രൻ ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നാണ് ദൈവഭക്തിയുടെ മർമ്മം പറയുന്നത്. അവിടെ, അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ടു് തൽസ്ഥാനത്തു് നാമം ചേർത്താൽ; ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നു് കിട്ടും. (1തിമൊ, 3:14-16).  ജീവനുള്ള ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (യിരെ, 10:10). അതായതു്, “അഗോചരനായ ദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്കു് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണു്, വെളിപ്പാടു് അഥവാ, പ്രത്യക്ഷത എന്നു് പറയുന്നതു്.“ ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയനിയമത്തിൽ കാണാം. യഹോവ, ഒരു മനുഷ്യപ്രത്യക്ഷത എടുത്തു് വന്നതിൻ്റെ വ്യക്തമായ തെളിവും പഴയനിയമത്തിൽ ഉണ്ടു്. (ഉല്പ, 18:1-33; 19:1). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണു്, പുതിയ നിയമത്തിൽ ദൈവം എടുത്ത മനുഷ്യപ്രത്യക്ഷത അഥവാ, ജഡത്തിലെ വെളിപ്പാടു്. (എബ്രാ, 10:5; സങ്കീ, 40:6). ദൈവപുത്രൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്നു് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യനാണു്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). ഏകമനുഷ്യനായ യേശുക്രിസ്തു എന്നാണു് പൗലൊസ് അവനെ വിശേഷിപ്പിക്കുന്നതു്. (റോമ, 5:15). ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായതു് മനുഷ്യനായ ക്രിസ്തുയേശു ആണെന്നും അവൻ വ്യക്തമാക്കുന്നു. (1 തിമൊ, 2:5-6). താൻ മനുഷ്യനാണെന്ന് ദൈവപുത്രനും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ടു്. (യോഹ, 8:40; മത്താ, 11:19; ലൂക്കൊ, 7:34). ദൈവപുത്രൻ മനുഷ്യനാണെന്നു് 40 പ്രാവശ്യം പറഞ്ഞിട്ടുണ്ടു്. അതായതു്, മനുഷ്യരെല്ലാം പാപികളായതുകൊണ്ടു് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവമായ യഹോവ യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ ഒരു പുതിയ മനുഷ്യ പ്രത്യക്ഷത എടുത്താണു്; പാപപരിഹാരം വരുത്തിയതു്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). മനുഷ്യൻ്റെ പാപത്തിനു് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടതു്, രക്തവും മരണവും ഇല്ലാത്ത ദൂതനോ, ദൈവമോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണു്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണു്, ഏകസത്യദൈവം ഒരു മനുഷ്യ പ്രത്യക്ഷത എടുത്തതു്. തന്മൂലം, സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ദൈവപുത്രൻതന്നെ അക്കാര്യം ആവർത്തിച്ചു് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46).

17. ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല; ഒരു വിശുദ്ധപ്രജ അഥവാ, പാപം അറിയാത്ത പരിശുദ്ധ മനുഷ്യനാണു്. (ലൂക്കൊ, 1:35; യോഹ, 6:69; 2കൊരി, 5:21). സ്വർഗ്ഗത്തിൽനിന്നു് ആരും വന്നു് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല. “ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയായി, പരിശുദ്ധാത്മാവു് ഒരു മനുഷ്യശിശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണു്. (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21; എബ്രാ, 10:5; സങ്കീ, 40:6). അതാണു്, ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന ദൈവഭക്തിയുടെ മർമ്മം അഥവാ, ക്രിസ്തുവെന്ന ദൈവമർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16). അതായതു്, കന്യകയായ മറിയ പ്രസവിച്ചതു് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണു് അവൾ പ്രസവിച്ചതു്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചതു് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞു് ആയതുകൊണ്ടാണു്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചതു്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണു് പ്രമാണമുള്ളതു്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണു്, പിന്നെയും മുപ്പത്തിമൂന്നു് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പു് കർമ്മങ്ങൾ ചെയ്തതു്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചതു് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണു്. (മത്താ, 5:17-18). അതായതു്, പലരും കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ചവൻ അതിനെ എങ്ങനെ ലംഘിക്കും? (ഗലാ, 4:4). ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നു് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്നു് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണു് നല്ലതു്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നതു്, യേശുവെന്ന മനുഷ്യക്കുഞ്ഞാണു്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണു് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നതു്. (ലൂക്കൊ, 2:52). അവനു്, ഏകദേശം മുപ്പതു വയസ്സായപ്പോൾ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ചു് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണു് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയതു്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയതു്, യോർദ്ദാനിൽ വെച്ചാണെന്നു്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടു്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനു് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ടു് പ്രവചനങ്ങളുടെ നിവൃത്തിയായി, പിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണു്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയതു്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്നു് വിളിക്കപ്പെടും എന്നു് ദൂതൻ രണ്ടുവട്ടം പ്രവചിച്ചതു് എന്തിനായിരുന്നു? യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്നു് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണു്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചതു്. (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണു്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണു് അതു് ചരിത്രമാകുന്നതു്. (സംഖ്യാ, 24:14; ദാനീ, 2:28). അതായതു്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു പാപം അറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു് മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ടു് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്നു് ദൈവപിതാവു് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചതു്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണു്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചതു്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നതു്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണു്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു് വെളിപ്പെട്ടവനും” എന്നു് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നതു്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും, അവൻ ജനിക്കുന്നതിനും ഒൻപതു് മാസവും, ഒൻപതു് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണു്. അതായതു്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണു്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിനു് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ, ദൈവപുത്രനായ ക്രിസ്തുവിനു് ഇതെല്ലാമുണ്ടു്. തന്മൂലം, ദൈവപുത്രനായ ക്രിസ്തു സത്യദൈവമല്ല; പാപമറിയാത്ത മനുഷ്യനാണെന്നു് സംശയലേശമന്യേ തെളിയുന്നു. അതായതു്, അന്ത്യകാലത്തു് അഥവാ, കാലസമ്പൂർണ്ണതയിൽ മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ജീവനുള്ള ദൈവമായ യഹോവ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണു്, യേശുവെന്ന പാപം അറിയാത്ത പൂർണ്ണ മനുഷ്യൻ. അവൻ സത്യദൈവവും, പിതാവിനോടു് തുല്യനുമാണെന്നൊക്കെ പറഞ്ഞാൽ, എങ്ങനെയിരിക്കും?

18. “അവൻ സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. തക്കസമയത്തു് അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7). ഈ വേദഭാഗത്തു് ദൈവം ഒരുവൻ എന്നു് പറഞ്ഞിരിക്കുന്നതു് ഹെയ്സ് കൊണ്ടാണു്. ട്രിനിറ്റിയുടെ ദുർവ്യാഖ്യാനംപോലെ, ഒന്നിനു് ബഹുത്വമുണ്ടെങ്കിൽ, ദൈവം ഒരുവൻ എന്ന പ്രയോഗത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഉണ്ടാകണം. അപ്പോൾ, ഏകദൈവത്തിൽ നിന്നു് വേർപെടുത്തി പറഞ്ഞിരിക്കുന്ന ക്രിസ്തുയേശു ആരാണെന്നു് പറയും? അതായതു്, ദൈവപുത്രനായ ക്രിസ്തു നാലാമനായി മാറും. ഈ വേദഭാഗം ശ്രദ്ധിച്ചാൽ, മറ്റൊരു വസ്തുതകൂടി വ്യക്തമാകും: സകല മനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുന്നതും ദൈവത്തിലൂടെയും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന മനുഷ്യനിലൂടെയുമാണു്. അല്ലാതെ, ബൈബിളിൽ ഇല്ലാത്ത ത്രിമൂർത്തി ദൈവത്തിലൂടെയല്ല രക്ഷ ഒരുക്കിയിരിക്കുന്നതു്. ഈ വിശ്വാസവും സത്യവും ജാതികളെ ഉപദേശിക്കാനാണു്, ദൈവം പൗലൊസിനെ ജാതികളുടെ അപ്പൊസ്തലൻ ആക്കിയതെന്നാണു് ഈ വേദഭാഗത്തു് പറഞ്ഞിരിക്കുന്നതു്.

19. ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്നു് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നതു്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അതു് വ്യക്തമാണു്: “അന്നു് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു് അപേക്ഷിക്കും എന്നു് ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണു്, ഞാൻ തന്നേ അവൻ അഥവാ, പിതാവു് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞതു്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണു്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്തു് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ, ഭാഷാപരമായി അതബദ്ധമാണു്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണു്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്തു് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണു്, ഞാനും; പിതാവും എന്നു് വേർതിരിച്ചു പറഞ്ഞതു്. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണു്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞതു്. അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു  ഇല്ലായിരുന്നു; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണു് ഉണ്ടായിരുന്നതു്. (1പത്രൊ, 1:20). ദൈവം, മനുഷ്യരുടെ പാപപരിഹാരാർത്ഥം അന്ത്യകാലത്താണു് കന്യകയിലൂടെ ഉദരത്തിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നതു്. (മത്താ, 1:21; ലൂക്കൊ, 2:5-7; 1തിമൊ, 3:14-16; എബ്രാ, 10:5). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തൻ്റെ മനുഷ്യാത്മാവിനെ പിതാവായ ദൈവത്തിൻ്റെ കരങ്ങളിൽ കൊടുത്തിട്ടു്, ദൈവാത്മാവിനാൽ ക്രൂശിൽ മരിച്ചവനാണു് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15; എബ്രാ, 9:14). മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച നസറായനായ യേശുവെന്ന മനുഷ്യനെ, ദൈവം മൂന്നാം ദിവസം മരണത്തിൽനിന്നു് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചതു്. പെന്തെക്കൊസ്തുനാളിൽ, അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ്, ഈ ആത്മികചരിത്രവസ്തുത വിളിച്ചുപറഞ്ഞപ്പോഴാണു്, മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, ദൈവപുത്രനായ യേശുവെന്ന രക്ഷിതാവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24,36). അതുകൊണ്ടാണു്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്നു് ബൈബിൾ പറയുന്നതു്. (1കൊരി, 8:6. ഒ.നോ: യോഹ, 17:3; റോമ, 16:26; 1തിമൊ, 2:5-6; യൂദാ, 1:4,25). അതായതു്, നമ്മുടെ ഏകദൈവം പിതാവും, നമ്മുടെ രക്ഷിതാവും കർത്താവുമായ ഏകമനുഷ്യൻ ദൈവപുത്രനുമാണു്. (റോമ, 5:15). അതിനാലാണു്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു് നാം വിശ്വസിക്കുന്നതുപോലെ, അവരും അഥവാ, ജാതികളും വിശ്വസിക്കുന്നു എന്നു് യെരൂശലേം കൗൺസിലിൽവെച്ചു് പത്രോസ് അപ്പൊസ്തലൻ പറഞ്ഞത്. (പ്രവൃ, 15:11). അതായതു്, യേശുവെന്ന പാപം അറിയാത്ത ഏകമനുഷ്യൻ്റെ കൃപായാലുള്ള ദാനമാണു് മനുഷ്യരുടെ രക്ഷ. (റോമ, 5:15).

20. ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്കു് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീടു്, സ്വർഗ്ഗത്തിൽനിന്നു് പ്രത്യക്ഷനായതു് മനുഷ്യനല്ല; ദൈവമാണു്. (മർക്കൊ, 16:14). അവനെയാണു്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്നു് തോമാസ് ഏറ്റുപറഞ്ഞതു്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്നു് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്നു് ദാവീദു് രാജാവു് വിളിച്ചവനെത്തന്നെയാണു്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്നു് ഏറ്റുപറഞ്ഞതു്. (സങ്കീ, 35:23). അതായത്, ജീവനുള്ള ദൈവമായ യഹോവ, മനുഷ്യനായിട്ടും ദൈവമായിട്ടുമുള്ള രണ്ടു് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണു് സുവിശേഷ ചരിത്രം പൂർത്തിയാക്കിയതു്. മനുഷ്യൻ്റെ പാപത്തിനു് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). അതായതു്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ സത്യദൈവമോ, ദൈവപിതാവിനോടു് തുല്യനോ അല്ല. പിതാവിനെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമാണ്. (യോഹ, 14:28; എബ്രാ, 7:26). അതായതു്, മനുഷ്യരുടെ പാപ പരിഹാരാർത്ഥം, ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷത; അഥവാ, ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത ഒരു മനുഷ്യനാണു്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ. തന്മൂലം, ദൈവപുത്രൻ സത്യദൈവമോ, പിതാവിനോടു് തുല്യനോ അല്ല. പിതാവിനെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമാണു്. (യോഹ, 14:28; എബ്രാ, 7:26). ബാക്കിയെല്ലാം, മനുഷ്യൻ്റെ ബുദ്ധിമൂശയിൽ ഉരുവായ ദുരുപദേശങ്ങൾ മാത്രം.

ഉപസംഹാരം: സോഷ്യൽമീഡിയയിൽ ഇടയ്ക്കിടയ്ക്കു് പ്രത്യക്ഷപ്പെടുന്ന രസകരമായ ഒരു പോസ്റ്റുണ്ടു്: ക്രിസ്തുവിനെ ദൈവമായി അംഗീകരിക്കാത്തവർ ആരും ക്രിസ്ത്യാനികളല്ല എന്നതാണു് പോസ്റ്റിൻ്റെ ഉള്ളടക്കം. ക്രിസ്ത്യാനി എന്നാൽ; ക്രിസ്തുവിനെ ദൈവമായി അംഗീകരിക്കുന്നവൻ എന്നല്ല അർത്ഥം; ക്രിസ്തുവിനെ അനുഗമിക്കുന്നവൻ എന്നാണു്. ക്രിസ്തുവിൻ്റെ അനുയായികളെയാണു് ആദ്യമായി ക്രിസ്ത്യാനികൾ എന്നു് വിളിച്ചതു്. (പ്രവൃ, 11:26). ക്രിസ്തുവിന്റെ അനുയായികൾ അവനെ പൂർണ്ണമായി വിശ്വസിക്കുന്നവരാണു്. “പുത്രനിൽ വിശ്വസിക്കുന്നവനു് നിത്യജീവൻ ഉണ്ടു്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.” (യോഹ, 3:36). പുത്രനെ വിശ്വസിക്കുക എന്നു് പറഞ്ഞാൽ, പുത്രനെ അറിയുകയും അവൻ പറഞ്ഞതും പഠിപ്പിച്ചതും പ്രമാണിച്ചതും പ്രവർത്തിച്ചതുമായ കാര്യങ്ങളെല്ലാം, സമ്പൂർണ്ണമായി അംഗീകരിക്കുകയും ഉൾക്കൊള്ളുകയും അനുസരിക്കുകയും ചെയ്യണം എന്നാണു്. ദൈവപുത്രൻ നമുക്കു് പിൻതുടരുവാൻ; ഒരു മാതൃക വെച്ചിട്ടാണു് പോയതു്. (1പത്രൊ, 2:21). “സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു് ഞാൻ ജനിച്ചു; അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു” എന്നാണു് ദൈവപുത്രനായ ക്രിസ്തു പറഞ്ഞതു്. (യോഹ, 18:37). ഏകസത്യദൈവം ആരാണെന്നും താൻ ആരാണെന്നുമായിരുന്നു ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളിൽ പ്രധാനപ്പെട്ടതു്. അതായതു്, ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്നു് പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും, പിതാവ് മാത്രമാണു് സത്യദൈവം (Father, the only true God) എന്നു് പറയുകവഴി, താൻ ദൈവമല്ലെന്നും, അവനെ മാത്രം ആരാധിക്കണം (worship Him only) അഥവാ, പിതാവായ യഹോവയെ മാത്രം ആരാധിക്കണം എന്നു് പറയുകവഴി, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും, ആ നാളും നാഴികയും എൻ്റെ പിതാവിനു് മാത്രമല്ലാതെ (my Father only) മറ്റൊരുത്തനും അറിയില്ലെന്നു് പറയുകവഴി, താൻ സർവ്വജ്ഞാനി അല്ലെന്നും, ദൈവപുത്രൻ പറയുന്നതു്, പഴയനിയമത്തിൽ സിംഗിളിനെ കുറിക്കുന്ന യാഹീദിനു് തുല്യമായ മോണോസ് കൊണ്ടാണു്. പിതാവു് തന്നെക്കാളും എല്ലാവരെക്കാളും വലിയവനാണെന്നും പിതാവു് തൻ്റെ ദൈവമാണെന്നും താൻ മനുഷ്യനാണെന്നുമാണു് സത്യത്തിനു് സാക്ഷി നില്ക്കാൻ ജനിച്ച ദൈവപുത്രൻ പഠിപ്പിച്ചതു്. ക്രിസ്തു പഠിപ്പിച്ച ഏകസത്യദൈവമായ പിതാവിനെ വിശ്വസിക്കാതെ, ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കുന്നവർ ക്രിസ്ത്യാനികൾ അല്ലെന്ന് മാത്രമല്ല; ക്രിസ്തുവിൻ്റെ എതിരാളികളും ആണ്. ദൈവപുത്രനെപ്പോലും വിശ്വസിക്കാത്തവർക്ക്, എങ്ങനെ നിത്യജീവൻ കിട്ടും,. ദൈവപുത്രനായ യേശുവിൻ്റെ വാക്കിനെ; മറികടന്നുകൊണ്ട്, ഏക സത്യദൈവത്തെ ത്രിത്വമാക്കാനോ, ദൈവപുത്രനെ സത്യദൈവം ആക്കാനോ, സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും അധികാരം നല്കിയിട്ടില്ല. ദൈവപുത്രനെപ്പോലും വിശ്വസിക്കാത്തവർക്ക് എങ്ങനെ നിത്യജീവൻ കിട്ടും? ദൈവപുത്രനായ യേശുവിൻ്റെ വാക്കിനെ മറികടന്നുകൊണ്ട്, ഏകസത്യദൈവത്തെ ത്രിത്വമാക്കാനോ, ദൈവപുത്രനെ സത്യദൈവം ആക്കാനോ, സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. അതായതു്, ദൈവം ആരാണെന്നും ദൈവപുത്രനായ യേശു ആരാണെന്നും അവൻ്റെ പ്രകൃതി എന്താണെന്നും ദൈവത്തിൻ്റെ വചനത്തിലൂടെ നമ്മുടെ കണ്ണിനു മുമ്പിൽ വരച്ചുകാട്ടിയിരിക്കെ, അവനെ അപ്ഗ്രേഡ് (upgrade) ചെയ്യാനോ, ഡീഗ്രേഡ് (degrade) ചെയ്യാനോ ആർക്കും സാദ്ധ്യമല്ല. തങ്ങളുടെ ദുർവ്യാഖ്യാനത്താലും ദുരുപദേശത്താലും അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നവർ, താൻ ഒരുത്തൻ മാത്രമാണെന്നു് പഠിപ്പിച്ച യഹോവയായ ഏകദൈവത്തെയും, പിതാവു് മാത്രമാണു് ദൈവമെന്നു് പഠിപ്പിച്ച ദൈവത്തിൻ്റെ ക്രിസ്തുവിനെയും, പിതാവു് ഒരുത്തൻ മാത്രമാണു് ദൈവമെന്നു് പഠിപ്പിച്ച പഴയപുതിയനിയമ ഭക്തന്മാരെയും; കള്ളന്മാരാക്കുന്ന എതിർ ക്രിസ്തുക്കൾ മാത്രമാണു്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *