ദാവീദിൻ്റെ വാഗ്ദത്തസന്തതി

ദാവീദിൻ്റെ വാഗ്ദത്തസന്തതി

 “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.” (2ശമൂ, 7:12; 1ദിന, 17:11)

“ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” (സങ്കീ, 89:29)

“നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ‍; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ‍; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും.” (യെശ, 55:3)

“ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിൽനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു.” (പ്രവൃ, 13:34)

“ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം.” (2തിമൊ, 2:8)

ശമുവേലിൻ്റെ രണ്ടാം പുസ്തകത്തിലും ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലും ദാവിദിൻ്റെ സന്തതിയായ ഒരു രാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:8-17; 1ദിന,, 7:7-15). അത്, ദൈവം ദാവീദിനു കൊടുത്ത വാഗ്ദത്തമാണ്. ശമൂവേലിൽ “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതി” എന്നും, ദിനവൃത്താന്തത്തിൽ “നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി” എന്നും കാണാം. (2ശമൂ, 7:12; 1ദിന, 17:11). ദാവീദിൻ്റെ ആ വാഗ്ദത്തസന്തതി യഥാർത്ഥത്തിൽ യിസ്രായേലിൻ്റെ മൂന്നാമത്തെ രാജാവും ദാവീദിന് ബത്ത്-ശേബയിൽ ജനിച്ച മകനുമായ ശലോമോൻ ആണെന്നും യേശുക്രിസ്തു ആണെന്നും ഒക്കെയാണ് അനേകരും കരുതുന്നത്.

വാഗ്ദത്തം അഥവാ വാഗ്ദാനത്തിൻ്റെ അർത്ഥം വാക്കുപറയപ്പെട്ടത് എന്നാണ്. ഒരു വ്യക്തിയുടെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി എന്തെങ്കിലും നല്കാമെന്നോ ഒരു പ്രത്യേക കാര്യം ചെയ്യാമെന്നോ, ചെയ്യുന്നതിൽനിന്നു ഒഴിഞ്ഞിരിക്കാമെന്നോ ആയാൾക്കു നല്കുന്ന ഉറപ്പാണ് വാഗ്ദത്തം. പൂർവ്വപിതാക്കന്മാരായ അബ്രാഹാം യിസ്ഹാക്ക് യാക്കോബ് എന്നിവരോട് ചെയ്ത വാഗ്ദത്ത സന്തതിയെക്കുറിച്ചുള്ള നിയമംപോലെ ഒരു നിത്യവും നിരുപാധികമായ വാഗ്ദത്തം അഥവാ സന്തതിയെക്കുറിച്ചുള്ള നിയമം ദൈവം ദാവീദിനോടും ചെയ്തിരുന്നു. അതാണ് നിശ്ചലകൃപകൾ അഥവാ മാറാത്ത കൃപകൾ എന്നറിയപ്പെടുന്നത്. (യെശ, 55:3. ഒ.നോ: പ്രവൃ, 13:34; സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26). ന്യായപ്രമാണത്തിന് നീക്കം വന്നതുപോലെ ദൈവത്തിൻ്റെ ഈ നിയമം നീക്കം വരാവുന്നതല്ല. ന്യായപ്രമാണം വ്യവസ്ഥകൾക്ക് വിധേയമായിരുന്നു. “ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും” എന്നുണ്ടല്ലോ. (ഗലാ, 3:12). “ഇതു ചെയ്താൽ…, ഇങ്ങനെ ജീവിച്ചാൽ…, കല്പനകൾ പാലിച്ചാൽ… നിയമപ്രകാരം നിലകൊണ്ടാൽ… ഞാൻ ഇന്നിന്നതൊക്കെ നിനക്കുതരാം” അതായിരുന്നു ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (ആവ, 28:1-68). എന്നാൽ, വാഗ്ദത്തം നിരുപാധികം അഥവാ ഉപാധികളൊന്നും കൂടാത്തതാണ്. വാഗ്ദത്തത്തിനടിസ്ഥാനം വാക്കുമാറാൻ കഴിയാത്ത ദൈവത്തിൻ്റെ അനന്തമായ കരുണ മാത്രമാണ്. പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി സകല ജാതികൾക്കും പ്രകാശംപരത്തുന്ന രക്ഷകനാണെങ്കിൽ; ദാവീദിൻ്റെ വാഗ്ദത്തസന്തതി ജാതികൾ വിറയലോടെ സേവിക്കുന്ന രാജാവാണ്. നമുക്ക് ദാവീദിൻ്റെ ആ രാജകീയ സന്തതിയെക്കുറിച്ചൊന്ന് പരിശോധിക്കാം.

2ശമൂവേൽ 7:8-16; വാക്യം 8: “ആകയാൽ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കിനടക്കുമ്പോൾ തന്നേ എടുത്തു.” ദാവീദിനെ ദൈവം തിരഞ്ഞെടുത്ത വിധങ്ങളെക്കുറിച്ച് നാഥാൻ പ്രവാചകൻ അവനെ ഓർമ്മിപ്പിക്കുകയാണ്. വാക്യം 9: “നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർ പോലെ ഞാൻ നിന്റെ പേർ വലുതാക്കും.” ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ദൈവം ദാവീദിനോട് കൂടെയിരുന്ന് അവൻ്റെ ശത്രുക്കളുടെമേൽ ജയം നല്കിയതിനെക്കുറിച്ചാണ്. അടുത്തഭാഗം: ഭൂമിയിലുള്ള മഹാന്മാരുടെ പേർ പോലെ ഞാൻ നിന്റെ പേർ വലുതാക്കും. ഇത് അബ്രാഹാമിനു കൊടുത്ത ഏഴ് വാഗ്ദത്തങ്ങളിൽ രണ്ടാമത്തേതിന് തുല്യമാണ്: നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും. (ഉല്പ, 12:2). വാക്യം 10: “ഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്തു അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല.” ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള ശാശ്വത രാജ്യത്തെക്കുറിച്ചാണ്. (പ്രവൃ, 1:6). അടുത്തഭാഗം: ആ രാജ്യത്തിലെ സ്വസ്ഥതയെക്കുറിച്ചാണ്. വാക്യം 11: “ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു.” ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ദൈവം ദാവീദിൻ്റെ ശത്രുക്കളെയൊക്കെ കീഴ്പ്പെടുത്തി അവന് സ്വസ്ഥത നല്കുമെന്ന് ഉറപ്പുകൊടുക്കുന്നു. അടുത്തഭാഗം: ദാവീദിലൂടെ ഒരുഗൃഹം അഥവാ രാജവംശം ഉണ്ടാകുമെന്നും അറിയിക്കുന്നു. വാക്യം 12: “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.” ദിനവൃത്താന്തത്തിൽ “നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി” എന്നും കാണാം. (1ദിന, 17:11). ഈ വാക്യത്തിൽ പറയുന്ന സന്തതി ശലോമോനാണെന്ന് തോന്നുന്നത് സ്വാഭാവികം. ദാവീദിൻ്റെ പിന്തുടർച്ചയായി വന്ന ശലോമോൻ്റെ രാജത്വം അവൻ്റെ ആയുഷ്ക്കാലത്ത് ഉറപ്പുള്ളതായിരുന്നു. എന്നാൽ ഇനിവരുന്ന വേദഭാഗങ്ങളെല്ലാം ശലോമോന് യോജിക്കുന്നതല്ല. വാക്യം 13: “അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.” ശലോമോൻ ഒരാലയം പണിതുവെന്നത് നേരാണ്; പക്ഷെ, അവൻ്റെ രാജത്വം എന്നേക്കും സ്ഥിരമായിരുന്നില്ല. ദാവീദിൻ്റെ ഭരണകാലത്താണ് നാഥാൻ ഇത് പ്രവചിക്കുന്നതെന്നോർക്കണം. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്. അപ്പോൾ എന്നേക്കും സ്ഥിരമാക്കപ്പെടുന്ന രാജത്വത്തിൻ്റെ ഉടയവനാരാണോ അവനാണ് സന്തതി. അത് ക്രിസ്തുവിനെക്കുറിച്ചാണ് പ്രവചനമെന്ന് പഠിപ്പിക്കുന്നവരുണ്ട്. ശലോമോനല്ലെന്ന് തെളിഞ്ഞുകഴിഞ്ഞു; വീണ്ടും കൂടുതൽ തെളിയുകയും ചെയ്യും. താഴോട്ടുവരുമ്പോൾ യേശുക്രിസ്തുവും അല്ലെന്ന് തെളിയും. വാക്യം 14: “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” ഈ വേദഭാഗം ശ്രദ്ധിക്കുക: ഞാൻ അവൻ്റെ പിതാവും അവൻ എനിക്ക് പുത്രനും ആണെന്നല്ല പറയുന്നത്; ആയിരിക്കും എന്ന് ഭാവികാലത്തിലാണ് പറയുന്നത്. ഇംഗ്ലീഷിൽ, I will be his father, and he shall be my son എന്നാണ്. will-ഉം shall-ഉം ഒരു ഭാവികാലവാചി അഥവാ, ഭാവികാലത്തെ സൂചിപ്പിക്കുന്ന പദമാണ്. ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ട്രിനിറ്റി കരുതുന്ന ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതിയായ നിത്യരാജാവെങ്കിൽ, “ഞാൻ അവൻ്റെ പിതാവും, അവൻ എൻ്റെ പുത്രനും ആണെന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. അല്ലാതെ, ആയിരിക്കും എന്ന് ഭാവികാലത്തിൽ പറയില്ല. ശലോമോൻ ദൈവത്തിൻ്റെ പുത്രനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അടുത്തഭാഗം: സന്തതി കുറ്റം ചെയ്താൽ ദൈവമവനെ ശിക്ഷയ്ക്കായി മനുഷ്യരുടെ അഥവാ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും. ദാവീദിൻ്റെയും ദൈവത്തിൻ്റെയും സന്തതിയായ ഈ രാജാവ് കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുന്ന ഒരു സന്തതിയാണ്. ശലോമോനല്ല സന്തതിയെന്ന് നാം മുകളിൽ കണ്ടതാണ്. കുറ്റം ചെയ്താൽ — ശിക്ഷിക്കപ്പെടുന്ന ഈ സന്തതി യേശുക്രിസ്തുവുമല്ല. പാപമൊന്നും ചെയ്യാത്തവനും, വായിൽ വഞ്ചനയൊന്നും ഇല്ലാത്തവനും (1പത്രൊ, 2:22) പാപമില്ലാത്തവനും (1യോഹ, 3:5) പാപമറിയാത്തവനും (1കൊരി, 5:21) പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേർവിട്ടവനുമായ (എബ്രാ, 7:26) ക്രിസ്തു ശിക്ഷ അനുഭവിച്ചത് മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടിയാണ്. നമ്മുടെ പാപരോഗങ്ങളെയും വേദനകളെയും അവൻ ചുമന്നപ്പോൾ, ദൈവമവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു നാം വിചാരിച്ചതാണ്: (യെശ, 53:4). അല്ലാതെ, ദൈവം അവനെ ശിക്ഷിച്ചതല്ല; നമ്മുടെ പാങ്ങളെപ്രതി അവൻ തന്നെത്താൻ ശിക്ഷയ്ക്ക് ഏല്പിച്ചു കൊടുക്കയായിരുന്നു: (ഗലാ, 1:3). അപ്പോൾ, കുറ്റം ചെയ്തിട്ട് ശിക്ഷ വാങ്ങുന്ന സന്തതി യേശുക്രിസ്തു അല്ലെന്ന് തെളിയുന്നു. വാക്യം 15: “എങ്കിലും നിന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളഞ്ഞ ശൌലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല.” കുറ്റം ചെയ്താലും ശിക്ഷ വാങ്ങിയാലും ഈ സന്തതിയുടെ രാജത്വം ദൈവം നീക്കിക്കളയുകയില്ല; സ്ഥിരമായിരിക്കും. ശലോമോൻ്റെ രാജത്വം നാല്പത് വർഷംകഴിഞ്ഞ് തൻ്റെ മരണത്തോടെ നീങ്ങിപ്പോയി. യേശുക്രിസ്തുവിനോടു ദൈവം ദയ (mercy) കാണിക്കുമെന്നൊക്കെ പറഞ്ഞാൽ എങ്ങനെയിരിക്കും? വാക്യം 16: “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” ശലോമോൻ്റെ രാജത്വം നാല്പതു വർഷമാണ് ഉണ്ടായിരുന്നത്; അത് എന്നേക്കും സ്ഥിരമായതോ, ഉറച്ചിരുന്നതോ ആയ രാജത്വമല്ലാത്തതിനാൽ, സന്തതി ശലോമോനുമല്ല; കുറ്റംചെയ്താൽ ശിക്ഷിക്കപ്പെടന്നവനും ദൈവം ദയ കാണിക്കുന്നവനുമായ ഒരു സന്തതിയായതിനാൽ അത് യേശുക്രിസ്തുവും അല്ലെന്ന് ദൈവത്തിൻ്റെ ആത്മാവ് തൻ്റെ വചനത്തിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു.

പ്രസ്തുക വേദഭാഗത്ത് രാജകീയ സന്തതിയുടെ അഞ്ച് യോഗ്യതകൾ കാണാം: ഒന്ന്; വാക്യം 13: അവൻ ദൈവത്തിനൊരു ആലയം പണിയും. യിസ്രായേലിലെ ഒന്നാമത്തെ ദൈവാലയം യിസ്രായേൽ ജനത്തിൻ്റെ പ്രതിനിധിയായിട്ടാണെങ്കിലും ശലോമോനാണ് പണിതത്, അവൻ്റെ പേരിൽത്തന്നെയാണ് അത് അറിയപ്പെട്ടിരുന്നതും. ശലോമോൻ്റെ രാജത്വം മാത്രമല്ല, പണിത ദൈവാലയവും എന്നേക്കും സ്ഥിരമായിരുന്നില്ല. ഏകദേശം 370 വർഷമായപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ അതിനെ തകർത്തു. വാഗ്ദത്തസന്തതി ശലോമോനല്ലാത്തതിനാൽ അവൻ്റെ ദൈവാലയമല്ല ആ വേദഭാഗത്തെ പ്രതിപാദ്യം; പണിയപ്പെടാനുള്ള മറ്റൊരു ദൈവാലയമാണ്. ബാബേൽ പ്രവാസത്തിൻ്റെ ഇരുപത്തഞ്ചാം ആണ്ടിൽ കേബാർ നദീതീരത്ത് ഇരിക്കുമ്പോൾ യെഹെസ്ക്കേൽ പ്രവാചകന് ഒരു ദൈവാലയത്തിൻ്റെ ദർശനമുണ്ടായി. അത് ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ പണിയപ്പെടേണ്ട ദൈവാലയമാണ്. (40:1-43:17). അങ്ങനെയൊരു ദൈവാലയം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത അധർമ്മമൂർത്തി അഥവാ എതിർക്രിസ്തു വെളിപ്പെടുന്നതിനോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും പൗലൊസും സൂചിപ്പിച്ചിട്ടുണ്ട്: (മത്താ, 24:15; മർക്കൊ, 13:14; 2തെസ്സ, 2:3,4. ഒ.നോ: ദാനീ, 11:31; 12:11). ആ ദൈവാലയം പണിയപ്പെടുന്നത് യുഗാന്ത്യത്തിലും, പണിയുന്നത് യിസ്രായേലുമായിരിക്കും. യഹോവയുടെ ആലയത്തിൽ സകലജാതികളും ദൈവത്തെ ആരാധിക്കാൻ വരുന്നതായും പറഞ്ഞിട്ടുണ്ട്: (യെശ, 2:2,3; മീഖാ, 4:2,3). 10-ാം വാക്യത്തിൽ: തൻ്റെ ജനമായ യിസ്രായേലിനു ആരും പീഡിപ്പിക്കാത്ത സ്ഥിരമായൊരു സ്ഥലം ദൈവം കല്പിച്ചുകൊടുക്കുന്നതായി പറഞ്ഞിട്ടുമുണ്ട്. ആ രാജ്യവും ജനതയും യിസ്രായേലാണല്ലോ? രണ്ട്; വാക്യം 13: അവൻ്റെ രാജത്വം സ്ഥിരമാക്കും. ആലയം പണിയുന്ന ഈ സന്തതിയുടെ രാജത്വം സ്ഥിരമായിരിക്കും. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: സങ്കീ, 2:6; 20:9; 45:1; ദാനീ, 2:44; 7:18,21). ഈ വേഭാഗം ശ്രദ്ധിക്കുക: ഒന്നാംഭാഗത്ത്, അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിന് രാജത്വവും ആധിപത്യവും മഹത്വവും നല്കുന്നു. ആദ്യഭാഗത്ത് വിശുദ്ധന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം രണ്ടാംഭാഗത്ത്, ‘അവൻ്റെ രാജത്വം നിത്യരാജത്വം ആകുന്നു’ എന്ന് ഏകവചനത്തിൽ പറയുന്നു. ദൈവം യിസ്രായേൽ ജനത്തെ മുഴുവനായി ഏകസന്തതിയായാണ് കാണുന്നത്. അതായത്, ദാവീദിൻ്റെ സന്തതിയായി ദൈവം വിശേഷിപ്പിക്കുന്നത് യിസ്രായേൽ ജനത്തെയാണ്. മൂന്നാംഭാഗം: ‘സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” സകല ജാതികളും ആധിപത്യങ്ങളും യിസ്രായേലെന്ന രാജാവിനെ അനുസരിക്കും. മൂന്ന്; വാക്യം 14: അവൻ ദൈവത്തിൻ്റെ പുത്രനും അവന് ദൈവം പിതാവും ആയിരിക്കും. പഴയനിയമത്തിൽ ദൈവം ‘എൻ്റെ പുത്രൻ‘ എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്; ദൈവത്തിൻ്റെ ആദ്യജാതനും അവൻതന്നെ: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” പുറ, 4:22. ഒ.നോ: പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1). യിസ്രായലിൻ്റെ പിതാവും യഹോവയാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: യെശ, 63:16; യോഹ, 8:41). മക്കൾ ആകും എന്ന് ഭാവികാലത്തിലും പറഞ്ഞിട്ടുണ്ട്: “നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാ പുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.” (റോമർ 9:26; ഹോശേ, 1:10). നാല്; വാക്യം 14: അവൻ കുറ്റം ചെയ്താൽ ദൈവമവനെ മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കും. ഈ പ്രയോഗം യിസ്രായേലിനല്ലാതെ ആർക്ക് യോജിക്കും? യിസ്രായേൽ പാപത്തിൽ വീഴുമ്പോഴൊക്കെയും ദൈവം ജാതികളെ അവർക്കുനേരെ വരുത്തി അവരെ ശിക്ഷിക്കുകയായിരുന്നു. യിസ്രായേലിനെപ്പോലെ ജാതികളാൽ അഥവാ മനുഷ്യരുടെ വടികൊണ്ട് ശിക്ഷിക്കപ്പെട്ട ഒരുജാതി ഭൂമുഖത്തില്ല. “അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?” (എബ്രാ, 12:7). ദൈവം വടികൊണ്ട് ശിക്ഷിക്കുന്ന സന്തതി യിസ്രായേലാണെന്നു സങ്കീർത്തനത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: (89:32. വിശദമായി താഴെക്കാണാം). അഞ്ച്; വാക്യം 16: അവൻ്റെ രാജത്വം ദൈവസന്നിധിയിൽ എന്നേക്കും സ്ഥിരമായിരിക്കും. സ്ഥിരമായ രാജത്വമുള്ള വാഗ്ദത്തസന്തതിയാണ് അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ. “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). ദാവീദിൻ്റെ വാഗ്ദത്തസന്തതി ശലോമോനുമല്ല, ക്രിസ്തുവുമല്ല; യിസ്രായേലാണ്. മേല്പറഞ്ഞ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ സന്തതിയാണ് യിസ്രായേൽ. പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും. നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയും യിസ്രായേലാണ്. (ഉല്പ, 22:17-18; 26:5; 28;13-14; യെശ, 55:3; പുറ, 4:22-23). [കാണുക: ദാനീയേലിലെ മനുഷ്യപുത്രൻ]

പതിനാറാം വാക്യത്തിലെ, ‘നിൻ്റെ ഗൃഹം അഥവാ ദാവീദുഗൃഹം’ എന്നു പറയുന്നത് ദാവീദിൻ്റെ കുടുംബത്തെക്കുറിച്ചല്ല; യിസ്രായേൽ ഗൃഹത്തെക്കുറിച്ചാണ്. ദാവീദിനോട് നാഥാൻ ഇത് പ്രവചിക്കുന്ന കാലത്തൊന്നും, ‘ദാവീദ് ഗൃഹം’ എന്ന് വേർതിരിച്ച് പറഞ്ഞിരുന്നില്ല. ദാവീദ് ആദ്യം യെഹൂദാ ഗൃഹത്തിന് വർഷവും (2ശമൂ, 2:11), യിസ്രായേൽ ഗൃഹത്തിനു മുഴുവനുമായി 32½ വർഷവും രാജാവായിരുന്നു: (2ശമൂ, 5:4). പുത്രനായ ശലോമോൻ്റെ കാലശേഷം അവൻ്റെ പുത്രനായ രെഹബെയാമിൻ്റെ കാലത്ത് രാജ്യം വിഭജിക്കപ്പെട്ടതോടെയാണ്, ദാവീദ്ഗൃഹം എന്ന് പറയപ്പെട്ടു തുടങ്ങിയത്. (2രാജാ, 12:19). മാത്രമല്ല, ആ ഗൃഹത്തിൽന്ന് ആരെയും ദൈവത്തിൻ്റെ പുത്രനായും നിത്യരാജാവായും പറഞ്ഞിട്ടുമില്ല. അതിനാൽ ദൈവസന്നിധിൽ സ്ഥിരമായി നില്ക്കുന്ന ഗൃഹം ദാവീദിൻ്റെ വ്യക്തിപരമായ ഗൃഹമല്ലെന്ന് മനസ്സിലാക്കാം. ആകയാൽ, ദാവീദ് ഗൃഹമെന്ന് അവിടെ പറയുന്ന ഗൃഹവും (സംഖ്യാ, 20:38; 2:ശമൂ, 6:15; 1രാജാ, 20:31; യെശ, 5:7; യിരെ, 2:4; യെഹെ, 4:5; മത്താ, 10:6; 15:24; പ്രവൃ, 2:36; 7:43), നിത്യരാജാവും യിസ്രായേലാണ്. തൻ്റെ സ്വന്തജനമായ യിസ്രായേലിനു ദൈവം നല്കിയ അനേകം പദവികളിൽ ഒന്നാണ് രാജാവ് അഥവാ രാജത്വം: (ദാനീ, 7:27; സങ്കീ, 2:6; 20:9; 21:1, 7; 45:1; 110:2; ദാനീ, 7:13, 18,21). എന്നാൽ, ശലോമോനെക്കുറിച്ചാണ് പ്രവചനമെന്ന് ദാവീദ് രണ്ടുഭാഗത്ത് പറയുന്നതായി കാണാം: “അവൻ എന്നോടു: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്നു പിതാവായിരിക്കും.” (1ദിന, 28:6. ഒ.നോ: 22:9-10). പ്രവചനം തന്നെക്കുറിച്ചാണെന്നു ശലോമോനും പറയുന്നതായി കാണാം: (1രാജാ, 8:17-20; 2ദിന, 6:7-10). എന്താണതതിലെ വസ്തുതയെന്ന് രണ്ടുവധത്തിൽ നമുക്കു മനസ്സിലാക്കാം. ഒന്ന്; ശലോമോൻ്റെ പേര് അവിടെ പറയുന്നതൊഴിച്ചാൽ മറ്റു വേദഭാഗങ്ങളൊന്നും ശലോമോനെ പിന്തുണയ്ക്കുന്നില്ലെന്ന് നാം കണ്ടതാണ്. അവൻ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്തു. (1രാജാ, 11:6-12). വിശുദ്ധന്മാരുടെ പട്ടികയിൽപോലും ശലോമോൻ്റെ പേരില്ല. (എബ്രാ, 11:1-40). അവൻ്റെ രാജത്വം എന്നേക്കും നിലനിന്നില്ല എന്നതുതന്നെ അവനല്ല നിത്യരാജാവായ സന്തതിയെന്ന് തെളിയുന്നു. രണ്ട്; ബൈബിളിലെ പ്രവചനങ്ങൾ നിവൃത്തിയാകുന്ന വിധങ്ങളെക്കുറിച്ചു പഠിക്കുമ്പോൾ, ആസന്നഭാവിയിൽ നിറവേറുന്നതും വിദൂരഭാവിയിൽ നിറവേറുന്നതും ഒരിക്കലായി നിവവേറുന്നതും രണ്ടു ഭാഗങ്ങളായി നിറവേറുന്നതുമായ അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. കൂടാതെ, അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തി ഉള്ളതുമായ പ്രവചനങ്ങളും അനവധി കാണാം. അതിൽ നാം ചിന്തിച്ചുവരുന്ന പ്രവചനം, ആദ്യദൈവാലയം പണിതവനെന്ന നിലയിൽ അംശമായി ശലോമോനിലും (1രാജാ, 8:17-20; 2ദിന, 6:7-10), ആത്മീയ ദൈവാലയം പണിതവൻ എന്ന നിലയിൽ യേശുക്രിസ്തുവിലും (എഫെ, 2:20-22), സഹസ്രാബ്ദ ദൈവാലയം പണിയുന്നവൻ എന്ന നിലയിലും നിത്യരാജാവെന്ന നിലയിലും പൂർണ്ണമായി യിസ്രായേലിലുമാണ് നിവൃത്തിയാകുന്നത്. (യെഹ, 40:1-43:17; ദാനീ, 7:13-14,18,21,27). എന്തെന്നാൽ, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും ദാവീദിൻ്റെ വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും ദൈവത്തിൻ്റെ സന്തതിയും ഒരാളായിരിക്കണം. അത് നിത്യരാജത്വത്തിന് അവകാശിയായ യിസ്രായേലല്ലാതെ മറ്റാരുമല്ല. യേശുക്രിസ്തുവിൻ്റെ രാജ്യം ഈ ലോകത്തല്ലെന്ന് താൻതന്നെ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: (യോഹ, 18:36). [കാണുക: പ്രവചനങ്ങൾ]

ശക്തമായൊരു തെളിവ്: സങ്കീർത്തനങ്ങൾ 89-ാം അദ്ധ്യായത്തിലും ദാവീദിൻ്റെ സന്തതിയെക്കുറിച്ച് പറഞ്ഞിരിക്കുന്നതു കാണാം. വാക്യം 3,4: “എന്റെ വൃതനോടു ഞാൻ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു. നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും.” ദൈവം തിരഞ്ഞെടുത്ത തൻ്റെ ദാസനായ ദാവീദിനോടു ദൈവം ചെയ്ത നിരുപാധികമായ നിയമപ്രകാരം, അവൻ്റെ സന്തതിക്ക് തലമുറതലമുറയോളം എന്നേക്കും സ്ഥിരമായിരിക്കുന്ന സിംഹാസനം ദൈവം ഉറപ്പു നല്കിയിരിക്കയാണ്. ആ സന്തതി ആരാണെന്ന് താഴെവരുമ്പോൾ അറിയാം. വാക്യം 29: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും.” ദാവീദിൻ്റെ വാഗ്ദത്തസന്തതി ഒരു രാജാവാണ്. ശാശ്വതമായ അഥവാ ആകാശമുള്ളിടത്താളം കാലം സിംഹാസനത്തിലിരിക്കുന്ന രാജാവ്. ആകാശമുള്ളിടത്തോളം ദീർഘായുസ്സോടെ ഉണ്ടാകുന്ന ഒരേയൊരു സന്തതിയെപ്പറ്റി മാത്രമേ ബൈബിളിൽ പറഞ്ഞിട്ടുള്ളു. അത് യിസ്രായേലാണ്: “യഹോവ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീർഘായുസ്സോടിരിക്കേണ്ടതിന്നു.” (ആവ, 11:20). വാക്യം 30: “അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും” ഇരുപത്തൊമ്പതാം വാക്യത്തിൽ ‘സന്തതി‘ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, ഈ വാക്യത്തിൽ ‘പുത്രന്മാർ‘ എന്ന് ബഹുവചനത്തിൽ പറയുന്നത് നോക്കുക. അതൊരു വ്യക്തിയല്ല; യിസ്രായേലെന്ന സമൂഹമാണ്. വാക്യങ്ങൾ 31,32: “എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. ദാവീദിൻ്റെ വാഗ്ദത്തസന്തതി യേശുക്രിസ്തുവല്ല എന്നതിതിൻ്റെ തെളിവാണിത്. ദൈവത്തിൻ്റെ കല്പനകളും ചട്ടങ്ങളും ലംഘിക്കുമ്പോൾ വടികൊണ്ടും അടികൊണ്ടും ശിക്ഷയേല്ക്കുന്ന ഈ സന്തതി. വാക്യങ്ങൾ 36,37: “അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” പുത്രന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം സന്തതിയെന്ന് ഏകവചനത്തിൽ വീണ്ടും പറയുന്നു. സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കുന്ന സിംഹാസനം ഒരു വ്യക്തിയുടെയല്ല; യിസ്രായേലിൻ്റെതാണ്. ഇനി, താഴോട്ടുള്ള വാക്യങ്ങൾ വാഗ്ദത്ത സന്തതി യിസ്രായേലാണെന്ന് വ്യക്തമായ തെളിയിക്കുന്നവയാണ്. വാക്യം 38: “എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.” ഇവിടുത്തെ അഭിഷിക്തൻ സന്തതിയായ യിസ്രായേലാണ്. വാക്യം 39: “നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.” യിസ്രായേലിൻ്റെ പാപം നിമിത്തം ദാവീദിനോടുള്ള നിയമത്തെ ദൈവം വെറുക്കുന്നു. ഇത് യിസ്രായേൽ ജനത്തിൻ്റെ വർത്തമാനകാല പാപമാണ്. വാക്യങ്ങൾ: 40,41: “നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു. വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു.” ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു തന്റെ വലംകയ്യുടെ പരിപാലനത്തോടെ കനാനിൽ നട്ടുവളർത്തിയ മുന്തിരിവള്ളിയാണ് യിസ്രായേലെന്ന ദൈവപുത്രനും വാഗ്ദത്തസന്തതിയും. (സങ്കീ, 80:7-14). ദൈവം യിസ്രായേലിൻ്റെ വേലി പൊളിച്ചതുകൊണ്ട് അഥവാ തൻ്റെ കയ്യുടെ സംരക്ഷണം പിൻവലിച്ചതുകൊണ്ട്, സന്തതിയിപ്പോൾ വഴിപോക്കർക്ക് പരിഹാസ വിഷയമായി തീർന്നിരിക്കുകയാണ്. വാക്യങ്ങൾ 41,42: “വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയൽക്കാർക്കു അവൻ നിന്ദ ആയിത്തീർന്നിരിക്കുന്നു. നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയർത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.” വഴിപോകുന്നവർക്ക് കൊള്ളയിടുവാനും, ശത്രുക്കൾ സന്തോഷിക്കുവാനും തക്കവണ്ണം യിസ്രായേൽ ബലഹീനമായി തീർന്നിരിക്കുന്നു. വാക്യം 49: “കർത്താവേ, നിന്റെ വിശ്വസ്തതയിൽ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ?” ദാവീദിനോടുള്ള പണ്ടത്തെ കൃപകൾ അഥവാ സന്തതിയോടുള്ള വ്ഗ്ദത്തം ഓർക്കണമേയെന്ന് സങ്കീർത്തനക്കാരനായ ഏഥാൻ യഹോവയോട് പ്രാർത്ഥിക്കുകയാണ്. 

യിരെമ്യാപ്രവചനത്തിലും വാഗ്ദത്ത സന്തതി യിസ്രായേൽ ആണെന്നതിന് കൃത്യമായ തെളിവുണ്ട്: വാക്യം 33:20,21: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്റെ നിയമവും രാത്രിയോടുള്ള എന്റെ നിയമവും ദുർബ്ബലമാക്കുവാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എന്റെ ദാസനായ ദാവീദിന്നു അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്റെ ശുശ്രൂഷകന്മാരായ ലേവ്യപുരോഹിതന്മാരോടും ഉള്ള എന്റെ നിയമവും ദുർബ്ബലമായ്‍വരാം.” പകലിൻ്റെയും രാത്രിയുടെയും ഗതിവിഗതികൾ അഥവാ ദൈവം നിശ്ചയിച്ചിരിക്കുന്ന പ്രകൃതി നിയമങ്ങളെ ദുർബ്ബലമാക്കാൻ മനുഷ്യനു കഴിയാത്തിടത്തോളം കാലം, ദൈവത്തിൻ്റെ ദാസനായ ദാവീദിനോടുള്ള വാഗ്ദത്തസന്തതിയുടെ നിയമവും ദുർബ്ബലമായേക്കാൻ കഴിയില്ലെന്നാണ് ദൈവം പറയുന്നത്. വാക്യം 33:22: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാൻ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വർദ്ധിപ്പിക്കും.” ഇവിടെ നോക്കുക: “ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും,” ഇത് അബ്രാഹാമിനോടും (ഉല്, 22:17,18) യിസ്ഹാക്കിനോടും (ഉല്പ, 26:5) യാക്കോബിനോടും (ഉല്പ, 28:14) ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും ഭൂമിയിലേ പൊടിപോലെയും പെരുകുന്ന യിസ്രായേലെന്ന സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തത്തിന് തുല്യമാണ്. അടുത്തഭാഗം: പൂർവ്വപിതാക്കന്മാരോടുള്ള വാഗ്ദത്തം പോലെതന്നെ ദാവിദിൻ്റെ സന്തതിയെക്കുറിച്ചു: “എൻ്റെ ദാസനായ ദാവീദിൻ്റെ സന്തതിയെയും എന്റെ ശുശ്രൂഷകന്മാരായ ലേവ്യരെയും” എന്നിങ്ങനെ വേർതിരിച്ചു പറയുന്നത് നോക്കുക. ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളാണ്. പുരോഹിത ഗോത്രമായ ലേവ്യർ ദൈവത്തിൻ്റെ ശുശ്രൂഷകരാകയാൽ പന്ത്രണ്ട് ഗോത്രങ്ങളുടെ കൂട്ടത്തിൽ അവരെ എണ്ണിയിരുന്നില്ല; അതുകൊണ്ടാണ് ദാവീദിൻ്റെ സന്തതിയെയും ലേവ്യരെയും വർദ്ധിപ്പിക്കുമെന്ന് വേർതിരിച്ചു പറഞ്ഞിരിക്കുന്നത്. വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് സ്ഫടികസ്ഫുടം തെളിഞ്ഞുകഴിഞ്ഞു. 

ആവർത്തനപുസ്തകത്തിൽ യിസ്രായേലെന്ന വാഗ്ദത്ത സന്തതിയെക്കുറിച്ച് സൂചന നല്കുന്നു. (11:20). 2ശമൂവേലിലും (7:8-16) 1ദിനവൃത്താന്തത്തിലും (17:7-14) ദൈവം വാഗ്ദത്തം ചെയ്യുന്നു. യിരെമ്യാവിലും (33:20-22)  സങ്കീർത്തനത്തിലും (89:29-52) അത് സ്ഥിരീകരിക്കുന്നു. ദാനീയേലും (7:18-28) സങ്കീർത്തനവും (2:7-12) അത് പ്രഖ്യാപിക്കുന്നു. പുതിയനിയമത്തിൽ വാഗ്ദത്തസന്തതിയായ യിസ്രായേലിന്റെ ദൈവം അവർക്കായി അത് നിവൃത്തിക്കുന്നു. (ലൂക്കൊ, 1:33; 1:68; യോഹ, 1:49; എബ്രാ, 1:8; വെളി, 19:6)

ദാവീദിൻ്റെ സന്തതി പുതിയനിയമത്തിൽ

ക്രിസ്തു ഒലീവ് മലയരികെ ബേത്ത്ഫാഗയിൽനിന്നു യെരൂശലേം ദൈവാലയത്തിലേക്കു രാജകീയ പ്രവേശം ചെയ്യുമ്പോൾ, മുമ്പും പിമ്പും നടക്കുന്ന ജനസമൂഹം വിളിച്ചുപറയുന്നത്: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ: വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.” (മർക്കൊ, 11:9). “നമ്മുടെ പിതാവായ ദാവീദിൻ്റെ രാജ്യം,” ദാവീദ് യെഹൂദാ ഗ്രോത്രജരുടെ പൂർവ്വീകനെന്ന നിലയിൽ യഥാർത്ഥത്തിൽ ആ ഗ്രോത്രക്കാരുടെ മാത്രം പിതാവാണ് ദാവീദ്. എന്നാൽ, അവിടെ കൂടിവന്ന പന്ത്രണ്ട് ഗോത്രക്കാരും ഒരുപോലെ പറയുന്നത്: “നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നാണ്. അതായത്, തങ്ങൾ ദാവീദിൻ്റെ വാഗ്ദത്തസന്തതിയാണെന്ന് അവർ സമ്മതിക്കുകയാണ്. ക്രൈസ്തവസഭ സ്ഥാപിതമായശേഷമുള്ള പ്രഥമപ്രസംഗത്തിൽ പത്രൊസും അത് പറയുന്നുണ്ട്: “സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.” (പ്രവൃ, 2:29). “ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു,” യഥാർത്ഥത്തിൽ ദാവീദ് ഒരു ഗോത്രത്തിൻ്റെയും പിതാവല്ല. പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ദാവീദുമായി ഏകദേശം ആയിരം വർഷത്തെ അന്തരമുണ്ട്. അതിനാൽ ഏതെങ്കിലുമൊരു ഗോത്രത്തിൻ്റെ പിതാവെന്ന നിലയിലല്ല, യിസ്രായേലിലെ എല്ലാ ഗോത്രങ്ങളുടെയും പിതാവെന്ന നിലയിലാണ് ദാവീദിനെ ഗോത്രപിതാവെന്ന് പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാം. എന്തെന്നാൽ, പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാർക്കു ചുറ്റും കൂടിവന്ന സകലജാതികളിൽ നിന്നുമുള്ള പന്ത്രണ്ടും ഒന്നും പതിമൂന്നു ഗോത്രങ്ങളിലുമുള്ള ബഹുപുരുഷാരത്തോടാണ് പത്രൊസ് ഇത് പറയുന്നത്. അബ്രാഹാമിനെയും ഗോത്രപിതാവെന്നു വിശേഷിപ്പിച്ചിട്ടുണ്ട്: “ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.” (എബ്രാ, 7:4). അബ്രാഹാം മുഴുവൻ യെഹൂദന്മാരുടെയും പിതാവാണല്ലോ; എപ്രകാരം അബ്രാഹാമിനെ ഗ്രോത്രപിതാവെന്ന് വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരമാണ് ദാവീദിനെയും വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ യഥാർത്ഥത്തിലുള്ള പന്ത്രണ്ട് ഗോത്രപിതാക്കന്മാർ ഒഴികെ (പ്രവൃ, 7:8,9) ദാവീനെയും അബ്രാഹാമിനെയും മാത്രമാണ് ഗോത്രപിതാവെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. എന്തെന്നാൽ, യിസ്രായേൽ അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) ദാവീദിൻ്റെയും (സങ്കീ, 89:29) വാഗ്ദത്തസന്തതിയാണ്. [കാണുക: പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ]

ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവ്: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” (ലൂക്കോ, 1:32). “അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.” (ലൂക്കോ, 1:33). യേശുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ അവനെക്കുറിച്ച് മറിയയോട് പറയുന്ന രണ്ട് പ്രധാന വേദഭാഗമാണിത്. ഇതിനൊപ്പം യേശു പീലാത്തൊസിനോട് പറയുന്ന ഒരു വേഭാഗംകൂടി നോക്കാം: “എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36). തൻ്റെ രാജ്യം ഇഹലോകത്തിലല്ലെന്ന് താൻതന്നെ പറയുമ്പോൾ, ദാവീദിൻ്റെ സിംഹാസനത്തിലിരുന്നു വാഴുന്ന യഥാർത്ഥരാജാവ് യേശുവല്ലെന്ന് വ്യക്തമാണ്. പിന്നെയുള്ള നിത്യരാജാവ് യിസ്രായേലാണ്. ജാതികളെ ഇരുമ്പുകോൽകൊണ്ട് തകർക്കുന്നവനും ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പടുന്നവനും (സങ്കീ, 2:9,12), ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കി, സകലത്തെയും കാൽകീഴെയാക്കിയിരിക്കുന്നനും (സങ്കീ, 8:4-6), ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും (സങ്ക, 16:10), മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയത രാജാവും (സങ്കീ, 45:2,6), സൂര്യചന്ദ്രന്മാരുള്ളിടത്തോളം ശാശ്വത സിംഹാസനമുള്ളവനും (സങ്കീ, 89:36,37), ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന കർത്താവും (സങ്കീ, 110:1), ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശനും സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന നിത്യരാജാവുമാണ് (ദാനീ, 7:13,27) യിസ്രായേലെന്ന ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും. (പുറ, 4:22,23). ജഡത്താലുള്ള ബലഹീനതനിമിത്തം ദൈവം അവർക്ക് നല്കിയ വാഗ്ദത്തങ്ങളൊന്നും അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. (റോമ, 8:3). അതിനാൽ, സ്വന്തജനമായ യിസ്രായേലിനെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുവാനാണ് അവരുടെ ദൈവം യേശു എന്ന നാമത്തിൽ മനുഷ്യനായി വന്നത്: (മത്താ, 1:21). അതുകൊണ്ടാണ് അവരുടെ പദവികളെല്ലാം യേശുക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്. വെളിപ്പാട് 19:6-ൽ സർവ്വശക്തിയുള്ള ദൈവം രാജത്വം പ്രാപിക്കുന്നതായി കാണാം: “അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.” നിത്യരാജാവായ യേശുക്രിസ്തു രാജത്വം ഏല്ക്കുന്നത് സ്വന്തജനമായ യിസ്രായേലിന് വേണ്ടിയാണ്. ദാവീദിൻ്റെ സിംഹാസനത്തിലിരിക്കുന്ന വാഗ്ദത്തരാജാവ് യിസ്രായേലെന്ന ദാവീദിൻ്റെ പുത്രനാണ്. (സങ്കീ, 98:35-37). എന്നാൽ സ്വർഗ്ഗീയ രാജാവായ ദൈവത്തിൻ്റെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി അന്ന് രാജ്യം ഭരിക്കുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12).

ദാവീദിൻ്റെ പുത്രനും കർത്താവുമായ ക്രിസ്തു: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ? “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ” എന്നു ചോദിച്ചു. അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല.” (മത്താ 22:42-45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശുവിൻ്റെ ചോദ്യം ശ്രദ്ധേയമാണ്: “എന്നെക്കുറിച്ചു എന്തു തോന്നുന്നു എന്നല്ല ചോദ്യം; ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു” എന്നാണ്. യേശു ശിഷ്യന്മാരോടും ശമര്യരോടുമല്ലാതെ യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് പറഞ്ഞിരുന്നില്ല. കുറച്ചുപേർ അവനെ ക്രിസ്തുവായി മനസ്സിലാക്കിയിരുന്നെങ്കിലും, യെഹൂദന്മാരോട് താൻ ക്രിസ്തുവാണെന്ന് യേശു പറയുകയോ, അവർ അവനെ ക്രിസ്തുവായി വിശ്വസിക്കുകയോ ചെയ്തിരുന്നില്ല. അവർക്ക് അറിയാവുന്ന ക്രിസ്തു പഴയനിയമത്തിലെ ദാവീദിൻ്റെ സന്തതിയായ ക്രിസ്തു അഥവാ യിസ്രായേലാണ്. ദാവീദിൻ്റെസന്തതി എന്നത് പഴയനിയമത്തിൽ അഭിഷിക്തനായ നിത്യരാജാവിൻ്റെ അഥവാ യിസ്രായേലിൻ്റെ പദവിയാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). അതിനാലാണവർ ദാവീദുപുത്രൻ എന്നുത്തരം പറഞ്ഞത്. പഴയനിയമപ്രകാരം ദാവീദിൻ്റെ സിംഹാസനത്തിൽ ഇരിക്കേണ്ട നിത്യരാജാവായ മശീഹ അഥവാ യിസ്രായേൽ ദാവീദിൻ്റെ പുത്രനാണ്. അപ്പോൾത്തന്നെ സന്തതി രാജാവാകയാൽ ദാവീദിൻ്റെ കർത്താവ് അഥവാ യജമാനനുമാണ്. അതിനാലാണ് ദാവീദ് എൻ്റെ കർത്താവെന്ന് രാജാവിനെ വിളിക്കുന്നത്; രാജാവാകട്ടെ തൻ്റെ ജാതികളായ ശത്രുക്കളെ യഹോവ കാല്ക്കീഴിലാക്കിക്കൊടുക്കുവോളം യഹോവയുടെ വലത്തുഭാഗത്തു ഇരിക്കുകയാണ്. (സങ്കീ, 110:1). പഴയനിയമത്തിൽ ദാവിദിൻ്റെ പുത്രനും കർത്താവും യിസ്രായേലെന്ന ക്രിസ്തു ആയതുകൊണ്ടാണ്, ‘ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?’ എന്ന് യേശു യെഹൂദന്മാരോട് ചോദിച്ചത്; അല്ലാതെ തന്നെക്കുറിച്ചല്ല യേശു ചോദിച്ചത്. യിസ്രായേൽ ദാവീദിൻ്റെ സന്തതിയാകയാലാണ്, സ്വന്തജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിപ്പാൻ ജഡത്തിൽ വന്ന യേശുവിനെയും ദാവീദുപുത്രനെന്ന് വിളിക്കുന്നത്. (മർക്കൊ,10:48). ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാത്തതിനെ സാധിപ്പാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).  ജഡം സംബന്ധിച്ചാണ് യേശുക്രിസ്തു ദാവീദുപുത്രൻ ആയിരിക്കുന്നത്. (റോമ, 1:5). പഴയനിയമത്തിൽ സ്വന്തജനമായ യിസ്രായേലിന് ദൈവം കൊടുത്തിരുന്ന എല്ലാ പദവികളും പുതിയ നിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നത് കാണാം. പുതിയനിയമത്തിൻ ദാവീദുപുത്രനെന്ന പ്രയോഗം പതിനഞ്ച് പ്രാവശ്യമുണ്ട്. (മത്താ, 1:1; 9:27; 12:23; 15:22; 20:30; 20:31; 21:9; 21:15; 22:42; മർക്കൊ, 10:47; 10:48; 12:35; ലൂക്കൊ, 18:38; 18:39; 20:41). (കാണുക: യിസ്രായേലിൻ്റെ പദവികൾ

യഹോവ സ്വർഗ്ഗത്തിലെ നിത്യരാജാവാണ്. (സങ്കീ, 11:4; 29;14; 145:13; യിരെ, 10:10). പൂർവ്വപിതാക്കന്മാരൂടെ വാഗ്ദത്ത സന്തതിയും (ഉല്പ, 22:17,18; 26:5; 28:14), ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയുമായ യിസ്രായേലാണ് ഭൂമിയിലെ നിത്യരാജാവ്: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: 2ശമൂ, 7:13,16; 1ദിന, 17:12,14; സങ്കീ, 2:6; 89:4,36; ദാനീ, 7:14). ഒന്നുകൂടി വ്യക്തമാക്കിയാൽ: ജാതികളെ ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട ഭൗമികരാജാവാണ് യിസ്രായേൽ. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). ദൈവം ദാവീദിനോട് ചെയ്തിക്കുന്ന നിത്യനിയമത്തിൻ്റെ ഫലമാണ് യിസ്രായേലിന്റെ നിത്യരാജത്വം. (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15). യഹോവയുടെ വലത്തുഭാഗത്തിരിക്കുന്ന കർത്താവ് അഥവാ യജമാനനെന്ന പദവിയും യിസ്രായേലിന്റെയാണ്. (സങ്കീ, 110:1; 80:17). കൂടാതെ, പുത്രൻ, അഭിഷിക്തൻ, ആദ്യജാൻ തുടങ്ങി പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായ എല്ലാ പദവികളും ദൈവം യിസ്രായേലിനു നല്കിയതായിരുന്നു. അതിലൊരു പദവിയാണ് വാഗ്ദത്തസന്തതിയായ യിസ്രായേലിൻ്റെ നിത്യരാജത്വം. എന്നാൽ, ദൈവം യിസ്രായേലിന് നല്കിയ പദവികൾ അവരുടെ പാപംനിമിത്തം അവർക്ക് സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ യഹോവതന്നെ അഭിഷിക്ത മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ട് ആ പദവികളൊക്കെ അവർക്കുവേണ്ടി നിറവേറ്റുകയായിരുന്നു. യിസ്രായേലെന്ന അഭിഷിക്തനായ ദൈവപുത്രൻ്റെ പദവി അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ യേശുവെന്ന നാമത്തിൽ പ്രത്യക്ഷനായ മനുഷ്യനാണ് ചോദിക്കുന്നത്; ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? യിസ്രായേൽ യഥാർത്ഥത്തിൽ ദാവിൻ്റെ പുത്രനല്ല; ദാവീദിൻ്റെ പുത്രനെന്നത് യിസ്രായേലിന് ദൈവം കൊടുത്ത പദവിയാണ്; എന്നാൽ ദാവീദ് യിസ്രായേലിൽ നിന്ന് ഉത്ഭവിച്ചവനാകയാൽ അവൻ യിസ്രായേലിൻ്റെ പുത്രനാണ്. ഒപ്പം, ദാവീദിൻ്റെ വാഗ്ദത്തസന്തതി രാജാവാകയാൽ, പ്രജയെന്ന നിലയിൽ യിസ്രായേൽ ദാവീദിൻ്റെ യജമാനൻ അഥവാ കർത്താവുമാണ്. ദാവീദ് ആത്മാവിൽ കർത്താവെന്ന് വിളിക്കുന്നത് തൻ്റെ യജമാനനായ യിസ്രായേലെന്ന രാജാവിനെയാണ്. എന്നാൽ രാജാവാകട്ടെ, ഭൂമിയിലെ തൻ്റെ ശത്രുക്കളെല്ലാം പാദപീഠമാകുവോളം (ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ ശത്രുക്കളെയെല്ലാം നശിപ്പിച്ചു യിസ്രായേലിനും രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ. പ്രവൃ, 1:6) യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുകയാണ്. ന്യായപ്രമാണം അരച്ചുകലക്കി കുടിച്ചിരുന്നവർ എന്നഭിമാനിച്ചിരുന്ന പരീശന്മാർക്കും ശാസ്ത്രിമാർക്കും ഉത്തരം മുട്ടിയതവിടെയാണ്. (കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം

ഇന്നും അനേകർ യേശുക്രിസ്തുവിനെ അറിയാത്തതിൻ്റെ കാരണം, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലെന്ന അഭിഷിക്തൻ അഥവാ ക്രിസ്തുവിനെ അറിയാത്തതുകൊണ്ടാണ്. പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും പിതാക്കന്മാരുമുള്ള ഭൂമിയിലെ ഏകസന്തതി യിസ്രായേലാണ്. സർവ്വത്തിനും മീതെ ദൈവമായ യേശുക്രിസ്തു ജഡപ്രകാരം ജനിച്ചതും (പ്രത്യക്ഷനായതും) അവരിൽനിന്നാണ്. (റോമ, 9:4,5). സ്വന്തജനവും വാഗ്ദത്തസന്തതിയുമായ യിസ്രായേലിനെ രക്ഷിക്കാനാണ് യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32), ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വന്നത്. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21. ഒ.നോ: മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). യിസ്രായേലിനോടുള്ള ഹോശേയ പ്രവചനം യേശുക്രിസ്തുവിൽ നിവൃത്തിയാകുന്നതും നോക്കുക: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.” (11:1). “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു. (മത്താ, 2:15)

ദാവീദിൻ്റെ മ്ലേച്ഛമായൊരു പാപം പഴയനിയമത്തിൽ നാം കാണുന്നുണ്ട്. എന്നിട്ടും, ദാവീദിൻ്റെ സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തത്തിനു മാറ്റം ഭവിക്കാതിരുന്നത് വാക്കുപറഞ്ഞവൻ വിശ്വസ്തൻ ആയതുകൊണ്ടാണ്. ദാവീദ് രക്തം ചിന്തിയതുകൊണ്ട് ദൈവാലയം പണിയുന്നതിൽനിന്ന് ദാവീദിനെ വിലക്കിയതും നമുക്കറിയാം. എന്നിട്ടും ദൈവാലയത്തെക്കാൾ വലിയവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായ ദൈവം ദാവീദിൻ്റെ സന്തതിയെന്ന് വിളിക്കപ്പെടുവാൻ വേണ്ടി മനുഷ്യനായി വന്നത് വാക്കുമാറാനും ഭോഷ്ക്ക് പറയാനും കഴിയാത്ത ദൈവത്തിൻ്റെ നിശ്ചലകൃപയൊന്നു മാത്രമാണ്.

യേശുക്രിസ്തു ദൈവത്തിന്റെ നിത്യപുത്രനല്ലെങ്കിൽ ദൈവത്തിനു പിതാവായിരിക്കുവാൻ കഴിയില്ലെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. പഠിപ്പിക്കുന്നത് അബദ്ധമാണെന്നറിയാൻ അവർക്കിതുവരെ കഴിഞ്ഞിട്ടില്ല. പലവിധത്തിൽ അതിനെ വ്യക്തമാക്കാം: ഒന്ന്; ജഡപ്രകാരം ദാവീദിൻ്റെ സന്തതിയായി ജനിച്ച യേശുവെന്ന പരിശുദ്ധ മനുഷ്യൻ്റെ പിതാവാണ് ദൈവം; അല്ലാതെ, യേശുക്രിസ്തുവെന്ന മഹാദൈവത്തിൻ്റെ പിതാവല്ല. ദൈവത്തിനൊരു അപ്പനും ദൈവത്തിനൊരു മകനും ഉണ്ടെന്ന ദുരുപദേശം പഠിപ്പിക്കുകവഴി, ഏകസത്യദൈവത്തിന് എതിരേ നിലകൊള്ളുകയും, യേശുക്രിസ്തുവിൻ്റെ ദൈവത്വം പച്ചയ്ക്ക് നിഷേധിക്കുകയുമാണ് ത്രിത്വം ചെയ്യുന്നത്. രണ്ട്; യേശുക്രിസ്തുവെന്ന പരിശുദ്ധമനുഷ്യൻ ജനിക്കുന്നതിന് അഥവാ ചരിത്രമാകുന്നതിന് മുമ്പുതന്നെ ദൈവം സകല സൃഷ്ടികളുടെയും വിശേഷാൽ യിസ്രായേലിൻ്റെയും പിതാവായിരുന്നു. (യെശ, 64:6; മലാ, 2:10). അതിന് ത്രിത്വം പറയുന്ന ന്യായം: സർവ്വകാലങ്ങൾക്കും മുമ്പേ പിതാവിൽനിന്ന് ജനിച്ചവനാണ് ക്രിസ്തുവെന്ന് നിഖ്യാ വിശ്വാസപ്രമാണത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ്. പിതാവിൽനിന്ന് ജനിച്ചിട്ട് പിതാവിനോട് സമത്വമുള്ളവനാണ് പുത്രനെന്ന് പഠിപ്പിക്കുന്ന വിപരീതോപദേശത്തിൻ്റെ വക്താക്കളാണ് ത്രിത്വം. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളാണ് ത്രിത്വമെന്ന ദുരുപദേശം സഭയിൽ കടത്തിവിട്ടത്. അല്ലാതെ, അതിനൊന്നും ബൈബിളിൽ ഒരു സിംഗിൾ തെളിവുപോലുമില്ല. മൂന്ന്; “യഹോവ മാത്രമാണ് ദൈവമെന്നും” (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20; 44:24). ”പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും” (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; ആവ, 32:6; യെശ, 63:16; 64:8; മലാ, 2:10) പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുമ്പോൾ; യേശുക്രിസ്തു നിത്യപുത്രനും മറ്റൊരു വ്യക്തിയുമാണെങ്കിൽ പിന്നെയവന് ദൈവമായിരിക്കാൻ കഴിയില്ല. അപ്പോൾ പറയും: യേശുവിനെയും ദൈവമെന്ന് വിളിച്ചിട്ടുണ്ടല്ലോ. ശരിയാണ്; വീരനാംദൈവം (യെശ, 9:6), ദൈവം (യോഹ, 20:28), സർവ്വത്തിനും മീതെ ദൈവം (റോമ, 9:5), മഹാദൈവം (തീത്തൊ, 2:12), സത്യദൈവം (1യോഹ, 5:20). സർവ്വശക്തനായ ദൈവം (വെളി, 19:6) എന്നൊക്കെ വിളിച്ചിട്ടുണ്ട്. പക്ഷെ, യഹോവ മാത്രം ദൈവമെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും പറഞ്ഞാൽ; മറ്റാരും ദൈവമല്ലെന്നാണർത്ഥം. പിന്നെ പുത്രൻ മറ്റൊരു വ്യക്തിയാണെങ്കിൽ പുത്രനെ ദൈവമെന്ന് വിളിച്ചിരിക്കുന്ന കാരണത്താൽ ബൈബിൾ പരസ്പരവിരുദ്ധമായി മാറും. പിതാവായ ഏകദൈവമേയുള്ളു എന്നു പറയുന്നതും പുത്രൻ ദൈവമാണെന്ന് പറഞ്ഞിരിക്കുന്നതും ഒരുപോലെ ശരിയാകണം. അതിന് പിതാവായ യഹോവ തന്നെയാകണം പുത്രൻ അഥവാ യഹോവയുടെ മനുഷ്യപ്രത്യക്ഷതയാകണം. അപ്പോൾ യഹോവ മാത്രം ദൈവമെന്നും യേശു ദൈവമാണെന്നു പറയുന്നതും ഒരുപോലെ ശരിയാകും.

സുവിശേഷം: “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.” യേശുക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്ന് വിശ്വസിക്കുന്നവർക്ക് സുവിശേഷത്തിനാധാരമായ ക്രിസ്തു ആരുടെ പുത്രനാണെന്ന് ഗ്രഹിക്കുന്നില്ല. യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനായിരുന്നെങ്കിൽ സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? സുവിശേഷത്തിനാധാരമായ സാക്ഷാൽ ക്രിസ്തു യിസ്രായേലാണ്: “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ (യിസ്രായേൽ) മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). “നിന്റെ ദാസനായ ദാവീദിൻ നിമിത്തം നിന്റെ അഭിഷിക്തന്റെ (യിസ്രായേൽ) മുഖത്തെ തിരിച്ചു കളയരുതേ.” (സങ്കീ, 132:10. ഒ.നോ: 1ശമൂ, 2:10; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2; 18:50; 20:6; 28:8; 45:7; 84:9; 89:38; 89:51; 105:15; 132:17; വിലാ, 4:20; ഹബ, 3:13; യോഹ, 12:34; പ്രവൃ, 4:26). സകല ജാതികൾക്കും പ്രകാശം പരത്തുന്നവനാണ് യിസ്രായേലെന്ന ദൈവത്തിൻ്റെ ക്രിസ്തു: “യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.” (യെശ, 42:7). ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടത് യിസ്രായേലെന്ന ക്രിസ്തുവിലൂടെയാണ്: “നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.” (യെശ, 49:6. ഒ.നോ: പ്രവൃ, 13:47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്ന യേശുവിൻ്റ വാക്കുകളും (യോഹ, 4:22), യെരൂശലേമിലും യെഹൂദ്യയിലും തുടങ്ങി ഭൂമിയുടെ അറ്റത്തോളം സകല ജാതികളിലും സുവിശേഷം പ്രസംഗിക്കണമെന്ന് യേശു കല്പിച്ചതും ഓർക്കുക. (ലൂക്കൊ, 24:47; പ്രവൃ, 1:8). യിസ്രായേൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും നിശ്ചലകൃപകളുടെ അവകാശിയും ആയതുകൊണ്ടാണ്, ദൈവം തൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന് യിസ്രായേലിനെ ജാതികൾക്ക് വെളിച്ചമാക്കി വെച്ചത്. എന്നാൽ ജഡത്താലുള്ള ബലഹീനത നിമിത്തം യിസ്രായേലെന്ന ദൈവസന്തതിക്ക് സ്വയം രക്ഷ കണ്ടെത്താനോ സകല ജാതികൾക്കും പ്രകാശമായിത്തീരാനോ കഴിഞ്ഞില്ല. അതിനാൽ അവൻ്റെ ദൈവം അവൻ്റെ പദവിയായ ‘ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു’ തൻ്റെ സന്തതിക്കും സകലജാതികൾക്കും പ്രകാശമായിത്തീർന്നത്. അബ്രാഹാമിൻ്റെ വാഗ്ദത്ത പുത്രനും ദാവീദിൻ്റെ വാഗ്ദത്ത പുത്രനും വിശേഷാൽ ദൈവപുത്രനും മനുഷ്യപുത്രനും യിസ്രായേലാണ്;  അതിനാലാണ് അവൻ്റെ ദൈവമായ യഹോവ അവനെ രക്ഷിക്കാൻ യേശുവെന്ന നാമത്തിൽ മനുഷ്യനായപ്പോൾ, അവന്റെ പദവികളായ ദൈവപുത്രൻ മനുഷ്യപുത്രൻ അബ്രാഹാമിൻ്റെ പുത്രൻ ദാവീദുപുത്രൻ എന്നൊക്കെ വിളിക്കപ്പെട്ടത്. അല്ലാതെ സകലത്തിനും കാരണഭൂതനായ മഹാദൈവം ആരുടെയും പുത്രനല്ല; സകലത്തിൻ്റെയും സ്രഷ്ടാവാണ്. (എബ്രാ, 1:10). യേശുക്രിസ്തുവെന്ന മഹാദൈവമല്ല; യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ അഥവാ ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതി.  യേശുക്രിസ്തുവെന്ന മഹാദൈവമല്ല; യേശുവെന്ന അഭിഷിക്തനായ മനുഷ്യനാണ് സുവിശേഷം. യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവമല്ല ക്രൂശിൽ മരിച്ചത്; അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ്. (കാണുക: യിസ്രായേലിൻ്റെ പദവികൾ, ദൈവപുത്രൻ, ദൈവത്തിൻ്റെ ക്രിസ്തു)

ഉപസംഹാരം: നിത്യദൈവവും (ഉല്പ, 21:33; ആവ, 32:40; സങ്കീ, 90:2; യെശ, 40:28; വിലാ, 5:19) നിത്യരാജാവും (സങ്കീ, 145:13; യിരെ, 10:10) യുഗാന്ത്യരാജാവും (യെശ, 24:23; 33:22; 44:6; 53:7; യിരെ, 3:17; മീഖാ, 4:7; (ലൂക്കോ, 1:33. ഒ.നോ: യോഹ, 1:49-51; എബ്രാ, 1:8) യഹോവ അഥവാ യേശുക്രിസ്തുവാണ്. എന്നാൽ പൂർവ്വപിതാക്കന്മാരുടെയും (ഉല്പ, 22:17,18; 26:5; 28:13,14) ദാവീദിൻ്റെയും വാഗ്ദത്ത സന്തതിയായ രാജാവും (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89;28,33-35; 132:10-12; യെശ, 55:3; 61:8,9; യിരെ, 32:40; യിരെ, 33:15-22; 50:5; യെഹെ, 16:60; 37:26; ആമോ, 9:11-15) വിശേഷാൽ ദൈവത്തിൻ്റെ സന്തതിയുമായ (പുറ, 4:22; 4:23; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:7; 2:12; ഹോശേ, 11:1) ഭൂമിയിലെ നിത്യരാജാവ് യിസ്രായേലാണ്. (2ശമൂ, 7:13,16; 1ദിന, 17:11,12,14; സങ്കീ, 2:6,12; 89:29,36,37; യെശ, 40:23; 41:2; 49:7; 60:3,10,16; 62:2; ദാനീ, 7:14,21,27). എന്നാൽ യിസ്രായേലിനു ദൈവം യഥാസ്ഥാനത്താക്കി കൊടുക്കാനുള്ള നിത്യരാജ്യത്തിൽ സ്വർഗ്ഗീയരാജാവായ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭരണം നടത്തുന്നത് ദാവീദായിരിക്കും: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9). “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23. ഒ.നോ: യെശ, 55:3,4; യിരെ, 33:15-21; യെഹെ, 37:24-28; ഹോശേ, 3:5; ആമോ, 9:11,12).

“അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ.” (റോമ, 9:4,5)