പിതാവിൻ്റെ അടുക്കലുള്ള കാര്യസ്ഥൻ

പിതാവിൻ്റെ അടുക്കലുള്ള കാര്യസ്ഥൻ

“എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” (1യോഹ, 2:1)

ദൈവത്തിനു ബഹുത്വമുണ്ടെന്നു കാണിക്കാൻ ത്രിത്വം എടുക്കുന്ന വാക്യമാണ് മുകളിലുള്ളത്. ആ വാക്യം മനസ്സിലാക്കണമെങ്കിൽ ആദ്യം ദൈവത്തിൻ്റെ പ്രകൃതിയറിയണം. ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രം എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. യഹോവ ഒരുത്തൻ മാത്രം ദൈവം: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം (you alone are God over all the kingdoms of the earth) ആകുന്നു.” (2രാജാ, 19:15. ഒ.നോ: 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ.നോ: എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.” (ആവ, 32:39. ഒ.നോ: യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11. ഒ.നോ: യെശ, 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.” (ആവ, 4:35. ഒ.നോ: ആവ, 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: “യഹോവേ, നിനക്കു തുല്യൻ ആർ?” (സങ്കീ, 35:10. ഒ.നോ: പുറ, 15:11; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: “എൻ്റെ ദൈവമായ യഹോവേ, നിന്നോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5. ഒ.നോ: സങ്കീ, 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: “അവൻ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.” (ഇയ്യോ, 9:8. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6;  യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). യഹോവ വേറൊരു ദൈവവ്യക്തിയെയും അറിയുന്നില്ല (യെശ, 44:8), യിസ്രായേലും അറിയുന്നില്ല (ഹോശേ, 13:4), അപ്പൊസ്തലന്മാരും അറിയുന്നില്ല. (1കൊരി, 8:6). ഇനിയും അനേകം വാക്യങ്ങളുണ്ട്. പക്ഷെ, ദൈവം ഒരു വ്യക്തിയാണെന്ന് മനസ്സിലാക്കാൻ അവിശ്വാസിക്കുപോലും മേല്പറഞ്ഞ വാക്യങ്ങൾ മതിയാകുമെന്ന് കരുതുന്നു.

അദൃശ്യദൈവം

ദൈവം അദൃശ്യനാണ്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷതയായ ദൃശ്യരൂപമാണ് യഹോവയെന്ന നാമത്തിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നത്. (യെഹെ, 1:26-28; യെശ, 6:1-3; വെളി, 4:2-8). സ്വർഗ്ഗസിംഹാസനത്തിൽ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന ഈ ദൈവമാണ് ആകാശഭൂമികളുടെ സൃഷ്ടി നടത്തിയതും, ആദാമിനെ തൻ്റെ മനുഷ്യസദൃശമായ സ്വരൂപത്തിൽ സൃഷ്ടിച്ചതും. (ഉല്പ, 1:26,27). അദൃശ്യദൈവത്തിൻ്റെ പ്രത്യക്ഷത മറ്റൊരു ദൈവമാണെന്നോ വ്യക്തിയാണെന്നോ ആരും പറയില്ലല്ലോ? ആ ദൈവമാണ് പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി ഭൂമിയിൽ പ്രത്യക്ഷനായതും (പുറ, 6:3) മോശെ മുതൽ മലാഖി വരെയുലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ ഭൂമിൽ പ്രത്യക്ഷനായതും. (പുറ, 3:15; മലാ, 3:1). മീഖായാവ് (1രാജാ, 22:19; 2ദിന,18:18) യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10) തുടങ്ങിയവർ സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യത്തിലിരിക്കുന്ന യഹോവയെ കണ്ടിട്ടുണ്ട്. അതേ ദൈവമാണ് കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ ജനിച്ചവനായി (ഗലാ, 4:4), യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി പ്രത്യക്ഷനായത്. (1തിമൊ, 3:16). സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയിരുന്ന് രാപ്പകൽ ആരാധന സ്വീകരിക്കുന്നവനാണ് (യെശ, 6:1-4; യോഹ, 12:41; വെളി, 4:1-8; മത്താ, 18:11) പൂർണ്ണമനുഷ്യൻ മാത്രമായി ഭൂമിയിൽ വെളിപ്പെട്ട് മരണം വരിച്ചതും (ലൂക്കൊ, 1:68; യോഹ, 1:1; 1കൊരി, 15:21; 1തിമൊ, 2:5,6; 3:16; 2തിമൊ, 2:8; എബ്രാ, 2:14,15); പരിശുദ്ധാത്മാവെന്ന കാര്യസ്ഥനായി പ്രത്യക്ഷനായി (മത്താ, 3:16; പ്രവൃ, 2:3) വ്യക്തികളെ വീണ്ടും ജനിപ്പിച്ചുകൊണ്ട് ലോകാവസാനത്തോളം കൂടെയിരിക്കുന്നതും.  (മത്താ, 28:19; യോഹ, 3:6; 16:13).

ത്രിത്വത്തിൻ്റെ ദൈവവും ന്യായവാദങ്ങളും ബൈബിളിൻ്റെയല്ല; നിഖ്യാസുന്നഹദോസിൻ്റെയാണ്. “സർവ്വകാലങ്ങൾക്കു മുമ്പെ പിതാവിന് ഒരു പുത്രൻ ജനിച്ചെന്നും, ആ പുത്രൻ അവതരിച്ചതാണ് ക്രിസ്തു എന്നൊക്കെയാണ് സുന്നഹദോസ് പഠിപ്പിക്കുന്നത്.” കന്യകാമറിയയിൽ ഉരുവാകുന്നതിനു തൊട്ടുമുമ്പു മാത്രമാണ് യേശുവെന്ന പേരുപോലും നല്കപ്പെടുന്നത്. ദൈവത്തിൻ്റെ പ്രത്യക്ഷതയായ പുത്രൻ ജനനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നു പറയുന്നതിലും വലിയ അബദ്ധമെന്താണ്? പത്രൊസ് അപ്പൊസ്തലൻ പറയുന്നത് ശ്രദ്ധിക്കുക: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ലോകസ്ഥാപനത്തിനു മുമ്പെ ക്രിസ്തു ഉണ്ടായിരുന്നുവെന്നാണോ പറയുന്നത്? അല്ല. അന്നേ അറിയപ്പെട്ടവനാണ്; പക്ഷെ, വെളിപ്പെട്ടത് അന്ത്യകാലത്താണ്. (ഒ.നോ: എബ്രാ, 1:2). ഈ പ്രയാസവശത്തെയൊക്കെ തരണം ചെയ്യാനാണ് ദൈവത്തിൻ്റെ വെളിപ്പാടിനെ ഉപായിയായ സർപ്പം അവതാരമാക്കി മാറ്റിയത്. അവതാരം (incarnation) എന്നത് സത്യദൈവത്തിൻ്റെ പ്രകൃതിക്ക് യോജിച്ചതല്ല. പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവത്തിനുള്ളത് വെളിപ്പാട് (manifestation) അഥവാ പ്രത്യക്ഷതയാണുള്ളത്. സത്യദൈവം അവതാരം എടുത്തില്ല എന്നല്ല; അവതാരമെടുക്കാൻ കഴിയില്ലെന്നതാണ് വിഷയം. കാരണം, സത്യദൈവം ഗതിഭേദത്താലുള്ള ആഛാദനം ഇല്ലാത്തവൻ അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനാണ്. (യാക്കോ, 1:17). മാറാത്തവനും നിത്യനുമായ ദൈവത്തിന് തൻ്റെ സ്ഥായിയായ രൂപം ത്യജിക്കാനോ തൻ്റെ പ്രകൃതിക്കോ മാറ്റം വരുത്താനോ കഴിയാതിരിക്കെ എങ്ങനെ അവതരിക്കാൻ കഴിയും? (മലാ, 3:6; 2തിമൊ, 2:13). അല്ലെങ്കിൽ, താൻ ഇച്ഛിക്കുന്നവൻ്റെ മുമ്പിൽ അവർക്ക് ഗോചരമായ വിധത്തിൽ തന്നെത്തന്നെ വെളിപ്പെടുത്താൻ കഴിവുള്ള സർവ്വശക്തൻ തൻ്റെ പ്രകൃതിക്കു വിരുദ്ധമായി എന്തിനവതരിക്കണം?

വിസ്താരഭയത്താൽ ത്രിത്വത്തിൻ്റെ എല്ലാ ഉപദേശങ്ങളെയും ഖണ്ഡിക്കാതെ, ദൈവത്തിൻ്റ പ്രത്യക്ഷതയെക്കുറിച്ച് ഒരുകാര്യം പറഞ്ഞാൽ, ത്രിത്വം ദുരുപദേശമാണെന്ന് വേഗത്തിൽ മനസ്സിലാക്കാം. ഏകദൈവത്തെ മൂന്നു വ്യത്യസ്ത വ്യക്തികളായി മനസ്സിലാക്കിയാലുള്ള കുഴപ്പമെന്താണെന്ന് ചോദിച്ചാൽ, നമുക്ക് ദൈവത്തെ വ്യക്തികളായി ഒന്നെണ്ണിനോക്കിയാലറിയാം: ഒന്ന്; അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം. (കൊലൊ, 1:15; യോഹ, 1:18; 1തിമൊ, 6:16). രണ്ട്; സിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന യഹോവ: ദൂതന്മാർ നിത്യം മുഖം കണ്ടാരാധിക്കുന്നു; ഭക്തന്മാരും കണ്ടിട്ടുണ്ട്. (യെഹെ, 1:28; മത്താ, 18:11; വെളി, 4:8). മൂന്ന്; ജഡത്തിൽ വെളിപ്പെട്ട യേശുക്രിസ്തു: (1തിമൊ, 3:16). നാല്; ഭൂമിയിൽ പ്രത്യക്ഷനായ പരിശുദ്ധാത്മാവ്: (മത്താ, 3:16; പ്രവൃ, 2:3). അദൃശ്യദൈവം വ്യക്തിയല്ലെന്ന് ആരെങ്കിലും പറയുമോ? ആകെ എത്ര വ്യക്തികളായി? നാല്. അദൃശ്യദൈവത്തിൻ്റെ മൂന്നു പ്രത്യക്ഷതകളും പദവികളുമല്ലാതെ, വ്യക്തികളായി എണ്ണിയാൽ ദൈവം ത്രിത്വത്തിൽ കൊള്ളില്ല; ചതുർത്വമായി മാറും. അതുകൊണ്ടാണ് പൗലൊസ് പറയുന്നത്; ഏകദൈവമല്ലാതെ ദൈവമില്ല എന്നു നാം അറിയുന്നു. ഇതാണ് ദൈവത്തെക്കുറിച്ചുള്ള അറിവ്.

ദൈവം ത്രിത്വമല്ല; ഏകനാണെന്ന് നാം മുകളിൽ കണ്ടു. എന്നാൽ നമ്മുടെ ചിന്താവിഷയം; യോഹന്നാൻ പറഞ്ഞ പിതാവിൻ്റെ അടുക്കലുള്ള യേശുക്രിസ്തുവെന്ന കാര്യസ്ഥനാണ്. അത് മനസ്സിലാക്കാൻ സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതാരെയാണെന്നുകൂടി നാം പരിശോധിക്കണം. “അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.” (പ്രവൃ, 7:55,56). അവിടെ, അദൃശ്യദൈവത്തിൻ്റെ മഹത്വത്തെയാണ് ദൈവമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലാതെ യഹോവയെയും യേശുക്രിസ്തുവിനെയുമല്ല അവിടെ കണ്ടത്. അപ്പോൾ ഒരു ചോദ്യം വരും: സാറാഫുകൾ നിത്യം മുഖം കണ്ടാരാധിക്കുന്ന യഹോവ എവിടെപ്പോയി? മുകളിൽ പറഞ്ഞതാണ്; ഒന്നുകൂടി വ്യക്തമാക്കാം. സ്വർഗ്ഗസിംഹാസനത്തിലിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന യഹോവയുടെ പ്രത്യക്ഷത തന്നെയാണ് യേശുക്രിസ്തു. “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത ദൈവം (യാക്കോ, 1:17) തൻ്റെ സ്ഥായിയായ അവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ, മറ്റെവിടെയും താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്കു ഗോചരമാകും വിധത്തിൽ തന്നെത്തന്നെ ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത.” ജഡത്തിൽ യേശു ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യൻ മാത്രമാണ്. (യോഹ, 1:1; 1തിമൊ, 2:5,6; 3:16). യേശു പറയുന്നു; “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13. ഒ.നോ: വെളി, 1:4). സ്വർഗ്ഗത്തിൽ ഇരിക്കുന്നവൻ തന്നെയാണ് മനുഷ്യപുത്രനായി ഭൂമിയിൽ വന്നത്. “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു” എന്നും യേശു പറഞ്ഞു. (മത്താ, 18:11). പ്രത്യക്ഷനായവൻ സ്വർഗ്ഗാരോഹണംചെയ്ത് അപ്രത്യക്ഷമായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ലല്ലോ? 

ഇനി നമുക്കൊന്ന് മറിച്ചു ചിന്തിച്ചുനോക്കാം: സ്തെഫാനോസ് രണ്ട് വ്യക്തികളെ സ്വർഗ്ഗത്തിൽ കണ്ടുവെന്നിരിക്കട്ടെ. പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ട്. (പ്രവൃ, 2:1-4). ത്രിത്വം പറയുന്ന മൂന്ന് വ്യക്തിയുമായല്ലോ. അപ്പോൾ ആരുമൊരുനാളും കാണാത്ത അദൃശ്യദൈവം ആരാണ്? അദൃശ്യദൈവവും ചേർന്നാൽ നാല് വ്യക്തിയാകും. വെളിപ്പാടിൽ ദൈവത്തിൻ്റെ സിഹാസനത്തിനു മുമ്പിലുള്ള ഏഴാത്മാക്കളെക്കുറിച്ച് പറയുന്നുണ്ട്. (1:4; 4:5). ഈ ആത്മാക്കളൊക്കെ എവിടെ കൊള്ളിക്കും? ഈ ഏഴാത്മാവും കൂടിച്ചേർന്നാൽ വ്യക്തികൾ പതിനൊന്നായി. അടുത്തത്: ആത്മാക്കളുടെ ഉടയവൻ സ്രഷ്ടാവും പിതാവുമായ യഹോവയാണ്: “അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.” (സംഖ്യാ, 16:22). “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.” (സംഖ്യാ, 27:17. ഒ.നോ: സങ്കീ, 31:5; 1പത്രൊ, 4:19). യഹോവയെയും അവൻ്റെ പുത്രനായ യേശുവിനെയുമാണ് സ്തെഫാനോസ് കണ്ടതെങ്കിൽ എന്തുകൊണ്ടാണ് ആത്മാക്കളുടെ ഉടയവനായ യഹോവയുടെ കയ്യിൽ തൻ്റെ ആത്മാവിനെ ഏല്പിക്കാതെ, യേശുവിൻ്റെ കയ്യിൽ തൻ്റെ ആത്മാവിനെ ഏല്പിച്ചത്? (പ്രവൃ, 7:59). യഹോവ തന്നെയാണ് യേശുക്രിസ്തു: മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ അരുളപ്പാടുപോല ഒരു പുതിയനിയമം സ്ഥാപിതമായിക്കഴിഞ്ഞപ്പോൾ (യിരെ, 31:31-34; എബ്രാ, 8:8-13; ലൂക്കൊ, 22:20), പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19).

പിതാവിൻ്റെ നാമം പുതിയനിയമത്തിൽ ഇല്ലെന്നാണ് അനേകരും കരുതുന്നത്. പുത്രൻ്റെ നാമംതന്നെയാണ് പിതാവിൻ്റെ നാമവും. യേശു പറയുന്നു: “പിതാവേ, നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമം.” (യോഹ, 17:11,12. ഒ.നോ: സങ്കീ, 118:26; മത്താ, 21:9; 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38; യോഹ, 5:43; 10:25; 12:13; 12:28; 17:1; 17:6; 17:26). യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് പരിശുദ്ധാത്മാവ് വരുന്നത്. (യോഹ, 14:26). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിന് മുന്നോടിയായിട്ടാണ് ദൈവം തൻ്റെ യഹോവയെന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 6:3). അതിനു മുമ്പൊരിക്കലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. പുതിയനിയമസ്ഥാപനത്തിനു മുന്നോടിയായാണ് തൻ്റെ പ്രത്യക്ഷതയായ ദൈവപുത്രന് തൻ്റെ പുതിയ നാമമായ യേശു അഥവാ യെഹോശൂവാ എന്ന നാമം ദൈവം നല്കുന്നത്. (മത്താ, 1:21; ലൂക്കൊ, 1:31). പുതിയനിയമം സ്ഥാപിതമായതോടുകൂടി, പിതാവിൻ്റെയും (യോഹ, 17:11) പുത്രൻ്റെയും (മത്താ, 1:21) പരിശുദ്ധാത്മാവിൻ്റെയും (യോഹ, 14:26) നാമം (മത്താ, 28:19) യേശുക്രിസ്തു എന്നായി. (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). അപ്പസ്തലന്മാരിൽ പ്രഥമനും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനുമായ പത്രൊസ് വിളിച്ചുപറയുന്നു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). യേശുക്രിസ്തു എന്ന നാമമല്ലാതെ മറ്റൊരു നാമവും ഇല്ലെന്ന് പറഞ്ഞാൽ; നാമമില്ലാത്ത വ്യക്തികളുണ്ടെന്നാണോ? വ്യക്തികളുമില്ല മറ്റു നാമവുമില്ല; ഏകദൈവവും ഏകനാമവുമേയുള്ളു. അതാണ് യേശുക്രിസ്തു.

നമുക്കുവേണ്ടി ക്രൂശിൽമരിച്ച ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യൻ ഏകദേശം 33½ വർഷമാണുണ്ടായിരുന്നത്. ജനനത്തിനുമുമ്പെ അവനില്ലായിരുന്നു; സ്വർഗ്ഗാരോഹണത്തിനു ശേഷവും മറ്റൊരു വ്യക്തിയെന്ന നിലയിൽ അവനില്ല. ദൈവത്തിൻ്റെ ഭൂമിയിലെ പ്രത്യക്ഷതകളൊന്നും നിത്യമല്ല. പ്രത്യക്ഷതകളൊക്കെ നിത്യമാണെങ്കിൽ, മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷമായ പുരുഷനും (ഉല്പ, 18:1), മോശെയ്ക്ക് ഹോരേബിൽവെച്ച് മുൾപ്പടർപ്പിൽ പ്രത്യക്ഷമായ തീയും (പുറ, 3:2), മരുഭൂമിയിൽ വഴികാണിക്കാൻ പ്രത്യക്ഷമായ മേഘസ്തംഭവും (പുറ, 13:21), രാത്രി വെളിച്ചം കൊടുക്കേണ്ടതിനു പ്രത്യക്ഷമായ അഗ്നിസ്തംഭവും (പുറ, 13:21), സമാഗമന കൂടാരത്തിലും (ലേവ്യ, 9:23), ദൈവാലയത്തിൽ പ്രത്യക്ഷമായ തേജസ്സും (2ദിന, 5:14) എല്ലാം മറ്റൊരു വ്യക്തിയും വസ്തുക്കളുമായി ദൈവസിംഹാസനത്തിൻ്റെ അടുത്ത് നിത്യമായി ഉണ്ടാകേണ്ടതല്ലേ? അധികമൊന്നും ചിന്തിക്കണ്ട: അബ്രഹാമിൻ്റെ മുമ്പിൽ പ്രത്യക്ഷനായ യഹോവയെന്ന മനുഷ്യൻ ആറേഴുനാഴിക അവനോടുകൂടെ ചിലവഴിച്ച് ഭക്ഷണപാനീയങ്ങൾ കഴിക്കയും, സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തം നല്കുകയും, സോദോമിനെക്കുറിച്ച് ദീർഘനേരം സംസാരിക്കുകയും ചെയ്തശേഷം മടങ്ങിയതായിക്കാണാം. (ഉല്പ, 18:1-19:1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായി അപ്രത്യക്ഷനായ ആ മനുഷ്യൻ മറ്റൊരു വ്യക്തിയായി സ്വർഗ്ഗത്തിൽ ഇല്ലെങ്കിൽ യേശുവെന്ന പാപമറിയാതെ ജനിച്ച് ക്രൂശിൽ മരിച്ചുയിർത്ത് സ്വർഗ്ഗാരോഹണം ചെയ്ത് അപ്രത്യക്ഷമായ മനുഷ്യനും മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. അവനിനി വീണ്ടും മനുഷ്യപുത്രനായി പ്രത്യക്ഷമാകുകയാണ് ചെയ്യുന്നത്. (മത്താ, 24:30). അപ്പോൾ ഒരു ചോദ്യം വരും: യേശുക്രിസ്തു ആദ്യനും അന്ത്യനും (വെളി, 1:17) ഇന്നെലെയും ഇന്നുമെന്നേക്കും അനന്യൻ (എബ്രാ, 13:8) എന്നൊക്കെ പറഞ്ഞിട്ടുണ്ടല്ലോ? യേശുക്രിസ്തുവിൻ്റെ നിത്യമായ അസ്തിത്വം പുത്രത്വമല്ല; പുത്രത്വം മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ ദൈവപിതാവെടുത്ത പദവി മാത്രമാണ്. (ലൂക്കൊ,1:332,35). മഹാദൈവമായ യേശുക്രിസ്തുവിൻ്റെ നിത്യമായ അസ്തിത്വം എന്താണെന്ന് പൗലോസ് വ്യക്തമാക്കുന്നുണ്ട്: അദൃശ്യദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന പ്രതിമ അഥവാ പ്രതിരൂപമാണ് യേശുക്രിസ്തു. (യെഹെ, 1:28; 2കൊരി, 4:4; കൊലൊ, 1:15; 1:17; 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:18; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:9,10). അവൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ. ദൈവത്തിൻ്റെ പ്രതിരൂപമായവനാണ് സ്വർഗ്ഗസിംഹാസനത്തിൽ മനഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരുന്നുകൊണ്ട് (യെഹെ, 1:26) ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്ടിച്ചതും (യോഹ, 1:3, 10; കൊലൊ, 1:16; എബ്രാ, 1:2); ആദ്യമനുഷ്യനായ ആദാമിനെ നിലത്തെ പൊടികൊണ്ട് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞതും (ഉല്പ, 1:26,27; 2:7; റോമ, 5:14). വരുവാനുള്ളവൻ്റെ പ്രതിരൂപമെന്ന് ആദാമിനെക്കുറിച്ച് പറയുന്നത് നോക്കുക. (റോമ, 5:14). ആദാമിനെ സൃഷ്ടിച്ച യഹോവ തന്നെയാണ് യേശുക്രിസ്തു; സ്വർഗ്ഗസിംഹാസനത്തിലിരുന്ന് രാപ്പകൽ ആരാധന സ്വികരിക്കുന്നതാണ് അവൻ്റെ നിത്യമായ അസ്തിത്വം. ഫിലിപ്പിയർ 2:10,11 ഇതിനൊപ്പം ചിന്തിക്കണം: “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.” യേശുക്രിസ്തുവിൻ്റെ മുമ്പിൽ മുഴങ്കാൽ മടക്കുമ്പോൾ പിതാവായ ദൈവം മഹത്വപ്പെടുന്നതെങ്ങനെയാണ്? മറ്റൊരു പിതാവുണ്ടോ? ഇല്ല. അവിടെ അദൃശ്യദൈവത്തെയാണ് പിതാവായ ദൈവമെന്ന് പറയുന്നത്. സ്തെഫാനോസ് കാണുന്നത് അദൃശ്യദൈവത്തിൻ്റെ മഹത്വവും യേശുക്രിസ്തുവിനെയുമാണ്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ആത്മാവായ അദൃശ്യദൈവത്തെ ആർക്കും കാണാനോ അവൻ്റെ മുമ്പിൽ മുഴങ്കാൽ മടക്കാനോ കഴിയില്ല. അദൃശ്യദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന യേശുക്രിസ്തുവിൻ്റെ മുമ്പിൽ മുഴങ്കാൽ മടക്കുമ്പോഴാണ് അദൃശ്യദൈവത്തിന് മഹത്വം ഉണ്ടാകുന്നത്. നാം സ്വർഗ്ഗത്തിൽ ചെന്നാലും യേശുക്രിസ്തുവിനെയല്ലാതെ മറ്റൊരു ദൈവവ്യക്തിയെ കാണുകയില്ല.

ഇനി യോഹന്നാൻ പറഞ്ഞ കാര്യം നമുക്ക് മനസ്സിലാകും: “ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” നമുക്ക് പിതാവും പുത്രനും പരിശുദ്ധാത്മാവുമായി സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന യേശുക്രിസ്തുവെന്ന ഒരു ദൈവമേയുള്ളു. അവൻ തന്നെയാണ് നമ്മെ പരിപാലിക്കുന്ന പിതാവും, ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്ത് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന മഹാപുരോഹിതനും, പരിശുദ്ധാത്മാവായി പ്രത്യക്ഷനായി നമ്മെ വീണ്ടും ജനിപ്പിച്ചുകൊണ്ട് ലോകാവസാനത്തോളും നമ്മോടുകൂടി വസിക്കുന്നവനും. (മത്താ, 28:19). “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും” എന്ന് അവൻ പറഞ്ഞതോർക്കുക. (യോഹ, 14:18). യോഹന്നാൻ അപ്പൊസ്തലൻ പറയുന്ന പിതാവ് അദൃശ്യനായ ദൈവമാണ്; ദൈവമഹത്വത്തിൻ്റെ അടുത്തു നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന യേശുക്രിസ്തുവും ഉണ്ട്. (റോമ, 8:34). അവനാണ് അദൃശ്യദൈവത്തിൻ്റെ പ്രതിമ. (കൊലൊ, 1:15). സ്തെഫാനോസ് അദൃശ്യദൈവത്തിൻ്റെ മഹത്വവും യേശുക്രിസ്തുവിനെയും കണ്ടതോർക്കുക. (പ്രവൃ, 7:55). പിതാവിൻ്റെ അടുക്കൽ നമ്മുടെ കാര്യസ്ഥനായ യേശുക്രിസ്തു ഉണ്ടെന്നുള്ളതാണ് നമ്മുടെ ഉറപ്പും ബലവും പ്രത്യാശയും. അവൻ നമ്മെ തൻ്റെ സ്വരുപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവവും നമ്മുടെ പാപങ്ങളെപ്രതി മദ്ധ്യസ്ഥനും മറുവിലയുമായി മരിച്ച കർത്താവുമാണ്. പിതാവായ ഏകദൈവവും യേശുക്രിസ്തുവെന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലൊസ് പറയുമ്പോൾ; അപ്പൊസ്തലനായ തോമാസ് അവനെ അടിവണങ്ങിക്കൊണ്ട്: “എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നു വിളിക്കുന്നു. (1കൊരി, 8:6; യോഹ, 20:28). 

“എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6)

Leave a Reply

Your email address will not be published.