ഞാനും പിതാവും ഒന്നാകുന്നു

ഞാനും പിതാവും ഒന്നാകുന്നു

“ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30)

‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന് യേശു പറയുന്നതിനെ, അത് ഐക്യത്തിലുള്ള ഒന്നാകലിനെ കുറിച്ചാണെന്നും പിതാവും പുത്രനും സമനിത്യരായ രണ്ട് വ്യക്തിയാണെന്നും ത്രിത്വവിശ്വാസം പഠിപ്പിക്കുന്നു. ത്രിത്വം മാത്രമല്ല, യഹോവസാക്ഷികളും ക്രിസ്സ്റ്റാഡെൽഫിയൻസും തുടങ്ങി യേശുവിനെ യഥാർത്ഥമായി അറിയാത്തവരെല്ലാം ആ വാക്യം പിതാവിൻ്റെയും പുത്രൻ്റെയും ഐക്യത്തെ കുറിക്കുന്നതായി കരുതുന്നു. ത്രിത്വം, യേശുവിൻ്റെ ദൈവത്വം അംഗീകരിക്കുന്നു എന്ന് പറയുമ്പോൾത്തന്നെ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം പിതാവുമാത്രമാണെന്ന് അറിയാതിരിക്കുകയോ, അറിഞ്ഞിട്ടും അംഗീകരിക്കാതിരിക്കുകയോ ചെയ്കവഴി അവരും യേശുവിൻ്റെ ദൈവത്വം നിഷേധിക്കുകയാണ് ചെയ്യുന്നത്. [ഏകസത്യദൈവമായ പിതാവിനെയും” (യോഹ, 17:3), പിതാവായ ഏക ദൈവമേ നമുക്കുള്ളു (1കൊരി, 8:6) ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6), ദൈവമോ ഒരുത്തൻ മാത്രം. (ഗലാ, 3:20), യഹോവ ഒരുത്തൻ മാത്രം ദൈവം (2രാജാ, 19:15) തുടങ്ങിയ വേദഭാഗങ്ങൾ കുറിക്കൊള്ളുക]. “ഞാനും പിതാവും ഒന്നാകുന്നു” എന്നും “നാം, നമ്മെപ്പോലെ ഒന്നാകുക” എന്നിങ്ങനെ ഇരുവിധമായ പ്രയോഗങ്ങൾ യേശുവിൻ്റേതായുണ്ട്. ഭാഷയുടെ വ്യാകരണ നിയമപ്രകാരം രണ്ടു പ്രയോഗങ്ങൾക്കും ഒരേ അർത്ഥമാണോ ഉള്ളത്? ത്രിത്വോപദേശം വഞ്ചനയുടെ വേറിട്ട മുഖമാകുന്നതെങ്ങനെയെന്ന് ദൈവത്തിൻ്റെ വചനം നമ്മോടു പറയും:

ഞാനും പിതാവും ഒന്നാകുന്നു (I and my Father are one) എന്നുപറഞ്ഞാൽ എന്താണർത്ഥമാക്കുന്നത്? ത്രിത്വം പഠിപ്പിക്കുന്നതുപോലെ നിത്യരായ രണ്ട് വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാകലാണോ? അല്ല. ട്രിനിറ്റിയുടെ പഠിപ്പിക്കൽ ഭാഷയുടെ വ്യാകരണനിയമപ്രകാരം ശരിയല്ല. അത് തെളിയിക്കാൻ മറ്റൊരു പരിഭാഷ ആദ്യം കാണിക്കാം: സുറിയാനി ബൈബിൾ പരിഭാഷയായ പെശീത്തയിൽ (Peshitta), “ഞാനും എൻ്റെ പിതാവും ഞങ്ങളൊന്നാകുന്നു” എന്നിങ്ങനെ ആ വാക്യത്തെ അവർ തിരുത്തിയിട്ടുണ്ട്. ഞാൻ സുറിയാനിക്കാരെ ന്യായീകരിച്ചതല്ല; അവരും ത്രിത്വവിശ്വസികളാണ്. അവർ ബോധപൂർവ്വം ബൈബിൾ തിരുത്തുകവഴി അഥവാ ‘ഞങ്ങൾ‘ എന്ന പദം അതിൽ കൂട്ടുചേർക്കുകവഴി ദൈവസന്നിധിയിൽ കുറ്റക്കാരായിരിക്കുകയാണ്. എങ്കിലും എന്തുകൊണ്ടായിരിക്കും അവർ അങ്ങനെ തിരുത്തിയത്? ആ വാക്യം നിത്യരായ രണ്ട് വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാകലിനെ കുറിക്കുന്നതല്ല അഥവാ വ്യാകരണനിയമപ്രകാരം ത്രിത്വത്തിന് എതിരായതുകൊണ്ടാണ് അവർ ആ വാക്യം തിരുത്തിയത്. എന്താണതിലെ തെറ്റെന്ന് മനസ്സിലാക്കാൻ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്നതും ‘ഐക്യത്തിലുള്ള ഒന്നാകൽ അഥവാ പലരായവർ ഒന്നാകുന്നതും’ തമ്മിലുള്ള വ്യത്യാസമെന്താണെന്ന് നോക്കിയാൽ മാത്രംമതി. തെളിവുകളിലേക്ക് കടക്കുന്നതിനുമുമ്പ് വേഗത്തിൽ അത് മനസ്സിലാക്കാൻ ഒരുകാര്യം പറയാം: ഞാനും പിതാവും ഒന്നാകുന്നുവെന്ന് ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ ലോകത്തിൽ ഒരു മനുഷ്യനും പറയാൻ കഴിയില്ല. എന്നാൽ ഞങ്ങൾ ഒന്നാകുന്നുവെന്ന് പലർ ചേർന്ന് ഐക്യത്തിൽ ഒന്നായിരിക്കുന്ന ലോകത്തിലെ എല്ലാ മനുഷ്യർക്കും പറയാം. (ഉദാ: സ്നേഹിതന്മാർക്കും, കുടുംബത്തിനും, പ്രസ്ഥാനത്തിനും, സഭയ്ക്കും, സമൂഹത്തിനും പറയാം) 

ജനം ഒന്നു: “ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു.” (ഉല്പ, 11:6). വ്യത്യസ്ഥരായ അനേകം വ്യക്തികൾ ചേർന്ന് ഒന്നായിരിക്കുന്നു, അവരെല്ലാവരും ഒരു ഭാഷ സംസാരിക്കുകയും ചെയ്യുന്നു. ഇതാണ് ഒന്നിലധികം വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാകൽ എന്ന് പറയുന്നത്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുള്ളത്: പലരായ ജനം ഒരു വ്യക്തിയാകുകയല്ല ചെയ്യുന്നത്; വ്യത്യസ്ത വ്യക്തികൾ മാനസികമായി ഒന്നാകുകയാണ്; അഥവാ പലരായ അവർ ഐക്യത്തിൽ നിലനില്ക്കുകയാണ് ചെയ്യുന്നത്. ഐക്യമെന്നാൽ: ഒന്നായിരിക്കുന്ന അവസ്ഥ, ഏകഭാവം, യോജിപ്പ് എന്നൊക്കെയാണ് അർത്ഥം. ഇവിടെ ഒന്നെന്നു പറയുന്നത് പലരായ ജനത്തെയല്ല: അവരുടെ ഏകഭാവം അഥവാ യോജിപ്പിനെയാണ്. കുറച്ചുകഴിഞ്ഞപ്പോൾ ദൈവം അവരുടെ ഭാഷ കലക്കി; അപ്പോൾ അവർ ഭിന്നിച്ച് പിരിഞ്ഞ് വ്യത്യസ്ത ഭാഷക്കാരായി മാറി. (ഉല്പ, 11:7-9). അവരുടെ ഐക്യത നഷ്ടമായപ്പോൾ പിന്നെ ആ ജനം ഒന്നല്ല, പലരായി മാറി. അവർ ഒരു ദേഹമായിത്തീരും: “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” (ഉല്പ, 2:24). ഇത് ആദാമിനെയും ഹവ്വയെയും കുറിച്ച് ദൈവം പറയുന്നതാണ്. നമുക്കറിയാം: അവർ ഒരു ദേഹമായിത്തീരുമെന്ന് പറഞ്ഞാൽ; രണ്ടുപേരുംകൂടി യഥാർത്ഥത്തിൽ ഒരു ശരീരമാകുമെന്നോ, ഒരു വ്യക്തിയാകുമെന്നോ, ഒരു മനുഷ്യനാകുമെന്നോ ഉള്ള അർത്ഥമല്ലവിടെ; അവർ ദാമ്പത്യബന്ധത്തിലൂടെ ഒന്നാകുന്നതിനെയാണ്. ‘ഒരു ദേഹം’ എന്നു വിവക്ഷിച്ചിരിക്കുന്നത് ആദത്തെയും ഹവ്വായെയുമല്ല; അവരുടെ ദാമ്പത്യത്തെയാണ്. അവർ ദാമ്പത്യമെന്ന സംവിധാനത്തിൽ ഒന്നായാലും അവർ വ്യത്യസ്തരായ രണ്ടു വ്യക്തികൾ തന്നെയായിരിക്കും. പരീശന്മാർ വന്ന് ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോയെന്ന് ചോദിക്കുമ്പോൾ യേശു, “ഇരുവരും ഒരു ദേഹമായി തീരും” എന്നത് ഉദ്ധരിച്ചശേഷം, പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കരുതെന്നും അവരോടു പറയുന്നുണ്ട്. (മത്താ, 19:3-9). അതായത്, രണ്ട് വ്യക്തികൾ ദാമ്പത്യമെന്ന ഒരു പ്രത്യേക ദൗത്യത്തിനു വണ്ടി ഒന്നാകുന്നതാണ് വിഷയം. അവർ ഏകദേഹമാകും എന്നു പറയുമ്പോഴും; അവർ രണ്ട് ദേഹമുള്ളവരും, വ്യത്യസ്തവ്യക്തികളും, ഭിന്നാഭിപ്രായക്കാരുമാണ്; അതിനാൽ അവർക്ക് വിവാഹ മോചനത്തിലൂടെ വേർപിരിയാനും കഴിയും. മേല്പഞ്ഞ മൂന്ന് വേദഭാഗങ്ങളുടെയും ഭാഷാപ്രയോഗം ശ്രദ്ധിക്കണം: ‘ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു.’ അവിടെ ‘ജനം, അവർക്കു’ എന്നീ ബഹുവചനം കഴിഞ്ഞാണ് ഒന്നെന്ന ഏകവചനം വരുന്നത്. അടുത്തത്; ആദാമും ഹവ്വയും ഏക ദേഹമായിത്തിരും എന്നല്ല; അവർ ഏക ദേഹമായി തീരും. അവിടെ ‘അവർ‘ എന്ന ബഹുവചനം കഴിഞ്ഞാണ് ഏക ദേഹമായിത്തീരും എന്ന ഏകവചനം പറയുന്നത്. അക്കാര്യം യേശു പറയുമ്പോഴും, ‘ഇരുവരും ഒരു ദേഹമായിത്തീരും’ എന്നാണ് പറയുന്നത്. അവിടെയും ‘ഇരുവർ‘ എന്ന ബഹുവചനം കഴിഞ്ഞാണ് ഏകവചനം പറയുന്നത്. ഇതാണ് വ്യത്യസ്ത വ്യക്തികളുടെ ഐക്യത്തിൽ ഒന്നാകലും വ്യത്യസ്തവ്യക്തികൾ ദാമ്പത്യത്തിൽ ഒന്നാകുന്നതും. [കാണുക: ഇരുവരും ഒരു ദേഹമായിത്തീരും]

നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു: “ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). യേശുവിൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിലെ ഭാഗമാണിത്. ഇവിടെ നോക്കുക: ‘നമ്മെപ്പോലെ‘ എന്ന ബഹുവചനം പറഞ്ഞശേഷമാണ് ‘ഒന്നാകുക‘ എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. ഇതാണ് പിതാവിൻ്റെയും പുത്രൻ്റെയും ഐക്യത്തിലുള്ള ഒന്നാകൽ. അതുപോലെ, ശിഷ്യന്മാരും ഒന്നാകണമെന്നാണ് യേശുവിൻ്റെ പ്രാർത്ഥന. അടുത്തവാക്യം: “നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.” (യോഹ, 17:23). പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്നതുപോലെ, ശിഷ്യന്മാരും ഒന്നാകുവാനും ഐക്യത്തിൽ തികഞ്ഞവരാകുവാനുമാണ് പ്രാർത്ഥിക്കുന്നത്. ഇവടെയും ശ്രദ്ധിക്കുക: ‘നാം‘ എന്ന ബഹുവചനം കഴിഞ്ഞശേഷം ‘ഒന്നാകുക‘ എന്ന ഏകവചനം കാണുക. അടുത്തത്: ‘അവരും‘ എന്ന ബഹുവചനം കഴിഞ്ഞശേഷം ‘ഒന്നാകുക‘ എന്ന ഏകവചനം കാണുക. അവസാനഭാഗം: ‘അവർ ഐക്യത്തിൽ തികെഞ്ഞവരാകണം‘ എന്നു പറഞ്ഞിരിക്കുന്നതും നോക്കുക. ഇതാണ് രണ്ട് വ്യക്തികൾ അഥവാ ഒന്നിലധികം വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാകൽ. ഇതുപോലെയാണോ ‘ഞാനും പിതാവും ഒന്നാകുന്നു‘ എന്നു പറഞ്ഞിരിക്കുന്നത്?

ബാഹ്യമായ ഒരു തെളിവുകൂടി തരാം: “നാം ഒന്ന് നമുക്ക് ഒന്നു” എന്ന പ്രയോഗം എല്ലാവർക്കും സുപരിചിതമാണ്; കുടുംബാസൂത്രണത്തിൻ്റെ ടൈറ്റിൽ വാക്യമാണത്. അതിലും നോക്കുക: ആദ്യം “നാം” എന്ന ബഹുവചനം പറഞ്ഞശേഷമാണ് “ഒന്നു” എന്ന ഏകവചനം പറയുന്നത്. ഇതാണ് ഐക്യത്തിലുള്ള ഒന്നാകൽ. അടുത്തവാക്ക് “നമുക്കു” എന്നാണ്. അതായത്, അവർ രണ്ടുപേരും കുടുംബമെന്ന നിലയിൽ ‘ഒന്നാണു’ എന്നു പറയുമ്പോഴും അവർ വ്യക്തികളെന്ന നിലയിൽ വ്യത്യസ്ഥരാണ്. അതുകൊണ്ടാണ് “നമുക്കു” എന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം ഒന്നെന്ന ഏകവചനം വീണ്ടും പറയുന്നത്. ഭാര്യയും ഭർത്താവും ഇരുവരും ഒന്നാണെന്ന് പറഞ്ഞാലും, അവർ ഒരിക്കലും തങ്ങളെ രണ്ടുപേരെയും ചേർത്ത്, ഞാൻ, എൻ്റെ, എനിക്ക് എന്നിങ്ങനെ ഏകവചനത്തിൽ പറയാറില്ല; ഞങ്ങൾ, ഞങ്ങളുടെ, ഞങ്ങൾക്ക് എന്നിങ്ങനെ ബഹുവചനമാണ് പറയുന്നത്. ഇതാണ് മാനസിക ഐക്യം മൂലമുള്ള ഒന്നാകൽ. ഇനി, ലോകത്തുള്ള ഒരു ഭർത്താവിനും പറയാൻ കഴിയില്ല: ഞാനും ഭാര്യയും ഒന്നാകുന്നു. ഒരു ഭാര്യയ്ക്കും പറയാൻ കഴിയില്ല: ഞാനും ഭാർത്താവും ഒന്നാകുന്നു. ലോകത്തിൽ ഒരു മനുഷ്യനും തൻ്റെ സ്നേഹിതനെയും ചേർത്ത് പറയാൻ കഴിയില്ല: ഞാനും അവനും ഒന്നാകുന്നു. അറിവില്ലായ്മകൊണ്ട് ആരെങ്കിലും പറയുമായിരിക്കും; എന്നാൽ വ്യാകരണനിയമപ്രകാരം അത് തെറ്റാണ്. പിന്നെന്തു പറയും: ‘ഞങ്ങൾ ഒന്നാകുന്നു‘ എന്നു പറയും. അതാണ് ഐക്യത്തിലുള്ള ഒന്നാകൽ; അങ്ങനെയാണോ യേശു യോഹന്നാൻ 10:30-ൽ പറഞ്ഞത്? അല്ല.

ഞാനും പിതാവും ഒന്നാകുന്നു: ‘ഭാര്യയും ഭർത്താവും പറയുംപോലെ, ‘ഞങ്ങൾ ഒന്നാകുന്നു’ എന്നാണോ യേശു പറഞ്ഞത്? അല്ല. ആത്മാർത്ഥ സ്നേഹിതന്മാർ പറയുംപോലെ, ഞങ്ങൾ ഒന്നാകുന്നു’ എന്നാണോ യേശു പറഞ്ഞത്? അല്ല. “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30). എന്താണതിനർത്ഥം? ഞാനെന്ന വ്യക്തിയും പിതാവെന്ന വ്യക്തിയും ഒരാളുതന്നെയാണ്. ഇ.ആർ.വി. പരിഭാഷയിൽ: “ഞാനും പിതാവും ഒന്നുതന്നെ” എന്നാണ്. ഞാനും പിതാവും ഒന്നാകുന്നുവെന്ന് ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ ലോകത്തിൽ ഒരു മനുഷ്യനും പറയാൻ കഴിയില്ല. മറ്റാരെങ്കിലും പറഞ്ഞാൽ ആ വാക്യാംശം അബദ്ധമായി മാറും. കാരണം, രണ്ടു വ്യക്തികൾക്ക് ഒരിക്കലും യഥാർത്ഥത്തിൽ ഒന്നാകാൻ കഴിയില്ല. എന്നാൽ ഇവിടെ രണ്ട് വ്യക്തികൾ അക്ഷരാർത്ഥത്തിൽ ഒന്നാകുകയാണ്. അതെങ്ങനെ സാധിക്കുമെന്ന് ചോദിച്ചാൽ; പൂർവ്വാസ്തിത്വത്തിൽ (pre-existence) ആണ് പിതാവും പുത്രനും ഒരു വ്യക്തിയായിരിക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ: പിതാവായ ദൈവത്തിൻ്റെ അഥവാ ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനാണത് പറയുന്നത്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥാവാ ദൈവീകരഹസ്യം.

ദൈവഭക്തിയുടെ മർമ്മം:“ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). ദാസനായ മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. ഈ വേദഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible of (1526), Coverdale Bible of (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) മലയാളം പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം:ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത് പിന്നെയാരാണ്?ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). ജീവനുള്ള ദൈവം യഹോവയാണെന്ന് ആവർത്തനപുസ്തകംമുതൽ ആവർത്തിച്ചത് കാണാൻ കഴിയും. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിക്കുന്നത്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യഹോവ തന്നെയാണ് യേശുവെന്ന നാമത്തിലും പുത്രനെന്ന അഭാധാനത്തിലും മനുഷ്യനായി വെളിപ്പെട്ടതെന്ന് സ്ഫടികസ്ഫുടമാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഞാനും പിതാവും ഒന്നാകുന്നു‘ എന്നു പറയുന്നതും; ‘നാം/നമ്മെപ്പോലെ/ഞങ്ങൾ ഒന്നാകുന്നു‘ എന്നു പറയുന്നതും തമ്മിൽ അജഗജാന്തരമുണ്ട്. ഭാഷയുടെ വ്യാകരണനിയമം അറിയാത്തവരോട് ദൈവം ക്ഷമിക്കും. പക്ഷെ, ത്രിത്വപണ്ഡിതന്മാർ വ്യാകരണനിയമം അറിയാത്തവരാണോ? സ്വന്ത ഉപദേശം സ്ഥാപിക്കാൻ വചനം വളച്ചൊടിച്ചാൽ ദൈവം വെറുതേ വിടുമോ? ക്രിസ്തുവിൻ്റെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും ഒന്നായിരുന്നു പ്രവർത്തിച്ചതാണ് ഐക്യത്തിലുള്ള ഒന്നാകൽ. ക്രിസ്തു ദൈവം ആയിരുന്നില്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത പൂർണ്ണമനുഷ്യൻ ആയിരുന്നു. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). കന്യകയായ മറിയയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യൻ്റെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് അവൻ്റെ കൂടെയിരുന്ന് പ്രവർത്തിക്കുകയായിരുന്നു. (ലൂക്കൊ, 2:7,52; 3:22; പ്രവൃ, 10:38). അദൃശ്യനായി പിതാവ് തൻ്റെകൂടെ ഇരുന്നതുകൊണ്ടാണ് ‘ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല‘ എന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞത്: (യോഹ, 8:16; 8:29; 16:32). പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ‘ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്: (യോഹ, 5:32,37). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ‘ എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). ‘നിന്നെയും എന്നെയും‘ എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ‘ആരാകുന്നു‘ എന്നു ചോദിച്ചാൽ അവൻ ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യൻ ആകുന്നു: (1തിമൊ, 2:6). എന്നാൽ മനുഷ്യനായി വെളിപ്പെട്ടലൻ ‘ആരായിരുന്നു‘ എന്നു ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവവും ശാശ്വത രാജാവുമായ യഹോവയായ ദൈവം ആയിരുന്നു. അതാണ് ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മം: (1തിമൊ, 3:15,16; യിരെ, 10:10). പൂർവ്വാസ്തിത്വത്തിൽ താനും യഹോവയായ ദൈവവും ഒരു വ്യക്തി ആയതിനാലാണ്, ‘ഞാനും പിതാവും ഒന്നാകുന്നു’ എന്നു മനുഷ്യനായിരുന്ന യേശു പറഞ്ഞത്. [കാണുക: യേശുക്രിസ്തു സാക്ഷാൽ ദൈവപുത്രനോ?, ഏകമനുഷ്യനായ യേശുക്രിസ്തു]

“ദൈവം നിത്യരായ മൂന്ന് വ്യക്തികളാണെന്ന് പഠിപ്പിക്കുന്നവരിൽ ഭാഷയുടെ വ്യകരണം അറിയാവുന്നവർക്ക് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന യേശുവിൻ്റെ വാക്കുകളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് സുറിയാനി പരിഭാഷയിൽ “ഞാനും പിതാവും ഒന്നാകുന്നു” അഥവാ ഒരു വ്യക്തിയാണെന്നു യേശു പറഞ്ഞതിനിടയിൽ അവർ “ഞങ്ങൾ” എന്ന് കൂട്ടിച്ചേർത്ത് രണ്ടു വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാക്കി അതിനെ മാറ്റിയത്.”

ബൈബിളിൻ്റെ വ്യാഖ്യാനം: “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30). സത്യം പറഞ്ഞാൽ ബൈബിളിൽത്തന്നെ ആ വാക്യത്തിൻ്റെ വ്യാഖ്യാനവുമുണ്ട്; എന്നാൽ പലരും സ്വയവ്യാഖ്യാനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് അത് കാണുന്നില്ല; അല്ലെങ്കിൽ സ്വന്ത ഉപദേശം സ്ഥാപിക്കാൻ അത് കണ്ടതായി നടിക്കുന്നില്ല. യേശു ഇത് പറഞ്ഞയുടനെ യെഹൂദന്മാൻ അവനെ എറിയാൻ കല്ലെടുത്തു. (യോഹ, 10:31). ഉടനെ യേശു ചോദിച്ചു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” (10:32). യെഹൂദന്മാർ അവനോടു: “നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” അവർ പറയുന്നത് ശ്രദ്ധിക്കണം: ‘നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നു.’ യെഹൂദന് യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. അപ്പോൾ യേശു പറഞ്ഞതെന്താണ്: ഞാനും യഹോവയും ഒരാളാണെന്നല്ലേ? പിതാവായ യഹോവയും അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനും പൂർവ്വാസ്തിത്വത്തിൽ ഒരാൾ തന്നെയായാലല്ലേ അങ്ങനെ പറയാൻ പറ്റുകയുള്ളു. അതിനൊരു തെളിവുകൂടി തരാം: അഞ്ചാം അദ്ധ്യായം 17-ാം വാക്യത്തിൽ: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു” എന്നു പറഞ്ഞപ്പോൾ, യെഹൂദന്മാർ അവനെ കൊല്ലുവാൻ നോക്കുന്നുണ്ട്; അതിൻ്റെ കാരണം അടുത്ത വാക്യത്തിൽ പറഞ്ഞിട്ടുണ്ട്: “അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.” (യോഹ, 5:18). അവിടെ യേശു പറഞ്ഞത്: ദൈവത്തെ ‘എൻ്റെ പിതാവു‘ (5:17) എന്നാണ്; പ്രസ്തുതസമയത്ത് യേശുവും പിതാവും രണ്ട് വ്യക്തിയാണ്. അവർ ആരോപിച്ച കുറ്റം എന്താണ്: “ദൈവത്തോടു സമനാക്കി.” സമനെന്നാൽ; ദൈവത്തോടു തുല്യനായ മറ്റൊരു വ്യക്തിയെന്നാണ്. എന്നാൽ “ഞാനും പിതാവും ഒന്നാകുന്നു” എന്ന് പറഞ്ഞപ്പോൾ, ദൈവത്തോടു സമനാക്കിയെന്നാണോ അവർ പറഞ്ഞത്? അല്ല. “നിന്നെത്തന്നേ ദൈവം ആക്കി” രണ്ടു തമ്മിലുള്ള വ്യത്യാസം മനസ്സിലായോ? താനും പിതാവും പൂർവ്വാസ്തിത്വത്തിൽ ഒരു വ്യക്തിയാണെന്ന് പറഞ്ഞതുകൊണ്ടാണ്, അവർ നിന്നെത്തന്നെ ദൈവമാക്കിയെന്നു പറഞ്ഞത്; യേശു ഒരു മനുഷ്യനാണെന്ന് അവർക്ക് അറിയാമല്ലോ? “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” എന്നു യേശു പറഞ്ഞിരിക്കുന്നതും ഇതിനൊപ്പം ചിന്തിച്ചുകൊള്ളുക. (യോഹ, 14:9). ഈ വാക്യവും ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിനു മാത്രം പറയാൻ കഴിയുന്നതാണ്.

‘ഞാനും പിതാവും ഒന്നാകുന്നു.’ (യോഹ, 10:30). “നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.” (യോഹ, 17:23). ‘ഞാനും പിതാവും ഒന്നാകുന്നു‘ എന്നു പറയുന്നതും, ‘നാം ഒന്നായിരിക്കുന്നതുപോലെ‘ എന്നു പറയുന്നതും ക്രിസ്തു തന്നെയാണ്. രണ്ടു പ്രയോഗങ്ങൾക്കും തമ്മിൽ അജഗജാന്തരമുണ്ട്. രണ്ടും പറയുന്നത് ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനാണ്. (1തിമൊ, 2:6; 3:16). ഒന്നാമത്തെ പ്രയോഗത്തിൻ്റെ അർത്ഥം; പൂർവ്വാസ്തിത്വത്തിൽ പിതാവും പുത്രനും ഒരു വ്യക്തിയാണെന്നും, രണ്ടാമത്തെ പ്രയോഗത്തിൻ്റെ അർത്ഥം; മനുഷ്യനായ ക്രിസ്തുവും ദൈവപിതാവുമെന്ന രണ്ടു വ്യക്തികളുടെ ഐക്യത്തിലുള്ള ഒന്നാകലിനെക്കുറിച്ചുമാണ്. ത്രിത്വം പഠിപ്പിക്കുന്നപോലെ ഏകദൈവത്വത്തിൽ മൂന്നു വ്യക്തികൾ ഐക്യത്തിൽ ഒന്നാണെങ്കിൽ; അപ്പൊസ്തലന്മാർ പന്ത്രണ്ടുപേരും ഏകമനുഷ്യത്വത്തിൽ ഒന്നായിരിക്കണം. അടുത്തഭാഗത്ത് യേശു പറയുന്നത് ശ്രദ്ധിക്കുക: “നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.” ശിഷ്യന്മാരുടെ ഐക്യത്തിലുള്ള ഒന്നാകലിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിരിക്കുന്നതു നോക്കുക. ശിഷ്യന്മാർ പന്ത്രണ്ടു വ്യക്തികൾ ഐക്യത്തിലുള്ള ഒരു മനുഷ്യനാണോ? ഭാഷയുടെ വ്യാകരണത്തിൽ അല്പമായി അറിവുള്ള എല്ലാവർക്കും ഇതൊക്കെ മനസ്സിലാകേണ്ടതാണ്; എന്നിട്ടും പണ്ഡിതന്മാർക്കുപോലും ഇത് ഗ്രഹിക്കാൻ കഴിയുന്നില്ലെന്നതാണ് വസ്തുത. ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയ ദൈവം വാഴ്ത്തപ്പെടട്ടെ!

ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ അഭിഷിക്തനായ മനുഷ്യൻ അഥവാ ക്രിസ്തു പറഞ്ഞിരിക്കുന്നു: “ഞാനും പിതാവും ഒന്നാകുന്നു അഥവാ പൂർവ്വാസ്തിത്വത്തിൽ പിതാവും പുത്രനും ഒരു വ്യക്തിയാണ്.” എന്നാൽ ദൈവശാസ്ത്രം പഠിപ്പിക്കുന്നത്: “പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത ആളത്തങ്ങളാണ്: ദൈവിക ആളത്തങ്ങൾ വിഭിന്നങ്ങളാണെന്ന് പറയുമ്പോൾ, പിതാവ് പുത്രനോ പരിശുദ്ധാത്മാവോ അല്ലെന്നും പുത്രൻ പിതാവോ പരിശുദ്ധാത്മാവോ അല്ലെന്നും പരിശുദ്ധാത്മാവ് പുത്രനോ പിതാവോ അല്ലെന്നും വ്യക്തമാക്കുന്നു.” (Systematic Theology, page 152). ദൈവത്തിൻ്റെ ആത്മാവിനാൽ വിരചിതമായ ബൈബിൾ ആഖ്യാനം വിശ്വസിക്കാതെ വ്യാഖ്യാന പുസ്തകങ്ങളിലും മനുഷ്യനിർമ്മിതമായ ദൈവശാസ്ത്രത്തിലും വിശ്വസിക്കുന്നവർ ദൈവത്തിൻ്റെ പ്രകൃതിയും അവൻ്റെ പ്രവർത്തികളും എങ്ങനെയറിയും? യഹോവയായ ദൈവം പറയുന്നു: “ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 43:10; 44:8; 45:21). ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തു പറയുന്നു: “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30; 1തിമൊ, 3:14-16). നിഖ്യായുടെ സന്താനമായ ട്രിനിറ്റി പഠിപ്പിക്കുന്നു: യഹോവയല്ല യേശു; മറ്റൊരു വ്യക്തിയാണ്. എന്നിട്ടു പറയുന്നു: ഞങ്ങളും ഏകദൈവവിശ്വസികളാണ്. സമ്മതിച്ചിരിക്കുന്നു! ഇതിലുംവലിയ നുണ സ്വപ്നങ്ങളിൽപ്പോലും ഉണ്ടാകില്ല. ക്രിസ്തുവിനെ ദൈവമല്ലാതാക്കാൻ ഉപായിയായ സർപ്പം മെനഞ്ഞ ത്രിത്വനാടകത്തിലെ അഭിനേതാക്കൾ മാത്രമാണ് അനേകരുമെന്ന് വളരെ വ്യസനത്തോടുകൂടി പറഞ്ഞുകൊണ്ടും; എല്ലാവരും ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനപൂർത്തി പ്രാപിക്കാൻ ദൈവം കൃപ നല്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ടും നിർത്തുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!

യഹോവ: “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22 = പ്രവൃ, 4:12) യേശുക്രിസ്തു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.”

4 thoughts on “ഞാനും പിതാവും ഒന്നാകുന്നു”

Leave a Reply

Your email address will not be published. Required fields are marked *