ഏകജാതനും ആദ്യജാതനും

ക്രിസ്തുവിനെ ഏകജാതൻ എന്ന് വിശേഷിപ്പിച്ചിരിക്കയാൽ, അക്ഷരാർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ ഏകപുത്രനാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. അപ്പോൾത്തന്നെ, അവനെ ആദ്യജാതനെന്ന് വിളിച്ചിരിക്കുന്ന കാര്യം ബോധപൂർവ്വം അവർ മറക്കുകയും ചെയ്യുന്നു. യേശുവിനെ, ഏകജാതനെന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). ആദ്യജാതനെന്നും അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (റോമ, 8:29; കൊലൊ, 1:15; 1:18- എബ്രാ, 1:6; വെളി, 1:5). ഏകജാതനെന്നാൽ, സഹോദരങ്ങളില്ലാത്തവൻ അഥവാ, ഒറ്റപ്പുത്രൻ എന്നാണ്. ആദ്യജാതനെന്നാൽ, ആദ്യത്തെ പുത്രൻ അഥവാ, മക്കളിൽ മൂത്തപുത്രൻ ആണ്. യഥാർത്ഥത്തിൽ ആണെങ്കിൽ, ക്രിസ്തുവിനു എങ്ങനെ ദൈവത്തിൻ്റെ ഏകപുത്രനും മൂത്തപുത്രനും ഒരുപോലെ ആകാൻ കഴിയും? ഒരു മകനും, അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിപ്പാൻ കഴിയില്ല. എന്നാൽ, ക്രിസ്തു ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനുമാണ്. എന്തെന്നാൽ, അത് അവൻ്റെ അസ്തിത്വമല്ല, അഭിധാനം അഥവാ, സ്ഥാനപ്പേരാണ്. ആദ്യം നമുക്ക് ബൈബിളിലെ ഏകജാതൻ ആദ്യജാതൻ എന്നീ പ്രയോഗങ്ങളെക്കുറിച്ച് നോക്കാം:

പഴയനിയമത്തിൽ ഏകജാതനെന്ന പ്രയോഗം ആറ് പ്രാവശ്യമുണ്ട്. (ഉല്പ, 22:2;12,16; യിരെ, 6;26; ആമോ, 8:10; സെഖ, 12:10). അതിൽ ആദ്യത്തെ മൂന്നു പ്രയോഗം, അബ്രാഹാമിൻ്റെ സന്തതിയായ യിസ്ഹാക്കിനെ കുറിക്കുന്നതാണ്. യഥാർത്ഥത്തിൽ, യിസ്ഹാക്ക് അബ്രാഹാമിൻ്റെ ഏകജാതനല്ല. വാഗ്ദത്ത സന്തതിയെന്ന നിലയിൽ ദൈവം അവനു കൊടുത്ത പദവിയാണ്. അബ്രാഹാമിനു മിസ്രയീമ്യ ദാസിയിൽ ജനിച്ച മൂത്തമകനായ യിശ്മായേൽ ഉള്ളപ്പോഴാണ് ദൈവം യിസ്ഹാക്കിനെ ഏകജാതനെന്നു വിശേഷിപ്പിച്ചത്. (ഉല്പ, 22:2,12,16). തുടർന്ന്, സാറ മരിച്ചശേഷം വെപ്പാട്ടിയായ കെതൂറായിൽ ആറ് മക്കൾകൂടി അബ്രാഹാമിനു ജനിച്ചു. (ഉല്പ, 25:1 2; 1ദിന, 1:32). കെതൂറായിൽ മാത്രമല്ല മക്കളുണ്ടായിരുന്നത്, വെപ്പാട്ടികളുടെ മക്കൾക്ക് അബ്രാഹാം ദാനങ്ങൾ കൊടുത്തതായി പറയുന്നുണ്ട്. (ഉല്പ, 25:6). ഹാഗാറിനെ അബ്രാഹാമിൻ്റെ വെപ്പാട്ടിയായി പറഞ്ഞിട്ടില്ല, അവൾ സാറായിയുടെ ദാസിയായിരുന്നു. (ഉല്പ, 16:1). സാറായി അവളെ അബ്രാഹാമിനു ഭാര്യയായി കൊടുക്കുകയായിരുന്നു. (ഉല്പ, 16:3). അതിനാൽ, അബ്രാഹാമിനു ഒന്നിലധികം വെപ്പാട്ടികളും അവരിൽ മക്കളും ഉണ്ടായിരുന്നതായി മനസ്സിലാക്കാം. എന്നാൽ, കുറഞ്ഞത് എട്ടു മക്കളെങ്കിലും ഉള്ളവനായ അബ്രാഹാമിൻ്റെ വിശ്വാസത്തെ പരാമർശിക്കുമ്പോൾ, എട്ടു മക്കളിൽ ഒരാളായ യിസ്ഹാക്കിനെ ഏകജാതൻ എന്നുതന്നെയാണ് എബ്രായലേഖകനും വിശേഷിപ്പിക്കുന്നത്. (11:18). അതിനാൽ, യിസ്ഹാക്കിനെ ഏകജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത് അബ്രാഹാമിൻ്റെ ഏകപുത്രനായതുകൊണ്ടല്ല, അതൊരു സവിശേഷ പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? അടുത്ത മൂന്ന് പ്രയോഗം, യിസ്രായേലിനോടുള്ള ബന്ധത്തിൽ ആലങ്കാരികമായി പറയുന്നതാണ്. അതായത്, പഴയനിയമത്തിൽ ഒരിടത്തും ഏകജാതനെന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ പ്രയോഗിച്ചിട്ടില്ല. മൂന്നുപ്രാവശ്യം പദവിയായിട്ടും, മൂന്നുപ്രാവശ്യം ആലങ്കാരികമായും പ്രയോഗിച്ചിട്ടുണ്ട്.

പുതിയനിയമത്തിൽ ഏകസന്തതിയെ കുറിക്കുന്ന മൊണാഗെനയ്സ് എന്ന ഗ്രീക്കുപദം ഒൻപത് പ്രാവശ്യമുണ്ട്. നയിനിലെ വിധവയുടെ മകൻ (ലൂക്കൊ, 7:12), പള്ളിപ്രമാണിയായ യായിറൊസിൻ്റെ മകൾ (ലൂക്കൊ, 8:42), അശുദ്ധാത്മാവ് ബാധിച്ച ഒരു ബാലൻ (ലൂക്കൊ, 9:38). യിസ്ഹാക്ക് (എബ്രാ, 11:18), യേശുക്രിസ്തു (യോഹ, 1:14,18;3:16,18; 1യോഹ, 4:9). പുതിയനിയമത്തിലെ ഒൻപത് പ്രയോഗങ്ങളിൽ, ആദ്യത്തെ മൂന്ന് പ്രയോഗങ്ങൾ അക്ഷരാർത്ഥത്തിലും, അടുത്ത ആറ് പ്രയോഗങ്ങൾ സവിശേഷ പദവിയായിട്ടുമാണ് ഉപയോഗിച്ചിരിക്കുന്നത്.

പഴയനിയമത്തിൽ ആദ്യജാതനെന്ന പ്രയോഗം നൂറ്റിയിരുപതോളം പ്രാവശ്യമുണ്ട്. ആദ്യപ്രയോഗം, കനാൻ്റെ ആദ്യജാതനായ സീദോനെ കുറിക്കുന്നു. (ഉല്പ, 10:15). പഴയനിയമത്തിൽ ആദ്യജാതൻ അധികം സ്ഥാനത്തും അക്ഷരാർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. എന്നാൽ, സവിശേഷ പദവിയായിട്ടും ആദ്യജാതൻ പ്രയോഗിച്ചിട്ടുണ്ട്. യിസ്രായേൽ ദൈവത്തിൻ്റെ ആദ്യജാതനാണ്. (പുറ, 4:22). യിസ്രായേൽ ജാതിയെ മുഴുവനായി ദൈവം ഏക മകനായിട്ടും ആദ്യ മകനായിട്ടുമാണ് കാണുന്നത്. (പുറ, 4:22-23). ദൈവം യിസ്രായേലിനെ ആദ്യജാതനെന്ന് വിശേഷിപ്പിക്കുമ്പോൾ, അതൊരു പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? എഫ്രയീം ദൈവത്തിൻ്റെ ആദ്യജാതനാണ്. (യിരെ, 31:9). എഫ്രയീം അപ്പനായ യോസേഫിൻ്റെപോലും ആദ്യജാതനല്ല. അതിനാൽ, ദൈവം അവനു കൊടുത്ത പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? ദൈവം ദാവീദിനെ ആദ്യജാതനാക്കും എന്ന് പറഞ്ഞിട്ടുണ്ട്. (സങ്കീ, 89:27). ആദ്യജാതനാക്കും എന്ന് പറഞ്ഞാൽ, അതുമൊരു പദവിയാണെന്ന് മനസ്സിലാക്കാമല്ലോ?

പുതിയനിയമത്തിൽ ആദ്യജാതനെ കുറിക്കുന്ന പ്രൊട്ടൊടൊകൊസ് എന്ന ഗ്രീക്കുപദം ഒൻപത് പ്രാവശ്യമുണ്ട്. യേശുവിനെ മറിയയുടെ ആദ്യജാതനെന്ന് രണ്ടു പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). യിസ്രായേലിൻ്റെ കടിഞ്ഞൂലുകൾ അഥവാ, ആദ്യജാതന്മാർ (എബ്രാ, 11:28, ആദ്യജാതന്മാരുടെ സഭ (എബ്രാ, 12:23), യേശുക്രിസ്തു (റോമ, 8:29; കൊലൊ, 1:15; 1:18; എബ്രാ, 1:6; വെളി, 1:5). യേശു യഥാർത്ഥത്തിൽ മറിയയുടെ മകനല്ല. പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായ നിലയിൽ മറിയയുടെ ഉദരത്തിൽ ഉരുവാകുകയായിരുന്നു. യഥാർത്ഥത്തിൽ യേശു മറിയയുടെ മകനായിരുന്നെങ്കിൽ, അവനെ പാപമറിയാത്തവൻ എന്ന് വിശേഷിപ്പിക്കില്ലായിരുന്നു. (2കൊരി, 5:21). എന്തെന്നാൽ, സ്ത്രീയിൽ നിന്ന് ഉരുവായ മനുഷ്യന് യഥാർത്ഥത്തിൽ നീതിമാനും നിർമ്മലനും ആയിരിക്കാൻ കഴിയില്ല. (ഇയ്യോ, 15:14; 25:4). താൻ മറിയയുടെ യഥാർത്ഥ മകനല്ലെന്ന് യേശുവിൻ്റെ വാക്കിനാലും മനസ്സിലാക്കാൻ കഴിയും. (ലൂക്കൊ, 7:28; 24:19). എന്നാൽ, ലോകപ്രകാരം യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായിട്ടാണ് ജനിച്ചത്. (ലൂക്കൊ, 2:7). അതിനാലാണ്, അവനെ മറിയയുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അങ്ങനെ നോക്കിയാൽ, ആദ്യജാതനെ കുറിക്കുന്ന പുതിയനിയമത്തിലെ ഒമ്പത് പ്രയോഗങ്ങളിൽ യിസ്രായേലിൻ്റെ കടിഞ്ഞൂലുകൾ എന്ന ഒരു പ്രയോഗമൊഴികെ, ബാക്കിയെല്ലാം സവിശേഷമായ പദവിയാണെന്ന് മനസ്സിലാക്കാം.

ക്രിസ്തുവെന്ന ഏകനെ സംബന്ധിച്ച്, ഏകജാതനെന്ന പ്രയോഗവും ആദ്യജാതനെന്ന പ്രയോഗവും യഥാർത്ഥത്തിലാണെങ്കിൽ പരസ്പരവിരുദ്ധമാണ്. എന്തെന്നാൽ, ഏകപുത്രനും മൂത്തപുത്രനും ഒരുപോലെ ആയിരിക്കാൻ ആർക്കും കഴിയില്ല. ഇനി, രണ്ട് സ്ഥാനപ്പേരുകളിൽ ഒരെണ്ണം അക്ഷരാർത്ഥത്തിൽ മനസ്സിലാക്കാമെന്ന് വെച്ചാലോ, അതിനു വചനം സമ്മതിക്കില്ല. ആദ്യം ഏകജാതൻ നോക്കാം: യേശുവിനെ ദൈവത്തിൻ്റെ ഏകപുത്രൻ എന്ന് പറയാൻ കഴിയുമോ? ഇല്ല. എന്തെന്നാൽ,( പുതിയനിയമത്തിൽ ക്രിസ്തു ഏഴുപേരുടെ പുത്രനാണ്. ദൈവപുത്രൻ (മത്താ, 8:29). മനുഷ്യപുത്രൻ (മത്താ, 8:20). അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1). ദാവീദിൻ്റെ പുത്രൻ (മത്താ, 1:1). മറിയയുടെ പുത്രൻ (മർക്കൊ, 6:3). യോസേഫിൻ്റെ പുത്രൻ (യോഹ, 1:45). സ്ത്രീയുടെ സന്തതി അഥവാ, യിസ്രായേലിൻ്റെ പുത്രൻ. കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്. (ഗലാ, 4:4; മീഖാ, 5:2-3; റോമ, 9:5). ഏഴുപേരുടെ പുത്രൻ എങ്ങനെയാണ് ദൈവത്തിൻ്റെ ഏക പുത്രൻ ആകുന്നത്?

അടുത്തത്, ക്രിസ്തു ദൈവത്തിൻ്റെ ആദ്യജാതൻ ആകുമോന്ന് നോക്കാം:ഏഴ് വിഭാഗങ്ങളിലായി ദൈവത്തിനു ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രന്മാരും പുത്രിമാരുമുണ്ടെന്ന് വചനം പറയുന്നു. ദൈവത്തിൻ്റെ ആദ്യത്തെ പുത്രന്മാർ ദൂതന്മാരാണ്. (ഇയ്യോ, 1:6; 2:1; നെഹെ, 9:6; കൊലൊ, 1:16). രണ്ടാമത്തെ പുത്രൻ, ദൈവം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ആദാമാണ്. (ഉല്പ, 1:27; ലൂക്കൊ, 3:38). മൂന്നാമത്തെ പുത്രന്മാർ, ശേത്തിൻ്റെ സന്തതികളാണ്. (ഉല്പ, 6:2,4). നാലാമത്തെ പുത്രൻ, യിസ്രായേലാണ്. (പുറ, 4:22). അഞ്ചാമത്തെ പുത്രൻ, യോസേഫിൻ്റെ മകൻ എഫ്രയീമാണ്. (യിരെ, 31:9). ആറാമത്തെ പുത്രൻ, യേശുക്രിസ്തു. (മത്താ, 3:17). ഏഴാമത്തത് പുത്രീപുത്രന്മാരാണ്, ക്രിസ്തുവിശ്വാസികൾ. (1യോഹ, 3:2). ദൈവത്തിന് ഇത്രയധികം മക്കൾ ഉണ്ടായിരിക്കെ, ക്രിസ്തു ദൈവത്തിൻ്റെ ആദ്യജാതനാണെന്ന് എങ്ങനെ പറയും? ആദ്യം ജനിക്കുകയോ, സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നവനെയാണല്ലോ യഥാർത്ഥത്തിൽ ആദ്യജാതനെന്ന് പറയുന്നത്. എന്നാൽ, ക്രിസ്തുവിനെ ആദ്യം ജനിപ്പിച്ചുവെന്നോ, സൃഷ്ടിച്ചുവെന്നോ ബൈബിൾ പറയുന്നില്ല. ദൈവത്തിൻ്റെ ആദ്യത്തെ പുത്രന്മാർ സൃഷ്ടികളായ ദൂതന്മാരാണ്. സ്വർഗ്ഗാധിസ്വർഗ്ഗവും ദൂതന്മാരും ഉൾപ്പെടുന്ന അദൃശ്യലോകത്തെയാണ് ദൈവം ആദ്യം സൃഷ്ടിച്ചത്. (നെഹെ, 9:6; കൊലൊ, 1:16). ദൈവം ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ ദൂതന്മാർ ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്നു. (ഇയ്യോ, 38:6). ബൈബിളിൽ പറഞ്ഞിരിക്കുന്ന പുത്രന്മാരുടെ ക്രമത്തിൽ ആറാം സ്ഥാനമാണ് ക്രിസ്തുവിനുള്ളത്. പിന്നെങ്ങനെ, അവൻ ദൈവത്തിൻ്റെ ആദ്യജാതനാകും? യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിക്കുന്നത് നിഖ്യാ വിശ്വാസപ്രമാണം പഠിപ്പിക്കുന്നപോലെ, സർവ്വകാലങ്ങൾക്ക് മുമ്പേയുമല്ല, കന്യകയായ മറിയയുടെ ഉദരത്തിൽ നിന്നുമല്ല, യോർദ്ദാനിൽ വെച്ചാണ്. അതായത്, കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ, വിശേഷാൽ മറിയയുടെ ആദ്യജാതനായ ഒരു വിശുദ്ധപ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്. (മത്താ, 1:1; ലൂക്കോ, 1:35; 2:7; 2കൊരി, 5: 21). മറിയ പ്രസവിച്ച കുഞ്ഞിനെ, എല്ലാ യെഹൂദാ പുരുഷ പ്രജയെയും പോലെ, എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കുകയും, ദൈവകല്പനപോലെ, യേശു എന്ന് പേർ വിളിക്കുകയും ചെയ്തു. (ലൂക്കോ, 2:21). യേശു മറിയയുടെയും യോസേഫിൻ്റെയും ആദ്യജാതനാകകൊണ്ട്, അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ, ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങളും ചെയ്തു. (ലേവ്യാ, 12:2-6; ലൂക്കോ, 2:22-24. അനന്തരം, ആത്മാവിൽ ബലപ്പെട്ട് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ ഏകദേശം മുപ്പത് വയസ്സായപ്പോൾ, യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (ലൂക്കോ, 2:40,52; 3:22; പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ടു പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടപ്പോഴാണ് അവൻ ദൈവത്തിൻ്റെ പുത്രനായത്. (ലൂക്കൊ, 1ൻ:32,35; 3:22). ദൂതൻ്റെ ഒന്നാമത്തെ പ്രവചനം: “നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും, അവനു യേശു എന്ന് പേർ വിളിക്കേണം. അവൻ വലിയവൻ ആകും, അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും.” (ലൂക്കൊ, 1:31,32). മറിയയോട് ദൂതൻ പറഞ്ഞത്, നീ ദൈവപുത്രനെ പ്രസവിക്കുമെന്നല്ല. പ്രത്യുത, നീ ഒരു മകനെ പ്രസവിക്കും എന്നാണ്. ലൂക്കൊസ് 2:-ൽ പറയുന്നത്, അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു എന്നാണ്. അതായത്, പരിശുദ്ധാത്മാവിനാൽ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവപുത്രനെയോ അല്ല. അവളുടെ മൂത്തമകനെയാണ്. അടുത്തഭാഗം: അവൻ വലിയവനാകും അത്യുന്നതന്റെ അഥവാ, ദൈവത്തിൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും. ലൂക്കൊസ് 2:52-ൽ പറയുന്നത്, യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു എന്നാണ്. അതായത്, കന്യകയായ മറിയയുടെ മകനായി ജനിച്ച യേശുവെന്ന പാപമറിയാത്ത ശിശു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നു വലുതായി ഏകദേശം 30 വയസ്സായപ്പോഴാണ് ദൈവപുത്രൻ എന്ന് വിളിക്കപ്പെട്ടത്. ദൂതൻ്റെ രണ്ടാമത്തെ പ്രവചനം: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴ ലിടും, ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:35). ഇവിടെയും, മറിയയിൽ നിന്ന് ദൈവപുത്രൻ ഉത്ഭവിക്കുമെന്നല്ല, അവളിൽനിന്നു ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും പ്രവചിക്കുകയാണ് ചെയ്യുന്നത്. അതായത്, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന രണ്ടു പ്രവചനങ്ങളാണ്, അവൻ ജനിച്ച് ഏകദേശം 30 വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് നിവൃത്തിയായത്. ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ് പ്രവചനം. (സംഖ്യാ, 24:14). ഒരു പ്രവചനം നിവൃത്തിയായി കഴിയുമ്പോഴാണ് അത് ചരിത്രം ആകുന്നത്. അതായത്, കാലസമ്പൂർണ്ണതയിൽ യോർദ്ദാനിൽവെച്ച് പ്രവചനം നിവർത്തിയായപ്പോഴാണ് അവൻ ദൈവപുത്രനായത്. അവനെങ്ങനെ, അക്ഷരാർത്ഥത്തിൽ ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനും ആകും? അതിനാൽ, ഏകജാതനെന്നതും ആദ്യജാതനെന്നതും ക്രിസ്തുവിൻ്റെ സ്ഥാനപ്പേരാണെന്ന് മനസ്സിലാക്കാം. ഇനി അറിയേണ്ടത്, ഏകജാതൻ ആദ്യജാതൻ എന്നീ സ്ഥാനപ്പേരുകൾക്ക് അടിസ്ഥാനമെന്താണ് എന്നാണ്.

ആദ്യം നമുക്ക് ഏകജാതനെക്കുറിച്ച് നോക്കാം. ക്രിസ്തുവിൻ്റെ നിസ്തുല്യ പുത്രത്വത്തെ കുറിക്കുന്ന പ്രയോഗമാണ് ഏകജാതൻ. അതായത്, ദൈവത്തിൻ്റെ അനേകം പുത്രന്മാരിൽ ഒരാളാണ് യേശുവെന്ന ദൈവപുത്രൻ. എന്നാൽ, അനേകം പുത്രന്മാരെപ്പോലെ ഒരാളല്ല ക്രിസ്തു. ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു തൻ്റെ ശിഷ്യന്മാരോട് പറയാൻ വേണ്ടി മഗ്ദലക്കാരത്തി മറിയയോട് ഇപ്രകാരം പറഞ്ഞു: “നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്ന് അവരോട് പറക എന്ന് പറഞ്ഞു.” (യോഹ, 20:17). മനുഷ്യനെന്ന നിലയിൽ തനിക്കൊരു ദൈവവും പിതാവും ഉണ്ടായിരുന്നു. എങ്കിലും, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാരുടെയോ, മനുഷ്യരുടെയോ പുത്രത്വത്തിന് തുല്യമായിരുന്നില്ല ക്രിസ്തുവിൻ്റെ പുത്രത്വം. ദൂതന്മാർക്കും മനുഷ്യർക്കും ദൈവവുമായി ഒരേ ബന്ധമാണുള്ളത്. (വെളി, 19:10; 22:9). യേശുക്രിസ്തു പ്രധാന ദൂതനായ മീഖായേൽ ആണെന്ന് കരുതുന്നവരുണ്ട്. യേശു ദൂതഗണത്തിൽപെട്ടവൻ ആയിരുന്നെങ്കിലോ, അല്ലെങ്കിൽ സ്വർഗ്ഗീയരും ഭൗമികരും തമ്മിൽ വേർതിരിച്ചു കാണിക്കാനോ ആയിരുന്നെങ്കിൽ, ഞങ്ങളുടെ പിതാവും നിങ്ങളുടെ പിതാവും ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും എന്ന് പറയുമായിരുന്നു. ക്രിസ്തു ഒരിടത്തും ദൂതന്മാരെയും ചേർത്ത് ഞങ്ങളുടെ പിതാവെന്നോ ഞങ്ങളുടെ ദൈവമെന്നോ പറഞ്ഞിട്ടില്ല. ഇനി, യേശുവിൻ്റെയും മനുഷ്യരുടെയും പുത്രത്വം ഒന്നായിരുന്നെങ്കിൽ, എൻ്റെ ദൈവവും നിങ്ങളുടെ ദൈവവും എന്നു പറയാതെ; നമ്മുടെ പിതാവ്, നമ്മുടെ ദൈവം എന്ന് പറയുമായിരുന്നു. നമ്മുടെ ദൈവമെന്നോ, ഞങ്ങളുടെ ദൈവമെന്നോ അവൻ ഒരിടത്തും പറഞ്ഞിട്ടില്ല. എന്തെന്നാൽ അവൻ സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത നിസ്തുല്യപുത്രനാണ്. പല നിലകളിൽ അവൻ നിസ്തുലനാണ്. അതായത്, എല്ലാ പുത്രന്മാരിൽനിന്നും ക്രിസ്തുവിനെ വ്യത്യസ്തനാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്.

1. അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയായ പുത്രനാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ, ദൈവികരഹസ്യം. (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ, അവൻ എന്ന സർവ്വനാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നുകിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയായ ഏകദൈവമാണ്. (യിരെ, 10:10). അതായത്, ഏകസത്യദൈവമായ യഹോവയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി മാനിഫെസ്റ്റ് ചെയ്തത്. അതിനാൽ, ഏകസത്യദൈവവും പിതാവുമായ യഹോവയുടെ ജഡത്തിലെ പ്രത്യക്ഷതയായ പുത്രനെന്ന നിലയിൽ അവൻ നിസ്തുലനാണ്. 2. വചനം ജഡമായ പുത്രനെന്ന നിലയിൽ അവൻ നിസ്തുലനാണ്. (യോഹ, 1:14). പഴയനിയമത്തിലെ വചനം അഥവാ, ദവാർ ദൈവത്തിൻ്റെ വായിലെ വചനമാണ്. (യെശ, 45:23; 55:11; യിരെ, 9:20; യെഹെ, 3:17; 33:7). ആ വചനത്താലാണ് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (സങ്കീ, 33:6). ആ വചനമാണ് തന്നെയാണ് കാലസമ്പൂർണ്ണതയിൽ ജഡമായത്തീർന്നത്. (യോഹ, 1:14; ഗലാ, 4:4). ആ നിലയിലും അവൻ നിസ്തുല്യനാണ്. 3. അവൻ പരിശുദ്ധാത്മാവിനാൽ കന്യകാജാതനാണ്. ആ നിലയിലും അവൻ നിസ്തുലനാണ്. (മത്താ, 1ൻ:18, 22; ലൂക്കൊ, 1:35). 4. അവൻ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച പുത്രനായിരുന്നു. (കൊലൊ, 1:19). യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത അഥവാ, പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ അവൻ്റെമേൽ ഇറങ്ങിവന്നത്. (ലൂക്കൊ, 3:22; പ്രവൃ, 10:38). 5. അവൻ പാപമറിയാത്തവനാണ്. ആദ്യമനുഷ്യനായ ആദാം പാപമില്ലാത്തവനായി സൃഷ്ടിക്കപ്പെട്ടുവെങ്കിലും പിന്നീട് പാപംചെയ്തു ദൈവതേജസ്സ് നഷ്ടപ്പെടുത്തി. (റോമ, 3:23). എന്നാൽ ക്രിസ്തു തൻ്റെ ജീവിതത്തിൽ ഒരു പാപവും ചെയ്തിട്ടില്ല. (2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). മനുഷ്യകുലത്തിൽ പാപത്തിൻ്റെ ലാഞ്ചനപോലും ഇല്ലാതെ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത ഒരേയൊരുത്തൻ ക്രിസ്തു മാത്രമാണ്. ആ നിലയിലും അവൻ നിസ്തുലനാണ്. 6. അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനുമാണ്. “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20; എഫെ, 1:4). ആ നിലയിലും അവൻ നിസ്തുലനാണ്. 

പല നിലകളിൽ ക്രിസ്തു നിസ്തുല്യനാണെന്ന് മുകളിൽ നാം കണ്ടു. അതിൽ ഏകജാതനെന്ന പദവിക്ക് കാരണമായ നിസ്തുല്യത ഏതാണ് എന്നാണ് ഇനി അറിയേണ്ടത്. ആരുടെ പുസ്തകത്തിലാണോ ഏകജാതനെന്ന പ്രയോഗമുള്ളത്; ആ പുസ്തകത്തിലുള്ള ക്രിസ്തുവിൻ്റെ നിസ്തുല്യതയെന്താണോ, അതാണ് ഏകജാതനെന്ന പദവിക്കടിസ്ഥാനം. യോഹന്നാൻ്റെ പുസ്തകത്തിലാണ് ഏകജാതൻ എന്ന പ്രയോഗം അഞ്ചുപ്രാവശ്യവും ഉള്ളത്. (യോഹ, 1:14,18; 3:16,18; 1യോഹ, 4:9). മറ്റൊരു എഴുത്തുകാരും അവനെ ഏകജാതനെന്ന് വിശേഷിപ്പിച്ചിട്ടില്ല. യോഹന്നാൻ്റെ ക്രിസ്തു, ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്ന പുത്രനാണ്. (യോഹ, 1:14). ദൈവത്തിൻ്റെ അനേകം മക്കളിൽ വചനം ജഡമായിത്തീർന്ന ഏകപുത്രൻ ക്രിസ്തുവാണ്. ആദ്യപ്രയോഗം നോക്കുക: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു. (യോഹ, 1:14). ഓശാന നൂതന പരിഭാഷയിൽ ഇങ്ങനെയാണ്: വചനം മനുഷ്യനായി നമ്മുടെ മദ്ധ്യേ വസിച്ചു. അവിടത്തെ തേജസ്സ് പിതാവിന്റെ അടുക്കൽനിന്ന് കൃപയും സത്യവും നിറഞ്ഞവനായി വന്ന നിസ്തുലപുത്രന്റെ തേജസ്സുതന്നെ, ഞങ്ങൾ ദർശിച്ചിരിക്കുന്നു.” ഈ പരിഭാഷയിൽ, യോഹന്നാൻ 1:14, 3:16, 3:18 തുടങ്ങയവ നിസ്തുലപുത്രൻ എന്നാണ്. International Standard Version-ൽ എല്ലായിടത്തും Unique Son, എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. Complete Jewish Bible-ൽ യോഹന്നാൻ 1ൻ്റെ18, 3ൻ്റെ16, 3ൻ്റെ18 എന്നീ വാക്യങ്ങളിൽ Unique Son എന്നാണ് കാണുന്നത്. അതിനാൽ, വചനം ജഡമായ പുത്രനെന്ന നിലയിലാണ്, അവനെ ഏകജാതൻ എന്ന് യോഹന്നാൻ വിശേഷിപ്പിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം.

അടുത്തത്, ആദ്യജാതനെന്ന പദവിയുടെ അടിസ്ഥാനമെന്താണെന്ന് നോക്കാം. ആദ്യജാതനെന്ന പ്രയോഗം വ്യത്യസ്ത അർത്ഥങ്ങളിലാണ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. 1. സഹോദരന്മാരിൽ ആദ്യജാതൻ: “ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ദൈവം, ക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുത്തതു കൊണ്ടാണ് അവനെ ആദ്യജാതനെന്ന് വിളിച്ചിരിക്കുന്നത്. “തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിനു അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.” (എഫെ, 1:5-6). ദൈവം, ലോകസ്ഥാപനത്തിനു മുമ്പാണ് ക്രിസ്തുവിലൂടെ നമ്മെ കാണുകയും തിരഞ്ഞെടുക്കുകയും ചെയ്തത്. (എഫെ, 1:4). നാമിനി അവൻ്റെ പുനരുത്ഥാനത്തിൻ്റെ സാദൃശ്യത്തോടും ഏകീഭവിക്കും. (റോമ, 6:5). ക്രിസ്തു മുഖാന്തരം നാം ദൈവത്തിൻ്റെ മക്കളും അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും ആയപ്പോൾ, ക്രിസ്തുവിന് ദൈവത്തിൻ്റെ ആദ്യജാതനെന്ന പദവി കൈവന്നു. (യോഹ, 3:16; റോമ, 8:17; 1യോഹ, 3:2). ആ അർത്ഥത്തിൽ ക്രിസ്തു ദൈവത്തിൻ്റെ ആദ്യജാതനും വിശ്വാസികളെല്ലാവരും അനന്തര ജാതന്മാരുമാണ്.

2. സർവ്വസൃഷ്ടിക്കും ആദ്യജാതൻ: “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.” (കൊലൊ, 1:15). ഈ വാക്യപ്രകാരം ക്രിസ്തു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് യഹോവസാക്ഷികളും ദൈവം ആദ്യം ജനിപ്പിച്ച പുത്രനാണെന്ന് ട്രിനിറ്റിയും വിശ്വസിക്കുന്നു. ആദ്യജാതനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഭിധാനമാണെന്ന് മുകളിൽ നാം കണ്ടതാണ്. എന്നാൽ, സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന അഭിധാനത്തിന് അടിസ്ഥാനമെന്താണെന്ന് നാം അറിയണം. ക്രിസ്തു സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ ആയതുകൊണ്ടാണ് അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. സൃഷ്ടി മുഴുവൻ ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ള ആശയോടെ ഈറ്റുനോവോടിരിക്കുന്നു എന്നാണ് പൗലോസ് പറയുന്നത്. (റോമ, 8:20-22). ആദാമിൻ്റെ ലംഘനം നിമിത്തമാണ് സർവ്വസൃഷ്ടികളും ദ്രവത്വത്തിനും നാശത്തിനും വിധേയമായത്. (ഉല്പ, 3ൻ്റെ17-19; റോമ, 5:12-19). എന്നാൽ, സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ്. (റോമ, 5:12-19). അങ്ങനെയാണവൻ സർവ്വസൃഷ്ടിക്കും ആദ്യജാതനായത്.

3. മരിച്ചവരിൽ നിന്നുള്ള ആദ്യജാതൻ: “അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു, സകലത്തിലും താൻ മുമ്പനാകേണ്ടതിനു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.” (കൊലൊ, 1:18). മരിച്ചവരുടെ ഇടയിൽ നിന്ന് ആദ്യനായി എഴുന്നേറ്റവൻ എന്നാൽ, മരിച്ചവരിൽ നിന്നുള്ള ആദ്യജാതൻ എന്നാണ് ശരിയായ പ്രയോഗം. പി.ഒ.സി പരിഭാഷ ചേർക്കുന്നു: “അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ്‌. അവൻ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരില്‍നിന്നുള്ള ആദ്യജാതനുമാണ്‌. ഇങ്ങനെ എല്ലാകാര്യങ്ങളിലും അവന്‍ പ്രഥമ സ്‌ഥാനീയനായി.” (കൊലൊ, 1:18). ക്രിസ്തുവിൻ്റെ ക്രൂശീകരണത്തിനു മുമ്പും പിമ്പും അനേകർ മരിക്കുകയും ഉയിർക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പാപത്തിൽ മരിച്ചവരായ മാനവകുലത്തിനു നിത്യജീവൻ നല്കാൻ, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയിട്ട്, ആദ്യനായി ഉയിർത്തവൻ ക്രിസ്തുവാണ്. (എബ്രാ, 2:14-15). അങ്ങനെയാണ് അവൻ മരിച്ചവരിൽ നിന്നുള്ള ആദ്യജാതനായത്.

4. ദൂതന്മാരെക്കാൾ ശ്രേഷ്ഠനായ ആദ്യജാതൻ: “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ, ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). ദൂതന്മാരെയും ദൈവപുത്രന്മാരെന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി അവർ ദൈവത്തിൻ്റെ ശു ശ്രൂഷകരും രക്ഷപ്രാപിപ്പാനുള്ളവരുടെ സേവകാത്മാക്കളുമാണ്. (എബ്രാ, 1:7,14). ദൈവത്തിൻ്റെ പുത്രൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠനാണ്: “അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിനു അവകാശിയായതിനു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.” (എബ്രാ, 1:4). അങ്ങനെയവൻ ദൂതന്മാരെക്കാൾ ശ്രേഷ്ഠനെന്ന നിലയിലാണ് ആദ്യജാതനായത്.

5. ഉയിര്‍ത്തെഴുന്നേറ്റവരില്‍ ആദ്യജാതൻ: “വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (വെളി, 1:5). സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ, മരിച്ചവരില്‍നിന്ന് ആദ്യമായി ഉത്ഥാനം ചെയ്തവൻ എന്നും, ഓശാന നൂതന പരിഭാഷയിൽ, മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യം ഉയിർത്തെഴുന്നേറ്റവൻ എന്നും, ഇ.ആർ.വി പരിഭാഷയിൽ, ഉയിര്‍ത്തെഴുന്നേറ്റവരില്‍ ആദ്യൻ എന്നുമാണ്. കൊരിന്ത്യലേഖനത്തിൽ, പുനരുത്ഥാന നിരയുടെ ഒരു ക്രമം പറഞ്ഞിട്ടുണ്ട്: “ഓരോരുത്തനും താന്താന്റെ നിരയിലത്രേ, ആദ്യഫലം ക്രിസ്തു, പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ, പിന്നെ അവസാനം, അന്ന് അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.” (1കൊരി, 15:23). ഈ വേദഭാഗം കൊലൊസ്യർ 1:18-നു തുല്യമാണ്. അവിടെയും ക്രിസ്തു  മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റവരിൽ ആദ്യജാതനാണ്. ഈ നിലയിലാണ് ക്രിസ്തുവിനെ ഏകജാതനെന്നും ആദ്യജാതനെന്നും ബൈബിൾ വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലാതെ, അവൻ യഥാർത്ഥത്തിൽ ആരുടെയും ഏകജാതനും ആദ്യജാതനുമല്ല. യഥാർത്ഥത്തിൽ അവൻ ഏക സത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനായിരുന്നു. അതാണ്, ദൈവഭക്തിയുടെ മർമ്മം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ!

2 thoughts on “ഏകജാതനും ആദ്യജാതനും”

Leave a Reply

Your email address will not be published. Required fields are marked *