ന്യായാധിപന്മാരുടെ പുസ്തകം (Book of Judges)
പഴയനിയമത്തിലെ ഏഴാമത്തെ പുസ്തകം. യോശുവയ്ക്കുശേഷം ശമൂവേൽ പ്രവാചകന്റെ കാലംവരെ യിസായേലിനെ ഭരിച്ചിരുന്നവരുടെ ഔദ്യോഗിക നാമമാണ് പുസ്തകത്തിനു നല്കിയിട്ടുള്ളത്. “എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരുടെ കയ്യിൽനിന്നു അവരെ രക്ഷിച്ച.” (ന്യായാ, 2:16). ഉദ്ദേശം മൂന്നു നൂറ്റാണ്ടുകളുടെ ചരിത്രം ഈ പുസ്തകം ഉൾക്കൊള്ളുന്നു.
കാലവും കർത്തൃത്വവും: J (യാഹ്വിസ്റ്റിക്) E (എലോഹിസ്റ്റിക്) എന്ന രണ്ടു സ്രോതസ്സുകളിൽ നിന്നെടുത്ത പഴയവീരകഥകളുടെ സമാഹാരമാണ് ഈ പുസ്തകം എന്നു വിമർശകർ അഭിപ്രായപ്പെടുന്നു. ഈ രണ്ടു രേഖകളും ബി.സി. ഏഴാം നൂററാണ്ടിന്റെ ഉത്തരപാദത്തിലാണ് ഒരുമിച്ചു ചേർത്തത്. അപ്പോൾ നടത്തിയ ചില ചില്ലറ കൂട്ടിചേർക്കലുകളാണ് ചെറിയ ന്യായാധിപന്മാർ തുടങ്ങിയവ. ബി.സി. 200 വരെ ഈ പുസ്തകത്തിന് ഇന്നത്തെ രൂപം ലഭിച്ചിരുന്നില്ല എന്ന വാദഗതിയും ഉണ്ട്.
പുസ്തകത്തിന്റെ ആന്തരിക തെളിവുകളും പാരമ്പര്യവും സൂചിപ്പിക്കുന്നതനുസരിച്ച് രാജവാഴ്ചയുടെ തുടക്കത്തിൽ ബി.സി. 1020-നടുപ്പിച്ചായിരിക്കണം ഇത് എഴുതപ്പെട്ടത്. ഇതിന്റെ സമ്പാദകഗ്രന്ഥകാരൻ ശമൂവേൽ പ്രവാചകനാണ്. അതിന് ഉപോദ്ബലകങ്ങളായ തെളിവുകൾ ഇവയാണ്: 1. ഗ്രന്ഥകാരൻ ഏറിയകൂറും ഒരു സമ്പാദകനാണ്. പലനൂറ്റാണ്ടുകളിലെ ചരിത്രമാണിതിലുള്ളത്. ദെബോരയുടെ വീണ്ടെടുപ്പിന്റെ ഗദ്യവിവരണവും (അ.4), ദെബോരയുടെ പാട്ടും (അ.5), തിരഞ്ഞെടുത്തു. ഗിദെയോന്റെയും ശിംശോന്റെയും കഥകൾക്കു പ്രാധാന്യം നല്കി. സാന്മാർഗ്ഗിക മൂല്യമാണ് അതിന് അടിസ്ഥാനം. 2. ഏകകർത്തൃത്വത്തിന്റെ ഐക്യം ഈ പുസ്തകത്തിലുണ്ട്. സംവിധാനത്തിൽ ആവർത്തന പുസ്തകത്തിന്റെ ഛായ ഇതിൽ കാണാം. ന്യായപ്രമാണം അനുസരിക്കുന്നതിന് കനാനിൽ അനുഗ്രഹങ്ങളും ന്യായപ്രമാണം ലംഘിക്കുന്നതിനു ശിക്ഷയും ആവർത്തനത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. (ആവ, 28:1-68). 3. ഈ പുസ്തകം ശൗലിന്റെ കാലയളവിൽ ഉള്ളതാണ്. “ബെന്യാമീൻ മക്കൾ യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നുവരെ ബെന്യാമീൻ മക്കളോടുകൂടെ യെരുശലേമിൽ പാർത്തു വരുന്നു.” (ന്യായാ, 1:21). തന്റെ വാഴ്ചയുടെ ഏഴാമാണ്ടിൽ ദാവീദ് സീയോൻ ആക്രമിച്ചു കീഴടക്കി. (2ശമൂ, 5:6-8). ഒരിക്കലും ദാവീദ് സീയോൻ കീഴടക്കിയശേഷം ഈ പ്രസ്താവന എഴുതുകയില്ല. അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു. ഓരോരുത്തൻ ബോധിച്ചതു പോലെ നടന്നു. (ന്യായാ, 17:6; 18:1; 19:1; 21:25). ഇതു രാജഭരണത്തിന്റെ തുടക്കത്തെ കാണിക്കുകയാണ്. 4. എബ്രായ പാരമ്പര്യമനുസരിച്ച് ശമുവേലാണ് എഴുത്തുകാരൻ. ശമുവേലിന്റെ പുസ്തകവും ന്യായാധിപന്മാരുടെ പുസ്തകവും, രൂത്തും ശമുവേൽ പ്രവാചകൻ എഴുതി എന്നു തല്മൂദ് (ബാബാബ്രത) പറയുന്നു.
ഉദ്ദേശ്യം: 1. യോശുവയുടെ മരണത്തിനും രാജവാഴ്ചയുടെ ആരംഭത്തിനും ഇടയ്ക്കുള്ള ചരിത്രപരമായ വിടവു നികത്തുക. 2. തങ്ങളുടെ മതപാരമ്പര്യത്തെ അവഗണിച്ചു ചുറ്റുമുള്ള വിജാതീയ മതങ്ങളോടു പൊരുത്തപ്പെട്ട ഒരു ജനതയുടെ ധാർമ്മികവും രാഷ്ട്രീയവുമായ അധ:പതനം വെളിപ്പെടുത്തുക. 3. ഒരു രാജാവിൽ നിക്ഷിപ്തമായ ഒരു ശക്തമായ കേന്ദ്രഭരണവും അതിലൂടെ ഐക്യവും നേതൃത്വവും നേടാനുള്ള ജനത്തിന്റെ വാഞ്ഛ വെളിപ്പെടുത്തുക. യഹോവയിൽനിന്ന് അകലുന്നതുകൊണ്ടുളള ഫലം അടിമത്തവും ശിക്ഷയുമാണെന്ന് ന്യായാധിപന്മാരുടെ പുസ്തകം വെളിപ്പെടുത്തുന്നു. ദൈവത്തിങ്കലേക്കു തിരിയുമ്പോൾ മാത്രമാണ് ജനം യഥാസ്ഥാനപ്പെടുക. തന്റെ ദൈവാധിപത്യജനത്തെ രക്ഷിക്കുവാൻ വേണ്ടി ദൈവം എഴുന്നേല്പിച്ച ആത്മപുർണ്ണരായ നായകൻമാരാണ് ന്യായാധിപന്മാർ. ന്യായാധിപന്മാർ രണ്ടു പ്രധാന കാര്യങ്ങൾ ചെയ്തു. 1. അവർ ശത്രുക്കളുടെ പീഡനത്തിൽനിന്നും ജനത്തെ മോചിപ്പിച്ചു. 2. യഹോവയുടെ നാമത്തിൽ അവർ ജനത്ത ഭരിച്ചു.
പ്രധാന വാക്യങ്ങൾ: 1. “എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരുടെ കയ്യിൽ നിന്നു അവരെ രക്ഷിച്ചു. അവരോ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോടു പരസംഗംചെയ്തു അവയെ നമസ്കരിച്ചു, തങ്ങളുടെ പിതാക്കന്മാർ നടന്ന വഴിയിൽനിന്നു വേഗം മാറിക്കളഞ്ഞു; അവർ യഹോവയുടെ കല്പനകൾ അനുസരിച്ചു നടന്നതുപോലെ നടന്നതുമില്ല. യഹോവ അവർക്കു ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോൾ യഹോവ അതതു ന്യായധിപനോടു കൂടെയിരുന്നു അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലിവിളിയിങ്കൽ യഹോവെക്കു മനസ്സിലിവു തോന്നും.” ന്യായാധിപന്മാർ 2:16-18.
2. “യിസ്രായേൽമക്കൾ യഹോവയോടു: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊൾക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.” ന്യായാധിപന്മാർ 10:15.
3. “ആ കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു.” ന്യായാധിപന്മാർ 21:25.
വിഷയരേഖ: I. മുഖവുര: കാലഘട്ടത്തിന്റെ പ്രത്യേകത: 1:1-2:5.
a. രാഷ്ട്രീയ സ്ഥിതിഗതികൾ: 1:36.
b. മതപരമായ സ്ഥിതിഗതികൾ: 2:15.
II. ന്യായാധിപന്മാരുടെ കാലം: 2:6-16:31.
a. അക്കാലത്തെ മതനിലവാരം: 2:6-3:6.
b. ന്യായാധിപന്മാർ:
1. ഒത്നീയേൽ: 3:7-11.
2. ഏഹൂദ്: 3:12-30.
3. ശംഗർ: 3:31.
4. ദെബോരയും, ബാരാക്കും: 4:5-31.
5. ഗിദെയോനും, അബീമേലെക്കും: 6:1-9:57.
6. തോലാ: 10:1,2.
7. യായീർ: 10:3-5.
8. യിഫ്താഹ്: 10:6-12:7.
9. ഇബ്സാൻ: 12:8-10.
10. ഏലോൻ: 12:11,12.
11. അബ്ദോൻ: 12:13-15.
12. ശിംശോൻ: 13:1-16:31.
III . രണ്ടനുബന്ധങ്ങൾ: 17:1-21:25.
a. മീഖായാവിന്റെയും ദാന്യരുടെയും വിഗ്രഹാരാധന: 17:1-18:31.
b. ഗിബെയയിലെ കുറ്റവും അതിന്റെ ശിക്ഷയും: 19:1-21:25.