ശുശ്രൂഷകൻ

ശുശ്രൂഷകൻ (Deacon)

ശുശ്രൂഷക്കാരനെ കുറിക്കുന്ന ‘ഡയകൊനൊസ്’ എന്ന ഗ്രീക്കു പദം പുതിയ നിയമത്തിൽ മുപ്പതോളം സ്ഥാനങ്ങളിലുണ്ട്.  അനുബന്ധ പദങ്ങളായ ‘ഡയകൊനെയോ’ (ശുശ്രൂഷിക്കുക) ‘ഡയകൊനിയ’ (ശുശ്രൂഷ) എന്നിവ എഴുപതോളം പ്രാവശ്യം പുതിയനിയമത്തിലുണ്ട്.. എന്നാൽ അധികം സ്ഥാനളിലും ഒരു പ്രത്യേക ഔദ്യോഗിക സ്ഥാനമായി ശശ്രൂഷയെ കാണുന്നില്ല. ചിലേടങ്ങളിൽ മാത്രം ഒരു പ്രത്യക ശുശ്രൂഷാപദവിയെ ഇത് ചൂണ്ടിക്കാണിക്കുന്നു. ഡയകൊനൊസ് ഒരു സേവകനാണ്; മേശയിൽ സേവനം ചെയ്യുന്നവൻ അഥവാ പരിചാരകൻ. യവന കാലഘട്ടത്തിൽ ചില മതവിഭാഗങ്ങളിലെ ക്ഷേത്രോദ്യോഗസ്ഥന്മാരെ ഈ പദം വിവക്ഷിച്ചിരുന്നു. ഈ പദത്തിന്റെ സാമാന്യമായ ആശയമാണ് പുതിയനിയമത്തിൽ അധികവും കാണുന്നത്. മത്തായി 22:13-ൽ രാജാവിന്റെ ശുശ്രഷക്കാർ, 1തെസ്സലോനിക്കർ 3:2-ൽ ദൈവത്തിന്റെ ശുശ്രൂഷകൻ. എപ്പഫ്രാസിനെ ക്രിസ്തുവിന്റെ ശുശ്രൂഷകനെന്നും താൻ സഭയുടെയും സുവിശേഷത്തിന്റെയും ശുശ്രൂഷകനെന്നും കൊലൊസ്സർ 1:7,23,25) പൗലൊസ് ഒരേ ഭാഗത്തു പറയുന്നുണ്ട്. 

അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയിലെ സഭയോടൊപ്പം അദ്ധ്യക്ഷന്മാരെയും ശുശ്രൂഷകന്മാരെയും വന്ദിക്കുന്നു. (ഫിലി, 1:1). സഭയിൽ അദ്ധ്യക്ഷന്മാർ, ശുശ്രൂഷകന്മാർ എന്നിങ്ങനെ രണ്ട് ഔദ്യോഗിക പദവികൾ നാം കാണുന്നു. ശുശ്രൂഷകന്മാരുടെ ഔദ്യോഗിക പദവി എങ്ങനെ നിലവിൽ വന്നുവെന്നു നമുക്കറിയില്ല. ശുശ്രൂഷകരുടെ യോഗ്യതകളെക്കുറിച്ചുള്ള വ്യക്തമായ വിവരണം 1തിമൊഥെയൊസ് 3:8-13-ൽ നല്കിയിട്ടുണ്ട്. വ്യക്തിപരമായി ശുശ്രൂഷകന്മാർ ഘനശാലികളും അനിന്ദ്യരും ആയിരിക്കണം. ഇരുവാക്കുകാരും, മദ്യപരും ദുർല്ലാഭമോഹികളും ശുശ്രൂഷക്കാരായിരിക്കുവാൻ പാടില്ല. സാമൂഹികമായി ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തം കുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആത്മീയമായി വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവരും ആയിരിക്കണം അവർ. ശുശ്രുഷകന്മാരെ നിയോഗിക്കുന്നത് സഭ തന്നെയാണ്. ഓരോ പ്രാദേശികസഭയിലും അനേകം ശുശ്രൂഷകന്മാരുണ്ടായിരുന്നു. (ഫിലി, 1:1; 1തിമൊ, 3:8, അപ്പൊ, 6:1-6). പ്രവൃത്തി ആറാമദ്ധ്യായത്തിൽ ഏഴു പേരെയാണ് തിരഞ്ഞെഞ്ഞെടുത്തത്. എന്നാൽ പ്രാദേശികസഭയുടെ ചുറ്റുപാടുകളും വലിപ്പവും ശുശ്രൂഷകളുടെ വൈവിധ്യവും കണക്കിലെടുത്തു ശുശ്രൂഷകന്മാരുടെ എണ്ണം വ്യത്യാസപ്പെടുത്താൻ കഴിയും. സാധുക്കളുടെ കാര്യം നോക്കുന്നതിനാണ് ആദിമ സഭയിൽ ഏഴുപേരെ തിരഞ്ഞെടുത്തത്. ഇതു അപ്പൊസ്തലന്മാർക്ക് പ്രാർത്ഥനയിലും വചന ശുശ്രൂഷയിലും ഉറ്റിരിക്കുവാൻ സ്വാതന്ത്ര്യവും സമയവും നല്കി. സ്തെഫാനൊസ്, ഫിലിപ്പോസ് എന്നിവരുടെ സേവനം സഭയുടെ സാമ്പത്തികവും ഭൗതികവുമായ തലങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല.

ശിഷ്യൻ

ശിഷ്യൻ (Disciple)  

ഗുരുവിന്റെ ഉപദേശം കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശിഷ്യൻ. പഠിക്കുക എന്നർത്ഥമുള്ള ‘മന്തനോ’ എന്ന ധാതുവിൽ നിന്നാണ് ‘മതീറ്റീസ്’ വന്നത്. യവനദാർശനികരും എബായറബ്ബിമാരും ധാരാളം ശിഷ്യന്മാരെ ചേർത്തു പഠിപ്പിച്ചിരുന്നു. ശിഷ്യന്റെ പ്രധാന കർമ്മം എന്താണെന്നു യെശയ്യാ പ്രവാചകൻ വ്യക്തമാക്കുന്നു: “തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിനു യഹോവയായ കർത്താവ് എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു. അവൻ രാവിലെ തോറും എന്നെ ഉണർത്തുന്നു. ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിനു അവൻ എന്റെ ചെവി ഉണർത്തുന്നു.” (50:4). ഉപദേശം സ്വീകരിക്കുന്നവരാണ് ശിഷ്യന്മാർ. യോഹന്നാൻ സ്നാപകന്റെ ശിഷ്യന്മാർ (മത്താ, 9:14; യോഹ, 1:35), പരീശന്മാരുടെ ശിഷ്യന്മാർ (മത്താ, 22:16; മർക്കൊ, 2:18; ലൂക്കൊ, 5:33), മോശയുടെ ശിഷ്യന്മാർ (യോഹ, 9:28) എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. യേശുവിന്റെ ശിഷ്യന്മാരാണ്: 1. അനുയായികളായി തീർന്ന യെഹൂദന്മാർ. (യോഹ, 6:66; ലൂക്കൊ, 6:17). 2. രഹസ്യ ശിഷ്യന്മാർ. (യോഹ, 19:38). 3. അപ്പൊസ്തലന്മാർ. (മത്താ, 10:1;, ലൂക്കൊ, 22:11). 4. വചനം അനുസരിക്കുന്നവർ. (യോഹ, 8:31; 13:35; 15:8). 5.യേശുവിൽ വിശ്വസിക്കുകയും ഏറ്റു പറയുകയും ചെയ്യുന്നവർ. (പ്രവൃ, 6:1,2,7; 14:20,22,28; 15:10; 19:1). ആദിമക്രിസ്ത്യാനികളുടെ പ്രധാന പേര് ശിഷ്യന്മാർ എന്നായിരുന്നു. അപ്പൊസ്തലപ്രവൃത്തികളിൽ മാത്രമേ ഈ പേരുള്ളൂ; മുപ്പതു പ്രാവശ്യം.

ശവസംസ്കാരം

ശവസംസ്കാരം (Burial) 

മരണത്തിനുശേഷം ശരീരം നാശവിധേയമാണ്. ശവശരീരത്തെ സംസ്കരിക്കുന്നതിനു മനുഷ്യർ വിവിധ മാർഗ്ഗങ്ങൾ അവലംബിക്കുന്നുണ്ട്; കല്ലറകളിൽ അടക്കുക, ദഹിപ്പിക്കുക, പക്ഷിമൃഗാദികൾക്ക് ഭക്ഷിക്കുവാനായി ഉപേക്ഷിക്കുക എന്നിങ്ങനെ. മിക്ക ജനവർഗ്ഗങ്ങളും ശവശരീരത്തോടു ആദരപൂർവ്വമാണ് പെരുമാറുന്നത്. അമർത്ത്യതയെക്കുറിച്ചുള്ള ചിന്തയാണ് ഇതിനു പിന്നിൽ. അനുയോജ്യമായ ആചാരങ്ങളോടു കൂടി ഭൂമിയിൽ വെട്ടിയുണ്ടാക്കിയ കല്ലറയിലോ, കുഴിയിലോ, സമുദ്രത്തിലോ ശവശരീരത്തെ മറവു ചെയ്യുന്നതിനെയാണ് അടക്കം എന്നു പറയുന്നത്. മരിച്ചവർ മൃതന്മാരുടെ ദേശത്താ സാധാരണ മനുഷ്യരെപ്പോലെ ജീവിക്കുമെന്ന് വിശ്വസിച്ചിരുന്ന ഈജിപുകാർ മൃതശരീരം കേടുകൂടാതെ സൂക്ഷിക്കുവാൻ നന്നേ പണിപ്പെട്ടിരുന്നു. ആയുധങ്ങളും ഉപകരണങ്ങളും മമ്മികളോടൊപ്പം വെക്കുക പതിവായിരുന്നു. മൃതന്റെ കൂടെ പോകുന്നതിനായി ഭാര്യയെയോ, ഭൃത്യനെയോ കൊന്ന് പ്രേതത്തോടൊപ്പം മറവു ചെയ്യുന്ന ഏർപ്പാടും ഈജിപ്റ്റിൽ നിലവിലുണ്ടായിരുന്നു. “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും” (ഉല്പ, 3:19) എന്ന ദൈവവചനമനുസരിച്ചാണ് യിസ്രായേല്യർ തങ്ങളുടെ മരിച്ചവരെ മണ്ണിൽ അടക്കുന്നത്. 

പിതാക്കന്മാരുടെ കാലത്ത് പല തലമുറകളിലെയും വ്യക്തികളെ ഒരേ കുടുംബകല്ലറയിൽ അടക്കുക സാധാരണമായിരുന്നു. ഈ കല്ലറകൾ ഗുഹകളോ, പാറകളിൽ വെട്ടിയുണ്ടാക്കിയതോ ആയിരിക്കും . സാറാ (ഉല്പ, 23:19), അബ്രാഹാം (ഉല്പ, 25:9), യിസഹാക്ക്, റിബെക്ക, ലേയ (ഉല്പ, 49:31), യാക്കോബ് (ഉല്പ, 50:13) എന്നീ ആറു പേരെ മക്പേലാ ഗുഹയിൽ അടക്കി. കല്ലറ മരണസ്ഥലത്തിനു വളരെ അകലെ ആണെങ്കിൽ മരിക്കുന്ന സ്ഥലത്തിനടുത്തു അടക്കുമായിരുന്നു. ദെബോരയെ ബേഥേലിനടുത്തും റാഹേലിനെ എഫ്രാത്തയ്ക്കുള്ള വഴിയരുകിലും അടക്കി. (ഉല്പ, 35:8,19,20). മരണത്തിൽ വസ്ത്രം കീറി അരയിൽ രട്ടുശീല ചുറ്റി വിലപിക്കും. ഈ വിലാപം ഏഴുദിവസം വരെ നീണ്ടുനില്ക്കും. (ഉല്പ, 37:34,35; 50:10). ഗിദെയോൻ, ശിംശോൻ (ന്യായാ, 8;32; 16;31), അസാഹേൽ, അഹീഥോഫെൽ (2ശമു, 2:32; 17:23), ശൗൽ (2ശമൂ, 21:12-14) തുടങ്ങിയവരെ പിതാക്കന്മാരുടെ കല്ലറകളിലാണു അടക്കം ചെയ്തത്. ശവശരീരത്തെ ശവമഞ്ചത്തിൽ ചുമന്നുകൊണ്ടുപോകും. (2ശമു, 3:31). ഒരു നല്ല ശവമടക്കം ലഭിക്കാതിരിക്കുന്നതു ദൗർഭാഗ്യമായി കരുതപ്പെട്ടിരുന്നു. (1രാജാ, 3:22; യിരെ, 16:6). കല്ലറകൾ പൊതുവെ പട്ടണത്തിനു പുറത്തായിരുന്നു. കല്ലറകളുടെ മേൽ സ്മാരകങ്ങൾ ഉയർത്താറുണ്ട്. സാധാരണ ജനത്തിന്റെ ശവസംസ്കാരത്തിനായി യെരുശലേമിനു പുറത്തു ഭൂമി ഒഴിച്ചിട്ടിരുന്നു. (2രാജാ, 23:6; യിരെ, 26:23). വധിക്കപ്പെട്ട കുറ്റവാളിയുടെ ശവക്കുഴിക്കുമേൽ കല്ക്കൂമ്പാരം കൂട്ടും. ഉദാ: ആഖാൻ (യോശു, 7:26), അബ്ശാലോം (2ശമൂ, 18:17), ഹായി രാജാവും അഞ്ചു കനാന്യ രാജാക്കന്മാരും. (യോശു, 8:29; 10:27). 

ശവസംസ്കാരത്തിന്റെ ചില വിശദാംശങ്ങൾ പുതിയ നിയമത്തിലുണ്ട്. മൃതശരീരത്തെ കുളിപ്പിച്ച് (അപ്പൊ, 9:37) എണ്ണ പുശും. (മർക്കൊ, 16:1). സുഗന്ധവർഗ്ഗം ഇട്ടു ശീലകൊണ്ടു (ലിനൻ) പൊതിഞ്ഞു കെട്ടും. (യോഹ, 19:40). കയ്യും കാലും ശീലകൊണ്ടു കെട്ടും, മുഖം റുമാൽ കൊണ്ടു മൂടും. (യോഹ, 11:44). മുറയിട്ടു കരയുന്നതും, മാറത്തടിക്കുന്നതും സാധാരണമാണ്. വിലാപക്കാരത്തികളെയും കുഴലൂത്തുകാരെയും വിളിക്കാറുണ്ട്. (മത്താ, 9:23). മരിച്ചു വളരെത്താമസിയാതെ തന്നെ, മിക്കവാറും അന്നു തന്നെ ശവം മറവു ചെയ്യും. ശ്മശാനങ്ങൾ നഗരത്തിനു പുറത്താണ്. പൊതുശ്മശാനങ്ങൾ ഉണ്ടായിരുന്നു. (മത്താ, 27:7). ജീവിച്ചിരിക്കുമ്പോൾ തന്നെ കല്ലറകൾ നിർമ്മിക്കുന്നവരുണ്ടായിരുന്നു. (മത്താ, 27:60). ശവപ്പെട്ടികൾ ഉപയോഗിച്ചിരുന്നില്ല. ശവമഞ്ചങ്ങളിലാണ് ശവം ചുമന്നു കൊണ്ടുപോയിരുന്നത്. (ലൂക്കൊ, 7:12,14). യെഹൂദന്മാർ ശവം ദഹിപ്പിക്കുകയില്ല. കല്ലറകളെ മോടി പിടിപ്പിക്കുകയും വെള്ള തേയ്ക്കുകയും ചെയ്തിരുന്നു. (മത്താ, 23:29,27). ശവക്കല്ലറകളെ തിരിച്ചറിയുവാൻ ആയിരുന്നു (പ്രത്യേകിച്ചു രാത്രിയിൽ) വെള്ള തേച്ചിരുന്നത്. തന്മൂലം കടന്നു പോകുന്നവർ അറിയാതെ കല്ലറകളെ സ്പർശിച്ചു അശുദ്ധരാവാൻ ഇടയാവുകയില്ല. കള്ളന്മാരും ജന്തുക്കളും പെട്ടെന്ന് പ്രവേശിക്കാതിരിക്കുവാൻ കല്ലറകളുടെ ദ്വാരങ്ങളെ ഉറപ്പായി ബന്ധിക്കുകയും വലിയ കല്ലു കളുരുട്ടി വയ്ക്കുകയും ചെയ്തിരുന്നു.

ശമര്യർ

ശമര്യർ (Samaritans)

ബി.സി. 722-ലെ ശമര്യയുടെ പതനം ഉത്തരരാജ്യത്തിന്റെ ചരിത്രത്തിൽ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. യിസ്രായേൽ രാജാവായിരുന്ന ഹോശേയുടെ കാലത്ത് താൻ‍ അശ്ശൂർ‍ രാജാവായിരുന്ന ശൽ‍മനേസർ‍ക്ക് ആണ്ടുതോറുമുള്ള കപ്പം കൊടുക്കാതിരുന്നതിനാൽ‍, അശ്ശൂർ രാജാവ് ഹോശേയെ പിടിച്ചു ബന്ധിച്ചു കാരാഗ്യഹത്തിൽ‍ ആക്കുകയും, ദേശത്തിലെ പ്രമുഖ പൗരന്മാരെ അശ്ശൂരിലേക്ക് കൊണ്ട് പോയി പാർ‍പ്പിക്കുകയും ചെയ്തു. ഇങ്ങനെ യിസ്രായേല്യർ സ്വദേശം വിട്ടു പ്രവാസത്തിൻ പോയ സമയം; അശ്ശൂർ രാജാവാ അശ്ശൂർ സാമ്രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവ്വയീം എന്നിവിടങ്ങളിൽനിന്നു പ്രവാസികളെ വരുത്തി യിസ്രായേൽമക്കൾക്കു പകരം ശമർയ്യാപട്ടണങ്ങളിൽ പാർപ്പിച്ചു. അവർ‍ ശമര്യ കൈവശമാക്കി അതിൻ്റെ പട്ടണങ്ങിൽ‍ പാർ‍ത്തു. (2രാജ, 17:1-6,23-26). ഇങ്ങനെ വന്നു പാർ‍ത്ത ആൾ‍ക്കാർ‍ ദൈവത്തിൻ്റെ മാർ‍ഗ്ഗം അറിയാത്തവരായിരുന്നു. അവിടെ വന്നു പാർ‍ത്ത ഒരോ ജാതികളും അവരവരുടെ ദേവൻ‍മാരെ ഉണ്ടാക്കി ആരാധന കഴിച്ചു. “ബാബേൽകാർ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാർ നേർഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാർ അശീമയെ ഉണ്ടാക്കി; അവ്വക്കാർ നിബ്ഹസിനെയും തർത്തക്കിനെയും ഉണ്ടാക്കി; സെഫർവ്വക്കാർ സെഫർവ്വയീംദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.” (2രാജ.17:30-31). ശമര്യ നിവാസികൾ‍ ദൈവത്തെ അറിയാതെ വിഗ്രഹത്തെ ഭജിച്ചതിനാൽ‍ ദൈവം ഒരിക്കൽ‍ അവരുടെ ഇടയിൽ‍ സിംഹത്തെ അയച്ചു അവരിൽ‍ ചിലരെ കൊന്നു. ഈ വിവരം അശ്ശൂർ‍ രാജാവ് അറിഞ്ഞപ്പോൾ‍, താൻ‍ യിസ്രായേലിൽ‍ നിന്നും അശ്ശൂരിലേക്ക് ബദ്ധരാക്കി പിടിച്ചുകൊണ്ട് വന്ന യിസ്രായേൽ‍ പുരോഹിതൻമാരിൽ‍ ഒരാളെ തിരിച്ചു ശമര്യായിലേക്ക് അയച്ചു, അവർ‍ക്ക് ദൈവത്തിൻ്റെ മാർ‍ഗ്ഗം ഉപദേശിച്ചുകൊടുക്കുവാൻ‍ കൽപിച്ചു. പുരോഹിതൻ‍ ദൈവത്തിൻ്റെ മാർ‍ഗ്ഗം ഉപദേശിച്ചു കൊടുത്തതിൻ‍പ്രകാരം അവർ‍ ദൈവത്തെ ഭജിച്ചുവെങ്കിലും അവർ‍ തങ്ങളുടെ പണ്ടത്തെ മര്യാദ വിട്ടുകളയാതെ വിഗ്രഹങ്ങളെ കൂടി സേവിച്ചു. ദൈവത്തിൻ്റെ ന്യായപ്രമാണം ഉപദേശിച്ചുകൊടുത്തുവെങ്കിലും അവർ‍ അനുസരിച്ചില്ല. ഇങ്ങനെ പുതിയ സമൂഹം രൂപീകരിച്ച യിസ്രായേല്യർ യഹോവയെ ഭജിക്കുകയും വിഗ്രഹങ്ങളെ സേവിക്കുകയും ചെയ്തുപോന്നു. (2രാജ.17:25-41). 587 ബി.സി.യിൽ യെരൂശലേമിന്റെ പതനത്തിനു മുമ്പും പിൻപും യെഹൂദയുമായി ഇവർക്കു നല്ല ബന്ധം ഉണ്ടായിരുന്നു. (2ദിന, 30:1; 2രാജാ, 23:19,20; യിരെ, 41:4). പേർഷ്യൻ ഭരണത്തിന്റെ ആദ്യഘട്ടത്തിൽ യെരുശലേമിൽ തിരികെ വരുവാൻ യെഹൂദന്മാരെ അനുവദിച്ചപ്പോൾ ആലയവും നഗരമതിലുകളും വീണ്ടും പണിയുവാൻ അവർ ശ്രമിച്ചു. പെട്ടെന്നു ശമര്യയിലെ ഭരണവിഭാഗത്തിൽ നിന്നും എതിർപ്പുണ്ടായി. ഈ എതിർപ്പു വെറും രാഷ്ട്രീയമായി അവർ കരുതി. 

എസ്രായുടെയും നെഹെമ്യാവിന്റെയും വരവോടെ സംഘർഷം രൂഢമൂലമായി. ബാബിലോണിൽ നിന്നുവന്ന യെഹൂദാസമുഹത്തിൽ നിന്നും ഇറക്കുമതി ചെയ്ത വംശശുദ്ധിയുടെ പുതിയ ആവേശം ശമര്യക്കാരുടെ സമ്മിശമായ പിതൃത്വത്തിൽ ഉറച്ചുനിന്നു. മഹാപുരോഹിതന്റെ ചെറുമകൻ സൻബല്ലത്തിന്റെ മകളെ വിവാഹം ചെയ്തപ്പോൾ നെഹെമ്യാവു അവനെ പുറത്താക്കി. തുടർന്നുള്ള നൂറ്റാണ്ടിൽ നടന്ന ഒരു സംഭവം ജൊസീഫസ് രേഖപ്പെടുത്തുന്നു. ഈ രണ്ടു വിശദീകരണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുവാൻ പ്രയാസം ഉണ്ട്. മക്കാബ്യ വിപ്ലവകാലത്ത് ശമര്യർ ഗെരിസീം മലയിലുള്ള തങ്ങളുടെ ആലയം സെയൂക്സെനിയൊസിനു സമർപ്പിച്ചു. ഹാശമോന്യർ ശമര്യയിൽ ആധിപത്യം നേടി. സു. ബി.സി. 128-ൽ ഹിർക്കാനസ് ശൈഖം പിടിച്ചെടുത്തു ഗെരിസീം ആലയം നശിപ്പിച്ചു. 

ബി.സി. 63-ൽ പോംപി ശമര്യയെ വേർപെടുത്തി പുതിയ സിറിയാപ്രവിശ്യയോടു കൂട്ടിച്ചേർത്തു. ശമര്യാനഗരം മഹാനായ ഹെരോദാവിന്റെ പ്രിയപ്പെട്ട ആസ്ഥാനം ആയിത്തീർന്നു. അഗസ്റ്റസിന്റെ ബഹുമാനാർത്ഥം അദ്ദേഹം അതിനെ സെബസ്തെ എന്നു വിളിച്ചു. ഗവർണറുടെ ആസ്ഥാനം കൈസര്യ ആയി. എ.ഡി. 6-ൽ യെഹൂദയും ശമര്യയും സിറിയയുടെ കീഴിൽ ഒരു മൂന്നാംതര പ്രവിശ്യ ആയി ഏകീകരിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ യെഹൂദരും ശമര്യരും തമ്മിലുള്ള ശത്രുത പല സംഭവങ്ങളാലും വർദ്ധിച്ചു. എ.ഡി. 6-നും 9-നും മദ്ധ്യ ഒരു പെസഹയ്ക്ക് ശമര്യർ യെരുശലേം ദൈവാലയത്തിൽ അസ്ഥികൾ വിതറി. എ.ഡി. 52-ൽ ശമര്യർ എൻ-ഗന്നീമിൽ വച്ചു ഒരു കൂട്ടം ഗലീലിയൻ തീർത്ഥാടകരെ വധിച്ചു. ക്ലൗദ്യൊസിനു മുന്നിൽ വന്ന പരാതിയിൽ യെഹൂദർക്കു അനുകൂലമായി തിർപ്പുണ്ടായി. യെഹൂദരെപ്പോലെ ശമര്യരും റോമാക്കാരുടെ പീഡനങ്ങൾക്കു വിധേയരായി. എ.ഡി. 36-ൽ ഒളിച്ചു വച്ചിരുന്ന വിശുദ്ധ ഉപകരണങ്ങൾ വെളിപ്പെടുത്താമെന്നു വാഗ്ദാനം ചെയ്തുകൊണ്ട് ഗെരിസീം മലയിൽ ഒരു ശമര്യാമതഭ്രാന്തൻ പുരുഷാരത്തെ കൂട്ടിവരുത്തി. അവരിൽ ധാരാളം പേരെ പീലാത്തോസ് കൊന്നു. എ.ഡി. 66-ൽ ഉണ്ടായ വിപ്ലവത്തിൽ ശമര്യയെ ചുട്ടു. അതു മുതൽ ഒരു ചെറിയ പീഡിതസമൂഹമായി ശമര്യർ നിലനില്ക്കുന്നു. ഇപ്പോൾ ഏകദേശം മുന്നൂറോളം ശമര്യരെ നാബ്ലസിൽ (ശെഖേം) കാണാവുന്നതാണ്. 

ശമര്യരുടെ മതത്തിന്റെ വിശ്വാസപ്രമാണങ്ങൾ പ്രധാനമായും ആറാണ്: ഏകദൈവവിശ്വാസം, പ്രവാചകനായ മോശെയിലുള്ള വിശ്വാസം, ന്യായപ്രമാണത്തിലുള്ള വിശ്വാസം, യാഗത്തിനായി ദൈവത്താൽ നിയമിക്കപ്പെട സ്ഥലമായി ഗരിസിം മലയിലുള്ള വിശ്വാസം, ന്യായവിധി ദിവസത്തിലും പ്രതിഫലം നല്കുന്നതിലുമുള്ള വിശ്വാസം, താഹബ് അല്ലെങ്കിൽ വീണ്ടെടുപ്പുകാരൻ ആയി മോശെ തിരിച്ചു വരുമെന്ന വിശ്വാസം എന്നിവ. പുനരുത്ഥാനത്തിലുള്ള അവരുടെ വിശ്വാസം സന്ദിഗ്ദ്ധമാണ്. യെഹൂദന്മാർ അവരെ വിമതരായി കാണുന്നു. യെഹൂദന്മാരുടെ വെറുപ്പിന്റെ പ്രധാനകാരണം ഗെരിസീം ആലയം ആയിരുന്നു. ശമര്യരുടെ പഞ്ചഗ്രന്ഥം മൗലികപാഠത്തിന്റെ വിശ്വാസ്യതയുടെ പ്രധാനപ്പെട്ട സാക്ഷി ആണ്. 

യെഹൂദന്മാർക്കു ശമര്യരോടുള്ള വൈരം പുതിയനിയമ കാലത്ത് പ്രവൃദ്ധമായിരുന്നു. യേശു നല്ല ശമര്യാക്കാരന്റെ ഉപമ പറയുകയും, ശമര്യാക്കാരനായ കുഷ്ഠരോഗിക്കു സൗഖ്യം നല്കുകയും, ശമര്യാ സ്ത്രീയോടു സംഭാഷിക്കുകയും ചെയ്തു. ഇവയെല്ലാം യാഥാസ്ഥിതിക യെഹൂദന്മാരെ ചൊടിപ്പിക്കുന്നതായിരുന്നു. യേശു രണ്ടു ദിവസം ശെഖേമിൽ ചെലവഴിച്ചു എന്നു വിശുദ്ധ യോഹന്നാൻ രേഖപ്പെടുത്തുന്നു. ശമര്യയിൽ അനേകം പേർ യേശുവിൽ വിശ്വസിച്ചു. തന്റെ ശുശ്രൂഷാകാലത്ത് തന്റെ ദൗത്യം പ്രധാനമായും യിസ്രായേലിനു വേണ്ടിയുള്ളതായിരുന്നു. എന്നാൽ പുനരുത്ഥാനത്തിനു ശേഷം ശമര്യയിൽ പ്രസംഗിക്കുവാനായി യേശുക്രിസ്തു ശിഷ്യന്മാരെ നിയോഗിച്ചു.

ഹല്ലേലൂയ്യാ

ഹല്ലേലൂയ്യാ

ക്രൈസ്തവലോകം മുഴുവൻ ചിരപ്രതിഷ്ഠ നേടിയ രണ്ടു എബ്രായ പ്രയോഗങ്ങളാണ് ആമേൻ, ഹല്ലേലൂയ്യാ എന്നിവ. യഹോവയെ സ്തുതിപ്പിൻ എന്നർത്ഥം. ഹല്ലേലൂയ്യാ ബൈബിളിൽ 28 പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്; പഴയനിയമത്തിൽ 24 പ്രവശ്യവും, പുതിയനിയമത്തിൽ 4 പ്രാവശ്യവും. പഴയനിയമത്തിൽ സങ്കീർത്തനങ്ങളിലും പുതിയനിയമത്തിൽ വെളിപ്പാടിലും (19:1, 3,4, 6) മാത്രമാണ് ഈ പ്രയോഗം ഉള്ളത്. ഏഴു സങ്കീർത്തനങ്ങളിൽ ഒരോ പ്രാവശ്യവും (104:35; 105:45; 111:1; 112:1; 116:19; 115:18; 117:2), ഏഴു സങ്കീർത്തനങ്ങളിൽ രണ്ടു പ്രാവശ്യം വീതവും (106:1, 48; 113:1, 9; 135:1, 21; 146:1, 10; 147:1, 20; 149:1, 9; 150;1, 6), ഒരു സങ്കീർത്തനത്തിൽ മൂന്നു പ്രാവശ്യവും (148:1, 1, 14) ഹല്ലേലൂയ്യാ ഉണ്ട്. 148:1-ൽ രണ്ടു പ്രാവശ്യം ‘ഹല്ലേലൂയ്യാ’യെ പിരിച്ചു അവസാനഘടകമായ ‘യാഹി’നു പകരം യഹോവ എന്ന പൂർണ്ണരൂപം നല്കിയിട്ടുണ്ട്. സങ്കീർത്തനങ്ങളിൽ യഹോവയെ സ്തുതിപ്പിൻ എന്നു പരിഭാഷപ്പെടുത്തിയും വെളിപ്പാടു പുസ്തകത്തിൽ ലിപ്യന്തരണം ചെയ്തുമാണ് സത്യവേദപുസ്തകത്തിൽ ചേർത്തിട്ടുള്ളത്.

സ്തോയിക്കർ

സ്തോയിക്കർ

അഥനയിൽ വച്ച് എപ്പിക്കൂര്യരും സ്തോയിക്കരും പൌലൊസിനോടു വാദിച്ചു. (പ്രവൃ, 17:18). സ്തോയിക്ക് ദർശനത്തിന്റെ ഉപജ്ഞാതാവ് സീനോ ആണ്. ഈ ദർശനത്തിന്റെ ബൗദ്ധികസ്ഥാപകൻ ക്രിസിപ്പസ് ആയിരുന്നു. സ്തോയിക്കരുടെ ധാർമ്മികചിന്തയും ക്രൈസ്തവ നീതിശാസ്ത്രവും തമ്മിൽ അടുത്ത ബന്ധം ഉണ്ടെന്ന ധാരണ പൊതുവെയുണ്ട്. സ്തോയിക്ക് നീതിശാസ്ത്രത്തിന്റെ അടിസ്ഥാനം ഗർവ്വവും ക്രൈസ്തവ നീതിശാസ്ത്രത്തിന്റേത് താഴ്മയുമാണ്. ഒന്നാമത്തേത് വ്യക്തിസ്വാതന്ത്ര്യത്തെ ഉയർത്തിക്കാണിക്കുന്നു; മറ്റേതു മറ്റൊരു വ്യക്തിയിലെ (ക്രിസ്തുവിലെ) കേവലവിശ്വാസത്തെയും. ആശ്വാസത്തിനായി ഒന്ന് വിധിയെയും മറ്റേത് ദൈവിക കരുതലിനെയും ആശ്രയിക്കുന്നു.

എപ്പിക്കൂര്യർ

എപ്പിക്കൂര്യർ

അഥേനയിൽവച്ച് അപ്പൊസ്തലനായ പൗലൊസിന് എപ്പിക്കൂര്യരുമായി വാദപ്രതിവാദമുണ്ടായി. (പ്രവൃ, 17:18). ബിസി. 341-നും 270-നും മദ്ധ്യ ജീവിച്ചിരുന്ന യവനദാർശനികനായ എപ്പിക്കൂറസിന്റെ അനുയായികളാണ് എപ്പിക്കൂര്യർ എന്ന പേരിൽ അറിയപ്പെട്ടത്. അണുസിദ്ധാന്തം അവതരിപ്പിച്ച ഡെമോക്രീറ്റസിന്റെ ഒരു ശിഷ്യനായിരുന്നു എപ്പിക്കൂറസിന്റെ ഗുരു. അണുസംയോജനത്താലാണ് പ്രപഞ്ചം ഉണ്ടായതെന്ന് എപ്പിക്കൂറസ് പഠിപ്പിച്ചു. ബി.സി. 306-ൽ അഥേനയിൽ സ്വന്തം ഉദ്യാനത്തിൽ ഒരു പാഠശാല ആരംഭിക്കുകയും അവിടെ തന്റെ സിദ്ധാന്തങ്ങൾ പഠിപ്പിക്കുകയും ചെയ്തു. ഏഷ്യാമൈനറിലും അലക്സാണ്ഡ്രിയയിലും എപ്പിക്കൂര്യൻ സിദ്ധാന്തങ്ങൾക്കു പ്രചാരം ലഭിച്ചു. റോമിൽ ലുക്രീഷ്യസ് (ബി.സി. 95-50) ആയിരുന്നു ഈ സിദ്ധാന്തത്തിന്റെ പ്രമുഖ വക്താവ്. ആനന്ദത്തിന് ഒരു പ്രായോഗിക മാർഗ്ഗദർശനം തത്ത്വചിന്തയിൽ കണ്ടെത്തുകയായിരുന്നു എപ്പിക്കൂറസിന്റെ ലക്ഷ്യം. കേവല സത്യം കണ്ടെത്തുന്നതിനല്ല, പ്രത്യുത കേവലമായ ആനന്ദം കണ്ടെത്തുന്നതിനായിരുന്നു പ്രാധാന്യം നല്കിയത്. സകല പദാർത്ഥങ്ങളും, മനുഷ്യാത്മാവുപോലും പരമാണുക്കളുടെ സംയോജനം മാത്രമാണെന്നും അതിൽ ദൈവത്തിന്റെ ഇടപെടൽ ഇല്ലെന്നും എപ്പിക്കൂറസ് പഠിപ്പിച്ചു. മരണാനന്തരം ആത്മാവ് പുനസ്സംയോഗം സാധ്യമല്ലാത്തവിധം ശിഥിലീഭവിക്കുമെന്ന് അദ്ദേഹം കരുതി. തന്മൂലം മരണാനന്തര ജീവിതത്തിലും ഉയിർത്തെഴുന്നേല്പിലും എപ്പിക്കൂര്യർ വിശ്വസിച്ചില്ല. ആശകളെ ചുരുക്കുന്നതിലും സുഖത്തെ പിന്തുടരുന്നതിലും അവർ തൃപ്തി കണ്ടെത്തി. എപ്പിക്കൂറസിന്റെ അനുയായികൾ അമിതമായ ഭോഗലോലുപത ജീവിതലക്ഷ്യമായി കണ്ടു. എപ്പിക്കൂര്യൻ സിദ്ധാന്തത്തിന്റെ രൂപഭേദമാണ് ആധുനിക കാലത്തെ ആനന്ദവാദം (Hedonism). പുനരുത്ഥാനത്തെക്കുറിച്ചുള്ള പൗലൊസിന്റെ ഉപദേശം എപ്പിക്കുര്യർക്കു അഗ്രാഹ്യമായിരുന്നു. മരണാന്തര ജിവിതത്തെ നിഷേധിക്കുന്നവനെ യെഹൂദ റബ്ബിമാർ അപിക്കൊറൊസ് എന്നു വിളിച്ചു. അനന്തരകാലത്ത് ഈപദം അവിശ്വാസിയുടെ പര്യായമായിമാറി.

കട്ടാരക്കാരൻ

കട്ടാരക്കാരൻ

കഠാരി ആയുധമായി എടുത്തവൻ, കൊലയാളി. (പ്രവൃ, 21:38). സികറിയൊസ് (sikários) എന്ന ഗ്രീക്കുപദം ലത്തീനിൽ നിന്നു കടം കൊണ്ടതാണ്. ‘സിക’ എന്ന ലത്തീൻ പദത്തിനു കഠാരി (dagger) എന്നർത്ഥം. കട്ടാരി, കട്ടാര എന്നിവ കഠാരിയുടെ രൂപഭേദങ്ങളാണ്. കൊല ചെയ്യാൻ വേണ്ടി കഠാരി ഒളിച്ചുകൊണ്ടു നടക്കുന്നവനാണ് കട്ടാരക്കാരൻ. യെഹൂദയിൽ ഫേലിക്സിനു ശേഷം രൂപംകൊണ്ട ഒരു വിപ്ലവസംഘം ആണ് കട്ടാരക്കാർ. അവർ ഉത്സവകാലങ്ങളിൽ ആൾക്കൂട്ടത്തിലിടകലർന്ന് ആരും കാണാതെ രാഷ്ട്രീയപ്രതിയോഗികളെ കൊലചെയ്തിരുന്നു.

എരിവുകാരൻ

എരിവുകാരൻ

അരാമ്യഭാഷയിലെ കനാന്യൻ (Cananaean) എന്നതിന്റെ ഗ്രീക്കു രൂപമാണ് എരിവുകാരൻ. അപ്പൊസ്തലനായ ശിമോന്റെ സ്ഥാനപ്പേര് എരിവുകാരൻ എന്നായിരുന്നു. (ലൂക്കൊ, 6:15; അപ്പൊ, 1:13). ശിമോൻ പത്രൊസിനെയും മേല്പറഞ്ഞ ശിമോനെയും വേർതിരിച്ചു കാണിക്കാൻ എരിവുകാരൻ എന്ന വിശേഷണം ഉപയോഗിച്ചിരിക്കുന്നു. സമാന്തരപട്ടികയിൽ മത്തായി 10:4-ലും, മർക്കൊസ്  3:18-ലും കനാന്യനായ ശിമോൻ എന്നു പറഞ്ഞിരിക്കുന്നു. എരിവുകാരൻ എന്ന പദത്തിന് ശുഷ്കാന്തിയുള്ളവൻ എന്നർത്ഥം. കനാന്യൻ എന്ന പദത്തിന്റെ ധാത്വർത്ഥം ‘എരിവുകാരൻ’ ആണെന്നു കരുതുന്ന പണ്ഡിതന്മാരുണ്ട്. ദൈവസേവയിൽ എരിവുള്ളവൻ (അപ്പൊ, 22:3) എന്നും, പിതൃപാരമ്പര്യത്തിൽ എരിവേറിയവൻ (ഗലാ, 1:14) എന്നും പൗലൊസ് തന്നെക്കുറിച്ചു പറയുന്നുണ്ട്. യെഹൂദന്മാരുടെ ഇടയിൽ ഉണ്ടായിരുന്ന ഒരുവിഭാഗം തീവ്രവാദികൾ ‘എരിവുകാർ’ എന്ന പേരിലറിയപ്പെട്ടിരുന്നു. റോമൻഭരണത്തിൽ നിന്നും യെഹൂദജനതയെ സ്വതന്ത്രരാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ റോം അവരെ പൂർണ്ണമായി നശിപ്പിച്ചു.

ആ എഴുപത്തഞ്ചുപേർ

ആ എഴുപത്തഞ്ചുപേർ

യാക്കോബിൻ്റെ നേതൃത്വത്തിൽ മിസ്രയീമിലേക്ക് കുടിയേറിയ എബ്രായജനം എഴുപത് പേരെന്നാണ് ഉല്പത്തിയിൽ പറഞ്ഞിരിക്കുന്നത്: “മിസ്രയീമിൽ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ.” (46:27). എന്നാൽ, സ്തെഫാനൊസിൻ്റെ പ്രസംഗത്തിൽ പറയുന്നത് എഴുപത്തഞ്ചു പേരെന്നാണ്: “യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവർ ആകെ എഴുപത്തഞ്ചു പേരായിരുന്നു.” (പ്രവൃ, 7:14). ഈ പ്രശ്നം പരിഹരിക്കാൻ സെപ്റ്റ്വജിൻ്റ് ബൈബിളിൽ യാക്കോബിൻ്റെ പുത്രിപുത്രന്മാരുടെയും പൌത്രിപൌത്രന്മാരുടെയും പട്ടികയിൽ (ഉല്പ, 46:7-27) മനശ്ശെയുടെയും എഫ്രയീമിൻ്റെയും മക്കളുടെയും കൊച്ചുമക്കളുടെയും അഞ്ചു പേരുകൾ ചേർത്തിട്ടുണ്ട്. മനശ്ശെയുടെ മകൻ മാഖീർ, മാഖീരിൻ്റെ മകൻ ഗിലെയാദ്, എഫ്രയീമിൻ്റെ മകൻ ശൂഥേലഹ്, താം (Taam), ശൂഥേലഹിൻ്റെ മകൻ എദോം (Edom). (ഉല്പ, 46:20; 1ദിന, 7:14; സംഖ്യാ, 26:29; സംഖ്യാ, 26:36). ശൂഥേലഹിൻ്റെ സഹോദരൻ്റെ പേർ ‘ ‘ബെരീയാവു’ എന്നും (1ദിന, 7:23), മകൻ്റെ പേർ ‘ഏരാൻ’ (സംഖ്യാ, 26:36) എന്നുമാണ് സത്യവേദപുസ്തകത്തിൽ കാണുന്നത്. എന്നാൽ സെപ്റ്റ്വജിൻ്റിലെ ഈ പരിഹാരം നീതിയുക്തമല്ലെന്ന് മനസ്സിലാക്കാം. കാരണം, “മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും. അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും;” (ഉല്പ, 41:29,30) എന്നാണ് യോസേഫ് ഫറവോൻ്റെ സ്വപ്നം വ്യാഖ്യാനിച്ച് പറഞ്ഞത്. മിസ്രയീം ദേശത്തെ സുഭിക്ഷകാലത്താണ് ആസ്നത്ത് യോസേഫിന് മക്കളെ പ്രസവിക്കുന്നത്. (ഉല്പ, 41:50). അതിനുശേഷമുള്ള ക്ഷാമകാലത്താണ് യാക്കോബും മക്കളും മിസ്രയീമിലേക്ക് കുടിയേറുന്നത്. ആ സമയത്ത് മനശ്ശെയ്ക്കും എഫ്രയീമിനും വിവാഹംപോലും കഴിഞ്ഞിട്ടുണ്ടാകില്ല; അവർ ബാലന്മാരാണ്. തന്മൂലം, മനശ്ശെയുടെയും എഫ്രയീമിൻ്റെയും മക്കളും കൊച്ചുമക്കളും പട്ടികയിൽ ഉൾപ്പെടുന്നവരല്ല. എന്നാൽ, എബ്രായ ബൈബിളിൽ അഥവാ നമ്മുടെ സത്യവേദപുസ്തകത്തിൽ നിന്നുതന്നെ എഴുപത്തഞ്ചു പേരുടെ കൃത്യം കണക്കു ലഭിക്കും. അതു ചുവടെ ചേർക്കുന്നു:

1. രൂബേന്റെ പുത്രന്മാർ: (ഉല്പ, 46:9)

2. ഹാനോക്, 

3. ഫല്ലൂ, 

4. ഹെസ്രോൻ, 

5. കർമ്മി. 

6. ശിമെയോന്റെ പുത്രന്മാർ: (ഉല്പ, 46:10)

7. യെമൂവേൽ, 

8. യാമീൻ, 

9. ഓഹദ്, 

10. യാഖീൻ, 

11. സോഹർ, 

12. ശൌൽ. 

13. ലേവിയുടെ പുത്രന്മാർ: (ഉല്പ, 46:11)

14. ഗേർശോൻ, 

15. കഹാത്ത്, 

16. മെരാരി. 

17. യെഹൂദയുടെ പുത്രന്മാർ: (ഉല്പ, 46:12)

  –   ഏർ, 

  –   ഓനാൻ, 

18. ശേലാ,

19. പേരെസ്, 

20. സേരഹ്;  

21. ഹെസ്രോൻ, 

22. ഹാമൂൽ. 

23. യിസ്സാഖാരിന്റെ പുത്രന്മാർ: (ഉല്പ, 46:13)

24. തോലാ, 

25. പുവ്വാ, 

26. യോബ്, 

27. ശിമ്രോൻ. 

28. സെബൂലൂന്റെ പുത്രന്മാർ: (ഉല്പ, 46:14)

29. സേരെദ്, 

30. ഏലോൻ, 

31. യഹ്ളെയേൽ

32. ദീന 

33. ……..

യാക്കോബിനു ലേയയിൽ ജനിച്ച പുത്രന്മാരും അവരുടെ മക്കളുമായി 33 പേർ എന്നാണ് പറഞ്ഞിരിക്കുന്നത്. (ഉല്പ, 46:15). അവരിൽ യെഹൂദയുടെ പുത്രന്മാരായ ഏർ, ഓനാൻ എന്നിവർ കനാൻ ദേശത്തുവെച്ചു മരിച്ചുപോയതായും പറഞ്ഞിട്ടുണ്ട്. (ഉല്പ, 46:12). അപ്പോൾ മരിച്ചുപോയവരെ കിഴിച്ചാൽ, ദീനയെയും ചേർത്ത് 32 പേരെ ആകുന്നുള്ളൂ. എന്നാൽ, ”അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തിമൂന്നു പേർ ആയിരുന്നു” (ഉല്പ, 46:15) എന്നു പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. ഇവിടെ ‘പുത്രിമാർ’ എന്നു പറഞ്ഞിരിക്കുന്നതിനാൽ, ദീനയെക്കൂടാതെ പേർ പറയപ്പെടാത്ത ഒരു കൊച്ചുമകൾ കൂടിയുണ്ടെന്ന് ന്യായമായും മനസ്സിലാക്കാം.

34. ഗാദിന്റെ പുത്രന്മാർ: (ഉല്പ, 46:16)

35. സിഫ്യോൻ, 

36. ഹഗ്ഗീ, 

37. ശൂനീ, 

38. എസ്ബോൻ, 

39. ഏരി, 

40. അരോദീ, 

41. അരേലീ. 

42. ആശേരിന്റെ പുത്രന്മാർ: (ഉല്പ, 46:17)

43. യിമ്നാ, 

44. യിശ്വാ, 

45. യിശ്വീ, 

46. ബെരീയാ;   

47. സേരഹ് (സഹോദരി).

48. ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ

49. മൽക്കീയേൽ. 

“ഇവർ ലാബാൻ തന്റെ മകളായ ലേയെക്കു കൊടുത്ത സില്പയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഈ പതിനാറു പേരെ പ്രസവിച്ചു.” (ഉല്പ, 46:18).

50. യോസേഫിൻ്റെ പുത്രന്മാർ: (ഉല്പ, 46:20)

51. മനശ്ശെ

52. എഫ്രയീം  

53. ബെന്യാമിന്റെ പുത്രന്മാർ: (ഉല്പ, 46:21)

54. ബേല

55. ബേഖെർ, 

56. അശ്ബെൽ, 

57. ഗേരാ, 

58. നാമാൻ, 

59. ഏഹീ, 

60. രോശ്, 

61. മുപ്പീം, 

62. ഹുപ്പീം, 

63. ആരെദ്.

“ഇവർ റാഹേൽ യാക്കോബിന്നു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിന്നാലു പേർ.” (ഉല്പ, 46:22).

64. ദാന്റെ പുത്രൻ: (ഉല്പ, 46:23)

65. ഹൂശീം. 

66. നഫ്താലിയുടെ പുത്രന്മാർ: (ഉല്പ, 46:24)

67. യഹസേൽ, 

68. ഗൂനീ, 

69. യേസെർ, 

70. ശില്ലോ.

“ഇവർ ലാബാൻ തന്റെ മകളായ റാഹേലിന്നു കൊടുത്ത ബിൽഹയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ.” (ഉല്പ, 46:25). 33+16+14+7=70 പേർ. “യോസേഫിന്നു മിസ്രയീമിൽവെച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; മിസ്രയീമിൽ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ.” (ഉല്പ, 46:27). യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെയാണ് ഈ കണക്കെന്നു പറഞ്ഞിട്ടുണ്ട്. (ഉല്പ, 46:26). എന്നാൽ, യാക്കോബിനെയോ, യാക്കോബിൻ്റെ ഭാര്യമാരെയോ അഥവാ, ഗോത്രപിതാക്കന്മാരുടെ അമ്മമാരെയോ ഇതിൽ ഉൾപ്പെടുത്തിയിട്ടുമില്ല. അവരെയും കൂടി ചേർത്തുനോക്കാം. യാക്കോബിൻ്റെ ഭാര്യയായ റാഹേൽ എഫ്രാത്തയ്ക്ക് അടുത്തുവെച്ച് ബെന്യാമീനെ പ്രസവിക്കുമ്പോൾ മരിച്ചുപോയിരുന്നു. (ഉല്പ, 35:16-18). ശേഷിക്കുന്നത്, യാക്കോബും ലേയയും, വെപ്പാട്ടിമാരായ സില്പയും ബിൽഹയുമാണ്. കൂടാതെ, യോസേഫിൻ്റെ ഭാര്യയായ ആസ്നത്തും ഇതിൽപ്പെടും. പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നത് ഗോത്രപിതാക്കന്മാരുടെ ഭാര്യമാരെ മാത്രമാണ്. ആസ്നത്ത് യോസേഫിൻ്റെ ഭാര്യയെന്നതിലുപരി, ഗോത്രപിതാക്കന്മാരായ മനശ്ശെയുടെയും എഫ്രയീമിൻ്റെയും അമ്മയാണ്. മാത്രമല്ല, ഈ പട്ടികയിൽ യാക്കോബ് (46:15), ലേയ (46:15), സില്പ (46:18), ആസ്നത്ത് (46:20), ബിൽഹ (46:25) എന്നീ അഞ്ചു പേരുകൾ പറഞ്ഞിട്ടുമുണ്ട്. അപ്പനായ യാക്കോബും നാല് അമ്മമാരും എഴുപത് മക്കളും ചേരുമ്പോൾ എഴുപത്തഞ്ചു (75) പേരെന്നു കിട്ടും.