Category Archives: Uncategorized

യാക്കോബ്

യാക്കോബ് എഴുതിയ ലേഖനം (Book of James)

പുതിയനിയമത്തിലെ ഇരുപതാമത്തെ പുസ്തകം. സാർവ്വത്രിക ലേഖനങ്ങളിൽ ഒന്നാമത്തേതാണ് യാക്കോബ് എഴുതിയ ലേഖനം. ഏതെങ്കിലും പ്രാദേശിക സഭയെയോ വ്യക്തിയെയോ സംബോധനചെയ്യാതെ എല്ലാവർക്കുമായി എഴുതിയ ലേഖനങ്ങളെയാണ് പൊതുലേഖനങ്ങൾ അഥവാ സാർവ്വത്രിക ലേഖനങ്ങളെന്ന് വിളിക്കുന്നത്. യാക്കോബ്, 1,2പത്രൊസ്, 1യോഹന്നാൻ, യൂദാ എന്നീ അഞ്ചു ലേഖനങ്ങളാണ് സാർവ്വത്രിക ലേഖനങ്ങൾ. 2,3യോഹന്നാൻ വ്യക്തിയെയോ സഭയെയോ അഭിസംബോധന ചെയ്ത് എഴുതിയതാണെങ്കിലും അവയെ സാർവ്വത്രിക ലേഖനങ്ങളിൽ ഉൾപ്പെടുത്തിയാണ് വ്യവഹരിക്കുന്നത്. പുതിയനിയമ കാനോനിൽ ഏറ്റവും ഒടുവിൽ സ്ഥിരീകരണം ലഭിച്ചത് യാക്കോബിന്റെ ലേഖനത്തിനാണ്. പൗരസ്ത്യസഭ ആദിമകാലം മുതല്ക്കേ ഈ ലേഖനത്തെ അംഗീകരിച്ചിരുന്നു. എന്നാൽ എ.ഡി. 397-ലെ കാർത്തേജ് സമ്മേളനം വരെ ഈ ലേഖനത്തിനു കാനോനിൽ സാർവ്വത്രികാംഗീകാരം ലഭിച്ചിരുന്നില്ല. 

യാക്കോബ് 4-11 തിരുവെഴുത്തുകൾ എന്ന നിലയിൽ ഉദ്ധരിച്ചു എങ്കിൽ തന്നെയും വിവാദപരമായ പുസ്തകങ്ങളുടെ പട്ടികയിലാണ് യൂസീബിയസ് ഈ ലേഖനത്തെ ഉൾപ്പെടുത്തിയിരുന്നത്. മുറട്ടോറിയൻ കാനോൻ അതിനെ വിട്ടുകളഞ്ഞു. പ്രാചീന സിറിയക് പാഠത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെർമാസ് ഈ ലേഖനം ഉപയോഗിച്ചു. ഇഗ്നീഷ്യസും പോളിക്കാർപ്പും യാക്കോബിന്റെ ലേഖനത്തെക്കുറിച്ചു മനസ്സിലാക്കിയിരുന്നു. ഓറിജിൻ, അത്തനേഷ്യസ്, ജെറോം, അഗസ്റ്റിൻ എന്നിവരും ഇതിനെ തിരുവെഴുത്തായി കരുതിയിരുന്നു. പുതിയനിയമത്തിൽ ഏറ്റവുമധികം യെഹൂദാത്വമുള്ള ലേഖനം ഇതാണ്. ഏതോ അക്രൈസ്തവ യെഹൂദൻ ഈ ലേഖനം എഴുതിയെന്നും ക്രിസ്തുവിന്റെ പേര് ഉൾക്കൊള്ളുന്ന രണ്ടോ മൂന്നോ പ്രയോഗങ്ങൾ കൂട്ടിച്ചേർത്തു (1:1; 2:1) ക്രൈസ്തവ ഉപയോഗത്തിനു വേണ്ടി സ്വീകരിച്ചു എന്നും വാദിച്ചവരുണ്ട്. സുവിശേഷത്തിന്റെ വെളിച്ചത്തിൽ പഴയനിയമ ന്യായപ്രമാണത്തിനും ഗിരിപ്രഭാഷണത്തിനും നല്കുന്ന ഭാഷ്യമാണ് യാക്കോബിന്റെ ലേഖനം. 

ഗ്രന്ഥകർത്താവ്: ‘ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്’ എന്നു ആമുഖ വാക്യത്തിൽ ഗ്രന്ഥകർത്താവ് സ്വയം പരിചയപ്പെടുത്തുന്നു. പുതിയ നിയമത്തിൽ യാക്കോബ് എന്ന പേരിൽ നാലു പേരുണ്ട്. 1. സെബദിയുടെ മകനായ യാക്കോബ്. (മത്താ, 4:21). 2. ചെറിയ യാക്കോബ്. 3. യേശുവിന്റെ സഹോദരനായ യാക്കോബ്. 4. യൂദയുടെ പിതാവായ യാക്കോബ്. ഇവരിൽ രണ്ടും നാലും വ്യക്തികൾ ഈ ലേഖനം എഴുതുവാൻ സാദ്ധ്യതയില്ല. അവരെക്കുറിച്ചു വിശദമായ അറിവു ലഭ്യമല്ല. സെബദിയുടെ പുത്രനായ യാക്കോബ് എ.ഡി. 44-ൽ രക്തസാക്ഷിയായി. ലേഖനരചന നടന്നത് അതിനുശേഷമാണ്. ഇനി ശേഷിക്കുന്നത് യേശുവിന്റെ സഹോദരനായ യാക്കോബ് മാത്രമാണ്. അതിനാൽ ലേഖനകർത്താവ് ഈ യാക്കോബാണെന്ന നിഗമനത്തിൽ നാം എത്തിച്ചേരുന്നു. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു ശേഷമാണ് യാക്കോബ് ക്രിസ്തുവിൽ വിശ്വസിച്ചത്. അവിശ്വാസികളിൽ യാക്കോബിനു മാത്രമാണു പുനരുത്ഥാനശേഷം ക്രിസ്തു പ്രത്യക്ഷപ്പെട്ടത്. (1കൊരി, 15:7). പരിശുദ്ധാത്മാവിന്റെ വരവിനുവേണ്ടി മാളികമുറിയിൽ കാത്തിരുന്നവരുടെ കൂട്ടത്തിൽ യാക്കോബ് ഉണ്ടായിരുന്നു. (പ്രവൃ, 1:14). യാക്കോബ് സ്വയം അപ്പൊസ്തലൻ എന്നു വിളിക്കുന്നില്ല; ദാസനെന്നു പറയുക മാത്രമേ ചെയ്യുന്നുള്ളൂ. തുടക്കം മുതൽ തന്നെ യാക്കോബിനു യെരുശലേം സഭയിൽ പ്രമുഖസ്ഥാനം ലഭിച്ചിരുന്നു. (പ്രവൃ, 12:17; ഗലാ, 1:19). മാനസാന്തര ശേഷം രണ്ടാമത്തെ പ്രാവശ്യം യെരുശലേം സന്ദർശിച്ച പൗലൊസ് യെരുശലേം സഭയിൽ തുണുകളായി എണ്ണപ്പെട്ട മൂവരിൽ ആദ്യ സ്ഥാനം യാക്കോബിനു നല്കുന്നു. (ഗലാ, 2:9). പ്രവൃത്തി 15-ലെ അപ്പൊസ്തലിക സമ്മേളനത്തിൽ അദ്ധ്യക്ഷനും വക്താവും യാക്കോബായിരുന്നു. ക്രിസ്ത്യാനികളും അവിശ്വാസികളായ യെഹൂദന്മാരും യാക്കോബിനെ ഒന്നു പോലെ ആദരിച്ചിരുന്നു. ലേഖനത്തിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നതനുസരിച്ചു യേശുക്രിസ്തുവിന്റെ സഹോദരനാണു ലേഖനകർത്താവ്. 

എഴുതിയ കാലം: ലേഖനത്തിന്റെ രചനാകാലത്തെ കുറിച്ചു അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ജൊസീഫസ് രേഖപ്പെടുത്തിയിരിക്കുന്നത് ആനുസരിച്ചു എ.ഡി. 62-ലാണ് യാക്കോബിന്റെ വധം. അതിനാൽ എ.ഡി. 62-ലോ അതിനു മുമ്പോ ഈ ലേഖനം എഴുതപ്പെട്ടിരിക്കണം. ലേഖനരചന യെരൂശലേം കൗൺസിലിനു മുമ്പു നടന്നുവെന്നു വാദിക്കുന്നവരുമുണ്ട്. സഭയുടെ ആരംഭത്തിലുള്ള ലളിതമായ സഭാ ഭരണക്രമമാണ് ലേഖനത്തിൽ പ്രത്യക്ഷപ്പെടുന്നത്. മൂപ്പൻ, ഉപദേഷ്ടാവ് എന്നിങ്ങനെയാണ് സഭാദ്ധ്യക്ഷന്മാരെ സംബോധന ചെയ്യുന്നത്. (5:14; 3:1). വിശ്വാസികൾ പള്ളിയിൽ (സിനഗോഗ്) കുടി വന്നിരുന്നത് സഭയുടെ ആരംഭകാലത്താണ്. (2:2). പരിച്ഛേദനം, വിജാതീയരുടെ സഭാപ്രവേശനം എന്നീ പ്രശ്നങ്ങളെക്കുറിച്ചുള്ള പരാമർശമില്ല. തന്മൂലം ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത യെരുശലേം കൗൺസിലിനു മുമ്പായിരിക്കണം രചനാകാലം എന്നു കരുതപ്പെടുന്നു. ജാതികളിൽ നിന്നുള്ള വിശ്വാസികളെപ്പറ്റി ലേഖനം മൗനം അവലംബിക്കുകയാണ്. തികച്ചും യെഹൂദ പശ്ചാത്തലം ആണ് ഈ ലേഖനത്തിനുള്ളത്. മേല്പറഞ്ഞ തെളിവുകൾ മുഖവിലയ്ക്കെടുത്താൽ ലേഖനത്തിന്റെ രചനാകാലം എ.ഡി. 45-നും 48-നും ഇടയ്ക്കാണെന്നു സമ്മതിക്കേണ്ടിവരും. അങ്ങനെയാണെങ്കിൽ പുതിയനിയമത്തിൽ ആദ്യം എഴുതപ്പെട്ട പുസ്തകം യാക്കോബിന്റെ ലേഖനം അഥവാ ഗലാത്യ ലേഖനം ആണ്. 

അനുവാചകർ: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങളെയാണ് യാക്കോബ് അഭിസംബോധനം ചെയ്യുന്നതാ. ഈ പന്ത്രണ്ടു ഗോത്രങ്ങൾ ആരാണെന്നതിനെക്കുറിച്ചു ഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്: 1. പലസ്തീനു പുറത്തു മെഡിറ്ററേനിയൻ പ്രദേശത്തു ചിതറിപ്പാർക്കുന്ന യെഹൂദന്മാർ. ലേഖകൻ അഭിസംബോധനം ചെയ്യുന്നത് ക്രിസ്ത്യാനികളെ ആകയാൽ (1:18, 25; 2:1, 12; 5:7-9) ഈ അർത്ഥം സ്വീകാര്യമല്ല. 2. പലസ്തീനു വെളിയിൽ പാർക്കുന്ന യെഹൂദീയ ക്രിസ്ത്യാനികൾ. 3. സ്വർഗ്ഗീയ ഭവനത്തിൽ നിന്നകലെ ഭൂമിയിൽ അന്യരും പരദേശികളുമായ (1പത്രൊ, 1;1; 2:11; എബ്രാ, 11:13) ക്രിസ്ത്യാനികൾ. ആദിമ ക്രൈസ്തവർ തങ്ങളെത്തന്നെ സാക്ഷാൽ യിസ്രായേൽ ആയി കണക്കാക്കിയിരുന്നു. (ഗലാ, 6:16). യഥാർത്ഥ പരിച്ഛേദനം ലഭിച്ച (ഫിലി, 3:3) അബ്രാഹാമിന്റെ സന്തതികളായി ക്രിസ്ത്യനികൾ സ്വയം ചിത്രീകരിച്ചു. (ഗലാ, 3:29; റോമ, 4:16). യെഹൂദിയ ക്രിസ്ത്യാനികൾക്കു വേണ്ടിയാണു ഈ ലേഖനം എഴുതിയതെന്ന വസ്തുത ഇന്നധികം പേർക്കും സമ്മതമാണ്. എങ്കിലും ക്രിസ്ത്യാനികൾക്കു പൊതുവെ ബാധകമായ കാര്യങ്ങളാണ് ഇതിൽ പറയുന്നത്. അനുവാചകർ ക്രിസ്ത്യാനികളാണെന്നു ഉള്ളടക്കം വ്യക്തമാക്കുന്നു. യാക്കോബ് അവരെ സഹോദരന്മാർ എന്നു വിളിക്കുന്നു. (1:2, 19; 2:1, 5, 14; 3:1; 4:11; 5:7, 12, 19). അവർ ദൈവവചനത്താൽ വീണ്ടും ജനിച്ചവരും (1:18), കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരും (2:1), കർത്താവിന്റെ പ്രത്യക്ഷതയെക്കുറിച്ചു ഉപദേശിക്കപ്പെട്ടവരും (5:7) ആണ്. 

ഉദ്ദേശ്യം: ലേഖനത്തിന്റെ ഉദ്ദേശ്യം പ്രധാനമായും മൂന്നാണ്: 1. യെഹൂദ്യ ക്രിസ്ത്യാനികൾ അനേകം പീഡകളിലുടെയും പരീക്ഷകളിലൂടെയും കടന്നു പോകുകയായിരുന്നു. വിശ്വാസം പരിശോധിക്കപ്പെടുന്ന കഷ്ടതകളിൽ തളർന്നു പോകാതിരിക്കുവാൻ അവരെ പ്രബോധിപ്പിക്കുകയാണ് ലേഖനത്തിന്റെ പ്രധാന ഉദ്ദേശ്യം: (1:2-12; 2:6; 5:10, 11). 2. വിശ്വാസികളിൽ കണ്ടുവന്ന പല തെറ്റുകളും തിരുത്തുക. മുഖപക്ഷം കാണിക്കാതിരിക്കുക (2:1-18), നാവിനെ നിയന്ത്രിക്കുക (3:1-12), സഹോദരന്മാരെ ദുഷിക്കാതിരിക്കുക (4:11-12), കഷ്ടതയിൽ സഹിഷ്ണുത കാണിക്കുക (5:7-12), പ്രാർത്ഥിക്കുക (5;13-18) എന്നിങ്ങനെയുള്ള പ്രായോഗിക നിർദ്ദേശങ്ങൾ നല്കുന്നു. 3. പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമെന്നു തെളിയിക്കുക. നവീകരണത്തിന്റെ കാതലായ ഉപദേശം വിശ്വാസത്താലുള്ള നീതീകരണമാണ്. പ്രവൃത്തിക്കു പ്രാധാന്യം നല്കിയതുകൊണ്ടു യാക്കോബിന്റെ ലേഖനത്തിന്നെതിരെ മാർട്ടിൻ ലൂഥർ മുഖം ചുളിച്ചു. വിശ്വാസത്താലുള്ള നീതീകരണമെന്ന പൗലൊസിന്റെ ഉപദേശത്തിനു വിരുദ്ധമല്ല യാക്കോബിന്റെ ഉപദേശം. ദൈവദൃഷ്ടിയിൽ മനുഷ്യനു ലഭിക്കുന്ന നീതീകരണമാണു പൗലൊസ് പറയുന്ന വിശ്വാസത്താലുള്ള നീതീകരണം. എന്നാൽ മനുഷ്യനു മനുഷ്യന്റെ ദൃഷ്ടിയിൽ നീതീകരണം ലഭിക്കുന്നത് പ്രവൃത്തികളാലാണ്. പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമാകുന്നു. (2:22). വിശ്വാസത്തിനു ദൃഷ്ടാന്തമായി പൗലൊസ് ചൂണ്ടിക്കാണിക്കുന്ന അബ്രാഹാമിനെ തന്നെയാണ് പ്രവൃത്തിയാലുള്ള നീതീകരണത്തിനു യാക്കോബും ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല, പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു. (2:24).

പ്രധാന വാക്യങ്ങൾ: 1. “എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.” യാക്കോബ് 1:2,3.

2. “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” യാക്കോബ് 1:13.

3. “പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ. മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.” യാക്കോബ് 1:19,20.

4. “എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.” യാക്കോബ് 1:22.

5. “അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു. എന്നാൽ ഒരുത്തൻ: നിനക്കു വിശ്വാസം ഉണ്ടു; എനിക്കു പ്രവൃത്തികൾ ഉണ്ടു എന്നു പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചു തരാം.” യാക്കോബ് 2:17,18.

6. “അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;” യാക്കോബ് 3:5.

7. “എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.” യാക്കോബ് 5:16.

വിഷയ സംഗ്രഹം: 1. വന്ദനം: 1:1.

2. പരീക്ഷയുടെ നേർക്കുള്ള വിശ്വാസിയുടെ പ്രതികരണം: 1:2-18.

3. വചനം-ശ്രവണവും കരണവും: 1:19-27.

4. മുഖപക്ഷം പാടില്ല: 2:1-13.

5. വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ബന്ധം: 2:14-26.

6. നാവിന്റെ നിയന്ത്രണം: 3:1-12.

7. ജ്ഞാന ലക്ഷണം: 3:13-18. 

8. പാപ പ്രവൃത്തികൾ: 4:1-10.

9. സഹോദരനെ ദുഷിക്കരുത്: 4:11-12.

10. ജീവന്റെ ക്ഷണികത്വവും ധനസമ്പാദനവും: 4:13-5;6.

11. ദീർഘക്ഷമയും സഹിഷ്ണുതയും: 5:7-11.

12. സത്യം ചെയ്യരുത്: 5:12.

13. പ്രാർത്ഥന: 5:13-18.

14. പിന്മാറ്റക്കാരന്റെ യഥാസ്ഥാപനം: 5:19-20.

സവിശേഷതകൾ: ഈ ലേഖനത്തിനു ഏഴു സവിശേഷതകൾ ഉണ്ട്. 1. സാധാരണ ലേഖനങ്ങളിൽ കാണുന്ന വിധത്തിലുള്ള വ്യക്തി പരാമർശങ്ങളോ സമാപന ആശീർവാദമോ ഇല്ല; എന്നാൽ പ്രാരംഭ വന്ദനം ഉണ്ട്. 2. യേശുക്രിസ്തുവിനെ കുറിച്ചുള്ള രണ്ടു പരാമർശങ്ങൾ മാത്രമേ ഈ ലേഖനത്തിലുള്ളൂ. എന്നാൽ ക്രിസ്തുവിന്റെ ഉപദേശങ്ങളുടെ മാറ്റൊലി മറ്റു ലേഖനങ്ങളിൽ ഉള്ളതിലധികം ഇതിലുണ്ട്. ഗിരിപ്രഭാഷണത്തിൽ നിന്നും പതിനാറു സൂചനകൾ ഇതിൽ കാണാം. 3. ഈ ലേഖനത്തിൽ പഴയനിയമത്തിന്റെ പ്രതിഫലനം കാണാം. പഴയനിയമത്തിൽ നിന്നും അബ്രാഹാം, രാഹാബ്, ഇയ്യോബ്, ഏലീയാവ് എന്നിവരെ മാതൃകയായി കാണിക്കുന്നു. നമ്മുടെ പിതാവായ അബ്രാഹാം (2:21), സൈന്യങ്ങളുടെ കർത്താവ് (5:4), രാജകീയ ന്യായപമാണം (2:8) എന്നീ പ്രയോഗങ്ങൾ സവിശേഷങ്ങളാണ്. ന്യായപ്രമാണം ദുഷിക്കുവാനോ വിധിക്കുവാനോ ഉള്ളതല്ല, അനുസരിക്കുവാൻ ഉള്ളതാണെന്ന് എടുത്തു പറയുന്നു. (2:8-12; 4:11). 4. ലേഖനത്തിലെ 108 വാക്യങ്ങളിൽ 54 ആജ്ഞകളുണ്ട്. 5. പ്രകൃതിയിൽ നിന്ന് ആദാനം ചെയ്ത അനേകം അലങ്കാരപ്രയോഗങ്ങൾ ലേഖനത്തിൽ കാണാം. കാറ്റടിച്ചു അലയുന്ന കടൽത്തിര, പുല്ലിന്റെ പൂവ്, ഉഷ്ണക്കാറ്റോടെ ഉദിക്കുന്ന സൂര്യൻ, അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവി. (1:6, 10, 11; 4;14). എന്നിവ ശ്രദ്ധാർഹമാണ്. 6. വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ബന്ധത്തിനു ഊന്നൽ നല്കുന്നു. 7. സാമൂഹികമായ അസമത്വത്തിനും അനീതിക്കും എതിരെ ശക്തമായി സംസാരിക്കുന്നു. അതിനാൽ പുതിയ നിയമത്തിലെ ആമോസായി യാക്കോബിനെ പരിഗണിക്കുന്നവരുണ്ട്. 

യാക്കോബും ഗിരിപ്രഭാഷണവും: 1. പരീക്ഷകളിൽ സന്തോഷം: 1:1,2 — മത്താ, 5:10-12.

2. പൂർണ്ണതയ്ക്കുള്ള ഉപദേശം: 1:4 — മത്താ, 5:48.

3. ദാനങ്ങൾക്കു വേണ്ടി യാചിപ്പിൻ: 1:5 — മത്താ,7:7.

4. എളിമയുടെ ഭാഗ്യം: 1:9 — മത്താ, 5:3.

5. കോപം പാടില്ല: 1:19,20 — മത്താ, 5:22.

6. വചനം കേൾക്കുന്നവരും ചെയ്യുന്നവരും ആയിരിക്കുക: 1:22 — മത്താ, 7:24.

7. ന്യായപ്രമാണം മുഴുവൻ അനുസരിക്കണം: 2:10 — മത്താ, 5:19.

8. കരുണ കാണിക്കുക: 2:13 — മത്താ, 5:7.

9.  പ്രവൃത്തിയും വിശ്വാസവും: 2:14-16 — മത്താ, 7:21-23.

10. സമാധാനം ഉണ്ടാക്കുന്നവരുടെ ഭാഗ്യം: 3:18 — മത്താ, 5:9.

11. ലോകനേഹം ദൈവത്തോടു ശത്രുത്വം: 4:4 — മത്താ, 6:24.

12. താഴമയുടെ ഭാഗ്യം: 4:10 — മത്താ, 5:5.

13. വിധിക്കരുതു പുഴുവും തുരുമ്പും കെടുക്കുന്ന സമ്പത്ത്: 5:2 — മത്താ, 6:19.

14. പ്രവാചകന്മാരുടെ ദൃഷ്ടാന്തം: 5:10 — മത്താ, 5:12.

15. സത്യം ചെയ്യരുത് (ആണയിടരുത്): 5:12 — മത്താ, 5:33-37.

എബ്രായർ

എബ്രായർക്കു എഴുതിയ ലേഖനം (Book of Hebrews)

പുതിയനിയമത്തിലെ പത്തൊമ്പതാമത്തെ പുസ്തകം. ഉപദേശപരമായും സാഹിത്യപരമായും ഉന്നതനിലവാരം പുലർത്തുന്നു. ലേവ്യവ്യവസ്ഥയിൽ നിന്നും ക്രമീകരണത്തിൽ നിന്നും ക്രൈസ്തവ ഉപദേശത്തിലേക്കും വിശ്വാസത്തിലേക്കും ഉള്ള മാറ്റത്തെ വ്യാഖ്യാനിക്കുകയും വിശദമാക്കുകയും ചെയ്യുന്ന ലേഖനമാണിത്. പുതിയനിയമത്തിലെ ലേവ്യപുസ്തകം എന്നും, പഴയനിയമപൂരകം എന്നും എബായലേഖനത്തെ വിളിക്കുന്നുണ്ട്. യേശുക്രിസ്തുവിന്റെ ആളത്തവും വേലയും അനുപമമായ രീതിയിൽ അവതരിപ്പിക്കുന്നു. ഉത്തമമായ കാര്യങ്ങളുടെ പുസ്തകമാണ് എബ്രായ ലേഖനം. വിശേഷതയേറിയ എന്ന പ്രയോഗം ഈ ലേഖനത്തിൽ പതിമൂന്നു സ്ഥാനങ്ങളിലുണ്ട്: (1:4; 6:9; 7:7, 19, 22; 8:6; 8:6; 9:23; 10:34; 11:16, 35, 40). 

കാനോനികത: പൗരസ്ത്യസഭ പൗലൊസിന്റെ ഗ്രന്ഥകർത്തൃത്വത്തിൽ അടിയുറച്ചു വിശ്വസിക്കുകയും തന്മൂലം എബായലേഖനത്തിന്റെ കാനോനികത അംഗീകരിക്കുകയും ചെയ്തു. ഈ ലേഖനത്തെ കാനോനികമായി അംഗീകരിക്കുവാൻ കൂടുതൽ മടികാണിച്ചത് പാശ്ചാത്യ സഭയാണ്. ലേഖനകർത്താവ് പൗലൊസാണെന്ന് പരമ്പരാഗതവിശ്വാസത്തെ അവർ സ്വീകരിച്ചിരുന്നില്ല. ചില പാശ്ചാത്യ സഭാ പിതാക്കന്മാർ (റോമിലെ ക്ലെമന്റ്, തെർത്തുല്യൻ) ഈ ലേഖനം ഉപയോഗിച്ചിരുന്നു എങ്കിലും ജെറോമിന്റെയും അഗസ്റ്റിന്റെയും കാലം വരെ അതിനു കാനോനികപദവി നല്കിയില്ല. പാശ്ചാത്യ സഭകളിൽ കാനോനിക പ്രശ്നത്തിന് അന്തിമവാക്കു നല്കിയത് ജെറോമും അഗസ്റ്റിനും ആയിരുന്നു. മാർസിയോന്റെ കാനോനിൽ എബായലേഖനമില്ല. എബായ ലേഖനത്തിലെ ഉപദേശം മാർസിയനു അരോചകമായതാണ് കാരണം. മുറട്ടോറിയൻ കാനോനിലും ഈ ലേഖനത്തെ ഉൾപ്പെടുത്തിയിട്ടില്ല. പ്രസ്തുത കാനോൻ പൂർണ്ണരൂപത്തിൽ ലഭിച്ചിട്ടില്ലെന്നത് സുചനാർഹമാണ്. ‘ചെസ്റ്റർ ബീറ്റി’ പാപ്പിറസിൽ എബ്രായ ലേഖനം പൗലൊസിന്റേതായി അംഗീകരിച്ച് റോമാലേഖനത്തിനു ശേഷം ചേർത്തിരിക്കുന്നു. അനേകം കൈയെഴുത്തു പ്രതികളിലും ഈ ലേഖനത്തിന്റെ സ്ഥാനം ഇടയലേഖനങ്ങൾക്കു മുമ്പും 2തെസ്സലൊനീക്യർക്കു ശേഷവും ആണ്.

ഗ്രന്ഥകർത്താവ്: എബായ ലേഖനത്തിന്റെ കർത്തൃത്വത്തെക്കുറിച്ചു ഒരു വ്യക്തമായ ധാരണ ആദിമ ക്രൈസ്തവർക്ക് ഉണ്ടായിരുന്നില്ല. എഴുത്തുകാരൻ തന്റെ പേര് ലേഖനത്തോടനു ബന്ധിച്ചിട്ടില്ല. എഴുത്തുകാരന്റെ പേർ ചേർത്തിട്ടില്ലാത്ത മറ്റൊരു ലേഖനം പുതിയ നിയമത്തിലുള്ളതു 1യോഹന്നാനാണ്. എബായ ലേഖനകർത്താവ് ആരെന്നത് എ.ഡി. ഒന്നാം നൂറ്റാണ്ടുമുതൽ ചർച്ചാവിഷയമാണ്. കാനോനികതയുടെ പ്രശ്നം നിമിത്തം ആദിമസഭ ഗ്രന്ഥകർത്തൃത്വത്തിന് അമിത പ്രാധാന്യം നല്കിയിരുന്നു. 

പരമ്പരാഗതമായ വിശ്വാസമനുസരിച്ച് അപ്പൊസ്തലനായ പൗലൊസാണ് എബ്രായലേഖന കർത്താവ്. ഈ വിശ്വാസം പലരും പുലർത്തിയിരുന്നതായി ഓറിജൻ പ്രസ്താവിക്കുന്നു. അലക്സാണ്ട്രിയയിലെ ക്ലെമന്റ് ഈ അഭിപ്രായക്കാരനായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. എബ്രായ ഭാഷയിൽ എഴുതപ്പെട്ട ഈ ലേഖനം വിവർത്തനം ചെയ്തത് ലൂക്കൊസ് ആണെന്നു പന്തേനൂസിൽ നിന്ന് താൻ മനസ്സിലാക്കിയതായി അലക്സാണ്ട്രിയയിലെ ക്ലെമന്റ് പറഞ്ഞു. റോമിലെ ക്ലെമന്റ് എഴുതിയെന്നു ചിലരും ലൂക്കൊസ് എഴുതിയെന്നു മറ്റുചിലരും പറയുന്നതായി ഓറിജൻ സൂചിപ്പിച്ചിട്ടുണ്ട്. ഓറിജന്റെ അഭിപ്രായത്തിൽ ചിന്ത പൗലൊസിന്റേതാണെങ്കിലും വാക്കുകൾ അദ്ദേഹത്തിന്റേതല്ല. ഈ ലേഖനം ആരെഴുതിയെന്നു ദൈവം മാത്രമേ അറിയുന്നുള്ളു എന്നതായിരുന്നു. ഓറിജന്റെ സുചിന്തിതമായ അഭിപ്രായം. നവീകരണകാലം വരെ പൗലൊസിന്റെ കർത്തൃത്വം ചോദ്യം ചെയ്യപ്പെട്ടില്ല. നവീകരണകാലത്തു ഇറാസ്മസും മാർട്ടിൻ ലൂഥറും കാൽവിനും പൗലൊസിന്റെ കർത്തൃത്തെ നിഷേധിച്ചു.

എഴുതിയ കാലം: റോമയിലെ ക്ലമൻ്റ് ഈ ലേഖനം കണ്ടിരുന്നു എന്ന കാരണത്താൽ എ.ഡി. 96-നു മുമ്പ് ഇതെഴുതിയെന്ന് സിദ്ധിക്കുന്നു. ഇതെഴുതുന്ന കാലത്തു യെരുശലേം ദൈവാലയം നിലവിലുള്ളതായി സൂചിപ്പിച്ചിരിക്കുന്നു. (10:2-11) അതിനാൽ യെരുശലേം നാശത്തിനു മുമ്പാണ് ഇതെഴുതിയത്. അതേസമയം, അവർ വിശ്വാസത്തിൽ വന്നിട്ട് അധികനാളുകളായി എന്നു  കാണുന്നതുകൊണ്ടും ആദ്യത്തെ നേതാക്കന്മാരെല്ലാം മരിച്ചു എന്ന് കാണുന്നതു കൊണ്ടും (13:7) വളരെ കഴിഞ്ഞിട്ടാണു ഇതെഴുതിയതു എന്ന് മനസ്സിലാക്കാം. ആയതിനാൽ എ.ഡി. 64-നും 67-നും ഇടയ്ക്കാണ് ഇതെഴുതിയതു എന്ന് ഡോ. ഗ്രഹാം സ്കോഗി അഭിപ്രായപ്പെടുന്നു. എഫ്.എഫ്. ബ്രൂസ് അഭിപ്രായപ്പെടുന്നതു എ.ഡി. 64-ൽ ആയിരിക്കണമെന്നാണ്. എ.ഡി. 65-നോടടുത്ത് എന്നു തോമസ് ഹിവിറ്റ് അഭിപ്രായപ്പെടുന്നു. 67-ന്റെ ഒടുവിലോ 68-ൻ്റെ ആരംഭത്തിലോ ആണെങ്കിൽ പൗലൊസ് എഴുതിയെന്ന് ഊഹിക്കാൻ പോലും സാധിക്കില്ല. അന്ന് പൗലൊസ് ഒന്നുകിൽ കാരാഗൃഹത്തിലാണ് അല്ലെങ്കിൽ മരിച്ചു കാണും 63-നും 67-നും ഇടയ്ക്കാണെങ്കിൽ അപ്പോസ്തലന്റെ ഒന്നാം ജയിൽ വാസത്തിനു ശേഷവും രണ്ടാമത്തേതിനു മുമ്പും യാത്രയിൽ ആയിരുന്നപ്പോൾ ആയിരിക്കാം.

എഴുതിയ സ്ഥലം: ഈ ലേഖനം എവിടെവച്ചെഴുതി എന്നതിൽ തർക്കമുണ്ട്. എന്നാ 13:24-ൽ ‘ഇതല്യക്കാർ നിങ്ങളെ വന്ദനം ചെയ്യുന്നു’ എന്ന വാചകത്തിൽ നിന്ന് ഇതു ഇറ്റലിയിൽ വെച്ച് എഴുതിയെന്നു അനുമാനിക്കാം. ആഡംക്ലാർക്ക്, മിൽ, വെസ്റ്റിൻ, റ്റിൽമോണ്ട്, തോമസ് ഒലിവേഴ്സ്, ലാർഡ്നർ എന്നിവർ അഭിപ്രായപ്പെടുന്നത് പൗലൊസ് റോമിലെ തടവിൽ നിന്നു വിടുതൽ കിട്ടിയ ഉടനെ ഇതെത്തിയെന്നാണ്. പൗലൊസിൻ്റെ വിടുതലിനു ശേഷം റോമിൽ നിന്നോ ഇറ്റലിയിൽ എവിടെയെങ്കിലും നിന്നോ ഇതെഴുതി എന്നതിൽ പൊതുവെ പല പണ്ഡിതന്മാരും ഏകാഭിപ്രായക്കാരാണ്. 

പൗലൊസ് എവിടെനിന്നു ലേഖനമെഴുതുന്നുവോ അവിടെയുള്ള വിശ്വാസികളുടെ വന്ദനവും എഴുതി അയ്ക്കുക തന്റെ പതിവാണ്. പൗലൊസിന്റെ കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനം എഫേസോസിൽ നിന്നാണു എഴുതിയത്. എന്നിരുന്നാലും അതിന്റെ 16:19-ൽ താൻഎഴുതി, ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു. അതുപോലെ ഇറ്റലിയിലും റോമിലുമുള്ള വിശുദ്ധന്മാരുടെ വന്ദനവും താൻ അയയ്ക്കുന്നതാണ്. എബ്രായർ 13:24-ൽ കാണുന്നത് താൻ തടവിൽ നിന്ന് വിട്ടയയ്ക്കപ്പെട്ടിരിക്കുകയാൽ മാർഗ്ഗതടസ്സങ്ങളെല്ലാം മാറി താൻ ആഗ്രഹിക്കുന്ന ജനത്തെ സക്ഷേമം സന്ദർശിക്കാൻ താൽപര്യപ്പെടുന്നു എന്നും അതിനായി അവരുടെ പ്രാർത്ഥന അപേക്ഷിക്കുന്നു എന്നും രേഖപ്പെടുത്തുന്നതിൽ ഒരു തെറ്റുമില്ല. (13:19). പൗലൊസ് റോമാലേഖനം എഴുതുമ്പോൾ തടവുകാരനല്ല എന്നിട്ടും തന്റെ യാത്ര ക്ഷേമകരമായിരിക്കുന്നതിനും അവരെ ചെന്നു കാണുന്നതിനും എത്ര ശക്തിയോടെയാണ് ദൈവത്തോട് പ്രാർത്തിക്കുന്നത് എന്നു നോക്കുക. (റോമ, 1:9:10). 

ഫിലിപ്പിയർ 2:19-23-ൽ തിമോഥെയൊസിനെ ഫിലിപ്പിയിലേക്ക് അയ്ക്കുന്ന കാര്യം പൗലൊസ് പരാമർശിക്കുന്നു. തിമോഥയൊസിനെ അങ്ങനെ ഫിലിപ്പിയിലേക്ക് അയച്ചെങ്കിൽ താൻ അവിടെനിന്നു റോമിൽ പൗലൊസിന്റെ അടുക്കൽ മടങ്ങിയെത്തിയിരിക്കാമെന്ന് കരുതാം. തിമൊഥെയൊസ് ഫിലിപ്പിയിലേക്ക് പോയ അവസരം, അവന്റെ അസാന്നിദ്ധ്യത്തിൽ പൗലാസ് എബായലേഖനം എഴുതി എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. 13:23-ൽ താൻ എഴുതുകയാണ് തിമൊഥയൊസ് മടങ്ങി റോമിൽ എത്തിയപ്പോൾ താനും പൗലാസുംകൂടെ യെഹൂദ്യായിലേക്കു പോകുകയും അവിടെ നിന്നു എഫേസാസിലേക്കു പോകുകയും തിമൊഥയാസിനെ തന്റെ പ്രതിനിധിയായി അവിടെ വിട്ടേച്ചു പോകകയും ചെയ്തു എന്നു അനുമാനിക്കാം. (1തിമോ, 1:3,4). അങ്ങനെ ഈ ലേഖനം ഇറ്റലിയിൽ വെച്ച് ഒന്നാം തടവിനുശേഷം രണ്ടാം തടവിനു മുമ്പും മിക്കവാറും എ.ഡി. 63-നും 65-നും ഇടയ്ക്ക് എഴുതിയെന്നു ചിന്തിക്കാം.

ഉദ്ദേശ്യം: മോശൈക ന്യായപ്രമാണത്തിന്റെ താല്ക്കാലിക നിലയും ക്രിസ്തു വിശ്വാത്തിന്റെ ഔൽകൃഷ്ട്യവും തെളിയിക്കണമെന്നു ലേഖകൻ ഉദ്ദേശിക്കുന്നു (1:1-10:18). ക്രിസ്തു ദൂതന്മാരേക്കാളും മോശയേക്കാളും യോശുവയേക്കാളും മല്ക്കീസേദക്കിനെക്കാളും അഹരോനെക്കാളും ഉന്നതൻ എന്നു തെളിയിച്ചിരിക്കുന്നു. അദ്ധ്യായം 5-7-ൽ ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ മേന്മയാണു വിഷയം. അദ്ധ്യായം 8,9-ൽ പഴയ പുതിയ നിയമങ്ങൾ താരതമ്യം ചെയ്തു പുതിയ നിയമത്തിന്റെ ശ്രഷ്ഠത സ്ഥാപിക്കുന്നു. പത്താം അദ്ധ്യായത്തിൽ ക്രിസ്തുവിന്റെ യാഗത്തിന്റെ ശ്രേഷ്ഠത എടുത്തു കാണിക്കുന്നു. തുടർന്ന്, വിശ്വാസത്തിന്റെ മേന്മയും യെഹൂദമതത്തിൽ നിന്ന് വേർപെടേണ്ടതിന്റെ ആവശ്യകതയും പ്രതിപാദിക്കുന്നു. ലേഖനോദ്ദേശ്യം താഴെ വരുംവണ്ണം സംഗ്രഹിക്കാം. 1. യെഹൂദകർമ്മാചാരങ്ങളുടെ താൽക്കാലിക സ്വഭാവവും ക്രിസ്തു വിശ്വാസത്തിന്റെ സമ്പൂർണ്ണതയും ഉപദേശരൂപേണ സ്ഥാപിക്കുക. ക്രിസ്തുവിൽ കൂടെയുള്ള വെളിപ്പാട് ദൈവഹിതത്തിന്റെ പൂർണ്ണവും അവസാനത്തേതുമായ വെളിപ്പാടാണ്. അതു പഴയനിയമ വെളിപ്പാടിന്റെ പൂർത്തീകരണവും പൊരുളുമാണ്. 2. വിശ്വാസത്യാഗം സംഭവിച്ച് യെഹൂദമതത്തിലേക്ക് മടങ്ങിപ്പോകാതിരിക്കാൻ. 3. പീഡയുടെ മുമ്പിൽ തളർന്നു പോകാതിരിക്കാനുള്ള പ്രബോധനം നൽകാൻ. 4. വിശ്വാസത്യാഗം, പിന്മാറ്റം, ആത്മികമാന്ദ്യം ഇവയെ തടയുന്നതിന്. (5:12, 6:9, 10:35). 5. സർവ്വോപരി, പഴയനിയമത്തോടു തുലനം ചെയ്യുമ്പോൾ പുതിയനിയമ യുഗത്തിനുള്ള സർവ്വാതിശായിയായ മഹത്വം വെളിപ്പെടുത്താൻ.

പ്രധാന വാക്യങ്ങൾ: 1. “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.” എബ്രായർ 1:1,2.

2. “പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” എബ്രായർ 1:8,9.

3. “കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?” എബ്രായർ 2:3,4.

4. “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” എബ്രായർ 4:12.

5. “ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക. നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.” എബ്രായർ 4:14-16.

6. “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” എബ്രായർ 11:1.

7. “അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.” എബ്രായർ 11:39,40.

8. “വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.” എബ്രായർ 12:2.

ബാഹ്യരേഖ: I. ഉത്തമനായ സന്ദേശവാഹകൻ പുത്രൻ: 1:1-2:18.

1. യോഗ്യതകൾ: 1:1-3.

2. ദൂതന്മാരേക്കാൾ ശ്രേഷ്ഠൻ: 1:4 -14.

3. ഒന്നാം മുന്നറിയിപ്പ്: 2:1-4.

4. മനുഷ്യാവതാരം: 2:5-18.

II. ശ്രഷ്ഠനായ അപ്പോസ്തലൻ: 3:1-4:13. 

1. മോശെയേക്കാൾ ശ്രേഷ്ഠൻ: 3:1-6.

2. രണ്ടാം മുന്നറിയിപ്പ്: 3:7-19.

3. അവന്റെ വിശ്രമത്തിന്റെ മേന്മ: 4:1-10.

4. മൂന്നാം മുന്നറിയിപ്പ്: 4:11-13.

III. അത്യുന്നതനായ പുരോഹിതൻ 4:14-7-28.

1. അഹരോനുമായുള്ള താരതമ്യം: 4:14-5:4.

2. മല്കിദക്കിന്റെ ക്രമം: 5:5-7:25.

3. നാലാം മുന്നറിയിപ്പ്: 5:11-6:12.

4. മുന്നോടി: 6:13-20.

5. ജീവിക്കുന്ന പുരോഹിതൻ: 7:1-17.

6. ആണയാൽ ഉറപ്പിക്കപ്പെടുന്നു: 7:18-25.

7. യാഗത്തോടുള്ള ബന്ധം: 7:26-28.

IV. വിശേഷതയേറിയ നിയമം: 8:1-9:28.

1. നിയമം സ്ഥാപിക്കുന്നത്: 8:1-13.

2. പഴയ നിയമത്തിന്റെ പൊരുൾ: 9:1-10. 

3. ക്രിസ്തുവും പുതിയ നിയമവും: 9:11;28.

V. മേന്മയേറിയ യാഗം 10:1-31.

1. ന്യായപ്രമാണത്തിന്റെ ബലഹീനത: 10:1-4.

2. ക്രിസ്തുവിന്റെ യാഗം: 10:5-18.

3. അഞ്ചാം മുന്നറിയിപ്പ്: 10:19-31.

VI. ഉത്തമമായ മാർഗ്ഗം – വിശ്വാസം: 10:2-12:29.

1. വിശ്വാസത്തിന്റെ ആവശ്യം: 10:32-39.

2. വിശ്വാസത്തിന്റെ മാതൃകകൾ: 11:1-40.

3. വിശ്വാസത്തിന്റെ പ്രയോഗം: 12:1-17.

4. വിശ്വാസത്തിന്റെ ലക്ഷ്യം: 12:18-24.

5. ആറാം മുന്നറിയിപ്പ്: 12:25-29.

VII. ഉപസംഹാരം വിശ്വാസത്തിന്റെ പ്രായോഗികവശം: 13:1-25.

1. സാമൂഹിക ബന്ധത്തിൽ: 13:1-6.

2. ആത്മീകബന്ധത്തിൽ, ഏഴാം മുന്നറിയിപ്പ്: 13:7-17.

3. ആളാം പ്രതിയുള്ള വന്ദനം: 13:18-25.

സവിശേഷതകൾ: 1. ഇതിലെ ഉപദേശരൂപം പൗലൊസിന്റെ കാരാഗൃഹ ലേഖനങ്ങളുടെയും യോഹന്നാന്റെ എഴുത്തുകളുടേയും മദ്ധ്യയുള്ള ഒന്നാണ്. എബിയോന്യർ, ഡോ. സൈത്തായി, നോസ്റ്റിക്കുകൾ, ഇവരുടെ പാഷാണ്ഡ ഉപദേശങ്ങളുടെ പ്രതിഫലനം ഇതിൽ കാണുന്നില്ല. ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ മാത്രമേ അവ പൂർണ്ണവളർച്ച പ്രാപിച്ചുള്ളു. എന്നാൽ ലോഗോസിന്റെ ഉപദേശം പൗലൊസിന്റെ എഴുത്തുകളേക്കാൾ വികസിതരൂപം പ്രാപിച്ചിട്ടുണ്ട്. (1:1-3). 2. പുതിയ നിയമത്തിൽ മറ്റെങ്ങും കാണാത്ത 157 വാക്കുകൾ ഈ ലേഖനത്തിലുണ്ട്. ഇതിന്റെ അതിശ്രഷഠ മുഖവുരയിൽ (1:1-4) ഈ ലേഖനത്തിന്റെ യോഗ്യതകളായ അപൂർവ്വത്വം, ഗാംഭീര്യം, പദസാരള്യം, ആശയവ്യാപ്തി ഇവയെല്ലാം സമ്മേളിച്ചിരിക്കന്നത് കാണാം. യോഹന്നാന്റെ സുവിശേഷത്തിന്റെ ആമുഖവും (1:1-18), കൊലോസ്യ ലേഖനത്തിലെ പ്രസിദ്ധമായ ഭാഗവുമേ (1:14-20) ഇതിനോട് തുലനം ചെയ്യാവുന്നതായുള്ളു.

3. 10:30 ഒഴികെ എല്ലാ പഴയനിയമ ഉദ്ധരണികളും സെപ്റ്റ്വജിന്റിൽ നിന്നാണ്. അതു അവതരിപ്പിക്കുന്ന വിധവും പ്രത്യേകതയുള്ളതാണ്. അവൻ പറയുന്നു, അവൻ അരുളിച്ചെയ്യുന്നു, പരിശുദ്ധാത്മാവ് അരുളിച്ചെയ്തതുപോലെ എന്നിങ്ങനെയാണ്. തിരുവെഴുത്തിന്റെ മാനുഷിക എഴുത്തുകാരന്റെ പേരു ഒരിടത്തു മാത്രം പറയുന്നു (4:7). 4. നിത്യമായ (എന്നേക്കുമുള്ള – eternal) എന്ന വാക്ക് 12 പ്രാവശ്യവും ഉത്തമമായ (ശ്രഷ്ഠമായ better) എന്ന വാക്കു 13 പ്രാവശ്യവും കാണുന്നു. 5. പതിന്നാലിൽ കുറയാത്ത താരതമ്യപാഠങ്ങൾ ഇതിലുണ്ട്.

ഫിലേമോൻ

ഫിലേമോനു എഴുതിയ ലേഖനം (Book of Philemon)

പൗലൊസിന്റെ കാരാഗൃഹ ലേഖനങ്ങളിലൊന്നാണ് ഫിലേമോൻ. ഒരു വ്യക്തിക്കു എഴുതിയ ലേഖനം ഇതു മാത്രമാണ്. മാർഷ്യന്റെ കാനോനിലും മുറട്ടോറിയൻ രേഖയിലും ഫിലേമോൻ ഉണ്ട്. മാർഷ്യൻ പ്രസാധനം ചെയ്ത അംഗച്ഛേദം വരുത്താത്ത ഒരേയൊരു ലേഖനം ഇതു മാത്രമാണെന്നു തെർത്തുല്യൻ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ആധികാരികതയെ അധികമാരും ചോദ്യം ചെയ്തിട്ടില്ല.  

ലേഖനത്തിന്റെ രൂപം: ഫിലേമോൻ തികച്ചും വൈയക്തികവും അനൗപചാരികവും ആയ ലേഖനമാണ്. വളരെ സൂക്ഷ്മതയോടു കൂടിയ രചനയാണിത്. ഫിലേമോന്റെ വീട്ടിലെ ഒരു കുടുംബസഭ പൗലൊസിന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. ലേഖനം മുഴുവൻ മധ്യമപുരുഷ സർവ്വനാമമാണ് ഉപയോഗിച്ചിട്ടുള്ളത്. അതിനു അപവാദം 22-25 വാക്യങ്ങളാണ്. മദ്ധ്യമപുരുഷ ബഹുവചന പ്രയോഗത്തിന് കാരണം സഭയെ ഫിലേമോനോടു ചേർത്തു വ്യവഹരിക്കുന്നതാണ്. 

കർത്താവും കാലവും: ലേഖനത്തിന്റെ ഗ്രന്ഥകാരൻ പൗലൊസ് ആണെന്നു മൂന്നുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. (വാ.1,9,19). ലേഖനത്തിലെ ചിന്തയും ശൈലിയും പ്രയോഗങ്ങളും പൗലൊസിന്റേതു തന്നെ. കൊലൊസ്സ്യ ലേഖനവുമായി ഇതിനു അടുപ്പമുണ്ട്. രണ്ടുലേഖനവും കൊണ്ടുപോയതു ഒനേസിമൊസാണ്. കൊലൊസ്സ്യ ലേഖനം കൊണ്ടുപോകുമ്പോൾ ഒനേസിമൊസിനോടൊപ്പം തിഹിക്കൊസ് ഉണ്ടോയിരുന്നു. (4:7,9). രണ്ടു ലേഖനങ്ങളിലും താൻ ക്രിസ്തുയേശുവിന്റെ ബദ്ധനാണെന്നു പൗലൊസ് സ്വയം പറഞ്ഞിട്ടുണ്ട്. (ഫിലേ, 1:9; കൊലൊ, 4:18). അർഹിപ്പൊസിനെ കുറിച്ചുള്ള പരാമർശം രണ്ടു ലേഖനത്തിലുമുണ്ട്. ഈ തെളിവുകളിൽ നിന്നും രണ്ടു ലേഖനങ്ങളും ഒരേ സ്ഥലത്തുവച്ച് (റോം) ഒരേ കാലത്തു എഴുതപ്പെട്ടു എന്നു അനുമാനിക്കാം. എ.ഡി. 63 ആണ് രചനാകാലം. 

ഉദ്ദേശ്യം: കൊലൊസ്സ്യ സഭയിലെ ഒരംഗമാണ് ഫിലേമോൻ, ഫിലേമോന്റെ വീട്ടിൽ വച്ചായിരുന്നു ആരാധന നടന്നിരുന്നത്. ഒരു മോഷ്ടാവും (വാ. 18) ഒളിച്ചോടിയവനുമായ ഒനേസിമൊസ് റോമിൽ വച്ച് പൗലൊസിന്റെ അടുക്കൽ എത്തുകയും ഒരു ക്രിസ്ത്യാനിയായിത്തീരുകയും ചെയ്തു. ഒനേസിമൊസിനെ അപ്പൊസ്തലന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടു വന്നത് തിഹിക്കൊസ് ആയിരിക്കുമെന്നു തീസ്സൻ പറയുന്നു. ‘പ്രയോജനമുള്ളവൻ’ എന്നാണ് ഒനേസിമൊസിനർത്ഥം. പതിനൊന്നാം വാക്യത്തിൽ ഈ പേരിനെക്കൊണ്ടു ഒരു ശ്ലേഷം പ്രയോഗിച്ചിരിക്കുന്നു. “അവൻ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നേ.” അന്നത്തെ കീഴ്വഴക്കം അനുസരിച്ചു പൗലൊസ് ഒനേസിമൊസിനെ ഫിലേമോന്റെ അടുക്കലേക്കു മടക്കി അയച്ചു. ഈ അവസരത്തിലായിരുന്നു കൊലൊസ്സ്യലേഖനവും എഫെസ്യലേഖനവുമായി തിഹിക്കൊസിനെ അയയ്ക്കാൻ തീരുമാനിച്ചത്. അപ്പോൾ തിഹിക്കാസിനോടൊപ്പം ഒനേസിമൊസിനെയും ഫിലേമോന്റെ അടുക്കലേക്കു അയയ്ക്കുന്നതിനു സൗകര്യം ലഭിച്ചു. ഫിലേമോനും ഒനേസിമൊസും തമ്മിൽ അനുരഞ്ജനം ഉണ്ടാക്കുക എന്നതാണ് ലേഖനത്തിന്റെ പ്രധാന ഉദ്ദേശ്യം. ഒനേസിമൊസിന്റെ തെറ്റുകൾ ക്ഷമിച്ചു ഒരു സഹോദരനെപ്പോലെ ചേർത്തുകൊള്ളുവാൻ പൗലൊസ് ഫിലേമോനോടു ആവശ്യപ്പെടുന്നു. എന്തെങ്കിലും കടം പെട്ടിട്ടുണ്ടെങ്കിൽ തന്റെ പേരിൽ കണക്കിട്ടു കൊൾവാൻ പൗലൊസ് പറയുന്നു. ഈ സംഭവം വീണ്ടെടുപ്പിന്റെ ഒരു സാദൃശ്യ കഥനം കൂടിയാണ്. 

പ്രധാന വാക്യങ്ങൾ: 1. “കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു ഞാൻ കേട്ടിട്ടു നമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിന്നായി സഫലമാകേണ്ടതിന്നു എന്റെ പ്രാർത്ഥനയിൽ നിന്നെ ഓർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.” ഫിലേമോൻ 1:4-6.

2. “ആകയാൽ യുക്തമായതു നിന്നോടു കല്പിപ്പാൻ ക്രിസ്തുവിൽ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും പൌലോസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു.” ഫിലേമോൻ 1:8,9.

3. “അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയസഹോദരൻ തന്നേ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം?” ഫിലേമോൻ 1:16.

സവിശേഷതകൾ: 1. പൗലൊസിന്റെ ലേഖനങ്ങളിൽ ഏറ്റവും ചെറുത്. 2. പൗലൊസും ആദിമസഭയും അടിമത്തപ്രശ്നം കൈകാര്യം ചെയ്ത വിധം വ്യക്തമാക്കുന്ന ലേഖനമാണിത്. പ്രത്യക്ഷമായി പോരാടുകയോ സായുധവിപ്ലവത്തിനു കളമൊരുക്കുകയോ ചെയ്യാതെ ക്രിസ്തീയോപദേശത്തിന്റെ അടിസ്ഥാനത്തിൽ സമാധാനപരമായി അടിമത്തം ഇല്ലായ്മ ചെയ്യുവാൻ സഭ ശ്രമിക്കുകയായിരുന്നു. ആദിമ കിസ്ത്യാനികളിൽ ഒരു നല്ല വിഭാഗം അടിമകളായിരുന്നു. അവരുടെ യജമാനന്മാർ ക്രിസ്ത്യാനികൾ അല്ലെങ്കിൽ ദാസ്യവിമോചനശ്രമം അടിമകളുടെ പീഡനത്തിനും ഉപ്രദവത്തിനും ഹേതുവായിത്തീരും. സഭയിൽ ദാസനും യജമാനനും എന്ന വ്യത്യാസമില്ല; എല്ലാവരും ക്രിസ്തുവിൽ ഒന്നാണ്. (ഗലാ, 3:28; കൊലൊ, 3:11; 1കൊരി, 12:13). അവൻ ഇനി ദാസനല്ല; ദാസനു മീതെ പ്രിയ സഹോദരൻ തന്നേ (വാ.16) എന്നു പൗലൊസ് എഴുതി. കുടാതെ അടിമയോടു സ്വയം സാമ്യപ്പെടുത്തിക്കൊണ്ടു എനിക്കു പ്രാണപ്രിയൻ എന്നു ഒനേസിമൊസിനെ കുറിച്ചു അപ്പൊസ്തലൻ പറഞ്ഞു. (വാ,16). 

രൂപരേഖ: 1. അഭിവാദനവും സ്തോത്രാർപ്പണവും: വാ.1-7.

2. ഒനേസിമൊസിനു വേണ്ടിയുള്ള അപേക്ഷ: വാ.8-21.

3. ആശംസയും ആശീർവാദവും: വാ.22-25.

തീത്തോസ്

തീത്തോസിനു എഴുതിയ ലേഖനം (Book of Titus)

പുതിയനിയമത്തിൽ പതിനേഴാമത്തെ പുസ്തകം. ഇടയലേഖനങ്ങളിൽ അവസാനത്തേതും. തിമൊഥയൊസിനുളള രണ്ടു ലേഖനങ്ങളും തീത്തൊസിനുള്ള ലേഖനവും ഇടയലേഖനങ്ങൾ (Pastoral epistles) എന്ന് പേരിലറിയപ്പെടുന്നു. ഈ ലേഖനത്തിലെ ആശയവും ഭാഷാ ശൈലിയും 2തിമൊഥയൊസിനെക്കാൾ 1തിമൊഥയൊസിനോട് അടുത്തു നില്ക്കുന്നു. 

ഗ്രന്ഥകർത്താവ്: ഇടയലേഖനങ്ങളുടെ കർത്താവ് പൌലൊസാണെന്ന് ആദിമകാലം മുതൽ വിശ്വാസിച്ചു പോരുന്നു.  ഇടയലേഖനങ്ങൾ പൗലൊസിന്റേത് ആണെന്ന് വ്യക്തമാക്കുന്ന ആന്തരിക തെളിവുകളും ഉണ്ട്. മറ്റു ലേഖനങ്ങളെപ്പോലെ ഈ മൂന്നു ലേഖനങ്ങളും ഒരേ വ്യക്തിയാൽ എഴുതപ്പെട്ടതാണ്. ആരെ സംബോധന ചെയ്ത് എഴുതിയതാണോ അവരിലുള്ള താത്പര്യവും തങ്ങൾക്കു ലഭിച്ച നന്മകൾ എല്ലാംതന്നെ ദൈവത്തിന്റെ പരമമായ കൃപയിലാണെന്ന സത്യവും പൗലൊസ് ചൂണ്ടിക്കാണിക്കുന്നു. ‘അപ്പൊസ്തലനുമായ പൌലൊസ് പൊതു വിശ്വാസത്തിൽ നിജപുത്രനായ തീത്തോസിനു എഴുതുന്നത്’ എന്ന ആമുഖം പൌലൊസിന്റെ കർത്തൃത്വത്തിനു തെളിവാണ്. 

എഴുതിയകാലം: എ.ഡി. 63-നും 67-നും മദ്ധ്യേ പൌലൊസ് കാരാഗൃഹത്തിൽനിന്നും മുക്തനായി. ഈ കാലയളവിലാണ് ഇടയലേഖനങ്ങൾ മൂന്നും എഴുതിയത്. പൌലൊസിന്റെ അവസാന യെരുശലേം സന്ദർശനത്തിനു മുമ്പാണ് ഇതിന്റെ രചന. ഈ ലേഖനം എഴുതുന്ന തിനു തൊട്ടുമുമ്പു് പൌലൊസ് തീത്തൊസിനോടൊപ്പം ക്രേത്തദ്വീപ് സന്ദർശിച്ചിരുന്നു: (1:35). എ.ഡി. 65 ആയിരിക്കണം കാലം.

ഉദ്ദേശ്യം: ക്രേത്തയിലെ സുവിശേഷ പ്രവർത്തനങ്ങളിൽ തീത്തൊസിന് സഹായം ആവശ്യമാണെന്ന് കണ്ടാണ് അപ്പൊസ്തലൻ ലേഖനം എഴുതിയത്. ഈ പ്രദേശത്തു പ്രവർത്തനം ആരംഭിച്ചതു പൗലൊസാണെങ്കിലും തന്റെ ചുമതലകൾ പൂർത്തിയാക്കുന്നതിനു മുമ്പ് പൃലൊസിന് ക്രേത്തെ വിട്ടുപോകേണ്ടിവന്നു. ശേഷിച്ച കാര്യങ്ങളെ ക്രമപ്പെടുത്തേണ്ടതിനും പട്ടണംതോറും മൂപ്പന്മാരെ നിയമിക്കുന്നതിനും നിർദ്ദേശം നല്കി തീത്തോസിനെ കേത്തയിലാക്കി. ദുരുപദേശങ്ങൾ സഭയിൽ നുഴഞ്ഞു കയറിത്തുടങ്ങി. ജ്ഞാനമതത്തിന്റെ പ്രാഗ്രൂപങ്ങൾ സഭകൾക്ക് പ്രശ്നം സൃഷ്ടിച്ചു. അതിന്റെ സൂചനകൾ ഈ ലേഖനത്തിൽ കാണാം. മൗഢ്യതർക്കവും വംശാവലികളും കലഹവും ഒഴിഞ്ഞുനില്ക്കുവാൻ പൗലൊസ് തീത്തൊസിനോട് ആവശ്യപ്പെട്ടു. (3:9). അക്കാലത്ത് വംശാവലികളിലും കെട്ടുകഥകളിലും ആളുകൾക്കു താത്പര്യം വർദ്ധിച്ചു വരികയായിരുന്നു. യെഹൂദ കഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതെ ഇരിക്കേണ്ടതിനു അവരെ കഠിനമായി ശാസിക്കുവാൻ പൌലൊസ് തീത്തോസിനെ ഉൽബോധിപ്പിച്ചു. (1:14). യെഹൂദന്മാരുടെ കെട്ടുകഥകളും വംശാവലികളും സുവിശേഷ പ്രചാരണത്തിന് വിഘ്നങ്ങളാണ്. ഇമ്മാതിരി ദുരുപദേശങ്ങൾ നിമിത്തം സത്യത്തിനുവേണ്ടി ശക്തമായി നിലകൊള്ളാൻ തീത്തോസിന് വ്യക്തമായ പ്രബോധനവും പ്രോത്സാഹനവും ആവശ്യമായിരുന്നു. സേനാസിനും അപ്പൊല്ലോസിനും ക്രേത്തവഴി ഒരു യാത്ര പോകേണ്ടിവന്നു. പൗലൊസ് തീത്തൊസിന് ഒരു ലേഖനമെഴുതി അവരുടെ കൈവശം കൊടുത്തയച്ചു. (3:13). 

പ്രധാന വാക്യങ്ങൾ: 1. “ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കി വെക്കേണ്ടതിന്നും തന്നേ.” തീത്തൊസ് 1:5.

2. “അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിന്നും കൊള്ളരുതാത്തവരുമാകുന്നു.” തീത്തൊസ് 1:16.

3. “വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക.” തീത്തൊസ് 2:7.

4. “സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ; നാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും” തീത്തൊസ് 2:11,12.

5. “ഇതു പൂർണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. ആരും നിന്നെ തുച്ഛീകരിക്കരുതു.” തീത്തൊസ് 2:15.

6. “മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും ഈർഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ. എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.” തീത്തൊസ് 3:3-5.

ബാഹ്യരേഖ: I. മുഖവുര: 1:1-4.

II. ഒരു സംഘടന എന്ന നിലയിൽ സഭയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ: 1:5-16. 

1. മൂപ്പന്മാരുടെ യോഗ്യതകൾ: 1:5-9. 

2. ദുരുപദേശത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കേണ്ടതിന്റെ ആവശ്യം: 1:10-16.

III. ഇടയശുശ്രൂഷയിലെ പ്രശ്നങ്ങൾ: 2:1-3:11.

1. കുടുംബബന്ധത്തെ സംബന്ധിക്കുന്ന പ്രമാണങ്ങൾ: 2:1-10.

2. യഥാർത്ഥ ക്രിസ്തീയ ജീവിതത്തിന്റെ വ്യവസ്ഥകൾ: 2:11-15.

3. ക്രിസ്തീയ പൌരത്വത്തെ സംബന്ധിച്ചുളള ഉപദേശം: 3:1,2.

4. ദൈവഭക്തിയോടുകൂടി ജീവിക്കുന്നതിനുള്ള ഉപദേശം: 3:3-8.

5. ദുരുപദേഷ്ടാക്കന്മാരെ കൈകാര്യം ചെയ്യേണ്ടവിധം: 3:9-11. 

IV. ഉപസംഹാരം: 3:12-15.

2തിമൊഥെയൊസ്

തിമൊഥെയൊസിന് എഴുതിയ രണ്ടാം ലേഖനം (Book of 2 Timothy)

പുതിയനിയമ കാനോനിലെ പതിനാറാമത്തെ പുസ്തകവും, ഇടയലേഖനങ്ങളിൽ രണ്ടാമത്തതും. അപ്പൊസ്തലനായ പൌലൊസിന്റെ ഹംസഗാനമാണ് 2തിമൊഥെയൊസ്. ഒരു ദു:ഖസ്വരം ഈ ലേഖനത്തിൽ പ്രതിധ്വനിക്കുന്നുണ്ടെങ്കിലും ഒരു ജേതാവിന്റെ വിജയ ധ്വനിയോടുകൂടെ ലേഖനം അവസാനിക്കുന്നു. “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു.” 4:7,8. 

ഗ്രന്ഥകർത്താവ്: ഇടയലേഖനങ്ങളുടെ കർത്താവ് പൗലൊസാണെന്ന് ആദിമകാലം മുതൽ വിശ്വാസിച്ചു പോരുന്നു.  ഇടയലേഖനങ്ങൾ പൗലൊസിന്റേത് ആണെന്ന് വ്യക്തമാക്കുന്ന ആന്തരിക തെളിവുകളും ഉണ്ട്. മറ്റു ലേഖനങ്ങളെപ്പോലെ ഈ മൂന്നു ലേഖനങ്ങളും ഒരേ വ്യക്തിയാൽ എഴുതപ്പെട്ടതാണ്. ആരെ സംബോധന ചെയ്ത് എഴുതിയതാണോ അവരിലുള്ള താത്പര്യവും തങ്ങൾക്കു ലഭിച്ച നന്മകൾ എല്ലാംതന്നെ ദൈവത്തിന്റെ പരമമായ കൃപയിലാണെന്ന സത്യവും പൗലൊസ് ചൂണ്ടിക്കാണിക്കുന്നു. ഇടയലേഖനങ്ങളുടെ എഴുത്തുകാരനും (2 തിമൊ, 1:8) സുവിശേഷത്തെക്കുറിച്ച് ലജ്ജിക്കാത്ത റോമാലേഖന കർത്താവ് തന്നെയാണ്. (റോമ, 1:16).

എഴുതിയ കാലം: നീറോയുടെ മരണം എ.ഡി. 68 ജൂൺ 6-ന് ആയിരുന്നു. നീറോയുടെ മരണത്തിനുമുമ്പ് പൌലൊസ് വധിക്കപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. അതിനാൽ എ.ഡി. 67 ആയിരിക്കണം രചനാകാലം. 

പ്രതിപാദ്യം: വിശ്വാസത്യാഗത്തിന്റെ കാലത്ത് ഒരു ശുശ്രൂഷകൻ ജീവിതത്തിൽ എങ്ങനെ സാക്ഷ്യം പുലർത്തണമെന്ന് ഈ ലേഖനത്തിൽ വ്യക്തമാക്കുന്നു. സുവിശേഷത്തോടു വിശ്വസ്തത പുലർത്തുവാനും (1:3-18), ശുശ്രൂഷയിൽ ഭടനെപ്പോലെ സഹിക്കുവാനും (2:1-13), അപ്പൊസ്തലൻ തിമൊഥയൊസിനോട് ആവശ്യപ്പെടുന്നു. ശുശ്രൂഷയിലെ പെരുമാറ്റത്തെ സംബന്ധിക്കുന്ന പ്രധാന നിർദ്ദേശം നല്കുന്നു. (2:14-26). വരാനിരിക്കുന്ന ദുർഘടസമയങ്ങളെ കുറിച്ച് മുന്നറിയിപ്പു നല്കുകയും (3:79), തൻറ മാതൃക പിന്തുടരാൻ പൗലൊസ് തിമൊഥയൊസിനോടാ ആവശ്യപ്പെടുകയും ചെയ്യുന്നു. (3:10-13). തിമൊഥെയൊസിൻ്റെ ഇപ്പോഴത്തെ വിശ്വസ്തത തനിക്കു മുമ്പു ലഭിച്ച പരിശീലനത്തിന്റെ ഫലമാണെന്നു വ്യഞ്ജിപ്പിക്കുന്നു. (3:14-17). വിശ്വസ്തതയോടെ സത്യവചനം പ്രസംഗിക്കുവാൻ ഉദ്ബോധിപ്പിക്കുകയും കൂട്ടായ്മക്കായുള്ള തന്റെ വാഞ്ഛ വെളിപ്പെടുത്തുകയും ചെയ്യുന്നു. (4:18).

പ്രധാന വാക്യങ്ങൾ: 1. “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.” 2തിമൊഥെയൊസ് 1:7.

2. “ഒരുത്തൻ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരായ്കിൽ കിരീടം പ്രാപിക്കയില്ല.” 2തിമൊഥെയൊസ് 2:5.

3. “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം.” 2തിമൊഥെയൊസ് 2:8,9.

4. “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” 2തിമൊഥെയൊസ് 3:16,17.

5. “വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.” 2തിമൊഥെയൊസ് 4:2.

6. “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.” 2തിമൊഥെയൊസ് 4:7,8.

സവിശേഷതകൾ: 1. റോമിൽ രക്തസാക്ഷി ആകുന്നതിനുമുമ്പ് പൌലൊസ് അപ്പൊസ്തലൻ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ള അന്ത്യവാക്കുകൾ ഈ ലേഖനത്തിലാണ് ഉളളത്. 2. തിരുവെഴുത്തുകളുടെ ദൈവിക ഉദ്ദേശ്യവും ദൈവനിശ്വാസ്യതയും വെളിപ്പെടുത്തുന്ന ഏറ്റവും വ്യക്തമായ പ്രസ്താവന ഇതിലുണ്ട്. (3:16,17). സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിക്കേണ്ടതിന്റെയും ദൈവവചനം വിശ്വസ്തരായ മനുഷ്യരെ ഭരമേല്പിക്കേണ്ടതിന്റെയും ആവശ്യം ഊന്നിപ്പറയുന്നു. (2:2). 3. അന്ത്യകാലത്ത് സംഭവിക്കുവാൻ പോകുന്ന വിശ്വാസ ത്യാഗത്തെക്കുറിച്ചുള്ള രണ്ടു പ്രവചനങ്ങൾ ഇതിലുണ്ട്. (3:16; 4:3,4). 4. ശക്തവും ഗൗരവമേറിയതുമായ ഗുണദോഷങ്ങൾ ലേഖനത്തിലുടനീളം കാണാം. ഉദാ: കൃപാവരം ജ്വലിപ്പിക്കുക (1:6), ലജ്ജിക്കരുത് (1:8), സുവിശേഷത്തിനായി കഷ്ടം സഹിക്ക (1:8), പഥ്യവചനം മാതൃകയാക്കിക്കൊൾക (1:13), നല്ല ഉപനിധി സൂക്ഷിച്ചുകൊൾക (1:14), കൃപയാൽ ശക്തിപ്പെടുക (2:1), കഷ്ടം സഹിക്ക (2:3), സത്യവചനത്ത യഥാർത്ഥമായി പ്രസംഗിക്ക (2:15), ഒഴിഞ്ഞിരിക്കുക (2:16), വിട്ടോടുക (2:22), നിലനില്ക്കുക (3:15), വചനം പ്രസംഗിക്ക (4:2), സുവിശേഷകന്റെ പ്രവൃത്തി ചെയ്ക (4:5), ശുശൂഷ നിറപടിയായി നിവർത്തിക്ക (4:5). 5. ഒരു ശുശ്രൂഷകനെ മകൻ (2:1), ഭടൻ (2:3,4), കൃഷിക്കാരൻ (2:6), വേലക്കാരൻ (2:15), മാനപാത്രം (2:21), കർത്താവിന്റെ ദാസൻ (2:24) എന്നിങ്ങനെ വിവിധ നിലകളിൽ അവതരിപ്പിച്ചിരിക്കുന്നു. 

ഉള്ളടക്കം: I. വന്ദനം: 1:1-3.

II. വിശ്വസ്തതയ്ക്കും സഹിഷ്ണുതയ്ക്കും വേണ്ടിയുള്ള അഭ്യർത്ഥന: 1:4-18.

III. ശുശ്രൂഷയിൽ ജാഗ്രത: 2:1:26.

1. ഒരു നല്ല ഭടനായി: 2:1-14.

2. ഒരു നല്ല ശിഷ്യനായി: 2:15-26.

IV. വിശ്വാസ ത്യാഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്: 3:1-4:5.

1. അന്ത്യനാളുകളെക്കുറിച്ചുള്ള പ്രവചനം; ദർശനം: 3:1-9.

2. അന്ത്യനാളുകളിൽ തിരുവെഴുത്തുകളുടെ അധികാരം: 3:10-17.

3. പ്രബോധനം: 4:1-3.

V. കർത്താവിനോടുള്ള കുറ്: 4:6-22.

1. പൗലൊസിന്റെ അന്തിമസാക്ഷ്യം: 4:6-8.

2. അന്ത്യവാക്കുകൾ: 4:9-22.

1തിമൊഥെയൊസ്

തിമൊഥെയൊസിന് എഴുതിയ ഒന്നാം ലേഖനം (Book of 1 Timothy)

പുതിയനിയമ കാനോനിലെ പതിനഞ്ചാമത്തെ പുസ്തകവും, ഇടയലേഖനങ്ങളിൽ ഒന്നാമത്തേതും. അപ്പൊസ്തലനായ പൗലൊസ് വ്യക്തികളെ അഭിസംബോധന ചെയ്ത് എഴുതിയ മുന്നു ലേഖനങ്ങളുണ്ട്: തിമൊഥെയൊസിനു രണ്ടും തീത്തൊസിന് ഒന്നും. ഇവർ പൗലൊസിന്റെ സന്തത സഹചാരികളും സഹപ്രവർത്തകരും ആയിരുന്നു. പല മിഷണറി യാത്രകളിലും ഇവർ പൗലൊസിനെ അനുഗമിച്ചു. പൌലൊസ് തന്റെ ജീവിതാന്ത്യത്തിൽ സഭാപരിപാലനവും ഭരണവും സംബന്ധിച്ചുളള നിർദ്ദേശങ്ങൾ ഈ ശുശ്രൂഷകന്മാർക്കു എഴുതി. അതിനാലാണ് ഇവയെ ഇടയലേഖനങ്ങൾ എന്നു വിളിക്കുന്നത്. ഇടയലേഖനങ്ങളിൽ വെച്ചു ഇടയസ്വഭാവം ശരിയായി പ്രതിഫലിക്കുന്നത് ഈ ലേഖനത്തിലാണ്.. 

ഇടയലേഖനങ്ങൾ: പൗലൊസിന്റെ ലേഖനങ്ങളിൽ തിമൊഥയാസ് ഒന്നും രണ്ടും, തീത്തൊസ് എന്നീ മൂന്നു ലേഖനങ്ങൾ ഒരു പ്രത്യേക ഗണത്തിൽപ്പെടുന്നു. ഇവയെ ജെ.എൻ. ബെർസോട്ട് (എ.ഡി. 1703) ഇടയലേഖനങ്ങൾ എന്നു വിളിച്ചു. തുടർന്നു പോൾ ആന്റൺ (എ.ഡി. 1726) ഈ പേരിനു പ്രചാരം നല്കി. ഇടയന്റെ ജോലിയും സഭാ ശുശ്രൂഷയുടെ സ്വഭാവവുമാണ് ഈ ലേഖനങ്ങളിൽ അപ്പൊസ്തലൻ കൈകാര്യം ചെയ്യുന്നത്. ഇടയലേഖനങ്ങൾ ഉപദേഷ്ടാക്കന്മാർക്കു നിർദ്ദേശങ്ങൾ നല്കുന്നുവെങ്കിലും ലേഖനങ്ങളുടെ സ്വീകർത്താക്കളായ തിമൊഥയൊസും തീത്തൊസും ഇന്നത്തെ അർത്ഥത്തിൽ ഇടയന്മാരായിരുന്നില്ല. പ്രത്യേക ദൗത്യവുമായി പൗലൊസ് അയച്ച പ്രത്യേക ദൂതന്മാരായിരുന്നു അവർ.

ഗ്രന്ഥകർത്താവ്: ഇടയലേഖനങ്ങളുടെ കർത്താവ് പൌലൊസാണെന്ന് ആദിമകാലം മുതൽ വിശ്വാസിച്ചു പോരുന്നു.  ഇടയലേഖനങ്ങൾ പൗലൊസിന്റേത് ആണെന്ന് വ്യക്തമാക്കുന്ന ആന്തരിക തെളിവുകളും ഉണ്ട്. മറ്റു ലേഖനങ്ങളെപ്പോലെ ഈ മൂന്നു ലേഖനങ്ങളും ഒരേ വ്യക്തിയാൽ എഴുതപ്പെട്ടതാണ്. ആരെ സംബോധന ചെയ്ത് എഴുതിയതാണോ അവരിലുള്ള താത്പര്യവും തങ്ങൾക്കു ലഭിച്ച നന്മകൾ എല്ലാംതന്നെ ദൈവത്തിന്റെ പരമമായ കൃപയിലാണെന്ന സത്യവും പൗലൊസ് ചൂണ്ടിക്കാണിക്കുന്നു. ഇടയലേഖനങ്ങളുടെ എഴുത്തുകാരനും (2 തിമൊ, 1:8) സുവിശേഷത്തെക്കുറിച്ച് ലജ്ജിക്കാത്ത റോമാലേഖന കർത്താവ് തന്നെയാണ്. (റോമ, 1:16). താഴെപറയുന്ന ഭാഗങ്ങളും പരിശോധിക്കുക: (1തിമൊ 3:1-12 – റോമ, 1:29-32; 1തിമൊ, 6:17 – ഫിലേ, 10,11; 1തിമൊ, 1:17 – റോമ, 12:1; 1തിമൊ, 1:13,15 – 1കൊരി, 15:9; 1തിമൊ, 1:7 – റോമ, 11:36).

എഴുതിയകാലം: എ.ഡി. 63-നും 67-നും മദ്ധ്യേ പൌലൊസ് കാരാഗൃഹത്തിൽനിന്നും മുക്തനായി. ഈ കാലയളവിലാണ് ഇടയലേഖനങ്ങൾ മൂന്നും എഴുതിയത്. പൌലൊസിന്റെ അവസാന യെരുശലേം സന്ദർശനത്തിനു മുമ്പാണ് ഇതിന്റെ രചന. എ.ഡി. 64/65 ആയിരിക്കണം കാലം.

ഉദ്ദേശ്യം: അപ്പൊസ്തലിക കാലത്തിന്റെ അവസാനത്തോടു കൂടി പ്രാദേശിക സഭകൾ എണ്ണത്തിൽ പെരുകി അവയുടെ വിശ്വാസപ്രമാണവും അച്ചടക്കവും ശിക്ഷണവും ദൈവിക വെളിപ്പാടിന് അനുസരണമായി ക്രമപ്പെടുത്തി നൽകേണ്ട ആവശ്യം വന്നു. അതുവരെയും ഈ പ്രശ്നങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് അപ്പൊസ്തലന്മാർ നേരിട്ടായിരുന്നു. ഇനി എല്ലാ സന്ദർഭത്തിനും കാലത്തിനും പ്രായോഗികമായ ദൈവികനിർദ്ദേശങ്ങൾ നകേണ്ടിവന്നു. അതിനാൽ “സത്യത്തിൻറ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടത് എങ്ങനെയെന്ന് അറിയേണ്ടതിനാണ്.” ഈ ലേഖനം എഴുതിയതു. (3:15). പ്രധാനമായും നാലു ഉദ്ദേശ്യങ്ങളാണു ഈ ലേഖന രചനയ്ക്കു പിന്നിൽ. 1. സഭയെ സംബന്ധിക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് ക്രമീകരിക്കേണ്ടത് എന്നു തിമൊഥെയൊസിന് പ്രബോധനം നല്കുക: (3:14,15). 2. യുവാവായ തിമൊഥെയൊസിന് എഫെസൊസിലെ സംഭവ വികാസങ്ങളെ ധൈര്യപൂർവ്വം കൈകാര്യംചെയ്യുവാൻ അപ്പൊസ്തലന്റേതായ അധികാരപത്രം നല്കുക: (1:3,4). 3. ദുരുപദേശത്തെ എതിർക്കുന്നതിന് ആവശ്യമായ പ്രോത്സാഹനം നല്കുക: (1:3-7, 18-20; 6:3-5, 20, 21). 4. ഇടയനെന്ന് നിലയിൽ തന്റെ കടമകൾ ചെയ്യുന്നതിനു തിമൊഥെയൊസിനെ ഗുണദോഷിക്കുക: (4:6-6:2). 

പ്രധാന വാക്യങ്ങൾ: 1. “ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.” 1തിമൊഥെയൊസ് 1:15.

2. “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” 1തിമൊഥെയൊസ് 2:5-6.

3. “സ്ത്രീ മൌനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. മൌനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല.” 1തിമൊഥെയൊസ് 2:11.

4. “ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു. എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം.” 1തിമൊഥെയൊസ് 3:1,2.

5. “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു. ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം.” 1തിമൊഥെയൊസ് 4:8,9.

6. “മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ. രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു.” 1തിമൊഥെയൊസ് 5:18,19.

സവിശേഷതകൾ: 1. എഫെസൊസിലെ സഭയുടെ പ്രതിനിധി എന്ന നിലയിൽ തിമൊഥെയൊസിന് നേരിട്ടെഴുതിയ ലേഖനമാണിത്. 2. ദുരുപദേശങ്ങളിൽ നിന്നും സുവിശേഷത്തെ പവിത്രമായി സൂക്ഷിക്കാൻ അദ്ധ്യക്ഷന്മാർക്കുള്ള ഉത്തരവാദിത്വത്തിന് ഏറ്റവുമധികം ഊന്നൽ നല്കുന്ന രണ്ടു ലേഖനങ്ങളാണ് തിമൊഥയാസ് ഒന്നും രണ്ടും. 3. വിഭിന്ന ലിംഗങ്ങളിലും, വ്യത്യസ്ത അപ്രായങ്ങളിലും, വിവിധ സാമുഹിക ഗണങ്ങളിലും ഉള്ളവരോടു ഇടയൻ ഇടപെടേണ്ടത് എങ്ങനെ എന്നതിന് വ്യക്തമായ മാർഗ്ഗരേഖ നല്കുന്നു. 4. സാർവ്വലൗകിക പ്രാർത്ഥന, ജഡധാരണം മുതൽ തേജസ്കരണം വരെയുള്ള ക്രിസ്തുവിന്റെ ശുശ്രൂഷയുടെ സംക്ഷിപ്തരൂപം എന്നിവ ഈ ലേഖനത്തിലുണ്ട്. (2:1-4; 3:16). ‘വിശ്വാസയോഗ്യം’ എന്ന പ്രയോഗം ഈ ലേഖനത്തിൽ ആവർത്തിക്കുന്നതു കാണാം. (1തിമൊ, 1:15; 3:1; 4:9). 

വിഷയ വിഭജനം: I. പൗലൊസും തിമൊഥെയൊസും: 1:1-20.

1. വന്ദനം: 1:1,2.

2. ദുരുപദേശ ഖണ്ഡനത്തിന്റെ ആവശ്യം: 1:3-11.

3. പൌലൊസിനു ലഭിച്ച ദൈവകരുണ: 1:12-17.

4. തിമൊഥയൊസിനുള്ള പ്രത്യേകനിയോഗം: 1:18-20.

II. ആരാധനയും അച്ചടക്കവും: 2:1-4:6. 

1. പരസ്യാരാധനയിൽ പ്രാർത്ഥന: 2:1-8. 

2. സ്ത്രീകളുടെ സ്ഥാനം: 2:9-15.

3. അദ്ധ്യക്ഷന്മാരുടെയും ശുശ്രൂഷകന്മാരുടെയും യോഗ്യത: 3:1-16.

4. ദുരുപദേശങ്ങൾക്കും വിശ്വാസത്യാഗത്തിനും എതിരെയുള്ള മുന്നറിയിപ്പ്: 4:1-5. 

5. തിമൊഥയൊസിന്റെ വ്യക്തിപരമായ ചുമതലകൾ: 4:6-16. 

III. സഭയ്ക്കുള്ളിലെ ശിക്ഷണം: 5:6:19.

1. വിധവകളും മുപ്പന്മാരും: 5:1-25.

2. യജമാനന്മാരും അടിമകളും: 6:, 2.

3. ദുരുപദേഷ്ടാക്കന്മാർ: 6:3-5.

4. ധനവും ധനികരും: 6:6-10.

5. ദൈവമനുഷ്യൻ്റെ കടമ: 6:11-16.

6. ധനവാന്മാരോടുള്ള കർത്തവ്യം: 6:17-19. 

IV. ഉപസംഹാരം: 6:20,21.

2തെസ്സലൊനീക്യർ

തെസ്സലൊനീക്യർക്കു എഴുതിയ രണ്ടാം ലേഖനം (Book of 2 Thessalonians)

പുതിയനിയമത്തിലെ പതിനാലാമത്തെ ലേഖനം. പൗലൊസ് ഈ ലേഖനം എഴുതുമ്പോഴും തെസ്സലൊനീക്യ സഭയുടെ സ്ഥിതിഗതികൾക്ക് വലിയ മാറ്റമുണ്ടായിരുന്നില്ല. സ്വില്വാനൊസ്, തിമൊഥയൊസ് എന്നിവരോടൊപ്പം കൊരിന്തിൽ കഴിയുന്ന കാലത്താണ് ഈ ലേഖനം എഴുതിയത്: (1:1; പ്രവൃ, 18:5. ആദ്യ ലേഖനത്തെ അവർ സ്വീകരിച്ചതിനു ശേഷം സഭയിൽ ഉണ്ടായ വ്യതിയാനങ്ങളെക്കുറിച്ചു പൌലൊസിനു ലഭിച്ച വിവരങ്ങളാണ് ലേഖനരചനയ്ക്ക് പ്രേരകമായത്. 

ഗ്രന്ഥകർത്താവ്: ലേഖനകർത്താവ് പൌലൊസ് ആണെന്ന് പ്രസ്താവന ഇതിലുണ്ട്. (1:1; 3:17). ഒന്നാം ലേഖനത്തെക്കാൾ കൂടുതൽ പ്രാചീന സാക്ഷ്യങ്ങളും ഉദ്ധരണികളും ഉള്ളതു രണ്ടാം ലേഖനത്തിനാണ്. ജസ്റ്റിൻ മാർട്ടിയർ ഇതിനെ പരാമർശിച്ചിട്ടുണ്ട്. ഐറീനിയസ് പൗലൊസിൻ്റേതായി ഈ ലേഖനത്തെ പറയുന്നു. മുറട്ടോറിയൻ കാനോനിലും പഴയ സിറിയക് ലത്തീൻ പരിഭാഷകളിലും മാർഷ്യൻ കാനോനിലും പൗലൊസിന്റെ ലേഖനമായി ഇതിനെ ചേർത്തിരിക്കുന്നു. ലേഖനത്തിലെ ഭാഷാ ശൈലിയും പ്രയോഗങ്ങളും പൌലൊസിന്റേതാണ്. രണ്ടു ലേഖനങ്ങൾക്കും തമ്മിലുള്ള പൊരുത്തം വിസ്മയകരമാണ്. പ്രാർത്ഥനകൾ (1തെസ്സ, 3:11-13; 5:23; 2തെസ്സ, 2:16,17; 3:16), സ്തോത്രങ്ങൾ (1തെസ്സ, 1:2,3; 2തെസ്സ, 1:3), അഭ്യർത്ഥനാ ശൈലികൾ (1തെസ്സ, 4:1; 2തെസ്സ, 3:1) എന്നിവ രണ്ടു ലേഖനങ്ങളിലും വലിയ വ്യത്യാസം കൂടാതെ കാണപ്പെടുന്നു. 

എഴുതിയ കാലം: ഒന്നാം ലേഖനം എഴുതിക്കഴിഞ്ഞ് ചില മാസങ്ങൾക്കുള്ളിൽ തന്നെ ഈ ലേഖനവും എഴുതി. പൗലൊസ് കൊരിന്തിൽ വന്നത് എ.ഡി. 50-ൻ്റെ ആരംഭത്തിലാണ്. അവിടെനിന്ന് 51-ൽ ഒന്നാമത്തെ ലേഖനമെഴുതി. എ.ഡി. 52-ൽ രണ്ടാമത്തെ ലേഖനവും എഴുതി.

ഉദ്ദേശ്യം: 1. പീഡനം സഹിക്കുന്ന വിശ്വാസികളെ ആശ്വസിപ്പിക്കുക. 2. ക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ ആസന്നതയെ കുറിച്ച് (2:1) തെസ്സലൊനീക്യരെ ഓർപ്പിക്കുകയും അധർമ്മമൂർത്തി വെളിപ്പെടുകയും വിശ്വാസത്യാഗം സംഭവിക്കുകയും ചെയ്യുന്നതിനു മുമ്പു കർത്താവിന്റെ നാൾ വരികയില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുക: (2:2-10). 3. ക്രമം കെട്ടു നടക്കുന്നവരെ വേല ചെയ്ത് അഹോവൃത്തി കഴിക്കുന്നതിന് പ്രബോധിപ്പിക്കുക: (3:6-15). 4. വ്യാജലേഖനങ്ങളിൽ നിന്ന് തന്റെ ലേഖനങ്ങളെ തിരിച്ചറിയുവാനുളള അടയാളം നല്കുക: (3:17). 

പ്രധാന വാക്യങ്ങൾ: 1. “കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ” 2തെസ്സലൊനീക്യർ 1:6,7.

2. “ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.” 2തെസ്സലൊനീക്യർ 2:13.

3. “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷെക്കു വിളിച്ചതു.” 2തെസ്സലൊനീക്യർ 2:14.

4. “കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.” 2തെസ്സലൊനീക്യർ 3:3.

5. “സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.” 2തെസ്സലൊനീക്യർ 3:16.

സവിശേഷതകൾ: 1. ചരിത്രാന്ത്യത്തിൽ സംഭവിക്കാനിരിക്കുന്ന അനീതിയുടെ സകല വഞ്ചനയെയും കുറിച്ച് ഈ ലേഖനം വ്യക്തമാക്കുന്നു. എതിർക്രിസ്തുവിനെ അധർമ്മമൂർത്തി, നാശയോഗ്യൻ എന്നീ പേരുകളിൽ പരാമർശിക്കുന്നു. (2:3,12).2. ക്രിസ്തുവിന്റെ പുനരാഗമനമാണ് ഈ ലേഖനത്തിലെയും പ്രധാന വിഷയം. (2:1-12). പുനരാഗമനത്തോടുകൂടി നടക്കുന്ന ദൈവത്തിന്റെ നീതിയുള്ള ന്യായവിധി വെളിപ്പാട് പുസ്തകത്തിൽ വർണ്ണിച്ചിരിക്കുന്നതു പോലെയാണ് ഇതിലും കാണപ്പെടുന്നത് ഒന്നാം ലേഖനത്തിലെ വിഷയം ക്രിസ്തു സഭയ്ക്കുവേണ്ടി വരുന്നതും, രണ്ടാം ലേഖനത്തിലേത് ക്രിസ്തു സഭയോടുകൂടെ വരുന്നതും ആണ്. 2:7-ലെ തടുക്കുന്നവൻ ആരാണെന്നതിനെ കുറിച്ച് വിവിധ വ്യാഖ്യാനങ്ങൾ നിലവിലുണ്ട്. (നോക്കുക; തടുക്കുന്നവൻ). 

ബാഹ്യരേഖ: I. വന്ദനം: 1:1,2. 

II. പൗലൊസ് പീഡനം അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുന്നു: 1:3-12.

1. തെസ്സലൊനീക്യർക്കു വേണ്ടി സ്തോത്രം ചെയ്യുന്നു: 1:3,4.

2. ക്രിസ്തുവിന്റെ വരവിന്റെ കാഴ്ചപ്പാടിൽ പ്രോത്സാഹനം നല്കുന്നു: 1:5-10.

3. അവർക്കു വേണ്ടിയുള്ള പ്രാർത്ഥന: 1:11,12. 

III. പൗലൊസ് തെസ്സലൊനീക്യരുടെ ധാരണയെ തിരുത്തുന്നു: 2:1:17.

1. കർത്താവിന്റെ നാൾ വന്നിട്ടില്ല: 2:1,2.

2. അധർമ്മമൂർത്തി മുമ്പേ പ്രത്യക്ഷപ്പെടും: 2:3-12. 

3. അവർക്കുവേണ്ടിയുള്ള പ്രാർത്ഥനയും പ്രബോധനവും: 2:13-17.

IV. പ്രായോഗിക പ്രബോധനങ്ങൾ: 3:1-15.

1. പ്രാർത്ഥനയ്ക്കുവേണ്ടി അപേക്ഷിക്കുന്നു: 3:1,2.

2. കർത്താവിൽ സ്ഥിരതയോടിരിക്കുക: 3:3-5.

3. ക്രമംകെട്ടുനടക്കുന്നവരെ ഒഴിഞ്ഞ് സുബോധമായി ജീവിക്കുക: 3:6-15. 

V. ഉപസംഹാരം: 3:16-18.

1തെസ്സലൊനീക്യർ

തെസ്സലൊനീക്യർക്കു എഴുതിയ ഒന്നാം ലേഖനം (Book of 1 Thessalonians)

പുതിയനിയമത്തിലെ പതിമുന്നാമത്തെ ലേഖനം. തെസ്സലൊനീക്യർക്കുള്ള ഒന്നും രണ്ടും ലേഖനങ്ങൾ പൌലൊസിന്റെ ആദ്യലേഖനങ്ങളായി കരുതപ്പെടുന്നു. പൌലൊസിന്റെ ആദ്യലേഖനം ഗലാത്യർക്ക് എഴുതിയതാണെന്ന അഭിപ്രായവും പ്രബലമാണ്. ഈ ലേഖനങ്ങളുടെ പ്രമേയം ക്രിസ്തുവിന്റെ പുനരാഗമനമാണ്. അതിനാൽ ഇവയെ യുഗാന്ത്യശാസ്ത്ര ലേഖനങ്ങൾ എന്നു വിളിക്കുന്നു. 

ഗ്രന്ഥകർത്താവ്: പൗലൊസും സില്വാനൊസും തിമൊഥയൊസും ചേർന്നാണ് ഈ ലേഖനം എഴുതിയത്. പൗലൊസ് എഴുതിയതാണെന്ന ധ്വനി ഈ ലേഖനത്തിൽ രണ്ടിടത്തുണ്ട്: (1:1; 2:1). പൗലൊസിന്റെ സ്വഭാവം ഈ ലേഖനത്തിൽ വ്യക്തമായി നിഴലിട്ടു കാണുന്നു. പൗലൊസിനു തെസ്സലൊനീക്യരുടെ ക്ഷേമത്തിലുള്ള ആകാംക്ഷ (3:1,2), അവരുടെ ആത്മികവർദ്ധനവിലുള്ള ആത്മാർത്ഥമായ ആഗ്രഹം (3:8-11), അവരോടുള്ള മനസ്സലിവ് (2:7), നിരാശയിലും ദു:ഖത്തിലും കഴിയുന്നവരോടുളള സഹാനുഭൂതി (4:13,18) എന്നിവ പ്രത്യേകം ശ്രദ്ധാർഹമാണ്. പൗലൊസിന്റെ കർത്തൃത്വത്തെക്കുറിച്ചുളള ബാഹ്യമായ തെളിവുകളും കുറവല്ല. ഈ ലേഖനം പൗലൊസിന്റെ അണെന്ന് ആദ്യം പ്രസ്താവിച്ചത് അലക്സാണ്ട്രിയയിലെ ക്ലെമന്റ് ആണെന്നു തോന്നുന്നു. മാർഷ്യൻ കാനോനിൽ പൗലൊസിന്റെ ലേഖനങ്ങളുടെ കൂട്ടത്തിൽ ഇതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പഴയ സിറിയൻ, ലത്തീൻ ഭാഷാന്തരങ്ങളിലും തെസ്സലൊനീക്യലേഖനം ഉണ്ട്. മുറട്ടോറിയൻ ലിഖിതത്തിൽ പൌലൊസിന്റെ ലേഖനങ്ങളിൽ ആറാമത്തെ സ്ഥാനം ഇതിനു നല്കിയിരിക്കുന്നു. തെർത്തുല്യനും ഇതിൽ നിന്നും പൗലൊസിന്റേതായി ഉദ്ധരിച്ചിട്ടുണ്ട്. 

പശ്ചാത്തലവും കാലവും: തന്റെ രണ്ടാം മിഷണറി യാതയിലാണ് പൗലൊസ് അപ്പൊസ്തലൻ തെസ്സലൊനീക്യ സഭ സ്ഥാപിച്ചത്. യെഹൂദന്മാരുടെ തീവ്രമായ വൈരം കാരണം തന്റെ ദൗത്യം പൂർത്തിയാക്കുവാൻ പൗലൊസിനു സാധിച്ചില്ല. (പ്രവൃ, 17:1-9). തെസ്സലൊനീക്യ വിടുവാൻ പ്രരിതനായ പൗലൊസ് ബെരോവയിലേയ്ക്കും അവിടെ നിന്ന് അഥേനയിലേക്കും പോയി. (പ്രവൃ, 17:15-34). പൗലൊസിൻ്റെ തെസ്സലൊനീക്യയിലെ ജീവിതത്തെക്കുറിച്ചുള്ള സൂചന ഈ ലേഖനത്തിലുണ്ട്. (അ.2). അഥേനയിൽ വച്ച് തിമൊഥയൊസ് പൗലൊസിനോടു ചേർന്നു. തെസ്സലൊനീക്യയിലെ സഭയെക്കുറിച്ച് മനസ്സിലാക്കുന്നതിനു തിമൊഥയൊസിനെ പൗലൊസ് തെസ്സലൊനീക്യയിലേക്കു മടക്കി അയച്ചു. (1തെസ്സ, 3:1-3). പൗലൊസ് അവിടെനിന്നു കൊരിന്തിലേക്കു പോയി. പ്രവൃത്തി 18:5-ൽ പറയുന്നതനുസരിച്ച് ശീലാസും തിമൊഥയാസും കൊരിന്തിൽ വച്ച് അപ്പൊസ്തലനോടു ചേർന്നു. തെസ്സലൊനീക്യ സഭയെക്കുറിച്ചു തിമൊഥയൊസ് നൽകിയ വിവരങ്ങൾ വച്ചുകൊണ്ടാണ് പൗലൊസ് ഈ ലേഖനം എഴുതിയത്. കൊരിന്തിൽ വച്ചു പൗലൊസിനെ ദേശാധിപതിയായ ഗല്ലിയോൻ്റെ മുമ്പിൽ കൊണ്ടുപോയി. (പ്രവൃ, 18:12). ഡെൽഫിയിൽ നിന്നും കണ്ടെടുത്ത ഒരു ലിഖിതം അനുസരിച്ച് എ.ഡി. 52-ൽ ആണ് ഗല്ലിയോൻ അഖായയിൽ ദേശാധിപതിയായിരുന്നത്. ദേശാധിപതിയുടെ കാലാവധി ഒരു വർഷം ആണ്. ചില സന്ദർഭങ്ങളിൽ അതു രണ്ടു വർഷമായി നീട്ടികൊടുത്തിരുന്നു. കൊരിന്തിൽ ഒന്നരവർഷത്ത പ്രവർത്തനത്തിനു ശേഷമാണ്, പൗലൊസിനെ ഗല്ലിയോന്റെ മുമ്പിൽ കൊണ്ടുപോയത്. ഇതിൽനിന്നും പൗലൊസ് കൊരിന്തിൽ വന്നത് എ.ഡി .. 50-ന്റെ ആരംഭത്തിലാണെന്നും ലേഖനത്തിന്റെ രചനാകാലം എ.ഡി. 51 ആണെന്നും മനസ്സിലാക്കാം. 

ഉദ്ദേശ്യം: പീഡനം ഹേതുവായി പൗലൊസിനു പൊടുന്നനവെ തെസ്സലൊനീക്യ വിട്ടുപോകേണ്ടിവന്നു. പുതുവിശ്വാസികൾക്കു വളരെ ചുരുങ്ങിയ പ്രബോധനം നല്കുന്നതിനു മാത്രമേ അപ്പൊസ്തലന് കഴിഞ്ഞിരുന്നുള്ളൂ. തിമൊഥയൊസിൽ നിന്നും സഭയുടെ ഏതത്കാല സ്ഥിതി മനസ്സിലാക്കിയ പൗലൊസ് താഴെ പറയുന്ന ലക്ഷ്യങ്ങളോടു കൂടി ഈ ലേഖനം എഴുതി: 1. പീഡനത്തിന്റെ മദ്ധ്യത്തിലും സഹിഷ്ണുതയോടുകൂടി അവർ വിശ്വാസത്തിൽ നിലനില്ക്കുന്നതിൽ തനിക്കുള്ള സന്തോഷം അവരെ അറിയിക്കുക: (3:16). 2. വിരോധികളുടെ ആരോപണങ്ങൾക്ക് മറുപടി നല്കുക: (2:1-12). 3. വിശുദ്ധജീവിതം, സഹോദരപ്രീതി തുടങ്ങിയ പ്രായോഗിക കാര്യങ്ങളിൽ പ്രബോധനം നല്കുക: (4:3-12). 4. ക്രിസ്തുവിന്റെ പുനരാഗമനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ തിരുത്തുക. തങ്ങളുടെ മരിച്ചുപോയ സുഹൃത്തുക്കൾ ക്രിസ്തുവിൻ്റെ വീണ്ടുംവരവിൽ പങ്കാളികളാകുമോ എന്ന സംശയം ചിലർക്കുണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവ് ഉടൻ സംഭവിക്കുമെന്നു കരുതി അവർ ദൈനംദിന പ്രവൃത്തികളിൽ അശ്രദ്ധരായിരുന്നു.

പ്രധാന വാക്യങ്ങൾ: 1. “ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വർഗ്ഗത്തിൽനിന്നു വരുന്നതു കാത്തിരിപ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർ തന്നെ പറയുന്നു.” 1തെസ്സലൊനീക്യർ 1:9.

2. “ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചു കൊണ്ടു സംസാരിക്കുന്നതു.” 1തെസ്സലൊനീക്യർ 2:4.

3. “ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” 1തെസ്സലൊനീക്യർ 2:13.

4. “സഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങൾ നിങ്ങളെക്കുറിച്ചു ആശ്വാസം പ്രാപിച്ചു. നിങ്ങൾ കർത്താവിൽ നിലനില്ക്കുന്നു എന്നു അറിഞ്ഞു ഞങ്ങൾ വീണ്ടും ജീവിക്കുന്നു.” 1തെസ്സലൊനീക്യർ 3:7,8.

5. “ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.” 1തെസ്സലൊനീക്യർ 4:3-5.

6. “കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” 1തെസ്സലൊനീക്യർ 4:16-17.

7. “എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.” 1തെസ്സലൊനീക്യർ 5:16-18.

സവിശേഷതകൾ: 1. പുതിയനിയമത്തിൽ ആദ്യം എഴുതപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണിത് 2. സഭയെ എടുത്തു കൊള്ളുന്നതിന് ക്രിസ്തു വരുമ്പോൾ മരിച്ചുപോയവരെ ഉയിർപ്പിക്കുന്നതിനെ കുറിച്ചും (4-13-18), കർത്താവിന്റെ ദിവസത്തെ കുറിച്ചും ഉളള (5:11) വ്യക്തമായ രേഖ ഈ ലേഖനത്തിലുണ്ട്. 3. അഞ്ചദ്ധ്യായങ്ങളിലും ക്രിസ്തുവിന്റെ പുനരാഗമനത്തെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. (1:10; 2:19; 3:13; 4:13-18; 5:1-11, 23). 4. ആദിമകാലത്തെ അപക്വവും വിശ്വാസത്തിൽ തീക്ഷ്ണവുമായ ഒരു സഭയുടെ ചിത്രം ഇതിലണ്ട്. 5. മനുഷ്യൻ ആളത്തത്തിൽ ദേഹം, ദേഹി, ആത്മാവ് എന്നീ മൂന്നു ഘടകങ്ങളുടെ അസ്തിത്വം വ്യക്തമാക്കുന്ന ഏകവാക്യം ഈ ലേഖനത്തിലാണ്: (5:23). 

ബാഹ്യരേഖ: I. മുഖവുര: 1:1-1. 

II. മാതൃകായോഗ്യമായ സഭ: 1:1-10.

1. തെസ്സലൊനീക്യർക്കു വേണ്ടി സ്തോത്രം ചെയ്യുന്നു: 1:2-4.

2. അവരുടെയിടയിൽ സുവിശേഷത്തിന്റെ പ്രവർത്തനം: 1:5-10. 

III. മാതൃകാ ശുശ്രൂഷകൻ: 2:1-20. 

1. പൌലൊസിന്റെ തെസ്സലൊനീക്യയിലെ ശുശ്രൂഷ: 2:1-12.

2. തെസ്സലൊനീക്യരുടെ പ്രതികരണം: 2:13-16.

3. അപ്പൊസ്തലന് തെസ്സലൊനീക്യരോടുളള അനന്തര ബന്ധം: 2:17-20.

IV. മാതൃകാ സഹോദരൻ: 3:1-13. 

1. അപ്പൊസ്തലിക കരുതലും അവരുടെ ക്ഷേമവും: 3:1-8.

2. അപ്പൊസ്തലിക മാദ്ധ്യസ്ഥം: 3:9-13. 

V. മാതൃകാപരമായ നടപ്പ്: 4:1-18. 

1. നടപ്പിന്റെ വിവരണം: 4:12.

2. ക്രിസ്തുവിന്റെ രണ്ടാം വരവ്: 4:13-18.

VI. മാതൃകാപരമായ ജാഗ്രതയും കർത്താവിന്റെ ദിവസവും: 5:1-24.

1. കർത്താവിന്റെ ദിവസവും ജാഗ്രതയുടെ ആവശ്യവും: 5:1-11. 

2. സഭയോടുളള കർത്തവ്യങ്ങളും സ്വകാര്യ ജീവിതവും: 5:12-22.

3. വിശുദ്ധീകരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന: 5:23,24.

VII. ഉപസംഹാരം: 5:25-28.

കൊലൊസ്സ്യർ

കൊലൊസ്സ്യർക്കു എഴുതിയ ലേഖനം (Book of Colossians)

പുതിയനിയമത്തിലെ പന്ത്രണ്ടാമത്തെ  പുസ്തകം. അപ്പൊസ്തലനായ പൌലൊസിന്റെ കാരാഗൃഹ ലേഖനങ്ങളിൽ ഒന്നാണിത്. (കൊലൊ, 4:3, 10, 18). റോമിൽ ആദ്യ കാമാഗ്യഹവാസം അനുഭവിക്കുന്നകാലത്ത് എ.ഡി. 60-62-ൽ എഴുതിയിരിക്കണം. തന്റെ മൂന്നാം മിഷണറി യാത്രയിൽ പൌലൊസ് എഫെസാസിൽ മൂന്നു വർഷം താമസിച്ചു. അക്കാലത്തായിരിക്കണം കൊലൊസ്യസഭ സ്ഥാപിതമായത്. എപ്പഫ്രാസ് ആണ് ഈ സഭയുടെ സ്ഥാപകൻ. (1:7; 4:12). തിഹിക്കൊസാണ് കൊലൊസ്യയിൽ ലേഖനമെത്തിച്ചത്.

ഗ്രന്ഥകർത്താവ്: പൗലൊസിന്റെ കർത്തൃത്വത്തെ സംബന്ധിച്ചുള്ള സംശയം ആദ്യമായി അവതരിപ്പിച്ചതു് 19-ാം നൂറ്റാണ്ടിലാണ്. എ.ഡി. രണ്ടാം നൂറ്റാണ്ടിലെ ജ്ഞാനവാദത്തിന്റെ ആശയങ്ങൾ ഈ ലേഖനത്തിലുണ്ടെന്ന കാരണമാണവർ ചൂണ്ടിക്കാണിച്ചത്. എന്നാൽ കുറെക്കൂടി ഗൗരവമായ വാദം, പദസമുച്ചയം ശൈലി, ഉപദേശം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ ഇവയൊന്നും പൌലൊസിന്റെ കർത്തൃത്വത്തെ നിഷേധിക്കാൻ പര്യാപ്തമായ കാരണങ്ങളായി ഇന്നു പണ്ഡിതന്മാർ കരുതുന്നില്ല.

കൊലൊസ്യ ലേഖനത്തിനു ഫിലേമോനുള്ള ലേഖനവുമായുള്ള ബന്ധം ഇതിന്റെ കർത്താവ് പൗലൊസെന്നു അസന്നിഗ്ദ്ധമായി തെളിയിക്കുന്നു. യജമാനനായ ഫിലേമോൻ അടുക്കൽ നിന്നോടിപ്പോയ ഒനേസിമൊസ് എന്ന അടിമ മടങ്ങി യജമാനന്റെ അടുക്കൽ പോകുന്നതിനെ സംബന്ധിക്കുന്ന ലേഖനമാണ് ഫിലേമോൻ. തിഹിക്കൊസിനോടൊപ്പം ഒനേസിമൊസിനെയും കൊലൊസ്യയിലേക്കു മടക്കി അയക്കുന്നുവെന്നു് ഈ ലേഖനം (4:9) പ്രസ്താവിക്കുന്നു. അർഹിപ്പൊസ് ഫിലേമോൻ ഗൃഹവുമായി ബന്ധപ്പെട്ടവനാണെന്ന് ഫിലേമോനിൽ (2) പറയുന്നു. അർഹിപ്പൊസിനു ഒരു പ്രത്യേകസന്ദേശം നല്കുകയാണ് കൊലൊസ്യ ലേഖനത്തിൽ. (4:17). ഫിലേമോനിൽ (23,24) എപ്പഫ്രാസും മർക്കൊസും അരിസ്തർഹൊസും ദേമാസും ലൂക്കൊസും വന്ദനം ചൊല്ലുന്നു. ഇതേ വ്യക്തികളെ കൊലൊസ്യ ലേഖനത്തിലും പരാമർശിക്കുന്നു. (4:10-14). ഒരേ കാലത്ത് ഒരേ എഴുത്തുകാരൻ ഈ രണ്ടു ലേഖനങ്ങളും എഴുതി എന്നു തെളിയിക്കുകയാണിത്. 

എഴുതിയ കാലം: കൊലൊസ്യ ലേഖനം കാരാഗൃഹത്തിൽ വച്ചെഴുതപ്പെട്ടതാണ്. (കൊലൊ, 4:3,10,18). ഈ ലേഖനം എഴുതുമ്പോൾ പൗലൊസ് ഏതു കാരാഗൃഹത്തിലായിരുന്നു എന്നതിനെക്കുറിച്ചു മൂന്നഭിപ്രായങ്ങളുണ്ട്. 1. എഫെസൊസിൽ: എ.ഡി. രണ്ടാം നൂറ്റാണ്ടിൽ കൊലൊസ്യ ലേഖനത്തിനു മാർഷ്യൻ എഴുതിയ മുഖവുരയിൽ ഇതിനനുകൂലമായ വാദഗതിയാണുള്ളത്.. എന്നാൽ കൊലൊസ്യർ 4:7-ഉം എഫെസ്യർ 6:21-ഉം ചൂണ്ടിക്കാണിക്കുന്നതു പോലെ കൊലൊസ്യലേഖനവും എഫെസ്യലേഖനവും ഒരേ കാലത്തെഴുതിയെങ്കിൽ ഈ വാദഗതി വീണ്ടുവിചാരം കൂടാതെ നിരാകരിക്കാവുന്നതേയുളളു. 2. കൈസര്യയിൽ; കൈസര്യയ്ക്ക് അനുകുലമായി പല വാദമുഖങ്ങൾ അവതരിപ്പിക്കുന്നുണ്ട്: കൊലൊസ്യർ 4-ാം അദ്ധ്യായത്തിൽ പറയപ്പെട്ടവരെല്ലാം പൌലൊസ് കൈസര്യയിലെ കാരാഗൃഹത്തിൽ കിടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നിരിക്കാനിടയില്ല. 3. റോമിൽ: റോമിൽ കാരാഗൃഹവാസം അനുഭവിക്കുന്ന കാലത്ത് അപ്പൊസ്തലൻ ഈ ലേഖനം എഴുതി എന്നതിനെ നിഷേധിക്കാവുന്ന തെളിവുകൾ ഇല്ല. ഒളിച്ചോടിയ ഒനേസിമൊസ് ചെന്നിരിക്കാവുന്ന സ്ഥലം റോമത്രേ. ഉളളടക്കവും വ്യക്തിപരാമർശങ്ങളും എല്ലാം പൗലൊസിൻ്റെ റോമൻ ബന്ധനത്തിനു പൊരുത്തപ്പെടുന്നതാണ്. അതിനാൽ ഈ ലേഖനത്തിന്റെ കാലം എ.ഡി.62/63 എന്ന് കണക്കാക്കാം. 

പശ്ചാത്തലം: ഈ ലേഖന രചനയ്ക്കു പശ്ചാത്തലമായി രണ്ടുകാര്യങ്ങൾ അപ്പൊസ്തലന്റെ മുന്നിലുണ്ടായിരുന്നു. ഒന്നാമതായി പൌലൊസ് കൊലൊസ്സ്യയിലെ ഫിലേമോന് ഒളിച്ചോടിയ അടിമയായ ഒനേസിമൊസിനെ മടക്കി അയക്കുന്നതിനോടൊപ്പം എഴുതുകയായിരുന്നു. (ഫിലേ, 7-21). ഈ സന്ദർഭത്തെ സഭയ്ക്കു മുഴുവനായി എഴുതുവാൻ വിനിയോഗിച്ചു. രണ്ടാമതായി ക്രിസ്തുവിന്റെ സത്യത്തിൽ നിന്നു വിശ്വാസികളെ വ്യതിചലിപ്പിക്കുന്ന വ്യാജോപദേശങ്ങൾ സഭയിൽ നുഴഞ്ഞു കയറിയതായി എപ്പഫ്രാസിൽ നിന്നും അറിഞ്ഞു. അവയെ അപ്പൊസ്തലൻ ഈ ലേഖനത്തിൽ ഖണ്ഡിക്കുന്നു.

പലവിധത്തിലുള്ള വ്യാജോപദേ ശങ്ങളാണ് കൊലൊസ്യസഭയെ ഉലച്ചത്. പ്രധാനമായി മൂന്നു വിധത്തിലുള്ളവ: 1. കൊലൊസ്യ സഭയിൽ ജ്ഞാനവാദത്തിനു സമാനമായ ചിന്താഗതികൾ നുഴഞ്ഞു കയറി. തങ്ങൾക്കു ശ്രേഷ്ഠമായ ജ്ഞാനവും ദർശനവും ലഭിച്ചിട്ടുണ്ടെന്നു ചിലർ അവകാശപ്പെട്ടു: (2:4, 8, 18). വിവേകം, ജ്ഞാനം, പരിജ്ഞാനം, മർമ്മം എന്നീ പദങ്ങൾ പൗലൊസ് അധികം പ്രയോഗിക്കുന്നതു ഈ വാദങ്ങളെ ഖണ്ഡിക്കുവാനാണെന്ന് നമുക്കു കരുതാം. 2. പെരുനാൾ, ഉപവാസം, അമാവാസി, ശബ്ബത്തു, പരിച്ഛേദന എന്നിങ്ങനെ യെഹൂദ്യമായി പഠിപ്പിക്കലുകൾ സഭയിൽ പ്രവേശിച്ചു. (2:16). സ്വയവർജ്ജനപരമായ നിയമങ്ങൾ നല്കി ബ്രഹ്മചര്യത്തിനു പ്രാധാന്യം നല്കി. (2:16, 20 21, 23). 3. ക്രിസ്തുവിനു നല്കിയിരുന്ന സ്ഥാനം ആത്മലോകത്തിനു നല്കി: 2:18-ൽ ദൂതാരാധനയെക്കുറിച്ചു പറയുന്നു. ഈ ദുരുപദേശങ്ങളെ അപ്പൊസ്തലൻ ഖണ്ഡിക്കുന്നു. ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിമയാണ് അവനിൽ സർവ്വസമ്പൂർണ്ണതയും വസിക്കുന്നു. (1:19). അവനിൽ ജ്ഞാനത്തിൻ്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിരിക്കുന്നു. (കൊലൊ, 2:3). സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു എന്നും (1:16), വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ച് ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി (2:15) എന്നും അപ്പൊസ്തലൻ വ്യക്തമാക്കുന്നു. 

പ്രധാന വാക്യങ്ങൾ: 1. “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” കൊലൊസ്സ്യർ 1:15,16.

2. “അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.” കൊലൊസ്സ്യർ 1:20 .

3. “അതു പൂർവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമ്മം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്കു വെളിപ്പെട്ടിരിക്കുന്നു. അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ.” കൊലൊസ്സ്യർ 1:26,27.

4. “തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവർന്നുകളായതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യ പാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല. അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.” കൊലൊസ്സ്യർ 2:8,9.

5. “അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ.” കൊലൊസ്സ്യർ 3:12,13.

6. “സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ. ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” കൊലൊസ്സ്യർ 4:5,6.

ബാഹ്യരേഖ: I. മുഖവുര: 1:1-12.

II. ഉപദേശഭാഗം: 1:13-2:3.

1.  വീണ്ടെടുപ്പ്: 1:13,14.

2. ക്രിസ്തുവിന്റെ ആളത്തം: 1:15-19.

3. ക്രിസ്തുവിന്റെ വേല: 1:20-23.

4. ക്രിസ്തുവിന്റെ വേലയുടെ പൂർത്തീകരണത്തിൽ അപ്പൊസ്തലന്റെ പങ്ക്: 1:24-2:3.

III. ഉപദേശപ്രതിവാദം: 2:4-3:4.

1. തത്ത്വജ്ഞാനത്തിന് എതിരെയുള്ള താക്കീത്: 2:4-8.

2. ക്രിസ്തുവിന്റെ ആളത്തവും വേലയും: 2:9-15.

3. തൽഫലമായ കടപ്പാടുകൾ: 2:16-3-4.

IV. ഉപദേശത്തിന്റെ പ്രയുക്തി: 3:5-4:6. ക്രിസ്തുവിൻറ മരണ പുനരുത്ഥാനങ്ങൾ 

1. വ്യക്തി ജീവിതത്തിൽ: 3:5-17.

2. കുടുംബ ജീവിതത്തിൽ: 3:18-4:1.

3. ലോകത്തോടുള്ള ബന്ധത്തിൽ: 4:2-6.

V. വ്യക്തിപരമായ കാര്യങ്ങൾ: 4:7-17.

1. തിഹിക്കൊസിൻറയും ഒനേസിമൊസിന്റെയും ദൗത്യം: 4:7-9.

2. കൂട്ടുവേലക്കാരുടെ വന്ദനം: 4:10-14. 

3. പൗലൊസിൻറ വന്ദനം: 4:15.

4. ലവുദിക്യലേഖനം: 4:16,17. 

VI. ഉപസംഹാരം: 4:18.

ഫിലിപ്പിയർ

ഫിലിപ്പിയർക്കു എഴുതിയ ലേഖനം (Book of Philippians)

പുതിയനിയമത്തിലെ പതിനൊന്നാമത്തെ പുസ്തകം. കാരാഗൃഹ ലേഖനങ്ങളിൽപ്പെട്ടത്. (1:7, 13, 16, 17). പൗരാണിക മക്കെദോന്യയിലെ ഫിലിപ്പ്യസഭ അപ്പൊസ്തലനായ പൗലൊസ് യൂറോപ്പിൽ സ്ഥാപിച്ച ആദ്യത്തെ സഭയാണ്. യൂറോപ്പിൽ നിന്നു ആദ്യം മാനസാന്തരപ്പെട്ട വ്യക്തിയും രക്താംബരം വില്പനക്കാരിയുമായ ലുദിയാ ഈ സഭക്കാരിയായിരുന്നു. അവളുടെ കുടുംബം മുഴുവൻ വിശ്വസിച്ചു സ്നാനമേല്ക്കുകയും ആ ഗൃഹം പുതിയ സഭയുടെ കേന്ദ്രബിന്ദുവായി മാറുകയും ചെയ്തു. (പ്രവൃ, 16:15). ഇവിടെവച്ചു പൗലൊസിനെ ബന്ധിക്കുകയും കോൽകൊണ്ടു അടിപ്പിച്ചശേഷം തടവിലാക്കുകയും ചെയ്തു. (പ്രവൃ, 16:23). കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ ഇളകിയ വലിയ ഭൂകമ്പത്തിനു ശേഷം കാരാഗൃഹ പ്രമാണിയും കുടുംബവും ക്രിസ്ത്യാനികളായി. തന്മൂലം പൗലൊസിനു ഈ സഭയോടു ഒരു ആത്മബന്ധമുണ്ട്. കൂടാതെ തന്റെ കഷ്ടതകളിലും ആവശ്യങ്ങളിലും അധികം കൂട്ടായ്മ കാണിച്ചതു ഫിലിപ്പ്യ സഭയായിരുന്നു. ഇത്രയേറെ അടുപ്പമുള്ളതു കൊണ്ടാണു വ്യക്തിഗതമായ രീതിയിൽ (പുരുഷ സർവ്വനാമങ്ങൾ അധികം ഉപയോഗിക്കുന്നതു ശ്രദ്ധിക്കുക) ഫിലിപ്പിയർക്കു ലേഖനം എഴുതിയത്. 

ഗ്രന്ഥകർത്താവ്: ഫിലിപ്പ്യ ലേഖനത്തിന്റെ കർത്താവ് പൗലൊസ് ആണെന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലേഖനത്തിന്റെ തുടക്കത്തിൽ തന്നെ (1:1) അതു വ്യക്തമാക്കിയിട്ടുണ്ട്. ലേഖനത്തിലെ ചരിത്രപരമായ പരാമർശങ്ങളും ഭാഷയും ശൈലിയും പൗലൊസിന്റെ ഗ്രന്ഥകർത്തൃത്വത്തെ ഉറപ്പിക്കുന്നു. റോമിലെ ക്ലെമന്റ്, പോളിക്കാർപ്പ്, ഐറീനിയസ്, ഹിപ്പൊലിറ്റസ് തുടങ്ങിയവർ ഈ ലേഖനത്തിന്റെ കർത്താവു പൗലൊസ് ആണെന്നു പറയുന്നുണ്ട്. അലക്സാണ്ട്രിയയിലെ ക്ലെമന്റും തെർത്തുല്യനും ഫിലിപ്പ്യ ലേഖനത്തിൽ നിന്നും പ്രചുരമായി ഉദ്ധരിക്കുകയും അവ പൗലൊസിന്റേത് ആണെന്നു പറയുകയും ചെയ്തിട്ടുണ്ട്. പഴയ ലത്തീൻ, സുറിയാനി വിവർത്തനങ്ങളിലും മാർഷ്യന്റെ കാനോനിലും ഫിലിപ്പ്യലേഖനം പൗലൊസിന്റേതായി ചേർത്തിട്ടുണ്ട്. പൗലൊസിന്റെ ഗ്രന്ഥകർത്തത്വത്തെ എതിർത്തിട്ടുള്ളവരിൽ പ്രധാനിയാണ് എഫ്.സി. ബെയർ. എതിർ വാദങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്: 1. ‘അദ്ധ്യക്ഷന്മാർക്കും ശുശ്രുഷകന്മാർക്കും’ (ഫിലി, 1:1) എന്ന പ്രയോഗം പൗലൊസിനു ശേഷമുള്ള സഭാഭരണകാലത്തെ ചൂണ്ടിക്കാണിക്കുന്നു. അപ്പൊസ്തല പ്രവൃത്തികൾ പഠിക്കുമ്പോൾ ഈ വാദം അസ്ഥാനത്താണെന്നു വ്യക്തമാകും. ഫിലിപ്പ്യലേഖനം എഴുതുന്നതിനു മുമ്പുതന്നെ അദ്ധ്യക്ഷന്മാർ, ശുശ്രൂഷകന്മാർ എന്നിങ്ങനെയുള്ള സ്ഥാനങ്ങൾ സഭയിൽ നിലവിലിരുന്നു. (പ്രവൃ, 6:1-6; 11:30; 14:23; 15:2, 6; 20:17, 28; 1തെസ്സ, 5:12). മൂപ്പന്മാരും അദ്ധ്യക്ഷന്മാരും ഏകസ്ഥാനീയരാണ്. 2. ഫിലിപ്പ്യലേഖനം മറ്റു ലേഖനങ്ങളുടെ അനുകരണമാണ്. അതുകൊണ്ടു ഈ ലേഖനത്തിനു മൗലികത്വം ഇല്ല. ബാലിശമായ വാദമാണിത്. ഒരാൾ എഴുതുന്ന ലേഖനങ്ങളിൽ പ്രയോഗങ്ങൾ ശൈലികൾ എന്നിവയുടെ ആവർത്തനം സഹജവും സ്വാഭാവികവുമാണ്. 3. യെഹൂദ ക്രിസ്ത്യാനിത്വവും പുറജാതി ക്രിസ്ത്യാനിത്വവും തമ്മിൽ യോജിപ്പിക്കുവാനായി പൗലൊസിന്റെ കാലശേഷം ആരോ എഴുതിയതാണീ ലേഖനം. ഫിലിപ്പ്യർ 4:2-ലെ യുവൊദ്യയും സുന്തുകയും ഈ രണ്ടു ക്രിസ്ത്യാനിത്വത്തെയും പ്രതിനിധാനം ചെയ്യുന്നു. ഈ വാദം വിചിത്രമാണ്. യുവൊദ്യയും സുന്തുകയും ഫിലിപ്പ്യസഭയിലെ രണ്ടു സ്ത്രീകളുടെ പേരാണ്. പൗലൊസിനെ എതിർത്ത രണ്ടു ഗണങ്ങളുടെ നേതൃത്വം വഹിച്ചവരായിരുന്നില്ല അവർ. പൗലൊസിനോടൊപ്പം അവരിരുവരും സുവിശേഷ ഘോഷണത്തിൽ പോരാടി. 

എഴുതിയ കാലം: കാരാഗൃഹ ലേഖനങ്ങളിൽ ഒടുവിലത്തേതാണ് ഫിലിപ്പ്യ ലേഖനം എന്നാണ് പൊതുവെ കരുതപ്പെടുന്നത്. പൗലൊസിന്റെ മുന്നു കാരാഗൃഹവാസം അപ്പൊസ്തല പ്രവൃത്തികളിൽ രേഖപ്പെടുത്തിയിട്ടുണ്ടാ. 1. ഫിലിപ്പിയിൽ: (16:23-40); 2. കൈസര്യയിൽ: (23:3-26:32); 3. റോമിൽ: (28:29, 30). ഈ മൂന്നു കാരാഗൃഹ വാസത്തിലൊന്നിൽ ഫിലിപ്പ്യലേഖനം എഴുതിയിരിക്കണം. എഫെസൊസിലെ കാരാഗൃഹവാസത്തിൽ വച്ചു ഇതെഴുതുവാൻ ഒരു സാദ്ധ്യതയും ഇല്ല. എന്നാൽ കൈസര്യയിൽ വച്ചു എഴുതി എന്നു വിശ്വസിക്കുന്നവരുടെ വാദഗതികൾ ദുർബ്ബലമാണ്. റോമിലെ കാരാഗൃഹവാസത്തിന്റെ ഒടുവിൽ ഈ ലേഖനം എഴുതിയെന്നതിനു അനുകൂലമായ തെളിവുകൾ താഴെപ്പറയുന്നവയാണ്: 1. അകമ്പടിപ്പട്ടാളം (1:13), കൈസരിന്റെ അരമന (4:22) എന്നിവയുടെ സൂചനകൾ റോമൻ കാരാഗൃഹ വാസത്തിന്റെ തെളിവുകളാണ്. 2. തന്റെ ജീവനെ സംബന്ധിക്കുന്ന ഈ പ്രശ്നത്തിൽ പരമോന്നത നീതിപീഠത്തിൽ നിന്നു താൻ വിധി പ്രതീക്ഷിക്കുകയാണ്. ഈ വിധി അന്തിമമാണെന്ന ബോധം ലേഖനത്തിലുണ്ട്: (1:20-24; 2:17; 3:11). ഈ വാക്യങ്ങളിൽ മുറ്റിനില്ക്കുന്ന വികാരങ്ങൾക്കു റോമിലെ കാരാഗൃഹവാസത്തിലെ പ്രസക്തിയുള്ളു. ഒരു പ്രാദേശിക കോടതിയിലെ വിധിയാണ് പൗലൊസ് പ്രതീക്ഷിച്ചതെങ്കിൽ ഈ ഉത്കണ്ഠയ്ക്ക് സ്ഥാനമില്ല. വിധി പ്രതികൂലമായാൽ തന്നെയും റോമാപൗരനെന്ന നിലയിൽ പൗലൊസിനു കൈസറെ അഭയം ചൊല്ലാവുന്നതേയുള്ളു. അതിൽ നിന്നു ഈ ലേഖനം എഴുതുന്ന കാലത്ത് പൗലൊസ് റോമിൽ കാരാഗൃഹവാസം അനുഭവിക്കുന്നു. എന്നതു വ്യക്തമാണ്. 3. ഫിലിപ്പ്യലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ള യാത്രകൾ ചെയ്യുന്നതിനു മതിയായ കാലദൈർഘ്യം റോമിലെ കാരാഗൃഹവാസത്തിൽ (രണ്ടു വർഷം) ഉണ്ട്. 4. മാർഷ്യന്റെ മുഖവുരയിൽ ഇപ്രകാരം ഒരു പ്രസ്താവനയുണ്ട്. അപ്പൊസ്തലൻ റോമിലെ കാരാഗൃഹത്തിൽ നിന്നു എപ്പഫ്രാദിത്താസ് മുഖേന അവരെ പ്രശംസിക്കുന്നു. ഇതൊരു പരോക്ഷമായ തെളിവാണ്. ഈ തെളിവുകളിൽ നിന്നു ഫിലിപ്പ്യലേഖനം റോമിലെ കാരാഗൃഹവാസത്തിന്റെ ഒടുവിൽ അതായത് എ.ഡി. 63-ൽ എഴുതി എന്നു കരുതുകയാണ് യുക്തം.

ലേഖനത്തിന്റെ ഐക്യം: പാഠചരിത്രത്തിൽ ഫിലിപ്പ്യലേഖനം സമ്പൂർണ്ണമായ ഒന്നായി കരുതപ്പെട്ടിരുന്നു. എന്നാൽ അടുത്ത കാലത്ത് ലേഖനത്തിന്റെ ഐക്യം വിവാദഗ്രസ്തമായി, സ്വരം, ശൈലി, ഉള്ളടക്കം എന്നിവയ്ക്ക് മൂന്നാമദ്ധ്യായത്തിന്റെ ആരംഭത്തിൽ പൊടുന്നനവെ മാറ്റം വരുന്നതായി കാണാം. മറ്റുഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായി യെഹൂദ വാദികൾക്കു നേരെയുള്ള ആക്രമണം ചില ഭാഗങ്ങളിൽ മുഴച്ചു നില്ക്കുന്നു. സൗമ്യമായ സംബോധനയിൽ നിന്നു പെട്ടെന്നു സ്വരം പരുഷമായി മാറുന്നു. നായ്, ആകാത്ത വേലക്കാർ, വിച്ഛേദനക്കാർ എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. 3:2 മുതലുള്ള ചില വാക്യങ്ങൾ പ്രക്ഷിപ്തങ്ങളാണെന്നു ഈ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ചിലർ വാദിക്കുന്നു. എന്നാൽ ഈ പ്രക്ഷിപ്തഭാഗം എവിടെ അവസാനിക്കുന്നു എന്നതിനെക്കുറിച്ചു അഭിപ്രായക്യമില്ല. 3:19-ൽ എന്നും 4:1-ൽ എന്നും 4:3-ൽ എന്നും കരുതുന്നവരുണ്ട്. ഒന്നിലധികം രേഖകൾ കൂടിച്ചേർന്നതാണ് ഫിലിപ്പ്യലേഖനം എന്നു കരുതുന്നവരുണ്ട്. ബെയറിന്റെ അഭിപ്രായത്തിൽ മൂന്നുരേഖകൾ കൂടിച്ചേർന്ന ഒരു സംയുക്ത രേഖയാണു് ഫിലിപ്പ്യലേഖനം. 1. എപ്പഫ്രാദിത്തൊസ് മുഖേന എത്തിച്ച സംഭാവനയ്ക്കു ഫിലിപ്പിയരോടു നന്ദി പറയുന്ന കത്ത്: (4:10-20). 2. ദുരുപദേശഖണ്ഡനം: 3:2-4:1). 3. പൗലൊസ് എഴുതിയ ഒരു കത്ത്: (1:1-3:1). ഈ കത്ത് മറ്റേതോ സഭയ്ക്കുവേണ്ടി പൗലൊസ് എഴുതിയതായിരിക്കണം. ഈ മൂന്നു രേഖകളും കൂടിക്കുഴഞ്ഞു എന്നാണു അദ്ദേഹത്തിന്റെ വാദം. പൗലൊസ് അപ്പൊസ്തലൻ ലേഖനം പറഞ്ഞുകൊടുത്തു കൊണ്ടിരുന്നപ്പോൾ 3:1-ൽ പ്രതിബദ്ധമായി എന്നും ഉടൻ സ്വരവും ശൈലിയും മാറി എന്നുമാണ് ലൈറ്റ്ഫുട്ടിന്റെ നിഗമനം. ഈ വാദമനുസരിച്ചു 3:1-ന്റെ തുടക്കമാണ് ലേഖനത്തിന്റെ പ്രതീക്ഷിക്കപ്പെട്ട സമാപ്തി. എന്നാൽ ആ സമയത്തു പക്ഷുബ്ധമായ വാർത്തകൾ എത്തിയതുകൊണ്ട് അവയ്ക്കെതിരെ പരുഷമായ താക്കീതു പൗലൊസ് അനന്തരഭാഗത്തു നല്കി. തന്മൂലം ഈ ലേഖനത്തിന്റെ ഐക്യം നിസ്സംശയം അംഗീകരിക്കാവുന്നതാണ്. 2:5-11 ഈ ലേഖനത്തിൽ ഉൾപ്പെട്ടതല്ലെന്നു സന്ദേഹിക്കുന്നവരുണ്ട്. പൗലൊസിനു മുമ്പോ പിമ്പോ എഴുതപ്പെട്ടതാണ് ഇതെന്നു അവർ കരുതുന്നു. 

അനുവാചകർ: അപ്പൊസ്തലനായ പൗലൊസ് തന്റെ രണ്ടാം മിഷണറി യാത്രയിലാണ് ഫിലിപ്പിയ സഭ സ്ഥാപിച്ചത്. (പ്രവൃ, 16:9-40). ത്രോവാസിൽ വച്ചുണ്ടായ ദർശനമാണ് ഫിലിപ്പി നഗരം സന്ദർശിക്കുവാൻ പൗലൊസിനെ പ്രേരിപ്പിച്ചത്. അവിടെ പളളി (യെഹൂദന്മാരുടെ) ഉണ്ടായിരുന്നില്ല. പുഴവക്കത്തു കൂടിവന്ന സ്ത്രീകളോടു പൗലൊസ് സുവിശേഷം അറിയിച്ചു. തുയത്തൈരയിലെ രക്താംബരം വില്പനക്കാരിയായ ലുദിയ ക്രിസ്ത്യാനിയായി. അവളുടെ കുടുംബവും സ്ഥാനമേറ്റു. (പ്രവൃ, 16:15). ഭൂതാവേശത്തിൽ ലക്ഷണം പറഞ്ഞു യജമാനന്മാർക്കു ലാഭം വരുത്തിയിരുന്ന ഒരു ബാല്യക്കാരിയെ പൗലൊസ് സൗഖ്യമാക്കി. തുടർന്നു കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ട പൗലൊസും ശീലാസും അത്ഭുതകരമായി രക്ഷപ്പെട്ടു. അതിനെത്തുടർന്നു കാരാഗൃഹ പ്രമാണിയും കുടുംബവും ക്രിസ്തുവിൽ വിശ്വസിച്ചു. പൗലൊസ് പട്ടണം വിടുകയും ലൂക്കൊസ് അവിടെ താമസിക്കുകയും ചെയ്തു. ഫിലിപ്പ്യസഭ പൗലൊസിനോടു കൂറുപുലർത്തി. പൗലൊസ് തെസ്സലൊനീക്യയിൽ ആയിരുന്നപ്പോൾ അവർ രണ്ടു പ്രാവശ്യം സംഭാവന അയച്ചു കൊടുത്തു. (ഫിലി, 4:15,16) പൗലൊസ് കൊരിന്തിൽ ആയിരുന്നപ്പോഴും അവർ ഔദാര്യദാനം അയയ്ക്കുകയുണ്ടായി. (പ്രവൃ, 18:5; 2കൊരി, 11:8,9). സർവ്വപ്രകാരേണയും പൗലൊസിനെ അനുസരിക്കുകയും സഹായിക്കുകയും ചെയ്ത സഭയാണ് ഫിലിപ്പിയ സഭ. “എന്റെ പ്രിയരും വാഞ്ഛിതരുമായ സഹോദരന്മാരേ,  എന്റെ സന്തോഷവും കിരീടവുമായുള്ളാരേ” എന്നാണ് പൗലൊസ് ഫിലിപ്പിയിലെ വിശ്വാസികളെ സംബോധന ചെയ്യുന്നത്. (4:31). ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുളള സകല വിശുദ്ധരും അദ്ധ്യക്ഷന്മാരും ശുശ്രൂഷകന്മാരുമാണ് അനുവാചകർ. 

ഉദ്ദേശ്യം: ഫിലിപ്പ്യലേഖനത്തിന്റെ പ്രധാന ഉദ്ദേശ്യം എപ്പഫ്രാദിത്തോസിന്റെ കൈവശം കൊടുത്തയച്ച ദാനത്തിനു നന്ദി പറയുകയാണ്. (4:14-19). അന്നത്തെ ചുറ്റുപാടുകളിൽ ഉറപ്പുളളവരും താഴ്ചയുളളവരും ആയി സുവിശേഷത്തിനു യോഗ്യമായി നടക്കുവാനും ഏകമനസ്സോടട ഇരിക്കുവാനും അവരെ ഉപദേശിക്കേണ്ടിയിരുന്നു. തന്റെ ബന്ധനത്തിലൂടെ വെളിപ്പെട്ട ദൈവികനിർണ്ണയത്തിന്റെ വിജയം സഭയെ അറിയിക്കുക (1:12-30), എപ്പഫ്രാദിത്താസ് തന്നെ ഏല്പിച്ച കർത്തവ്യം വിശ്വസ്തതയോടെ നിർവ്വഹിച്ചു എന്നു വ്യക്തമാക്കുക, അവനെ ഹൃദ്യമായി സ്വീകരിക്കുവാൻ അവരെ ഓർപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളും ഫിലിപ്പ്യ ലേഖനരചനയ്ക്കു പിന്നിലുണ്ട്.  

പ്രധാന വാക്യങ്ങൾ: 1. “എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.” ഫിലിപ്പിയർ 1:21.

2. “എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.” ഫിലിപ്പിയർ 3:7.

3. “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.” ഫിലിപ്പിയർ 4:4.

4. “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” ഫിലിപ്പിയർ 4:6,7.

5. “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” ഫിലിപ്പിയർ 4:13.

6. “ഇപ്പോൾ എനിക്കു വേണ്ടുന്നതു എല്ലാം ഉണ്ടു; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നതു സൌരഭ്യവാസനയായി ദൈവത്തിന്നു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തോസിന്റെ കയ്യാൽ ഞാൻ പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു.” ഫിലിപ്പിയർ 4:18.

7. “കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.” ഫിലിപ്പിയർ 4:23.

സവിശേഷതകൾ: അഞ്ചു സവിശേഷതകൾ ഈ ലേഖനത്തിനുണ്ട്. 1. ഫിലിപ്പ്യ സഭയിലെ വിശ്വാസികളോടു പൗലൊസിനുള്ള അടുപ്പം വ്യക്തമാക്കുന്നതും പൗലൊസിനു അവരോടുള സ്നേഹാതിരേകവും വാത്സല്യവും നിറഞ്ഞു തുളുമ്പുന്നതും ആയ വൈയക്തിക ലേഖനമാണിത്. ഫിലിപ്പ്യരെ 6 പ്രാവശ്യം സഹോദരന്മാരെന്നും (1:12; 3:1, 12, 17; 4:1, 8), മൂന്നു പ്രാവശ്യം പ്രിയരെന്നും പൗലൊസ് വിളിക്കുന്നു. 2. ക്രിസ്തു കേന്ദ്രീകൃത ലേഖനമാണ്. പൗലൊസിനു ക്രിസ്തുവുമായുള്ള അഭേദ്യമായ ബന്ധം ഇതിൽ പ്രതിഫലിക്കുന്നു. തന്റെ ജീവിതലക്ഷ്യമായി പൗലൊസ് പറയുന്നു. “എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.” (1:21). ക്രിസ്തുവിന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറ് എന്നു എണ്ണുന്നു. (3:7-14). ക്രിസ്തുശാസ്ത്രപരമായ ഒരു പ്രഗാഢ പ്രസ്താവന ഈ ലേഖനത്തിലുണ്ട്. അതിൽ ക്രിസ്തുവിന്റെ പുർവ്വാസ്തിക്യം, ജഡധാരണം, താഴ്ച, ക്രൂശുമരണം, ഉയർച്ച എന്നിവ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. (2:5-11). 3. സന്തോഷത്തിനു ഉൽകൃഷ്ട സ്ഥാനം നല്കിയിരിക്കുന്നു. സന്തോഷം, സന്തോഷിക്കുക എന്നീ പദങ്ങൾ ഈ ചെറിയ ലേഖനത്തിൽ 16 സ്ഥാനങ്ങളിലുണ്ട്. (1:3, 18, 25; 2:2, 17, 18, 28, 29; 3:1; 4:1, 4, 10). 4. സുവിശേഷത്തിനു പ്രാമുഖ്യം നല്കിയിരിക്കുന്നു. സുവിശേഷ ഘോഷണത്തിലെ കൂട്ടായ്മ (1:5), സുവിശേഷത്തിന്റെ പ്രതിവാദം (1:7, 17), സുവിശേഷത്തിന്റെ അഭിവൃദ്ധി (1:12), സുവിശേഷത്തിന്റെ വിശ്വാസം (1:27), സുവിശേഷത്തിനു യോഗ്യമായ നടപ്പു (1:27), സുവിശേഷ ഘോഷണത്തിലെ സേവ (2:22), സുവിശേഷ ഘോഷണത്തിലെ പോരാട്ടം (4:3) സുവിശേഷ ഘോഷണത്തിന്റെ ആരംഭം (4:15) എന്നിവ ഈ ലേഖനത്തിലുണ്ട്. 5. ക്രിസ്തീയ ജീവിതത്തിന്റെ ഉന്നതമായ മാനദണ്ഡം ഈ ലേഖനത്തിൽ കാണാം: ഒരു ദാസനെപ്പോലെ താഴ്മയിൽ ജീവിക്കുക (2:1-8), പരമവിളിയുടെ വിരുതിനായി ലാക്കിലേക്കു ഓടുക (3:13,14), കർത്താവിൽ എപ്പോഴും സന്തോഷിക്കുക (4:4), വിചാരപ്പെടാതിരിക്കുക (4:6), ഏതവസ്ഥയിലും സംതൃപ്തനായിരിക്കുക (4:11). 

രൂപരേഖ: 1. അഭിവാദനവും സ്തോത്രാർപ്പണവും: 1:1-11. 

2. സുവിശേഷത്തിന്റെ വ്യാപനം: 1:12-20.

3. ലോകത്തിൽ ആയിരിക്കുകയും ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിക്കുകയും പ്രവർത്തിക്കുകയും: 1:21-30.

4. ക്രിസ്തുവിന്റെ മാതൃക: താഴ്ചയും മഹത്വീകരണവും: 2:1-11.

5. പ്രായോഗിക ക്രിസ്തീയ ജീവിതം: 2:12-18.

6. തിമൊഥയൊസിനെയും എപ്പഫ്രാദിത്തൊസിനെയും അയക്കുന്ന കാര്യം: 2:19-24, 25-30.

7. വ്യാജോപദേഷ്ടാക്കന്മാരെ സൂക്ഷിപ്പിൻ: 3:1-3.

8. പൗലൊസ് വിശ്വാസം ഏറ്റു പറയുന്നു: 3:4-14.

9. വിശ്വാസിയുടെ സ്വർഗ്ഗീയ പ്രത്യാശ: 3:15-21. 

10. ക്രിസ്തുവിൽ നിലനില്ക്കുക: 4:1-9. 

11. ദൈവത്തിന്റെ കരുതലിലുള്ള പൗലൊസിന്റെ ദൃഢമായ വിശ്വാസം, ഫിലിപ്പിയർ നല്കിയ ഔദാര്യദാനം: 4:10-19.

12. അന്തിമാഭിവാദനം: 4:20-22.