Category Archives: Uncategorized

ശീഹോർ നദി

ശീഹോർ നദി (river Shihor)

പേരിനർത്ഥം – കറുത്ത, ഇരുണ്ട

ശീഹോർ: (1ദിന, 13:5; യിരെ, 2:18), സീഹോർ: യോശു, 13:3; യെശ, 23:3). തിരുവെഴുത്തുകളിൽ മിസ്രയീമിലെ നൈൽ നദിക്കു നല്കിയിട്ടുള്ള ഒരു പേര്. യെശ, 23:3). “ഇപ്പോഴോ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്നു? ശീഹോരിലെ വെള്ളം കുടിപ്പാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്നു? ആ നദിയിലെ വെള്ളം കുടിപ്പാനോ?” (യിരെ, 2:18). ചിലരുടെ അഭിപ്രായത്തിൽ വാദി എൽ ആറിഷ് (മിസയീമിലെ നദി) ആണ് യോശുവ 13:3-ലെ സീഹോറും, 1ദിന, 3:5-ലെ ശീഹോറും.

യോർദ്ദാൻ നദി

യോർദ്ദാൻ നദി (river Jordan)

പേരിനർത്ഥം – താഴോട്ടൊഴുകുന്നത്

ഈജിപ്റ്റിലെ പത്തൊമ്പതാം രാജവംശത്തിന്റെ കാലത്തുള്ള രേഖകളിലാണ് യോർദ്ദാന്റെ പേർ ആദ്യം പ്രത്യക്ഷപ്പെടുന്നത്. യാ-അർ-ദു-നാ എന്ന രൂപമാണ് കാണുന്നത്. യാർദോൻ എന്നി കനാന്യരൂപത്തിനു തുല്യമാണിത്. പഴയനിയമത്തിലെ യാർദേൻ അരാമ്യരൂപമാണ്. ‘യാർഡാനീസ്’ എന്ന ഗ്രീക്കു രൂപത്തിൽ നിന്നാണു് ഇംഗ്ലീഷിലെ ജോർഡാന്റെ (Jordan) നിഷ്പത്തി. പലസ്തീനിലെ ഏറ്റവും നീളം കൂടിയ നദിയാണ് യോർദ്ദാൻ. വടക്കു ഹെർമ്മോൻ പർവ്വതത്തിൽ നിന്നുത്ഭവിച്ചു ചാവുകടലിൽ പതിക്കുന്നു. മിക്കവാറും പലസ്തീന്റെ മുഴുവൻ നീളവും ഇതു താണ്ടുന്നു. നദിയുടെ ദൈർഘ്യം ഏകദേശം 105 കി.മീറ്റർ ആണ്. എന്നാൽ വക്രഗതി മൂലം അതിനു 320 കി.മീറ്ററോളം നീളമുണ്ട്. ഏറ്റവും കൂടിയ വീതി ഏകദേശം 200 മീറ്റർ ആണ്. 

ലെബാനോൻ പർവ്വതനിരകളിൽ നിന്നുത്ഭവിക്കുന്ന നാലു തോടുകളാണ് യോർദ്ദാൻ നദിയായി മാറുന്നത്. 1. നഹ്ർ ബറൈഘിത് (Nahr Bareighit), 2. നഹ്ർ ഹസ്ബനി (Nahr Hasbany), 3. നഹ്ർ ലെദ്ദാൻ (Nahr Leddan), 4. നഹർ ബനിയാസ് (Nahr Banias). ഇവ നാലും ഹ്യൂളാ തടാകത്തിൽ പതിക്കുന്നു. തടാകം സമുദ്രനിരപ്പിൽ നിന്നു 70 മീറ്റർ ഉയരെയാണ്. 17 കി.മീറ്റർ തെക്കു ഗലീലാ തടാകത്തിൽ എത്തുമ്പോഴേക്കും ഈ നദി മെഡിറ്ററേനിയൻ സമുദ്രത്തിൽ നിന്നും 200 മീറ്റർ താഴെയാകും. അവിടെ നിന്നും ഒഴുകി ചാവുകടലിന്റെ വടക്കുഭാഗത്തു എത്തുമ്പോൾ നദി സമുദ്രനിരപ്പിൽ നിന്നും 393 മീറ്റർ താഴെയാണ്. ഈ കാരണത്താൽ യോർദ്ദാൻ (നിമ്നഗ) എന്ന് പേരു നദിക്കു അന്വർത്ഥമത്രേ. ഹ്യൂളാ തടാകത്തിൽ നിന്നും ചാവുകടൽ വരെ വെറും 120 കി.മീ. ദൂരമേ ഉള്ളുവെങ്കിലും അതിന്റെ ഇരട്ടി ദൂരം നദി വളഞ്ഞു പുളഞ്ഞു ഒഴുകുകയാണ്. ബൈബിളിൽ വളരെയധികം പരാമർശങ്ങളും സൂചനകളും ഉള്ള നദിയതേ ഇത്.  

പലസ്തീനിലെ ഏറ്റവും വലിയ നദിയാണ് യോർദ്ദാൻ അതിനു മറ്റു നദികളിൽ നിന്നൊരു പ്രത്യേകതയുണ്ട്. ഗലീലാക്കടലിനും ചാവുകടലിനുമിടയ്ക്കു യോർദ്ദാൻ നദിക്കു 27 അതിദ്രുത ജലപാതങ്ങൾ ഉള്ളതുകൊണ്ടു ഗതാഗതം സുഗമമല്ല. താഴ്വര ചതുപ്പായതുകൊണ്ടും, അത്യുഷ്ണം, വന്യമൃഗബാഹുല്യം എന്നിവ നിമിത്തവും യിസായേലിന്റെ ചരിത്രത്തിൽ യോർദ്ദാൻ തീരത്തു ഒരു വലിയ പട്ടണവും പണിതിട്ടില്ല. ജോർജ്ജ് ആഡംസ്മിത്ത് യോർദ്ദാൻ താഴ്വരയെക്കുറിച്ചു രേഖപ്പെടുത്തി: “യോർദ്ദാൻ താഴ്വരയ്ക്കു കിടപിടിക്കുന്ന ഒന്നു മറ്റൊരു ഗ്രഹത്തിന്റെ ഉപരിതലത്തിലുണ്ടായിരിക്കാം; എന്നാലീ ഗ്രഹത്തിൽ ഒന്നുമില്ല.” യോർദ്ദാന്റെ പ്രധാന പോഷകനദികളാണ് യാർമ്മൂക്കും യബ്ബോക്കും. ഗലീലാക്കടലിനു 6 കി.മീറ്റർ തെക്കായി യാർമ്മൂക്ക് നദി യോർദ്ദാനിൽ ചേരുന്നു. ഇതോടുകൂടി യോർദ്ദാനിലെ വെള്ളം ഇരട്ടിക്കുന്നു. വടക്ക് യാർമ്മൂക്കിനും യബ്ബോക്കിനും ഇടയ്ക്കു 9 നീർത്തോടുകൾ കൂടി യോർദ്ദാൻ നദിയുടെ കിഴക്കു ഭാഗത്തു ചേരുന്നു. ഇക്കാരണത്താലാണ് സുക്കോത്ത്, സാരെഥാൻ, സാഫോൻ, യാബേശ്, ഗിലെയാദ്, പെല്ല എന്നീ പ്രധാന പട്ടണങ്ങൾ യോർദ്ദാന്റെ കിഴക്കെ തീരത്തു സ്ഥിതിചെയ്യുന്നതു. ജലസേചന സൗകര്യം ഹേതുവായിട്ടാണു ലോത്ത് യഹോവയുടെ തോട്ടം പോലെ (ഉല്പ, 13:10) ഇവിടം കണ്ടത്. 

കുറേക്കൂടി വടക്കുള്ള യാബേശിലെ ഒരു പോഷക അരുവിയാണ് കൈരീത്ത് തോട്. ആഹാബിനെ ഭയന്നു ഏലീയാവു ഒളിച്ചതു കെരീത്ത് തോടിന്നരികയായിരുന്നു. (1രാജാ, 17:1-7). യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഫാത്തിനും മദ്ധ്യേയായിരുന്നു ശലോമോൻ താമ്രംകൊണ്ടും കളിമണ്ണുകൊണ്ടും ഉപകരണങ്ങൾ നിർമ്മിച്ചത്. (1രാജാ, 7:46; 2ദിന, 4:17). നദിയുടെ ഈ ഭാഗത്തു അനേകം കടവുകൾ ഉണ്ട്. റോമാക്കാരുടെ ഭരണകാലത്താണ് ഇവിടെ പാലം നിർമ്മിച്ചത്. യബ്ബോക്കു കടവിലുടെയാണ് അബ്രാഹാമും യാക്കോബും യോർദ്ദാൻ കടന്നത്. (ഉല്പ, 32:10). ഗിദെയോൻ ഓടിച്ച മിദ്യാന്യർ യോർദ്ദാനെ കടന്നതും ഇവിടെ അടുത്തു തന്നെയായിരിക്കണം. (ന്യായാ, 7:24; 8:4,5). അബ്ശാലോമിന്റെ മത്സരത്തിൽ ദാവീദ് രണ്ടുപ്രാവശ്യം യോർദ്ദാൻ കടന്നു. (2ശമൂ, 17:22-24; 19;15-18). യബ്ബോക്കുനദി ചേരുന്നിടം മുതൽ ചാവുകടൽവരെ ദ്രുതഗതിയിൽ ഒഴുകുന്നതിനാൽ ഈ പ്രദേശത്തു വച്ചു നദി കടക്കുക പ്രയാസമാണ്. യിസ്രായേൽ ജനം അത്ഭുതകരമായി യോർദ്ദാൻ നദി കടന്നു പലസ്തീനിൽ പ്രവേശിച്ചതു യെരീഹോപട്ടണത്തിനു 26 കി.മീറ്റർ വടക്കുള്ള ആദാം പട്ടണത്തിന്റെ സമീ പത്തുകൂടിയായിരുന്നു. (യോശു, 3:1-17; 4:1-24; സങ്കീ, 114:3, 5). യബ്ബോക്കിനും ബേത്ത് നിമ്രാമിനും ഇടയ്ക്കുള്ള 26 കി.മീറ്റർ ദൂരം (യെശ, 15:6) നീർത്തോടുകൾ ഒന്നും യോർദ്ദാനിൽ ചേരുന്നില്ല. തന്മൂലം ഇവിടെ ജനവാസം കുറവാണ്. 

യോർദ്ദാൻ താഴ്വരയിലെ ജന്തുക്കളും സസ്യങ്ങളും വിചിത്രങ്ങളാണ്. യോർദ്ദാൻ നദിയിൽ കാണപ്പെടുന്ന മുപ്പതു ജാതി (species) മത്സ്യങ്ങളിൽ പതിനാറു ജാതി മറ്റൊരിടത്തുമില്ല. ഇവിടെയുള്ള 45 ജാതി പക്ഷികളിൽ 23 ജാതി ഈ പ്രദേശത്തു മാത്രമുള്ളതാണ്. വേർതിരിച്ചറിഞ്ഞിട്ടുള്ള 162 ജാതി സസ്യങ്ങളിൽ 135 ജാതി ആഫ്രിക്കയിലുണ്ട്.  

ചാവുകടലിനടുത്തു യോർദ്ദാൻ നദിയുടെ പശ്ചിമതീരത്തു ഗില്ഗാൽ സ്ഥിതിചെയ്യുന്നു. ദൈവകല്പനപ്രകാരം യിസായേൽമക്കൾ ഇവിടെ പന്ത്രണ്ടു കല്ലുകൾ സ്ഥാപിച്ചു. (യോശു, 4:19,20). ഗില്ഗാൽ പില്ക്കാലത്തു ഒരു പ്രധാന മതകേന്ദ്രമായിത്തീർന്നു. (1ശമു, 7:16; 10:8). 1948-ൽ പലസ്തീൻ വിഭജിക്കപ്പെട്ടപ്പോൾ യോർദ്ദാൻ താഴ്വരയിലെ സിംഹഭാഗവും യോർദ്ദാൻ രാജ്യത്തോടു ചേർന്നു. യോർദ്ദാൻ നദിയെ മരണത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. മിസ്രയീമിൽ നിന്നു വീണ്ടെടുക്കപ്പെട്ട യിസ്രായേൽ മക്കൾക്കു വാഗ്ദത്തനാടായ കനാനിൽ പ്രവേശിക്കുന്നതിനു മുമ്പു യോർദ്ദാൻ കടക്കേണ്ടിയിരുന്നു. വിശ്വാസിക്കും വാഗ്ദത്തദേശമായ സ്വർഗ്ഗത്തെ പ്രാപിക്കുന്നതിനു മുമ്പു മരണം പ്രാപിക്കേണ്ടതുണ്ട്. യോർദ്ദാൻ നദിക്കു ശുദ്ധീകരണമായും ബന്ധമുണ്ട്. നയമാൻ കുഷ്ഠരോഗത്തിൽ നിന്നു ശുദ്ധനായതു യോർദ്ദാൻ നദിയിൽ ഏഴു പ്രാവശ്യം മുങ്ങിയാണ്. (2രാജാ, 5:15). യോഹന്നാൻ സ്നാപകൻ സ്നാനം നല്കിയത് യോർദ്ദാൻ നദിയിലായിരുന്നു. (മത്താ, 3:6; യോഹ, 1:28). മൂന്നുപ്രാവശ്യം യോർദ്ദാൻ നദി വിഭജിക്കപ്പെട്ടതായി തിരുവെഴുത്തുകളിൽ കാണുന്നു . ഇതിലൊന്നു യിസ്രായേൽ ജനം യോർദ്ദാനക്കരെ കടക്കുമ്പോഴായിരുന്നു. (യോശു, 3:16). ഏലീയാവും എലീശയും പുതപ്പുകൊണ്ടു അടിച്ചു നദിയെ രണ്ടായി വിഭജിച്ചു. (2രാജാ, 2:5-15).

യബ്ബോക് നദി

യബ്ബോക് നദി (ford Jabbok)

പേരിനർത്ഥം – ഒഴുക്ക്

യോർദ്ദാനു കിഴക്കുള്ള ഒരു പ്രധാന നദി. ചാവുകടലിനും ഗലീലക്കടലിനും ഏതാണ്ടു മദ്ധ്യേ വച്ചു യോർദ്ദാൻ നദിയിൽ പതിക്കുന്നു. നദിയുടെ ഉത്ഭവസ്ഥാനത്തിനും പതനസ്ഥാനത്തിനും ഇടയ്ക്കുള്ള ഋജുവായ ദൂരം വെറും നാല്പതു കിലോ മീറ്ററാണ്. എന്നാൽ വളഞ്ഞുപുളഞ്ഞൊഴുകുക നിമിത്തം നദിക്കു ഏകദേ 97 കിലോമീറ്റർ ദൈർഘ്യമുണ്ട്. വല്ലപ്പോഴുമുള്ള മഴക്കാലത്തല്ലാതെ നദിക്ക് ആഴമില്ല. കടത്തുകൾ സുഗമമായി കടക്കാവുന്നതേയുള്ളൂ. യോർദ്ദാന്റെ പോഷകനദികളിൽ യാർമ്മൂക്കു കഴിഞ്ഞാൽ വലുതു യബ്ബോക്കാണ്. തീരങ്ങളിൽ സസ്യങ്ങൾ നിബിഡമായി വളരുന്നു. യബ്ബോക്ക് നദി അമോര്യരാജാവായ സീഹോന്റെ വടക്കെ അതിരാണ്. (യോശു, 12:2). അതുവഴി യിസ്രായേൽ മക്കളെ കടന്നുപോകാൻ അനുവദിക്കാത്തതു കൊണ്ടു യിസ്രായേൽ അവിടം പിടിച്ചു. (സംഖ്യാ, 21:21-25). ഓഗിന്റെ രാജ്യത്തിന്റെ തെക്കെഅതിരും ഈ നദിയാണ്. (യോശു, 12:5). യബ്ബോക്ക് കടവിൽ വച്ചു യാക്കോബ് ദൈവദൂതനുമായി മല്ലുപിടിച്ചു. (ഉല്പ, 32:22-30). അതോടുകൂടി യാക്കോബിന്റെ പേർ യിസ്രായേൽ ആയി. ‘മല്ലുപിടിക്കുക’ എന്നതിന്റെ എബ്രായപദം അബ്ബാക്ക് ആണ്. അതിൽ നിന്നാകണം നദിക്കു യബ്ബോക്ക് എന്നപേർ ലഭിച്ചത്. ആധുനികനാമം സർകാ (നീലനദി) ആണ്. 

മേരോം തടാകം

മേരോം തടാകം (waters of Merom)

പേരിനർത്ഥം – ഉന്നതസ്ഥലം

7 കി.മീറ്റർ നീളവും 5.5. കി.മീറ്റർ വീതിയുമുള്ള ജലാശയമാണ് മേരോം തടാകം. ഗലീലാക്കടലിനു വടക്കുഭാഗത്താണിത്. യോർദ്ദാൻ നദി മേരോമിലൂടെ ഒഴുകുന്നു. കനാന്യരുടെ സംഘടിതമായ ആക്രമണത്തെ മേരോം തടാകത്തിന്നരികെവച്ച് യോശുവ പരാജയപ്പെടുത്തി. (യോശു, 11:5-7). ആധുനിക ഹ്യൂളാ തടാകമാണിതെന്നു പൊതുവെ കരുതപ്പെടുന്നു.

മിസ്രയീം തോട്

മിസ്രയീം തോട് (river of Egypt) 

യിസ്രായേൽ ദേശത്തിന്റെ അതിർത്തിയെക്കുറിച്ചുള്ള പരാമർശങ്ങളിലാണു മിസ്രയീം തോടിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. (സംഖ്യാ, 34:5; യോശു, 15:4, 47; 1രാജാ, 2രാജാ, 24:7; 2ദിന, 7:8; യെശ, 27:12; യെഹെ, 8:28). വീതി കൂടി ആഴം കുറഞ്ഞ മിസ്രയീം തോടു യെഹൂദയുടെ തെക്കെ അതിരായിരുന്നു. സീനായിയെ അത് പലസ്തീനിൽ നിന്നും വേർതിരിക്കുന്നു. (സംഖ്യാ, 34:5). സീനായ് ഉപദ്വീപിന്റെ 217 കി.മീറ്റർ ഉള്ളിൽ നിന്നുത്ഭവിച്ച് വടക്കോട്ടൊഴുകി പോർട്ടുസയ്ദിനു 145 കി.മീറ്റർ കിഴക്കുള്ള ആറിഷ് പട്ടണത്തിൽ വച്ച് മെഡിറ്ററേനിയൻ സമുദ്രത്തിൽ പതിക്കുന്നു.

ബെസോർ തോട്

ബെസോർ തോട് (Brook Besor)

പേരിനർത്ഥം – ശീതജലം

ഗസ്സയ്ക്ക് 8 കി.മീറ്റർ തെക്കായി മെഡിറ്ററേനിയൻ സമുദ്രത്തിൽ ഒഴുകിച്ചേരുന്ന തോട്. ഇതിന്റെ ഉത്ഭവം യെഹൂദ്യാ മലകളിൽനിന്നാണ്. ദാവീദിന്റെ സൈന്യം അമാലേക്യരെ പിന്തുടർന്നപ്പോൾ അധികം ക്ഷീണിച്ച 200 പേരെ ബെസോർ തോട്ടിൻകരയിൽ താമസിപ്പിച്ചു. (1ശമൂ, 30:9,10, 21). ചിലരുടെ അഭിപ്രായത്തിൽ സീക്ലാഗിന്റെ തെക്കു പടിഞ്ഞാറുള്ള തോടുകളിൽ ഏറ്റവും വലുതായ വാദിഘസ്സെ ഷെല്ലാലെഹ് (Wadi Ghazzeh-Shellaleh) ആണ് ബെസോർ തോട്. അതിന്റെ പോഷകതോടായ വാദി എഷ്-ഷെറിയാ (Wadi es-Sheria) ആണെന്നു കരുതുന്നവരും ഉണ്ട്.

ഫ്രാത്ത് നദി

ഫ്രാത്ത് നദി (river Euphrates)

പേരിനർത്ഥം – പൊട്ടിപ്പുറപ്പെടുക

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നദിയാണു ഫ്രാത്ത് അഥവാ യൂഫ്രട്ടീസ്. പഴയനിയമത്തിൽ ഇതിനെ നദി (ഹന്നാഹാർ) എന്നും, മഹാനദി എന്നും വിളിച്ചു കാണുന്നു. (സംഖ്യാ, 22:5; ആവ, 11:24; യോശു, 1:4; 24:3, 14). അർമ്മീനീയാ മലകളിൽ നിന്നുത്ഭവിച്ചു അസ്സീറിയ (അശ്ശൂർ), സിറിയ (അരാം) മെസൊപ്പൊട്ടേമിയ, ബാബിലോൺ നഗരം എന്നിവിടങ്ങളിലൂടെ ഒഴുകി പേർഷ്യൻ ഉൾക്കടലിൽ പതിക്കുന്നു. നദിയുടെ നീളം ഏകദേശം 2865 കി.മീറ്റർ ആണ്. ഇറാക്കിന്റെ മുഴുവൻ നീളവും നെടുകെ ഒഴുകി ബ്രസ്രായ്ക്കു സമീപം വച്ചു ടൈഗ്രീസിനോടു ചേരുന്നു. യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ സംഗമസ്ഥലത്തിനു ഗിർനാ എന്നു പേർ. ഗിർനാ മുതൽ ഗൾഫ് വരെയുള്ള നദീഭാഗത്തെ ഇറാക്കുകാർ ഷത്ത് അൽ-അറബ് എന്നു വിളിക്കുന്നു. ലോകത്തിൽ ഏറ്റവും അധികം ഈന്തപ്പന വളരുന്ന പ്രദേശമാണ് ഷത്ത് അൽ-അറബ്. സമുദ്ര മുഖത്തുനിന്ന് 1920 കി.മീറ്റർ വരെ ചെറുകപ്പലുകൾക്കു സഞ്ചരിക്കാം. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ മഞ്ഞുരുകി നദിയിൽ വെള്ളപ്പൊക്കമുണ്ടാവുന്നു.

ഏദെൻ തോട്ടത്തിൽ നിന്നുത്ഭവിച്ച നദിയുടെ നാലു ശാഗകളിൽ ഒന്നാണ് ഫ്രാത്ത് അഥവാ യൂഫ്രട്ടീസ്. (ഉല്പ, 2:14). യിസ്രായേലിനു വാഗ്ദത്തം ചെയ്യപ്പെട്ട പ്രദേശത്തിന്റെ വടക്കെ അതിര് ഫ്രാത്തു നദിയായിരുന്നു. (ഉല്പ, 15:18; ആവ, 1:7; 11:24; യോശു, 1:4). രാജവാഴ്ചയുടെ ഉച്ചഘട്ടത്തിൽ (ദാവീദിന്റെയും ശലോമോന്റെയും കാലം) യിസ്രായേൽ ഫ്രാത്ത് നദിവരെ എത്തിയിരുന്നു. (2ശമൂ, 8:3; 10:16; 1രാജാ, 4:24). അബ്രാഹാമിന്റെ ജന്മദേശമായ ഊർ ലോവർ യൂഫ്രട്ടീസിന്റെ തീരത്താണ്. യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികൾക്കിടയിലുള്ള നാടാണ് മെസൊപ്പൊട്ടേമിയ. നദികൾക്കിടയിൽ എന്നത്രേ ഇപ്പേരിന്നർത്ഥം. വെളിപ്പാടു പുസ്തകത്തിൽ യൂഫ്രാത്തേസ് നദി എന്നു പറഞ്ഞിട്ടുണ്ട്. ആറാമത്തെ ദൂതൻ ഊതിയപ്പോൾ യൂഫ്രാത്തേസ് നദീതീരത്തു ബന്ധിച്ചിരുന്ന നാലുദൂതന്മാരെ അഴിച്ചുവിട്ടു. (വെളി, 9:13,14). ആറാമത്തെ ദൂതൻ കലശം ഒഴിച്ചപ്പോൾ യൂഫ്രാത്തേസ് നദിയിലെ വെള്ളം വറ്റിപ്പോയി.

പീശോൻ നദി

പീശോൻ നദി (river Pishon) 

പേരിനർത്ഥം – പെരുപ്പം, വർദ്ധന

ഏദനിൽ നിന്നു പുറപ്പെട്ട നദിയുടെ നാലു ശാഖകളിലൊന്ന്. (ഉല്പ, 2:10-14). “തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു. ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.” (ഉല്പ, 2:10,11). പീശോനും, ഗീഹോനും തോടുകളായിരുന്നിരിക്കണം. ഇവ ടൈഗ്രീസിനെയും യൂഫ്രട്ടീസിനെയും ബന്ധിപ്പിച്ചിരുന്നു. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ പ്രാചീന സുമേരിയൻ പട്ടണമായ ‘എറി ഡു’വിനു സമീപമുള്ള പല്ലകൊട്ടൊസ് തോടാണ് പീശോൻ. എറിഡു അബ്രാഹാമിന്റെ പട്ടണമായ ഊരിനടുത്താണ്.

പർപ്പർ നദി

പർപ്പർ നദി (river Pharper)

പേരിനർത്ഥം – ദ്രുതഗതിയായ

നയമാൻ പുകഴ്ത്തിപ്പറഞ്ഞ ദമസ്തക്കൊസിലെ നദികളിലൊന്ന്. “ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയിൽ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവൻ ക്രോധത്തോടെ പോയി.” (2രാജാ, 5:12). 64 കി.മീറ്റർ നീളമുള്ള പർപ്പർ അബാന അഥവാ ബാരദയുടെ പോഷക നദിയാണ്. ദമസ്ക്കൊസിനു അല്പം തെക്കായി ഹെർമ്മോനു കിഴക്കായി ഒഴുകുന്ന പർപ്പർ ഇന്നറിയപ്പെടുന്നതു അവാജ് എന്ന പേരിലാണ്.

നീലനദി

നീലനദി (river Nile) 

സത്യവേദപുസ്തകത്തിലെ നീലനദി നൈലാണ്. (യെശ, 23:3, 10; യിരെ, 46:7,8; ആമോ, 8:8; 9:5; സെഖ, 10:11). നൈൽ ഗ്രീക്കിൽ നൈലൊസ്-ഉം ലത്തീനിൽ നീലൂസ്-ഉം ആണ്. നീലൂസ് ആണ് മലയാളത്തിൽ നീലനദിയും ഇംഗ്ലീഷിൽ നൈലും ആയത്. ഈ പേരിന്റെ ഉത്പത്തി അവ്യക്തമാണ്. പഴയനിയമത്തിൽ പൊതുവെ നദി എന്നർത്ഥമുള്ള ‘യഓർ’ ആണ് പ്രയോഗിച്ചിട്ടുള്ളത്. അബ്രാഹാമിന്റെ സന്തതിക്ക് വാഗ്ദത്തം ചെയ്ത ദേശത്തിന്റെ രണ്ടുതിരുകളാണ് നൈൽനദിയും ഫ്രാത്ത് അഥവാ യൂഫ്രട്ടീസ് നദിയും. ഇവിടെ നൈൽ നദിയെ മിസ്രയീം നദിയെന്നും യൂഫ്രട്ടീസ് നദിയെ ഫ്രാത്ത് അഥവാ മഹാനദി എന്നും പറഞ്ഞിരിക്കുന്നു. രണ്ടിടത്തും നദിയെക്കുറിക്കുന്ന എബായപദം ‘നാഹാർ’ ആണ്. (ഉല്പ, 15:18). 

ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയായ നൈലിനു നീളത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമുണ്ട്. ഏകദേ 6500 കി.മീറ്റർ നീളമുള്ള ഈ നദി മദ്ധ്യ ആഫിക്കയിലെ ‘ടാങ്കനിക്കാ’ തടാകത്തിനു സമീപത്തു നിന്നു പുറപ്പെട്ട മെഡിറ്ററേനിയൻ സമുദ്രത്തിൽ പതിക്കുന്നു. ഈജിപ്റ്റിനെ നൈലിന്റെ ദാനം എന്നാണു വിളിക്കുന്നത്. ലോകത്തിൽ വച്ചേറ്റവും ഉയരം കൂടിയ അണക്കെട്ടായ അസ്വാൻ നൈലിലാണ്. 

മുഫുംബിറോ പർവ്വതങ്ങളിൽ നിന്നും റുവൻസോറി പർവ്വതനിരകളുടെ രണ്ടുവശത്തു നിന്നുമാണ് നൈൽ നദി യഥാർത്ഥത്തിൽ ഉത്ഭവിക്കുന്നത്. ഇതിന്റെ പ്രധാന സ്രോതസ്സായ കഗേറാനദി (Kagera) ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലേക്കു ഒഴുകുന്നു. വിക്ടോറിയ തടാകത്തിൽ നിന്നാണു നൈൽ പുറപ്പെടുന്നത്. അവിടെ നദിക്ക് 400 മീറ്റർ വീതിയേ ഉള്ളൂ. ആൽബർട്ടു തടാകത്തിൽ എത്തിച്ചേരുന്ന നൈൽ അവിടെനിന്നും വടക്കോട്ടൊഴുകി സുഡാനിൽ പ്രവേശിക്കുന്നു. ‘നോ’ തടകത്തിൽ വച്ചു ‘ബാഹ്ർ എൽഘാസൽ’ നൈലിൽ വന്നു ചേരുന്നു. ഈ സംഗമസ്ഥാനം തൊട്ടു നെലിന്റെ പേര് വെള്ള നൈൽ (ബാഹ്ർ എൽ അബ്യാസ്) ആണ്. ആറാം ജലപാതത്തിനു തെക്കുവശത്തുള്ള ഖാർട്ടുമിൽ വച്ചു വെള്ള നൈലും, നീലനൈലും (ബാഹ്ർ അസ്രാഖ്) സംയോജിച്ചു യഥാർത്ഥ നൈൽ നദിയായി രൂപപ്പെടുന്നു. പിന്നീട് ഒരു മുഖ്യ പോഷകനദി മാത്രമേ (അത്ബാറ) നൈലിനോടു ചേരുന്നുള്ളു. അത്ബാറ സംഗമത്തിൽ നിന്നു 2560 കി.മീറ്റർ ഒഴുകി നൈൽ മെഡിറ്ററേനിയൻ സമുദ്രത്തോടു ചേരുന്നു. 

നൈൽ നദിയുടെ തടത്തിൽ പുല്ലും ഞാങ്ങണയും സമൃദ്ധിയായി വളരുന്നു. (ഉല്പ, 41:2). ഞാങ്ങണച്ചെടി അഥവാ പാപ്പിറസ് കടലാസുണ്ടാക്കാൻ ഉപയോഗിച്ചു വരുന്നു. ‘പാപ്പിറസ്’ എന്ന പേരിൽ നിന്നാണു പേപ്പർ വന്നത്. മഴക്കാലത്തു നൈൽ കരകവിഞ്ഞൊഴുകും. അപ്പോൾ നദിയുടെ ഇരുവശത്തുമുള്ള പാടങ്ങൾ വെളത്തിന്നടിയിലാവും. ഇക്കാലത്തെ കൃഷി ഒരു ഭാഗ്യപരീക്ഷണമായിരുന്നു. നീലനദിയിലെ കൊയ്ത്തിനെക്കുറിച്ചു യെശയ്യാവ് 23:3-ൽ പറഞ്ഞിട്ടുണ്ട്. മിസ്രയീമ്യരുടെ ഒരാരാധ്യ ദേവതയായിരുന്നു നൈൽ. യിസ്രായേൽമക്കളുടെ പുരുഷസന്താനത്തെ നൈൽനദിയിൽ ഇട്ടുകളയുവാനാണ് ഫറവോൻ കല്പിച്ചത്. യിസ്രായേലിന്റെ വീണ്ടെടുപ്പിൽ ഒരു പ്രധാന സ്ഥാനം നൈലിനുണ്ട്. മോശെയെ ഞാങ്ങണപ്പെട്ടകത്തിലാക്കി ഒളിച്ചുവെച്ചത് നൈൽ നദിയിലായിരുന്നു. പ്രസ്തുത നദിയിൽ കുളിക്കാൻ വന്ന ഫറവോന്റെ പുത്രി മോശെയെ രക്ഷപ്പെടുത്തി. മോശെ എന്ന പേരും (വെള്ളത്തിൽ നിന്നെടുക്കപ്പെട്ടവൻ) നൈലുമായി ബന്ധപ്പെട്ടതാണ്. യഹോവയെ ആരാധിക്കാൻ യിസ്രായേൽ ജനത്തെ വിട്ടയക്കണമെന്നു മോശെ ഫറവോനോട് ആവശ്യപ്പെട്ടതു നെൽനദീതീരത്തു വച്ചായിരുന്നു. (പുറ, 7:15). മിസ്രയീമ്യരുടെമേൽ യഹോവ അയച്ച പത്തുബാധകളിൽ രണ്ടെണ്ണം നൈൽനദിയുമായി ബന്ധപ്പെട്ടതാണ്. മോശ വടി ഓങ്ങി അടിച്ചപ്പോൾ നൈൽ നദിയിലെ വെള്ളം രക്തമായി, മത്സ്യം ചത്തു, നദി നാറി. (പുറ, 7:20,21). അടുത്ത ബാധയായ തവള അനവധിയായി ജനിച്ചതും നൈൽനദിയിൽ തന്നെയായിരുന്നു. (പുറ, 8:3).