ന്യായവിധി

ന്യായവിധി (Judgement) 

ന്യായവിസ്താരത്തെക്കുറിക്കുന്ന എബ്രായപദമായ മിഷ്പാത്ത് ഏകദേശം 425 പ്രാവശ്യം പഴയനിയമത്തിലുണ്ട്. വ്യവഹാരം കേട്ടു ഉചിതമായ വിധി പുറപ്പെടുവിക്കാൻ വേണ്ടിയുള്ള ന്യായാധിപന്റെ ഇരിപ്പിനെയാണ് പ്രസ്തുത പദം വിവക്ഷിക്കുന്നത്. “ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.” (സഭാ, 12:14). ന്യായം, വിധി (പുറ, 21:1; ആവ, 17:9) എന്നിങ്ങനെയും ഈ പദത്തെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ന്യായവിധിയെക്കുറിക്കുന്ന പ്രധാന ഗ്രീക്കു പദങ്ങളാണ് ‘ക്രിമ, ക്രിസിസ്.’ വ്യവഹാരം, വിധി, തീരുമാനം, ശിക്ഷാവിധി, ന്യായവിധി എന്നിങ്ങനെ ‘ക്രിമ’യെ വിവർത്തനം ചെയ്തിട്ടുണ്ട്. (മത്താ, 7:2; 23:13; മർക്കൊ, 12:40; ലൂക്കൊ, 24:20; റോമ, 2:2,3; 3:8; 5:16; 11:33; 13:2). ന്യായവിധിയെക്കുറിക്കുന്ന മറെറാരു പദമാണു് ക്രിസിസ്. (മത്താ, 5:21,22; യോഹ, 5:22, 27; 2പത്രൊ, 2:4, 11). റോമർ 2:5-ലെ നീതിയുള്ള വിധി ഗ്രീക്കിൽ ഡികായിയൊക്രിസിയ (ഡികായിയോസ് + ക്രിസിസ്) ആണ്. 

ദൈവത്തിന്റെ പ്രവൃത്തികളിലൊന്നായ ന്യായവിധി ദൈവനീതിയുടെ പ്രദർശനമാണ്. സൃഷ്ടിയോടുള്ള ബന്ധത്തിൽ ദൈവത്തിനു തന്റെ നീതി വെളിപ്പെടുത്തുവാനുള്ള സന്ദർഭമാണ് ന്യായവിധിയിലുള്ളത്. “എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കുതന്നെ കോപം ചരതാച്ചു വെക്കുന്നു. അവൻ ഓരോരുത്തനു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.” (റോമ, 2:5,6). ദൈവം നിതിയിൽ ലോകത്തെ ന്യായം വിധിക്കും. “എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവൻ ലോകത്ത നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.” (സങ്കീ, 9:7,8). ലോകാവസാനത്തിൽ ഒരേയൊരു ന്യായവിധി നടക്കുന്നതായിട്ടാണു ഭൂരിഭാഗം ക്രൈസ്തവരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ വ്യത്യസ്ത കാലങ്ങളിൽ നടക്കുന്ന വിഭിന്ന ന്യായവിധികൾ ഉണ്ടെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. വ്യത്യസ്തഗണങ്ങളാണു ന്യായവിധിക്കു വിധേയരാവുന്നത്. അവരുടെ ചുറ്റുപാടുകളും പശ്ചാത്തലങ്ങളും വിഭിന്നങ്ങളാണ്. അതനുസരിച്ചു ന്യായവിധികളും വിഭിന്നങ്ങളായിരിക്കും, ഒരേയൊരു മാനദണ്ഡത്തിലോ ചുറ്റുപാടിലോ എല്ലാ ഗണങ്ങളെയും വിധിക്കുക സാദ്ധ്യമല്ല. പ്രധാനമായും എട്ടു ന്യായവിധികൾ തിരുവെഴുത്തുകളിൽ പ്രകടമായി കാണാവുന്നതാണ്. അവയിൽ ഒന്നാമത്തേതു കഴിഞ്ഞതും രണ്ടും മൂന്നും വിശ്വാസികളുടെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നതും ഒടുവിലത്തെ അഞ്ചെണ്ണം ഭാവികവുമാണ്. 

1. കുശിലെ ന്യായവിധി: ക്രിസ്തു ക്രൂശിക്കപ്പെട്ടപ്പോൾ മനുഷ്യന്റെ പാപത്തിന്റെ ശിക്ഷ ദൈവം ക്രിസ്തുവിൽ നടത്തുകയായിരുന്നു. “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിനു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). “പാപം അറിയാത്തെവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു, അവൻ നമുക്കുവേണ്ടി പാപം ആക്കി. (1കൊരി, 5:21). യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി. (യെശ, 53:6). ഈ ന്യായവിധിയുടെ ഫലമായി ക്രിസ്തുവിന്റെ മരണവും വിശ്വാസിയുടെ നീതീകരണവും സംഭവിച്ചു. ക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കുന്ന സമയം ഒരു വ്യക്തിയിലെ ആദാമ്യപാപസ്വഭാവം ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെടുകയാണ്. “അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.” (റോമ, 8:1). ക്രിസ്തുവിന്റെ ക്രൂശുമരണത്തിൽ സാത്താൻ വിധിക്കപ്പെട്ടു. സാത്താന്റെ ആയുധമായ മരണത്താൽ തന്നെ ക്രിസ്തു സാത്താനെ നിരായുധനാക്കി. മനുഷ്യന്റെ വീണ്ടെടുപ്പുവില ക്രിസ്തു നല്കി. (യോഹ, 12:31-33; 16:8, 11; 5:24; ഗലാ, 3:13; എബ്രാ, 9:26-28; 1പത്രൊ, 2:24).

2. സ്വയം വിധിക്കുക: ഒരു വിശ്വാസി അനുദിനവും സ്വയം വിധിക്കേണ്ടതാണ്. ദൈവഹിതത്തിന്നനുസരണമായി സ്വന്തജീവിതത്തെയും പ്രവൃത്തികളെയും ക്രമീകരിക്കുയും ബലഹീനതകൾ ഏറ്റുപറഞ്ഞ് പാപത്തിൽ നിന്നൊഴിയുകയും ചെയ്യണം. “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമാടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മം ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.” (1യോഹ, 1:49). വാസ്തവത്തിലുള്ള ഏറ്റുപറച്ചിൽ തൽക്ഷണമുളള ശുദ്ധീകരണത്തിനും ദൈവത്തോടുള്ള കൂട്ടായ്മയിലേക്കു മടങ്ങുന്നതിനും നമ്മെ സഹായിക്കുന്നു. “നാം നമ്മത്തന്നെ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.” (1കൊരി, 11:31).

3. കർത്താവിന്റെ ബാലശിക്ഷ: “വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടു കൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിനു കർത്താവു നമ്മ ബാലശിക്ഷ കഴിക്കയാകുന്നു.” (1കൊരി, 11:32). തെറ്റിൽ അകപ്പെട്ടു പോകുന്ന ദൈവപൈതലിനെ അപ്പൻ മകനെ എന്നവണ്ണം ദൈവം ശിക്ഷിക്കുന്നു. വിശുദ്ധിയിൽ തികഞ്ഞവരാകേണ്ടതിനു ശുദ്ധീകരണത്തിനും ആത്മിക വർദ്ധനയ്ക്കും വേണ്ടിയാണത്. ഒരു വിശ്വാസി സ്വന്തം ബലഹീനതകളെ യഥാസമയം കണ്ടുപിടിച്ചു പരിഹരിക്കാതിരിക്കുമ്പോഴാണ് ദൈവം ഇടപെട്ടു ബാലശിക്ഷ കഴിക്കുന്നത്. (എബാ, 12:6-9). ബാലശിക്ഷയുടെ ഫലമായി പരിശോധനകളും (1പത്രൊ, 1:7), രോഗം, ബലഹീനത തുടങ്ങിയവയും (1കൊരി, 11:30) ഉണ്ടാകും. 

4. വിശ്വാസികളുടെ പ്രവൃത്തികൾക്കുള്ള ന്യായവിധി: ഈ ന്യായവിധിക്കു വിധേയർ വിശ്വാസികളാണ്. ഇതു പാപത്തിനുള്ള ന്യായവിധിയല്ല; അതു ക്രൂശിൽ നടന്നു കഴിഞ്ഞു. ഇനിയൊരിക്കലും വിശ്വാസി പാപത്തിന്നായി വിധിക്കപ്പെടുകയില്ല. (യോഹ, 5:24; റോമ, 8:1). വിശ്വാസിയുടെ ജീവിതവും പ്രവൃത്തികളുമാണ് ക്രിസ്തുവിന്റെ ന്യായാസനത്തിന്മുമ്പിൽ വിധിക്കപ്പെടുന്നത്. ന്യായവിധിയുടെ ഫലം പ്രതിഫല പ്രാപ്തിയോ നഷ്ടമോ ആണ്. (2കൊരി, 5:10; റോമ, 14:10; എഫെ, 6:8; 2തിമൊ, 4:8). സഭയുടെ ഉൽപ്രാപണശേഷം ക്രിസ്തുവിന്റെ മഹത്വ പ്രത്യക്ഷതയ്ക്കു മുമ്പു സ്വർഗ്ഗത്തിൽ ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പിലാണ് ഈ ന്യായവിധി നടക്കുന്നത്. 

5. യിസ്രായേലിന്റെ ന്യായവിധി: സഹസ്രാബ്ദരാജ്യത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് യിസ്രായേൽ ന്യായവിധിയിലൂടെ കടന്നുപോകും. (യെഹ, 20:33-44). പത്തു കന്യകമാരുടെ ഉപമയും (മത്താ, 25:1-13) ഈ ന്യായവിധിയെ വെളിപ്പെടുത്തുന്നു. സഹസ്രാബ്ദ വാഴ്ചയ്ക്കു മുമ്പ് മഹാപീഡനത്തിന്റെ അന്ത്യത്തിൽ പഴയനിയമ വിശുദ്ധന്മാർ ഉയിർത്തെഴുന്നേല്ക്കും. “ആ കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണ നില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതു മുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതി ക്കാണുന്ന ഏവനും തന്നേ, രക്ഷപ്രാപിക്കും. നിലത്തിലെ പൊടിയിൽ നിദ്രകൊളളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജക്കും നിത്യനിന്ദയ്ക്കമായും ഉണരും. എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭ പോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.” (ദാനീ, 12:13).

6. ജാതികളുടെ ന്യായവിധി: മത്തായി 25:31-46-ൽ വിവരിക്കുന്നത് ജാതികളുടെ ന്യായവിധിയാണ് യിസ്രായേലിനോടുള്ള പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ജാതികൾ വിധിക്കപ്പെടുന്നത്. “രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിചെയ്യും.” “ഈ ഏറ്റവും ചെറിയവരിൽ ഒരുത്തനു നിങ്ങൾ ചെയ്യാഞ്ഞെടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.” (മത്താ, 25:40, 45). ഇടത്തുളളവരെ നിത്യാഗ്നിയിലേക്കു അയക്കും. വലത്തുള്ളവർ സഹസ്രാബ്ദരാജ്യത്തിൽ പ്രവേശിക്കും. മഹാപീഡന കാലത്തു ജാതികൾ യിസ്രായേലിനോടു ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവർക്ക് സഹസാബ്ദ രാജ്യത്തിൽ പ്രവേശിക്കാനുള്ള അനുവാദം ലഭിക്കുന്നത്. ചില ജാതികളും യിസ്രായേലിനു വാഗ്ദത്തം ചെയ്യപ്പെട്ട രാഷ്ടത്തിൽ പ്രവേശിക്കും എന്നു വ്യക്തമാക്കുന്ന പഴയനിയമപ്രവചനങ്ങളുണ്ട്. (യെശ, 60:3; 61:6; 62:2). മനുഷ്യപുത്രൻ തന്റെ തേജസ്സിൽ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോഴാണ് ജാതികളുടെ ന്യായവിധി നടക്കുന്നത്. “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകല വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.” (മത്താ, 25:31-33). ന്യായവിധിയുടെ രംഗം യെഹോശാഫാത്ത് താഴ്വരയാണ്. (യോവേ, 3:1,2). 

7. ദൂതന്മാരുടെ ന്യായവിധി: പാപംചെയ്ത ദൂതന്മാരുടെ ന്യായവിധിയാണിത്. അന്ത്യന്യായവിധിയോടു ബന്ധപ്പെട്ടായിരിക്കണം ദൂതന്മാരുടെ ന്യായവിധി. പാപം ചെയ്ത ദൂതന്മാരെ നരകത്തിലാക്കി ന്യായവിധിക്കായി സൂക്ഷിച്ചിരിക്കുകയാണ്. “പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും.” (2പത്രൊ, 2:4). “തങ്ങളുടെ വാഴ്ച കാത്തുകൊളളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.” (യൂദാ, 6). നിത്യാഗ്നി ഒരുക്കപ്പെട്ടിരിക്കുന്നത് പിശാചിനും അവന്റെ ദൂതന്മാർക്കുമാണ്. (മത്താ, 25:41). 

8. വെളളസിംഹാസന ന്യായവിധി: ഭൂമിയുടെ അഗ്നി ശുദ്ധീകരണത്തിനു ശേഷവും നിത്യരാജ്യസ്ഥാപനത്തിനു മുമ്പുമാണ് അന്ത്യന്യായവിധി. എല്ലാ യുഗങ്ങളിലും മരിച്ചദുഷ്ടന്മാർ എല്ലാവരും വെള്ള സിംഹാസനത്തിനു മുമ്പിൽ വിധിക്കപ്പെടും. അവർ എല്ലാം തീപ്പൊ യ്ക്കയിൽ തള്ളപ്പെടും. (വെളി, 20:1-15). ന്യായവിധിയുടെ മാനദണ്ഡം പ്രവൃത്തികളാണ്. അതിൽനിന്നു ശിക്ഷയ്ക്കു വൈവിദ്ധ്യവും തരതമ്യഭേദവും ഉണ്ടെന്നു മനസ്സിലാക്കാം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. ഇതിനെ രണ്ടാം മരണം എന്നു വിളിക്കുന്നു. (വെളി, 20:15; 21:8).

Leave a Reply

Your email address will not be published. Required fields are marked *