സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതാരെയാണ്❓

☛ ❝അവനോ (സ്തെഫാനോസ്) പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.❞ (പ്രവൃ, 7:55-56). ➟ഈ വേദഭാഗപ്രകാരം, ദൈവവും ദൈവപുത്രനും നിത്യരും വ്യത്യസ്തരുമാണെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ ഈ വേദഭാഗം ശ്രദ്ധയോടെ ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ മനസ്സിലാക്കാം: 
ദൈവമഹത്വം കണ്ടു:
➦ ❝ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു❞ (saw the glory of God, and Jesus standing on the right hand of God). ➟സ്തെഫാനോസ് കണ്ടത് അദൃശ്യനായ ദൈവത്തെയല്ല; അദൃശ്യദൈവത്തിൻ്റെ മഹത്വമാണ് (തേജസ്സ്) കണ്ടത്. ➟ദൈവത്തിൻ്റെ മഹത്വം അഥവാ, തേജസ്സെന്ന് പറഞ്ഞിട്ട്, ആ ദൈവമഹത്വത്തെയാണ് ദൈവമെന്ന് അടുത്ത വാക്യത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ➟സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ വാക്യത്തിൽനിന്ന് കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം: ➦❝എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു.❞ (പ്രവൃ, 7:55). ➟സ്തെഫാനോസ് ഈ കാഴ്ച കണ്ടതിനും ഏകദേശം മുപ്പത് വർഷങ്ങൾക്കുശേഷമാണ് ❝ദൈവത്തെ ആർക്കും കാണ്മാൻ കഴിയുകയില്ല❞ എന്ന് പൗലൊസ് പറയുന്നത്: (1തിമൊ, 6:16). ➟പിന്നെയും ഏകദേശം ഇരുപത്തഞ്ച് വർഷങ്ങൾക്കു ശേഷമാണ് ❝ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല❞ എന്ന് യോഹന്നാൻ രണ്ടുവട്ടം പറയുന്നത്: (യോഹ, 1:18; 1യോഹ, 4:12). ➟അദൃശ്യനായ ദൈവത്തെയാണ് സ്തെഫാനോസ് കണ്ടതെങ്കിൽ, പൗലൊസും യോഹന്നാനും പറഞ്ഞതിൻ്റെ അർത്ഥമെന്താണ്❓ [കാണുക: അദൃശ്യദൈവം ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ?]. 
ദൈവപ്രകൃതിയുടെ സവിശേഷതകൾ: 
➦ ❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) അമർത്യനും (1തിമൊ, 6:16) ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) കാണ്മാൻ കഴിയാത്തവനും  (1തിമൊ, 6:16) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (2തിമൊ, 2:13) മാറ്റമില്ലാത്തവനും (മലാ, 3:6) നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ [നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ] (1യോഹ, 3:20) ഒരേയൊരു ദൈവമാണ് (Mónos TheósThe only God) നമുക്കുള്ളത്:❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➦❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15).
ദൈവത്തെ കണ്ടു:
➦ ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല എന്ന് ബൈബിൾ പറയുമ്പോൾത്തന്നെ അനേകംപേർ ദൈവത്തെ കണ്ടതായി പറഞ്ഞിട്ടുണ്ട്: ➟മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:8) മുതലായവർ ദൈവത്തെ കണ്ടിട്ടുള്ളവരാണ്. ➦മീഖായാവും യെശയ്യാവും യെഹെസ്ക്കേലും ദാനീയേലും സ്വർഗ്ഗത്തിൽ ദൂതന്മാരുടെ മദ്ധ്യേയാണ് ദൈവത്തെ കണ്ടത്. ➟ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന ദൈവത്തെയാണ് യെശയ്യാവും യോഹന്നാനും കണ്ടത്: (യെശ, 6:1-3; വെളി, 4:8). ➟മേല്പറഞ്ഞവരൊക്കെ ദൈവത്തെ കണ്ണുകൊണ്ട് കാണുകയും, ശബ്ദം കേൾക്കുകയും ചെയ്തവരാണ്. ➟ഇതിനെയാണ് ദൈവത്തിൻ്റെ പ്രത്യക്ഷതകൾ എന്നു ബൈബിൾ പറയുന്നത്: 
ദൈവത്തിൻ്റെ പ്രത്യക്ഷത:
➦ ❝ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.❞ ➟ദൈവത്തെ കണ്ടു എന്നു പറയാതെ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, ബിലെയാം, ദാവീദ്, ശലോമോൻ മുതലായവർക്കു ദൈവം പ്രത്യക്ഷനായതായും പറഞ്ഞിട്ടുണ്ട്: (പ്രവൃ, 7:2; ഉല്പ, 12:7; 17:1; 18:1; 26:2; 26:24; 35:9; പുറ, 3:16; സംഖ്യാ, 23:4; 23:16; 2ദിന, 3:1; 7:12). ➟പഴയപുതിയനിയമങ്ങളിൽ ദൈവം ജഡത്തിൽ (മനുഷ്യൻ) പ്രത്യക്ഷനായതിൻ്റെ തെളിവുമുണ്ട്; (ഉല്പ, 18:1-2; 1തിമൊ, 3:15-16യോഹ, 8:40). ➟അതായത്, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതകൾ (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧𝐬) അഥവാ, വെളിപ്പാടുകളെയാണ് പഴയപുതിയനിയമ ഭക്തന്മാർ കണ്ടത്. [കാണുക: യഹോവയുടെ പ്രത്യക്ഷതകൾ
എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു: 
➦ ദൈവപുത്രനായ യേശു പറയുന്നതു നോക്കുക: ❝സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.❞ (മത്താ,18:11). ➟❝എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും (നിത്യം) കാണുന്നു❞ എന്നാണ് യേശു പറഞ്ഞത്. ➟പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നാർത്തുകൊണ്ട് ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും യോഹന്നാനും സ്വർഗ്ഗത്തിൽ കണ്ടത്: (യെശ, 6:1-3; വെളി, 4:14:8). ➟തന്മൂലം, ദൂതന്മാർ നിത്യം മുഖം കണ്ട് ആരാധിക്കുന്ന പിതാവായ യഹോവയെയാണ് യെശയ്യാവും യോഹന്നാനും പഴയനിയമ ഭക്തന്മാരും കണ്ടതെന്ന് ദൈവപുത്രനായ യേശുവിൻ്റെ വാക്കിനാൽ വ്യക്തമാണ്. ➟പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). ➟പിതാവായ ദൈവമാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. (2പത്രൊ, 1:17). ➟മോശെയോട് ദൈവം സംസാരിച്ചുവെന്ന് യെഹൂദന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യോഹ, 9:29). [കാണുക: പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ]
പിതാവിൻ്റെ മനുഷ്യസാദൃശ്യം:
➦ സ്വർഗ്ഗസിംഹാനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തിനു് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേൽ രണ്ടുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യെഹെ, 1:26; 8:2ദാനീ, 7:9; വെളി, 4:2). ➟അദൃശ്യനായ ഏകദൈവം സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും നിത്യമായ ഒരു പ്രത്യക്ഷതയെടുത്ത് സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ ഉപവിഷ്ടനായിരിക്കുകയാണ്. ➟ദൈവപുത്രനായ യേശു ❝എൻ്റെ പിതാവു❞ എന്ന് സംബോധന ചെയ്തതും പഴയപുതിയനിയമ ഭക്തന്മാർ സ്വർഗ്ഗത്തിലും കണ്ടതും ഏകദൈവത്തിൻ്റെ ഈ പ്രത്യക്ഷതയാണ്. ➟സ്വർഗ്ഗത്തിൽ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവായ യഹോവയാണ് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിച്ചത്: (ഉല്പ, 1:26-27; 2:7; 5:1-2). [കാണുക: സ്വരൂപവും (Image) സാദൃശ്യവും (Likeness)]. ➟സ്വർഗ്ഗസിംഹാസനത്തിൽ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവായ യഹോവയുടെ അതേ സാദൃശ്യത്തിലാണ് ദൈവപുത്രനായ യേശു ലോകത്തിൽ വെളിപ്പെട്ടത്: (1തിമൊ, 3:15-16; യോഹ, 8:40). ➟അതുകൊണ്ടാണ്, ആദാമിനെ വരുവാനുള്ളവൻ്റെ പ്രതിരൂപമെന്നും പുരുഷനെയും യേശുവിനെയും ദൈവത്തിൻ്റെ പ്രതിമയെന്നും അഭിന്നമായി പറഞ്ഞിരിക്കുന്നത്: (റോമ, 5:141കൊരി, 11:7; കൊലൊ, 1:15). ➟അപ്പോൾ, ❝അദൃശ്യനായ ദൈവത്തിൻ്റെ മഹത്വവും, സ്വർഗ്ഗത്തിൽ മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവായ യഹോവയെയുമാണ് യേശുവെന്ന നാമത്തിൽ സ്തെഫാനോസ് കണ്ടതെന്ന് മനസ്സിലാക്കാം.❞ ➟മനുഷ്യപുത്രൻ എന്നതും ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്നതും വാഗ്ദത്ത സന്തതിയായ യിസ്രായേലിൻ്റെ പദവിയാണ്: (സങ്കീ, 8:4; 80:17; 144:3സങ്കീ, 80:17; 110:1). ➟ദൈവം അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നതുവരെ (പ്രവൃ, 1:6), ദൈവപുത്രനായ യേശുവിൽ ഉണ്ടായിരുന്ന ❝മനുഷ്യപുത്രൻ❞ എന്ന പദവി ഇനി ദൈവത്തിൽ നിക്ഷിപ്തമാണ്. ➟അതുകൊണ്ടാണ്, ❝ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു❞ എന്നു അവൻ പറഞ്ഞത്: (പ്രവൃ, 7:55-56യെഹെ, 1:26). [കാണുക: യേശുക്രിസ്തു എന്ന നാമം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാവിൻ്റെയും നാമം]. ➟യേശുവെന്ന നാമം പിതാവു പുത്രനുകൊടുത്ത തൻ്റെ നാമമാണ്: (യോഹ, 5:43; 17:11; 17:12). ➟അതായത്, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പേര് ❝യേശു❞ എന്നാണ്: (മത്താ, 28:19പ്രവൃ, 2:38; 8:16; 10:48; 19:5; കൊലൊ, 3:17). ➟പിതാവിനും പുത്രനും ഒരേ മനുഷ്യസാദൃശമായതുകൊണ്ടും പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നായതുകൊണ്ടുമാണ് ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്ത് യേശുവിനെ കണ്ടുവെന്നും മനുഷ്യപുത്രനെ കണ്ടുവെന്നും പറഞ്ഞിരിക്കുന്നത്: (യെഹെ, 1:26; കൊലൊ, 1:15). ➟ഈ വസ്തുതയ്ക്ക് വേറെയും തെളിവുണ്ട്:
യേശുവിൻ്റെ അസ്തിത്വം:
➦ യേശു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണെന്ന് അറിയാത്തതാണ് പലരുടെയും പ്രശ്നം. ➟പിതാവായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് (ജഡത്തിലെ വെളിപ്പാട്) യേശു: (1തിമൊ, 3:15-16). ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അഥവാ, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). ➟ അതായത്, ❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18യോഹ, 8:40). ➟അതുകൊണ്ടാണ്, ❝പിതാവിന്റെ മാർവ്വിടത്തിലുള്ള ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു❞ എന്ന് യോഹന്നാൻ പറയുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ]
പിതാവും പുത്രനും:
➦ ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് പിതാവായ യഹോവ പറയുന്നത്: (ഹോശേ, 11:9ഇയ്യോ, 9:32). ➟എന്നാൽ താൻ ദൈവമല്ല; മനുഷ്യനാണെന്നാണ് ദൈവപുത്രൻ പഠിപ്പിച്ചത്: (Joh, 5:44; 17:3യോഹ, 8:40). ➦❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം.❞ (മർക്കൊ, 15:39). ➟യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിനാൽ ആയിരുന്നു: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായി (മത്താ, 1:20; ലൂക്കൊ, 2:21), ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചു (ലൂക്കൊ, 1:35), ആത്മാവിൽ ബലപ്പെട്ട് വളർന്നു (ലൂക്കൊ, 2:40), ആത്മാവിനാൽ അഭിഷേകം പ്രാപിച്ചു (ലൂക്കൊ, 3:22പ്രവൃ, 10:38), ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടുമടങ്ങി (ലൂക്കൊ, 4:1), ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടു (മത്താ, 4:1; ലൂക്കൊ, 4:1), ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷിച്ചു (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചു (മത്താ, 12:28), ആത്മാവിനാൽ തന്നെത്താൻ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചു (എബ്രാ, 9:14), ആത്മാവിനാൽ ജീവിപ്പിക്കപ്പെട്ടു: (1പത്രൊ, 3:18). [കാണുക: പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനും]
ദൈവപുത്രൻ്റെ ശുശ്രൂഷയുടെ പരിസമാപനം:
➦ മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽവഹിച്ചുകൊണ്ട് (1പത്രൊ, 2:24), ➟തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46) മഹാപുരോഹിതനായ ക്രിസ്തു ദൈവാത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് സൗരഭ്യവാസനയായ യാഗമായി അർപ്പിക്കുകയായിരുന്നു: (എബ്രാ, 9:14 – എഫെ, 5:2; 1തിമൊ, 2:5-6). ➟മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ അവൻ ഉയിർപ്പിക്കപ്പെട്ടവൻ (1പത്രൊ, 3:18; പ്രവൃ, 10:40) ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി തൻ്റെ ❝പിതാവും ദൈവവും❞ ആയവൻ്റെ അടുക്കലേക്ക് (തിരുനിവാസം) കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി: (യോഹ, 20:17; എബ്രാ, 9:11-12എബ്രാ, 7:27; എബ്രാ, 10:10). ➟പിന്നീടു് സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് ദൈവപുത്രനായ മനുഷ്യനല്ല; ദൈവമാണ്. ➟അവനെയാണ്, ❝എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ❞ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ➟❝ദൈവം❞ എന്ന് ബൈബിൾ പലരെയും വിശേഷിപ്പിച്ചിട്ടുണ്ട്. ➟എന്നാൽ ഒരു യെഹൂദൻ യഹോവയായ ഏകദൈവത്തെയല്ലാതെ ❝എൻ്റെ ദൈവം❞ (𝐌𝐲 𝐆𝐨𝐝) അഥവാ, “ഹോ തെയോസ് മൂ” (ὁ θεός μου – Ho Theós Mou)  എന്ന് മറ്റാരെയും സംബോധന ചെയ്യില്ല. ➟❝എൻ്റെ ദൈവം❞ (𝐌𝐲 𝐆𝐨𝐝) എന്ന പ്രയോഗം പഴയനിയമത്തിൽ നൂറിലധികം പ്രാവശ്യം കാണാൻ കഴിയും. ഉദാ: (ആവ, 4:5; 18:16; 26:14; യോശു, 14:8; 2ശമൂ, 24:24; 1രാജാ, 3:7). ➟പുതിയനിയമത്തിൽ തോമാസ് പറയുന്നതൊഴികെ, പതിനാറ് പ്രാവശ്യം കാണാൻ കഴിയും. ദൈവപുത്രനായ ക്രിസ്തുവും (മത്താ, 27:46; മർക്കൊ, 15:33; യോഹ, 20:17) പൗലൊസും റോമ, 1:8; 1കൊരി, 1:4; ഫിലി, 1:6) മനുഷ്യപുത്രനോട് സദൃശനും (വെളി, 3:2; വെളി, 3:12) പിതാവിനെ ❝എൻ്റെ ദൈവം❞ എന്നു സംബോധന ചെയ്തിട്ടുണ്ട്. ➟ആരെയാണോ, പഴയനിയഭക്തന്മാരും മനുഷ്യനായ ക്രിസ്തുയേശുവും പൗലൊസും മനുഷ്യപുത്രനോട് സദൃശനായവനും ❝എൻ്റെ ദൈവം എന്ന് സംബോധന ചെയ്തത്, അവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസും, ❝എൻ്റെ ദൈവം❞ (𝐌𝐲 𝐆𝐨𝐝) എന്നേറ്റുപറഞ്ഞത്. ➟യെഹൂദനു് രണ്ടു ദൈവമില്ല; ഒരേയൊരു ദൈവമേയുള്ളൂ: [കാണുക: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ!, ദൈവം ഒരുത്തൻ മാത്രം, യഹോവ ഒരുത്തൻ മാത്രം].
ആത്മാക്കളുടെ ഉടയവൻ:
➦ ❝കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.❞ (പ്രവൃ, 7:59). ➟സ്തെഫാനോസ് സ്വർഗ്ഗത്തിൽ ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്തായി കണ്ട യേശുവിനോടാണ്, ❝എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ❞ എന്ന് വിളിച്ചപേക്ഷിച്ചത്. ➦യേശു അത്യുച്ചത്തിൽ ❝പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു❞ എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. (ലൂക്കോ, 23:46). ➟ദൈവപുത്രനായ യേശു പിതാവായ യഹോവയുടെ കയ്യിലാണ് തൻ്റെ മനുഷ്യാത്മാവിനെ ഏല്പിച്ചുകൊടുത്തത് എന്നതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: ➦❝നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.❞ (സങ്കീ, 31:5). ➟ആത്മാക്കളുടെ ഉടയവൻ പിതാവായ യഹോവയാണ്: ➦❝അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.❞ (സംഖ്യാ, 16:22). ➦❝സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.❞ (സംഖ്യാ, 27:17സങ്കീ, 31:5, 42:1-2; സഭാ, 12:7; ലൂക്കോ, 23:46; എബ്രാ, 12:9; 1പത്രൊ, 2:25; 4:19; വെളി, 22:6). ➟സകല ആത്മാവിനും ദേഹിക്കും ജഡത്തിനും പിതാവായ യഹോവ എന്ന ഒരേയോരു ഉടയവനേയുള്ളൂ. [കാണുക: സകല ആത്മാവിൻ്റെയും ദേഹിയുടെയും ജഡത്തിൻ്റെയും ദൈവം]. ➟ആത്മാക്കളുടെ ഉടയവൻ പുത്രനല്ല; പിതാവാണ്. ➟ആത്മാക്കളുടെ ഉടയവനായ പിതാവായ ഏകദൈവത്തിൻ്റെ കരങ്ങളിലാണ് ക്രിസ്തുയേശുവെന്ന മനുഷ്യനും സ്തെഫാനോസും മരണസമയത്ത് തങ്ങളുടെ ആത്മാക്കളെ ഏല്പിച്ചുകൊടുത്തതന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (ലൂക്കോ, 23:46; പ്രവൃ, 7:59). 
☛ അതായത്, ദൈവപുത്രനായ ക്രിസ്തു തൻ്റെ മനുഷ്യാത്മാവിനെ ആരുടെ കയ്യിലാണോ ഏല്പിച്ചുകൊടുത്തത്, അവനാണ് ദൈവപുത്രൻ്റെ ശുശ്രൂഷ പൂർത്തിയായശേഷം, യേശുവെന്ന നാമത്തിൽ നാല്പതുനാളോളം സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത്: (യോഹ, 20:19). ➟അവനെയാണ് തോമാസ് അപ്പൊസ്തലൻ ❝എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ!❞ എന്നേറ്റുപറഞ്ഞത്: (യോഹ, 20:28). ➟അവനെത്തന്നെയാണ് സ്തെഫാനോസ് സ്വർഗ്ഗത്തിൽ ദൈവമഹത്വത്തിൻ്റെ വലത്തുഭാഗത്ത് കണ്ടതും തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും: (പ്രവൃ, 7:55-59). ➟തന്നെപ്പോലെ മരണസമയത്ത് ദൈവകരങ്ങളിൽ ആത്മാവിനെ ഏല്പിച്ചു കൊടുത്തിട്ട് മരിച്ച മനുഷ്യനായ ക്രിസ്തുയേശുവിൻ്റ കയ്യിൽ സ്തെഫാനോസ് തൻ്റെ ആത്മാവിനെ അവൻ ഒരിക്കലും ഏല്പിച്ചുകൊടുക്കില്ല; അത് സാദ്ധ്യവുമല്ല: (1തിമൊ, 2:6). ➟അതിനാൽ, എൻ്റെ പിതാവിൻ്റെ മുഖം സ്വർഗ്ഗത്തിലെ ദുതന്മാർ എപ്പോഴും കാണുന്നു എന്ന് ക്രിസ്തു പറഞ്ഞതും സ്വർഗ്ഗസിംഹാസനത്തിൽ മനുഷ്യസാദൃത്തിൽ ഇരിക്കുന്നതായി പഴയപുതിയനിയമ ഭക്തന്മാർ കണ്ടതുമായ ആത്മാക്കളുടെ ഉടയവനായ പിതാവായ യഹോവയെത്തന്നെയാണ്, സ്തെഫാനോസ് കണ്ടതും തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്തതും എന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
☛ ക്രിസ്തു പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ, പുത്രൻ പിതാവിൽനിന്ന് വിഭിന്നനായിരിക്കില്ല. ➟അഥവാ, പിതാവും പുത്രനും ഒന്നുതന്നെയാണ്: ➦❝ഞാനും പിതാവും ഒന്നാകുന്നു, എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെ ക്രിസ്തു പറഞ്ഞത് അതുകൊണ്ടാണ്: (യോഹ, 10:30; 14:9യോഹ, 8:24; 8:28; 8:58). [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. ➦❝ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?❞ എന്നു യേശു ഫിലിപ്പോസിനോട് പറഞ്ഞതിൻ്റെ തെളിവാണ് സ്തെഫാനോസിനു് ലഭിച്ച സ്വർഗ്ഗീയദർശനം: (യോഹ, 14:9പ്രവൃ, 7:55-56). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, ദൈവഭക്തിയുടെ മർമ്മം]

പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.
(സഭാപ്രസംഗി 12:7)

Leave a Reply

Your email address will not be published. Required fields are marked *