മനുഷ്യപുത്രനായ യേശുക്രിസ്തു

☛ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനും മനുഷ്യപുത്രനുമല്ല; എന്നാൽ ക്രിസ്തു മനുഷ്യനും മനുഷ്യപുത്രനുമാണ്. “ഞാൻ മനുഷ്യനല്ല ദൈവം അത്രേ” എന്നാണ് യഹോവായ ഏകദൈവം പറഞ്ഞത്: (ഹോശേ, 11:9). യഹോവ “മനുഷ്യനും മനുഷ്യപുത്രനും അല്ലെന്നു” പഴയനിയമ ഭക്തന്മാരും പഠിപ്പിച്ചു: (സംഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). എന്നാൽ പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God), ഞാൻ മനുഷ്യനും മനുഷ്യപുത്രനും ആണെന്ന് യേശുവും (യോഹ, 17:3 – യോഹ, 8:40; മത്താ, 8:29), യേശു മനുഷ്യനാണന്ന് തിരുവെഴുത്തുകളും ആവർത്തിച്ച് വ്യക്തമാക്കുന്നു: മനുഷ്യൻ (മത്താ, 26:72; 26:74), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), പുരുഷനായ (Man) നസറായനായ യേശു (പ്രവൃ, 2:23), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 5:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (One man) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെ അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നത് നോക്കുക. ➟യേശു മനുഷ്യനാണെന്ന് 36 പ്രാവശ്യം അക്ഷരംപ്രതി ആലേഖനംചെത് വെച്ചിട്ടുണ്ട്: [കാണുക: ഏകമനുഷ്യനായ യേശുക്രിസ്തു].

☛ യേശു എന്ന വ്യക്തി:
➟ പഴയനിയമത്തിൽ വരുവാനുള്ളവനായ ക്രിസ്തുവിനെക്കുറിച്ചുള്ള വാഗ്ദത്തങ്ങളും പ്രവചനങ്ങളുമല്ലാതെ, ക്രിസ്തുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. ക്രിസ്തുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), കന്യകാജനനം (യെശ, 7:14), അഭിഷേകം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; ലൂക്കൊ, 1:35 ലൂക്കൊ, 3:22), പ്രവാചകത്വം (ആവ, 18:15; 18:18-19), ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവവും (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10), കർത്തൃത്വം (ലൂക്കൊ, 2:11 – പ്രവൃ, 2:36), പിൻവരുന്ന മഹിമ (1പത്രൊ, 1:11) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. പ്രവചനനിവൃത്തിയായി AM 3755-ലാണ് (BC 6) യേശു എന്ന് പേരുള്ള മനുഷ്യൻ അല്ലെങ്കിൽ വ്യക്തി (യോഹ, 9:11) പരിശുദ്ധാത്മാവിനാൽ ഉല്പാദിതനായി (മത്താ, 1:20; ലൂക്കൊ, 2:21) മറിയത്തിൻ്റെ മൂത്തമകനായി ജനിച്ചത്: (ലൂക്കൊ, 2:7). അപ്പോൾ മുതലാണ് ക്രിസ്തുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. യേശു/യേസൂസ് (Iesous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). AM 3789-ൽ (AD 29) അവന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ (ലൂക്കൊ, 3:23) യെശയ്യാവിൻ്റെയും ദുതൻ്റെയും പ്രവചനങ്ങളുടെ നിവർത്തിയായിട്ടാണ് അവൻ ക്രിസ്തുവും ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 3:22; പ്രവൃ, 10:38 ⁃ ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് തൻ്റെ പ്രഥമശുശ്രൂഷയിൽ യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). 

☛ മനുഷ്യപുത്രനും ദൈവപുത്രനും:
➟ മനുഷ്യപുത്രൻ, ദൈവപുത്രൻ എന്നിവ യേശുവിൻ്റെ പദവികൾ (Titles) ആണ്. എന്നാൽ മനുഷ്യപുത്രൻ എന്ന പദവി യേശുവിന് ജനനംമുതൽ ഉള്ളതാണ്. എന്നാൽ ദൈവപുത്രൻ എന്ന പദവി പ്രവചനത്തിൻ്റെ നിവൃത്തിയായി ലഭിച്ചതാണ്. അതായത്, യേശുവിനെ ആറുപേരുടെ പുത്രനായി പറഞ്ഞിട്ടുണ്ട്: 𝟭.അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), 𝟮.ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), 𝟯.മറിയയുടെ പുത്രൻ (മർക്കൊ, 6:3), 𝟰.യോസെഫിൻ്റെ പുത്രൻ (യോഹ, 1:45), 𝟱.മനുഷ്യപുത്രൻ (മത്താ, 8:20),  𝟲.ദൈവപുത്രൻ (മത്താ, 8:29). ഇതിൽ ജനനത്തിൽത്തന്നെ യേശു അഞ്ചുപേരുടെയും പുത്രനായിരുന്നു. എന്നാൽ ദൈവപുത്രൻ ആയിരുന്നില്ല. ദൈവദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി (ലൂക്കൊ, 1:32; ലൂക്കൊ, 1:35) യോർദ്ദാനിൽവെച്ച് പിതാവായ ദൈവത്താൽ “നീ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടപ്പോഴാണ് യേശു എന്ന് പേരുള്ള മനുഷ്യന് (യോഹ, 9:11) ദൈവപുത്രൻ (Son of God) എന്ന സവിശേഷ പദവി ലഭിച്ചത്: (ലൂക്കൊ, 3:22).

☛ ശുശൂഷ:
➟ മനുഷ്യനും മനുഷ്യപുത്രനും ആയവനാണ് ശുശ്രൂഷ ചെയ്തത്: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി: ശിലോഹാംകുളത്തിൽ ചെന്നു കഴുകുക എന്നു എന്നോടു പറഞ്ഞു; ഞാൻ പോയി കഴുകി കാഴ്ച പ്രാപിച്ചു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:11) ⁃⁃ “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.” (മർക്കൊ, 10:45 ⁃ മത്താ, 20:28)

☛ കഷ്ടാനുഭവവും മരണവും:
➟ മനുഷ്യനും മനുഷ്യപുത്രനും ആയവനാണ് മരിച്ചതും ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടതും: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6) ⁃⁃ “ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്കു ഏല്പിക്കും. അവർ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞു തുടങ്ങി.” (മർക്കൊ, 10:33-34) 

☛ ഉയിർപ്പും സ്വർഗ്ഗീയ പ്രവേശവും:
➟ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചത് നസറയനായ യേശു എന്ന മനുഷ്യനെ അഥവാ, പുരുഷനെയാണ്. ആ പുരുഷനാണ് ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി സ്വർഗ്ഗത്തിലെ തിരുനിവാസത്തിലേക്ക് കരേറിപ്പോയത്: ”ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:23-24) ⁃⁃ “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17).

☛ ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്നു:
➟ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നതും മനുഷ്യപുത്രനാണ്: “എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും” എന്നു പറഞ്ഞു.” (ലൂക്കൊ, 22:69). ⁃⁃ “ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.” (മർക്കൊ, 16:19 ⁃ പ്രവൃ, 2:33; പ്രവൃ, 7:56; റോമർ 8:34; എഫെ, 1:21; കൊലൊ, 3:1; എബ്രാ, 1:3; എബ്രാ, 8:1; എബ്രാ, 10:12; എബ്രാ, 12:2; 1പത്രൊ, 3:22). 

☛ സ്തഫാനോസിൻ്റെ സ്വർഗ്ഗീയ ദർശനം:
➟ ആദിമസഭയിലെ ശുശ്രൂഷകന്മാരിൽ ഒരുവനായ സ്തഫാനോസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് കണ്ടതും മനുഷ്യനും മനുഷ്യപുത്രനുമായ യേശുവിനെയാണ്: “ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.” (പ്രവൃ, 7:56).

☛ പുനരാഗമനം:
➟ തന്നെ കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കായി വീണ്ടുംവരുന്നതും മനുഷ്യപുത്രനാണ്: “യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.” (മത്താ. 26:64 ⁃ മർക്കൊ, 14:62) ⁃⁃ “ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.” (ലൂക്കൊ, 9:26 ⁃ ലൂക്കൊ, 18:18). 

☛ ദൈവത്തിന് കീഴ്പെട്ടിരിക്കും:
➟ സകലതും യഥാസ്ഥാനത്തായി കഴിഞ്ഞാൽ മനുഷ്യപുത്രൻ ദൈവത്തിന് കീഴ്പെട്ടിരിക്കും: “സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:27-28). 

☛ ദൈവപുത്രൻ ആയിരുന്നു സത്യം:
➟ ദൈവപുത്രൻ (Son of God) എന്നത് യേശു എന്ന് പേരുള്ള മനുഷ്യന് യോർദ്ദാനിൽവെച്ച് രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി ദൈവത്തിൽ ലഭിച്ച സവിശേഷ പദവിയാണെന്ന് മുകളിൽ നാം കണ്ടതാണ്. ദൈവപുത്രൻ എന്ന നിലയിയിലുള്ള യേശുവിൻ്റെ പദവി (Title) അല്ലെങ്കിൽ, ശുശ്രൂഷ (Ministry) തൻ്റെ ക്രൂശുമരണത്തോടെ അവസാനിച്ചു എന്നതിന് വചനത്തിൽ തെളിവുണ്ട്. “യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.” (മർക്കൊ, 15:39). ”ഗ്രീക്കിൽ “Alēthōs houtos ho anthrōpos Huios ēn theou” (Ἀληθῶς ὁ ἄνθρωπος οὗτος υἱὸς ἦν θεοῦ) എന്ന ഗ്രീക്ക് പ്രയോഗത്തിൻ്റെ അർത്ഥം: “സത്യമായും ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു” (Truly this Man was the Son of God!) എന്നാണ് ശതാധിപൻ സത്യംചെയ്ത് പറഞ്ഞത്. ഇവിടെ “ēn” (was) എന്ന പദം “ഭൂതകാല ക്രിയാപദം” (Imperfect Verb) ആണ്. ദൈവപുത്രൻ എന്ന പദവി അല്ലെങ്കിൽ ആ അവസ്ഥ ഭൂതകാലത്തിൽ നിലനിന്നിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. അതായത്, യേശുവിൻ്റെ കഷ്ടം സഹിക്കുന്ന ദൈവപുത്രൻ എന്ന നിലയിലുള്ള ശുശ്രൂഷ തൻ്റെ ക്രൂശുമരണത്തോടെ അവസാനിച്ചു; ഇനിയും മഹത്വധാരിയായ മനുഷ്യപുത്രൻ്റെ ശുശ്രൂഷയാണ് ശേഷിക്കുന്നത്. അതിനാണവൻ ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നത്.

☛ സമവീക്ഷണ സുവിശേഷങ്ങളിൽ ഈ വാക്യം പരിശോധിക്കുമ്പോൾ, ആശയം ഒന്നുതന്നെ ആണെങ്കിലും ചെറിയ വ്യത്യാസങ്ങൾ കാണുന്നുണ്ട്. അത് യഥാക്രമം: “അവൻ ദൈവപുത്രൻ ആയിരുന്നു സത്യം” (Truly this was the Son of God), “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” (Truly this Man was the Son of God), “ഈ മനുഷ്യൻ വാസ്ഥവമായി നീതിമാൻ ആയിരുന്നു” (This was a righteous man) എന്നുമാണ്: (മത്താ, 27:54; മർക്കൊ, 15:39; ലൂക്കൊ, 23:47). ഇതൊരു പരിഭാഷാപ്രശ്നമല്ല. ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനവും സമഗ്രവുമായ മൂന്നു ബൈബിൾ കയ്യെഴുത്തു പ്രതികളായ Codex Vaticanus (A.D. 300–350) Codex Sinaiticus (330-360), Codex Alexandrinus (400-440) മുതലായവയിലും വാക്യം ഇങ്ങനെതന്നെയാണ്. ഇതിൽനിന്ന് മനസ്സിലാകുന്നത് എന്താണെന്ന് ചോദിച്ചാൽ: “ഈ നീതിമാനായ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു” എന്നായിരിക്കും ശതാധിപൻ പറഞ്ഞത്. എന്നാൽ ആദ്യരണ്ട് സുവിശേഷകന്മാരും യേശു എന്ന് പേരുള്ള മനുഷ്യൻ്റെ (യോഹ, 9:11) ദൈവപുത്രത്വത്തിന് (Sonship of God) മുൻതൂക്കം കൊടുത്തുകൊണ്ടും, ലൂക്കൊസ് അവൻ്റെ നീതിക്ക് (Righteousness) മുൻതൂക്കം കൊടുത്തതുകൊണ്ടും ഉണ്ടായ വ്യത്യാസമാണ് കാണുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക]

അതായത്, പരിശുദ്ധാത്മാവ് മറിയത്തിൽ ഉല്പാദിപ്പിച്ചതും മറിയത്തിൻ്റെ മൂത്തമകനായി ജനിച്ചതും ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നതും ശുശ്രൂഷിച്ചതും മരിച്ചതും ദൈവം ഉയിർപ്പിച്ചതും ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇപ്പോൾ ഇരിക്കുന്നതും വീണ്ടും വരുന്നതും സകലതും യഥാസ്ഥാനത്തായി കഴിഞ്ഞാൽ ദൈവത്തിന് കീഴ്പെട്ടിരിക്കുന്നതും മനുഷ്യനും മനുഷ്യപുത്രനുമായ യേശുക്രിസ്തുവാണ്. പിന്നെങ്ങനെയാണ് യേശുക്രിസ്തു ദൈവമാണെന്ന് പറയാൻ കഴിയുന്നത്?

Leave a Reply

Your email address will not be published. Required fields are marked *