പരമാർത്ഥജ്ഞാനം 11

സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ:
➦ ❝ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു❞ എന്നു അരുളിച്ചെയ്തു. (മത്താ, 28:19). ➟ഈ വേദഭാഗത്ത്, ➤❝ആകയാൽ നിങ്ങൾ പുറപ്പെട്ടു, സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ❞ (Go ye therefore, and teach all nations) എന്ന പ്രയോഗം, യെഹൂദന്മാരെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നും കർത്താവിൻ്റെ കല്പനയിലെ സ്നാനവും സുവിശേഷവും ജാതികൾക്ക് ബാധകമല്ലെന്ന് കരുതുന്നവരുണ്ട്. ➟എന്നാൽ അങ്ങനെയല്ല; ഭൂമിയിലെ സകല ജാതികളെയും ഉദ്ദേശിച്ചുള്ളതാണ്. ➤❝പോറെവ്തെന്തെസ് ഊൻ മാത്തിറ്റ്യൂസാതെ പാന്താ താ എത്നേ❞ (πορευθέντες οὖν μαθητεύσατε πάντα τὰ ἔθνη ⁃ poreuthentes oun mathēteusate panta ta ethnē) എന്ന പ്രയോഗം കൃത്യമായി അതാണ് സൂചിപ്പിക്കുന്നത്. ➟അതിൽ ❝എത്നേ❞ (ἔθνη ⁃ ethnē) എന്ന പദത്തിന് ❝ജാതികൾ, ജനവിഭാഗങ്ങൾ (Gentiles), രാഷ്ട്രങ്ങൾ (nations)❞ എന്നൊക്കെയാണ് അർത്ഥം. ➟അത്, ❝എത്നോസ്❞ (ἔθνος ⁃ ethnos) എന്ന കീവേഡിൻ്റെ (Key) നിർദ്ദേശിക വിഭക്തിയിലുള്ള ബഹുവചനം (Nominative Case Plural) ആണ്. ➟ഇവിടെപ്പറയുന്ന ❝ജാതികൾ❞ യെഹൂദന്മാർ മാത്രമല്ല; എന്നതിന് പല തെളിവുകളുമുണ്ട്: ➤❝അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.❞ (പ്രവൃ, 2:5). ➟ഈ വാക്യം ശ്രദ്ധിക്കുക: ➤പെന്തെക്കൊസ്തുനാളിൽ യെഹൂദന്മാർ വന്നത് ആകാശത്തിൻ കീഴുള്ള സകല ജാതിയിൽ നിന്നുമാണ്. ➤ഇവിടെ, ❝ജാതി❞ (nation) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്നത്, ❝എത്നോസ്❞ (ἔθνος ⁃ ethnos) എന്ന കീവേഡിൻ്റെതന്നെ ❝എത്നൂസ്❞ (ἔθνους ⁃ ethnous) എന്ന ❝സംബന്ധിക വിഭക്തിയിലുള്ള ഏകവചനം❞ (Genitive Case Singular) ആണ്. ➟ഇതും കാണുക: (വെളി, 5:9; 7:9). ➟അതായത്, മത്തായിയിൽ ❝ജാതികൾ❞ (nations) എന്ന ബഹുവചനവും പ്രവൃത്തികളിൽ ഏകവചനവും ആണ്. ➟ലൂക്കൊസിൻ്റെ സമാന്തര വാക്യത്തിലും മത്തായിയുടെ അതേ പദമാണ്: (ലൂക്കൊ, 24:47). ➟മർക്കോസിൻ്റെ സമാന്തര വാക്യത്തിൽ: ➤❝ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ❞ എന്നാണ്: (മർക്കൊ, 16:15). ➟ഇവിടെ, ❝ലോകം, വിശ്വം, ഭൂമി❞ (Word) എന്നൊക്കെ അർത്ഥമുള്ള ❝കോസ്മോൺ❞ (κόσμον – kosmon) എന്ന പദമാണ്. ➤ഇത്, ❝കോസ്മോസ്❞ (κόσμος ⁃ kosmos) എന്ന പദത്തിൻ്റെ ❝പ്രതിഗ്രാഹിക ഈ ഭക്തിയിലുള്ള ഏകവചനം❞ (Accusative Case Singular) ആണ്. ➟രണ്ടു പദവും, യെഹൂദന്മാരും ശമര്യരും ജാതികളും ഉൾപ്പെടുന്ന ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യരെ കുറിക്കുന്നതാണ്. 
➦ വചനപരമായ തെളിവും അതിനുണ്ട്: ➤❝യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കണം.❞ (ലൂക്കൊ, 24:47). ➟യെരൂശലേമിൽ തുടങ്ങി അഥവാ, യെഹൂദന്മാരിൽത്തുടങ്ങി സകല ജാതികളിലും പ്രസംഗിചക്കണം. ➟അടൂത്തവാക്യം: ➤❝യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എൻ്റെ സാക്ഷികളാകും.❞ (പ്രവൃ, 1:8). ➟ഈ വാക്യം ശ്രദ്ധിക്കുക: ➤യെഹൂദന്മാരിലും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും അഥവാ, ജാതികളോടും സുവിശേഷം അറിയിക്കണം. ➟കർത്താവിൻ്റെ കല്പന ശിരസ്സാവഹിച്ച അപ്പൊസ്തലന്മാർ പത്രൊസിൻ്റെ നേതൃത്വത്തിൽ ചരിത്രപരമായി അത് നിവൃത്തിച്ചതായി കാണാം: ➤പ്രൃത്തികൾ 2-7 അദ്ധ്യായങ്ങൾ യെഹൂദന്മാരോടും 8-ാം അദ്ധ്യായം ശമര്യരോടും 10-അദ്ധ്യായം മുതൽ ജാതികളോടും സുവിശേഷം പ്രസംഗിക്കുകയും കർത്താവിൻ്റെ കല്പനപോലെ യേശുക്രിസ്തുവിൻ്റെ നാമത്തിൽ അവരെ സ്നാനപ്പെടുത്തുകയും ചെയ്തു. (മത്താ, 28:19 ⁃⁃ പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:17). ➟യെഹൂദന്മാരിലൂടെയാണ് സകല ജാതികൾക്കും രക്ഷ വരേണ്ടത്. ➟അതുകൊണ്ടാണ്, ഇങ്ങനെയൊരു ക്രമം കർത്താവ് പറഞ്ഞത്.
➦ ശമര്യാസ്ത്രിയോട് യേശു പറയുന്ന ഒരു കാര്യമുണ്ട്: ❝നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.❞ (യോഹ, 4:22). വാക്യം ശ്രദ്ധിക്കുക: ➤❝രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.❞ ➟ദൈവത്തിൻ്റെ രക്ഷ ശമര്യർക്കും ജാതികൾക്കും വരുന്നത് യെഹൂദന്മാരിൽനിന്നാണ്. ➟അതിനൊരു കാരണമുണ്ട്: ➤തൻ്റെ സ്നേഹിതനായ അബ്രാഹാമിനു് ദൈവം തന്നെക്കൊണ്ടുതന്നെ സത്യംചെയ്ത് കൊടുക്കുന്ന ഒരു വാഗ്ദത്തമുണ്ട്: ➤❝നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.❞ (ഉല്പ, 22:18). ➟വേദഭാഗം ശ്രദ്ധിക്കുക: ➤❝നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.❞ ➟അബ്രാഹാമിനോടു ദൈവം ചെയ്ത ഈ വാഗ്ദത്തം പുത്രനായ യിസ്ഹാക്കിലൂടെയും പൗത്രനായ യാക്കോബിലൂടെയും ദൈവം ഉറപ്പിച്ചുപോന്നു: (ഉല്പ, 26:5 ⁃⁃ ഉല്പ, 28:14). ➟പൂർവ്വപിതാക്കന്മാരിലൂടെ വാഗ്ദത്തം ലഭിച്ച, ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ട ആ സന്തതിയാണ് യിസ്രായേൽ അഥവാ, യെഹൂദന്മാർ: (പ്രവൃ, 3:25). ➟ദൈവം ജാതികൾക്ക് പ്രകാശമാക്കി വെച്ചിരിക്കുന്ന ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനാണ് യിസ്രായേൽ: (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). ➤❝യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.❞ (യെശ, 42:7). ദൈവം യിസ്രായേലിനെയാണ് ജാതികളുടെ പ്രകാശമാക്കി വെച്ചിരിക്കുന്നത്. ➟അടുത്തവാക്യം: ➤❝നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു.❞ (യെശ, 49:6). ➟ക്രിസ്തുവിലൂടെയാണ് ഈ വാഗ്ദത്തം യിസ്രായേലിന് നിവൃത്തിയായത്. യെശയ്യാപ്രവചനത്തിലെ വാഗ്ദത്തവചനം ഉദ്ധരിച്ചുകൊണ്ടാണ് യെഹൂദനായ പൗലൊസ് സുവിശേഷം അറിയിക്കാൻ ജാതികളിലേക്ക് തിരിയുന്നത്: (പ്രവൃ, 13:47-48). ➟ഈ വാഗ്ദത്തത്തിൻ്റെ നിവൃത്തിയായിട്ടാണ് ❝സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ❞ എന്ന് കർത്താവ് കല്പിച്ചത്. [കാണുക: യെഹൂദന്നു എന്തു വിശേഷത?]
ചരിത്രപരമായ മറ്റൊരു തെളിവ്:
റോമൻ സാമ്രാജ്യം, പാർത്തിയർ സാമ്രാജ്യം, അറേബ്യ
➦ യേശുവിൻ്റെ കാലത്ത് പാർത്തിയൻ സാമ്രാജ്യത്തിലും (Parthian Empire) റോമാ സാമ്രാജ്യത്തിലും (Roman Empire) അറേബ്യയിലും (Arabia) മാത്രമാണ് യെഹൂദന്മാരുണ്ടായിരുന്നത്. ➟അല്ലാതെ, ഭൂമി മുഴുവൻ യെഹൂദന്മാർ ഇല്ലായിരുന്നു. 
വിശദമായി: പ്രവൃത്തികൾ രണ്ടാം അദ്ധ്യായം 9–10 വാക്യങ്ങളിൽ 17 വിഭാഗം ആളുകളെ കാണാം: ➤❝പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം❞ (പ്രവൃ, 2:9-10). അവർ യഥാക്രമം, ➤പാർത്തിയൻ സാമ്രാജ്യത്തിൽ: പർത്ഥർ (Parthians), മേദ്യർ (Medes), ഏലാമ്യർ (Elamites), മെസപ്പൊത്താമ്യർ [ഇന്നത്തെ ഇറാക്ക്] (Mesopotamia). ➤റോമാ സാമ്രാജ്യത്തിൽ: യെഹൂദ്യ (Judaea), കപ്പദോക്യ (Cappadocia), പൊന്തൊസ് (Pontus), ആസ്യ (Asia), പ്രുഗ്യ (Phrygia), പംഫുല്യ (Pamphylia), മിസ്രയീം [ഈജിപ്ത്] (Egypt), കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങൾ (the parts of Libya about Cyrene), റോമയിൽ നിന്നു വന്നു പാർക്കുന്നവർ (strangers of Rome), ക്രേത്യർ (Cretes). ➤അറേബ്യൻ ഉപദ്വീപിൽ നിന്നുള്ളവർ: അറബിക്കാർ (Arabians). ➤പൊതുവിഭാഗം: യെഹൂദന്മാർ (Jews) [എല്ലാ സാമ്രാജ്യങ്ങളിലുമുള്ള ജനത], യെഹൂദമതാനുസാരികൾ (Proselytes) [എല്ലായിടത്തും നിന്നുമുള്ള യെഹൂദമതം സ്വീകരിച്ച അന്യജാതിക്കാർ]. കർത്താവിൻ്റെ കല്പന: ➤❝സകലജാതികളിലും ⁃⁃ ഭൂലോകത്തിൽ ഒക്കെയും ⁃⁃ ഭൂമിയുടെ അറ്റത്തോളവും❞ പോയി സുവിശേഷം അറിയിക്കാനാണ് കർത്താവിൻ്റെ കല്പന. ഭൂലോകത്തൊക്കെയും അല്ലെങ്കിൽ ഭൂമിയുടെ അറ്റത്തോളവും അന്ന് യേഹൂദന്മാർ ഇല്ലായിരുന്നു. എ.ഡി. 70-ലെ യെരൂശലേം ദൈവാലയത്തിൻ്റെ നാശത്തിനുശേഷമാണ് യെഹൂദന്മാൻ ഭൂമിമുഴുവൻ ചിതറിപ്പോകാൻ തുടങ്ങിയത്. തന്മൂലം, കർത്താവിൻ്റെ സ്നാനത്തെക്കുറിച്ചുള്ള കല്പനയും സുവിശേഷം അറിയിക്കാനുള്ള കല്പനയും ഭൂമിയിലെ സകല ജാതികളെയും ഉദ്ദേശിച്ചുള്ളതാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

ജീവൻ്റെ വചനം (The Word of life): 
➦ ❝ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു – ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു – ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.❞ (1യോഹ, 1:1-3). ➟ഈ വേദഭാഗത്ത് പറയുന്ന ❝ജീവൻ്റെ വചനം❞ (The Word of life) യേശുവാണെന്ന് പലരും കരുതുന്നു. ➟എന്നാൽ ഇവിടെപ്പറയുന്നത് യേശുവിനെക്കുറിച്ചല്ല; സുവിശേഷമാകുന്ന ജീവൻ്റെ വചനത്തെക്കുറിച്ചാണ്. ➟തെളിവുകൾ നോക്കാം: 
❶ ഒന്നാം വാക്യത്തിൽ ജീവൻ്റെ വചനത്തെക്കുറിച്ച് അഞ്ച് കാര്യങ്ങളാണ് പറയുന്നത്: ➤𝟏.ആദിമുതലുള്ളത് (That which was from the beginning), 𝟐.ഞങ്ങൾ കേട്ടത് (which we have heard), 𝟑.സ്വന്തകണ്ണുകൊണ്ട് കണ്ടത് (which we have seen with our eyes), 𝟒. ഞങ്ങൾ നോക്കിയത്, 𝟓.ഞങ്ങളുടെ കൈ തൊട്ടത് (which we have looked upon, and our hands have handled). ➟മേല്പറഞ്ഞ അഞ്ചുകാര്യങ്ങളും ❝അതു❞ എന്ന നപുംസകലിംഗത്തിലാണ് (Neuter) പറയുന്നത്. ഇംഗ്ലീഷിലും ❝ഏതോ അതു❞ എന്നർത്ഥമുള്ള ❝which❞ എന്ന നമുംസകലിഗമാണ് (Neuter) കാണുന്നത്. ➤ഗ്രീക്കിൽ ❝ഹോ❞ (Ὃ – Ho ⁃ ὃ – ho) എന്ന നപുംസകലിംഗത്തിലുള്ള ആപേക്ഷിക സർവ്വനാമമാണ് (Relative Pronoun ) ഉപയോഗിച്ചിരിക്കുന്നത്. ➤❝ഹോസ്❞ (ὅς – hos) എന്ന നിർദ്ദേശിക വിഭക്തിയിലുള്ള ഏകവചന പുംല്ലിംഗത്തിൻ്റെ (Nominative Case Singular Masculine) പ്രതിഗ്രാഹിക വിഭക്തിയിലുള്ള ഏകവചന നപുംസകലിഗമാണ് (Accusative Singular Neuter) ❝ഹോ❞ എന്ന പദം. ➟അതായത്, മൂലഭാഷയായ ഗ്രിക്കിലും ഇംഗ്ലീഷിലും മലയാളത്തിലും ❝ജീവൻ്റെ വചനത്തിനു❞ ആമുഖം കുറിച്ചിരിക്കുന്നത് നപുംസക ലിംഗത്തിലാണ്. 
➦ വചനപരമായും ഭാഷാപരമായും ദൈവത്തിനും ക്രിസ്തുവിനും പുരുഷന്മാർക്കും ഉപയോഗിക്കേണ്ടത് പുംല്ലിഗവും (Masculine) സ്ത്രീകൾക്ക് സ്ത്രീലിംഗവും (Feminine) വചനം, ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും സവിശേഷ ഗുണങ്ങൾ, വസ്തുക്കൾ മുതലായവയ്ക്ക് ഉപയോഗിക്കേണ്ടത് നപുംസകലിഗവും (Neuter) ആണ്. ➟പ്രസ്തുതവേദഭാഗത്തെ ❝ജീവൻ്റെ വചനം❞ യേശുവെന്ന പുരുഷൻ ആയിരുന്നെങ്കിൽ (യോഹ, 1:30; പ്രവൃ, 2:23), പുല്ലിംഗമല്ലാതെ നപുംസകലിഗം യോഹന്നാൻ ഒരിക്കലും ഉപയോഗിക്കില്ലായിരുന്നു. ➟ബൈബിൾ വെളിപ്പെടുത്തുന്ന ❝വചനം❞ (Logos – Word), ആരുടെയും അസ്തിത്വമോ (Existence), പ്രകൃതിയോ (Nature), പദവിയോ (Title), സംജ്ഞാനാമമോ (Proper Noun) അല്ല; ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദൂതന്മാരുടെയും മനുഷ്യരുടെയും വായിൽനിന്ന് പുറപ്പെടുന്ന ❝വാക്കു❞ (Word) ആണ്. ➟പിന്നെങ്ങനെ വചനം ക്രിസ്തു ആണെന്ന് പറയും❓ ➟യേശു ❝ജീവൻ്റെ വചനം❞ എന്നതുപോയിട്ട് ❝വചനം❞ പോലുമല്ല; പിന്നെങ്ങനെ അവിടെപ്പറയുന്നത് യേശുവിനെക്കുറിച്ചാണെന്ന് പറയാൻ പറ്റും❓ [കാണുക: യേശു വചനമല്ല; വെളിച്ചമാണ്, ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?]
❷ ക്രിസ്തു പിതാവിനെക്കുറിച്ച് പറയുന്ന ഒരു വാക്യം കാണിക്കാം: ➤❝നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ “അവനെ” അറിയുന്നു; “അവനെ” കണ്ടുമിരിക്കുന്നു” എന്നു പറഞ്ഞു.❞ (യോഹ, 14:7). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ❝അവനെ അറിയുന്നു, അവനെ” കണ്ടിരിക്കുന്നു❞ എന്നിങ്ങനെ ❝ അവൻ❞ (Him – αὐτὸν – auton) എന്ന പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ➟അതുപോലെ, അപ്പൊസ്തലന്മാർ കണ്ടതും തൊട്ടതുമായ ❝ജീവൻ്റെ വചനം❞ ക്രിസ്തു ആയിരുന്നെങ്കിൽ പുല്ലിംഗത്തിൽ അല്ലാതെ, നപുംസകലിംഗത്തിൽ പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟മറ്റൊരു വാക്യം കാണുക: ➤❝ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.❞ എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.❞ (1കൊരി, 2:9). ➟ഈ വേദഭാഗത്ത്, ദൈവം ഒരുക്കിയിട്ടുള്ള❝അതു❞ എന്നത് ചില ❝കാര്യങ്ങൾ❞ (the things which) ആണ്. ➤ഗ്രീക്കിൽ, ❝ഹ❞ (ἃ – ha) എന്നത് പ്രതിഗ്രാഹിക വിഭക്തിയിലുള്ള നപുംസകലിംഗ ബഹുവചനം (Accusative Plural Neuter) ആണ്. ➟ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരിക്കിയിട്ടുള്ളത് ചില കാര്യങ്ങൾ അഥവാ, നന്മകളാണ്. ➟അതുകൊണ്ടാണ്, ബഹുവചനത്തിലും നപുംസകലിംഗത്തിലും പറയുന്നത്. ➟ദൈവത്തെയോ, ക്രിസ്തുവിനെയോ, ദൂതനെയോ, മനുഷ്യനെയോ കുറിച്ച് പറയുമ്പോൾ, ❝അതു എന്നല്ല; അവൻ❞ ആണ് ഉപയോഗിക്കേണ്ടത്. ➟❝അതു❞ എന്ന നപുംസകലിംഗം, നമ്മുടെ കർത്താവായ യേശു എന്നതുപോയിട്ട്, അവനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദാ ആയിരുന്നാൽപ്പോലും ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟അവനുപോലും പുല്ലിംഗമാണ് ഉപയോഗിച്ചിരിക്കുന്നത്: (മത്താ, 26:15). ➟പ്രസ്തുത ഭാഗത്തുള്ള ❝ജീവൻ്റെ വചനം❞ നമ്മുടെ കർത്താവായ ക്രിസ്തു ആയിരുന്നെങ്കിൽ, നപുംസകലിംഗ സർവ്വനാമം എഴുത്തുകാരൻ ഉപയോഗിക്കുമായിരുന്നില്ല. ➟വ്യാകരണവിരുദ്ധമായി എഴുത്തുകാർ അതിനു് ശ്രമിച്ചാലും പരിശുദ്ധാത്മാവ് അനുവദിക്കയില്ല. ➟എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്: (2തിമൊ, 3:16).
❸ ജീവൻ്റെ വചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന അതേകാര്യം, പിതാവിനെക്കുറിച്ച് രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: ➤❝പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്ക് എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു.❞ (1യോഹ, 2:13 ⁃⁃ 2:14). ➟ഈ വേദഭാഗത്ത് പിതാവായ ദൈവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്, ❝ആദിമുതലുള്ള അവൻ❞ (him that is from the beginning) എന്ന് പുല്ലിംഗത്തിൽ (Masculine) ആണ്. ➤ഗ്രീക്കിൽ ❝ടൊൻ അപ്പ് അർഖേസ്❞ (τὸν ἀπ’ ἀρχῆς – ton ap’ archēs) ആണ്. അതിൽ, ❝ടൊൻ❞ (τὸν – ton) എന്നത്, പ്രതിഗ്രാഹിക വിഭക്തിയിലുള്ള ഏകവനപുല്ലിംഗം ( Accusative Singular Masculine) ആണ്: [കാണുക: Biblehub]. ➟പിതാവിനെ പുല്ലിംഗത്തിൽ വിശേഷിപ്പിച്ച യോഹന്നാൻ തൻ്റെ അതേ ലേഖനത്തിൽ, അതേ പ്രയോഗം പുത്രനെക്കുറിച്ച് ആയിരുന്നെങ്കിൽ, ❝ആദിമുതലുള്ള അതു❞ എന്ന് നപുംസകലിംഗം ഉപയോഗിക്കുമായിരുന്നോ❓ ➟എഴുത്തുകാർ സ്വന്ത ബുദ്ധിയിലല്ല; പരിശുദ്ധാത്മാവിലാണ് പുസ്തകങ്ങൾ എഴുതിയത്. ➟അപ്പൊസ്തലന്മാർക്ക് വ്യാകരണവിരുദ്ധമായി എന്തെങ്കിലും എഴുതിവെക്കാൻ തോന്നിയാലും അവരിൽ വ്യാപരിച്ചിരുന്ന ആത്മാവ് അതിന് സമ്മതിക്കില്ല. 
❹ യോഹന്നാൻ പറയുന്ന വചനം ❝ജീവൻ്റെ വചനം❞ (The word of life) എന്നത് ഗ്രീക്കിൽ, ❝തൂ ലോഗൂ സോയെസ്❞ (τοῦ Λόγου ζωῆς – tou Logou zōēs) എന്നാണ്. [കാണുക: BIB]. ➟❝ജീവൻ്റെ വചനം❞ എന്ന് യോഹന്നാൻ പറയുന്നത് ദൈവത്തിൻ്റെ സാക്ഷാൽ വചനമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം (logos) പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.❞ (ഫിലി, 2:15). ➟ശ്രദ്ധിക്കുക: ➤ഇവിടെയും ❝ലോഗോൺ സോയെസ്❞ (λόγον ζωῆς – logon zōēs) ആണ്. [കാണുക: BIB]. ➟ആദ്യത്തേതിൽ, ❝ലോഗോസ്❞ (λόγος – logos) എന്ന പദത്തിൻ്റെ ❝Logou❞ എന്ന സംബന്ധിക വിഭക്തിയും (Genitive Case), രണ്ടാമത്തേതിൽ, ❝logon❞ എന്ന പ്രതിഗ്രാഹിക വിഭക്തിയും (Accusative Case) ആണ്. ➟ക്രിസ്തു അല്ല; ക്രിസ്തുവിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ് ലോഗോസ്: ➤❝എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.❞ (ലൂക്കോ, 4:22). ➟ഈ വാക്യത്തിൽ, ലോഗോസിൻ്റെ സംബന്ധിക വിഭക്തിയിലുള്ള ബഹുവചനമായ (Dative Case Plural) ❝ലോഗോയിസ്❞ (λόγοις – logois) ആണ്. ➟അടുത്തരണ്ട് വാക്യത്തിൽ, യേശുവിൻ്റെ അധികാരത്തോടെയുള്ള വചനത്തെ (Word) കുറിക്കാൻ ❝ലോഗോസ്❞ (λόγος – logos) ആണ് ഉപയോഗിക്കുന്നത്: (ലൂക്കൊ, 4:32; ലൂക്കൊ, 4:36). ➟യേശുവിൻ്റെ വായിൽനിന്ന് പുറപ്പെടുന്ന ലോഗോസിനെ യേശു ആക്കിയാൽ എങ്ങനെയിരിക്കും❓ ➟അടുത്ത രണ്ട് വാക്യങ്ങൾ, ❝വചനം❞ (Word) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝റീമാ❞ (ῥῆμα – rhēma) എന്ന പദംകൊണ്ടുള്ളതാണ്: ➤❝നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം (rhema) എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.❞ (പ്രവൃ, 5:20). ➟അടുത്തവാക്യം: ➤❝ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ (rhema) നിന്റെ പക്കൽ ഉണ്ട്.❞ (യോഹ, 6:68). ➟ജിവൻ്റെ വചനങ്ങളാണ് ക്രിസ്തുവിൻ്റെ പക്കൽ ഉണ്ടായിരുന്നത്. ➟അവൻ്റെ വായിൽനിന്നാണ് ലോഗോസ് പുറപ്പെട്ടത്. ➟മേല്പറഞ്ഞ മൂന്നു വാക്യങ്ങളിലും ❝ജീവൻ്റെ വചനം❞ എന്നത്, ജിവൻ നല്കുന്ന സുവിശേഷ വചനമാണ്; ആ വചനത്താലാണ് വ്യക്തികൾ വീണ്ടും ജനിച്ച് ജീവൻ പ്രാപിക്കുന്നത. (1പത്രൊ, 1:23; യാക്കോ, 1:18). ➟അതുകൊണ്ടാണ്, വചനത്തെ ജീവൻ്റെ വചനം എന്ന് യോഹന്നാൻ പറയുന്നത്. ➟അല്ലാതെ, യേശു ജീവൻ്റെ വചനമല്ല; അവൻ നിത്യരക്ഷരുടെ കാരണഭുതനാണ്: (എബ്രാ, 5:9). 
❺ ക്രിസ്തു യിസ്രായേലിൽ മൂന്നരവർഷം രഹസ്യത്തിലല്ല; പരസ്യമായാണ് ശുശ്രൂഷ ചെയ്തത്. ➟തൻ്റെ ശുശ്രൂഷയിലുടനീളം ലക്ഷക്കണക്കിന് ആർക്കാർ അവനെ കാണുകയും പതിനായിരക്കണക്കിന് ആൾക്കാർ അവനെ തൊടുകയും ചെയ്തിട്ടുണ്ട്: (മർക്കൊ, 5:24; ലൂക്കൊ, 5:1; 8:42). ➟അതിനാൽ, ക്രിസ്തുവിനെ ഞങ്ങൾ കേട്ടു, കണ്ടു, നോക്കി, തൊട്ടു എന്നൊക്കെ തൻ്റെ ലേഖനത്തിൽ പറയാൻ ഒരാവശ്യവുമില്ല. ➟എഴുത്തുകാരനായ യോഹന്നാൻ ഏറ്റവും അടുത്ത സ്നേഹിതനെപ്പോലെ യേശുവിൻ്റെ മാർവ്വിൽ ചാരിക്കിടന്നിട്ടുള്ളവനാണ്: (യോഹ, 13:23). ➟അതിനെക്കാൾ വലുതല്ലല്ലോ; കണ്ടതും കേട്ടതും തൊട്ടതും. ➟യേശുവിനോട് അടുത്തിടപഴകിയതാണ് പ്രസ്തുത വേദഭാഗത്തെ സാക്ഷ്യമെങ്കിൽ, ➤❝യേശുവിൻ്റെ മാർവ്വിൽ ചാരിക്കിടന്നിട്ടുള്ളവൻ സാക്ഷീകരിക്കുന്നു❞ എന്ന് പറഞ്ഞാൽപ്പോരേ❓ ➟അതിനെക്കാൾ വലിയൊരു സാക്ഷ്യമുണ്ടോ❓
❻ അടുത്തവാക്യം: ➤❝ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടു കൂടെയിരുന്ന് ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കയും ചെയ്യുന്നു.❞ (1യോഹ, 1:2). ➟ഈ വേദഭാഗത്ത്, ❝പിതാവിനോടു കൂടെയിരുന്ന് ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവൻ❞ എന്ന് പറയുന്നതും ദൈവത്തിൻ്റെ വചനത്തെക്കുറിച്ചാണ്: ➤ജീവൻ്റെ വചനവും (എബ്രാ, 4:12; 1യോഹ, 1:1) ➤വീണ്ടുംജനിപ്പിക്കുന്ന വചനവും (യാക്കോ, 1:18; 1പത്രൊ, 1:23) ❝ലോഗോസ്❞ (logos) ആണ്. ➤❝അവനിൽ അഥവാ, വചനത്തിൽ ജീവനുണ്ടായിരുന്നു❞ എന്ന് യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ പറഞ്ഞിട്ടുണ്ട്: (യോഹ, 1:4). ➟സുവിശേഷം അഥവാ, പ്രസംഗിക്കപ്പെടുന്ന ജീവൻ്റെ വചനത്താൽ ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 3:16). ➟അടുത്തവാക്യം: ➤❝ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.❞ (1യോഹ, 1:3). ➟ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ❝ഞങ്ങൾ കണ്ടും കേട്ടുമുള്ള അതു❞ (That which we have seen and heard) എന്ന് വീണ്ടും പറയുന്നതും നപുംസകലിംഗത്തിലാണ്. ➤ഇവിടെയും ❝ഹോ❞ (ὃ – ho)എന്ന പ്രതിഗ്രാഹിക വിഭക്തിയിലുള്ള ഏകവചന നപുംസകലിഗമാണ് (Accusative Singular Neuter). ➟അത് ക്രിസ്തുവല്ല; ജീവൻ്റെ വചനമാണ്. ➟അടുത്തഭാഗം: ➤❝ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.❞ ദൈവത്തിൻ്റെ സാക്ഷാൽ വചനം മുഖാന്തരമാണ് പിതാവിനോടും പുത്രനോടും കൂട്ടായ്മ ഉണ്ടാകുന്നത്. വചനം കൂടാതെ ജീവനുമില്ല; പിതാവിനോടും പുത്രനോടും കൂട്ടായ്മയുമില്ല. ➟അതാണ്, 1യോഹന്നാൻ ആദ്യഭാഗത്തിൻ്റെ വിഷയം. ➟അപ്പൊസ്തന്മാർ അടുത്തറിഞ്ഞതും അനുഭവിച്ചറിഞ്ഞതും കണ്ടറിഞ്ഞതും തൊട്ടറിഞ്ഞതും (തിരുവെഴുത്തുകൾ) രുചിച്ചറിഞ്ഞതുമായ വചനത്തെക്കുറിച്ചാണ് യോഹന്നാൻ പറയുന്നത്. 
❼ തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: ➤❝എന്റെ വചനത്തിൽ (In my word) നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി.❞ (യോഹ, 8:31). ➤❝ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം (My word) പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല.❞ (യോഹ, 8:51). ➤❝സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം (The word of Christ)  ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ.❞ (കൊലൊ, 3:16 ⁃⁃ ലൂക്കൊ, 21:38; യോഹ, 4:41; 8:37; 8:43; 14:23; 14:24; 15:20). ➟മേല്പറഞ്ഞ വേദഭാഗങ്ങളിൽ ❝ലോഗോസിനെ❞ (logos) ❝എൻ്റെ വചനം❞ എന്ന് യേശുവും ക്രിസ്തുവിൻ്റെ വചനം എന്ന് പൗലൊസും പറയുന്നുണ്ട്. ➟ഇതുപോലെ അനേകം വാക്യങ്ങളുണ്ട്. ➟യേശു വചനമാണെന്ന് വചനവിരുദ്ധമായി പറയുന്നവർ, ❝യേശുവിൻ്റെ വചനം❞ ആരാണെന്ന് പറയും❓ വചനത്തിനു് മറ്റൊരു വചനമുണ്ടാകുമോ❓ ദൈവത്തിൻ്റെ ദൈവം, യേശുവിൻ്റെ യേശു, വചനത്തിൻ്റെ വചനം എന്നൊക്കെ പറയാൻ പറ്റുമോ❓ വചനവിരുദ്ധതയ്ക്കും ഒരു മര്യാദയില്ലേ❓

Leave a Reply

Your email address will not be published. Required fields are marked *