
യോഹന്നാൻ്റെ സുവിശേഷം ഒന്നാം അദ്ധ്യായം 1-മുതൽ 14-വരെയുള്ള വാക്യങ്ങൾ സുവിശേഷത്തിൻ്റെ ആമുഖം (introduction) ആണ്. 15-ാം വാക്യം തുടങ്ങിയാണ് സുവിശേഷ ചരിത്രം ആരംഭിക്കുന്നത്. 1-മുതൽ 18-ാം വാക്യംവരെ ഇങ്ങനെ സംഗ്രഹിക്കാം:
1-2 വാക്യങ്ങൾ: വചനം ആരായിരുന്നു അഥവാ, ജഡമായിത്തീർന്നു എന്നു യോഹന്നാൻ ആത്മീയമായി പറയുന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വം വ്യക്തമാക്കുന്നു. (1യോഹ, 1:1-2)
3-ാം വാക്യം: സൃഷ്ടിയിൽ വചനത്തിൻ്റെ പങ്ക് വ്യക്തമാക്കുന്നു. (സങ്കീ, 33:6; 2പത്രൊ, 3:5. ഒ.നോ: എബ്രാ, 11:3)
4-5 വാക്യങ്ങൾ: വചനവും ലോകവുമായുള്ള ബന്ധം വെളിപ്പെടുത്തുന്നു. (യോഹ, 6:63,68; എബ്രാ, 4:12; 119:105)
6-ാം വാക്യം: യോഹന്നാൻ സ്നാപകനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. (യോഹ, 15-16, 30-33)
7-9 വാക്യങ്ങൾ: ലോകത്തിൻ്റെ വെളിച്ചമായ ക്രിസ്തുവിനെക്കുറിച്ചുള്ള യോഹന്നാൻ്റെ സാക്ഷ്യവും സത്യവെളിച്ചമായ ക്രിസ്തുവിൻ്റെ ലോകത്തിലേക്കുള്ള ആഗമനത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നു. (യോഹ, 1:26-34; 3:19; 8:12; 9:5; യോഹ, 1:14)
10-ാം വാക്യം: ലോകത്തിൽ ഉണ്ടായിരുന്നതും സകലതും ഉളവാക്കിയതുമായ വചനത്തെക്കുറിച്ച് വീണ്ടും പറയുന്നു. (സങ്കീ, 33:6)
11-ാം വാക്യം: സ്വന്തജനം (യെഹൂദന്മാർ) ജീവദായകമായ ദൈവത്തിൻ്റെ വചനത്തെ തള്ളിയ കാര്യം പറഞ്ഞിരിക്കുന്നു. (യോഹ, 1:4,5; 6:63; എബ്രാ, 4:12)
12-ാം വാക്യം: വചനത്തിലൂടെ സകല ജാതികൾക്കുമുള്ള രക്ഷ വെളിപ്പെടുത്തുന്നു. (പ്രവൃ, 15:7)
13-ാം വാക്യം: വചനത്തിൽ അഥവാ സുവിശേഷത്തിൽ വിശ്വസിക്കുന്നവരുടെ വീണ്ടും ജനനം. (1കൊരി, 4:15; ഗലാ, 3:2,5; യാക്കോ, 1:18; 1പത്രൊ, 1:23)
14-ാം വാക്യം: വചനം ജഡമായിത്തീർന്നു; മനുഷ്യരോടുകൂടി വസിക്കുന്നു. (1യോഹ, 1,2)
15-ാം വാക്യം: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം. (1തിമൊ, 3:14-16)
16-ാം വാക്യം: ക്രിസ്തുവിലൂടെയുള്ള ദൈവകൃപ. (തീത്തൊ, 2:11)
17-ാം വാക്യം: ന്യായപ്രമാണവും കൃപയും. (2കൊരി, 3:15-18)
18-ാം വാക്യം: പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു: (മത്താ, 11:27; ലൂക്കൊ, 10:22)
1️⃣ “വചനം ദൈവത്തിൻ്റെ കൂടെ ആയിരുന്നു” എന്ന് പറഞ്ഞിരിക്കയാൽ, ക്രിസ്തു ആദിമുതലേ ദൈവത്തോടുകൂടെ മറ്റൊരുത്തനായി ഉണ്ടായിരുന്നു എന്ന് അനേകരും കരുതുന്നു. എന്നാൽ യോഹന്നാൻ പറയുന്ന വചനം ക്രിസ്തുവല്ല; ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വചനമാണ്.
യോഹന്നാൻ 1:1-ലെ വചനം ദൈവത്തിൻ്റെ കൂടെ ആയിരുന്നു എന്ന പ്രയോഗം, വചനത്തിന് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ട്, യോഹന്നാൻ ആത്മീയ അർത്ഥത്തിൽ പറയുന്നതാണ്. ശലോമോൻ ദൈവത്തിൻ്റെ ജ്ഞാനത്തിന് മനുഷ്യത്വാരോപണം കൊടുത്തിരിക്കുന്നത് നോക്കുക. (സദൃ, 8:1-30). “ആദിയിൽ വചനം ഉണ്ടായിരുന്നു, ദൈവത്തോടു കൂടെയായിരുന്നു, ദൈവമായിരുന്നു, ജഡമായിത്തീർന്നു” എന്നൊക്കെ യോഹന്നാൻ പറയുന്ന “വചനം” അഥവാ, “ദബാർ” (dabar) ക്രിസ്തുവല്ല; ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വചനമാണ്:
“എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ദൈവത്തിനു രണ്ട് വചനമില്ല; ഒരു വചനമേയുള്ളു. ആ വചനം “ദൈവത്തോട് കൂടെയായിരുന്നു” എന്ന് യോഹന്നാൻ ആത്മീയമായി പറയുന്നതാണ്..
ദൈവം തന്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താലാണ്, ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി;” (സങ്കീ, 33:6; 2പത്രൊ, 3:5. ഒ.നോ: എബ്രാ, 11:3). അതുകൊണ്ടാണ്, “അവൻ മുഖാന്തരം അഥവാ, വചനം മുഖാന്തരം സകലവും ഉളവായി” എന്ന് യോഹന്നാൻ 1:3-ൽ പറയുന്നത്. ആ വചനം ജഡമായിത്തീർന്നു എന്നാണ് യോഹന്നാൻ പറയുന്നത്. (യോഹ, 1:14). അതായത്, “വചനം മനുഷ്യരോടുകൂടി വസിച്ചു” എന്നല്ല യോഹന്നാൻ പറയുന്നത്; “വചനം ജഡമായിത്തീർന്നു അഥവാ, മനുഷ്യനായിത്തീർന്നു കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു” എന്നാണ് പറയുന്നത്: (യോഹ, 1:14). ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വാക്കിനെയാണ്, “ദൈവവചനം” എന്ന് പറയുന്നത്: (യെശ, 55:12; പ്രവൃ, 6:7). മനുഷ്യൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വാക്കിനെ “മനുഷ്യൻ്റെ വചനം” എന്നും പറയും: (1തെസ്സ, 2:13). നമ്മുടെ പാപങ്ങളെപ്രതി മറിയയെന്ന കന്യകയിലൂടെ ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ ഒരു വചനം അഥവാ, വാക്കാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?
സമവീക്ഷണ സുവിശേഷങ്ങളിൽനിന്ന് വ്യത്യസ്തമായി യോഹന്നാൻ്റെ സുവിശേഷം ആത്മീയ സുവിശേഷമാണ്. അതുകൊണ്ടാണ്, വചനം ജഡമായിത്തീർന്നവനായി ക്രിസ്തുവിനെ യോഹന്നാൻ അവതരിപ്പിക്കുന്നത്. [കാണുക: വചനം ജഡമായിത്തീർന്നു] ദൈവത്തിൻ്റെ വായിൽനിന്ന് അഥവാ, ഉള്ളിൽനിന്ന് പുറപ്പെട്ട വചനം ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായിത്തീർന്നവൻ എന്ന നിലയിലാണ് യോഹന്നാൻ അവനെ ഏകജാതൻ എന്ന് വിശേഷിപ്പിക്കുന്നത്. ക്രിസ്തു ജനിക്കുന്നതിനു മുമ്പെ, ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രന്മാരുണ്ട്: (ഇയ്യോ, 1:6; 2:1; 38:6; പുറ, 4:22-23; ആവ, 14:1). അതിനാൽ ഏകജാതൻ എന്ന പ്രയോഗം ദൈവത്തിൻ്റെ ഒരേയൊരു പുത്രനെന്ന അർത്ഥത്തിലല്ല; സവിശേഷ പദവിയായിട്ടാണ് യോഹന്നാൻ പ്രയോഗിക്കുന്നതെന്ന് മനസ്സിലാക്കാം. അടുത്തവാക്യം: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” ഈ വേദഭാഗത്ത് പറയുന്ന, “മടി” തെറ്റായ പരിഭാഷയാണ്: (യോഹ, 13:23). Bosom മടിയല്ല; നെഞ്ച്, മാറിടം, ഹൃദയം, മനസ്സ് തുടങ്ങിയവയാണ്. ഇതേപദത്തെ യോഹന്നാൻ 13:23-ൽ “മാർവ്വിടം” എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. അക്കാലത്തെ ഗ്രേക്കർക്ക് സുപരിചിതമായ ഒരു പദമാണ് “വചനം അഥവാ, ലോഗോസ്.” ഒരാളുടെ ഹൃദയം ആവിഷ്കരിക്കുവാൻ അഥവാ, ഹൃയത്തിലുള്ളത് വെളിപ്പെടുത്തുവാൻ ഏറ്റവും നല്ല മാർഗ്ഗം അയാളുടെ ഉള്ളിലുള്ള അഥവാ, വായിൽനിന്നു വരുന്ന വചനമാണ്. “ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു” എന്ന് ക്രിസ്തുവും പറഞ്ഞിട്ടുണ്ട്: (മത്താ, 12:34). ദൈവത്തിൻ്റെ മാർവ്വിലെ അഥവാ, ഉള്ളിലെ വചനം ജഡമായിത്തീർന്നു എന്ന് പറയുന്നതിലൂടെ, സ്നേഹമായ ദൈവത്തിൻ്റെ ഹൃദയത്തെ സ്നേഹസ്വരൂപനായ പുത്രനിലൂടെ സ്നേഹത്തിൻ്റെ അപ്പൊസ്തലൻ ആവിഷ്കരിക്കുകയാണ്: (കൊലൊ, 1:13; 1യോഹ, 4:8). ദൈവത്തിൻ്റെ ഉള്ളിൽനിന്നു പുറപ്പെട്ട വചനം ജഡമായിത്തീർന്നവൻ എന്ന നിലയിലാണ്, “പിതാവിൽനിന്നു ഏകജാതനായവൻ, പിതാവിൻ്റെ മാർവ്വിലിരിക്കുന്ന ഏകജാതനായ പുത്രൻ” എന്നിങ്ങനെ യോഹന്നാൻ അവനെ വിശേഷിപ്പിക്കുന്നത്. “ഏകജാതൻ” എന്ന പ്രയോഗം യോഹന്നാനിൽ മാത്രമേ കാണാൻ കഴികയുള്ളു. ക്രിസ്തുവിൻ്റെ നിസ്തുല്യതയെ വിശേഷിപ്പിക്കാൻ യോഹന്നാൻ മാത്രം ഉപയോഗിക്കുന്ന പദമാണ് ഏകജാതൻ: (യോഹ, 1:14,18; 3:16,18; 1യോഹ, 4:9). [കാണുക: ഏകജാതനും ആദ്യജാതനും]
“വചനം ജഡമായിത്തീർന്നു” എന്നത് ആത്മീയ പ്രയോഗമാണ്. പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു യഥാർത്ഥത്തിൽ വചനവുമല്ല വചനം ജഡമായിത്തീർന്നവനുമല്ല; ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:14-16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). അതായത്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (യോഹ, 8:40: 1യോഹ, 3:5). യോഹന്നാൻ്റെ സുവിശേഷം ആത്മീയ സുവിശേഷം അയതിനാലാണ് ക്രിസ്തുവിനെ “വചനം ജഡമായിത്തീർന്നവൻ” ആയി അവൻ അവതരിപ്പിക്കുന്നത്. [കാണുക: വചനം ജഡമായിത്തീർന്നു]
2️⃣ “അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” (യോഹ, 1:2-3). വചനത്തിന് യോഹന്നാൻ ‘അവൻ’ എന്ന പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കയാൽ, “വചനം” ക്രിസ്തുവാണെന്നും ക്രിസ്തുവാകുന്ന വചനം മുഖാന്തരമാണ് ദൈവം സൃഷ്ടി നടത്തിയതെന്നും ട്രിനിറ്റി പഠിപ്പിക്കുന്നു.
വചനത്തെ കുറിക്കുന്ന “ലോഗോസ്” (Logos) എന്ന ഗ്രീക്കുപദം പുല്ലിംഗം (Masculine) ആണ്: (യോഹ, 1:1). വചനത്തെ (Word) കുറിക്കുന്ന “റീമാ” (rehma) എന്ന മറ്റൊരു ഗ്രീക്കുപദം നപുംസകലിംഗം (Neuter) ആണ്: (ലൂക്കൊ, 2:29). ബൈബിളിലെന്നല്ല; ഏതൊരു പുസ്തകത്തിലായാലും വാക്കുകളുടെ ലിംഗവും വചനവും (ഏകവചനം, ബഹുവചനം) നോക്കിയിട്ടല്ല വാക്കുകൾ ഉപയോഗിക്കുന്നത്. ഉദാ: ദൈവത്തെ (God) കുറിക്കുന്ന “എലോഹീം” (Elohim- אֱלֹהִים) എന്ന ഒരു എബ്രായപദം ബഹുവചനരൂപമാണ്: (ഉല്പ, 1:1). അതുകൊണ്ട്, ഏകസത്യദൈവം ബഹുദൈവമാകുന്നില്ല. പഴയനിയമത്തിൽ “ആത്മാവിനെ” (Spirit) കുറിക്കുന്ന “റുവാ” (ruah – רוּחַ) എന്ന എബ്രായപദം “സ്ത്രീലിംഗം” (feminine) ആണ്: (ഉല്പ, 1:2). പുതിയനിയമത്തിൽ ആത്മാവിനെ Spirit) കുറിക്കുന്ന “പ്ന്യൂമ” (pneuma – πνεῦμα) എന്ന ഗ്രീക്കുപദം “നപുംസകലിഗം” (neuter) ആണ്. അതുകൊണ്ട്, പഴയനിയമത്തിലെ ആത്മാവ് സ്ത്രീയും പുതിയനിയമത്തിലെ ആത്മാവ് നപുംസകവും ആകുന്നില്ല. ദൈവത്തിൻ്റെ വചനത്തെ കുറിക്കാൻ, “ലോഗോസ്” എന്ന പുല്ലിഗവും “റീമാ” എന്ന നപുംസകലിംഗവും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്: (പ്രവൃ, 6:7; എഫെ, 6:17). തന്നെയുമല്ല, “ലോഗോസ്” (Logos) എന്ന പദം പുല്ലിംഗം (Masculine) ആയിരിക്കുമ്പോൾത്തന്നെ, 1യോഹന്നാൻ 1:1-ൽ “വചനത്തിനു” (Logos) “അതു” എന്ന നപുംസകലിംഗ സർവ്വനാമമാണ് യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ “ലോഗോസ്” അഥവാ, വചനത്തിനു “അവൻ” എന്ന പുല്ലിംഗ സർവ്വനാമം എന്തുകൊണ്ട് ഉപയോഗിച്ചു എന്ന് ചോദിച്ചാൽ, അതിന് ഒറ്റ ഉത്തരമേയുള്ളു: “വചനം ജഡമായിർത്തീർന്നു” (മനുഷ്യനായിത്തീർന്നു) എന്ന് അവൻ പറയുന്നത്, സൽഗുണസമ്പൂർണ്ണനായ ഒരു പുരുഷനെക്കുറിച്ചാണ്: (യോഹ, 1:14. ഒ.നോ: യോഹ, 6:69; 8:40; 8:46; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അതുകൊണ്ടാണ്, വചനത്തിന് പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ, വചനം ഒരു വ്യക്തിയായതുകൊണ്ടല്ല.
ഭാഷയിലെ സർവ്വനാമം എന്താണെന്ന് അറിയാവുന്ന ആരും 1-ാം അദ്ധ്യായം 2-ാം വാക്യം മുതൽ 12-ാംവാക്യം വരെയുള്ള “അവൻ” ക്രിസ്തു ആണെന്ന് പറയില്ല. നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമം. അഥവാ, “നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്.” 1-ാം വാക്യത്തിൽ: ദൈവവും ദൈവത്തിൻ്റെ വചനവും ആണുള്ളത്. എന്നിട്ടാണ് “അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി” എന്ന് എഴുത്തുകാരൻ പറയുന്നത്. തന്മൂലം, രണ്ടു മുതൽ പതിനാലാം വാക്യംവരെ, “അവൻ” എന്ന പ്രഥമപുരുഷ പുല്ലിംഗ സർവ്വനാമത്തിൽ പറയുന്നത്, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച തൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനമാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം: (സങ്കീ, 33:6; 2പത്രൊ, 3:5). മനസ്സിലാകാത്തവർക്ക് മനസ്സിലാകാനായി സത്യവേദപുസ്തകം സമകാലിക പരിഭാഷയിലെ മൂന്ന് വാക്യങ്ങൾ ചേർക്കുന്നു:⬇️
1:2. ആ വചനം ആദിയില്‍ത്തന്നെ ദൈവത്തോടുകൂടി ആയിരുന്നു.
1:3. വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളില്‍ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല.
1:4. വചനത്തില്‍ ജീവനുണ്ടായിരുന്നു; ആ ജീവന്‍ മനുഷ്യവര്‍ഗത്തിനു പ്രകാശം നല്‌കിക്കൊണ്ടിരുന്നു.
മേല്പറഞ്ഞ മൂന്ന് വാക്യങ്ങളിൽ, “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാതെ “വചനം” എന്ന “നാമം” ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നത് നോക്കുക.
ഒന്നാം വാക്യം കഴിഞ്ഞിട്ട്; “അതു” എന്നോ, “അവൻ” എന്നോ, “അവൾ” എന്നോ ഏത് സർവ്വനാമം ഉപയോഗിച്ചാലും, ഒന്നാം വാക്യത്തിൽ “ദൈവത്തോടു കൂടെയായിരുന്നു” എന്ന് പറഞ്ഞിരിക്കുന്ന വചനം തന്നെ ആയിരിക്കും; മറ്റൊന്നാകുക സാദ്ധ്യമല്ല. അതാണ് ഭാഷയുടെ നിയമം. വചനം ജഡമായിത്തീർന്നത് അല്ലെങ്കിൽ, യേശു എന്ന മനുഷ്യനായിത്തീർന്നത് 14-ാം വാക്യത്തിലാണ്. വചനം ജഡമാകുന്നതിനുമുമ്പേ അഥവാ, 14-ാം വാക്യത്തിനുമുമ്പെ “ജഡമായിത്തീർന്നവൻ അഥവാ, യേശു” യോഹന്നാൻ്റെ സുവിശേഷത്തിൽ ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, ഒന്നാം വാക്യത്തിൽപ്പറയുന്ന വചനം ക്രിസ്തുവല്ല; ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെട്ട വചനമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
3️⃣ വചനം ക്രിസ്തുവാണെന്നും ക്രിസ്തുവാകുന്ന വചനം മുഖാന്തരമാണ് ദൈവം സൃഷ്ടി നടത്തിയതെന്നും ട്രിനിറ്റി പഠിപ്പിക്കുന്നു. ദൈവം സകലവും സൃഷ്ടിക്കുമ്പോൾ ക്രിസ്തു ജ്ഞാനമെന്ന ശില്പിയായി അവൻ്റെ കൂടെ ഉണ്ടായിരുന്നൂ എന്ന് യഹോവസാക്ഷികൾ പഠിപ്പിക്കുന്നു. (സദൃ, 8:22-30). ദൈവത്തിൻ്റെ വചനം അഥവാ, വായിലെ വചനം “ദൈവത്തോടു കൂടെയുണ്ടായിരുന്നു” എന്ന് എപ്രകാരം യോഹന്നാൻ പറയുന്നുവോ, അപ്രകാരം തന്നെയാണ്, “ഞാൻ അവന്റെ അടുക്കൽ ശില്പിയായിരുന്നു” എന്ന് സദൃശ്യവാക്യങ്ങളിൽ ജ്ഞാനം പറയുന്നത്. (8:30). യോഹന്നാൻ ദൈവത്തിൻ്റെ വചനത്തിന് “മനുഷ്യത്വാരോപണം” കൊടുത്തുകൊണ്ട് വചനത്തെ പ്രഥമപുരുഷനിൽ പറയുമ്പോൾ, ശലോമോൻ ജ്ഞാനത്തിന് “മനുഷ്യത്വാരോപണം” കൊടുത്തിട്ട്, ജ്ഞാനമാണ് ഉത്തമപുരുഷനിൽ സംസാരിക്കുന്നത് എന്ന വ്യത്യാസം മാത്രമേയുള്ളു.
യഹോവ തൻ്റെ വചനത്താലും ജ്ഞാനത്താലുമാണ് ആകാശഭൂമികൾ സൃഷ്ടിച്ചതെന്ന് അഭിന്നമായി പറഞ്ഞിട്ടുണ്ട്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). “ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു, വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.” (സദൃ, 3:19; യിരെ, 10:12; 51:15). സദൃശ്യവാക്യങ്ങളിൽ ജ്ഞാനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും, യോഹന്നാനിൽ വചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും ഒരേ കാര്യങ്ങളാണ്:
ജ്ഞാനം: ദൈവം ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു: (സദൃ, 8:27). വചനം: അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു: (യോഹ, 1:2). ജ്ഞാനം: ഞാൻ ദൈവത്തിൻ്റെ അടുക്കൽ ശില്പി ആയിരുന്നു:” (ശില്പി മുഖാന്തരമാണ് ദൈവം സൃഷ്ടിച്ചത്). വചനം: അവൻ മുഖാന്തരമാണ് സകലവും സൃഷ്ടിച്ചത്: (1:3,10). ജ്ഞാനം: എന്നെ കണ്ടെത്തുന്നവർ ജീവനെ കണ്ടെത്തുന്നു:” (8:35). വചനം: അവനിൽ ജീവൻ ഉണ്ടായിരുന്നു: (1:4). ജ്ഞാനം: ആഴങ്ങളും ഉറവുകളും ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചു: (8:24). വചനം: ത്രിത്വവിശ്വാസത്തിൻ്റെ അടിസ്ഥാനമായ നിഖ്യാവിശ്വാസപ്രമാണം പറയുന്നത്; പുത്രൻ സർവ്വകാലങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ചു. രണ്ടു കൂട്ടരുടെയും ഉപദേശങ്ങൾ തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്?
വചനം ദൈവത്തോടു കൂടെയായിരുന്ന മറ്റൊരു വ്യക്തിയാണെന്ന് പറയുന്ന ട്രിനിറ്റി, ജ്ഞാനം മറ്റൊരു വ്യക്തിയാണെന്ന് സമ്മതിക്കില്ല. ജ്ഞാനം ദൈവത്തോടു കൂടെയായിരുന്ന മറ്റൊരു വ്യക്തിയാണെന്ന് പറയുന്ന യഹോവസാക്ഷികൾ, വചനം മറ്റൊരു വ്യക്തിയാണെന്ന് സമ്മതിക്കില്ല. സമ്മതിച്ചാൽ രണ്ടുപേരുടെയും ഉപദേശം അതോടെ തീരും. രണ്ടും ബൈബിളിൽനിന്നു വിരുദ്ധകോടിയിൽ നില്ക്കുന്ന ഉപദേശമാണ്. വചനം ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് മനസ്സിലാക്കിയാൽ; ജ്ഞാനം ദൈവത്തിൻ്റെ നിത്യപുത്രിയാണെന്നും മനസ്സിലാക്കണം. ശലോമോൻ ജ്ഞാനത്തെ സ്ത്രീയായിട്ട് അഥവാ, സ്ത്രീലിംഗത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. (സദൃ, 8:1-3).
ദൈവത്തിൻ്റെ വചനത്താലും ജ്ഞാനത്താലും മാത്രമല്ല സൃഷ്ടിച്ചു എന്ന് പറഞ്ഞിരിക്കുന്നത്: യഹോവയുടെ ഭുജത്താൽ സൃഷ്ടിച്ചു: (യിരെ, 27:5; 32:17), യഹോവയുടെ വിവേകത്താൽ സൃഷ്ടിച്ചു: (സദൃ, 3:19; യിരെ, 10:12; 51:12), യഹോവയുടെ ശക്തിയാൽ സൃഷ്ടിച്ചു. (യിരെ, 10:12; 51:15) എന്നൊക്കെയും പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ വചനത്തിനും ജ്ഞാനത്തിനും എഴുത്തുകാർ “മനുഷ്യത്വാരോപണം” കൊടുത്തപോലെ, ദൈവത്തിൻ്റെ ഭുജത്തിനും വിവേകത്തിനും ശക്തിക്കും സ്ത്രീപുരുഷ ലിംഗത്തിൽ മനുഷ്യത്വാരോപണം എഴുത്തുകാർ കൊടുത്തിരുന്നെങ്കിൽ, അവരെയും ദൈവത്തിൻ്റെ നിത്യ പുത്രീപുത്രന്മാരായി നിങ്ങൾ അംഗീകരിക്കുമായിരുന്നോ? വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ ദുരുപദേശങ്ങൾ ഉണ്ടാക്കാൻ ആർക്കും കഴിയില്ല.
യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തു “ലോഗോസ്” (logos) അഥവാ, വചനമാണെന്നു കരുതുന്നവരുണ്ട്. പുതിയനിയമത്തിൽ, 316 വാക്യങ്ങളിലായി 330 പ്രാവശ്യം വചനം അഥവാ, ലോഗോസ് കാണാം. യോഹന്നാൻ്റെ സുവിശേഷത്തിൽ 36 വാക്യങ്ങളിലായി 40 പ്രാവശ്യവും ലേഖനങ്ങളിൽ 8 പ്രാവശ്യവും വെളിപ്പാടിൽ 17 പ്രാവശ്യവും ലോഗോസ് ഉണ്ട്. എന്നാൽ, ഒരിക്കൽപ്പോലും വചനം ക്രിസ്തുവാണെന്ന് പറഞ്ഞിട്ടില്ല. ക്രിസ്തുവിനെ സ്രഷ്ടാവായ ദൈവമാക്കാനാണ് അവൻ “വചനമാണെന്നു” വചനവിരുദ്ധമായി പലരും പറയുന്നത്.
ക്രിസ്തു വചനമെന്ന സ്രഷ്ടാവാണെന്ന് പറയുന്നവരോട് ഒറ്റക്കാര്യമേ പറയാനുള്ളു; ആ വിവരം ക്രിസ്തുവിനുപോലും അറിയില്ലായിരുന്നു: ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം:
I. ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ” (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, “സൃഷ്ടിച്ച അവൻ” എന്ന ഏകവചനമല്ല, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന ബഹുവചനം പറയുമായിരുന്നു.
II. ചിലരുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് “അവരെ” (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ, സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; 2:7; 5:1; യെശ, 44:24; 64:8; മലാ, 2:10).
III. സൃഷ്ടിച്ച “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. തനിക്കു സൃഷ്ടിയിൽ പങ്കുണ്ടായിരുന്നെങ്കിൽ, “സൃഷ്ടിച്ച അവൻ” (he wich made) എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമം പറയാതെ, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമം പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും “ദൈവം അവരെ സൃഷ്ടിച്ചു” (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6. ഒ.നോ: 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, “സൃഷ്ടിച്ച ഞങ്ങൾ” എന്നോ, “ദൈവവും ഞാനുകൂടി സൃഷ്ടിച്ചു” എന്നോ പറയുമായിരുന്നു. അതാണ് ഭാഷ. സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കി. വചനത്തെയും ഭാഷയെയും അതിക്രമിച്ചുകൊണ്ടല്ലാതെ, ക്രിസ്തു സ്രഷ്ടാവായ ദൈവമാണെന്ന് പറയാൻ ആർക്കും കഴിയില്ല. സൃഷ്ടിക്കുമാത്രമല്ല; പുതുവാനഭൂമിയുടെ സൃഷ്ടിക്കും (യെശ, 65:17-18; യെശ, 66:22) പുതുസൃഷ്ക്കും അഥവാ, പുതിയജനനത്തിനും കാരണഭൂതൻ ദൈവം ഒരുത്തൻ മാത്രമാണ്: (2കൊരി, 5:17-18). താൻ സ്രഷ്ടാവാണെന്ന് ക്രിസ്തുവിന് മാത്രമല്ല അറിയാത്തത്; യഹോവയ്ക്കും (യെശ, 44:24), പഞ്ചഗ്രന്ധങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1), പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; യെശ, 64:8; മലാ, 2:10), അപ്പൊസ്തലന്മാർക്കും (1കൊരി, 8:6; 1കൊരി, 11:12; കൊലൊ, 3:10; എബ്രാ, 2:10; വെളി, 4:11; വെളി, 10:7) ആ വിവരം അറിയില്ലായിരുന്നു. [കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]
4️⃣ യോഹന്നാൻ 1:1-ലെ വചനം ക്രിസ്തു അല്ലെന്ന് നാം മുകളിൽ കണ്ടതാണ്. ക്രിസ്തു വചനമല്ല; വചനം ജഡമായിത്തീർന്നവനാണ്. (1:14). എന്നാൽ ക്രിസ്തു വചനമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ രണ്ട് വേദഭാഗങ്ങളുണ്ട്: 1യോഹന്നാൻ 1:1-ഉം, വെളിപ്പാട് 19:13-ഉം.
➦ ❝ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു – ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു – ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.❞ (1യോഹ, 1:1-3). ➟ഈ വേദഭാഗത്ത് പറയുന്ന ❝ജീവൻ്റെ വചനം❞ (The Word of life) യേശുവാണെന്ന് പലരും കരുതുന്നു. ➟എന്നാൽ ഇവിടെപ്പറയുന്നത് യേശുവിനെക്കുറിച്ചല്ല; സുവിശേഷമാകുന്ന ജീവൻ്റെ വചനത്തെക്കുറിച്ചാണ്. ➟തെളിവുകൾ നോക്കാം:
❶ ഒന്നാം വാക്യത്തിൽ ജീവൻ്റെ വചനത്തെക്കുറിച്ച് അഞ്ച് കാര്യങ്ങളാണ് പറയുന്നത്: ➤𝟏.ആദിമുതലുള്ളത് (That which was from the beginning), 𝟐.ഞങ്ങൾ കേട്ടത് (which we have heard), 𝟑.സ്വന്തകണ്ണുകൊണ്ട് കണ്ടത് (which we have seen with our eyes), 𝟒. ഞങ്ങൾ നോക്കിയത്, 𝟓.ഞങ്ങളുടെ കൈ തൊട്ടത് (which we have looked upon, and our hands have handled). ➟മേല്പറഞ്ഞ അഞ്ചുകാര്യങ്ങളും ❝അതു❞ എന്ന നപുംസകലിംഗത്തിലാണ് (Neuter) പറയുന്നത്. ഇംഗ്ലീഷിലും ❝ഏതോ അതു❞ എന്നർത്ഥമുള്ള ❝which❞ എന്ന നമുംസകലിഗമാണ് (Neuter) കാണുന്നത്. ➤ഗ്രീക്കിൽ ❝ഹോ❞ (Ὃ – Ho ⁃ ὃ – ho) എന്ന നപുംസകലിംഗത്തിലുള്ള ആപേക്ഷിക സർവ്വനാമമാണ് (Relative Pronoun ) ഉപയോഗിച്ചിരിക്കുന്നത്. ➤❝ഹോസ്❞ (ὅς – hos) എന്ന നിർദ്ദേശിക വിഭക്തിയിലുള്ള ഏകവചന പുംല്ലിംഗത്തിൻ്റെ (Nominative Case Singular Masculine) പ്രതിഗ്രാഹിക വിഭക്തിയിലുള്ള ഏകവചന നപുംസകലിഗമാണ് (Accusative Singular Neuter) ❝ഹോ❞ എന്ന പദം. ➟അതായത്, മൂലഭാഷയായ ഗ്രിക്കിലും ഇംഗ്ലീഷിലും മലയാളത്തിലും ❝ജീവൻ്റെ വചനത്തിനു❞ ആമുഖം കുറിച്ചിരിക്കുന്നത് നപുംസക ലിംഗത്തിലാണ്.
➦ വചനപരമായും ഭാഷാപരമായും ദൈവത്തിനും ക്രിസ്തുവിനും പുരുഷന്മാർക്കും ഉപയോഗിക്കേണ്ടത് പുംല്ലിഗവും (Masculine) സ്ത്രീകൾക്ക് സ്ത്രീലിംഗവും (Feminine) വചനം, ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും സവിശേഷ ഗുണങ്ങൾ, വസ്തുക്കൾ മുതലായവയ്ക്ക് ഉപയോഗിക്കേണ്ടത് നപുംസകലിഗവും (Neuter) ആണ്. ➟പ്രസ്തുതവേദഭാഗത്തെ ❝ജീവൻ്റെ വചനം❞ യേശുവെന്ന പുരുഷൻ ആയിരുന്നെങ്കിൽ (യോഹ, 1:30; പ്രവൃ, 2:23), പുല്ലിംഗമല്ലാതെ നപുംസകലിഗം യോഹന്നാൻ ഒരിക്കലും ഉപയോഗിക്കില്ലായിരുന്നു. ➟ബൈബിൾ വെളിപ്പെടുത്തുന്ന ❝വചനം❞ (Logos – Word), ആരുടെയും അസ്തിത്വമോ (Existence), പ്രകൃതിയോ (Nature), പദവിയോ (Title), സംജ്ഞാനാമമോ (Proper Noun) അല്ല; ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദൂതന്മാരുടെയും മനുഷ്യരുടെയും വായിൽനിന്ന് പുറപ്പെടുന്ന ❝വാക്കു❞ (Word) ആണ്. ➟പിന്നെങ്ങനെ വചനം ക്രിസ്തു ആണെന്ന് പറയും❓ ➟യേശു ❝ജീവൻ്റെ വചനം❞ എന്നതുപോയിട്ട് ❝വചനം❞ പോലുമല്ല; പിന്നെങ്ങനെ അവിടെപ്പറയുന്നത് യേശുവിനെക്കുറിച്ചാണെന്ന് പറയാൻ പറ്റും❓ [കാണുക: യേശു വചനമല്ല; വെളിച്ചമാണ്, ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?]
❷ ക്രിസ്തു പിതാവിനെക്കുറിച്ച് പറയുന്ന ഒരു വാക്യം കാണിക്കാം: ➤❝നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ “അവനെ” അറിയുന്നു; “അവനെ” കണ്ടുമിരിക്കുന്നു” എന്നു പറഞ്ഞു.❞ (യോഹ, 14:7). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ❝അവനെ അറിയുന്നു, അവനെ” കണ്ടിരിക്കുന്നു❞ എന്നിങ്ങനെ ❝ അവൻ❞ (Him – αὐτὸν – auton) എന്ന പുല്ലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത് നോക്കുക. ➟അതുപോലെ, അപ്പൊസ്തലന്മാർ കണ്ടതും തൊട്ടതുമായ ❝ജീവൻ്റെ വചനം❞ ക്രിസ്തു ആയിരുന്നെങ്കിൽ പുല്ലിംഗത്തിൽ അല്ലാതെ, നപുംസകലിംഗത്തിൽ പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟മറ്റൊരു വാക്യം കാണുക: ➤❝ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.❞ എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.❞ (1കൊരി, 2:9). ➟ഈ വേദഭാഗത്ത്, ദൈവം ഒരുക്കിയിട്ടുള്ള❝അതു❞ എന്നത് ചില ❝കാര്യങ്ങൾ❞ (the things which) ആണ്. ➤ഗ്രീക്കിൽ, ❝ഹ❞ (ἃ – ha) എന്നത് പ്രതിഗ്രാഹിക വിഭക്തിയിലുള്ള നപുംസകലിംഗ ബഹുവചനം (Accusative Plural Neuter) ആണ്. ➟ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരിക്കിയിട്ടുള്ളത് ചില കാര്യങ്ങൾ അഥവാ, നന്മകളാണ്. ➟അതുകൊണ്ടാണ്, ബഹുവചനത്തിലും നപുംസകലിംഗത്തിലും പറയുന്നത്. ➟ദൈവത്തെയോ, ക്രിസ്തുവിനെയോ, ദൂതനെയോ, മനുഷ്യനെയോ കുറിച്ച് പറയുമ്പോൾ, ❝അതു എന്നല്ല; അവൻ❞ ആണ് ഉപയോഗിക്കേണ്ടത്. ➟❝അതു❞ എന്ന നപുംസകലിംഗം, നമ്മുടെ കർത്താവായ യേശു എന്നതുപോയിട്ട്, അവനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദാ ആയിരുന്നാൽപ്പോലും ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ➟അവനുപോലും പുല്ലിംഗമാണ് ഉപയോഗിച്ചിരിക്കുന്നത്: (മത്താ, 26:15). ➟പ്രസ്തുത ഭാഗത്തുള്ള ❝ജീവൻ്റെ വചനം❞ നമ്മുടെ കർത്താവായ ക്രിസ്തു ആയിരുന്നെങ്കിൽ, നപുംസകലിംഗ സർവ്വനാമം എഴുത്തുകാരൻ ഉപയോഗിക്കുമായിരുന്നില്ല. ➟വ്യാകരണവിരുദ്ധമായി എഴുത്തുകാർ അതിനു് ശ്രമിച്ചാലും പരിശുദ്ധാത്മാവ് അനുവദിക്കയില്ല. ➟എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്: (2തിമൊ, 3:16).
❸ ജീവൻ്റെ വചനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന അതേകാര്യം, പിതാവിനെക്കുറിച്ച് രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്: ➤❝പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കയാൽ നിങ്ങൾക്ക് എഴുതുന്നു. ബാല്യക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കയാൽ നിങ്ങൾക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു.❞ (1യോഹ, 2:13 ⁃⁃ 2:14). ➟ഈ വേദഭാഗത്ത് പിതാവായ ദൈവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്, ❝ആദിമുതലുള്ള അവൻ❞ (him that is from the beginning) എന്ന് പുല്ലിംഗത്തിൽ (Masculine) ആണ്. ➤ഗ്രീക്കിൽ ❝ടൊൻ അപ്പ് അർഖേസ്❞ (τὸν ἀπ’ ἀρχῆς – ton ap’ archēs) ആണ്. അതിൽ, ❝ടൊൻ❞ (τὸν – ton) എന്നത്, പ്രതിഗ്രാഹിക വിഭക്തിയിലുള്ള ഏകവനപുല്ലിംഗം ( Accusative Singular Masculine) ആണ്: [കാണുക: Biblehub]. ➟പിതാവിനെ പുല്ലിംഗത്തിൽ വിശേഷിപ്പിച്ച യോഹന്നാൻ തൻ്റെ അതേ ലേഖനത്തിൽ, അതേ പ്രയോഗം പുത്രനെക്കുറിച്ച് ആയിരുന്നെങ്കിൽ, ❝ആദിമുതലുള്ള അതു❞ എന്ന് നപുംസകലിംഗം ഉപയോഗിക്കുമായിരുന്നോ❓ ➟എഴുത്തുകാർ സ്വന്ത ബുദ്ധിയിലല്ല; പരിശുദ്ധാത്മാവിലാണ് പുസ്തകങ്ങൾ എഴുതിയത്. ➟അപ്പൊസ്തലന്മാർക്ക് വ്യാകരണവിരുദ്ധമായി എന്തെങ്കിലും എഴുതിവെക്കാൻ തോന്നിയാലും അവരിൽ വ്യാപരിച്ചിരുന്ന ആത്മാവ് അതിന് സമ്മതിക്കില്ല.
➽❝ആദിമുതലുള്ളതു❞ എന്ന പ്രയോഗം നപുസകലിംഗം അല്ലെങ്കിൽപ്പോലും ക്രിസ്തുവിന് യോജിക്കുന്നതല്ല. ദൈവപുത്രനായ യേശു പഴയനിയമത്തിൽ ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. ക്രിസ്തു പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1Tim 3:16) അന്ത്യകാലത്ത് പരിശുദ്ധാത്മാവിനാൽ മറിയയുടെ മൂത്തമകനായി പ്രകൃത്യാതീതമായി ഉല്പാദിതമായവനാണ്: (മത്താ, 1:21; ലൂക്കൊ, 2:21; മത്താ, 1:18 ⁃⁃ ലൂക്കൊ, 2:7). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമായി (യാഥാർത്ഥ്യം) മാറുന്നത്. ബൈബിൽ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനത്തിൻ്റെ ആദ്യനിവൃത്തി എ.എം. 3755-ൽ (ബി.സി. 6) ബേത്ത്ളേഹേമിൽ ആണ്: (മീഖാ, 5:2 ⁃⁃ ലൂക്കൊ, 2:5). പഴയനിയമത്തിൽ ഇല്ലതിരുന്നവൻ എങ്ങനെ ആദിമുതലേ ഉണ്ടാകും❓ [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
❹ യോഹന്നാൻ പറയുന്ന വചനം ❝ജീവൻ്റെ വചനം❞ (The word of life) എന്നത് ഗ്രീക്കിൽ, ❝തൂ ലോഗൂ സോയെസ്❞ (τοῦ Λόγου ζωῆς – tou Logou zōēs) എന്നാണ്. [കാണുക: BIB]. ➟❝ജീവൻ്റെ വചനം❞ എന്ന് യോഹന്നാൻ പറയുന്നത് ദൈവത്തിൻ്റെ സാക്ഷാൽ വചനമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം (logos) പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.❞ (ഫിലി, 2:15). ➟ശ്രദ്ധിക്കുക: ➤ഇവിടെയും ❝ലോഗോൺ സോയെസ്❞ (λόγον ζωῆς – logon zōēs) ആണ്. [കാണുക: BIB]. ➟ആദ്യത്തേതിൽ, ❝ലോഗോസ്❞ (λόγος – logos) എന്ന പദത്തിൻ്റെ ❝Logou❞ എന്ന സംബന്ധിക വിഭക്തിയും (Genitive Case), രണ്ടാമത്തേതിൽ, ❝logon❞ എന്ന പ്രതിഗ്രാഹിക വിഭക്തിയും (Accusative Case) ആണ്. ➟ക്രിസ്തു അല്ല; ക്രിസ്തുവിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ് ലോഗോസ്: ➤❝എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.❞ (ലൂക്കോ, 4:22). ➟ഈ വാക്യത്തിൽ, ലോഗോസിൻ്റെ സംബന്ധിക വിഭക്തിയിലുള്ള ബഹുവചനമായ (Dative Case Plural) ❝ലോഗോയിസ്❞ (λόγοις – logois) ആണ്. ➟അടുത്തരണ്ട് വാക്യത്തിൽ, യേശുവിൻ്റെ അധികാരത്തോടെയുള്ള വചനത്തെ (Word) കുറിക്കാൻ ❝ലോഗോസ്❞ (λόγος – logos) ആണ് ഉപയോഗിക്കുന്നത്: (ലൂക്കൊ, 4:32; ലൂക്കൊ, 4:36). ➟യേശുവിൻ്റെ വായിൽനിന്ന് പുറപ്പെടുന്ന ലോഗോസിനെ യേശു ആക്കിയാൽ എങ്ങനെയിരിക്കും❓ ➟അടുത്ത രണ്ട് വാക്യങ്ങൾ, ❝വചനം❞ (Word) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❝റീമാ❞ (ῥῆμα – rhēma) എന്ന പദംകൊണ്ടുള്ളതാണ്: ➤❝നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം (rhema) എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.❞ (പ്രവൃ, 5:20). ➟അടുത്തവാക്യം: ➤❝ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ (rhema) നിന്റെ പക്കൽ ഉണ്ട്.❞ (യോഹ, 6:68). ➟ജിവൻ്റെ വചനങ്ങളാണ് ക്രിസ്തുവിൻ്റെ പക്കൽ ഉണ്ടായിരുന്നത്. ➟അവൻ്റെ വായിൽനിന്നാണ് ലോഗോസ് പുറപ്പെട്ടത്. ➟മേല്പറഞ്ഞ മൂന്നു വാക്യങ്ങളിലും ❝ജീവൻ്റെ വചനം❞ എന്നത്, ജിവൻ നല്കുന്ന സുവിശേഷ വചനമാണ്; ആ വചനത്താലാണ് വ്യക്തികൾ വീണ്ടും ജനിച്ച് ജീവൻ പ്രാപിക്കുന്നത. (1പത്രൊ, 1:23; യാക്കോ, 1:18). ➟അതുകൊണ്ടാണ്, വചനത്തെ ജീവൻ്റെ വചനം എന്ന് യോഹന്നാൻ പറയുന്നത്. ➟അല്ലാതെ, യേശു ജീവൻ്റെ വചനമല്ല; അവൻ നിത്യരക്ഷരുടെ കാരണഭുതനാണ്: (എബ്രാ, 5:9).
❺ ക്രിസ്തു യിസ്രായേലിൽ മൂന്നരവർഷം രഹസ്യത്തിലല്ല; പരസ്യമായാണ് ശുശ്രൂഷ ചെയ്തത്. ➟തൻ്റെ ശുശ്രൂഷയിലുടനീളം ലക്ഷക്കണക്കിന് ആർക്കാർ അവനെ കാണുകയും പതിനായിരക്കണക്കിന് ആൾക്കാർ അവനെ തൊടുകയും ചെയ്തിട്ടുണ്ട്: (മർക്കൊ, 5:24; ലൂക്കൊ, 5:1; 8:42). ➟അതിനാൽ, ക്രിസ്തുവിനെ ഞങ്ങൾ കേട്ടു, കണ്ടു, നോക്കി, തൊട്ടു എന്നൊക്കെ തൻ്റെ ലേഖനത്തിൽ പറയാൻ ഒരാവശ്യവുമില്ല. ➟എഴുത്തുകാരനായ യോഹന്നാൻ ഏറ്റവും അടുത്ത സ്നേഹിതനെപ്പോലെ യേശുവിൻ്റെ മാർവ്വിൽ ചാരിക്കിടന്നിട്ടുള്ളവനാണ്: (യോഹ, 13:23). ➟അതിനെക്കാൾ വലുതല്ലല്ലോ; കണ്ടതും കേട്ടതും തൊട്ടതും. ➟യേശുവിനോട് അടുത്തിടപഴകിയതാണ് പ്രസ്തുത വേദഭാഗത്തെ സാക്ഷ്യമെങ്കിൽ, ➤❝യേശുവിൻ്റെ മാർവ്വിൽ ചാരിക്കിടന്നിട്ടുള്ളവൻ സാക്ഷീകരിക്കുന്നു❞ എന്ന് പറഞ്ഞാൽപ്പോരേ❓ ➟അതിനെക്കാൾ വലിയൊരു സാക്ഷ്യമുണ്ടോ❓
❻ അടുത്തവാക്യം: ➤❝ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടു കൂടെയിരുന്ന് ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കയും ചെയ്യുന്നു.❞ (1യോഹ, 1:2). ➟ഈ വേദഭാഗത്ത്, ❝പിതാവിനോടു കൂടെയിരുന്ന് ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവൻ❞ എന്ന് പറയുന്നതും ദൈവത്തിൻ്റെ വചനത്തെക്കുറിച്ചാണ്: ➤ജീവൻ്റെ വചനവും (എബ്രാ, 4:12; 1യോഹ, 1:1) ➤വീണ്ടുംജനിപ്പിക്കുന്ന വചനവും (യാക്കോ, 1:18; 1പത്രൊ, 1:23) ❝ലോഗോസ്❞ (logos) ആണ്. ➤❝അവനിൽ അഥവാ, വചനത്തിൽ ജീവനുണ്ടായിരുന്നു❞ എന്ന് യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ പറഞ്ഞിട്ടുണ്ട്: (യോഹ, 1:4). ➟സുവിശേഷം അഥവാ, പ്രസംഗിക്കപ്പെടുന്ന ജീവൻ്റെ വചനത്താൽ ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 3:16).
❼ അടുത്തവാക്യം: ➤❝ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.❞ (1യോഹ, 1:3). ➟ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത്, ❝ഞങ്ങൾ കണ്ടും കേട്ടുമുള്ള അതു❞ (That which we have seen and heard) എന്ന് വീണ്ടും പറയുന്നതും നപുംസകലിംഗത്തിലാണ്. ➤ഇവിടെയും ❝ഹോ❞ (ὃ – ho)എന്ന പ്രതിഗ്രാഹിക വിഭക്തിയിലുള്ള ഏകവചന നപുംസകലിഗമാണ് (Accusative Singular Neuter). ➟അത് ക്രിസ്തുവല്ല; ജീവൻ്റെ വചനമാണ്. ➟അടുത്തഭാഗം: ➤❝ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.❞ ദൈവത്തിൻ്റെ സാക്ഷാൽ വചനം മുഖാന്തരമാണ് പിതാവിനോടും പുത്രനോടും കൂട്ടായ്മ ഉണ്ടാകുന്നത്. വചനം കൂടാതെ ജീവനുമില്ല; പിതാവിനോടും പുത്രനോടും കൂട്ടായ്മയുമില്ല. ➟അതാണ്, 1യോഹന്നാൻ ആദ്യഭാഗത്തിൻ്റെ വിഷയം. ➟അപ്പൊസ്തന്മാർ അടുത്തറിഞ്ഞതും അനുഭവിച്ചറിഞ്ഞതും കണ്ടറിഞ്ഞതും തൊട്ടറിഞ്ഞതും (തിരുവെഴുത്തുകൾ) രുചിച്ചറിഞ്ഞതുമായ വചനത്തെക്കുറിച്ചാണ് യോഹന്നാൻ പറയുന്നത്.
യോഹന്നാൻ്റെ ക്രിസ്തു വചനമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായ മറ്റൊരു വേദഭാഗമുണ്ട്: “അനന്തരം സ്വർഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവനു വിശ്വസ്തനും സത്യവാനും എന്നു പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. അവന്റെ കണ്ണ് അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവനുണ്ട്; അത് അവനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവനു ദൈവവചനം എന്നു പേർ പറയുന്നു.” (വെളി, 19:11-13). ഈ വേദഭാഗത്ത്, വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവന് “ദൈവവചനം” എന്ന് പേർ പറഞ്ഞിരിക്കയാൽ, വചനം ക്രിസ്തുവാണെന്ന് പലരും വിചാരിക്കുന്നു. ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം:
1. പ്രസ്തുത വേദഭഭാത്ത്, വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നത് യേശുവാണെന്ന് പറഞ്ഞിട്ടില്ല. തന്നെയുമല്ല, അവിടെ സർവ്വശക്തിയുള്ള ദൈവത്തിൽനിന്നും മഹാദൈവത്തിൽനിന്നും കുതിരപ്പുറത്തിരിക്കുന്നവനെ വേർതിരിച്ച് പറഞ്ഞിട്ടുമുണ്ട്. (വെളി, 19:15; 19:18-19). കുതിരപ്പുറത്തിരിക്കുന്നവന് “ദൈവവചനം” എന്ന നാമം കൂടാതെ, ആർക്കും അറിഞ്ഞുകൂടാത്ത മറ്റൊരു നാമവുമുണ്ട്. എന്നാൽ നമ്മുടെ കർത്താവായ യേശുവിൻ്റെ മറ്റൊരു നാമത്തെക്കുറിച്ച് എവിടെയും സൂചനപോലുമില്ല. യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ ആകാശത്തിനു കീഴിൽ മറ്റൊരു നാമമില്ല; ഇനിയുണ്ടാകില്ല: ഉണ്ടാകാൻ ആവശ്യമില്ല: (പ്രവൃ, 4:12).
2. കുതിരപ്പുറത്ത് വരുന്നത് ദൈവവചനമല്ല; വരുന്നവൻ്റെ പേരാണ് ദൈവവചനം: “അവനു ദൈവവചനം എന്നു പേർ പറയുന്നു:” (19:13). പേരും പ്രകൃതിയും രണ്ടാണ്: മനുഷ്യൻ എന്നത് നമ്മുടെ പേരല്ല; പ്രകൃതിയാണ്. മനുഷ്യനെ മനുഷ്യനെന്ന് ആരും പേർ വിളിക്കില്ല. ഒരുത്തനെ “വചനം” എന്ന് പേർ പറഞ്ഞിരിക്കുന്ന കാരണത്താൽ, അവൻ സാക്ഷാൽ വചനമാണെന്ന് എങ്ങനെ പറയും? യേശുവെന്ന് പലർക്കും പേർ വിളിച്ചിട്ടുണ്ട്. യുസ്തൊസ് എന്നു പറയുന്ന ഒരു യേശുവിനെക്കുറിച്ച് പൗലൊസ് പറഞ്ഞിട്ടുണ്ട്. (കൊലൊ, 4:11). പ്രവൃത്തികളുടെ പുസ്തത്തിലും (7:45), എബ്രായരിലും (4:8) യോശുവയെ ഗ്രീക്കിൽ, “യീസൂസ്” (iesous – Jesus) അഥവാ, യേശു എന്നാണ്. ഇംഗ്ലീഷിലെ ചില പരിഭാഷകളിൽ Jesus എന്നാണ്. അതുകൊണ്ട്, യുസ്തൊസ് എന്നു പറയുന്ന ഒരു യേശുവും യോശുവയെന്ന യേശുവും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുവാണെന്ന് ആരെങ്കിലും പറയുമോ? ഒരുത്തനെ Godson എന്ന് പേർ വിളിച്ചാൽ അവൻ ദൈവമകനാകില്ല; ലൂസിഫർ എന്ന് പേരുള്ളവനാണെങ്കിലും കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ അവൻ ദൈവമകനാകും. ഒരുത്തൻ വചനമാണെന്ന് പറയുന്നതും അവൻ്റെ “പേർ” വചനമാണെന്ന് പറയുന്നതും തമ്മിൽ അത്രയുംതന്നെ അന്തരമുണ്ട്. കുതിരപ്പുറത്ത് വരുന്നത് യഥാർത്ഥത്തിൽ “വചനം” (logos) ആയിരുന്നെങ്കിൽ, അവനെ “ദൈവവചനം” എന്നു പേർ പറയുന്നു” എന്ന് ഒരിക്കലും പറയുമായിരുന്നില്ല. വരുന്നവൻ ആരാണോ, അവനെ ആത്മീയമായി “ദൈവവചനം” എന്നു പേർ വിളിക്കുന്നു; അത്രേയുള്ളു.
3. ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന വാക്കിനെയാണ് ദൈവവചനം എന്ന് പറയുന്നത്: (യെശ, 55:12; പ്രവൃ, 6:7). മനുഷ്യൻ്റെ വായിൽനിന്ന് പുറപ്പെടുന്ന വാക്കിനെ മനുഷ്യൻ്റെ വചനം എന്ന് പറയും: (1തെസ്സ, 2:13). ഒരു വചനം (വാക്ക്) കുതിരപ്പുറത്തു കയറിവരുന്നു എന്ന് പറഞ്ഞാൽ; അതിൽപ്പരം അബദ്ധം വേറെയില്ല. അതിനാൽ കുതിരപ്പുറത്ത് ഇരിക്കുന്നവൻ ദൈവവചനമല്ല; അവൻ്റെ പേര് മാത്രമാണ് ദൈവവചനമെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. [പുതിയനിയമം ആവർത്തിച്ചു വായിച്ചാൽ ഭാഷ പഠിക്കാം. ഭാഷ അറിയാത്തവർ ബൈബിൾ നിരന്തരം വായിച്ച് ഭാഷ പഠിക്കുക; എന്നിട്ട് ഉപദേശം പറയുക. കുറിപ്പ്: ബൈബിൾ ആവർത്തിച്ചുവായിച്ചാൽ, ഈവക ദുരുപദേശങ്ങൾ പറയേണ്ടിവരില്ല]
5️⃣ യോഹന്നാൻ ഒന്നാം അദ്ധ്യായത്തിൽത്തന്നെ, ക്രിസ്തു വചനമല്ല എന്നതിൻ്റെ വ്യക്തമായ തെളിവുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ. അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” (യോഹ, 1:6-9).
വചനത്തെക്കുറിച്ച് പറഞ്ഞുവന്നിട്ട് അതിൻ്റെ ഇടയിൽ, യോഹന്നാൻ സ്നാപകനെക്കുറിച്ചും അവൻ സാക്ഷ്യം പറഞ്ഞ സത്യവെളിച്ചത്തെക്കുറിച്ചും പറയാൻ എഴുത്തുകാരൻ നാലു വാക്യങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ദൈവം അയച്ചിട്ടു വന്ന മനുഷ്യൻ യോഹന്നാൻ സ്നാപകനാണ്. അവൻ സാക്ഷ്യം പറഞ്ഞ “വെളിച്ചം” ക്രിസ്തു ആണെന്നതും തർക്കമറ്റ സംഗതിയാണ്. ക്രിസ്തു തന്നെ അത് പറഞ്ഞിട്ടുണ്ട്: “എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.” (യോഹ, 12:46). അടുത്തവാക്യം: “ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 9:5. ഒ.നോ: 8:12). താൻ വെളിച്ചമാണെന്ന് ക്രിസ്തുതന്നെ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.
എന്നാൽ ഒൻപതാം വാക്യം നോക്കുക: “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.” ഈ വാക്യം വളരെ ശ്രദ്ധിക്കുക: വെളിച്ചമായ ക്രിസ്തു ലോകത്തിൽ ഉണ്ടായിരുന്നു എന്നോ, ഉണ്ടെന്നോ അല്ല പറയുന്നത്; ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു (coming into the world) എന്നാണ് പറയുന്നത്. ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നത് അഥവാ, മനുഷ്യനായിത്തീർന്നത് പതിനാലം വാക്യത്തിലാണ്. അതുവരെ ക്രിസ്തുവില്ല. “വചനം ജഡമായിത്തീർന്നവൻ” ജഡമാകുന്നതിനു മുമ്പെ ഉണ്ടാകുക സാദ്ധ്യമല്ല. മുകളിൽ നാമത് കണ്ടതാണ്. അതുകൊണ്ടാണ്, വെളിച്ചമായ ക്രിസ്തു “ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു” എന്ന് വർത്തമാന കാലത്തിൽ പറഞ്ഞിരിക്കുന്നത്. അതായത്, സത്യവെളിച്ചമായ ക്രിസ്തു ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരിക്കയാണ്. തന്മൂലം, 1-ാം വാക്യം മുതൽ പറയുന്ന വചനം ക്രിസ്തുവല്ലെന്ന് മനസ്സിലാക്കാം.
അടുത്തവാക്യം ഏറ്റവും ശ്രദ്ധിക്കുക: “അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.” (യോഹ, 1:10). 10-ാം വാക്യം വീണ്ടും വചനത്തെക്കുറിച്ചാണ് പറയുന്നത്. വാക്യം ശ്രദ്ധിക്കുക: “അവൻ” അഥവാ, “വചനം ലോകത്തിൽ ഉണ്ടായിരുന്നു.” (He was in the world). ദൈവം സകലതും ഉളവാക്കിയ ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്തെയാണ് “അവൻ” എന്ന പുല്ലിംഗ സർവ്വനാമത്തിൽ പറയുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. ഒൻപതാം വാക്യത്തിൽ വെളിച്ചത്തെക്കുറിച്ച് പറഞ്ഞശേഷം, പത്താം വാക്യത്തിൽ “അവൻ” എന്ന് പറഞ്ഞിരിക്കുന്നത് വചനത്തെയാണോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. ചില കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം.
1. ആറുമുതൽ ഒൻപതുവരെയുള്ള നാലു വാക്യങ്ങൾ, സ്നാപകനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചുമുള്ള ഒരു പ്രത്യേക വിഷയമാണ്. എഴുത്തുകാരൻ ആ വിഷയം ഇടയ്ക്കു കയറ്റി പറഞ്ഞിരിക്കുന്നതായാണ് മനസ്സിലാകുന്നത്. തന്നെയുമല്ല, പ്രസ്തുത വാക്യങ്ങളിൽ, “വെളിച്ചം” എന്ന പ്രയോഗം നാല് പ്രാവശ്യമുണ്ട്. എന്നാൽ ഒരിക്കൽപ്പോലും സർവ്വനാമം ഉപയോഗിക്കാതെ, പ്രയോഗം ആവർത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒൻപതാം വാക്യത്തിൽ ആവർത്തന വിരസത ഒഴിവാക്കാൻ വെളിച്ചത്തിന് “സത്യം” എന്നൊരു വിശേഷണം കൂടി ചേർത്ത്, “സത്യവെളിച്ചം” എന്നാണ് പറഞ്ഞിരിക്കുന്നത്. തുടർച്ചയായി പറഞ്ഞുവരുന്ന പ്രധാന വിഷയത്തിൽ നിന്ന്, ഇടയ്ക്കുകയറ്റി പറഞ്ഞ വിഷയത്തെ വേർതിരിച്ചു കാണിക്കാനാണ് അങ്ങനെ ചെയ്തിരിക്കുന്നത്. തന്മൂലം, ഒൻപതാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന വെളിച്ചമായ ക്രിസ്തുവല്ല, പത്താം വാക്യത്തിൽ പറഞ്ഞിരിക്കുന്ന “അവൻ” എന്ന് മനസ്സിലാക്കാം.
യോഹന്നാൻ 1:10-ലെ, “അവൻ” എന്ന സർവ്വനാമം ഒഴിവാക്കിയിട്ട് തൽസ്ഥാനത്ത്, “വചനം” എന്ന നാമം ഉയോഗിച്ചിരിക്കുന്ന പല പരിഭാഷകളും ഉണ്ട്:
ERV മലയാളം: “വചനം ലോകത്തിലുണ്ടായിരുന്നു. അവനിലൂടെയാണ് ലോകം സൃഷ്ടിക്കപ്പെട്ടത്. പക്ഷേ ലോകര്‍ അവനെ അറിഞ്ഞില്ല.”
TAMBL’98 തമിഴ് വിശുദ്ധ ബൈബിൾ: “അവൻ (വചനം) ഇതിനകം ലോകത്തിലായിരുന്നു. ലോകം അവനിലൂടെ ഉണ്ടായി, പക്ഷേ ലോകം അവനെ അറിഞ്ഞില്ല.”
Contemporary English Version: “The Word was in the world, but no one knew him, though God had made the world with his Word.” (EASY, ERV, GNBDC, GNT, ICB, NCV, NIRV)
New Testament in Worldwide English: “He, the Word, was in the world. Yes, he even made the world. And yet the world did not know him.”
10-ാം വാക്യത്തിൽ പറയുന്നത് വചനത്തെക്കുറിച്ചാണെന്ന് മേല്പറഞ്ഞ പരിഭാഷകളിൽനിന്ന് വ്യക്തമാണല്ലോ?
2. “വെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു” (coming into the world) എന്ന് ഒൻപതാം വാക്യത്തിലും, “വചനം ലോകത്തിൽ ഉണ്ടായിരുന്നു” (He was in the world) എന്ന് പത്താം വാക്യത്തിലും പറയുന്നത് ശ്രദ്ധിക്കുക. വെളിച്ചം ക്രിസ്തുവാണെന്ന് അവൻ്റെ വാക്കിനാൽത്തന്നെ കണ്ടതാണ്. വെളിച്ചം ലോകത്തിൽ എത്തിയിട്ടില്ല; വന്നുകൊണ്ടിരുന്നു എന്ന് വർത്തമാനകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അപ്പോൾ പത്താം വാക്യത്തിൽ പറയുന്ന വചനം ക്രിസ്തു ആണെങ്കിൽ, അവൻ ലോകത്തിൽ ഉണ്ടായിരുന്നു എന്ന് ഭൂതകാലത്തിൽ പറഞ്ഞാൽ; അത് പൂര്‍വ്വാപരവൈരുദ്ധ്യമാകും.
അതായത്, ഒൻപതാം വാക്യത്തിൽ “വന്നുകൊണ്ടിരുന്നു” എന്ന് പറയുന്നവനെ, പത്താം വാക്യത്തിൽ “വന്നു” എന്ന് വേണമെങ്കിൽ പറയാം. അല്ലാതെ, “അവൻ ലോകത്തിൽ ഉണ്ടായിരുന്നു” എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയാൻ കഴിയില്ല. പറഞ്ഞാൽ, അത് പൂർവ്വാപരവൈരുദ്ധ്യമാകും അഥവാ, ഒൻപതാം വാക്യത്തിനു വിരുദ്ധമാകും പത്താം വാക്യം. അതിനാൽ “വചനം” ക്രിസ്തുവല്ലെന്ന് അസന്ദിഗ്ധമായി തെളിയുന്നു. തിരുവെഴുത്തുകൾ മാനുഷികമല്ല; ദൈവശ്വാസീയമാണെന്നുപോലും പലർക്കും അറിയില്ല: (2തിമൊ, 3:16). അല്ലെങ്കിൽ അറിഞ്ഞിട്ടും വിശ്വസിക്കുന്നില്ല.
3. പത്താം വാക്യത്തിൻ്റെ അടുത്തഭാഗം പറയുന്നത്, “ലോകം അവൻ മുഖാന്തരം ഉളവായി അഥവാ, വചനം മുഖാന്തരം ഉളാവായി” എന്നാണ് പറയുന്നത്. ദൈവം സകലതും ഉളവാക്കിയ വചനം ദൈവത്തിൻ്റെ വായിലെ വചനമാണെന്ന് നാം മുകളിൽ കണ്ടതാണ്: (യെശ, 55:11; സങ്കീ, 33:6; 2പത്രൊ, 3:5). “വചനം മുഖാന്തരം ലോകം ഉളവായി” എന്ന് പറഞ്ഞിരിക്കയാൽ, ക്രിസ്തു ദൈവത്തോടൊപ്പം സ്രഷ്ടാവായി ഉണ്ടായിരുന്നു എന്ന് കരുതുന്നവരുണ്ട്. അത് വചനവിരുദ്ധമാണെന്ന് മൂന്നാം വാക്യത്തോടുള്ള ബന്ധത്തിൽ മുകളിൽ തെളിയിച്ചതാണ്: താൻ സ്രഷ്ടാവാണെന്ന് ക്രിസ്തുവിനുപോലും അറിയില്ല: (മത്താ, 19:4; മർക്കൊ, 10:6; 13:19). ക്രിസ്തുവിനു മാത്രമല്ല; യഹോവയായ ദൈവത്തിനും (യെശ, 44:24), പഞ്ചഗ്രന്ധങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും (ഉല്പ, 1:27; 2:7; 5:1), പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 9:8; 64:8; മലാ, 2:10), അപ്പൊസ്തലന്മാർക്കും (1കൊരി, 8:6; 11:12; എബ്രാ, 2:10; കൊലൊ, 3:10; വെളി, 4:11; 10:7) ആ വിവരം അറിയില്ലായിരുന്നു. സൃഷ്ടിക്കുമാത്രമല്ല; പുതുസൃഷ്ക്കും (2കൊരി, 5:17-18) പുതുവാനഭൂമിയുടെ സൃഷ്കാടിക്കും രണഭൂതൻ ഏകദൈവമാണ്: (ശെശ, 65:17-18; 66:22). [സ്രഷ്ടാവിനെ അറിയാൻ കാണുക: നാം നാമ്മുടെ സ്വരൂപത്തിൽ]
ദൈവം സകലവും സൃഷ്ടിച്ച അവൻ്റെ വായിൽനിന്നുള്ള വചനം ജഡമായിത്തീർന്നത് അഥവാ, യേശുവെന്ന മനുഷ്യനായിത്തീർന്നത് 14-ാം വാക്യത്തിലാണ്. അതിനുമുമ്പേ ക്രിസ്തു ഇല്ല. അതുകൊണ്ടാണ്, “സത്യവെളിച്ചമായ ക്രിസ്തു ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു” എന്ന് 9-ാം വാക്യത്തിലും, “വചനം ലോകത്തിൽ ഉണ്ടായിരുന്നു” എന്ന് 10-ാം വാക്യത്തിലും പറയുന്നത്. വചനത്തെ വചനവിരുദ്ധമായി ക്രിസ്തു ആക്കിയാൽ, അവൻ വചനമാകില്ല; യോഹന്നാൻ്റെ സുവിശേഷം പരസ്പരവിരുദ്ധമാകും, അത്രേയുള്ളു!
6️⃣ “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). ഈ വേദഭാഗത്ത്, “വചനം ദൈവമായിരുന്നു” എന്ന് പറഞ്ഞിരിക്കയാൽ; ക്രിസ്തു വചനമെന്ന നിത്യദൈവമാണെന്ന് ട്രിനിറ്റി വിചാരിക്കുന്നു.
“വചനം ദൈവം ആയിരുന്നു” എന്നാണ് ഒന്നാം വാക്യത്തിൽ യോഹന്നാൻ പറയുന്നത്. പലരും കരുതുന്നപോലെ, യേശു വചനമെന്ന നിത്യദൈവം ആണെങ്കിൽ; “വചനം ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ ഒരിക്കലും പറയില്ലായിരുന്നു. ദൈവത്തിന് ഭൂതവും ഭാവിയുമില്ല. നിത്യവർത്തമാനമാണ് ഉള്ളത്. (സങ്കീ, 90:2). “ആരംഭത്തിൽത്തന്നെ അവസാനവും പൂർവ്വകാലത്തിൽത്തന്നെ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനാണ് ദൈവം.” (യെശ, 46:10). ദൈവം ആയിരുന്നവനോ, ആകുവാനുള്ളവനോ അല്ല; ആകുന്നവൻ ആണ്. “ഞാനാകുന്നവൻ ഞാനാകുന്നു.” (പുറ, 3:14). ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം: മാറാത്തവനും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും (യാക്കോ, 1:17) തന്നെത്താൻ ത്യജിക്കാൻ കഴിയാത്തവനും (He cannot deny Himself) ആണ്: (2തിമൊ, 2:13). തന്മൂലം, ദൈവത്തിനു് ഭൂതമോ, ഭാവിയോ ഉണ്ടാകുക അസംഭവ്യമാണ്. യോഹന്നാൻ പറയുന്നത്, ക്രിസ്തു ആരായിരുന്നു എന്നല്ല; അന്ത്യകാലത്ത് ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്ന “വചനം ആരായിരുന്നു” എന്നാണ്. അതായത്, ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ പൂർവ്വാസ്തിത്വമല്ല; കാലസമ്പൂർണ്ണതയിൽ “ജഡമായിത്തീർന്ന അഥവാ, മനുഷ്യനായിത്തീർന്നു” എന്ന് യോഹന്നാൻ പറയുന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ് യോഹന്നാൻ 1:1-ലെ വിഷയം. അതുകൊണ്ടാണ്, “ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്.
വചനം മാത്രമല്ല, ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. ദൈവത്തിൻ്റെ വചനവും, ജ്ഞാനവും, ഭുജവും, വിവേകവും, ശക്തിയുമെല്ലാം ദൈവം തന്നെയാണ്. ദൈവത്തിൻ്റെ വചനത്തെയും സവിശേഷ ഗുണങ്ങളെയൊന്നും ദൈവത്തിൽനിന്ന് വേർപെടുത്താൻ കഴിയില്ല. എല്ലാ ഗുണഗണങ്ങളും ചേർന്ന സമ്പൂർണ്ണസത്തയാണ് ദൈവം. യഹോവയായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് എപ്രകാരം പറഞ്ഞിരിക്കുന്നുവോ (ഉല്പ 2:4), അപ്രകാരം തന്നെ, ദൈവത്തിൻ്റെ വചനത്താൽ സഷ്ടിച്ചു (സങ്കീ, 33:6), ജ്ഞാനത്താൽ സൃഷ്ടിച്ചു (സദൃ, 3:19), ഭുജത്താൽ സൃഷ്ടിച്ചു (യിരെ, 27:5), വിവേകത്താൽ സൃഷ്ടിച്ചു (യിരെ, 10:12), ശക്തിയാൽ സൃഷ്ടിച്ചു (യിരെ, 51:15) എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ എല്ലാ അംശങ്ങളും ദൈവം തന്നെയാണ്. അതുകൊണ്ടാണ്, കാലസമ്പൂർണ്ണതയിൽ ജഡമായിത്തീർന്ന അഥവാ, ക്രിസ്തുവെന്ന മനുഷ്യനായിത്തീർന്ന വചനത്തെ, “ദൈവം ആയിരുന്നു” എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത്. അത് ദൈവത്തിൻ്റെയോ, ക്രിസ്തുവിൻ്റെയോ പൂർവ്വാസ്തിത്വമല്ല; “ജഡമായിത്തീർന്നു” എന്ന് യോഹന്നാൽ പറയുന്ന വചനത്തിൻ്റെ പൂർവ്വാസ്തിത്വമാണ്.
യോഹന്നാനിലെ ക്രിസ്തു വചനമെന്ന ദൈവമാണെന്ന് വിചാരിക്കുന്നവർ യോഹന്നാൻ്റെ പുസ്തകങ്ങൾ വസ്തുനിഷ്ഠമായി പഠിച്ചിച്ചിട്ടുള്ളവരേയല്ല. ദൈവപുത്രനായ ക്രിസ്തു മനുഷ്യനാണെന്ന് 50 പ്രാവശ്യം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ, ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്. 17 പ്രാവശ്യം. ലേഖനത്തിൽ രണ്ടുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്:
- ജഡം (sarx) – യോഹ, 1:14.
- മനുഷ്യൻ (anir) – 1:30.
- മനുഷ്യൻ (anthropos) – 3:27.
- മനുഷ്യൻ (anthropon) – 4:29.
- മനുഷ്യൻ (anthropos) – 5:12.
- മനുഷ്യൻ (anthropos) – 7:46.
- മനുഷ്യൻ (anthropon) – 8:40.
- മനുഷ്യൻ (anthropos) – 9:11
- മനുഷ്യൻ (anthropos) – 9:16.
- മനുഷ്യൻ (anthropos) – 9:24.
- മനുഷ്യൻ (anthropos) – 10:33.
- മനുഷ്യൻ (anthropos) – 11:47.
- മനുഷ്യൻ (anthropos) – 11:50.
- മനുഷ്യൻ (anthropon) – 18:14.
- മനുഷ്യൻ (anthropou) – 18:17.
- മനുഷ്യൻ (anthropou) – 18:29.
- മനുഷ്യൻ (anthropos) – 19:5.
- ജഡം (sarki) – ജഡം – 1യോഹ, 4:2.
- ജഡം (sarki) – ജഡം – 2യോഹ, 1:7.
ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, അവൻ മനുഷ്യനാണെന്ന് യോഹന്നാൻ, തൻ്റെ പുസ്തകളങ്ങളിൽ 19 പ്രാവശ്യം എഴുതിവെക്കുമോ? മറിയയുടെ മകനാണെന്ന് സുവിശേഷത്തിൽ ഏഴുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: (യോഹ, 2:1; 2:3; 2:5; 2:12; 6:42; 19:25; 19:26). ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, മറിയയുടെ മകണാണെന്ന് ആവർത്തിച്ച് എഴുതിവെക്കുമോ? വചനത്തെ വചനംകൊണ്ടല്ലേ വ്യാഖ്യാനിക്കേണ്ടത്? ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശേ, 11:9). എന്നാൽ ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ദൈവത്തിനു് വംശാവലിയോ, ജനനമോ, മരണമോ ഇല്ല: (1തിമൊ, 6:16). ക്രിസ്തു വംശാവലിയോടെ ജനിച്ചുജീവിച്ച് മരിച്ചുയിർത്തവനാണ്: (2തിമൊ, 2:8). ദൈവം മാറാത്തവനാണെന്ന് പഴയനിയമവും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആണന്ന് പുതിയനിയമവും പറയുന്നു: (മലാ, 3:6; യാക്കോ, 1:17). പലരും കരുതുന്നപോലെ ക്രിസ്തു വചനമെന്ന നിത്യദൈവം ആണെങ്കിൽ, മാറ്റമോ മാറ്റത്തിൻ്റെ നിഴലോപോലും ഏശാത്ത ദൈവം എങ്ങനെ മരണമുള്ള മനുഷ്യനായി മാറും? ക്രിസ്തു വചനമല്ല; ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പെടാണ്: (1തിമൊ, 3:14-16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3; സെഖ, 12:10). അതായത്, ദൈവം തൻ്റെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിച്ച ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ് യേശു. (മത്താ, 1:18,20; ലൂക്കൊ, 2:21; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 1യോഹ, 3:5). [വിശദമായി അറിയാൻ കാണുക: ദൈവഭക്തിയുടെ മർമ്മം, വചനം ജഡമായിത്തീർന്നു]
താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തു അസന്ദിഗ്ധമായി പറയുന്നത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്:
ദൈവം ഒരുത്തൻ മാത്രം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വേദഭാഗത്ത് പറയുന്ന ഏകദൈവം ഗ്രീക്കിൽ, “tou monou theou” (τοῦ μόνου Θεοῦ) ആണ്. ഇംഗ്ലീഷിൽ “The only God” ആണ്: [കാണുക: Bible Hub]. പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (alone) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദിന്” (יָחִיד – yahid) തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (μόνος – Mónos). ആ പദം കൊണ്ടാണ് “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല ക്രിസ്തു പറയുന്നത്. ഉത്തമ പുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവമാണെങ്കിലോ ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലും ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. അതായത്, പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് “ മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി.
പിതാവ് മാത്രമാണ് സത്യദൈവം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, “se (pater) ton monon alethinon theon – σὲ (πατήρ) τὸν μόνον ἀληθινὸν θεὸν” ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Bible Hub]. Father, the only true God എന്ന് പറഞ്ഞാൽ; “ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ, പിതാവ് മാത്രം സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെയും പഴയനിയമത്തിലെ “യാഹീദിന്” (יָחִיד – yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് monos കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ ദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു പഠിപ്പിച്ചത് നുണയനാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). [കാണുക: പിതാവു് മാത്രം സത്യദൈവം]
താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവൻ മനുഷ്യനാണെന്ന് 40 പ്രാവശ്യം എഴുതിവെച്ചിട്ടുണ്ട്. താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനാത്തീർന്നവനും ആണ്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ സത്യദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. “ക്രിസ്തുവിനെ നുണയനാക്കാനും യോഹന്നാനെ കള്ളനാക്കാനും അവൻ്റെ സുവിശേഷം പരസ്പരവിരുദ്ധമാക്കാനുമാണ് ക്രിസ്തു വചനമെന്ന ദൈവമാണെന്ന വ്യാജം ട്രിനിറ്റി പ്രചരിപ്പിക്കുന്നത്.“
7️⃣ പ്രധാനപ്പെട്ട ഒരു തെളിവ് തരാം: ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ച് ആദ്യം പറഞ്ഞിരിക്കുന്നത് യഹോവയായ ഏകദൈവമാണ്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ ഈ വേദഭാഗം അറിയപ്പെടുന്നു. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ദൈവപുത്രനായ ക്രിസ്തു തനിക്ക് തുല്യനായ വചനമെന്ന ദൈവമാണെങ്കിലോ, യഹോവ അവനെ സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ദൈവം ആരുടെയും പുത്രനല്ല; സകലത്തിനും ആദി കാരണവും സകലത്തിൻ്റെ സ്രഷ്ടാവുമാണ്. ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? തന്മൂലം, ക്രിസ്തു വചനമെന്ന ദൈവമല്ലെന്ന് മനസ്സിലാക്കാമല്ലോ. യഹോവ അരുളിച്ചെയ്തപോലെ കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനാണ് തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4; എബ്രാ, 2:14-16).
യഹോവ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞ മറ്റൊരു വേദഭാഗം നോക്കാം: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). ഇത് യഹോവയായ ദൈവം ക്രിസ്തുവിനെക്കുറിച്ച് മോശെയോട് പറഞ്ഞതാണ്. (പ്രവൃ, 3:22; 7:37). ഈ വേദഭാഗത്ത് അഞ്ച് കാര്യങ്ങൾ കാണാം:
1. നിന്നെപ്പോലെ ഒരു പ്രവാചകൻ: നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകനെന്നാണ് യഹോവ ക്രിസ്തുവിനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം തനിക്ക് തുല്യനായ ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് വിചാരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്. ഇനി ക്രിസ്തു യഹോവയ്ക്ക് തുല്യനായ വചനമെന്ന ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ? ക്രിസ്തു തനിക്ക് തുല്യനായ ദൈവമാണെങ്കിൽ, തനിക്ക് തുല്യനായ ഒരു ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ? അവൻ തനിക്കു തുല്യനായ ദൈവമാണെങ്കിൽ, ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല എന്നൊക്കെപ്പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകില്ലേ? (യെശ, 40:25; 46:5,9). പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല; താൻ മരണമില്ലാത്തവനും മാറ്റമില്ലാത്തവനും അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ, മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. (ഇയ്യോ, 9:32; ഹോശേ, 11:9; 1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). തന്മൂലം, ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയ്ക്ക് തുല്യനായ മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല.
2. അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും: പിന്നെ പറയുന്നത്, ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു വചനമെന്ന ദൈവമാണെങ്കിലോ അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും?
3. എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും: ക്രിസ്തു വചനമെന്ന ദൈവമാണെന്നാണ് ട്രിനിറ്റിയും വൺനെസ്സുകാരും പഠിപ്പിക്കുന്നത്. എന്നാൽ അവൻ വചനമാണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. അവൻ വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ: “എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും.” ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, വചനത്തിൻ്റെ നാവിന്മേലാണോ യഹോവ തൻ്റെ വചനം കൊടുക്കുന്നത്? യഹോവ പറഞ്ഞതിൻ്റെ നിവൃത്തി ലൂക്കൊസിൻ്റെ സുവിശേഷത്തിലുണ്ട്: “എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ (Logos) നിമിത്തം ആശ്ചര്യപെട്ടു.” (ലൂക്കോ, 4:22). ഈ വേദഭാഗത്ത്, യേശുവിന്റെ വായിൽനിന്ന് പുറപ്പെട്ട വാക്കുകൾ (Logos – Word) അഥവാ, വചനങ്ങളാണ് യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങൾ (dabar). അതിനാൽ, ക്രിസ്തു യഹോവയുടെ വചനമല്ല; അവൻ്റെ വായിൽനിന്ന് പറപ്പെട്ടതാണ് വചനമെന്ന് അസന്ദിഗ്ധമായി തെളിയുന്നു.
4. ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും: ക്രിസ്തു പറയുന്നതു നോക്കുക: 1. “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. (യോഹ, 7:16). 2. പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (8:28). 3. ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49). 4. ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50). 5. ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. (യോഹ, 14:10). 6. നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു. (യോഹ, 14:24). 7. എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. (യോഹ, 14:31). 8. ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.” (യോഹ, 15:10). യഹോവ കല്പിച്ച വചനങ്ങളാണ് യേശു സംസാരിച്ചത്. ഒരു ദൈവം സ്വയമായി സംസാരിക്കാതെ മറ്റൊരു ദൈവത്തിൻ്റെ കല്പന അനുസരിച്ചു എന്നൊക്കെ വിശ്വസിക്കുന്നവരെ സമ്മതിക്കണം?
5. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും: “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). യഥാർത്ഥത്തിൽ ക്രിസ്തു വചനമെന്ന ദൈവമോ, വചനം ജഡമായിത്തീർന്നവനോ ആയിരുന്നെങ്കിൽ, അവൻ മോശെയ്പ്പോലെ ഒരു പ്രവാചകനാണെന്നോ, അവനെ യിസ്രായേൽ ജനത്തിൻ്റെ ഇടയിൽനിന്ന് എഴുന്നേല്പിക്കുമെന്നോ, എൻ്റെ വചനങ്ങളെ അവൻ്റെ നാവിലാക്കുമെന്നോ, ഞാൻ കല്പിക്കുന്നതൊക്കെയും അവൻ പറയുമെന്നോ യഹോവ പറയില്ലായിരുന്നു. അതിനാൽ, ക്രിസ്തു വചനമെന്ന ദൈവമല്ലെന്ന് സംശയലേശമന്യേ തെളിയുന്നു.
ക്രിസ്തു വചനമാണെന്ന് ബൈബിളിലെ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. വചനം എന്നാൽ: ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദൂതന്മാരുടെയും അപ്പൊസ്തലന്മാരുടെയും വായിൽനിന്നു പുറപ്പെട്ട വാക്കാണ്. മറിയയുടെ മൂത്തമകനായി ജനിച്ചതും എട്ടാം നാളിൽ പരിച്ഛേദന കഴിച്ചതും ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നതും മൂന്നരവർഷം ശുശ്രൂഷിച്ചതും യെഹൂദന്മാർ ക്രൂശിച്ചുകൊന്നതും ദൈവം ഉയിർപ്പിച്ചതും ഒരു വാക്കിനെ (Logos – Word) അഥവാ, വചനത്തെയാണെന്ന് വിശ്വാസികളെ പഠിപ്പിക്കുന്ന ട്രിനിറ്റിയെ സമ്മതിക്കണം.
[കാണുക: ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യമായ അസ്തിത്വവും]