യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൻ്റെ ലാറ്റിൻ പരിഭാഷയിൽ പില്ക്കാലത്ത് കടന്നുകൂടിയ ഒരു ഭാഗമാണ് ❝യോഹാനിയൻ കോമ❞ (Comma Johanneum) എന്നറിയപ്പെടുന്നത്. ❝Comma Johanneum❞ എന്ന ലാറ്റിൻ പ്രയോഗത്തിൻ്റെ അർത്ഥം, ❝യോഹന്നാൻ്റെ വാക്യഖണ്ഡം/വാക്യശകലം❞ എന്നാണ്. 1യോഹന്നാൻ 5:7-8 വാക്യഭാഗത്ത് അഞ്ചാം നൂറ്റാണ്ടിൽ കൂട്ടിച്ചേർക്കപ്പെട്ടതാണ് ഈ വാക്യഖണ്ഡം. ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും പുരാതനമായ മൂന്നു കയ്യെഴുത്തു പ്രതികളാണ് Codex Vaticanus (𝐀.𝐃. 𝟑𝟎𝟎–𝟑𝟐𝟓), Codex Sinaiticus (𝟑𝟑𝟎-𝟑𝟔𝟎), Codex Alexandrinus (𝟒𝟎𝟎-𝟒𝟒𝟎). അവ മൂന്നിലും ❝Johannine coma❞ ഇല്ലായിരുന്നു. [കാണുക: Codex Alexandrinus, Codex Vaticanus]. നാലാം നൂറ്റാണ്ടിലെ ❝ജറോമിൻ്റെ❞ (Jerom) ❝ലാറ്റിൻ വുൾഗാത്തയിലും❞ (Latin Valgete) ❝യോഹാനിയൻ കോമ❞ ഇല്ലായിരുന്നു. അതിൽ ഇപ്രകാരമാണ്: ❝quia tres sunt qui testimonium dantSpiritus et aqua et sanguis et tres unum sunt❞ (കാരണം സാക്ഷ്യം വഹിക്കുന്നവർ മൂന്നുപേരുണ്ട്. ആത്മാവും വെള്ളവും രക്തവും, ഈ മൂന്നും ഒന്നാണ്.). [കാണുക: Latin Vulgate]. അഞ്ചാം നൂറ്റാണ്ടുമുതലുള്ള ലാറ്റിൻ സഭാപിതാക്കന്മാർ ത്രിത്വവിശ്വാസം ശക്തിപ്പെടുത്താൻവേണ്ടി ഈ വാക്യഖണ്ഡം വുൾഗത്തയുടെ പരിഭാഷയിൽ തിരുകിക്കയറ്റിയതാണ്. 1546-ലെ ട്രെൻ്റ് കൗൺസിലിൽവെച്ച് (Council of Trent) റോമൻ കത്തോലിക്കാ സഭ തങ്ങളുടെ ഔദ്യോഗിക ബൈബിളായി ❝വുൾഗാത്തയെ❞ അംഗീകരിച്ചു. അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ: 𝟏𝟗𝟕𝟗-ൽ ലാറ്റിൻ വുൾഗാത്തയുടെ പരിഷ്കരിച്ച പരിഭാഷയായ ❝നോവ വുൾഗാത്ത❞ (Nova Vulgate) വത്തിക്കാൻ പ്രസിദ്ധീകരിച്ചു. അതിൽനിന്ന് പ്രസ്തുതവാക്യം അഥവാ, അവർ തിരുകിക്കയറ്റിയ വാക്യം അവർതന്നെ എടുത്തുകളഞ്ഞു. അതിലെ ഏഴാം വാക്യം ഇപ്പോൾ ഇപ്രകാരമാണ്: ❝സാക്ഷ്യം പറയുന്നവർ മൂവരുണ്ട്❞ (Quia tres sunt, qui testificantur). [കാണുക: Nova Vulgate]. കത്തോലിക്കരുടെ പരിഭാഷയായ പി.ഒ.സിയിൽപ്പോലും ആ വാക്യഖണ്ഡം കാണാൻ കഴിയില്ല. പി.ഒ.സിയിലെ പ്രസ്തുത വേദഭാഗം കാണുക: ❝മൂന്നു സാക്ഷികളാണുള്ളത്-ആത്മാവ്, ജലം, രക്തം- ഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു.❞ (1യോഹ, 5:7-8). അതായത്, കത്തോലിക്കർ വിഴുങ്ങിയ അഴുക്ക് അവർതന്നെ ഛർദിച്ചുകളഞ്ഞു. എന്നിട്ടും പ്രൊട്ടസ്റ്റൻ്റ് ട്രിനിറ്റി പണ്ഡിതന്മാർ ആ അഴുക്ക് ഇപ്പോഴും ചുമക്കുകയാണ്.
യോഹാനിയൻ കോമയെ “പ്രക്ഷിപ്തഭാഗം” (കൂട്ടിച്ചേർത്ത ഭാഗം) എന്നാണ് അറിയപ്പെടുന്നത്. മധ്യയുഗത്തിലെ ❝ടെക്സ്റ്റസ് റിസപ്റ്റസ്❞ (Textus Receptus) ശൃംഗലയിലെ ആദ്യരണ്ടു പതിപ്പിൽ (1516, 519) പ്രസ്തുത ❝വാക്യഖണ്ഡം❞ (Johannine coma) ഇല്ലായിരുന്നു. ഡച്ച് മാനവിക വാദിയും വടക്കൻ നവോത്ഥാനത്തിലെ ഏറ്റവും വലിയ പണ്ഡിതനുമായിരുന്ന ❝എറാസ്മസിൻ്റെ❞ (Erasmus – 1469 – 1536) ഗ്രീക്കിൽനിന്നുള്ള അഞ്ച് പരിഭാഷകളിൽ (1516, 1519, 1522, 1527; 1532) മൂന്നാമത്തേത് മുതലാണ് (1522), ❝കോമ❞ (Comma) ചേർക്കപ്പെട്ടത്. ഈ വാക്യത്തിൻ്റെ ആധികാരികതയിൽ സംശയമുണ്ടായിട്ടും അക്കാലത്തെ ലാറ്റിൻ പരിഭാഷയുടെ സ്വാധീനവും റോമൻ കത്തോലിക്കാ സഭയുടെ സമ്മർദ്ദത്തിനും വഴങ്ങിയാണ് ❝എറാസ്മസ്❞ വാക്യഖണ്ഡം കൂട്ടിച്ചേർത്തത്. [കാണുക: Erasmus]. അതാണ്, ❝കിംഗ് ജെയിംസ് വേർഷനിൽ❞ (KJV) ഈ വാക്യം കടന്നുകൂടാൻ കാരണം. ❝ടെക്സ്റ്റസ് റിസപ്റ്റസ്❞ ശൃംഗലയിലെ ആദ്യത്തെ രണ്ട് പരിഭാഷയിൽ ❝കോമ❞ ഇല്ലായിരുന്നു എന്ന് പറഞ്ഞല്ലോ. അതിൽ എറാസ്മസിൻ്റെ മൂന്നാമത്തെ 1522-ലെ പരിഭാഷ മുതൽ KJV-യുടെ 2016-വരെയുള്ള ഒറിജിനൽ പരിഭാഷകളിലെല്ലാം അത് ചേർത്തിട്ടുണ്ട്. എന്നാൽ KJV-ക്ക് മുമ്പുള്ള Textus Receptus-ൻ്റെ പല പരിഭാഷകളിലും 7-ാം വാക്യം സന്ദിഗ്ധം (സംശയിക്കത്തക്ക) എന്ന നിലയിൽ ബ്രാക്കറ്റിലാണ് കാണുന്നത്. [കാണുക: William Tyndle 1526, William Tyndale Bible 1534, Coverdale Bible 1535, Matthew’s Bible 1537, The Great Bible 1539]. ആധുനിക പണ്ഡിതന്മാർ അതിനെ ബൈബിളിൻ്റെ ഭാഗമായി കണക്കാക്കുന്നില്ല. അനേകം ബൈബിൾ പരിഭാഷകളിൽ പ്രസ്തുത വാക്യഖണ്ഡം കാണാൻ കഴിയില്ല. ഗ്രീക്കലെ, Berean Greek Bible, Byzantine Textform 2005, Nestle 1904, SBLGNT, Tischendorf, Westcott and Hort / [NA27 variants തുടങ്ങിയവയിൽ കോമയില്ല. ചിലതിൽ സന്ദിഗ്ധമെന്ന നിലയിൽ ബ്രാക്കറ്റിലാണ് ഇട്ടിരിക്കുന്നത്. ഉദാ: Greek Study Bible, Westcott and Hort]. മലയാളത്തിലെ ബെഞ്ചമിൻ ബെയ്ലി, മാണിക്കത്തനാർ, വിശുദ്ധ സത്യവേദപുസ്തകം, സത്യം പരിഭാഷ, ഹെർമ്മൻ ഗുണ്ടർട്ട് എന്നീ അഞ്ച് പരിഭാഷകളിൽ ആ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ.ആർ.വി, പി.ഒ.സി, പുതിയലോക ഭാഷാന്തരം, മലയാളം ബൈബിൾ 1956 (MBSI), മലയാളം ബൈബിൾ (BCS), മലയാളം ബൈബിൾ നൂതന പരിഭാഷ (MSV’17), വിശുദ്ധഗ്രന്ഥം, സത്യവേദപുസ്തകം, സത്യവേദപുസ്തകം സമകാലിക പരിഭാഷ തുടങ്ങിയവയിൽ ❝യോഹാനിയൻ കോമ❞ ഇല്ല. ഇംഗ്ലീഷിലെ AB, ABPE, ABU, ACV, AFV, AMSB, ANT, ASV, AUV, BLB, BBE, BLB, BV, BSB, CEB, CEV, CGV, CJB, CJBA, CLNT, COMM, CSV, DBT, DBY, DLNT, Diaglott, EHV, EMP, EMTV, ERV, ESV, FAA, FBV, GDBY, GET, GNTA, GW, GWN, GWT, HCSB, HNC, HNV, ISV, LEB, LONT, Logos, MLV, MNT, MSG, NASB, NCV, NEB, NET, NHEB, NIV, NLY, NRS, NRSA, NLV, NLT, NMV, NOG,NSRV-CI, NRS, NTM, Noy, OEB,OJB, PESH, PSNT, RAD, RHB, RKJNT, RNT, RSV, RV, ReV, Rem, SBLG, TLB, TRC, Thomson, t4t, WBT, WEB, WMNT, WONT, WNT തുടങ്ങിയ അനേകം പരിഭാഷകളിൽ ❝വാക്യഖണ്ഡം❞ കാണാൻ കഴിയില്ല. ഇംഗ്ലീഷിഷിലെ അംഗീകൃതമായ മിക്ക പരിഭാഷകളിലും ❝യോഹാനിയൻ കോമ❞ കാണാൻ കഴിയില്ല. ഒരുദാഹരണം പറഞ്ഞാൽ, ഇംഗ്ലീഷിലെ അംഗീകൃതമായ 36 പരിഭാഷകൾ പരിശോധിച്ചപ്പോൾ, അതിൽ അതിൽ 11 എണ്ണത്തിലാണ് യോഹാനിയൻ കോമ ഉള്ളത്. അതിൽ, മൂന്നെണ്ണം സംശയമുള്ള ഭാഗമെന്ന നിലയിൽ ബ്രാക്കറ്റിലാണ് കാണുന്നത്. ബൈബിളിൻ്റെ അമാമിക് പരിഭാഷയിലും കോമയില്ല. [കാണുക: The Holy Aramaic Scriptures]
1യോഹന്നാൻ 5:7-8-ൻ്റെ യഥാർത്ഥ വാക്യം സത്യവേദപുസ്തകത്തിൽ നിന്നും ചേർക്കുന്നു: ❝ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.;സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.❞ 1യോഹന്നാൻ 5:7-8-ൻ്റെ കൂട്ടിച്ചേർക്കപ്പെട്ട വാക്യത്തോടൊപ്പം ചേർക്കുന്നു: ❝സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഈ മൂവരും ഒന്നുതന്നേ. ഭൂമിയിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; ആത്മാവ്, ജലം, രക്തം, ഊ മൂന്നിൻ്റെയും സാക്ഷ്യം ഒന്നുതന്നേ.❞
രണ്ട്, മൂന്ന് നൂറ്റാണ്ടിൽ ജീവിച്ചിരുന്നവനും ത്രിത്വമെന്ന പദം ആദ്യം ഉപയോഗിച്ചവനുമായ തെർത്തുല്യനും (Tertullian) മൂന്നാം നൂറ്റാണ്ടിൽ കാർത്തേജിലെ ബിഷപ്പായിരുന്ന സിപ്രിയനും (Cyprian) നാലാം നൂറ്റാണ്ടിൽ അത്താനാസിയസും (Athanasius) യോഹാനിയൻ കോമ തങ്ങളുടെ കൃതികളിൽ ഉദ്ധരിച്ചതായി ത്രിത്വപണ്ഡിതന്മാരിൽ ചിലർ പറയുന്നുണ്ട്. എന്നാൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നാണ് എന്ന നിലയിൽ അവർ തങ്ങളുടെ കൃതികളിൽ പറഞ്ഞിട്ടുണ്ട് എന്നല്ലാതെ, അവർ ഒരിക്കലും യോഹന്നാൻ്റെ ലേഖനത്തിലെ വേദഭാഗമെന്ന നിലയിൽ ❝യോഹാനിയൻ കോമ❞ ഉദ്ധരിച്ചിട്ടില്ല. അഥവാ, ❝സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഊ മൂവരും ഒന്നുതന്നേ❞ എന്നത്, വേദഭാഗം എന്ന നിലയിൽ അവർ ഒരിടത്തും ഉദ്ധരിച്ചിട്ടില്ല; അത് യോഹന്നാൻ്റെ ലേഖനത്തിൽ ഉണ്ടെന്നും അവർ പറഞ്ഞിട്ടില്ല.
ത്രിത്വമെന്ന ഉപദേശം സ്ഥാപിക്കാനാണ് പിൽക്കാലത്ത് ഈ വാക്യം കൂട്ടിച്ചേർക്കപ്പെട്ടതെങ്കിലും, ആധുനിക ത്രിത്വപണ്ഡിതന്മാർ ആരും ത്രിത്വോപദേശം സ്ഥാപിക്കാൻ ഈ വാക്യം എടുക്കാറില്ല. എങ്കിലും, വചനപരിജ്ഞാനം ലവലേശമില്ലാത്ത ചുരുക്കം ചില അഭിനവ പണ്ഡിതന്മാർ ഈ വാക്യം ബൈബിളിൻ്റെ ഭാഗമാണെന്ന് വിശ്വസിക്കുകയും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. തന്മൂലം, ഈ വാക്യം യഥാർത്ഥത്തിൽ ബൈബിളിൻ്റെ ഭാഗമായിരുന്നെങ്കിൽ, ത്രിത്വോപദേശം സ്ഥാപിക്കാൻ കഴിയുമായിരുന്നോ എന്നാണ് നാം പരിശോധിക്കുന്നത്. അതായത്, യോഹാനിയൻ കോമ യഥാർത്ഥത്തിൽ ബൈബിളിൻ്റെ ഭാഗമാണോ, അല്ലയോ എന്നതല്ല നമ്മുടെ വിഷയം. ❝യോഹാനിയൻ കോമ❞ ബൈബിളിൻ്റെ ഭാഗം ആയിരുന്നെങ്കിൽ, അത് ത്രിത്വത്തിന് തെളിവാകുമോ എന്നതാണ് നമ്മുടെ വിഷയം. അതാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്:
കോമയിലെ ഏഴാം വാക്യം ഇപ്രകാരമാണ്: ❝സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഈ മൂവരും ഒന്നുതന്നേ.❞ ഈ വാക്യത്തിൽ പറയുന്ന വചനം പുത്രനാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. ആദ്യം അത് ശരിയാണോന്ന് നമുക്ക് നോക്കാം:
❶ വചനം യേശുവാണെന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ❝വചനം ജഡമായിത്തീർന്നു❞ എന്നാണ് യോഹന്നാൻ പറയുന്നത്: (യോഹ, 1:14). തന്നെയുമല്ല, യേശു വചനമല്ല; വെളിച്ചമാണെന്ന് 1:6-10 വാക്യങ്ങളിലൂടെ യോഹന്നാൻ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. തന്മൂലം, ❝വചനം ജഡമായിത്തീർന്നു❞ എന്നത് അക്ഷരാർത്ഥത്തിലല്ല; ആത്മീയമാണന്ന് മനസ്സിലാക്കാം. യേശു യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയാണെങ്കിൽ, ❝ഞാനും വചനവും ഒന്നാകുന്നു, എന്നെ കണ്ടവൻ വചനത്തെ കണ്ടിരിക്കുന്നു❞ എന്നൊക്കെയല്ലാതെ, ❝ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു❞ എന്നൊക്കെ എങ്ങനെ പറയും❓ (യോഹ, 10:30; 14:9). ബൈബിൾ വെളിപ്പെടുത്തുന്ന ലോഗോസ് (𝐖𝐨𝐫𝐝 – 𝐋𝐨𝐠𝐨𝐬) ആരുടെയും അസ്തിത്വമോ (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞), പ്രകൃതിയോ (𝐍𝐚𝐭𝐮𝐫𝐞), പേരോ (𝐍𝐚𝐦𝐞), പദവിയോ (𝐓𝐢𝐭𝐥𝐞) അല്ല; ദൈവത്തിന്റെയും (യോഹ, 10:35) ക്രിസ്തുവിന്റെയും (യോഹ, 15:3) ദൂതന്റെയും (ലൂക്കൊ, 1:29) പ്രവാചകന്റെയും (യോഹ, 12:38) അപ്പൊസ്തലന്മാരുടെയും (യോഹ, 17:20) വിശ്വാസികളുടെയും (മത്താ, 5:37; കൊലൊ, 4:6) വായിൽനിന്ന് പുറപ്പെടുന്ന വാക്കാണ്. അതെങ്ങനെ യേശുവാണെന്ന് പറയാൻ പറ്റും❓ ഇനിയത് യേശു ആണെന്ന് വചനവിരുദ്ധമായി വ്യഖ്യാനിക്കുന്നവർ, ❝വചനം❞ (𝐖𝐨𝐫𝐝 – 𝐋𝐨𝐠𝐨𝐬) എന്നത് യേശുവിൻ്റെ അസ്തിത്വമാണോ, പ്രകൃതിയാണോ, പദവിയാണോ, പേരാണോ എന്ന് വ്യക്തമാക്കേണ്ടതല്ലയോ❓ യേശു വചനമാണെന്ന് വചനവിരുദ്ധമായി പറയുന്നതല്ലാതെ, വചനം യേശുവിൻ്റെ എന്താണെന്ന് ലോകത്തുള്ള ഒരു ക്രൈസ്തവപണ്ഡിതനും ഇന്നയോളം വ്യക്തമാക്കിയിട്ടില്ല. അതുതന്നെ യേശു വചനമല്ല എന്നതിൻ്റെ തെളിവാണ്. [കാണുക: ➟യേശു വചനമല്ല; വെളിച്ചമാണ്, ➟ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?, ➟ലോഗോസ് എന്ന പൊതുനാമം, ➟ആദിയിൽ ഉണ്ടായിരുന്ന വചനം, ➟ലോഗോസ് (logos) റീമ (rhema), ➟ദൈവപുത്രനായ യേശു സ്രഷ്ടാവാണോ?]. 1യോഹന്നാൻ 1:1-2-ൽ പറയുന്ന ❝ജീവൻ്റെ വചനവും❞ വെളിപ്പാട് 19:16-ലെ ❝ദൈവവചനം എന്ന് പേരുള്ളവനും❞ യേശുവാണെന്ന് കരുതുന്നവരുണ്ട്. അതു വൃഥാ തോന്നൽ മാത്രമാണ്. [കാണുക: ➟ജീവൻ്റെ വചനം (The Word of life), ➟ആദിയിൽ ഉണ്ടായിരുന്നതും ആദിമുതലുള്ളതും, ➟ദൈവവചനം എന്നു പേർ]
❷ യോഹാനിയൻ കോമയിൽ സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്ന മൂന്നുപേരെക്കൂടാതെ, ഭൂമിയിൽ സാക്ഷ്യം പറയുന്ന മൂന്നുപേരുണ്ട്. അതിലും പരിശുദ്ധാത്മാവിനെ കാണാം: ❝ഭൂമിയിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; ആത്മാവ്, ജലം, രക്തം, ഈ മൂന്നിൻ്റെയും സാക്ഷ്യം ഒന്നുതന്നേ.❞ (1യോഹ, 5:8). ദൈവത്തിൻ്റെ വാഗ്ദത്തമായ പരിദ്ധാത്മാവിനെക്കുറിച്ച് യേശു പറഞ്ഞത്; ❝അവൻ എന്നേക്കും കൂടെയിരിക്കും❞ എന്നാണ്. (യോഹ, 14:16). പെന്തെക്കോസ്ത് നാളിൽ എന്നേക്കും കൂടെയിരിക്കേണ്ടതിന് പരിശുദ്ധാത്മാവ് ഭൂമിയിൽ വരുകയും ചെയ്തു. (പ്രവൃ, 2:1-3). പിന്നെയും അറുപത് കൊല്ലം കഴിഞ്ഞ് യോഹന്നാൻ ലേഖനം എഴുതുമ്പോൾ, പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ നിന്ന് സാക്ഷ്യം പറയുന്നു എന്ന് പറഞ്ഞാൽ ശരിയാകുമോ❓ എന്നേക്കും ഇരിക്കാൻ ഭൂമിയിൽ വന്ന പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിൽ നിന്നുകൊണ്ട് എങ്ങനെ സാക്ഷ്യം പറയും❓ പരിശുദ്ധാത്മാവ് സർവ്വവ്യാപിയാണെന്ന് പറയുമായിരിക്കും. പിന്നെന്തിനാണ്; അയക്കും, വരും, വന്നു എന്നൊക്കെ പറയണം❓ ഭൂമിയിൽ നിന്ന് സാക്ഷ്യം പറഞ്ഞാലും സ്വർഗ്ഗം അറിയുമെന്നിരിക്കെ, അടുത്തടുത്ത വാക്യങ്ങളിൽ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിൽ നിന്നുമുള്ള ആത്മാവിൻ്റെ രണ്ട് സാക്ഷ്യത്തിൻ്റെ ആവശ്യമെന്താണ്❓ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നൊരു ചൊല്ലുണ്ട്. കോമ കൂട്ടിച്ചേർത്തപ്പോൾ ഉണ്ടായ പ്രശ്നമാണത്. ശുദ്ധ പാഠത്തിലെ വാക്യങ്ങൾ ഇപ്രകാരമാണ്. ഏഴാം വാക്യം: ❝ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.❞ എട്ടാം വാക്യം: ❝സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.❞ കോമ കൂട്ടിച്ചേർത്തവർ, ഏഴാം വാക്യം പൂർണ്ണമായി മാറ്റിയിട്ട്, ❝സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്; പിതാവ്, വചനം, പരിശുദ്ധാത്മാവ്, ഇവർ മൂവരും ഒന്നുതന്നേ❞ എന്ന പുതിയവാക്യം ചേർക്കുകയും, എട്ടാം വാക്യത്തോടൊപ്പം ❝ഭൂമിയിൽ❞ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. അങ്ങനെയാണ്, പരിശുദ്ധാത്മാവിൻ്റെ രണ്ട് സാക്ഷ്യമായത്.
❸ കൂട്ടിച്ചേർക്കപ്പെട്ട യോഹാനിയൻ കോമയിലുള്ളത്, സ്വർഗ്ഗത്തിൽ മൂന്നുപേരുടെ സാക്ഷ്യവും ഭൂമിയിൽ മൂന്നുപേരുടെ സാക്ഷ്യവുമാണ്. ആരെക്കുറിച്ചാണ് സാക്ഷ്യം പറയുന്നതെന്ന് ഒൻപതാം വാക്യത്തിൽ പറഞ്ഞിട്ടുണ്ട്: ❝നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.❞ (1യോഹ, 5:9). അതായത്, ദൈവം തൻ്റെ പുത്രനെക്കുറിച്ച് സാക്ഷീകരിക്കുന്നതാണ് വിഷയം. വചനം യേശുവല്ലെന്ന് നാം കണ്ടതാണ്. ഇനി, സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്ന വചനം പുത്രനാണെന്ന് ആശയ്ക്ക് വിരോധമായി ആശയോടെ നമുക്ക് വിശ്വസിക്കാം; അപ്പോൾ പുത്രൻ സ്വർഗ്ഗത്തിൽനിന്ന് തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞുവെന്ന് വരും. എന്നാൽ, ഒരാൾ, തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ ആ സാക്ഷ്യം സത്യമല്ലെന്ന് വചനം പറയുന്നു. അത് ആദ്യം പറഞ്ഞത് പുത്രൻ തന്നെയാണ്: ❝ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല.❞ (യോഹ, 5:31). യെഹൂദന്മാരും അക്കാര്യം പറയുന്നുണ്ട്: ❝പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.❞ (യോഹ, 8:13). അപ്പോൾ, പുത്രൻ വചനമായി സ്വർഗ്ഗത്തിൽ നിന്നുകൊണ്ട്, തന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ; പുത്രൻ വ്യാജസാക്ഷ്യം പറഞ്ഞുവെന്നല്ലേ വരൂ❓ തന്മൂലം, സ്വർഗ്ഗത്തിൽ സാക്ഷ്യം പറയുന്നവരുടെ കൂട്ടത്തിൽ എന്തായാലും ദൈവപുത്രനായ യേശു ഇല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. പുത്രനെ വ്യാജനാക്കാമെന്നല്ലാതെ, ക്രിസ്തു വചനമാണെന്നോ, ദൈവം ത്രിത്വമാണെന്നോ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും വചനംവെച്ചുകൊണ്ട് തെളിയിക്കാൻ കഴിയില്ല.

