ബൈബിളിൻ്റെ പഴയനിയമത്തിൽ ദൈവത്തിൻ്റെ പേര് (Name) അഥവാ, സംജ്ഞാനാമമായി (proper noun) പറഞ്ഞിരിക്കുന്നത് ❛യഹോവ❜ (Jehovah) എന്നാണ്: ❝ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.❞ (പുറ, 3:15). ❛യഹോവ❜ എന്ന അതിപരിശുദ്ധനാമം എബ്രായയിൽ 6,800 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. പഴയനിയമത്തിൻ്റെ മൂലകൃതികളിൽ സ്വരാക്ഷരങ്ങൾ ഉപയോഗിക്കാറില്ലായിരുന്നു. ❛യോദ്❜ (י – Yod), ❛ഹേ❜ (ה – Heh), ❛വൌ❜ (ו – Waw), ❛ഹേ❜ (ה – Heh) എന്നു പേരുള്ള നാലു വ്യജ്ഞനാക്ഷരങ്ങൾ കൊണ്ടു മാത്രമാണ് ❛യഹോവ❜ (יהוה) എന്ന ദൈവനാമം എഴുതിയിരുന്നത്. [കാണുക: Masoretic Text]. വ്യജ്ഞനാക്ഷരങ്ങളുടെ ഉച്ചാരണം ഇംഗ്ലീഷിൽ, YHVH എന്ന അക്ഷരങ്ങൾക്ക് തുല്യമാണ്. എബ്രായ വ്യജ്ഞനാക്ഷരങ്ങളെ മലയാളത്തിൽ, ❛യ്‍ഹ്വ്ഹ്❜ (എന്നാണ് ലിപ്യന്തരണം (Transliteration) ചെയ്യുന്നത്. മലയാളത്തിൽ ❛ക❜ മുതൽ ❛ഹ❜ വരെയുള്ള എല്ലാ വ്യഞ്ജനാക്ഷരങ്ങളും ❛അ❜ എന്ന സ്വരാക്ഷരം ചേർന്ന മിശ്രരൂപങ്ങളാണ്. അതായത്, എല്ലാ വ്യഞ്ജനാക്ഷരങ്ങളുടെയും ശുദ്ധരൂപം ചന്ദ്രക്കല (ക് ⁃⁃ ഹ്) ചേർന്ന അക്ഷരങ്ങളാണ്. അതിനാൽ, יהוה ⁃⁃ 𐤉𐤄𐤅𐤄 എന്ന നാല് എബ്രായ അക്ഷരങ്ങളുടെ മലയാള ലിപ്യന്തരണം യ്‍ഹ്വ്ഹ് എന്നാണ്. [കാണുക: The Hebrew Letters, Hebrew Alphabet Chart]. എബ്രായഭാഷ ഇടത്തുനിന്ന് വലത്തോട്ടാണ് വായിക്കേണ്ടത്). ഇംഗ്ലീഷിൽ ❛YHWH❜ എന്ന നാല് അക്ഷരങ്ങളെ ❛ടെട്രാഗ്രാമറ്റൺ❜ (Tetragrammaton) എന്നു പറയുന്നു. ❛Tetragrammaton❜ (Τετραγράμματον) എന്ന പദം ❛ടെട്രാ❜ (Τετρα – Tetra), “ഗ്രാമ” (γράμμα – Gramma) എന്നീ ഗ്രീക്ക് പദങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞതാണ്; അതിനർത്ഥം ❛ചതുരക്ഷരി❜ (നാല് അക്ഷരങ്ങൾ) എന്നാണ്.
☛ പേരിൻ്റെ അർത്ഥം:
➦ ❛യഹോവ❜ (YHWH ⁃⁃ יהוה) എന്ന ദൈവനാമത്തിൻ്റെ നേരിട്ടുള്ള വ്യാകരണപരമായ അർത്ഥം: ❛അവൻ ആകുന്നു❜ (He is) എന്നാണ്. നിത്യനായവൻ (The Eternal One), ❛സ്വയം നിലനിൽക്കുന്നവൻ❜ (The Self-Existent One), ❛ആയിരിക്കുന്നവൻ❜ (He Who Is) എന്നൊക്കെയും അർത്ഥമുണ്ട്. എന്നാൽ മോശെ ദൈവത്തോട് പേർ ചോദിക്കുമ്പോൾ ദൈവം ആദ്യം പറയുന്നത് ഇപ്രകാരമാണ്: ❝ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.❞ (പുറ, 3:14). ഇവിടപ്പറയുന്ന, ❛ഞാൻ ആകുന്നവൻ ഞാൻ ആകുന്നു❜ (I AM THAT I AM) എന്നത് ❛യഹോവ❜ എന്ന പേരിൻ്റെ അഓത്ഥം വിശദീകരിക്കാൻ ദൈവൽതന്നെ പറയുന്നതാണ്. ❛ഞാൻ ആകുന്നവൻ ഞാൻ ആകുന്നു❜ എന്നത് ദൈവത്തിൻ്റെ അനന്തവും സ്വയം നിലനിൽക്കുന്ന സ്വഭാവത്തെയാണ് കാണിക്കുന്നത്. എബ്രായ വീക്ഷണപ്രകാരം ഒരുത്തൻ്റെ പേർ ചോദിക്കുന്നത് അവൻ്റെ അസ്തിത്വത്തെ ചോദിക്കുന്നതിനു് തുല്യമാണ്. സ്വഭാവവും സത്തയും പേരിൽ ഉണ്ടെന്നാണ് അവർ കരുതുന്നത്. അതിൻ്റെ കാരണം ആ വേദഭാഗത്തു നിന്നുതന്നെ മനസ്സിലാക്കാം: അവിടെ മോശെ, ❛നിന്നെ ഞാൻ എന്തു വിളിക്കണം❜ എന്ന അർത്ഥത്തിലല്ല പ്രത്യുത, ❛നീ ആരാണ്❜ എന്ന അർത്ഥത്തിലാണ് ചോദിക്കുന്നത്. ദൈവത്തിന്റെ മറുപടിയിൽ നിന്ന് അത് വ്യക്തമാണ്. കേവലം തൻ്റെയൊരു ❛സംജ്ഞാനാമം❜ (proper noun) എന്ന നിലയിലല്ല ദൈവം അവനു് മറുപടി കൊടുക്കുന്നത്. ❝താൻ നിത്യനാണെന്നും, പൂർവ്വപിതാക്കന്മാരുടെ ദൈവമാണെന്നും, നിങ്ങളുടെ കഷ്ടതകൾ ഞാൻ അറിയുന്നുവെന്നും, അടിമത്തത്തിൽ നിന്ന് നിങ്ങളെ മോചിപ്പിക്കും❞ എന്നൊക്കെയാണ് ദൈവം മറുപടി നല്കുന്നത്: (പുറ, 3:13-22). അതായത്, ദൈവത്തിൻ്റെ ❛സ്വയാസ്തിത്വം❜ (Self-existence), ❛നിത്യത്വം❜ (Eternality), ❛മാറ്റമില്ലായ്മ❜ (Unchangeability), ❛സർവ്വശക്തിത്വം❜ (Omnipotence) ❛വാഗ്ദത്തത്തിലുള്ള വിശ്വസ്തത❜ (Faithfulness in promise) എന്നിവയെയാണ് അത് സൂചിപ്പിക്കുന്നത്: (ഉല്പ, 15:13-14; 17:1; 18:4; യെശ, 40:28; 43:10). ദൈവം യാദൃശ്ചികമായി അവന് വെളിപ്പെട്ടതല്ല; തൻ്റെ സ്നേഹിതനായ അബ്രാഹാമിനോട് ചെയ്ത വാഗ്ദത്തം നിവൃത്തിക്കാനാണ് മോശെയ്ക്ക് വെളിപ്പെട്ടത്: (ഉല്പ, 15:13-14; 2ദിന, 20:7). ❛ഞാൻ നിന്നോടുകൂടെ ഉണ്ടു❜ എന്നത് ദൈവത്തിൻ്റെ സാന്നിധ്യത്തെയും (ഉല്പ, 26:24), ❛ഞാൻ നിന്നോടുകൂടെ പോരും❜ എന്നത് അവൻ്റെ ദയയെയും (ഉല്പ, 46:4), ❛ഞാൻ നിന്നോടുകൂടെ ഇരിക്കും❜ എന്നത് അവൻ്റെ കൃപയെയും (പുറ, 3:12), ❛ഞാൻ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല❜ എന്നത് അവൻ്റെ വാഗ്ദത്തത്തെയും കാണിക്കുന്നു (യോശു, 1:5). എബ്രായയിൽ, ❛എഹ്യേഹ് ആഷേർ എഹ്യേഹ്❜ (Ehyeh asher ehyeh) എന്നും ഇംഗ്ലീഷിൽ ❛I AM WHO I AM, I AM THAT I AM, I AM THAT WHICH I AM, I WILL BE WHAT I WILL BE, I SHALL BE THAT I SHALL BE❜ എന്നിങ്ങനെയും കാണാം. സത്യവേദപുസ്തകം സമകാലികപരിഭാഷയിൽ: ❛ഞാന്‍ ആകുന്നവന്‍ ഞാന്‍ തന്നെ❜ എന്നും പി.ഒ.സിയിൽ: ❛ഞാൻ ഞാൻ തന്നെ❜ എന്നും ബെഞ്ചമിൻ ബെയ്ലിയിൽ: ❛ഇരിക്കുന്നവൻ ഞാൻ ഇരിക്കുന്നു❜ എന്നുമാണ്.
☛ ദൈവനാമത്തിലെ നിക്കൂദും താമീമും:
➦ പഴയനിയമത്തിൻ്റെ മൂലകൃതികളിൽ ❛യോദ്❜ (י – Yod), ❛ഹേ❜ (ה – Heh), ❛വൌ❜ (ו – Waw), ❛ഹേ❜ (ה – Heh) [ഉച്ചാരണം: യ്‍ഹ്വ്ഹ് – YHWH] എന്ന നാല് വ്യജ്ഞനാക്ഷരങ്ങൾ (יהוה) കൊണ്ട് മാത്രമാണ് ദൈവനാമം എഴുതിയിരുന്നതെന്ന് പറഞ്ഞുവല്ലോ. വായനക്കാരൻ സ്വരാക്ഷരങ്ങൾ ചേർത്ത് വായിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ആധുനിക പരിഭാഷകളിൽ സ്വരാക്ഷര ചിഹ്നങ്ങളും മാർക്കുകളും ചേർത്തിട്ടുണ്ട്. എബ്രായ വ്യജ്ഞനാക്ഷരങ്ങളിൽ ചേർക്കുന്ന ❛സ്വരാക്ഷര ബിന്ദുക്കളെ❜ (Vowel Points) അഥവാ, സ്വരാക്ഷരങ്ങൾക്ക് പകരമായി ഉപയോഗിക്കുന്ന കുത്തുകളെയും ചിഹ്നങ്ങളെയുമാണ് ❛നിക്കൂദ്❜ (נִקּוּד – Nikkud) എന്ന് പറയുന്നത്. പദങ്ങളുടെ ❛ഉച്ചാരണം❜ (pronunciation) നിർണ്ണയിക്കുന്നത് ഈ വൗവൽ പോയിൻ്റുകളാണ്. തിരുവെഴുത്തുകൾ ശ്രുതിമധുരമായി പാരായണം ചെയ്യാൻ സഹായിക്കുന്ന ❛ജപ അടയാളങ്ങൾ❜ (Cantillation Marks/Diacritics) അഥവാ, ❛വിരാമചിഹ്നങ്ങൾ, ഊന്നലിന്റെ സൂചനകൾ❜ എന്നിവയ്ക്കാണ് ❛താമീം❜ (טעמים – Ta’amim) എന്നു പറയുന്നത്. പാഠങ്ങളുടെ സ്വരലയവും (rhythm) സ്വരമാധുര്യവും (melody) അഥവാ, പാരായണ രീതിയും സംഗീതപരമായ താളവും നിർണ്ണയിക്കുന്നത് ❛കാന്റിലേഷൻ മാർക്സ്❜ ആണ്. ഉല്പത്തി 3:15-ലെ നിക്കൂദും താമീമും ചേർന്നുള്ള ദൈവനാമം യഥാക്രമം: ടെട്രാഗ്രാമറ്റൺ ➨ יהוה + വൗവൽ പോയിൻ്റുകൾ ➨ יְהֹוָה + കാന്റിലേഷൻ മാർക്ക് ➨ יְהֹוָ֖ה എന്നിങ്ങനെയാണ്. (സൂംചെയ്ത് നോക്കുക). [കാണുക: Hebrew Alphabet; Hebrew Alphabet Sound, and Vowels]
☛ ദൈവനാമത്തിൻ്റെ ഉച്ചാരണം:
➦ ❝നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല❞ എന്ന മൂന്നാം കല്പനയെ ഭയപ്പെട്ട് (പുറ, 20:7; ആവ, 5:11; ലേവ്യ, 24:16), ദൈവത്തിൻ്റെ വിശുദ്ധനാമം വൃഥാ ഉപയോഗിക്കാതിരിക്കാനും മൂന്നാം കല്പന ലംഘിക്കാതിരിക്കാനും ദൈവത്തെ പരാമർശിക്കേണ്ടി വരുമ്പോൾ, യെഹൂദന്മാർ സാധാരണയായി ❛അദോനായ്❜ (Adonai), ❛ഹഷേം❜ (HaShem) എന്നീ പദങ്ങളാണ് തൽസ്ഥാനത്ത് ബഹുമാനപൂർവ്വം ഉപയോഗിച്ചുവരുന്നത്. വിശുദ്ധനാമം നേരിട്ട് ഉച്ചരിക്കുന്നത് ഒഴിവാക്കാൻ, പ്രാർത്ഥനയിലും സിനഗോഗ് ശുശ്രൂഷകളിലും ❛എന്റെ കർത്താവ്❜ (My Lord) എന്നർത്ഥമുള്ള ❛അദോനായ്❜ (Adonai) എന്ന പദവും, ദൈനംദിന സംഭാഷണങ്ങളിലും അനൗപചാരിക സന്ദർഭങ്ങളിലും ❛ആ പേര്❜ (The Name) എന്നർത്ഥമുള്ള ❛ഹഷേം❜ (HaShem) എന്ന പദവുമാണ് പുരാതനകാലം മുതൽ അവർ ഉപയോഗിച്ചുപോരുന്നത്. അതിനാൽ, ദൈവനാമത്തിൻ്റെ യഥാർത്ഥ ഉച്ചാരണം (pronunciation) എന്താണെന്ന് യെഹൂദാ റബ്ബിമാർക്കുപോലും നിശ്ചയമില്ല. 19-20 നൂറ്റാണ്ടുമുതൽ ഒരു വിഭാഗം അംഗീകരിച്ചിരിക്കുന്നത്, ❛യാഹ്വേ❜ (Yahweh) എന്നാണ്. എന്നാൽ നിലവിലുള്ള സ്വരാക്ഷര ബിന്ദുക്കൾ (Vowel Points) പ്രകാരം, ❛യ്‍ഹ്വ്ഹ്❜ (YHWH) എന്ന ചതുരക്ഷരിയുടെ (Tetragrammaton) ഉച്ചാരണം അതുതന്നെയാണോ എന്നകാര്യം സന്ദിഗ്ദ്ധമാണ്. നമുക്കതൊന്ന് പരിശോധിക്കാം:
☛ Strong’s Concordance-ലും Tanakh-ലും ദൈവനാമത്തിൽ ചെറിയ വ്യത്യാസമുണ്ട്. ഉദാ: പുറപ്പാട് 3:15-ലെ ദൈവനാമം Concordance-ൽ ഇങ്ങനെയാണ് ➨ יְהוָ֞ה കാണുന്നത്. [കാണുക: Bible Hub]. എന്നാൽ എബ്രായരുടെ ഔദ്യോഗിക ബൈബിളിൽ ഇപ്രകാരമാണ് ➨ יְהֹוָ֞ה കാണുന്നത്: [കാണുക: The Complete Tanakh]. Concordance-ലും Tanakh-ലും കാന്റിലേഷൻ മാർക്ക് ഒന്നുതന്നെയാണ്. എന്നാൽ എബ്രായ ബൈബിളിൽ ❛ഹേ❜ (➨הֹ – Heh) എന്ന രണ്ടാമത്തെ അക്ഷരത്തിനു് മുകളിൽ ഒരു ❛വൗവൽ പോയിൻ്റ്❜ അധികമുണ്ട്. അത് ഉച്ചാരണത്തെ ബാധിക്കും. എന്നാൽ ഉല്പത്തി 9:26-ൻ്റെ Concordance-ൽ יְהֹוָ֖ה വൗവൽ പോയിൻ്റ് കൃത്യമാണ്. അവിടെ കാന്റിലേഷൻ മാർക്കിൽ മാത്രമാണ് ചെറിയ വ്യത്യാസമുള്ളത്; അത് ഉച്ചാരണത്തെ ബാധിക്കുന്നതുമല്ല: [കാണുക: Bible Hub]. നമുക്ക് പുറപ്പാട് 3:15-ലെ രണ്ടിൻ്റെയും ഉച്ചാരണം പരിശോധിക്കാം. ആദ്യം Concordance-ലെ ഉച്ചാരണം നോക്കാം: ഒന്നാമത്തെ വ്യജ്ഞാനാക്ഷരമായ ❛യോദ്❜ (י – Yod) [ഉച്ചാരണം: യ് -Y] എന്ന അക്ഷരത്തിൻ്റെ അടിയിൽ ലംബമായി വരുന്ന രണ്ട് ബിന്ദു അഥവാ, വൗവൽ പോയിൻ്റിൻ്റെ പേര് ❛ഷെവാ❜ (שְׁוָא – sheva) എന്നാണ്. ഷെവാ രണ്ട് തരത്തിലുണ്ട്: 1. ❛ഷെവാ നാഹ്❜ (sheva nach): ഇത് നിശ്ശബ്ദമായ ❛ഷെവാ❜ ആണ്. 2. ❛ഷെവാ നാ❜ (sheva na): ഇത് ❛എ❜ (e) എന്ന ശബ്ദത്തിന് സമാനമായ ഒരു ചെറിയ സ്വരം നൽകുന്നു. ഇവിടെയുള്ളത് ❛sheva na❜ ആണ്. അതിനാൽ, ആദ്യാക്ഷരത്തോടൊപ്പം സ്വരാക്ഷരം ചേരുമ്പോൾ, മലയാളത്തിൽ ❛യ്+എ=യ❜ എന്നും ഇംഗ്ലീഷിൽ ❛Y+e=Ye❜ എന്നും ഉച്ചാരണം ലഭിക്കുന്നു. രണ്ടാമത്തെ അക്ഷരമായ ❛ഹേ❜ (ה – Heh) [ഉച്ചാരണം: ഹ് – H] എന്ന അക്ഷരത്തോടൊപ്പം വൗവൽ പോയിൻ്റോ, കാന്റിലേഷൻ മാർക്കോ ഇല്ല. അതിനാൽ, ഇവിടെ ❛ഹ്–H❜ എന്ന അതേ ഉച്ചാരണം തന്നെയാണുള്ളത്. മൂന്നാമത്തെ അക്ഷരമായ ❛വാവ്❜ (ו – Waw) [ഉച്ചാരണം: വ് – W] എന്ന അക്ഷരത്തോടൊപ്പം ചേർന്നിരിക്കുന്ന വൗവൽ പോയിൻ്റ് ❛കൊമെറ്റ്സ്❜ (Komets) ആണ്. അതിനു് മലയാളത്തിലെ ❛ആ❜ ശബ്ദമാണ്. ഇംഗ്ലീഷിൽ Father-ൻ്റെ നീണ്ട ❛a❜ ശബ്ദമാണ്. അക്ഷരത്തോടൊപ്പം ചേർന്നിരിക്കുന്ന കാന്റിലേഷൻ മാർക്ക് (മുകളിൽ കാണുന്ന വലത്തോട്ട് വളഞ്ഞ രണ്ട് വരകൾ) ❛പഷ്ത❜ (פַּשְׁטָא – pashta) എന്നും ❛മുനാച്ച്❜ (מֻנַּח – munach) എന്നും അറിയപ്പെടുന്നു. അത് ❛തോറ❜ (Torah) പാരായണത്തിലെ സംഗീതവുമായി ബന്ധപ്പെട്ടതാണ്. അതിനാൽ, മൂന്നാമത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം ❛വ്+ആ=വാ❜ എന്നും, ഇംഗ്ലീഷിൽ ❛V+a =Va❜ എന്നും ഉച്ചാരണം ലഭിക്കുന്നു. നാലാമത്തെ അക്ഷരമായ ❛ഹേ❜ (ה – Heh) [ഉച്ചാരണം: ഹ് – H] എന്ന അക്ഷരത്തോടൊപ്പം വൗവൽ പോയിൻ്റോ, കാന്റിലേഷൻ മാർക്കോ ഇല്ല. അതിനാൽ, അതിൻ്റെ ഉച്ചാരണം ❛ഹ്–H❜ എന്നുതന്നെയാണ്. തന്മൂലം, ഉല്പത്തി 3:15-ലെ Concordance-ൻ്റെ ഉച്ചാരണം: ❛യ+ഹ്+വാ+ഹ് = യഹ്വാഹ്❜ (Yehvah) എന്ന ഉച്ചാരണം ലഭിക്കുന്നു. അതിനാലായിരിക്കും, 19–20-നൂറ്റാണ്ടിലെ പണ്ഡിതന്മാർ ❛യാഹ്വേ ⁃⁃ Yahweh❜ എന്ന് മനസ്സിലാക്കാൻ കാരണം.
☛ Tanakh-ലെ ഉച്ചാരണം നോക്കാം: ഒന്നാമത്തെ അക്ഷരത്തോടൊപ്പം മുകളിൽ നാം കണ്ടപോലെ, വൗവൽ പോയിൻ്റ് ചേർന്നപ്പോൾ, ❛യ–Ye❜ എന്നാണ് ഉച്ചാരണം. എന്നാൽ ഇവിടെ രണ്ടാമത്തെ അക്ഷരത്തിൻ്റെ മുകളിൽ ❛ഹോലം❜ (חֹלֶם – Holam) എന്ന ഒരു വൗവൽ പോയിൻ്റുണ്ട്. ❛ഹോലം❜ ഒരു നീണ്ട ❛ഓ❜ (o) ശബ്ദമാണ്. അതിനാൽ, ഇവിടുത്തെ രണ്ടാമത്തെ അക്ഷരത്തിനു്, ❛ഹ്+ഓ=ഹോ❜ (H+o=Ho) എന്നാണ് ഉച്ചാരണം. ഇവിടെയും മൂന്നാമത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം, ❛വ്+ആ=വാ❜ (V+a=Va) എന്നാണ്. നാലാമത്തെ അക്ഷരത്തിൻ്റെ ഉച്ചാരണം, ❛ഹ്❜ (H) എന്നുതന്നെയാണ്. തന്മൂലം, Tanakh-ൻ്റെ ഉച്ചാരണം: ❛യഹോവാഹ്❜ എന്ന് ലഭിക്കും. ഇംഗ്ലീഷിൽ ❛Yehovah❜ എന്നും കിട്ടും. Blue Letter Bible-ൻ്റെ Concordance-ൽ ദൈവനാമത്തിൻ്റെ ഒറിജിനൽ പദം അല്ലെങ്കിൽ, അടിസ്ഥാന രൂപമായി കാണുന്നത് Tanakh-ൽ പറഞ്ഞിരിക്കുന്ന അതേ രൂപം ➨ ❛יְהֹוָה❜ ആണ്. (അവിടെ ഒരു വ്യത്യാസം തോന്നും; എന്നാൽ അതൊന്ന് Copy paste ചെയ്ത് നോക്കിയാൽ വ്യക്തമാകും). [കാണുക: ഉല്പത്തി 9:26 ➤ Blue Letter Bible, Bible Hub]. അതിനാൽ, ദൈവനാമത്തിൻ്റെ കൃത്യമായ ലിപ്യന്തരണം (Transliteration) ❛യഹോവ❜ (Jehovah) എന്നോ, ❛യാഹ്വേ❜ (Yahweh) എന്നോ അല്ല; ❛യഹോവാഹ്❜ (Yehovah) എന്നാണെന്ന് മനസ്സിലാക്കാം. ദൈവനാമം യഹോവാഹ് എന്നാണ് ലിപ്യന്തരണം ചെയ്യേണ്ടത് എന്നതിന് മറ്റൊരു തെളിവുണ്ട്: ദൈവനാമം മൂലകൃതിയിൽ എഴുതിയിരുന്നത് ചതുരക്ഷരിയിൽ (Tetragrammaton) അഥവാ, നാലു വ്യജ്ഞനാക്ഷരം കൊണ്ടാണെന്ന് തുടക്കത്തിൽത്തന്നെ നാം കണ്ടതാണ്. എന്നാൽ ❛യാഹ്വേ❜ (യാ,ഹ്,വേ) എന്നെഴുതിയാലും ❛യഹോവ❜ എന്നെഴുതിയാലും, മൂന്നു വ്യജ്ഞനാക്ഷരം മാത്രമേ മലയാളത്തിൽ ഉണ്ടാകയുള്ളു. തന്മൂലം, അത് വചനവിരുദ്ധമായ ലിപ്യന്തരണമാണ്. നാല് വ്യജ്ഞാനാക്ഷരങ്ങളും സ്വരാക്ഷരങ്ങളും കൃത്യമായി ചേരുമ്പോൾ, യഹോവാഹ് (Yehovah) എന്നുവരും. എന്നാൽ എബ്രായയിലെ ❛ഹേ❜ (ה – Heh) എന്ന അക്ഷരം (ഉച്ചാരണം: ഹ് – h) വാക്കുകളുടെ അവസാനം വരുമ്പോൾ അത് നിശബ്ദമായിരിക്കും. തന്മൂലം, ദൈവനാമത്തിൻ്റെ (יהוה) ❛ലിപ്യന്തരണം❜ (Transliteration) ❛യഹോവാഹ്❜ (Yehovah) എന്നും ❛ഉച്ചാരണം❜ (Pronunciation) ❛യഹോവാ❜ (Yehova) എന്നുമാണ്. അതായത്, എഴുതുമ്പോൾ ❛യഹോവാഹ്❜ (Yehovah) എന്നും വായിക്കുമ്പോൾ ❛യഹോവാ❜ (Yehova) എന്നുമാണ്. [കാണുക: Hebrew Alphabet, കേൾക്കുക: Pronunciation]
☛ യഹോവാഹ് എന്ന ദൈവനാമത്തിൻ്റെ സവിശേഷത:
➦ ബൈബിളിലെ സകല കല്പനകൾക്കും അനുഗ്രഹങ്ങൾക്കും വാഗ്ദത്തങ്ങൾക്കും അടിസ്ഥാനമാണ് പത്ത് കല്പന. യഹോവയായ ഏകദൈവം അരുളിച്ചെയ്തതും രണ്ട് കല്പലകളിന്മേൽ തന്റെ വിരൽ കൊണ്ട് എഴുതി മോശെയെ ഏല്പിച്ചതുമാണ് പത്ത് കല്പന. (പുറ, 31:18; 32:15-6). പത്തുകല്പനകൾ രണ്ടിടത്ത് പട്ടികയായി പറഞ്ഞിട്ടുണ്ട്. (പുറ, 20:1-17; ആവ, 5:6-21). പത്തുകല്പനകളിലെ, പ്രഥമവും പ്രധാനവുമായ കല്പന ഇപ്രകാരമാണ്: ❝യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.❞ (പുറ, 20:2-3; ആവ, 5:6-7). പത്തു കല്പനകളിൽ എട്ടുപ്രാവശ്യം ദൈവം തൻ്റെ നാമം പ്രസ്താവിച്ചിട്ടുണ്ട്: [Masoretic Text കാണുക: പുറ,20:2; 20:5; 20:7; 20:7; 20:10; 20:11; 20:11; 20:12]. ദൈവം കല്പനകൾ എല്ലാം നല്കിയശേഷമാണ് മോശെ മരുഭൂമിയിൽവെച്ച് പഞ്ചഗ്രന്ഥങ്ങൾ എഴുതിത്തുടങ്ങിയതെന്ന് നമുക്കറിയാം. അപ്പോൾ, നാലു വ്യജ്ഞനാക്ഷരങ്ങളുള്ള ❛יהוה❜ (യ്ഹ്വ്ഹ്) എന്ന തൻ്റെ നാമം തൻ്റെ വിരലുകൾകൊണ്ട് ആദ്യം കല്പലകകളിൽ എഴുതിയത് ദൈവം തന്നെയാണ്. അതിനാൽ, ആ നാമം ഏത് ഭാഷയിലേക്ക് ലിപ്യന്തരണം ചെയ്താലും നാല് വ്യജ്ഞനാക്ഷരങ്ങൾ കൃത്യമായിട്ട് ഉണ്ടാകണം. യഹോവ, യാഹ്വേ എന്നീ നാമങ്ങളിൽ അതില്ല. ദൈവം തൻ്റെ വിരലുകൾകൊണ്ട് എഴുതിക്കൊടുത്ത പേരിലെ അക്ഷരങ്ങളെ കൂട്ടുവാനോ, കുറയ്ക്കുവാനോ മനുഷ്യർക്ക് അധികാരമില്ല. ഭാഷ മാറുന്നതിനനുസരിച്ച് ഉച്ചാരണത്തിൽ ചെറിയ വ്യത്യാസം വരുന്നത് സ്വാഭാവികമാണ്. എന്നാൽ വ്യജ്ഞനാക്ഷരങ്ങൾ കുറയുകയോ, കൂടുകയോ ചെയ്യുന്നത് എങ്ങനെയാണ്? അതിനാൽ, യഹോവാഹ് (Yehovah) എന്നാണ് മലയാളത്തിൽ ലിപ്യന്തരണം ചെയ്യേണ്ടതെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു.
☛ മറ്റൊരു തെളിവ്:
➦ The New Messianic Version ബൈബിളിൽ, പഴയനിയമത്തിലും പുതിയനിയമത്തിലും ദൈവനാമം വരുന്ന സ്ഥാനങ്ങളിലെല്ലാം ❛Yehovah❜ എന്നാണ് കാണുന്നത്: (കാണുക: ഉല്പ, 2:7; മത്താ, 4:7). ❛ടോവ് റോസ്❜ (Tov Rose) എന്ന ഒരു മശീയാനിക് യഹൂദ (Messianic Jew) പണ്ഡിതനും എഴുത്തുകാരനുമാണ് (NMV) പരിഭാഷയുടെ ഉപജ്ഞാതാവ്. പൂർണ്ണമായ The New Messianic Version Bible പ്രസിദ്ധീകരിച്ചത് 2018 സെപ്റ്റംബർ 14-നാണ്. മശീയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. ❛മശീയാനിക് യെഹൂദർ❜ (Messianic Jews) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ [തോറാ (Torah) പാരായണം, ശബ്ബത്താചരണം (Sabbath), പെസഹ (Passover), പെന്തെക്കൊസ്ത് (Pentecost), കൂടാരപ്പെരുനാൾ (Feast of Tabernacles), പ്രതിഷ്ഠോത്സവം (Hanukkah)] മുതലായവ അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. ❝യെഹൂദന്നു എന്തു വിശേഷത? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ.❞ (റോമ, 3:1-2). ❝പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതിയാണ് യിസ്രായേൽ.❞ (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; റോമ, 9:4). അതിനാൽ, യെഹൂദന്മാരുടെ ബൈബിൾ വിശ്വസയോഗ്യമായി കണക്കാക്കാം. [കാണുക: യെഹൂദന്നു എന്തു വിശേഷത?]
☛ KJV പോലുള്ള ഇംഗ്ലീഷ് ബൈബിളിൽ കാണുന്ന ❛ജെഹോവ❜ (JEHOVAH) എന്നത് തെറ്റായ ഉച്ചാരണമാണ്: [Exo, 6:3]. എബ്രായ ബൈബിളിന്റെ മൂലപാഠം പുനർനിർമ്മിക്കാൻ ഏകദേശം 6-മുതൽ 10-വരെ നൂറ്റാണ്ടുകളിൽ പ്രവർത്തിച്ചത് മസോറെറ്റുകൾ (Masoretes) ആണ് ❛YHWH❜ എന്ന ചതുരക്ഷരിയിലേക്ക് (Tetragrammaton) ❛അദോനായി❜ (Adonai) അല്ലെങ്കിൽ, എലോഹിം (Elohim) എന്ന എബ്രായ പദത്തിൻ്റെ സ്വരാക്ഷര ചിഹ്നങ്ങൾ ചേർത്തത്. എന്നാൽ ലാറ്റിൻ സംസാരിക്കുന്ന ക്രിസ്ത്യൻ പണ്ഡിതന്മാർ Y ലാറ്റിനിൽ നിലവിലില്ലാത്തത്തിനാൽ പകരം I അല്ലെങ്കിൽ J ഉപയോഗിച്ചു. (ഇതിന്റെ രണ്ടാമത്തെത് I-യുടെ ഒരു വകഭേദമായി ലാറ്റിനിൽ നിലവിലുണ്ട്) അങ്ങനെ, ടെട്രാഗ്രാമറ്റൺ കൃത്രിമ ലാറ്റിനൈസ് ചെയ്ത നാമമായ ❛ജെഹോവ❜ (JeHoWaH) ആയി മാറി. മധ്യകാല യൂറോപ്പിലുടനീളം പേരിന്റെ ഉപയോഗം വ്യാപിച്ചതോടെ, ലാറ്റിൻ ഭാഷയേക്കാൾ പ്രാദേശിക ഭാഷയനുസരിച്ച് J എന്നത് പ്രാരംഭ അക്ഷരമായി ഉച്ചരിക്കപ്പെട്ടു: ➤[കാണുക: YHWH Meaning & Facts Britannica]. KJV-യുടെ 1611-ലെ ഒറിജിനൽ പരിഭാഷയിൽ ❛IEHOVAH❜ എന്ന് കാണാൻ കഴിയും. ➤[കാണുക: KJV 1611 Original, Exodus 6:3]
☛ Jewish Virtual Library-ലും മറ്റൊരു രൂപത്തിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്: ചില ക്രിസ്തീയ പണ്ഡിതന്മാർ ചതുരക്ഷരി (four-letter) നാമത്തെ “ജെഹോവ” (Jehovah) എന്ന് വിവർത്തനം ചെയ്യുന്നു, എന്നാൽ ഈ ഉച്ചാരണം പ്രത്യേകിച്ച് ഉണ്ടാവാനിടയില്ല. പുരാതന ജൂത ഗ്രന്ഥങ്ങൾ YHVH എന്ന് എഴുതിയിരിക്കുന്നതുപോലെ ഉച്ചരിക്കരുതെന്ന് ആളുകളെ ഓർമ്മിപ്പിക്കാൻ, “Adonai” (YHVH എന്നതിന് പകരം ഉപയോഗിക്കുന്ന സാധാരണ പദം) എന്ന നാമത്തിന്റെ സ്വരാക്ഷരങ്ങൾ YHVH എന്ന അക്ഷരത്തിന്റെ കീഴിൽ ചേർത്തിരുന്നു എന്ന വസ്തുതയിൽ നിന്നാണ്, ❛ജെഹോവ❜ (Jehovah) എന്ന വാക്ക് ഉണ്ടായത്. പതിനാറാം നൂറ്റാണ്ടിലെ ഒരു ജർമ്മൻ ക്രിസ്ത്യൻ എഴുത്തുകാരൻ, പോപ്പിനായി ബൈബിൾ ലാറ്റിനിലേക്ക് ലിപ്യന്തരണം (Transliteration) ചെയ്യുമ്പോൾ, തന്റെ ഗ്രന്ഥങ്ങളിൽ കാണുന്നതുപോലെ, YHVH എന്ന വ്യഞ്ജനാക്ഷരങ്ങളും അദോനായിയുടെ (Adonai) സ്വരാക്ഷരങ്ങളും ഉപയോഗിച്ച് നാമം എഴുതി, JeHoVaH എന്ന വാക്ക് കണ്ടുപിടിച്ചു, അങ്ങനെ YHVH എന്ന പേര് നിലച്ചു. ➤[കാണുക: Jewish Virtual Library]
☛ ദൈവനാമത്തിലെ ഉപസർഗ്ഗങ്ങൾ (Prefixes):
➦ എബ്രായ വ്യാകരണത്തിൽ ❛വിഭക്തികൾ❜ (cases) സാധാരണയായി കാണാൻ കഴിയില്ല. എന്നാൽ പ്രത്യയങ്ങളും (suffixes) ഉപസർഗ്ഗങ്ങളും (prefixes) ഉണ്ട്. ഗ്രീക്കിലും ലാറ്റിനിലും സംസ്കൃതത്തിലും മലയാളത്തിലും വിഭക്തികളും പ്രത്യയങ്ങളും ഉപസർഗ്ഗങ്ങളുമുണ്ട്. പദങ്ങളുടെ ❛മുന്നിൽ❜ അതിൻ്റെ അർത്ഥത്തിന് രൂപഭേദം വരത്തക്കവിധം ചേർന്നുനില്ക്കുന്ന അക്ഷരം അല്ലെങ്കിൽ, അക്ഷരങ്ങളെയാണ് ❛ഉപസർഗ്ഗം❜ (Prefix) എന്നു പറയുന്നന്നത്. എന്നാൽ ഗ്രീക്കിലോ, മലയാളത്തിലോ നാമപദങ്ങൾക്ക് രൂപഭേദം വരുത്താൻ ഉപസർഗ്ഗം ഒരിക്കലും ചേർക്കില്ല. അതായത്, മലയാളത്തിൽ ❛യഹോവ, യേശു, ദൈവം, പിതാവ്, പുത്രൻ❜ എന്നീ നാമങ്ങളുടെ മുമ്പിൽ ഒരിക്കലും ഉപസർഗ്ഗം കാണാൻ കഴിയില്ല; എന്നാൽ പിന്നിൽ പ്രത്യയം (suffix) കാണാൻ കഴിയും: ഉദാ: ❛പിതാവിനെ, പിതാവിനോടു, പിതാവിനു❜ ഇവിടെ പിതാവ് എന്ന നാമത്തിനൊപ്പം ❛എ, ഓട്, ഉ്❜ എന്നീ അക്ഷരങ്ങൾ പ്രത്യയമായി ചേർന്നപ്പോൾ, ❛പിതാവ്❜ എന്ന നാമപദത്തിന് രൂപഭേദം വന്നു. ഗ്രീക്കിലും അങ്ങനെ കാണാൻ കഴിയും: ❛തെയോസ്❜ (θεός – theos) എന്ന പദത്തോടൊപ്പം ❛ഓൻ❜ (on – ὸν) എന്ന രണ്ടക്ഷരം പ്രത്യയമായി ചേർന്നപ്പോൾ, ❛ദൈവം❜ (θεός) എന്ന നാമപദം ❛ദൈവത്തെ❜ എന്നർത്ഥമുള്ള ❛തെയോൻ❜ (theon – θεὸν) എന്നായി: (ലൂക്കൊ, 5:26). യേശു എന്ന പേരിനു പിന്നിലും പ്രത്യയം ചേർന്നിട്ടുണ്ട്. [കാണുക: ഗ്രീക്ക് ഗ്രാമർ (വിഭക്തി, പ്രത്യയം, ഉപസർഗ്ഗം)]. എന്നാൽ എബ്രായയിൽ നേരെ തിരിച്ചാണ്. നാമത്തിനു് പിന്നിൽ പ്രത്യയം (suffix) ആയിട്ടല്ല; മുന്നിൽ ഉപസർഗ്ഗം (Prefix) ആയിട്ടാണ് അക്ഷരങ്ങൾ ചേർന്ന് നാമത്തിനു് രൂപഭേദം വരുന്നത്. ചില ഉദാഹരണങ്ങൾ കാണാം:
❶ ❛യഹോവയ്ക്കു❜ (to LORD) എന്നർത്ഥത്തിൽ לַֽיהוָֽה (la-Yehovah – ല-യഹോവ) എന്ന് ആവർത്തിച്ചു കാണാൻ കഴിയും. [ഉല്പത്തി 4:3; ഉല്പത്തി 8:20; ഉല്പത്തി 12:7].
❷ ❛യഹോവയിൽ❜ (In LORD) എന്നർത്ഥതിൽ בַּֽיהוָ֑ה (be-Yehovah – ബി-യഹോവ) എന്നും കാണാം: [ഉല്പത്തി 15:6; ഉല്പത്തി 24:3].
❸ ❛യഹോവയാൽ❜ (For Yehovah) എന്നർത്ഥത്തിൽ מֵיְהוָ֖ה (me-Yehova – മെ-യഹോവ) എന്നും കാണാം: [ഉല്പത്തി 18:14; ഉല്പത്തി 24:50].
❹ ❛പിന്നെ യഹോവ❜ (Then Yehovah) എന്നർത്ഥത്തിൽ וַֽיהוָ֗ה (va-Yehova – വാ- യഹോവ) എന്നും കാണാം: [ഉല്പത്തി 19:24; ഉല്പത്തി 21:1; ഉല്പത്തി 24:1].
❺ ❛യഹോവയെപ്പോലെ❜ (Like Yehovah) എന്നർത്ഥത്തിൽ כַּיהוָ֥ה (ka-Yehovah – കാ-യഹോവ) എന്നും കാണാം: [പുറപ്പാട് 8:10]. ഇതുപോലെ അനവധിയുണ്ട്. ഇതൊക്കെ സന്ദർഭം അനുസരിച്ച് ❛യഹോവാഹ്❜ (Yehovah) എന്ന ദൈവനാമത്തിന് രൂപഭേദം വരുത്തുന്ന ഉപസർഗ്ഗങ്ങളാണ്. അതിനാൽ പ്രത്യേകം ഓർക്കുക: ❛യഹോവാഹ്❜ എന്നാണ് പഴയനിയമത്തിൽ ദൈവത്തിൻ്റെ പേര് അല്ലെങ്കിൽ, ദൈവനാമത്തിൻ്റെ അടിസ്ഥാന രൂപം. എന്നാൽ ആ നാമത്തോടൊപ്പം മറ്റു ❛വ്യജ്ഞനാക്ഷരങ്ങളും വൗവൽ പോയിൻ്റ്സും❜ ഉപസർഗ്ഗമായി ചേർന്ന് ദൈവനാമത്തിന് സന്ദർഭം അനുസരിച്ച് രൂപഭേദം വരുന്നതായി വചനത്തിൽ കാണാം. അതായത്, യഹോവാഹ് (Yehovah) കൃത്യമായ നാമമായിരിക്കില്ല എല്ലായിടത്തും കാണുന്നത്.
☛ യാഹ് എന്ന ദൈവനാമം:
➦ ❛Yehovah❜ എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തായ ❛יָ֔הּ❜ (യാഹ് – JAH) എന്ന നാമം എബ്രായയിൽ നാല്പത്താറു വാക്യങ്ങളിലായി അൻപതു പ്രാവശ്യം കാണാം: [BiBle Hub]. തനാഖിൽ (Tanakh) ❛സ്തുതിക്കുക❜ (Praise ye) എന്നർത്ഥമുള്ള ❛ഹല്ലേലൂ❜ (הַֽלְלוּ – Hallelu) എന്ന പദം ഉപസർഗ്ഗമായി (Prefix) ചേർത്തുകൊണ്ട്, ❛ഹല്ലേലൂയാഹ്❜ (הַֽלְלוּיָ֨הּ – Hallelujah) എന്നു ഇരുപത്തിനാലു വാക്യങ്ങളിൽ കാണാം: ഏഴു സങ്കീർത്തനങ്ങളിൽ ഓരോ പ്രാവശ്യം വീതവും (104:35; 105;45; 111:1; 112:1; 115:18; 116;19; 117:2) ഏഴു സങ്കീർത്തനങ്ങളിൽ രണ്ടു പ്രാവശ്യം വീതവും (106:1,48; 113:1; 113:9; 146:1,10; 147:1,20; 148:1,14, 149:1,9; 150:1,6) ഒരു സങ്കീർത്തനത്തിൽ മൂന്നുപ്രാവശ്യവും കാണാം (135:1; 135:3; 135:21). Tanakh-ൻ്റെ ഇംഗ്ലീഷ് പരിഭാഷയിൽ ബാക്കി സ്ഥാനങ്ങളിൽ ❛The Eternal❜ എന്നും (പുറ, 15:2; 17:16; യെശ, 38:12), ❛God❜ എന്നും പരിഭാഷ (Translation) ചെയ്തും (118:5,14,17,18,19), ചിലയിടത്ത്, ❛Yah❜ എന്നു ലിപ്യന്തരണം (Transliteration) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. (സങ്കീ, 68:5; 68:19; 77:12; 89:9; യെശ, 26:4). KJV-യിൽ ❛Hallelujah❜ എന്ന പദത്തെ പിരിച്ചു ❛Praise ye the LORD❜ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്: (104:35). സത്യവേദപുസ്തകത്തിൽ ❛ഹല്ലേലൂയാ❜ എന്നത് പിരിച്ചു ❛യഹോവ❜ (יְהֹוָ֞ה) എന്ന പൂർണ്ണ നാമവും ചേർത്ത്, ❛യഹോവയെ സ്തുതിപ്പിൻ❜ എന്നാണ് കാണുന്നത്: (104:35). KJV-യിലും സത്യവേദപുസ്തകത്തിലും “❛Aallelujah❜ (Ἁλληλουϊά) എന്ന പൂർണ്ണപ്രയോഗം പഴയനിയമത്തിലില്ല; വെളിപ്പാടിലാണുള്ളത്: (19:1,3,4,6). അതായത്, ❛Hallelujah❜ (הַֽלְלוּ) എന്ന എബ്രായപദത്തെ പഴയനിയമത്തിൽ പരിഭാഷ (Translation) ചെയ്തും പുതിയനിയമത്തിൽ ലിപ്യന്തരണം (Transliteration) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. ❛JAH❜ എന്നു KJV-യിൽ ഒരു പ്രാവശ്യവും ബാക്കി സ്ഥാനങ്ങളിൽ ❛The Lord❜ എന്നുമാണ് പരിഭാഷ ചെയ്തിരിക്കുന്നത്: (സങ്കീ, 68:4). മലയാളത്തിൽ ❛യാഹ്❜ എന്നു നാലു പ്രാവശ്യവും ബാക്കി സ്ഥാനങ്ങളിൽ ❛യഹോവ❜ എന്നുമാണ്: (സങ്കീ, 68:4; 68:18; യെശ, 12:2; 26:4).
☛ ചുരുക്ക ദൈവനാമത്തിൻ്റെ ഉച്ചാരണം:
➦ ❛Yehovah❜ എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തായ ❛Yah❜ (യാഹ്) എന്ന നാമത്തിൻ്റെ രണ്ടു വ്യജ്ഞനാക്ഷരം ഇപ്രകാരം ➨ ❛יהּ❜ ആണ്. ഇത് ദൈവനാമമായ ചതുരക്ഷരിയുടെ ❛יהוה❜ (Tetragrammaton) ആദ്യത്തെ രണ്ടക്ഷരങ്ങളാണ്. വ്യജ്ഞനാക്ഷരങ്ങളോടു കൂടെ വൗവൽ പോയ്ൻ്റ്സ് ചേർത്ത നാമം ഇപ്രകാരം ➨ ❛יָהּ❜ ആണ്. ആദ്യ അക്ഷരത്തിൽ മാത്രമാണ് വൗവൽ പൊയിൻ്റുള്ളത്. അത്, ❛കൊമെറ്റ്സ്❜ (Komets) ആണ്. അതിനു് മലയാളത്തിലെ ❛ആ❜ ശബ്ദമാണ്. ഇംഗ്ലീഷിൽ Father-ൻ്റെ നീണ്ട ❛a❜ ശബ്ദമാണ്. അതായത്, ❛യ്+ആ=യാ❜ എന്നും ഇംഗ്ലീഷിൽ ❛Y+a=Ya❜ എന്നും ആകും. രണ്ടാമത്തെ അക്ഷരമായ യോദിൻ്റെ ഉള്ളിൽ കാണുന്ന ബിന്ദു ➨ ❛הּ❜, “ദാഗേഷ്” (דָּגֵשׁ – dagesh) എന്നു പേരുള്ള ഒരു ഡയാക്രിറ്റിക്കൽ ചിഹ്നം (diacritical mark) ആണ്. ഇത്, വൗവൽ പോയിൻ്റ്സിൽനിന്നും കാൻ്റിലേഷൻ മാർക്സിൽനിന്നും വിഭിന്നമാണ്. ❛ദാഗേഷ്❜ എബ്രായയിൽ അക്ഷരങ്ങളോടു ചേർക്കുന്ന ഒരു പ്രത്യേക സൂചനാടയാളമാണ്. ❛ഹേ❜ (ה – Heh) എന്ന വ്യഞ്ജനാക്ഷരത്തിണ്ട് (ഉച്ചാരണം: ഹ് – h) ഉച്ചാരണം മൂദുവാണെന്ന് മുകളിൽ പറഞ്ഞതാണ്. എന്നാൽ ഇവിടെ ❛ദാഗേഷ്❜ എന്ന ഒരു ബിന്ദു അക്ഷരത്തിൻ്റെ ഉള്ളിൽ വരുന്നതിനാൽ, ❛ഹ്❜ (הּ) എന്ന ഉച്ചാരണം ശക്തിപ്പെടുന്നു. അതായത്, ❛യാ+ഹ്=യാഹ് (Ya+h=Yah) എന്നാണ് ഉച്ചാരണം. ❛Yah❜ എന്ന ദൈവനാമത്തോടൊപ്പം കാൻ്റിലേഷൻ മാർക്കും ചേർന്നാൽ ഇപ്രകാരം ➨ יָ֔הּ ആണ്. കാൻ്റിലേഷൻ മാർക്സ് ഉച്ചാരണത്തിനു് കാര്യമായ വ്യത്യാസം വരുത്തുന്നില്ലെന്ന് മുകളിൽ നാം കണ്ടതാണ്. തന്മൂലം, ❛യഹോവാഹ്❜ (Yehovah) എന്ന ദൈവനാമത്തിൻ്റെ ചുരുക്കെഴുത്തിനു് മലയാളത്തിൽ ❛യാഹ്❜ എന്നും ഇംഗ്ലീഷിൽ ❛Yah❜ എന്നും തന്നെയാണ് ഉച്ചാരണം. ❛ഹേ❜ (ה – Heh) എന്ന രണ്ടാമത്തെ അക്ഷരത്തിൻ്റെ ഹ് എന്ന ഉച്ചാരണം ശക്തിയുള്ളതാകയാൽ ❛יָהּ❜ എന്ന ചുരുക്ക ദൈവനാമത്തിൻ്റെ ❛ലിപ്യന്തരണവും❜ (Transliteration) ❛ഉച്ചാരണവും❜ (Pronunciation) യാഹ് (Yah) എന്നുതന്നെയാണ്. യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളിൻ്റെ ഇംഗ്ലീഷ് പരിഭാഷയിൽ ❛Yah❜ എന്നാണ് ലിപ്യന്തരണം ചെയ്തിരിക്കുന്നത്. ➤[കാണുക: Psalms 68:5; 68:19;77:12; 89:9; Psalms 26:4]. സത്യവേദപുസ്തകത്തിലെ ❛യാഹ്❜ എന്ന ലിപ്യന്തരണം കൃത്യമാണ്. ചില Concordance-ൽ ❛യാഹ്❜ എന്ന് ശക്തമായ ഉച്ചാരണം ലഭിക്കാൻ, ഇംഗ്ലീഷിലെ h എന്ന അക്ഷരം ഒരെണ്ണം അധികമായി ചേർത്ത്, Yahh എന്ന് ലിപ്യന്തരണം ചെയ്തിരിക്കുന്നത് കാണാം. ➤[കാണുക: Bible Hub]. യാഹ് എന്ന ദൈവനാമത്തിൻ്റെ ഉച്ചാരണം കേൾക്കുക: (pronunciation).
❝യഹോവാഹിൻ്റെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.❞
(സദൃശ്യവാക്യം 18:10)
❝യഹോവാഹിൻ്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവാഹ് അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവാഹ് വിളിപ്പാനുള്ളവരും ഉണ്ടാകും.❞
(യോവേൽ 2:32)
☛ യേസൂസ് (Iēsous) എന്ന നാമം:
➦ ❝യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തോസ് എന്നു പേരുള്ള യേസൂസിനെ ജനിച്ചു.❞ (മത്താ, 1:16). നമ്മുടെ കർത്താവും രക്ഷിതാവമായവൻ്റെ പേരിൻ്റെ ശരിയായ ലിപ്യന്തരണം ❛യേശു❜ എന്നല്ല; ❛യേസൂസ്❜ (Iēsous) എന്നാണ്. എന്നാൽ യേസൂസ് എന്ന കർത്തൃനാമത്തിനു് എബ്രായ, ഗ്രീക്ക് ഭാഷകളിലൂടെ കടന്നുവന്ന സമ്പന്നമായ ഒരു പദോത്ഭവ പശ്ചാത്തലമുണ്ട്.
❶ എബ്രായയിൽ ❛യെഹോശൂവാ❜ (יְהוֹשֻׁ֥עַ – Yehoshua) എന്ന നാമം 218 പ്രാവശ്യം കാണാം. പേരിനർത്ഥം: ❛യഹോവ രക്ഷയാകുന്നു❜ (Yehovah is salvation) എന്നാണർത്ഥം. ➤[കാണുക: Blue Letter Bible]. ❛യെഹോശൂവാ❜ (Yehoshua) എന്ന നാമത്തെ, KJV-യിൽ ❛Jehoshua, Joshua❜ എന്നിങ്ങനെ അഭിന്നമായിട്ടാണ് ലിപ്യന്തരണം (Transliteration) ചെയ്തിരിക്കുന്നത്: [കാണുക: Num, 13:16; Exo, 17:10]. ❛യെഹോശൂവാ❜ (Yehoshua) എന്ന പൂർണ്ണനാമം ഇംഗ്ലീഷിൽ രണ്ടു പ്രാവശ്യവും (Num, 13:16; 1Chr,7:27) മലയാളത്തിൽ ഒരിക്കൽ മാത്രവുമാണുള്ളത്: (1ദിന, 7:27). ബാക്കി എല്ലായിടത്തും ❛യോശുവ❜ (Yoshua) എന്നാണ് കാണുന്നത്. നൂൻ്റെ മകനും മോശെയുടെ ശുശ്രൂഷകനുമായ ❛ഹോശേയെക്ക്❜ മോശെ കൊടുത്ത പേരാണ്, ❛യെഹോശൂവ അഥവാ, യോശുവ.❜ (സംഖ്യാ, 11:28; 13:16). എബ്രായരുടെ ഔദ്യോഗിക ബൈബിളായ തനഖിൻ്റെ (Tanakh) ഇംഗ്ലീഷ് പരിഭാഷയിൽ ❛Yehoshua❜ എന്ന നാമത്തെ എല്ലായിടത്തും ❛Joshua❜ എന്നാണ് ലിപ്യന്തരണം ചെയ്തിരിക്കുന്ന്. ഉദാ: [Num, 13:16, 1Chr, 7:27]. പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ രണ്ടിടത്തും ❛യേസൂസ്❜ (Iēsous) എന്നാണ് കാണുന്നത്: (പുറ, 17:10; 1ദിന, 7:27).
❷ ❛അവൻ (യഹോവ) രക്ഷിക്കുന്നു❜ (He saves) എന്നർത്ഥമുള്ള ❛യേശുവ❜ (יֵשׁ֡וּעַ – Yeshua) എന്ന പേര് 29 പ്രാവശ്യം കാണാം: [Bible Hub; എസ്രാ, 2:2]. യേശുവയും സെപ്റ്റ്വജിൻ്റിൽ ❛യേസൂസ്❜ (Iēsous) ആണ്: (എസ്രാ, 2:2).
❸ ❛രക്ഷയെ❜ (Salvation) കുറിക്കുന്ന ❛യേശുവാ❜ (יְשׁוּעָה – Yeshuah) എന്ന സ്ത്രീലിംഗ നാമപദം 77 പ്രാവശ്യമുണ്ട്: [Bible Hub, സങ്കീ, 119:155]. രക്ഷയെ കുറിക്കുന്ന ❛യേശുവാ❜ (Yeshuah) എന്ന എബ്രായപദം സെപ്റ്റ്വജിൻ്റിൽ ❛സോറ്റീറിയ❜ (σωτηρία – soteria), ❛സോറ്റീറിയൊസ്❜ (σωτήριος – soterios) എന്നിങ്ങനെയാണ് പരിഭാഷ ചെയ്തിരിക്കുന്നത്: [കാണുക: Bible Hub 1, Bible Hub 2]. ❝സീയോനിൽനിന്നു യിസ്രായേലിന്‍റെ രക്ഷ (יְשׁוּעָה – soterios) വന്നെങ്കിൽ!❞ എന്നാണ് സങ്കീർത്തകനായ ദാവീദിൻ്റെ പ്രാർത്ഥനയും പ്രത്യാശയും: (സങ്കീ, 14:7; 53:6). ഈ വേദഭാഗത്ത്, ❛സീയോൻ❜ ആത്മീയർത്ഥത്തിൽ സ്വർഗ്ഗത്തെയാണ് സൂചിപ്പിക്കുന്നത്: (സങ്കീ, 20:2; 57:3; 121:1-2; എബ്രാ, 12:22). ദൈവത്തിൻ്റെ ❛രക്ഷയെ❜ (יְשׁוּעָה – σωτήριος) ആണ് ശിമ്യോൻ സ്വന്ത കണ്ണാൽ കണ്ടത്: [ലൂക്കൊ, 2:31-32]. ❝സകല ജഡവും ദൈവത്തിൻ്റെ രക്ഷയെ (יְשׁוּעָה – σωτήριος) കാണും❞ എന്നു യേശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുവിനെക്കുറിച്ച് ലൂക്കൊസ് പറയുന്നത് സെപ്റ്റ്വജിൻ്റിൽ നിന്നാണ്: [കാണുക: യെശ, 40:5; ലൂക്കൊ, 3:6]. എബ്രായ ബൈബിളിൽ ഈ പ്രവചനം കാണാൻ കഴിയില്ല. ❝മറ്റൊരുത്തനിലും രക്ഷ (יְשׁוּעָה – σωτηρία) ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.❞ (പ്രവൃ, 4:12). ഇവിടെ, യേശു ❛സോറ്റീറിയ❜ (σωτηρία – soteria) ആണ്. ഇതും കാണുക: (ലൂക്കൊ, 1:70-71). അതായത്, പുതിയനിയമത്തിൽ ❛യേശുവാ❜ (יְשׁוּעָה – Yeshuah) അഥവാ, ❛സോറ്റീറിയൊസും, സോറ്റീറിയയും❜ (Salvation ) യേശുവാണ്.
❹ ❛രക്ഷിക്കുക❜ (Save) എന്നർത്ഥമുള്ള ❛യാഷാ❜ ( יָשַׁע – Yasha) എന്ന ക്രിയാപദം 206 പ്രാവശ്യമുണ്ട്: [Bible Hub, ഇയ്യോ, 5:15]. ❛യാഷാ❜ എന്ന എബ്രായപദം പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിലും പുതിയനിയമ ഗ്രീക്കിലും ❛സോസോ❜ (σῴζω – sózó) എന്നാണ്: [Psa, 16:7; Bible Hub]. ❝അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേസൂസ് എന്നു പേർ ഇടേണം എന്നു പറഞ്ഞു.❞ [മത്താ, 1:2]. ഈ വേദഭാഗത്ത്, ❛രക്ഷിക്കുക❜ (Save) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്, എബ്രായയിലെ ❛യാഷാ❜ (Yasha) എന്ന പദത്തിനു് തുല്യമായ ❛സോസോ❜ (σῴζω – sózó) ആണ്. പുതിയനിയമത്തിൽ ദൈവം ക്രിസ്തോസിനെയാണ് രക്ഷയും രക്ഷയുടെ കൊമ്പും രക്ഷിതാവും രക്ഷാനായകനും ലോകരക്ഷിതാവും ആക്കിയിരിക്കുന്നത്.
☛ പേരിൻ്റെ നിഷ്പത്തി:
➦ ❛യഹോവാഹ്❜ (Yehovah) എന്ന ദൈവനാമവും ❛രക്ഷിക്കുക❜ എന്നർത്ഥമുള്ള ❛യാഷാ❜ (Yasha) എന്ന ക്രിയാപദവും സംയോജിച്ചാണ്, ❛യഹോവ രക്ഷയാകുന്നു❜ (Yehovah is salvation) എന്നർത്ഥമുള്ള ❛യെഹോശൂവാ അഥവാ, യോശുവ❜ എന്ന പേരുണ്ടായത്. ❛യെഹോശൂവാ❜ (Yehoshua) ❛യോശുവ❜ (Yoshua) എന്നീ പേരുകളുടെ സംക്ഷിപ്ത രൂപമാണ്, ❛യേശുവ❜ (יֵשׁ֡וּעַ – Yeshua) എന്ന പേര്: (എസ്രാ, 2:2). ❛യെഹോശൂവയുടെ❜ അരാമിക്, ഹ്രസ്വ എബ്രായ പതിപ്പാണ് ❛യേശുവ❜ (Jeshua). ❛യഹോശുവാ❜ എന്ന പദത്തിനു് ❛യഹോവ രക്ഷയാകുന്നു❜ എന്നും ❛യേശുവ❜ എന്ന പദത്തിനു് ❛അവൻ രക്ഷയാകുന്നു❜ എന്നുമാണർത്ഥം: [കാണുക: പുറ, 17:10 ⁃⁃ എസ്രാ, 2:2]. ❛രക്ഷയെ❜ (Salvation) കുറിക്കുന്ന ❛യേശുവാ❜ (Yeshuah) എന്ന സ്ത്രീലിംഗ നാമപദവും ❛യാഷാ❜ (Yasha) എന്ന ക്രിയാപദത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. ❛യാഷാ❜ (Yasha) എന്ന ക്രിയാപദമാകട്ടെ, ഒരു പുരാതന റൂട്ടാണ് (A primitive root).

☛ Yehoshua, Yoshua, Yeshua, Iesous, Eshu, Iesus, Jhesus, Jesus, IESVS, Jeſus, Ieſus, Jesus, Yesu, Yeshu, Iēsous⁃⁃യേസൂസ്?
➦ ❛യഹോവ രക്ഷയാകുന്നു❜ (Yehovah is salvation) എന്നർത്ഥമുള്ള എബ്രായയിലെ യെഹോശൂവാ, യോശുവ, യേശുവ എന്നീ പേരുകളുടെ സെപ്റ്റ്വജിൻ്റിലെ (Septuagint) രൂപമാണ് ❛Ἰησοῦς❜ (Iēsous) എന്നത്. ❛Iēsous❜ എന്ന പേരിൻ്റെ മലയാളത്തിലെ ശരിയായ ലിപ്യന്തരണം (Transliteration) ❛ഇ്യേസൂസ്❜ എന്നാണ്. ഇത് എഴുതാനോ, വായിക്കാനോ ബുദ്ധിമുട്ടായതിനാൽ, ❜യേസൂസ്❜ എന്ന ലളിതമായ രൂപമാണ് ഏറ്റവും യോജിച്ചത്.
❶ ❛യഹോശൂവ ⁃⁃ יְהוֹשׁוּע ⁃⁃ Yehoshua❜ [Hebrew ⁃⁃ Septuagint] ❛യേസൂസ് ⁃⁃ Ἰησοῦς ⁃⁃ Iēsous.❜ ഈ വേദഭാഗത്ത്, ❛യേസോയി❜ (Ιησοῖ – Iēsoee) എന്നാണ് സെപ്റ്റ്വജിൻ്റിൽ കാണാൻ കഴിയുക. (1Chr, 7:27: 1ദിന, 7:27). ❛യേസൂസ്❜ (Ἰησοῦς – Iēsous) എന്ന നാമം നിർദ്ദേശിക വിഭക്തിയിൽ (Nominative Case) ഉള്ളതാണ്. ❛യേസോയി❜ എന്നത്, അതിൻ്റെ ഉദ്ദേശികാവിഭക്തി (Dative Case) ആണ്. ❛യോശുവയോടു❜ (to Joshua) എന്നാണ് അതിൻ്റയർത്ഥം. വിഭക്തിയിലുള്ള വ്യത്യാസം മാത്രമേയുള്ളു; പേരിനു് വ്യത്യാസമൊന്നുമില്ല.
❷ ❛യോശുവ ⁃⁃ יְהוֹשֻׁעַ ⁃⁃ Yoshua❜ [Hebrew ⁃⁃ Septuagint] ❛യേസൂസ് ⁃⁃ Ἰησοῦς ⁃⁃ Iēsous.❜ (Jos, 1:10; യോശു, 1:10).
❸ ❛യേശുവ ⁃⁃ יֵשׁ֡וּע ⁃⁃ Yeshua❜ [Hebrew ⁃⁃ Septuagint] ❛യേസൂസ് – Ἰησοῦς- Iēsous❜ (Ezra 3:2; എസ്രാ, 3:2). പഴയനിയമത്തിൻ്റെ മൂലകൃതിയിൽ നിന്നുള്ള ആദ്യത്തെ ആധികാരികമായ ഗ്രീക്കുപരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് പരമാവധി ഉദ്ധരണികൾ എടുത്തിരിക്കുന്നതും സെപ്റ്റ്വജിൻ്റിൽ നിന്നാണ്. അതിലാണ്, പുതിയനിയമത്തിലുള്ള നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ ❛യേസൂസ്❜ (Ἰησοῦς) എന്ന പേര് 248 പ്രാവശ്യം കാണുന്നത്. ഉദാ: (പുറ, 17:10; പുറ, 17:13 ⁃⁃ 2ദിന, 31:15; എസ്രാ, 2:2). ❛യഹോവ രക്ഷയാകുന്നു❜ എന്നർത്ഥമുള്ള “യോഹോശൂവാ, യേശുവാ❜ എന്ന നാമം പഴയനിയമത്തിൽ ആവർത്തിച്ചു കാണുന്നുണ്ടെങ്കിലും, ആ പേരിൻ്റെ അർത്ഥം സാക്ഷാത്കരിക്കപ്പെട്ടത് നമ്മുടെ കർത്താവായ യേസൂസിലൂടെയാണ്: [മത്താ, 1:21].
☛ 3-5 നൂറ്റാണ്ടിൽ പരിഭാഷ ചെയ്യപ്പെട്ടു എന്നു വിചാരിക്കുന്ന അരാമ്യ (Aramaic) ബൈബിൾ വന്നപ്പോൾ, ❛യേസൂസ്❜ (Iēsous) എന്ന നാമം ❛യേശൂ❜ (ܝܫܘܥ – Eshu) എന്നായി: [Matt, 1:16]. 4-ാം നൂറ്റാണ്ടിൻ്റെ അവസാനം (382–405) ജെറോമിൻ്റെ ലത്തീൻ പരിഭാഷയായ ❛വുൾഗാത്തയിൽ❜ (Latin Vulgate) വന്നപ്പോൾ, ❛യേസുസ്❜ (Iesus – Yesus) എന്നായി: [Matt, 1:16]. 1526-ൽ ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ ❛വില്യം ടിൻഡേൽ❜ (William Tyndale) പുതിയനിയമത്തിൽ, ❛Jhesus❜ (ജീസസ്) എന്നും (Matt, 1:1), 1535-ലെ പരിഭാഷയിൽ ❛Jesus❜ (ജീസസ്) എന്നുമായി: [Matt, 1:1]. 1582-ൽ ലത്തീൻ വുൾഗാത്തയിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തപ്പോൾ, ലത്തിൻ പേര് നിലനിർത്താനായി ❛IESVS – Yesvs❜ (യേസ്വ്സ്) എന്നാക്കി: [NT Rheims]. 1560-ൽ മൂലഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് നേരിട്ട് വിവർത്തനം ചെയ്ത ജനീവ ബൈബിളിലും (Geneva bible) ❛IESVS – Yesvs❜ (യേസ്വ്സ്) എന്ന ലത്തീൻ പേരാണ് കാണുന്നത്: [Matthew 1:1]. 1568-ൽ പരിഭാഷ ചെയ്ത ബിഷപ്പ്സ് ബൈബിളിൽ (Bishops Bible) ❛Jeſus❜ (ജീസസ്) എന്നാണ് കാണുന്നത്: [Matthew 1:1]. Jeſus-ൻ്റെ നടുക്ക് കാണപ്പെടുന്ന ഈ ➨ſ അക്ഷരം, മദ്ധ്യകാലഘട്ടത്തിലും നവോത്ഥാനകാലത്തിലും ഉപയോഗിച്ചിരുന്ന ❛long s❜ എന്ന് അറിയപ്പെട്ടിരുന്ന ഒരു അക്ഷരമാണ്. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള പല യൂറോപ്യൻ ഭാഷകളിലും 18-ാം നൂറ്റാണ്ടുവരെ ഇത് ഉപയോഗിച്ചിരുന്നു. വാക്കുകളുടെ തുടക്കത്തിലോ, മദ്ധ്യത്തിലോ ആണ് ഇത് ഉപയോഗിക്കുന്നത്. അതേസമയം സാധാരണ ❛s❜ അവസാനം ഉപയോഗിക്കുന്നു. രണ്ടിൻ്റെയും ഉച്ചാരണത്തിൽ വ്യത്യാസമൊന്നുമില്ല. 1599-ൽ പുതിയനിയമത്തിൻ്റെ എബ്രായ പരിഭാഷ ഉണ്ടായപ്പോൾ അതിൽ ❛Yeshua❜ (യേശുവാ) എന്നായി: [Matt, 1:1]. 1611-ലെ കിംഗ് ജെയിംസ് ബൈബിൾ (King James Bible) വന്നപ്പോൾ, ❛Ieſus❜ (യേസസ്/യേസുസ്) എന്നായി. അതിൽ ഒന്നാം വാക്യം ഇപ്രകാരമാണ്: ❝The booke of the generation of Ieſus Chriſt, the ſonne of Dauid, the ſonne of Abraham.❞ [Matt, 1:1]. 1611-ലെ King James Version ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പായ കിംഗ് ജെയിംസ് ഓക്സ്ഫോർഡ് (King James Bible Oxford 1769) പരിഭാഷ തുടങ്ങിയാണ് ഇന്നുകാണുന്ന ❛Jefus/Jesus❜ (ജീസസ്) എന്ന പേര് സ്ഥിരമായതെന്ന് പറയാം. 1611-ലെ ആദ്യപതിപ്പിൽ നിരവധി അച്ചടി പിഴവുകളും ഭാഷാപരമായ അസ്ഥിരതകളും ഉണ്ടായിരുന്നു. 1769-ൽ ഓക്സ്ഫോർഡ് സർവകലാശാല ഈ പതിപ്പ് പരിഷ്കരിച്ച്, അച്ചടി പിഴവുകൾ ശരിയാക്കുകയും ഭാഷയെ കൂടുതൽ സ്ഥിരതയുള്ളതും ഏകീകൃതവുമാക്കുകയും ചെയ്തു. 1769-ലെ ഈ പരിഷ്കരിച്ച പതിപ്പാണ് ഇന്ന് King James Version (KJV) എന്ന പേരിൽ പൊതുവെ അറിയപ്പെടുന്നത്. ഇത് ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട രചനകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു, ഒന്നാം വാക്യം ഇതാണ്: ❝The book of the generation of Jefus Chrift, the fon of David, the fon of Abraham.❞ [Matt, 1:1]. 1714-ൽ ❛ബാർത്തലോമസ് സീഗൻബാൽഗ്❜ (Bartholomaus Ziegenbalg, 1682–1719) എന്ന ജർമ്മൻ മിഷനറിയുടെ തമിഴ് വിവർത്തനമാണ് ഏഷ്യൻ ഭാഷയിലെ ആദ്യത്തെ ബൈബിൾ. അതിൽ മത്തായി, മർക്കൊസ്, ലൂക്കൊസ്, അപ്പൊസ്തലപ്രവൃത്തികൾ എന്നീ അഞ്ച് പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. അതിൻ്റെ പേരും ❛അഞ്ച് പുസ്തകങ്ങൾ❜ (Anju poshthagam) എന്നായിരുന്നു. അതിൽ നമ്മുടെ കർത്താവിൻ്റെ പേര്, ❛യേസു❜ (யேசு- Yesu) എന്നാണ്: [Matt, 1:1]. 1829-ൽ ബെഞ്ചമിൻ ബെയ്ലിയുടെ (Benjamin Bailey) മലയാളം പരിഭാഷ വന്നപ്പോൾ, നമ്മുടെ കർത്താവിൻ്റെ പേരിൻ്റെ ഉച്ചാരണം, ❛യെശു❜ (Yeshu) എന്നായി: [മത്താ, 1:1]. ബെഞ്ചമിൽ ബെയ്ലിയുടെ മൂന്ന് പരിഭാഷകളുണ്ട്: ഒന്നാമത്തേതിലും 1843-ലുള്ള രണ്ടാമത്തേതിലും ❛യെശു❜ എന്നാണ്: [മത്താ, 1:1]. 1876-ലുള്ള പരിഭാഷയിലാണ്, നാം ഇപ്പോൾ കാണുന്ന രൂപമായ, ❛യേശു❜ (Yeshu) എന്നായത്: [മത്താ, 1:1]. 1910-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ (Bible Society of India) പരിഭാഷ ചെയ്ത സത്യവേദപുസ്തകത്തിലും ❛യേശു❜ (Yeshu) എന്നാണ്: [മത്താ, 1:1]. ഇങ്ങനെയാണ്, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തോസിൻ്റെ പേര് ഇന്നുകാണുന്ന രൂപത്തിലായത്. എന്നാൽ നമ്മുടെ കർത്താവിൻ്റെ പേരിൻ്റെ ശരിയായ ലിപ്യന്തരണം (Transliteration) ❛യേശു❜ എന്നല്ല; ❛യേസൂസ് ⁃⁃ Ἰησοῦς ⁃⁃ Iēsous❜ എന്നാണ്. [കാണുക: കർത്തൃനാമം എന്താണ്?]
☛ ക്രിസ്തോസ് (christos):
➦ ക്രിസ്തു എന്നതും ശരിയായ ലിപ്യന്തരണമല്ല; ❛ക്രിസ്തോസ്❜ (Χριστός – christos) എന്നാണ് വരേണ്ടത്. ❛ക്രിസ്തോസ്❜ എന്ന ഗ്രീക്കുപദത്തിനു് ❛അഭിഷിക്തൻ❜ എന്നാണർത്ഥം. ❛മശീയാഹ്❜ (מָשִׁיחַ – masiah) എന്ന എബ്രായ പദത്തിൻ്റെ ഗ്രീക്കുരൂപമാണ് ❛ക്രിസ്തോസ്❜ (Christ), മശീയാഹ് (Messiah) എന്ന പദം 39 പ്രാവശ്യം പഴയനിയമത്തിൽ കാണാം. KJV-യിൽ രണ്ടുപ്രാവശ്യം ❛Messiah❜ എന്ന് ലിപ്യന്തരണം (Transliteration) ചെയ്തും (ദാനീ, 9:25-26), ബാക്കി സ്ഥാനങ്ങളിൽ ❛Anointed❜ എന്ന് പരിഭാഷ (Translation) ചെയ്തുമാണ് ചേർത്തിരിക്കുന്നത്. (ലേവ്യ, 4:3). മലയാളത്തിൽ എല്ലായിടത്തും ❛അഭിഷിക്തൻ❜ എന്ന് പരിഭാഷ ചെയ്തിരിക്കുകയാണ്. ❛അഭിഷേകത്തെ❜ (Anoint) കുറിക്കുന്ന ❛മശാഹ്❜ (מָשַׁח – maടhaḥ) എന്ന പദം 66 പ്രാവശ്യമുണ്ട്. (ഉല്പ, 31:13). ❛മശീയാഹ്❜ (masiah) എന്ന എബ്രായപദത്തിനും ❛ക്രിസ്തോസ്❜ (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 12:3) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. പുതിയനിയമത്തിലെ പ്രധാന അഭിഷിക്തൻ യേസൂസാണ്. അവനു് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ പ്രവചനംപോലെ യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ്, അവൻ ❛ക്രിസ്തോസ്❜ അഥവാ, ❛അഭിഷിക്തൻ❜ ആയത്: (യെശ, 61:1-2; ലൂക്കൊ, 3:22; പ്രവൃ, 10:38). നസറെത്തിൽ വെച്ചുള്ള തൻ്റെ തൻ്റെ പ്രഥമ ശുശ്രൂഷയിൽവെച്ച് താൻ അപ്പോഴാണ് ❛ക്രിസ്തോസ്❜ ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേസൂസ്തന്നെ പറഞ്ഞിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). എ.എം. 3755-ലാണ് (ബി.സി. 6) യേശു എന്നു പേരുള്ള മനുഷ്യൻ ജനിച്ചത്: (യോഹ, 9:11). എ.എം. 3789-ലാണ് (എ.ഡി. 29) അവൻ പ്രവചനനിവൃത്തിയായി ക്രിസ്തോസ് ആയത്. ❛ക്രിസ്തോസ്❜ എന്ന പദം 569 പ്രാവശ്യമുണ്ട്. അതിൽ 560-പതോളം പ്രാവശ്യം യേസൂസിനാണ് പദം ഉപയോഗിച്ചിരിക്കുന്നത്. [കാണുക: മശീഹമാർ]
☛ യേസൂസ് ക്രിസ്തോസ് (Iesoús Christós):
➦ ❛യേസൂസ്❜ എന്നത് നമ്മുടെ കർത്താവിൻ്റെ സംജ്ഞാനാമവും (Proper noun) ❛ക്രിസ്തോസ്❜ എന്നത് അവൻ്റെ പദവിനാമവും (Title Name) ആണ്. ❛യേസൂസ്❜ എന്ന പേരിനൊപ്പം ❛ക്രിസ്തോസ്❜ എന്ന പദവിനാമവും ചേർത്ത് ❛യേസൂസ് ക്രിസ്തോസ്❜ (Ἰησοῦς Χριστός – Iesoús Christós) എന്ന പൂർണ്ണനാമം ആദ്യം പ്രസ്താവിച്ചത് നമ്മുടെ കർത്താവായ ക്രിസ്തുവാണ്: (യോഹ, 17:3). യേസൂസ് ക്രിസ്തോസ് എന്ന പേരിൻ്റെ ലളിതമായ അർത്ഥം ❛അഭിഷിക്തനായ രക്ഷകൻ❜ (The Anointed Savior) എന്നാണ്. ദൈവത്താൽ അഭിഷിക്തനായ നമ്മുടെ രക്ഷകനാണ് യേസൂസ് ക്രിസ്തോസ്: (പ്രവൃ, 10:38 ⁃⁃ ലൂക്കൊ, 3:22). ❛Jesus Christ❜ (യേസൂസ് ക്രിസ്തോസ്) എന്ന പൂർണ്ണനാമം KJV-യിൽ 197 പ്രാവശ്യമുണ്ട്. മലയാളത്തിൽ 150-തോളം പ്രാവശ്യമുണ്ട്. എബ്രായ (יֵשׁוּעַ הַמָּשִׁיחַ), ഗ്രീക്ക് (Ἰησοῦς ὁ Χριστός), അരാമ്യ (ܝܫܘܥ ܡܫܝܚܐ), ലാറ്റിൻ (Iesus Christus), ഇംഗ്ലീഷ് (Jesus Christ) ഭാഷകളിൽ ❛യേസൂസ് ക്രിസ്തോസ്❜ എന്നത് രണ്ട് പദമാണ്. എന്നാൽ മലയാളത്തിൽ ❛യേശുക്രിസ്തു❜ എന്ന് ഒറ്റപ്പദമായിട്ടാണ് എഴുതിയിരിക്കുന്നത്. ❛യേസൂസ് ക്രിസ്തോസ്❜ എന്ന് ശരിയായി ലിപ്യന്തരണം ചെയ്താൽ, മലയാളത്തിലും അത് രണ്ട് പദമായി എഴുതേണ്ടിവരും. സുവിശേഷങ്ങളിൽ അഞ്ചുപ്രാവശ്യമാണ് യേസൂസ് ക്രിസ്തോസ് എന്ന പൂർണ്ണനാമമുള്ളത്: (മത്താ, 1:1; 1:18; മർക്കൊ, 1:1; യോഹ, 1:17; 17:3). ❛യേസൂസ് ക്രിസ്തോസ്❜ (Iesoús Christós) എന്ന പൂർണ്ണമായ പേര് മഹാപൗരോഹിത്യ പ്രാർത്ഥനയിൽ കർത്താവു തന്നെയാണ് ആദ്യം വെളിപ്പെടുത്തിയത്. നിത്യജീവൻ്റെ നിർവ്വചനം എന്നനിലയിലാണ് ആ വേദഭാഗം കാണുന്നത്: ❝ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേസൂസ് ക്രിസ്തോസിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.❞ (യോഹ, 17:3). അടുത്തതായി, പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ പത്രൊസ് അപ്പൊസ്തലനും വെളിപ്പെടുത്തി: ❝നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേസൂസ് ക്രിസ്തോസിൻ്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.❞ (പ്രവൃ, 10:38. ⁃⁃ 10:48). അതുകൊണ്ടാണ്, മത്തായിയും മർക്കൊസും തങ്ങളുടെ സുവിശേഷത്തിൻ്റെ ആമുഖത്തിൽത്തന്നെ ❛യേസൂസ് ക്രിസ്തോസ്❜ എന്ന പൂർണ്ണനാമം പറഞ്ഞിരിക്കുന്നത്: (മത്താ, 1:1; മർക്കൊ, 1:1]. [കാണുക: കർത്തൃനാമം എന്താണ്?]
☛ കർത്തൃനാമത്തിൻ്റെ ഉച്ചാരണം (Pronunciation) കേൾക്കുക: [യേസൂസ് ⁃⁃ ക്രിസ്തോസ് ⁃⁃ യേസൂസ് ക്രിസ്തോസ്]
☛ ദൈവനാമവും കർത്തൃനാമവും:
➦ ദൈവനാമം: ❛യഹോവാഹ്❜ (Yehovah) എന്നും
കർത്തൃനാമം: ❛യേസൂസ് ക്രിസ്തോസ്❜ (Iēsous Christos) എന്നുമാണ്.
മറ്റൊരു നാമം ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല.
ദൈവം തൻ്റെ വിരലുകൾകൊണ്ട് എഴുതിത്തന്ന 𐤉𐤄𐤅𐤄 (യഹോവാഹ്) എന്ന ചതുരക്ഷരിയിലുള്ള (Tetragrammaton) ദൈവനാമത്തെ എങ്ങനെ ❛യഹോവ, യാഹ്വേ❜ എന്നീ ത്ര്യക്ഷരിയിലേക്ക് (Trisyllabic) മാറ്റാൻകഴിയും?
ദൈവശ്വാസീയമായ തിരുവെഴുത്തിൽ ആയിരത്തോളം പ്രാവശ്യം ആലേഖനംചെയ്ത് വെച്ചിരിക്കുന്ന ❛യേസൂസ്❜ (Iēsous) എന്ന കർത്തൃനാമത്തെ എങ്ങനെ ❛യെഹോശൂവാ, യോശുവ, യേശുവ, യേശു, യാഹ്ശുവ❜ എന്നൊക്കെ മാറ്റാൻ കഴിയും? എന്നാൽ പുതിയനിയമത്തിൽ ദൈവനാമവും കർത്തൃനാമവും ഒന്നാണ്. അതാണ്, ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും.
☛ കർത്തൃനാമത്തിൻ്റെ ഉച്ചാരണം (Pronunciation) കേൾക്കുക: [യേസൂസ് ⁃⁃ ക്രിസ്തോസ് ⁃⁃ യേസൂസ് ക്രിസ്തോസ്]
[കാണുക: കർത്തൃനാമം എന്താണ്?, യഹോവ എന്ന ദൈവനാമം പുതിയനിയമത്തിൽ ഇല്ലാത്തതെന്താണ്?]