രക്ഷ

രക്ഷ (Salvation)

“മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12)

രക്ഷാതത്ത്വശാസ്ത്രത്തിന് ഇംഗ്ലീഷിൽ സോറ്റീറിയോളജി (soteriology) എന്നു പറയും. സോഡ്സോ (σώζω – sodezo = രക്ഷിക്കുക, വിടുവിക്കുക), സോറ്റീർ (σωτήρ – soter = രക്ഷകൻ, രക്ഷിതാവ്), സോറ്റീറിയ (σωτηρία – soteria = രക്ഷ), സോറ്റീറിയോസ്, സോറ്റീറിയൊൻ (σωτήριον – soterion വിശേഷണ രൂപങ്ങൾ) എന്നിവയാണ് രക്ഷയുമായി ബന്ധപ്പെട്ട പുതിയനിയമ ഗ്രീക്കു പ്രയോഗങ്ങൾ. നാമവിശേഷണത്തിന്റെ നപുംസകരൂപമായ സോറ്റീറിയൊൻ നാമമായി രണ്ടു സ്ഥാനങ്ങളിൽ ക്രിസ്തുവിനു പകരം പ്രയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 2:31; 3:6). വ്യക്തിപരവും (പ്രവൃ, 27:34; ഫിലി, 1:19; എബ്രാ, 11:7), ദേശീയവും (ലൂക്കൊ, 1:69-71; പ്രവൃ, 7:25) ആയ വിമോചനം, രക്ഷാനായകനായ ക്രിസ്തു (ലൂക്കൊ, 2:31; യോഹ, 4:22) രക്ഷയുടെ വ്യത്യസ്ത ഘടകങ്ങൾ (ഫിലി, 2:12; 1പത്രൊ, 1:9; റോമ, 13:11; 1തെസ്സ, 5:8-10), പരിശുദ്ധാത്മാവിലൂടെ ദൈവം നല്കുന്ന വിവിധ അനുഗ്രഹങ്ങൾ (2കൊരി, 6:2; എബ്രാ, 5:9; 1പത്രൊ, 1:9,10; യൂദാ, 3) എന്നീ വ്യത്യസ്ത അർത്ഥങ്ങളിൽ സോറ്റീറിയ (രക്ഷ) പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ‘സോഡ്സോ’യും അനുബന്ധ പദങ്ങളും സെപ്റ്റജിന്റിൽ ഏകദേശം 483 തവണ പ്രയോഗിച്ചിട്ടുണ്ട്. യാഷാ (יָשַׁע – yasha), ഷാലോം (שָׁלוֹם – shalowm), എന്നീ എബ്രായ പദങ്ങളെയാണ് പ്രധാനമായും  ‘സോഡ്സോ’കൊണ്ട് സെപ്റ്റജിന്റിൽ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. പഴയനിയമത്തിലെ രക്ഷയുടെ അടിസ്ഥാനപരമായ ആശയങ്ങൾ യാഷായിൽ നിന്നു ലഭ്യമാണ്. ‘വിശാലസ്ഥലത്താക്കുക’ അഥവാ വിശാലത വരുത്തുക എന്നതാണ് പ്രാഥമികാർത്ഥം. (സങ്കീ, 18:36). നിയന്ത്രിക്കുകയും ബന്ധിക്കുകയും ചെയ്യുന്നവയിൽ നിന്നു സ്വതന്ത്രമാക്കുക, മോചിപ്പിക്കുക, രക്ഷിക്കുക, വിടുവിക്കുക എന്നീ അർത്ഥങ്ങളും അതിനുണ്ട്. രോഗം (യെശ, 38:20), കഷ്ടം (യിരെ, 30:7) എന്നിവയിൽ നിന്നുള്ള വിടുതലിനും ശത്രുക്കളിൽ നിന്നുള്ള മോചനത്തിനും (സങ്കീ, 44:7) യാഷാ എന്ന എബ്രായധാതു പ്രയോഗിച്ചിട്ടുണ്ട്. 

രക്ഷ പഴയനിയമത്തിൽ: ഭൗതികവും ആത്മീയവുമായ വിടുതലിനെ കുറിക്കുവാൻ രക്ഷ എന്ന പദം പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ദൈവം തന്റെ ഭക്തന്മാരെ ശത്രുക്കളിൽ നിന്നും ദുഷ്ടന്മാരുടെ കെണികളിൽ നിന്നും രക്ഷിക്കുന്നു. (സങ്കീ, 37:40, 59:2; 106:5). യഹോവ തന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കുന്നു (യെഹ, 14:22), സ്വന്തജനത്തെ രക്ഷിക്കുന്നു (ഹോശേ, 1:7), പിതാക്കന്മാരെ മീസ്രയീമിൽ നിന്നും രക്ഷിച്ചു. (സങ്കീ, 106:7-10). മറ്റാരും സഹായിക്കാനില്ലാത്ത എളിയവരെ അവൻ രക്ഷിക്കുന്നു. (സങ്കീ, 34:6). ആത്മീയമായി പാപം മോചിച്ചും, സന്തോഷവും സമാധാവും നല്കിയും പ്രാർത്ഥനയിക്കുത്തരം അരുളിയും ദൈവം രക്ഷിക്കുന്നു. (സങ്കീ, 79:9; 69:13; 5:12). മനുഷ്യനു രക്ഷയ്ക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്തത് ദൈവം തന്നെയാണ്. രക്ഷ ദൈവത്തിന്റേതും ദൈവത്തിൽ നിന്നുളളതുമാണ്. (സങ്കീ, 3:8; 62:1; യെശ, 45:22). ‘എന്റെ രക്ഷയുടെ ദൈവം’ എന്നു അവകാശബോധത്തോടെ പ്രവാചകന്മാർ ദൈവത്തെ വെളിപ്പെടുത്തി. (ഹബ, 3:18; മീഖാ, 7:7). “രക്ഷ യഹോവയ്ക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. (സങ്കീ, 3:8). “എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കൽ നിന്നു വരുന്നു.” (സങ്കീ, 62:1). രക്ഷയെക്കുറിച്ചുള്ള പഴയനിയമ വെളിപ്പാടിന്റെ സാരം മോശയുടെ വാക്കുകളിൽ സൂചിതമാണ്. “ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്യാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ.” (പുറ, 14:13). 

രക്ഷ പുതിയനിയമത്തിൽ: പുതിയനിയമത്തിൽ ‘രക്ഷ’ കൊണ്ടുദ്ദേശിക്കപ്പെടുന്നത് പാപത്തിന്റെ ശക്തിയിൽ നിന്നും അധികാരത്തിൽ നിന്നും ഉള്ള വിടുതലാണ്. പൂർണ്ണമായ രക്ഷയ്ക്കും, രക്ഷയുടെ വ്യത്യസ്ത അംശങ്ങൾക്കും ‘രക്ഷ’ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. രക്ഷ എന്ന പദത്തിന്റെ അർത്ഥാന്തരങ്ങൾ ഇവയാണ്: 1. ക്രിസ്തു: രക്ഷാനായകനായ ക്രിസ്തുവിനെ രക്ഷ എന്നു വിളിക്കുന്നു. മനുഷ്യന്റെ രക്ഷയ്ക്കാവശ്യമായതെല്ലാം നിവർത്തിക്കുകയാൽ ക്രിസ്തുവിനു രക്ഷ എന്ന നാമം യുക്തം തന്നെ. ശിശുവായ യേശുവിനെ കൈയിൽ വഹിച്ചുകൊണ്ട് ശിമോൻ പറഞ്ഞു: “നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ.” (ലൂക്കൊ, 2:31). ക്രിസ്തുവിനെ രക്ഷാനായകൻ എന്നും  വിളിച്ചിട്ടുണ്ട്. (എബ്രാ, 2:10). 2. ആത്മരക്ഷ: വീണ്ടും ജനിക്കുന്ന സമയത്ത് ആത്മാവു രക്ഷിക്കപ്പെട്ടു പാപത്തിന്റെ ശിക്ഷയിൽ നിന്നു മുക്തമാകുന്നു. “ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു.” (റോമ, 8:10). എഫെസ്യർ 2:4-ലും, 8-ലും രക്ഷിക്കപ്പെട്ടിരിക്കുന്നു, രക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നിങ്ങനെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നത് ആത്മാവിന്റെ രക്ഷ അഥവാ നീതീകരണത്തെ വ്യഞ്ജിപ്പിക്കുന്നു. 3. പ്രാണന്റെ രക്ഷ അഥവാ ദേഹിരക്ഷ: 2പത്രൊസ് 1:9-ൽ പ്രാണന്റെ രക്ഷയ്ക്കും രക്ഷ എന്നു പറഞ്ഞിരിക്കുന്നു. മലയാളത്തിൽ ‘ആത്മ’ എന്നു പരിഭാഷ. ഗ്രീക്കിൽ ‘ദേഹിയുടെ രക്ഷ’ എന്നാണ്. 4. ശരീരത്തിന്റെ രക്ഷ അഥവാ തേജസ്കരണം: നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു (റോമ, 13:11) എന്നത് ശരീരത്തിന്റെ തേജസ്കരണത്തെയാണ് വിവക്ഷിക്കുന്നത്. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു. (റോമ, 8:23. 5. സമ്പൂർണ്ണ രക്ഷ: രക്ഷാപൂർത്തി എന്ന് എബ്രായർ 11:40-ൽ പറഞ്ഞിരിക്കുന്നത് സമ്പൂർണ്ണ രക്ഷയെയാണ്. ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുന്നതിനെ കാണിക്കുന്നു. (1തെസ്സ, 5:23 ). 6. രക്ഷപ്പെടുന്നതിനു നല്കുന്ന അവസരം: “നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.” (2പത്രൊ, 3:14). 

രക്ഷ ദൈവത്തിൽനിന്ന്: രക്ഷയിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഭാഗഭാക്കുകളാണ്. പിതാവ് രക്ഷ വിധിക്കുന്നു; പുത്രൻ സിദ്ധമാക്കുന്നു; പരിശുദ്ധാത്മാവ് വ്യക്തിയിൽ പ്രയോഗിക്കുന്നു. രക്ഷയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ ക്രൂശുമരണവും, രക്ഷയുടെ ഉപാധി വിശ്വാസവും, വിശ്വാസത്തിന്റെ വിഷയം ദൈവവും, രക്ഷിക്കപ്പെടുന്നതു കൃപയാലുമാണ്. രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്നതാണ് ദൈവത്തിന്റെ നിയമം. ക്രിസ്തുവിൻ്റെ മരണത്തിലൂടെയാണ് ദൈവം തന്റെ രക്ഷാകര പ്രവർത്തനം നിർവ്വഹിക്കുന്നത്. പാപത്തിനു പ്രായശ്ചിത്തം ആകുന്നതിനു വേണ്ടി ദൈവം പുത്രനെ നല്കി; കാൽവരിക്രൂശിൽ അവനെ തകർത്തുകളഞ്ഞു. (യെശ, 53:10). പാപം അറിയാത്തവനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു അവൻ നമുക്കുവേണ്ടി പാപം ആക്കി. (2കൊരി, 5:21). ദൈവത്തിന്റെ വിശുദ്ധിക്കു വിരുദ്ധമായ പാപം ക്രിസ്തുവിൽ മാറ്റപ്പെട്ടു. ദൂരസ്ഥനായിരുന്ന മനുഷ്യൻ ക്രിസ്തുവിൽ ക്രിസ്തുവിന്റെ രക്തം മൂലം ദൈവത്തിനു സമീപസ്ഥനായി, ദൈവവുമായിനിരപ്പു പ്രാപിച്ചു. അടിമയെ ബന്ധനത്തിൽ നിന്നും വീണ്ടെടുക്കുവാനുള്ള മറുവില ക്രിസ്തു നല്കി; മനുഷ്യൻ ദൈവിക കോടതിയിൽ നീതീകരിക്കപ്പെട്ടു. മനുഷ്യവർഗ്ഗത്തെ തന്നിൽ ഏകീഭവിപ്പിച്ചു സ്വന്തയാഗത്താൽ ദൈവത്തിന്റെ മുമ്പിൽ സമർപ്പിച്ചു. പാപിയായ മനുഷ്യനു വേണ്ടി ദൈവം ക്രിസ്തുവിലൂടെ പൂർത്തിയാക്കിയ രക്ഷാപദ്ധതി ഇതത്രേ. 

രക്ഷ കൃപയാൽ: രക്ഷ ദൈവത്തിന്റെ കൃപാദാനമാണ്. (എഫെ, 2:5, 8). പാപം മൂലം തന്നിൽ നിന്നകന്നുപോയ മനുഷ്യവർഗ്ഗത്തെ തന്നോടു നിരപ്പിക്കുവാൻ വേണ്ടി ദൈവം ചെയ്യുന്ന സൗജന്യവും മനുഷ്യൻ ഒരു വിധത്തിലും അർഹിക്കാത്തതുമായ പ്രവൃത്തിയാണ് കൃപ. പാപത്തിനു പ്രായശ്ചിത്തമായി സ്വന്തപുത്രനെ ആദരിക്കാതെ കാൽവരിക്രൂശിൽ മരിക്കാൻ ഏല്പിച്ചുതന്നതിലൂടെ ദൈവം തന്റെ കൃപ പൂർണ്ണമായി വെളിപ്പെടുത്തി. (റോമ, 8:32). പാപത്തിനു പരിഹാരം ഏർപ്പെടുത്തിയതു തന്നെ ദൈവകൃപയുടെ അത്യന്ത വ്യാപാരമാണ്. തന്മൂലം മനുഷ്യന്റെ പുണ്യപ്രവൃത്തികളൊന്നും രക്ഷയ്ക്കാവശ്യമില്ല; രക്ഷകനിലുള്ള വിശ്വാസം മാത്രം മതി. 

രക്ഷയുടെ ത്രികാലസ്വഭാവം: മനുഷ്യന്റെ രക്ഷാനുഭവത്തിനു ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെ പ്രതികാല സൂചനയുണ്ട്. അതായത് രക്ഷിക്കപ്പെട്ടു (എഫെ, 2:5, 8; റോമ, 8:24), രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (1കൊരി, 1:18), രക്ഷിക്കപ്പെടും. (മത്താ, 10:22; റോമ, 5:9,10). ക്രിസ്തുവിനാൽ പാപി നീതീകരിക്കപ്പെട്ടു, ശിക്ഷാമുക്തനായി. നീതീകരിക്കപ്പെടുന്നതിനു മുമ്പുള്ള അവസ്ഥയിൽ അവനു സ്വയം രക്ഷിക്കപ്പെടുവാൻ കഴിയാതിരുന്നതുപോലെ, നീതീകരിക്കപ്പെട്ടശേഷം രക്ഷയെ നഷ്ടപ്പെടുത്തുവാൻ അവനു കഴിയുകയില്ല. രക്ഷ ഭദ്രമാണ്. ദൈവം ചെയ്തതിനെ ഇല്ലാതാക്കുവാൻ ആർക്കും കഴിയുകയില്ല. അഭക്തിയും ലോകമോഹങ്ങളും ഉപേക്ഷിച്ച് ഭക്തിയോടും നീതിയോടും കൂടെ വിശുദ്ധജീവിതം നയിക്കുവാൻ വിശ്വാസിയെ പരിശുദ്ധാത്മാവ് സഹായിക്കുന്നു. ഇതിനെ രക്ഷയുടെ വർത്തമാനകാലാനുഭവം അഥവാ വിശുദ്ധീകരണം എന്നു പറയുന്നു. രക്ഷയുടെ വർത്തമാനകാല അനുഭവത്തിൽ നിറഞ്ഞു നില്ക്കുന്നതു സ്നേഹമാണ്. പരിശുദ്ധാത്മാവ് ഉൾനട്ട സ്നേഹത്തിൽ ജീവിതം ആത്മീയാഭിവൃദ്ധി പ്രാപിക്കുകയും വിശ്വാസി ദിവ്യസ്വഭാവത്തിനു കൂട്ടാളിയാകയും ചെയ്യുന്നു. രക്ഷയുടെ പൂർത്തീകരണം ഭാവികമാണ്. പ്രത്യാശയാൽ രക്ഷിക്കപ്പെട്ടു (റോമ, 8:24); രക്ഷ നേടാനായി വിശ്വാസി നിയമിക്കപ്പെട്ടു. (1തെസ്സ, 5:9; 2തെസ്സ, 2:13; 2തിമൊ, 2:10; എബ്രാ, 1:14). ഈ രക്ഷ അന്ത്യകാലത്തു വെളിപ്പെടുന്നതാണ്. (1പത്രൊ, 1:4). “നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.” (റോമ, 13:11). 

മനുഷ്യചരിത്രത്തിൽ ദൈവത്തിന്റെ പ്രത്യേക പ്രവൃത്തിയാൽ പൂർത്തിയാക്കപ്പെട്ട ഒന്നാണ് രക്ഷ. രക്ഷയുടെ ചരിത്രപരസ്വഭാവം പഴയനിയമത്തിലും പുതിയനിയമത്തിലും പ്രകടമാണ്. ജ്ഞാനമതം പഠിപ്പിക്കുന്നതുപോലെ മനുഷ്യൻ ജ്ഞാനത്താൽ രക്ഷ പ്രാപിക്കുന്നില്ല. നൈതികവും മതപരവുമായ പ്രവൃത്തികളാൽ മനുഷ്യൻ രക്ഷിക്കപ്പെടുന്നില്ല. ദേവനുമായുള്ള സായുജ്യത്തിലും മനുഷ്യനു രക്ഷ ലഭിക്കുന്നില്ല. യേശുക്രിസ്തുവിന്റെ ജനനമരണ പുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളിൽ ദൈവം പൂർത്തിയാക്കിയ പ്രവൃത്തിയിലൂടെയാണ് രക്ഷ ലഭിക്കുന്നത്. തന്മൂലം ക്രൈസ്തവസന്ദേശം ത്വജ്ഞാനമോ, നീതിസംഹിതയോ, യോഗാഭ്യാസത്തിനുള്ള സാങ്കേതികവിദ്യയോ അല്ല. അത് വിടുതലിന്റെ വിളംബരമാണ്; സദ്വർത്തമാനഘോഷണമാണ്. രക്ഷിതാവ് (സോറ്റീർ) എന്ന ബഹുമതിനാമം പഴയനിയമത്തിൽ ദൈവത്തിന്റെയും പുതിയനിയമത്തിൽ ക്രിസ്തുവിന്റെയും പേരാണ്. (ലൂക്കൊ, 2:1; യോഹ, 4:42; പ്രവൃ, 5:31; 13:23; എഫെ, 5:23; ഫിലി, 3:20; 2തിമൊ, 1:10; തീത്തൊ, 1:4; 2:12; 3:6; 2പത്രൊ, 1:1, 11; 2:20; 3:2, 18; 1യോഹ, 4:14). രക്ഷയുടെ ഊന്നൽ ക്രിസ്തുവിന്റെ മരണപുനരുത്ഥാനങ്ങളിലാണ്. (1കൊരി,15:5). ക്രിസ്തു കൂശിൽ ചൊരിഞ്ഞ രക്തത്താലാണ് നാം രക്ഷിക്കപ്പെട്ടത്. (പ്രവൃ, 20:28; റോമ, 3:5; 5:9; എഫെ, 1:7; കൊലൊ 1:20; എബ്രാ, 9:12; 12:24; 13:12; 1യോഹ, 1:7; വെളി, 5 59). ഈ സന്ദേശം പ്രസംഗിക്കപ്പെടുമ്പോൾ മനുഷ്യർ അതുകേട്ട് വിശ്വാസത്തിൽ ക്രിസ്തുവിനെ സ്വീകരിക്കും. അങ്ങനെ ദൈവത്തിന്റെ രക്ഷ അവരുടെ അടുക്കൽ എത്തുന്നു. “ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ട് വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിനു പ്രസാദം തോന്നി. യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു ; ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.’ (1കൊരി, 1:21-23. ഒ.നോ: റോമ, 10:8, 14; 1തെസ്സ, 1:4). 

രക്ഷ നൈതികവും ആത്മികവുമാണ്. കുറ്റബോധത്തിൽ നിന്നും (റോമ, 5:1; എബ്രാ, 10:22), ന്യായപ്രമാണത്തിൽ നിന്നും അതിന്റെ ശാപത്തിൽ നിന്നും (ഗലാ, 3:13; കൊലൊ, 2:14), മരണത്തിൽ നിന്നും (1പത്രൊ, 1:3-5; 1കൊരി, 15:51-56), ന്യായവിധിയിൽ നിന്നും (എബ്രാ, 9:27), മരണഭയത്തിൽ നിന്നും (എബ്രാ, 2:15), അടിമത്തത്തിൽ നിന്നും (ഗലാ, 5:1) ഉള്ള വിടുതലാണ് രക്ഷ. ഭൗതികമായ ഐശ്വര്യമോ ലൗകികവിജയമോ രക്ഷ ഉൾക്കൊള്ളുന്നില്ല. (പ്രവൃ, 3:6; 2കൊരി, 6:10). ആരോഗ്യവും ക്ഷേമവും അത് വാഗ്ദാനം ചെയ്യുന്നില്ല. രോഗസൗഖ്യം ലഭിക്കുന്നു എങ്കിൽ തന്നെയും രക്ഷയുടെ ഫലവുമായി അതിനെ ബന്ധിപ്പിക്കുവാൻ പാടില്ല. സാമൂഹികമായ അനീതിയിൽ നിന്നും രക്ഷ മോചനം തരുമെന്നു കരുതാനും പാടില്ല. (1കൊരി, 7:20-24). രക്ഷയ്ക്കു യുഗാന്ത്യസ്വഭാവമുണ്ട്. പാപത്തിൽ നിന്നും അതിന്റെ അനന്തരഫലങ്ങളിൽ നിന്നുമുള്ള പൂർണ്ണമായ വിമോചനമാണ് രക്ഷ. വിധായകമായി ക്രിസ്തുവിൽ സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങളും (എഫെ, 1:3) പരിശുദ്ധാത്മാവിന്റെ ദാനവും വരുംകാലങ്ങളിൽ അഥവാ ഭാവിയിൽ തേജസ്കരിക്കപ്പെട്ട ശരീരത്തിൽ സൗഭാഗ്യജീവിതവും രക്ഷ പ്രദാനം ചെയ്യുന്നു. കർത്താവിന്റെ പ്രത്യക്ഷതയിൽ ശരീരത്തിന്റെ തേജസ്കരണത്തോടൊപ്പം അനുഭവവേദ്യമാകുന്ന രക്ഷാപൂർത്തിയുടെ മുൻരുചി മാത്രമാണ് വർത്തമാനകാലത്തു നാം രക്ഷയിലൂടെ അനുഭവിക്കുന്നത്.

വീണ്ടുംജനനം

വീണ്ടുംജനനം (Born again)

“കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23)

ജനനം ഒരത്ഭുതമാണ്; വീണ്ടുംജനനം അത്ഭുതകരവും. വീണ്ടുംജനനം എന്ന അത്ഭുതത്തിന് സൃഷ്ടിയുടെയും പുനഃസൃഷ്ടിയുടെയും ദൈവത്തിന് നന്ദിയും സ്തോത്രവും അർപ്പിക്കുന്നത് സ്വർഗ്ഗം ഒരിക്കലും നിറുത്തിയിട്ടില്ല. ദൈവമക്കളെ കുറിച്ചുള്ള പ്രസ്താവനകൾ തിരുവെഴുത്തുകളിൽ ആവർത്തിച്ചുകാണാം. ദൈവമക്കളാകേണ്ടതിന് ദൈവത്തിന്റെ കുടുംബത്തിൽ ജനിക്കേണ്ടതാവശ്യമാണ്. പുതുജനനം, പുനർജ്ജനനം, ജീവിപ്പിക്കുക, ഉയിർപ്പിക്കുക , ദൈവമക്കൾ, പുതിയ സൃഷ്ടി എന്നീ പ്രയോഗങ്ങൾ വീണ്ടുംജനനത്തിന്റെ അത്ഭുതത്തെക്കുറിച്ചുള്ള ചിന്ത നമ്മിൽ ഉദ്ദീപിപ്പിക്കുന്നു. നിത്യജീവൻ ലഭിച്ച് ദൈവപൈതലായി തീരുവാൻ ആത്മീയമായി മരിച്ച അവസ്ഥയിൽ ഈ ലോകത്തു ജനിക്കുന്ന മനുഷ്യൻ രണ്ടാമതൊരിക്കൽകൂടി ജനിക്കേണ്ടതാണ്. 

ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടത്രേ. സ്വന്ത്രപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല ദൈവകുടുംബത്തിൽ ഒരു വ്യക്തി ജനിക്കുന്നത്. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ (agent) ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. ആത്മാവിനാൽ ജനിച്ചത് ആത്മാവാകുന്നു. ശരീരത്തെയല്ല, ആത്മാവിനെയത്രേ പരിശുദ്ധാത്മാവ് ജനിപ്പിക്കുന്നത്. വീണ്ടും ജനനത്തിൽ പരിശുദ്ധാത്മാവ് പുതിയ ശരീരം നല്കുന്നില്ല. പുനരുത്ഥാനത്തിൽ മാത്രമേ പുതിയശരീരം ലഭിക്കുകയുള്ളൂ. ക്രിസ്തുവിന്റെ രക്തമാണ് വീണ്ടും ജനനത്തിനടിസ്ഥാനം. അതിന്റെ കരണമാണ് വിശ്വാസം. പരിശുദ്ധാത്മാവാണ് കാരകൻ; ദൈവവചനമാണ് മാദ്ധ്യമം. അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുകയാണ് വീണ്ടും ജനിപ്പിക്കലിന്റെ ലക്ഷ്യം. 

വിശ്വാസത്താലാണ് വീണ്ടുംജനനം നടക്കുന്നത്. “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.” (ഗലാ, 3:26). ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണ് ദൈവമക്കൾ ആകുന്നത്. (യോഹ, 1:12). വിശ്വാസത്താലാണ് വീണ്ടുംജനനം സംഭവിക്കുന്നതെന്ന് യിസ്രായേൽ മക്കൾക്ക് മരുഭൂമിപ്രയാണത്തിൽ ഉണ്ടായ അനുഭവം ഉദ്ധരിച്ച് യേശു വിശദമാക്കി. (യോഹ, 3:14,15). ദൈവത്തെ അവിശ്വസിക്കുകയും പിറുപിറുക്കുകയും ചെയ്തതുകൊണ്ട് സർപ്പങ്ങൾ വന്ന് കടിക്കുക നിമിത്തം അനേകർ മരിച്ചു. ദൈവകല്പനയാൽ മോശെ ഉയർത്തിയ പിച്ചളസർപ്പത്തെ നോക്കിയവരെല്ലാം രക്ഷ പ്രാപിച്ചു. അവർക്ക് പ്രവർത്തിക്കുകയോ, പ്രാർത്ഥിക്കുകയോ, അപേക്ഷിക്കുകയോ, വില കൊടുക്കുകയോ ചെയ്യേണ്ടിവന്നില്ല. ഒന്നു നോക്കിയാൽ മാത്രം മതി. നോക്കുക എന്നത് വിശ്വാസത്തിന്റെ പ്രതികരണം മാത്രമാണ്. 

വീണ്ടുംജനനത്തിന്റെ പ്രാധാന്യം: ഒന്നാമതായി, ദൈവകുടുംബത്തിലെ അംഗമായി തീരുന്നു. ജനനത്തിലൂടെയാണ് ഒരുവ്യക്തി ഭൗമികകുടുംബത്തിലെ അംഗമായിതീരുന്നത്. വീണ്ടുംജനനത്തിലൂടെയാണ് ഒരു വ്യക്തിക്ക് ദൈവമകനായിതീർന്ന് ദൈവകുടുംബത്തിലെ അംഗമായിതീരുവാൻ സാധിക്കുന്നത്. “അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.” (യോഹ, 1:12, 13). വീണ്ടും ജനനത്തിലൂടെ ഒരു വ്യക്തിക്ക് നിത്യജീവനും ദിവ്യസ്വഭാവവും ലഭിക്കുന്നു. 

രണ്ടാമതായി, ദൈവരാജ്യത്തിനു അവകാശിയായിത്തീരുന്നു. ദൈവരാജ്യത്തിലേക്കുള്ള പ്രവേശനകവാടമാണ് വീണ്ടുംജനനം. ദൈവരാജ്യത്തിൽ ഒരു വ്യക്തി പ്രവേശിക്കുന്നത് വീണ്ടുംജനനത്തിലൂടെ മാത്രമാണ്. നിക്കോദേമൊസിനോട് ക്രിസ്തു വ്യക്തമാക്കി: “ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. നിക്കോദേമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ലാ.” (യോഹ, 3:3-5).

വീണ്ടുംജനനം എന്തല്ല? സ്നാനമല്ല: സ്നാനത്തോടു കൂടെയോ, സ്നാനത്തിന്റെ ഫലമായോ ഉണ്ടാകുന്നതല്ല വീണ്ടുംജനനം. സുവിശേഷത്താലാണ് ഒരു വ്യക്തി വീണ്ടും ജനനത്തിന്റെ അനുഭവത്തിലേക്കു വരുന്നത്. “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). അപ്പൊസ്തലനായ പൗലൊസ് സ്പഷ്ടമായി രേഖപ്പെടുത്തുന്നു: “നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്.” (1കൊരി, 4:15). “എന്റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓർക്കുന്നില്ല. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രേക്രിസ്തു എന്നെ അയച്ചത്” (1കൊരി, 1:14-17) എന്നിങ്ങനെ അപ്പൊസ്തലൻ പറയുന്നതും ശ്രദ്ധിക്കുക. 

സ്നാനത്താലുള്ള വീണ്ടുംജനനം പഠിപ്പിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന ചില വാക്യങ്ങളുണ്ട്: (യോഹ, 3:5; മർക്കൊ, 16:16; തീത്തൊ, 3:6) തുടങ്ങിയവ. ഈ വാക്യങ്ങളൊന്നും സ്നാനത്താലുള്ള വീണ്ടുംജനനത്തെക്കുറിച്ചു പഠിപ്പിക്കുന്നില്ലെന്നു മാത്രമല്ല, അങ്ങനെ വ്യാഖ്യാനിക്കുന്നത് മുകളിലുദ്ധരിച്ച പൗലൊസ് അപ്പൊസ്തലന്റെ എഴുത്തുകൾക്കും ഉപദേശത്തിനും വിരുദ്ധമാവുകയും ചെയ്യും. എഫെസ്യർ 5:26-ൽ പറയുന്നപ്രകാരം വചനം എന്ന ജലസ്നാനം എന്നു മനസ്സിലാക്കുകയാണ് യുക്തം. മർക്കൊസ് 16:16-ൽ “വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നു പറഞ്ഞിരിക്കുന്നതും, സ്നാനം ഏല്ക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നു പറഞ്ഞിട്ടില്ലാത്തതും പ്രത്യേകം ശ്രദ്ധി ക്കേണ്ടതാണ്. ക്രൂശിൽക്കിടന്ന് അനുതപിച്ച കള്ളൻ സ്നാനമേറ്റില്ല; പ്രത്യുത യേശു രാജാവാണെന്നു വിശ്വസിച്ചു രക്ഷപ്രാപിക്കുകയാണ് ചെയ്തത്. (ലൂക്കൊ, 23:42,43). യോഹഹന്നാൻ 3:5-ലെ വെള്ളത്താലും ആത്മാവിനാലും എന്നതു വെള്ളത്തെ ആത്മാവിന്റെ ഉപമാനമായി എടുക്കുന്നത് മൂലഭാഷാപ്രയോഗത്തിനും സന്ദർഭത്തിനും വിരുദ്ധമല്ല. യോഹന്നാൻ 7:38-ൽ “എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു പറഞ്ഞിരിക്കുന്നത് “തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു” (7:39) പറഞ്ഞതെന്നും ഓർക്കുക.

വീണ്ടുംജനനം വെറും മനംമാറ്റമല്ല: മാനസികവൃത്തികളുടെ ഒരു സ്വാഭാവികമായ മാറ്റമല്ല വീണ്ടും ജനനം. നിക്കോദേമൊസിനോടു ക്രിസ്തു പറയുന്ന വാക്കുകൾ ഇതു സ്പഷ്ടമാക്കുന്നു. സാന്മാർഗ്ഗികമോ അനുഷ്ഠാനപരമോ ആയ ഒരു മനം തിരിവല്ല, അതു ജഡത്തിന്റേതാണ്. വീണ്ടുംജനനം ആത്മാവിനാലുള്ളതാണ്. മനംതിരിവ് മാനുഷിക ഹിതത്താൽ സംഭവിക്കുന്നതാണ്. എന്നാൽ വീണ്ടും ജനനം ദൈവത്തിന്റെ ഭാഗത്തുനിന്നുള്ളതും ദൈവഹിതപ്രകാരം സംഭവിക്കുന്നതും അത്രേ. 

വീണ്ടുംജനനം എന്താണ്? ആത്മീയജനനം: ദൈവത്തിൽ നിന്നു ജനിക്കുന്നതത്രേ വീണ്ടുംജനനം. ഭൗതികമണ്ഡലത്തിലായാലും ആത്മീയമണ്ഡലത്തിലായാലും ജീവന്റെ ഉപാധി ജനനമാണ്. അതായത് ജനനത്തിലൂടെ മാത്രമേ ജീവൻ ലഭിക്കുകയുള്ളൂ. ജനനം കൂടാതെ ജീവനില്ല. വീണ്ടുംജനിപ്പിക്കൽ ദൈവത്തിന്റെ പ്രവൃത്തിയാണ്. അതൊരു സ്വാഭാവികമായ പ്രക്രിയയല്ല; മനുഷ്യന്റെ പ്രവൃത്തിയുമല്ല. പരിശുദ്ധാത്മാവിലൂടെ ദൈവിക സ്വഭാവം മനുഷ്യനിൽ ഉളവാകുന്നതാണ് വീണ്ടുംജനനം. വീണ്ടുംജനനം പ്രാപിച്ചവർ ദൈവമക്കളായിത്തീരുന്നു. “തന്റെ മഹത്ത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളെ നൽകിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.” (2പത്രൊ, 1:3,4). “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: യോഹ, 1:13; യാക്കോ, 1:18; 1യോഹ, 3:9; 4:1). 

ആത്മീയപുനരുത്ഥാനം: ജീവൻ നഷ്ടപ്പെട്ടുപോയതിലേക്കു ജീവനെ പുനഃപ്രവേശിപ്പിക്കുന്നതാണ് പുനരുത്ഥാനം അഥവാ ഉയിർപ്പിക്കൽ. പാപം മൂലം ആത്മാവു മരിച്ച അവസ്ഥയിലായി. ദൈവത്തിൽ നിന്നുള്ള വേർപാടാണ് മരണം. ദൈവത്തോടു വീണ്ടും ചേരുന്നതാണ് ജനനം. ആത്മീയമായി മരിച്ച അവസ്ഥയിൽ നിന്നും ആത്മീയമായി ഉയിർത്ത് ദൈവവുമായി കൂട്ടായ്മ പുലർത്തുന്നതാണത്. “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.” (എഫെ, 2:1). “കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും, കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു, ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാൽസല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന് ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേൽപ്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.” (എഫെ, 2:4-7).

ആത്മീയമണ്ഡലത്തിലേക്കുള്ള മാറ്റം: വീണ്ടും ജനനത്തിലൂടെ ഒരു മണ്ഡലത്തിൽ നിന്നു മറ്റൊരു മണ്ഡലത്തിലേയ്ക്ക് അഥവാ ഒരധികാരത്തിൻകീഴ് നിന്നു മറ്റൊരധികാരത്തിൻ കീഴിലേയ്ക്ക് മാറ്റപ്പെടുന്നു. സാത്താന്റെ ഭരണത്തിൻ കീഴുള്ള അന്ധകാരസാമ്രാജ്യത്തിൽ നിന്നും സ്നേഹസ്വരൂപനായ ക്രിസ്തുവിന്റെ രാജ്യത്തിലേക്കുള്ള മാറ്റമാണ് വീണ്ടുംജനനം. “നമ്മെ ഇരുട്ടിന്റെ അന്ധകാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെയ്ക്കുകയും ചെയ്തു.” (കൊലൊ, 1:13). 

ആത്മീയസൃഷ്ടി: വീണ്ടും ജനനത്താൽ ഒരു വ്യക്തി പുതിയ സൃഷ്ടിയായി മാറുന്നു. പഴയതെല്ലാം എന്നേക്കുമായി ഒഴിഞ്ഞുപോകുകയാണ്. “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായിത്തീർന്നിരിക്കുന്നു.” (2കൊരി, 5:17). “നാം അവന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു.” (എഫെ, 2:10). 

വീണ്ടുംജനനത്തിന്റെ വിധം: വീണ്ടുംജനിപ്പിക്കൽ ദൈവത്തിന്റെ പരമാധികാരത്തിലുൾപ്പെട്ടതാണ്. ദൈവം തന്റെ ഹിതത്താലും മുൻനിർണ്ണയത്താലുമാണ് ഒരു വ്യക്തിയെ വീണ്ടും ജനിപ്പിക്കുന്നത്. “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിനു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നന്നെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കൊ, 1:18. ഒ.നോ: യോഹ, 1:13; 3:5; തീത്തൊ, 3:6). വീണ്ടുംജനനത്തിന് ഒരു വ്യക്തിയുടെ പക്ഷത്തു രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അവ: 

കൈക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യുക: ദൈവവചനത്തിലൂടെയാണ് പരിശുദ്ധാത്മാവ് വീണ്ടുംജനനത്തിനുവേണ്ടി ഒരു വ്യക്തിയിൽ പ്രവർത്തിക്കുന്നത്. ദൈവവചനത്തെ സംശയിക്കുക മൂലമാണ് മനുഷ്യൻ പാപത്തിൽ വീണത്. പാപത്തിൽ നിന്നു മനുഷ്യൻ രക്ഷിക്കപ്പെടുന്നതും തന്മൂലം ദൈവവചനം വിശ്വസിക്കുന്നതിലൂടെയത്രേ. (യാക്കൊ, 1:18; 1കൊരി, 4:15; 1പത്രൊ, 1:23).

ജീവന്റെ വചനമായ ക്രിസ്തുവിനെ സ്വീകരിക്കുക: ക്രിസ്തുവിനെ വിശ്വസിക്കുകയും കൈക്കൊള്ളുകയും ചെയ്യുന്നതുകൊണ്ടു മാത്രമേ വീണ്ടുംജനനം ഉണ്ടാകൂ. “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). “അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.” (യോഹ, 1:12). 

വീണ്ടുംജനനത്തിന്റെ ഫലങ്ങൾ: ജീവിതത്തിലും അനുഭവത്തിലും സമൂലമായ പരിവർത്തനം: ജീവിതത്തിൽ ഉടൻ തന്നെ ഏർപ്പെടുന്ന വലിയ മാറ്റം ഒരു വ്യക്തിയെ പുതിയ സൃഷ്ടിയാക്കിത്തീർക്കുന്നു. (2കൊരി, 5:17).

ദൈവപുത്രത്വം: സ്വർഗ്ഗീയ ദൈവത്തിന്റെ പുത്രനായിത്തീരുന്നു. “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. (യോഹ, 1:12). 

പരിശുദ്ധാത്മാവിന്റെ ഉൾവാസം: പൂതത്വത്തിന്റെ ആത്മാവായി പരിശുദ്ധാത്മാവ് വീണ്ടുംജനന സമയത്ത് വ്യക്തിയുടെ ഉള്ളിൽ വസിക്കാൻ തുടങ്ങുന്നു. ‘നിങ്ങളോ ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മ സ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽ നിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ട് നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.” (റോമ, 8:8-11. ഒ.നൊ: 1കൊരി, 3:16; 6:19). ഒരു ദൈവപൈതലിനെ വഴിനടത്തുന്നതു പരിശുദ്ധാത്മാവാണ്. 

ജഡത്തിന്റെ അടിമത്തത്തിൽ നിന്നുള്ള മോചനം: മനുഷ്യന്റെ അധമപ്രകൃതിയെ കുറിക്കുന്ന പ്രയോഗമാണ് ജഡം. വീണ്ടും ജനനം പ്രാപിച്ച ഒരു വ്യക്തി ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടെ കൂശിച്ചവനാണ്. (ഗലാ, 5:24). ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). “നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ.” (റോമ, 8:9). വീണ്ടുംജനിച്ച വ്യക്തി ജഡത്തിൽ വസിക്കുകയാണെങ്കിലും ജഡത്തിന്റെ അധീശത്വത്തിൽ നിന്നും മുക്തനാണ്. ജഡം അവനിൽ കർതൃത്വം നടത്തുന്നില്ല. 

ക്രിസ്തുവിൽ സ്ഥായിയായ വിശ്വാസം: ഒരു ദൈവപൈതൽ ക്രിസ്തുവിന്റെ ദൈവത്വത്തിൽ ദൃഢമായി വിശ്വസിക്കുന്നു. “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). 

ലോകത്തെ ജയിക്കുന്നു: ലോകം ദൈവത്തിനെതിരാണ്. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുക നിമിത്തം (1യോഹ, 5:19) വിശ്വാസിയെ ദൈവത്തിൽ നിന്നകറ്റുവാൻ ലോകം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കയാണ്. ദൈവത്തിൽ നിന്നും ജനിച്ചവർക്കുമാത്രമേ ലോകത്തെ ജയിക്കാൻ സാധിക്കൂ. “ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.” (1യോഹ, 5:4). 

പാപാചരണം വിട്ടൊഴിയുന്നു: ദൈവത്തിൽ നിന്നു ജനിച്ച വ്യക്തിക്ക് പാപത്തിൽ തുടരാൻ സാദ്ധ്യമല്ല; കാരണം അവനിൽ ദൈവത്തിന്റെ വിത്തു വസിക്കുന്നു. “ദൈവത്തിൽ നിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല: അവന്റെ വിത്തു അവനിൽ വസിക്കുന്നു. ദൈവത്തിൽ നിന്നു ജനിച്ചതിനാൽ അവനു പാപം ചെയ്യാൻ കഴികയുമില്ല.” (1യോഹ, 3:9).

നീതി പ്രവർത്തിക്കുന്നു: ദൈവവചനത്തിലൂടെ വെളിപ്പെട്ട ദൈവഹിതത്തെക്കുറിക്കുകയാണ് നീതി. ദൈവത്തിൽ നിന്നു ജനിച്ച വ്യക്തി എല്ലായ്പ്പോഴും നീതി പ്രവർത്തിക്കുവാൻ ബദ്ധശ്രദ്ധനാണ്. പ്രായോഗികജീവിതം നീതിയിലധിഷ്ഠിതമാണ്. “അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽ നിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.” (1യോഹ, 2:29). 

സഹോദരനെ സ്നേഹിക്കുന്നു: ദൈവികഗുണം മാത്രമല്ല, ദൈവത്തിന്റെ സ്വരൂപം തന്നെ സ്നേഹമാണ്. തന്മൂലം ദൈവത്തിൽനിന്നു ജനിച്ചവരിൽ ദൈവിക സ്നേഹത്തിന്റെ സ്പഷ്ടമായ പ്രവർത്തനവും പ്രകടനവും കാണാം. “നാം മരണംവിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം.” (1യോഹ, 3:14). തുടർന്ന് 15-18 വാക്യങ്ങളിൽ അപ്പൊസ്തലൻ സ്നേഹം എന്നാലെന്താണെന്നു വിശദമാക്കുന്നു. 

ദൈവത്തെ സ്നേഹിക്കുന്നു: “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.” (1യോഹ, 4:19).

ദൈവവചനത്തെ സ്നേഹിക്കയും അതിനായി വാഞ്ഛിക്കുകയും ചെയ്യുന്നു: ഒരു വ്യക്തി വീണ്ടുംജനിക്കുന്നത് ദൈവവചനത്താലാണ്. ഈ വചനം തന്നെയാണ് വിശ്വാസിയെ നടത്തുന്നത്. ദൈവകൃപ പകരപ്പെടുന്ന മാധ്യമമാണത്. തന്മൂലം വീണ്ടും ജനിച്ചവൻ വചനത്തിനായി വാഞ്ഛിക്കയും വചനത്തെ സ്നേഹിക്കുകയും ചെയ്യുന്നു. “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയ്ക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ.” (1പത്രൊ, 2:2. ഒ.നോ: സങ്കീ, 119:97, 113,127, 130). 

ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും ആയിത്തീരുന്നു: “നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ?” (റോമ, 8:17).

വീണ്ടെടുപ്പ്

വീണ്ടെടുപ്പ് (redemption)

“ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:11,12).

രക്ഷയുടെ പര്യായം എന്ന നിലയിലാണ് വീണ്ടെടുപ്പ് പൊതുവേ മനസ്സിലാക്കപ്പെടുന്നത്. എന്നാൽ രക്ഷയും വീണ്ടെടുപ്പും വ്യത്യസ്ത വിഷയങ്ങളാണ്. വീണ്ടെടുപ്പിന്റെ ഫലമായാണ് രക്ഷ മനുഷ്യനു ലഭിക്കുന്നത്. രക്ഷ നേടുന്നതിനുള്ള മാർഗ്ഗം അതായത് മറുവിലനല്കൽ ആണ് വീണ്ടെടുപ്പ്. തിരുവെഴുത്തുകളുടെ കേന്ദ്രമായ പഠിപ്പിക്കൽ തന്നെ വീണ്ടെടുപ്പാണ്. വിലകൊടുത്തു മോചിപ്പിക്കുക എന്ന ആശയമാണ് മൂലഭാഷാ പദങ്ങൾക്കുള്ളത്. പാപത്തിന്റെ ശാപത്തിനും അധീശത്വത്തിനും വിധേയമായ മനുഷ്യവർഗ്ഗത്തെ അടിമത്തത്തിൽനിന്നും മോചിപ്പിക്കുകയാണ് വീണ്ടെടുപ്പ്. വീണ്ടെടുപ്പു വിലയായി ക്രിസ്തു നല്കിയത് സ്വന്തരക്തമാണ്. “ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.” (എബ്രാ, 9:12).

പ്രയോഗങ്ങൾ: വീണ്ടെടുപ്പിനെ കുറിക്കുന്ന പഴയനിയമ എബ്രായപ്രയോഗങ്ങൾ ‘പാദാ’ (פָּדָה – padah) ‘ഗാ അൽ’ (גָּאַל – ga al) എന്നിവയാണ്. ‘ഗാ അൽ’ രക്തപതികാരകനാണ്. കൊല്ലപ്പെട്ട ബന്ധുവിനുവേണ്ടി ഘാതകനോടു പ്രതികാരം വീട്ടുന്നത് ഒരു വിധത്തിലുള്ള വീണ്ടെടുപ്പായി കരുതപ്പെട്ടു. യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനായ യഹോവയെ കുറിക്കുന്നതിനും യെശയ്യാവ് 41:14-ലും 43:14-ലും ‘ഗാ അൽ’ തന്നെയാണ് പ്രയോഗിച്ചിട്ടുള്ളത്. ‘പാദാ’ എന്ന പദത്തിന് മറുവില കൊടുത്തു മോചിപ്പിക്കുക അഥവാ, വീണ്ടുകൊള്ളുക എന്നർത്ഥം. (പുറ, 13:13; 34:20). വീണ്ടെടുപ്പ് എന്ന ആശയം വ്യക്തമാക്കുന്ന പല പദങ്ങൾ ഗ്രീക്കിലുണ്ട്. അവയെല്ലാം രണ്ടു ധാതുക്കളിൽ നിന്നും രൂപം കൊണ്ടവയാണ്. ഒന്നാമത്തെ ധാതു അഗോറയാണ്. അതിന് ചന്ത എന്നർത്ഥം. പ്രസ്തുത ധാതുവിൽ നിന്നുണ്ടായ പദങ്ങൾക്ക് ചന്തയിൽ അതായത് അടിമച്ചന്തയിൽ നിന്നും വിലകൊടുത്തു വാങ്ങിക്കുക എന്നർത്ഥം. അഗോറസൈൻ, എക്സാഗോറസൈൻ എന്നീ പ്രയോഗങ്ങളുടെ ധാതു ‘അഗോറ’ ആണ്. രണ്ടാമത്തെ ധാതു ‘ലൂവോ’ ആണ്. അതിനു കെട്ടഴിക്കുക അതായത് ബന്ധിക്കപ്പെട്ടിരുന്ന ഒന്നിനെ ബന്ധനത്തിൽ നിന്നു മോചിപ്പിക്കുക എന്നർത്ഥം. ലുട്രൊസിസ്, അപൊലുട്രൊസിസ് എന്നീ പദങ്ങൾ ഈ ധാതുവിൽ നിന്നുള്ളവയാണ്.

പുതിയനിയമത്തിൽ വീണ്ടെടുപ്പിനെ കുറിക്കുന്ന സവിശേഷ പദമാണ് അപൊലുട്രൊസിസ് (ἀπολύτρωσις – apolytrosis) പുതിയനിയമത്തിലത് പത്തിടങ്ങളിലുണ്ട്: (ലൂക്കൊ, 21:28; റോമ, 3:24; 8:23; 1കൊരി, 1:30; എഫെ, 1:7,14; 4:30; കൊലൊ, 1:14; എബ്രാ, 9:15; 11:35). വിലകൊടുത്ത് (അടിമയെ) വാങ്ങി മോചിപ്പിക്കുക എന്ന അർത്ഥമാണ് അപൊലുട്രൊസിസിനുള്ളത്. ആ വില നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെ പ്രായശ്ചിത്തമരണമാണ്. ക്രിസ്തുവിന്റെ രക്തമാണ് വീണ്ടെടുപ്പുവില. (എഫെ, 1:7). അവന്റെ കൃപയാൽ യേശുക്രിസ്തുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. (റോമ, 3:24). തന്റെ രക്തം വിലയായി നൽകി ക്രിസ്തു ആളുകളെ വാങ്ങി. വീണ്ടെടുപ്പിനെക്കുറിച്ചു പറയാതെയും വിലയ്ക്കുവാങ്ങി എന്നു പറഞ്ഞിട്ടുണ്ട്. (1കൊരി, 6:19; 7:22). ഇവിടെയും ആശയം വീണ്ടെടുപ്പുവില തന്നെയാണ്.

വീണ്ടെടുപ്പു പഴയനിയമത്തിൽ: പൗരാണിക യിസ്രായേലിൽ മതിയായ വിലകൊടുത്ത് വസ്തുക്കളും ജീവനും വീണ്ടെടുക്കാമായിരുന്നു. മിസ്രയീമിലെ കടിഞ്ഞൂൽ സംഹാരത്തിൽ നിന്നു യിസ്രായേൽ മക്കളിലെ ആദ്യജാതന്മാരെ രക്ഷിച്ചതിനാൽ ആദ്യജാതന്മാർ യഹോവയ്ക്കുള്ളവരായി. അതിനാൽ ആദ്യജാതന്മാരെ പണം കൊടുത്തു വീണ്ടുകൊള്ളണ്ടതാണ്: (പുറ, 13:13-15). ന്യായപ്രമാണമനുസരിച്ച് ഋണം നിമിത്തം ഒരുവന്റെ അവകാശം നഷ്ടപ്പെട്ടാലും, സ്വയം അടിമയായി വിലക്കപ്പെട്ടാലും വീണ്ടെടുപ്പുവില നല്കാൻ സന്നദ്ധനായി വരുന്ന ചാർച്ചക്കാരന് അവനെയും അവന്റെ അവകാശത്തെയും വീണ്ടെടുക്കാം. (ലേവ്യ, 25:25-27; 27:27; രൂത്ത്, 4:1-12). വീണ്ടെടുപ്പുകാരനായ ചാർച്ചക്കാരനാണ് രക്തപ്രതികാരകനാകുന്നത്. യിസ്രായേല്യരെ മിസ്രയീമിൽ നിന്നു മോചിപ്പിച്ചത് അവരുടെ വീണ്ടെടുപ്പാണ്. (പുറ, 6:6; 15:3). തന്മൂലം യഹോവ യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനാണ്. (സങ്കീ, 78:35). യിസ്രായേനെ വീണ്ടെടുക്കുന്നതിനു വലിയ ഭുജവീര്യം ആവശ്യമായിരുന്നു. ഈ ഭുജബലം തന്നെ ഒരു വിധത്തിലുള്ള മറുവിലയായിരുന്നു. യിസ്രായേല്യർ വീണ്ടും ബാബിലോന്യ അടിമത്തലായി. അവിടെനിന്നുള്ള അവരുടെ മോചനവും വീണ്ടെടുപ്പായിട്ടാണ് തിരുവെഴുത്തുൾ വെളിപ്പെടുത്തുന്നത്. (യിരെ, 31:11; 50:33-34(. “നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.” (യെശ, 43:3). ബാബിലോനെ ആക്രമിച്ച കോരെശ് ആണ് യെഹൂദയുടെ വിമോചകൻ. ബദ്ധയായ യെഹൂദയെ കനാനിലെ അവകാശത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതിന് കോരെശിനു നഷ്ടപരിഹാരമായി ആഫ്രിക്കയിൽ അധീശത്വം വാഗ്ദാനം ചെയ്തിരിക്കയാണിവിടെ. വ്യക്തിയുടെ വീണ്ടെടുപ്പിനെക്കുറിച്ചും ചുരുക്കം ചില പരാമർശങ്ങൾ പഴയനിയമത്തിൽ കാണാം. (ഇയ്യോ, 19:25; സദൃ, 23:10,11). പാപത്തോടു ചേർത്ത് വീണ്ടെടുപ്പ് പഴയനിയമത്തിൽ വിരളമായേ പറയപ്പെടുന്നുള്ളൂ. യഹോവ യിസ്രായേലിനെ സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും എന്ന വാഗ്ദാനം സങ്കീർത്തനം 130:8-ലുണ്ട്. ദൈവത്തിനു വീണ്ടെടുപ്പുവില കൊടുക്കുവാൻ മനുഷ്യനസാദ്ധ്യം എന്ന സത്യം സങ്കീർത്തനത്തിലുണ്ട്. “സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്. (സങ്കീ, 49:7-9. ഒ.നോ: യെശ, 59:20; റോമ, 11:26). 

വീണ്ടെടുപ്പ് പുതിയനിയമത്തിൽ: മനുഷ്യൻ പാപത്തിന്നടിമയാണ്. പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ (അടിമ ആകുന്നു. (യോഹ, 8:34). നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നു എന്നു പൗലൊസ് അപ്പൊസ്തലൻ റോമയിലെ വിശുദ്ധന്മാരെ ഓർപ്പിക്കുന്നു. (റോമ, 6:17). ഞാനോ ജഡമയൻ, പാപത്തിനു ദാസനായി വിലപ്പെട്ടവൻ തന്നേ എന്ന് അപ്പൊസ്തലൻ സ്വന്തം അവസ്ഥ വെളിപ്പെടുത്തുന്നു. (റോമ, 7:14). പാപം നിമിത്തം മനുഷ്യൻ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു. (റോമ, 6:23). പാപികൾ അടിമകളും മരണത്തിനു വിധിക്കപ്പെട്ടവരും അത്രേ. ഈ അവസ്ഥയിൽ വീണ്ടെടുപ്പിനായി കേഴുകയായിരുന്നു ലോകം. വീണ്ടെടുപ്പിന്റെ അഭാവത്തിൽ അടിമത്തം തുടരുകയും മരണവിധി നടപ്പിലാക്കുകയും ചെയ്യും. എന്നാൽ ക്രിസ്തു കാൽവരി ക്രൂശിൽ അടിമകളുടെ മോചനത്തിന്നായുള്ള വില (വീണ്ടെടുപ്പുവില) നല്കുകയും മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ മോചിപ്പിക്കുകയും ചെയ്തു. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). 

യേശു ക്രൂശിലെ മരണത്തിനുശേഷം ഉയിർത്തെഴുന്നേറ്റ് തന്റെ നിർമ്മലരക്തവുമായി അതിപരിശുദ്ധസ്ഥലത്തേയ്ക്കു പ്രവേശിച്ചു. അതിപരിശുദ്ധസ്ഥലം ദൈവസന്നിധിതന്നെയാണ്. ദൈവകോടതി മുമ്പാകെ ദൈവനീതി ആവശ്യപ്പെട്ട പ്രായശ്ചിത്തവില നൽകി നമ്മെ വിലയ്ക്കുവാങ്ങി. “വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽ നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്ക്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.” (1പത്രൊ, 1:18,19). വെള്ളി, പൊന്ന് എന്നിവ പാപത്തിനും ശാപത്തിനും വിധേയമാണ്. ആത്മാവിനെ മോചിപ്പിക്കുവാൻ ദ്രവത്വത്തിനു വിധേയമായ അവയ്ക്കു സാദ്ധ്യമല്ല. (ഉല്പ, 3:17; വിലാ, 4:1). നിർദ്ദോഷവും നിഷ്ക്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തത്തിനു മാത്രമേ ആത്മാവിന്റെ വീണ്ടെടുപ്പ് വിലയായിരിക്കുവാൻ സാധിക്കു. ‘രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല’ എന്നത്രേ ദൈവികനീതി. (എബ്രാ, 9:22). സർഗ്ഗത്തിൽ നാലുജീവികളും മൂപ്പന്മാരും വീണു ക്രിസ്തുവിനെ സ്തുതിക്കുകയാണ്. “നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വാർഗ്ഗത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലക്കുവാങ്ങി.” (വെളി, 5:19). നമ്മുടെ നീതീകരണത്തിന്നടിസ്ഥാനം യേശുക്രിസ്തുവിലെ വീണ്ടെടുപ്പാണ്. (റോമ, 3:24). ക്രിസ്തു നമുക്കു വീണ്ടെടുപ്പായിത്തീർന്നു. (1കൊരി, 1:30).

വീണ്ടെടുപ്പുകാരന്റെ യോഗ്യതകൾ: വീണ്ടെടുപ്പുകാരൻ ചാർച്ചക്കാരനായിരിക്കണം: ന്യായപ്രമാണ കല്പനയനുസരിച്ച് ഒരു ചാർച്ചക്കാരു മാതമേ അടിമയെ വീണ്ടെടുക്കാൻ സാധിക്കു. ബോവസ് രൂത്തിനെ വീണ്ടെടുക്കുന്നത് വീണ്ടെടപ്പിന്റെ നിഴലാണ്. നിത്യദൈവമായ ക്രിസ്തു നമുക്കു ചാർച്ചക്കാരനായി തീർന്നാണ് നമ്മെ വീണ്ടെടുത്തത്. കർത്താവ് നമുക്കു സമാനമായി മനുഷ്യവേഷം പൂണ്ടു. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). ക്രിസ്തു ഒരു ദൂതനായിവന്നു എങ്കിൽ മനുഷ്യരെ വീണ്ടെടുക്കുവാൻ കഴിയുമായിരുന്നില്ല. നിത്യദൈവമായ ക്രിസ്തു കന്യകാജനനത്തിലൂടെ പൂർണ്ണമനുഷ്യത്വം സ്വീകരിച്ചു, മനുഷ്യപുത്രനായി മാനുഷിക ജനനത്തിലൂടെ മനുഷ്യരുമായി ബന്ധപ്പെട്ട് അവരുടെ ചാർച്ചക്കാരനായ വീണ്ടെടുപ്പുകാരനായി തീർന്നു. 

വീണ്ടെടുപ്പുവില കൊടുക്കാനുള്ള കഴിവ് വീണ്ടെടുപ്പുകാരനു ഉണ്ടായിരിക്കണം: പഴയനിയമ വ്യവസ്ഥയനുസരിച്ച് അടിമയെ സ്വതന്ത്രനാക്കുന്നതിനുവേണ്ടി വീണ്ടെടുപ്പുവില കൊടുക്കേണ്ട ചുമതല വീണ്ടെടുപ്പുകാരനുണ്ട്. ക്രിസ്തു തന്റെ രക്തമാണ് വീണ്ടെടുപ്പു വിലയായി നൽകിയത്. “നിങ്ങളെത്തന്നെയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്ക്കാൻ പരിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (പ്രവൃ, 20:28). വീണ്ടെടുപ്പിനുവേണ്ടി അർപ്പിച്ച രക്തം പാപിയായ മനുഷ്യന്റെ രക്തമല്ല, പരിശുദ്ധനായ ദൈവപുത്രൻ്റ രക്തമാണ്. എണ്ണമറ്റ പാപികൾക്കുവേണ്ടി ചൊരിഞ്ഞ വിലയേറിയ രക്തമാണത്. ലോകത്തിന്റെ പാപം മുഴുവൻ കഴുകി ശുദ്ധീകരിപ്പാൻ മതിയായ രക്തമത്രേ ഒരിക്കലും അഴിഞ്ഞുപോകാത്ത ക്രിസ്തുവിന്റെ വിലയേറിയ രക്തം. (1പത്രൊ, 1:18,19). 

ചാർച്ചക്കാരനായ വീണ്ടെടുപ്പുകാരന് വീണ്ടെടുക്കുവാൻ മനസ്സുണ്ടായിരിക്കണം: ഗത്ത്ശെമന തോട്ടത്തിൽ വെച്ച് ക്രിസ്തു പിതാവിന്റെ ഹിതത്തിനു സമ്പൂർണ്ണമായി സമർപ്പിച്ചു. (ലൂക്കൊ, 22:42; എബ്രാ, 10:7; സങ്കീ, 40:7-9). ക്രിസ്തു നമുക്കുവേണ്ടി തന്നെത്തന്നെ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു. (എഫെ, 5:2. ഒ.നോ: എഫെ, 5:26,27).

വീണ്ടെടുപ്പുകാരൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവനായിരിക്കണം: ഒരടിമയ്ക്ക് മറ്റൊരടിമയെ വീണ്ടെടുക്കാൻ സാദ്ധ്യമല്ല; പാപിക്കു പാപിയേയും. പാപത്തിന്റെ അടിമത്തത്തിലായ മനുഷ്യനെ വീണ്ടെടുക്കുവാൻ നിഷ്പാപനായ വ്യക്തിക്കേ കഴിയു. ക്രിസ്തുവിനെക്കുറിച്ചു എബ്രായ ലേഖനകാരൻ എഴുതുകയാണ്; “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല. പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്.” (എബ്രാ, 4:15). “അവൻ പാപം ചെയ്തിട്ടില്ല, അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.” (1പത്രൊ, 2:22; എബ്രാ, 7:26,27). നമ്മെ വീണ്ടെടുക്കുന്നതിന് ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. (ഗലാ, 3:13). വീണ്ടെടുക്കപ്പെട്ടവർ ദൈവത്തിന്റെ വകയാണ്. അവർ ആത്മാവിലും ശരീരത്തിലും ദൈവത്തെ മഹത്വപ്പെടുത്തണം. (1കൊരി, 6:20). “സ്വാതന്ത്യത്തിന്നായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.” (ഗലാ, 5:1).

മുൻനിർണ്ണയം

മുൻനിർണ്ണയം (predetermination)

“അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു.” (എഫെ, 1:9).

ദൈവം മുൻനിയമിച്ചതിനെ ഉറപ്പാക്കുന്ന പ്രവൃത്തിയാണ് നിർണ്ണയം. ദൈവത്തിന്റെ പദ്ധതി അഥവാ സംവിധാനം എന്താണെന്നു മുന്നിയമനം വ്യക്തമാക്കുന്നു. ദൈവം മുന്നിയമിച്ചതിന്റെ ഉറപ്പു സ്ഥിരീകരിക്കുകയാണു ദൈവിക നിർണ്ണയം. അപ്പൊസ്തലൻ അതിനെ സ്ഥിരനിർണ്ണയം എന്നു വിളിക്കുന്നു: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.” (പ്രവൃ, 2:23). തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനു അനേകം സാധ്യതകളും പദ്ധതികളും ദൈവത്തിനുണ്ട്. എന്നാൽ ഒരു പ്രത്യേക ഉദ്ദേശ്യവും ഒരു പ്രത്യേക പദ്ധതിയും ദൈവം ഉറപ്പാക്കി, അതിനെ മാറ്റമില്ലാത്ത നിർണ്ണയമായി കല്പിക്കുന്നു. “നീ ഒരുകാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും.” (ഇയ്യോ, 22:28). ഒരു പ്രത്യേക പ്രവർത്തനപദ്ധതി ദൈവം ആജ്ഞാപിക്കുന്നതോടുകൂടി അതു അന്തിമവും ദൃഢവും ആയിത്തീരുകയും ആനിലയിൽ മാത്രം അതു പൂർത്തിയാക്കുവാൻ ദൈവം സ്വയം ബദ്ധനാകുകയും ചെയ്യും. ദാനീയേൽ പ്രവാചകൻ ഈ സത്യം സ്പഷ്ടമാക്കുന്നു: “രാജാവോ ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി മഹത്ത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കുകയും, കോപം നിവൃത്തിയാകുവോളം അവനു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ?” (ദാനീ, 11:36). ദൈവത്തിന്റെ നിർണ്ണയം നിശ്ചയമായും നിവൃത്തിയാകും. കർത്താവായ യേശുക്രിസ്തു തന്റെ ജീവിതത്തിലും മരണത്തിലും എന്തു ചെയ്യുമെന്നു ദൈവം നിർണ്ണയിച്ചിരിക്കുന്നു, അതുപോലെ സംഭവിച്ചു. “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധ ദാസന് വിരോധമായി ഹെരോദാവും പൊന്തിയോസ് പീലാത്തോസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി, സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.” (പ്രവൃ, 4:27,28). “നിർണ്ണയിച്ചിരിക്കുന്നതു പോലെ മനുഷ്യപുത്രൻ പോകുന്നു സത്യം, എങ്കിലും അവനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനു അയ്യോ കഷ്ടം.” (ലൂക്കൊ, 22:22). ഒരു പ്രത്യേക നിലയിലുള്ള സംഭവഗതിയെ ദൈവം മുന്നിയമിക്കുകയും അതിന്റെ നിശ്ചയവും മാറിക്കൂടായ്മയും നിർണ്ണയത്താൽ ഉറപ്പിക്കുകയും ചെയ്യുന്നു. 

ദൈവിക നിർണ്ണയം ദൈവിക നിർണ്ണയം കേവലവും, നിരുപാധികവും സർവ്വസാന്തസൃഷ്ടികളിൽ നിന്നു സ്വതന്ത്രവും ദൈവഹിതത്തിന്റെ നിത്യമായ ആലോചനയിൽ നിന്നുത്ഭവിക്കുന്നതുമാണ്. ദൈവം പ്രകൃതിയുടെ ഗതിയെ നിയമിക്കുകയും ചരിത്രഗതിയെ അല്പാംശങ്ങളിൽപ്പോലും നിയന്ത്രിക്കുകയും ചെയ്യുന്നു. “ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിനു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.” (പ്രവൃ, 17:26). ദൈവിക നിർണ്ണയങ്ങൾ നിത്യവും മാറ്റമില്ലാത്തവയും വിശുദ്ധവും വിവേകപൂർണ്ണവും പരമവുമാണ്. ഭാവി സംഭവങ്ങളെക്കുറിച്ചുള്ള മുന്നറിവിന്റെ അടിസ്ഥാനത്തിലുള്ളവയാണ് ദൈവിക നിർണ്ണയങ്ങൾ. പ്രപഞ്ചത്തിൽ സംഭവിക്കുന്നവ എല്ലാം ദൈവിക നിർണ്ണയത്തിലും പദ്ധതിയിലും ഉൾപ്പെട്ടവയാണ്. മനുഷ്യന്റെ ദോഷപ്രവൃത്തികൾക്കും അതിൽ സ്ഥാനമുണ്ട്. ദൈവം അവയെ പൂർവ്വവൽദർശിക്കുകയും അനുവദിക്കുകയും ചെയ്തു. എല്ലാം സ്വന്തമഹത്ത്വത്തിനായി ദൈവം നിയന്ത്രിക്കുകയും മാറ്റുകയും ചെയ്യുന്നു. സൃഷ്ടിപ്പിനു മുമ്പുതന്നെ ദുഷ്ടതയുടെ സാദ്ധ്യത സർവ്വജ്ഞനായ ദൈവം അറിഞ്ഞു. ദുഷ്ടത ഉൾക്കൊണ്ട ഒരു സംവിധാനത്തിന്റെ ശില്പി ദൈവമായിരുന്നെങ്കിലും ദുഷ്ടതയ്ക്കുത്തരവാദി ദൈവമല്ല. ലൂസിഫറിന്റെ മത്സരവും ആദാമിന്റെ ലംഘനവും ഒന്നും തന്മൂലം ദൈവത്തിനു അത്ഭുതകരമായിരുന്നില്ല. മനുഷ്യചരിത്രത്തിലെ മഹാദുഷ്ടതയായ ക്രിസ്തുവിന്റെ കൂശീകരണം പോലും ദൈവത്തിന്റെ മുന്നറിവിനും മുന്നിയമനത്തിനും വിധേയമായിരുന്നു. (പ്രവൃ, 2:23; 4:28).

മുന്നിയമനം

മുന്നിയമനം (predestinate)

“മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30).

മുന്നിയമനം എന്ന ക്രിയയുടെ കർത്താവ് ദൈവമാണ്. ഒരു വ്യക്തിക്കുവേണ്ടി ഒരു ചുറ്റുപാടിനെ മുൻകൂട്ടി നിയമിക്കുകയോ ഒരു ചുറ്റുപാടിനായി ഒരു വ്യക്തിയെ മുൻകൂട്ടി നിയമിക്കുകയോ ചെയ്യുക എന്ന ആശയമാണ് ഈ ക്രിയയ്ക്കുള്ളത്. പ്രൂറിസൊ (προορίζω – proorízo) എന്ന പദമാണ് മുന്നിയമിക്കുക എന്ന അർത്ഥത്തിൽ ഗ്രീക്കിൽ. (പ്രവൃ, 4:28; റോമ, 8:29,30; 1കൊരി, 2:7; എഫെ, 1:6, 12) എന്നീ ഭാഗങ്ങളിലാണ് പ്രൂറിസൊയുടെ പ്രയോഗം കാണുന്നത്. ഈ ആറു സ്ഥാനങ്ങളിലും മുന്നിയമിക്കുക എന്നു തന്നെയാണ് പരിഭാഷ.

മുൻകൂട്ടി എന്ന അർത്ഥമാണ് ‘പ്രൂ’ എന്ന ഉപസർഗ്ഗത്തിന്. സമാനമായ ആശയമാണ് ‘പ്രൂ’ ചേർന്നുളള മറ്റു പല സംയുക്തരൂപങ്ങളിലും കാണുന്നത്. ഉദാ: പ്രൊയ്ടൊയ്മസൊ (προετοιμάζω – proetoimazo) മുന്നൊരുക്കുക  (റോമ, 9:23; എഫെ, 2:10), പ്രൊകറിസ്സൊ (προκηρύσσω – prokerysso) മുൻനിയമിക്കുക (പ്രവൃ, 3:20; 13:24), പ്രൊഖെറൊറ്റൊനെയൊ (προχειροτονέω – procheirotoneo) മുമ്പുകൂട്ടി നിയമിക്കുക (പ്രവൃ, 10:41), പ്രൊയിടൊ (προείδω – proeido) മുമ്പുകൂട്ടി (പ്രവൃ, 2:31; ഗലാ, 3:8), പ്രൊബ്ലെപോ (προβλέπω – problepo) മുൻകാണുക (എബ്രാ, 11:40), പ്രൊഗിനൊസ്കൊ (προγινώσκω – proginosko) മുന്നറിയുക (പ്രവൃ, 26:25; റോമ, 8:29), പ്രൊഗ്നൊസിസ് (πρόγνωσις – prógnosis) മുന്നറിവ്. (പ്രവൃ, 2:23; 1പത്രൊ, 1:2) ഇവ മുന്നിയമനത്തിന്റെ ആശയം വെളിപ്പെടുത്തുന്നവയാണ്. പ്രപഞ്ചത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ആവശ്യമായ സർവ്വവും കരുതിക്കൊണ്ടാണ് ദൈവം പ്രപഞ്ചം സൃഷ്ടിച്ചതെന്നു മൂന്നിയമനം വ്യക്തമാക്കുന്നു. സൃഷ്ടിക്കു മുമ്പുതന്നെ ദൈവം സ്വന്തനിർണ്ണയം ഉറപ്പാക്കി ക്കഴിഞ്ഞു. (എഫെ, 1:4). 

ദൈവത്തിൻ്റെ മുന്നറിവിന് ഒത്തവണ്ണമാണ് മുന്നിയമനം. “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30). തൻ്റെ സർവ്വജ്ഞാനതാലുള്ള മുന്നറിവിനാൽ മുന്നിയമിച്ച കാര്യങ്ങളാണ് നിവർത്തിയാകുന്നത്. “സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.” (പ്രവൃ, 4:28). ലോകസൃഷ്ടിക്കു മുമ്പേ ദൈവം മുന്നിയമിച്ച മർമ്മങ്ങളാണ് അപ്പൊസ്തലന്മാർ പ്രസ്താവിച്ചത്. (1കൊരി, 2:7). യേശുക്രിസ്തുവിലൂടെ ദത്തെടുക്കാൻ ദൈവേഷ്ടപ്രകാരം ലോകസ്ഥാപനത്തിനു മുമ്പേ സ്നേഹത്തിൽ മുന്നിയമിച്ചവരാണ് വിശ്വാസികൾ. (എഫെ, 1:4-6).