യഹൂദാ പ്രമാണം

യഹൂദാ പ്രമാണം

1. നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു: “അവിടുന്നു പറഞ്ഞു: അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടുവന്ന നിൻ്റെ ദൈവമായ കര്‍ത്താവു ഞാനാണ്‌.” (നിയമാവര്‍ത്തനം 5:6).

2. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌: “ഞാനല്ലാതെ മറ്റൊരുദൈവം നിനക്കുണ്ടാകരുത്‌. നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്‌; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമ ഉണ്ടാക്കരുത്‌. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, നിൻ്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്‍മാരുടെ തിന്മമൂലം ശിക്‌ഷിക്കുന്ന അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എൻ്റെ കല്‍പനകള്‍ പാലിക്കുകയുംചെയ്യുന്നവരോട്‌ ആയിരം തലമുറവരെ ഞാൻ കാരുണ്യം കാണിക്കും.” (നിയമാവര്‍ത്തനം 5:7-10).

3. ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്‌: “നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമം വൃഥാ ഉപയോഗിക്കരുത്‌. തൻ്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്‌ഷിക്കാതെ വിട്ടയയ്‌ക്കുകയില്ല.” (നിയമാവര്‍ത്തനം 5:11).

4. കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം: “നിൻ്റെ ദൈവമായ കര്‍ത്താവു കല്‍പിച്ചതുപോലെ സാബത്ത്‌ ആചരിക്കുക – വിശുദ്‌ധമായി കൊണ്ടാടുക. ആറുദിവസം അധ്വാനിക്കുകയും എല്ലാ ജോലികളും നിര്‍വഹിക്കുകയും ചെയ്‌തുകൊള്ളുക. എന്നാല്‍, ഏഴാംദിവസം നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ സാബത്താണ്‌. അന്ന്‌ ഒരു ജോലിയും ചെയ്യരുത്‌; നീയും നിൻ്റെ മകനോ മകളോ ദാസനോ ദാസിയോ കാളയോ കഴുതയോ മൃഗങ്ങളിലേതെങ്കിലുമോ നിൻ്റെ പട്ടണത്തിലുള്ള പരദേശിയോ ഒരു ജോലിയും ചെയ്യരുത്‌. നിന്നെപ്പോലെതന്നെ നിൻ്റെ ദാസനും ദാസിയും വിശ്രമിക്കട്ടെ. നീ ഈജിപ്‌തില്‍ ദാസനായിരുന്നുവെന്നും നിൻ്റെ ദൈവമായ കര്‍ത്താവു തൻ്റെ കരുത്തുറ്റ കരം നീട്ടി അവിടെനിന്ന്‌ നിന്നെ മോചിപ്പിച്ചു കൊണ്ടുവന്നുവെന്നും ഓര്‍മിക്കുക. അതുകൊണ്ട്‌ സാബത്തുദിനം ആചരിക്കാന്‍ അവിടുന്നു നിന്നോടു കല്‍പിച്ചിരിക്കുന്നു.” (നിയമാവര്‍ത്തനം 5:12-15).

5. മാതാപിതാക്കന്‍മാ‍രെ ബഹുമാനിക്കണം: “നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിൻ്റെ ദൈവമായ കര്‍ത്താവ്‌ തരുന്ന നാട്ടില്‍ നിനക്കു നന്‍മയുണ്ടാകാനും വേണ്ടി അവിടുന്നു കല്‍പിച്ചിരിക്കുന്നതുപോലെ നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.” (നിയമാവര്‍ത്തനം 5:16).

6. കൊല്ലരുത്‌: “നീ കൊല്ലരുതു” (നിയമാവര്‍ത്തനം 5:17).

7. വ്യഭിചാരം ചെയ്യരുത്‌: “വ്യഭിചാരം ചെയ്യരുത്‌.” (നിയമാവര്‍ത്തനം 5:18).

8. മോഷ്ടിക്കരുത്: “നീ മോഷ്‌ടിക്കരുത്‌.” (നിയമാവര്‍ത്തനം 5:19).

9. കള്ളസാക്ഷി പറയരുത്‌:‍ “അയല്ക്കാരനെതിരായി നീ കള്ളസാക്ഷ്യം നല്‍കരുത്‌.” (നിയമാവര്‍ത്തനം 5:20).

10. അന്യന്റെ യാതൊന്നും മോഹിക്കരുത്: “നിൻ്റെ അയല്‍ക്കാരൻ്റെ ഭാര്യയെ നീമോഹിക്കരുത്‌; അവൻ്റെ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവൻ്റെ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്‌.” (നിയമാവര്‍ത്തനം 5:21).

പ്രൊട്ടസ്റ്റന്റ് പ്രമാണം

പ്രൊട്ടസ്റ്റന്റ് പ്രമാണം

1. നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു‍: ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌: “അവിടുന്നു പറഞ്ഞു: അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടുവന്ന നിൻ്റെ ദൈവമായ കര്‍ത്താവു ഞാനാണ്‌.ഞാനല്ലാതെ മറ്റൊരുദൈവം നിനക്കുണ്ടാകരുത്‌.” (നിയമാവര്‍ത്തനം 5:6-7).

2. യാതൊന്നിന്റേയും വിഗ്രഹം ഉണ്ടാക്കരുത്‌: “നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്‌; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമ ഉണ്ടാക്കരുത്‌. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, നിന്‍െറ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്‍മാരുടെ തിന്മമൂലം ശിക്‌ഷിക്കുന്ന അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എൻ്റെ കല്‍പനകള്‍ പാലിക്കുകയുംചെയ്യുന്നവരോട്‌ ആയിരം തലമുറവരെ ഞാൻ കാരുണ്യം കാണിക്കും.” (നിയമാവര്‍ത്തനം 5:8-10).

3. ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്‌: “നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമം വൃഥാ ഉപയോഗിക്കരുത്‌. തൻ്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്‌ഷിക്കാതെ വിട്ടയയ്‌ക്കുകയില്ല.” (നിയമാവര്‍ത്തനം 5:11).

4. കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം: “നിൻ്റെ ദൈവമായ കര്‍ത്താവു കല്‍പിച്ചതുപോലെ സാബത്ത്‌ ആചരിക്കുക – വിശുദ്‌ധമായി കൊണ്ടാടുക. ആറുദിവസം അധ്വാനിക്കുകയും എല്ലാ ജോലികളും നിര്‍വഹിക്കുകയും ചെയ്‌തുകൊള്ളുക. എന്നാല്‍, ഏഴാംദിവസം നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ സാബത്താണ്‌. അന്ന്‌ ഒരു ജോലിയും ചെയ്യരുത്‌; നീയും നിൻ്റെ മകനോ മകളോ ദാസനോ ദാസിയോ കാളയോ കഴുതയോ മൃഗങ്ങളിലേതെങ്കിലുമോ നിൻ്റെ പട്ടണത്തിലുള്ള പരദേശിയോ ഒരു ജോലിയും ചെയ്യരുത്‌. നിന്നെപ്പോലെതന്നെ നിൻ്റെ ദാസനും ദാസിയും വിശ്രമിക്കട്ടെ. നീ ഈജിപ്‌തില്‍ ദാസനായിരുന്നുവെന്നും നിൻ്റെ ദൈവമായ കര്‍ത്താവു തൻ്റെ കരുത്തുറ്റ കരം നീട്ടി അവിടെനിന്ന്‌ നിന്നെ മോചിപ്പിച്ചു കൊണ്ടുവന്നുവെന്നും ഓര്‍മിക്കുക. അതുകൊണ്ട്‌ സാബത്തുദിനം ആചരിക്കാന്‍ അവിടുന്നു നിന്നോടു കല്‍പിച്ചിരിക്കുന്നു.” (നിയമാവര്‍ത്തനം 5:12-15).

5. മാതാപിതാക്കന്‍മാ‍രെ ബഹുമാനിക്കണം: “നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിൻ്റെ ദൈവമായ കര്‍ത്താവ്‌ തരുന്ന നാട്ടില്‍ നിനക്കു നന്‍മയുണ്ടാകാനും വേണ്ടി അവിടുന്നു കല്‍പിച്ചിരിക്കുന്നതുപോലെ നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.” (നിയമാവര്‍ത്തനം 5:16).

6. കൊല്ലരുത്‌: “നീ കൊല്ലരുത്‌: ” (നിയമാവര്‍ത്തനം 5:17).

7. വ്യഭിചാരം ചെയ്യരുത്‌: “വ്യഭിചാരം ചെയ്യരുത്‌.” (നിയമാവര്‍ത്തനം 5:18).

8. മോഷ്ടിക്കരുത്‌: “നീ മോഷ്‌ടിക്കരുത്‌.” (നിയമാവര്‍ത്തനം 5:19).

9. കള്ളസാക്ഷി പറയരുത്‌:‍ “അയല്ക്കാരനെതിരായി നീ കള്ളസാക്ഷ്യം നല്‍കരുത്‌.” (നിയമാവര്‍ത്തനം 5:20).

10. അന്യന്റെ യാതൊന്നും മോഹിക്കരുത്: “നിൻ്റെ അയല്‍ക്കാരൻ്റെ ഭാര്യയെ നീമോഹിക്കരുത്‌; അവൻ്റെ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവൻ്റെ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്‌.” (നിയമാവര്‍ത്തനം 5:21).

കത്തോലിക്കാ പ്രമാണം

കത്തോലിക്കാ പ്രമാണം

1. നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു‍. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌. “അവിടുന്നു പറഞ്ഞു: അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടുവന്ന നിൻ്റെ ദൈവമായ കര്‍ത്താവു ഞാനാണ്‌. ഞാനല്ലാതെ മറ്റൊരുദൈവം നിനക്കുണ്ടാകരുത്‌.നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്‌; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമ ഉണ്ടാക്കരുത്‌. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, നിന്‍െറ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്‍മാരുടെ തിന്മമൂലം ശിക്‌ഷിക്കുന്ന അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എൻ്റെ കല്‍പനകള്‍ പാലിക്കുകയുംചെയ്യുന്നവരോട്‌ ആയിരം തലമുറവരെ ഞാൻ കാരുണ്യം കാണിക്കും.” (നിയമാവര്‍ത്തനം 5:6-10).

2. ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്‌: “നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ നാമം വൃഥാ ഉപയോഗിക്കരുത്‌. തൻ്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്‌ഷിക്കാതെ വിട്ടയയ്‌ക്കുകയില്ല.” (നിയമാവര്‍ത്തനം 5:11).

3. കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം: “നിൻ്റെ ദൈവമായ കര്‍ത്താവു കല്‍പിച്ചതുപോലെ സാബത്ത്‌ ആചരിക്കുക – വിശുദ്‌ധമായി കൊണ്ടാടുക. ആറുദിവസം അധ്വാനിക്കുകയും എല്ലാ ജോലികളും നിര്‍വഹിക്കുകയും ചെയ്‌തുകൊള്ളുക. എന്നാല്‍, ഏഴാംദിവസം നിൻ്റെ ദൈവമായ കര്‍ത്താവിൻ്റെ സാബത്താണ്‌. അന്ന്‌ ഒരു ജോലിയും ചെയ്യരുത്‌; നീയും നിൻ്റെ മകനോ മകളോ ദാസനോ ദാസിയോ കാളയോ കഴുതയോ മൃഗങ്ങളിലേതെങ്കിലുമോ നിൻ്റെ പട്ടണത്തിലുള്ള പരദേശിയോ ഒരു ജോലിയും ചെയ്യരുത്‌. നിന്നെപ്പോലെതന്നെ നിൻ്റെ ദാസനും ദാസിയും വിശ്രമിക്കട്ടെ. നീ ഈജിപ്‌തില്‍ ദാസനായിരുന്നുവെന്നും നിൻ്റെ ദൈവമായ കര്‍ത്താവു തൻ്റെ കരുത്തുറ്റ കരം നീട്ടി അവിടെനിന്ന്‌ നിന്നെ മോചിപ്പിച്ചു കൊണ്ടുവന്നുവെന്നും ഓര്‍മിക്കുക. അതുകൊണ്ട്‌ സാബത്തുദിനം ആചരിക്കാന്‍ അവിടുന്നു നിന്നോടു കല്‍പിച്ചിരിക്കുന്നു.” (നിയമാവര്‍ത്തനം 5:12-15).

4. മാതാപിതാക്കന്‍മാ‍രെ ബഹുമാനിക്കണം: “നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിൻ്റെ ദൈവമായ കര്‍ത്താവ്‌ തരുന്ന നാട്ടില്‍ നിനക്കു നന്‍മയുണ്ടാകാനും വേണ്ടി അവിടുന്നു കല്‍പിച്ചിരിക്കുന്നതുപോലെ നിൻ്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.” (നിയമാവര്‍ത്തനം 5:16).

5. കൊല്ലരുത്‌.”നീ കൊല്ലരുത്‌: ” (നിയമാവര്‍ത്തനം 5:17).

6. വ്യഭിചാരം ചെയ്യരുത്‌.”വ്യഭിചാരം ചെയ്യരുത്‌: ” (നിയമാവര്‍ത്തനം 5:18).

7. മോഷ്ടിക്കരുത്‌.”നീ മോഷ്‌ടിക്കരുത്‌: ” (നിയമാവര്‍ത്തനം 5:19).

8. കള്ളസാക്ഷി പറയരുത്‌: “അയല്‍ക്കാരനെതിരായി നീ കള്ളസാക്ഷ്യം നല്‍കരുത്‌.” (നിയമാവര്‍ത്തനം 5:20).

9. അന്യന്‍റെ ഭാര്യയെ മോഹിക്കരുത്‌: “നിൻ്റെ അയല്‍ക്കാരൻ്റെ ഭാര്യയെ നീമോഹിക്കരുത്‌;” (നിയമാവര്‍ത്തനം 5:21).

10. അന്യന്‍റെ വസ്തുക്കള്‍ മോഹിക്കരുത്‌: “അവൻ്റെ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവൻ്റെ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്‌.” (നിയമാവര്‍ത്തനം 5:21).

കല്പനകൾ II

ദൈവം മോശയെക്കൊണ്ട് ഉണ്ടാക്കിച്ചത് വിഗ്രഹമായിരുന്നില്ല എന്നതിന് ഒരു തെളിവുകൂടി തരാം: ദൈവം ക്രിസ്തുവിലൂടെ സകലമനുഷ്യർക്കും കൈവരുവാനുള്ള സൗജന്യരക്ഷയുടെ പ്രതീകമായിട്ടാണ് പിച്ചളസർപ്പം ഉണ്ടാക്കിച്ചത്. ആഗ്നേയ സർപ്പത്തിൻ്റെ കടിയിൽനിന്ന് ജനം രക്ഷപ്രാപിച്ചു കഴിഞ്ഞാൽ, പിന്നെ, പിച്ചളസർപ്പത്തിൻ്റെ പ്രവൃത്തി കഴിഞ്ഞു. അതിനെ മരുഭൂമിയിൽ ഉപേക്ഷിക്കേണ്ടതായിരുന്നു. എന്നാൽ, ഇസ്രായേൽ ജനം അതിനെ പൊതിഞ്ഞെടുത്ത് കനാനിൽ കൊണ്ടുവന്നു. പിൽക്കാലത്ത് ജനം വിഗ്രഹാരാധികൾ ആയപ്പോൾ, മോശ ഉണ്ടാക്കിയ പിച്ചള സർപ്പത്തെ ‘നെഹുഷ്‌താൻ’ എന്നപേര് നൽകി, പൂജാഗിരികളുടെ കൂട്ടത്തിൽ വെച്ച് അതിനും ധൂപാർച്ചന കഴിച്ചുവന്നു. യൂദയായിലെ 13-ാമത്തെ രാജാവായ ആഹാസിന്‍െറ മകന്‍ ഹെസക്കിയാ ആണ് പൂജാഗിരികൾക്കും, അഷേരാ പ്രതിഷ്‌ഠകൾക്കുമൊപ്പം അതിനെ തകർത്തുകളഞ്ഞത്. (2രാജാ, 18;4). ആയതിനാൽ, ഹെസക്കിയാ രാജാവിനെക്കുറിച്ച് എഴുതിവെച്ചിരിക്കുന്നത് ശ്രദ്ധേയമാണ്: “ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൽ അവൻ വിശ്വസിച്ചു. മുന്‍ഗാമികളോ പിന്‍ഗാമികളോ ആയ യൂദാ രാജാക്കന്‍മാരിലാരും അവനെപ്പോലെ വിശ്വസ്‌തനായിരുന്നില്ല. അവൻ കര്‍ത്താവിനോട്‌ ഒട്ടിനിന്നു; അവിടുന്ന്‌ മോശയ്‌ക്കു നല്‍കിയ കല്‍പനകൾ പാലിക്കുകയും അവിടുത്തെ പിന്‍തുടരുകയും ചെയ്‌തു. കര്‍ത്താവ്‌ അവനോടുകൂടെ ഉണ്ടായിരുന്നു അവൻ്റെ ഉദ്യമങ്ങളെല്ലാം ഐശ്വര്യപൂര്‍ണമായി. (2രാജാ, 18:5-7). ഇനി ചിന്തിക്കുക, ദൈവം മോശയോട് ഉണ്ടാക്കാൻ പറഞ്ഞത് വിഗ്രഹമായിരുന്നെങ്കിൽ, ഹെസക്കിയാ രാജാവ് അതിനെ തകർത്തുകളഞ്ഞാൽ ദൈവം പ്രസാദിക്കുമോ???… യൂദാ രാജക്കന്മാരെക്കാളെല്ലാം അവൻ ദൈവത്തിന് വിശ്വസ്‌തനാകുമോ???… കര്‍ത്താവ്‌ അവനോടു കൂടെയിരുന്ന് അവൻ്റെ ഉദ്യമങ്ങളെല്ലാം ഐശ്വര്യപൂര്‍ണമാക്കുമോ???… ദൈവത്തിൻ്റെ നേരെ വിരൽ ചൂണ്ടുന്നതിനുമുമ്പ് ബൈബിൾ വായിക്കണമച്ചോ. അച്ചൻ്റെ പ്രഭാഷണങ്ങൾകൊണ്ട് മനുഷ്യരെ വിശ്വാസത്തിലേക്ക് (രക്ഷയിലേക്ക്) നടത്താൻ കഴിഞ്ഞില്ലെങ്കിലും, ദൈവത്തെ കുറ്റം പറഞ്ഞ് വിശ്വാസത്തിൽ നില്ക്കുന്നവരെ വലിച്ചു താഴെയിടരുതെന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

ഇനി, പറയുന്നത് ളോഹയിട്ട ഒരു പുരോഹിതൻ്റെ നാവിൽനിന്നുതന്നെ കേൾക്കേണ്ട കാര്യമാണ്: ദൈവം പറഞ്ഞത് വിഗ്രഹങ്ങൾ ഉണ്ടാക്കരുതെന്നല്ല: ‘വിഗ്രഹങ്ങളെ ആരാധിക്കരുതെന്നാണ് അർത്ഥം.’ അർത്ഥം കൊള്ളാം, പക്ഷെ, കയ്യിൽ വെച്ചാൽ മതി. യഹൂദൻ്റെ രണ്ടാം കല്പന കത്തോലിക്കർ ഒന്നാം കല്പനയോട് ചേർത്തിരിക്കുകയാണെന്ന് മുകളിൽ തെളിയിച്ചതാണ്. രണ്ടാം കല്പനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്‌; മുകളിൽ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമയും സ്വരൂപവും ഉണ്ടാക്കരുത്‌.” (നിയ, 5:8). ദൈവം അരുതെന്ന് പറഞ്ഞതിനെ ആകാമെന്നു പറയാൻ അച്ചന് ആരാണ് അധികാരം തന്നത്. നിങ്ങൾ സെമിനാരിയിൽ പഠിച്ചത് അച്ചനാകാനോ ആൻ്റിക്രൈസ്റ്റാകാനോ???… ചാരായം വാറ്റാം; കുടിക്കരുത്. വ്യഭിചാരശാലയിൽ പോകാം; വ്യഭിചരിക്കരുത്. എന്നു പറയുന്നതുപോലെ, വിഗ്രഹമുണ്ടാക്കാം; ആരാധിക്കരുത്. ഇത് ഒരുമാതിരി വെളിവില്ലാത്ത വ്യാഖ്യാനമാണച്ചോ. കത്തോലിക്കാ സഭയുടേത് വിഗ്രഹങ്ങളല്ല, തിരുസ്വരൂപങ്ങളാണെന്ന് പറഞ്ഞ അച്ചൻ്റെ നാവുകൊണ്ടുതന്നെയാണ്, ‘വിഗ്രഹം ഉണ്ടാക്കരുതെന്നല്ല, അതിനെ ആരാധികരുതെന്നാണ് കല്പന’ എന്ന് പറയുന്നത്. ദുരുപദേശമാണെങ്കിലും പറയുന്ന കാര്യത്തിന് ഒരു വകതിരിവ് വേണ്ടേ. എങ്കിൽ ആദ്യമേ പറഞ്ഞാൽ പോരെ, വിഗ്രഹമുണ്ടാക്കരുതെന്നല്ല, ആരാധിക്കരുതെന്നാണ് കല്പനയെന്ന്. പിന്നെന്തിനാ, വിഗ്രഹങ്ങളെ തിരുസ്വരൂപങ്ങങ്ങളാക്കാൻ കഷ്ടപ്പെട്ടത്???… അപ്പോൾ, അച്ചനുതന്നെ അറിയാം, താൻ പറയുന്ന കാര്യങ്ങളെല്ലാം കല്ലുവെച്ച നുണയാണെന്ന്. അതുകൊണ്ടാണ്, ഒന്നിൽ പിഴച്ചാൽ, മൂന്നെന്നപോലെ ദുരുപദേശങ്ങൾ തള്ളിക്കേറ്റണത്. അച്ചൻ്റെ ഈ വ്യാഖ്യാന സൂത്രമുപയോഗിച്ച് മറ്റു കല്പനകളെ എങ്ങനെ വ്യാഖ്യാനിക്കും. “വിഗ്രഹമുണ്ടാക്കരുത്; = ഉണ്ടാക്കിയാലും കുഴപ്പമില്ല, ആരാധിക്കരുത്.” “കൊല്ലരുത്‌; = കൊല്ലാം, തിന്നാതിരുന്നാൽ മതി.” വ്യഭിചാരം ചെയ്യരുത്‌; = ചെയ്യാം കാശ് കൊടുക്കാതിരുന്നാൽ മതി.” “മോഷ്ടിക്കരുത്‌; = മോഷ്ടിക്കാം, അതിക്രമിച്ച് കടക്കാതിരുന്നാൽ മതി.” “കള്ളസാക്ഷി പറയരുത്‌; = കള്ളസാക്ഷി പറയാം, കൂറ് മാറാതിരുന്നാൽ മതി.” “അന്യന്‍റെ ഭാര്യയെ മോഹിക്കരുത്‌; = മോഹിക്കാം, മകളെ മോഹിക്കാതിരുന്നാൽ മതി.” “അന്യന്‍റെ വസ്തുക്കള്‍ മോഹിക്കരുത്‌; = മോഹിക്കാം, എല്ലാം അടിച്ചെടുക്കാതിരുന്നാൽ മതി. ഹവ്വാമ്മച്ചിയെ സർപ്പം വഞ്ചിക്കുമ്പോൾ, ദൈവകല്പനയിൽ സംശയം ജനിപ്പിച്ചു കൊണ്ടാണ് അമ്മച്ചിക്ക് പണികൊടുത്തത്: “തോട്ടത്തിലെ ഒരു വൃക്‌ഷത്തിൻ്റെയും ഫലം തിന്നരുതെന്നു ദൈവം കല്‍പിച്ചിട്ടുണ്ടോ?” മറ്റു പരിഭാഷകളിൽ ഈ വാക്യത്തിന് ചെറിയൊരു വ്യത്യാസമുണ്ട്. ‘Did God really say’ (NIV) ‘സത്യമായി’ (വി.ഗ്ര), ‘വാസ്ഥവമായി’ (സ.വേ.പു). വാസ്ഥവമായി കല്പിച്ചിട്ടുണ്ടോ? എന്ന് ചോദിച്ചപ്പോൾ അമ്മച്ചിയൊന്ന് പതറി. അമ്മച്ചീം കൊറഞ്ഞ പുള്ളിയൊന്നുമല്ല; ‘ഭക്‌ഷിക്കുകയോ തൊടുകപോലുമോ അരുതു’ എന്നങ്ങട് കാച്ചി. ദൈവം തൊടരുതെന്നൊന്നും പറഞ്ഞിട്ടില്ല; ‘ഭക്‌ഷിച്ചാല്‍ നിങ്ങള്‍ മരിക്കും’ എന്നാണ് കല്പന. എന്തായാലും മനുഷ്യവർഗ്ഗത്തിന് എട്ടിൻ്റെ പണി കിട്ടാൻ ഈ അമ്മച്ചിയും കാരണമായി. സർപ്പം ഉപായത്താലാണ് ഹവ്വായെ ചതിച്ചതെന്ന് പൗലോസ് രേഖപ്പെടുത്തിയിട്ടുണ്ട്: “എന്നാല്‍, സര്‍പ്പം ഹവ്വായെ തന്ത്രപൂര്‍വം ചതിച്ചതുപോലെ, നിങ്ങളുടെ ചിന്തകൾ ക്രിസ്‌തുവിലുള്ള ലാളിത്യത്തിലും വിശുദ്ധിയിലും നിന്നു വ്യതിചലിപ്പിക്കപ്പെടുമോ എന്നു ഞാൻ ഭയപ്പെടുന്നു.” (2കോറി, 11:3). പൗലോസേ, നിങ്ങൾ പറഞ്ഞത് ശരിയാണ്; ക്രിസ്തുവിൽനിന്ന് വിശ്വാസികൾ വ്യതിചലിക്കപ്പെടും, വെള്ളയുടുപ്പിട്ടവർ സർപ്പത്തിൻ്റെ കൗശലവുമായി ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. ദൈവത്തോടാണച്ചൻ മത്സരിക്കുന്നത്. ദൈവം കാണുന്നില്ല, കേൾക്കുന്നില്ല, എന്നെയൊന്നും ചെയ്യുന്നില്ല എന്നൊന്നും അഹങ്കരിക്കരുത്. എല്ലാറ്റിൻ്റേയും കണക്കെടുക്കാനുള്ള ന്യായവിധി ദിവസം കെണിപോല പെട്ടെന്നു കടന്നുവരും. അന്ന് കൈകാലിട്ടടിച്ചാൽ ഒരു ഒരു കത്തോലിക്കാ പാരമ്പര്യവും അച്ചൻ്റെ രക്ഷയ്ക്കെത്തില്ല. കർത്താവിൻ്റെ വചനം അഥവാ, സുവിശേഷപ്രകാരമാണ് ഓരോരുത്തനേയം ദൈവം ന്യായം വിധിക്കുന്നത്. അന്ന് വാക്കുകളും പ്രവൃത്തിയും മാത്രമല്ല, രഹസ്യങ്ങൾവരെ ന്യായം വിധിക്കപ്പെടും: ഞാൻ പ്രസംഗിക്കുന്ന സുവിശേഷമനുസരിച്ചു ദൈവം യേശുക്രിസ്‌തുവഴി മനുഷ്യരുടെ രഹസ്യങ്ങൾ വിധിക്കുന്ന ദിവസം ഇതും വെളിവാകും.” (റോമാ, 2:16).

ഇതിനോട് ചേർത്ത് ഇസ്രായേൽജനം അക്ഷരികമായി വിഗ്രഹത്തെ ആരാധിച്ചതിനെപ്പറ്റിയും അച്ചൻ പറയുന്നുണ്ട്. ഒന്നാമത്; മരൂഭൂയാത്രയിൽ കാളക്കുട്ടിയെ ഉണ്ടാക്കിയതിനെ കുറിച്ചാണ്. മോശ നാല്പത് ദിവസം സീനായി മലയിൽ ആയിരുന്നപ്പോൾ, മോശ വരുവാൻ താമസിക്കുന്നതുകണ്ടിട്ട്, ജനമെല്ലാം അഹറോനെ സമീപിച്ച്, മോശയ്ക്ക് എന്തു സംഭവിച്ചു എന്നറിയത്തില്ല, ഞങ്ങളെ നയിക്കാൻ വേഗം ദേവന്‍മാരെ ഉണ്ടാക്കിത്തരുക’ എന്നു പറഞ്ഞു. അഹറോൻ ഉടനെ അവരിലെ സ്ത്രീകളുടെ കയ്യിന്മേലും കഴുത്തേലുമൊക്കെ കിടന്ന ആഭരണംകൊണ്ട് ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി അവർക്കുകൊടുത്തു. അപ്പോൾ അവർ വിളിച്ചുപറഞ്ഞു: “ഇസ്രായേലേ, ഇതാ ഈജിപ്തിൽ നിന്നു നിന്നെ കൊണ്ടുവന്ന ദേവന്‍മാര്‍.” (പുറ, 32:1-4). ഇവിടെയും അച്ചനൊരബദ്ധം പറയുന്നുണ്ട്: അഹോറനല്ല ‘നിന്നെ കൊണ്ടുവന്ന ദേവന്മാർ’ എന്ന് പറയുന്നത്; ഇസ്രായേൽ ജനമാണ്. അടുത്തത്; ഇസ്രായേൽ രാജാവായ നെബാത്തിൻ്റെ പുത്രനായ ജറോബോവാം രണ്ട് കാളക്കുട്ടികളെ ഉണ്ടാക്കിയതാണ്: സോളമൻ്റെ മരണശേഷം ഐക്യ ഇസ്രായേലിനെ മകൻ റഹോബോവാമും, ദാസൻ ജറോബോവാമും ചേർന്ന് യൂദയാ, ഇസ്രായേൽ എന്നിങ്ങനെ വിഭജിച്ചെടുത്തു. റഹോബോവാം യൂദയ തലസ്ഥാനമാക്കി രണ്ടു ഗോത്രവും, ജറോബോവാം സമരിയാ തലസ്ഥാനമാക്കി പത്ത് ഗോത്രങ്ങളും ഭരിച്ചു. യൂദയായിലായിരുന്നു ജറുസലേം ദൈവാലയം. ജറോബോവാമിൻ്റെ പ്രജകൾ ഇസ്രായേലിൽനിന്ന് ജറുസലേമിലേക്ക് പോകാതിരികാനാണ് രാജാവ് രണ്ട് കാളക്കുട്ടികളെ പണിതത്: “അതിനാല്‍, രാജാവ്‌ ഒരുപായം കണ്ടുപിടിച്ചു. സ്വര്‍ണംകൊണ്ട്‌ രണ്ടു കാളക്കുട്ടികളെ നിര്‍മിച്ചിട്ട്‌ അവന്‍ ജനത്തോടു പറഞ്ഞു: നിങ്ങൾ ജറുസലെമിലേക്കു പോകേണ്ടാ, ഇസ്രായേൽ ജനമേ, ഇതാ, ഈജിപ്‌തില്‍നിന്നു നിങ്ങളെ മോചിപ്പിച്ച ദേവന്‍മാര്‍.” (1രാജാ, 12:28). അഹറോൻ കാളക്കുട്ടിയ ഉണ്ടാക്കിയപ്പോൾ, ദൈവം ഇസ്രായേൽ ജനത്തെ അപ്പോൾത്തന്നെ സംഹരിക്കാൻ തുനിഞ്ഞതാണ്. മോശ ഇടിവിൽനിന്ന് ദൈവത്തോട് ആപേക്ഷിച്ചതുകൊണ്ടാണ് ദൈവം ക്ഷമിച്ചത്. (പുറ, 32:9-13). എങ്കിലും, ഇസ്രായേൽ ജനത്തിൻ്റെ വിഗ്രഹാരാധനയെന്ന ഈ പാപവുംകൂടി ചേർത്താണ്, ഈജിപ്റ്റിൽ നിന്നു പുറപ്പെട്ട 20 വയസ്സിനു മേലുള്ള സകല പുരുഷന്മാരേയും ദൈവം മരുഭൂമിയിൽ കുഴിച്ചുമൂടിയത്. ജറോബോവാം കാളക്കുട്ടികളെ ഉണ്ടാക്കിയെങ്കിൽ, അതുതന്നെയാണ് അവനും അവൻ്റെ തലമുറയ്ക്കും ശാപമായി മാറിയത്. (1രാജാ, 13:1-5). അച്ചൻ ഇതൊക്കെ പറഞ്ഞന്തിനാണെന്ന് മനസ്സിലായില്ല. അതും ദൈവം പറഞ്ഞിട്ടാണെന്ന് വരുത്തിത്തീർക്കാനാണോ എന്നറിയില്ല. എന്തായാലും, അച്ചൻ്റെ നാവുകൊണ്ടത് പറഞ്ഞില്ല; ഭാഗ്യം. ഇസ്രായേൽ ജനത്തിൻ്റെ ചരിത്രം പരിശോധിച്ചാലറിയാം, വിഗ്രഹാരാധനമൂലം അവർക്ക് വന്നുഭവിച്ചതെല്ലാം. എപ്പോഴൊക്കെ അവർ ദൈവത്തോട് പറ്റിനിന്നുവോ, അപ്പോഴൊക്കെ ദൈവം അവരെ ഐശ്വര്യമായി അനുഗ്രിച്ചിട്ടുണ്ട്. എപ്പോഴൊക്കെ അവർ വിഗ്രഹാരാധനയിലേക്ക് തിരിഞ്ഞുവോ, ദൈവം അവരെ വിജാതീയർക്ക് ഏല്പിച്ചു കൊടുത്തിട്ടുണ്ട്. ദൈവത്തിൻ്റെ സ്വന്തജനമായ ഇസ്രായേലിനെപ്പോലെ വിഗ്രഹാരാധനമൂലം ബദ്ധന്മാരായിപ്പോയി വിജാതീയരുടെ പീഡയേറ്റിരിക്കുന്ന മറ്റൊരു ജനം ഭൂമുഖത്തില്ല. സകല ജ്ഞാനികളേയും അതിശയിപ്പിക്കുന്ന ജ്ഞാനവും, സകല രാജാക്കന്മാരിലും ശ്രേഷ്ഠനുമായ സോളമൻ്റെ പാപവും മറ്റൊന്നായിരുന്നില്ല. വിജാതീയ സ്ത്രീകൾ മൂലം, തനിക്ക് രണ്ടുപ്രാവശ്യം പ്രത്യക്ഷനായ കർത്താവിനെ വിട്ട് വിഗ്രഹാരാധനയിലേക്ക് തിരിഞ്ഞതുകൊണ്ടാണ്, ഹെബ്രായർ 11-ലെ വിശുദ്ധന്മാരുടെ പട്ടികയിൽ സോളമൻ്റെ പേരില്ലാതെ പോയത്. പഴയനിയമത്തിൽ ദൈവത്തിന് വ്യക്തിപരമായി ആരുമായും പിതൃപുത്ര ബന്ധമില്ലായിരുന്നു. എല്ലാവരും ദൈവത്തിൻ്റെ ദാസന്മാരായിരുന്നു. ദൈവത്തെ പിതാവെന്ന് വിളിച്ചിരിക്കുന്നത് സകല സൃഷ്ടികളുടേയും കർത്താവെന്ന അർത്ഥത്തിലാണ്. സോളമനെക്കുറിച്ച് അവൻ തൻ്റെ പുത്രനെന്ന് ദൈവം പറയുന്നുണ്ടെങ്കിലും, അത് ക്രിസ്തുവിലാണ് നിറവേറുന്നത്. എന്നാൽ, പുതിയനിയമത്തിൽ ക്രിസ്തുവിലൂടെ രക്ഷപ്രാപിക്കുന്ന ഓരോരുത്തരും ദൈവത്തിൻ്റെ പുത്രീപുത്രന്മാരാണ്. (യോഹ, 1:12; 1യോഹ, 3:1-2). ദാസന്മാർ വിഗ്രഹാരാധനയിലേക്ക് തിരിഞ്ഞപ്പോൾ ദൈവം അവരെ കഠിനമായി ശിക്ഷിച്ചുവെങ്കിൽ, മക്കളായ നാം വിഗ്രഹങ്ങളിലേക്ക് തിരിഞ്ഞാൽ കർത്താവ് കണ്ണടച്ചു കളയുമോ???…

5. കത്തോലിക്കാ സഭ തിരുസ്വരൂപങ്ങൾ ഉണ്ടാക്കുന്നതിൻ്റെ കാരണം അച്ചൻ പറയുന്നു: സഭയുടെ വിശ്വാസവും പാരമ്പര്യവും നിശ്ചയിച്ച ആദ്യത്തെ ഏഴ് സുന്നഹദോസുകളിൽ, ഏഴാമത്തെ സുന്നഹബോസിൽ വെച്ച് കർത്താവിൻ്റെ വിശുദ്ധന്മാരുടേയും ഓർമ്മ നിലനിർത്താമെന്ന് നിശ്ചയിക്കുകയുണ്ടായി. ഇത് സഭയുടെ വിശ്വാസത്തിൻ്റെ ഭാഗമാണ്. അതിനുള്ള കാരണം, യഹൂദന് വിഗ്രഹമുണ്ടാക്കാൻ അനുമതിലില്ല; അവർ ദൈവത്തെ കണ്ടിട്ടില്ല. ക്രൈസ്തവർ അങ്ങനെയല്ല; മനുഷ്യനായി അവതരിച്ച ദൈവപുത്രനെ അഥവാ, ദൈവത്തെ കണ്ടിട്ടുണ്ട്. ആ ദൈവത്തിൻ്റെ ഓർമ്മ നിലനിർത്താനാണ് രൂപങ്ങൾ ഉണ്ടാക്കുന്നത്. അതുപോലെ ആ ദൈവപുത്രനെ അനുഗമിച്ച വിശുദ്ധന്മാരുടെ ജീവിതത്തെ അനുസ്മരിപ്പിക്കാനാണ് വിശുദ്ധന്മാരുടെ രൂപങ്ങൾ ഉണ്ടാക്കുന്നത്.

മറുപടി: സുന്നഹദോസുകൾ കൂടുന്നത് നല്ല കാര്യങ്ങൾക്കാകണം അച്ചോ. സുന്നഹദോസുകൾ കൂടി ദൈവകല്പനകൾ മാറ്റിക്കളയാനും, ദുർബലപ്പെടുത്താനും സഭയ്ക്ക് ആരാണ് അധികാരം തന്നത്. വിഗ്രഹങ്ങളെക്കുറിച്ചും, വിഗ്രഹാരാധനയെക്കുറിച്ചും, വിഗ്രഹങ്ങൾക്ക് അർപ്പിച്ച നേർച്ച ഭക്ഷിക്കുന്നതിനെക്കുറിച്ചും പഴയനിയമത്തിൽ മാത്രമല്ല, പുതിയനിയമത്തിലും ശക്തമായ താക്കീതുകളുണ്ടച്ചോ: കോറിന്തോസിലെ വിശ്വാസികളുടെ പഴയ അവസ്ഥയെക്കുറിച്ച് പറയുമ്പോൾ, നിങ്ങൾ അപഥ സഞ്ചാരികൾ ആയിരുന്നു എന്നാണ് പറയുന്നത്; കാരണം അവർ വിഗ്രഹാരാധികൾ ആയിരുന്നു: “നിങ്ങള്‍ വിജാതീയരായിരുന്നപ്പോൾ സംസാരശേഷിയില്ലാത്ത വിഗ്രഹങ്ങളുടെ അടുത്തേക്ക്‌ അപഥ സഞ്ചാരം ചെയ്‌തിരുന്നത്‌ ഓര്‍ക്കുന്നുണ്ടല്ലോ.” (1കോറി, 12:2). ദൈവത്തെ അറിയാത്ത വിജാതീയരുടെ മ്ലേച്ഛപ്രവൃത്തികളിൽ പെട്ടതാണ് വിഗ്രഹാരാധനയെന്ന് പത്രോസ് പറയുന്നു: “വിജാതീയര്‍ ചെയ്യാൻ ഇഷ്‌ടപ്പെടുന്നതുപോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്സവത്തിലും നിഷിദ്ധമായ വിഗ്രഹാരാധനയിലും മുഴുകി നിങ്ങള്‍ മുമ്പു വളരെക്കാലം ചെലവഴിച്ചു.” (1പത്രോ, 4:3). ദൈവരാജ്യം അവകാശമാക്കാത്തവരുടെ കൂട്ടത്തിലാണ് പൗലോസ് വിഗ്രഹാരാധികളെ ഉൾപ്പെടുത്തിയിരിക്കുന്നത്: “അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾ വഞ്ചിതരാകരുത്‌. അസന്‍മാര്‍ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗ്ഗഭോഗികളുംകള്ളന്‍മാരും അത്യാഗ്രഹികളും മദ്യപന്‍മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല.” (1കോറി, 6:9-10). പരിശുദ്ധാത്മാവിൻ്റെ സംസർഗ്ഗമില്ലാത്ത വെറും ജഡത്തിൻ്റെ പ്രവർത്തികളായും വിഗ്രഹാരധനയെ പറഞ്ഞിട്ടുണ്ട്: “ജഡത്തിൻ്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി,വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത,” (ഗലാ, 5:19-20). ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും രാജ്യം അവകാശമാക്കാത്ത വ്യഭിചാരിയേയും അശുദ്ധനേയും പോലെതന്നെയാണ് വിഗ്രഹാരാധിയും: “വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും – വിഗ്രഹാരാധകനും – ദൈവത്തിൻ്റെയും ക്രിസ്‌തുവിൻ്റെയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ.” (എഫേ, 5:5). ‘വിഗ്രഹാരാധകർ ആകരുതെന്നും” (1കോറി, 10:7), ”വിഗ്രഹങ്ങളില്‍ നിന്ന്‌ അകന്നിരിക്കുവിനും” (1യോഹ, 5:21), ”വിഗ്രഹാരാധികളോടു സമ്പർക്കർക്കം അരുതെന്നും” (1കോറി, 5:9-10), ”വിഗ്രഹാരാധനയില്‍ നിന്ന്‌ ഓടിയകലുവിനെന്നും” (1കോറി, 10:14) പൗലോസ് പറയുന്നു. ”വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്‌തുക്കളിൽ (നേർച്ചകൾ) നിന്നും അകന്നിരിക്കുവിൻ” (പ്രവ, 15:28) എന്ന് യാക്കോബ് പറയുന്നു. “കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍ നിന്ന്‌ അകന്നിരിക്കുവിൻ” (1യോഹ, 5:21) എന്ന് യോഹന്നാൻ കണ്ണുനീരോടുകൂടി പറയുന്നു. പെര്‍ഗാമോസിലെയും, തിയത്തീറായിലെയും സഭകളെക്കുറിച്ച് കർത്താവ് പറഞ്ഞ കുറ്റും വിഗ്രഹാരാധനയും, വിഗ്രഹങ്ങൾക്കർപ്പിച്ച നേർച്ച ഭക്ഷിച്ചതുമായിരുന്നു. (വെളി, 2:14; 2:20). ക്രിസ്തുവിനെ വ്യക്തിപരമായി കൈക്കൊള്ളുന്ന ഓരോരുത്തരും ദൈവമക്കളും, ദൈവം വസിക്കുന്ന ആലയവുമാണ്. തന്മൂലം, ദൈവത്തിൻ്റെ ആലയമായ നമുക്ക് വിഗ്രഹങ്ങളുമായി സംബന്ധമുണ്ടാകാൻ പാടില്ല: “ദൈവത്തിൻ്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്‌? നമ്മൾ ജീവിക്കുന്ന ദൈവത്തിൻ്റെ ആലയമാണ്‌. എന്തെന്നാൽ, ദൈവം അരുളിച്ചെയ്‌തിരിക്കുന്നു: ഞാൻ അവരിൽ വസിക്കുകയും അവരുടെ ഇടയിൽ വ്യാപരിക്കുകയും ചെയ്യും; ഞാൻ അവരുടെ ദൈവമായിരിക്കും; അവര്‍ എൻ്റെ ജനവുമായിരിക്കും.” (2കോറി, 6:16). ഈ ദൈവവചനത്തിനു വിപരീതമായൊരു ഉപദേശം ആരു പറഞ്ഞാലും അവർ ശപിക്കപ്പെട്ടവരാണ് പൗലോസ് ആവർത്തിച്ചു പറയുന്നു: “ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങൾ തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവൻ ശപിക്കപ്പെട്ടവനാകട്ടെ!” (ഗലാ, 1:8; 1:9). ഞങ്ങൾ നേരത്തേ നിങ്ങളോടു പറഞ്ഞപ്രകാരം തന്നെ ഇപ്പോഴും ഞാൻ പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന്‌ ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ!” (ഗലാ, 1:9). ദൈവത്തിൽനിന്ന് തനിക്കൊരുപാട് വെളിപാടുകൾ ലഭിച്ചവനാണ്. ഇനി, താൻതന്നെ വെളിപാടുകളുടെ ആധിക്യത്താൽ നിഗളിച്ചുപോയിട്ട്, പിന്നെയെപ്പോഴെങ്കിലും ചെന്ന് ‘ഇതുകൂടി നിങ്ങൾ അനുസരിക്കണം’ എന്ന് സഭകളോട് പറഞ്ഞാൽ, താൻതന്നെ ശപിക്കപ്പെട്ടവനായിരിക്കും, തന്മൂലം, നിങ്ങൾ വിശ്വസിക്കരുതെന്നാണ് പൗലോസ് പറയുന്നത്. യൂദാ പറയുന്നത്: “വിശുദ്ധര്‍ക്ക്‌ എന്നന്നേക്കുമായി ഏല്‍പിച്ചു കൊടുത്തിരിക്കുന്ന വിശ്വാസം” (യൂദാ, 3) എന്നാണ്. യൂദായുടെ വാക്കുകൾ കൂടി ചേർത്താൽ, ഒരിക്കലായി അഥവാ, എന്നേക്കുമായി ഏല്‍പിച്ചുതന്നിരിക്കുന്ന വിശ്വാസത്തെ അഥവാ, ദൈവവചനത്തെ സുന്നഹദോസിന് മാറ്റാനെങ്ങനെ കഴിയും???… ഇതിനെ മാറ്റികളയുന്ന ദൈവദൂതൻവരെ ശപിക്കപ്പെട്ടവനാണ്. ഒന്നുകൂടി പറഞ്ഞാൽ, ദൈവത്തിനുപോലും തൻ്റെ വചനങ്ങളെ ഇനി മാറ്റാൻ കഴിയില്ല. കാരണം, തെറ്റുപറ്റിയിട്ട് അനുതപിക്കാൻ അവൻ മനുഷ്യനല്ല.

അടുത്തത് നോക്ക്: അച്ചൻ്റെ വഞ്ചന വീണ്ടും വീണ്ടും വെളിപ്പെടുകയാണ്: ആദ്യമച്ചൻ പറഞ്ഞത്; കത്തോലിക്കാ സഭയിലുള്ളത് വിഗ്രഹങ്ങളല്ല, തിരുസ്വരൂപങ്ങളാണെന്ന്. അതിനുശേഷം പറഞ്ഞു; ദൈവം പറഞ്ഞത് വിഗ്രഹങ്ങൾ ഉണ്ടാക്കരുതെന്നല്ല, ആരാധിക്കരുതെന്നാണ്. ഇപ്പോൾ പറയുന്നു; യെഹൂദനു വിഗ്രഹമുണ്ടാക്കാൻ അനുമതിയില്ല. ഇതിലേതാണ് ശരി. അല്ലെങ്കിൽ, ആർക്കാണ് ഭ്രാന്ത്, പറയുന്ന അച്ചനോ, കേൾക്കുന്ന ഞങ്ങൾക്കോ? അച്ചോ, പഴയനിയമം ദൈവം യഹൂദന് മാത്രം കൊടുത്തതാണ്; അവൻ്റെ മതഗ്രന്ഥമാണ് ക്രൈസ്തവർ ബൈബിളിനോട് ചേർത്തിരിക്കുന്നത്. അവന് വിഗ്രഹമുണ്ടാക്കാൻ അനുമതിയില്ലെങ്കിൽ പിന്നെ ആർക്കുമനുമതിയില്ലച്ചോ.

ഇനിയുള്ളത്; യഹൂദൻ ദൈവത്തെ കണ്ടിട്ടില്ലെന്നാണ് അച്ചൻ പറയുന്നത്. പഴയനിയമ പുസ്തകങ്ങളിൽ കർത്താവ് വെളിപ്പെട്ടതായി ഒരിടത്തും അച്ചൻ വായിച്ചിട്ടില്ലേ???… ഹെനോക്ക്, നോഹ, അബ്രാഹം, ഹാഗാർ, യാക്കോബ്, മോശെ, ജോഷ്വ, ഗിദയോൻ, മനോവ, ദാവീദ്, സോളമൻ, ഏശയ്യാ, എസെക്കിയേൽ, ദാനിയേൽ തടങ്ങി സകല പ്രാചകന്മാർക്കും, ദൂതൻ, മനുഷ്യൻ, തീ, തേജസ്സ്, ശബ്ദം തുടങ്ങിയ പല മാധ്യമങ്ങളിലൂടെയും ദൈവം പ്രത്യക്ഷനായിട്ടുണ്ട്. ദൂതൻ്റെ രൂപത്തിൽ പഴയനിയമത്തിലുടനീളം ദൈവത്തെ കാണാം. അബ്രാഹമിൻ്റെ അടുത്തു വന്ന മൂന്നു പുരുഷന്മാരിൽ ഒരാൾ കർത്താവായിരുന്നു. വെറുതെ വന്നു പോകുകയായിരുന്നില്ല: അപ്പവും, മൂരിയിറച്ചിയും, പാലും, വെണ്ണയും ഒക്കെയായി സുന്ദരമായിട്ട് ഭക്ഷണം കഴിച്ച്, അബ്രാഹമിനെ അനുഗ്രഹിച്ചിട്ടാണ് കർത്താവ് പോയത്. (ഉല്പ, 18:1-33). മരുഭൂയാത്രയിൽ മോശയും പത്തുനാല്പത് ലക്ഷം ജനങ്ങളും ദൈവത്തെ തേജസ്സായിട്ടും, അഗ്നിസ്തംഭമായിട്ടും, മേഘസ്തംഭമായിട്ടും അനവധി പ്രാവശ്യം കണ്ടിട്ടുണ്ട്. എന്നാൽ, ദൈവത്തിൻ്റെ യഥാർത്ഥരൂപം ആരും കണ്ടിട്ടില്ല; ആർക്കും കാണാൻ കഴിയുകയുമില്ല. കാരണം, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്നവനാണ് ദൈവം. പ്രപഞ്ചത്തെ വലിയോരു ഫുട്ട്ബോൾ കോർട്ടിനോട് ഉപമിച്ചാൽ, അതിനകത്ത് നാം അധിവസിക്കുന്ന ഭൂമിക്കുതന്നെ ഒരു മൺതരിയുടെ വലിപ്പമേ ഉണ്ടാകൂ. പിന്നെ, അതിനള്ളിൽ കഴിയുന്ന മനുഷ്യന് എങ്ങനെ ദൈവത്തെ കാണാൻ കഴിയും???… ഇനി, ആ ദൈവത്തെ മനുഷ്യർക്ക് കാണണമെങ്കിൽ, ദൈവംതന്നെ മനുഷ്യർക്ക് ഗോചരമായ വിധത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തണം. അതാണ് പഴയനിയമത്തിലും പുതിയനിയമത്തിലുമുള്ള ദൈവത്തിൻ്റെ പ്രത്യക്ഷത. യഹൂദൻ ദൈവത്തെ കണ്ടിട്ടില്ലെങ്കിൽ, ക്രൈസ്തവരും ദൈവത്തെ കണ്ടിട്ടില്ലച്ചോ. എന്നാൽ, യോഹന്നാൻ പറയുന്നു: “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ്‌ അവിടുത്തെ വെളിപ്പെടുത്തിയത്‌.” (യോഹ, 1:18). ഈ ദൈവവും പ്രപഞ്ചം മുഴുവനും നിഞ്ഞുനില്ക്കുന്ന ദൈവവും ഒന്നുതന്നെയാണ്. എങ്കിലും, ഈ ദൈവത്തിൻ്റെ യഥാർത്ഥരുപം കന്യകമറിയത്തിലൂടെ ജനിച്ച മനുഷ്യസ്വരൂപമല്ല. ആയിരുന്നെങ്കിൽ, അപ്പസ്തോലന്മാർ തന്നെ യേശുവിൻ്റെ രൂപമുണ്ടാക്കി തലമുറകൾക്ക് കൈമാറുമായിരുന്നു. പിന്നെ, ‘ദൈവത്തിൻ്റെ ഏകജാതൻ അവിടുത്തെ വെളിപ്പെടുത്തി’ എന്ന് യോഹന്നാൻ പറയുന്നത്; രൂപത്തെക്കുറിച്ചല്ല, സ്നേഹത്തെക്കുറിച്ചാണ്. പഴയനിയമത്തിൽ പല പ്രവാചകന്മാർവഴി പല ഘട്ടങ്ങളിലായാണ് ദൈവം യഹൂദനോട് സംസാരിച്ചത്. അന്ത്യകാലത്ത് പുത്രൻ വഴിയുള്ളത് സമ്പൂർണ്ണ വെളിപ്പാടായിരുന്നു. “പൂര്‍വകാലങ്ങളിൽ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്‌. എന്നാൽ, ഈ അവസാന നാളുകളില്‍ തൻ്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു.” (ഹെബ്രാ, 1:1-2). പഴയനിയമത്തിലെ പ്രവാചകന്മാർ യഹൂദന് മാത്രമാണ് രക്ഷ പ്രസംഗിച്ചിരുന്നത്. യേശു പറഞ്ഞു: “ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്‌. അവയെയും ഞാൻ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്‍െറ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.” (യോഹ, 10:16). ദൈവത്തിൻ്റെ സ്നേഹം ക്രിസ്തുവിലൂടെ വെളിപ്പെട്ടപ്പോൾ, ലോകത്തിനു മുഴുവൻ യേശുവിലൂടെ രക്ഷ ഒരുങ്ങി. ദൈവത്തിൻ്റെ രൂപം കാണിച്ചു തരാനല്ല ദൈവപുത്രൻ വെളിപ്പെട്ടത്; തൻ്റെ പാപപരിഹാര ബലിയിലൂടെ യഹൂദനേയും വിജാതീയരേയും ഒന്നാക്കാനാണ്: “ക്രിസ്‌തുവില്‍ വ്യക്‌തമാക്കിയ തൻ്റെ അഭീഷ്‌ടമനുസരിച്ച്‌ അവിടുന്ന്‌ തൻ്റെ പദ്‌ധതിയുടെ രഹസ്യം നമുക്കു മനസ്സിലാക്കിത്തന്നു. ഇത്‌ കാലത്തിൻ്റെ പൂര്‍ണതയില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്‌തുവില്‍ ഒന്നിപ്പിക്കുന്നതിനു വേണ്ടിയത്ര.” (എഫേ, 1:9-10). “ഇപ്പോള്‍ അവിടുത്തെ വിശുദ്ധരായ അപ്പസ്തോലന്മാര്‍ക്കും പ്രവാചകര്‍ക്കും പരിശുദ്ധാത്മാവിനാല്‍ വെളിവാക്കപ്പെട്ടതുപോലെ, മറ്റു തലമുറകളിലെ മനുഷ്യര്‍ക്ക്‌ ഇതു വെളിവാക്കപ്പെട്ടിരുന്നില്ല. ഈ വെളിപാടനുസരിച്ച്‌ വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിൻ്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്‌തുവിൽ വാഗ്‌ദാനത്തിൻ്റെ ഭാഗഭാക്കുകളുമാണ്‌.” (എഫേ, 3:5-6). പഴയനിയമതിൽ വെളിപ്പെട്ട തീക്ഷ്ണതയുള്ള ദൈവത്തെയും, ക്രിസ്തുവിലൂടെ വെളിപ്പെട്ട സ്നേഹനിധിയായ ദൈവത്തെയും ഹെബ്രായ ലേഖകൻ വരച്ചുകാട്ടിയിട്ടുണ്ട്. അതും കാണുക: (ഹെബ്രാ, 12:18-21=22-24).

ദൈവപുത്രനെ കണ്ടതുകൊണ്ടാണ് രൂപങ്ങളുണ്ടാക്കുന്നതെന്ന് പറയുന്നത് കേട്ടാൽ തോന്നും, ദൈവപുത്രൻ്റെ മാത്രം രൂപമാണ് ഉണ്ടാക്കുന്നതെന്ന്. ഇനി, ദൈവപുത്രൻ്റെ മാത്രം രൂപമാണെങ്കിലും ഉണ്ടാക്കാൻ അനുവാദമില്ലച്ചോ. “ആകാശത്തിലോ ഭൂമിയിലോ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌” എന്ന് കല്പിച്ചവന് അറിയില്ലായിരുന്നോ, താനൊരുനാൾ മനുഷ്യപുത്രനായ് ഭൂമിയിൽ ജീവിക്കേണ്ടതാണെന്ന്. ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാത്ത കാര്യങ്ങൾ പറയരുതച്ചോ. ദൈവത്തിൻ്റെ സ്ഥായിയായരൂപം പഴയനിയമത്തിലും പുതിയനിയമത്തിലും ആരും കണ്ടിട്ടില്ലെന്ന് മുകളിൽ പറഞ്ഞതാണ്. പുതിയനിയമത്തിൽ ദൈവത്തെ കണ്ടതുകൊണ്ടാണ് രൂപങ്ങളുണ്ടാക്കുന്നതെന്ന് പറയുന്നത് അച്ചൻ്റെ അഹങ്കാരമാണ്. അച്ചൻ പാരമ്പര്യങ്ങളൊക്കെ തോട്ടിൽ കൊണ്ടുപോയി കളഞ്ഞിട്ട് ബൈബിൾ വായിക്കണം. അപ്പോൾ, മഹത്വധാരിയായ ദൈവത്തെ രൂപങ്ങളില്ലാതെ ദർശിക്കാൻ കഴിയും. അനുബന്ധമായിട്ട് ഒന്നുകൂടി പറയാം: പുതിയനിയമത്തിൽ യേശുവിനെ മഹത്വധാരിയായി കണ്ടൊരുവനുണ്ട്, പാത്മോസിൽവെച്ച് യോഹന്നാൻ അപ്പസ്തോലൻ. കണ്ടയുടനെ മരിച്ചവനെപ്പോലെ തൻ്റെ കാല്ക്കൽ വീഴുകയും ചെയ്തു. ആ ദൈവത്തിൻ്റെ രൂപം വെളിപാടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. (വെളി, 1:12-17). യേശുവിൻ്റെ ഐഹിക ജീവകാലത്ത് തൻ്റെ മാറിൽ ചാരിക്കിടക്കാൻ പോലും അനുവാദമുണ്ടായിരുന്ന പ്രിയ ശിഷ്യനാണ് യോഹന്നാൻ. ആ ശിഷ്യൻവരെ തൻ്റെ ഗുരുവിനെ തേജസ്സോടെ കണ്ടപ്പോൾ, ആ ദൈവപ്രഭാവത്തിൻ്റെ ആധിക്യം കാരണം, മുഖത്ത് നോക്കാൾ കഴിയാതെ ഉരുണ്ടടിച്ച് താഴെവീണുപോയി. പുതിയനിയമത്തിൽ ജഡധാരിയായ യേശുവിൻ്റെ രൂപം ഇങ്ങനെയായിരുന്നു എന്നാരും എഴുതിവെച്ചിട്ടില്ല. എന്നാൽ, പാത്മോസിൽവെച്ച് യോഹന്നാൻ കണ്ട തേജസ്സേറിയ കർത്താവിൻ്റെ രൂപഭാവവർണ്ണനകൾ കൃത്യമായിട്ട് അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ടാക്കച്ചോ, രൂപമുണ്ടാക്കാൻ ധൈര്യമുണ്ടെങ്കിൽ പാത്മോസിലെ യേശുവിൻ്റെ രൂപമുണ്ടാക്കച്ചോ. അല്ലാതെ, തേജസ്സേറിയ നക്ഷത്രങ്ങളേക്കാൾ പ്രഭയുള്ളവനും, ആയിരങ്ങളിൽ പതിനായിരങ്ങളിൽ സുന്ദരനെന്ന് ഭക്തർ വാഴ്ത്തുകയും ചെയ്യുന്ന കർത്താവിൻ്റെ വികൃതരൂപങ്ങൾ ഉണ്ടാക്കിവെച്ച്, ദൈവത്തെ പരിഹസിക്കുകയും, മനുഷ്യരെ പേടിപ്പിക്കുകയും ചെയ്യരുതച്ചോ.

ഇനി, ദൈവപുത്രനെ അനുഗമിച്ച വിശുദ്ധന്മാരുടെ ജീവിതത്തെ അനുസ്മരിപ്പിക്കാൻ ഉണ്ടാക്കുന്ന വിശുദ്ധന്മാരുടെ രൂപങ്ങളെക്കുറിച്ച്. ആരാണ് വിശുദ്ധന്മാർ? ബൈബിൾ പറയുന്ന വിശുദ്ധന്മാർ, യേശുവിനെ കർത്താവും രക്ഷിതാവുമായി ഹൃദയത്തിൽ സ്വീകരിച്ച് ദൈവവചനപ്രകാരം വിശുദ്ധജീവിതം നയിക്കുന്നവരാണ്. അങ്ങനെയുള്ള വിശുദ്ധന്മാർ ജീവിച്ചിരുന്നാലും മരിച്ചാലും, വിശുദ്ധന്മാർ തന്നെയാണ്; അതിനു തർക്കമൊന്നുമില്ല. എന്നാൽ, ഇവരുടെ പ്രതിമകൾ ഉണ്ടാക്കിവെച്ച് പ്രാർത്ഥിച്ചാൽ വിശ്വാസികൾ വിശുദ്ധരാകുമോ അതോ, അശുദ്ധരാകുമോ? ഇനി, ഇവരുടെ വിശുദ്ധജീവിതം പഠിച്ചാൽ വിശ്വാസികൾ വിശുദ്ധരാക്കുമോ? അതുപോട്ടെ, ഇവരെയൊക്കെ വിശുദ്ധരായി പ്രഖ്യാപിക്കാൻ, ഇവർ മൂന്ന് അത്ഭുതപ്രവൃത്തികൾ ചെയ്യണമെന്നുണ്ടല്ലോ. അതെങ്ങനെ സാധിക്കും? രണ്ടുപേർക്കാണ് അത്ഭുതം ചെയ്യാൻ കഴിവുള്ളത്; ദൈവത്തിനും, സാത്താനും. ജീവിച്ചിരുന്ന് അനേകർ ദൈവത്തിൻ്റെ നാമത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചതായിട്ട് ബൈബിളിലുണ്ട്. മരിച്ചവരാരും ഒരുണ്ടയും പ്രവർത്തിച്ചിട്ടില്ല. ഇനി, സത്താൻ്റെ ശക്തിയാൽ കഴിയുമായിരിക്കും. പിന്നെ, മരിച്ചുപോയ വിശുദ്ധന്മാരെങ്ങനെ അത്ഭുതപ്രവൃത്തി ചെയ്യും? ഇനി, ഇവർ ദൈവത്തോട് പറഞ്ഞിട്ട് ദൈവം അത്ഭുതം പ്രവർത്തിക്കുന്നതാണെന്ന് പറയുമായിരിക്കും. ഏശയ്യാ പറയുന്നു: മൃതന് ദൈവത്തെ കാണാൻ കഴിയില്ലെന്നും (38:11), ദാവീദ് പറയുന്നു: മൃതന് ദൈവത്തെ സ്തുതിക്കാൻ കഴിയില്ലെന്നും (സങ്കീ, 6:5), പിന്നെങ്ങനെ ഇവരോട് പ്രാർത്ഥിച്ചാൽ ഇവർ കേൾക്കയും, ഇവർക്ക് ദൈവത്തോട് അപേക്ഷിക്കാനും കഴിയുന്നത്. അതും പോട്ടെ, മരിച്ചുപ്പോയവരെ വിശുദ്ധരായി പ്രഖ്യാപിക്കാനുള്ള അധികാരം പോപ്പിനാരാ കൊടുത്തത്? യേശുക്രിസ്തുവിലും അവൻ്റെ ക്രൂശുമരണത്തിലും വിശ്വസിക്കുന്നവരെ ദൈവമാണ് വിശുദ്ധൻ വിശുദ്ധ എന്ന് പ്രഖ്യാപിക്കേണ്ടത്. ഈ അവകാശം ദൈവം പോപ്പിനെപ്പോൾ കൈമാറി? ദൈവത്തെയല്ലാതെ, ഭൂമിയിൽ ആരെയും പിതാവെന്ന് വിളിക്കരുതയന്ന് യേശു പറഞ്ഞിരിക്കേ, പോപ്പിനെ പരിശുദ്ധ പിതാവെന്നു വിളിക്കുന്ന നിങ്ങളോടിത് ചോദിച്ചിട്ടെന്താ കാര്യം. അതെല്ലാം മറന്നേക്ക്; വിശ്വാസികൾ മരിച്ചുപോയ വിശുദ്ധന്മാരുടെ ജീവിതം അനുസ്മരിച്ച് അവരെപ്പോലെ വിശുദ്ധരാകാനാണ് വിശുദ്ധന്മാരുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണല്ലോ അച്ചൻ പറഞ്ഞത്. ജീവിതം അനുസ്മരിക്കാനും വിശുദ്ധജീവിതത്തിനു മാതൃകയാക്കാനും അങ്ങനെയൊരു വിശുദ്ധനെ ബൈബിളിൽ തന്നിട്ടില്ലെങ്കിലല്ലേ; മരിച്ചുപോയ വിശുദ്ധന്മാരുടെ ശവം കുഴിതോണ്ടിയെടുത്ത് പ്രതിഷ്ഠിക്കേണ്ടതുള്ളൂ. അങ്ങനെയൊരു വിശുദ്ധൻ ഉണ്ടച്ചോ; മൂക്കിൽ ശ്വാസമുള്ള ഏതൊരുവൻ്റേയും വർണ്ണനകൾക്ക് അതീതനായവൻ. നിർമ്മലൻ, നിർദ്ദോഷി,നിഷ്ക്കളങ്കൻ, പാപികളോട് വേർപെട്ടവൻ, സ്വർഗ്ഗത്തേക്കാൾ ഉന്നതൻ കർത്താവായ യേശുക്രിസ്തു. ഈ വിശുദ്ധൻ്റെ മാതൃക പിൻതുടരാനാണ് നമ്മളെ വിളിച്ചിരിക്കുന്നത്. ഇത് ഒന്നാമത്തെ പോപ്പെന്ന് കത്തോലിക്കാ സഭ അവകാശപ്പെടുന്ന പത്രോസ് ശ്ലീഹായാണ് എഴുതിവെച്ചിരിക്കുന്നത്: “ഇതിനായിട്ടാണു നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്‌. എന്തെന്നാല്‍, ക്രിസ്‌തു നിങ്ങള്‍ക്കുവേണ്ടി സഹിക്കുകയും നിങ്ങൾ അനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃക നല്‍കുകയും ചെയ്‌തിരിക്കുന്നു.”(1പത്രോ, 2:21). നാല് സുവിശേഷങ്ങളിവായി ഈ വിശുദ്ധൻ്റെ ജീവിതം ഏഴുതിവെച്ചിട്ടുണ്ട്. ഈ വിശുദ്ധൻ തികയാതെ വന്നാലല്ലേ അച്ചോ മറ്റൊരു വിശുദ്ധനെ എഴുന്നൊള്ളിക്കേണ്ടൂ???… അച്ചനോട് പേഴ്സണലായിട്ട് ഒരു സംശയം ചോദിച്ചോട്ടെ; ഒരു സ്വരൂപവും ഉണ്ടാക്കരുതെന്ന് ദൈവം രണ്ടാം പ്രമാണത്തിലൂടെ കല്പിക്കുമ്പോൾ, തിരുസ്വരൂപങ്ങൾ ഉണ്ടാക്കാമെന്ന് പറയുന്ന അച്ചൻ, ‘വിശ്വാസികളെ നരകത്തിൽ എത്തിക്കാം’ എന്നുപറഞ്ഞ് സര്‍വലോകത്തെയും വഞ്ചിക്കുന്ന ‘സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതന സര്‍പ്പവുമായി’ വല്ല ഉടമ്പടിയും ചെയ്തിട്ടുണ്ടോ?????….. മറുപടി പറയണ്ട; സ്വയം കണ്ടെത്തിയാൽ മതി.

6. അനുബന്ധം: കഴിഞ്ഞ നൂറ്റാണ്ടുവരെ ബൈബിളില്ലായിരുന്നു. വിശുദ്ധന്മാരുടെ രൂപങ്ങളും ചിത്രങ്ങളുമാണ് രക്ഷാകരചരിത്രത്തെക്കുറിച്ചും, ക്രിസ്തുസംഭവത്തെക്കുറിച്ചും, വിശുദ്ധന്മാരുടെ ജീവിതത്തെക്കുറിച്ചും പഠിപ്പിച്ചത്.

മറുപടി: കഴിഞ്ഞ നൂറ്റാണ്ടുവരെ ബൈബിളില്ലായിരുന്നു എന്നുപറഞ്ഞ അച്ചൻ്റെ ചരിത്രത്തിലുള്ള ജ്ഞാനം അപാരംതന്നെ. ഒന്നാം നൂറ്റാണ്ടുമുതൽ ബൈബിളുണ്ടച്ചോ. ബൈബിൾ എന്നുമുതലുണ്ടായിരുന്നു എന്ന് മുകളിൽ പറഞ്ഞതാണ്. മോശയുടെ കാലംമുതൽ ബൈബിളുണ്ട്. ഒന്നാം നൂറ്റാണ്ടിൽത്തന്നെ പഴയനിയമവും മൂന്നാം നൂറ്റാണ്ടിൽ പുതിയനിയമവും ക്രോഡീകരിച്ചു. പിന്നിങ്ങോട്ട് ബൈബിളിൻ്റെ പ്രചാരം നിലച്ചുപോയെങ്കിൽ അതിനും കാരണം കത്തോലിക്കാ സഭതന്നെയാണ്. ബൈബിൾ പരിഭാഷ ചെയ്യാൻ ശ്രമിച്ചവരെയൊക്കെ കൊന്നുതള്ളുകയും, തീയിലിട്ടു ചുട്ടുതിന്നുകയുമായിരുന്നല്ലോ കത്തോലിക്കാ സഭ ചെയ്ത്. എ.ഡി. 1380-ൽ ആദ്യത്തെ ഇംഗ്ലീഷ് ബൈബിളുണ്ടായി. എന്നിട്ടും ആ ബൈബിൾ കേരളത്തിലെത്താൻ അഞ്ചു നൂറ്റാണ്ടുകൂടി കാത്തിരിക്കേണ്ടി വന്നതും കത്തോലിക്കാ സഭ കാരണമാണ്. സഭയുടെ ജീർണതയും ദുർഗന്ധവും സാമാന്യജനങ്ങൾ അറിഞ്ഞാൽ, സഭയുടെ നിലനില്പ്തന്നെ അവതാളത്തിലാകുമെന്ന് ഭയന്നതുകൊണ്ടാണത്. കത്തോലിക്കാ സഭ എന്നും ബൈബിളിനെതിരായത് ബൈബിളിന് സമാന്തരമായിട്ട് മറ്റൊരു വിശ്വാസവും പാരമ്പര്യവുമാണ് സഭ ഇന്നയോളം മുറുകെപ്പിടിച്ചിട്ടുള്ളത്. വിഗ്രഹാരാധനയെ ഏറ്റം വെറുക്കുകയും, വിഗ്രഹാരാധനയ്ക്കെതിരെ നിശിതമായി ഭത്സിക്കുകയും ചെയ്തിട്ടുള്ള കർത്താവ് തന്നെ വിഗ്രഹങ്ങളെ ഉണ്ടാക്കുവാൻ കല്പിച്ചവെന്നു പറഞ്ഞ അച്ചൻതന്നെ അതിനുദാഹരണമാണ്.

വിശുദ്ധന്മാരുടെ രുപംകൊണ്ട് എന്ത് രക്ഷാകരചരിത്രമാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. രക്ഷാകര ചരിത്രമെന്നാൽ, ക്രിസ്തുവിൻ്റെ ക്രൂശുമരണമാണ്. രക്ഷാകരചരിത്രം പഠിക്കാൻ ബൈബിൾ തന്നെ വായിക്കണം. ലോകത്തിൽ അനേകം ഭക്തന്മാർ കർത്താവിനുവേണ്ടി രക്തസാക്ഷികളായിട്ടുണ്ട്. അവരിൽ പലരും ക്രൂശിൽ മരിച്ചിട്ടുമുണ്ട്. ക്രൂശിൽ മരിച്ചവരെല്ലാം രക്ഷകരല്ല. രക്തസാക്ഷികളുടെ മരണംകൊണ്ട് ആർക്കെങ്കിലും പ്രയോജനമുണ്ടെങ്കിൽ അതവർക്ക് മാത്രമാണ്. സ്വർഗ്ഗത്തിൽ വലിയൊരു പ്രതിഫലം അവരെ കാത്തിരിപ്പുണ്ട്. ദൈവകല്പന ലംഘിച്ചുകൊണ്ട്, മരിച്ചുപോയവരുടെ പ്രതിമകൾ വെച്ച് അവരോടപേക്ഷിക്കുകയും, അവർക്കുവേണ്ടി അപേക്ഷിക്കുകയും, അവരെ നമസ്കരിക്കുകയും ചെയ്താൽ ഒരുത്തനും സ്വർഗ്ഗത്തിൻ്റെ പടിവാതിൽ കാണില്ല. നരകത്തിലോട്ട് കെട്ടിയെടുക്കത്തേയുള്ളൂ. ലക്ഷക്കണക്കിനല്ല, കോടികണക്കിന് വിശുദ്ധന്മാർ ക്രിസ്തുവിൽ മരിച്ചിട്ടുണ്ട്. അവരെല്ലാം കർത്താവിൻ്റെ കാഹളനാദം കേട്ട്, ഉയിർത്തെഴുന്നേല്ക്കാൻ പറുദീസയിൽ വിശ്രമിക്കുകയാണ്. ജീവിച്ചിക്കുന്നവരായ നാം മരിച്ചുപോയ വിശുദ്ധന്മാർക്കൊപ്പം കർത്താവിൻ്റെ വരവിൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടണമെങ്കിൽ, പുറത്തും അകത്തുമുള്ള എല്ലാവിഗ്രഹങ്ങളേയും നീക്കിക്കളഞ്ഞ് യേശുക്രിസ്തുവിൽ മാത്രം ആശ്രയിക്കണമെന്ന് ബൈബിൾ പഠിപ്പിക്കുന്നു. എന്നേക്കും ജീവിച്ചിരിക്കുന്നവനായ യേശുവിനാലല്ലാതെ, ഒരു പണ്യാളനും പുണ്യാളത്തിക്കും നമ്മുടെ ഒരു തലമുടിയെപ്പോലും രക്ഷിക്കാൻ കഴിയില്ല. മാനസാന്തരപ്പെട്ട് ക്രിസ്തുവിലും, അവനേക്കുറിച്ചു മാത്രമുള്ള സുവിശേഷത്തിലും വിശ്വസിപ്പിൻ. എന്നാൽ, നിങ്ങൾക്ക് നിത്യമായ രക്ഷ കൈവരും.

മോശ മുഖാന്തരം ദൈവം കൊടുത്ത നിയമം ദുർബലം ആയതുകൊണ്ടല്ല, യഹൂദന്മാരൊക്കെയും വിഗ്രഹാരാധികളും ദൈവനിഷേധികളുമായി ദൈവഹത്യവരെ ചെയ്യേണ്ടിവന്നത്. പൗലോസ് കോറിന്തോസുകാരോട് പറയുന്നത് ശ്രദ്ധിക്കുക: “രഹസ്യവും നിഗൂഢവുമായ ദൈവികജ്‌ഞാനമാണു ഞങ്ങൾ പ്രസംഗിക്കുന്നത്‌. അതു നമ്മുടെ മഹത്വത്തിനായി യുഗങ്ങള്‍ക്കു മുമ്പ്‌തന്നെ ദൈവം നിശ്‌ചയിച്ചിട്ടുള്ളതുമാണ്‌. ഈ ലോകത്തിൻ്റെ അധികാരികളിൽ ആര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കിൽ മഹത്വത്തിൻ്റെ കര്‍ത്താവിനെ അവര്‍ കുരിശില്‍ തറയ്‌ക്കുമായിരുന്നില്ല.” (1കോറി, 2:7-8). യഹൂദന്മാരെയാണ് ദൈവം ലോകത്തിൽനിന്ന് തിരഞ്ഞെടുത്ത് ലോകത്തിൻ്റെ അധികാരികളാക്കി വെച്ചത്. എങ്കിലും ദൈവീകജ്ഞാനം അവർക്ക് ഗ്രഹിക്കാൻ കഴിഞ്ഞില്ല. അതിനാൽ, രക്ഷകനായി വന്ന അവരുടെ കർത്താവിനെ അവർക്ക് ക്രൂശിക്കേണ്ടി വന്നു. അതിൻ്റെ കാരണം, അവരുടെ മതനേതാക്കന്മാർ ധനാർത്തി മൂത്ത് സത്യം അവരെ പഠിപ്പിച്ചിരുന്നില്ല. യേശു വെടിപ്പായിട്ടത് പറഞ്ഞുവെച്ചിട്ടുണ്ട്: “കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതിൽ പ്രവേശിക്കുന്നില്ല; പ്രവേശിക്കാൻ വരുന്നവരെ അനുവദിക്കുന്നുമില്ല.” (മത്താ, 23:13-14). നിയമജ്‌ഞരെ സൂക്‌ഷിച്ചുകൊള്ളുവിൻ. അവര്‍ നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതുസ്‌ഥലങ്ങളില്‍ അഭിവാദനങ്ങളും സിനഗോഗുകളില്‍ പ്രമുഖസ്‌ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും ആഗ്രഹിക്കുന്നു. അവര്‍ വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ഥിക്കുന്നതായി നടിക്കുകയും ചെയ്യുന്നു. അവര്‍ക്കു കൂടുതൽ കഠിനമായ ശിക്‌ഷാവിധി ലഭിക്കും.” (ലൂക്കാ 20:46-47). “കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്‌. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്‌ക്കുള്ളിൽ മരിച്ചവരുടെ അസ്‌ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്‌.” (മത്താ, 23:27-28). നീണ്ട മേലങ്കി ധരിച്ചുനടക്കുന്ന എല്ലാ വിശ്വാസവഞ്ചകന്മാരും ചീഞ്ഞളിഞ്ഞ കുഴിമാടങ്ങൾ പോലെയാണ്. വിശ്വാസികളെ വഞ്ചിക്കുന്ന ഇവരെ വലിയ ദുരിതം കാത്തിരുപ്പുണ്ട്. യൂദയെപ്പറ്റി യേശുപറഞ്ഞത്, ‘അവൻ ജനിക്കാതിരുന്നെങ്കിൽ’ എന്നാണ്. ദൈവജനത്തെ തെറ്റിക്കുന്നവരെപ്പറ്റി ഞാനും അങ്ങനെതന്നെ ആശിക്കുന്നു. കാരണം, അവർ കൊടിയ ശിക്ഷയ്ക്ക് അവകാശികളാണ്. എങ്കിലും, അവരുടെ ശിക്ഷ തെറ്റിപ്പോകുന്ന വിശ്വാസികൾക്ക് രക്ഷയായി ഭവിക്കില്ല. കാരണം, ദൈവത്തിൻ്റെ സത്യവചനമായ ബൈബിൾ വായിച്ച് നല്ലതും ചീത്തയും തിരഞ്ഞെടുക്കാൻ ദൈവം ഓരോരുത്തനും സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. സത്യം അറിയാൻ, ബൈബിളിലേക്ക് തിരിയുക; വഴിയും സത്യവും ജീവനുമായവൻ നിങ്ങളെ സ്വതന്ത്രരാക്കും.

ബൈബിൾ ദൈവനിവേശിത ഗ്രന്ഥമാണെന്നും, പൂർണ്ണമാണെന്നും, പ്രമാദരഹിതമാണെന്നും പി.ഒ.സി.യുടെ ആമുഖത്തിൽ എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, നിങ്ങൾ സ്വയമായിട്ടത് വിശ്വസിക്കുകയോ, വിശ്വാസികളെ പഠിപ്പിക്കുകയോ ചെയ്യില്ല. നിങ്ങൾ പാരമ്പര്യങ്ങളിൽ മാത്രം ആശ്രയിക്കുന്നവരാണ്. ഇപ്പോഴും പാരമ്പര്യങ്ങളിൽ ആശ്രയിക്കുന്നവർ ശരിയായ ക്രിസ്ത്യാനികളാണെന്ന് പറയാൻ കഴിയില്ല. ബൈബിൾ പഠിപ്പിക്കുന്ന ക്രിസ്ത്യാനികൾ, ക്രിസ്തുവിൻ്റെ രക്തത്താൽ എല്ലാ പിതൃപാരമ്പര്യങ്ങളിൽ നിന്നും വീണ്ടെടുക്കപ്പെട്ടവരാണ്. “പിതാക്കന്മാരിൽ നിന്നു നിങ്ങള്‍ക്കു ലഭിച്ചവ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങൾ വീണ്ടെടുക്കപ്പെട്ടത്‌ നശ്വരമായ വെള്ളിയോ സ്വര്‍ണമോകൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിൻ്റേതുപോലുള്ള ക്രിസ്‌തുവിൻ്റെ അമൂല്യരക്‌തം കൊണ്ടത്ര.” (1പത്രോ, 1:18-19). ‘വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നടപ്പു’ എന്നാണ് ശരിയായ തർജ്ജമ. ഇങ്ങനെയുള്ളവർ കർത്താവിലും അവൻ്റെ മാറ്റമില്ലാത്ത വചനത്തിലും മാത്രം വിശ്വസിക്കുന്നവരാണ്. കർത്താവിൻ്റെ വചനത്തിൽ വിശ്വസിക്കാതെ പാരമ്പര്യങ്ങളും, വിഗ്രഹങ്ങളും, വേറൊരു വിശ്വാസവും മുറുകെപ്പിരിക്കുന്നവർ ക്രിസ്ത്യാനികൾ എന്നല്ല, കത്തോലിക്കർ എന്ന് പറഞ്ഞാൽ മതി, അതുമതി; അതാണ് നിങ്ങളുടെ ഐഡന്റിറ്റി.

ബൈബിളിലെ ഓരോ ലേഖനങ്ങളുടേയും ആരംഭത്തിൽ എഴുത്തുകാരനെക്കുറിച്ച് പറയുമ്പോൾ; യേശുക്രിസ്തുവിൻ്റെ ദാസനായ പൗലോസ്, ക്രിസ്തുവിൻ്റെ ദാസനായ പത്രോസ്, യേശുവിൻ്റെ ദാസനായ യോഹന്നാൻ, ദൈവത്തിൻ്റെ ദാസനായ യാക്കോബ്, ദൈവത്തിൻ്റെയും ക്രിസ്തുവിൻ്റെയും ദാസനായ യൂദാ ഇങ്ങനെയൊക്കെ പറഞ്ഞിരിക്കുന്നത് കാണാം. ‘ദാസൻ’ എന്ന് തർജ്ജമ ചെയ്തിരിക്കുന്നത് ഡ്യൂലൊസ് (doulos) എന്ന ഗ്രീക്ക് പദത്തെയാണ്. ഡ്യൂലൊസിൻ്റെ ശരിയായ അർത്ഥം ‘അടിമ’ എന്നാണ്. പുതിയനിയമത്തിൽ ക്രിസ്തുവിനെ രക്ഷകനും കർത്താവുമായി അംഗീകരിക്കുന്ന അഥവാ, വീണ്ടുംജനിക്കുന്ന എല്ലാവരും ദൈവമക്കളാകുമ്പോൾ, ബൈബിൾ എഴുത്തുകാരായ അപ്പസ്തോലന്മാർ മാത്രം എങ്ങനെ അടിമകളായി???… ദൈവത്തിൻ്റെ വചനം ഏതു മാധ്യമത്തിലൂടെ പ്രഘോഷിക്കുന്നവരായാലും അവർ ഒരടിമയെപ്പോലെ വിശ്വസ്തൻ ആയിരിക്കണമെന്നാണ് അതിനർത്ഥം. യജമാനൻ്റെ കല്പനകളോട് ഉവ്വ്, ഉവ്വ് എന്ന് പ്രതിവചിക്കാനല്ലാതെ, അതിനെ മാറ്റിക്കളയുവാനോ, അതങ്ങനെയല്ല കർത്താവേ, ഇങ്ങനെയാണെന്ന് പറയുവാനോ, ഒരടിമയ്ക്ക് അധികാരമില്ല. ബൈബിളിൻ്റെ ആഖ്യാനം ദൈവത്തിൻ്റെ ആത്മാവിനാൽ എഴുതപ്പെട്ടതും, വ്യാഖ്യാനം മനുഷ്യരുടേതുമാണ്. മനുഷ്യർക്ക് തെറ്റ് പറ്റാം; ദൈവത്തിന് തെറ്റ് പറ്റുമോ???…

ബൈബിൾ പൂർണ്ണമല്ല, അതുകൊണ്ട് സഭയുടെ വിശ്വസവും, പാരമ്പര്യവും കൂടി പിൻതുടരണമെന്ന് പഠിപ്പിക്കുന്നവരോട്, എൻ്റെ വചനങ്ങൾ പൂർണ്ണമാണെന്ന് ചരിത്ര,ഉപദേശ,പ്രവചന ഭാഗങ്ങളിലൂടെ കർത്താവുതന്നെ പറയുന്നു: ചരിത്രഭാഗം: “ഞാൻ നല്‍കുന്ന കല്‍പനകളോട്‌ ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതിൽ നിന്ന്‌ എന്തെങ്കിലും എടുത്തുകളയുകയോ അരുത്‌.” (നിയ, 4:2). ഉപദേശഭാഗം: “അവിടുത്തെ വാക്കുകളോട്‌ ഒന്നും കൂട്ടിച്ചേര്‍ക്കരുത്‌; അങ്ങനെ ചെയ്‌താൽ, അവിടുന്ന്‌ നിന്നെ കുറ്റപ്പെടുത്തും; നീ നുണയനാവുകയും ചെയ്യും.” (സുഭാ, 30:6). പ്രവചനഭാഗം: “ഈ പുസ്‌തകത്തിലെ പ്രവചനങ്ങൾ ശ്രവിക്കുന്ന എല്ലാവരോടും ഞാൻ സാക്ഷ്യപ്പെടുത്തുന്നു: ആരെങ്കിലും ഈ വചനങ്ങളോട്‌ എന്തെങ്കിലും കൂട്ടിച്ചേര്‍ത്താൽ ഈ പുസ്‌തകത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന മഹാമാരികൾ ദൈവം അവൻ്റെ മേൽ അയയ്‌ക്കും. ഈ പുസ്‌തകത്തിലെ പ്രവചനങ്ങളില്‍നിന്ന്‌ ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാൽ, ഈ പുസ്‌തകത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന, വിശുദ്ധനഗരത്തിലും ജീവൻ്റെ വൃക്ഷത്തിലുമുള്ള അവൻ്റെ പങ്ക്‌ ദൈവം എടുത്തുകളയും.” (വെളി, 22:18-19). വചനത്തോട് ഒന്നും കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുതെന്ന് പറഞ്ഞാൽ, അത് പരിപൂർണ്ണമാണെന്നാണ് അർത്ഥം. കൂട്ടുകയും കുറയ്ക്കുകയും ചെയ്യരുതെന്ന് ഒരുപ്രാവശ്യം എഴുതിവെച്ചാലും, അത് മാറ്റംവരാൻ പാടില്ലാത്ത കല്പനയാണ്. എന്നാൽ, ബൈബിളിൽ ഇത് മൂന്നുപ്രാവശ്യം വ്യക്തമായി എഴുതിവെച്ചിട്ടും, ദൈവകല്പനകളെ മാറ്റിക്കളയുകയും, ദുർബലപ്പെടുത്തുകയും ചെയ്തുകൊണ്ട്, വിശ്വാസികളെ വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിക്കുന്നത് മഹാപാപമല്ലേ അച്ചോാാ???…

എല്ലാ വിശ്വാസികളോടുമായി ഒരു വാക്ക്: കർത്താവിലും അവൻ്റെ മാറ്റമില്ലാത്ത വചനമായ ബൈബിളുമല്ലാതെ, മറ്റാരെയും, മറ്റൊന്നിനേയും വിശ്വസിക്കാൻ പാടില്ല. അതിന് തെളിവ് ബൈബിളിൽത്തന്നെ ഉണ്ട്: അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ 17-ാം അദ്ധ്യായത്തിൽ പൗലൊസ് തെസലോനിക്കായിൽ നിന്ന് ബെറൊയായിൽചെന്ന് സുവിശേഷം പ്രസംഗിക്കുന്നതിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. (17:10-15). അവിടെ ബെറോയായിൽ ഉള്ളവരെക്കുറിച്ച് ലൂക്കായുടെ ഒരു പ്രസ്താവനയുണ്ട്: “ഈ സ്‌ഥലത്തെ യഹൂദര്‍ തെസലോനിക്കായിൽ ഉള്ളവരെക്കാള്‍ മാന്യന്‍മാരായിരുന്നു. ഇവര്‍ അതീവ താത്‌പര്യത്തോടെ വചനം സ്വീകരിച്ചു. അവര്‍ പറഞ്ഞതു സത്യമാണോയെന്ന്‌ അറിയുവാന്‍ വിശുദ്ധഗ്രന്‌ഥങ്ങള്‍ അനുദിനം പരിശോധിക്കുകയും ചെയ്‌തിരുന്നു.” (പ്രവ, 17:11). ഇവരുടെ മാന്യത എന്താണെന്ന് അറിയണമെങ്കിൽ പൗലോസിൻ്റെ പ്രവർത്തനത്തെക്കുറിച്ച് അറിയണം. തൻ്റെ രണ്ടാം മിഷണറി യാത്രയിലാണ് പൗലോസ് ബെറോയായിൽ എത്തുന്നത്. പ്രവർത്തി 14:3-ലും, 19:12-ലും അതായത്, ഒന്നും മൂന്നും മിഷണറി യാത്രകളിൽ പൗലോസിൻ്റെ കയ്യാൽ വളരെ അത്ഭുതപ്രവർത്തികൾ നടക്കുന്നതായിക്കാണാം. എന്നുവെച്ചാൽ, പൗലോസിന് ദൈവം നല്കിയ കൃപാവരങ്ങൾ അതിൻ്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് താൻ ബെറോയായിൽ എത്തുന്നത്. ഒന്നുകൂടി പറഞ്ഞാൽ, പൗലോസിൻ്റെ പ്രസംഗംകേൾക്കാൻ ഒരു പക്ഷവാതരോഗിയെ മൂന്നോ നാലോപേർ ചുമന്നുകൊണ്ടുവന്ന് ഇരുത്തിയാൽ, ‘യേശുവിൻ്റെ നാമത്തിൽ എഴുന്നേറ്റ് വീട്ടിൽ പോടാ’ എന്ന് പൗലോസ് പറഞ്ഞാൽ, അവൻ ചാടിയെഴുന്നേറ്റ് ദൈവത്തെ സ്തുതിച്ചുകൊണ്ട് വീട്ടിൽപ്പോകും. ഒരുപക്ഷെ, ചിലർ ചിന്തിക്കും ഇങ്ങനെയൊരു അത്ഭുതത്തെക്കുറിച്ച് അവിടെ എഴുതിയിട്ടില്ലല്ലോയെന്ന്. യേശുവാകട്ടെ, അപ്പസ്തോലന്മാരാകട്ടെ ചെയ്ത എല്ലാ അത്ഭുതപ്രവർത്തികളും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. യോഹന്നാൻ്റെ ഒരു പ്രസ്താവനകൊണ്ട് അത് മനസ്സിലാക്കാം: “ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു.” (യോഹ, 20:30). “യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്‌. അതെല്ലാം എഴുതിയിരുന്നെങ്കിൽ, ആ ഗ്രന്ഥങ്ങൾ ഉള്‍ക്കൊള്ളാൻ ലോകത്തിനുതന്നെ സാധിക്കാതെ വരുമെന്നാണ്‌ എനിക്കു തോന്നുന്നത്‌.” (യോഹ, 21:25). കൂടാതെ, പത്രോസിൻ്റെ നിഴൽ വീണും, പൗലോസിൻ്റെ തുവാലകളും അംഗവസ്‌ത്രങ്ങളും രോഗികളുടെ മേലിടുമ്പോഴും അനേകർ സൗഖ്യമാകുകയും, അശുദ്ധാത്മാക്കൾ വിട്ടുപോകുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് എല്ലാ അത്ഭുതങ്ങളും ബൈബിളിൽ രേഖപ്പെടുത്താത്തത് എന്നു ചോദിച്ചാൽ, ഇത് ആരുടെയെങ്കിലും അത്ഭുതപ്രവർത്തികളുടെ സമാഹാരമല്ല; പ്രത്യുത, മനുഷ്യരുടെ രക്ഷയ്ക്കാവശ്യമായ വസ്തുതകളുടെ സമാഹാരമാണ്. ഇത്രയധികം കൃപാവരങ്ങളുള്ള പൗലോസ് ബെറോയാക്കാരോട് സുവിശേഷം അറിയിച്ചിട്ടും, അവർ കേട്ടയുടനെ പൗലോസിനെ വിശ്വസിച്ചില്ല. പൗലോസ് ‘പറഞ്ഞതു സത്യമാണോയെന്ന്‌ അറിയുവാന്‍ വിശുദ്ധഗ്രന്ഥങ്ങള്‍ അനുദിനം പരിശോധിക്കുകയും ചെയ്‌തിരുന്നു’ എന്നാണ് കാണുന്നത്. അതായത്, പുതിയനിയമം അന്ന് എഴുതപ്പെട്ടട്ടില്ല. പഴയനിയമത്തിൽ മിശിഹായെക്കുറിച്ചുള്ള വേദഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ്, ക്രൂശിൽ മരിച്ച യേശു തന്നെയാണ് മിശിഹായെന്ന് പൗലോസ് തെളിയിച്ചിരുന്നത്. ബെറോയാക്കാരാകട്ടെ, പൗലൊസ് എന്ന അത്ഭുതമനുഷ്യൻ പറയുന്ന കാരണാത്താൽ സുവിശേഷം വിശ്വസിച്ചില്ല; പ്രത്യുത, പൗലോസ് പറഞ്ഞതു സത്യമാണോയെന്ന്‌ അറിയുവാന്‍ വിശുദ്ധഗ്രന്ഥങ്ങൾ (പഴയനിയമം) പരിശോധിച്ച ശേഷമാണ് അവർ വിശ്വസിച്ചത്. അതുകൊണ്ടാണ് പൗലോസ് അവരെ മാന്യന്മാരെന്ന് വിളിക്കുന്നത്. ഒരുകാര്യംകൂടി ഓർക്കണം; പഴയനിയമം അന്ന് ഒറ്റ പുസ്തകമായിട്ട് ലഭ്യമല്ല; ഓരോ പുസ്തകങ്ങളുടെ ചുരുളുകളാണ് ഉണ്ടായിരുന്നത്. ഒരുപക്ഷെ ചുരുളുകൾ എല്ലാമുണ്ടാകുക സിനഗോഗുകളിൽ മാത്രമായിരിക്കും. അതൊക്കെ പോയി എടുത്ത് വാക്യങ്ങൾ കണ്ടെത്തുകയെന്നത് പ്രയാസകരമായ കാര്യമാണ്. എന്നാൽ നമ്മുടെ കയ്യിലാകട്ടെ, പഴയപുതിയ നിയമങ്ങളുടെ വ്യക്തമായ രേഖയുണ്ട്. എന്നിട്ടും നമ്മൾ അത് പരിശോധിക്കില്ല. നമുക്ക് വലുത് വെള്ളയുടുപ്പിട്ട പാതിരിയും പാസ്റ്ററും പറയുന്നതാണ്. ഇനിയെന്നാണ് നമ്മൾ ബെറോയാക്കാരെപ്പോലെ ‘മാന്യന്മാർ’ ആകുന്നത്? ദൈവവചനത്തിൽ തെളിവുള്ള കാര്യങ്ങളല്ലാതെ, എത്രവലിയ തിയോളജിക്കൽ ഡിഗ്രിയുള്ളവരാണെന്ന് പറഞ്ഞാലും ഒരു മനുഷ്യനേയും, ഇനി, സ്വർഗ്ഗത്തിൽ നിന്നൊരു ദൂതൻ വന്നു പറഞ്ഞാലും വിശ്വസിക്കരുതെന്നാണ് നമ്മൾ ആദ്യം പഠിക്കേണ്ടത്?

ഉപസംഹാരം: എന്നെയും എൻ്റെ എഴുത്തുകളെയും ചിലപ്പോൾ ഇഷ്ടപ്പെടുന്നവരുണ്ടാകാം. എന്നാൽ, അതിനാക്കാളേറെ എന്നെ വെറുക്കുന്നവരാകാം. പക്ഷെ, അതൊന്നും വ്യക്തിപരമായി എന്നെ ബാധിക്കുന്ന വിഷയമല്ല. ഞനൊരു ക്രിസ്തുവിൻ്റെ അനുയായിയാണ്; അതുകൊണ്ടുതന്നെ ക്രിസ്തുവിനേയും അവൻ്റെ വചനങ്ങളേയും ഉയർത്തുക എന്നതാണ് എൻ്റെ പരമമായ ലക്ഷ്യം. മനുഷ്യരുടെ ആരുടേയും പ്രീതിയോ, അപ്രീതിയോ പിടിച്ചുപറ്റാൻ ആഗ്രഹിക്കുന്നില്ല. വ്യക്തിഹത്യയും എൻ്റെ അജണ്ടയല്ല. എൻ്റെ എഴുത്തുകൾ അച്ചനേയോ, മറ്റു വിശ്വാസികളേയോ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ദൈവനാമത്തിൽ ഹൃദയപൂർവ്വം മാപ്പുചോദിക്കുന്നു. 🙏 (എൻ്റെ ലേഖനത്തിൽ അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് കടന്നുകൂടിയിട്ടുണ്ടെങ്കിൽ, ബൈബിളിൻ്റെ വെളിച്ചത്തിൽ ആര് ചൂണ്ടിക്കാണിച്ചാലും, നൂറ് ശതമാനം അത് തിരുത്തുവാൻ ഞാൻ മനസ്സുളവനാണെന്ന് ഇതിനാൽ ബോധിപ്പിക്കുന്നു).

യെഹൂദൻ്റെ 613 കല്പനകൾ കാണാൻ താഴെ ക്ലിക്ക് ചെയ്യുക;👇

ന്യായപ്രമാണകല്പനകൾ (613)

യഹൂദന്മാരുടെ സർവ്വവിജ്ഞാനകോശത്തിലും, മറ്റു യഹൂദാ വെബ്സൈറ്റുകളിലും പത്ത് പ്രമാണങ്ങളുടെ വിഭജനം കാണാൻ താഴെക്കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക;👇

1. JewishEncyclopedia.com

2. Ten Commandments-Jewish World

3. Ten Commandments-Jewish Learning

4. The Ten Commandments-Shavuot

5. The Ten Commandments According to the Torah

<—- previous Page

കല്പനകൾ

കല്പനകൾ (ഒരു വിഹഗവീക്ഷണം)

‘കത്തോലിക്ക സഭ പത്തുകല്പനകൾ തിരുത്തിയോ?’ എന്ന തലക്കെട്ടിൽ ഒരു പുരോഹിതൻ്റെ വീഡിയോ യാദൃശ്ചികമായി കാണുവാനിടയായി. അത് കണ്ടുതുടങ്ങിയപ്പോഴാണ് കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഉപയോഗിക്കുന്ന പത്തുപ്രമാണങ്ങൾ തമ്മിൽ ഒരു വ്യത്യാസമുണ്ടല്ലോ എന്നോർക്കുന്നത്. എന്നാൽ, വീഡിയോ മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾ, രണ്ടു കൂട്ടരുടേയും പ്രമാണങ്ങൾ തമ്മിലുള്ള വ്യത്യാസത്തേക്കാളുപരി, അതിൽ അച്ചൻ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളുടേയും വസ്തുതകൾ ദൈവവചനവുമായി പരിശോധിക്കണമെന്ന് എൻ്റെയുള്ളിൽ ഒരു തോന്നലുണ്ടായി. അതിൻ്റെ പരിണിതഫലമാണ് ഈ ലേഖനം. അച്ചൻ ആ വീഡിയോയിൽ പറഞ്ഞ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്. ആറ് പോയിൻ്റായിട്ടാണ് നാമത് ചിന്തിക്കുന്നത്. അതിനുമുമ്പ് കത്തോലിക്കരുടേയും, പ്രൊട്ടസ്റ്റൻ്റുകാരുടേയും, യഹൂദൻ്റേയും പത്തുകല്പനളുടെ വിഭജനം നോക്കാം. ബൈബിളിൽ പ്രമാണങ്ങളുടെ രണ്ട് പട്ടികയാണുള്ളത്; പുറപ്പാടിലും ആവർത്തനത്തിലും. യഹൂദന് പുറപ്പാട് മുതൽ ആവർത്തനംവരെ 613 പ്രമാണങ്ങളുണ്ട്. എന്നാൽ ബൈബിളിലെ പഴയനിയമത്തിൻ്റെ എല്ലാ പ്രമാണങ്ങളുടേയും അടിസ്ഥാനം ദൈവം തൻ്റെ വിരലുകൾകൊണ്ട് മോശയ്ക്ക് എഴുതിക്കൊടുത്ത ഈ പത്തു പ്രമാണങ്ങളാണ്. ഇതിൽ ചില പ്രമാണങ്ങൾ വിശദമായും, മറ്റുചിലത് ചുരുക്കമായിട്ടുമാണ് നൽകിയിരിക്കുന്നത്. എന്നാൽ, എല്ലാ വിഭാഗങ്ങളും ഈ കല്പനകളുടെ സംക്ഷിപ്ത രൂപമാണ് ‘പത്തു പ്രമാണങ്ങൾ’ എന്നപേരിൽ പിൻപറ്റുന്നത്. അത് പട്ടികയായി ചുവടെ ചേർക്കുന്നു:

കത്തോലിക്കാ പ്രമാണം:

1. നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു‍. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌.

2. ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്‌.

3. കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം.

4. മാതാപിതാക്കന്‍മാ‍രെ ബഹുമാനിക്കണം.

5. കൊല്ലരുത്‌.

6. വ്യഭിചാരം ചെയ്യരുത്‌.

7. മോഷ്ടിക്കരുത്‌.

8. കള്ളസാക്ഷി പറയരുത്‌.

9. അന്യന്‍റെ ഭാര്യയെ മോഹിക്കരുത്‌.

10. അന്യന്‍റെ വസ്തുക്കള്‍ മോഹിക്കരുത്‌.

പൂർണ്ണരൂപം

പ്രൊട്ടസ്റ്റന്റ് പ്രമാണം:

1. നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു‍. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌.

2. യാതൊന്നിന്റേയും വിഗ്രഹം ഉണ്ടാക്കരുത്‌.

3. ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്‌.

4. കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം.

5. മാതാപിതാക്കന്‍മാ‍രെ ബഹുമാനിക്കണം.

6. കൊല്ലരുത്‌.

7. വ്യഭിചാരം ചെയ്യരുത്‌.

8. മോഷ്ടിക്കരുത്‌.

9. കള്ളസാക്ഷി പറയരുത്‌.

10. അന്യന്റെ യാതൊന്നും മോഹിക്കരുത്.

പൂർണ്ണരൂപം

യഹൂദാ പ്രമാണം:

1. നിന്‍റെ കര്‍ത്താവായ ദൈവം ഞാനാകുന്നു‍.

2. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌.

3. ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്‌.

4. കര്‍ത്താവിന്‍റെ ദിവസം പരിശുദ്ധമായി ആചരിക്കണം.

5. മാതാപിതാക്കന്‍മാ‍രെ ബഹുമാനിക്കണം.

6. കൊല്ലരുത്‌.

7. വ്യഭിചാരം ചെയ്യരുത്‌.

8. മോഷ്ടിക്കരുത്‌.

9. കള്ളസാക്ഷി പറയരുത്‌.

10. അന്യന്റെ യാതൊന്നും മോഹിക്കരുത്.

പൂർണ്ണരൂപം — ഓരോന്നിൻ്റേയും വിഭജനത്തിൻ്റെ ബൈബിളിലുള്ള പൂർണ്ണരൂപം കാണാൻ ‘പൂർണ്ണരൂപം’ എന്നതിൽ ക്ലിക്ക് ചെയ്യുക.

മേല്പറഞ്ഞ പ്രമാണങ്ങളുടെ മൂന്നു പട്ടികകളും പരിശോധിച്ചാൽ, കത്തോലിക്കരുടേയും, പ്രൊട്ടസ്റ്റന്റുകാരുടേയും പ്രമാണങ്ങളുടെ സംക്ഷിപ്ത രൂപവും, വാക്യവിഭജനവും യഹൂദന്മാരിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാൻ കഴിയും. യഹൂദാജനതയ്ക്കാണ് നിയമവും പ്രമാണം നൽകപ്പെട്ടത് എന്നതിനാലും, ഹെബ്രായ ഭാഷയിലാണ് പഴയനിയമം എഴുതപ്പെട്ടത് എന്നതിനാലും, ആ ഭാഷയിൽ അവരുടെ പണ്ഡിതന്മാരേക്കാൾ ശ്രേഷ്ഠത അവകാശപ്പെടാൻ നമുക്ക് സാധിക്കാത്തതുകൊണ്ടും, അവരുടെ സംക്ഷിപ്ത രൂപവും വാക്യവിഭജനവുമാണ് കൃത്യതയുള്ളതെന്ന് മനസ്സോടെ സമ്മതിക്കേണ്ടിവരും. കൂടാതെ, അവരുടെ വിഭജനത്തിന് ബൈബിളിൽ തെളിവുമുണ്ട്. യഹൂദന്മാരുടെ ഒന്നും രണ്ടും കല്പനയും പത്താം കല്പനയുമാണ് നമ്മുടേതിൽനിന്ന് വ്യത്യാസമായിരിക്കുന്നത്. അതായത്, നിയമാവർത്തനത്തിലെ 6-ാം വാക്യം യഹൂദന്മാർ ഒന്നാം പ്രമാണം ആക്കിയപ്പോൾ, പ്രൊട്ടസ്റ്റൻ്റുകാർ 6-7 വാക്യങ്ങളും, കത്തോലിക്കർ 6-10 വാക്യങ്ങളും ഒന്നാംപ്രമാണം ആക്കിയിരിക്കയാണ്. RNKJV-യിൽ നിന്ന് 6-ാം വാക്യം ചേർക്കുന്നു: “I am יהוה thy Elohim, which brought thee out of the land of Egypt, from the house of bondage.” ഈ ബൈബിളിൽ ദൈവത്തിൻ്റെ നാമമായ യാഹ്വേ അഥവാ, യഹോവ (יהוה) എന്ന പദം ഹെബ്രായ ചതുരക്ഷരിയിൽ തന്നെയുള്ളതാണ്. “അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടുവന്ന നിൻ്റെ ദൈവമായ ‘യഹോവ’ ഞാനാണ്‌.” ഇതാണവരുടെ ഒന്നാം പ്രമാണം. പുറപ്പാട് മൂന്നാം അദ്ധ്യായത്തിൽ മോശയ്ക്ക് ഹോറെബിൽവെച്ച് ദൈവം പ്രത്യക്ഷപ്പെട്ട് ഇസ്രായേലിൻ്റെ വിമോചകനായി മോശയെ അയക്കുമ്പോൾ, “അവിടുത്തെ പേരെന്തെന്ന്‌ ജനം ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം?” (പുറ, 3:13) എന്ന മോശയുടെ ചോദ്യത്തിന് മറുപടിയായി ദൈവം തൻ്റെ പേര് മോശയ്ക്ക് വെളിപ്പെടുത്തുകയാണ്: “And Elohim said moreover unto Moses, Thus shalt thou say unto the children of Israel, יהוה Elohim of your fathers, the Elohim of Abraham, the Elohim of Isaac, and the Elohim of Jacob, hath sent me unto you: this is my name for ever, and this is my memorial unto all generations.” “ദൈവം പിന്നെയും മോശയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽ മക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ‘യഹോവ’ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതാണ്‌ എന്നേക്കും എൻ്റെ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്‌മരിക്കപ്പെടണം.” (പുറ, 3:15). മോശയ്ക്ക് ദൈവം വെളിപ്പെടുത്തിയ ഈ ഏകനാമത്താലാണ് താൻ വിജാതീയരുടെ ദേവന്മാരിൽനിന്ന് വ്യത്യസ്ഥനാകുന്നത്. അതാണവരുടെ ഒന്നാം പ്രമാണം: “നിന്‍റെ ‘യഹോവയായ’ ദൈവം ഞാനാകുന്നു‍.” യഹൂദന്മാരുട ഈ വിഭജനമാണ് ശരിയായ വിഭജനമെന്ന് പുതിയനിയമത്തിൽ തെളിവുണ്ട്. പ്രധാനമായ കല്പന ഏതാണെന്ന ഒരു നിയമജ്ഞൻ്റെ ചോദ്യത്തിന് മറുപടിയായി യേശു പ്രതിവചിച്ചത്: “ഇതാണ്‌ ഒന്നാമത്തെ കല്പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ്‌ ഏക കര്‍ത്താവ്‌.” (മര്‍ക്കോ, 12:29). ഇത് നിയമാവർത്തനം 6:4-ൻ്റെ ഉദ്ധരണിയാണ്. ഇതാണ് ഒന്നാമത്തെ കല്പനയെന്ന് യേശു പറഞ്ഞിരിക്കുന്നതും, ‘ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുതു’ എന്നത് ഇതിനോട് ചേർത്തിട്ടില്ലെന്നും ശ്രദ്ധിക്കുക. ഇനി 7-ാം വാക്യം നോക്കാം: ഇതിൻ്റെ RNKJV പരിഭാഷ: Thou shalt have none other elohim before me. “ഞാനല്ലാതെ മറ്റൊരു ദൈവം (elohim) നിനക്കുണ്ടാകരുത്‌.” എലോഹീം എന്നപദം സത്യദൈവത്തെയും, വിജാതീയരുടെ ദേവന്മാരേയും, മനുഷ്യരേയും കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷ് ബൈബിളിൽ ആ പദം സത്യദൈവത്തിന് ഉപയോഗിക്കുമ്പോൾ Elohim എന്ന് capital letter ഉപയോഗിക്കും. “ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല: ഞാനല്ലാതെ മറ്റൊരു ദൈവമില്ല” (ഏശ, 45:5) എന്ന് പഴയനിയമവും, “ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ല” (1കോറി, 8:4) എന്ന് പുതിയനിയമവും പറയുമ്പോൾ, 7-ാം വാക്യത്തിലെ ‘ഞാനല്ലാതെ മറ്റൊരു ദൈവം’ എന്ന പ്രയോഗത്തിൻ്റെ അർത്ഥം വ്യക്തമല്ലേ? വിജാതീയരുടെ ദേവന്മാരെ നിങ്ങൾ സേവിക്കാൻ പാടില്ല എന്നാണ് പ്രമാണം. പറപ്പാടിൽ 20:3-ൽ അതങ്ങനെ തന്നെയാണ്: “ഞാനല്ലാതെ വേറെ ദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌.” (പുറ, 20:3). അതിൻ്റെ വിശദീകരണമാണ് 8 മുതൽ 10 വരെയുള്ള വാക്യങ്ങൾ. ഇനിയുള്ളത് യഹൂദൻ്റെ 10-ാം പ്രമാണമാണ്. അവർക്ക് പത്താംപ്രമാണം പറപ്പാട് 20:17-ഉം, നിയമാവർത്തനം 5:21-മാണ്. അതിനെ വിഭജിച്ച് രണ്ട് പ്രമാണമാക്കിയിരിക്കുന്നത് കത്തോലിക്കർ മാത്രമാണ്. അതിനെക്കുറിച്ച് കൂടുതൽ വിവരം താഴെ ചേർത്തിട്ടുണ്ട്.

ഇനി അച്ചൻ പറഞ്ഞ ആറ് കാര്യങ്ങൾ പരിശോധിക്കാം:

1. അച്ചൻ്റെ പ്രസംഗത്തിൻ്റെ ആമുഖം: പുറപ്പാട് 20:2-17-ലും, നിയമാവർത്തനം 5:6-12-ലുമാണ് പത്തുകല്പനകൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ പുറപ്പാടിൽ 13 കല്പനയും, നിയമാവർത്തനത്തിൽ 15 കല്പനയും ഉണ്ട്.

മറുപടി: ദൈവം മോശയ്ക്ക് പത്തുപ്രമാണങ്ങളാണ് നൽകിയതെന്ന് ബൈബിളിൽ മൂന്ന് സ്ഥാനങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. “മോശ നാല്‍പതു പകലും നാല്‍പതു രാവും കര്‍ത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു. അവൻ ഭക്‌ഷിക്കുകയോ പാനംചെയ്യുകയോ ചെയ്‌തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങള്‍ അവന്‍ പലകകളില്‍ എഴുതി.” (പുറ, 34:28). അത് രണ്ട് കല്പലകകളിലാണ് എഴുതിയതെന്നും വ്യക്തമാക്കിയിട്ടുണ്ട്: “തൻ്റെ ഉടമ്പടി അവിടുന്നു നിങ്ങളോട്‌ പ്രഖ്യാപിച്ചു. നിങ്ങളോട്‌ അനുഷ്‌ഠിക്കാൻ അവിടുന്ന്‌ ആജ്‌ഞാപിച്ച പത്തു കല്‍പനകളാണവ. രണ്ടു കല്‍പലകകളിൽ അവിടുന്നു അവ എഴുതി.” (നിയ, 4:13). ജനത്തിൻ്റെ പാപംനിമിത്തം മോശ കല്പലകകൾ പൊട്ടിച്ചശേഷം, വീണ്ടും പലകകളിൽ എഴുതിക്കൊടുത്തതായും കാണാം: “ജനത്തിൻ്റെ സമ്മേളനദിവസം നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ മലയില്‍വച്ച്‌ അഗ്നിയുടെ മധ്യത്തില്‍നിന്നു നിങ്ങളോട്‌ അരുളിച്ചെയ്‌ത പത്തു പ്രമാണങ്ങളും ആദ്യത്തേതുപോലെ ആ പലകകളില്‍ എഴുതി എനിക്കു തന്നു.” (നിയ, 10:4). ഇത്രയും കൃത്യമായിട്ട് പത്തുകല്പനകൾ എന്നു പറഞ്ഞിരിക്കുമ്പോൾ, അച്ചനെവിടെ നിന്നാണ് 13-ഉം, 15-ഉം കല്പനകൾ കിട്ടിയത്. പുറപ്പാടിലും നിയമാവർത്തനത്തിലും പതിനാറ് വീതം വാക്യങ്ങൾ കൊണ്ടാണ് പത്ത് കല്പനകൾ എഴുതിയിരിക്കുന്നത്. അതിൽ 1, 3, 5, 6, 7, 8, 9, 10 കല്പനകൾ ഓരോ വാക്യത്തിലും, 2-ാം കല്പനയും അതിൻ്റെ വിശദീകരണവും ചേർത്ത് നാലു വാക്യങ്ങളും, 4-ാം കല്പനയും അതിൻ്റെ വിശദീകരണവും ചേർത്ത് നാലു വാക്യങ്ങളും, അങ്ങനെ ആകെ പതിനാറ് വാക്യങ്ങളിലായി പത്ത് പ്രമാണമാണുള്ളത്. പിന്നെങ്ങനെയാണ് പതിമൂന്നും പതിനഞ്ചും കല്പനകൾ കിട്ടിയത്???…

2. കത്തോലിക്കാ സഭ കല്പനകൾ തിരുത്തിയെന്ന വാദത്തിന് അച്ചൻ്റെ മറുപടി: ‘biblia hebraica stuttgartensia’ എന്ന ഹെബ്രായ ബൈബിളാണ് യഹൂദന്മാരും ക്രിസ്ത്യാനികളും അടിസ്ഥാനപരമായിട്ട് ഉപയോഗിക്കുന്ന ബൈബിളിൻ്റെ പഴയനിയമഗ്രന്ഥം. മലയാളത്തിലേക്ക് പഴയനിയമം വിവർത്തനം ചെയ്യുന്നത് ഇതിൽ നിന്നാണ്. അതിൽ നിയമാവർത്തനം 5-ാം അദ്ധ്യായത്തിൽ Samekh (sathuma) കൊണ്ട് അടഞ്ഞ ഖണ്ഡിക അഥവാ, പൂർണ്ണവിരാമം (.) എന്ന അർത്ഥത്തിൽ പത്തു കല്പനകളെ തമ്മിൽ വേർതിരിച്ചിരുന്നു. അതുപ്രകാരമാണ് കത്തോലിക്കാ സഭ കല്പനകളെ വിഭജിച്ചിരിക്കുന്നത്.

മറുപടി: കത്തോലിക്കാ സഭ കല്പന തിരുത്തിയെന്ന ആരോപണം ആരാണ് ഉന്നയിച്ചതെന്ന് അച്ചൻ പറഞ്ഞിട്ടില്ല. ബോധമുള്ള ആരെങ്കിലും അങ്ങനെ പറയുമെന്നും തോന്നുന്നില്ല. മൊത്തം ഉപദേശ പിശകുള്ളിടത്ത് കല്പന മാത്രം തിരുത്തിയെന്ന് പറഞ്ഞിട്ടെന്താ പ്രയോജനം. ഇനി അങ്ങനെ ആരെങ്കിലും പറഞ്ഞാൽ തന്നെ പല കാരണങ്ങൾ കൊണ്ടും അച്ചൻ്റെ ന്യായീകരണം തെറ്റാണ്. അച്ചൻതന്നെ പറഞ്ഞു 13-ാം നൂറ്റാണ്ടിലാണ് ബൈബിളിനെ അദ്ധ്യായങ്ങളായി തിരിച്ചതും, 16-ാം നൂറ്റാണ്ടിലാണ് വാക്യവിഭജനം നടത്തിയതുമെന്ന്. ഈ 16-ാം നൂറ്റാണ്ടിലോ അതിനുശേഷമോ ആയിരിക്കും അച്ചൻ പറഞ്ഞ sathuma അഥവാ, ഹെബ്രായയിലെ 15-ാമത്തെ അക്ഷരമായ Samekh കൊണ്ട് വാക്യവിഭജനവും നടത്തിയത്. എന്നാൽ, പത്തുകല്പനകൾ 16-ാം നൂറ്റാണ്ടിലുണ്ടായതല്ലച്ചോ; മോശയുടെ കാലം മുതൽ അഥവാ, ബി.സി. 14-ാം നൂറ്റാണ്ടുമുതൽ ഉള്ളതാണച്ചോ? യഹൂദന്മാർ അന്നുമുതൽ വാമൊഴിയായും വരമോഴിയായും തലമുറകൾക്ക് പകർന്നുകൊടുക്കുകയും, സൂക്ഷിച്ചുവെക്കുകയും ചെയ്തതാണ്. എ.ഡി. ഒന്നാം നൂറ്റാണ്ടിൽത്തന്നെ പഴനിയമപുസ്തകങ്ങളുടെ ക്രോഡീകരണവും നടന്നു. ഇനി, അച്ചൻ പറഞ്ഞ ഹെബ്രായ ബൈബിളിലെ സെത്തുമയുടെ കാര്യം. നിയമാവർത്തനത്തിൽ അച്ചൻ പറഞ്ഞതുപോലെ തന്നെയാണ് വിഭജനം. അവിടെ പത്ത് സെത്തുമയുണ്ട്, കത്തോലിക്കരുടെ പത്തുകല്പനകളുടെ വിഭജനവും ശരിയാണ്. പുറപ്പാട് പുസ്തകത്തിലോ? അതെന്തേ അച്ചൻ നോക്കിയില്ല. അവിടെ ഒമ്പത് സെത്തുമയാണ് ഉള്ളത്. എന്നുവെച്ചാൽ പുറപ്പാടിൽ ഒമ്പത് കല്പനകളേയുള്ളോ? കത്തോലിക്കാ സഭ ഒന്നുമുതൽ അഞ്ചുവരെയുള്ള വാക്യങ്ങളെ ഒറ്റ കല്പനയായി കാണുകയും, അവസാന വാക്യത്തെ രണ്ട് കല്പനയായി കാണുകയും ചെയ്യുമ്പോൾ, യഹൂദാ പണ്ഡിതന്മാർ നേരെ വിപരീതമായി മനസ്സിക്കുന്നത് എന്തുകൊണ്ടാണ്? തല്മൂദിലും, യെഹൂദാ സർവ്വവിജ്ഞാകോശത്തിലും, മറ്റു യഹൂദാ വെബ്സൈറ്റുകളിലും കാണുന്ന കല്പനകളുടെ വിഭജനം തെറ്റാണോ?

അച്ചൻ പറയുന്നതുപോലെ, biblia hebraica stuttgartensia എന്ന ഹെബ്രായ ബൈബിളിൽ നിന്നാണ് ഇംഗ്ലീഷ് മലയാളം ബൈബിളുകൾ പരിഭാഷ ചെയ്തതെങ്കിൽ, നിയമാവർത്തനത്തിലെ 21-ാം വാക്യത്തിലെങ്കിലും സെത്തുമ അഥവാ, പൂർണ്ണവിരാമം ഇട്ടുകൊണ്ട് രണ്ട് കല്പനകളായി വേർതിരിക്കില്ലായിരുന്നോ? എന്നാൽ, ഇംഗ്ലീഷ് മലയാളം ബൈബിളുകളിലൊന്നിലും പറപ്പാട് 17-ലും നിയമാവർത്തനം 21-ലും പൂർണ്ണവിരാമം കാണുന്നില്ല. മാത്രമല്ല, ചിലതിൽ വിരാമങ്ങളൊന്നും ഇല്ലാതെയും, ചിലതിൽ അല്പവാരാമവൂം, മറ്റുചിലതിൽ അർദ്ധവിരാമവുമാണ് കാണുന്നത്. പി.ഒ.സിയിലും രണ്ടു വാക്യങ്ങളിലും അർദ്ധവിരാമമാണ്. ഇനി പുറപ്പാടിലെയും നിയമാവർത്തനത്തിലേയും വാക്യങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസം കാണുക: “അയല്‍ക്കാരൻ്റെ ഭവനം മോഹിക്കരുത്‌; അയല്‍ക്കാരൻ്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവൻ്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്‌.” (പുറ, 20:17). “നിൻ്റെ അയല്‍ക്കാരൻ്റെ ഭാര്യയെ നീ മോഹിക്കരുത്‌; അവൻ്റെ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവൻ്റെ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്‌.” (നിയ, 5:21). ഒന്നാമത്തേതിൽ, ആദ്യഭാഗം ‘അയല്‍ക്കാരൻ്റെ ഭവനം മോഹിക്കരുത്‌’ എന്നാണെങ്കിൽ, അടുത്തതിൽ, ‘അയല്‍ക്കാരൻ്റെ ഭാര്യയെ നീ മോഹിക്കരുത്‌’ എന്നാണ്. ഹെബ്രായ, സമരിയാ, ഇംഗ്ലീഷ്, മലയാളം ബൈബിളുകളിലെല്ലാം വാക്യം ഇങ്ങനെ തന്നെയാണ്. പിന്നെങ്ങനെ, ഖണ്ഡിതമായി പറയാൻ കഴിയുമച്ചോ 9-ാം പ്രമാണം “അയൽക്കാരൻ്റെ ഭാര്യയെ മോഹിക്കരുത്” എന്നാണെന്ന്?

പി.ഒ.സി. ബൈബിൾ തർജ്ജമ ചെയ്യുമ്പോളൊന്നും ഇങ്ങനെയൊരു പ്രതിസന്ധി പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കിൽ, ‘കൃപ ലഭിച്ചവളെ’ കൃപ നിറഞ്ഞവൾ’ ആക്കിയപോലെ, ഈ വാക്യങ്ങളെ തിരുത്തുകയും, പൂർണ്ണവിരാമം ഇട്ടുകൊണ്ട് രണ്ടു വാക്യങ്ങളായി വേർതിരിക്കുകയും ചെയ്യാമായിരുന്നു. കള്ളൻ കക്കുന്നതും ബൈബിൾ തിരുത്തുന്നതും ഒരുപോലെയാണ്. ഒരു തെളിവ് എവിടെയെങ്കിലും അവശേഷിക്കാതിരിക്കില്ല. ഇതിപ്പോ, കല്പനയിൽ കള്ളം കാണിച്ചതിന് ഒരുകൊട്ട തെളിവുണ്ട്. ഇനി, പുറപ്പാടിലെ വാക്യം ഞങ്ങൾ അംഗീകരിക്കുന്നില്ല; നിയമാവർത്തനം മാത്രമേ അംഗീകരിക്കൂ എന്ന് അച്ചൻ പറയുമായിരിക്കും. എങ്കിൽ, അതിലെ 21-ാം വാക്യം മാത്രമൊന്ന് പരിശോധിക്കാം: “അയൽക്കാരൻ്റെ ഭാര്യയെ മോഹിക്കരുത്” എന്നത് ഒരു കല്പനയും, ബാക്കിയുള്ള “ഭവനം, വയൽ, ദാസൻ, ദാസി, കാള, കഴുത, മറ്റെന്തെങ്കിലും” ഇതുമുഴുവൻ ഒറ്റ കല്പന ആകുന്നതെങ്ങനെ? ഇതിനെയും വിഭജിച്ച് ഏഴ് കല്പനകൾ ആക്കാമല്ലോ? അയൽക്കാരൻ്റെ മകളെക്കുറിച്ച് ഇവിടെ എടുത്തുപറഞ്ഞിട്ടുമില്ല; മകളെ ഉൾപ്പെടുത്തിയിരിക്കുന്നത് ‘മറ്റെന്തെങ്കിലും’ എന്നതിലാണ്. മകളെ ആർക്കുവേണമെങ്കിലും മോഹിക്കാമെന്നാണോ? മകളേക്കാൾ എന്തു വിശേഷതയാണ് ഭാര്യയ്ക്കുള്ളത്? ഹെബ്രായ, ഗ്രീക്ക് ഭാഷകൾ വശമില്ലാത്തവർക്കും, ബൈബിൾ പരിജ്ഞാനം ഇല്ലാത്തവർക്കുപോലും 21-ാം വാക്യത്തിൻ്റെ പശ്ചാത്തലത്തിൽ നിന്ന് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്; ” “അയൽക്കാരൻ്റെ യാതൊന്നും മോഹിക്കരുത്” എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്. എന്നിട്ട്, ഭാര്യ, ഭവനം, വയൽ, ദാസൻ, ദാസി, കാള, കഴുത എന്നിങ്ങനെ ചില ഉദാഹരണങ്ങളും കൊടുത്തിരിക്കുന്നു.

ഇനി വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട്. biblia hebraica stuttgartensia എന്ന ഹെബ്രായ ബൈബിളിലെ കുത്തും, കോമയും നോക്കിയാണ് ബൈബിളിൾ പരിഭാഷ ചെയ്തിരിക്കുന്നതും, കല്പനകളെ വിഭജിച്ചിരിക്കുന്നതെന്നും പറഞ്ഞല്ലോ. അച്ചനോടൊന്ന് ചോദിച്ചോട്ടെ; ഹെബ്രായ ബൈബിളില്ലാത്ത പതിനൊന്ന് പുസ്തകങ്ങൾ പി.ഒ.സി. ബൈബിനോട് ചേർത്ത നിങ്ങൾ, ഹെബ്രായ ബൈബിളിലെ കുത്തും കോമയും വരെ നോക്കിയാണ് പത്തു പ്രമാണങ്ങൾ വിഭജിച്ചിരിക്കുന്നതെന്ന് പറയാൻ ലജ്ജ തോന്നണില്ലേ???… അച്ചൻ്റെ ഈ വ്യഖ്യാന തന്ത്രത്തിൽനിന്ന് മനസ്സിലാകുന്ന ശരിയായ വസ്തുത ഇതാണ്: കത്തോലിക്കാ വിശ്വാസികൾ ബൈബിൾ സൂക്ഷ്മമായി പഠിക്കാത്തവരാണെന്ന് അറിയാവുന്നതുകൊണ്ട്, അവരെ വഞ്ചിക്കാൻ ബോധപൂർവ്വം വിഗ്രഹാരാധനയെക്കുറിച്ചുള്ള 2-ാം കല്പന 1-ാം കല്പനയോടു ചേർത്ത് ഗുപ്തമാക്കി വെയ്ക്കുകയും, 10-ാം കല്പനയെ വിഭജിച്ച് രണ്ടുകല്പനകൾ ആക്കുകയുമാണ് ചെയ്തത്.

3. കത്തോലിക്കാ സഭ കല്പനകളെക്കുറിച്ച് പഠിപ്പിക്കുന്നില്ല എന്ന ആരോപണത്തിന് വലിയൊരു ‘ഗ്രന്ഥം’ ഉയർത്തിക്കാണിച്ചു കൊണ്ടുള്ള അച്ചൻ്റെ പ്രതീകരണം: സഭയുടെ മതബോധന ഗ്രന്ഥത്തിൻ്റെ 505 മുതൽ 528 വരെയുള്ള പേജുകൾ ദൈവപ്രമാണങ്ങളെപ്പറ്റി മാത്രം സംസാരിക്കുന്നതാണ്.

മറുപടി: പള്ളിയായ പള്ളിമുഴുവൻ ദൈവകല്പനയ്ക്ക് എതിരായി വിഗ്രഹങ്ങളെക്കൊണ്ട് നിറച്ചിട്ട്, കല്പനകൾ നന്നായിട്ട് പഠിപ്പിക്കുന്നുണ്ടെന്ന് പറയുന്നത് അപഹാസ്യമാണച്ചോ. പത്തു പ്രമാണങ്ങളിൽ ആദ്യത്തെ രണ്ടെണ്ണമാണ് പ്രധാനപ്പെട്ടവ: ‘യഹോവ മാത്രമാണ് ദൈവമെന്നും,’ ‘ദൈവമല്ലാത്തവയെ അഥവാ, വിഗ്രഹങ്ങളെ സേവിക്കുകയും, അവയെ നമസ്കരിക്കുകയും ചെയ്യരുതെന്നാണു’ ആ കല്പന. അതാണ് എല്ലാ കല്പനയുടേയും അടിത്തറ. “അടിത്തറ തകര്‍ന്നാല്‍ നീതിമാന്‍ എന്തുചെയ്യും?” എന്ന് സങ്കീര്‍ത്തനക്കാരൻ ചോദിക്കുന്നുണ്ട്. (11:3). ഇതിൽക്കുടുതൽ എന്ത് ചെയ്യാനാണ്???… അടുത്ത എട്ടെണ്ണം ധാർമ്മിക വിശുദ്ധിക്കു വേണ്ടിയുള്ളതാണ്. ആദ്യത്തെ കല്പനകൾ അനുസരിക്കാതെ, 22 അല്ല, 2200 പേജുകളിൽ പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞാലും പ്രയോജനമില്ല. കല്പനകൾ തിരുത്തിയെന്ന് ആരോ പറഞ്ഞെന്ന് പറഞ്ഞാണല്ലോ അച്ചൻ വീഡിയോ ചെയ്തത്. എന്നാൽ, ഇന്ന് റോയി ആൻഡ്രൂസ് എന്ന ഞാൻ ബൈബിൾ വെച്ച് സാക്ഷ്യപ്പെടുത്തുന്നു: “പത്തുകല്പനകളിലെ ഒന്നും, രണ്ടും കല്പനകൾ നിങ്ങൾ പ്രമാണിക്കുന്നേയില്ല.” പ്രമാണിക്കുന്നില്ലെന്നു മാത്രമല്ല, അതുരണ്ടും ഒറ്റ കല്പനയാണെന്ന് പറഞ്ഞ്, വിഗ്രഹാരാധനയെക്കുറിച്ചുള്ള കല്പനകൾ നിങ്ങൾ ഗുപ്തമാക്കിക്കളഞ്ഞില്ലേ? യഹൂദന്മാർ പിൻതുടരുന്ന പുറ, 20:2-ഉം, നിയ, 5:6-ഉം ആണ് ഒന്നാം കല്പനയെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (മർക്കോ, 12:29). പ്രൊട്ടസ്റ്റൻ്റുകാർക്ക് വിഭജനത്തിൽ പിശക് പറ്റിയിട്ടുണ്ടെങ്കിലും, വിഗ്രഹാരാധനയെ രണ്ടാം കല്പനയായിട്ട് തന്നെയാണ് കാണുന്നത്. നിങ്ങൾ രണ്ടാം കല്പനയെ ഒന്നാം കല്പനയുമായി ചേർത്ത് മുക്കികളയുകയും, പത്താം കല്പനയെ വിഭജിച്ച് രണ്ട് കല്പനയാക്കുകയും ചെയ്തത് സാത്താന്യ വഞ്ചനയല്ലേ? അല്ലെങ്കിൽ കുറച്ചുപേരെങ്കിലും വിഗ്രഹാരാധനയെന്ന മഹാപാപത്തിൽ നിന്ന് രക്ഷപെടില്ലായിരുന്നോ? “ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്‌.” (പുറ, 20:3) എന്ന രണ്ടാമത്തെ കല്പനയുടെ സാരം: നീ യാതൊന്നിനു വേണ്ടിയും സത്യദൈവത്തെ അല്ലാതെ, മറ്റാരെയും ആശ്രയിക്കരുതെന്നാണ്. ഒന്നുകൂടി പറഞ്ഞാൽ, മനുഷ്യർ ദൈവത്തോടുള്ള സ്നേഹവും, ആദരവും, ആശ്രയവും, പ്രാർത്ഥനയും, ഭക്തിയും, മഹത്വവും മറ്റൊരുത്തനും പങ്കുവെയ്ക്കാൻ പാടില്ല എന്നാണ്. ദൈവം ഏശയ്യാ പ്രവചനത്തിൽ അത് വ്യക്തമാക്കിയിട്ടുണ്ട്: “ഞാനാണു കര്‍ത്താവ്‌; അതാണ്‌ എൻ്റെ നാമം. എൻ്റെ മഹത്വം ഞാൻ മറ്റാര്‍ക്കും നല്‍കുകയില്ല; എൻ്റെ സ്‌തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല.” (ഏശ, 42:8). എന്നാൽ നിങ്ങൾ ചെയ്യുന്നത് എന്താണ്? കർത്താവിനേക്കാൾ അധികം പുണ്യവാളന്മാരിലും പുണ്യവതികളിലും അവരുടെ കൊത്തുവിഗ്രഹങ്ങളിലുമാണ് ആശ്രയിക്കുന്നത്. യേശുക്രിസ്തു മാത്രമാണ് ഏകമദ്ധ്യസ്ഥനെന്ന് ബൈബിൾ പ്രഖ്യാപിക്കുമ്പോൾ, നിങ്ങൾ നിദ്രപ്രാപിച്ച വിശുദ്ധന്മാരേയും വിശുദ്ധകളേയും മദ്ധ്യസ്ഥന്മാരായി അവരോധിച്ചിരിക്കയാണ്. മരിച്ചുപോയ അവരുടെ വിഗ്രഹങ്ങളോട് അപേക്ഷിക്കുകയും, പിന്നെ അവർക്കുവേണ്ടി അപേക്ഷിക്കുകയും ചെയ്യുന്നില്ലേ? അവരെ തൊട്ടുമുത്തുകയും, നേർച്ചകാഴ്ചകൾ അർപ്പിക്കുകയും ചെയ്യുന്നില്ലേ? ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന് യുക്തിവാദികൾ പറയുന്നത് പള്ളിക്കും ബാധകമല്ലേ? ഇന്നത്തെ പള്ളികൾ അന്ധവിശ്വാസങ്ങളുടെ കൂടല്ലേ? രാഷ്ട്രീയക്കാർ രക്തസാക്ഷികൾക്കു വേണ്ടി കടിപിടികൂടുകയും ഒടുവിൽ അവർക്കുവേണ്ടി മണ്ഡപം പണിയുകയും ചെയ്യുന്നതുപോലെ, ക്രിസ്തുവിനുവേണ്ടി രക്തസാക്ഷികളായവരുടേയും അല്ലാത്തവരുടേയും പ്രതിമകൾ ഉണ്ടാക്കി വിശ്വാസികളെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്. ജീവിച്ചിരുന്നു എന്നതിനുപോലും തെളിവുകളില്ലാത്ത വിശുദ്ധന്മാർക്കും വിശുദ്ധകൾക്കും പ്രതിമകളും പള്ളികളും ഉണ്ടിവിടെ. ഒരു മാർപ്പാപ്പ തന്നെ അതിനെക്കുറിച്ച് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഈ വിഗ്രഹങ്ങളെയൊക്കെ ഉണ്ടാക്കിവെക്കുന്നത് ദ്രവ്യാഗ്രഹം മൂലമാണെന്ന് പുതിയനിയമത്തിൽ പൗലൊസ് പറഞ്ഞിട്ടുണ്ട്: “അതുകൊണ്ട്‌ നിങ്ങളിൽ ഭൗമികമായിട്ടുള്ളതെല്ലാം – അസന്‍മാര്‍ഗികത, അശുദ്ധി, മനഃക്ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്‌തി ഇവയെല്ലാം – നശിപ്പിക്കുവിന്‍.” (കൊളോ, 35). ദ്രവ്യാസക്തിയുടെ പരിണിതഫലമാണ് ഇന്ന് പള്ളികളിൽ വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നത്. “ഒരു വിഗ്രഹമുണ്ടായാൽ ഒരു നേർച്ചപ്പെട്ടിയായി, പെരുന്നാളായി, നൊവേനയായി, പ്രാർത്ഥനാ പുസ്തകമായി, പാട്ടു പുസ്തകമായി, വഴിപാടായി, നേർച്ചയായി, കാഴ്ചയായി, അടിമയിരുത്തലായി ഇങ്ങനെ തൂടങ്ങി സമ്പത്ത് കുമിഞ്ഞുകൂടുകയായി.” ഇത് ദൈവകല്പനയുടെ നഗ്നമായ ലംഘനമല്ലെങ്കിൽ പിന്നെന്താണ്???…

പത്ത് കല്പനകളിൽ വിഗ്രഹാരധനയ്ക്കെതിരായി ശക്തമായ താക്കീതുണ്ട്: “ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്‌. നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്‌; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമ സ്വരൂപമോ ഉണ്ടാക്കരുത്‌. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, നിൻ്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്‍മാരുടെ തിന്മമൂലം ശിക്‌ഷിക്കുന്ന അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എൻ്റെ കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരം തലമുറവരെ ഞാന്‍ കാരുണ്യം കാണിക്കും.” (നിയമാ, 5:8-10; പുറ, 20:3-6). പള്ളികളിൽ ഉണ്ടാക്കിവെച്ചിരിക്കുന്ന ഈ കൊത്തുവിഗ്രഹങ്ങൾ ആകാശത്തിലും, ഭൂമിയിലും, ജലത്തിലുമള്ള യാതൊന്നിൻ്റേയുമല്ലേ???… പള്ളിയിലുള്ള പ്രതിമകളുടെ മുമ്പിൽ ആരും കുമ്പിട്ട് നമസ്ക്കരിക്കാറില്ലേ???… ഞാൻ മുപ്പത്തഞ്ചു വയസ്സുവരെ ഈ വിഗ്രഹങ്ങളെ കുമ്പിട്ട് നമസ്കരിച്ചിട്ടുണ്ട്. അതിനെയാണ് ആരാധനയെന്ന് മേല്പറഞ്ഞ വാക്യത്തിൽ പറയുന്നത്. ദൈവം ഏറ്റവും വെറുക്കുന്ന പാപമാണ് വിഗ്രഹാരാധനയെന്നും മുകളിലെ വാക്യത്തിൽനിന്നും മനസ്സിലാക്കാം. നിങ്ങൾ കുമ്പിട്ട് നമസ്കരിക്കുകയും, പ്രാർത്ഥന അപേക്ഷിക്കുകയും ചെയ്യുന്ന വിഗ്രഹങ്ങളുടെ നിസ്സഹായാവസ്ഥയും, അതിനെ ആശ്രയിക്കുന്നവർ എത്ര അരിഷ്ടന്മാരാണെന്നും സങ്കീർത്തനക്കാരൻ പറഞ്ഞിട്ടുണ്ട്: “ജനതകളുടെ വിഗ്രഹങ്ങൾ സ്വര്‍ണവും വെള്ളിയുമാണ്‌; മനുഷ്യരുടെ കരവേലകള്‍മാത്രം! അവയ്‌ക്കു വായുണ്ട്‌, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്‌, എന്നാല്‍ കാണുന്നില്ല. അവയ്‌ക്കു കാതുണ്ട്‌, എന്നാല്‍ കേള്‍ക്കുന്നില്ല: മൂക്കുണ്ട്‌, എന്നാല്‍ മണത്തറിയുന്നില്ല. അവയ്‌ക്കു കൈയുണ്ട്‌, എന്നാല്‍ സ്‌പര്‍ശിക്കുന്നില്ല; കാലുണ്ട്‌, എന്നാല്‍ നടക്കുന്നില്ല; അവയുടെ കണ്‌ഠത്തില്‍നിന്നു സ്വരം ഉയരുന്നില്ല. അവയെ നിര്‍മിക്കുന്നവര്‍ അവയെപ്പോലെയാണ്‌; അവയില്‍ ആശ്രയിക്കുന്നവരും അതുപോലെതന്നെ. ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവുംപരിചയും.” (സങ്കീ, 115:4-9; 135:15-18). സഭയുടെ അത്രയും വലിയ മതബോധനന ഗ്രന്ഥത്തിൽ മേല്പറഞ്ഞ കല്പനകൾ പടിപ്പിക്കുന്നില്ലെങ്കിൽ, പിന്നെയെന്തിനാണച്ചോ മതബോധനഗ്രന്ഥം???… മാതാപിതാക്കന്മാ‍രെ ബഹുമാനിക്കാനും, കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്‌, മോഷ്ടിക്കരുത്‌, കള്ളസാക്ഷി പറയരുത്‌, അന്യന്‍റെ യാതൊന്നും മോഹിക്കരുതെന്ന് പഠിപ്പിക്കാൻ മതബോധനഗ്രന്ഥമെന്നല്ല, ബൈബിളുപോലും വേണ്ടച്ചോ. യഥാർത്ഥമായി ക്രിസ്തുവിലായ ഒരു മനുഷ്യൻ ഇതൊന്നും ചെയ്യില്ല. ലോകത്തിൽത്തന്നെ ധാർമ്മികതയുള്ള മനുഷ്യരാരും ഈ പാപം ചെയ്യാറുമില്ല.

മുകളിൽപ്പറഞ്ഞ കാര്യങ്ങൾ അച്ചൻ്റെ വിദ്യാബഹുത്വത്താലോ, വെളിപാടുകളുടെ ആധിക്യത്താലോ പറഞ്ഞതാണെന്ന് കരുതി വിശ്വാസികൾ ക്ഷമിച്ചേക്കാം. എന്നാൽ ഇനിയച്ചൻ പറയുന്ന കാര്യങ്ങൾ ഏതാത്മാവിലാണെന്ന് വിശ്വാസികൾ വിലയിരുത്തും, വിലയിരുത്തണം.

4. വിഗ്രഹങ്ങളോടുള്ള ബന്ധത്തിൽ കല്പന ലംഘിച്ചു എന്നതിൻ്റെ അച്ചൻ്റെ പ്രതീകരണം: സഭയിലെ തിരുസ്വരൂപങ്ങളെപ്പറ്റിയാണ് ഈ ആരോപണം. പഴയനിയമത്തിൽ ഇസ്രായേൽ ജനം ദൈവത്തിനു പകരമായി വിഗ്രഹങ്ങളെയും രൂപങ്ങളെയും ഉണ്ടാക്കി ആരാധിച്ചിരുന്നു. ഇതിനു തെളിവും പിടിച്ചോ: പുറപ്പാട് പുസ്തകത്തിൽ ബസാലേലിനെക്കൊണ്ട് വിഗ്രഹമുണ്ടാക്കിച്ചതും, മോശയോട് കെരൂബുകളെ ഉണ്ടാക്കാൻ പറഞ്ഞതും, മരുഭൂമിൽ പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്താൻ പറഞ്ഞതും ദൈവമാണ്. ദൈവം പറഞ്ഞത് വിഗ്രഹങ്ങൾ ഉണ്ടാക്കരുതെന്നല്ല: വിഗ്രഹങ്ങളെ ആരാധിക്കരുതെന്നാണ് അർത്ഥം.

മറുപടി: ഒന്നാമത്തെ കാര്യം: സഭയ്ക്കകത്തുള്ളത് വിഗ്രഹങ്ങളല്ല, തിരുസ്വരൂപങ്ങളാണുള്ളത്. അപ്പോൾ ഈ വിഗ്രഹം എന്നു പറഞ്ഞാൽ എന്താണ്???… ഹൈന്ദവർ ഉണ്ടാക്കിവെച്ച് ആരാധിക്കുന്നതെല്ലാം വിഗ്രഹങ്ങളാണ്; അവർതന്നെ അത് സമ്മതിക്കുന്നുണ്ട്. അവരുടെ പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന അഥവാ, ജീവിച്ചിരുന്നു എന്ന് അവർ വിശ്വസിക്കുന്നവരുടെ രൂപങ്ങളാണ് അവർ ഉണ്ടാക്കിയിരിക്കുന്നത്. കത്തോലിക്കർ ഉണ്ടാക്കുമ്പോൾ തിരുസ്വരൂപങ്ങളും, ഹൈന്ദവർ ഉണ്ടാക്കുമ്പോൾ വിഗ്രഹങ്ങളുമാകുമോ???… അല്ലെങ്കിൽ വിഗ്രഹങ്ങളുടെ പേര് തിരുസ്വരുപങ്ങളെന്ന് മാറ്റിയാൽ വിഗ്രഹാരാധന അല്ലാതാകുമോ???… വിഗ്രഹങ്ങൾ എന്താണെന്നറിയാൻ അതിൻ്റെ നിർവ്വചനം രണ്ടാം കല്പനയിൽത്തന്നെ ഉണ്ടച്ചോ. “നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്‌; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമ ഉണ്ടാക്കരുത്‌.” (നിയ, 5:8). മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍െറയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌.” (പുറ, 20:4). പള്ളികളിൽ ഉണ്ടാക്കിവെച്ചിരിക്കുന്ന പ്രതിമകൾ ആകാശത്തിലും, ഭൂമിയിലും, ജലത്തിലും ഉള്ളതല്ലെങ്കിൽ, പിന്നെയെവിടെ ജീവിച്ചിരുന്നവരാണച്ചോ? സ്വർഗ്ഗീയ ജീവികളെങ്ങാനുമാണോ???… നിങ്ങൾ വർഷങ്ങളോളം സെമിനാരികളിൽ പഠിക്കുന്നത് ബൈബിളല്ലേ? അതോ, വിശ്വാസികളെ എങ്ങനെ വഞ്ചിക്കണമെന്നും, സഭയിൽ വിഗ്രഹങ്ങൾ നിറച്ച് എങ്ങനെ കാശുണ്ടാക്കാമെന്നാണോ???… പത്തു പ്രമാണങ്ങളിൽ രണ്ട് പ്രമാണങ്ങൾക്ക് മാത്രമാണ് വിശദീകരണമുള്ളത്. 2-ാം കല്പനയ്ക്കും, 4-ാം കല്പനയ്ക്കും. ‘ഒരു വിഗ്രഹവും ഉണ്ടാക്കരുതു’ എന്നൂമാത്രമല്ലച്ചോ കല്പന. ‘ഒന്നിൻ്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുതു’ എന്നുകൂടിയുണ്ട്. രണ്ടാം പ്രമാണം ഇത്രയും വ്യക്തമായും കൃത്യമായും വിശദീകരണത്തോടെ എഴുതിവെച്ചിട്ടും, പള്ളികളിലുള്ള പ്രതിമകളും, സ്വരൂപങ്ങളും വിഗ്രഹങ്ങളല്ല, തിരുസ്വരൂപങ്ങളാണെന്ന് പറയുമ്പോൾ, അച്ചന് ഹൃദയത്തിൽ കുത്തുകൊള്ളുന്നില്ലേ???… അച്ചൻ ഏതാത്മാവിന് അധീനനാണ്???… അച്ചൻ ലംഘിക്കുകയും വിശ്വാസികളെ ലംഘിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന കല്പന മോശ എഴുതിയതല്ലച്ചോ, ദൈവം തൻ്റെ വിരലുകൾ കൊണ്ട് എഴുതിയ കല്പനയാണ്. സാത്താൻ പോലും പേടിക്കുന്ന കാര്യമാണ് കത്തോലിക്കാ സഭ ഒരുളുപ്പുമില്ലാതെ ചെയ്യുന്നത്. മോശ വഴി കൊടുത്ത പഴയനിയമം ലംഘിക്കുന്നവരെ കരുണകൂടാതെ ദൈവം ശിക്ഷിച്ചുവെങ്കിൽ, ദൈവപുത്രൻ വഴിയുള്ള പുതിയനിയമത്തെ ലംഘിക്കുന്നവർക്ക് ശിക്ഷ വരികയില്ലെന്നാണോ അച്ചൻ കരുതുന്നത്? അതിൻ്റെ ഉത്തരം ഹെബ്രായ ലേഖകൻ പറയും: “മോശയുടെ നിയമം ലംഘിക്കുന്ന മനുഷ്യൻ കരുണ ലഭിക്കാതെ രണ്ടോ മൂന്നോ സാക്‌ഷികളുടെ സാന്നിധ്യത്തിൽ മരിക്കുന്നു. ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്‌തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്‌തവനു ലഭിക്കുന്ന ശിക്‌ഷ എത്ര കഠോരമായിരിക്കുമെന്നാണ്‌ നിങ്ങൾ വിചാരിക്കുന്നത്‌? പ്രതികാരം എൻ്റേതാണ്‌. ഞാന്‍ പകരംവീട്ടും എന്നും കര്‍ത്താവു തൻ്റെ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു. ജീവിക്കുന്ന ദൈവത്തിൻ്റെ കൈയില്‍ചെന്നു വീഴുക വളരെ ഭയാനകമാണ്‌.” (ഹെബ്രാ, 10:28-31). ജീവനുള്ള ദൈവത്തിൻ്റെ കയ്യിൽനിന്നു പണിമേടിക്കല്ലേ അച്ചോ.

അടുത്തത്, വിഗ്രമുണ്ടാക്കാൻ കല്പിച്ചത് ദൈവമാണത്രേ. ഇത് കൃപായുഗമായതുകൊണ്ടാണ് അച്ചനിതു പറഞ്ഞിട്ടും ജീവനോടിരിക്കുന്നത്. നിയമത്തിൻ്റെ യുഗമായിരുന്നെങ്കിൽ അച്ചനിതു ഹൃദയത്തിൽ ചിന്തിക്കുമ്പോൾത്തന്നെ കൃമിക്കിരയാകുമായിരുന്നു. ആദിമനുഷ്യനായ ആദാമും ഇതുപോലൊരു വികടത്തരം പറഞ്ഞതായി ബൈബിളിലുണ്ട്. അതിൻ്റെ ഫലമാണ് മനുഷ്യവർഗ്ഗം മുഴുവനും ഇന്നനുഭവിക്കുന്നത്. പക്ഷിമൃഗാദികളെയെല്ലാം ദൈവം ജോഡിയായി സൃഷ്ടിച്ചു, ആദാമിനെ മാത്രം ഒറ്റയ്ക്കും. എന്നിട്ട്, ജീവികൾക്കെല്ലാം പേരിടുവാൻ ദൈവം ആദാമിനോട് കല്പിച്ചു. ആദാം എല്ലാ ജീവികളേയും കൂട്ടിവരുത്തി, അവയ്ക്കെല്ലാം പേരിട്ടു. എങ്കിലും, തനിക്കിണങ്ങിയ ഒരു തുണയെ ആദാമിനു കണ്ടുകിട്ടിയില്ല. സത്യം പറഞ്ഞാൽ, അക്കൂട്ടത്തിൽ നിന്ന് ഒരു തുണയെ ആദാം ആഗ്രഹിച്ചാലും കിട്ടില്ല, അവയ്ക്കെല്ലാം പരസ്പരം ഇണയും തുണയും ഉണ്ടായിരുന്നു. അങ്ങനെ, അണ്ടികളഞ്ഞ അണ്ണാനെപ്പോലെ ആദാമിരിക്കുമ്പോഴാണ്, ദൈവം അവനെ ഗാഢനിദ്രയിലാക്കി ഹവ്വായെ സൃഷ്ടിക്കുന്നത്. ഉറക്കമുണർന്ന ആദാം നീയാരാണെന്ന് സ്ത്രീയോടോ, ഇവളാരാണെന്ന് ദൈവത്തോടോ ചോദിച്ചില്ല. അവൻ പറഞ്ഞത്: “ഒടുവില്‍ ഇതാ എൻ്റെ അസ്‌ഥിയില്‍നിന്നുള്ള അസ്‌ഥിയും മാംസത്തില്‍നിന്നുള്ള മാംസവും” എന്നാണ്. (ഉല്പ, 2:23). അങ്ങനെ അസ്ഥിയും മാംസവും കൂടി ഏദൻ തോട്ടത്തിൽ താമസമായി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ലൂസിഫറാശാൻ സർപ്പത്തിന്മേൽ കയറി വന്ന് ഹവ്വായെക്കൊണ്ട് പാപം ചെയ്യിച്ചു, അവൾ മുഖാന്തരം ആദാമും പാപത്തിനടിമയായി. ദൈവം വന്ന് ആദാമിനോട് ചോദിച്ചു: “തിന്നരുതെന്ന്‌ ഞാൻ കല്‍പിച്ച വൃക്‌ഷത്തിൻ്റെ പഴം നീ തിന്നോ?” അപ്പോൾ അവൻ പറഞ്ഞ മറുപടി വിശുദ്ധഗ്രന്ഥത്തിൽ നിന്നു ചേർക്കുന്നു: “എന്നോടു കൂടെ ആയിരിപ്പാന്‍ നീ തന്ന സ്ത്രീ ആ വൃക്ഷത്തിന്‍റെ ഫലം എനിക്കു തന്നു; ഞാന്‍ തിന്നുകയും ചെയ്തു.” ഇപ്പോൾ അസ്ഥിയുമില്ല, മാംസവുമില്ല, ‘നീ തന്ന സ്ത്രീ’ കുറ്റം ദൈവത്തിനു വെച്ചുകൊടുത്തു. ആദാമിൻ്റെ മറുപടി മോശ വളരെ സഭ്യമായ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ: ‘ഞാനെങ്ങാനും ചോദിച്ചിട്ടാണോ ആ സാധനത്തിനെ എൻ്റെ തലയിൽ കെട്ടിവെച്ചത്. ഇനി, നീതന്നെ അനുഭവിച്ചോ’ എങ്ങനെയുണ്ട്. ഞാൻ വിചാരിക്കുന്നത്, ആദാം വൃക്ഷഫലം തിന്നതല്ല കുറ്റം, അവൻ്റെ ഈ മറുപടിയാണ്. “കർത്താവേ, എൻ്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവുമായവൾ തന്നപ്പോൾ, ഞാൻ അറിയാതെ തിന്നുപോയി. ഞങ്ങളോട് രണ്ടുപേരോടും ക്ഷമിക്കേണമേ” എന്നാണ് ആദാം പറഞ്ഞതെങ്കിൽ ഒരുപക്ഷെ, ചരിത്രംതന്നെ മാറുമായിരുന്നു. പകരം തൻ്റെ തെറ്റ് മുഴുവൻ ദൈവത്തിന് ചാർത്തിക്കൊടുത്തു. ആദാം ദൈവത്തോട് ഒരു തുണയെ ആവശ്യപ്പെട്ടിരുന്നില്ല എന്നത് വാസ്തവമാണ്. പക്ഷെ, ആദാമിൻ്റെ ഹൃദയത്തിലെ ആഗ്രഹമറിഞ്ഞാണ് സർവ്വജ്ഞാനിയായവൻ അവന് തുണയെ കൊടുത്തത്. ആദാം അതിൽക്കേറി പിടിച്ചു, പണി ദൈവത്തിന് തിരിച്ചുവെച്ചു. അതുകൊണ്ടാണ് ആദാമിൻ്റെ സന്തതികളായ മനുഷ്യവർഗ്ഗം ഇന്നും വികടത്തരം മാത്രം പറയുന്നത്.

ബസാലേലിനെ ദൈവീകചൈതന്യം കൊണ്ട് നിറച്ചത് ഇസ്രായേൽ ജനത്തിന് വിഗ്രഹമുണ്ടാക്കി കൊടുക്കാനായിരുന്നോ???… കയ്യിൽ ബൈബിൾ വെച്ചിട്ട് പാരമ്പര്യം വിളമ്പുന്ന അച്ചനോട് ചോദിച്ചിട്ട് എന്താകാര്യം. ബസാലേലിനെ മാത്രമല്ല, ഓഹോലിയാബിനെയും, മറ്റു പല ശില്പവിദഗ്ധന്മാരെയും ദൈവം തിരഞ്ഞെടുത്തു. വിഗ്രഹം പണിയാനല്ല, സമാഗമകൂടാരത്തിൻ്റെ നിർമ്മിതിക്കാണ്. ഈജിപ്റ്റിൽ അടിമവേല ചെയ്യുകയും, വൈക്കോലും വിറകുമില്ലാതെ ഇഷ്ടിക ചുട്ട് ഊപ്പാടുവന്ന് ദൈവത്തോട് നിലവിളിച്ചപ്പോഴാണ്, ദൈവം അവരെ മോശ മുഖാന്തരം പുറപ്പെടുവിച്ച് കനാൻദേശം അവർക്ക് കൊടുക്കാനായി മരുഭൂമിവഴി കൊണ്ടുവന്നത്. മരുഭൂയാത്രയിൽ ദൈവസാന്നിധ്യവും കരുതലും എപ്പോഴുമവർക്ക് ഉണ്ടാകാൻ, ദൈവത്തിന് അവരുടെമദ്ധ്യേ വസിക്കാനാണ് സമാഗമകൂടാരം നിർമ്മിച്ചത്. ഈ സമാഗമകൂടാരത്തിൻ്റെ നിർമ്മിതിക്കുവേണ്ടി കൊത്തുപണികൾ ചെയ്യാനാണ് ബസാലേലിനെയും കൂട്ടരേയും ദൈവീക ചൈതന്യം കൊണ്ട് നിറച്ചത്. കൊത്തുപണിയെന്നാൽ വിഗ്രഹം കൊത്തുന്ന പണിയാണെന്ന് അച്ചനോട് ആരാണ് പറഞ്ഞത്? ബസാലേൽ പണിത വിഗ്രഹത്തെക്കുറിച്ച് അച്ചൻ ഏതു ബൈബിളിലാണ് വായിച്ചിട്ടുള്ളത്? ബൈബിൾ വായിക്കാതെ ബോധക്കേട് വിളിച്ചുപറയുന്നത് പള്ളീലച്ചന്മാർക്ക് ചേർന്ന പണിയാണോ???… ബസാലേൽ പണിതതെന്താണെന്ന് ബൈബിളിൽ എഴുതിയിട്ടുണ്ട്. സമാഗമകൂടാരവും അതിൽ വെയ്ക്കേണ്ട സാമഗ്രികളുമാണ്: “സമാഗമകൂടാരം, സാക്ഷ്യപേടകം, അതിന്‍മേലുള്ള കൃപാസനം, കൂടാരത്തിലെ ഉപകരണങ്ങള്‍മേശയും അതിൻ്റെ ഉപകരണങ്ങളും, വിളക്കുകാലും അതിൻ്റെ ഉപകരണങ്ങളും, ധൂപപീഠം, ദഹന ബലിപീഠവും അതിൻ്റെ എല്ലാ ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിന്‍െറ പീഠവും, ചിത്രത്തുന്നലാല്‍ അലംകൃതമായ വസ്‌ത്രങ്ങള്‍, പുരോഹിതനായ അഹറോൻ്റെ വിശുദ്ധവസ്‌ത്രങ്ങൽ, അവൻ്റെ പുത്രന്‍മാര്‍ പുരോഹിതശുശ്രൂഷ ചെയ്യുമ്പോൾ അണിയേണ്ട വസ്‌ത്രങ്ങൾ, അഭിഷേകതൈലം, വിശുദ്ധ സ്‌ഥലത്തു ധൂപാര്‍പ്പണത്തിനുപയോഗിക്കുന്ന സുഗന്‌ധദ്രവ്യങ്ങൾ ഇവയെല്ലാം ഞാൻ നിന്നോടു കല്‍പിച്ചപ്രകാരം അവര്‍ നിര്‍മിക്കണം.” (പുറ, 31: 7-11). സമാഗമകൂടാരമെന്നാൽ ഇസ്രായേൽ ജനത്തിനു പൂജിക്കാനുള വിഗ്രഹമല്ലച്ചോ, സ്വർഗ്ഗീയ ദൈവത്തിൻ്റെ താല്ക്കാലിക വസതിയാണ്. നല്ലവീട് പണിയാൻ മനുഷ്യർ നല്ല തച്ചനെയാണ് തിരഞ്ഞെടുക്കുന്നത്. ദൈവത്തിൻ്റെ വീടുപണിയാൻ ജ്ഞാനമുള്ള ഒരുത്തനും ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ് തൻ്റെ ദൈവീകചൈതന്യം നല്കി ബസാലേലിനെ തിരഞ്ഞെടുത്തത്. (സമാഗമ കൂടാരത്തെക്കുറിച്ച് കൂടുതൽ അറിയാൻ; ‘സമാഗമനകൂടാരം’ എന്ന ലേഖനം കാണുക).

എന്താണ് കൃപാസനം എന്നറിയാത്തുകൊണ്ടാണ്, കൃപാസനത്തിന്മേലുള്ള കെരുബുകൾ വിഗ്രഹമാണെന്ന് അച്ചൻ പറഞ്ഞത്. ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനഗ്രന്ഥം ബൈബിളാണ്. എന്നാൽ കത്തോലിക്കാ വിശ്വാസത്തിൻ്റെ അടിസ്ഥാനം നില്ക്കുന്നത്, പാപ്പാമാരിലും, പാരമ്പര്യത്തിലും, വിഗ്രഹങ്ങളിലുമാണെന്ന് അച്ചൻ തെളിയിച്ചുകഴിഞ്ഞു. കൃപയുടെ ഇരിപ്പിടമാണ് കൃപാസനം. സമാഗമനകൂടാരത്തിൽ അതിപരിശുദ്ധസ്ഥലത്തു വച്ചിരുന്ന നിയമപെട്ടകത്തിന്റെ മേൽമൂടിക്കു നല്കിയിട്ടുള്ള പേരാണ് കൃപാസനം. മൂടിക്കുമീതെ ഇരുവശവുമായി വെച്ചിരിക്കുന്ന കെരുബുകൾക്കു മദ്ധ്യേയാണ് കർത്താവിൻ്റെ തേജസ്സ് അഥവാ, ഷെഖേന പ്രത്യക്ഷപ്പെട്ടിരുന്നത്: “കൃപാസനം മൂടത്തക്കവിധം കെരൂബുകൾ ചിറകുകൾ മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം. കെരൂബുകൾ കൃപാസനത്തിലേക്കു തിരിഞ്ഞ്‌ മുഖാഭിമുഖം നിലകൊള്ളണം. കൃപാസനം പേടകത്തിനു മുകളില്‍ സ്‌ഥാപിക്കണം. ഞാൻ നിനക്കു തരാന്‍പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തിനുള്ളിൽ നിക്‌ഷേപിക്കണം. അവിടെവച്ചു ഞാൻ നിന്നെ കാണും. കൃപാസനത്തിനു മുകളിൽ നിന്ന്‌, സാക്ഷ്യപേടകത്തിനു മീതേയുള്ള കെരൂബുകളുടെ നടുവില്‍നിന്നു ഞാൻ നിന്നോടു സംസാരിക്കും. ഇസ്രായേലിനുവേണ്ടിയുള്ള എൻ്റെ കല്‍പനകളെല്ലാം ഞാൻ നിന്നെ അറിയിക്കും.” (പുറ, 25’20-22). ഇനി, കെരൂബുകളെ എന്തിനാണ് സാക്ഷ്യപേടകത്തിൻ്റെ മൂടിമേൽ പണിതുവെച്ചതെന്ന് അറിയണം: കെരൂബുകളും, സെറാഫുകളും അവർണ്യമായ ശക്തിയോടും സൗന്ദര്യത്തോടും സൃഷ്ടിക്കപ്പെട്ട ദൂതസഞ്ചയമാണ്. ‘ദൈവം കെരൂബിനെ വാഹനമാക്കി കാറ്റിൻ ചിറകുകളില്‍ പറക്കുന്നതായും, കെരൂബുകളിന്‍മേല്‍ വസിക്കുന്നതായും, കെരൂബുകളുടെമേല്‍ സിംഹാസനസ്‌ഥൻ ആയിരിക്കുന്നതായും’ പറഞ്ഞിട്ടുണ്ട്. (സങ്കീ, 18:10, 80:1; 99:1). കര്‍ത്താവ്‌ ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്‌ടനായിരിക്കുന്നതു ഏശയ്യാ ദർശിക്കുമ്പോൾ, ആറാറു ചിറകുകളുള്ള സെറാഫുകള്‍ ദൈവത്തിനു ചുറ്റുംനിന്ന് പരിശുദ്ധൻ പരിശുദ്ധൻ എന്നിങ്ങനെ സ്തുതിക്കുന്നതായാണ് കണ്ടത്. (ഏശ, 6:1-3). ഇതിൽനിന്ന് മനസ്സിലാകുന്നത്, ദൈവം സ്വർഗ്ഗത്തിൽ വസിക്കുന്നത്, കെരൂബുകടേയും, സെറാഫുകളുടേയും മദ്ധ്യത്തിലോ, കെരൂബുകളിന്മേലോ ആണെന്നാണ്. എസെക്കിയേൽ കാണുന്ന സ്വർഗ്ഗീയ ദൈവാലയത്തിൻ്റെ ഭിത്തികളിലും കെരൂബുകളെ ആലേഖനം ചെയ്തിട്ടുണ്ട്. (എസെ, 41:18,20,25). അതിനർത്ഥം, സ്വർഗ്ഗീയ സിംഹാസനത്തിൻ്റെ പ്രതിരൂപമായിട്ടാണ് ഭൂമിയിലെ താല്ക്കാലിക ദൈവസിംഹസനമായ കൃപാസനത്തിൻ്റെ മൂടിമേലും കെരൂബുകളെ നിർമ്മിക്കാൻ ദൈവം മോശയോട് കല്പിച്ചത്. ഇതിനോട് ചേർത്ത് മറ്റൊന്നുകൂടി കുറിക്കൊള്ളണം: ഇസ്രായേലിൻ്റെ ചരിത്രത്തിലൊരിക്കലും അവർ കെരുബുകളെ ആരാധിച്ചിട്ടില്ല. പിന്നെങ്ങനെ കെരൂബുകൾ വിഗ്രഹമാകും???… (കൃപാസനത്തെക്കുറിച്ച് കൂടുതലറിയാൻ, ‘കൃപാസനം’ എന്ന ലേഖനം കാണുക).

മോശ മരുമൂമിയിൽ ഉയർത്തിയ പിച്ചള സർപ്പം എന്താണെന്നും അച്ചനറിഞ്ഞുകൂട. അറിയാമായിരുന്നയങ്കിൽ, ദൈവം മോശയെക്കൊണ്ട് വിഗ്രഹമുണ്ടാക്കിച്ചു എന്നച്ചൻ പറയില്ലായിരുന്നു. “മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമ ഉണ്ടാക്കരുത്‌” എന്ന് കല്പിച്ചവൻതന്നെ മോശയെക്കൊണ്ട് പ്രതിമയുണ്ടാക്കിച്ചെന്ന് പറഞ്ഞാൽ, അതിൻ്റെ അർത്ഥമെന്താണെന്ന് അച്ചനറിയാമോ???… ലൂസിഫർ പോലും ഇങ്ങനെയൊരാരോപണം ദൈവത്തിനെതിരെ ഉന്നയിച്ചിട്ടില്ല. ഇസ്രായേലിലെങ്ങാനും പോയി ഈ വികടത്തരം വിളമ്പാൻ തോന്നാഞ്ഞത് അച്ചൻ്റെ ഭാഗ്യം. അവർ വല്ല റോക്കറ്റിലും കേറ്റി അച്ചനെ ശൂന്യാകാശത്തിലേക്ക് അയച്ചുകളയുമായിരുന്നു. ഇനി പിച്ചള സർപ്പത്തിലേക്ക് വരാം: “ഇസ്രായേൽ ജനത്തിൻ്റെ കനാനിലേക്കുള്ള മരുഭൂയാത്രയിൽ ഏദോം ചുറ്റിപ്പോകാന്‍ ഹോര്‍ മലയില്‍നിന്നു ചെങ്കടലിലേക്കുള്ള വഴിയേ യാത്ര പുറപ്പെട്ടപ്പോൾ, വഴിദൂരം നിമിത്തം അവർ അക്ഷമരായി ദൈവത്തിനും മോശെയ്ക്കുമെതിരായി സംസാരിച്ചതു നിമിത്തം യഹോവ അയച്ച അഗ്നേയസർപ്പങ്ങളുടെ കടിയേറ്റു വളരെയധികം ജനങ്ങൾ മരിച്ചു. എന്നാൽ ജനം തങ്ങളുടെ പാപത്തെക്കുറിച്ച് അനുതപിച്ചപ്പോൾ, മോശ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും കർത്താവ് കല്പിച്ചതനുസരിച്ച് പിച്ചളകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി വടിയിൽ ഉയർത്തുകയും ചെയ്തു. തുടർന്ന് സർപ്പത്തിന്റെ കടിയേറ്റവർ ആ പിച്ചളസർപ്പത്തെ നോക്കി മരണത്തിൽനിന്നു രക്ഷപ്രാപിച്ചു.” (സംഖ്യാ, 21:4-9). ഈ പിച്ചളസർപ്പം ദൈവം മോശയൊട് ഉണ്ടാക്കാൻ പറഞ്ഞത് തന്നെയാണ്. പക്ഷെ, ഇത് വിഗ്രഹമാണോന്ന് അറിയാൻ പുതിയനിയമം വായിക്കണമച്ചോ. യോഹന്നാൻ്റെ സുവിശേഷത്തിൽ കർത്താവ് തന്നെ പറയുന്നുണ്ടത്: “മോശ മരുഭൂമിയിൽ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടാകേണ്ടതിന്‌ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.” (യോഹ, 3:14-15). “ഞാൻ ഭൂമിയില്‍നിന്ന്‌ ഉയര്‍ത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും” (യോഹ, 12:32) എന്ന് മറ്റൊരു വാക്യവും പറയുന്നു. മോശ മരുമൂമിയിൽ ഉയർത്തിയത് വിഗ്രഹമാണെങ്കിൽ, അതുപോലെ തന്നെ ക്രൂശിൽ ഉയർത്തപ്പെട്ട ക്രിസ്തുവും വിഗ്രഹമാണോ???… അതൊന്നുമല്ലച്ചോ, രക്ഷകനായ ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിന് നിഴലാണ്, മരുഭൂമിയിൽ ഇസ്രായേൽ ജനത്തിൻ്റെ രക്ഷയായി ഭവിച്ച പിച്ചളസർപ്പം. പഴയനിയമത്തിലും രക്ഷയുണ്ട്, പക്ഷെ, അത് പ്രവർത്തിയാലാണ്: “നിയമത്തിൻ്റെ അടിസ്‌ഥാനം വിശ്വാസമല്ല; എന്തെന്നാല്‍, അവ അനുഷ്‌ഠിക്കുന്നവൻ അവവഴി ജീവിക്കും.” (ഗലാ, 3:12; റോമ, 10:5; ലേവ്യ, 18:5; നിയ, 4:1; 6:24). നിയമം കയ്യിൽ വാങ്ങിയ മോശയ്ക്കും, പഴയനിയമത്തിലാർക്കും ഈ നിയമയത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും അനുഷ്ഠിച്ചുകൊണ്ട് രക്ഷ കൈവരിക്കാൻ കഴിഞ്ഞില്ല. (യോഹ, 7:19; പ്രവ, 7:53; 15:10). അതുകൊണ്ടാണ് ദൈവം മനുഷ്യനായി മണ്ണിൽ വെളിപ്പെട്ട് മനുഷ്യരുടെ പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചത്. പുതിയനിയമത്തിൽ രക്ഷയ്ക്കായി വിശ്വാസം മാത്രംമതി, പ്രവൃത്തികൾ ആവശ്യമില്ല. “അവനിൽ വിശ്വസിക്കുന്ന എല്ലാവരും അവൻ്റെ നാമംവഴി പാപമോചനം നേടുമെന്നു പ്രവാചകന്‍മാര്‍ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു.” (പ്രവ, 10:43). പിച്ചളസർപ്പം വിഗ്രഹമായിരുന്നെങ്കിൽ, അതിനെ വെയ്ക്കാൻ ഒരു സ്ഥലം മരുഭൂമിയിൽ ഉണ്ടായിരുന്നല്ലോ? സമാഗമകൂടാരം. പിന്നെന്തിനാണ് വടിയിൽ അഥവാ, കൊടിമരത്തിൽ ഉയർത്തിയത്? പറയാം: സമാഗമകൂടാരത്തെ ചുറ്റിയാണ് നാല്പത് ലക്ഷത്തിലധികം വരുന്ന ഇസ്രായേൽജനം കിലോമീറ്ററുകളോളം താവളമടിച്ചിരിക്കുന്നത്. സമാഗമകൂടാരത്തിനുള്ളിൽ പിച്ചളസർപ്പത്തെ വെച്ചാൽ, ആഗ്നേയ സർപ്പത്തിൻ്റെ കടിയേൽക്കുന്നവർ കിലോമീറ്ററുകൾ ദൂരെനിന്ന് സർപ്പത്തെ നോക്കാൻ ഇഴഞ്ഞു വരേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ, അവരുടെ പ്രവൃത്തിമൂലമാണ് രക്ഷ കിട്ടിയതെന്നുവരും. കൂടാതെ ആ സർപ്പം ഒരു വിഗ്രഹമായി മാറുകയും ചെയ്യും. കൊടിമരത്തിൽ സർപ്പത്തെ തൂക്കിയ കാരണത്താൽ, മരുഭൂമിയിൽ എവിടെവെച്ച് ആഗ്നേയ സർപ്പം അവരെ കടിച്ചാലും, അവർ അവിടെ നിന്നുകൊണ്ട് പിച്ചളസർപ്പത്തെ നോക്കിയാൽ മതിയാകും. നോട്ടം ഒരു പ്രവൃത്തിയല്ല; എൻ്റെ രക്ഷ കൊടിമരത്തേൽ തൂങ്ങിക്കിടപ്പുണ്ട് എന്നുള്ള വിശ്വാസത്തിൻ്റെ പ്രതിഫലനമാണ്. അതുപോലെ, യാതൊരു പ്രവൃത്തിയും കൂടാതെ ക്രൂശിൽ മരിച്ച ക്രിസ്തുവിലുള്ള വിശ്വാസത്താൽ മനുഷ്യന് രക്ഷ പ്രാപിക്കാൻ കഴിയും. “തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന്‌ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.” (യോഹ, 3:15). അങ്ങനെ മനുഷ്യപുത്രൻ ഉയർത്തപ്പെട്ടതിൻ്റെ ഫലമാണ് രക്ഷ: “വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിൻ്റെ ദാനമാണ്‌.” (എഫേ, 2:8). ഭാവിയിൽ ലഭിക്കാനുള്ള രക്ഷയുടെ നിഴലായിട്ടാണ് മോശ മരൂഭൂമിൽ സർപ്പത്തെ ഉയർത്തിയത്. അഥവാ, മിശിഹായിലൂടെ വരുവാനുള്ള സൗജന്യരക്ഷയുടെ മുൻകുറിയായിരുന്നു പിച്ചളസർപ്പം. മോശ ഉയർത്തിയ പിച്ചളസർപ്പം വിഗ്രഹമായിരുന്നെങ്കിൽ, അതിനെ കൊടിമരത്തിലാണോ തൂക്കേണ്ടത്???… കൊടിമരത്തിൽ തൂക്കിയിട്ടിരിക്കുന്ന എത്രവിഗ്രഹങ്ങളെ അച്ചൻ ലോകത്തിൽ കണ്ടിട്ടുണ്ട്???… കൊടിമരത്തിൽ ഉയർത്തുന്നത് വിഗ്രമല്ലച്ചോ, വിജയക്കൊടിയാണ്! അതാണ്, ലോകത്തിൻ്റെ പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് ഉയർത്തപ്പെട്ട കർത്താവായ യേശുക്രിസ്തു. അവൻ ക്രൂശിൽ മരിച്ച് ഒടുങ്ങിപ്പോയവനല്ല; സാത്താൻ്റെ തല ചവിട്ടിയരച്ച് ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നവനാണ്.

Next Page —->

കല്ലെറിയൽ

കല്ലെറിയൽ

ന്യായപ്രമാണ കല്പനയനുസരിച്ച് കല്ലെറിയപ്പെടേണ്ടവർ ഇവരാണ്:

1. ദൈവദൂഷകൻ (ലേവ്യ, 24:15,16)
2. അന്യദൈവങ്ങളെ ആരാധിക്കുന്നവൻ (ആവ, 17:27)
3. അന്യദൈവങ്ങളെ ആരാധിക്കാൻ പ്രേരിപ്പിക്കുന്നവൻ (ആവ, 13:4-10)
4. അന്യദൈവങ്ങളുടെ നാമത്തിൽ പ്രവചിക്കുന്നവൻ (ആവ, 13:15)
5. കുട്ടികളെ ദേവന്മാർക്ക് സമർപ്പിക്കുന്നവർ  (ലേവ്യ, 20:2)
6. തിരുനാമം ദുഷിക്കുന്നവർ (ലേവ്യ, 24:11-14)
7. വെളിച്ചപ്പാട് (ലേവ്യ, 20:27)
8. മന്ത്രവാദി (ലേവ്യ, 20:27)
9. കാളയെക്കൊണ്ടു മനഃപൂർവ്വം മറെറാരാളെ കുത്തി കൊല്ലിക്കുന്നവൻ (പുറ, 21:28-32)
10. ശഠനും മത്സരിയുമായ മകൻ (ആവ, 21:18-21)
11. വ്യഭിചാരി (ആവ, 22:20-24)
12. ശബ്ബത്തു ലംഘിക്കുന്നവൻ (സംഖ്യാ, 15:32-36)

പുരുഷാരത്തിന്റെ കോപവും വിദ്വേഷവും പ്രകടമാവുന്നത് കല്ലെറിയുന്നതിലൂടെയാണ്. (1ശമൂ, 30:6; 1രാജാ, 12:18; മത്താ, 21:35; 23:37; യോഹ, 10:31; അപ്പൊ, 14:5). കല്ലെറിയപ്പെട്ട ചിലരെക്കുറിച്ചു ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

1. ദൈവദൂഷകൻ (ലേവ്യ, 24:14)
2. ശബ്ബത്തുലംഘിച്ചവൻ (സംഖ്യാ, 15:36)
3. ആഖാൻ (യോശു, 7:25)
4. അദോരാം (1രാജാ, 12:18)
5. നാബോത്ത് (1രാജാ, 21:10)
6. സെഖര്യാവ് (2ദിന, 24:21)
7. സ്തെഫാനൊസ് (പ്രവൃ, 7:58)
8. പൗലൊസ് (പ്രവൃ, 14:5, 19). ഇവരിൽ പൗലൊസൊഴികെ കല്ലറിയപ്പെട്ട മറ്റെല്ലാവരും മരിച്ചു.

കർത്താവിന്റെ പ്രാർത്ഥന

കർത്താവിന്റെ പ്രാർത്ഥന (Lord’s Prayer)

ഒരു മാതൃകാപ്രാർത്ഥനയായി കർത്താവ് സ്വശിഷ്യന്മാരെ പഠിപ്പിച്ചത്. മത്തായി സുവിശേഷത്തിൽ ഇത് ഗിരിപ്രഭാഷണത്തിന്റെ ഭാഗമാണ്. മറ്റൊരു ചുറ്റുപാടിലാണ് ലൂക്കൊസിൽ ഈ പ്രാർത്ഥന കർത്താവ് പഠിപ്പിച്ചത്. ഒരു മാതൃക എന്ന നിലയ്ക്ക് വിഭിന്ന സന്ദർഭങ്ങളിൽ ക്രിസ്തു ഈ പ്രാർത്ഥന പറഞ്ഞിരിക്കാനിടയുണ്ട്. ‘നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ’ എന്ന മുഖവുരയോടെയാണ് പ്രാർത്ഥനയുടെ രീതി ക്രിസ്തു ശിഷ്യന്മാരെ പഠിപ്പിച്ചത്. കപടഭക്തിക്കാർ പ്രാർത്ഥിക്കുമ്പോലെ പ്രാർത്ഥിക്കരുതെന്നും (മത്താ, 6:5), ജാതികൾ ചെയ്യുന്നപോലെ ജല്പനം ചെയ്യരുതെന്നും (മത്താ, 6:7), ഉപദേശിച്ചശേഷം ദൈവത്തിന്റെ മുമ്പാകെ സ്വീകാര്യമായ പ്രാർത്ഥന എങ്ങനെയുള്ളതെന്നു ക്രിസ്തു വ്യക്തമാക്കി. ഒരു ശിഷ്യന്റെ അപേക്ഷയ്ക്കുത്തരമായാണ് ലൂക്കൊസ് സുവിശേഷത്തിൽ (11:114) ഈ പ്രാർത്ഥന പഠിപ്പിച്ചത്. പ്രാർത്ഥനയുടെ ഹസ്വരൂപമാണ് ലൂക്കൊസിൽ. ലൂക്കൊഹിൽ വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്നതൊഴിച്ചുള്ള ഭാഗങ്ങൾ മാത്രമാണ് മൗലികമെന്നും ശേഷിച്ചത് പ്രക്ഷിപ്തമാണെന്നും പണ്ഡിതന്മാർ കരുതുന്നു. പ്രക്ഷിപ്തമെന്നു കരുതപ്പെടുന്ന ഭാഗങ്ങൾ സത്യവേദപുസ്തകത്തിൽ വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്നു. മലയാളം ബൈബിളിൽ അതു ഒഴിവാക്കിയിരിക്കുന്നു. ഹ്രസ്വ രൂപമായിരിക്കണം യേശു പഠിപ്പിച്ച പ്രാർത്ഥനയുടെ മലികരൂപം എന്നു പൊതുവെ കരുതപ്പെടുന്നു. പിതാവേ എന്ന ലളിതമായ സംബോധനയാണ് ക്രിസ്തു ഉപയോഗിച്ചതും (മർക്കൊ, 14:36), ആദിമ ക്രൈസ്തവർ പിന്തുടർന്നതും: (റോമ, 8:15; ഗലാ, 4:6). മത്തായി സുവിശേഷത്തിൽ കൊടുത്തിട്ടുള്ള പ്രാർത്ഥനയുടെ പൂർണ്ണമായ പാഠമാണ് ഇവിടെ പരിഗണിക്കുന്നത്.

1. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ: ദൈവത്തോടു പ്രാർത്ഥിക്കേണ്ടത് ഏതു മനോഭാവത്തിലായിരിക്കണമെന്നു യേശു വ്യക്തമാക്കുന്നു. സമ്പൂർണ്ണമായ സ്നേഹത്തിലും കൃപയിലും സമീപസ്ഥനായിരിക്കുന്ന നമ്മുടെ പിതാവായി ദൈവത്തെ സംബോധന ചെയ്യുന്നു. വിശ്വാസത്തോടും സ്നേഹത്തോടും കൂടെ നാം പിതാവിനെ സമീപിക്കുന്നു. സ്വർഗ്ഗസ്ഥനായ എന്ന പ്രയോഗത്തിലൂടെ സർവ്വത്തിന്റെയും ഭരണകർത്താവായ സർവ്വശക്തനോടു നമുക്കുള്ള ഭക്തിയും ബഹുമാനവും പ്രകടമാക്കുന്നു. മത്തായി സുവിശേഷത്തിൽ സ്വർഗ്ഗസ്ഥനായ പിതാവു എന്നു ഇരുപതിലേറെ പ്രാവശ്യം ക്രിസ്തു ദൈവത്തെ പരാമർശിക്കുന്നു. ‘സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവു’ (മത്താ, 7:21; 10:32; 12:50; 15:13; 16:17; 18:11,19,35), ‘സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു’ (മത്താ, 5:16,45,48; 61,14,26,32; 7:11; 18:14), ‘സ്വർഗ്ഗസ്ഥനായ പിതാവു’ (മത്താ, 23:9) എന്നീ പ്രയോഗങ്ങൾ ശ്രദ്ധാർഹമാണ്. ‘ഞങ്ങളുടെ പിതാവേ’ എന്ന സംബോധന എല്ലാ വിശ്വാസികളും ദൈവത്തിൽ ഒന്നാണെന്നു സ്പഷ്ടമാക്കുന്നു.

2. നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; സ്വർഗ്ഗസ്ഥനായ പിതാവിന്റെ മഹത്വവും ദൈവിക നിർണ്ണയവുമാണ് പ്രഥമാപേക്ഷയിലെ പ്രതിപാദ്യം. എല്ലാ മനുഷ്യരും ദൈവത്തെ അറിയുകയും ആരാധിക്കയും ചെയ്യണമെന്നു ദൈവത്തോടപേക്ഷിക്കുന്നു. വിശുദ്ധനായ ദൈവത്തിന്റെ വെളിപ്പാട് എല്ലാവരും അറിയുകയും അംഗീകരിക്കുകയും വേണം. ദൈവത്തിന്റെ നാമം ദൈവത്തിന്റെ പ്രകൃതിയും ശക്തിയും ഉൾക്കൊള്ളുന്നു. മനുഷ്യൻ ദൈവത്തിന്റെ നാമം അശുദ്ധമാക്കി; അതു വിശുദ്ധീകരിക്കുവാൻ ദൈവത്തിനു മാത്രമേ കഴിയൂ: (റോമ, 2:24; യെഹെ, 36:22,23; യെശ, 29:23; സങ്കീ, 74:10,18). കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും: (റോമ . 10:13). ‘അവൻ്റെ വലിയനാമം വിശുദ്ധീകരിക്കപ്പെ ടുകയും , മഹത്വപ്പെടുകയും ചെയ്യട്ടെ’ എന്നാണ് കദ്ദിഷ് ആരംഭിക്കുന്നത്.

3. നിന്റെ രാജ്യം വരേണമേ; ഇവിടെ ഇപ്പോൾ ദൈവത്തിന്റെ വാഴ്ച വ്യാപിപ്പിക്കാനുള്ള അപേക്ഷ. വ്യക്തികളുടെ ഹൃദയങ്ങളിലും ഭൂമിയിലൊക്കെയും ദൈവത്തിന്റെ ഭരണം ഉണ്ടാകേണ്ടതാണ്. ക്രിസ്തു രാജ്യത്തിന്റെ സുവിശേഷമാണു പ്രസംഗിച്ചത്. “കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ:” (മർക്കൊ, 1:15). ദൈവരാജ്യത്തിന്റെ ആക്ഷരികവും പൂർണ്ണവും ആയ വെളിപ്പാട് യുഗാന്ത്യത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ്റെ വീണ്ടും വരവിൽ ദൈവരാജ്യം ശക്തിയോടെ വരും: (മർക്കൊ, 9:1). “അന്നു അവൻ എല്ലാ വാഴ്ചയ്ക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും:” (1കൊരി, 15:24). ‘നിങ്ങളുടെ ജീവിതകാലത്തും നിങ്ങളുടെ നാളുകളിലും യിസ്രായേൽ ഗൃഹത്തിൽ സകലരുടെയും ജീവിതകാലത്തും അവൻ തന്റെ രാജ്യം സ്ഥാപിക്കട്ടെ’ എന്നു കദ്ദിഷിൽ കാണാം.

4. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ലൂക്കൊസ് 11:2-ന്റെ ആധികാരികമായ പാഠത്തിൽ ഈ അപേക്ഷ ഇല്ല. ‘നിന്റെ രാജ്യം വരേണമേ’ എന്ന അപേക്ഷയുടെ വിശദീകരണമാണിത്. സ്വർഗ്ഗത്തിൽ എല്ലാവരും ദൈവത്തിന്റെ ഭരണം സന്തോഷത്തോടെയും നിരുപാധികമായും അനുസരിക്കുന്നു. ദൈവഹിതം അവർ അംഗീകരിക്കയും അനുസരിക്കയും ചെയ്യുന്നു. ഭൂമിയിലും എല്ലാവരും ദൈവഹിതത്തിനു വിധേയപ്പെടണമെന്നു വിശ്വാസി പ്രാർത്ഥിക്കുന്നു. അന്യഹിതങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടു ദൈവഹിതം മാത്രം നിറവേറുമ്പോൾ ദൈവരാജ്യത്തിൽ ദൈവത്തിന്റെ പരമാധികാരം എല്ലാവർക്കും പ്രത്യക്ഷമാവും. ഈ അപേക്ഷ ഭാഗികമായി വർത്തമാന യുഗത്തിൻ്റേതാണ്. എന്നാൽ രാജാധിരാജാവും കർത്താധികർത്താവുമായ യേശുവിന്റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങുന്ന യുഗാന്ത്യത്തിലേക്കു അതു വിരൽ ചൂണ്ടുന്നു. അന്നു അന്ധകാരത്തിന്റെ ശക്തികൾ തുടച്ചുമാറ്റപ്പെടും; ദൈവം സകലത്തിലും സകലവും ആയിത്തീരും: (1കൊരി, 15:28).

5. ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ആദ്യത്തെ മൂന്നപേക്ഷകൾ ദൈവത്തിന്റെ മഹത്വീകരണത്തിനു ഊന്നൽ നല്കുന്നു. തുടർന്നുള്ള മൂന്നപേക്ഷകൾ വിശ്വാസികളുടെ ശാരീരികവും ആത്മികവുമായ ക്ഷേമത്തെ സ്പർശിക്കുന്നവയാണ്. ഈ ലോക ജീവിതത്തിൽ ആവശ്യമായ എല്ലാറ്റിനും ദൈവാനുഗ്രഹവും ദൈവസഹായവും ലഭിക്കുന്നതിനുവേണ്ടി വിശ്വാസികൾ തുറന്ന മനസ്സോടെ പ്രാർത്ഥിക്കേണ്ടതാണ്. ഭൗമികമായ നിലനില്പിനാവശ്യമായ എല്ലാം ഉൾക്കൊള്ളുകയാണ് ആഹാരം എന്ന പദം. ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കുന്നതിനും ദൈവരാജ്യത്തിന്റെ ആഗമനത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനും ദൈവഹിതം ഭൂമിയിൽ ചെയ്യുന്നതിനും വേണ്ടി ഭൗതികമായ ആവശ്യങ്ങൾ നിരന്തരം നിറവേറ്റിത്തരാൻ ദൈവത്തോടപേക്ഷിക്കുന്നു. സാക്ഷാൽ ജീവന്റെ അപ്പമായ യേശുവിനെയും അതു ചൂണ്ടിക്കാണിക്കുന്നു. അനുദിന ഭക്ഷണം, ആവശ്യമായ ആഹാരം, നാളെയുടെ അപ്പം, ജീവൻ്റെ അപ്പം എന്നിങ്ങനെ നാലുവിധത്തിൽ ഈ പ്രയോഗത്തെ വ്യാഖ്യാനിക്കാമെന്നു ജെറോം പറയുന്നു. എന്നാൽ ദൈനംദിന നിലനില്പിനാവശ്യമായ ഭൗതികമായ കരുതലുകളാണ് ഈ അപേക്ഷയിലുള്ളതെന്നു സന്ദർഭത്തിൽ നിന്നു മനസ്സിലാക്കാം.

6. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കണമ; ഇത് ഒരു യാചനയും ഏറ്റുപറച്ചിലുമാണ്. ക്ഷമയ്ക്കുവേണ്ടി അപേക്ഷിക്കുന്നവൻ പാപം ചെയ്തു എന്നു സമ്മതിക്കുന്നു. ലൂക്കൊസ് 11:4-ൽ ഈ അപേക്ഷ “ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു” എന്നാണ്. പാപങ്ങൾ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ‘ഹമർട്ടിയാസ്’ എന്ന ഗ്രീക്കു വാക്കിനു ലക്ഷ്യം തെറ്റിയതു എന്നർത്ഥം. മത്താ, 6:12-ൽ കടത്തിനു ‘ഒഫൈലിമാറ്റ’ എന്ന ഗ്രീക്കുപദമാണ് പയോഗിച്ചിട്ടുള്ളത്. ഈ ഗ്രീക്കുപദം അരാമ്യപ്രയോഗത്തെ അനുരണനം ചെയ്യുന്നു. കടത്തെക്കുറിക്കുന്ന അരാമ്യപദമായ ‘ഹോവ’ പാപം എന്നഅർത്ഥത്തിലും പ്രയോഗിക്കും. പാപത്തിന് പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. പാപക്ഷമ സ്വയം നേടാൻ കഴിയായ്കകൊണ്ടു അതിനുവേണ്ടി ദൈവത്തോടു വിനയമായി യാചിക്കുന്നു. മറ്റുള്ളവരോടു നാം ക്ഷമിക്കുന്നത് ദൈവം നമ്മോടു ക്ഷമിച്ചതിന്റെ അനന്തര ഫലമായിട്ടാണ്. പാപക്ഷമ ദൈവത്തിന്റെ കൃപാദാനമാണ്. ഈ കൃപാദാനം നാം മറ്റുള്ളവരോട് അനുവർത്തിക്കേണ്ട മനോഭാവത്ത വ്യക്തമാക്കിത്തരുന്നു. ദൈവം നമ്മോടു ക്ഷമിച്ചതുകൊണ്ടു നാം മറ്റുള്ളവരോടു ക്ഷമിക്കുന്നു. അപ്പൊസ്തലനായ പൗലൊസ് ഈ സത്യം ഉപദേശമായി പറയുന്നു. “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ:” (എഫെ, 4:32).

7. ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽ നിന്നു ഞങ്ങളെ വിടുവിക്കേണമേ; ആത്മാർത്ഥമായി പാപക്ഷമയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നവൻ വീണ്ടും പാപപ്രേരണയിൽ വീഴാതിരിക്കുവാൻ ആഗ്രഹിക്കുന്നു. അതിനാൽ പൂർവ്വാപേക്ഷയ്ക്ക് അനുചിതമായ തുടർച്ചയത്രേ ഇത്. ദൈവം ആരെയും ദോഷങ്ങളാൽ പരീക്ഷിക്കുന്നില്ല: (യാക്കോ, 1:13). ദൈവം നമ്മുടെ ജീവിതത്തിന്റെ ചുറ്റുപാടുകളെ നിയന്ത്രിക്കുന്നു. പാപപ്രേരണയോടു കൂടിയവരാണെന്നു നാം ദൈവത്തോട് ഏറ്റുപറയുകയും, പാപപ്രേരണയുള്ള ചുറ്റുപാടുകളിൽ വീഴാതിരിക്കാൻ സഹാരിക്കണമേ എന്നപേക്ഷിക്കുകയും ചെയ്യുകയാണ്. ‘ദുഷ്ടങ്കൽ നിന്നു ഞങ്ങളെ വിടുവിക്കേണമേ’ എന്നതിൽ ദുഷ്ടൻ പിശാചിനെക്കുറിക്കുന്നു. ഇതു യുഗാന്ത്യത്തിൽ സംഭവിക്കുന്നതാണ്. പിശാചാണ് പരീക്ഷയ്ക്കു കാരണം. ക്രിസ്തു പലസ്ഥാനങ്ങളിലും സാത്താൻ്റെ പര്യായമായി ദുഷ്ടൻ എന്നു പ്രയോഗിച്ചിട്ടുണ്ട്. “അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടൻ്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നത്:” (യോഹ, 17:15). ക്രിസ്തുവിന്റെ ശുശ്രൂഷയുടെ പശ്ചാത്തലത്തിൽ ഈ പ്രാർത്ഥനയ്ക്കു യുഗാന്ത്യപരമായ സൂചനയുണ്ട്. പരീക്ഷ ശിഷ്യന്മാർക്കു ഗെത്ത്ശെമന തോട്ടത്തിൽ വച്ചുണ്ടായതുതന്നെ. യേശുവിന് അത് അവസാന പരീക്ഷയായിരുന്നു. യേശു ശിഷ്യന്മാരോടു പറഞ്ഞു “പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ:” (മർക്കൊ, 14:38).

രാജ്യവും ശക്തിയും മഹത്വവും എന്നേയ്ക്കും നിനക്കുള്ളതല്ലോ. ആമേൻ. ഈ ഭാഗം ആധികാരികമായ കൈയെഴുത്തു പ്രതികളിലില്ല. എന്നാൽ തുടക്കം മുതൽ തന്നെ ഈ സ്തോത്രം. ക്രിസ്ത്യാനികൾ ഉപയോഗിച്ചു വന്നിരുന്നതിനു തെളിവുകളുണ്ട്. ഈ പ്രാർത്ഥനയ്ക്ക് ഒരു സ്വാഭാവികമായ പൂർണ്ണത വരുത്തുന്നതും, പ്രാർത്ഥനയെ ആരാധനയ്ക്ക് അനുരൂപമാക്കുന്നതും ഈ സ്തോത്രമത്രേ. ദൈവരാജ്യത്തെക്കുറിച്ചുള്ള യേശുവിന്റെ ഉപദേശം പ്രാർത്ഥനാ രൂപത്തിലാക്കിയതാണ് കർത്താവിന്റെ പ്രാർത്ഥന. ഈ പ്രാർത്ഥനയിലെ ഓരോ അംശത്തിനും തുല്യമായവ വിവിധസന്ദർഭങ്ങളിൽ യെഹൂദന്മാരുടെ പ്രാർത്ഥനകളിലും മറ്റും കാണാം. എന്നാൽ ഇതുപോലെ നിസ്തുലവും, സമ്പൂർണ്ണവും ആയ പ്രാർത്ഥന പൂർണ്ണരൂപത്തിൽ ഒരിടത്തും ദൃശ്യമല്ല. ഒരു മാതൃകാ പ്രാർത്ഥനയുടെ രൂപവും, ക്രമവും, വിഷയവും ഉൾക്കൊണ്ടതാണ് കർത്താവിന്റെ പ്രാർത്ഥന.

കർത്താവിന്റെ ദിവസം

കർത്താവിന്റെ ദിവസം (Day of the Lord)

പഴയനിയമത്തിൽ യഹോവയെ കുറിക്കുന്ന പദമാണ് കർത്താവ്; പുതിയനിയമത്തിൽ യേശുക്രിസ്തുവിനെയും. അതിനാൽ, യഹോവയുടെ ദിവസവും കർത്താവിന്റെ ദിവസവും ഒന്നു തന്നെയാണ്. യഹോവയുടെ ദിവസത്തെക്കുറിച്ച് ആദ്യമായി പ്രസ്താവിച്ചത് ആമോസ് പ്രവാചകനാണ്. “യഹോവയുടെ ദിവസത്തിനായി വാഞ്ഛിക്കുന്ന നിങ്ങൾക്കു അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങൾക്കു എന്തു ഗുണം? അതു വെളിച്ചമല്ല ഇരുട്ടത്രേ.” (ആമോ, 5:18). പ്രവാചകന്റെ കാലത്തു തന്നെ പ്രചാരം സിദ്ധിച്ചു കഴിഞ്ഞ ഒരു പ്രയോഗമാണ് ‘യഹോവയുടെ ദിവസം.’ യിസ്രായേലിനു വീണ്ടെടുപ്പും അനുഗ്രഹവും നല്കാൻ യഹോവ നേരിട്ടിടപെടുന്ന ദിവസമായിട്ടാണ് യിസായേല്യർ അതിനെ മനസ്സിലാക്കിയിരുന്നത്. എന്നാൽ, അത് അന്ധകാരത്തിന്റെയും കഷ്ടതയുടെയും കാലമായിരിക്കുമെന്നു പ്രവാചകൻ വ്യക്തമാക്കി. യഹോവയുടെ ദിവസത്തിന്റെ സമഗ്രമായ ഒരു ചിത്രം സെഫന്യാവിലുണ്ട്. “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്ത്യം ബദ്ധപ്പെട്ടു വരുന്നു; കേട്ടോ, യഹോവയുടെ ദിവസം വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു. ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉളള ദിവസം, ശൂന്യതയും നാശവും ഉളള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, ഉറപ്പുളള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉളള ദിവസം തന്നേ.” (സെഫ, 1:14-16). യെശയ്യാവ്, യെഹെസ്ക്കേൽ, യോവേൽ, സെഖര്യാവ് എന്നീ പ്രവാചകന്മാരും യഹോവയുടെ ദിവസത്തെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ദൈവജനത്തിന് വിരോധമായിരിക്കുന്ന ജനങ്ങൾക്ക് ദണ്ഡന ദിവസമായി യഹോവയുടെ ദിവസം വരുമെന്ന് പ്രവാചകന്മാർ ചൂണ്ടിക്കാണിച്ചു. ബാബേൽ (യെശ, 13:6,9,13), ഏദോം (ഓബ, 15), മിസ്രയീം (യിരെ, 46:10), ഫെലിസ്ത്യർ (യിരെ, 47:4) എന്നിവരോടുള്ള ബന്ധത്തിൽ യഹോവയുടെ ദിവസം പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ദൈവത്തിന്റെ പ്രതികാരദിവസം ദുഃഖിതന്മാരെ ആശ്വസിപ്പിക്കും. (യെശ, 61:2). മഹാപീഡനത്തോടു കൂടി ആരംഭിക്കുകയും സഹസ്രാബ്ദം മുഴുവൻ നീണ്ടുനില്ക്കുകയും ചെയ്യുന്ന കാലയളവാണ് കർത്താവിന്റെ ദിവസം. (യെശ, 65:17-19; 66:22; വെളി, 21:1). പുതിയനിയമതിൽ കർത്താവിന്റെ ദിവസമെന്നും ക്രിസ്തുവിൻ്റെ ദിവസമെന്നും പറഞ്ഞിരിക്കുന്നത് വിഭിന്ന അർത്ഥങ്ങളിലാണ്. ക്രിസ്തു വിശുദ്ധന്മാരെ ചേർക്കുന്നതിനു വേണ്ടി മദ്ധ്യാകാശത്തിൽ വരുന്നതിനോടു ബന്ധപ്പെട്ട കാലയളവാണ് ക്രിസ്തുവിൻ്റെ ദിവസം. (1കൊരി, 1:8; 5:5; 2കൊരി, 1:14; ഫിലി, 1:10; 2:16). കർത്താവിന്റെ ദിവസം ഭൂമിയിൽ ദൈവക്രോധം പകരപ്പെടുന്ന മഹാപീഡനകാലത്തു ആരംഭിച്ച് സഹസ്രാബ്ദവാഴ്ച മുഴുവൻ നീണ്ടു നില്ക്കും. (പ്രവൃ, 2:20; 2പത്രൊ, 3:13; വെളി, 41-19:16). മഹാപീഡനം ആരംഭിക്കുന്നത് സഭയുടെ ഉൽപാപണശേഷമാണ്. (വെളി, 3:10). സഭയുടെ പൂർത്തീകരണം വരെ കർത്താവിന്റെ ദിവസം ആരംഭിക്കയില്ല.

കർത്താവിന്റെ അത്താഴം

കർത്താവിന്റെ അത്താഴം

‘എൻ്റെ ഓർമ്മയ്ക്കായി ഇതു ചെയ്വിൻ’ (ലൂക്കൊ, 22:19) എന്ന കർത്താവിൻ്റെ കല്പനയുടെ അടിസ്ഥാനത്തിൽ ആരംഭം മുതൽ ഇന്നുവരെയും സഭ അഭംഗുരം തുടരുന്നു വരുന്ന കല്പനയാണ് കർത്താവിന്റെ അത്താഴം. ക്രിസ്തീയ ആരാധനയിലെ ഏറ്റവും പ്രധാനമായ അംശം ഇതത്രേ. തന്റെ പരസ്യശുശ്രൂഷയുടെ അവസാനഘട്ടത്തിൽ, ക്രൂശു മരണത്തിന്റെ നിഴലിൽ, തന്റെ ശുശ്രൂഷയിൽ ഏറ്റവുമധികം തന്നോടൊപ്പം സഹകരിച്ചിരുന്ന ശിഷ്യന്മാരുടെ മദ്ധ്യത്തിലാണ് യേശുക്രിസ്തു ഈ അനുഷ്ഠാനം ഏർപ്പെടുത്തിയത്.

പേരുകൾ: ഇതു പല പേരുകളിൽ അറിയപ്പെടുന്നു: 1. കർത്താവിന്റെ അത്താഴം: (1കൊരി, 11:20), 2. അപ്പം നുറുക്കൽ: (പ്രവൃ, 2:42,46), 3. കൂട്ടായ്മ: (1കൊരി, 10:16), 4. കർത്താവിന്റെ മേശ: (1കൊരി, 10:21). ആദിമസഭയിൽ അപ്പംനുറുക്കൽ എന്ന പേരിലാണ് കർത്തൃമേശ അറിയപ്പെട്ടിരുന്നത്. (പ്രവൃ, 2:42). പാനപാത്രത്തെയും അപ്പത്തെയും ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ എന്ന് പൗലൊസ് അപ്പൊസ്തലൻ പ്രസ്താവിക്കുന്നതിൽ നിന്നാണ് കൂട്ടായ്മ എന്ന് പേർ ലഭിച്ചത്. (1കൊരി, 10:16). രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കർത്താവിന്റെ അത്താഴം യൂക്കാറിസ്ററ് (സ്തോത്രാർപ്പണം) എന്ന പേരിലറിയപ്പെട്ടു. അപ്പവും പാനപാത്രവും അനുഭവിക്കുന്നതിനു മുമ്പ് സ്തോത്രം ചെയ്യുന്നതിൽ നിന്നുമാണ് ഈ പേർ വന്നത്. ഈ ശുശ്രൂഷ കർത്താവ് ഏർപ്പെടുത്തിയെന്നും ആത്മീയാർത്ഥത്തിൽ കർത്താവൊരുക്കുന്ന മേശയിൽ നാം പങ്കാളികളാകുന്നുവെന്നും ഉള്ള ധ്വനിയാണ് ‘കർത്തൃ മേശയ്ക്കും’ ‘കർത്താവിന്റെ അത്താഴ’ത്തിനും ഉള്ളത്. സുറിയാനി സഭകൾ കുർബ്ബാന എന്ന പേരാണ് നല്കിയിട്ടുള്ളത്. വഴിപാട് എന്നർത്ഥമുള്ള കൊർബ്ബാൻ എന്ന അരാമ്യപദത്തിൽ നിന്നാണ് ‘കുർബ്ബാന’യുടെ ഉത്പത്തി. റോമൻ കത്തോലിക്കാസഭ ഇതിനെ ‘മാസ്സ്’ എന്നു വിളിക്കുന്നു. പിരിച്ചുവിടുക എന്നർത്ഥമുള്ള ‘മിത്താറെ’ (Mittere) എന്ന ലത്തീൻ ധാതുവിൽ നിന്നാണ് മാസ്സ് എന്ന പദത്തിന്റെ ഉത്ഭവം.

കർത്തൃമേശയുടെ സ്ഥാപനം: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ കർത്താവു തന്നെ സ്ഥാപിച്ചതാണ് കർത്തൃമേശ. (1കൊരി, 11:23). ആ രാതിയിലായിരുന്നു പെസഹ അവസാനമായി ആചരിച്ചതും കർത്താവിന്റെ അത്താഴം ആരംഭിച്ചതും. അന്ന് ന്യായപ്രമാണയുഗം അവസാനിക്കുകയും കൃപായുഗം ആരംഭിക്കുകയും ചെയ്തു. പെസഹ പിന്നിലോട്ട് പുറപ്പാട് 12-ലെ രാത്രിയേയും മുന്നിലോട്ട് ക്രിസ്തുവിന്റെ ക്രൂശിനെയും ചൂണ്ടിക്കാണിക്കുന്നു. ‘നമ്മുടെ പെസഹക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു തന്നേ.’ (1കൊരി, 5:7). ക്രിസ്തുവിന്റെ കൂശീകരണത്തിനു ശേഷം പെസഹാചരണത്തിന്റെ ആവശ്യമില്ല. കർത്താവിന്റെ അത്താഴം പിന്നിലോട്ട് ക്രൂശിനെയും മുന്നിലോട്ട് ക്രിസ്തുവിന്റെ പുനരാഗമനത്തെയും ദർശിക്കുന്നു. കർത്താവിന്റെ അത്താഴം ഏർപ്പെടുത്തിയതിനെക്കുറിച്ചുള്ള ചരിത്ര വിവരണം സമവീക്ഷണ സുവിശേഷങ്ങളിലും കൊരിന്ത്യർക്കെഴുതിയ ഒന്നാം ലേഖനത്തിലുമുണ്ട്. (മത്താ, 26:26-29; മർക്കൊ, 11:22-25; ലൂക്കൊ, 26:29-20). “ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്ക് ഏല്പിക്കയും ചെയ്തത് എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലിനുറുക്കി. ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്വിൻ എന്നു പറഞ്ഞു, അവ്വണ്ണം തന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മയ്ക്കായി ചെയ്വിൻ എന്നുപറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.” (1കൊരി, 11:23-26). എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്വിൻ എന്ന നിർദ്ദേശം ലൂക്കൊസും, പൗലൊസും (രണ്ടുപ്രാവശ്യം) രേഖപ്പെടുത്തുന്നു. ക്രിസ്തുവിന്റെ ദൃശ്യസാന്നിദ്ധ്യം ഇല്ലാതിരിക്കുന്ന കാലം മുഴുവൻ തന്റെ ജനം പുതിയ ഉടമ്പടിയുടെ യാഗത്തെ ചൂണ്ടിക്കാണിക്കുന്ന കർത്തൃമേശയിലൂടെ തന്നെ ഓർക്കണമെന്ന് കർത്താവ് ആഗ്രഹിച്ചു.

കർത്താവിന്റെ നിർദ്ദേശമനുസരിച്ച് കർത്തൃമേശയുടെ ആചരണത്തിലൂടെ സഭ ക്രിസ്തുവിനെ ഓർമ്മിച്ചു വരികയാണ്. പെന്തെക്കൊസ്തിനു ശേഷം ഉടൻതന്നെ സഭ അപ്പം നുറുക്കാനും കൂട്ടായ്മ ആചരിക്കുവാനും തുടങ്ങി. (പ്രവൃ, 2:42,46). ഒരു നിശ്ചിതദിവസമാണ് കർത്താവിന്റെ അത്താഴം അനുഷ്ഠിച്ചുവന്നത്. “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടി വന്നപ്പോൾ.” (പ്രവൃ, 20:7).

കർത്തൃമേശയുടെ അർത്ഥം: “ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്ക് ഏല്പ്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി; ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്വിൻ എന്നുപറഞ്ഞു. അവ്വണ്ണം തന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മയ്ക്കായി ചെയ്വിൻ എന്നു പറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.” (1കൊരി, 11:23-26).

1. കർത്താവിന്റെ അത്താഴം കർത്താവിന്റെ സ്മാരകമാണ്: എന്റെ ഓർമ്മക്കായി ചെയ്വിൻ (1കൊരി, 11:14) എന്നാണ് ക്രിസ്തു കല്പിച്ചത്. ഇത് ക്രിസ്തുവിന്റെ വെറും മരണത്തെയല്ല ഓർപ്പിക്കുന്നത്; പ്രത്യുത, ജീവിക്കുന്ന ക്രിസ്തുവിനെയാണ്. ക്രിസ്തുവിന്റെ പുനരുത്ഥാന ദിവസമാണ് അതനുഷ്ഠിക്കുന്നത്. എന്നും ജീവിക്കുന്നവനും (യോഹ, 14:19) സ്വന്തജനത്തോടുകൂടെ എന്നും ഉള്ളവനും (മത്താ, 28:20) ആയ ക്രിസ്തുവിനെയാണ് നാം ഓർമ്മിക്കുന്നത്.

2. പുതിയനിയമത്തിന്റെ അടയാളമാണ്: പുതിയനിയമത്തിന്റെ അടയാളമാണ് പാനപാത്രം. പുതിയനിയമത്തിന്റെ അടയാളമായി ക്രിസ്തു ചൊരിഞ്ഞ രക്തത്തെ കാണിക്കുകയാണ് പാനപാത്രം; “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.” (ലൂക്കൊ, 22:20). പുതിയനിയമം വിശ്വാസിക്ക് പാപക്ഷമ നല്കുന്നു. (എബ്രാ, 10:16-18). ഇത് മോശീയ നിയമത്തേക്കൾ വിശേഷമേറിയ നിയമമാണ്. (2കൊരി, 3:6-18; എബ്രാ, 7:22; 12:24).

3. ക്രിസ്തുവിന്റെ മരണത്തെ പ്രസ്താവിക്കുന്നു: “അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.” (1കൊരി, 11:26) എന്നു പൗലൊസ് എഴുതുന്നു. ക്രിസ്തുവിനെ ഓർക്കുവാനായി വിശ്വാസികൾ കൂടിവരുമ്പോഴൊക്കെയും ക്രിസ്തുവിന്റെ മരണത്തെ ലോകത്തിന്റെ മുമ്പിൽ പ്രസ്താവിക്കുകയാണ്. ക്രിസ്തുവിന്റെ ശരീരത്തെയും രക്തത്തെയും ഓർപ്പിക്കുന്ന അപ്പവും വീഞ്ഞും യാഗത്ത ചൂണ്ടിക്കാണിക്കുന്നു. പ്രാചീന എബ്രായ യാഗവ്യവസ്ഥയനുസരിച്ച് യാഗമൃഗത്തിന്റെ രണ്ടംശങ്ങളായ ഉടലും രക്തവും കൊല്ലുന്ന സമയത്ത് വേർതിരിക്കപ്പെടുന്നു. “പാപപരിഹാരത്തിനായി രക്തം വിശുദ്ധമന്ദിരത്തിലേയ്ക്ക് കൊണ്ടുപോകുന്നു. മ്യഗങ്ങളുടെ ഉടൽ പാളയത്തിനു പുറത്തുവെച്ചു ചുട്ടുകളയുന്നു.” (എബ്രാ, 13:11). ക്രിസ്തുവിന്റെ മരണം പുതിയ ഉടമ്പടിക്കടിസ്ഥാനമായ യാഗമാണ്. (മർക്കൊ, 14:24).

4. ക്രിസ്തുവിനോടുള്ള കൂട്ടായ്മയാണ്: അന്ത്യഅത്താഴം പങ്കിട്ടനുഭവിക്കുന്നതിനു ശിഷ്യന്മാരെ ക്ഷണിച്ച ക്രിസ്തു ഒാരോ കുട്ടായ്മയിലെയും അദൃശ്യനായ ആതിഥേയനാണ്. വീണ്ടെടുക്കപ്പെട്ടവർ ക്രിസ്തുവിനു ചുറ്റും കൂട്ടായ്മയ്ക്കായി കൂടിവരുന്നു. സഭ കർത്താവിന്റെ മേശയ്ക്കു ചുറ്റും കൂടുകയും (1കൊരി, 10:21) കർത്താവിന്റെ അത്താഴം (1കൊരി, 10:20) കഴിക്കുകയും ചെയ്യുന്നു. ഈ അത്താഴം നാം അനുഭവിക്കുമ്പോൾ നാം ക്രിസ്തുവിലും ക്രിസ്തു നമ്മിലും വസിക്കുന്ന അനുഭവം സജീവവും ചൈതന്യപൂർണ്ണവും ആയിത്തീരുന്നു. ക്രിസ്തു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 6:53-58).

5. അന്യോന്യമുളള കൂട്ടായ്മയാണ്: ക്രിസ്തുവിന്റെ ഏകശരീരത്തിലെ പങ്കാളിത്തം കർത്താവിന്റെ അത്താഴത്തിൽ പങ്കെടുക്കുന്ന എല്ലാവരും അനുഭവിക്കുന്നു. ക്രിസ്തുവിനോടുള്ള കൂട്ടായ്മ മറ്റു വിശ്വാസികളോടുള്ള കൂട്ടായ്മയെ വ്യഞ്ജിപ്പിക്കുന്നു. “അപ്പം ഒന്ന് ആകകൊണ്ട് പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.” (1കൊരി, 10:17). സാമൂഹികവും സാമ്പത്തികവും ആയ എല്ലാ വിവേചനങ്ങളും മറന്ന് സഹവിശ്വാസികൾ ക്രിസ്തുവിൽ തുല്യപങ്കാളികളായി സ്വീകരിക്കപ്പെട്ടില്ലെങ്കിൽ കർത്താവിനോടുള്ള കൂട്ടായ്മയുടെ യഥാർത്ഥമായ അനുഭവം ഉണ്ടാകുകയേ ഇല്ല. അന്യോന്യമുള്ള കൂട്ടായ്മയ്ക്ക് ആദിമസഭ വലിയ വില കല്പിച്ചിരുന്നു. ഡിഡാഖെയിൽ ഇതിനെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശമുണ്ട്. ‘സഹോദരനുമായി എന്തെങ്കിലും ശണ്ഠയുള്ള ഒരുവൻ അവനുമായി നിരന്നശേഷം മാത്രമല്ലാതെ പങ്കെടുക്കുവാൻ വരാതിരിക്കട്ടെ.’ യേശുക്രിസ്തുവിന്റെ ഉപദേശം തന്നെയാണ് ഈ നിർദ്ദേശത്തിനു പിന്നിൽ. (മത്താ, 5:23-24). കർത്തൃമേശയോട് അടുത്തു വരുമ്പോൾ അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല. ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്ന് (ഗലാ, 3:28) എന്ന പൗലൊസിന്റെ വാക്കുകൾ ഓർത്തിരിക്കേണ്ടതാണ്.

6. ഇത് ക്രിസ്തുവിന്റെ പുനരാഗമനത്തിന്റെ പ്രവചനമാണ്: ക്രിസ്തു വരുവോളം ആചരിക്കേണ്ട ഒന്നാണ് കർത്താവിന്റെ അത്താഴം. (1കൊരി, 11:26). ക്രിസ്തുവിന്റെ മരണത്തെ പിന്നിലോട്ടു നോക്കുന്നതോടൊപ്പം സ്വന്തജനത്തിനു വേണ്ടി ക്രിസ്തു മടങ്ങിവരുന്നതിനെയും കർത്തൃമേശ പ്രഖ്യാപിക്കുന്നു.

കർത്തൃമേശയിലെ പങ്കാളികൾ: കർത്താവിന്റെ അത്താഴത്തിൽ പങ്കെടുക്കേണ്ടത് ആരാണെന്ന വ്യക്തമായ സൂചന തിരുവഴുത്തുകളിലുണ്ട്. ആദിമസഭയുടെ ചരിത്രം പരിശോധിച്ചാൽ കർത്താവിന്റെ അത്താഴത്തിൽ പങ്കെടുത്തവർ സ്നാനം ഏറ്റവരായിരുന്നു എന്നു കാണാം. സ്നാനം ഏറ്റവർ മാത്രമേ കൂട്ടായ്മയിൽ പങ്കെടുക്കാവൂ എന്ന കല്പനയില്ല. സ്നാനപ്പെടുന്നതുവരെ വിശ്വാസികളെ കർത്താവിന്റെ അത്താഴത്തിൽ നിന്നു മാറ്റിനിറുത്തിയിരുന്നു എന്നതിനും തെളിവില്ല. ഇത് കർത്താവിന്റെ മേശയാണ്; അല്ലാതെ സഭയുടെ മേശയല്ല. കർത്താവിന്റെ മേശയിങ്കലേക്കു വരുമ്പോൾ തന്നെത്താൻ ശോധന ചെയ്യുവാനാണ് വിശ്വാസികളോട് ദൈവത്മാവ് ആവശ്യപ്പെടുന്നത്. (1കൊരി, 11:28). സഭയോട് വിശ്വാസികൾ ശോധന ചെയ്വാൻ ആവശ്യപ്പെടുന്നില്ലെന്നും ഓർക്കണ്ടതാണ്.

1. വിശ്വാസികളാണ് പങ്കാളികൾ: വീണ്ടുംജനനം പ്രാപിച്ചവരും, ക്രിസ്തുവിനെ അനുസരിച്ച് ജീവിക്കുന്നവരുമാണ് കർത്താവിന്റെ അത്താഴത്തിൽ പങ്കെടുക്കാണ്. ഈ അനുഷ്ഠാനം കർത്താവ് ഏല്പ്പിച്ചത് ശിഷ്യന്മാരെയാണ്. (മത്താ, 26:27). ക്രിസ്തുവിൻ്റെ ശരീമായ സഭയിലെ വിശ്വാസികൾക്കു മാത്രമേ, തന്മൂലം കർത്തൃമേശയിൽ പങ്കെടുപ്പാൻ പാടുള്ളു. ദൈവവചനം സന്തോഷത്തോടെ കൈക്കൊണ്ടവരാണ് കർത്താവിൻ്റെ അത്താഴത്തിൽ പങ്കെടുത്തത്. (പ്രവൃ, 2:41-42). കർത്താവിന്റെ ശരീരത്തോടും രക്തത്തോടും ഉള്ള കൂട്ടായ്മയാകയാൽ ക്രിസ്തുവിനോടും, ക്രിസ്തുവിന്റെ രക്ഷയോടും ബന്ധമുള്ളവർക്കു മാത്രമാണ് കർത്താവിന്റെ മേശ ഒരുക്കിയിരിക്കുന്നു എന്നത് വ്യക്തമാണ്.

2. സ്വയംശാധന ചെയ്യുന്ന വിശ്വാസികൾ: കർത്തൃമേശയിൽ പങ്കെടുക്കുന്നവർ വിശ്വാസികളായിരുന്നാൽ മാത്രം പോരാ, അവർ തന്നെത്താൻ ശോധന ചെയ്യുകയും വേണം. ക്രിസ്തുവിനോടും, സഹവിശ്വാസികളോടും യോഗ്യമായ രീതിയിൽ ബന്ധം പുലർത്തുന്ന വരായിരിക്കണം അവർ. അയോഗ്യമായി ഒരിക്കലും കർത്തൃമേശ അനുവദിക്കരുത്. (1കൊരി, 11:27). അയോഗ്യമായി പങ്കെടുക്കുന്നവർ ദൈവികശിക്ഷയ്ക്കും, രോഗത്തിനും, ശാരീരിക മരണത്തിനും വിധേയരാവും. (1കൊരി, 11:30). യോഗ്യമായി പങ്കെടുക്കുക എന്നത് അനുതപിക്കുന്ന പാപിയെ ഒഴിവാക്കുന്നില്ല. പൂർണ്ണത പ്രാപിച്ച വിശ്വാസികൾക്കേ പങ്കെടുക്കാവു എന്നുവരികിൽ ആർക്കും കർത്താവിന്റെ മേശയ്ക്കരികിൽ വരാൻ കഴിയില്ല. എന്നാൽ ദൈവത്തെയും സഹവിശ്വാസികളെയും സ്നേഹിക്കുന്നവൻ തന്റെ ബലഹീനതയും പാപവും ദൈവത്തോടേറ്റു പറയുകയും സഹോദരനോട് നിരക്കുകയും ചെയ്യുകയും കർത്തൃമേശയിൽ പങ്കാളികളാകുകയും ചെയ്യും. പാപത്തിൽ വീഴുന്നവരെയും (1കൊരി, 5:11,13; 2തെസ്സ, 3:6; 11-15), ദുരുപദേശം പഠിപ്പിക്കുന്നവരെയും (തീത്താ, 3:10; 2യോഹ, 10), സഭയിൽ ഭിന്നിപ്പുണ്ടാക്കുന്നവരെയും (തീത്താ, 3:10) മാറ്റിനിറുത്തുവാൻ കല്പനയുണ്ട്.

3. കൂടിവന്ന വിശ്വാസികൾ: കർത്താവിന്റെ അത്താഴം ക്രിസ്തുവിന്റെ ശരീരത്തിൽ വിശാസികളുടെ കൂട്ടായ്മയെ കുറിക്കുന്നു. അപ്പം നുറുക്കുവാൻ കൂടി വന്നപ്പോൾ എന്ന് പ്രവൃത്തികൾ 20:7-ൽ കാണാം. 1കൊരിന്ത്യരിൽ കർത്തൃമേശയെ കുറിച്ചുള്ള ഉപദേശം നല്കുന്നത് സഭയ്ക്കാണ്. സഭ അരാധനയ്ക്ക് കൂടിവന്നപ്പോൾ മാത്രമേ ഈ അത്താഴം അനുഷ്ടിച്ചിരുന്നുള്ളൂ. രണ്ടോ മൂന്നോ വിശ്വാസികൾ കൂടിവരുമ്പോഴും കർത്തൃമേശ ആചരിക്കാവുന്നതേയു ഉള്ളു. അവരുടെ മദ്ധ്യേയും ക്രിസ്തുവിന്റെ സാന്നിധ്യം വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കയാണ്.

കർത്തൃമേശയിൽ ക്രിസ്തുവിൻ്റെ സാന്നിദ്ധ്യം: കർത്തൃമേശയിൽ ഉപയോഗിക്കുന്ന അപ്പവീഞ്ഞുകളിലെ ക്രിസ്തുസാന്നിദ്ധ്യത്തിൻ്റെ യഥാർത്ഥ സ്വരൂപത്തെക്കുറിച്ച് വിഭിന്ന ചിന്താഗതികൾ നിലവിലുണ്ട്. പ്രധാനപ്പെട്ട് വാദമുഖങ്ങൾ മൂന്നാണ് .

സത്താവാദം: കാത്തോലിക്കാ സഭയുടെ വിശ്വാസം അനുസരിച്ച് കുർബ്ബാന ക്രിസ്തുവിന്റെ സാക്ഷാൽ ശരീരരക്തങ്ങളാണ്. പുരോഹിതൻ അപ്പം എടുത്തു വാഴ്ത്തി ‘ഇതു എന്റെ ശരീരം’ എന്നു പറയുമ്പോൾ അത് ക്രിസ്തുവിന്റെ സാക്ഷാൽ ശരീരമായി മാറുന്നു. ഓരോ സമയം കുർബ്ബാന അനുഷ്ഠിക്കുമ്പോഴും ക്രിസ്തുവിന്റെ യാഗം ഒരു വിധത്തിൽ ആവർത്തിക്കപ്പെടുകയാണ്. ക്രിസ്തു ക്രൂശിൽ പൂർത്തിയാക്കിയ യാഗത്തിനു സമാനമല്ലെങ്കിലും ഇത് സാക്ഷാൽ യാഗം തന്നെയാണെന്ന് കത്തോലിക്കാസഭ ദൃഢമായി വിശ്വസിക്കുന്നു. വിശുദ്ധ തോമസ് അക്വീനാസാണ് പ്രസ്തുത വാദത്തിന്റെ ഉപജ്ഞാതാവ്. ത്രെന്തോസ് സൂനഹദോസ് ഈ വാദത്തിന് അംഗീകാരം നല്കി.

സത്താവാദം ക്രിസ്തുവിന്റെ വാക്കുകളുടെ പ്രതീകാത്മക സ്വഭാവത്ത അവഗണിക്കുന്നു. ‘ഇത് എന്റെ ശരീരം’ ‘ഇത് എന്റെ രക്തം’ എന്നീ പ്രയോഗങ്ങൾ പ്രതീകാത്മകമാണ്. ഞാൻ സാക്ഷാൽ മുന്തിരിവള്ളി (യോഹ, 15:1), ഞാൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം (യോഹ, 6:4), ഞാൻ വാതിൽ ആകുന്നു (യോഹ, 10:9) എന്നിങ്ങനെ ക്രിസ്തു തന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതുപോലെ ‘ഇതു എന്റെ ശരീരം’ എന്നു ക്രിസ്തു പറഞ്ഞതും സാദൃശ്യരൂപേണയാണ്; ആക്ഷരികമായി അല്ല. ശിഷ്യന്മാരുടെ മുമ്പിൽ വച്ച് ക്രിസ്തു അപ്പം വാഴ്ത്തിയപ്പോൾ തന്റെ ശരീരത്തിൽ നിന്നും ഭിന്നമായി അപ്പം ക്രിസ്തുവിൻ്റെ കൈയിലിരിക്കുകയായിരുന്നു. ശിഷ്യന്മാരിൽ ആരും തന്നെ ക്രിസ്തുവിന്റെ ഭൗതിക ശരിരമായി അപ്പത്തെ കാണുകയാ, മനസ്സിലാക്കുകയോ ചെയ്തില്ല; കാരണം ക്രിസ്തുവിൻ്റെ ശരീരം അവരുടെ മുമ്പിലുണ്ടായിരുന്നു. ‘ഇത് എന്റെ ശരീരം’ (1കൊരി, 11:24) എന്നത് ക്രിസ്തുവിന്റെ ശരീരത്തിനു പ്രാതിനിധ്യം വഹിക്കുന്നു എന്നത്രേ. ക്രിസ്തുവിന്റെ ശരീരം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യുക എന്നതിന്റെ വിവക്ഷ ക്രിസ്തുവിന്റെ അടുക്കലേക്കു വരികയും അവനിൽ വിശ്വസിക്കുകയുമാണെന്ന് ക്രിസ്തു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. “യേശു അവരോടു പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവനു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരുനാളും ദാഹിക്കയുമില്ല.” (യോഹ, 6:35). കൂടാതെ രക്തം ഭക്ഷിക്കുന്നത് വിലക്കിയിട്ടുമുണ്ട്. (ഉല്പ, 9:4; ലേവ്യ, 3:17; പ്രവൃ, 15:29).

സത്താസാന്നിദ്ധ്യവാദം: ലൂഥറൻ സഭയുടെ അംഗീകൃത വാദമാണിത്. ഈ ചിന്താഗതിയനുസരിച്ച് അപ്പവീഞ്ഞുകൾക്ക് സത്താഭേദം (വസ്തമാറ്റം) സംഭവിക്കുന്നില്ല; എന്നാൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യമുണ്ട്. അപ്പം ക്രിസ്തുവിന്റെ ശരീരമായി മാറുന്നില്ല; പ്രത്യുത, അപ്പത്തിൽ ക്രിസ്തുവിന്റെ ഭൗതികശരീരത്തിന്റെ സാന്നിദ്ധ്യമുണ്ട്. ഈ സാന്നിദ്ധ്യം സ്പോങിൽ ജലം എന്നപോലെയും ശരീരത്തിൽ ആത്മാവെന്ന പോലെയും ആണ്. സ്പോങ് ജലമല്ല; എന്നാൽ സ്പോങ്ങിൽ ജലസാന്നിദ്ധ്യം സർവ്വത്ര ഉണ്ട്. അപ്പം ക്രിസ്തുവിന്റെ ശരീരമല്ല; എന്നാൽ ക്രിസ്തുവിന്റെ ശരീരസാന്നിദ്ധ്യം അപ്പത്തിൽ സർവ്വത്ര ഉണ്ട്. പ്രാർത്ഥനയ്ക്കു ശേഷം അപ്പവീഞ്ഞുകൾ അനുഭവിക്കുമ്പോൾ, പ്രസ്തുത വ്യക്തി ക്രിസ്തുവിന്റെ സാക്ഷാൽ ശരീരത്തിലും രക്തത്തിലും അംശിയാകുന്നു. ഈ വാദത്തിന്നനുകൂലമായി ചൂണ്ടിക്കാണിക്കുന്ന വാക്യമാണ്: 1കൊരിന്ത്യർ 10:16. “നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാതം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?” സത്താഭേദവാദം അഭിമുഖീകരിക്കുന്ന അതേ പ്രശ്നങ്ങൾ ഈ വാദത്തിനുമുണ്ട്.

പ്രതീകാത്മകസാന്നിദ്ധ്യവാദം: ക്രിസ്തുവിന്റെ പ്രതീകാത്മകസാന്നിദ്ധ്യം അപ്പവീഞ്ഞുകളിലുണ്ടെന്ന ചിന്താഗതിയാണ് നവീകൃത സഭകൾക്ക് പൊതുവെ ഉള്ളത്. കർത്തൃമേശയിലെ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും പ്രതീകങ്ങളാണ്. ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിന്റെ ദൃശ്യമായ അടയാളമാണവ. അപ്പവും വീഞ്ഞും നാം അനുഭവിക്കുമ്പോൾ ഒരു പ്രത്യേക വിധത്തിൽ ക്രിസ്തുവിന്റെ ആത്മീയ സാന്നിദ്ധ്യം നമുക്ക് അനുഭവപ്പെടുന്നു. വിശ്വാസികൾ ആരാധിക്കുന്ന ഏതു സ്ഥാനത്തും ക്രിസ്തുവിന്റെ സാന്നിദ്ധ്യം പ്രത്യേക വാഗ്ദാനമായുണ്ട്. (മത്താ, 18:20). അതുകൊണ്ട് കർത്തൃമേശയിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യം പ്രത്യേകരീതിയിൽ ഉണ്ടായിരിക്കുമെന്നത് നിസ്സംശയവും നിർവ്വിവാദവും അത്രേ.

മഹാസമുദ്രം

മഹാസമുദ്രം (Great Sea)

മഹാസമുദ്രം (വലിയ കടൽ) എന്നാണ് ബൈബിളിൽ പൊതുവെ മെഡിറ്ററേനിയൻ സമുദ്രത്ത വിളിച്ചിട്ടുള്ളത്: (യോശു, 1:4; 9:1; 15:12; യെഹെ, 47:10; 48:28; ദാനീ, 7:2). അപ്പൊസ്തല പ്രവൃത്തികളിൽ കടൽ എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. (10:6; 27:30). യിസ്രായേലിനു വാഗ്ദാനം ചെയ്യപ്പെട്ട പ്രദേശത്തിന്റെ പശ്ചിമ അതിർത്തി മെഡിറ്ററേനിയൻ സമുദ്രം ആണ്. “പടിഞ്ഞാറു മഹാസമുദ്രം വരെയും നിങ്ങളുടെ അതിരായിരിക്കും.” (യോശു, 1:4). മെഡിറ്ററേനിയൻ സമുദ്രത്തിനു തെക്ക് ആഫ്രിക്കയും വടക്കു സ്പെയിൻ, ഇറ്റലി, ഗ്രീസ്, ഏഷ്യാമൈനർ എന്നിവയും കിഴക്കു സിറിയയും പലസ്തീനും സ്ഥിതി ചെയ്യുന്നു. പശ്ചിമഭാഗത്തുള്ള ജിബ്രാൾട്ടർ കടലിടുക്ക് മെഡിറ്ററേനിയൻ സമുദ്രത്തെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർപെടുത്തുന്നു. ഈ സമുദ്രത്തെ ചെങ്കടലുമായി യോജിപ്പിക്കുന്നതു തെക്കുകിഴക്കുള്ള സൂയസ് തോടാണ്. പലസ്തീന്റെ പടിഞ്ഞാറെ അതിരാണ് മെഡിറ്ററേനിയൻ സമുദ്രം. മെഡിറ്ററേനിയന്റെ പലസ്തീൻ തീരത്തു തുറമുഖങ്ങൾ കുറവാണ്. തന്മൂലം യിസ്രായേലിന് മഹാസമുദ്രം കൊണ്ടുള്ള പ്രയോജനം വളരെക്കുറവാണ്. പഴയനിയമകാലത്തു യോപ്പ (ആധുനിക ജാഫ) ഒരു തുറമുഖമായി പ്രയോജനപ്പെട്ടിരുന്നു. റോമൻ ഭരണകാലത്ത് കൈസര്യ പലസ്തീന്റെ ഒരു പ്രധാന തുറമുഖമായി തീർന്നു. കർമ്മേൽ പർവ്വതത്തിന്റെ അടിവാരത്തുള്ള ഹൈഫയാണ് ആധുനിക യിസ്രായേലിന്റെ പ്രധാന മെഡിറ്ററേനിയൻ തുറമുഖം. പൗലൊസ് അപ്പൊസ്തലന്റെ കാലത്തു മെഡിറ്ററേനിയൻ തീരത്തുള്ള എല്ലാ പ്രദേശങ്ങളും റോമാ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. പൗലൊസിൻ്റെ മിഷണറിയാത്ര ഈ സമുദ്രത്തിലുടെയായിരുന്നു.