താമ്രക്കടൽ

താമ്രക്കടൽ (brazen sea)

ശലോമോൻറ ദൈവാലയത്തിന്റെ മുമ്പിൽ താമ്രക്കാളകളുടെ പുറത്തുവച്ചിരുന്ന താമ്രപാത്രം. (1രാജാ, 7:23-44; യിരെ, 52:17). താമ്രം കൊണ്ടുള്ള പണി ചെയ്യുന്നതിന് ശലോമോൻ രാജാവ് സോരിൽ നിന്നു ഹീരാമിനെ വരുത്തി. ഈ താമക്കടൽ നിർമ്മിച്ചത് ഹീരാം ആയിരുന്നു. ദാവീദു കൊളളയായി പിടിച്ച് താമ്രമാണ് താമ്രക്കടൽ നിർമ്മാണത്തിനു ഉപയോഗിച്ചത്. (1ദിന, 18:8). സമാഗമനകൂടാരത്തിൽ താമ്രത്തൊട്ടി വച്ചിരുന്ന സ്ഥാനത്തിനു (പുറ, 30:18) സമാന്തരമായാണ് താമ്രക്കടൽ വച്ചിരുന്നതെങ്കിൽ, ഇതിന്റെ സ്ഥാനം ദൈവാലയത്തിലേക്കുള്ള പ്രവേശനത്തിൽ യാഗപീഠത്തിനു മുമ്പിലാണ്. താമ്രപാതം പന്ത്രണ്ടു കാളപ്പുറത്താണു വച്ചിരുന്നത്. കാളകൾ മുന്നെണ്ണം വീതം ഓരോ ദിക്കിലേക്കു തിരിഞ്ഞിരുന്നു; വടക്കോട്ടു മുന്നു, പടിഞ്ഞാറോട്ടു മൂന്നു, തെക്കോട്ടു മൂന്നു, കിഴക്കോട്ടു മുന്നു. കാളകളുടെ പൃഷ്ഠഭാഗം അകത്തോട്ടു തിരിഞ്ഞിരുന്നു. പാത്രം വൃത്താകാരമായിരുന്നു. അതിന് പത്തു മുഴം വ്യാസവും അഞ്ചുമുഴം ഉയരവും മുപ്പതു മുഴം ചുറ്റളവും ഉണ്ടായിരുന്നു. അതിന്റെ വ്യാപ്തം രണ്ടായിരം ബത്ത് ആയിരുന്നു. 2ദിനവൃത്താന്തം 4:5-ൽ മൂവായിരം ബത്ത് എന്നു കാണുന്നു. അതിന്റെ വക്ക് പുറത്തോട്ടു് മലർന്നിരുന്നു. അതു പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിൽ ഉള്ളതായിരുന്നു. താമ്രക്കടൽ ഗോളാകാരമായിരുന്നു എന്നു ജൊസീഫസ് പറയുന്നുണ്ട്. ചിലരുടെ അഭിപ്രായത്തിൽ അതിന് സിലിണ്ടറാകൃതിയാണ്. പുരോഹിതന്മാർക്കു കഴുകുന്നതിനു അതിൽ വെള്ളം നിറച്ചിരുന്നു. ആഹാസ് രാജാവിന്റെ കാലത്തു താമ്രക്കടലിനെ താമ്രക്കാ കളുടെ പുറത്തു നിന്നിറക്കി കല്ത്തളഅതിൽ വെച്ചു. (2രാജാ, 16:17). ബി.സി. 587-ൽ നെബുഖദ്നേസർ യെരുശലേം പിടിച്ചപ്പോൾ കടൽ ഉടച്ച് താമ്രം ബാബേലിലേക്കു കൊണ്ടുപോയി. താമ്രക്കടലിന്റെ നിർമ്മാണം സീറോ ഫിനിഷ്യൻ സ്വാധീനവും വിശ്വദേവതാസൂചനയും വ്യക്തമാക്കുന്നു. പ്രാചീന കാലത്തു കടലിന് ദിവ്യശക്തി ഉള്ളതായി കരുതപ്പെട്ടിരുന്നു. ജീവൻ്റെയും സന്തത്യുത്പാദനത്തിന്റെയും ഉറവിടമാണ് ഭൂഗർഭ ശുദ്ധജല സമുദം. മെസൊപ്പൊട്ടേമിയയിൽ കടൽ അഥവാ അപസു എന്ന പദം ജലത്തിനും ക്ഷേത്രത്തിൽ വച്ചിരുന്ന വിശുദ്ധ ജലപാത്രത്തിനും ഉപയോഗിച്ചിരുന്നു. താമ്രക്കടലിനു പിന്നിൽ ഈ വ്യംഗ്യസൂചന ഇല്ലായിരുന്നുവെന്നു തീർത്തു പറയുവാൻ നിവൃത്തിയില്ല. ശലോമോൻ നിർമ്മിച്ച തൊട്ടികൾക്കും താമ്രക്കടലിനും പരസ്പര ബന്ധമുണ്ടായിരുന്നു. ബാബിലോണ്യ ക്ഷേത്രങ്ങളിൽ തൊട്ടികളും കടലും ഉണ്ടായിരുന്നു എന്നതും സ്മർത്തവ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *