യോസേഫ്

യോസേഫ് (Joseph)

പേരിനർത്ഥം – അവൻ കൂട്ടിച്ചേർക്കും 

യാക്കോബിന്റെ പതിനൊന്നാമത്തെ പുത്രനാണ് യോസേഫ്; റാഹേലിൽ ജനിച്ച ആദ്യത്തെ പുത്രനും. (ഉല്പ, 30:22). യാക്കോബ് ലാബാനെ സേവിക്കുന്ന കാലത്താണ് യോസേഫ് ജനിച്ചത്. ഉല്പ, 30:22-26). പിന്നീടു യോസേഫിനെക്കുറിച്ചു പറയുന്നതു യാക്കോബിനോടൊപ്പം സ്വദേശത്തേക്കു മടങ്ങുന്ന സമയത്താണ്. (ഉല്പ, 33:2, 7). തുടർന്നു യോസേഫിനു പതിനേഴു വയസ്സാകുന്നതു വരെ അവനെക്കുറിച്ചു യാതൊന്നും പറയുന്നില്ല. യിസ്രായേലിന്റെ വാർദ്ധക്യത്തിലെ മകനെന്നു യോസേഫിനെ വിശേഷിപ്പിച്ചിരിക്കുന്നു. (ഉല്പ, 37:3). യാക്കോബ് യോസേഫിനെ അധികം സ്നേഹിച്ചിരുന്നു. ബിൽഹയുടെയും സില്പയുടെയും പുത്രന്മാരായ തന്റെ സഹോദരന്മാരെക്കുറിച്ചുള്ള ദു:ശുതി യോസേഫ് യാക്കോബിനോടു വന്നുപറഞ്ഞു. ഇതു സഹോദരന്മാർക്കു അവനോടു വെറുപ്പുളവാക്കി. യോസേഫിനോടുള്ള സ്നേഹം നിമിത്തം യാക്കോബ് അവനൊരു നിലയങ്കി ഉണ്ടാക്കിക്കൊടുത്തു. കൂടാതെ താൻ കണ്ട സ്വപ്നങ്ങൾ സഹോദരന്മാരോടു പറഞ്ഞതും അവർക്കു അവനോടു വെറുപ്പിനു കാരണമായി. (ഉല്പ, 37:2-11). 

സഹോദരന്മാരുടെ സുഖവൃത്താന്തം അന്വേഷിച്ചു വരന്നതിനു യോസേഫിനെ ഹെബ്രോൻ താഴ്വരയിൽ നിന്നു ശെഖേമിലേക്കയച്ചു. പക്ഷേ അവർ ശെഖേമിലുണ്ടായിരുന്നില്ല. യോസേഫ് അവരെ ദോഥാനിൽ വച്ചു കണ്ടുമുട്ടി. യോസേഫിനെ ദൂരത്തുനിന്നു കണ്ടപ്പോൾ തന്നെ അവരുടെ കോപം ഇരട്ടിച്ചു. രൂബേനൊഴികെ മറ്റെല്ലാവരും ചേർന്നു അവനെ കൊല്ലാനാലോചിച്ചു. യോസേഫിനെ അവരുടെ കയ്യിൽ നിന്നു വിടുവിച്ചു അപ്പന്റെ അടുക്കൽ കൊണ്ടുപോകണമെന്നു കരുതിക്കൊണ്ടു രൂബേൻ, “നിങ്ങൾ അവന്റെ മേൽ കൈവെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ” എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അങ്ങനെ ചെയ്തു. അവർ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ മിദ്യാന്യ കച്ചവടക്കാരായ യിശ്മായേല്യർ വരുന്നതു കണ്ടു യോസേഫിനെ ഇരുപതു വെള്ളിക്കാശിനു വിറ്റു. ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറഞ്ഞു രക്തം പുരണ്ട യോസേഫിന്റെ അങ്കി പിതാവിനു കാണിച്ചുകൊടുത്തു. യാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുടുത്തു ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദു:ഖിച്ചു. (ഉല്, 37:12-36). 

മിദ്യാന്യർ യോസേഫിനെ ഫറവോന്റെ അകമ്പടി നായകനായ പോത്തീഫറിനു വിറ്റു. അങ്ങനെ അവൻ ഒരു മിസ്രയീമ്യ അടിമയായിത്തീർന്നു. യോസേഫ് പോത്തീഫറിനു വിശ്വസ്തനായിരുന്നു. പോത്തീഫർ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചു. യോസേഫ് കോമളനും മനോഹര രൂപിയും ആയിരുന്നതുകൊണ്ടു പോത്തീഫറിന്റെ ഭാര്യ യോസേഫിനോടു അപമര്യാദയായി പെരുമാറിത്തുടങ്ങി; യോസേഫ് അതിൽ നിന്നു ഒഴിഞ്ഞുമാറി. എന്നാൽ ഒരു ദിവസം പോത്തീഫറിന്റെ ഭാര്യ ഭർത്താവിനെ തെറ്റിദ്ധരിപ്പിക്കുകയും യോസേഫിന്റെ മേൽ കുറ്റം ആരോപിക്കുകയും ചെയ്തു. പോത്തീഫർ അവനെ കാരാഗൃഹത്തിലാക്കി. എന്നാൽ യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു. കാരാഗൃഹപമാണിക്കു യോസേഫിനോടു ദയ തോന്നി കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും അവന്റെ കയ്യിൽ ഏല്പിച്ചു. (ഉല്പ, 39:1-23). 

ഫറവോന്റെ അപ്പക്കാരനും പാനപാത്രവാഹകനും കണ്ട സ്വപ്നങ്ങൾ യോസേഫ് വ്യാഖ്യാനിച്ചുകൊടുത്തു. സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതു എന്നു യോസേഫ് അവരോടു പറഞ്ഞു. രണ്ടു വർഷം കഴിഞ്ഞു ഫറവോൻ രണ്ടു സ്വപ്നങ്ങൾ കണ്ടു. ആ സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നതിനായി മിസയീമിലെ സകല ജ്ഞാനികളെയും മന്ത്രവാദികളെയും ആളയച്ചു വരുത്തി. എന്നാൽ ആർക്കും തന്നെ ഫറവോന്റെ സ്വപ്നങ്ങൾ വ്യാഖ്യാനിപ്പാൻ കഴിഞ്ഞില്ല. അപ്പോൾ പാനപാതവാഹകൻ യോസേഫിനെ ഓർത്തു, അവന്റെ കാര്യം ഫറവോനെ അറിയിച്ചു. യോസേഫ് ഫറവോന്റെ സ്വപ്നം ശരിയായി വ്യാഖ്യാനിച്ചു കൊടുത്തു. ഏഴുവർഷം സമൃദ്ധിയും ഏഴുവർഷം മഹാക്ഷാമവും ഉണ്ടാകുമെന്നു യോസേഫ് ഫറവോന്റെ സ്വപ്ന വ്യാഖ്യാനത്തിലൂടെ മുന്നറിയിച്ചു. ഇതു ഫറവോനെയും ഉദ്യോഗസ്ഥന്മാരെയും സന്തുഷ്ടരാക്കി. യോസേഫിനെ അവർ ദൈവാത്മാവുള്ള മനുഷ്യനായി കണക്കാക്കി. ഫറവോൻ യോസേഫിനു സാപ്നത്ത്-പനേഹ് എന്നു പേരിട്ടു. ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവനു ഭാര്യയായി കൊടുത്തു. യോസേഫ് മിസയീംരാജവായ ഫറവോന്റെ മുന്നിൽ നില്ക്കുമ്പോൾ അവനു മുപ്പതു വയസ്സായിരുന്നു. മനശ്ശെ, എഫ്രയീം എന്ന രണ്ടു മക്കൾ യോസേഫിനു ജനിച്ചു. (ഉല്പ, 41:1-52). 

യോസേഫ് മിസ്രയീമിലെ പ്രധാനമന്ത്രിയായി. ക്ഷാമകാലത്തു ജനത്തിനു നല്കാനായി സമൃദ്ധിയുടെ കാലത്തു യോസേഫ് ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു. ക്ഷാമകാലത്തു യോസേഫിന്റെ സഹോദരന്മാർ (ബെന്യാമീൻ ഒഴികെ) ധാന്യം വാങ്ങാനായി യോസേഫിന്റെ അടുക്കൽ വന്നു. അവർ ഒറ്റുകാരെന്നു സംശയിക്കുന്ന നിലയിൽ യോസേഫ് പെരുമാറി. അടുത്ത പ്രാവശ്യം ബെന്യാമീനെ കൊണ്ടു വരണമെന്നു പറഞ്ഞു. ജാമ്യമായി ശിമയോനെ തടഞ്ഞു വച്ചു. യാക്കോബിനെ സമ്മതിപ്പിച്ചു ബെന്യാമീനുമായി അടുത്ത പ്രാവശ്യം അവർ വന്നു. യോസേഫ് തന്നെത്താൻ വെളിപ്പെടുത്തുകയും യാക്കോബിനെ ഉടനെ തന്നെ മിസ്രയീമിലേക്കു കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. ഫറവോന്റെ സമ്മതത്തോടുകൂടി യാക്കോബിനെയും കുടുംബത്തെയും മിസ്രയീമിലെ ഗോശെൻ ദേശത്തു താമസിപ്പിച്ചു. യാക്കോബ് മിസ്രയീമിൽ 17 വർഷം വസിച്ചു. 147-ാം വയസ്സിൽ അവൻ മരിച്ചു. യാക്കോബ് മരിച്ചപ്പോൾ യോസേഫിന്റെ കല്പനപ്രകാരം അവനു സുഗന്ധവർഗ്ഗം ഇട്ടു. ഫറവോന്റെ കല്പന വാങ്ങി അവനെ കനാനിൽ കൊണ്ടുപോയി മക്പേല ഗുഹയിൽ അടക്കി. (ഉല്പ, 50:13).

യോസേഫും സഹോദരന്മാരും മടങ്ങി മിസ്രയീമിൽ വന്നു. സഹോദരന്മാരോടു വിദ്വേഷം ഇല്ലെന്നും അവരെ തുടർന്നും കരുതികൊള്ളാമെന്നും യോസേഫ് ഉറപ്പു നല്കി. മരിക്കുമ്പോൾ തന്റെ അസ്ഥികൾ സൂക്ഷിക്കുകയും ദൈവം അവരെ സന്ദർശിച്ചു കനാനിലേക്കു മടക്കിക്കൊണ്ടു പോകുമ്പോൾ അവകൂടി കൊണ്ടുപോകുകയും ചെയ്യണമെന്നു യോസേഫ് അവക്കൊണ്ടു സത്യം ചെയ്യിച്ചു. 110 വയസ്സുള്ളപ്പോൾ യോസേഫ് മരിച്ചു. (ഉല്പ, 50:22-26). യിസ്രായേൽ മക്കളെ ദൈവം കനാനിലേക്കു തിരികെ കൊണ്ടുവരുമെന്നു യോസേഫ് ദൃഢമായി വിശ്വസിച്ചു. സൗമ്യത, വിശ്വസ്തത, വിശാലമനസ്കത, ക്ഷമാശീലം എന്നിങ്ങനെ മഹനീയമായ ഗുണങ്ങൾ യോസേഫിൽ കാണാം. യോസേഫിനെ യേശുക്രിസ്തുവിന്റെ നിഴലായി ചിത്രീകരിക്കുന്നുണ്ട്.

ദീനാ

ദീനാ (Dinah)

പേരിനർത്ഥം – ന്യായവിധി

യാക്കോബിന് ലേയയിൽ ജനിച്ച മകൾ. (ഉല്പ, 30:21; 46:15). ഉല്പത്തി 37:35-ൽ യാക്കോബിന്റെ പുത്രിമാർ എന്നു പറയുന്നുണ്ടെങ്കിലും മറ്റു പുത്രിമാരെക്കുറിച്ച് നമുക്കു ഒരറിവുമില്ല. യാക്കോബ് ശെഖേമിൽ പാർക്കുന്ന കാലത്ത് ദീനാ ദേശത്തിലെ കന്യകമാരെ കാണാൻ പോയി. അപ്പോൾ ദീനയ്ക്ക് 13-15 വയസ്സു പ്രായമുണ്ടായിരിക്കണം. ഇത് പൗരസ്ത്യ ദേശങ്ങളിൽ വിവാഹപ്രായമാണ്. ദേശത്തിന്റെ പ്രഭുവായ ശെഖേം അവളോടു കൂടെ ശയിച്ച് അവൾക്കു പോരായ്മ വരുത്തി. ദീനയുടെ സ്വന്തം സഹോദരന്മാരായിരുന്ന ശിമയോനും ലേവിയും അവിടെയുള്ള പുരുഷന്മാരെ ഒക്കെയും കൊന്നു, ദീനയെ വീണ്ടെടുത്തു. ഈ കൂട്ടക്കൊല യാക്കോബിന് ഇഷ്ടമായില്ല. (ഉല്പ, 34:30). പുത്രന്മാരെ അനുഗ്രഹിക്കുന്ന സമയത്ത് ഹൃദയവേദനയോടു കൂടി യാക്കോബ് ഈ സംഭവത്തെ അനുസ്മരിച്ചു. (ഉല്പ, 49:57).

സെബൂലൂൻ

സെബൂലൂൻ (Zebulun)

പേരിനർത്ഥം – വാസം

ലോയയുടെ ആറാമത്തെയും ഒടുവിലത്തെയും പുത്രനും യാക്കോബിന്റെ പത്താമത്തെ പുത്രനും. “ലേയാ പിന്നെയും ഗർഭം ധരിച്ചു, യാക്കോബിന്നു ആറാമതു ഒരു മകനെ പ്രസവിച്ചു; ദൈവം എനിക്കു ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവു എന്നോടുകൂടെ വസിക്കും; ഞാൻ അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞു അവന്നു സെബൂലൂൻ എന്നു പേരിട്ടു.” (ഉല്പ, 30:19,20). സെബൂലുനു കനാൻ ദേശത്തു വച്ച് ‘സേരെദ്, ഏലോൻ, യഹ്ളെയേൽ’ എന്നിങ്ങനെ മൂന്നു പുത്രന്മാർ ജനിച്ചു. (ഉല്പ, 46:14). 

സെബൂലൂൻ ഗോത്രം: ദൈവത്തിന്റെ കല്പനയനുസരിച്ച് സീനായിൽ വച്ചു യോദ്ധാക്കന്മാരുടെ കണക്കെടുത്തപ്പോൾ സെബൂലൂൻ ഗോത്രത്തിൽ 57, 400 പേർ ഉണ്ടായിരുന്നു. (സംഖ്യാ, 1:31). അടുത്ത ജനസംഖ്യ എടുത്തപ്പോൾ അത് 60,500 ആയി വർദ്ധിച്ചു. (സംഖ്യാ, 26:27). മരുഭൂമി പ്രയാണത്തിൽ സെബൂലൂൻ ഗോത്രത്തിനു നല്കിയ സ്ഥാനം സമാഗമന കൂടാരത്തിന്റെ കിഴക്കുഭാഗത്ത് യെഹൂദയുടെ കൊടിക്കീഴിൽ ആയിരുന്നു. (സംഖ്യാ, 2:7). സെബൂലൂന്യരുടെ പ്രദേശത്തിന്റെ കൃത്യമായ അതിരുകൾ അറിയില്ല. ഗലീലക്കടലിനും മെഡിറ്ററേനിയനും ഇടയിലായിരുന്നു അവരുടെ അവകാശം. കനാൻ ആക്രമണത്തിൽ സെബൂലൂന്റെ പ്രദേശം ഗലീലക്കടൽ വരെ വ്യാപിച്ചു. അനന്തരകാലത്ത് വടക്കോട്ടു ഫൊയ്നീക്യയുടെ അതിർത്തി വരെ സെബൂലൂൻ ഗോത്രം എത്തി. ക്രിസ്തുവിന്റെ ശുശ്രൂഷയ്ക്ക് സെബൂലൂന്റെ അതിരുകൾ സാക്ഷ്യം വഹിക്കുകയും അങ്ങനെ യെശയ്യാപ്രവാചകന്റെ പ്രവചനം നിറവേറുകയും ചെയ്തു. (യെശ, 9:1-2, മത്താ, 4:12-16). സീസെരയുമായുള്ള യുദ്ധത്തിൽ സെബൂലൂൻ ഗോത്രം പ്രാണനെപ്പോലും ത്യജിച്ചു. (ന്യായാ, 5:18). മിദ്യാന്യരെ വെട്ടാൻ ഗിദെയോൻ നിയോഗിക്കപ്പെട്ടപ്പോൾ അവന്റെ അഭ്യർത്ഥന സെബൂലൂൻ കൈക്കൊണ്ടു. (ന്യായാ, 6:35). രാജ്യം നേടാനായി ഹൈബാനിൽ വച്ച് അമ്പതിനായിരം സെബൂലൂന്യ യോദ്ധാക്കൾ ദാവീദിനോടു ചേർന്നു. (1ദിന, 12:33).

യിസ്സാഖാർ

യിസ്സാഖാർ (Issachsr)

പേരിനർത്ഥം – കൂലി

യാക്കോബിൻ്റെ ഒമ്പതാമത്തെ പുത്രനും ലേയയുടെ അഞ്ചാമത്തെ പുത്രനും. “ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവൾ ഗർഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു. അപ്പോൾ ലേയാ: ഞാൻ എന്‍റെ ദാസിയെ എന്‍റെ ഭർത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാർ എന്നു പേരിട്ടു.” (ഉല്പ, 30:17,18; 35:23). യിസ്സാഖാറിനു ‘തോലാ, പൂവ, യാശൂബ്, ശിമ്രോൻ’ എന്നിങ്ങനെ നാലു പുത്രന്മാർ ഉണ്ടായിരുന്നു . അവരുമായി യിസ്സാഖാർ പിതാവായ യാക്കോബിനോടൊപ്പം മിസ്രയീമിലേക്കു പോയി. അവിടെ അവൻ മരിച്ചു അടക്കപ്പെട്ടു. 

യിസ്സാഖാർ ഗോത്രം: അഞ്ചു കുടുംബങ്ങൾ ഉൾക്കൊണ്ടതാണ് യിസ്സാഖാർ ഗോത്രം. (സംഖ്യാ, 26:23,24). യിസ്സാഖാർ ഒരു ചെറിയ ഗോത്രമായിരുന്നില്ല. സീനായിയിൽ വച്ചു ഒന്നാമതു ജനസംഖ്യ എടുത്തപ്പോൾ യിസ്സാഖാറിൽ 54,400 യോദ്ധാക്കളുണ്ടായിരുന്നു. (സംഖ്യാ, 1:29). അടുത്തതിൽ അവരുടെ എണ്ണം 64,300 ആയി വർദ്ധിച്ചു. (സംഖ്യാ, 26:25). ഇങ്ങനെ ജനസംഖ്യയിൽ അഞ്ചാമതായിരുന്ന ഗോത്രം മൂന്നാമതായി മാറി. മരുഭൂമിപ്രയാണത്തിൽ യെഹൂദാ, സെബൂലൂൻ എന്നിവരോടൊപ്പം യിസ്സാഖാറിനു സമാഗമനകൂടാരത്തിന്റെ കിഴക്കായിരുന്നു സ്ഥാനം. (സംഖ്യാ, 2:3-8). ഗോത്രത്തിന്റെ സൈന്യാധിപൻ സൂവാരിന്റെ മകനായ നെഥനയേൽ ആയിരുന്നു. (സംഖ്യാ, 1:8). കനാൻദേശം ഒറ്റുനോക്കാൻ പോയവരിൽ യിസ്സാഖാർ ഗോത്രത്തിന്റെ പ്രതിനിധി യോസേഫിന്റെ മകൻ ഈഗാൽ ആണ്. (സംഖ്യാ, 13:7). കനാൻദേശം വിഭാഗിച്ചു നല്കുന്നതിനു എലെയാസറിനെയും യോശുവയെയും സഹായിക്കുവാൻ യിസ്സാഖാർ ഗോത്രത്തിന്റെ പ്രഭുവായി നിയമിക്കപ്പെട്ടതു അസ്സാന്റെ മകൻ പീയേലാണ്. (സംഖ്യാ, 34:26). യോർദ്ദാനു പടിഞ്ഞാറുള്ള ഫലഭൂയിഷ്ഠമായ പ്രദേശം യിസ്സാഖാർ ഗോത്രത്തിനു ലഭിച്ചു. (യോശു, 19:17-23). ദേശത്തിന്റെ ഫലപുഷ്ടിയും ഉത്പാദനക്ഷമതയും നിമിത്തം അവർക്കു കഠിനപ്രയത്നം ചെയ്യേണ്ട ആവശ്യം നേരിട്ടിരുന്നില്ല. തന്മൂലം യിസ്സാഖാര്യർ അലസരായിമാറി. യാക്കോബ് നല്കിയ അനുഗ്രഹത്തിൽ അവരുടെ ഈ സ്വഭാവം വ്യക്തമാണ്. (ഉല്പ, 49:14,15). ശലോമോൻ രാജാവിന്റെ ഭക്ഷ്യജില്ലകളിലൊന്നായിരുന്നു യിസാഖാർ. (1രാജാ, 4:17).

കാര്യാകാര്യങ്ങളെ വിവേചിക്കുവാൻ കഴിവുള്ള കാലജ്ഞന്മാരായിരുന്നു യിസ്സാഖാര്യർ. (1ദിന, 12:32). ദാവീദിന്റെ സൈന്യത്തിനു ഇവർ 87,000 പേരെ നല്കി. ദെബോരാ പ്രവാചിക യിസ്സാഖാർ ഗോത്രജ ആയിരുന്നു. അവളുടെ നേതൃത്വത്തിൽ സീസെരയെ തോല്പിക്കുന്നതിൽ യിസ്സാഖാർ ഗോത്രത്തിനു ഒരു ധീരമായ പങ്കുണ്ടായിരുന്നു. യിസ്സാഖാരിന്റെ ഭൂപ്രകൃതി പ്രസ്തുത ദേശത്തെ രാജ്യത്തിന്റെ പ്രധാന യുദ്ധക്കളമാക്കി മാറ്റി. ഗിദെയോൻ മിദ്യാന്യരെ തോല്പിച്ചതും (ന്യായാ, 7:19-23), ശൗലും പുത്രന്മാരും കൊല്ലപ്പെട്ടതും (1ശമൂ, 31:1:5), യോശീയാ രാജാവിനെ ഫറവോൻ-നെഖോ വധിച്ചതും (2ദിന, 35:20-25) ഈ സമതലത്തിലായിരുന്നു. മഹായുദ്ധമായ ഹർമ്മഗെദ്ദാന്റെ രണഭൂമിയും ഈ മെഗിദ്ദോ കുന്നു തന്നേ. (വെളി, 16:16). യിസ്രായേലിനു 23 വർഷം ന്യായപാലനം ചെയ്ത തോലായും (ന്യായാ, 10:1,2), യിസ്രായേലിനെ 24 വർഷം ഭരിച്ച ബയെശയും (1രാജാ, 15:27,33) യിസ്സാഖാർ ഗോത്രത്തിൽ നിന്നുള്ളവരാണ്. ശൂനേംകാരിയുടെ പുത്രനെ എലീശാ ഉയിർപ്പിച്ചതും (2രാജാ, 4:34-37), നയീനിലെ വിധവയുടെ മകനെ യേശു ഉയിർപ്പിച്ചതും (ലൂക്കൊ, 7:11-15) യിസ്സാഖാർ പ്രദേശത്തു വച്ചായിരുന്നു. വരാനിരിക്കുന്ന കഷ്ടത്തിൽ നിന്നും യിസ്സാഖാർ ഗോത്രത്തിലെ 12,000 പേർ രക്ഷയ്ക്കായി മുദ്രയിടപ്പെടും. (വെളി, 7:7). രാജ്യ പുനഃസ്ഥാപനത്തിൽ യിസ്ലാഖാറിനും പങ്കുണ്ട്. (യെഹെ, 48:25).

ഗാദ്

ഗാദ് (Gad)

പേരിനർത്ഥം – ഭാഗ്യം 

യാക്കോബിന്റെ ഏഴാമത്തെ പുത്രനും തന്റെ ഭാര്യയായ ലേയയുടെ ദാസി സില്പയിൽ ജനിച്ച ആദ്യജാതനും. (ഉല്പ, 30:11). ഗാദിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചു മറ്റു വിവരങ്ങളൊന്നും തിരുവെഴുത്തിൽ നല്കിയിട്ടില്ല. യാക്കോബ് തന്റെ മരണശയ്യയിൽ മറ്റു പുത്രന്മാരോടൊപ്പം ഗാദിനെയും അനുഗ്രഹിച്ചു. (ഉല്പ, 49:19). “ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിൻപടയെ ഞെരുക്കും.” ഗാദിന്റെ പേരുകൊണ്ടുള്ള ഒരു പദലീലയായിരുന്നു യാക്കോബിന്റെ ആനുഗ്രഹം. ഒരു കവർച്ചപ്പട ഗാദിനെ ഞെരുക്കുമെന്നും ഒടുവിൽ ഗാദ് അവരെ ഞെരുക്കുകയും പിൻപടയെ ആക്രമിക്കുകയും ചെയ്യുമെന്നും യാക്കോബ് വിവക്ഷിച്ചു. 

ഗാദ്ഗോത്രം: യാക്കോബ് കുടുംബസമേതം മിസ്രയീമിലേക്കു പോകുമ്പോൾ ഗാദിന് ഏഴു പുത്രന്മാരുണ്ടായിരുന്നു. (ഉല്പ, 46:16). പേരുകളിലധികവും ബഹുവചനാന്തങ്ങളാണ്. തന്മൂലം അവ വ്യക്തിനാമങ്ങൾ എന്നതിലേറെ കുടുംബനാമങ്ങൾ ആയിരിക്കണം. ഒന്നാമത്തെ ജനസംഖ്യയെടുപ്പിൽ ഗാദ്യരുടെ എണ്ണം 45,650 ആയിരുന്നുവെങ്കിലും അടുത്തതിൽ അത് 40,500 ആയി കുറഞ്ഞു. അങ്ങനെ ജനസംഖ്യയിൽ എട്ടാം സ്ഥാനത്തു നിന്ന ഗോത്രം പത്താം സ്ഥാനത്തായി. (സംഖ്യാ, 1:25; 2:18). യിസ്രായേല്യ സൈന്യത്തിൽ രണ്ടാം വിഭാഗത്തോടാണ് ഗാദിനെ ചേർത്തിരുന്നത്. സമാഗമന കൂടാരത്തിന്റെ തെക്കുഭാഗത്തു പാളയമടിച്ചിരുന്ന അവർ രൂബേന്റെ കൊടിക്കീഴിലാണ് പുറപ്പെട്ടത്. ദെയുവേലിന്റെ മകനായ എലിയാസാഫ് ആയിരുന്നു അവരുടെ പ്രഭു. (സംഖ്യാ, 1:14; 2:10-16). അസംഖ്യം കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട് യോർദ്ദാനു കിഴക്കുള്ള പ്രദേശം അവർ മോശെയോടു ആവശ്യപ്പെട്ടു. കനാൻ കീഴടക്കുന്നതിനു സഹോദരന്മാരെ സഹായിക്കുമെന്ന ഉറപ്പിന്മേൽ ഗാദ്യരുടെ അഭീഷ്ടം മോശെ അനുവദിച്ചു. 

ഗാദ്യർ രണോത്സുകരായിരുന്നു. മോശെയുടെ അനുഗ്രഹം ഗാദ്യരുടെ ഈ സ്വഭാവം വ്യക്തമാക്കി. (ആവ, 33:20,21). കനാൻ ആക്രമണത്തിൽ അവർ സഹോദരന്മാരെ സഹായിച്ചു. (യോശു, 4:12; 22:14). അമ്മോന്യർ, മിദ്യാന്യർ തുടങ്ങിയ ശത്രുക്കളുടെ മദ്ധ്യ അവർ തങ്ങളുടെ ദേശത്തെ ഭ്രദമായി സൂക്ഷിച്ചു. യിശ്മായേല്യ സന്തതികളുടെമേൽ അവർ നിർണ്ണായക വിജയം നേടി. യെതൂർ, നാഫീശ്, നോദാബ് എന്നീ ഗോത്രങ്ങളെ തോല്പിച്ച് അവരിൽ നിന്ന് ധാരാളം കൊളള പിടിച്ചെടുത്തു. (1ദിന, 5:18-22). പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളുമായ അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ ശീഘ്രഗാമികളും ആയിരുന്നു എന്നാണ് സീക്ലാഗിൽ വച്ചു ദാവീദിനെ സഹായിക്കാൻ വന്ന ഗാദ്യരെ വർണ്ണിക്കുന്നത്. (1ദിന, 12:8). ഈശ്-ബോശെത്തിന്റെ പരമാധികാരം ഗാദിൻ്റെ പ്രദേശത്താണ സ്ഥാപിച്ചത്. അബ്നേർ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൊണ്ടുവന്നു രാജാവാക്കി. (2ശമൂ, 2:8). യിസ്രായേൽ വിഭജിക്കപ്പെട്ടപ്പോൾ ഗാദ് ഉത്തര രാജ്യത്തിലായി. അരാമും യിസ്രായേലും തമ്മിൽ നടന്ന യുദ്ധങ്ങൾ ഗാദിന് നാശകാരണമായി. (2രാജാ, 10:33). ഒടുവിൽ അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മറ്റു ഗോത്രങ്ങളോടൊപ്പം ഗാദ്യരെയും അശ്ശൂരിലേക്കു ബദ്ധരാക്കി കൊണ്ടുപോയി. (2രാജാ, 15:29; 1ദിന, 5:26).

നഫ്താലി

നഫ്താലി (Naphtali) 

പേരിനർത്ഥം – പോർ പൊരുതുക

യാക്കോബിന്റെ ആറാമത്തെ പുത്രനും റാഹേലിന്റെ ദാസിയായ ബിൽഹയുടെ രണ്ടാമത്തെ പുത്രനും. (ഉല, 30:8). ബിൽഹ രണ്ടാമതൊരു പുത്രനെ പ്രസവിച്ചപ്പോൾ റാഹേൽ വിജയാഹ്ളാദത്തിൽ പ്രസ്താവിച്ചു. “ഞാൻ എന്റെ സഹോദരിയോടു വലിയൊരു പൊർ പൊരുതു ജയിച്ചുമിരിക്കുന്നു.” ഇതു മനസ്സിൽ കരുതിക്കൊണ്ടു ‘പോർ പൊരുതുക’ എന്നർത്ഥം വരുമാറു നഫ്താലി എന്നു ബിൽഹയുടെ പുത്രനെ അവൾ നാമകരണം ചെയ്തു. (ഉല്പ, 30:8). നഫ്താലിയെക്കുറിച്ച് അധികമായൊന്നും വിശുദ്ധരേഖകളിൽ പറഞ്ഞിട്ടില്ല. തന്റെ ഇഷ്ടപുത്രനായ യോസേഫ് ജീവനോടിരിക്കുന്നു എന്ന സദ്വർത്തമാനം ആദ്യം യാക്കോബിനെ അറിയിച്ചത് നഫ്താലി ആയിരുന്നു എന്നു പാരമ്പര്യം പറയുന്നു. നഫ്താലി 132 വർഷം ജീവിച്ചിരുന്നു എന്നും ശീഘ്രഗാമിയായിരുന്നു എന്നും പറയപ്പെടുന്നു. (ഉല്പ, 49:21).

നഫ്താലിഗോത്രം: യാക്കോബും കുടുംബവും മിസ്രയീമിലേക്കു പോയപ്പോൾ നഫ്താലിക്കു നാലു പുത്രന്മാരുണ്ടായിരുന്നു: യഹസേൽ, ഗൂനീ, യേസെർ, ശില്ലേം. (ഉല്പ, 46:24). മരുഭൂമി പ്രയാണത്തിൽ ആദ്യം ജനസംഖ്യ എടുത്തപ്പോൾ നഫ്താലി ഗോത്രത്തിൽ 53,400 പേർ ഉണ്ടായിരുന്നു. (സംഖ്യാ, 1:43). രണ്ടാമത്തെ ജനസംഖ്യയെടുപ്പിൽ ഇത് 45,400 ആയി കുറഞ്ഞു. ഉല്പ, 26:50). ഇങ്ങനെ ജനസംഖ്യാനുപാതത്തിൽ ആറാംസ്ഥാനത്തായിരുന്ന ഗോത്രം എട്ടാം സ്ഥാനത്തായി. മരുഭൂമിയാത്രയിൽ ദാൻ, ആശേർ എന്നീ ഗോത്രങ്ങളോടൊപ്പം സമാഗമനകൂടാരത്തിന്റെ വടക്കുഭാഗത്തായിരുന്നു നഫ്താലിയുടെ സ്ഥാനം. ദേശം വിഭജിച്ചപ്പോൾ ഒടുവിൽ അവകാശം കിട്ടിയത് നഫ്താലിക്കായിരുന്നു. പലസ്തീന്റെ വടക്കെ കോണിലായിരുന്നു. അവരുടെ ഓഹരി. തെക്കു സെബുലൂനും പടിഞ്ഞാറു ആശേറും കിഴക്കു മനശ്ശെയും ആയിരുന്നു. 

നഫ്താലി വിശ്വസ്തതയുള്ള ഒരു ഗോത്രമായിരുന്നു. സീസെരയോടുള്ള യുദ്ധത്തിൽ അവർ പോർക്കള മേടുകളിൽ തന്നെ പ്രാണൻ ത്യജിച്ചു. (ന്യായാ, 5:18). ആ യുദ്ധത്തിൽ യിസ്രായേലിന്റെ നായകനായിരുന്ന ബാരാക് നഫ്പാലി ഗോത്രജനായിരുന്നു. (ന്യായാ, 4:6). ഏഴു വർഷത്തിനുശേഷം മിദ്യാന്യരുമായുണ്ടായ ഗിദെയോന്റെ യുദ്ധത്തിലും അവർ പങ്കെടുത്തു. (ന്യായാ, 6:35; 7:23). ദാവീദിനെ യിസ്രായേലിനു മുഴുവൻ രാജാവാക്കാനുള്ള ശ്രമത്തിൽ ആയിരം നായകന്മാരെയും പരിചയും കുന്തവും എടുത്ത 37,000 പേരെയും യുദ്ധത്തിനു വേണ്ടുവോളം കോപ്പുകളും അവർ നല്കി. (1ദിന, 12:34, 40). അരാം രാജാവായ ബെൻഹദദ് ഒന്നാമനും അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമനും അവരെ ആക്രമിച്ചു. ആദ്യമായി ബദ്ധരാക്കപ്പെട്ടവരും ഇവർ തന്നേ. (2രാജാ, 15:29). 

ക്രിസ്തുവിന്റെ പരസ്യജീവിതത്തിന്റെ അധികഭാഗവും നഫ്താലിയിലാണ് ചെലവഴിച്ചത്. ഭാഗ്യവചനങ്ങളുടെ മലയും പുനരുത്ഥാനശേഷം പതിനൊന്നു ശിഷ്യന്മാരെ യേശുകൂട്ടിച്ചേർത്ത ഗലീലയിലെ മലയും ഈ ഗോത്രപ്രദേശത്തിൽ ആയിരുന്നു. (മത്താ, 5:1; 28:16). മറഞ്ഞിരിപ്പാൻ പാടില്ലാതവണ്ണം മലമേലിരിക്കുന്നതായി ക്രിസ്തു സൂചിപ്പിച്ച പട്ടണവും ബേത്സയിദ, കഫർന്നഹൂം, കോരസീൻ, ഗെന്നേസരത്ത് സമതലം എന്നിവയും നഫ്താലിയിലായിരുന്നു. “ഇരുട്ടിൽ നടന്നോരു ജനം വലിയൊരു വെളിച്ചം കണ്ടു” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ (9:1-2) പ്രവചിച്ചത്, ക്രിസ്തുവിന്റെ ഒന്നാം വരവിൽ പ്രസ്തുത പ്രദേശത്തിനു ലഭിച്ച ശുശ്രൂഷയുടെ ഒരു സൂചനയാണ്.

ദാൻ

ദാൻ (Dan) 

പേരിനർത്ഥം – ന്യായാധപൻ

യാക്കോബിന്റെ അഞ്ചാമത്തെ പുത്രനും റാഹേലിന്റെ ദാസിയായ ബിൽഹയുടെ മൂത്തമകനും. യാക്കോബിനു റാഹേലിന്റെയും ലേയയുടെയും ദാസിമാരിൽ ജനിച്ച നാലു പുത്രന്മാരിൽ ആദ്യനാണ് ദാൻ. ലേയ നാലു പുത്രന്മാരെ പ്രസവിച്ചപ്പോൾ സഹോദരിയായ റാഹേൽ വന്ധ്യയായിരുന്നു. നിരാശയായ റാഹേൽ തന്റെ ദാസി ബിൽഹയെ യാക്കോബിന് വെപ്പാട്ടിയായി നല്കി. അവൾ ഒരു പുത്രനെ പ്രസവിച്ചു. ആ കുഞ്ഞിനെ സ്വന്തമായി അംഗീകരിച്ചുകൊണ്ട് റാഹേൽ പറഞ്ഞു. “ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു. എനിക്ക് ഒരു മകനെ തന്നു എന്നു പറഞ്ഞു; അതുകൊണ്ടു അവനു ദാൻ എന്നു പേരിട്ടു. (ഉല്പ, 30:6). ദാനിനെ സംബന്ധിച്ചു മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല. യാക്കോബിന്റെ മരണശയ്യക്കരികെ അനുഗ്രഹത്തിനു വേണ്ടി പുത്രന്മാർ കൂടിനിന്നപ്പോൾ ദാനും ഉണ്ടായിരുന്നു. അർദ്ധ സഹോദരന്മാരോടൊപ്പം ദാനിനെയും പിതാവ് അനുഗ്രഹിച്ചു; അവർക്കു തുല്യമായ ഓഹരി ദാനിനും നല്കി. (ഉല്പ, 49:16-18).

ദാൻഗോത്രം: യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളിലൊന്ന്. ദാനിൽ നിന്നു ദാൻഗോതം ഉത്ഭവിച്ചു. ദാനിന്റെ പുത്രനാണ് ഹൂശീം. ഹൂശീം ബഹുവചനമായതു കൊണ്ട് അതിനെ കുടുംബത്തിന്റെ പേരായി കരുതുന്നവരുണ്ട്. പുറപ്പാടിന്റെ കാലത്ത് ഒന്നാമത് ജനസംഖ്യ എടുത്തപ്പോൾ ദാൻ ഗോത്രത്തിൽ പ്രായപൂർത്തിയായ 62,700 പുരുഷന്മാർ ഉണ്ടായിരുന്നു. (സംഖ്യാ, 1:39). അടുത്ത ജനസംഖ്യയെടുപ്പിൽ 64,400 ആയി വർദ്ധിച്ചു. (സംഖ്യാ, 26:43). ജനസംഖ്യയിൽ രണ്ടാംസ്ഥാനം ദാൻഗോത്രത്തിനാണ്. മരുഭൂമി പ്രയാണത്തിൽ ആശർ, നഫ്താലി എന്നീ ഗോത്രങ്ങളോടൊപ്പം സമാഗമനകൂടാരത്തിന്റെ വടക്കുഭാഗത്തായിരുന്നു ദാനിന്റെ സ്ഥാനം. (സംഖ്യാ, 2:25). ദാനിന്റെ കൊടി വെളുപ്പും ചുവപ്പും ഉള്ളതും സർപ്പവൈരിയായ കഴുകൻ്റെ അടയാളത്തോടു കൂടിയതും ആയിരുന്നു. സർപ്പമായിരുന്നു ദാനിന്റെ കൊടിയടയാളം. യാക്കോബു തൻ്റെ അനുഗ്രഹത്തിൽ ദാനിനെ സർപ്പത്തോടാണ് താരതമ്യപ്പെടുത്തിയത്. തന്റെ കൊടിയിൽ സർപ്പത്തെ വഹിക്കുന്നതിന് വൈമുഖ്യം കാണിച്ച അഹീയേസറാണ് (ദാൻ ഗോത്രത്തിന്റെ പ്രഭു) കഴുകനെ കൊടിയടയാളമായി സ്വീകരിച്ചത്. ദാൻഗോത്രത്തിൽ ചില പ്രധാന വ്യക്തികളുണ്ടായിരുന്നു. സമാഗമനകൂടാരത്തിലെ പാത്രങ്ങളും ഉപകരണങ്ങളും നിർമ്മിച്ച അഹോലിയാബ് ഒരു ദാന്യനായിരുന്നു. സോർ രാജാവായ ഹൂരാം ആലയപ്പണിക്കു വേണ്ടി ശലോമോനു നല്കിയ വിദഗ്ദ്ധനായ വേലക്കാരൻ ഒരു ദാന്യസ്ത്രീയുടെ മകനായിരുന്നു. (2ദിന, 2:13,14). ന്യായാധിപനായ ശിംശോൻ ഒരു ദാന്യനായിരുന്നു. (ന്യായാ, 13:2). 

ഗോത്രങ്ങളിൽ വച്ച് ഒടുവിൽ ഓഹരി ലഭിച്ചത് ദാനിനാണ്. അവരുടെ ഓഹരി ചെറുതായിരുന്നു. അത് എഫ്രയീം, ബെന്യാമീൻ, യെഹൂദാ, മനശ്ശെ എന്നീ ഗോത്രങ്ങൾക്കിടയിൽ ആയിരുന്നു. (യോശു, 19:40-46). ജനസംഖ്യയിൽ വലിയ ഗോത്രങ്ങളിലൊന്നായതു കൊണ്ട് ഈ പ്രദേശം അവർക്കു മതിയായിരുന്നില്ല. കൂടാതെ അമോര്യർ ദാന്യരെ മലനാട്ടിലേക്ക് തള്ളിക്കയറ്റി. (ന്യായാ, 1:34). അമോര്യരാകട്ടെ മെഡിറ്ററേനിയൻ തീരദേശത്തുള്ള ഫെലിസ്ത്യരാൽ ഞെരുക്കപ്പെട്ടുകൊണ്ടിരുന്നു. അതിനാൽ യാതൊരു മുന്നറിയിപ്പും കൂടാതെ ദാന്യർ ശാന്തശീലരായിരുന്ന ലേശെമിലെ ജനതയോട് യുദ്ധം ചെയ്തു ലേശെമിനെ പിടിച്ചെടുത്തു ദാൻ എന്നു പേരിട്ടു, വടക്കുള്ള ബാശാന്റെ പുതിയ പ്രദേശത്ത് പാർപ്പുറപ്പിച്ചു. (യോശു, 19:47; ന്യായാ, 18:1-27). ദാന്യർക്കു ശക്തി ഉണ്ടായിരുന്നിട്ടും സീസെര രാജ്യത്തെ ഭീഷണിപ്പെടുത്തിയപ്പോൾ അവർ രംഗത്തില്ലായിരുന്നു. അനന്തരം ദെബോര പരിഹാസ നിർഭരമായി ചോദിച്ചു; “ദാൻ കപ്പലുകൾക്കരികെ താമസിക്കുന്നതെന്ത്?” (ന്യായാ, 5:18). 

യാക്കോബിന്റെ സന്തതികളുടെ വിവരണം 1ദിനവൃത്താന്തം 2-8 അദ്ധ്യായങ്ങളിൽ നല്കിയിട്ടുണ്ട്. എന്നാൽ 1ദിനവൃത്താന്തം 2:2-ൽ യാക്കോബിന്റെ പുത്രന്മാരെ പട്ടികയിൽ ഉൾക്കൊള്ളിച്ച ശേഷം ദാനിനെക്കുറിച്ചോ അവന്റെ സന്തതികളെക്കുറിച്ചോ ഒരു സൂചനപോലും നല്കിയിട്ടില്ല. മഹാപീഡനകാലത്തു രക്ഷയ്ക്കായി മുദ്രയിടപ്പെടുന്ന ഗോത്രങ്ങളുടെ പട്ടികയിൽനിന്നും ദാൻ ഒഴിവാക്കപ്പെട്ടിരിക്കുന്നു. (വെളി, 7:6). എതിർക്രിസ്തു ദാൻഗോത്രത്തിൽ നിന്നു എഴുന്നേല്ക്കും എന്നതിന്റെ സൂചനയായി പലരും ഇതിനെ കരുതുന്നു. ഈ ധാരണ ഉല്പത്തി 49:17-നെ അടിസ്ഥാനമാക്കി ഉള്ളതും ഐറേനിയൂസിന്റെ കാലത്തോളം പഴക്കമുള്ളതുമാണ്. വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ ആദ്യ ഗോത്രമാകയാലാണ് ഈ ഒഴിവാക്കൽ എന്നു കരുതുന്നവരുണ്ട്. വെളിപ്പാട് 7:6-ൽ ദാനിന്റെ സ്ഥാനം മനശ്ശെയുടെ അർദ്ധഗോത്രം കരസ്ഥമാക്കിയിരിക്കുന്നു. അതിനാൽ മനശ്ശെ ദാനിനു പകരം പകർപ്പെഴുത്തിൽ വന്ന പിഴയായിരിക്കണം. വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ ആദ്യഗോത്രം ദാൻ ആയിരുന്നു. (ന്യായാ, 18). പത്തുഗോത്രങ്ങൾ പിരിഞ്ഞുപോയി യൊരോബെയാമിനെ രാജാവായി വാഴിച്ചപ്പോൾ ദാൻ യിസ്രായേൽ രാജ്യത്തിൻറെ വടക്കെ അറ്റവും പൊന്നുകൊണ്ടുള്ള കാളക്കുട്ടിയുടെ ആരാധനാകേന്ദ്രവും ആയി. (1രാജാ, 12:28-30). ഫിനിഷ്യരും മറ്റുജാതികളും ആയുള്ള മിശ്രവിവാഹവും ദാന്യരുടെ വിഗ്രഹാരാധനാ പ്രവണതയെ വർദ്ധിപ്പിച്ചു. ദാനിന്റെ സന്തതിയായ ഒരുവൻ യഹോവയുടെ നാമം ദുഷിച്ചു ശപിച്ചു. അതിനാൽ അവനെ കല്ലെറി ഞ്ഞു കൊന്നു. (ലേവ്യ, 24:10-16 .

യെഹൂദാ

യെഹൂദാ (Judah)

പേരിനർത്ഥം – വാഴ്ത്തപ്പെടട്ടെ, സ്തുതി

യാക്കോബിന്റെയും ലേയയുടെയും നാലാമത്തെ പുത്രൻ. (ഉല്പ, 29:35; 35:23). സഹോദരനായ യോസേഫിനെ കൊല്ലാതെ യിശ്മായേല്യർക്കു വില്ക്കുകയാണ് നല്ലതെന്നുപദേശിച്ചതു യെഹൂദയാണ്. ഉല്പ, 37:26, 27). സഹോദരന്മാരുടെ നേതൃത്വം യെഹൂദാ എടുക്കുന്നതായി കാണാം. (ഉല്പ, 43:3-10; 44:16-34; 46:28). മൂത്തപുത്രനായ രൂബേൻ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവനു ലഭിക്കേണ്ട പ്രഭുസ്ഥാനം യെഹൂദയ്ക്കു ലഭിച്ചു. ശൂവാ എന്ന കനാന്യന്റെ മകളെ യെഹൂദാ വിവാഹം കഴിച്ചു. അവൾ ഏർ, ഓനാൻ, ശേലാ എന്ന മൂന്നു പുത്രന്മാരെ പ്രസവിച്ചു. (ഉല്പ, 38:1-5). മൂത്ത മകനായ ഏർ മരിച്ചപ്പോൾ അവന്റെ ഭാര്യയായ താമാറിനെ ഓനാനു നല്കി. അവനും മരിച്ചപ്പോൾ മൂന്നാമത്തെ മകനായ ശേലയ്ക്കു താമാറിനെ വിവാഹം ചെയ്തു കൊടുത്തില്ല. അതിനാൽ അവൾ വേശ്യയുടെ വേഷത്തിൽ യെഹൂദയെ വഞ്ചിച്ചു ഗർഭിണിയായി. മരുമകൾ താമാർ പരസംഗത്താൽ ഗർഭിണിയായി എന്നറിഞ്ഞപ്പോൾ അവളെ ചുട്ടുകളയുവാൻ യെഹൂദാ ഒരുങ്ങി. പണയവസ്തുക്കളായ മുദ്രമോതിരവും മോതിരച്ചരടും വടിയും കണ്ടപ്പോഴാണു താനാണു കുറ്റക്കാരനെന്നു യെഹൂദയ്ക്ക മനസ്സിലായത്. ‘അവൾ എന്നിലും നീതിയുള്ളവൾ’ എന്നു യെഹൂദാ ഏറ്റുപറഞ്ഞു. യെഹൂദയ്ക്കു താമാറിൽ പേരെസ്സ്, സേരഹ് എന്ന രണ്ടു പുത്രന്മാർ ജനിച്ചു. മരണാസന്നനായ യാക്കോബ് യെഹൂദയെ അനുഗ്രഹിച്ചു. യെഹൂദാ ഒരു ബാലസിംഹം ആയിരിക്കുമെന്നും അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽ നിന്നും മാറുകയില്ലെന്നും യാക്കോബ് പ്രവചിച്ചു. (ഉല്പ, 49:8-12). യിസ്രായേൽ രാജാവായ ദാവീദ് യെഹൂദാ ഗോത്രജനാണ്. യെഹൂദയുടെ സിംഹമായ യേശുവും യെഹൂദാ ഗോത്രത്തിലാണ് ജനിച്ചത്. യെഹൂദയുടെ വംശാവലി 1ദിനവൃത്താന്തം 2-4 അദ്ധ്യായങ്ങളിൽ കാണാം.

യഹൂദാഗോത്രം: മിസ്രയീമിലേക്കു പോകുമ്പോൾ യെഹൂദയ്ക്ക് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. യെഹൂദയുടെ കുടുംബം വളരെ വേഗം വർദ്ധിച്ചു. ഒന്നാമത്തെ ജനസംഖ്യയെടുപ്പിൽ അവർ 74,600 പേരുണ്ടായിരുന്നു. (സംഖ്യാ, 1:27). എല്ലാ ഗോത്രങ്ങളിലും വച്ചു ജനസംഖ്യയിൽ ഒന്നാം സ്ഥാനം യെഹൂദയ്ക്കായിരുന്നു. രണ്ടാമത്തെ കണക്കെടുപ്പിൽ 76,500 ആയിരുന്നു ജനസംഖ്യ. (സംഖ്യാ, 26:22). കനാൻദേശം ഒറ്റുനോക്കുവാൻ പോയവരിൽ യെഹൂദയുടെ പ്രതിനിധി യെന്നയുടെ മകൻ കാലേബായിരുന്നു. (സംഖ്യാ, 13:6). മരുഭൂമി പ്രയാണത്തിൽ യെഹൂദയുടെ സ്ഥാനം സമാഗമനകൂടാരത്തിനു കിഴക്കായിരുന്നു. (സംഖ്യാ, 2:3). യെഹൂദയുടെ കൊടിയുടെ നിറം പച്ചയും, കൊടിയടയാളം സിംഹവും ആയിരുന്നുവെന്നു റബ്ബിമാർ പറയുന്നു. 

ഹായിയിൽ യിസ്രായേലിന്റെ തോൽവിക്കു കാരണക്കാരനായ ആഖാൻ യെഹൂദാ ഗോത്രജനായിരുന്നു. (യോശു, 7). കനാന്യരോടു യുദ്ധം ചെയ്യാൻ ആദ്യം പുറപ്പെട്ടതു യെഹൂദാ ഗോത്രമാണ്. (ന്യായാ, 1:1,2). യോർദ്ദാനു പടിഞ്ഞാറു അവകാശം ലഭിച്ച ആദ്യത്തെ ഗോത്രം യെഹൂദയായിരുന്നു. മുഴുവൻ ദേശത്തിന്റെയും മൂന്നിലൊന്നു വരുമായിരുന്നു യെഹൂദയുടെ ഓഹരി. ദേശം ശരിയായി പരിശോധിച്ചു വീണ്ടും പകുത്തപ്പോൾ ഒരോഹരി ശിമെയോനു കൊടുത്തു. ദേശത്തിന്റെ അതിരുകളെക്കുറിച്ചു വിശദമായി യോശുവ 15:20-63-ൽ കാണാം. ന്യായാധിപന്മാരുടെ കാലത്തു യെഹൂദാ മറ്റു ഗോത്രങ്ങളോടു സ്വതന്ത്രമായ മനോഭാവമാണു പുലർത്തിയത്. ബെന്യാമീന്യനായ ശൗലിനെ രാജാവായി അവർ അംഗീകരിച്ചു. എന്നാലത് ശുഭമനസ്സോടു കൂടെയായിരിക്കാൻ ഇടയില്ല. അമാലേക്യർക്ക് എതിരെയുള്ള യുദ്ധത്തിൽ ഒരു ചെറിയ സൈന്യമാണ് യെഹൂദാഗോത്രം ശൗലിനു നല്കിയത്. (1ശമു, 15:4). ദാവീദിന്റെ കാലത്തോടുകൂടി ഒരു ഗോത്രമായിരുന്ന യെഹൂദാ രാജ്യമായി മാറി.

ലേവി

ലേവി (Levi)

പേരിനർത്ഥം – പറ്റിച്ചേരൽ

യാക്കോബിനു ലേയയിൽ ജനിച്ച മൂന്നാമത്തെ മകൻ. അവൻ ജനിച്ചപ്പോൾ, “ഇപ്പോൾ ഈ സമയം എന്റെ ഭർത്താവു എന്നോടു പറ്റിച്ചേരും; ഞാൻ അവനു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു ലേയ പറഞ്ഞു.” (ഉല്പ, 29:34). ‘പറ്റിച്ചേരുക’ എന്നർത്ഥം വരത്തക്കവണ്ണം ലേവി എന്നു അവൾ തന്റെ കുഞ്ഞിനെ വിളിച്ചു. ശെഖേം ലേവിയുടെ സഹോദരിയായ ദീനയോടു വഷളത്തം പ്രവർത്തിച്ചു. അക്കാലത്തെ നാട്ടുനടപ്പനുസരിച്ച് ഈ കളങ്കം രക്തം കൊണ്ടു മാത്രമേ കഴുകിക്കളയാനാവൂ. ശിമയോനും, ലേവിയും പ്രതികാരം ചെയ്യാൻ ഗൂഢാലോചന നടത്തി ശെഖേമൃരോടു കൂരത കാട്ടി. (ഉല്പ, 34). തന്മൂലം യാക്കോബ് അവന്റെ മേൽ അനുഗഹത്തിനു പകരം ശാപം ഉച്ചരിച്ചു. (ഉല്പ, 49:5-7). മുന്നു പുത്രന്മാരോടൊപ്പം ലേവി മിസ്രയീമിൽ കുടിയേറി പ്പാർത്തു. (ഉല്പ, 46:11). മൂത്ത പുത്രന്മാരിലൊരാൾ എന്ന നിലയിൽ ഫറവോന്റെ മുമ്പിൽ യോസേഫ് നിറുത്തിയ അഞ്ചുപേരിൽ ഒരാൾ ലേവി ആയിരിക്കണം. (ഉല്പ, 47:2).

ലേവ്യർ: ലേവിയുടെ പിൻഗാമികളെയും (പുറ, 6:25; ലേവ്യ, 25:32; യോശു, 21:3, 41), പുരോഹിതന്മാർക്കു കീഴെയായി വിശുദ്ധസ്ഥലത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി ലേവിഗോത്രത്തിൽ നിന്നു വേർതിരിച്ചവരെയും (സംഖ്യാ, 8:6; എസ്രാ, 2:70; യോഹ, 1:19) ലേവ്യർ എന്നു വിളിക്കുന്നു. വിശേഷണമായും ലേവ്യർ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. ഉദാ: ലേവ്യരായ പുരോഹിതന്മാർ: (യോശു, 3:3; യെഹെ, 44:5). 

ലേയയുടെ പുത്രനായ ലേവിയിൽ നിന്നു ലേവിഗോത്രം ഉത്ഭവിച്ചു. യാക്കോബിനു സ്വന്തം ഭാര്യയിൽ നിന്നു ജനിച്ച ആറു പുത്രന്മാർക്കും സ്വാഭാവികമായിതന്നേ മേന്മ ഉണ്ടായിരുന്നു. ആ നിലയിൽ ലേവ്യർക്കു മേന്മ സിദ്ധിച്ചു. ദൈവത്തിന്റെ മുമ്പിൽ വൻകാര്യങ്ങൾ ചെയ്ത മോശെയും അഹരോനും ലേവി ഗോത്രജരായിരുന്നു. അതു ലേവിഗോത്രത്തിന്റെ വൈശിഷ്ട്യത്തിനു കാരണമായി. മരുഭൂമിയിൽ വച്ച് അഹരോൻ നിർമ്മിച്ച സ്വർണ്ണകാളക്കുട്ടിയെ ജനം ആരാധിച്ചു. സീനായി പർവ്വതത്തിൽ നിന്നിറങ്ങിവന്ന മോശെ പാളയവാതില്ക്കൽ നിന്നുകൊണ്ട് യഹോവയുടെ പക്ഷത്തുള്ളവൻ തന്റെ അടുക്കൽ വരട്ടെ എന്നു ആഹ്വാനം ചെയ്തപ്പോൾ ലേവിഗോത്രം മുഴുവൻ മോശയുടെ അടുക്കൽ വന്നു. അവർ പാളയം മുഴുവൻ ചുറ്റിനടന്നു, 3000 വിഗ്രഹാരാധികളെ വധിച്ചു. അങ്ങനെ യഹോവയോടുള്ള തീക്ഷ്ണത അവർ പ്രദർശിപ്പിച്ചു. (പുറ, 32:26-29). വിശുദ്ധവസ്തുക്കളുടെ സംരക്ഷകരായി യഹോവ ലേവ്യരെ തിരഞ്ഞെടുത്തു. (സംഖ്യാ, 3:5-13; 8:14-19). യിസ്രായേലിലെ ആദ്യജാതന്മാർക്കു പകരം ലേവിഗോത്രത്തെ യഹോവ തിരഞ്ഞെടുത്തു. അവരെ അഹരോനും പുത്രന്മാർക്കും (പുരോഹിതന്മാർ) ദാനം ചെയ്തു. സമാഗമനകൂടാരത്തിൽ ലേവ്യരുടെ ശുശ്രൂഷാകാലം 25 മുതൽ 50 വയസ്സുവരെയാണ്. 50-നു ശേഷം അവർ മേൽവിചാരകന്മാരായി സഹോദരന്മാരെ സഹായിക്കും. (സംഖ്യാ, 8:24,25). മുപ്പതു വയസ്സു മുതൽ സേവനത്തിൽ പ്രവേശിക്കുന്നതായി സംഖ്യാ 4:2-ൽ കാണുന്നു. ഇതിനു വ്യത്യസ്ത വ്യാഖ്യാനങ്ങൾ നിലവിലുണ്ട്. എന്നാൽ സെപ്റ്റജിന്റിൽ മുപ്പതിനു പകരം ഇരുപത്തഞ്ചന്നു തന്നെയാണു കാണുന്നത്. പ്രായം അല്ലാതെ മറ്റൊരു യോഗ്യതയും പറഞ്ഞിട്ടില്ല. സമ്പൂർണ്ണവിശുദ്ധിയിൽ യഹോവയുടെ ന്യായഹ്മാണം കാത്തുസൂക്ഷിക്കുകയാണ് ലേവ്യരുടെ ചുമതല. സമാഗമനകൂടാരത്തിലെ ശുശ്രൂഷയിൽ അവർ പുരോഹിതന്മാർക്കു സഹായികളാണ്. (സംഖ്യാ, 18:4). പുരോഹിതന്മാർ മൂടിയ ശേഷമല്ലാതെ വിശുദ്ധ ഉപകരണങ്ങളോ , യാഗപീഠമോ തൊടാൻ ലേവ്യർക്കു അനുവാദമില്ല. (സംഖ്യാ, 4:5-14). ജനത്തിന്റെ മദ്ധ്യേ അദൃശ്യരാജാവിന്റെ സാന്നിദ്ധ്യത്തിന്റെ അടയാളമാണ് സമാഗമനകൂടാരം; കൂടാരം സൂക്ഷിക്കുന്ന ലേവ്യർ രാജാവിന്റെ അംഗരക്ഷകസേനയും. യിസ്രായേൽ മക്കൾ കനാനിൽ കുടിപാർപ്പുറപ്പിച്ചശേഷം ലേവ്യർ ചെയ്ത ശുശ്രൂഷകൾ തിരുമന്ദിരം സൂക്ഷിക്കുക, അതു അടയ്ക്കുകയും തുറക്കുകയും ചെയ്യുക, മന്ദിരവും ഉപകരണങ്ങളും വൃത്തിയാക്കുക, കാഴ്ചയപ്പം തയാറാക്കുക, യാഗത്തിനാവശ്യമായ പാചകം ചെയ്യുക, ആരാധനയിൽ സംഗീതം നയിക്കുക, യാഗമൃഗത്തെ കൊല്ലാനും തോലുരിക്കാനും പുരോഹിതന്മാരെ സഹായിക്കുക, ന്യായപ്രമാണം അനുസരിച്ചു കുഷ്ഠരോഗികളെ പരിശോധിക്കുക, ദൈവാലയ ഭണ്ഡാരങ്ങളെ സൂക്ഷിക്കുക എന്നിവയായിരുന്നു. കൂടുതൽ കായികാദ്ധ്വാനം ആവശ്യമുള്ള ജോലികൾ ചെയ്യുന്നതിനു അടിമകൾ സഹായിച്ചിരുന്നു. യോശുവയുടെ കാലത്ത് ഗിബെയോന്യരെ വിറകു കീറുന്നവരും വെള്ളം കോരുന്നവരും ആയി നിയമിച്ചു. (യോശു, 9:21). രാജാക്കന്മാരുടെ കാലത്ത് യുദ്ധത്തടവുകാരെ ഇമ്മാതിരി ശുശ്രൂഷകൾക്കു തിരുനിവാസത്തിൽ സമർപ്പിച്ചിരുന്നു. യെഹൂദ മതാനുസാരികളായി തീർന്ന ഇവർ പ്രവാസാനന്തരം ദൈവാലയ ദാസന്മാർ (നെതിനീം) എന്നറിയപ്പെട്ടു. 

ലേവിയുടെ മുന്നു പുത്രന്മാരിൽ നിന്നുത്ഭവിച്ച ലേവ്യർ മൂന്നുഗണമാണ്: ഗേർശോന്യർ, കെഹാത്യർ, മെരാര്യർ ഇവരുടെയെല്ലാം പ്രഭുവും മേൽവിചാരകനും പുരോഹിതനായ എലെയാസർ ആയിരുന്നു. 

കെഹാത്യർ: കെഹാത്യരുടെ പ്രഭു എലീസാഫാൻ ആയിരുന്നു. സമാഗമനകൂടാരത്തിന്റെ തെക്കുഭാഗത്തായിരുന്നു അവരുടെ പാളയം. അവരുടെ ജനസംഖ്യ 8600. (സംഖ്യാ, 3:28-30). അവരിൽ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യാൻ പ്രാപ്തർ 2750 പേർ. (സംഖ്യാ, 4:36). പെട്ടകം, മേശ, നിലവിളക്കു, പീഠങ്ങൾ,, തിരശ്ശീല, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ എന്നിവയുടെ ചുമതല കെഹാത്യർക്കായിരുന്നു. (സംഖ്യാ, 3:31, 4:4).

ഗേർശോന്യർ: ഗേർശോന്യരുടെ പ്രഭു എലീയാസാഫ്. പാളയം സമാഗമനകൂടാരത്തിനു പടിഞ്ഞാറായിരുന്നു. 7500 പുരുഷന്മാരിൽ 2630 പേർ ശുശ്രൂഷ ചെയ്യാൻ പ്രാപ്തർ ആയിരുന്നു. തിരുനിവാസവും കൂടാരവും അതിന്റെ പുറമുടിയും സമാഗമന കൂടാരത്തിനുള്ള മറശ്ശീലയും, പ്രാകാരത്തിന്റെ മറശ്ശീലയും, പ്രാകാരവാതിലിന്റെ മറശ്ശീലയും കയറുകളും ഗേർശോന്യരുടെ നിയന്ത്രണത്തിലായിരുന്നു. (സംഖ്യാ, 3:22-25). 

മെരാര്യർ: സുരീയേൽ ആയിരുന്നു പ്രഭു. സമാഗമന കൂടാരത്തിന്റെ വടക്കുഭാഗത്തായിരുന്നു പാളയം. അവരുടെ ജനസംഖ്യ 6200; സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യാൻ പ്രാപ്തർ 3200. പലക, അന്താഴം, ചുവപ്പ്, അതിന്റെ ഉപകരണങ്ങൾ, പ്രാകാരത്തിന്റെ ചുറ്റുമുള്ള തൂൺ, അവയുടെ ചുവട്, കുറ്റി, കയറു എന്നിവ മെരാര്യരുടെ ചുമതലയിലായിരുന്നു. (സംഖ്യാ, 3:34-37; 4 :44). മെരാര്യർ ചുമക്കേണ്ട വലിയ ഭാരം കണക്കാക്കി നാലു വണ്ടിയും എട്ടു കാളയും അവർക്കു നല്കി. (സംഖ്യാ, 7:8). 

വിശുദ്ധീകരണം: ലേവ്യരുടെ മേൽ പാപപരിഹാരജലം തളിച്ചാണ് അവരുടെ പ്രതിഷ്ഠാകർമ്മം ആരംഭിക്കുന്നത്. ശരീരം മുഴുവൻ ക്ഷൗരം ചെയ്ത് വസ്ത്രം അലക്കി അവർ തങ്ങളെത്തന്നെ വെടിപ്പാക്കും. തുടർന്നു രണ്ടു കാളക്കിടാവിനെ യാഗം കഴിക്കുകയും ഭോജനയാഗമായി എണ്ണചേർത്ത് നേരിയമാവു അർപ്പിക്കുകയും ചെയ്യും. (സംഖ്യാ, 8:6-15). ശുദ്ധീകരണ ജലം കുഷ്ഠരോഗികളുടെ ശുദ്ധീകരണത്തിനു ഉപയോഗിക്കുന്ന ജലമാണെന്നും (ലേവ്യ, 13:6,9,13), അല്ല, പുരോഹിതന്മാർക്കു കഴുകാൻ വേണ്ടി തൊട്ടിയിൽ വച്ചിരിക്കുന്ന ജലമാണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. ശുദ്ധീകരണത്തിനു ശേഷം ലേവ്യരെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരും. മുപ്പന്മാർ ലേവ്യരുടെ മേൽ കൈവച്ചു അവരെ ശുശ്രൂഷയ്ക്ക് വേർതിരിക്കും. 

വരുമാനം: ദൈവത്തിന്റെ പ്രത്യേക ജനമായി യിസ്രായേല്യരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലേവ്യർക്കു കനാൻ നാട്ടിൽ ഒരവകാശവും ലഭിച്ചില്ല. യഹോവയാണ് അവരുടെ അവകാശവും ഓഹരിയും. (സംഖ്യാ, 18:20; ആവ, 10:9). കന്നുകാലികൾക്ക് ആവശ്യമായ പുല്പുറങ്ങളോടൊപ്പം ഓരോ ഗോത്രത്തിന്റെ അവകാശത്തിൽ നിന്നും നാലു പട്ടണങ്ങൾ വീതം ലേവ്യർക്കു നീക്കിവയ്ക്കണമെന്നു യഹോവ കല്പിച്ചു. (സംഖ്യാ, 35:1-8). ഇതു കൂടാതെ യഹോവയ്ക്കുള്ള ദശാംശവും ലേവ്യർക്കു ലഭിച്ചിരുന്നു. യാഗാർപ്പണങ്ങളിലെ ഒരു പ്രത്യേകവീതം ലേവ്യർക്കുള്ളതാണ്. (സംഖ്യാ, 18:8-11,19). ലേവ്യർക്കു ലഭിക്കുന്ന ദശാംശത്തിന്റെ ദശാംശം അവർ പുരോഹിതന്മാർക്കു കൊടുക്കേണ്ടതാണ്. (സംഖ്യാ, 18:26). വർഷത്തിൽ അധിക സമയവും ലേവ്യർ സ്വന്തം നഗരങ്ങളിൽ കഴിയുകയും കുറു അനുസരിച്ചുള്ള ശുശ്രൂഷകൾക്കായി ദൈവാലയത്തിൽ വരികയും ചെയ്യും.

ലേവ്യ പട്ടണങ്ങൾ: ലേവ്യർക്കു കനാൻദേശത്തു പ്രത്യേക ഓഹരി (മറ്റു ഗോത്രങ്ങൾക്കു നല്കിയതു പോലെ) നല്കിയില്ല. മറ്റു ഗോത്രങ്ങളിൽ നിന്നു മേച്ചിൽപ്പുറത്തോടൊപ്പം 48 പട്ടണങ്ങൾ ലേവ്യനഗരങ്ങളായി തിരിച്ചു. അവയിൽ ആറെണ്ണം സങ്കേതനഗരങ്ങളും 13 എണ്ണം പുരോഹിത നഗരങ്ങളുമാണ്. ലേവ്യനഗരങ്ങളുടെ ക്രമീകരണം പിൻവരുമാറാണ്. 

I. കെഹാത്യർ: 

1. പുരോഹിതന്മാർ യെഹൂദയും ശിമയോനും 9 എണ്ണം; ബെന്യാമീൻ 4 എണ്ണം. 

2. പുരോഹിതരല്ലാത്തവർ: എഫ്രയീം 4 എണ്ണം; ദാൻ 4 എണ്ണം; മനശ്ശെയുടെ പകുതി (പടിഞ്ഞാറ്) 2 എണ്ണം. 

II. ഗേർശോന്യർ: മനശ്ശയുടെ പകുതി (കിഴക്ക്) 3 എണ്ണം; യിസ്സാഖാർ 4 എണ്ണം; ആശേർ 4 എണ്ണം; നഫ്ത്താലി 3 എണ്ണം. 

III. മെരാര്യർ: സെബുലൂൻ 4 എണ്ണം; രൂബേൻ 4 എണ്ണം; ഗാദ് 4 എണ്ണം. 

ഈ പട്ടണങ്ങൾ ലേവ്യർക്ക് പൂർണ്ണമായി നല്കപ്പെട്ടിരുന്നില്ല. ലേവ്യരുടെ ആവശ്യാനുസരണമുള്ള വീടുകൾ അവർക്കു നല്കി, വില്ക്കപ്പെട്ടാൽ എപ്പോഴും അവയെ വീണ്ടെടുക്കാം. യോവേൽ സംവത്സരത്തിൽ നഷ്ടപരിഹാരം കൂടാതെ മടക്കിക്കൊടുക്കേണ്ടതാണ്: (ലേവ്യ, 25:32,33).

ശിമയോൻ

ശിമയോൻ (Simeon)

പേരിനർത്ഥം – കേട്ടു

യാക്കോബിനു ലോയയിൽ ജനിച്ച രണ്ടാമത്തെ പുത്രൻ. ദൈവം തന്റെ പ്രാർത്ഥന കേട്ടു എന്നതിനെ അനുസ്മരിച്ചുകൊണ്ട് ‘കേട്ടു’ എന്നർത്ഥം വരുന്ന ശിമെയോൻ എന്നു ലേയാ അവനു പേരിട്ടു. (ഉല്പ, 29:33). തങ്ങളുടെ സഹോദരിയായ ദീനയെ അപമാനിച്ചതിനു പ്രതികാരം വീട്ടിയതു ലേവിയും ശിമെയോനും ആയിരുന്നു. അവർ ശെഖേമിനെ ആക്രമിച്ചു എല്ലാ പുരുഷന്മാരെയും കൊന്നു; പട്ടണത്തെ നശിപ്പിച്ചു. (ഉല്പ, 34). മരണക്കിടക്കയിൽ യാക്കോബ് പുത്രന്മാരെ അനുഗ്രഹിച്ചപ്പോൾ ശിമയോനെയും ലേവിയെയും ശപിച്ചു. ശെഖേമ്യരോടു കാട്ടിയ ക്രൂരതയായിരുന്നു കാരണം. അവർ വിഭജിക്കപ്പെടുകയും മറ്റു ഗോത്രങ്ങളുടെ ഇടയിൽ ചിതറുകയും ചെയ്തു. (ഉല്പ, 49:5-7). യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരത്തിയുടെ മകനായ ശൗൽ എന്നിവരായിരുന്നു ശിമയോന്റെ പുത്രന്മാർ. (ഉല്പ, 46:10; പുറ, 6:15). 

ശിമെയോൻ ഗോത്രം: ശിമെയോൻ്റെ ആറു മക്കളിലൂടെയാണ് ശിമെയോൻ ഗോത്രം ഉടലെടുത്തത്. മരുഭൂമിയാത്രയിൽ ശിമയോൻ ഗോത്രത്തിന്റെ സംഖ്യാബലം അറുപതു ശതമാനമായി കുറഞ്ഞു. ആദ്യത്തെ സെൻസസിൽ 69,300 ഉണ്ടായിരുന്നത് അടുത്തതിൽ 22,200 ആയി കുറഞ്ഞു. (സംഖ്യാ, 1:23; 26:14). മരുഭൂമിയാത്രയിൽ രൂബേൻ ഗോത്രത്തിനടുത്തായിരുന്നു ശിമെയോൻ ഗോത്രം പാളയമിറങ്ങിയത്. (സംഖ്യാ, 2:12, 13). 

യോർദ്ദാൻ കടന്നശേഷം ജനത്തെ അനുഗ്രഹിക്കുവാൻ ഗെരിസീം പർവ്വതത്തിൽ നില്ക്കേണ്ടവരുടെ കൂട്ടത്തിൽ ശിമെയോനും ഉണ്ട്. (ആവ, 27:12). യിസ്രായേൽ ഗോത്രങ്ങൾക്കു കൊടുത്ത അനുഗ്രഹത്തിൽ മോശെ ശിമെയോനെ സൂചിപ്പിക്കാത്തതും തന്റെ വിജയഗാനത്തിൽ ദെബോര ശിമയോനെക്കുറിച്ച് മൗനം അവലംബിച്ചതും ശിമെയോന്യരുടെ പ്രാമാണ്യം കുറഞ്ഞതിനെ കാണിക്കുന്നു. കനാൻദേശം വിഭാഗിച്ചപ്പോൾ ശിമെയോനു ഒരു പ്രത്യേക ഭൂവിഭാഗം നല്കാതെ യെഹൂദാമക്കൾക്കു കൊടുത്ത ഓഹരിയുടെ ഇടയിൽ ചില പട്ടണങ്ങളാണു അവകാശമായി നല്കിയത്. (യോശു, 19:1-9). ശിമയോൻ ഗോത്രം വളരെ ശോഷിച്ചു, പ്രായേണ യെഹൂദയിൽ ലയിച്ചു. കനാൻ ആക്രമണത്തിൽ ശിമെയോന്യർ വലിയ ഗോത്രങ്ങളോടു ചേർന്നുനിന്ന് പൊരുതി. (ന്യായാ, 1;17). യെഹിസ്കീയാവിന്റെ കാലത്തു അവർ അമാലേക്യരെ ജയിച്ചു. (1ദിന, 41:44). യെഹൂദാ നൽകിയതിനെക്കാൾ കൂടുതൽ വീരന്മാരെ ശിമയോന്യർ ദാവീദിനു നൽകി. (1ദിന, 12:24,25). പ്രവാസത്തിനു ശേഷം ഈ ഗോത്രത്തെക്കുറിച്ച് ഒരു സൂചനയും ഇല്ല. ഭാവിയിൽ രക്ഷയ്ക്കായി മുദ്ര ഇടപ്പെടുന്നവരിൽ ശിമയോൻ ഗോത്രവും ഉൾപ്പെടുന്നുണ്ട്. (വെളി, 7:7).