നിമ്രോദ്

നിമ്രോദ് (Nimrod)

പേരിനർത്ഥം – മത്സരി

ഹാമിന്റെ പുത്രനായ കൂശിന്റെ പുത്രൻ. നായാട്ടു വീരനായിരുന്ന നിമ്രോദ് ആയിരുന്നു ബാബേൽ സാമാജ്യത്തിന്റെ സ്ഥാപകൻ. (ഉല്പ, 10;8,9). മീഖാ 5:6-ൽ ബാബേലിനെ നിമ്രോദ് ദേശം എന്നുവിളിച്ചിരിക്കുന്നു. സാമ്രാജ്യശക്തി ചരിത്രത്തിൽ ആദ്യമായി വെളിപ്പെടുത്തുന്നതു നിമ്രോദിലൂടെയാണ്. ശപിക്കപ്പെട്ട ഹാമിന്റെ വംശത്തിലൂടെയായിരുന്നു സാമ്രാജ്യശക്തിയുടെ ഉദയം. നിമ്രോദ് സ്ഥാപിച്ച ബാബേൽ തിരുവെഴുത്തുകളിൽ ഉടനീളം മതപരവും നൈതികവുമായ ഒരു ദുഷ്ടവ്യവസ്ഥിതിയുടെ പ്രതിരൂപമാണ്. (യെശ, 21:9; യിരെ, 50:24; 51:64; വെളി, 16:19; 17:5; 18:3). ദൈവത്തിനെതിരെയുള്ള ഒരു പ്രതിയോഗിയായിട്ടാണ് നിമ്രോദിനെ കാണുന്നത്. ജലപ്രളയത്തിന്റെ തിക്തസ്മരണയോടു കൂടിയ ഒരു ജനത്തിനു സംരക്ഷണം വാഗ്ദാനം ചെയ്ത് അവരെ കീഴടക്കി ഭരിക്കുകയായിരുന്നു നിമ്രോദ്. മെസപ്പൊട്ടേമിയയിൽ ഉറുക്കിലെ (ഏരക്: ഉല്പ, 10:10) രാജാവായിരുന്ന ഗിൽഗമേഷ് എന്ന ഇതിഹാസ പുരുഷനുമായി നിമ്രോദിനു ബന്ധമുണ്ടെന്നു കരുതപ്പെടുന്നു. ബാബേലിലെ മെരോദക് ദേവന്റെ മാനുഷികരൂപമായി നിമ്രോദിനെ കരുതുന്നവരുണ്ട്. മെസപ്പൊട്ടേമിയയിലെ അനേകം സ്ഥലനാമങ്ങൾക്ക് നിമോദിന്റെ പേരിനോടു ബന്ധമുണ്ട്.

നീരപ്പ്

നിരപ്പ് (reconciliation)

മനുഷ്യർ തമ്മിലും (1ശമൂ, 29:4; മത്താ, 5:24; 1കൊരി, 7:11), ദൈവവും മനുഷ്യനും തമ്മിലും (റോമ, 5:1-11; 2കൊരി, 5:18; കൊലൊ, 1:20; എഫെ, 2:5) ഉളള വ്യക്തിപരമായ ബന്ധത്തിലെ മാറ്റമാണ് നിരപ്പ്. ഈ മാറ്റത്തിലൂടെ ശത്രുത്വത്തിന്റെയും അന്യത്വത്തിന്റെയും സ്ഥാനത്ത് സമാധാനവും കൂട്ടായ്മയും ഉണ്ടാകുന്നു. ഒരവസ്ഥയിൽനിന്നു മറ്റൊരവസ്ഥയിലേക്കു പൂർണ്ണമായി മാറുക എന്നതാണ് നിരപ്പിന്റെ അർത്ഥം. ശരിയായ നിലവാരത്തിലെത്താൻ വേണ്ടി ഒന്നിനെയോ ഒരുവനെയോ പൂർണ്ണമായി മാറ്റി ക്രമീകരിക്കുന്നതാണ് നിരപ്പിക്കൽ (റോമ, 5:6-11). ക്രിസ്തുവിന്റെ മരണംമൂലം ദൈവത്തോടുള്ള ബന്ധത്തിൽ ലോകത്തെ പൂർണ്ണമായ മാറ്റത്തിനു വിധേയമാക്കി. മത്സരിയായ മനുഷ്യനും ദൈവത്തിനും തമ്മിൽ നഷ്ടപ്പെട്ടുപോയ ബന്ധത്തെ പുനഃസ്ഥാപിക്കുന്നതിനു എല്ലാറ്റിനെയും ദൈവത്തോടു നിരപ്പിക്കുകയാണ് ചെയ്തത്. (2കൊരി, 5:18; എഫെ, 2:4; യോഹ, 3:16). ഈ നിരപ്പിനു മുഴുവൻ കാരണഭൂതൻ ദൈവം തന്നെയാണ്. ക്രിസ്തുവിലൂടെയാണ് ദൈവം നിരപ്പു വരുത്തിയത്. പുത്രന്റെ മരണത്തിലൂടെ അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം മൂലം നാം ദൈവത്തോടു നിരപ്പു പ്രാപിച്ചു. “ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും. അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു.” (റോമ, 5:10,11; കൊലൊ, 1:20,22; എഫെ, 2:16).

നിത്യദണ്ഡനം

നിത്യദണ്ഡനം (everlasting punishment)

പാപത്തിനു ശിക്ഷയുണ്ട് (ദാനീ, 12:2; മത്താ, 10:15; യോഹ, 5:28); ഈ ശിക്ഷ നിത്യമാണ്. അടുത്തകാലത്ത് ഈ ചിന്താഗതിക്കെതിരെ ചില സംശയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അന്തിമഘട്ടത്തിൽ എല്ലാവരും രക്ഷിക്കപ്പെടും എന്നതാണ് ഒരു വാദം. ബൈബിളിലെ ചില ഭാഗങ്ങൾ വേർപെടുത്തി വായിക്കുമ്പോൾ അപ്രകാരം തോന്നുമെങ്കിലും തിരുവെഴുത്തുകളുടെ ഉപദേശം മറിച്ചാണ്. മനുഷ്യന്റെ അമർത്ത്യത സോപാധികമാണ് എന്നതാണ് രണ്ടാമത്തെ വാദം. ഒരുവൻ ക്രിസ്തുവിൽ വിശ്വസിച്ചു രക്ഷനേടുകയാണെങ്കിൽ അവനു അമർത്ത്യജീവൻ ലഭിക്കും; അല്ലെന്നു വരികിൽ മരണത്തോടുകൂടി അവൻ അവസാനിക്കും. (സങ്കീ, 9:5; 92:7) തുടങ്ങിയ ഭാഗങ്ങളിൽ ദുഷ്ടന്മാർ നശിച്ചു പോകുമെന്നു കാണുന്നു. ഈ വാക്യങ്ങളിലെ നാശം ഉന്മൂലനാശത്ത കുറിക്കുന്നില്ല. ഞങ്ങൾ നശിച്ചു പോകുന്നു എന്ന് ശിഷ്യന്മാർ വിളിച്ചു പറഞ്ഞത് (മത്താ, 8:29) അത്യന്തനാശം എന്ന അർത്ഥത്തിൽ അല്ലല്ലോ. ദുഷ്ടന്മാരെ ആ നാളിൽ വേരും കൊമ്പും ശേഷിപ്പിക്കാതെ നശിപ്പിച്ചുകളയുമെന്നു പറഞ്ഞിട്ടുണ്ട്. (മലാ, 4:1). ഇവിടെ ഭൗതികശരീരം മാത്രമേ വിവക്ഷിക്കുന്നുള്ളൂ. ഭൗതികശരീരം ദഹിച്ചു പോകും; എന്നാൽ ആത്മാവ് നിലനില്ക്കും. ക്രിസ്തുവിന്റെ പ്രായശ്ചിത്തയാഗം നിത്യമാണ്. ഒരു താൽക്കാലിക ശിക്ഷയുടെ വിടുതലിനായി നിത്യയാഗം കഴിക്കേണ്ട ആവശ്യമില്ല. (എബാ, 9:13,14). ഇവർ നിത്യ ദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും (മത്താ, 25:46) എന്നും അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല (മർക്കൊ, 9:45) എന്നും ക്രിസ്തു പറഞ്ഞു. ആത്മാവ് നിത്യമാകയാൽ ദണ്ഡനം നിത്യമാണ്.

നാഹൂം

നാഹും (Naum)

പേരിനർത്ഥം – ആശ്വാസകൻ

യേശുവിന്റെ വംശാവലിയിൽ എസ്ലിയുടെ മകനും ആമോസിന്റെ അപ്പനും. (ലൂക്കൊ, 3:25). എല്യോവേനായിയുടെ മകനായ യോഹാനാനും (1ദിന, 3:24) നാഹൂമും ഒരാളായിരിക്കാൻ ഇടയുണ്ട്.

നാഹോർ

നാഹോർ (Nahor)

പേരിനർത്ഥം – ഉഗ്രമായി ശ്വാസം വിടുന്നവൻ

ശെരൂഗിന്റെ പുത്രനും അബ്രാഹാമിന്റെ അപ്പനായ തേരഹിന്റെ പിതാവും. (ഉല്പ, 11:22-24; ലൂക്കൊ, 3:34). അയാൾ 148 വർഷം ജീവിച്ചിരുന്നു.

നാഹോർ II

ശെരൂഗിന്റെ ചെറുമകനും തേരഹിന്റെ മകനും അബ്രാഹാമിന്റെ സഹോദരനും. (ഉല്പ, 11:26; യോശു, 24:2). നാഹോർ തന്റെ സഹോദരനായ ഹാരാന്റെ മകൾ മില്ക്കയെ വിവാഹം കഴിച്ചു. (ഉല്പ, 11:29). അവളിൽ നാഹോരിന് എട്ടു പുത്രന്മാർ ജനിച്ചു. നാഹോരിന്റെ വെപ്പാട്ടിയായ രെയൂമാ, തേബഹ്, ഗഹാം, തഹശ്, മാഖ എന്നിവരെ പ്രസവിച്ചു. (ഉല്പ, 22:23,24). അബ്രാഹാമും ലോത്തും കനാനിലേക്കു പോയി. എന്നാൽ നാഹോർ ഹാരാനിൽതന്നെ പാർത്തു. നാഹോരിന്റെ പൗത്രിയായ റിബെക്കയെയാണ് യിസഹാക്ക് വിവാഹം കഴിച്ചത്. (ഉല്പ, 24:24). അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് നദിക്കക്കരെ പാർത്ത് അന്യദൈവങ്ങളെ ആരാധിച്ചു. (യോശു, 24:2).

നിക്കാനോർ

നിക്കാനോർ (Nicanor)

പേരിനർത്ഥം – ജേതാവ്

യെരൂശലേം സഭയിലെ ഏഴു ശുശ്രൂഷകന്മാരിലൊരാൾ. യവന വിധവമാരെ എബ്രായഭാഷക്കാർ ഉപേക്ഷയായി വിചാരിക്കുന്നുവെന്നു സഭയിൽ പിറുപിറുപ്പു ഉണ്ടായപ്പോൾ (പ്രവൃ, 6:1) അപ്പൊസ്തലന്മാരുടെ നിർദ്ദേശപ്രകാരം ഭക്ഷണകാര്യങ്ങളുടെ മേൽനോട്ടത്തിനായി ഏഴുപേരെ തിരഞ്ഞെടുത്തു. (പ്രവൃ, 6:5). അവരിൽ നാലമനായി പേർ പറയപ്പെട്ടവനാണ് നിക്കാനോർ.

നിക്കൊലാവൊസ്

നിക്കൊലാവൊസ് (Nicolaus)

പേരിനർത്ഥം – ജനജേതാവ്

മേശയിൽ ശുശ്രൂഷിക്കുന്നതിനു തിരഞ്ഞെടുത്ത ഏഴുപേരിൽ ഒരാൾ. യവന വിധവമാരെ എബ്രായഭാഷക്കാർ ഉപേക്ഷയായി വിചാരിക്കുന്നുവെന്നു സഭയിൽ പിറുപിറുപ്പു ഉണ്ടായപ്പോൾ (പ്രവൃ, 6:1) അപ്പൊസ്തലന്മാരുടെ നിർദ്ദേശപ്രകാരം ഭക്ഷണകാര്യങ്ങളുടെ മേൽനോട്ടത്തിനായി ഏഴുപേരെ തിരഞ്ഞെടുത്തു. അവരിൽ ഏഴാമതായി പറഞ്ഞിരിക്കുന്ന ഇയാൾ യെഹൂദാമതാനുസാരിയും അന്ത്യോക്യക്കാരനുമായിരുന്നു. പിന്നീട് അയാൾ ക്രിസ്ത്യാനിയായി. (പ്രവൃ, 6:5). വെളിപ്പാട് 2:6-ൽ പറയുന്ന നിക്കൊലാവ്യ മതവുമായി നിക്കൊലാസിനു എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നത് ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല.

നിക്കോദേമൊസ്

നിക്കോദേമൊസ് (Nicodemus)

പേരിനർത്ഥം – ജനജേതാവ്

നിക്കോദേമൊസിന്റെ കുടുംബ ചരിത്രത്തെക്കുറിച്ചു വ്യക്തമായ അറിവൊന്നും ലഭിച്ചിട്ടില്ല. ചിലരുടെ അഭിപ്രായത്തിൽ യെഹൂദ ചരിതകാരനായ ജൊസീഫസിന്റെ സഹോദരനായ നിക്കൊദേമൊസ് ബൻഗൂറിയൻ ആയിരുന്നു ഇദ്ദേഹം. യെരൂശലേമിലെ ഏറ്റവും ധനവാന്മാരായ മൂന്നുപേരിൽ ഒരുവനായി എണ്ണപ്പെട്ട ഇദ്ദേഹം ന്യായാധിപസംഘത്തിൽ അംഗമായിരുന്നു. ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് നേരിട്ട പീഡനങ്ങൾ നിമിത്തം നിക്കോദേമൊസ് ദരിദ്രനായിത്തീർന്നു എന്ന് പറയപ്പെടുന്നു. യോഹന്നാൻ സുവിശേഷത്തിൽ മാത്രമേ ഇയാളെക്കുറിച്ചു പറഞ്ഞിട്ടുള്ളു. ക്രിസ്തു ചെയ്ത അത്ഭുത പ്രവൃത്തികളിൽ നിന്നും ക്രിസ്തു ദൈവത്തിന്റെ അടുക്കൽ നിന്നും ഉപദേഷ്ടാവായി വന്നു എന്നു നിക്കോദേമൊസിനു മനസ്സിലായി. തന്റെ പദവിയും യെഹൂദന്മാരെക്കുറിച്ചുള്ള ഭയവും യേശുവിന്റെ അടുക്കൽ രാത്രി വരുന്നതിനു നിക്കോദേമൊസിനെ പ്രേരിപ്പിച്ചു. തുടർന്നുണ്ടായ സംഭാഷണത്തിൽ വീണ്ടും ജനനത്തെക്കുറിച്ചുള്ള ഉപദേശം ക്രിസ്തു നൽകുകയും തന്റെ ദൈവികമായ അധികാരം വെളിപ്പെടുത്തുകയും ചെയ്തു. (യോഹ, 3:1-21).

ഒരിക്കൽ യേശുവിനെ പിടിക്കാൻ പോയ അധികാരികൾ യേശുവിനെ പിടിക്കാൻ കഴിയാതെ മടങ്ങിവന്നു. ന്യായാധിപ സംഘത്തിലെ മറ്റംഗങ്ങൾ അവരെ ആക്ഷേപിച്ചു. നിക്കോദേമൊസ് അവരോടു: ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു അവൻ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നുചോദിച്ചു. അവരുടെ പ്രത്യുത്തരം നീയും ഗലീലക്കാരനോ എന്ന പരിഹാസനിർഭരമായ ചോദ്യം ആയിരുന്നു. (യോഹ, 7:45-52). ക്രിസ്തുവിന്റെ മരണശേഷം അരിമത്യക്കാരനായ യോസേഫും നിക്കോദേമൊസും ചേർന്ന് ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഏകദേശം നൂറുറാത്തൽ മുറും അകിലും കൊണ്ടുള്ള ഒരുകൂട്ടു കൊണ്ടുവന്നു, യേശുവിന്റെ ശരീരം യെഹൂദ മര്യാദ്രപ്രകാരം മറവുചെയ്തു. (യോഹ, 19:39-42).

നാസീർവ്രതം

നാസീർവ്രതം (Nazarite)

മറ്റുള്ളവരിൽനിന്നും വേർപെട്ടു യഹോവയ്ക്ക് സ്വയം സമർപ്പിച്ച സ്ത്രീയെയും പുരുഷനെയും നാസീർ എന്നു വിളിക്കും. ജീവിതം മുഴുവനുമോ ഒരു പ്രത്യേക കാലയളവിലോ നാസീറായിരിക്കാം. നാസർ (വേർപെടുക) എന്ന എബ്രായ ധാതുവിൽ നിന്നാണ് ഈ പദത്തിന്റെ ഉത്പത്തി. ചില പദാർത്ഥങ്ങളെ വർജ്ജിച്ച്, മറ്റുള്ളവരിൽനിന്നു വേർപെട്ടു ദൈവത്തിനു സമർപ്പിക്കുക എന്നാണിതിനർത്ഥം. ചിലരുടെ അഭിപ്രായത്തിൽ ‘കിരീടമണിയുക’ എന്നർത്ഥമുള്ള നേസെർ എന്ന ധാതുവിൽനിന്നാണ് നാസർ വന്നത്. വ്രതസ്ഥന്റെ മുടി കിരീടമാണ്. ഈ അർത്ഥത്തിൽ കിരീടധാരിയാണ് നാസീർ. “അവന്റെ ദൈവത്തിന്റെ നാസീർവതം അവന്റെ തലയിൽ ഇരിക്കുന്നു.” (സംഖ്യാ, 6:7). വ്രതസ്ഥൻ തന്നെയാണ് വ്രതതീരുമാനം എടുക്കുന്നത്. എന്നാൽ ചില മാതാപിതാക്കൾ ജനിക്കുന്നതിനു മുമ്പുതന്നെ കുഞ്ഞുങ്ങളെ അവരുടെ ജീവിതം മുഴുവൻ നാസീറായി സമർപ്പിച്ചിരുന്നു. ഉദാ: ശിംശോൻ (ന്യായാ, 13:5, 14), ശമൂവേൽ (1ശമൂ, 1:11), യോഹന്നാൻ സ്നാപകൻ (ലൂക്കൊ, 1:15) മിഷ്ണ അനുസരിച്ച് പതിവുള്ള കാലം മുപ്പതു ദിവസമാണ്. എന്നാൽ ചിലപ്പോൾ 60 ദിവസത്തേക്കും വ്രതം സ്വീകരിച്ചിരുന്നു. അപ്പൊസ്തലനായ പൗലൊസിന്റെ വ്രതവും നാസീർ വ്രതമായിരുന്നിരിക്കണം. പ്രസ്തുത വ്രതം നിറവേറ്റുന്നതിനായി കെംക്രെയയിൽ വച്ചു തല ക്ഷൗരം ചെയ്തു. (പ്രവൃ, 18:18). ന്യായപ്രമാണ കല്പനയനുസരിച്ച് ആലയത്തിന്റെ വാതിലിൽ വച്ചാണ് വ്രതമുള്ള തല ക്ഷൗരം ചെയ്യേണ്ടത്. (സംഖ്യാ, 6:9, 18).

നാസീർവ്രതസ്ഥൻ വീഞ്ഞും മദ്യവും മുന്തിരിപ്പഴത്തിന്റെ രസവും മുന്തിങ്ങയും (പഴുത്തതും പച്ചയും) വർജ്ജിക്കേണ്ടതാണ്. വ്രതകാലത്ത് തല ക്ഷൗരം ചെയ്യാൻ പാടില്ല. അടുത്തബന്ധുവിന്റെ പോലും ശവത്തെ സമീപിച്ചുകൂടാ. യാദൃച്ഛികമായി ശവം സ്പർശിച്ച് അശുദ്ധനായാൽ ശുദ്ധീകരണം നടത്തി വീണ്ടും വ്രതം ആദ്യംമുതൽ തുടങ്ങണം. അശുദ്ധനായതിനു മുമ്പുള്ള വ്രതകാലം കണക്കിൽപ്പെടുകയില്ല. വ്രതകാലം തീരുമ്പോൾ അവനെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരണം. ഹോമയാഗത്തിനു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടി, പാപയാഗത്തിനു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിൻകുട്ടി, സമാധാനയാഗത്തിന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ, ഒരു കൊട്ടയിൽ എണ്ണ ചേർത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കണം. (സംഖ്യാ, 6:13-15). വ്രതകാലത്തു വളർത്തിയ തലമുടി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ വച്ച് ക്ഷൗരം ചെയ്യേണ്ടതാണ്. ആ തലമുടി സമാധാനയാഗത്തിൻ കീഴുള്ള തീയിൽ ഇടണം. പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും പുളിപ്പില്ലാത്ത ഒരു ദോശയും ഒരു വടയും എടുത്ത് വ്രതസ്ഥന്റെ കൈയിൽ വയ്ക്കണം. പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യണം. ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതനുള്ളതാണ്. കൂടാതെ വ്രതസ്ഥൻ തന്റെ പ്രാപ്തിപോലെ പുരോഹിതനു കൊടുക്കും. (സംഖ്യാ, 6:21). അതിനുശേഷം വ്രതം അനുഷ്ഠിച്ചവനു വീഞ്ഞു കുടിക്കാം. (സംഖ്യാ, 6:20). വ്രതസ്ഥന്റെ നീണ്ട തലമുടി ശക്തിയുടെയും ജീവചൈതന്യത്തിന്റെയും അടയാളമാണ്. (2ശമൂ, 14:25,26). താൻ ദൈവത്തിന്റേതാണ് എന്നുള്ളതിനു അടയാളമാണ് നീണ്ട തലമുടി. നാസീർ കർത്താവിനു വിശുദ്ധനാകയാലും വ്രതത്തിന്റെ തലമുടി ധരിക്കുകയാലും അഭിഷിക്തനായ പുരോഹിതനു തുല്യനാണ്. അവൻ മരിച്ചവരോടു ബന്ധപ്പെട്ടു അശുദ്ധനാകാൻ പാടില്ല. ശവസംസ്കാരം ഒഴികെയുള്ള എല്ലാ ജോലികളും നാസീറിനു ചെയ്യാം, ചെയ്യേണ്ടതാണ്.

നാവ്

നാവ് (tongue)

‘ലാഷോൻ’ എന്ന എബ്രായപദം പഴയനിയമത്തിൽ 115 തവണ പ്രയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 10:5-ലാണ്. ഭാഷ, ഭാഷണം, ഭാഷണേന്ദ്രിയം എന്നീ മൂന്നർത്ഥങ്ങൾ എബ്രായ പദത്തിനുണ്ട്. ‘ഗ്ലോസ്സ’ എന്ന ഗ്രീക്കു പദത്തിനും ‘tongue’ എന്ന ഇംഗ്ലീഷ് പദത്തിനും ഭാഷ, ഭാഷണേന്ദ്രിയം എന്നീ അർത്ഥങ്ങൾ ഉണ്ട്. മലയാളത്തിലാകട്ടെ, നാവിന് ഭാഷണേന്ദ്രിയം എന്ന അർത്ഥം മാത്രമേയുള്ളു. മനുഷ്യന്റെയും (വിലാ, 4:4), മൃഗങ്ങളുടെയും (പുറ, 11:7; ഇയ്യോ, 41:1) നാവിനെക്കുറിച്ചുള്ള പരാമർശമുണ്ട്. നാവിന്റെ ആകൃതിയിലുള്ള വസ്തുക്കൾക്കും ലാഷോൻ എന്ന പദം പ്രയോഗിക്കും. തീനാവു ഉദാഹരണം. ‘തീനാവു താളടിയെ തിന്നുകളയുന്നു’ എന്ന പ്രയോഗം ശ്രദ്ധാർഹമാണ്. (യെശ, 5:24). ഭക്ഷിക്കുന്നതിനു നാക്ക് സഹായിക്കുന്നതിന്റെ ധ്വനി ഈ പ്രയോഗത്തിലുണ്ട്. യഹോവയുടെ നാവ് ദഹിപ്പിക്കുന്ന തീ പോലെയാണ്. (യെശ, 30:27). നാക്കിന്റെ രൂപത്തിലുള്ള സ്വർണ്ണക്കട്ടിക്കും (യോശു, 7:21), ഉൾക്കടലിനും (യെശ, 11:15) നാവ് എന്നു പറഞ്ഞിട്ടുണ്ട്.

ഭക്ഷിക്കാനും പാനം ചെയ്യുവാനും നാവു സഹായിക്കുന്നു. (ന്യായാ, 7:5; യെശ, 41:17). നാവിന്റെ പ്രഥമ കർമ്മം സംസാരിക്കുകയാണ്. മനുഷ്യന്റെ സ്വത്വം വെളിപ്പെടുന്നതു ഭാഷണത്തിലൂടെയാണ്. “ഞാൻ നാവെടുത്തു സംസാരിച്ചു.” (സങ്കീ, 39:3). നാവും കൈപ്പുള്ള വാക്കും ദുഷ്ക്കർമ്മികളുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടിരിക്കുന്നു. (സങ്കീ, 64:2-3). നാവിനു ഹൃദയത്തോടടുപ്പമുണ്ട്. “നീതിമാന്റെ നാവു മേത്തരമായ വെള്ളി, ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.” (സദൃ, 10:20). “വക്രഹൃദയമുള്ളവൻ നന്മകാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും.” (സദൃ, 17:20). മനുഷ്യന്റെ സംസാരം നന്മയ്ക്കോ തിന്മയ്ക്കോ കാണ മാകാം. “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു.” (സദൃ, 18:21). “വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽ നിന്നു സൂക്ഷിക്കുന്നു.” (സദൃ, 21:23). കുതിരയുടെ കടിഞ്ഞാൺ എന്നപോലെയും കപ്പലിന്റെ ചുക്കാൻ എന്നപോലെയും ഒരാളിന്റെ ജീവിതഗതിയെ മുഴുവൻ നാവു നിയന്ത്രിക്കുന്നു. (യാക്കോ, 3:3-8). നാവു ദോഷം ചെയ്യും (സങ്കീ,’34:13), ന്യായം സംസാരിക്കും (സങ്കീ, 37:30), വമ്പു പറയും (സങ്കീ, 12:4), ഭോഷ്ക്കു സംസാരിക്കും (സങ്കീ, 109:2; 120:2).

ഭക്തിപ്രധാനമായ ജീവിതത്തിൽ നാവിന് പ്രധാന സ്ഥാനമുണ്ട്. ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു. (സദൃ, 17:5). ദൈവത്തെ സ്തുതിക്കയും അവന്റെ നീതിയെ വർണ്ണിക്കുകയും ചെയ്യുകയാണ് നാവിന്റെ കർത്തവ്യം. (സങ്കീ, 35:28; 51:14; 71:24; റോമ, 14:11; ഫിലി, 2:11). നാവു മനുഷ്യനെ ദൈവത്തിൽ നിന്നകറ്റിക്കളയും. (ഇയ്യോ, 15:4-5; സങ്കീ, 39:1; 78:35-37). നല്ലതും തീയതും ചെയ്യാനുള്ള എല്ലാ കഴിവുകളും നാവിനുണ്ട്. “അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. ഒരു വായിൽ നിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.” (യാക്കോ, 3:9-10). ദൈവഹിതം നിവർത്തിക്കുന്നതിനാണ് നാവു നല്കപ്പെട്ടിട്ടുള്ളത്. “തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു.” (യെശ, 50:4).